അംബേദ്കറുടെ ജനാധിപത്യ ദര്‍ശനത്തെക്കുറിച്ച്: സുനില്‍ പി ഇളയിടം എഴുതുന്നു

ഇങ്ങനെ നോക്കിയാല്‍, അംബേദ്കര്‍ മുന്നോട്ടുവച്ച ജനാധിപത്യ തത്ത്വം, ജനാധിപത്യത്തെക്കുറിച്ചുളള പാശ്ചാത്യതത്ത്വങ്ങളുടെ ഒരു തുടര്‍ച്ചയോ ഒരു വിപുലീകരണമോ അല്ല.
അംബേദ്കറുടെ ജനാധിപത്യ ദര്‍ശനത്തെക്കുറിച്ച്: സുനില്‍ പി ഇളയിടം എഴുതുന്നു

വിശേഷ പരിഗണനകള്‍ ചിലര്‍ക്കു നല്‍കുന്നു എന്നതാണ് സാധാരണയായി സംവരണത്തിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാനപ്പെട്ട വിമര്‍ശനം. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും എല്ലാം പ്രത്യേക പരിഗണന നല്‍കുന്നതിലൂടെ തുല്യതയുടെ നീതി നിഷേധിക്കപ്പെടുന്നതായി സംവരണവിരുദ്ധര്‍ വാദിക്കാറുണ്ട്. തുല്യരായി മനുഷ്യര്‍ക്ക് നിലനില്ക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് തുല്യതയുടെ നീതി സാധ്യമാകുന്നത്. മനുഷ്യര്‍ തുല്യരല്ലാതെ നിലനില്‍ക്കുകയും തുല്യതയുടെ നീതി നടപ്പാക്കുകയും ചെയ്താല്‍ അത് അസമത്വത്തിന്റെ നിയമവല്‍ക്കരണമാവും. അസമത്വത്തിന്റെ നിയമവല്‍ക്കരണമാണ് കേവല യോഗ്യതാസിദ്ധാന്തം (meritocracy). മണ്ഡല്‍ക്കാലത്ത് ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട ഒന്നാണിത്. മെറിറ്റാണ് മാനദണ്ഡം എന്നത്. യോഗേന്ദ്രയാദവ് ഇതിനെക്കുറിച്ച് പറയുന്ന കൗതുകമുള്ള ഒരുദാഹരണമുണ്ട്. മെറിറ്റ് മാനദണ്ഡമാകുമ്പോള്‍, എല്ലാവരുടേയും ഫിനിഷിംഗ് പോയ്ന്റ് ഒന്നായിത്തീരും. പക്ഷേ, സ്റ്റാര്‍ട്ടിംഗ് പോയ്ന്റ് എപ്പോഴും പലതാണ്. 500 മീറ്റര്‍ ഓട്ടത്തില്‍, ഞാന്‍ തുടങ്ങുന്നത് 100 മീറ്റര്‍ മുന്‍പില്‍നിന്നുമാണ്, നിങ്ങള്‍ തുടങ്ങുന്നത് 100 മീറ്റര്‍ പുറകില്‍നിന്നുമാണ്. പക്ഷേ, രണ്ടുപേര്‍ക്കും ഫിനിഷിംഗ് പോയ്ന്റ് ഒന്നാണ്. ഇതിന്റെ പേരാണ് മെറിറ്റ്. വ്യക്തികള്‍ക്ക് പൂര്‍ണ്ണ വ്യക്തികളാകാനുള്ള ഇടം ശ്രേണീകൃത അസമത്വത്തിന്റെ സാമൂഹ്യ സംവിധാനത്തിലില്ല. മേലോട്ട് പോകുന്തോറും ആഢ്യത്വം കൈവരും, താഴേക്ക് നീക്കിനിറുത്തപ്പെടുന്തോറും മ്ലേച്ഛരായിത്തീരുകയും ചെയ്യും. സഞ്ചരിക്കുന്ന പട്ടടയാണ് ചണ്ഡാളന്‍ എന്നു കരുതുന്ന, മേല്‍ജാതിക്കാര്‍ എന്നു വിളിക്കപ്പെടുന്നവരുടെ നൃത്തം കാണാന്‍ ചെന്നാല്‍, 2017 ഒക്ടോബര്‍ മാസത്തിലും ദളിതര്‍ തല്ലിക്കൊല്ലപ്പെടുന്ന ഒരു 'ജനാധിപത്യ' രാജ്യത്തുനിന്നുകൊണ്ടാണ് നാം തുല്യപൗരത്വത്തെക്കുറിച്ച് പറയുന്നത്! അവിടെ വ്യക്തികള്‍ക്ക് തുല്യതയില്ല.

ജാതിശ്രേണിയിലെ ഒരു തട്ടില്‍നിന്നു മറ്റൊരു തട്ടിലേക്ക് നീങ്ങാന്‍ കഴിയില്ല. അതുകൊണ്ടാണ് മതം മാറാം പക്ഷേ, ജാതിമാറാന്‍ കഴിയില്ല എന്നു പറയുന്നത്. മതം മാറിയാല്‍ ജാതിയെ തോല്‍പ്പിക്കാന്‍ പറ്റില്ല. മതം മാറിയ പൊയ്കയില്‍ അപ്പച്ചന്‍ ഒരു പാട്ടില്‍ അതു പറയുന്നുണ്ട്; ''ഹിന്ദുമതത്തിന്‍ പുറവഴിയെ സഞ്ചരിച്ചു നമ്മള്‍/ക്രിസ്തുമതത്തിന്‍ പുറവഴിയെ സഞ്ചരിച്ചു നമ്മള്‍/ഹിന്ദുമതത്തിലും കണ്ടില്ലല്ലോ, ക്രിസ്തുമതത്തിലും കണ്ടില്ലല്ലോ/കാണുന്നീലൊരക്ഷരവും എന്നുടെ വംശത്തെപ്പറ്റി'' എന്ന്. ഏതു മതത്തില്‍പ്പോയാലും കാണില്ല. ഈ ജാതിവ്യവസ്ഥയെ ജാതിപരിഷ്‌കരണം കൊണ്ട് ഇല്ലാതാക്കാന്‍ പറ്റില്ല എന്ന് അംബേദ്കര്‍ അഭിപ്രായപ്പെട്ടത് അതുകൊണ്ടാണ്. ഗാന്ധിജിയും അംബേദ്കറും തമ്മില്‍ ഏറ്റുമുട്ടിയതും ഈ പ്രശ്‌നത്തിലാണ്. ജാതിപരിഷ്‌കരണം കൊണ്ട് ജാതിപ്രശ്‌നം പരിഹരിക്കാമെന്ന് ഗാന്ധിജിയും ജാതിനശീകരണമല്ലാതെ മറ്റൊരു വഴിയുമില്ല എന്ന് അംബേദ്കറും കരുതി. ജാതിനശീകരണം സാധ്യമാവണമെങ്കില്‍ മതം നശിക്കണം. ജാതി ഹിന്ദുമതത്തിനകത്തെ ഒരു ദുരാചാരമാണെന്നും ഹിന്ദുമതത്തിന്റെ നവീകരണവും പരിഷ്‌കരണവും കൊണ്ട് ജാതി ഇല്ലാതാക്കാം എന്നുമാണ് ഗാന്ധിജി കരുതിയത്. എന്നാല്‍ അംബേദ്കറുടെ വീക്ഷണത്തില്‍ ജാതിതന്നെയാണ് ഹിന്ദുമതം. ജാതി നശിച്ചാല്‍ ഹിന്ദുമതം നശിച്ചു. ഹിന്ദുമതം ഉള്ളിടത്തോളം കാലം ജാതിയുണ്ടാകും എന്ന് അംബേദ്കര്‍ വിശ്വസിച്ചു. 

വൈക്കം സത്യാഗ്രഹകാലത്ത് ഗാന്ധിജി വരികയും ഇണ്ടന്‍തുരുത്തിമനയുടെ അധികാരിയായ നമ്പൂതിരിയോടു സംസാരിക്കുകയും ചെയ്യുന്നുണ്ടല്ലോ. ഗാന്ധിജിയെ മനയ്ക്കകത്തേയ്ക്ക് കയറ്റിയില്ല. പുറത്ത് പന്തലിട്ട് അവിടെയാണ് ഗാന്ധിജി ഇരുന്നത്. ഗാന്ധി വൈശ്യനാണല്ലോ. ഗാന്ധിജി അവിടത്തെ നമ്പൂതിരിയോടു പറഞ്ഞു, നമ്മള്‍ ഹിന്ദുക്കള്‍ അസ്പൃശ്യജനതയോട് സാഹോദര്യപൂര്‍വ്വം, സൗമനസ്യപൂര്‍വ്വം പെരുമാറണം. അപ്പോള്‍ നമ്പൂതിരി ഗാന്ധിജിയോട് താങ്കള്‍ ഹിന്ദുവാണോ എന്നു ചോദിച്ചു. ഗാന്ധിജി അതെ, താന്‍ ഹിന്ദുവാണ് എന്നു മറുപടിയായി പറഞ്ഞു. അപ്പോള്‍ നമ്പൂതിരി പറഞ്ഞത്, ''ഹിന്ദുമതം അയിത്തജാതിക്കാരെ അകറ്റിനിര്‍ത്താന്‍ എന്നോടു പറയുന്നുണ്ട്, അതുകൊണ്ടാണ് ഞാനിതു ചെയ്യുന്നത്'' എന്നാണ്. അയിത്തജാതിക്കാരെ പുറത്തുനിര്‍ത്താന്‍ നമ്പൂതിരിയോടു പറഞ്ഞത് പുറത്തുനിന്നും ആരുമല്ല, ഗാന്ധിജി വിശ്വസിക്കുന്ന അതേ ഹിന്ദുമതം തന്നെയാണ് എന്നര്‍ത്ഥം. നിങ്ങള്‍ ഹിന്ദുവായിരിക്കുന്നിടത്തോളം കാലം ഞാന്‍ പറയുന്നിടത്താണ് നിങ്ങള്‍ നിലകൊള്ളേണ്ടത് എന്ന് ഗാന്ധിജിയെ ബോധ്യപ്പെടുത്താനാണ് നമ്പൂതിരി ശ്രമിച്ചത്. ഗാന്ധിജി അത് സമ്മതിച്ചുകൊടുത്തില്ല. ഹിന്ദുമതം സമത്വത്തില്‍ അധിഷ്ഠിതമാണെന്ന് അദ്ദേഹം കരുതിയിരുന്നു. ഹിന്ദുമതത്തിലില്ലാത്തതെല്ലാം ഹിന്ദുമതത്തിലുണ്ട് എന്നു കണ്ടുപിടിച്ച ഒരാളാണ് ഗാന്ധിജി എന്ന് ഗാന്ധിജിയുടെ ഗീതാപഠനങ്ങളെ മുന്‍നിര്‍ത്തി ഇര്‍ഫാന്‍ എഴുതുന്നുണ്ട്. അഹിംസ ഗീതയിലുണ്ടെന്ന് ഗാന്ധി കണ്ടുപിടിച്ചു. അമര്‍ത്യാസെന്‍ ഗീതയെക്കുറിച്ച് പറയുന്ന ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ്. നാം ഇത്രയും കാലം ഗീതയിലൂടെ മഹാഭാരതം വായിക്കുകയാണ് ചെയ്തത്. മറിച്ച് മഹാഭാരതത്തിലൂടെ ഗീത വായിച്ചുനോക്കൂ. അപ്പോള്‍ അവിടെ ജയിച്ചുനില്‍ക്കുന്നത് അര്‍ജ്ജുനന്റെ സംശയങ്ങളാണ്, കൃഷ്ണന്റെ ഉത്തരമല്ല എന്നു വ്യക്തമാവും. ''സ്വജനം ഹി കഥം ഹത്വാ സുഖിനസ്യാമ മാധവാ?'' ''ഇക്കാണുന്ന ബന്ധുക്കളെ മുഴുവന്‍ കൊന്നൊടുക്കിക്കൊണ്ടു നേടുന്ന വിജയത്തിന് കൃഷ്ണാ എന്താണര്‍ത്ഥം?'' എന്ന അര്‍ജ്ജുനന്റെ ചോദ്യമാണ് ഇപ്പോഴും ശിരസ്സുയര്‍ത്തിക്കൊണ്ടിരിക്കുന്നത്, അല്ലാതെ കൃഷ്ണന്‍ അതിന് പറഞ്ഞ ഉത്തരങ്ങളല്ല. 

ഗാന്ധിയുടെ ഗ്രാമസ്വരാജും
അംബേദ്കറുടെ സാമൂഹിക രാഷ്ട്രീയവും

ഇന്ത്യയുടെ രാഷ്ട്രവ്യവസ്ഥയുടെ അടിസ്ഥാന ഘടകം ഏതാവണമെന്നതില്‍ ഗാന്ധിജിയും അംബേദ്കറും തമ്മിലൊരു തര്‍ക്കം നടന്നിട്ടുണ്ട്. വ്യക്തികളോ സാമൂഹ്യ വിഭാഗങ്ങളോ ആകണമെന്ന് അംബേദ്കറും ഗ്രാമങ്ങളാവണം എന്ന് ഗാന്ധിയുടെ അനുയായികളും വാദിക്കുന്നുണ്ട്. ഇന്ത്യന്‍ ഗ്രാമവ്യവസ്ഥ അത്യന്തം ശാന്തവും സ്വച്ഛവുമാണ് എന്നും അത് ഏറെ ആദര്‍ശാത്മകമാണ് എന്നുമാണ് ഗാന്ധിജിയുടെ അഭിപ്രായം. പക്ഷേ, അംബേദ്കര്‍ പറയുന്നത്, ദളിതര്‍ക്ക്, അക്രമത്തിനും അടിച്ചമര്‍ത്തലിനും ഇരയാകുന്നവര്‍ക്ക്, അതിനെതിരെ ശബ്ദമുയര്‍ത്താന്‍ പറ്റാത്തതുകൊണ്ടാണ് ഗ്രാമങ്ങള്‍ ശാന്തമായിരിക്കുന്നത് എന്നാണ്. അടികൊണ്ടവര്‍ മൗനത്തിലാണ്ടുപോകുന്നതുകൊണ്ടു മാത്രമാണ് ആ ശാന്തത. അവര്‍ ശബ്ദമുയര്‍ത്തിക്കഴിഞ്ഞാല്‍ ഈ ശാന്തതയൊന്നും ഉണ്ടാവില്ല. 'നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം' എന്ന് കുറ്റിപ്പുറം കേശവന്‍നായര്‍ എഴുതിയത് നഗരത്തില്‍ താമസിക്കുമ്പോഴാണെന്ന് വിജയന്‍ മാഷ് പറയുന്നുണ്ട്. അതിനപ്പുറം അതിനു വലിയ പ്രാധാന്യമൊന്നുമില്ല. യഥാര്‍ത്ഥത്തില്‍ ഗ്രാമത്തിലെന്താണു സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് കടമ്മനിട്ടയുടെ ശാന്ത എന്ന കൃതിയില്‍നിന്നു മനസ്സിലാകും. ''വന്ന വഴിക്കു ഞാന്‍ കണ്ടു/കാഞ്ഞിരപ്പാറയിലെ നിലച്ച നീരുറവയ്ക്കല്‍/പാളയും പാത്രങ്ങളുമായി ആളുകള്‍ തിങ്ങിക്കൂടിയിരിക്കുന്നു/അന്യോന്യം പുലഭ്യം പറയുകയും പുലയാട്ടുകയും ചെയ്യുന്നു/തനിക്കു വെളളം കിട്ടാത്തതിനു കാരണം മറ്റവനാണെന്നു ധരിക്കുന്നവര്‍/ചീത്ത പറഞ്ഞു തൊണ്ടവറ്റുമ്പോള്‍ ചുമയ്ക്കും/ചുമച്ചുകൊണ്ട് ചീത്ത പറയും/ഒടുവില്‍ ചുമയും ചീത്തയും തൊണ്ടയില്‍ കുടുങ്ങി വീര്‍പ്പുമുട്ടുമ്പോള്‍ തലയ്ക്കു കൈകൊടുത്ത് നിലത്തുകുത്തിയിരിക്കും.'' ഇതാണ് ആദര്‍ശങ്ങള്‍ക്കപ്പുറമുള്ള ഗ്രാമം എന്ന് ഒരു കവി പറയുന്നുണ്ട്. നാമത് കാര്യമായി മാനിച്ചിട്ടില്ല. 

അതുകൊണ്ട്, ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ വ്യക്തികളെന്നതുപോലെ സാമൂഹിക വിഭാഗങ്ങളേയും സവിശേഷമായി പരിഗണിക്കേണ്ടതുണ്ട് എന്നാണ് അംബേദ്കര്‍ കരുതിയത്. ശ്രേണീകൃത അസമത്വത്തെ നേരിടാനുള്ള ജനാധിപത്യത്തിന്റെ പ്രായോഗിക രൂപമെന്ന നിലയിലാണ് അംബേദ്കര്‍ സംവരണമെന്ന ആശയം മുമ്പോട്ടുവയ്ക്കുന്നത്. അല്ലാതെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായല്ല. ശ്രേണീകൃത അസമത്വം നിലനില്‍ക്കുന്ന ഒരു സമൂഹത്തിലെ അസമത്വത്തെ നേരിടാനുള്ള ഒരു ഉപാധിയെന്ന നിലയില്‍ക്കൂടിയാണ് ഡോ. അംബേദ്കര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കണ്ടത്. അതുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രവര്‍ത്തനരൂപം യൂറോപ്യന്‍ ജനാധിപത്യത്തിന്റെ അതേ രൂപമാവുക സാധ്യമല്ല. സാമൂഹിക ജനാധിപത്യത്തെ നിരന്തരം പരിഷ്‌കരിച്ച് ആവിഷ്‌കരിക്കുന്നതിലൂടെ മാത്രമാണ് രാഷ്ട്രീയ ജനാധിപത്യം ഇവിടെ അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. തുല്യതയുടെ തത്ത്വം നിരന്തരമായി പുനഃസൃഷ്ടിക്കണം. ആരാണ് ഇന്ത്യന്‍ പൗരന്‍ എന്ന ചോദ്യത്തിന് നമ്മില്‍ ആരുടേയും മനസ്സില്‍ ഛത്തീസ്ഖണ്ഢിലെ ഒരു ആദിവാസി എന്ന ഉത്തരം ആദ്യം വരില്ല. അത് ബോംബെയിലെയോ ഡല്‍ഹിയിലെയോ കേരളത്തിലെയോ മധ്യവര്‍ഗ്ഗത്തില്‍പ്പെട്ട, താരതമ്യേന ജീവിതസൗകര്യങ്ങളുള്ള ഒരാളായിരിക്കും. അല്ലാതെ, ഇന്ത്യയിലെ പരമദരിദ്രനും നിസ്വനുമായ ഒരു ആദിവാസിയാണ് ഇന്ത്യന്‍ പൗരന്‍ എന്നത് നമ്മുടെ സങ്കല്‍പ്പത്തില്‍ ആദ്യമേ വരില്ല. അങ്ങനെ വരാന്‍കഴിയുന്നവിധം, സാമൂഹിക ജനാധിപത്യത്തെ നിരന്തരം പരിഷ്‌കരിച്ച് പുനരാവിഷ്‌കരിച്ചുകൊണ്ടിരുന്നാല്‍ മാത്രമേ രാഷ്ട്രീയജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാകൂ. 


സാമൂഹ്യ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ഉപാധിയായിട്ടാണ് വര്‍ഗ്ഗീയ ഭൂരിപക്ഷത്തെ ഡോ. അംബേദ്കര്‍ കണ്ടത്. സാമൂഹിക ജനാധിപത്യത്തെ അകമേ തകര്‍ക്കാന്‍പോന്ന ഒരു വിപരീതശക്തിയാണ് ഇന്ത്യന്‍ ജനാധിപത്യത്തിലെ കമ്യൂണല്‍ മെജോറിറ്ററി. അതിനെ ചെറുക്കാന്‍ പര്യാപ്തമായ ആഭ്യന്തരമായ ചില പ്രതിരോധങ്ങള്‍ ഭരണഘടനാപരമായി ഉണ്ടാകണമെന്നുപോലും അംബേദ്കര്‍ ഒരു ഘട്ടത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. മേല്‍ജാതി ഹിന്ദുവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റില്‍, ഇന്ത്യന്‍ ഭരണസംവിധാനത്തില്‍, ഉളള സ്ഥാനം ഒരു നിശ്ചിത ശതമാനത്തിനപ്പുറം ആകരുതെന്ന് വ്യവസ്ഥവയ്ക്കണം. രാഷ്ട്രീയ ഭൂരിപക്ഷത്തെ വര്‍ഗ്ഗീയ ഭൂരിപക്ഷമാക്കിക്കൊണ്ട്, സാമൂഹിക ജനാധിപത്യത്തെ റദ്ദാക്കാനും രാഷ്ട്രീയ ജനാധിപത്യത്തെ പ്രഹസനമാക്കി മാറ്റാനുമുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് മുന്‍കൂട്ടി കണ്ടതുകൊണ്ടാണ് സവര്‍ണ്ണര്‍ക്ക് ഇന്ത്യന്‍ ഭരണസംവിധാനത്തിനകത്ത് നിശ്ചിത പ്രാതിനിധ്യമേ അനുവദിക്കാവൂ എന്ന് അംബേദ്കര്‍ വാദിച്ചത്. അല്ലെങ്കില്‍ അത് സര്‍വ്വാധിപത്യത്തിന് വഴിതുറക്കുമെന്നും അദ്ദേഹം കരുതി. ഒരു ആധുനിക ജനാധിപത്യ രാഷ്ട്രമാകുന്നതില്‍നിന്ന് ഇന്ത്യയെ തടയുന്ന അടിസ്ഥാന ഘടകമായി അദ്ദേഹം ജാതിയെ കണ്ടു. നമ്മളൊരു രാഷ്ട്രമാണെന്ന് കരുതുമ്പോള്‍ നാം വലിയൊരു മിഥ്യയെ താലോലിക്കുകയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആയിരക്കണക്കായ ജാതികളായി ചിതറിത്തെറിച്ച ഒരു ജനതയ്ക്ക് എങ്ങനെയാണ് ഒരു രാഷ്ട്രമായിത്തീരാന്‍ കഴിയുക എന്നദ്ദേഹം ചോദിച്ചു (I am of the opinion that, in believing that we are a nation we are cherishing a great delusion. How can people divided into several thousands of castes be a nation). 

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തന്റെ പഴയ ചോദ്യത്തില്‍ കുമാരനാശാനും ചോദിച്ചത് ഇതുതന്നെയാണ്, ''എന്തിനു ഭാരതധരേ കരയുന്നു പാരതന്ത്ര്യം നിനക്കു വിധികല്പിതമാണു തായേ'' എന്ന്. എത്രയും വേഗം നാമൊരു രാഷ്ട്രമല്ലെന്നു തിരിച്ചറിയുന്നുവോ, ആ വാക്കിന്റെ സാമ്പത്തികവും മനഃശാസ്ത്രപരവും സാമൂഹികവുമായ അര്‍ത്ഥത്തില്‍ നാം ഒരു രാഷ്ട്രമായിട്ടില്ല എന്ന് എത്രവേഗം നാം തിരിച്ചറിയുന്നുവോ അത്രത്തോളം നമുക്ക് നല്ലതാണ് എന്നാണ് അംബേദ്കര്‍ അഭിപ്രായപ്പെട്ടത് (Sooner we realize that we are not as a yet nation in the social and physiological sense of the world the better for us). ജാതിയെ വിശദീകരിക്കുകയല്ല, മറിച്ച് ജാതിയെ മുന്‍നിര്‍ത്തി ഇന്ത്യയെ വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തുകൊണ്ടേയിരുന്നത്.

ഇവിടെയെല്ലാം, ജനാധിപത്യത്തിന് അടിസ്ഥാനപരമായി ഒരു ധാര്‍മ്മികമാനമുണ്ട് എന്ന് വ്യക്തമാക്കുകയാണ് അംബേദ്കര്‍ ചെയ്തത്. ഭരണഘടനാപരമായ ധാര്‍മ്മികത എന്നതിനര്‍ത്ഥം അതാണ്. സമത്വം, സാഹോദര്യം, ജനാധിപത്യം എന്നിവ ഉള്‍ക്കൊള്ളുന്ന ഭരണഘടനയുടെ തത്ത്വവും ചൈതന്യവും പിന്‍പറ്റുന്ന ജീവിതക്രമമാണ് ഭരണഘടനാപരമായ (constitutional morality) ഭരണഘടനാതത്ത്വങ്ങളെ പിന്‍പറ്റുന്ന ജീവിതം വ്യക്തിപരമായി അനുഷ്ഠിക്കാനുള്ള സന്നദ്ധത നാം ശീലിച്ചെടുക്കേണ്ട ഒന്നാണ്. അത് സ്വയമേവ ഉള്ളതല്ല, ഉണ്ടാക്കേണ്ട ഒന്നാണ്. നിയമാനുസൃതമായ ജീവിതമല്ല, ഭരണഘടനപരമായ ധാര്‍മ്മികതയ്ക്കനുസരിച്ചുള്ള ജീവിതമാണ് പ്രധാനം. നീതിയും നിയമവും എന്നതില്‍ വാസ്തവത്തില്‍ നാം ജീവിക്കേണ്ടത് നിയമാനുസൃതം മാത്രമല്ല; നീതിനിഷ്ഠമായിക്കൂടിയാണ്. ഇങ്ങനെ നീതിയെന്ന ആശയത്തെ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായി കൂട്ടിയിണക്കുന്നു എന്നിടത്താണ് അംബേദ്കറുടെ ഭരണഘടനാപരമായ ധാര്‍മ്മികത എന്ന ആശയം അത്യന്തം സവിശേഷമായിത്തീരുന്നത്. 

അമര്‍ത്യാസെന്നിന്റെ സഹഗ്രന്ഥകാരനായ ജീന്‍ഡ്രെസ് ഇതേക്കുറിച്ച് എഴുതുന്നത് ശ്രദ്ധേയമാണ്. ഭരണഘടനാപരമായ ധാര്‍മ്മികത (constitutional morality) എന്ന തത്ത്വത്തെ അദ്ദേഹം വേറൊരു നിലയ്ക്കാണ് വിശദീകരിക്കുന്നത്. മനുഷ്യര്‍ക്കിടയില്‍ പരസ്പര വിശ്വാസം വേണം എന്നു നാം പൊതുവെ കരുതുന്നുണ്ട്. ഈ വിശ്വാസത്തിന് പല തലങ്ങളുണ്ടാവാം എന്ന് അദ്ദേഹം പറയുന്നു. അതിലൊന്നാണ് അയുക്തികമായ വിശ്വാസം (rationality or blind trust). അന്ധമായ വിശ്വാസം. ഉദാഹരണത്തിന്, പരീക്ഷ തുടങ്ങുന്നതിനു മുന്‍പ് കുട്ടികളോട് നിങ്ങളാരും നോക്കിയെഴുതരുത് എന്ന് പറയുക. അതിനുശേഷം അധ്യാപകന്‍ പരീക്ഷാഹാള്‍ വിട്ടുപോവുക. അത് തങ്ങള്‍ക്ക് നോക്കിയെഴുതാന്‍ വേണ്ടി മാത്രം പറഞ്ഞതാണെന്നു കുട്ടികള്‍ക്ക് തോന്നുകയും അവരെല്ലാവരും നോക്കിയെഴുതുകയും ചെയ്യും. ആ അധ്യാപകന്റെ വിശ്വാസം ഒരു അയുക്തിക വിശ്വാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

രണ്ടാമത്തേത്, വ്യക്തിനിഷ്ഠമായ യുക്തിപരതയാണ് (individual rationality). എനിക്കും നിങ്ങള്‍ക്കും ഒരുപോലെ ഗുണകരമായിത്തീരുന്നു എന്നു കരുതുന്നവ ആചരിക്കാനുളള നമ്മുടെ ശ്രമം. അദ്ദേഹം ഒരു ഉദാഹരണം പറയുന്നത്, നമ്മള്‍ ഇടതുവശത്തുകൂടെ വണ്ടി ഓടിക്കുന്നു. കാരണം ഞാന്‍ എന്റെ ഇടതുവശത്തുകൂടെയും എതിരെ വരുന്ന നിങ്ങള്‍ നിങ്ങളുടെ ഇടതുവശത്തുകൂടെയും വണ്ടിയോടിക്കുമ്പോള്‍ അവ തമ്മില്‍ കൂട്ടിമുട്ടില്ല എന്നു നമ്മള്‍ വിശ്വസിക്കുന്നു. ആസൂത്രിതമായ വിശ്വാസം (calculated trust) എന്നാണ് ജീന്‍ഡ്രെസ് ഇതിനെ വിശേഷിപ്പിക്കുന്നത്. 

ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ: ജാതിയും ഉപജാതിയും തിരിച്ചറിയാന്‍ നെറ്റിയില്‍ നിറം ചാര്‍ത്തുന്ന ബ്രാഹ്മണ പുരോഹിതന്‍
ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ: ജാതിയും ഉപജാതിയും തിരിച്ചറിയാന്‍ നെറ്റിയില്‍ നിറം ചാര്‍ത്തുന്ന ബ്രാഹ്മണ പുരോഹിതന്‍

ഇതിനപ്പുറം നിലവില്‍വരുന്ന ഒന്നാണ് സാമൂഹികമായ യുക്തിപരത (social rationality).  അത് അടിസ്ഥാനപരമായി നൈതികമായ ഒന്നാണ്. ഉദാഹരണത്തിന് കൃത്യനിഷ്ഠ. ഞാന്‍ ഒരു സമയത്ത് വരണമെന്നു നിര്‍ദ്ദേശിക്കപ്പെടുന്നു. ആ സമയത്തുതന്നെ ഞാന്‍ വരുന്നു. ഇതൊരു ശീലമെന്ന നിലയ്ക്ക് ചെയ്യാം. എന്നെ കാത്തിരിക്കുന്നവരെ വൈകിച്ചുകൂടാ എന്ന കരുതലിന്റെ ഭാഗമായിട്ടും ചെയ്യാം. രണ്ടും രണ്ടു കാര്യമാണ്. ആദ്യത്തേതില്‍ കൃത്യനിഷ്ഠയുടെ യാന്ത്രികമായ ആവിഷ്‌കാരമാണ് ഉള്ളത്. രണ്ടാമത്തേതില്‍ അത് മറ്റുള്ളവരെക്കുറിച്ചുള്ള കരുതലിന്റെ ഫലമാണ്. ഇങ്ങനെ, താനല്ലാത്തവരെക്കുറിച്ചുള്ള കരുതലിന്റെ ഫലമായുണ്ടാകുന്ന സാമൂഹികമായ യുക്തിപരതയാണ് ഭരണഘടനാപരമായ ധാര്‍മ്മികത എന്ന തത്ത്വത്തിലേക്ക് എത്തിച്ചേരുന്നത്. എന്നെക്കുറിച്ചുള്ള കരുതലല്ല, എനിക്കപ്പുറമുള്ളവരെക്കുറിച്ചുള്ള കരുതല്‍ ആണ് അതിന്റെ കാതല്‍. കൃത്യനിഷ്ഠ അതില്‍ത്തന്നെ ധാര്‍മ്മികമാണെന്ന് ഇതിനര്‍ത്ഥമില്ല. ആസൂത്രിതവും ക്രമീകൃതവും യാന്ത്രികവുമായ കൃത്യത എന്നതല്ല, മറിച്ച് താനല്ലാവത്തവരെക്കുറിച്ചുള്ള തന്റെ കരുതലാണ് സാമൂഹികമായ യുക്തിബോധം. നമ്മെ കൂടുതല്‍ ഉയര്‍ന്ന മാനുഷികതലത്തിലേക്കെത്തിക്കുന്നത് അതാണ്. അംബേദ്കറുടെ ധാര്‍മ്മികതാസങ്കല്‍പ്പം സാമൂഹികപരമായ യുക്തിപരതയോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ ജനാധിപത്യം നൈതികമായ ഉള്ളടക്കം ഉള്ളതായിത്തീരുന്നത് അങ്ങനെയാണ്.

ജാതി എന്ന അനൈക്യഹേതു
എന്തുകൊണ്ട് ജാതി നശിപ്പിക്കപ്പെടണം? അതിന് കാരണമായി അംബേദ്കര്‍ പറയുന്നത് ജാതി ഹിന്ദുക്കളുടെ പൊതുജീവിതത്തെ, പൊതുവായ ചൈതന്യത്തെ, പൊതുവായ വിശ്വാസത്തെ ഇല്ലാതാക്കി എന്നാണ് (The effect of caste on the ethics of Hindus is simply deplorable. Caste has killed the public spirits. Caste has destroys public charity. Caste has made public opinion impossible. A Hindu's public is his caste). ജാതി പൊതു അഭിപ്രായങ്ങള്‍ അസാധ്യമാക്കി. പൊതുധാര്‍മ്മികതയെ അത് റദ്ദാക്കി. ഒരു ഹിന്ദുവിനെ സംബന്ധിച്ച് അയാളുടെ പൊതുമണ്ഡലം അയാളുടെ ജാതിയാണ്, അതിനപ്പുറമൊരു പൊതുമണ്ഡലമില്ല. അതുകൊണ്ട് നന്മയെന്നത് ഹിന്ദുക്കളെ സംബന്ധിച്ച് ജാതിബദ്ധമായിത്തീര്‍ന്നു (Virtue has become caste ridden. Morality has become caste bound). ധാര്‍മ്മികത ജാതിധര്‍മ്മം മാത്രമായി തീരുകയും ചെയ്തു. ഇതിന്റെ മറുപുറത്ത്, ധാര്‍മ്മികതയെ ഡോ. അംബേദ്കര്‍ സാഹോദര്യം (fraternity) എന്നതിനോടു ചേര്‍ത്താണ് വിഭാവനം ചെയ്യുന്നത്. ധാര്‍മ്മികതയുടെ അടിസ്ഥാനമൂല്യം സാഹോദര്യമാണ്. താനല്ലാത്തതിനെക്കുറിച്ചുള്ള തന്റെ കരുതലാല്‍ നയിക്കപ്പെടുന്ന ജീവിതമാണ് ധാര്‍മ്മികമായ ജീവിതം (A sentiment which leads an individual  to identify himself with the good of others). മറ്റുള്ളവരുടെ നന്മയുമായി തന്മയീഭവിക്കാനുള്ള ആന്തരികമായ പ്രേരണയാണ് സാഹോദര്യം. ഈ സവിശേഷ ബിന്ദുവില്‍ നാരായണഗുരുവിന്റെ അപരത്വത്തെക്കുറിച്ചുള്ള ആശയങ്ങളുമായി അംബേദ്കര്‍ ഐക്യപ്പെടുന്നുണ്ട് എന്നു പറയാം. ഈ ഐക്യത്തിന് അവര്‍ ഇരുവരേയും പ്രാപ്തമാക്കുന്ന ഘടകം രണ്ടുപേരുടേയും വിചാരജീവിതത്തിന്റെ ആദിബിന്ദുവില്‍ ബുദ്ധനുണ്ട് എന്നതാണ്. പ്രജ്ഞയും കരുണയും. കരുണ കേവലമായ സഹാനുഭൂതിയല്ല, താനല്ലാത്തതിലേക്ക് സംക്രമിക്കാനുള്ള തന്റെ ആത്മശേഷിയുടെ പേരായിട്ടാണ് കരുണ എന്ന മൂല്യത്തെ ബുദ്ധന്‍ നിര്‍ദ്ദേശിക്കുന്നതും ഗുരു ആവിഷ്‌കരിക്കുന്നതും. അതുപോലെ പ്രജ്ഞ വെറും അറിവല്ല, വിദ്യയില്‍നിന്നു പ്രജ്ഞയിലേക്കെത്തുമ്പോള്‍ നിങ്ങള്‍ ആത്മത്തില്‍നിന്ന് അപരത്വത്തിലേയ്ക്ക് നീങ്ങുന്നു. പിന്നാലെ അത് കരുണയായി മാറുകയും ചെയ്യുന്നു. വിദ്യയെന്നത് ഒരു ജ്ഞാനവൈഭവമാണ്. ഒരു സവിശേഷാവസ്ഥയെക്കുറിച്ചുള്ള അറിവാണ്. പ്രജ്ഞയെന്നത് താനല്ലാത്തതിലേക്ക് സംക്രമിക്കേണ്ട തന്നെക്കുറിച്ചുള്ള വിപുലമായ ബോധ്യമാണ്. പരമമായ വിവേകമാണത്. അതുകൊണ്ടാണ് കുമാരനാശാന്‍- ''അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍'' എന്നെഴുതിയത്. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുകയാണ് വിവേകം. അത് ബുദ്ധനില്‍നിന്നു തുടങ്ങുന്ന ഒരാശയമാണ്. ആ പ്രജ്ഞയാണ് കരുണയിലേക്ക് നിങ്ങളെ നയിക്കുന്നത്. കരുണയെന്ന ആ വിശാലമൂല്യത്തെയാണ് സാഹോദര്യനിഷ്ഠമായ ധാര്‍മ്മികതയുടെ അടിസ്ഥാനമായി അംബേദ്കര്‍ കാണുന്നത്. ബുദ്ധമതത്തോടുള്ള അംബേദ്കറുടെ പ്രതിപത്തിയുടെ അടിസ്ഥാന കാരണങ്ങള്‍ ബുദ്ധമതം മുന്‍പോട്ടുവച്ച യുക്തിബോധവും അതിന്റെ അടിസ്ഥാന ധാര്‍മ്മികതയുമാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ പ്രകാശനം കൂടിയാണ് ബുദ്ധധര്‍മ്മം എന്ന് ബുദ്ധനും അദ്ദേഹത്തിന്റെ ധര്‍മ്മവും (Buddha and Dharma) എന്ന പ്രസിദ്ധമായ തന്റെ പ്രബന്ധത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ജനാധിപത്യത്തിന്റെ അന്തിമലക്ഷ്യമെന്ന് താന്‍ കരുതുന്ന മൂല്യങ്ങളുടെ പ്രകാശനമാണ് ബുദ്ധമതം എന്നും ആ മൂല്യങ്ങള്‍ വാസ്തവത്തില്‍ ബുദ്ധവചനങ്ങളില്‍നിന്നു ഉരുവായതാണ് എന്നും ഒരു ഘട്ടത്തില്‍ ഡോ. അംബേദ്കര്‍ വ്യക്തമാക്കുന്നുണ്ട് (from the teachings of my master Buddha). പാശ്ചാത്യമായ യുക്തിബോധത്തിന്റേയും പാശ്ചാത്യമായ യുക്തിവിചാരത്തിന്റേയും കേവല തത്ത്വങ്ങള്‍ക്കപ്പുറത്തേക്ക് ധാര്‍മ്മികതയുടെ വിശാലമായ ഒരു മാനദണ്ഡത്തെ, അപരോന്മുഖത്വത്തെ, അപരത്വത്തിലേക്കുള്ള സംക്രമണശേഷിയെ, അതു നല്‍കുന്ന ധാര്‍മ്മികമായ സാഹോദര്യമൂല്യത്തെ ജനാധിപത്യവുമായി കൂട്ടിയിണക്കുന്നിടത്താണ് വാസ്തവത്തില്‍ അംബേദ്കറുടെ ജനാധിപത്യം ഉന്നതമായ ധാര്‍മ്മികതത്ത്വം കൂടിയായി മാറുന്നത്. ഇത്തരമൊരു ധാര്‍മ്മിക മൂല്യത്തെ ജനാധിപത്യത്തിലേക്ക് സന്നിവേശിപ്പിക്കാനുള്ള ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ ശ്രമം അംബേദ്കറുടേതായിരുന്നു. 

ജനാധിപത്യത്തിന്റെ ശക്തിസ്രോതസ്സുകള്‍
അവസാനമായി, ഇന്ത്യന്‍ ഭരണഘടനയിലേക്ക് അദ്ദേഹം ആനയിക്കാന്‍ പണിപ്പെട്ട ജനാധിപത്യ തത്ത്വമെന്തെന്നുകൂടി നോക്കാം. ഇന്ത്യന്‍ ജനാധിപത്യത്തെ രൂപപ്പെടുത്തിയ പ്രധാന രണ്ട് ശക്തിസ്രോതസ്സുകളുണ്ട്. ഒന്ന്, രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നാനാതരം സമരങ്ങളാണ്. മറ്റൊന്ന്, സാമൂഹിക സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരങ്ങളും. മഹാത്മ ഫൂലെ, സാഹുമഹാരാജ്, പെരിയോര്‍, നാരായണഗുരു, പൊയ്കയില്‍ അപ്പച്ചന്‍, അയ്യന്‍കാളി എന്നിവരെപ്പോലെ അനവധി പേര്‍ സാമൂഹിക സ്വാതന്ത്ര്യത്തിനും സാമൂഹിക ജനാധിപത്യത്തിനും വേണ്ടി നടത്തിയ സമരങ്ങള്‍. ആ സമരങ്ങളുടെ പൂര്‍വ്വസ്ഥാനമെന്നു വിളിക്കാവുന്നത് ബുദ്ധന്റേയും മധ്യകാല ഭക്തിപ്രസ്ഥാനത്തിന്റേയും പാരമ്പര്യമാണ്. ഈ പാരമ്പര്യങ്ങളെയെല്ലാം അംബേദ്കര്‍ ഭരണഘടനയിലേക്ക് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ജനാധിപത്യത്തിനുവേണ്ടിയുള്ള സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ പാരമ്പര്യത്തെ സാമൂഹിക ജനാധിപത്യത്തിനുവേണ്ടിയുള്ള സമരങ്ങളുടെ പാരമ്പര്യവുമായി കൂട്ടിയിണക്കുന്ന ഒന്നായി, ഇരുപാരമ്പര്യങ്ങളും കൂടിയിണങ്ങിനില്‍ക്കുന്ന സ്ഥാനമായി, ഭരണഘടനയെ മാറ്റി എന്നിടത്താണ് ഭരണഘടനയെ വിപുലമായ ഒരു ജനാധിപത്യ ആവിഷ്‌കാരത്തിന്റെ തലത്തിലേയ്ക്ക് അംബേദ്കര്‍ കൊണ്ടുവന്നത്. ഭരണഘടനാശില്പി എന്നു പറയുമ്പോള്‍, രാഷ്ട്രീയ ജനാധിപത്യത്തിന്റെ പ്രവര്‍ത്തന കാര്യപരിപാടി എഴുതിയുണ്ടാക്കിയ വ്യക്തി എന്ന നിലയില്‍ മാത്രമേ നാം പലപ്പോഴും ഡോ. അംബേദ്ക്കറെ കാണാറുളളു. അതിനപ്പുറം, ഇങ്ങനെയൊരു വലിയ പ്രാധാന്യം അദ്ദേഹത്തിനുണ്ട്. സഹസ്രാബ്ദങ്ങളായി പിന്തള്ളപ്പെട്ടുനിന്നവര്‍ക്കുവേണ്ടി, ആ പിന്തളളപ്പെടലിനെതിരെ സാമൂഹ്യസമത്വത്തിനും നീതിക്കും വേണ്ടി ഇന്ത്യയില്‍ നടന്ന സമരങ്ങളുടെ ചൈതന്യത്തെ നമ്മുടെ ഭരണഘടനയിലേക്ക് സന്നിവേശിപ്പിച്ച്, രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹിക ജനാധിപത്യവുമായി കൂട്ടിയിണക്കാനുള്ള ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ശ്രമങ്ങളിലൊന്നാണ് ഇന്ത്യന്‍ ഭരണഘടനയായി നിലകൊള്ളുന്നത്. ഇന്ത്യയിലാകെ വായിക്കാന്‍ കൊള്ളാവുന്നതായി ഒറ്റ പുസ്തകമേ ഉള്ളൂ, അത് ഭരണഘടനയാണ് എന്ന് സണ്ണി കപിക്കാട് പറയുന്നത് വെറുതെയല്ല. അത് ഭരണഘടന നോവല്‍പോലെ വായിച്ചുരസിക്കാവുന്നതാണ് എന്ന അര്‍ത്ഥത്തിലല്ല; മറിച്ച്, നീതി എന്ന ആശയം ഏറ്റവും ആഴത്തില്‍ ആധുനിക ഇന്ത്യയില്‍ സന്നിവേശിക്കപ്പെട്ടത് ഭരണഘടനയിലാണ് എന്ന അര്‍ത്ഥത്തിലാണ്. ഭരണഘടനയ്ക്കുള്ളിലാണ് നാമൊക്കെ ജീവിക്കുന്നതെങ്കിലും നാമത് വായിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 


ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച്, അതിന്റെ ആന്തരിക പ്രതിസന്ധിയെക്കുറിച്ച്, അംബേദ്കര്‍ പറയുന്ന ഒരു വാക്യമുണ്ട്: രണ്ടു വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളാല്‍ ഇന്ത്യക്കാര്‍ ഭരിക്കപ്പെടുന്നു (Indians are governed by two different ideologies). നമ്മുടെ ഭരണഘടനയുടെ ആമുഖ പ്രഖ്യാപനത്തില്‍-സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം-അവരുടെ രാഷ്ട്രീയ ആദര്‍ശം നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, അവരുടെ മതത്തില്‍ നിലീനമാക്കപ്പെട്ട സാമൂഹിക ആദര്‍ശം ഈ മൂല്യങ്ങളെയൊക്കെ നിഷേധിക്കുകയും ചെയ്യുന്നു (Their political ideal is set in the preamble of the constitution, offers a life of liberty, equality and fraternity. Their social ideal embedded in the religion dents them). ഭരണഘടനാപരമായ മൂല്യങ്ങള്‍, ഭരണഘടനാപരമായ ധാര്‍മ്മികത ഒരു ഭാഗത്തും ഭരണഘടനാപരമായ ധാര്‍മ്മികതയെ അടിയോടെ റദ്ദാക്കിക്കളയുന്ന മതപരമായ ധാര്‍മ്മികത മറുഭാഗത്തുമായി ഇന്ത്യന്‍ ജീവിതത്തില്‍ നിലനില്‍ക്കുന്നു. ഈ രണ്ടു തത്ത്വങ്ങളാല്‍ നയിക്കപ്പെടുന്ന വിഭക്ത വ്യക്തിത്വങ്ങളുടേതാണ് ആധുനിക ഇന്ത്യയിലെ പൗരജീവിതം. ആധുനിക ഇന്ത്യന്‍ ജീവിതം മനഃശാസ്ത്രപരമായ ഒരു വിഭജനത്തിന് വിധേയമായിരിക്കുന്നു. രണ്ടു ലോകങ്ങളില്‍ നാം കാലുറപ്പിച്ചിരിക്കുന്നു. റോഡിലിറങ്ങുമ്പോള്‍ നാമെല്ലാം ജനാധിപത്യവാദികളും മതനിരപേക്ഷവാദികളും ജാതിവിരുദ്ധരുമൊക്കെയാണ്. പക്ഷേ, വീട്ടിലല്ല എന്നുമാത്രം. പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ നാമെല്ലാം സ്ത്രീസ്വാതന്ത്ര്യവാദികളാണ്. വീട്ടില്‍ പക്ഷേ, അങ്ങനെയല്ല. ഇങ്ങനെ നമ്മുടെ സാമൂഹിക ആദര്‍ശങ്ങള്‍ നമ്മുടെ രാഷ്ട്രീയ ആദര്‍ശങ്ങളെ റദ്ദാക്കിക്കൊണ്ടിരിക്കുന്നു. ഈ റദ്ദാക്കലിലേക്കാണ് ആധുനിക ഇന്ത്യ പ്രവേശിക്കുന്നത്. അംബേദ്കര്‍ ഭരണഘടനാ അസംബ്ലിയിലെ പ്രസംഗത്തില്‍ പറഞ്ഞ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വാക്യങ്ങള്‍ ഇങ്ങനെയാണ്: '1950 ജനുവരി 26-ന് നാം വൈരുദ്ധ്യങ്ങളുടെ ഒരു ലോകത്തിലേക്ക് കാലൂന്നാന്‍ തുടങ്ങുന്നു. രാഷ്ട്രീയത്തില്‍ നമുക്ക് തുല്യതാതത്ത്വമുണ്ട്. പക്ഷേ, സാമൂഹികമായും സാമ്പത്തികമായും നമുക്ക് അസമത്വം മാത്രമേയുളളൂ. രാഷ്ട്രീയത്തില്‍ ഒരാള്‍ക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം എന്ന തത്ത്വം നാം അംഗീകരിക്കുന്നു. പക്ഷേ, സാമൂഹികവും സാമ്പത്തികവുമായ തലങ്ങളില്‍ നമ്മുടെ യുക്തിവിചാരം കൊണ്ടുതന്നെ, നാം മനുഷ്യര്‍ക്ക് ഒരേ മൂല്യമാണെന്ന തത്ത്വത്തെ നിരന്തരമായി നിഷേധിക്കുന്നു. വൈരുദ്ധ്യങ്ങളുടെ ഈ ജീവിതം നമുക്കെത്ര കാലമാണ് ജീവിക്കാനാവുക? നമ്മുടെ സാമൂഹിക സാമ്പത്തിക ജീവിതത്തില്‍ സമത്വത്തെ എത്രകാലമാണ് നമുക്ക് നിഷേധിക്കാനാവുക? ദീര്‍ഘകാലത്തേക്ക് നാമത് നിഷേധിക്കുകയാണെങ്കില്‍, നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ അപകടത്തിലാക്കിക്കൊണ്ടല്ലാതെ നമുക്ക് ഈ നിഷേധം ദീര്‍ഘകാലം കൊണ്ടുനടക്കാനാവില്ല. ആകാവുന്നത്ര അടുത്ത സന്ദര്‍ഭത്തില്‍ നാമീ വൈരുദ്ധ്യങ്ങളെ പരിഹരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഈ അസമത്വത്തിന്റെ ഇരകളായിത്തീര്‍ന്നവര്‍ നാമുണ്ടാക്കിയ രാഷ്ട്രീയ ജനാധിപത്യത്തിന്റെ ഘടനാസംവിധാനങ്ങളെ കത്തിച്ചുകളയും'' (On the 26th of January 1950 we are going to enter into a life of contradictions. In politics, we will have equality and in social and economic life we will have inequality.  In politics, we will be recognizing the principle of one man one vote and one vote one value.  In our social and economic life we shall by reason of our social and economic structure continue to deny the principle of one man one value.  How long shall we continue to live the life of contradictions? How long shall we continue to deny equality in our social and economic life? If you continue to deny it for long, we will do so only putting our political democracy in peril. We must remove this contradictions at the earliest possible moment...  or else those who suffer from inequalities will blow up the structure of political democracy which this assembly has so laboriously built up). ഇന്ത്യന്‍ ജനാധിപത്യം മഹത്വത്തിലേക്കല്ല വലിയ വൈരുദ്ധ്യങ്ങളിലേക്കാണ് ചുവടുവയ്ക്കുന്നത് എന്നാണ് അംബേദ്കര്‍ ഭരണഘടനാ അസംബ്ലിയില്‍ പറഞ്ഞത്. ഇന്നു തിരിഞ്ഞുനോക്കിയാല്‍ അംബേദ്കര്‍ പറഞ്ഞ വൈരുദ്ധ്യങ്ങളുടെ ലോകം അന്നത്തെക്കാള്‍ എത്രയോ മാരകമായ അളവില്‍ നമ്മെ ഗ്രസിച്ചിരിക്കുന്നു എന്നു കാണാന്‍ കഴിയും. ജനാധിപത്യം നേരിടുന്ന ഏറ്റവും മാരകമായ വിപത്തായി അദ്ദേഹം ചൂണ്ടിക്കാട്ടിയ വര്‍ഗ്ഗീയ ഭൂരിപക്ഷം (communal majority) നമ്മുടെ രാഷ്ട്രീയജനാധിപത്യത്തെ വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നു പറയാം. ജനാധിപത്യത്തിന്റെ ആധാരതത്ത്വങ്ങളാകണമെന്ന് അദ്ദേഹം കരുതിയ സാമ്പത്തിക ജനാധിപത്യവും സാമൂഹിക ജനാധിപത്യവും രാഷ്ട്രീയ ജനാധിപത്യത്തില്‍നിന്നും കൂടുതല്‍ കൂടുതല്‍ അകന്നുപോയിക്കൊണ്ടിരിക്കുന്നു. ജനാധിപത്യം ഒരു നൈതിക തത്ത്വമാകണമെന്ന ആശയം, അതൊരു ധാര്‍മ്മിക മൂല്യമായി, അപരത്വത്തെക്കുറിച്ചുള്ള കരുതലായി, അപരത്വത്തിനുവേണ്ടിയുള്ള പരിഗണനയായി, നമ്മില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആന്തരികചോദനയായി മാറണം എന്ന ആശയം നമ്മുടെ പൊതുജീവിതത്തില്‍നിന്ന് ഏതാണ്ട് സമ്പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടിരിക്കുന്നു. 

ഇങ്ങനെ നോക്കിയാല്‍, അംബേദ്കര്‍ മുന്നോട്ടുവച്ച ജനാധിപത്യ തത്ത്വം, ജനാധിപത്യത്തെക്കുറിച്ചുളള പാശ്ചാത്യതത്ത്വങ്ങളുടെ ഒരു തുടര്‍ച്ചയോ ഒരു വിപുലീകരണമോ അല്ല എന്നു വ്യക്തമാവും. ഇന്ത്യയെന്ന സാമൂഹ്യസംവിധാനത്തെ ആകമാനം പുനഃസംഘടിപ്പിക്കാനും ആധുനികമായ ഒരു ധാര്‍മ്മിക ജീവിതം നയിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കാനും കാരണമാകുന്ന അടിസ്ഥാന മൂല്യമായിട്ടാണ് അദ്ദേഹം ജനാധിപത്യമെന്ന ആശയത്തെ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ, നമ്മുടേതുപോലൊരു വിപത്ക്കാലത്ത് നമുക്ക് നിരന്തരം മടങ്ങിച്ചെല്ലാനുള്ള പ്രധാനപ്പെട്ട ഓര്‍മ്മകളിലൊന്നായി അത് മാറിത്തീരുന്നു. ചരിത്രമെന്താണ് എന്നതിനെക്കുറിച്ചുളള വാള്‍ട്ടര്‍ ബഞ്ചമിന്റെ ഒരു പ്രസിദ്ധ വിശദീകരണമിതാണ്: ''ചരിത്രം ഭൂതകാലത്തെ ഓര്‍ത്തെടുക്കലല്ല, മറിച്ച്, ആപത്തിന്റെ നിമിഷങ്ങളില്‍ മനസ്സിലൂടെ മിന്നിമായുന്ന ഓര്‍മ്മകളെ കൈയെത്തിപ്പിടിക്കലാണ്.'' ആപത്തുനിറഞ്ഞ നമ്മുടെ വര്‍ത്തമാനകാല നിമിഷത്തില്‍, ഭൂതകാലത്തില്‍നിന്നും മിന്നിമായുന്ന ഒരോര്‍മ്മയെ നാം കൈയെത്തിപ്പിടിക്കുന്നു. അതിന്റെ പേരാണ് അംബേദ്കറുടെ ജനാധിപത്യ ദര്‍ശനം. അത് നീതിയുടെ പാര്‍പ്പിടത്തെക്കുറിച്ച് നമ്മോട് സംസാരിക്കുന്നു. 
-------

*തൃശൂര്‍ സെക്യുലര്‍ ഫോറം സംഘടിപ്പിച്ച  പ്രഭാഷണപരമ്പരയുടെ പ്രാരംഭമായി 'അംബേദ്കറുടെ ജനാധിപത്യ സങ്കല്‍പ്പം' എന്ന വിഷയത്തെ മുന്‍നിര്‍ത്തി നടത്തിയ പ്രഭാഷണത്തിന്റെ ലിഖിതരൂപം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com