നമ്പി നാരായണന്റെ  വീട്: കെആര്‍ മീര എഴുതുന്നു 

എന്റെ കണ്‍മുന്‍പില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട വാര്‍ത്തകളില്‍ ആദ്യത്തേതാണ് ചാരക്കേസ്.
നമ്പി നാരായണന്റെ  വീട്: കെആര്‍ മീര എഴുതുന്നു 

ദീര്‍ഘകാലം 'മനോരമ'യുടെ നാരായവേരും കെ. കരുണാകരന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു കെ.ആര്‍. ചുമ്മാര്‍. മനോരമയെക്കുറിച്ച് ചുമ്മാര്‍ സാറിന്റെ ഒരു ആത്മവിമര്‍ശനമുണ്ട്: ''ചില വാര്‍ത്തകള്‍ സംഭവിക്കുമ്പോള്‍ നമ്മള്‍ കയ്യുംകെട്ടി മാറി നില്‍ക്കും. പക്ഷേ, മറ്റെല്ലാവരും രംഗത്തുണ്ട് എന്നറിഞ്ഞാല്‍ പിന്നെ ക്ഷമിക്കുന്ന പ്രശ്‌നമില്ല. ചാടിവീണ് ഒരു ബലാത്സംഗമാണ്.''

അങ്ങനെ എന്റെ കണ്‍മുന്‍പില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട വാര്‍ത്തകളില്‍ ആദ്യത്തേതാണ് ചാരക്കേസ്. മനോരമ മാത്രമല്ല, മിക്കവാറും എല്ലാ മാധ്യമങ്ങളും അതില്‍ പങ്കാളികളായിരുന്നു. സ്ത്രീകള്‍ക്ക് ഇത്തരം വലിയ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. അതിനാല്‍ വാര്‍ത്തകളുടെ സത്യാസത്യങ്ങള്‍ സംബന്ധിച്ച് നേരിട്ടുള്ള അറിവും ഉണ്ടായിരുന്നില്ല. വലിയ വലിയ വാര്‍ത്തകള്‍ വലിയ വലിയ ആണ്‍പിള്ളേര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായിരുന്നു കീഴ്വഴക്കം. 90 ബോള്‍ഡ് തലക്കെട്ടുകള്‍ ആണ്‍പിള്ളേര്‍ക്ക്. നമ്മളൊക്കെ കേവലം 12 ബോള്‍ഡ്. 'അന്ധകാരനഴിയില്‍ സന്ധ്യ കഴിഞ്ഞാല്‍ അന്ധകാരം മാത്രം', 'ഇന്നു വൈകിട്ട് അഞ്ചിന് മേലേപ്പറമ്പില്‍ ആണ്‍വീട്' എന്നിങ്ങനെയുള്ള ലീഡ് ന്യൂസുകളുടെ മഹാറാണിമാര്‍. 

പത്രപ്രവര്‍ത്തന ട്രെയിനിങ്ങിന്റെ രണ്ടാം വര്‍ഷമാണ് ചാരക്കേസ് സംഭവിച്ചത്. അതിന്റെ ആദ്യ ദിവസങ്ങള്‍ നല്ല ഓര്‍മ്മയുണ്ട്. ആദ്യ ദിവസം 'മനോരമ' അവഗണിച്ച വാര്‍ത്തയായിരുന്നു അത്. രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം മുതല്‍ എല്ലാ യൂണിറ്റുകളില്‍നിന്നും ''കെ. കരുണാകരനെ രക്ഷിക്കാന്‍ മനോരമ രാജ്യദ്രോഹ വാര്‍ത്ത മുക്കുന്നതില്‍ വ്യാപക ജനരോഷം'' എന്ന ഫീഡ്ബാക്ക് ഇരമ്പി വന്നു. ന്യൂസ് ഡെസ്‌കിലെ യുവതുര്‍ക്കികള്‍ പത്രധര്‍മ്മത്തെക്കുറിച്ചു രോഷാകുലരായി. ഏജന്റുമാരും വായനക്കാരും വിളിച്ച് ചോദ്യം ചെയ്തു. വൈകിയില്ല, മനോരമ ഗോദായിലേക്കു ചാടി വീണു. പിന്നീടുള്ള ദിവസങ്ങളില്‍ ''വീ ആര്‍ ഫാര്‍ എഹെഡ് ഓഫ് അവര്‍ റൈവല്‍സ് ഇന്‍ സ്പൈ കേസ് റിപ്പോര്‍ട്ടിങ്'' എന്ന് എല്ലാ യൂണിറ്റുകളും അവരവരെത്തന്നെ അഭിനന്ദിച്ചു. 

അങ്ങനെയിരിക്കെ, അന്നത്തെ ന്യൂസ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം എന്നെ വിളിക്കുന്നു. ''വനിതയുടെ എഡിറ്റര്‍ മണര്‍കാട് മാത്യുവിനെ ചെന്നു കാണണം''  എന്നു പറയുന്നു. ട്രെയിനിയായി ചേര്‍ന്നതു മുതല്‍ ''പത്രത്തില്‍ സ്ത്രീകള്‍ നിലനില്‍ക്കില്ല, ആദ്യ വനിത അവസാനം വനിതയില്‍ അവസാനിക്കും'' എന്നൊക്കെ സീനിയര്‍ സഹപ്രവര്‍ത്തകരുടെ പ്രവചനങ്ങള്‍ പരമദയാലുക്കളായ ചില സഹബാച്ചുകാര്‍ യഥാസമയം എന്നെ അറിയിച്ച് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരുന്നതിനാല്‍ ചങ്കിടിപ്പോടെ ഞാന്‍ 'വനിത' ഓഫീസിലേക്കു പുറപ്പെടുന്നു. 

പ്രായം ഊഹിക്കാന്‍ സാധിക്കാത്തവിധം ചുവന്നു തുടുത്ത മുഖമുള്ള മണര്‍കാട് മാത്യു സാര്‍ വലിയ ഗൗരവത്തിലാണ് സംസാരിച്ചത്: ''ഞങ്ങള്‍ക്ക് ഒരു സ്റ്റോറി ആവശ്യമുണ്ട്. ചാരക്കേസ് പ്രതികളുടെ കുടുംബങ്ങള്‍ ഇപ്പോള്‍ എന്തു ചെയ്യുന്നു? കേസിനെപ്പറ്റി അവര്‍ എന്തു പറയുന്നു? കേസിന്റെ വിശദാംശങ്ങള്‍ നമുക്ക് ആവശ്യമില്ല. 'വനിത'യുടെ വായനക്കാര്‍ക്ക് താല്‍പ്പര്യമുള്ള രീതിയില്‍ അത് അവതരിപ്പിക്കണം. ഐ.ജി. രമണ്‍ ശ്രീവാസ്തവയുടെ ഫാമിലിയുമായി അപ്പോയിന്റ്മെന്റ് ഞാന്‍ തിരുവനന്തപുരം ബ്യൂറോ വഴി എടുക്കാം. പക്ഷേ, മറ്റു രണ്ടുപേരെ മീര തന്നെ കണ്ടുപിടിക്കുകയും അവരോടു സംസാരിക്കുകയും വേണം. എന്തു പറയുന്നു?''

ഞാന്‍ ആനന്ദതുന്ദിലയായി. കാരണം, ആദ്യമായി ഒരു വലിയ വാര്‍ത്തയുടെ പടിവാതില്‍ തുറന്നുകിട്ടുകയാണ്. പത്രപ്രവര്‍ത്തകയായി അംഗീകരിക്കപ്പെടുകയാണ്. അടുത്ത ദിവസം തിരുവനന്തപുരത്തേയ്ക്കു പുറപ്പെട്ടു. ഡോ. നമ്പി നാരായണന്റെ വീടു കണ്ടുപിടിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. ഓട്ടോയിലാണ് പോയത്. ഒരു പഴയ മോഡല്‍ രണ്ടുനില വീട്. പെയിന്റടിക്കാന്‍ വൈകിയതിനാല്‍ മുഷിഞ്ഞുപോയത്. ഗേറ്റ് തുറന്ന് അകത്തു കയറി ബെല്ലടിച്ചു. അസ്വസ്ഥത നിറഞ്ഞുതുളുമ്പുന്ന മുഖത്തോടെ ഒരു സ്ത്രീ വാതില്‍ ലേശം തുറന്നു മുഖം കാണിച്ചു. ''ഡോ. നമ്പി നാരായണന്റെ വീടല്ലേ?'' -ഞാന്‍ ചോദിച്ചു. ''തെരിയാത്'' -അവര്‍ ക്ഷോഭത്തോടെ പറഞ്ഞു. അവര്‍ എന്റെ മുഖത്തേയ്ക്കു വാതില്‍ വലിച്ചടയ്ക്കും എന്നുറപ്പായിരുന്നു. അപ്പോള്‍ അകത്തുനിന്ന് ആരോ ''അമ്മാ യാരത്'' എന്നു വിളിച്ചുചോദിച്ചു. അവര്‍ മറുപടി പറയാന്‍ തിരിഞ്ഞതും വാതിലിന്റെ അല്‍പ്പവിടവിലൂടെ ഞാന്‍ ചാടി ഉള്ളില്‍ക്കടന്നു. എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഒരു മഹാസാഹസം! 

അന്ന്, 1995 ജനുവരി പതിനൊന്ന്. 23 കൊല്ലങ്ങള്‍ക്കിപ്പുറം എന്റെ മങ്ങിയ ഓര്‍മ്മയില്‍ ആ വീടിന്റെ അലങ്കോലപ്പെട്ട സ്വീകരണമുറിയും തീന്‍മുറിയും ചേര്‍ന്ന അകത്തളമുണ്ട്. സ്റ്റെയര്‍ക്കേസിനു സമീപം മെല്ലെ ആടുന്ന ഒരു തുണിത്തൊട്ടില്‍ ഉണ്ട്. അതിനുള്ളില്‍ ഇളകുന്ന കുഞ്ഞിക്കാലുകളുടെ വെള്ളിത്തളയുണ്ട്. ആ കുഞ്ഞിന്റെ അമ്മ, ഡോ. നമ്പി നാരായണന്റെ മകള്‍ ഗീതയുടെ മുഖത്തെ ഉള്ളിലെന്തോ മരിച്ചുപോയാലുള്ള വേദനിപ്പിക്കുന്ന നിസ്സംഗതയുണ്ട്. 

തള്ളി പുറത്താക്കുമോ എന്നു ഭയന്ന് അകത്തേയ്ക്കു കൂടുതല്‍ നീങ്ങിനിന്നുകൊണ്ടു ഞാന്‍ അഭിമുഖത്തിനാണ് വന്നത് എന്ന് അറിയിച്ചു. മീന നമ്പി നാരായണന്‍ കോപാകുലയായി. ''എല്ലാം നശിപ്പിച്ചില്ലേ'' എന്നു ശകാരിച്ചു. ''നോക്കൂ, ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല, ഞങ്ങള്‍ പറഞ്ഞതൊന്നും പുറത്തുവന്നിട്ടില്ല'' എന്നു ഗീതയും ഇടപെട്ടു. സങ്കടവും ക്ഷോഭവും അടക്കാന്‍ വയ്യാതെ നിന്നു ജ്വലിക്കുന്ന മീന നമ്പി നാരായണന്റെ മുഖമാണ് ഡോ. നമ്പി നാരായണനെ പിന്നീടു ടെലിവിഷനില്‍ കണ്ടപ്പോഴൊക്കെ ഓര്‍മ്മ വന്നത്.  ''ഇത്രയും കാലം നമ്പി നാരായണന്റെ മിസിസ് എന്നു 'പ്രൗഡ്' ആയി നടന്നു. ഇപ്പോള്‍ അമ്പലത്തില്‍പ്പോലും പോകാന്‍ വയ്യ. കാല് ഇടറുന്നു. ചാരവൃത്തിക്കേസിലെ നമ്പിനാരായണന്‍ എന്നു കേള്‍ക്കുമ്പോള്‍ നെഞ്ച് എരിയുന്നു'' എന്നു കരയുകയും കരച്ചില്‍ അടക്കാന്‍ പണിപ്പെട്ടു കോടിപ്പോകുകയും ചെയ്തിരുന്ന, കരഞ്ഞു വീര്‍ത്ത മുഖം. 
ഞാന്‍ പത്രപ്രവര്‍ത്തകയുടെ ക്രൂരമായ ആര്‍ത്തിയോടെ അവരുടെ വാക്കുകള്‍ക്കു കാതോര്‍ത്തു. അവര്‍ പറയുന്നതെന്തും എനിക്ക് വിലപ്പെട്ടതായിരുന്നു. അത് എന്റെ സ്റ്റോറിയായിരുന്നു. പക്ഷേ, അവര്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ആ ഹൃദയവേദനയില്‍ ഞാന്‍ ഒഴുകിപ്പോയി. ഫ്രാന്‍സില്‍ വൈക്കിങ് എന്‍ജിനെക്കുറിച്ചു പഠിക്കാന്‍ പോയ കഥ അവര്‍ പറഞ്ഞു. ''അവിടെ വെയില്‍ ഇല്ല. രാത്രിയും പകലും മഞ്ഞു മാത്രം. ഇവിടെനിന്നു കുറേ ശാസ്ത്രജ്ഞരേയും ഫാമിലിയേയും അയച്ചു. ഞങ്ങളൊക്കെ അവിടെ ചെന്ന് ആ തണുപ്പില്‍ കഴിഞ്ഞു. ഫ്രെഞ്ച് ഒരക്ഷരംപോലും അറിഞ്ഞുകൂടാ. കുറച്ചുകഴിഞ്ഞപ്പോള്‍ അവിടുത്തെ പച്ചക്കറിക്കടക്കാര്‍ മലയാളം പഠിച്ചു. അതുപറഞ്ഞു ഞങ്ങള്‍ ചിരിക്കുമായിരുന്നു. അന്ന് ഫ്രെഞ്ചുകാര്‍ പറഞ്ഞു, ഇന്ത്യക്കാരോ, അവരുടെ മണ്ടേല്‍ ഒന്നും ഇല്ല. പക്ഷേ, രണ്ടു കൊല്ലം കഴിഞ്ഞു നമ്മളിവിടെ ആ എന്‍ജിന്‍ ഉണ്ടാക്കി. ആറു മാസം രാപ്പകല്‍ കഷ്ടപ്പെട്ടാണ് അവര്‍ അതു പഠിച്ചെടുത്തത്. അവര്‍- ചാരവൃത്തിക്കേസിലെ നമ്പി നാരായണന്‍-രാത്രി മുഴുവനിരുന്നു വായിക്കുകയും ടൈപ്പ് ചെയ്യുകയും ചെയ്യും. ഞാന്‍ കാപ്പി ഉണ്ടാക്കി കൊടുത്തുകൊണ്ട് ഉറങ്ങാതെ കൂട്ടിരിക്കും. അന്നൊക്കെ നമ്പി നാരായണന്‍ പെരിയ ആളായിരുന്നു. പെരിയ ആള്‍...!''
അവര്‍ പഴയ ഫോട്ടോകള്‍ കാണിച്ചു. അവയില്‍ ഒന്നു കോട്ടും സൂട്ടുമിട്ട വിദേശികള്‍ക്കു നടുവില്‍ കേക്കു മുറിക്കുന്ന സാരി ചുറ്റിയ നാട്ടിന്‍പുറത്തുകാരിയുടേതായിരുന്നു. റോക്കറ്റിന്റെ ആകൃതിയുള്ള കേക്ക്. ''ഇതു കണ്ടോ, ഇതു ഞാനാണ്'' -അവര്‍ പറഞ്ഞു. ''റഷ്യയില്‍ വച്ചെടുത്തതാണ് ഈ പടം. ഈയിരിക്കുന്ന താടിയും മീശയുമില്ലാത്ത ചെറുപ്പക്കാരനാണ് ഇപ്പോഴത്തെ ദേശദ്രോഹി നമ്പി നാരായണന്‍.''

അന്നു പാര്‍ട്ടിയില്‍ വച്ച് എല്ലാവരും ഷാംപെയിന്‍ കുടിക്കാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ താന്‍ കുടിക്കില്ല എന്നു പറഞ്ഞതും ''നീയാണ് ഞങ്ങളുടെ ചീഫ് ഗസ്റ്റ്'' എന്നു പറഞ്ഞു തന്നെക്കൊണ്ടു കേക്ക് മുറിപ്പിച്ചതും അവര്‍ വിവരിച്ചു. അന്നൊക്കെ എന്തൊരു അന്തസ്സായിരുന്നു എന്നു പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട് എന്നു പറഞ്ഞു ഡോ. നമ്പി നാരായണനെ പൊലീസ് കൊണ്ടുപോയിട്ട് 43-ാമത്തെ ദിവസമായിരുന്നു അന്ന്. ഓരോ രാത്രിയും ഈ ഫോട്ടോകള്‍ നോക്കിയിരുന്നാണ് നേരം വെളുപ്പിക്കുന്നതെന്നും അതുകൊണ്ടാണ് അവ മുന്‍വശത്തുതന്നെ വച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. നമ്പി നാരായണനെക്കുറിച്ചു പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ മീന നമ്പി നാരായണന്‍ വിങ്ങി വിങ്ങി നിന്നു. അച്ഛനെ പൊലീസ് കൊണ്ടുപോയതില്‍പ്പിന്നെ അമ്മയുടെ സമനില തെറ്റിയെന്ന് ഗീത സങ്കടത്തോടെ വിശദീകരിച്ചു. ''പിടിച്ചുകൊണ്ടു പോകുന്നതിനു തൊട്ടുമുന്‍പുള്ള ദിവസം അച്ഛന്റെ പിറന്നാളായിരുന്നു. അമ്പലത്തില്‍ പോയിട്ടു വരുമ്പോള്‍ ദാ പോകുന്നു ഒരു ദേശദ്രോഹി എന്ന് ആരോ കമന്റടിച്ചു. അന്നു തിരിച്ചുവന്ന് അച്ഛന്‍ കരഞ്ഞ കരച്ചില്‍'' എന്നു പറഞ്ഞു ഗീതയും കരഞ്ഞു. ഞാനും കരഞ്ഞു കാണും. ആദ്യത്തെ സംശയവും ക്ഷോഭവും മാറി അവര്‍ എന്നോടു തുറന്നു സംസാരിച്ചതും സ്‌നേഹത്തോടെ യാത്രയാക്കിയതുമാണ് ആ സന്ദര്‍ശനത്തെക്കുറിച്ചുള്ള അവശേഷിക്കുന്ന ഓര്‍മ്മ. 

അന്നുതന്നെ ഞാന്‍ ഡോ. ശശികുമാറിന്റെ ഭാര്യ ഡോ. സരോജയേയും രമണ്‍ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയേയും കണ്ടു. ഡോ. സരോജയെ കണ്ടെത്തിയത് ഓര്‍ത്തു വളരെക്കാലം അഭിമാനിച്ചിരുന്നു. ഗാന്ധാരിയമ്മന്‍ കോവിലിനു സമീപമായിരുന്നു പത്രവാര്‍ത്ത അനുസരിച്ച് അവരുടെ വീട്. അവിടെ ചെന്നപ്പോള്‍ വീടു പൂട്ടിക്കിടക്കുന്നു. അവര്‍ ആഴ്ചകളായി അവിടെയില്ല എന്ന് അയല്‍ക്കാര്‍ പറഞ്ഞു.  എവിടെപ്പോയി എന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. പക്ഷേ, അവരെ കണ്ടെത്താതേയും സ്റ്റോറി ഇല്ലാതേയും എനിക്കു മടങ്ങാന്‍ സാധ്യമല്ലല്ലോ.  ഒടുവില്‍ ചോദിച്ചും പറഞ്ഞും അവരെ ഞാന്‍ കണ്ടെത്തുക തന്നെ ചെയ്തു. പനവിള ജംഗ്ഷനില്‍ മകള്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലായിരുന്നു അവര്‍. വാതില്‍ തുറന്നപ്പോള്‍ ഡോ. സരോജ അവിശ്വാസത്തോടെ ചോദിച്ചു: ''ഈ വീട് എങ്ങനെ കണ്ടുപിടിച്ചു?''  നടന്നലഞ്ഞ് വിയര്‍ത്തൊലിച്ച് അവശയായി നിന്ന ഞാന്‍ മറുപടി പറഞ്ഞില്ല. ശബ്ദം പുറത്തുവരണമല്ലോ.  

കോട്ടയത്തേയ്ക്കു മടങ്ങുമ്പോള്‍ മനസ്സു വളരെ അശാന്തമായിരുന്നു. ആ വീട്ടില്‍നിന്നു കിട്ടിയ അറിവുകള്‍ വച്ചു നമ്പി നാരായണന്‍ എന്ന മനുഷ്യന്റെ ചിത്രം വരയ്ക്കാന്‍ ശ്രമിക്കുന്തോറും ആശയക്കുഴപ്പം വര്‍ദ്ധിച്ചു.  വളരെ ദരിദ്രമായ ഒരു കുടുംബത്തില്‍നിന്നു ശാസ്ത്രജ്ഞനായ ആള്‍. സ്‌കോളര്‍ഷിപ്പുകള്‍ കിട്ടിയതുകൊണ്ടുമാത്രം പഠിക്കാന്‍ സാധിച്ച വിദ്യാര്‍ത്ഥി. ചാരവൃത്തി നടത്തി ലക്ഷങ്ങള്‍ സമ്പാദിച്ച ശാസ്ത്രജ്ഞന്റെ ഒരു സഹോദരന്‍ ചാലയില്‍ പെട്ടിക്കട നടത്തുന്നു എന്നാണ് അന്ന് ഗീത പറഞ്ഞത്. ഒരു സഹോദരി വട്ടിയും കുട്ടയും വിറ്റു ജീവിക്കുകയാണ് എന്നും. ആ കുടുംബത്തിലെ ഏക വിദ്യാസമ്പന്നന്‍ ഡോ. നമ്പി നാരായണന്‍. മക്കള്‍ പോലും ശരാശരിക്കാരായിരുന്നു. ഗീത ബി.എസ്സി വരെയേ പഠിച്ചുള്ളൂ. മകന്‍ ശങ്കര്‍ അന്ന് ഒരു ഗ്യാസ് ഏജന്‍സി നടത്തുകയായിരുന്നു.

ആ റിപ്പോര്‍ട്ട് തയ്യാറാക്കല്‍ ഒരു വെല്ലുവിളിയായിരുന്നു. ഒന്നാമത്, അന്നത്തെ പത്രങ്ങളായ പത്രങ്ങളെല്ലാം ചാരപ്രവര്‍ത്തനം നടന്നു എന്ന് അസന്ദിഗ്ധമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതേസമയം കുടുംബാംഗങ്ങളുടെ വാക്കുകളിലെ അകൃത്രിമമായ വേദന മനസ്സാക്ഷിയെ അലട്ടുന്നു. ചാരപ്രവര്‍ത്തനം നടന്നോ ഇല്ലയോ, മാലി വനിത അതിസുരക്ഷാമേഖലയില്‍ കടന്നത് എങ്ങനെ, ഡോ. നമ്പി നാരായണന്‍ കുറ്റസമ്മതം നടത്തിയോ ഇല്ലയോ എന്നിങ്ങനെ ഒരു കാര്യത്തിലും സംശയാതീതമായ തെളിവുകള്‍ ലഭ്യമല്ലാത്ത ഒരു പത്രപ്രവര്‍ത്തന ട്രെയിനിയെ സംബന്ധിച്ചിടത്തോളം അതൊരു വല്ലാത്ത ധര്‍മ്മസങ്കടമായിരുന്നു. ഡോ. നമ്പി നാരായണനും ഡോ. ശശികുമാറും ഐ.ജി രമണ്‍ ശ്രീവാസ്തവയും ഒക്കെ പൂര്‍ണ്ണമായി നിരപരാധികളാണോ അല്ലയോ എന്ന് അറിയാന്‍ ഒരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. ന്യൂസ് പ്രിന്റില്‍ പേന കൊണ്ട് എഴുതിയിരുന്ന അക്കാലത്ത് വിരലുകളെ നയിച്ചത് ഒരേ ഒരു ബോധ്യമാണ്-ആ സ്ത്രീകള്‍ ഹൃദയമുരുകി പറഞ്ഞ വാക്കുകളുടെ സത്യം. 
പിന്നീട് ചാരക്കേസ് ചാരമായി. അന്നു വന്‍ തെളിവുകള്‍ എന്നു കൊട്ടി ഘോഷിക്കപ്പെട്ട പലതും വിശദീകരണമോ ക്ഷമാപണമോ ഇല്ലാതെ മാഞ്ഞുപോയി.  പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടു. ഡോ. നമ്പി നാരായണന്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം വിജയിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തെ ഓര്‍ത്തു ഞാനും സന്തോഷിച്ചു. നമ്പി നാരായണന്റെ മകന്‍ ശങ്കറിനെക്കുറിച്ച് അധികമൊന്നും അതിനു മുന്‍പോ പിമ്പോ കേട്ടിട്ടില്ല. ഗീത പിന്നീട് മോണ്ടിസ്സോറി അധ്യാപികയായി എന്ന് എവിടെയോ വായിച്ചു. മീന നമ്പി നാരായണനെ ഒരിക്കല്‍ക്കൂടി കാണണം എന്ന് ആഗ്രഹിച്ചിരുന്നു. പാവം, ഭര്‍ത്താവിനെക്കുറിച്ച് 'പ്രൗഡ്' ആയിരുന്ന ഒരു ഭാര്യ. അവരുടെ അന്തസ്സ് ആ മനുഷ്യന്റെ അന്തസ്സായിരുന്നു. ഭര്‍ത്താവ് കുറ്റവിമുക്തനായപ്പോള്‍ അവര്‍ക്ക് പഴയ അന്തസ്സ് തിരിച്ചു കിട്ടിയിട്ടുണ്ടാകും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ, അവര്‍ക്കു കടുത്ത വിഷാദരോഗം ബാധിച്ചതായും സംസാരം അവസാനിപ്പിച്ചു പൂര്‍ണ്ണ നിശ്ശബ്ദയായി എന്നും കേട്ടു. കരയുകയും ചിരിക്കുകയും ക്ഷോഭിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന അവരുടെ ചിത്രമാണ് എന്റെ ഓര്‍മ്മയില്‍. കാരണം, ഒരു സ്ത്രീയെ ആ അവസ്ഥയില്‍ ഞാന്‍ ആദ്യമായി കണ്ടുമുട്ടുകയായിരുന്നു. 

കുറേക്കാലം, ഡോ. നമ്പി നാരായണനെ ടി.വിയില്‍ കാണുമ്പോഴും അദ്ദേഹത്തെക്കുറിച്ചു വായിക്കുമ്പോഴും 1995-ലെ ജനുവരി 11 മറവിയില്‍നിന്ന് ഉയിര്‍ത്തു. പക്ഷേ, കാലപ്രവാഹത്തില്‍ ഓര്‍മ്മകളും പാടെ നിശ്ശബ്ദരായി.   അടുത്തകാലത്ത്, 'കൂടെ' കാണാന്‍ പോയപ്പോള്‍ തിയേറ്ററില്‍ മണര്‍കാട് മാത്യു സാര്‍ ഉണ്ടായിരുന്നു. ''ആ ചാരക്കേസ് സ്റ്റോറിയെക്കുറിച്ച് ഇന്നലെ ഞാന്‍ ഓര്‍ത്തതേയുള്ളൂ. നമ്മളാണ് അവര്‍ക്ക് അനുകൂലമായി ആദ്യമായി ഒരു സ്റ്റോറി ചെയ്തത്, എല്ലാവരും അവരെ കല്ലെറിഞ്ഞ കാലത്ത് അങ്ങനെയൊരു സ്റ്റോറി എഴുതാന്‍ നല്ല ധൈര്യം വേണം'' എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ വളരെ കാലത്തിനുശേഷം പൂര്‍വ്വാശ്രമ സ്മൃതികള്‍ തൊട്ടിലില്‍ ഇളകുന്ന കുഞ്ഞിക്കാലിലെ വെള്ളിത്തളകള്‍ പോലെ ഒന്നുകൂടി കിലുങ്ങി. 
''ഞങ്ങളെ എന്തിനു കല്ലെറിയുന്നു'' എന്നായിരുന്നു ആ റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. പ്രസിദ്ധീകരിച്ചത് 'വനിത' ആയതുകൊണ്ടും എഴുതിയത് വനിതയായതുകൊണ്ടും അതിന്റെ ചരിത്രപ്രാധാന്യം വ്യക്തിപരം മാത്രമാണ്.  പക്ഷേ, നമ്പി നാരായണനെ ക്രൂശിച്ച മാധ്യമങ്ങള്‍ക്ക് എതിരെ ഇന്ന് ഉയരുന്ന ആക്രോശങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കാതെ വയ്യ. കാരണം, അന്ന് ഈ റിപ്പോര്‍ട്ട് അച്ചടിക്കപ്പെട്ടപ്പോള്‍ പത്രപ്രവര്‍ത്തകരില്‍ ചിലര്‍പോലും അതിനെ നിശിതമായി വിമര്‍ശിച്ചത് എങ്ങനെ മറക്കാന്‍?  ചില വായനക്കാര്‍ ഫോണില്‍ വിളിച്ചു ശകാരിച്ചിരുന്നു.  സുകുമാരക്കുറുപ്പിന്റേയും ഇദി അമീന്റേയും വീട്ടുകാരുടെ കദനകഥകള്‍ കൂടി എഴുതാത്തതെന്ത് എന്നു പരിഹസിച്ചിരുന്നു. എത്ര കാശു കിട്ടി എന്ന് അധിക്ഷേപിച്ചിരുന്നു. ഇത്തരം കഥകള്‍ എഴുതി ഭാവി നശിപ്പിക്കരുത് എന്ന് ഉപദേശിച്ചിരുന്നു.  

അതുകൊണ്ട്, കേവലം മാധ്യമങ്ങളുടെ സൃഷ്ടിയാണ് ചാരക്കേസ് എന്നുമാത്രം പറയരുത്, പ്ലീസ്. ഇന്നു ചാരക്കേസിനെ അനുകൂലിച്ചോ നമ്പി നാരായണനെ കുറ്റപ്പെടുത്തിയോ സംസാരിച്ചാല്‍ ഉണ്ടാകുന്നതിന്റെ നൂറു മടങ്ങു ശബ്ദത്തിലാണ് അന്ന് അവരുടെ രക്തത്തിനുവേണ്ടി കോണ്‍ഗ്രസ്സുകാരോ എ ഗ്രൂപ്പുകാരോ അല്ലാത്ത വായനക്കാര്‍പോലും മുറവിളി കൂട്ടിയത്. വാര്‍ത്തകളുടെ ധര്‍മ്മം വായനക്കാരെ പ്രബുദ്ധരാക്കുകയല്ല, അവരെ തൃപ്തിപ്പെടുത്തുകയാണ് എന്ന പാഠം പഠിച്ചത് ചാരക്കേസ് നിരീക്ഷിച്ചതില്‍നിന്നാണ്.  അന്നുമുതല്‍ ഇന്നോളം കണ്ടിട്ടും കേട്ടിട്ടുമുള്ള ബ്രേക്കിങ് ന്യൂസുകളില്‍നിന്നും അവയുടെ പരിണാമങ്ങളില്‍നിന്നും പിന്നാമ്പുറ കഥകളില്‍നിന്നും നമ്മുടെ മാധ്യമങ്ങളേയും അവയുടെ ഉപഭോക്താക്കളേയും കുറിച്ചു മനസ്സിലാക്കിയ ആ മഹത്തായ സത്യം 'മാധ്യമധര്‍മ്മന്‍' എന്ന ചെറുകഥയില്‍ ഞാന്‍ കുറിച്ചിട്ടുണ്ട്: മനുഷ്യര്‍ അവരവര്‍ക്ക് ഇഷ്ടമുള്ളതു മാത്രമേ വിശ്വസിക്കുകയുള്ളൂ. അവരവര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നതു മാത്രമേ ഇഷ്ടപ്പെടുകയുമുള്ളൂ. ഇഷ്ടാനുസൃത വിശ്വാസങ്ങള്‍ ഊട്ടിയുറപ്പിക്കലാണ് യഥാര്‍ത്ഥ മാധ്യമ ധര്‍മ്മം. 

ചാരക്കേസിന്റെ പരിണാമഗുപ്തിയില്‍നിന്ന് ഒരു പാഠം കൂടി വ്യക്തമാണ്: നമുക്ക്, അതായത് വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും അവരെ തൃപ്തിപ്പെടുത്താന്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ക്കും മാധ്യമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണകൂട സംവിധാനങ്ങള്‍ക്കും  സത്യത്തോടു പ്രത്യേകിച്ചു പ്രതിപത്തിയോ ആസക്തിയോ ഇല്ല.  എങ്കിലും നമുക്കു സത്യത്തെ ആവശ്യമുണ്ട്, ഇടയ്ക്കിടെ ബലാത്സംഗം ചെയ്ത് അപകര്‍ഷബോധവും ആത്മനിന്ദയും മറികടക്കാന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com