'ആദിവാസി ഇനി നൃത്തം ചെയ്യില്ല'

ഝാര്‍ഖണ്ഡിലെ സന്താള്‍ ആദിവാസി ജീവിതം ചിത്രീകരിക്കുന്ന കഥകള്‍. ഡോ. ഹാന്‍സ്ദ സോവേന്ദ്ര ശേഖറിന്റെ 'ദ ആദിവാസി വില്‍ നോട്ട് ഡാന്‍സ്' എന്ന കഥാസമാഹാരത്തെക്കുറിച്ച് 
ഹാന്‍സ്ദ സൊവേന്ദ്ര ശേഖര്‍
ഹാന്‍സ്ദ സൊവേന്ദ്ര ശേഖര്‍

''മസ്‌കാരം, രാഷ്ട്രപതി ബാബു, ഞങ്ങളുടെ ഈ സന്താള്‍ പര്‍ഗാനയില്‍ അങ്ങ് ആഗതനായതിലും പാട്ടുകള്‍ പാടി, നൃത്തം ചെയ്ത് അങ്ങയെ വരവേല്‍ക്കുന്നതിന് ആവശ്യപ്പെട്ടതിലും ഞങ്ങള്‍ സന്താളുകള്‍ക്ക് വളരെയേറെ സന്തോഷവും അഭിമാനവുമുണ്ട്. ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ പാട്ടു പാടി നൃത്തം ചെയ്യാം. പക്ഷേ, ഇതൊന്ന് പറയൂ. ഞങ്ങള്‍ക്ക് പാടുന്നതിനും നൃത്തം ചെയ്യുന്നതിനും എന്തെങ്കിലും കാരണമുണ്ടോ? സന്തുഷ്ടരായിരിക്കാന്‍ ഞങ്ങള്‍ക്കവകാശമുണ്ടോ? അങ്ങിപ്പോള്‍ ഈ പവര്‍ പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. പക്ഷേ, അത് ഞങ്ങളുടെ അന്ത്യമായിരിക്കും. എല്ലാ ആദിവാസികളുടേയും അന്ത്യം. അങ്ങയുടെ സമീപത്ത് ഉപവിഷ്ടരായിരിക്കുന്നവര്‍, ഈ പവര്‍ പ്ലാന്റ് ആദിവാസികളുടെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് അങ്ങയെ ധരിപ്പിച്ചിരിക്കും. പക്ഷേ, ഇതേ ആളുകള്‍ തന്നെയാണ് ഞങ്ങളെ സ്വന്തം കുടിലുകളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നും പുറത്തു ചാടിക്കുന്നത്. ഞങ്ങള്‍ക്ക് എവിടെയും പോകാനില്ല. കൃഷി ചെയ്യാന്‍ ഒരു തുണ്ട് ഭൂമി പോലുമില്ല. അപ്പോള്‍ എങ്ങനെയാണ് ഈ പവര്‍ പ്ലാന്റ് ഞങ്ങള്‍ക്ക് നന്മ കൊണ്ടുവരിക? ഞങ്ങള്‍ ആദിവാസികള്‍ എങ്ങനെ സന്തോഷത്തോടെ പാട്ടു പാടി നൃത്തം ചെയ്യും? ഞങ്ങളുടെ കുടിലുകളും ഭൂമിയും തിരിച്ചുകിട്ടുംവരെ ഞങ്ങളിനി പാട്ടു പാടില്ല, നൃത്തം ചെയ്യില്ല - ഞങ്ങള്‍ ആദിവാസികള്‍ ഇനി നൃത്തം ചെയ്യില്ല. ഞങ്ങള്‍ ആദിവാസികള്‍ ഇനി...''
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 'യുവ പുരസ്‌കാര്‍ നേടിയ ഡോ. ഹാന്‍സ്ദ സോവേന്ദ്ര ശേഖറിന്റെ 'ദ ആദിവാസി വില്‍ നോട്ട് ഡാന്‍സ്' എന്ന കഥാസമാഹാരത്തിലെ അതേ പേരിലുള്ള ചെറുകഥയുടെ അവസാന വരികളാണ് മുകളില്‍ ഉദ്ധരിച്ചത്. ഇന്ത്യയില്‍ ഏറ്റവുമധികം ആദിവാസി ഗോത്രങ്ങള്‍ അധിവസിക്കുന്ന സംസ്ഥാനമാണ് ഝാര്‍ഖണ്ഡ്. കല്‍ക്കരി, ഇരുമ്പയിര്‍, മാര്‍ബിള്‍, ഗ്രാനൈറ്റ് തുടങ്ങിയവയാല്‍ സമ്പുഷ്ടമായ സംസ്ഥാനം. ഝാര്‍ഖണ്ഡ് എന്ന സംസ്ഥാനം രൂപീകരിച്ചതുതന്നെ ആദിവാസികള്‍ക്കായാണ്. ഈ ആദിവാസി ഗോത്രങ്ങളില്‍ ഏറെയും സന്താളുകളാണ്. അവരുടെ പ്രതിഷേധ സ്വരമാണ് 'ദ ആദിവാസി വില്‍ നോട്ട് ഡാന്‍സ്' എന്ന കഥാസമാഹാരത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. 

ദളിത് സാഹിത്യത്തിന് ഇന്ത്യന്‍ ഭാഷകളില്‍ മുഖ്യധാരാ സാഹിത്യത്തിന്റെ അത്രതന്നെ പ്രാധാന്യം നല്‍കിവരുന്നുണ്ട്. എന്നാല്‍ ആദിവാസി സാഹിത്യം പ്രാദേശികമായി ഒതുങ്ങിക്കിടക്കുകയാണ്. ഈയൊരവസ്ഥ മാറ്റിയെടുക്കാനാണ് സോവേന്ദ്ര ശേഖറിനെപ്പോലുള്ള എഴുത്തുകാര്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തന്റെ ആദ്യകഥ സാഹിത്യ അക്കാദമി ദൈ്വമാസിക 'ഇന്ത്യന്‍ ലിറ്ററേച്ചറി'ന് അയച്ചുകൊടുത്തപ്പോള്‍, കഥ സന്താളി ഭാഷയില്‍നിന്ന് വിവര്‍ത്തനം ചെയ്തതാണോ എന്ന് പത്രാധിപസമിതിയിലെ ഒരംഗം വിളിച്ചു ചോദിച്ചത് ശേഖര്‍ ഒരഭിമുഖത്തില്‍ അനുസ്മരിക്കുന്നുണ്ട്. സന്താള്‍ വംശജനായ തന്റെ സ്വത്വം അംഗീകരിക്കപ്പെട്ടതായാണത്രെ അദ്ദേഹത്തിന് തോന്നിയത്. 

സന്താള്‍ പര്‍ഗാനയിലെ പക്കൂറില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന സോവേന്ദ്ര ശേഖര്‍ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളില്‍ ഒരാളാണ്. ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള 'നവംബര്‍ ഈസ് ദ മന്ത് ഓഫ് മൈഗ്രേഷന്‍' എന്ന കഥയുടെ പേരില്‍ സമാഹാരം ഝാര്‍ഖണ്ഡ് സംസ്ഥാനത്ത് നിരോധിക്കുകയും ശേഖറിനെ സര്‍വ്വീസില്‍നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതിന്റെ പേരിലായിരുന്നു നിരോധനം. ''എതിര്‍പ്പുകള്‍ എന്നെ കൂടുതല്‍ ഊര്‍ജ്ജസ്വലനാക്കിയിട്ടേയുള്ളൂ. സസ്പെന്‍ഷന്‍ പിന്‍വലിക്കപ്പെടുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.'' കൊച്ചി ബോള്‍ഗാട്ടിയില്‍ ഈ വര്‍ഷം നടന്ന സാഹിത്യോത്സവത്തിലെ ഒരു സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുസ്വഭാവങ്ങളിലൊന്നാണ് കീഴാള വിരുദ്ധ മനോഭാവം. ഏഴ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ച 'ജനാധിപത്യ' ഭരണകൂടങ്ങളില്‍നിന്ന് ആദിവാസികള്‍ക്ക് അവരര്‍ഹിക്കുന്ന നീതി കിട്ടിയിട്ടില്ല എന്നത് സത്യമാണ്. ഈ സത്യമാണ് സോവേന്ദ്ര ശേഖര്‍ തന്റെ കഥകളിലൂടെ വിളിച്ചുപറയുന്നത്. 


പത്തു കഥകളടങ്ങിയ ഈ സമാഹാരത്തിലെ പാതിയിലേറെയും കഥകള്‍ സ്ത്രീകേന്ദ്രീകൃതങ്ങളോ സ്ത്രീകളുടെ വീക്ഷണകോണിലൂടെ എഴുതപ്പെട്ടവയോ ആണ്. സന്താളി സ്ത്രീകളുടെ സ്വന്തം ഭാഷയാണ് ശേഖര്‍ തന്റെ രചനകള്‍ക്കായി സ്വീകരിച്ചിരിക്കുന്നത്. ദിക്കു, കിര്‍സ്ത്യന്‍, ജോഹര്‍ തുടങ്ങിയ പദങ്ങള്‍ കഥകളിലുടനീളം കാണാം. ഝാര്‍ഖണ്ഡ് സംസ്‌കാരത്തിന്റേയും ആദിവാസികളുടെ ജീവിതത്തിന്റേയും വ്യക്തമായ ഒരു ചിത്രമാണ് ശേഖര്‍ തന്റെ കഥകളിലൂടെ വരച്ചിട്ടിരിക്കുന്നത്. 

പ്രതിഷേധത്തിന്റെ മുടക്കങ്ങള്‍ 
ഈ ചെറുകഥാ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥ 'ആദിവാസി വില്‍ നോട്ട് ഡാന്‍സ്' എന്ന കഥ തന്നെയാണ്. ഭരണകൂടത്തിന്റേയും പൊലീസിന്റേയും ഭൂമാഫിയയുടേയും മുഖത്ത് ആഞ്ഞടിക്കുന്ന രചനയാണിത്. ഇരകളാക്കപ്പെടുന്ന വലിയൊരു സമൂഹത്തിന്റെ പ്രതിഷേധമാണ് മംഗള്‍ മുര്‍മു എന്ന സംഗീത കലാകാരന്റെ നീണ്ട ആത്മാലാപനത്തില്‍ മുഴങ്ങി കേള്‍ക്കുന്നത്. 
2013-ല്‍ ഝാര്‍ഖണ്ഡിലെ ഗോഡയില്‍ ജിന്‍ഡാല്‍ പവര്‍ പ്ലാന്റിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് സന്താള്‍ പര്‍ഗാനയില്‍ എത്തിയ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കെതിരെ ആദിവാസികള്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. എന്നാല്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിഷേധം അടിച്ചമര്‍ത്തപ്പെട്ടത് നേരിടുക എന്ന സ്വാഭാവിക പ്രക്രിയ തന്നെയാണ് ഇവിടെയും നടന്നത്. രാഷ്ട്രപതി മുന്‍ നിശ്ചയപ്രകാരം എത്തി തറക്കല്ലിട്ടു. പ്രതിഷേധം നടത്തിയവര്‍ ഇരകളായി അവസാനിക്കുകയും ചെയ്തു. ഈ സംഭവമാണ് തനിക്ക് 'ആദിവാസി വില്‍ നോട്ട് ഡാന്‍സ്' എന്ന കഥയെഴുതാന്‍ പ്രചോദനമായതെന്ന് ഹാന്‍സ്ദ സോവേന്ദ്ര ശേഖര്‍ പറയുന്നു. 

മംഗള്‍ മുര്‍മു പരമ്പരാഗത സംഗീതജ്ഞനാണ്. രാഷ്ട്രപതിയുടെ വരവേല്‍പ്പിന് ആദിവാസി നൃത്തം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ അയാളെയാണ് നിയോഗിച്ചത്. ഉന്നതോദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം അയാള്‍ വേണ്ട ഒരുക്കങ്ങള്‍ ചെയ്തു തുടങ്ങി. എന്നാല്‍, അയാള്‍ക്ക് നിഗൂഢമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. രാഷ്ട്രപതി ഇരിക്കുന്ന വേദിയില്‍നിന്ന് ചില സത്യങ്ങള്‍ തുറന്നു പറയുക. ഇതയാള്‍ തന്റെ നൃത്തസംഘത്തിലെ ആരെയും അറിയിച്ചിരുന്നില്ല. അറിയിച്ചാല്‍ അവര്‍ എതിര്‍ക്കുകയില്ലെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു. 
എന്നാല്‍, രാഷ്ട്രപതി സന്നിഹിതനായിരിക്കുന്ന വേദിയുടെ മുന്‍പില്‍നിന്ന് അല്‍പ്പം വാക്കുകളേ അയാള്‍ക്ക് പറയാനായുള്ളൂ. അപ്പോഴേക്കും പൊലീസും ഭൂപ്രഭുക്കളുമടങ്ങിയ സംഘം അയാളേയും കൂട്ടുകാരേയും പിടികൂടി പീഡനകേന്ദ്രത്തിലെത്തിച്ചിരുന്നു. തളര്‍ന്നവശനായ മംഗള്‍ മുര്‍മു ഈ ചരിത്രം മുഴുവന്‍ മറ്റൊരാളോട് (ഒരുപക്ഷേ, അയാളൊരു പത്രപ്രവര്‍ത്തകനാകാം) പറയുന്ന രീതിയിലാണ് കഥയുടെ ഘടന. ആദിവാസികള്‍ ചൂഷണം ചെയ്യപ്പെടുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ മുര്‍മു തന്റെ ആത്മാലാപനത്തില്‍ വിവരിക്കുന്നുണ്ട്. ആദിവാസികളുടെ ഭൂമി ഏറ്റെടുത്ത് വന്‍കിട പ്രൊജക്റ്റുകള്‍ നിര്‍മ്മിക്കുന്നതിന് അധികാരിവര്‍ഗ്ഗം നിരവധി ന്യായങ്ങള്‍ നിരത്തും. അവ പാവപ്പെട്ടവര്‍ക്ക് സ്ഥിരം ജോലി ലഭ്യമാക്കും എന്നതാണ് പ്രധാന ന്യായം. എന്നാല്‍, സംഭവിക്കുന്നത് നേരേ മറിച്ചാണ്. ആദിവാസികള്‍ക്ക് ജോലി ലഭിക്കുന്നില്ല എന്നു മാത്രമല്ല, സ്വന്തമായുണ്ടായിരുന്ന അല്‍പ്പം കൃഷിഭൂമി കൂടി നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ഗുണഭോക്താക്കള്‍ ഭൂമാഫിയകളും കച്ചവടക്കാരും മിഷനറിമാരും മാധ്യമങ്ങളും വന്‍കിട കോര്‍പ്പറേറ്റുകളുമാണ്. രാഷ്ട്രപതി ആഗതനായ സമയം ''ഭാരത് മാതാ കീ ജയ്'' എന്ന് ആരൊക്കെയോ വിളിച്ചുപറയുന്നതായി മംഗള്‍ മുര്‍മു ഓര്‍ക്കുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള അയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ''നഗരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും വൈദ്യുതി ലഭ്യമാക്കാന്‍ ആയിരക്കണക്കിന് പേരെ സ്വന്തം ഭൂമിയില്‍നിന്ന് പറിച്ചെറിയുന്ന രാജ്യം എത്രത്തോളം മഹത്തരമാകും. ആദിവാസിയുടെ ജോലി സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുകയെന്നതാണ്. മറ്റെന്തിനാണ് അവരെ സൃഷ്ടിച്ചിരിക്കുന്നത്? ഒരാഴ്ച മുന്‍പ് സ്വന്തം ഭൂമിയിരിക്കുന്ന സ്ഥലത്ത് ഒരു കോടീശ്വരന്റെ ഫാക്ടറിയില്‍ അടിമപ്പണിക്കായാണോ അയാള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്?''
ആര്‍ക്കും ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് മംഗള്‍ മുര്‍മുവിന്റേത്. ഝാര്‍ഖണ്ഡിലെ മാത്രം ചോദ്യമായി ഇതിനെ നമുക്ക് കാണാനാവില്ല. രാജ്യത്ത് എവിടെയെല്ലാം ആദിവാസികളുണ്ടോ അവിടെയെല്ലാം ഈ ചോദ്യം മുഴങ്ങുന്നുണ്ട്. 

മറ്റൊരവസരത്തില്‍ മംഗള്‍ മുര്‍മു പറയുന്നു: ''ഞങ്ങള്‍ കളിപ്പാവകളെപ്പോലെയാണ് - പിന്‍വശത്തുള്ള 'ഓണ്‍' ബട്ടണില്‍ ആരോ അമര്‍ത്തുന്നു. ഞങ്ങള്‍ സന്താളുകള്‍, ഞങ്ങളുടെ തമാക്കിലും തംഡക്കിലും താളം പിടിച്ചു തുടങ്ങുന്നു. ഞങ്ങളുടെ കാല്‍ക്കീഴില്‍നിന്ന് ആരൊക്കെയോ ചേര്‍ന്ന് ഭൂമി കുഴിച്ചെടുത്തു കൊണ്ടുപോകുമ്പോള്‍ ഞങ്ങള്‍ തിരിയോയില്‍ മനോഹരങ്ങളായ സംഗീതം ആലപിക്കുന്നു. പറയൂ, തെറ്റാണോ ഞാന്‍ പറയുന്നത്?''
സ്വന്തം സമുദായം നേരിടുന്ന അപചയം തുറന്നുകാട്ടാനാണ് താന്‍ എഴുതുന്നതെന്ന് സോവേന്ദ്ര ശേഖര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപജീവനത്തിന് ഡോക്ടര്‍ എന്ന നിലയിലുള്ള തന്റെ ജോലി തന്നെ മതി. ആശുപത്രി മന്ദിരത്തിന് മുന്‍പിലെ ചായക്കടയിലെ പറ്റുപടിക്കാരായ സാധാരണ ആദിവാസിയുടെ ജീവിതമാണ് തന്റെ കഥകളിലെന്നും അതിനെ രാഷ്ട്രീയവല്‍ക്കരിക്കേണ്ട യാതൊരാവശ്യവുമില്ലെന്നും ശേഖര്‍ ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് പ്രസംഗിക്കവേ സൂചിപ്പിച്ചിട്ടുണ്ട്. ഒരെഴുത്തുകാരന്‍ എന്നതിലുപരി 'നിരീക്ഷകന്‍' എന്ന വിശേഷണമാണ് തനിക്കേറെ ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശേഖറിന്റെ നിലപാട് എന്തു തന്നെയായാലും ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ 'ആദിവാസി വില്‍ നോട്ട് ഡാന്‍സ്' എന്ന കഥയിലെ രാഷ്ട്രീയം നമുക്ക് അവഗണിക്കാനാവില്ല. 

ഝാര്‍ഖണ്ഡില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കന്യാസ്ത്രീ കൊല്ലപ്പെട്ടത് മംഗള്‍ മുര്‍മു അനുസ്മരിക്കുന്നുണ്ട്. ആദിവാസികളുടെ ക്ഷേമത്തിന് അഹോരാത്രം സേവനമനുഷ്ഠിച്ചിരുന്ന അവരുടെ കൊലപാതകത്തിന് കാരണക്കാരായി അധികാരിവര്‍ഗ്ഗം കണ്ടെത്തിയത് ആദിവാസി യുവാക്കളെയാണ്. ഇതൊരിക്കലും സത്യമല്ലെന്നും ഭൂമാഫിയക്കെതിരെ പോരാടിയ അവരെ ഉന്മൂലനം ചെയ്തത് അധികാരികളും ഭൂമാഫിയയും ചേര്‍ന്നാണെന്നും മുര്‍മു പറയുന്നു. ചെറുപ്പക്കാരായ സന്താള്‍ യുവാക്കള്‍ ഇപ്പോഴും ജയിലറകള്‍ക്കുള്ളിലാണ്. സന്താള്‍ ചെറുപ്പക്കാരെ മുഴുവന്‍ നിശ്ശബ്ദരാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. 'ആദിവാസി വില്‍ നോട്ട് ഡാന്‍സ്' എന്ന സമാഹാരത്തിലെ ഏറ്റവും മികച്ച ചെറുകഥയാണ് ഇതെന്ന് നിസ്സംശയം പറയാം. 

അവര്‍ മാംസം ഭക്ഷിക്കുന്നു 
'ദെ ഈറ്റ് മീറ്റ്' എന്ന കഥ തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകമാണ് നമുക്ക് മുന്‍പില്‍ തുറന്നിടുന്നത്. മുഖ്യ കഥാപാത്രങ്ങള്‍ സന്താളുകളാണെങ്കിലും സവര്‍ണ്ണ കഥാപാത്രങ്ങളും ഈ കഥയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹാസ്യാത്മകമായി രാഷ്ട്രീയ സമസ്യകളെ അവതരിപ്പിക്കാനാണ് ഈ കഥയിലൂടെ ശ്രമിക്കുന്നത്. 

പന്‍മുനിജി എന്ന സന്താള്‍ വീട്ടമ്മയാണ് കഥയിലെ മുഖ്യ കഥാപാത്രം. ഗ്രാമീണ്‍ വിദ്യുത് നിഗമില്‍ എന്‍ജിനീയറായ ഭര്‍ത്താവിന് ഭൂവനേശ്വറില്‍നിന്ന് വഡോദരയിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ഗുജറാത്ത് അവരുടെ ജന്മദേശമായ ഝാര്‍ഖണ്ഡിലെ ഗാട്ട്സിലയില്‍നിന്ന് വളരെയകലെയാണ്. ജീവിതം ഭുവനേശ്വറില്‍ വളരെ സ്വസ്ഥമായിരുന്നു. സന്താളുകള്‍ മാംസഭുക്കുകളാണ്. എന്നാല്‍, വഡോദരയില്‍ മാംസവും മത്സ്യവുമെല്ലാം നിഷിദ്ധമാണ്. കൂടാതെ സവര്‍ണ്ണനായ റാവു എന്ന ആന്ധ്രാപ്രദേശുകാരന്റെ വീടിന്റെ മുകള്‍നിലയിലാണ് അവര്‍ക്ക് താമസസൗകര്യം ലഭിച്ചത്. ബിരാസോറനോട് താമസം തുടങ്ങിയ ഉടന്‍തന്നെ തന്റെ അടുക്കളയില്‍ മത്സ്യമാംസങ്ങള്‍ പാചകം ചെയ്യരുതെന്ന് റാവു നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ താന്‍ സന്താള്‍ പര്‍ഗാനയില്‍ നിന്നുവരുന്ന ആദിവാസിയാണെന്ന സത്യം ആരോടും വെളിപ്പെടുത്തരുതെന്നും അയാള്‍ പറഞ്ഞിരുന്നു. ഇത് ബിരാസോറനെ അല്‍പ്പം അലോസരപ്പെടുത്തി. 

മാസങ്ങള്‍ക്കകം സസ്യഭക്ഷണം അവര്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി. വഡോദരയിലെ ജീവിതം സുബഹാന്‍പുര കോളനിയിലെ താമസക്കാരിലധികവും സവര്‍ണ്ണ ഹിന്ദുക്കളാണ്. 2002-ലെ ഗോധ്ര കൂട്ടക്കൊലയെ തുടര്‍ന്ന് സംഭവങ്ങളൊക്കെ തകിടം മറിഞ്ഞു. സുവഹാന്‍പുര കോളനിയില്‍ മുഹമ്മദ് എന്ന മുസ്ലിം കുടുംബസമേതം താമസിക്കുന്നുണ്ട്. പ്രായമായ മാതാവും ഭാര്യയും മകളും ചെറുപ്പക്കാരിയായ മകന്റെ ഭാര്യയുമാണ് മറ്റ് കുടുംബാംഗങ്ങള്‍. കര്‍ഫ്യു പ്രഖ്യാപിച്ചിരുന്ന ഒരു രാത്രി ഒരു സംഘം മുഹമ്മദിന്റെ വസതിക്ക് തീ കൊളുത്തുകയും അയാളുടെ ഭാര്യയേയും മക്കളേയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പെട്ടെന്നാണ് സുബഹാന്‍പുര കോളനിയിലെ മുകള്‍നിലയിലെ സ്ത്രീകള്‍ അടുക്കളോപകരണങ്ങളുമായി അവരെ നേരിട്ടത്. ഫ്രൈയിങ് പാനുകളും ഭാരമേറിയ തേപ്പുപെട്ടികളും അക്രമികള്‍ക്ക് നേരെ പറന്നു ചെന്നു. നാല്‍പ്പതോളം വരുന്ന അക്രമിസംഘം അന്തേവാസികളെ പുലഭ്യം പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ലളിതമായ, കാര്യമാത്രപ്രസക്തമായ ആഖ്യാനമാണ് സോവേന്ദ്ര ശേഖര്‍ ഈ കഥയില്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. റാവുവിന്റെ ഭാര്യ ഭക്ഷണപ്രിയയാണ്. ആന്ധ്രയില്‍ അവര്‍ മാംസവും മറ്റെല്ലാ സസ്യേതര വിഭവങ്ങളും ഭക്ഷിച്ചിരുന്നു. എന്നാല്‍ ഗുജറാത്തിലെത്തിയതോടെ റാവു അതിനെല്ലാം വിലക്കേര്‍പ്പെടുത്തി. ഒരു ദിവസം മുട്ടയുമായി പന്‍മുനിജിയുടെ വസതിയിലെത്തിയ റാവുവിന്റെ ഭാര്യ തന്നെ മുട്ട പാകം ചെയ്യാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചു. രണ്ടുപേരും ചേര്‍ന്ന് മുട്ട പാകം ചെയ്ത് ഭക്ഷിക്കുകയും ചെയ്തു. അല്‍പ്പം ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്താണ് കഥാകൃത്ത് ഈ ഭാഗം കഥയില്‍ അവതരിപ്പിക്കുന്നത്. 
വര്‍ഗ്ഗീയ കലാപവും വംശീയ പ്രശ്‌നങ്ങളും ഭക്ഷണരീതിയുമെല്ലാം തന്നെ കഥയില്‍ കടന്നുവരുന്നുണ്ട്. പന്‍മുനിജിയുടെ ഈ സംഭാഷണ ശകലം ശ്രദ്ധിക്കുക: ''ഒഡീഷയില്‍ ഒരാള്‍ക്ക് സന്താള്‍ ആയോ ഒറിയക്കാരനായോ ബംഗാളിയായോ ജീവിക്കാം. എന്നാല്‍ ഗുജറാത്തില്‍ ഗുജറാത്തി മാത്രമായേ ജീവിക്കാന്‍ കഴിയൂ.'' 
കലാപം അവസാനിക്കുന്നതോടെ ബിറാസോറന് വീണ്ടും ഭുവനേശ്വറിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയും അവര്‍ വീണ്ടും മാംസം ഭക്ഷിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ശക്തമായ ഈ കഥയിലെ ഒളിയമ്പുകള്‍ അവ ഉദ്ദേശിക്കുന്നിടത്തുതന്നെ തറച്ചുകയറുന്നുണ്ട്. 

ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീത്വം 
പൊലീസിന്റേയും മേലാളരുടേയും ലൈംഗിക ചൂഷണത്തിന് നിരന്തരം ഇരയാക്കപ്പെടുന്നവരാണ് സന്താള്‍ യുവതികള്‍. ആദിവാസി ഗ്രാമങ്ങളില്‍ കൃഷിനാശം സംഭവിക്കുമ്പോഴും പഞ്ഞകാലാരംഭമായ നവംബറിലും ജോലി തേടി ബംഗാളിലെ ബര്‍ധമാനിലേക്ക് പോകുന്ന സന്താളുകള്‍ പക്കൂര്‍ റെയില്‍വെ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. 'നവംബര്‍ ഈസ് ദി മന്ത് ഓഫ് മൈഗ്രേഷന്‍' എന്ന ഹൃദയസ്പര്‍ശിയായ കഥ ഇത്തരം ചൂഷണങ്ങളുടെ കഥ പറയുന്നു. ഈ കഥയാണ് ഝാര്‍ഖണ്ഡില്‍ പുസ്തകം നിരോധിക്കപ്പെടാന്‍ കാരണമായത്. 
ബര്‍ധമാനിലേക്കുള്ള ട്രെയിന്‍ കാത്ത് സ്റ്റേഷനില്‍ താവളമടിച്ചിരിക്കുന്ന ആദിവാസി സ്ത്രീകളെ ഭക്ഷണവും പണവും കാണിച്ച് പ്രലോഭിപ്പിച്ച് ലൈംഗിക ചൂഷണം നടത്തുക എന്നത് പക്കൂറിലെ റെയില്‍വെ പൊലീസിന്റെ പതിവാണ്. താലമായ് എന്ന ഇരുപതുകാരി 50 രൂപയ്ക്കും രണ്ട് കഷണം റൊട്ടിക്കും വേണ്ടിയാണ് തന്നെ മാടിവിളിച്ച പൊലീസുകാരന്റെ ഇംഗിതത്തിന് വഴങ്ങുന്നത്. തന്റെ കൂട്ടത്തിലുള്ള പലരും ഈ പണി ചെയ്യുന്നതായി അവള്‍ക്കറിയാവുന്നതിനാല്‍ യാന്ത്രികമായി അവള്‍ അയാള്‍ക്ക് കീഴടങ്ങുന്നു. ഈ കഥയില്‍ സൊവേന്ദ്ര ശേഖര്‍ തികച്ചും പരുക്കനായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. നിസ്സംഗതയോടെയാണ് സ്ത്രീകള്‍ നേരിടുന്ന അപമാനത്തെ അദ്ദേഹം ചിത്രീകരിക്കുന്നത്. രതി എന്നത് സന്താള്‍ സ്ത്രീകള്‍ക്ക് ആസ്വദിക്കാനുള്ളതല്ല; ഉപജീവനമാര്‍ഗ്ഗമാണ്. അപ്പോള്‍ അതിനെ അങ്ങനെയേ ചിത്രീകരിക്കാന്‍ കഴിയൂ - അദ്ദേഹം പറയുന്നു. സത്യത്തെ വെള്ളപൂശുന്നതെന്തിന് എന്നും അദ്ദേഹം ചോദിക്കുന്നു. 
'മിയര്‍ലി എ വോര്‍' എന്ന കഥ സോന എന്ന വേശ്യക്ക് നിര്‍മല്‍ എന്ന പുരുഷനോട് തോന്നുന്ന പ്രേമത്തിന്റെ കഥയാണ്. എന്നാല്‍ അവളെക്കാള്‍ സുന്ദരിയും പ്രായം കുറഞ്ഞവളുമായ ഒരുവള്‍ വേശ്യാലയത്തില്‍ എത്തുമ്പോള്‍ നിര്‍മല്‍ അവളെ ഉപേക്ഷിച്ച് പുതിയ ഇരയെ പ്രാപിക്കുന്നു. അയാള്‍ ഒരിക്കലും തന്റെ സ്ത്രീത്വത്തെ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് സോന അപ്പോള്‍ മാത്രമാണ് മനസ്സിലാക്കുന്നത്. ഝാര്‍ഖണ്ഡിലെ ആദിവാസി യുവതികള്‍ എങ്ങനെ വേശ്യാലയങ്ങളില്‍ എത്തിപ്പെടുന്നുവെന്നും ആരാണവരെ വേശ്യാലയ ഉടമകള്‍ക്ക് എത്തിച്ചുകൊടുക്കുന്നത് എന്നും ശേഖര്‍ വ്യക്തമായിത്തന്നെ ഈ കഥയില്‍ വിവരിക്കുന്നുണ്ട്. 

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാണ് ഹന്‍സ്ദ സൊവേന്ദ്ര ശേഖറിന്റെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അവരില്‍ സന്താളുകളെ കൂടാതെ മറ്റു പലരും കടന്നുവരുന്നുണ്ട്. 
ഝാര്‍ഖണ്ഡിലെ ആദിവാസികളെക്കുറിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥമാണ് ഈ കഥാസമാഹാരം. തനിക്ക് പറയാനുള്ള സത്യങ്ങള്‍ ക്രൂരതയോടെ അവതരിപ്പിക്കാന്‍ ചെറുകഥയാണ് മികച്ച ആയുധമെന്ന് മനസ്സിലാക്കിയ ഒരെഴുത്തുകാരന്റെ രചനയാണ്. ക്രൂരസത്യങ്ങള്‍ വിളിച്ചുപറയുമ്പോള്‍ ഭാഷയെങ്ങനെ പരുഷമാക്കാമെന്നും ശേഖര്‍ നമുക്ക് കാണിച്ചുതരുന്നു. 

'ദ ആദിവാസി വില്‍ നോട്ട് ഡാന്‍സ്' എന്ന കഥാസമാഹാരത്തിലെ പത്ത് കഥകളും സന്താള്‍ ജനതയുടെ നേരെ പിടിച്ച ഒരു കണ്ണാടിയാണ്. ഇന്ത്യന്‍-ഇംഗ്ലീഷ് സാഹിത്യത്തിലെ അവഗണിക്കാനാവാത്ത ശബ്ദമാണ് ശേഖറിന്റേത്. നിരവധി ലേഖനങ്ങളും ഒരു നോവലും ഹാന്‍സ്ദ സൊവേന്ദ്ര ശേഖര്‍ രചിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com