ഭാഷ, ആധിപത്യം എന്നിവയെക്കുറിച്ചുള്ള വിചാരങ്ങള്‍ക്ക് ഒരാമുഖം

ലോക കമ്പോളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചരക്കിന്റെ കണക്കെടുപ്പാണ് ഫില്ലിപ്സണ്‍ നടത്തുന്നത്.
ഭാഷ, ആധിപത്യം എന്നിവയെക്കുറിച്ചുള്ള വിചാരങ്ങള്‍ക്ക് ഒരാമുഖം

റോബര്‍ട്ട് ഫില്ലിപ്സന്റെ ഭാഷാപരമായ സാമ്രാജ്യത്വം (Linguistic Imperialism) എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി, ഭാഷാപരമായ സാമ്രാജ്യത്വം എന്ന സങ്കല്പത്തിലേക്കുള്ള ഒരു ആമുഖ സൂചന നല്‍കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. സാഹിത്യത്തെ മുന്‍നിര്‍ത്തി സാംസ്‌കാരിക സാമ്രാജ്യത്വത്തെക്കുറിച്ച് എഡ്വേഡ് സെയ്ദും സെയ്ദിനെത്തുടര്‍ന്നും ചര്‍ച്ചകള്‍ നടക്കുകയുണ്ടായല്ലോ. അതിന്റെ തുടര്‍ച്ചയില്‍ത്തന്നെ ഭാഷാപരമായ സാമ്രാജ്യത്വം എന്ന സങ്കല്പത്തേയും തിരിച്ചറിയേണ്ടതുണ്ട്. കോളനിയനന്തര പഠനങ്ങളുടെ തുടര്‍ച്ചയിലാണ് ഭാഷയും അതിന്റെ പ്രശ്‌നമേഖലകളും ഒരു ഭാഷയ്ക്കകത്തെ വിഷയങ്ങള്‍ എന്നതില്‍നിന്നു മാറി ഇതര ഭാഷയുമായുള്ള അധികാര ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ സൂക്ഷ്മമായ ചര്‍ച്ചകള്‍ക്കു വിധേയമായിത്തീരുന്നത്. 1992-ല്‍ പുറത്തുവന്ന ഫില്ലിപ്സന്റെ പി.എച്ച്.ഡി. പ്രബന്ധം കൂടിയായ ഈ പുസ്തകം ഭാഷാ ചര്‍ച്ചകളില്‍ സവിശേഷ പ്രാധാന്യമുള്ള ഒന്നാണ്.

ലോക കമ്പോളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചരക്കിന്റെ കണക്കെടുപ്പാണ് ഫില്ലിപ്സണ്‍ നടത്തുന്നത്. ഭാഷാപരമായ സാമ്രാജ്യത്വത്തെ ഇംഗ്ലീഷ് ഭാഷാ സാമ്രാജ്യത്വം എന്നുതന്നെയാണ് പറയേണ്ടത്. ലോകഭാഷ എന്ന നിലയില്‍ എങ്ങനെ ഇംഗ്ലീഷ് ഭാഷ ഇത്ര പ്രബലമായി? എന്തുകൊണ്ട്? ഇംഗ്ലീഷ് ഭാഷയോടൊപ്പം വ്യാപിപ്പിക്കപ്പെട്ട പ്രത്യയശാസ്ത്രം എന്തായിരുന്നു? സാംസ്‌കാരിക കയറ്റുമതിയില്‍ ഇംഗ്ലീഷ് ഭാഷാ സ്പെഷലിസ്റ്റുകളുടെ റോള്‍ എന്താണ്? മൂന്നാം ലോകത്ത്, കോളനീകരണത്തിന്റെ ഭാഗമായി പരമ്പരയായി ലഭിച്ച ഭാഷാനയങ്ങള്‍ ദാതാക്കളുടെ താല്‍പ്പര്യത്തെയാണോ അതു സ്വീകരിച്ച രാജ്യങ്ങളുടെ താല്‍പ്പര്യത്തെയാണോ പ്രാഥമികമായി കണ്ടത്? ഇങ്ങനെ ഇംഗ്ലീഷ് വ്യാപനത്തെ ചരിത്രപരമായി സമീപിച്ചുകൊണ്ട്, ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളുടെ വിദേശനയത്തിന്റെ ഉപകരണം എന്ന നിലയില്‍ അത് എങ്ങനെയെല്ലാം പ്രവര്‍ത്തിച്ചു എന്ന് അന്വേഷിക്കുന്നതിലേക്കെത്തുന്നു. ഏതെല്ലാം നിലകളിലാണ് ഇംഗ്ലീഷ് ഭരണത്തിന്റേയും ആധിപത്യത്തിന്റേയും ഭാഷയായിരിക്കുന്നത്, ആരാണ് നിയമങ്ങള്‍ നിര്‍മ്മിച്ചത്, ഇംഗ്ലീഷിന്റെ നിയമങ്ങള്‍ എന്നത് ഇംഗ്ലീഷ് നിയമങ്ങള്‍ (The 'rules' of English and the rule of English)എന്ന നിലയിലേക്ക് പരിണമിച്ചെത്തിയതിന്റെ ചരിത്രപ്രക്രിയ എന്താണ് എന്നതിനെല്ലാമുള്ള വിശദീകരണങ്ങളായിത്തീരുന്നുണ്ട് ഫിലിപ്സന്റെ ഇടപെടല്‍. ഒരിക്കല്‍ ബ്രിട്ടീഷ് ഭരണമാണ് (ബ്രിട്ടാനിയ) നയിച്ചതെങ്കില്‍ ഇന്ന് ലോകത്തെ, വിശേഷിച്ചും കൊളോണിയല്‍ ഭൂതകാലമുള്ള മൂന്നാം ലോകത്തെ ഇംഗ്ലീഷാണ് ഭരിക്കുന്നത്. ഏതോ കൊളോണിയല്‍ ഭൂതകാലത്തിലെ ഇംഗ്ലീഷ് വ്യാപനത്തെക്കുറിച്ചുള്ള കണക്കെടുപ്പു മാത്രമല്ല, ഇവിടെ നടക്കുന്നതെന്നു വ്യക്തം. നിലനില്‍ക്കുന്ന പുത്തന്‍ സാമ്രാജ്യത്വത്തെക്കുറിച്ചാണ് ഇവിടത്തെ ആലോചന. രാഷ്ട്രീയമായ കോളനീകരണത്തിന്റെ നേരിട്ടുള്ള ഘട്ടത്തില്‍നിന്നു പുതിയ കോളനീകരണഘട്ടം എങ്ങനെ വേറിടുന്നുവെന്നും അതിനടിത്തറയൊരുക്കുന്നതില്‍ കോളനീകരണ പ്രക്രിയയുടെ പങ്കെന്തായിരുന്നുവെന്നും അത് എങ്ങനെ ഇപ്പോള്‍ തുടരുന്നുവെന്നതുമാണ് ഈ വിഷയം. രാഷ്ട്രീയവും സൈനികവും സാമ്പത്തികവും സാംസ്‌കാരികവുമായ നിര്‍ണയന മാനദണ്ഡമായി ഇംഗ്ലീഷ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന അന്വേഷണമാണിത്. അഥവാ ഇംഗ്ലീഷില്ലാതെ പുരോഗതിയും വികസനവും സംസ്‌കാരവുമില്ല എന്ന ബോധം മാനസികമായി ഉറച്ചിരിക്കുന്നു. പുതിയ സാമ്രാജ്യത്വത്തിന്റെ ആഗ്രഹലോകം ഈ ഇംഗ്ലീഷ് ബോധമാണ്. ഈ അബോധത്തിലാണ് ഓരോ നിര്‍മ്മിതിയും നടന്നു കൊണ്ടിരിക്കുന്നത്. ഒന്നും രണ്ടും മൂന്നും ലോകാനുഭവങ്ങളില്‍ വ്യത്യസ്തതകളുണ്ടാകാമെങ്കിലും ഇവിടെയെല്ലാം ഇംഗ്ലീഷിനാലുള്ള ഏകലോകനിര്‍മ്മിതി നടന്നുകൊണ്ടിരിക്കുന്നു. സൈനിക പ്രക്രിയകള്‍ക്കപ്പുറം ഉറച്ചുപോയ മാനസിക പ്രക്രിയ ഇളക്കുകയെന്ന പണിയെയാണ് യഥാര്‍ത്ഥത്തില്‍ അപകോളനീകരണം എന്നു വിളിക്കേണ്ടിവരുന്നത്. വിഖ്യാത കെനിയന്‍ എഴുത്തുകാരനായ എന്‍ഗൂഗിയുടെ പ്രശസ്തമായ കൃതിയുടെ തലക്കെട്ട് 'മനസ്സിന്റെ അപകോളനീകരണം' (ഡീ കോളനൈസിംഗ് ദ മൈന്‍ഡ്) എന്നായത് യാദൃച്ഛികതയല്ല.
ഭാഷാപരമായ സാമ്രാജ്യത്വം എന്ന പുസ്തകം ഇംഗ്ലീഷ് അധ്യയനമെന്ന (ELT-English Language Teaching) തൊഴിലിന്റെ ചരിത്രപരവും രാഷ്ട്രീയവും ബൗദ്ധികവുമായ വേരുകളെ വെളിവാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ഫില്ലിപ്സണ്‍ ആമുഖത്തില്‍ത്തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇതിനായി ഒരു നീണ്ടനിര ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വര്‍ത്തമാന സാഹചര്യവും വര്‍ത്തമാനത്തിലെ ഇംഗ്ലീഷുമാണ് ഇവിടെ സംബോധന ചെയ്യപ്പെടുന്നത് എന്നതാണ് ഈ പഠനത്തിന്റെ ഏറ്റവും പ്രധാന വ്യതിരിക്തത. മൂന്നാം ലോക രാജ്യങ്ങളില്‍ ഇംഗ്ലീഷിന്റെ റോള്‍ എന്താണ്? ചില അപവാദങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇതര ഭാഷകള്‍ എന്തുകൊണ്ട് പുഷ്ടിപ്രാപിച്ചില്ല? എങ്ങനെയാണ്, എന്തുകൊണ്ടാണ് ഇംഗ്ലീഷിന്റെ സ്ഥാനം ബലപ്പെട്ടത്? ഈ 'പുരോഗതി'യെ വ്യാപിപ്പിക്കുന്നതില്‍ വിദേശഭാഷാ പണ്ഡിതരുടെ പങ്കും നിലപാടും എന്തായിരുന്നു? കൊളോണിയല്‍ ഭാഷയുടെ തുടര്‍ച്ചയായ ഉപയോഗത്തിന് ഉന്നയിക്കപ്പെട്ട/ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാദങ്ങള്‍ എന്തൊക്കെയാണ്? വിദ്യാഭ്യാസത്തിലെ നയം രൂപപ്പെടുന്നതില്‍ ആരുടെ താല്‍പ്പര്യങ്ങളാണ് പ്രവര്‍ത്തിക്കുന്നത്? വിദ്യാഭ്യാസ സഹായ പദ്ധതികള്‍ക്ക് (aid) ഏതു തരത്തിലുള്ള ദീര്‍ഘകാല സ്വീകാര്യതയാണ് ഉണ്ടായിരിക്കുന്നത്? അടിത്തട്ടിലുള്ള ഇംഗ്ലീഷ് ഭാഷാ പഠിപ്പിക്കല്‍ (ELT) എന്ന തൊഴിലിനെ ആഗോള അസമത്വത്തിന്റെ വിശാല തലത്തിലേക്ക് എങ്ങനെ ബന്ധപ്പെടുത്താന്‍ കഴിയും? നീതിരഹിതമായ മനുഷ്യ വിഭജനത്തെ (fruits of the earth & products of human labour എന്ന നിലയില്‍) നിര്‍മ്മിച്ചെടുക്കുന്നതില്‍ ഇതുമായി ബന്ധപ്പെട്ട എന്തൊക്കെ നൈതിക പ്രശ്‌നങ്ങളാണ് ഉന്നയിക്കാന്‍ കഴിയുക? ഇംഗ്ലീഷിന്റെ ആഗോളപങ്ക്, ഭാഷാബോധന ശാസ്ത്രം, ഈ ഭാഷയുടെ വ്യാപനത്തിനു ചെയ്ത ഫണ്ടിംഗ് ഇവയെല്ലാം രാഷ്ട്രീയ, സാമ്പത്തിക, സൈനിക, സാംസ്‌കാരിക സമ്മര്‍ദ്ദങ്ങള്‍ക്ക് സഹായകമായത് എങ്ങനെയൊക്കെയാണെന്നതിനെ എത്തരത്തിലാണ് വസ്തുതാപരമായും സൈദ്ധാന്തികമായും സ്ഥാപിക്കാന്‍ കഴിയുക? അന്തര്‍ദ്ദേശീയ-ദേശീയ-ഗ്രൂപ്പ്-വ്യക്തി തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളുടെ ഘടനയും പ്രക്രിയയും വ്യക്തിപരമായ അനുഭവതലത്തിനപ്പുറം എങ്ങനെ സൂക്ഷ്മമായി വിശദമാക്കാന്‍ കഴിയും? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടലാണ് യഥാര്‍ത്ഥത്തില്‍ ഭാഷാപരമായ സാമ്രാജ്യത്വം എന്നതിലേക്കു വികസിക്കുന്നത്. ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗത്തുനിന്നുമുള്ള വസ്തുതാപരമായ ഉപാദാനങ്ങളാല്‍ ഈ പഠനം നിറഞ്ഞിരിക്കുന്നു. പ്രാഥമിക ഉപാദാനശേഖരണം, അവയുടെ വിശകലനം, വ്യാഖ്യാനം, സൈദ്ധാന്തീകരണം എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു മികച്ച പി.എച്ച്.ഡി പ്രബന്ധത്തിന്റെ രീതിശാസ്ത്രമാതൃകകൂടി നമുക്കു സമ്മാനിക്കുന്നുണ്ട്. ഈ പഠനത്തിന്റെ സൈദ്ധാന്തിക ചട്ടക്കൂട് നിരവധി ഡിസിപ്ലിനുകളില്‍നിന്ന് ഉരുത്തിരിഞ്ഞിട്ടുള്ളതാണ്. സാമൂഹ്യശാസ്ത്രത്തില്‍നിന്നുള്ള സാമ്രാജ്യത്വ സിദ്ധാന്തങ്ങള്‍, സംസ്‌കാര സങ്കല്പനങ്ങള്‍, ഭാഷയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, സ്റ്റേറ്റിനേയും അധീശത്വത്തേയും കുറിച്ചുള്ള വിചാരങ്ങള്‍ എന്നിവയും ഭാഷാമാനവിക ശാസ്ത്രത്തില്‍നിന്ന് ഭാഷാധ്യയന സിദ്ധാന്തങ്ങള്‍, ബോധനശാസ്ത്രം, വിദ്യാഭ്യാസ ഭാഷാസൂത്രണം, ഭാഷാശാസ്ത്രം, ഭാഷാമനുഷ്യാവകാശം ഉള്‍പ്പെടെയുള്ള  മനുഷ്യാവകാശ സങ്കല്പങ്ങള്‍ എന്നിവയെല്ലാം ഇത്തരമൊരു പഠനത്തിന്റെ ഭാഗമാണ്.
ഇംഗ്ലീഷിന് മേധാവിത്വമുണ്ട്; എവിടെയെല്ലാം? സാങ്കേതികവിദ്യയും വൈദ്യവും കംപ്യൂട്ടര്‍   മേഖലയുള്‍പ്പെടുന്ന ശാസ്ത്രരംഗത്ത്, ബുക്കുകളും മാസികകളും സോഫ്റ്റ്വെയറുകളും ഉള്‍പ്പെടുന്ന ഗവേഷണ മേഖലയില്‍, രാജ്യാതീത വാണിജ്യ, വ്യാപാര, തുറമുഖ, ഏവിയേഷന്‍ മേഖലകളില്‍, നയതന്ത്രത്തില്‍, അന്താരാഷ്ട്ര സമിതികളില്‍, മാസ് മീഡിയയില്‍, വിനോദങ്ങളില്‍, വാര്‍ത്താ ഏജന്‍സികളുള്‍പ്പെടെയുള്ള ജേര്‍ണലിസത്തില്‍, സ്പോര്‍ട്സില്‍, യുവജന സാംസ്‌കാരിക മേഖലകളില്‍, വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍-എല്ലായിടത്തും ഇംഗ്ലീഷിന് ആധിപത്യമുണ്ട്. ആദ്യഘട്ടങ്ങളില്‍ വ്യാപാരം, മതം എന്നീ ആവശ്യങ്ങള്‍ക്കായി അറബി, ചൈനീസ്, പോര്‍ട്ടുഗീസ്, ഫ്രഞ്ച് ഭാഷകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇംഗ്ലീഷിന്റെ വ്യാപനം 'അനന്യ'മായിരുന്നു. ഇംഗ്ലീഷുകാരുടെ ഭൂമിശാസ്ത്രപരമായ എത്തിപ്പെടലും വ്യാപനവുംപോലെ ഇംഗ്ലീഷും വ്യാപിച്ചു. അന്താരാഷ്ട്ര വാര്‍ത്താവിനിമയത്തിന്റെ രീതികളെ കംപ്യൂട്ടര്‍ വ്യാപനം തകിടംമറിച്ചുവെന്ന് നമുക്കറിയാം. ഇന്ന് ഇംഗ്ലീഷിന്റെ വ്യാപനവുമായി ഇതിനെ നേരിട്ടു ബന്ധപ്പെടുത്തുന്നു. സാമ്പത്തികവും രാഷ്ട്രീയവും ബൗദ്ധികവും സാമൂഹികവുമായ ശക്തികള്‍ ഇംഗ്ലീഷിനെ തള്ളിക്കൊണ്ടുവരുന്നു. ഇംഗ്ലീഷ് ഭാഷാധ്യയനം ഇതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു.

1600-ലെ ഒരു ന്യൂനപക്ഷ ഭാഷ എന്ന നിലയില്‍നിന്നു കഴിഞ്ഞ നാലു നൂറ്റാണ്ടില്‍ അന്താരാഷ്ട്ര വിനിമയത്തിലെ ഒന്നാം ഭാഷയായി ഇംഗ്ലീഷ് മാറിത്തീര്‍ന്നു. 17, 18, 19 നൂറ്റാണ്ടുകളിലെ 'ദ്വിഗ്വിജയ'ങ്ങളാണ്-കോളനീകരണവും വ്യാപാരവും-അതിനു കാരണമായത്. ഈ ഇംഗ്ലീഷ് വല്‍ക്കരണത്തിന്റെ തോത് പിന്നീട് കുറയുകയല്ല, കൂടുകയാണുണ്ടായത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യു.എസ്. ലോക അധികാരകേന്ദ്രവും സാങ്കേതികവിദ്യയുടെ നേതാവുമായിത്തീര്‍ന്നതിനുശേഷം ഇതിന് ആക്കം കൂടി. 1950-1970 കാലത്താണ് സര്‍ക്കാരും സ്വകാര്യ ഫൗണ്ടേഷനുകളും ഒരു ഭാഷയുടെ വ്യാപനത്തിനായി ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ട് ഉപയോഗിക്കുന്നത്. കോളനീകരണത്തിന് ഈ പ്രക്രിയയില്‍ നിശ്ചയമായും വലിയ പങ്കുണ്ടെന്നും അതിന്റെ തുടര്‍ച്ച നിലനില്‍ക്കുന്നുവെന്നും തിരിച്ചറിയുമ്പോള്‍ത്തന്നെ, കോളനീകരണഘട്ടത്തെക്കാള്‍ ഇംഗ്ലീഷ് വ്യാപനം പിന്നീടാണുണ്ടായതെന്നത് കാണാതിരുന്നു കൂടാ. വികസനമെന്നാല്‍ ഇംഗ്ലീഷ് എന്നുതന്നെയും ഇംഗ്ലീഷ് എന്നു മാത്രവും അര്‍ത്ഥമാകുന്ന ഘട്ടമാണിത്. കൊളോണിയല്‍ ഘട്ടത്തില്‍ ഇംഗ്ലീഷിന്റെ വ്യാപനം നിര്‍ബന്ധിതമായ ഒരു പ്രവര്‍ത്തനമായിരുന്നെങ്കില്‍ ഇന്നു മാര്‍ക്കറ്റ്, ഡിമാന്റ്, അതിനെ നിയന്ത്രിക്കുന്ന ശക്തികള്‍ എന്നിവ പ്രധാനമാകുന്നു. ഇംഗ്ലീഷിനെ സംബന്ധിച്ച ഈ 'വസ്തുത'കളും 'യാഥാര്‍ത്ഥ്യ'ങ്ങളും അവബോധപരമായിത്തന്നെ സാമാന്യബോധത്തിന്റേതാണ്. കീഴടക്കപ്പെട്ടവര്‍, അവരെ സംബന്ധിച്ചിടത്തോളം കീഴടങ്ങുകയെന്നത് അവരുടെ താല്‍പ്പര്യമല്ലെങ്കിലും ഈ അധീശത്വ പ്രത്യയശാസ്ത്രംതന്നെ ആന്തരികവല്‍ക്കരിക്കപ്പെടും. അധീശത്വത്തിന്റെ പ്രവര്‍ത്തന രീതിയാണിത്. വിദ്യാഭ്യാസ ഭാഷാസൂത്രണത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. സാമാന്യബോധത്തെ ശാസ്ത്രീയധാരണയായി സ്വീകരിച്ചു. ഇ.എല്‍.ടി. എന്ന അന്താരാഷ്ട്ര പദ്ധതിയുടെ പല വാദങ്ങളും സംശയാസ്പദങ്ങളുമായിരുന്നു. ഇംഗ്ലീഷിനും ഇംഗ്ലീഷധ്യാപകര്‍ക്കും മേല്‍ വലിയ തോതിലുള്ള ഡിമാന്റ് സൃഷ്ടിക്കപ്പെട്ടു. ഒരുകാലത്ത് പടക്കപ്പലുകളും നയതന്ത്രജ്ഞരുമാണ് കയറ്റിയയക്കപ്പെട്ടതെങ്കില്‍ ഇന്ന് ഇംഗ്ലീഷ് അധ്യാപകരെയാണ് കയറ്റിയയക്കുന്നത്. ആഗോള മുതലാളിത്തത്തിന്റെ ഏറ്റവും അവശ്യവസ്തു ഇംഗ്ലീഷാണെന്നതാണ് ഇതിനു കാരണം. 'ഒരു രാജ്യവും വിദൂരമല്ല, അപ്രധാനവുമല്ല'എന്ന യു.എസ്. നിലപാട് കേവലം നിരുപദ്രവകരമായ ഒരു പ്രസ്താവന മാത്രമല്ല. കൊളോണിയല്‍ ഭൂതകാലമില്ലാത്ത രാജ്യങ്ങളില്‍ രണ്ടാം ഭാഷയെന്ന നിലയിലും വിദേശഭാഷയെന്ന നിലയിലും ഇംഗ്ലീഷ് പഠിക്കുന്നതിന്റെ തോതും തരവും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനുള്ള നീതികരണയുക്തി പുത്തന്‍ സാമ്രാജ്യത്വത്തിന്റെ നിലനില്‍പ്പുയുക്തി തന്നെയാണ്. കോളനീകരണ ഭൂതകാലമുള്ള രാജ്യങ്ങളില്‍ എവിടെയൊക്കെ ഇംഗ്ലീഷ് അധികാരത്തിന്റേയും ആധിപത്യത്തിന്റേയും ഭാഷയായിരിക്കുന്നുവോ അവിടെയെല്ലാം സാമ്പത്തികനില തകരാറിലാണ്. അന്താരാഷ്ട്ര അധികാര വടംവലിയില്‍ ഈ രാഷ്ട്രങ്ങള്‍ ഏറെ പിറകിലുമാണ്. സ്വന്തം ഭാഷയിലൂടെയല്ലാതെ ആസൂത്രണവും പുരോഗതിയും സാധ്യമാകില്ല എന്നതിന്റെ എതിര്‍പാഠം കോളനികളെ പുതിയ ഘട്ടത്തിലും നിലനിര്‍ത്തുന്നു; അവ രാഷ്ട്രീയാധികാരം നേടി സ്വതന്ത്രമായെങ്കിലും.
ഇംഗ്ലീഷ് ഭാഷാധ്യയനത്തിന്റെ ഫണ്ടിംഗിനെക്കുറിച്ചു സൂചിപ്പിച്ചു. ഇത് ഇംഗ്ലീഷ് ഭാഷയും സാഹിത്യവും സൗന്ദര്യശാസ്ത്രവും പഠിക്കാനാണെന്നൊന്നും തെറ്റിദ്ധരിച്ചുകൂടാ. ചില പ്രത്യേക കാര്യങ്ങള്‍ക്കുമാത്രം ഫണ്ട് ചെയ്യപ്പെടുന്നു. ഇംഗ്ലീഷ് പഠനത്തിനുള്ള ഫണ്ടിംഗ് പ്രാഥമികമായി ശാസ്ത്രസാങ്കേതിക വിദ്യാപഠനത്തിനായുള്ള ഇംഗ്ലീഷിനുവേണ്ടിയാണ്. രണ്ടാമതായി ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസത്തിനും മൂന്നാമതായി ചില പ്രത്യേക മേഖലകളിലെ ടെക്നിക്കല്‍ ട്രെയിനിംഗിനുമാണ്.

യൂറോപ്പ്, അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം രാജ്യങ്ങളെ ഓരോന്നായെടുത്ത് അവിടത്തെ ഇംഗ്ലീഷ് ഭാഷാധ്യയനത്തിന്റെ ചരിത്രവും വര്‍ത്തമാനവും വിശദമായി പരിശോധിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനു മുന്‍പുള്ളതിനെക്കാള്‍ കോളനിഭാഷ ഇന്നു പ്രധാനവും പ്രിയപ്പെട്ടതുമായിത്തീരുന്ന അവസ്ഥ നിലവിലുണ്ടെന്ന് ഈ ഭാഷാക്രമത്തെ, ആഫ്രിക്കന്‍ ഭാഷാ ബ്യൂറോ സവിശേഷം നിരീക്ഷിക്കുന്നുണ്ട്. മര്‍ദ്ദകഭാഷയും മര്‍ദ്ദിതഭാഷയും തമ്മിലുള്ള ഈ അധികാരബന്ധത്തെ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ തിരിച്ചറിയുന്നു, ചെറുക്കാന്‍ ശ്രമിക്കുന്നു. കൂടുതല്‍ അടികൊണ്ടവര്‍ക്കാണല്ലോ കൂടുതല്‍ ആഴത്തിലുള്ള അനുഭവങ്ങളും ഓര്‍മ്മകളും തിരിച്ചറിവുകളുമുണ്ടാവുക! ആഫ്രിക്കന്‍ ഭാഷകള്‍ക്കും സാഹിത്യങ്ങള്‍ക്കും വേണ്ടിയുള്ള എറിത്രിയ/അസ്മാറ പ്രഖ്യാപനം ഇവിടെയോര്‍ക്കാം. ഭാഷാചരിത്രത്തിലും ഭാഷാസമരത്തിലും നിര്‍ണ്ണായകമായ ഈ സമ്മേളനപ്രഖ്യാപനം, ''ആഫ്രിക്കന്‍ മനസ്സിന്റെ അപകോളനീകരണം രാഷ്ട്രീയത്തിന്റേയും സമ്പദ്ശാസ്ത്രത്തിന്റേയും അപകോളനീകരണത്തോട് ഒത്തുപോകുന്നു'' എന്നതില്‍ ഊന്നുന്നുണ്ട്. അപകോളനീകരണവും നവോത്ഥാനവും തദ്ദേശീയ ഭാഷയിലല്ലാതെ മറ്റൊരു ഭാഷയിലും സാധ്യമാവില്ല എന്ന അടിസ്ഥാന പാഠം കൂടിയാണ് ഈ പ്രഖ്യാപനം.
വിവിധ ഭാഷകളെ പിന്തുണയ്ക്കുന്ന നയമാണ് ഒരു രാജ്യത്തിന്റേതെന്നിരിക്കട്ടെ. എന്നാല്‍, അധ്യാപക പരിശീലനം, കരിക്കുല വികസനം എന്നിവ മുതല്‍ സ്‌കൂള്‍ ടൈംടേബിള്‍ വരെ ഇംഗ്ലീഷ് മാതൃക സ്വീകരിക്കുന്നു. ചുരുക്കത്തില്‍ ഇതെല്ലാം മറ്റു ഭാഷകളില്‍ ചെയ്യുന്നതിനെക്കാള്‍ നല്ലത്, ഇതിനെല്ലാം യോജിച്ചത് ചരിത്രപരവും സമകാലികവുമായ കാരണങ്ങളാല്‍ ഇംഗ്ലീഷാണ് എന്ന പൊതുബോധം ഉറച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ നാം പൊതുവിദ്യാലയ സംരക്ഷണത്തെക്കുറിച്ച് പറയുന്നു. എന്നാല്‍, അതിന്റെ മാധ്യമത്തെക്കുറിച്ച് ഉറക്കെപ്പറയാന്‍ കഴിയുന്നില്ല. അഥവാ, ഇംഗ്ലീഷ് മാധ്യമത്തിലേക്കുള്ള ഒഴുക്ക് ശക്തമായതുകൊണ്ടുകൂടിയാണ് പൊതുവിദ്യാഭ്യാസം ഈ നിലയിലെങ്കിലും നിലനില്‍ക്കുന്നത്! മാനസികമായ കോളനീകരണത്തിനും പ്രയോജനവാദത്തിനും പൊതുബോധത്തിനും ഉദാഹരണങ്ങള്‍ തേടി നമുക്ക് മറ്റെവിടെയും പോകേണ്ടതില്ല. കോളനീകരണം, അപകോളനീകരണം, തദ്ദേശീയ ആസൂത്രണവും വികസനവും നവോത്ഥാനം എന്നൊക്കെ നിരന്തരം പറയുന്ന, സവിശേഷ വികസന മാതൃക അവകാശപ്പെടുന്ന ഒരു ജനതയുടെ പരിണാമം ഇതാണെങ്കില്‍ ലോകത്തെമ്പാടും മറ്റെന്താണ് നടന്നുകൊണ്ടിരിക്കുന്നത്!
യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഭാഷാവിവേചനമാണ് (linguistic) നടക്കുന്നത്. ഈ ഭാഷാവിവേചനം രാഷ്ട്രീയമായി ന്യായീകരിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. ഭാഷാബോധത്തിന്റെ തലത്തിലും ബോധനസമ്പ്രദായത്തിന്റെ തലത്തിലും ഇതു ന്യായീകരിക്കപ്പെടുന്നു. കുട്ടികളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചു പറയുന്ന ഒരാളും കുട്ടികളുടെ ഭാഷാവകാശത്തെക്കുറിച്ച് സംസാരിക്കാറില്ല. ഇംഗ്ലീഷ് കേന്ദ്രിതത്വം (ആംഗ്ലോ സെന്‍ട്രിസിറ്റി), പ്രൊഫഷണലിസം ഇവ രണ്ടും ഇംഗ്ലീഷിനെ ന്യായീകരിക്കുന്നു. അധീശത്വത്തിന്റേയും മര്‍ദ്ദകത്വത്തിന്റേയും ഘടനയാണ് ഇതിലൂടെ ന്യായീകരിക്കപ്പെടുന്നത്. ഇംഗ്ലീഷും മറ്റു ഭാഷകളും തമ്മിലുള്ള ഘടനാപരമായും സാംസ്‌കാരികവുമായ അസമത്വങ്ങളെ യുക്തിവല്‍ക്കരിക്കുന്നു. ഇംഗ്ലീഷ് ഭാഷാധ്യയനത്തിനു ചുറ്റുമുള്ള തൊഴില്‍വ്യവഹാരം സംസ്‌കാരത്തെ ഘടനയില്‍നിന്ന് വിച്ഛേദിക്കുന്നു. ബോധന സമ്പ്രദായത്തിന്റെ രീതിശാസ്ത്രത്തില്‍ മാത്രം ഊന്നുക വഴി വിദ്യാഭ്യാസത്തേയും ഭാഷയേയും അതിന്റെ ഇടുങ്ങിയ ഇടത്തില്‍ മാത്രം കാണുന്നു. നമ്മുടെ നാട്ടില്‍ നടക്കുന്ന പ്രവര്‍ത്തനമാണിത്. ഇത്, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഘടകങ്ങളെ പുറത്തുനിര്‍ത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നു.
ചൂഷണത്തെ തിരിച്ചറിയാനുള്ള വിശാലമായ സിദ്ധാന്തമെന്ന നിലയിലാണ് 'ഭാഷാപരമായ സാമ്രാജ്യത്വ'ത്തെ കാണേണ്ടത്. സാമ്രാജ്യത്വത്തെ, മുതലാളിത്തത്തിന്റെ കുത്തകാവകാശഘട്ടം എന്ന് ഒറ്റവാക്യത്തില്‍ നിര്‍വ്വചിച്ചത് ലെനിനാണ്. കൊള്ളയടിച്ച കോളനികള്‍ നിലനിര്‍ത്താനുള്ള യുദ്ധത്തിന്റെ പേരാണത്. സാമ്രാജ്യത്വ ചര്‍ച്ചകള്‍ സാമ്പത്തികമെന്നതില്‍നിന്ന് രാഷ്ട്രീയ, സാമൂഹ്യ, പ്രത്യയശാസ്ത്ര ചര്‍ച്ചകളിലേക്ക് പിന്നീട് പരിണമിക്കുന്നുണ്ട്. പുതിയ കോളനീകരണഘട്ടത്തില്‍ മര്‍ദ്ദകര്‍ മാറുന്നുണ്ടാകാം. ഒരുപക്ഷേ, ആരെന്ന് നേരിട്ടു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയുമുണ്ടാകാം. സൈന്യത്തിന്റെ പണി അതിനെക്കാള്‍ ഭംഗിയായി ഇംഗ്ലീഷ് എന്ന ഉപകരണം ഏറ്റെടുത്തിരിക്കുന്നു.

ലിംഗം, ദേശീയത്വം, വംശം, വര്‍ഗ്ഗം, ജാതി, വരുമാനം, ഭാഷ എന്നിവയിലെല്ലാം അസമത്വങ്ങള്‍ നിറഞ്ഞതാണ് ലോകാവസ്ഥ. ഇംഗ്ലീഷ് ഭാഷാ സാമ്രാജ്യത്വവും ഈ അസമത്വങ്ങളും (രാഷ്ട്രീയ സാമ്പത്തികാസമത്വങ്ങള്‍) തമ്മിലുള്ള ബന്ധത്തെ അന്വേഷിക്കുകയെന്നത് പ്രധാനമാണ്. ഇതു നമ്മെ ഇംഗ്ലീഷ് ഭാഷാധ്യാപനത്തിന്റെ നീതികരണയുക്തികളേയും അതിന്റെ ഘടനാവിശേഷങ്ങളേയും അന്വേഷിക്കുന്ന തിലേക്കെത്തിക്കും. ഇംഗ്ലീഷ് ഭാഷാധ്യയനം സ്വയമേ ചായ്വുകളില്ലാത്തതും രാഷ്ട്രീയമുക്തവു മാണെന്നവകാശപ്പെടുമെങ്കിലും അതിലെ അസമത്വങ്ങള്‍ വെളിവാക്കുകയെന്നത് പ്രധാന പ്രവര്‍ത്തനമാണ്. ഇംഗ്ലീഷും ഇതര ഭാഷകളും തമ്മിലുള്ള ഘടനാപരവും സാംസ്‌കാരികവുമായ അസമത്വങ്ങള്‍ സമര്‍ത്ഥനങ്ങളിലൂടെയും നിലനിര്‍ത്തലുകളിലൂടെയും സ്ഥാപനവല്‍ക്കരിക്കപ്പെടുകയും പുന:സംഘാടനം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇംഗ്ലീഷിന്റെ ഈ മേല്‍ക്കോയ്മാ സ്ഥാപനത്തേയും ആധിപത്യത്തേയുമാണ് ഭാഷാപരമായ സാമ്രാജ്യത്വമെന്നു നിര്‍വ്വചിക്കാന്‍ കഴിയുന്നത്. ഭാഷാ സമൂഹങ്ങള്‍ തമ്മില്‍ വിഭവങ്ങളുടേയും അധികാരത്തിന്റേയും അസന്തുലിതവും അസമത്വം നിറഞ്ഞതുമായ വിഭജനങ്ങള്‍ നിര്‍മ്മിക്കുക, അതിനെ ന്യായീകരിക്കാനും ഫലവത്താക്കാനും പുനരുല്‍പ്പാദിപ്പിക്കാനും പ്രത്യയശാസ്ത്രങ്ങള്‍, ഘടനകള്‍, പ്രയോഗ പദ്ധതികള്‍ ഇവ ഉപയോഗിക്കുക എന്നതാണ് ഭാഷാപരമായ സാമ്രാജ്യത്വത്തിന്റെ പ്രവര്‍ത്തനരീതി. ഇത് ഭാഷാവിവേചനത്തിനുള്ള ഉദാഹരണം കൂടിയാണ്. ഭാഷയുടേയോ ഭാഷാഭേദത്തിന്റേയോ അടിസ്ഥാനത്തിലുള്ള വിവേചനത്തെക്കുറിച്ച് 1980-കളില്‍ ടോവ് സ്‌കട്നാബ് കാംഗസ് നിരവധി അന്വേഷണങ്ങളിലേര്‍പ്പെടുന്നുണ്ട്. വംശം, ലിംഗം, വര്‍ഗ്ഗം എന്നിവയുടെ പേരിലുള്ള വിവേചനം പോലെ തന്നെയാണ് ഭാഷാവിവേചനവുമെന്ന് അവര്‍ പറയുന്നുണ്ട്. ഭാഷാപരമായ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഭാഷാവിവേചനത്തില്‍ ഊന്നുന്നുണ്ട് ഫില്ലിപ്സണ്‍.
ഭാഷാമരണമെന്ന 'പ്രകൃതി പ്രതിഭാസ'ത്തെ രാഷ്ട്രീയവല്‍ക്കരിച്ചുവെന്നതാണ് സ്‌കട്നാബ്- കാംഗസിന്റെ ഇടപെടലിനെ പ്രധാനമാക്കുന്നത്. ഭാഷാമരണം, ഭാഷയുടെ ആത്മഹത്യ എന്നീ സങ്കല്പങ്ങളെ അവര്‍ വിമര്‍ശിക്കുന്നു. ഭാഷ മരിക്കുകയല്ല, കൊല്ലപ്പെടുകയാണ്. ഭാഷാമരണവും സകര്‍ത്തൃകമായ ഭാഷാക്കൊലപാതകവും രണ്ടുവിചാരമാതൃകകളാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഈയൊരു തിരിച്ചറിവ് റോബര്‍ട്ട് ഫില്ലിപ്സണിനുമുണ്ട്. 'വിദ്യാഭ്യാസരംഗത്തു വേണ്ടത് ഭാഷാപരമായ വംശഹത്യയോ ലോകവ്യാപകമായ വൈവിധ്യവും മനുഷ്യാവകാശവുമോ' എന്ന സ്‌കട്നാബ്-കാംഗസിന്റെ ഗ്രന്ഥം പില്‍ക്കാല വഴിത്തിരിവുമാകുന്നു. അവര്‍ ഫില്ലിപ്സണോടൊപ്പം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയും നിരവധി രചനകള്‍ ഗ്രന്ഥരൂപത്തില്‍ത്തന്നെ പുറത്തുവരികയുമുണ്ടായിട്ടുണ്ട്.
ഇംഗ്ലീഷ് ആധിപത്യത്തിനെതിരെ ലോകമെമ്പാടും നടന്ന, നടന്നുകൊണ്ടിരിക്കുന്ന സമര ചരിത്രത്തെ ഭാഷാപരമായ സാമ്രാജ്യത്വ ചര്‍ച്ചകളിലേക്ക് ഫില്ലിപ്സണ്‍ പ്രവേശിപ്പിക്കുന്നുണ്ടെന്നത് വളരെ പ്രധാനമാണ്. സ്വയം ജനിച്ചു ജീവിച്ച് മരിച്ചുപോകുന്നതല്ല ഭാഷയെന്നും ഭാഷയിലെ ഇടപെടലും ഇതര പ്രവര്‍ത്തനങ്ങളുമാണ് ഭാഷയെ ജീവനുള്ളതായി നിലനിര്‍ത്തുന്നതെന്നുമുള്ള രാഷ്ട്രീയ പാഠമാണത്. ഭാഷയുടെ ഭാവിയെക്കുറിച്ചുള്ള വിചാരം ഭാഷയ്ക്കുവേണ്ടിയുള്ള സമരത്തിന്റെ സന്ദര്‍ഭമാകുന്ന അപകോളനീകരണ പ്രക്രിയയെയാണ് പ്രവര്‍ത്തനപഥത്തില്‍ ഇത് ലക്ഷ്യമാക്കുന്നത്. ഭാഷ, സാമ്രാജ്യത്വം എന്നീ വിശകലനങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രത്യയശാസ്ത്രബദ്ധങ്ങളായ അടിസ്ഥാന പദാവലികളെ അപകോളനീകരിക്കുകയും അപനിര്‍മ്മിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനവും ഇവിടെ നടക്കുന്നുണ്ട്. യൂറോ കേന്ദ്രീകൃത ആശയാവലികളുടെ വംശീയതാ സ്ഥാപന മാതൃകയില്‍നിന്നും വിടുതല്‍ നേടിയ പദാവലികളായാണ് ഭാഷാപരമായ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇവ പ്രവര്‍ത്തിക്കുന്നത്. സൈദ്ധാന്തികവും രാഷ്ട്രീയവുമായ ജാഗ്രതയുടെ ഈ ഉള്ളടക്കം നമ്മുടെ ദൈനംദിന അനുഭവലോകത്തും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളിലുമാണ് ജീവന്‍വെച്ചു തുടങ്ങേണ്ടത്.

ഗ്രന്ഥസൂചി:
ഗൂഗി വാ തിഓംഗോ, 2007, മനസ്സിന്റെ അപകോളനീകരണം (വിവര്‍ത്തനം: ബിജുരാജ്, ബിനുരാജ്, ബിനു ഇടനാട്) ഗ്രാംഷി ബുക്‌സ്, കൊല്ലം.
പവിത്രന്‍ പി., 2014, മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം, മലയാള ഐക്യവേദി, ചെറുതുരുത്തി.
സേതുരാമന്‍ കെ., 2011, മലയാളത്തിന്റെ ഭാവി, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്.
Phillipson, Robert, 1992, Linguistic, Imperialism, Oxford University Press.
Skutnabb - Kangas,Tove., 2008, Linguistic Genocide in Education or Worldwide Diversity and Human Rights, Orient Longman.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com