സമത്വവും സംവരണവും: ജാതിയോ സാമ്പത്തികമോ?

By വി.എന്‍. ഹരിദാസ്   |   Published: 30th November 2018 05:20 PM  |  

Last Updated: 30th November 2018 05:20 PM  |   A+A-   |  

 

''...the third thing we must do is not to be content with the mere political democracy, we must make our political democracy a social democracy as well. Political democracy cannot last unless there lies at the base of it social democracy. What does social democracy mean? It means a way of life which recognises liberty, equality and fraternity as the principles of life. These principles are not to be treated as separate items in a trinity. They form a union of trinity in the sense that to divorce one from the other is to defeat the very purpose of democracy. Liberty cannot be divorced from equality, equality cannot be divorced from liberty. Not can liberty and equality be divorced from fraternity. Without fraternity, liberty and equality could not become a natural course of things. It would require a constable to enforce them. We must begin by acknowledging the fact that there is complete absence of two things in the Indian Society; one of these is equality. On social plane, we have in India a society based on the principles of graded inequality which means elevation of some and degration of others. On the economic plane, we have a society in which there are some who have immense wealth as against many who live in abject poverty. On the 26th January, 1950 we are going to enter into a life of contradictions. In politics we will have equality and in social and economic life we will have inequality. In politics, we will be recognising the principle of 'one man one vote and one vote one value'. If our social and economic structure continues to deny the principle 'one man one value' how long shall we continue to live this life of contradictions? How long shall we continue to deny equality in our social and economic life? If we continue to deny it for long, we will do so only by putting our political democracy in peril. We must remove this contradiction at the earliest possible moment or else those who suffer from inequality will blow up the structure of political democracy which this assembly so laboriously build up.'
Dr. B.R. Ambedkar
Constituent Assembly Debates
Vol. XI Page 979.

നാധിപത്യത്തെ ഇന്ത്യന്‍ ഭരണഘടനയില്‍ ഡോ. അംബേദ്കര്‍ ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിച്ചിരിക്കുന്നത് സാമൂഹിക ജനാധിപത്യം, സാമ്പത്തിക ജനാധിപത്യം, രാഷ്ട്രീയ ജനാധിപത്യം എന്ന ത്രിത്വമായാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന മൂല്യങ്ങളില്‍ ഉറപ്പിച്ചിരിക്കുന്ന സാമൂഹിക ജനാധിപത്യം കൈവരിക്കുന്നതിന് തടസ്സമാവുന്ന ഇന്ത്യന്‍ സമൂഹത്തിലെ അടിസ്ഥാന പ്രതിബന്ധത്തേയും ഡോ. അംബേദ്കര്‍ തിരിച്ചറിയുന്നുണ്ട്. അത് സമത്വത്തിന്റെ സമ്പൂര്‍ണ്ണമായ അസന്നിഹിതത്വമാണ്. എന്താണ് ഈ പ്രശ്‌നത്തിന് ഭരണഘടന നിര്‍ദ്ദേശിച്ച പരിഹാരം? 70 വര്‍ഷത്തെ ഇന്ത്യന്‍ ജനാധിപത്യ അനുഭവങ്ങള്‍ തുല്യത എന്ന സങ്കല്‍പ്പത്തെ സാമൂഹിക ജീവിതത്തില്‍ തെല്ലെങ്കിലും പ്രത്യക്ഷമാക്കിയോ? ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സമത്വം എന്ന ആശയത്തിന്റേയും അസമത്വത്തിനു പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട സംവരണത്തിന്റേയും താത്ത്വികമായ അടിസ്ഥാനം എന്താണ്? സംവരണം പ്രയോഗിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന താത്ത്വികവും പ്രായോഗികവുമായ വെല്ലുവിളികളും  തടസ്സങ്ങളും എന്തൊക്കെയാണ്? ഇവയോട് നീതിന്യായ സംവിധാനം പ്രതികരിച്ചത് എങ്ങനെയാണ്  എന്നെല്ലാം ആണ് ഇവിടെ പരിശോധിക്കുന്നത്. സംവരണത്തിന്റെ അടിസ്ഥാനം ജാതിയാണോ എന്നും പിന്നാക്കാവസ്ഥയുടെ മാനദണ്ഡം സാമ്പത്തികമാണോ എന്നുകൂടി ഭരണഘടനാ നിര്‍മ്മാണസഭയിലെ ചര്‍ച്ചകളുടേയും സുപ്രീംകോടതി വിധിന്യായങ്ങളുടേയും വെളിച്ചത്തില്‍ ഈ പഠനം പരിശോധിക്കുന്നു.    

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ തുല്യതയെ നിര്‍വ്വചിക്കുന്നത്/വിശദീകരിക്കുന്നത് അവസരത്തിന്റേയും പദവിയുടേയും തലത്തിലാണ് (equality of status and opportunity). ഇന്ത്യന്‍ ഭരണഘടനയുടെ 15 മുതല്‍ 18 വരെയുള്ള അനുച്ഛേദങ്ങളാണ് പ്രധാനമായും സമത്വം സ്ഥാപിക്കാനായി ലക്ഷ്യം വെയ്ക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17 അയിത്തത്തെ നിരോധിക്കുന്നു. ആര്‍ട്ടിക്കിള്‍ 17 അയിത്തത്തെ/തൊട്ടുകൂടായ്മയെ നിരോധിക്കുകയും ഏത് രൂപത്തിലുള്ള അതിന്റെ ആചരണത്തെ തടയുകയും ചെയ്യുന്നു. കൂടാതെ തൊട്ടുകൂടായ്മ മൂലം ഏതെങ്കിലും രീതിയിലുള്ള disability അടിച്ചേല്‍പ്പിക്കുന്നത് നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റമാകുകയും ചെയ്തു. സമാനമായ ഒരു വകുപ്പ് നമുക്ക് കാണാന്‍ കഴിയുക അമേരിക്കന്‍ ഭരണഘടനയുടെ 13-ാം ഭേദഗതിയിലൂടെ അടിമത്വം നിരോധിച്ചതാണ്. തുല്യതയ്ക്കുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14-ല്‍ പറയുന്നു. തുല്യത നിയമത്തിനു മുന്‍പിലുള്ള തുല്യതയാണ്. രാഷ്ട്രം ഒരു വ്യക്തിക്കും ശ്രദ്ധിക്കുക-പൗരനല്ല; വ്യക്തിക്കാണ് (not citizen, but person) നിയമത്തിനു മുന്നിലുള്ള തുല്യതയോ നിയമത്തിന്റെ തുല്യസംരക്ഷണമോ നിഷേധിക്കാന്‍ പാടില്ല എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. നിയമത്തിനു മുന്നിലുള്ള തുല്യതയും നിയമത്തിന്റെ തുല്യസംരക്ഷണവും ആണ് ഈ അനുച്ഛേദത്തിന്റെ കാതല്‍. സമാനമായ സംരക്ഷണവും അമേരിക്കന്‍ ഭരണഘടനയില്‍ അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതിയില്‍ കാണാം.

ബെംഗളൂരുവിലെ വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ നടന്ന അംബേദ്കറിന്റെ 117ാം ജന്‍മദിന ആഘോഷത്തില്‍ നിന്ന് 

ന്യൂനപക്ഷ സംവരണം
തുല്യതയുമായി ബന്ധപ്പെട്ടുതന്നെയുള്ള ഭരണഘടനാ വകുപ്പുകളാണ് അനുച്ഛേദം പതിനഞ്ചും പതിനാറും. സംവരണം എന്ന ആശയം ഭരണഘടനയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത് അവയിലാണ്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ സംവരണത്തെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് നിലനിന്നിരുന്ന പ്രത്യേക മണ്ഡലങ്ങള്‍ (separate electorates) നിലനിര്‍ത്തുന്നതിനെച്ചൊല്ലി വലിയ ചര്‍ച്ചകള്‍ നടന്നു. അവസാനം പ്രത്യേക ഇലക്ട്രേറ്റ് നിരോധിക്കുകയും പകരം ന്യൂനപക്ഷങ്ങള്‍ക്ക് നിശ്ചിത കാലയളവിലേക്ക് സീറ്റുകള്‍ സംവരണം ചെയ്യുക എന്നതിലേക്ക് ഭരണഘടനാ നിര്‍മ്മാണസഭ എത്തിച്ചേരുകയും ചെയ്തു. 1947 ജൂലൈയില്‍ ന്യൂനപക്ഷങ്ങളുടെ സബ് കമ്മിറ്റി അംഗീകരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 10 വര്‍ഷത്തേയ്ക്ക് സീറ്റുകള്‍ സംവരണം ചെയ്യുക എന്നു ശുപാര്‍ശ ചെയ്യുകയും ഡ്രാഫ്റ്റിംഗ് കമ്മിറ്റി അതംഗീകരിച്ചുകൊണ്ട് നിയമനിര്‍മ്മാണ സഭകളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള വകുപ്പുകള്‍ കരട് ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, വിഭജനത്തിനുശേഷം ഈ വിഷയം ഒരു പുനരാലോചനയ്ക്ക് വിധേയമാക്കുകയും ഇത് എടുത്തുകളയുന്നതിന് 1949 മേയ് മാസത്തില്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. സഭയിലെ മുസ്ലിം അംഗങ്ങള്‍ ഇതിനെ സ്വാഗതം ചെയ്തു. എന്നാല്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പുരോഗതിക്കും സംവരണം എന്ന സമ്പ്രദായം സഹായകരമാകും എന്നു വാദിച്ചു. അങ്ങനെ ന്യൂനപക്ഷങ്ങള്‍ക്കുള്ള നിയമനിര്‍മ്മാണ സഭകളിലെ സംവരണം നിര്‍ത്തലാക്കുകയും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടേത് 10 വര്‍ഷത്തേയ്ക്ക് തുടരുകയും ചെയ്തു. സംവരണം 10 വര്‍ഷത്തേയ്ക്കു മാത്രമാണ് ഭരണഘടനാ നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്തത് എന്നു ചില സംവരണവിരുദ്ധരില്‍നിന്നു വിമര്‍ശനം ഉയരുന്നത് നിയമനിര്‍മ്മാണസഭകളിലെ ന്യൂനപക്ഷങ്ങളുടേയും പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തിന്റേയും പ്രത്യേക പ്രതിനിധ്യത്തെക്കുറിച്ചു നടന്ന ഈ ചര്‍ച്ചകളെ എല്ലാ സംവരണവുമായി ബന്ധപ്പെടുത്തി തെറ്റായി മനസ്സിലാക്കിയിരിക്കുന്നതു കൊണ്ടാണ്.

സിഖ് സമുദായ പ്രാതിനിധികള്‍ ന്യൂനപക്ഷ സംവരണം തുടരണം എന്നു ശക്തിയായി വാദിച്ചിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സംവരണം തുടരണം എന്നു വാദിച്ചപോലെ തന്നെ അത് മതേതരത്വത്തിനെതിരാണ് എന്നു വാദിച്ചവരും ഉണ്ടായിരുന്നു. ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഡോ. ദാമോദര്‍ സേത്ത് സ്വരൂപ് സേത്ത് പറഞ്ഞു: 'പിന്നോക്കം' എന്ന വാക്ക് കൃത്യമായി നിര്‍വ്വചിക്കുക അസാദ്ധ്യമാണ്. അതുപോലെതന്നെ ഒരു വര്‍ഗ്ഗത്തിന്റേയോ സമുദായത്തിന്റേയോ പിന്നോക്കാവസ്ഥ നിശ്ചയിക്കുന്നതിനായി ഉചിതമായ ഒരു മാനകം നിശ്ചയിക്കുക എന്നതും എളുപ്പമല്ല... ഇത് ജാതീയതയും പക്ഷപാതിത്വവും വളരാനേ ഇടയാക്കൂ. അവയ്ക്ക് ഒരു മതേതര രാഷ്ട്രത്തില്‍ ഒരു സ്ഥാനവുമില്ല. ''ഭരണഘടനാ നിര്‍മ്മാണസഭയില്‍ പ്രധാനമായും ഉയര്‍ന്നുവന്ന മൂന്ന് അഭിപ്രായങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഇന്നു നാം ഭരണഘടനയില്‍ കാണുന്ന സംവരണത്തെ രൂപപ്പെടുത്തിയത് ഡോ. അംബേദ്കറാണ്. അദ്ദേഹം പറഞ്ഞു: ''ഈ സഭയില്‍ ഉയര്‍ന്നുവന്ന മൂന്നു പ്രധാന അഭിപ്രായങ്ങളില്‍ ഒന്ന് എല്ലാ പൗരന്മാര്‍ക്കും തുല്യ അവസരം ഉണ്ടായിരിക്കണം എന്നതാണ്. ഈ തത്ത്വം പ്രാവര്‍ത്തികമാകണമെങ്കില്‍ ഏതെങ്കിലും വര്‍ഗ്ഗത്തിനോ സമുദായത്തിനോ പ്രത്യേകമായി സംവരണം പാടില്ല. പൊതുഭരണ സംവിധാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം യോഗ്യരാണെങ്കില്‍ എല്ലാ പൗരന്മാരേയും തുല്യനിലയില്‍ പരിഗണിക്കണം. അതോടൊപ്പം തന്നെ ഉയര്‍ന്നുവന്ന ശക്തമായ അഭിപ്രായം അവസര സമത്വത്തിനോടൊപ്പം ഇത്രയും കാലം ഭരണത്തില്‍നിന്നും ഒഴിവാക്കി നിര്‍ത്തപ്പെട്ട സമുദായങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നതിന് സംവിധാനം വേണം എന്നതാണ്.'' അങ്ങനെയാണ് ഭരണഘടനയുടെ അനുച്ഛേദം 16(4)ല്‍ ഭരണരംഗത്ത് മതിയായ പ്രാതിനിധ്യമില്ലാത്ത പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പൗരന്മാര്‍ക്ക് നിയമനങ്ങളിലും പോസ്റ്റുകളിലും രാഷ്ട്രത്തിന് സംവരണം ഏര്‍പ്പെടുത്താം എന്നു വ്യവസ്ഥ ചെയ്തത്. 

ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഉയര്‍ന്നുവന്ന മറ്റൊരു ശക്തമായ അഭിപ്രായം 'പിന്നോക്കം' (backward) എന്നതിനെ നിര്‍വ്വചിക്കണം എന്നതായിരുന്നു. എച്ച്.എന്‍. കുന്‍സ്രു എന്ന അംഗം വാദിച്ചത് 'പിന്നോക്കം' എന്ന പദം ഭരണഘടനയില്‍ എവിടെയും നിര്‍വ്വചിച്ചിട്ടില്ല. ഏതെങ്കിലും വിഭാഗം (class) പിന്നോക്കമാണോ അല്ലയോ എന്നു തീരുമാനിക്കാനുള്ള അധികാരം കോടതികള്‍ക്ക് വിട്ടുകൊടുക്കരുത്. ആ വാക്ക് നിര്‍വ്വചിക്കുക എന്നത് നമ്മുടെ ഉത്തവാദിത്വമാണ്.'' വരാന്‍ പോകുന്ന നീണ്ട വ്യവഹാരങ്ങളുടെ ചരിത്രത്തെ അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തിരുന്നോ എന്നു സംശയിക്കണം. ഭാവിയില്‍ കോടതികളില്‍ നിരന്തരം ഉയര്‍ന്നുവരാന്‍ പോകുന്ന ചോദ്യങ്ങള്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ അന്നേ ഉയര്‍ന്നിരുന്നു. കാരണം അനുച്ഛേദം 16 (4)ലും പിന്നീട് 1951-ലെ ഒന്നാം ഭരണഘടനാ ഭേദഗതിയിലൂടെ 15 (4)ലും ഉപയോഗിച്ചിരിക്കുന്നത്. 'പിന്നോക്ക വിഭാഗം' എന്നാണ്. അന്നു പട്ടികജാതി പട്ടികവര്‍ഗ്ഗം എന്നു കൃത്യമായി പറയാതെ പിന്നോക്ക വിഭാഗം എന്ന സംജ്ഞയാണ് ഭരണഘടനയില്‍ ഉപയോഗിച്ചത്. 16(4)ല്‍ പറയുന്നു: രാഷ്ട്രത്തിനു കീഴിലെ തൊഴില്‍ മേഖലകളില്‍ മതിയായ പ്രാതിനിധ്യമില്ല എന്ന് രാഷ്ട്രത്തിന് അഭിപ്രായമുണ്ടെങ്കില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പൗരന്മാര്‍ക്ക് പദവികളിലോ (posts) നിയമനങ്ങളിലോ സംവരണത്തിനുള്ള സംവിധാനം ഒരുക്കുന്നതിന് ഈ അനുച്ഛേദം (ആര്‍ട്ടിക്കിള്‍ 16) തടസ്സമല്ല എന്നതാണ്.
ഭരണഘടനയുടെ നിര്‍മ്മാണസഭയില്‍ അംഗമായിരുന്ന ടി.ടി. കൃഷ്ണമാചാരി ചോദിക്കുന്നു: ''ഇപ്പറഞ്ഞത് പിന്നോക്ക 'ജാതികള്‍ക്ക്' ബാധകമല്ല. ഇതു പറയുന്നത് 'വിഭാഗം' എന്നാണ്. ഇത് സാമ്പത്തികാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള വര്‍ഗ്ഗമാണോ അതോ വിദ്യാഭ്യാസ സാക്ഷരതയുടെ അടിസ്ഥാനത്തിലോ അതുമല്ലെങ്കില്‍ ജനനത്തിന്റെ അടിസ്ഥാനത്തിലുള്ളതോ? ''പല അംഗങ്ങളും'' ''പിന്നോക്ക വിഭാഗം'' എന്നത് വളരെ അവ്യക്തമായതുകൊണ്ട് അതിനുപകരം പട്ടികജാതി എന്നുതന്നെ ഉള്‍പ്പെടുത്തണം എന്നു വാദിച്ചു. കെ.എം. മുന്‍ഷി അതിനു പറഞ്ഞ മറുപടി പിന്നോക്കം എന്നത് ജാതി മാത്രമല്ല. ബോംബെ പ്രൊവിന്‍സില്‍ നിലനിന്നിരുന്ന സംവരണം സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായുമുള്ള പിന്നോക്കാവസ്ഥയാണ്. അതില്‍ പട്ടികജാതിക്കാര്‍ മാത്രമല്ല, പിന്നോക്കക്കാരായ എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടും. 

ശ്രേണീകൃത അസമത്വം
ഭരണഘടനയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന വൈരുദ്ധ്യങ്ങളെ, ഈ ആന്തരിക വൈരുദ്ധ്യങ്ങളുടെ നിരന്തരമായ സംഘര്‍ഷത്തെ കാണാതിരുന്നുകൂടാ. ഭരണഘടനയുടെ അന്തിമമായ ലക്ഷ്യം അവസരസമത്വം ഉറപ്പുവരുത്തുകയും ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയിലെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ശ്രേണീകൃത അസമത്വമായ (graded inequality) ജാതിവ്യവസ്ഥയെ ഇല്ലാതാക്കുകയാണ്. അതിനുവേണ്ടി ഭരണഘടന തുല്യതയ്ക്കുവേണ്ടി പ്രദാനം ചെയ്യുന്നു; അയിത്തത്തെ നിരോധിക്കുന്നു. അതോടൊപ്പംതന്നെ ഈ ശ്രേണീകൃത അസമത്വത്തെ ഇല്ലാതാക്കി അവസര സമത്വത്തെ കൊണ്ടുവരണമെങ്കില്‍ അടിച്ചമര്‍ത്തപ്പെട്ട, വിവേചനം അനുഭവിച്ചുകൊണ്ടിരുന്ന വഭാഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണവും അവകാശങ്ങളും സംവരണവും ഉറപ്പുവരുത്തണം. അവിടെ ജാതികളെ തിരിച്ചറിയുകയും ജാതികളെ പട്ടികയാക്കി പ്രഖ്യാപിക്കുകയും ചെയ്യേണ്ടിവരുന്നു. ഇല്ലാതാകാനും നിരോധിക്കാനും ആഗ്രഹിക്കുന്ന ജാതിയെ ഭരണഘടന തന്നെ അംഗീകരിക്കുന്നു. ഈ ഒരു ആന്തരിക വൈരുദ്ധ്യം ഭരണഘടനയുടെ പ്രവര്‍ത്തനത്തിലും പിന്നീടുള്ള ഭരണഘടനയിലെ തുല്യതയും സംവരണതത്ത്വങ്ങളുമായുള്ള സുപ്രീംകോടതിയുടെ ഇടപെടലുകളിലും (engagements) നിരന്തരം കാണാം.

ടിടി കൃഷ്ണമാചാരി


ഭരണഘടന നിലവില്‍ വന്ന് ഉടനെ തന്നെ സംവരണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ആദ്യ ഹര്‍ജിയും സുപ്രീംകോടതിയില്‍ എത്തി എന്നത് പ്രധാനമാണ്. state of madras Vs. ചമ്പകം ദൊരൈ രാജന്‍ എന്ന കേസില്‍ സംവരണത്തിനുവേണ്ടി അന്നത്തെ മദ്രാസ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഒരു ഗവണ്‍മെന്റ് ഓര്‍ഡര്‍ ചമ്പകം ദൊരൈരാജന് ഭരണഘടനയുടെ അനുച്ഛേദം 14-ല്‍ പറയുന്ന തുല്യതയ്ക്ക് വിരുദ്ധവും ഭരണഘടനാ തത്ത്വങ്ങളുടെ ലംഘനവുമാണെന്ന് ആരോപിച്ച് ചോദ്യം ചെയ്യുകയായിരുന്നു. സുപ്രീംകോടതി ആ വാദം ശരിവെക്കുകയാണ് ചെയ്തത്. അതാണ് ഭരണഘടനയുടെ ആദ്യത്തെ ഭേദഗതിക്ക് വഴിവെച്ചതും അനുച്ഛേദം 15(4) നിലവില്‍ വരാന്‍ കാരണമായതും. എല്ലാവര്‍ക്കും അവസരസമത്വം വിഭാവനം ചെയ്യുന്ന അനുച്ഛേദം 16-ല്‍ 16(4) ആയി സംവരണതത്ത്വം ഉള്‍ച്ചേര്‍ന്നിരുന്നു എങ്കിലും മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ ഇല്ലാതാക്കാന്‍ ലക്ഷ്യം വെയ്ക്കുന്ന അനുച്ഛേദം 15-ല്‍ 16(4)-ല്‍ സമാനമായ വ്യവസ്ഥ ഇല്ലായിരുന്നു. സ്വാഭാവികമായും സംവരണത്തിന്റെ തുടര്‍ന്നുള്ള നിലനില്‍പ്പിനും സംരക്ഷണത്തിനും ഭരണഘടനാ ഭേദഗതി അനിവാര്യമാവുകയും 16(4)-ല്‍ സമാനമായ വ്യവസ്ഥ 15(4) ആയി ഉള്‍പ്പെടുത്തുകയും ചെയ്തു. ഡോ. അംബേദ്കര്‍ തന്നെയായിരുന്നു അന്നു നിയമമന്ത്രി.

കെഎം മുന്‍ഷി

അധര്‍മ്മര്‍ക്കിടയിലെ തുല്യത
തുടര്‍ന്നു സംവരണവുമായി ബന്ധപ്പെട്ടു വന്ന രണ്ട് സുപ്രധാന വിധിന്യായങ്ങളാണ് State of Kerala V N.M. Thomas എന്ന കേസും ഇന്ദിരാ സാഹിനി കേസും. കേരള സംസ്ഥാനത്തിലെ സര്‍ക്കാര്‍ തൊഴിലുകളില്‍ ഉദ്യോഗക്കയറ്റത്തിന് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് താല്‍ക്കാലിക മുന്‍ഗണന നല്‍കുവാനുള്ള Kerala State Subordinate Service Rules വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു എന്‍.എം. തോമസ് കേസ്. കേരള സര്‍ക്കാരിനു കീഴിലെ എല്‍.ഡി. ക്ലര്‍ക്ക് ആയിരുന്ന തോമസ് സംസ്ഥാനത്തിന്റെ ഉദ്യോഗക്കയറ്റത്തിനുള്ള നയം ഭരണഘടനയുടെ അനുച്ഛേദം 14-നും 15-നും വിരുദ്ധമാണ് എന്നു വാദിക്കുകയായിരുന്നു. പ്രസ്തുത കേസില്‍ ഭൂരിപക്ഷ വിധിന്യായത്തെ പിന്തുണച്ചുകൊണ്ട് എഴുതിയ ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞത് ''തുല്യത തുല്യര്‍ക്കിടയിലാണ്. അനുച്ഛേദം 14 ഉറപ്പുവരുത്തുന്ന തുല്യത വ്യക്തികള്‍ക്കിടയിലുള്ള തുല്യതയില്ല; അതിനെ മനസ്സിലാക്കേണ്ടത് തുല്യനിലയില്‍ നില്‍ക്കുന്ന ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രയോഗിക്കുന്നതായാണ്.'' പ്രസ്തുത വിധിന്യായത്തില്‍ ആര്‍. കൃഷ്ണയ്യര്‍ ഈ ലേഖനത്തിന്റെ തുടക്കത്തില്‍ എടുത്തു ചേര്‍ത്തിട്ടുള്ള ഡോ. അംബേദ്കറിന്റെ പ്രസംഗഭാഗങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. അതോടൊപ്പം ഇന്ത്യാ ചരിത്രത്തിലെ ജാതിയുടേയും അടിച്ചമര്‍ത്തലിന്റേയും വിവരങ്ങളും വിശദീകരണങ്ങളും വിലയിരുത്തലുകളും കൂടി തന്റെ വാദങ്ങള്‍ ഉറപ്പിക്കുന്നതിനായി കൃഷ്ണയ്യര്‍ നിരത്തുന്നുണ്ട്.

എച്ച്എന്‍ കന്‍സ്രു


1979-ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാര്‍ട്ടി ഗവണ്‍മെന്റ് ''സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ'' തിരിച്ചറിയുന്നതിനായ ഒരു കമ്മിഷനെ നിയോഗിച്ചു. പാര്‍ലമെന്റ് അംഗമായിരുന്ന ബിന്ദേശ്വരി പ്രസാദ് മണ്ഡല്‍ എന്ന ബി.പി. മണ്ഡല്‍ ആയിരുന്നു ഈ കമ്മിഷന്റെ അദ്ധ്യക്ഷന്‍. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ഘടകങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ടാണ് മണ്ഡല്‍ കമ്മിഷന്‍ നല്‍കിയത്. മണ്ഡല്‍ കമ്മിഷന്റെ സെക്രട്ടറിയായിരുന്ന എസ്.എസ്. ഗില്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന സെയില്‍ സിംഗിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം ബി.പി. മണ്ഡല്‍ പറഞ്ഞ വാചകങ്ങള്‍ എഴുതിയിട്ടുണ്ട്. ''ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് നമ്മള്‍ ഒരുപാട് അദ്ധ്വാനിച്ചിട്ടുണ്ട്. എന്നാല്‍, ഞാന്‍ നിങ്ങളോട് പറയട്ടെ, ഇന്നു നടന്നത് അതിന്റെ വെള്ളത്തില്‍ ഒഴുക്കിക്കളയല്‍ (visarjn) ചടങ്ങാണ്.'' അദ്ദേഹം പറഞ്ഞതുപോലതന്നെ 1990-ല്‍ വി.പി. സിംഗ് പൊടിതട്ടി എടുക്കുന്നതുവരെ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് 10 വര്‍ഷത്തോളം അനക്കമറ്റു കിടന്നു. കേവലം സംവരണം മാത്രം കൈകാര്യം ചെയ്യുന്ന റിപ്പോര്‍ട്ട് ആയിരുന്നില്ല അത്. ഇന്ത്യയിലെ ഭൂവുടമ വിതരണ സമ്പ്രദായത്തില്‍, വ്യവസായ ബന്ധങ്ങളില്‍, പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉയര്‍ച്ചയ്ക്കുവേണ്ടിയുള്ള ഘടനാപരമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള വിശദവും സമഗ്രവുമായ റിപ്പോര്‍ട്ടായിരുന്നു അത്. എന്നാല്‍ വി.പി. സിംഗ് അതിനെയെല്ലാം അവഗണിക്കുകയും റിപ്പോര്‍ട്ടില്‍നിന്നു സംവരണത്തെ മാത്രം തെരഞ്ഞെടുക്കുകയും ചെയ്തു.

1990 ആഗസ്റ്റ് എഴിന് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ഗവണ്‍മെന്റ് സര്‍വ്വീസില്‍ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് (other backward classes OBCs) 27 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ ഗവണ്‍മെന്റ് അംഗീകരിച്ചതായി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിനു പിന്നാലെ ഡല്‍ഹിയില്‍ പ്രതിഷേധങ്ങളും പടര്‍ന്നു. രാജീവ് ഗോസ്വാമി എന്ന ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സ്വയം തീ കൊളുത്തി 50 ശതമാനത്തോളം പൊള്ളലേറ്റു. ഉത്തരേന്ത്യയില്‍ സംവരണവിരുദ്ധ മണ്ഡല്‍ വിരുദ്ധ സമരം ആളിപ്പടര്‍ന്നപ്പോള്‍ ദക്ഷിണേന്ത്യയെ സമരം കാര്യമായി ബാധിച്ചില്ല. വി.പി. സിംഗ് ഗവണ്‍മെന്റിനു നല്‍കിവന്ന പുറത്തുനിന്നുള്ള പിന്തുണ ബി.ജെ.പി പിന്‍വലിക്കുകയും വി.പി. സിംഗ് മന്ത്രിസഭ നിലംപതിക്കുകയും ചെയ്തു.

ഇന്ദിരാ സാഹ്നി എന്ന ഡല്‍ഹിയിലെ യുവ അഭിഭാഷക മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെതിരെ സുപ്രീംകോടതയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. 1992 നവംബര്‍ 16-ന് ഒന്‍പതംഗ ബഞ്ചിന്റെ നിര്‍ണ്ണായകമായ വിധിന്യായം പുറത്തുവന്നു. ഇന്ദിരാ സാഹ്നി കേസില്‍ സുപ്രീംകോടതി മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്ന ഒരു വര്‍ഗ്ഗീകരണത്തേയും അവരുടെ 27 ശതമാനം സംവരണത്തേയും അംഗീകരിച്ചു. പിന്നോക്കാവസ്ഥ നിശ്ചയിക്കുന്നതില്‍ ജാതി ഒരു ഘടകമാണെന്നും സുപ്രീംകോടതി അംഗീകരിച്ചു. 'ക്രീമിലെയര്‍' എന്ന പുതിയൊരു സങ്കല്‍പ്പത്തെ പരിചയപ്പെടുത്തി എന്നതും സംവരണത്തിന് 50 ശതമാനം എന്ന പരിധി നിശ്ചയിച്ചു എന്ന പ്രത്യേകതകളും കൂടി ഇന്ദിരാ സാഹ്നി കേസിനുണ്ട്.

ബിപി മണ്ഡല്‍


സംവരണത്തില്‍ സാമ്പത്തിക യുക്തി ആദ്യം കൊണ്ടുവരുന്നത് ഇന്ദിരാ സാഹ്നി കേസിലാണ്. സാമ്പത്തികമായി ഏറെ മുന്നോക്കം നില്‍ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ ആളുകള്‍ സംവരണം അവകാശപ്പെടാന്‍ പാടില്ല എന്ന് സുപ്രീംകോടതി പറഞ്ഞു. ദാരിദ്ര്യം എന്ന മാനകം കൂടി സംവരണചിന്തയില്‍ ഉള്‍ച്ചേര്‍ത്തു. ബഞ്ചില്‍ ഉണ്ടായിരുന്ന ജസ്റ്റിസ് കൊച്ചുതൊമ്മന്‍ എഴുതി: ''വിവേചനത്തിന്റേയും അസമത്വത്തിന്റേയും കാരണം എന്ത് എന്നതല്ല വിഷയം, ചോദ്യം ആ അസമത്വവും അനീതിയും ദാരിദ്ര്യവും പിന്നോക്കാവസ്ഥയും സൃഷ്ടിച്ചോ എന്നതാണ്.''

ഇന്ത്യയിലെ സവിശേഷമായ അസമത്വത്തിന്റെ സാഹചര്യത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ നിയമങ്ങളിലൂടെയും നയരൂപീകരണങ്ങളിലൂടെയും സംരക്ഷിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുകയും ചെയ്യുക എന്നതാണ് ഭരണഘടന വിഭാവനം ചെയ്ത തത്ത്വം. പക്ഷേ, മറ്റൊരു ഭരണഘടനാ തത്ത്വത്തിനും നേരിടേണ്ടിവന്നിട്ടില്ലാത്ത ശക്തമായ എതിര്‍പ്പ് സംവരണം നേരിടുന്നു എന്നതുതന്നെ ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള അംബേദ്കര്‍ വിശേഷിപ്പിച്ച 'ശ്രേണീകൃത അസമത്വത്തിന്റെ' തെളിവാണ്. പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംവരണം പരിമിതമായേ ഇടപെടുന്നുള്ളൂ; സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ പിന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരില്‍ മാത്രമായി ഒതുങ്ങുകയും അവര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടി കൂടുതല്‍ ഉയര്‍ന്നുപോവുകയും ചെയ്യുന്നു. സംവരണത്തിന്റെ അടിസ്ഥാനം ജാതിയാകരുത്, സാമ്പത്തിക ഘടകങ്ങളാകണം. സംവരണം ഭരണതലത്തില്‍ ജോലികളില്‍ കഴിവില്ലായ്മയെ വളര്‍ത്തുന്നു എന്നിങ്ങനെ പോകും വിമര്‍ശനങ്ങള്‍. നാനി പാല്‍ക്കിവാല, എച്ച്.എം. സീര്വായ് എന്നിവരെപ്പോലുള്ള നിയമപണ്ഡിതര്‍ സംവരണത്തിന്റെ ശക്തമായ വിമര്‍ശകരായിരുന്നു.

സാമൂഹികമായ വിവേചനത്തിനും ഒഴിവാക്കലിനും (exclusion) എതിരായാണ് സംവരണം സങ്കല്‍പ്പിച്ചിട്ടുള്ളത്. സാമൂഹികമായ വിവേചനവും ഒഴിവാക്കലും വൈയക്തികമല്ല, ഒരു സാമൂഹിക വിഭാഗത്തിന് ഒന്നാകെയാണ്. സാമൂഹിക വിഭാഗത്തിന്റെ സ്വത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വേര്‍തിരിവും വിവേചനവും. ആ വിഭാഗത്തിലെ ഏതെങ്കിലും വ്യക്തിയുടെ സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതി ആ ഗ്രൂപ്പിന് ആകെ സമൂഹത്തില്‍ മാന്യസ്ഥാനം നല്‍കുന്നുമില്ല. ആ വ്യക്തിയുടെ സാമൂഹിക വിവേചനത്തേയോ വേര്‍പിരിയലിനേയോ ഇല്ലാതാക്കുന്നുമില്ല. അതുകൊണ്ട് ജാതിക്കു പകരം സാമ്പത്തിക മാനദണ്ഡം സംവരണത്തിനു കൊണ്ടുവരിക എന്നത് സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കുതന്നെ വിരുദ്ധമാണ്.

ഇനി ജാതി മാത്രമാണോ സംവരണത്തിന്റെ മാനദണ്ഡം? അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അനുച്ഛേദം 16(4)-ല്‍ പട്ടികജാതി/പട്ടിക വര്‍ഗ്ഗങ്ങള്‍ എന്ന് ഉപയോഗിക്കുന്നതിനു പകരം പിന്നോക്കം നില്‍ക്കുന്ന വിഭാഗം (backward class) എന്ന് ഉപയോഗിച്ചു? ഇന്ദിരാ സാഹ്നി കേസ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ് 1995-ല്‍ 77-ാം ഭരണഘടനാ ഭേദഗതിയിലൂടെ 16(4എ) വഴി പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ എന്നു കൂടി കടന്നുവന്നത്. നേരത്തെ കണ്ടതുപോലെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ത്തന്നെ പിന്നോക്ക വിഭാഗങ്ങള്‍ എന്നതിനു പകരം പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ എന്നുതന്നെ ഉപയോഗിക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടും അത് അംഗീകരിക്കപ്പെട്ടിരുന്നില്ലല്ലോ. ഇനി ജാതിയാണ് സംവരണത്തിന്റെ ഏക മാനദണ്ഡമെങ്കില്‍ മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് എന്തു സംഭവിക്കും? മതം മാറുന്നതുകൊണ്ട് സാമൂഹികമായ വിവേചനവും ഒഴിവാക്കലും ഇല്ലാതാകുന്നില്ലല്ലോ.


പിന്നോക്ക വിഭാഗങ്ങള്‍ എന്നതിനെ നിര്‍വ്വചിക്കാത്തതുപോലെ തന്നെ ഭരണഘടനയില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗങ്ങളേയും നിര്‍വ്വചിക്കുന്നില്ല. എന്താണ് ഭരണഘടന അനുസരിച്ച് പട്ടികജാതി പട്ടികവര്‍ഗ്ഗം? അനുച്ഛേദം 341-ല്‍ പട്ടികജാതികളേയും 342-ല്‍ പട്ടികവര്‍ഗ്ഗങ്ങളേയും നിര്‍വ്വചിച്ചിരിക്കുന്നു. രാഷ്ട്രപതി ഒരു സംസ്ഥാനത്തിലെ ഗവര്‍ണ്ണറുമായി കൂടിയാലോചിച്ച് ഭരണഘടനയിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കുവേണ്ടി ഏതെങ്കിലും ജാതികളേയോ വംശങ്ങളേയോ വിഭാഗങ്ങളേയോ ഔദ്യോഗിക പ്രഖ്യാപനം വഴി പട്ടികജാതികളായി പ്രഖ്യാപിക്കാം. ഈ ലിസ്റ്റില്‍ പാര്‍ലമെന്റിന് വേണമെങ്കില്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ നടത്താവുന്നതാണ്. പട്ടികവര്‍ഗ്ഗം ഇതുപോലെ രാഷ്ട്രപതി പ്രഖ്യാപിക്കുന്ന വര്‍ഗ്ഗങ്ങളോ വര്‍ഗ്ഗ സമുദായങ്ങളോ ആണ്.

പട്ടികജാതി നിര്‍ണ്ണയത്തിന്റെ മാനദണ്ഡം
അങ്ങനെ ആര്‍ട്ടിക്കിള്‍ 341 പ്രകാരം പട്ടികജാതികളേയും 342 പ്രകാരം പട്ടികവര്‍ഗ്ഗങ്ങളേയും നിശ്ചയിക്കാനുള്ള അധികാരം രാഷ്ട്രപതിക്ക് നല്‍കുന്നു. അതുപ്രകാരം 1950-ല്‍ രാഷ്ട്രപതി പട്ടികജാതി ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഇന്ത്യ മുഴുവന്‍ ചില ജാതികളെ പട്ടിക ജാതികളായി അംഗീകരിച്ചു. ഇതേ ഉത്തരവില്‍ പറയുന്ന പ്രധാന കാര്യം ഹിന്ദുമതത്തില്‍നിന്നും വ്യത്യസ്തമായ ഒരു മതത്തില്‍ വിശ്വസിക്കുന്ന ഒരാളെ പട്ടികജാതിയായി കണക്കാക്കാനാവില്ല എന്നതാണ്. 1956-ല്‍ ഈ ഉത്തരവില്‍ ഭേദഗതിയിലൂടെ സിഖ് മതത്തേയും 1990-ലെ ഭേദഗതിയിലൂടെ ബുദ്ധമതത്തേയും കൂടി ഇതിന്റെ പരിധിയില്‍ കൊണ്ടുവന്നു. ഈ ഉത്തരവുകള്‍ പ്രകാരം പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ ആകണമെങ്കില്‍ ആദ്യം ഹിന്ദു/സിഖ്/ബുദ്ധ മതത്തില്‍ ഉള്‍പ്പെടണം. എന്നാല്‍, രാഷ്ട്രപതിയുടെ ഉത്തരവിന്റെ ഉറവിടമായ 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിലോ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ (ഷെഡ്യൂള്‍ഡ് കാസ്റ്റ്സ്) ഓര്‍ഡര്‍ 1936-ലോ ഈ ഒരു ഘടകം ഉള്‍ച്ചേര്‍ന്നിരുന്നില്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ അന്വേഷണം തുടങ്ങുന്നത്.

പൊതുകിണറുകള്‍, കുളങ്ങള്‍, റോഡുകള്‍, സ്‌കൂളുകള്‍ തുടങ്ങിയ പൊതു സൗകര്യങ്ങളില്‍ പ്രവേശനം ഇല്ലാത്ത, ഉപയോഗിക്കാന്‍ പറ്റാത്ത അടിച്ചമര്‍ത്തപ്പെട്ട വിഭാഗക്കാര്‍ എന്നതായിരുന്നു ബ്രിട്ടീഷ് കാലഘട്ടത്തിലെ പട്ടികജാതി നിര്‍ണ്ണയത്തിന്റെ മാനദണ്ഡം. അവര്‍ ഏത് മതത്തിന്റെ ഭാഗമാണ് എന്നത് അന്നു മാനദണ്ഡമായി സ്വീകരിച്ചിരുന്നില്ല. എന്നാല്‍, സ്വാതന്ത്ര്യത്തിനുശേഷമുള്ള ഉത്തരവില്‍ ഈ മാനദണ്ഡം അപ്രത്യക്ഷമാവുകയും പകരം മതം കടന്നുവരികയും ചെയ്തു.

ചതുര്‍ഭുജ് വിത്തന്ദാസ് ജസനിവ് മോറേശ്വര്‍ പരാംശ്രം എന്ന 1954-ലെ കേസിലാണ് സുപ്രീംകോടതി ആദ്യം മതപരിവര്‍ത്തനം സംവരണത്തെ എങ്ങനെ ബാധിക്കുന്നു എന്നു പരിശോധിക്കുന്നത്. കോടതി പറഞ്ഞത് പരിവര്‍ത്തനത്തോട് ജാതി എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് നിര്‍ണ്ണായക ഘടകം. മതപരിവര്‍ത്തനം കൊണ്ട് ജാതി പരിവര്‍ത്തിതരെ പുറന്തള്ളുകയോ ഭ്രഷ്ടാക്കുകയോ ചെയ്യുന്നുണ്ടോ? ഈ കേസില്‍ മഹര്‍ സമുദായം മതപരിവര്‍ത്തനം ചെയ്തിരുന്നതുകൊണ്ട് അയാളെ ജാതിയില്‍നിന്നു പുറന്തള്ളുകയോ എന്തെങ്കിലും വ്യത്യാസം മുന്‍പുള്ളതില്‍നിന്നും പിന്നീട് കാണിക്കുകയോ ചെയ്തിരുന്നില്ല. ജാതി നിയമങ്ങളാണ് പ്രധാനം വിശ്വാസത്തെക്കാള്‍ എന്ന നിഗമനത്തിലാണ് കോടതി എത്തിച്ചേര്‍ന്നത്.

1968-ല്‍ എസ്. രാജഗോപാല്‍ സി.എം. അറുമുഖം ആന്റ് അദേര്‍സ് എന്ന കേസില്‍ ഇതേ ചോദ്യം കോടതി മുന്‍പാകെ വീണ്ടും ഉയര്‍ന്നുവന്നു. മൈസൂര്‍ നിയമസഭയിലേക്കുള്ള 1967-ലെ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥികളായിരുന്നു ഇരുവരും. രാജഗോപാല്‍ വിജയിച്ചു. തെരഞ്ഞെടുപ്പ് കേസില്‍ അറുമുഖത്തിന്റെ വാദം 1949-ല്‍ രാജഗോപാല്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു എന്നും അതുകൊണ്ട് പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള നിയമസഭാ സീറ്റില്‍ മത്സരിക്കാനാവില്ല എന്നതായിരുന്നു. ഈ വാദം അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി. സുപ്രീംകോടതിയില്‍ രാജഗോപാലിന്റെ വാദം തെരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ ഹിന്ദുമതമാണ് പിന്തുടര്‍ന്നിരുന്നത്, അതുകൊണ്ട് ആദി ദ്രാവിഡ എന്ന പിന്നോക്ക ജാതിയില്‍/പിന്നോക്ക പട്ടികജാതിയില്‍ ഉള്‍പ്പെടും എന്നായിരുന്നു. ഒരാള്‍ മതപരിവര്‍ത്തനം ചെയ്താല്‍ അയാളുടെ ജാതി പോകുമോ? തിരിച്ച് വീണ്ടും ഹിന്ദുമതത്തിലേയ്ക്ക് വന്നാല്‍ പഴയ ജാതിയിലേക്ക് തന്നെ പോകുമോ? കാരണം, ജാതി ജനനത്തിന്റെ അടിസ്ഥാനത്തിലായിരുന്നല്ലോ തുടങ്ങിയവയായിരുന്നു സുപ്രീംകോടതി മുന്‍പാകെ ഉയര്‍ന്ന ചോദ്യങ്ങള്‍. ക്രിസ്തുമതത്തില്‍ ജാതി വിഭജനങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഹിന്ദുമതം വിട്ട് ക്രിസ്തുമതം സ്വീകരിക്കുന്ന ഒരാള്‍ക്ക് ജാതി നഷ്ടപ്പെടും എന്നു കോടതി തീര്‍പ്പുകല്‍പ്പിച്ചു. ജാതിവിഭാഗത്തിന്റെ മനോഭാവമാണ് പ്രധാന മാനദണ്ഡം എന്ന 54-ലെ നിര്‍ണ്ണായക വിലയിരുത്തല്‍ സുപ്രീംകോടതി 68-ലെത്തുമ്പോള്‍ കയ്യൊഴിയുന്നു. എന്നാല്‍ തിരിച്ചുവരുമ്പോള്‍ പഴയ ജാതിയിലേക്ക് തന്നെയാണോ തിരികെ വരുന്നത് എന്നതിനു പക്ഷേ, ഉത്തരം അസന്ദിഗ്ധമായി പറയാതെ സൂചനകള്‍ നല്‍കുക മാത്രമാണ് കോടതി ചെയ്തിരുന്നത്.

എന്നാല്‍, അസന്ദിഗ്ധമായി ഉത്തരങ്ങള്‍ നല്‍കാന്‍ സുപ്രീംകോടതിക്ക് അവസരം നല്‍കിക്കൊണ്ട് ഇതേ ആളുകള്‍ വീണ്ടും സുപ്രീംകോടതി മുന്‍പാകെ വന്നു. 1975-ല്‍ കോളാര്‍ സ്വര്‍ണ്ണഖനി എന്ന അതേ നിയമസഭാ മണ്ഡലത്തില്‍ ഇവര്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥികളായി വന്നു. എന്നാല്‍, രാജഗോപാലിന്റെ പത്രിക ആദി ദ്രാവിഡ എന്ന പട്ടികജാതിയില്‍പ്പെടുന്നില്ല എന്ന കാരണം പറഞ്ഞു ഭരണാധികാരി നിരസിച്ചു. അറുമുഖം വിജയിയായി, ഇത്തവണ ഹൈക്കോടതി രാജഗോപാലിന്റെ കൂടെനിന്നു. തെരഞ്ഞെടുപ്പ് സമയത്ത് രാജഗോപാല്‍ ആദി ദ്രാവിഡ ജാതിയില്‍പ്പെട്ടിരുന്നു എന്നും നാമനിര്‍ദ്ദേശ പത്രിക തള്ളിയത് തെറ്റായി എന്നും കണ്ടെത്തി ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കി. അറുമുഖം സുപ്രീംകോടതിയില്‍ എത്തി. സുപ്രീംകോടതി പഴയ ചോദ്യങ്ങള്‍ വീണ്ടും പരിശോധിച്ചു. പി.എന്‍. ഭഗവതി, ജെ.വി. ചന്ദ്രചൂഡ്, രഞ്ജിത് സിംഗ് സര്‍ക്കാരിയ എന്നവരായിരുന്നു ജഡ്ജിമാര്‍. ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്നാല്‍ ജാതിയിലേക്കും തിരിച്ചെത്താം എന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ജസ്റ്റിസ് ഭഗവതി പറഞ്ഞു: ''ജാതി എന്നത് ഒരു സാമൂഹിക സ്ഥാപനമാണ്. അതിന്റെ തന്നെ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ സാമൂഹിക സംഘാതമാണ് ജാതി.''

മതപരിവര്‍ത്തനവും ജാതിയും
മതപരിവര്‍ത്തനത്തിലൂടെ ഒരാളുടെ ജാതി നഷ്ടപ്പെടുമോ എന്നത് മതനിയമങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ടതല്ല. അതു തീരുമാനിക്കുന്നത് ജാതി ഘടനയാണ്. സുപ്രീംകോടതി ദക്ഷിണേന്ത്യയിലെ ഉദാഹരണങ്ങളുടെ ബലത്തില്‍ പറഞ്ഞു: ''ദക്ഷിണേന്ത്യയിലെ ചില സമുദായങ്ങളില്‍ ഹിന്ദുമതത്തില്‍നിന്നു ക്രിസ്തുമതത്തിലേക്ക് മാറിയാലും അവരുടെ ജാതി മാറുന്നില്ല.'' സ്വാഭാവികമായും ജാതി എന്നത് മതത്തിനോട് ബന്ധപ്പെട്ടതാണെങ്കിലും മതനിയമങ്ങള്‍ക്കു വിധേയമല്ല.

ജാതിയും സംവരണവും തുല്യതയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നേരിടേണ്ടിവന്ന ചോദ്യം ജാതിഘടനയാണ് ഒരാളുടെ ജാതി നിര്‍ണ്ണയിക്കുന്നത് എന്നു പറയുകയും ജന്മം ജാതി നിശ്ചയിക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തെ എങ്ങനെ പരിഹരിക്കും എന്നതായിരുന്നു?

ഗുണ്ടൂര്‍ മെഡിക്കല്‍ കോളേജ് മോഹനറാവു എന്ന കേസില്‍ സുപ്രീംകോടതി മുന്‍പാകെ ഉയര്‍ന്ന ചോദ്യം അതായിരുന്നു. മോഹന്‍ റാവുവിന്റെ മാതാപിതാക്കള്‍ പട്ടികജാതിക്കാരായിരുന്നു എങ്കിലും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. പട്ടികജാതിയുടെ ആനുകൂല്യത്തില്‍ മോഹന്‍ റാവു മെഡിക്കല്‍ സീറ്റിന് അപേക്ഷിച്ചത് നിരസിക്കപ്പെട്ടു. മോഹന്‍ റാവു മാതാപിതാക്കളുടെ തിരിച്ചുള്ള പരിവര്‍ത്തനത്തിനു വേണ്ട ചടങ്ങുകള്‍ നടത്തിയശേഷം വീണ്ടും അപേക്ഷിച്ചു എങ്കിലും ആ അപേക്ഷയും നിരസിക്കപ്പെട്ടു. പി.എന്‍. ഭഗവതിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ച് പറഞ്ഞത് ''ഒരാളെ ജാതിയിലേക്ക് തിരിച്ചെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് അതത് ജാതികളാണ്. ഒരാള്‍ ജാതിയില്‍ ജനിച്ചില്ലെങ്കിലും അയാളുടെ മാതാപിതാക്കളുടെ ജാതിയില്‍പ്പെട്ടവര്‍ അയാളെ ജാതിയിലേക്ക് സ്വീകരിക്കുന്നു എങ്കില്‍ മതപരിവര്‍ത്തനത്തിനുശേഷവും അയാള്‍ ആ ജാതിയിലെ അംഗമാകും.'' രാജഗോപാലില്‍നിന്നും അറുമുഖത്തില്‍നിന്നും തുടങ്ങിയ ജാതി അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ് യുദ്ധങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കുശേഷവും ആവര്‍ത്തിക്കുന്നതു കാണാം, വ്യക്തികളും നിയോജക മണ്ഡലങ്ങളും മാത്രം മാറുന്നു.

1983 ഡിസംബറില്‍ സുപ്രീംകോടതി മുന്‍പാകെ വന്ന രണ്ട് തെരഞ്ഞെടുപ്പ് കേസുകളിലും (അമ്പളകന്‍ v ദേവരാജനും മറ്റുള്ളവരും കൈലാസ് സോങ്കര്‍ v മായാദേവി) പട്ടിജാതികള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ മത്സരിക്കുന്നതിനുള്ള അര്‍ഹതയായിരുന്നു ചോദ്യം ചെയ്യപ്പെട്ടത്. കാരണം ഈ സ്ഥാനാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. അപ്പീലുകള്‍ തള്ളിക്കൊണ്ട് സുപ്രീംകോടതി ബഞ്ച് പറഞ്ഞത് സ്ഥാനാര്‍ത്ഥികള്‍ അവരുടെ ജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ ക്രിസ്തുമതത്തിലായിരുന്നു എങ്കിലും പിന്നീട് ഹിന്ദുക്കളാവുകയും അവരെ അതത് ജാതിസമുദായങ്ങള്‍ തങ്ങളുടെ ഭാഗമായി അംഗീകരിക്കുകയും ചെയ്തിരുന്നു എന്നാണ്. ഈ കേസില്‍ വിധിന്യായത്തില്‍ ജസ്റ്റിസ് ചിന്നപ്പ റെഡ്ഡി നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. ഹിന്ദുമതത്തിലേക്ക് പുനഃപരിവര്‍ത്തനം ചെയ്തതിനുശേഷം ജാതി തിരിച്ചുകിട്ടുമോ എന്നതിനെക്കാള്‍ പ്രസക്തി മതപരിവര്‍ത്തനത്തിനുശേഷവും ജാതി നഷ്ടപ്പെടുന്നില്ല എന്നതാണ്. കാരണം ജാതി അത്രയും രൂഢമൂലമാണ്. മതപരിവര്‍ത്തനത്തിലൂടെ ജാതിക്ക് ചെറിയ മൂടല്‍ സംഭവിക്കുന്നു. തിരിച്ച് ഹിന്ദുമതത്തിലേക്ക് വരുമ്പോള്‍ ഈ മൂടല്‍ മാറി ജാതിക്ക് കൂടുതല്‍ തെളിച്ചം കിട്ടുന്നു. ഇതായിരുന്നു നീതിന്യായ സങ്കല്‍പ്പനം (Doctrine or Eclipse).

സുപ്രീംകോടതി മുന്‍പാകെ ഉയര്‍ന്നുവന്ന അടുത്ത സുപ്രധാന ചോദ്യം അഹൈന്ദവമായ അന്തരീക്ഷത്തില്‍ എത്രകാലം എത്ര തലമുറകള്‍ ജാതി അതിജീവിക്കും എന്നതായിരുന്നു. മതപരിവര്‍ത്തനത്തിനുശേഷമുള്ള എത്ര തലമുറകള്‍ക്ക് ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം അവകാശപ്പെടാന്‍ പറ്റും?

ഹിന്ദുമതത്തിന്റെ ജാതിഘടന
2015-ല്‍ കെ.പി. മനു v ചെയര്‍മാന്‍, സ്‌ക്രൂട്ടിനി കമ്മിറ്റി എന്ന കേസില്‍ മനുവിന്റെ പുലയനായിരുന്ന മുത്തശ്ശന്‍ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. മനുവിന്റെ രക്ഷിതാക്കള്‍ ക്രിസ്ത്യാനികളായിരുന്നു എന്നു മാത്രമല്ല, മനുവിന്റെ 24-ാം വയസ്സില്‍ ഹിന്ദുമതം സ്വീകരിക്കുന്നതുവരെ അയാളും ക്രിസ്തുമതം പിന്തുടര്‍ന്നിരുന്നു. കേരള (പട്ടികജാതി/പട്ടികവര്‍ഗ്ഗ) ജാതി സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതിലെ നിയന്ത്രണ നിയമം 1996-നു കീഴില്‍ രൂപീകരിച്ച സ്‌ക്രൂട്ടിനിംഗ് കമ്മിറ്റി മുന്‍പാകെ മനുവിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ചോദ്യം ചെയ്യപ്പെട്ടു. സ്‌ക്രൂട്ടിനിംഗ് കമ്മിറ്റി 2006 ഫെബ്രുവരിയില്‍ മനുവിന്റ ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനത്തിന്റെ വെളിച്ചത്തില്‍ സംവരണത്തിലൂടെ നേടിയ മലബാര്‍ സിമന്റ്സിലെ ജോലിയില്‍നിന്നും മനുവിനെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഇതായിരുന്നു കേസിന്റെ അടിസ്ഥാനം. ജസ്റ്റിസ് ദീപക് മിശ്രയുടേയും ഗോപാല ഗൗഡയുടേയും മുന്‍പിലാണ് 2015-ല്‍ ഈ കേസ് പരിഗണനയ്ക്ക് വന്നത്. രണ്ടു തലമുറകള്‍ക്കുശേഷവും ജാതി പിന്തുടരാന്‍ പറ്റുമോ എന്നതായിരുന്നു ചോദ്യം. സുപ്രീംകോടതി പറഞ്ഞത് ഒരാള്‍ക്ക് തന്റെ രക്ഷിതാക്കളുടെ ജാതി അവകാശപ്പെടാം എങ്കില്‍ തീര്‍ച്ചയായും അതിനു മുന്‍പുള്ള തലമുറയുടെ ജാതിയും അവകാശപ്പെടാം എന്നതായിരുന്നു. മൂന്ന് നിബന്ധനകളാണ് സുപ്രീംകോടതി പറഞ്ഞത്. ഒന്ന്: ഹിന്ദുവാകണം. രണ്ട്: ജാതി സമുദായം അയാളെ അംഗീകരിച്ചിരിക്കണം. മൂന്ന്: പരിവര്‍ത്തനത്തിനു മുന്‍പുള്ളവര്‍ പിന്നോക്ക പട്ടികജാതിയില്‍പ്പെട്ടവരാകണം. ഈ മൂന്നു നിബന്ധനകളും മനു പാലിച്ചതുകൊണ്ട് മനുവിനു പിന്നോക്കജാതി സംവരണത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു സുപ്രീംകോടതി വിധി.

ഭരണഘടനയുടെ അനുച്ഛേദം 341, 342 അനുച്ഛേദങ്ങള്‍ക്കു കീഴില്‍ രാഷ്ട്രപതി പുറപ്പെടുവിച്ച 1950-ലെ പട്ടികജാതി പട്ടികവര്‍ഗ്ഗ ഉത്തരവുകള്‍ അനുസരിച്ച് ഹിന്ദുമതത്തിലോ പിന്നീട് ഭേദഗതികള്‍ പ്രകാരം സിഖ്, ബുദ്ധ മതങ്ങളില്‍പ്പെട്ടവര്‍ക്കു മാത്രമേ പട്ടികജാതി പട്ടികവര്‍ഗ്ഗമാകാന്‍ പറ്റൂ. സ്വാഭാവികമായും ഈ ഉത്തരവുകള്‍ (നിയമം) അനുസരിച്ച് പട്ടികജാതി പട്ടികവര്‍ഗ്ഗമാകുന്നതിന്റെ പ്രാഥമിക വ്യവസ്ഥ മതത്തിലെ അംഗത്വമാണ്. എന്നാല്‍, സുപ്രീംകോടതി വിധിന്യായങ്ങളിലൂടെ മതത്തിന്റെ നിയമങ്ങള്‍ അപ്രസക്തമാവുകയും ജാതി അംഗത്വം പ്രധാനമാവുകയും ചെയ്തു. ജാതിനിയമങ്ങളും ഘടനയും ജാതിഘടനയ്ക്കകത്തെ സ്വീകാര്യതയുമാണ് പിന്നോക്കാവസ്ഥയെ നിര്‍ണ്ണയിക്കുന്നത്. ഇവിടെ അനിവാര്യമായ ഒരു വൈരുദ്ധ്യത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നു. ജാതി എന്ന സാമൂഹിക തിന്മയേയും ജാതി ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ അടിച്ചേല്‍പ്പിച്ച ശ്രേണീകൃത അസമത്വത്തേയും അടിച്ചമര്‍ത്തല്‍, അവഗണന, ഒഴിവാക്കലുകള്‍ എന്നിവയേയും നിര്‍മ്മാര്‍ജ്ജനം ചെയ്തു നിയമത്തിന്റെ മുന്‍പിലെ തുല്യതയും അവസരസമത്വവും ഉറപ്പുവരുത്തുക എന്നതാണ് ഭരണഘടനയിലെ തുല്യത എന്ന സങ്കല്‍പ്പത്തിന്റെ കാതല്‍. ഭരണഘടനാ നിയമത്തിന്റെ മുന്‍പിലെ തുല്യതയും അവസരസമത്വവും വാഗ്ദാനം ചെയ്യുന്നതോടൊപ്പം ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നതിലെ വൈരുദ്ധ്യത്തിന്റെ പരിഹാരം നിയമത്തിന്റെ മുന്‍പിലെ തുല്യത തുല്യനിലയില്‍ നില്‍ക്കുന്നവരുടെ തുല്യതയാണ് എന്നതാണ്. നൂറ്റാണ്ടുകളിലൂടെ തുടര്‍ന്ന സാമൂഹിക വിവേചനത്തിന്റേയും അടിച്ചമര്‍ത്തലിന്റേയും ഫലമായി നിലനില്‍ക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന അസമമായ സാമൂഹിക നിലയില്‍ തുല്യത നിലവില്‍ വരണം എങ്കില്‍ പ്രതിവിവേചനം അനിവാര്യമാണ്.

പക്ഷേ, സംവരണത്തിന്റെ/പ്രതിവിവേചനത്തിനുള്ള അര്‍ഹതയുടെ അടിസ്ഥാനം എന്താണ്? സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ എന്നതില്‍നിന്നു സുപ്രീംകോടതി ക്രമമായി എത്തിച്ചേര്‍ന്നത് അത് ജാതിയാണ് എന്നതിലാണ്. പക്ഷേ, അത് നിരവധി ആന്തരിക വൈരുദ്ധ്യങ്ങള്‍ക്ക് വഴിതുറക്കുന്നു. ഒന്നു സുപ്രീംകോടതി പറഞ്ഞതുപോലെ ഒരാളുടെ പിന്നോക്കാവസ്ഥയുടെ അര്‍ഹത അയാളെ ജാതി അംഗീകരിക്കുന്നുണ്ടോ, ജാതിയിലേക്ക് ഉള്‍ച്ചേര്‍ക്കുന്നുണ്ടോ എന്നതാകുമ്പോള്‍ ഭരണഘടന ഉന്മൂലനം ചെയ്യാനുദ്ദേശിക്കുന്ന ജാതിയെ സ്ഥാപനവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. ജാതിനിയമങ്ങള്‍, ഘടനകള്‍, അതിന്റെ ശ്രേണീ ബന്ധങ്ങള്‍ ഇവയെ സുപ്രീംകോടതിയിലൂടെ നീതിന്യായ വ്യവസ്ഥ അംഗീകരിച്ച് ശാശ്വതവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. രണ്ട്: സുപ്രീംകോടതി തന്നെ പറയുന്നു, മത പരിവര്‍ത്തനം ചെയ്താലും അഹൈന്ദവമായ അന്തരീക്ഷത്തിലൂടെ തലമുറകള്‍ കടന്നുപോയാലും ജാതി പിന്നെയും അവശേഷിക്കും എന്ന്. ജെ. ചിന്നപ്പ റെഡ്ഢി നിരീക്ഷിച്ചതുപോലെ മതപരിവര്‍ത്തനം വഴി ജാതി താല്‍ക്കാലികമായി മൂടപ്പെടുകയും പുനഃപരിവര്‍ത്തനം വഴി മൂടല്‍ മാഞ്ഞ് ജാതി തെളിയുകയും ചെയ്യും എന്നാണ് സിദ്ധാന്തവല്‍ക്കരിക്കുന്നത് എങ്കില്‍ അതിന്റെ മറ്റൊരു അര്‍ത്ഥം ഒരിക്കലും തുടച്ചുനീക്കാന്‍ കഴിയാത്ത ശാശ്വത യാഥാര്‍ത്ഥ്യമാണ് ജാതി എന്ന് ഭരണഘടന തന്നെ സമ്മതിക്കുന്നു എന്നതാണ്. പ്രതിവിവേചനത്തിലൂടെ ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ തുടച്ചുനീക്കേണ്ടതാണ് ജാതി എന്നതാണ് ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യം തന്നെ. എന്നാല്‍, സുപ്രീംകോടതി എത്തിനില്‍ക്കുന്നത് ഈ ആശയത്തിന്റെ വിപരീത ദിശയിലാണ്.

സാമുദായിക സംവരണമാണ് നടപ്പിലാക്കുന്നത് എങ്കില്‍, അതിന്റെ അടിസ്ഥാനം ജാതിയാണെങ്കില്‍ ജാതി ജന്മംകൊണ്ട് സിദ്ധിക്കുന്നതാവണം. മാത്രവുമല്ല, അതിന്റെ ഉത്ഭവം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിലേതെങ്കിലും ആവുകയും വേണം. മറ്റു മതങ്ങളില്‍ ജാതിയില്ലല്ലോ. ഇതിന്റെ അപകടം ഹിന്ദുത്വത്തിന്റെ ഘര്‍വാപസിക്ക് അത് താത്ത്വിക ന്യായീകരണവും പ്രായോഗിക ഊര്‍ജ്ജവും നല്‍കും എന്നതാണ്. ഇതിനെ മറികടക്കാനായി മതം മാറിയാലും ജാതി പോവില്ല എന്ന സങ്കല്‍പ്പനത്തിലേക്ക് എത്തുമ്പോള്‍ ഒരിക്കലും പരിഹരിക്കാന്‍ കഴിയാതെ മൂര്‍ത്ത യാഥാര്‍ത്ഥ്യമായി ജാതിയെ അംഗീകരിക്കലാവുകയും ചെയ്യും.
ഭരണഘടനാ നിര്‍മ്മാണ അസംബ്ലിയില്‍ത്തന്നെ ഡോ. അംബേദകര്‍ നിര്‍ദ്ദേശിച്ച ഇത്തരം സംവരണം സാമുദായികമല്ല, അത് പിന്നോക്കാവസ്ഥയാണ് എന്നതാണ്.

ചരിത്രത്തിലൂടെ പ്രവര്‍ത്തിച്ച സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിച്ച പിന്നോക്കാവസ്ഥ. തലമുറകള്‍ കഴിഞ്ഞാലും മായ്ക്കാന്‍ പറ്റാത്ത അടിച്ചമര്‍ത്തല്‍, പിന്തള്ളല്‍, അവഗണന, അതിന്റെ ഒരു പ്രധാന കാരണം ജാതിയാണ് സംശയമില്ല. പക്ഷേ, ജാതി എന്ന ഒറ്റ കാരണമല്ല പ്രതിവിവേചനത്തിനുള്ള അര്‍ഹതയ്ക്ക് ആധാരം. സംവരണത്തെ ജാതിയിലേക്ക് ചുരുക്കുമ്പോഴാണ് അര്‍ഹതയില്ലാത്ത വിഭാഗങ്ങളും പട്ടികജാതി/പട്ടികവര്‍ഗ്ഗ ഗണത്തില്‍ കയറിപ്പറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായി രാഷ്ട്രപതി ഉത്തരവിലൂടെ അനര്‍ഹമായ ഒരു വിഭാഗത്തെ പട്ടികജാതി/പട്ടികവര്‍ഗ്ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ സ്വാഭാവികമായും അവര്‍ സംവരണാര്‍ഹരാകും. ഇത് സംവരണത്തെ അകമേ തുരക്കുന്ന മറ്റൊരു ഭീഷണിയാണ്.

ഈ വൈരുദ്ധ്യങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ഉള്ള അന്തിമവും ശാശ്വതവുമായ പരിഹാരം സംവരണത്തിന്റെ അടിസ്ഥാന തത്ത്വത്തെ വീണ്ടെടുക്കുക എന്നതാണ്. അത് ഭരണതലത്തിലും അധികാരത്തിലും പിന്നോക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുകയാണ്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ മൂലം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ സമൂഹത്തിന്റെ ഭരണത്തിന്റെ, ഉദ്യോഗതലത്തില്‍ മതിയായ പ്രാതിനിധ്യം വഴി മുഖ്യധാരയില്‍ എത്തിക്കുക. അതുവഴി നിരന്തരവും അവിരാമവുമായ തുല്യതയ്ക്കുവേണ്ടിയുള്ള പരിശ്രമത്തിലൂടെ സാമൂഹിക ജനാധിപത്യത്തെത്തന്നെ കണ്ടെടുക്കുക. സംവരണത്തിന്റെ അടിത്തറ ഉറപ്പിക്കേണ്ടത് അവിടെയാണ്. ജാതിയെ ശാശ്വതവല്‍ക്കരിക്കരുത്. സംവരണത്തില്‍ സാമ്പത്തിക യുക്തിയേയും ഒളിച്ചുകടത്തരുത്.