ജാതിവെറിക്ക് കുഴലൂതിയ പത്രാധിപര്‍ 

ദളിത് കുട്ടികളെ സവര്‍ണ്ണകുട്ടികള്‍ക്കൊപ്പം ഇരുത്തിപഠിപ്പിക്കുന്നതിനെതിരെ കുതിരയെയും പോത്തിനെയും ഒരേനുകത്തില്‍  കെട്ടരുതെന്ന് എഴുതിയ പിള്ളയുടെ ജാതിവിവേചനവും ഭേദചിന്തയും
സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള
സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള

തിരുവിതാംകൂര്‍ ദിവാന്‍ പി. രാജഗോപാലാചാരിയുടേയും മറ്റും അഴിമതികളെ വിമര്‍ശിച്ചതിന്റെ പേരില്‍ 108 കൊല്ലം മുന്‍പ് നാടുകടത്തപ്പെട്ട ധീരാത്മാവായ പത്രപ്രവര്‍ത്തകനാണ് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള - ഇതാണ് ഇന്നും മിക്ക കേരളീയരുടേയും അറിവ്. എന്നാല്‍, 40 കൊല്ലം മുന്‍പുതൊട്ട് മറ്റൊരു അറിവ് പതുക്കെപ്പതുക്കെ ജനങ്ങളിലേക്കെത്താന്‍ തുടങ്ങിയിരുന്നു. പിള്ളയുടെ ജന്മശതാബ്ദിയാഘോഷിച്ച 1978-ല്‍  പണ്ഡിറ്റ് കെ.പി. കറുപ്പന്റെ 'ജാതിക്കുമ്മി, ഉദ്യാനവിരുന്ന്' എന്ന പുസ്തകത്തിനു മഹാകവി എം.പി. അപ്പന്‍ എഴുതിയ അവതാരികയില്‍ (എന്‍.ബി.എസ്) നിന്നാണ് ആ അറിവ് പുറപ്പെട്ടു വന്നത്. ചരിത്രത്തില്‍ ആദ്യമായി ദളിത് കുട്ടികള്‍ക്കും സ്‌കൂള്‍ പ്രവേശം കിട്ടുമാറ് 1910 ജനുവരിയില്‍ നടപ്പിലായ തിരുവിതാംകൂര്‍ വിദ്യാഭ്യാസ കോഡ് (No. 451/1909-Education, B. No. 35, Kerala State Archives Direcctorate) സവര്‍ണ്ണരെ, വിശേഷിച്ച് പിള്ളയെ ബേജാറാക്കി. മനുഷ്യസമത്വം എന്ന മഹത്തായ ആദര്‍ശത്തിലേക്ക് കേരളം ആദ്യമായി നല്‍കിയ ആ നിയമ സംഭാവനയെ 'സ്വദേശാഭിമാനി'യുടെ അടുത്തടുത്ത മൂന്നു ലക്കങ്ങളിലെ മുഖപ്രസംഗങ്ങളിലൂടെ (1910 മാര്‍ച്ച് 2, 4, 7) പിള്ള എതിര്‍ത്തത്, നിന്ദ്യവും നികൃഷ്ടവും ബീഭല്‍സവുമായ ശൈലിയിലായിരുന്നു. ജാതിവെറിയുടെ ഇത്രയ്ക്കു പച്ചയായ ആഹ്വാനം മലയാള പത്രപ്രവര്‍ത്തനത്തിന്റെ മറ്റേതെങ്കിലും ഒരു ഏടില്‍ കാണാനാകുമെന്നു ഞാന്‍ കരുതുന്നില്ല. ദളിത് കുട്ടികളെ സവര്‍ണ്ണ കുട്ടികള്‍ക്കൊപ്പം ഇരുത്തി പഠിപ്പിക്കുന്നതിനെ, ബുദ്ധിജീവി നാട്യത്തോടെ ആപാദചൂഡം രൂക്ഷമായി എതിര്‍ക്കയാണ് ആ മുഖപ്രസംഗങ്ങള്‍. കുതിരയേയും 'പോത്തിനേയും ഒരേ നുകത്തില്‍' കെട്ടരുത് എന്നാണ് പിള്ള ആദ്യ ലക്കത്തില്‍ ശഠിക്കുന്നത് (പി. ഭാസ്‌കരനുണ്ണി, കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, കേരള സാഹിത്യ അക്കാദമി, 2005, പേ. 381) :- 'എത്രയോ തലമുറയായി ബുദ്ധിയെ കൃഷി ചെയ്തു വന്നിട്ടുള്ള ജാതിക്കാരേയും, അതിനേക്കാള്‍ എത്രയോ ഏറെ തലമുറയായി നിലം കൃഷിചെയ്തുവന്നിരിക്കുന്ന ജാതിക്കാരേയും, അതിനേക്കാള്‍ എത്രയോ ഏറെ തലമുറയായി നിലം കൃഷിചെയ്തുവന്നിരിക്കുന്ന ജാതിക്കാരേയും തമ്മില്‍ ബുദ്ധിക്കൃഷിക്കാര്യത്തിനു ഒന്നായി ചേര്‍ക്കുന്നതു കുതിരയേയും പോത്തിനേയും ഒരേ നുകത്തില്‍ കെട്ടുകയാകുന്നു.''

ദളിത്-സവര്‍ണ്ണ കുട്ടികളെ ഒന്നിച്ചിരുത്തുന്നതിനെ രണ്ടാമത്തെ മുഖപ്രസംഗത്തില്‍ പിള്ള എതിര്‍ത്തത് ഇങ്ങനെ: ''നല്ലവണ്ണം ഉണങ്ങിയ വെടിമരുന്നിന്റെയും അതിനരികില്‍, പലതരത്തില്‍ ഉണക്കു കുറഞ്ഞതും നനവുതട്ടിയതുമായ വെടിവരുന്നുകളേയും നിരത്തിവച്ച് എല്ലാറ്റിനേയും ഒരേ വാലിട്ട് ഒരേ അഗ്രത്തില്‍ ചേര്‍ത്ത് ഈ അഗ്രസ്ഥാനത്ത് കൊള്ളിവയ്ക്കുന്നതുപോലെയായിരിക്കും'' (Do- പേ. 382).

മൂന്നാം മുഖപ്രസംഗത്തില്‍, ഒന്നിച്ച് ഇരുത്തി പഠിപ്പിക്കലിനെ എതിര്‍ക്കാന്‍ പിള്ള ചൂണ്ടിക്കാട്ടിയത് ഒരു ഭയാനക ചിത്രമാണ്: ''പുലയനും പറയനും എത്രയോ ശതവര്‍ഷമായി നിലംകൃഷിയെ തൊഴിലാക്കിയും ഹിന്ദുക്കളില്‍ പലര്‍ക്കും എന്നു മാത്രമല്ല, മറ്റു പല മതക്കാര്‍ക്കും ബീഭല്‍സ കുത്സിതമായ നടപടികള്‍ ആചരിച്ചും വന്നിരിക്കുന്നവരാണ് അവര്‍'' (Do- പേ. 382).

(മേല്‍ സൂചിപ്പിച്ച എം.പി. അപ്പന്റെ അവതാരികയില്‍, ഒന്നാം മുഖപ്രസംഗത്തിലെ 'പോത്ത്-കുതിര താരതമ്യ'മാണ് ഊന്നിപ്പറഞ്ഞത്. അതു മതിയാകുമായിരുന്നു അതുവരെ അജ്ഞാതമായിരുന്ന 'പിള്ള വെറി' എത്ര ഭീകരമാണെന്ന് പുതിയ കാലത്തെ മനുഷ്യസമത്വവാദികള്‍ക്കു തിരിച്ചറിയാന്‍).

ഭേദചിന്തയ്ക്ക് താത്വികപിന്തുണ
വിദ്യാഭ്യാസ കോഡ് നടപ്പിലായ ആദ്യ രണ്ടു മാസം പിള്ളപ്പിറപ്പുകളായ മറ്റു സവര്‍ണ്ണര്‍ അതിനെ നേരിട്ടതെങ്ങനെ എന്നത് ആദ്യ മുഖപ്രസംഗത്തില്‍ തന്നെയുണ്ട്: ''നെടുമങ്ങാട്, നെയ്യാറ്റിന്‍കര, തിരുവല്ല മുതലായ പലേ സ്ഥലങ്ങളിലേയും പാഠശാലകളില്‍ പുലക്കുട്ടികളേയും പറക്കുട്ടികളേയും പ്രവേശിപ്പിക്കയാല്‍, ആ വിദ്യാലയങ്ങളില്‍ പഠിച്ചിരുന്ന ബ്രാഹ്മണര്‍, നായന്മാര്‍ മുതലായ ജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ പിണങ്ങി ഇറങ്ങിക്കളഞ്ഞതായി അറിയുന്നുണ്ട്. തല്‍ക്കാലം ഉണ്ടായിട്ടുള്ള ഈ ഇളക്കത്തെ ശമിപ്പിക്കുവാന്‍ അധികൃതന്മാര്‍ വേണ്ട നയോപായങ്ങള്‍ പ്രയോഗിച്ച് ചില സ്ഥലങ്ങളില്‍ വഴക്കുകള്‍ ഒതുക്കിയിരിക്കുന്നുവെങ്കിലും മറ്റു ചിലേടങ്ങളില്‍ ഈ ക്ഷോഭം ശാന്തമായിട്ടില്ല'' (Do- പേ. 380). 

പണ്ഡിറ്റ് കറുപ്പന്‍
പണ്ഡിറ്റ് കറുപ്പന്‍

വംശീയാക്രമണത്തിന്റേതായ ഈ അന്തരീക്ഷത്തിലേക്കാണ്, ജാതിവികാര വിസ്ഫോടനപരമായ സ്വദേശാഭിമാനി മുഖപ്രസംഗങ്ങള്‍ വന്നുവീണത്. സവര്‍ണ്ണ അക്രമിസംഘങ്ങള്‍ക്ക് ദളിതരെ കടന്നാക്രമിക്കാന്‍ വലിയ ഊര്‍ജ്ജമാണ് അവ പകര്‍ന്നുകൊടുത്തത് എന്ന് ആര്‍ക്കും മനസ്സിലാകുന്നതാണ്. കൊല്ലങ്ങളോളം, പിള്ളയെ നാടുകടത്തിയ ശേഷവും, തിരുവിതാംകൂറിലെ ദളിതര്‍ക്കു നേരെ മാരകമായ കൈയേറ്റങ്ങളാണ് പിള്ളയനുകൂലികള്‍ അഴിച്ചുവിട്ടത്. ദളിത് കുട്ടികളുടെ സ്‌കൂള്‍ പ്രവേശ ശ്രമങ്ങള്‍ക്കു നേരെ ഒട്ടേറെ സ്ഥലങ്ങളില്‍ ജാതിവെറിയന്മാര്‍ ലഹളയുണ്ടാക്കി. അഞ്ചു കൊല്ലത്തോളമെത്തിയിട്ടും ആ തീയണഞ്ഞില്ല എന്നാണ്, 1914 ഒടുവില്‍ നടന്ന ഊരൂട്ടമ്പലം പെണ്‍പള്ളിക്കൂട പ്രവേശസമരം വ്യക്തമാക്കുന്നത്. കുമാരനാശാന്റെ 'വിവേകോദയം' മാസിക (1090 വൃശ്ചികം, പുസ്തകം 11, നമ്പര്‍ 8) അന്ന് ഒരു മുഖപ്രസംഗത്തില്‍ എഴുതി: ''നെയ്യാറ്റുങ്കര ഊരൂട്ടമ്പലം എന്ന സ്ഥലത്തെ പെണ്‍പള്ളിക്കൂടത്തില്‍ ചേര്‍ത്തു പഠിപ്പിക്കുന്നതിനു ഡിപ്പാര്‍ട്ടുമെന്റനുവാദത്തോടുകൂടി പെണ്‍കുട്ടികളെ കൊണ്ടുചെന്ന ഏതാനും പുലയരെ നായന്മാരില്‍ ചിലര്‍ ചേര്‍ന്നു തല്ലാന്‍ തുടങ്ങി. ആ തല്ല് ഇപ്പോള്‍ ഭയങ്കര ലഹളയായി വര്‍ദ്ധിച്ച് ആ താലൂക്കു മുഴുവന്‍ മാത്രമല്ല അടുത്ത താലൂക്കുകളിലും പടര്‍ന്നുപിടിച്ചിരിക്കുന്നതായും കാണുന്നു. (...) കണ്ണില്‍ക്കണ്ട പുലയരെ എല്ലാം ഒരുതരം തെമ്മാടികളായ ചെറുപ്പക്കാര്‍ ഓടിച്ചുപിടിച്ചു തല്ലുകയും കഠിനമായ ദേഹോപദ്രവം ഏല്‍പ്പിക്കയും ചെയ്യുന്നതായും അവരില്‍ പലരും പാങ്ങോട്ടു പട്ടാളത്തില്‍നിന്നും കള്ളമായി ഹാജര്‍വെച്ചുകൊണ്ടു ചില മേലധികാരികളുടെ ഗൂഢാനുവാദത്തോടുകൂടി രാത്രികാലങ്ങളിലും മറ്റും ഇതിനായി പുറത്തു സഞ്ചരിക്കുന്ന ചില പുത്തന്‍ പട്ടാളത്തില്‍ക്കാര്‍ ആണെന്നും പുലയന്മാരും മറ്റു ചിലരും പ്രസ്താവിച്ചു വരുന്നു. ലഹള തുടങ്ങി ഒരാഴ്ചയോളം കഴിഞ്ഞതില്‍ പിന്നീടു മാത്രമേ എന്തെങ്കിലും അന്വേഷണം ഉദ്യോഗസ്ഥന്മാര്‍ നടത്തീട്ടുള്ളൂ. (...) പുലയരെ തല്ലുക, അവരുടെ കുടിലുകളും ഭവനങ്ങളും കൊള്ളയിടുക, തീവയ്ക്കുക, ജംഗമവസ്തുക്കളെ അപഹരിച്ചുകൊണ്ടുപോവുക, സ്ത്രീകളെ ദേഹോപദ്രവം ചെയ്യ്ക, മാനഭംഗപ്പെടുത്തുക എന്നുവേണ്ട പറയാനും ചിന്തിക്കാനും പാടില്ലാത്ത അകൃത്യങ്ങള്‍ തന്നെ പുലയരോടു ലഹളക്കാര്‍ പ്രവര്‍ത്തിച്ചിരുന്നു.''
മേല്‍ കണ്ട ആക്രമണങ്ങളില്‍ ഏറ്റവും നികൃഷ്ടമായത്, പറയ ക്രിസ്ത്യാനി വിഭാഗത്തില്‍പ്പെട്ട അന്നാള്‍ എന്ന പെണ്‍കുട്ടിയെ സ്വന്തം കുടിലില്‍ മാതാപിതാക്കള്‍ക്കു മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്തതാണ് (ഫയല്‍ നമ്പര്‍ 116/5, ബി. നമ്പര്‍ 156, ജുഡീഷ്യല്‍, പേജ് 47-65, K.S.A. Directorate). ദളിതര്‍ക്കെതിരായ ഭേദചിന്തയ്ക്കും മാറ്റിനിര്‍ത്തലിനും പിള്ളയുടെ പത്രം വിപുലമായി നല്‍കിയ താത്ത്വിക പിന്തുണ നന്നായി ഫലിച്ചു എന്നു സാരം!

മൂലൂര്‍ പത്മനാഭപ്പണിക്കര്‍
മൂലൂര്‍ പത്മനാഭപ്പണിക്കര്‍


പ്രസ്തുത ജാതിവെറിയെഴുത്തുകള്‍ പിള്ളയ്ക്കു സംഭവിച്ച ഒറ്റപ്പെട്ട വീഴ്ചയല്ല. എഴുത്തില്‍ ആദ്യവസാനം ഒരു അപ്പാര്‍ത്തീഡുകാരന്റെ 'മൈന്‍ഡ്-സെറ്റ്' ആണ് പിള്ളയ്ക്കുണ്ടായിരുന്നത് എന്നതിന് അര ഡസന്‍ രേഖാ തെളിവുകളെങ്കിലും നമുക്കു മുന്നിലുണ്ട്. 

'കുതിര-പോത്ത്' താരതമ്യ മുഖപ്രസംഗങ്ങളിലൂടെ ലോകത്തിനു കാഴ്ചവച്ച വംശവെറി, അതിനും അഞ്ചുകൊല്ലം മുന്നേ പിള്ള തന്റെ 'കേരളന്‍' മാസികയിലൂടെ (1080 ഇടവം, പേ. 37) പ്രകാശിപ്പിച്ചിരുന്നു. അവിടന്നു മൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍, ഭാര്യ ടി.ബി. കല്യാണിയമ്മയ്ക്കും മറ്റും വേണ്ടി പിള്ള പ്രസിദ്ധീകരിച്ചിരുന്ന 'ശാരദ' മാസികയില്‍ ഒരു 'മാധവ'ന്റെ പേരില്‍ ചേര്‍ത്ത കുറിപ്പിലും (1908 ജൂലൈ, പേ. 144), മനുഷ്യര്‍ പരസ്പരം തുല്യരല്ല എന്നാണു സ്ഥാപിച്ചത്. 

പിള്ളയുടെ ജാതിവെറി അതിന്റെ ഏറ്റവും വൃത്തികെട്ട നീചനിലയെ പ്രാപിക്കുന്നത് താന്‍ എഡിറ്ററായിരുന്ന 'കേരള പഞ്ചിക'യുടെ 1077 കന്നി 12-ന്റെ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് (വാല്യം 1, ലക്കം 28). 'തിരുവിതാംകൂര്‍ മഹാരാജാവ് തിരുമനസ്സുകൊണ്ടു കല്പിച്ചു ഏര്‍പ്പെടുത്തേണ്ട ഒരു സാമുദായിക പരിഷ്‌കാരം' എന്നാണ് തലക്കെട്ട്. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈംകുനി ഉത്സവത്തിന്റെ എഴുന്നള്ളത്തില്‍ വിളക്കെടുത്ത് അനുഗമിക്കുന്ന നായര്‍ സ്ത്രീകളുടെ അരയ്ക്കു മേല്‍ നഗ്‌നമായിരിക്കണമെന്ന ചട്ടത്തെ ചോദ്യം ചെയ്യുകയാണ് പിള്ള: ''സ്ത്രീകള്‍ മതിലകത്തു ശീവേലിപ്പുരയില്‍വച്ചു വിളക്കെടുത്തു നടക്കുമ്പോഴൊക്കെയും മാര്‍വിടം മറക്കാതെ നടന്നുകൊള്ളട്ടെ എന്നു വയ്ക്കാം; എന്തെന്നാല്‍, മതിലകത്തു ദൈവഭക്തിയില്‍ മുഴുകിയവരായി ഹിന്ദുമതത്തെ അനുസരിക്കുന്ന ഏതാനും ജാതിക്കാര്‍ മാത്രമേ കടക്കുന്നുള്ളു എന്ന സമാധാനമുണ്ട്; എന്നിരുന്നാലും വേട്ട, ആറാട്ട് എന്നീ അവസരങ്ങളില്‍ പടിഞ്ഞാറെ നട മുതല്‍ വളരെ ദൂരം ഇരുവശത്തും തിങ്ങിനില്‍ക്കുന്ന അനേകായിരം ജനങ്ങളുടെ, വിശേഷിച്ചു ഹീനജാതിക്കാരെന്നു ഗണിക്കപ്പെട്ടുവരുന്ന ചാന്നാന്മാര്‍, ഈഴവര്‍, മഹമ്മദീയര്‍, പുലയര്‍, പറയര്‍ മുതലായവരുടെ മുന്‍പില്‍ക്കൂടി കാട്ടാളനാരികളെപ്പോലെ അര്‍ദ്ധനഗ്‌നകളായി പോകുന്നതില്‍, സഭായോഗ്യമായ മര്യാദയെപ്പറ്റി അധികം നിഷ്‌കര്‍ഷമുള്ള യൂറോപ്യന്മാര്‍ക്കോ അവരുടെ പരിഷ്‌കാരത്തെ സംസര്‍ഗ്ഗ പ്രവൃത്തിയാല്‍ അനുസരിക്കുന്ന മലയാളികള്‍ക്കോ നീരസവും വ്യസനവുമല്ലാതെ ഇഷ്ടം തോന്നുമെന്നു ഞങ്ങള്‍ വിചാരിക്കുന്നില്ല'' (പിള്ളയുടെ മകള്‍ ഗോമതിയമ്മയും ഭര്‍ത്താവ് എ.കെ. പിള്ളയും കൂടി പില്‍ക്കാലത്തു പ്രസിദ്ധീകരിച്ചിരുന്ന 'സ്വദേശാഭിമാനി' മാസികയുടെ 1100 മിഥുനം-കര്‍ക്കിടകം ലക്കം, പു: 2, ല: 11-12, പേ. 553). 
നായര്‍ സ്ത്രീകളുടെ നഗ്‌നത സവര്‍ണ്ണര്‍ക്കു ഭക്തിസംവര്‍ധകമായിരിക്കുമെന്നോ മറ്റോ കരുതുന്ന പിള്ളയ്ക്ക്, 'ഹീന' ജാതിക്കാര്‍ അതു കാണുന്നതിലേയുള്ളു വിഷമം! (ഇതേ സമയത്ത് നാട്ടില്‍ ദളിത് സ്ത്രീകളേയും മറ്റും നഗ്‌നത മറയ്ക്കുന്നതില്‍നിന്നു സവര്‍ണ്ണ തെമ്മാടികള്‍ നിര്‍ബന്ധമായി വിലക്കുന്നത് വീരാത്മാവിനെ അലട്ടുന്നേയില്ല!)

എംപി അപ്പന്‍
എംപി അപ്പന്‍

'ബാലാകലേശ' നാടക ദുസ്തര്‍ക്കത്തില്‍ പണ്ഡിറ്റ് കെ.പി. കറുപ്പനില്‍നിന്നു 'മംഗളോദയ'ത്തിലൂടെ (1090 വൃശ്ചികം, മകരം, മീനം) മാരകമായ തിരിച്ചടി കിട്ടിയശേഷം ജാതിവെറിയന്‍ പിള്ള തന്റെ അധോലോക മാനസിക വ്യാപാരം ഈവിധം വിളംബരം ചെയ്തു (കേരളോദയം വാരികയുടെ 1915 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ 4 ലക്കങ്ങളില്‍ പിള്ള എഴുതിയ മറുപടിയില്‍): ''ആ അവസരത്തില്‍ 'പനിഞ്ഞില്‍' പൊട്ടിയുണ്ടായ 'ബാലാകലേശം' ആകുന്ന 'ഉമ്പിളുന്ത' 'സാഹിത്യസമാജ' ക്ഷേത്രത്തിനുള്ളിലേക്കു കുതിച്ചുചാടുവാന്‍ തക്കവണ്ണം 'തൊണ്ടാന്‍ മാക്രി' (പൊക്കാച്ചിത്തവള) ആയിത്തീര്‍ന്നതുവരേയുള്ള രൂപവികാരങ്ങളും ലോകപ്രസിദ്ധമാണ്'' (ബാലാകലേശവാദം, അക്ഷര രത്‌നപ്രകാശികാ അച്ചുകൂടം, കുന്നംകുളം, 1090, പേ. 53). വാലസമുദായക്കാരനായ കറുപ്പനെ 'തണ്ടു ചാണ്ടുന്ന'വനുമാക്കിയിട്ടേ പിള്ളയുടെ സവര്‍ണ്ണ ഹുങ്കിനു ശമനമായുള്ളു. 
മൂലൂര്‍ പദ്മനാഭപ്പണിക്കരുടെ 'കവിരാമായണ' സമരത്തില്‍ ഇടപെട്ട് പിള്ള ആ ഈഴവനെ 'മരഞ്ചാടി'യെന്നു വിശേഷിപ്പിച്ചതിനെ വെറും ചങ്ങാതിത്തല്ല് എന്നു പറഞ്ഞ് നമ്മെ ആശ്വസിപ്പിച്ചവര്‍, ഇനിയൊന്നു തിരിഞ്ഞുനിന്ന് ഈ വംശമേന്മാവാദിയെ നന്നായൊന്നു കണ്ടാലും! ഒരു ദളിത സമൂഹത്തെ അപ്പാടെ ജാതിവെറിയാക്രമണത്തിനു മുന്നിലേക്കിട്ടുകൊടുത്ത അധമനായ ഈ പത്രാധിപനെയല്ലാതെ മറ്റാരെയാണ് യുദ്ധക്കുറ്റവാളിയെപ്പോലെ വിചാരണ ചെയ്യേണ്ടത്? എന്നിട്ടും, മാനവികതയുടെ ശത്രുവായ ഈ വംശവെറിയനുവേണ്ടി, പ്രബുദ്ധ കേരളത്തിലെ രണ്ടു സാംസ്‌കാരിക നായകര്‍ ഈയിടെ രംഗത്തുവന്നതാണ് എന്റെ ഈ കുറിപ്പിനു ഹേതു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ 'ഗ്രന്ഥാലോകം' മാസികയുടെ ഇക്കഴിഞ്ഞ ജനുവരി ലക്കത്തില്‍, പിള്ളയുടെ 'കാള്‍ മാര്‍ക്സ്' പുസ്തകം ഒരു മോഷണമാണെന്നു സമര്‍ത്ഥിച്ചു ഒരു ലേഖകന്‍. ഉടനെ വന്നു മാര്‍ച്ച് ലക്കത്തില്‍ ടി. നായകരുടെ ഭീഷണി: പിള്ളയെ കള്ളനാക്കിയവര്‍ക്കു മാപ്പില്ല പോലും. (അതില്‍ ഒരു നായകന്‍ മുന്‍പ്, ഇന്ത്യന്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ ആദ്യ പോരാളിയായ വൈകുണ്ഠസ്വാമിയെ കൊല്ലാക്കൊല ചെയ്ത സ്വാതിതിരുനാള്‍ എന്ന നീച രാജന്റെ സംഗീതശേഷിയെ സ്തുതിച്ചു നാടകമെഴുതി രാജപ്രീതി നേടിയ സഖാവാണ്.) ഞാനാലോചിക്കുന്നത്, താരതമ്യേന നിസ്സാരമായ ഒരു രചനാമോഷണാരോപണം പോലും തങ്ങളുടെ ആരാധനാമൂര്‍ത്തിക്കുമേല്‍ പതിക്കുന്നതു സഹിക്കാനാവുന്നില്ല ഭക്തര്‍ക്ക്. (ടി ലേഖനം അച്ചടിച്ച പത്രാധിപര്‍ക്ക് രാജിവച്ചുപോകേണ്ടിവന്നു, മാസികാധിപന്മാരായ ഭക്തരുടെ തിണ്ണമിടുക്കു മൂലം.) എന്നാല്‍, അതിനെക്കാള്‍ എത്രയോ മാരകമായ കുറ്റാരോപണങ്ങള്‍, പഴുതറ്റ തെളിവുകളോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി പിള്ളക്കെതിരെ ഞാന്‍ എഴുതി പ്രചരിപ്പിക്കുന്നുണ്ട്! തിണ്ണമിടുക്കന്മാര്‍ക്ക്, കേരള പ്രസ്സ് അക്കാദമിക്കുവേണ്ടി ടി. വേണുഗോപാലന്‍ തയ്യാര്‍ ചെയ്തു കൊടുത്ത 'സ്വദേശാഭിമാനി-രാജദ്രോഹിയായ രാജ്യസ്‌നേഹി' എന്ന വ്യാജ ഗവേഷണഗ്രന്ഥത്തില്‍നിന്നു വല്ലതും തരാതരംപോലെ സ്വന്തം വരുതിപ്പത്രങ്ങളില്‍ അച്ചടിപ്പിച്ചു നിര്‍വൃതിയടയുകയേ വഴിയുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com