കാരുണ്യത്തിന്റെ പൂക്കള്‍ വാടുകയില്ല

പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും പ്രചോദിപ്പിക്കുന്ന മനോവികാസമാണ് കാരുണ്യം.
കാരുണ്യത്തിന്റെ പൂക്കള്‍ വാടുകയില്ല

രസ്പരം സ്‌നേഹിക്കാനും സഹായിക്കാനും പ്രചോദിപ്പിക്കുന്ന മനോവികാസമാണ് കാരുണ്യം. മഹത്തായ ആ വികാരത്തിന്റെ ഇതിഹാസമായി വിക്ടര്‍ ഹ്യൂഗോ രചിച്ച 'പാവങ്ങള്‍' എന്ന ഗ്രന്ഥം (നാലപ്പാടന്റെ വിവര്‍ത്തനം) വായിക്കാന്‍ മറ്റു മലയാളികളെപ്പോലെ ആരബ്ധ യൗവ്വനത്തില്‍ത്തന്നെ എനിക്കും ഭാഗ്യമുണ്ടായി.
19 കൊല്ലം തണ്ടുവലി ശിക്ഷയനുഭവിച്ച്  മഞ്ഞയാത്രാനുവാദപത്രവുമായി ജിയിലില്‍നിന്നു പുറത്തുകടന്ന നിര്‍ഭാഗ്യവാനായ ഴാങ്ങ് വാല്‍ ഴാങ്ങ്, എല്ലാവരാലും ആട്ടിയകറ്റപ്പെട്ട ആ തടവുപുള്ളിക്ക് ആതിഥ്യമരുളിയ മെത്രാന്‍, മെഴുകുതിരിക്കാലുകള്‍ അതിഥിക്കു താന്‍ ദാനം ചെയ്തതാണ്, അയാള്‍ മോഷ്ടിച്ചതല്ല എന്ന് പൊലീസുകാരോടും ''നിങ്ങള്‍ മേലില്‍ പാപത്തിനടിപ്പെട്ടവനല്ല'' എന്ന് ഴാങ്ങ്വാല്‍ ഴാങ്ങിനോടും മൊഴിഞ്ഞ ഈശ്വരതുല്യനായ  ആ പുരോഹിതന്‍, ദാരിദ്ര്യവും അസമത്വവും ചുഴന്ന സ്ത്രീപുരുഷന്മാരെ പല സല്‍ക്കര്‍മ്മങ്ങളിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്ന് ഒടുവില്‍ നഗരത്തിന്റെ ഭരണാധികാരിയായി മാറിയ ഴാങ്ങ് വാല്‍ ഴാങ്ങ്, അപ്പോഴും കറുത്ത നിഴല്‍പോലെ പഴയ കുറ്റവാളിയ പിന്തുടര്‍ന്ന നീതിന്യായ നിര്‍വ്വഹണോദ്യോഗസ്ഥന്‍ ഴാവേര്‍. അയാളെ കിട്ടിയ അവസരത്തില്‍ത്തന്നെ മേയര്‍ക്ക് കഥകഴിക്കാമായിരുന്നു. ''നിങ്ങള്‍ക്ക് ഇപ്പോഴും എന്നോട് പ്രതികാരം ചെയ്യാം'' എന്ന് ഴാവേര്‍ തോല്‍വി സമ്മതിച്ചതുമാണ്. പക്ഷേ, കൈത്തോക്കില്‍നിന്ന് ആകാശത്തേയ്ക്ക് നിറയൊഴിച്ച് ''നിങ്ങള്‍ വേഗം പോവൂ'' എന്ന് ഉപദേശിച്ച ഴാങ്ങ് വാല്‍ ഴാങ്ങ് അമ്മ മരിച്ച് അനാഥയായ കൊച്ചുപെണ്‍കിടാവിനെ, കൊസത്തിനെ, മകളെപ്പോലെ വളര്‍ത്തിയ പിതൃവാത്സല്യം-ഈ സല്‍ക്കര്‍മ്മങ്ങള്‍ ഈശ്വരനുമാത്രം അവകാശപ്പെട്ടതാണ്, അവിടെ മനുഷ്യന് എന്തധികാരം എന്ന അമ്പരപ്പോലെ ഞാന്‍ ആ ഗ്രന്ഥം അന്ന് അടച്ചുവെച്ച്, ഇറ്റു കണ്ണീരുപോലും പൊടിയാതെ.

പക്ഷേ, ഗംഭീരന്മാരായ മനുഷ്യരെ വിട്ട് നിത്യസാമാന്യ ജീവിതം നയിക്കുന്ന സ്ത്രീപുരുഷന്മാരുടെ വ്യഥകളും നിരുപാധിക സ്‌നേഹവും പ്രതീക്ഷയും തുളുമ്പുന്ന ബഷീറിന്റെ 'ബാല്യകാലസഖി' എന്ന ചെറുകൃതി വായിച്ചപ്പോഴുണ്ടായ അനുഭൂതിയില്‍നിന്ന്  ഉറന്ന കണ്ണീര് അടക്കാന്‍ കഴിഞ്ഞില്ല. ബഷീറിനേയും ചന്തുമേനോനേയും പഠിച്ച നിരൂപകനും നോവലിസ്റ്റും പരിണതപ്രജ്ഞനുമായ പി.കെ. ബാലകൃഷ്ണനുപോലും ഇതേ അനുഭവമുണ്ടായി എന്നു പിന്നീട് വായിച്ചപ്പോഴാണ് സമാധാനമായത്.
ബാല്യകാലസഖിയിലെ നായകനായ മജീദ് കളിക്കൂട്ടുകാരിയും താനും ജനിച്ചുവളര്‍ന്ന ദേശത്തുനിന്ന് ആയിരത്തഞ്ഞൂറോളം നാഴികയകലെയുള്ള നഗരത്തിലെ ഹോട്ടലിന്റെ പിന്നില്‍ കുന്നുകൂടിയ പാത്രങ്ങള്‍ കഴുകുമ്പോഴും അയാളുടെ മനസ്സില്‍ ചില പ്രതീക്ഷകള്‍ തട്ടിമുട്ടി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഒരപകടത്തില്‍പ്പെട്ട് കാല്‍മുട്ടിനുമീതെ മുറിച്ചുനീക്കിയതിനാല്‍ സ്വച്ഛന്ദം സഞ്ചരിക്കാന്‍ വയ്യെങ്കിലും തോറ്റുകൊടുക്കില്ലെന്ന വാശിയോടെ തന്റേയും അയല്‍പ്പക്കത്തെ സുഹ്‌റയുടേയും കുടുംബങ്ങളുടെ സംരക്ഷണത്തിനു പാടുപെടുകയായിരുന്നു മജീദ്. കഠിനാദ്ധ്വാനത്തിനു തയ്യാറെങ്കിലും കാല്‍മുറിഞ്ഞു വികലാംഗനായതിനാല്‍ പല പണിയും നഷ്ടപ്പെട്ട് മോഹങ്ങള്‍ പൊലിയുമ്പോഴും ജീവിതം വലിയ ഒന്നാണെന്നു കരുതി സ്വയം തകരാന്‍ കൂട്ടാക്കാതെ പ്രത്യാശിച്ചുകൊണ്ടിരുന്നു ആ യുവാവ്.
ഒന്നരക്കാലന്‍ എന്ന് സുഹ്‌റ ഒരിക്കലും കളിയാക്കിയിട്ടില്ല. മുറിഞ്ഞ കാലില്‍ സുഹ്‌റ കണ്ണീരോടെ ചുംബിക്കുമ്പോഴും 'ജീവിതം ഇമ്മിണി ബല്യ ഒന്ന്' എന്നുതന്നെയായിരുന്നു കണക്കുകൂട്ടാന്‍ വിദഗ്ദ്ധനല്ലാത്ത മജീദിന്റെ കണക്കുകൂട്ടല്‍. താന്‍ മണ്ടനല്ല, ബാല്യകാലസഖിയായ സുഹ്‌റ ഇപ്പോഴും തന്നെ സ്‌നേഹിക്കുന്നുണ്ട്. ഓര്‍ക്കുമ്പോഴെല്ലാം ആ മനസ്സ് സുഹ്‌റയ്ക്കുവേണ്ടി ചിരിച്ചികൊണ്ടിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ്  നാട്ടില്‍നിന്ന് ഒരെഴുത്തു വന്നുചേരുന്നത്. കൈയക്ഷരം സുഹ്‌റയുടേതല്ല. ''ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, ഒന്നു കാണാന്‍ കൊതിയാവുന്നു'' എന്നു സ്വന്തം വേദന ഒളിപ്പിച്ചുവെച്ച എഴുത്തല്ല. മറ്റാരെയോക്കൊണ്ട് ഉമ്മ എഴുതിച്ചതാണ് ഈ കത്ത്.
''പ്രിയപ്പെട്ട മജീദ് വായിച്ചറിയാന്‍ സ്വന്തം ഉമ്മാ എഴുതുന്നത്. മിനിയാന്നു വെളുപ്പിന് നമ്മുടെ സുഹ്‌റ മരിച്ചു. അവളുടെ വീട്ടില്‍ക്കിടന്ന്. എന്റെ മടിയില്‍ തലവെച്ച്. ഞങ്ങള്‍ക്കെല്ലാമുണ്ടായിരുന്ന തുണയും സഹായവും അങ്ങനെ പോയി. ഇനി അള്ളാഹുവിനെക്കഴിഞ്ഞാല്‍  നീയാണുള്ളത്.
രണ്ടു മാസമായിട്ട് സുഹ്‌റ തീരെ കിടപ്പിലായിരുന്നു. ക്ഷയമായിരുന്നു ദീനം. ചികിത്സിക്കാന്‍ ആരുമുണ്ടായിരുന്നില്ല. മരിക്കുന്നതിനു മുന്‍പ് നിന്റെ പേര് പറഞ്ഞു. നീ വന്നോ എന്നു പല തവണ ചോദിച്ചു. എല്ലാം അള്ളാഹുവിന്റെ വിധി.''

കത്തുവായിച്ച് മജീദ് കുറേ സമയം തരിച്ചിരുന്നു. എല്ലാം നിശ്ശബ്ദമായതുപോലെ. പ്രപഞ്ചം ശൂന്യം. തുടര്‍ന്നു വായിക്കാന്‍ കഴിഞ്ഞില്ല. കണ്ണുനീര്‍ത്തുള്ളികള്‍ അടര്‍ന്നുവീണു, സുഹ്‌റയുടെ കുഴിമാടത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നതുപോലെ. ഇതിലും കവിഞ്ഞ് എന്തു വാസനാദ്രവ്യമാണ് ഇനി ആ ചിതയില്‍ അര്‍പ്പിക്കാനായി കൊടുക്കുക?
ജീവിതത്തിന്റെ പൊരിവെയിലില്‍നിന്നു രക്ഷപ്പെടാന്‍ അസ്ഥിമാടത്തിന്റെ തണലില്‍ ഒളിച്ച ആ വിശുദ്ധ മാലാഖയെ   ഓര്‍മ്മിക്കുമ്പോള്‍ ആരും കരഞ്ഞുപോവും.

കണക്കില്ലാത്ത കണ്ണുനീര്‍ കാമുകര്‍ക്കുവേണ്ടി ഇവിടെ ചൊരിഞ്ഞിട്ടുണ്ട്. എങ്കിലും ഈ തത്തമ്മയ്ക്ക് കൂടുവിട്ടു പറന്നുപോകേണ്ടിയിരുന്നുവോ എന്നു വായനക്കാരന്‍ ചോദിച്ചുപോകും.
''മൃത്യോ, നിനക്കായി ചരമഗീതം'' എന്നു കവി പാടിയതു ഈ സുഹ്‌റയെക്കുറിച്ചല്ലേ എന്നു തോന്നിപ്പോകും. നീണ്ടു കറുത്ത ആ മൃത്യുവിന്റെ രേഖ (വാള്‍ട്ട് വിറ്റ്മാന്റെ ഭാഷ) നമ്മെ അസ്വസ്ഥരാക്കുന്നു. സ്‌നേഹിക്കുക എന്നതു എത്ര സങ്കടകരമാണെന്നെ ഓര്‍മ്മിച്ചുപോവുന്നു. ബഷീറും നമ്മുടെ സ്‌നേഹഭാജനമാകുന്നു, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഈ കഥാപാത്രങ്ങളിലൂടെ.
സുഹ്‌റ മരിച്ചതു ക്ഷയരോഗം പിടിപെട്ടാണ്. കുടുംബത്തിലെ കഷ്ടപ്പാടുകളുടേയും തനിക്കു സംഭവിച്ച ദാമ്പത്യ ദൗര്‍ഭാഗ്യത്തിന്റേയും കയ്പുനീര്‍ കുടിച്ചു ജീവിച്ച ആ ക്ഷമാശീല പനിയും ചുമയും അവശതയും പെരുകുമ്പോഴും ആരോടും ആവലാതിപ്പെട്ടില്ല. ഏകാശ്രയമായ മജീദിനെ കെട്ടിപ്പിടിച്ചു നിശ്ശബ്ദമായി തേങ്ങുമ്പോഴും എനിക്കിവിടെ സുഖം തന്നെ എന്നു സമാധാനിപ്പിക്കാന്‍ ശ്രമിച്ചു, മജീദിനെ അറിയിക്കാതിരിക്കാനും.
മെച്ചപ്പെട്ട സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്കു ക്ഷയമോ മലമ്പനിയോ ഉണ്ടാവില്ല. അസമത്വവും പോഷകാഹാരക്കുറവും കാരണമാണ് ഇത്തരം മരണങ്ങള്‍ സംഭവിക്കുന്നത്. ആസന്നമരണനായ രോഗി ഒടുവിലത്തെ ആഴ്ചയില്‍ ആശുപത്രിയില്‍ ചെലവാക്കുന്ന പണം അതിനു തൊട്ടുമുന്‍പുള്ള പത്തു വര്‍ഷത്തില്‍ ചെലവഴിച്ചതില്‍ കൂടുതലായിരിക്കുമെന്ന് പ്രതിരോധത്തേയും പുതിയ ചികിത്സാ സംവിധാനത്തേയും താരതമ്യപ്പെടുത്തി പ്രശസ്ത ചികിത്സകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. വിനായക് സെന്‍ ഈയിടെ ഒരഭിമുഖത്തില്‍ പറഞ്ഞത് ഓര്‍മ്മിച്ചുപോകുന്നു. ദരിദ്രജനവിഭാഗങ്ങള്‍ക്കിടയിലേക്ക്  തന്റെ സേവന പ്രവര്‍ത്തനം സമര്‍പ്പിച്ച ഡോ. സെന്‍. നമ്മുടെ മഹത്തായ രാജ്യത്തുനിന്ന് ക്ഷയരോഗം തുടച്ചുനീക്കപ്പെട്ടു എന്ന് ഇപ്പോഴും പറയാറായോ? ആഹാരദാരിദ്ര്യം അനുഭവിക്കുന്ന ശിശുക്കളേയും അമ്മമാരേയും ഇവര്‍ ക്ഷയരോഗവിമുക്തരെന്ന്  അടയാളപ്പെടുത്താന്‍  കഴിയുമോ?
പണ്ട് മറ്റൊരാളെ ആശിര്‍വദിക്കുന്നതുതന്നെ 'ആയുഷ്മന്‍ഭവ' (ആയുസ്സുണ്ടാവട്ടെ) എന്ന് പറഞ്ഞുകൊണ്ടായിരുന്നു. ഏറെക്കാലം ജീവിതസൗഖ്യം നിലനിര്‍ത്താനാണ് ശാസ്ത്രം പരിശ്രമിച്ചത്. പക്ഷേ, ആ ശാസ്ത്രവും സുഹ്‌റയുടെ ദുരിതപര്‍വ്വനിഷ്‌ക്കളങ്കതയ്ക്കു മുന്‍പില്‍ പരാജയപ്പെട്ടു. മരണത്തെക്കുറിച്ച് നമുക്ക് ഏറെ വ്യാഖ്യാനിക്കാം. ചിലപ്പോള്‍ രക്ഷകനായും കണക്കാക്കാം, സുഹ്‌റയുടെ കാര്യത്തിലെങ്കിലും.
ഓരോ വന്‍കരയ്ക്കും ജനതയ്ക്കും ഓരോ തരത്തിലുള്ള പ്രകൃതിയും സഹചര്യവുമാണ്. പക്ഷേ, ജീവിതത്തിന്റെ ഗതിവിഗതികള്‍ ഗ്രഹിക്കാനുള്ള അഹംബോധവും മനുഷ്യാകുലതകളില്‍ നിന്നുറന്നുവരുന്ന ആര്‍ദ്രതയും എവിടെയും ഒന്ന് എന്നു പറഞ്ഞുതരുകയാണ് ഹ്യൂഗോവും ബഷീറും ഒരുപോലെ.
മനുഷ്യന് അറിയേണ്ടതും അനുഭവിക്കേണ്ടതും ചുറ്റുമുള്ള ജീവിതത്തിലുണ്ട്, പ്രകൃതിയിലുണ്ട്. ആ അറിവുതന്നെ ദൃഢതരമായ ആത്മബന്ധത്തിനു വഴിതുറക്കും. അന്യരുടെ നേരെ കാരുണ്യം പൊഴിക്കാന്‍ മനസ്സുള്ള ആരിലും സൂര്യതേജസ്സ് വിടരുമെന്നാണ് മനുഷ്യകഥാനുഗായികള്‍ നമുക്കു കാണിച്ചുതരുന്നത്. കാരുണ്യത്തിന്റെ പൂവുകള്‍ ഒരിക്കലും വാടുകയില്ലെന്നും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com