സര്‍ഗ്ഗാത്മകതയും മരണരതിയും സ്ത്രീകളില്‍

സര്‍ഗ്ഗാത്മകതയും മരണവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ എത്രത്തോളം? അത് അളക്കപ്പെട്ടിട്ടുണ്ടോ?
സര്‍ഗ്ഗാത്മകതയും മരണരതിയും സ്ത്രീകളില്‍

ര്‍ഗ്ഗാത്മകതയും മരണവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ എത്രത്തോളം? അത് അളക്കപ്പെട്ടിട്ടുണ്ടോ? ഇതില്‍ത്തന്നെ സ്ത്രീകളുടെ സര്‍ഗ്ഗാത്മക വിഷയങ്ങളെടുക്കുമ്പോള്‍, അതിലെ വലിച്ചുപിടിച്ച ഞരമ്പുകള്‍ പൊട്ടിത്തെറിച്ച് മരണത്തിലേക്ക് പോയവര്‍ അനുഭവിച്ച മാനസികവ്യാപാരങ്ങള്‍ എങ്ങനെയൊക്കെ പഠിക്കപ്പെട്ടിട്ടുണ്ട്? ഇതിലേക്കുള്ള ഒരു ചെറിയ അന്വേഷണമാണ്, ലോകത്തോട് വളരെ സര്‍ഗ്ഗാത്മകമായി ഇടപെട്ടിട്ടുള്ള പതിനഞ്ച് സ്ത്രീകള്‍, അവര്‍ പാതിവഴിയില്‍ ജീവിതമുപേക്ഷിച്ച് മരണത്തിലേക്ക് നീന്തിപ്പോയതെന്തുകൊണ്ട് എന്ന ചോദ്യത്തിലേക്കെത്തിച്ചത്.

വിര്‍ജീനിയ വൂള്‍ഫ്, സില്‍വിയ പ്ലാത്ത്, ആനി സെക്സ്റ്റണ്‍, ഇന്‍ഗ്രിഡ് ജോങ്കര്‍, ഐറിസ് ചാങ്ങ്, അല്‍ഫോന്‍സിന സ്റ്റോര്‍ണി, ഷാര്‍ലറ്റ് പെര്‍കിന്‍, ബിയാട്രീസ് ഹേസ്റ്റിംഗ്സ്, അലേജാന്‍ഡ്ര പിസാര്‍നിക്, സാറ ടീസ്ഡെയ്ല്‍, മേ ഒപ്ടിസ്, ഡെബോറ ഡിഗ്ഗ്സ്, സോഫി പെഡോള്‍സ്‌കി, കരീന്‍ ബൊയെ, ഷിര്‍ലെ ബാര്‍ക്കര്‍ എന്നിവര്‍ മരണത്തോട് അഭിരമിച്ച് സുതാര്യമെന്ന് അവര്‍ കരുതുന്ന മറ്റൊരു ലോകത്തേക്ക് കടന്നുപോയത്. ഇവരില്‍ പലരും ജീവിതത്തോടുള്ള ആസക്തി നിലനില്‍ക്കെത്തന്നെയാണ് മരണത്തെ പ്രണയിച്ചതും ജീവന്‍ സാഹസികമാര്‍ഗ്ഗങ്ങളിലൂടെ സന്തോഷപൂര്‍വ്വം മരണത്തിനു നല്‍കിയതും. ലോകത്തിലെതന്നെ അറിയപ്പെടുന്ന എഴുത്തുകാരാണിവര്‍. കവിതയിലോ നോവലിലോ പത്രപ്രവര്‍ത്തനത്തിലോ ചിത്രകലയിലോ ഇവയിലെല്ലാമോ മികവു കാണിച്ചവര്‍. മരിക്കാന്‍ ഇവര്‍ തെരഞ്ഞെടുത്ത സാഹസിക രീതികളും മറ്റുള്ളവരില്‍നിന്ന് ഇവരെ വ്യത്യസ്തരാക്കുന്നു. വിഷവാതകം ശ്വസിച്ചും ഉയരങ്ങളില്‍നിന്ന് എടുത്തുചാടിയും ലഹരിമരുന്നുകള്‍ അധികമായി കഴിച്ചും കടലിലേക്കും നദിയിലേക്കും സ്വപ്നാടകരെപ്പോലെ നടന്നുനീങ്ങിയുമൊക്കെയാണ് ഇവരുടെ മരണം നടക്കുന്നത്. പല കാലങ്ങളില്‍ പല രാജ്യങ്ങളില്‍ പല ചുറ്റുപാടുകളില്‍ ജീവിച്ചു മരിച്ചവരാണെങ്കിലും ഇവരെ പൊതുവെ സര്‍ഗ്ഗാത്മകത എന്ന വലക്കണ്ണികൊണ്ട് കൂട്ടിയിണക്കാം.

സൗന്ദര്യം, പ്രണയം എന്നിവയെക്കുറിച്ച് സ്ത്രീകളുടെ മാറുന്ന വീക്ഷണങ്ങളെക്കുറിച്ച് കൂടുതല്‍ പഠനം നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അവരുടെ സര്‍ഗ്ഗവീക്ഷണത്തില്‍ മരണം എങ്ങനെ കയറിവരുന്നു എന്നതിനെക്കുറിച്ച് വളരെ കൂടുതല്‍ പഠനം നടന്നിട്ടില്ല. 'Yale Centre for Emotional Intelligence'ല്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണവിഷയം അവതരിപ്പിച്ചുകൊണ്ട് Christa L. Taylor 'ആത്മഹത്യ - ചില വിചാരങ്ങള്‍' / The Myth of Madgenius' - അവരുടെ കണ്ടെത്തലുകളില്‍ ചിലത് വെളിപ്പെടുത്തുന്നുണ്ട്. അവര്‍ രേഖപ്പെടുത്തുന്നു. ''വിന്‍സെന്റ് വാന്‍ഗോഗ്, സില്‍വിയ പ്ലാത്ത്, വിര്‍ജീനിയ വൂള്‍ഫ്, എസ്ര പൗണ്ട്, ആനി സെക്സ്റ്റണ്‍ എന്നിവരെപ്പോലെ, സര്‍ഗ്ഗാത്മകതയുടെ ഔന്നത്യത്തിലെത്തിയ ലോകത്തിലെ എണ്ണമറ്റ പ്രതിഭകള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തീവ്രമായ, ക്രമരഹിതമായ മാനസികമായ ചിതക്കേടിന് അടിമപ്പെട്ടവരായിരുന്നു'' എന്ന്. 

സര്‍ഗ്ഗാത്മകതയും ക്രമരഹിതമായ മാനസികാവസ്ഥയും ഭാവനയുമായി ബന്ധമുണ്ടോ? പ്രത്യേകിച്ച് റൊമാന്റിക് കാലഘട്ടം മുതല്‍ മാനസികമായ അസ്ഥിരത, സര്‍ഗ്ഗാത്മകതയുടെ ലക്ഷണമായി കണക്കാക്കിയിരുന്നതായി കാണാന്‍ കഴിയും. ഇതു രണ്ടും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നുണ്ടോ? ആഴത്തിലുള്ള ശാസ്ത്രീയ പഠനം ആവശ്യമായ ഒന്നാണിത്. പഠനങ്ങള്‍ ഉണ്ടെങ്കിലും വളരെ വ്യക്തമായ ഒരു ഉത്തരം കണ്ടെത്താന്‍  പ്രയാസമനുഭവപ്പെടുന്നതിന് കാരണം, ഇവ നേരിട്ട് അളക്കാന്‍ പറ്റാത്തതാണ് എന്നതുകൊണ്ടുതന്നെ. അവരവര്‍ക്ക് സ്വയം അടയാളപ്പെടുത്താനോ ചിലപ്പോള്‍ തിരിച്ചറിയാനോ സാധിക്കാത്തതാണിത്. സ്വഭാവത്തിലെ വ്യതിയാനങ്ങളെക്കുറിച്ച് തുടര്‍ച്ചയായ നിരീക്ഷണങ്ങളിലൂടെയും ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് കണ്ടെത്തിയും സാധ്യമാക്കേണ്ട ഒന്നാണിത്. സര്‍ഗ്ഗാത്മകതയുമായി ബന്ധപ്പെട്ടിട്ടുള്ളവരില്‍ അസാധാരണമല്ലാതെ കണ്ടുവരുന്ന ചില ലക്ഷണങ്ങളാണ് വിഷാദരോഗം, ഉന്മത്തത, അമിതോത്സാഹം, മൗനം, അലസത മുതലായവ. 

വിര്‍ജിനിയ വൂള്‍ഫ്
വിര്‍ജിനിയ വൂള്‍ഫ്

ഇവയോരോന്നും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സര്‍ഗ്ഗവൈഭവ പ്രകൃതവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാന്‍ പറ്റുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ലോകപ്രശസ്ത ചിത്രകാരനായ വാന്‍ഗോഗ് ചിത്തഭ്രമത്തോളമെത്തുന്ന വ്യവസ്ഥയില്ലാത്ത മനസ്സിന്റെ ഉടമയും പ്രവൃത്തികള്‍ക്ക് വികാരങ്ങളുമായി പൊരുത്തമില്ലാതെ വരുന്ന 'സ്‌കിസോഫ്രീനിയ', അപസ്മാരം, അസ്തിത്വ ചിന്ത എന്നിവയുടെയൊക്കെ പിടിയിലമര്‍ന്നിരുന്ന വ്യക്തിയുമായിരുന്നു. മാനസിക പിരിമുറുക്കമാണ് ഇവയിലേക്കെത്തിക്കുന്ന ഒരു പ്രധാന കാരണം. അത് ചിലപ്പോള്‍, മനസ്സിന്റെ പിടിവിട്ട് ഉന്മാദത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നതുവരെ അവരെ ചുറ്റിക്കൊണ്ടിരിക്കും. സര്‍ഗ്ഗാത്മക കലയുടെ ഉറവിടമനസ്സുള്ളവരായ സ്ത്രീകളില്‍ അവരുടെ മനസ്സിന്റെ സഞ്ചാരദിശകളെ കാറ്റുപായകളില്ലാത്ത തോണിപോലെ ഏതു ദിശയിലേക്കൊക്കെയാണടിച്ചുകൊണ്ടുപോകുന്നത്? പഠനങ്ങള്‍ തെളിയിക്കുന്നതെന്തൊക്കെ?

സില്‍വിയ പ്ലാത്ത്
സില്‍വിയ പ്ലാത്ത്

കലയും സാഹിത്യവും മേഞ്ഞുനടക്കുന്ന തലച്ചോറുകളില്‍ ഉല്പാദിപ്പിക്കപ്പെടുന്ന രാസികങ്ങളുടെ അളവാധിക്യം തീര്‍ച്ചയായും പഠനവിധേയമാക്കുമ്പോള്‍ ഉയര്‍ന്നും താഴ്ന്നും പോകുന്ന ഗ്രാഫ്, ചില നേരങ്ങളില്‍ കലയെ പൂര്‍ണ്ണതയിലേക്കെത്തിക്കാനുള്ള അമിതാസക്തി മരണമെന്ന ചിന്തയിലേക്ക് ആകര്‍ഷിക്കപ്പെട്ടുപോകാനിടയാക്കുന്നു. സില്‍വിയ സ്വയം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ''ഞാന്‍ ആരാണ്?'' എന്നെങ്കിലും അതറിയാന്‍ കഴിയുമോ? അതുമറിയില്ല. ഞാന്‍ ജീവിതത്തില്‍ ആഴത്തില്‍ മുങ്ങിയിരിക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ കവിത രചിക്കുമ്പോള്‍ ആനന്ദത്തിന്റെ തീവ്രമധുരവും ദുഃഖത്തിന്റെ ഇരുട്ടും വിരസതയുടെ ശൂന്യതയും അനുഭവിച്ചു. മരണം എന്ന രഹസ്യകലാകാരന്‍ എന്നും അവരുടെ ഉള്ളില്‍ വിഹരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ടെഡ്ഹ്യൂസിന്, കലാകാരി എന്ന നിലയില്‍ സില്‍വിയയോടുള്ള അവഗണന, നിരസിക്കപ്പെട്ട സ്‌നേഹം - ഇതൊക്കെ ജീവിതത്തില്‍ വിജയിച്ചു കാണിച്ചേ അടങ്ങൂ എന്ന അവരുടെ തീരുമാനത്തിന് ആക്കം കൂട്ടിക്കൊണ്ടിരുന്നു. ജീവിതത്തോടുള്ള ആര്‍ത്തിനിറഞ്ഞിരിക്കെത്തന്നെ, മരണത്തെ അവര്‍ ആര്‍ത്തിയോടെ പുണര്‍ന്നു. ഇരുപതാം നൂറ്റാണ്ടില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട മരണം. വെറും മുപ്പതു വര്‍ഷത്തെ മിന്നല്‍പ്പിണര്‍പോലുള്ള ജീവിതം, അതില്‍ കേവലം പതിമൂന്ന് വര്‍ഷത്തെ രചനാകാലം. സ്വത്വബോധം നിര്‍ണ്ണയിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ ജീവിതത്തില്‍ ആശങ്കപ്പെടലുകള്‍ മുഴുവന്‍ സില്‍വിയയുടെ കൃതികളില്‍ കാണാം. മരണജീനുകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന നിഗൂഢതകള്‍, അതെ, വിചിത്രം തന്നെയാണ്. തലമുറകളില്‍നിന്ന് തലമുറകളിലേക്ക് നൂല്‍പ്പാലം പണിയിച്ച് അത് പൊട്ടിച്ചിരിക്കുകതന്നെ ചെയ്യും. ചിലര്‍ അതില്‍ തട്ടിത്തകര്‍ന്നുപോകുന്നു. ചിലര്‍ നിസ്സഹായരായി നോക്കിനില്‍ക്കുന്നു. ചിലര്‍ അതില്‍ അഭിരമിക്കുന്നു. അതുകൊണ്ടാണ് സില്‍വിയ പറയുന്നത് - ''മരിക്കുക എന്നത് ഒരു കലയാണ്. ഞാനത് മറ്റാരെക്കാളും നന്നായി ചെയ്യുന്നു'' എന്ന്.

സ്മിത്ത് കോളേജിലെ പഠനകാലത്താണ് സില്‍വിയയില്‍ ആദ്യമായി ആത്മഹത്യാപ്രവണത ഉടലെടുക്കുന്നത്. അതുകൊണ്ടുതന്നെ, ടെഡ്ഹ്യൂസിനെ സില്‍വിയയുടെ ആത്മഹത്യയ്ക്ക് പൂര്‍ണ്ണമായ ഒരു കാരണമായി പറയാന്‍ സാധിക്കില്ല. സര്‍ഗ്ഗാത്മക കഴിവുകള്‍ മനസ്സില്‍ ഉറഞ്ഞുകൂടിയ വ്യക്തികളില്‍, വളരെ കുട്ടിക്കാലത്ത് നടന്ന, മറ്റുള്ളവര്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്ത ഏറ്റവും ചെറിയ മുറിവുകള്‍ പോലും അവരെ, മുതിരുമ്പോള്‍ ചിലപ്പോള്‍ ആത്മഹത്യയിലേക്ക് നയിച്ചേക്കാം. അവരുടെ കലാപരമായ അഭിരുചികള്‍ ഉയര്‍ന്നുവരുന്ന കാലഘട്ടത്തില്‍ ഒപ്പംതന്നെ വളര്‍ന്നുവരുന്ന ചിന്തയായി മരണവും അവരില്‍ കെട്ടുപിണഞ്ഞു കിടന്നിട്ടുണ്ടാവും. ഏതെങ്കിലുമൊരു നിഷേധം അവരുടെ ക്രിയാത്മകതയ്ക്കെതിരെ വന്നുപെടുമ്പോള്‍, അത് നികത്താനാവാത്ത വലിയ പോട് മനസ്സില്‍ സൃഷ്ടിക്കുകയും ആ പോടിനുള്ളിലേക്ക് അവര്‍ സ്വയം അപ്രത്യക്ഷയാവുകയും ചെയ്യുന്നു.

കുട്ടിക്കാലത്തുതന്നെ നഷ്ടപ്പെട്ടുപോകുന്ന പിതാവിന്റെ ആണ്‍സ്വാധീനം സില്‍വിയയുടെ മനസ്സില്‍ ആ പ്രായത്തില്‍ത്തന്നെ നികത്താനാവാത്ത വിടവ് സൃഷ്ടിക്കുന്നുണ്ട്. ആ നഷ്ടപ്പെടല്‍പോലും അവരുടെ മാനസികനിലയെ തകരാറിലാക്കുന്നതിന് കാരണമാകുന്നുണ്ട്. തന്റെ പ്രിയപ്പെട്ട രണ്ട് കുഞ്ഞുങ്ങളോടുള്ള സ്‌നേഹാധിക്യത്തിനപ്പുറം മരണം മധുരമായി അവരില്‍ പ്രവേശിക്കാനുള്ള കാരണം ഭര്‍ത്താവിന്, പിതാവിനെക്കാള്‍ തന്നെ സ്വാധീനിക്കാന്‍ പറ്റിയിരുന്നില്ല എന്ന ബോധം അവരില്‍ ഉരുത്തിരിഞ്ഞത് ചിലപ്പോള്‍, അവരുടെ സ്വത്വബോധനിര്‍ണ്ണയത്തിന്റെ ഭാഗമായി പ്രകടിപ്പിക്കപ്പെട്ടതുകൊണ്ടാവാം. അതേ മാനസികാവസ്ഥ തന്നെ, നിരസിക്കപ്പെട്ട സ്‌നേഹത്തിനുടമയായി, തന്റെ സര്‍ഗ്ഗാത്മകതയെ പൂര്‍ണ്ണമായും അംഗീകരിക്കാന്‍ മനസ്സനുവദിക്കാത്ത, ഭര്‍ത്താവിന്റെ മനോഭാവത്തോടും അവര്‍ക്ക് ആന്തരികമായി യോജിക്കാന്‍ കഴിഞ്ഞിരിക്കില്ല. കുടുംബജീവിതത്തിലെത്തുമ്പോള്‍, സ്ത്രീയുടെ വ്യക്തിത്വം രണ്ടാം നിരയിലേക്ക് മാറിപ്പോകുന്നതും അവരെയേറെ വിഷമിപ്പിച്ചിട്ടുണ്ട്. 

ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് നയിക്കുന്ന പല കാരണങ്ങളുമുണ്ടാകും. എന്നാല്‍ സര്‍ഗ്ഗാത്മക മനസ്സിന്റെ വിഭ്രമങ്ങളില്‍പ്പെട്ടുണ്ടാകുന്ന ആത്മഹത്യകള്‍, പ്രത്യേകിച്ച് സ്ത്രീകളില്‍, തലച്ചോറിലെ ന്യൂറോണുകളില്‍ വരുന്ന അളവാധിക്യം, അത് ഉല്‍പ്പാദിപ്പിക്കപ്പെടാനിടയാക്കുന്ന സാഹചര്യങ്ങളെക്കൂടി കണക്കാക്കി നിര്‍ണ്ണയിക്കപ്പെടേണ്ടിയിരിക്കുന്നു. സ്വച്ഛമായ ഒരന്തരീക്ഷം, മനസ്സിലെ തീപിടിച്ച പ്രതിഭാകിരണങ്ങള്‍ക്ക് തീവ്രത കുറയ്ക്കുമെങ്കിലും എവിടെയെങ്കിലും മനസ്സനുഭവിച്ച പോറല്‍ അവരിലെ തീ ആളിക്കത്താനിടയാക്കുന്നു. പാരമ്പര്യവാദിയും അതേസമയം സ്ത്രീസ്വാതന്ത്ര്യവാദിയുമായ വിര്‍ജീനിയയുടെ മരണം തെളിയിക്കുന്നത് അതാണ്. നദിയിലേക്ക് ആരുമറിയാതെ നടന്നുപോയി, മരണത്തിലേക്ക് സ്വയമൊഴുകിപ്പോയ വിര്‍ജീനിയയ്ക്ക് മരണത്തെ സ്വീകരിക്കുക എന്നത് പ്രിയപ്പെട്ട ഒരാളുടെ അടുത്തേക്കെന്നതുപോലെ എല്ലാറ്റില്‍നിന്നും സമാധാനപ്പെടാനുള്ള ഒളിച്ചോട്ടമായിരുന്നു. ജീവിതത്തിന്റെ പുറംഭാഗം കരയിലേക്കുറയൂരിയിട്ട്, ജീവനെ വെള്ളത്തിലേക്കൊഴുക്കിവിട്ട് സമാധാനത്തോടെയുള്ള ഒരു യാത്ര.

വിര്‍ജിനിയയുടെ സംഘര്‍ഷങ്ങള്‍

വിര്‍ജീനിയ, മരണാഭിമുഖ്യമുള്ള മാനസിക അസ്വസ്ഥതകള്‍ക്ക് അടിമപ്പെടാന്‍ കാരണമെന്തായിരുന്നു? അവരുടെ മരണത്തോളമെത്തിച്ച മനസ്സിന്റെ പോറലുകള്‍, വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ അവര്‍ക്ക് അര്‍ദ്ധ സഹോദരനില്‍നിന്നും അനുഭവിക്കേണ്ടിവന്ന ലൈംഗികമായ പീഡനം, അവരുടെ മനസ്സിനു നല്‍കിയ ആഴത്തിലുള്ള പോറലായിരിക്കും. ദ്വന്ദ്വവ്യക്തിത്വത്തിന്റെ ഉടമയായ വിര്‍ജീനിയയില്‍ ആശയസംഘര്‍ഷങ്ങള്‍ നിലനില്‍ക്കാന്‍ കാരണം അവര്‍ പറയുന്നതുപോലെ ''തന്നിലുള്ള ഒരാള്‍ പതിനായിരക്കണക്കിന് വര്‍ഷം മുന്‍പ് ജനിച്ചവളും മറ്റൊരാള്‍ 1882 ജനുവരി 25-ന് ജനിച്ചവളുമായിരുന്നു.'' ഇവ തമ്മിലുള്ള ആശയസംഘര്‍ഷം എന്നും തന്നിലുണ്ടായിരുന്നതായി വിര്‍ജീനിയ പറയുന്നു. സ്ത്രീകള്‍ അക്കാലങ്ങളില്‍ പ്രത്യേകിച്ച് അനുഭവിക്കേണ്ട അടിമ മനോഭാവങ്ങളെക്കുറിച്ച് അവര്‍ പറയുന്നു.

ആനി സെക്സ്റ്റണ്‍
ആനി സെക്സ്റ്റണ്‍

''അടിമത്തം, അത് മനസ്സായാലും ശരീരമായാലും സാമ്പത്തികമായാലും അത് അടിമത്തം എന്നു മാത്രമല്ല, അപമാനകരം തന്നെയാണ്.'' പുരുഷന്മാര്‍ സ്ത്രീകളെ അവരുടെ അധികാരപരിധിക്കുള്ളിലാക്കാന്‍ ശ്രമിക്കുന്നത്, തീര്‍ത്തും അഭിമാനത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന തങ്ങള്‍ക്ക് അപമാനകരം തന്നെയാണ്. ഞങ്ങളുടെ വ്യക്തിത്വം സഹമല്ല. മറ്റുള്ളവരോട് കൂട്ടിച്ചേര്‍ത്ത് വെറും സഹവ്യക്തിത്വവുമല്ല. ഒരു വ്യക്തി എന്ന നിലയില്‍ ഏതൊരു ജീവിയും അനുഭവിക്കാന്‍ അവകാശമുള്ള 'ജൈവനീതി' തങ്ങള്‍ക്കും അവകാശപ്പെട്ടതാണ് എന്ന് അവര്‍ കരുതുന്നു. 

തികഞ്ഞ ആത്മവിശ്വാസത്തോടെ കഠിനാദ്ധ്വാനം ചെയ്യുക ശീലമാക്കിയുള്ള വിര്‍ജീനിയയില്‍ പല ആഘാതങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ഇത് അവരെ പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാക്കി മാറ്റി. പരസ്പരവിരുദ്ധമായി സംസാരിച്ചുകൊണ്ടിരിക്കുക, മരിച്ചുപോയവര്‍ അടുത്തുതന്നെയുണ്ടെന്ന് കരുതി അവരോട് സംസാരിക്കുക, ഇഷ്ടമില്ലാത്തവരോട് പരുഷമായി സംസാരിക്കുക, പെട്ടെന്ന് അബോധാവസ്ഥയിലേക്ക് വീഴുക ഇതൊക്കെ വിര്‍ജീനിയയില്‍ കാണപ്പെട്ട സ്വഭാവരീതികളായിരുന്നു. ലിയോനാഡ്, വിര്‍ജീനിയയുടെ താല്പര്യങ്ങളറിഞ്ഞ് അവര്‍ക്കുവേണ്ടി ജീവിതം തന്നെ മാറ്റിവെച്ച വ്യക്തിയായിരുന്നു. സാഹിത്യലോകത്ത് പുരുഷാധിപത്യത്തിനെതിരെയുള്ള ചോദ്യം ചെയ്യലുകളായി നിലകൊള്ളുന്നവയാണ് വിര്‍ജീനിയയുടെ കൃതികള്‍. പ്രത്യേകിച്ച് അവരുടെ ഫിക്ഷനായും ലക്ചര്‍ നോട്ടുകളായും പിന്നീട് വന്ന 'എ റൂം ഓഫ് വണ്‍സ് ഓണ്‍' എന്ന കൃതി.

ഗാരേജ് അടച്ചുപൂട്ടിയതിനുശേഷം കാറിന്റെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തുവച്ച്, അവിടമാകെ നിറഞ്ഞ വിഷപ്പുക ശ്വസിച്ച് ശ്വാസംമുട്ടി മരണത്തിലേക്ക് തുഴഞ്ഞുപോയ ആനി സെക്സ്റ്റണ്‍, മാനസിക വ്യഥകള്‍ക്കെതിരെയും വ്യക്തിജീവിതത്തിലെ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കെതിരെയും ശക്തമായി തന്റെ തൂലിക ചലിപ്പിച്ച അമേരിക്കന്‍ കവയിത്രിയാണ്. ഇരുപതു ദിവസംകൊണ്ട് അവര്‍ എഴുതിത്തീര്‍ത്ത 'The Owful Rowing Towards God'  അതെഴുതുമ്പോള്‍ അവര്‍ പറയുന്നു, രണ്ടു ദിവസം അമിതമായി നിരാശയിലും നാലു ദിവസം മാനസിക പിരിമുറുക്കമുള്ളവരെ ചികിത്സിക്കുന്ന ആശുപത്രിയിലുമായിരുന്നുവെന്ന്. മരണത്തോളമെത്തുന്ന സൃഷ്ടിയുമായുള്ള മല്‍പ്പിടുത്തം നടക്കുന്ന നിമിഷങ്ങള്‍, അമിതമായി പ്രവര്‍ത്തിക്കുന്ന മസ്തിഷ്‌ക പ്രക്രിയകള്‍... അതില്‍നിന്നവര്‍ക്കൊരിക്കലും മോചനം നേടാനായില്ല. 'Live or Die' എന്ന കവിതാസമാഹാരത്തിലും കുട്ടിക്കാലത്തുതന്നെ അവരിലുണ്ടായ മാനസികമായ തകരാറുകള്‍, സുഖകരമല്ലാത്ത ദാമ്പത്യം എന്നിവയിലെ പ്രശ്‌നങ്ങള്‍ വാക്കുകളിലൂടെ പ്രകടമായിരുന്നു. 

കേവലം പന്ത്രണ്ട് വര്‍ഷത്തെ സര്‍ഗ്ഗാത്മക ജീവിതം, പുലിസ്റ്റര്‍ പ്രൈസ് വരെ നേടിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞെങ്കിലും കുട്ടിക്കാലത്ത് എങ്ങോ സംഭവിച്ച മുറിപ്പെടുത്തല്‍ മനസ്സിനെ അലങ്കോലപ്പെടുത്തി തകര്‍ക്കുകയായിരുന്നു. മരണത്തോടുള്ള മത്സരത്തില്‍, അവര്‍ അവരെത്തന്നെ സ്വയം മോചിപ്പിക്കുകയായിരുന്നു. വാക്കുകളുടെ കൂര്‍ത്ത അറ്റംകൊണ്ട് രാഷ്ട്രീയത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെയും മതത്തിന്റെ ദൂഷ്യവശങ്ങള്‍ക്കെതിരെയും ലിംഗവിവേചനങ്ങള്‍ക്കെതിരെയും അവര്‍ ആഞ്ഞടിച്ചു. അവരുടെ കൃതികളുടെ പേരുകള്‍ മിക്കവാറും മരണത്തെ സൂചിപ്പിക്കുന്നതുകൂടിയായിരുന്നു. 'The death note book' പോലുള്ള കൃതികളിലും അവര്‍ മറ്റൊരു ലോകത്തുകൂടി ഒരേസമയം ജീവിച്ചതുപോലെ തോന്നപ്പെടാന്‍ കാരണം, ഉന്മാദാവസ്ഥയില്‍ അവര്‍ മറ്റൊരു വ്യക്തിയായി സങ്കല്‍പ്പിച്ച് പ്രതികരിക്കുകപോലും ചെയ്യാറുണ്ട് എന്നതാണ്. 

കമ്പിളിപ്പുതപ്പ് കച്ചവടം ചെയ്തിരുന്ന പിതാവിന്റെ സാമ്പത്തികത്തകര്‍ച്ചയും മദ്യത്തിന് അടിമപ്പെടലും സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനാവാതെ ചിതറിപ്പോകുന്ന അമ്മയുടെ മാനസിക വ്യഥയും ആനിന്റെ കുട്ടിക്കാലം നിരാശാഭരിതമാക്കി. രക്ഷിതാക്കളില്‍നിന്ന് നേരിടേണ്ടിവന്ന ലൈംഗികാധിക്ഷേപങ്ങളും കൂടിയായപ്പോള്‍ അവള്‍ മുത്തശ്ശിയായ അന്ന ഡിംഗ്ലേയുടെ സംരക്ഷണയിലാണ് ആശ്വാസപ്പെടുന്നത്. 'നാന' എന്ന് ആനി വിളിച്ചിരുന്ന അവരുടെ അസുഖത്തെത്തുടര്‍ന്നുള്ള ആശുപത്രിവാസവും, സ്‌കൂളിലെ ഇഷ്ടപ്പെടാത്ത ചുറ്റുപാടുകളും ആനിയില്‍ ചെറുപ്രായത്തില്‍ത്തന്നെ കൗണ്‍സിലിങ്ങിന് വിധേയമാക്കേണ്ട അവസ്ഥയിലേക്ക് അവരെ എത്തിച്ചിരുന്നു.

സാധ്യമാവുന്ന ഒരുപാട് കഴിവുകളെ കുഴിച്ചുമൂടി ശവക്കല്ലറ പണിത് അതിന്മേലിരുന്നാണ് ഭൂരിപക്ഷം സ്ത്രീകളും ജീവിതം പണിയുന്നത്. ഒരു സ്ത്രീ അവളുടെ എന്തെല്ലാം സാധ്യതകള്‍ ഉപേക്ഷിച്ചാണ് മുന്നോട്ടു പോകുന്നത്. യഥാര്‍ത്ഥത്തില്‍ അവള്‍ മറ്റാരോ ആകേണ്ടവളാണ്. അങ്ങനെയാവാതെ, അവളുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം ബലികഴിച്ച്, ഏതോ ഒരു നിര്‍ജ്ജീവ വസ്തുവോ അല്ല, ഒരു വൈദ്യുതി പ്രവാഹത്താലോടുന്ന സാങ്കേതിക വസ്തുവോ ആയി അവള്‍ പരിണമിക്കപ്പെടുമ്പോള്‍ ആഴങ്ങളില്‍ മുക്കിക്കൊല്ലപ്പെടുന്നത് അവളുടെ യഥാര്‍ത്ഥ വ്യക്തിത്വമാണ്. 

ഇന്‍ഗ്രിഡ് ജോങ്കര്‍
ഇന്‍ഗ്രിഡ് ജോങ്കര്‍

ആനി സെക്സ്റ്റണ്‍, അവര്‍ പറയുന്ന വാക്കുകളില്‍ അവരുണ്ട്. 'Put your ear down close to your osul and listen hard' നിങ്ങള്‍ ചെവിയോര്‍ക്കൂ. നിങ്ങള്‍ക്ക് നിങ്ങളുടെ ആത്മാവിനെ കേള്‍ക്കാന്‍ കഴിയും. മറ്റാര്‍ക്കുമതിനാവില്ല. 'Live or die, but don't poiosning everything.' നിങ്ങള്‍ക്കു ജീവിക്കുകയോ മരിക്കുകയോ ചെയ്യാം. അത് നിങ്ങളുടെ ഇഷ്ടം. പക്ഷേ, അതിനായി മറ്റുള്ളവയെല്ലാം വിഷമയമാക്കരുത്. 'Wanting to Die' എന്ന കവിത അവര്‍ സ്വയം ആലപിക്കുമ്പോള്‍ പറയുന്നത്, ''ഓടക്കുഴലില്‍ ആലപിക്കുന്നതുപോലെ മനോഹരമാണ് മരണം. മരണചിന്ത, അത് നെയ്തെടുക്കലാണ്.'' അവര്‍ മരണത്തെ വളരെ കാവ്യാത്മകമായി കാണുന്നു, ചിന്തിക്കുന്നു! വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള ശക്തമായ പോരാട്ടമായിരുന്നു അവരുടെ കവിതകളും എഴുത്തും. അതില്‍ അവര്‍ വിജയിച്ചെങ്കിലും മനസ്സിന്റെ രോഗാതുരമായ അവസ്ഥ അതിന്റെ പാരമ്യതയില്‍ അവരെ ഏറെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടേയിരുന്നു. തന്നിലെ ഊര്‍ജ്ജപ്രവാഹത്തെ കാന്തികവലയത്തിലകപ്പെട്ടതുപോലെയാക്കിത്തീര്‍ത്ത്, മരണം ആകര്‍ഷിച്ചടുപ്പിക്കുംപോലെ മറ്റൊന്നും ഉത്തരമായി അവശേഷിക്കുന്നുണ്ടായിരുന്നില്ല. സര്‍ഗ്ഗാത്മകതയും ആത്മനാശത്തോളമെത്തുന്ന ഉന്മാദവും ഏതാണ്ടൊരേ അളവില്‍ വന്നെത്തുമ്പോള്‍ അനുഭവിക്കുന്ന വ്യക്തി ഭ്രമാത്മകമായ മാനസികാവസ്ഥയിലെത്തുകയും സ്വയം ചെയ്യുന്നതെന്താണെന്ന് മനസ്സിലാക്കാതെ പോവുകയും ചെയ്യുന്നു. കുട്ടിക്കാലത്ത് അമ്മയില്‍നിന്നുപോലും നേരിടേണ്ടിവന്ന അധിക്ഷേപങ്ങള്‍ 'മൈ ജേണി ബാക്ക് ടു മൈ മദര്‍' എന്ന കൃതിയില്‍ അവര്‍ പറയുന്നുണ്ട്. സന്തോഷകരമല്ലാത്ത കുട്ടിക്കാലം, ബോര്‍ഡിംഗ് സ്‌കൂളിലെ പഠനം പത്തൊന്‍പതാം വയസ്സിലെ കല്യാണം, രണ്ട് കുട്ടികളുടെ ജനനം കഴിയുമ്പോഴേക്കും ആനിനെ ന്യൂറോ സൈക്യാട്രിക്ക് ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിക്കേണ്ടിവന്നു. പിന്നീട് 46-ാം വയസ്സില്‍ ആത്മഹത്യ ചെയ്യുന്നതുവരെ മാനസിക, വൈകാരിക പ്രശ്‌നങ്ങള്‍ ആഘാതങ്ങളായി അവരെ പിന്‍തുടര്‍ന്നു.

സര്‍ഗ്ഗാത്മകതയും മരണചിന്തയും ഒരേ ത്രാസ്സിന്റെ രണ്ടു തട്ടിലിരിക്കുമ്പോള്‍ മരണം എന്നും അതിജീവനത്തിനായി കൂടുതല്‍ തൂക്കത്തിനു ശ്രമിക്കും. അതിസങ്കീര്‍ണ്ണ മാനസികാവസ്ഥയിലുള്ള കലാഹൃദയത്തെ മറ്റുള്ളവര്‍ക്ക് പലപ്പോഴും മനസ്സിലാക്കാന്‍ സാധിച്ചെന്നുവരില്ല. അവരുടെ ഭൗതിക ജീവിതവും മിക്കപ്പോഴും പരാജയപ്പെടുമെങ്കിലും കലാജീവിതം വിജയപ്രദമായിരിക്കും. ക്രിയാത്മക സൃഷ്ടി നടത്തുന്നവരുടെ മനസ്സ് വളരെ വ്യത്യസ്തമായ പാളങ്ങളിലൂടെയാണ് ഓടിക്കൊണ്ടിരിക്കുക.

മുപ്പത്തിയൊന്ന് വയസ്സ് മാത്രം പ്രായമുള്ള ഇന്‍ഗ്രിഡ് ജോങ്കര്‍ തണുത്തുറഞ്ഞ ഒരു രാത്രിയില്‍, പാറക്കെട്ടുകള്‍ക്കിടയിലൂടെ കടലിലേക്ക് നടന്നുപോയി, നിരന്തരം അവളെ പീഡിപ്പിച്ചിരുന്ന അവളുടെ സ്വന്തം മനസ്സിനോട് യാത്ര പറഞ്ഞ് മരണത്തെ തേടിപ്പോയി. അമ്മയുടെ കരങ്ങളിലെന്നോണം കടല്‍ അവളെ സ്വീകരിച്ചു. അപ്പോഴും അതിനുശേഷവും സ്വന്തം പിതാവ്, അവളെ മകളായി അംഗീകരിക്കാന്‍ തയ്യാറായില്ല. പക്ഷേ, അന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ദക്ഷിണാഫ്രിക്കന്‍ മനസ്സ് ഇന്‍ഗ്രിഡിനായി ഉണര്‍ന്നിരിക്കുന്നുണ്ട്. കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ മാതാപിതാക്കളുടെ വേര്‍പിരിയല്‍, പിതാവിന്റെ നിഷേധം, നേരത്തെയുള്ളതും അസന്തുഷ്ടവുമായ വിവാഹജീവിതം, അവരുടെ സര്‍ഗ്ഗാത്മക മനസ്സില്‍ പോറലുകളേല്‍പ്പിക്കുകയും മനസ്സിന്റെ അന്തഃര്‍ധാരയില്‍നിന്ന് അത് പ്രവാഹമായി ഒഴുക്കിവിട്ടെങ്കിലും, അവര്‍ക്ക് മനസ്സിനെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. പിതാവില്‍നിന്ന് നിഷേധിക്കപ്പെട്ട സ്‌നേഹം പകരം വയ്ക്കാനായി അവര്‍ പ്രായക്കൂടുതലുള്ള പുരുഷന്മാരുമായി സൗഹൃദം പുലര്‍ത്തുക പതിവായിരുന്നു. 1934 മുതല്‍ 1965 വരെയുള്ള ജീവിതകാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയിലെ മുന്‍നിര എഴുത്തുകാരിയായിരുന്നു ജോങ്കര്‍. 'ത്രീ ആങ്കര്‍ ബേ' കടല്‍ത്തീരം മരണത്തിനായി തെരഞ്ഞെടുക്കുന്നതിന് മുന്‍പ് തനിക്ക് ഈ ജീവിതം ഇങ്ങനെ കൂടുതല്‍ കാലം തുടരാനാവില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. വിഷാദരോഗത്തിന്റെ നാളുകളായിരുന്നു അവ. മാനസികരോഗം ഗുരുതരാവസ്ഥയിലെത്തിയപ്പോള്‍ അമ്മയെ പ്രവേശിപ്പിച്ച അതേ മാനസികരോഗാശുപത്രിയില്‍ ഇന്‍ഗ്രിഡിനേയും നിര്‍ബ്ബന്ധിതമായി പ്രവേശിപ്പിക്കാന്‍ ഇന്‍ഗ്രിഡിന്റെ മാനസികാവസ്ഥ കാരണമായി. 1961-ലായിരുന്നു അത്.

ഐറിസ് ചാങ്ങ്
ഐറിസ് ചാങ്ങ്

ഇത്രയും സര്‍ഗ്ഗാത്മകമായ ഒരു മനസ്സിന്റെ വ്യക്തിപരമായ ജീവിതം വളരെയധികം സങ്കടം നിറഞ്ഞതും മാനസികവ്യഥകളനുഭവിക്കേണ്ടിവന്നതും സ്ത്രീ എന്ന നിലയില്‍ കൂടുതല്‍ പരിഹാരങ്ങള്‍ ലഭിക്കാത്തതുമായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍കൊണ്ടും കവിതയിലെ നൂതനാശയങ്ങള്‍കൊണ്ടും ഏറെ പ്രശസ്തിയാര്‍ജ്ജിച്ച ഇന്‍ഗ്രിഡ് ഏറെ ബഹുമതികളും നേടിയെടുത്തിട്ടുണ്ട്. ആന്തരികമായ അവരുടെ ചോദനകള്‍ക്ക് തടയിടാന്‍ മരണത്തിനു കഴിഞ്ഞു. മരണത്തിന് ഇന്‍ഗ്രിഡിന്റെ കലാജീവിതത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിരിക്കാം. പക്ഷേ, അവരുടെ, ചിന്തകളെ തോല്‍പ്പിക്കാന്‍ കഴിയില്ല. അവരുടെ പ്രവര്‍ത്തനങ്ങളെ, അവരുടെ സംഗീതത്തെ തടയിടാന്‍ കഴിഞ്ഞില്ല

ഇന്‍ഗ്രിഡ് ഇപ്പോഴും ജീവിക്കുന്നു, കരുത്തുറ്റ അവരുടെ വരികളിലൂടെ.
മാരകമായ രീതിയില്‍, വായിലേക്ക് സ്വയം വെടിവച്ച് മരിച്ച ഐറിസ് ചാങ്ങ്, അതിനു മുന്‍പ് മൂന്ന് പ്രാവശ്യം ആത്മഹത്യാശ്രമങ്ങള്‍ നടത്തിയിരുന്നു. 'ദി ചൈനീസ് ഇന്‍ അമേരിക്ക', 'ദ റെയ്പ് ഓഫ് നാന്‍കിങ്ങ്', 'ത്രെഡ് ഓഫ് സില്‍ക്ക് വേം' എന്നീ പ്രസിദ്ധമായ കൃതികള്‍ രചിച്ച ഐറിസിന്റെ മനസ്സിന് താളപ്പിഴകള്‍ സംഭവിക്കാന്‍ ഇടയാക്കിയ സംഗതികള്‍ എന്തൊക്കെയാണ്? യുദ്ധത്തിന്റെ ഭീകരതയില്‍നിന്ന് ഒളിച്ചോടി മറ്റൊരു രാജ്യത്തില്‍ അഭയാര്‍ത്ഥിയായി എത്തുമ്പോഴുള്ള അവഗണന, അവഗണിക്കപ്പെടുന്ന ഒരു സാമൂഹ്യാവസ്ഥയിലേക്കുള്ള പിന്‍തള്ളപ്പെടല്‍, അതിജീവനത്തിനായുള്ള പാടുപെടല്‍, ജന്മനാടിന്റെ പിന്‍വിളി, ഐറിസിന്റെ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ അവരനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ മനസ്സില്‍ എന്നും തിരയടിച്ചുകൊണ്ടിരുന്നു. എഴുത്തിലൂടെ മാനസികാഘാതം കുറക്കാന്‍ അവര്‍ ശ്രമിച്ചുവെങ്കിലും അത് കൂടുതല്‍ ഭീകരമായി അവരെ പിന്‍തുടര്‍ന്നു. ഒരുപക്ഷേ, വളരെ സാധാരണമായ മനസ്സുള്ള ഒരാള്‍ക്ക് ഇവയൊന്നും അത്രകണ്ട് വലിയ വിഷയങ്ങളായിരിക്കില്ല. എന്നാല്‍, മനസ്സിന്റെ താളഭംഗങ്ങള്‍ക്ക് കാരണമായ നാന്‍കിങ്ങ് കൂട്ടക്കൊലയിലെ ദുരനുഭവങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെ അനുഭവങ്ങള്‍, ഐറിസിന്റെ മനസ്സിനെ തീപോലെ പൊള്ളിച്ചുകൊണ്ടിരുന്നു. കൂട്ടക്കൊലയിലെ ലഹരിയില്‍ അഭിരമിക്കുന്നവര്‍, സ്ത്രീകളെ പീഡിപ്പിച്ച് കൊന്നുരസിച്ചവര്‍, കുട്ടികളെ തുണ്ടുകളായി കൊന്നിടുന്നവര്‍- യുദ്ധത്തിന്റെ ഇരകള്‍ എന്നും കുട്ടികളും സ്ത്രീകളുമാണ്. മൂന്നു വര്‍ഷത്തോളം 'ദി റെയ്പ് ഓഫ് നാന്‍കിങ്ങ്' എന്ന കൃതിക്കുവേണ്ടി അവര്‍ നടത്തിയ പഠനങ്ങള്‍ - മൂടിവയ്ക്കപ്പെട്ട യാഥാര്‍ത്ഥ്യങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരുവാനായി അവര്‍ കഠിനമായ വഴിതന്നെ തെരഞ്ഞെടുത്തു. ഐറിസിന് സംഭവം ലോകത്തെ അറിയിക്കാനായെങ്കിലും ഇരകള്‍ക്ക് നീതി ലഭിച്ചില്ല. ഈ സംഭവം അവരെ ഉറക്കമില്ലാതാക്കിത്തീര്‍ത്തു. ഇതിനെത്തുടര്‍ന്നുണ്ടായ മാനസികമായ തകര്‍ച്ചകൂടിയായപ്പോള്‍ അവര്‍ക്ക് തുടര്‍ന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകാനായില്ല. ക്രൂരതയ്ക്കും അനീതിക്കുമെതിരെ, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി പോരാടി അവര്‍ മരണത്തിന്റെ വഴി സ്വീകരിച്ചു.

അല്‍ഫോന്‍സിന സ്‌റ്റോര്‍ണി
അല്‍ഫോന്‍സിന സ്‌റ്റോര്‍ണി


ലാറ്റിനമേരിക്കയിലെ പ്രശസ്ത എഴുത്തുകാരിയായിരുന്ന അല്‍ഫോന്‍സിന സ്റ്റോര്‍ണിയും കടലിലേക്ക് നടന്നുപോയി മരണത്തെ സ്വീകരിക്കുകയായിരുന്നു. അവരുടെ കൃതികളിലെ ലൈംഗിക പ്രമേയങ്ങളും സ്ത്രീ കാഴ്ചപ്പാടുകളും ശക്തമായ വിമര്‍ശനങ്ങള്‍ക്കു വിധേയമായിരുന്നു. ഏകാന്തതയും പാര്‍ശ്വവല്‍ക്കരണവും അവരുടെ മനോനിലയെ ഏറെ തളര്‍ത്തിയിരുന്നു. മാനസികനിലയില്‍ വന്ന തകരാറും പിന്നീട് വന്ന അര്‍ബുദരോഗവും അവരെ മരണത്തോട് കൂടുതല്‍ അടുപ്പിച്ചു. സ്ത്രീസ്വാതന്ത്ര്യത്തിന്റെ പരിമിതികള്‍, അവ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, പുരുഷാധിപത്യ സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇവയ്ക്കെതിരെ ശക്തമായ തൂലിക ചലിപ്പിച്ച അല്‍ഫോന്‍സിന നാല്പത്തി ആറാമത്തെ വയസ്സില്‍ മരണത്തെ സ്വന്തമാക്കുമ്പോള്‍ ലാറ്റിനമേരിക്കയിലെ പ്രശസ്തിക്കുമപ്പുറം, അതീതമായി കലയും സാഹിത്യവുമെല്ലാം അലഞ്ഞുനടക്കുന്ന മനസ്സിന്റെ അനുരണനങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നുവരില്ല. മനസ്സിനെ തന്നില്‍നിന്നും ആരോ അടര്‍ത്തിമാറ്റിക്കൊണ്ടുപോയതുപോലുള്ള പെരുമാറ്റം, അസ്വസ്ഥമായ മനസ്സിന്റെ ഭാവതലങ്ങള്‍ ഒരു പരിധിവരെ എഴുത്തുകളിലൂടെ പുറത്തേക്കൊഴുക്കാമെങ്കിലും ശക്തമായ ഒരു പരിരക്ഷയുടെ അഭാവത്തില്‍ മനസ്സ് ചിതറിപ്പോകുന്ന കാഴ്ച നമുക്ക് കാണാന്‍ കഴിയും. കവിതകളെക്കാള്‍ അവരുടെ ലേഖനങ്ങള്‍, പൊതു പ്രവര്‍ത്തനങ്ങള്‍ അവര്‍ സ്ത്രീകള്‍ക്കുവേണ്ടി വാദിച്ചുകൊണ്ടിരുന്നു. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍, സ്ത്രീകളെ പൊതുമുഖങ്ങളില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തല്‍, സമൂഹത്തില്‍ അവരനുഭവിക്കുന്ന കഷ്ടപ്പാടുകള്‍, അവരുടെ അവകാശങ്ങള്‍ എന്നിവയ്ക്കുവേണ്ടി അല്‍ഫോന്‍സിന ശക്തിയുക്തം ലേഖനങ്ങള്‍ എഴുതുകയും അവര്‍ക്കുവേണ്ടി പൊതുപ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്തു. അവരുടെ മനസ്സിലെ വിഷാദ ഉന്മാദാവസ്ഥകളെക്കുറിച്ച് അവരുടെ കവിതകള്‍ വെളിപ്പെടുത്തുന്നുണ്ട്. അവസാനം വന്നെത്തിയ അര്‍ബുദരോഗം അവരുടെ മരണവഴിയിലേക്കുള്ള ദൂരം എളുപ്പമാക്കിയെന്നും അവര്‍ ആശ്വസിക്കുന്നുണ്ട്.

പിതൃദായക സമൂഹത്തില്‍ പുരുഷന്മാരാല്‍ അടച്ചിടപ്പെട്ട സ്ത്രീകളുടെ അസ്വാതന്ത്ര്യത്തിന്റെ മുറിവ്, അവഗണനയുടെ കയ്പ് ചൂണ്ടിക്കാണിക്കുന്ന അല്‍ഫോന്‍സിനയുടെ വരികള്‍ ആണ്‍ ആധിപത്യത്തിനെതിരെയുള്ള പ്രക്ഷോഭമായിരുന്നു. പിതാവിന്റെ പെട്ടെന്നുള്ള സാമ്പത്തിക പ്രശ്‌നവും പിന്നീടുള്ള മരണവും അല്‍ഫോസിനയ്ക്ക് തുടര്‍പഠനം നടത്താന്‍ കഴിയാത്ത അവസ്ഥയിലേക്കും കുടുംബഭാരം ഏറ്റെടുക്കേണ്ട അവസ്ഥയിലേക്കും ചെന്നെത്തിച്ചു. ഈ തകിടം മറിച്ചിലും തന്റെ തന്നെ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളും അവരെ ഏറെ വിഷമിപ്പിച്ചു. ഓരോ വ്യക്തിയും പ്രശ്‌നങ്ങളെ നേരിടുന്നത് വ്യത്യസ്ത അനുപാതത്തിലായിരിക്കും. കല മനസ്സിനെ പൊതിഞ്ഞിരിക്കുന്നവരില്‍ എല്ലാത്തിന്റേയും പ്രതിഫലനങ്ങള്‍ വളരെ ആഴത്തിലുള്ളതും അതിന്റെ തരംഗങ്ങള്‍ നിര്‍ത്താതെ ഓളങ്ങള്‍ സൃഷ്ടിച്ച് അവരില്‍ത്തന്നെ അസ്വസ്ഥകരമായി നിലനില്‍ക്കുകയും ചെയ്യുന്നവയായിരിക്കും. അവ ചിലപ്പോള്‍ വളരെ പെട്ടെന്ന് ഉയര്‍ന്ന തിരകളെ പ്പോലെ ആഞ്ഞടിച്ച് അവരെത്തന്നെ നശിപ്പിക്കാന്‍ തക്ക കെല്‍പ്പുള്ളവയുമായിരിക്കും.

ഷാര്‍ലെറ്റ് പെര്‍കിന്‍
ഷാര്‍ലെറ്റ് പെര്‍കിന്‍


മനുഷ്യസംസ്‌കാര ചരിത്രത്തില്‍ പകുതിമാത്രം വികാസം മാത്രമേ സ്ത്രീകള്‍ക്ക് സംഭവിക്കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ളൂ എന്നും സാമ്പത്തിക സ്വാതന്ത്ര്യമില്ലായ്മയാണ് അതിന് തടസ്സം നില്‍ക്കുന്ന പ്രധാന കാരണമെന്നും ഷാര്‍ലറ്റ് 1898-ല്‍ പ്രസിദ്ധീകരിച്ച 'വിമന്‍ ആന്‍ഡ് ഇക്കണോമിക്സി'ല്‍ പ്രതിപാദിക്കുന്നുണ്ട്. ഇതേ അസ്വാതന്ത്ര്യത്തിന്റെ കയ്പേറിയ അനുഭവങ്ങള്‍, കൂടെ അര്‍ബുദവും. അവര്‍ വിഷവാതകത്തില്‍ അഭയം തേടി മരണം വരിക്കുകയായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സ്ത്രീകളുട മനസ്സാണ് 'ദ യെല്ലോ വാള്‍പ്പേപ്പറില്‍' ചിത്രീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സര്‍ഗ്ഗാത്മക കാഴ്ചപ്പാടുകള്‍ നിഷേധിക്കപ്പെടുന്ന ഓരോ സ്ത്രീയും അതിലെ കേന്ദ്രകഥാപാത്രമായി തീരുന്നു. ഗില്‍മാന്റെ ജീവിതാവസ്ഥതന്നെ പ്രതിപാദിക്കുന്ന കൃതി കൂടിയാണത്. തീര്‍ത്തും ഏകാകിയാക്കപ്പെട്ട ഒരു ബാല്യവും പിതാവ് കുടുംബത്തെ വിട്ടുപോയ അവസ്ഥയില്‍ സാമ്പത്തികമായ വിഷമങ്ങള്‍ നേരിട്ട ഒരു കുടുംബത്തിന്റെ അസ്വസ്ഥതകള്‍, അത് മറികടക്കാന്‍ പറ്റാതെ വരുന്ന അവസ്ഥ, വീട്ടില്‍നിന്നും മാറി അകന്ന ബന്ധുക്കളുടെ കൂടെ താമസിക്കേണ്ടിവരുന്ന ബാല്യം, മാറിമാറി വരുന്ന സ്‌കൂള്‍ അന്തരീക്ഷം. പിതാവിന്റെ സാഹിത്യാഭിരുചി അറിയാതെ അവളുടെ ഉള്ളില്‍ വളര്‍ന്നത് അതു മാത്രമായിരുന്നു ആശ്വാസമായുണ്ടായത്. ജീവിതം ഒരാളെ ഏതു വഴിയെ മാറ്റിയടര്‍ത്തിക്കൊണ്ടുപോകുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയില്‍ കലയും എഴുത്തും കൂട്ടായി. വിവാഹജീവിതത്തിനായി തെരഞ്ഞെടുത്ത ആള്‍, ജീവിതത്തിലെ തെറ്റായ തീരുമാനമായിരുന്നു അത് എന്ന അറിവ് കൊടുത്ത ആഘാതം, എല്ലാം കൂടിച്ചേര്‍ന്ന് 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍'//'Postpartum depression' എന്ന മാനസികാവസ്ഥയിലേക്ക് എത്തിച്ചേരാനിടയാക്കി. സങ്കീര്‍ണ്ണമായ മാനസികാവസ്ഥ അവരുടെ സ്വഭാവത്തില്‍ വരുത്തിയ വ്യതിയാനം ആത്മഹത്യയിലെത്തിക്കുംവരെ തുടര്‍ന്നു. ഒരു പിതാവിന്റെ സംരക്ഷണം ഒരു പെണ്‍കുട്ടി എങ്ങനെ ആഗ്രഹിക്കുന്നു എന്ന് നന്നായറിയാവുന്ന ഗില്‍മാന്‍ മകളെ പിതാവിന്റെ സംരക്ഷണയിലാക്കുന്നു. ശാന്തമായും വേഗത്തിലും മരിക്കാനായി അവര്‍ 'ക്ലോറോഫോം' തെരഞ്ഞെടുക്കുകയായിരുന്നു. അവര്‍ പറയുന്നുണ്ട് ''മരണം ജീവിതത്തിന്റെ വളരെ പ്രധാനമായ ഒരവസ്ഥയാണ്. അത് മോശപ്പെട്ട കാര്യമല്ല. അത് കുഴപ്പം പിടിച്ച ഒന്നല്ല'' എന്ന്. പലപ്പോഴും അവരില്‍ പിടിപെട്ട മാനസിക പ്രശ്‌നങ്ങള്‍, ജീവിതത്തില്‍ ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ക്കേറ്റ മുറിവുകള്‍ കാരണമായിരുന്നു. ബൗദ്ധികവ്യാപാരത്തിലൂടെ അവര്‍ അതിനെയൊക്കെ അതിജീവിക്കുന്നുണ്ടെങ്കിലും മരണത്തോട് കൂട്ടുകൂടി അവര്‍ ജീവിതത്തെ അവസാനം പരാജയപ്പെടുത്തി.

ഇംഗ്ലീഷ് എഴുത്തുകാരിയും കവിയും വിമര്‍ശകയുമായ ബിയാട്രീസ് ഹേസ്റ്റിംഗ്സ് പുതിയ കാലഘട്ടത്തിലെ എഴുത്തുകാരുടെ ശക്തയായ പ്രതിനിധിയായിരുന്നിട്ടും അവരുടെ തീര്‍ത്തും സന്തോഷകരമല്ലാത്ത ജീവിതം മതിയായ അംഗീകാരം കിട്ടുന്നതിന് മുന്‍പെ അവര്‍ സ്വയം അവസാനിപ്പിച്ചു. എല്ലാ പഴുതുകളും അടച്ച് മുറിയില്‍ ഗ്യാസ് തുറന്നുവച്ച് വിഷവാതകം ശ്വസിച്ചായിരുന്നു അവര്‍ മരണത്തിന്റെ മായികവലയത്തിലേക്ക് വീണുടഞ്ഞത്. മരണം ഓരോ വ്യക്തിയിലും കൃത്യമായ വഴി നിശ്ചയിച്ചുവച്ചിട്ടുണ്ട്. കാരണങ്ങള്‍ നിരവധിയാകാം. സര്‍ഗ്ഗാത്മകമായി കഴിവുള്ള ഒരു വ്യക്തി അവരില്‍ അന്തര്‍ലീനമായ കഴിവുകള്‍ ശരിയായ വിധത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെങ്കിലുണ്ടാകുന്ന മാനസിക അസ്വാസ്ഥ്യം, ഒറ്റപ്പെടല്‍, അതില്‍നിന്നുള്ള മോചനമായി മരണത്തെ കാണുന്നു. കുട്ടിക്കാലത്തെ ഒറ്റപ്പെട്ട ജീവിതവും മാനസികാവസ്ഥയും അവരില്‍ ഉണ്ടാക്കിയ അസ്വസ്ഥതയുടെ വേരുകള്‍, ഒളിക്കപ്പെട്ട വേട്ടയാടലുകളായി അവരില്‍ നിറഞ്ഞുനില്‍ക്കും. ബിയാട്രീസില്‍ എന്നും കലഹിക്കുന്ന ഒരു മനസ്സുണ്ടായിരുന്നു. ധിഷണാപരമായി ശരി എന്നു തോന്നുന്നതിനെ ശരിയായിത്തന്നെ അപഗ്രഥിച്ചു വിലയിരുത്താനും എതിരെ വരുന്ന വിമര്‍ശനങ്ങളെ അതിരൂക്ഷമായി നേരിടാനും ഒരുങ്ങിയിരിക്കുന്ന ഒരു മനസ്സ്. ജീവിതത്തെ അവര്‍ ഒരു പോരാട്ടമായി എടുക്കുകയും ഒന്നിനും കീഴടങ്ങാത്ത അവരുടെ മനസ്സ് മരണത്തിനു കൊടുക്കുകയുമായിരുന്നു. മരണത്തെ പ്രണയിച്ച ഇതുപോലുള്ളവരുടെ മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പഠനവിധേയമാണ്. അതിസങ്കീര്‍ണ്ണമായ ഇത്തരം മാനസികാവസ്ഥകളെ കൂടുതല്‍ പഠനവിധേയമാക്കേണ്ടതുണ്ട്. കുടുക്കില്‍നിന്ന് കുടുക്കിലേക്ക് അവര്‍ എടുത്തുചാടുന്നു. ഇത്തരം വ്യക്തികളില്‍ സാധാരണ വ്യക്തികളിലെ മരണഭയം പോലെ തന്നെ മരണാഭിനിവേശം കൂടുതലായി കാണുകയും അവര്‍ മരണചിന്തയില്‍ അഭിരമിക്കുകയും അതിനോട് കൂട്ടുകൂടുകയും കൂടു പണിയിച്ച് അതിനുള്ളിലേക്ക് കയറിപ്പോകുകയും ചെയ്യുന്നു.

ബിയാട്രീസ് ഹേസ്റ്റിങ്ങ്‌സ്
ബിയാട്രീസ് ഹേസ്റ്റിങ്ങ്‌സ്


'കീഴടക്കലിന്റെ മഹത്വം' എന്നര്‍ത്ഥമുള്ള പേര് അലേജാന്‍ഡ്രയ്ക്ക് കൂടുതല്‍ ഉചിതമായിത്തീരുന്നത് മരണം അവരെ കീഴടക്കിയപ്പോഴായിരുന്നു. അര്‍ജന്റീനിയന്‍ കവിയായ അലേജാന്‍ഡ്ര, തന്റെ ദേഹത്തെക്കുറിച്ചുള്ള ആത്മവിശ്വാസക്കുറവ്, താരതമ്യപ്പെടുത്തലില്‍നിന്നും കുട്ടിക്കാലത്തെ മനസ്സില്‍ കുടിയേറിയ അപകര്‍ഷതാബോധം എന്നിവയില്‍നിന്നും ഒളിച്ചോടാന്‍ മരണത്തിന്റെ കൈപിടിച്ച് ആശ്വാസപ്പെടുന്നതിന് വഴിയായി ലഹരിമരുന്നുകളെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ ഉറക്കക്കുറവും മാനസികാരോഗ്യനിലയിലെ തകര്‍ച്ചയും അവരുടെ മാനസികവ്യാപാരങ്ങളെ അതിജീവിക്കാന്‍ ലഹരിമരുന്നുതന്നെ തെരഞ്ഞെടുത്ത് മരണത്തിലേക്ക് കൂപ്പുകുത്താനിടയാക്കി.

അരക്ഷിതബോധവും സുരക്ഷിതമില്ലായ്മയും

ജീവിതം മുഴുവന്‍ അനുഭവിച്ച കഠിനവിഷാദവും കഷ്ടപ്പാടുകളും മാനസികാരോഗ്യ ആശുപത്രിയിലെ ചികിത്സയിലേക്ക് എത്തിച്ചതും പുറത്തിറങ്ങിയ ഉടനെ മരണത്തെ പുല്‍കിയതും ജൂതരക്ഷിതാക്കളുടെ മകളായി ജനിച്ച പിസാര്‍നിക് കൃതികളില്‍ മുഖ്യമായും കുട്ടിക്കാലം, ഏകാന്തത, കടുത്ത ദുഃഖം എന്നിവ മരണചിന്തയുടെ നേര്‍ത്ത ആവരണത്തോടെ കാണപ്പെടുന്നുണ്ട്. ഫൈവ് ലൗവ് പോയംസ്-നോടൊപ്പം തന്നെ കറുത്തഹാസ്യം മുഖമുദ്രയാക്കിയ 'എക്സ്ട്രാക്റ്റിങ്ങ് ദ സ്റ്റോണ്‍ ഓഫ് മാഡ്നസ്സ്' അവരുടെ ഒരേ സമയം വ്യതിരിക്തമായി കാണപ്പെടുന്ന മനസ്സിന്റെ അടയാളങ്ങളാണ്. അതോടൊപ്പം വീരപരിവേഷത്തോടെ നിറഞ്ഞുനില്‍ക്കുന്ന അവരുടെ മനസ്സിന്റെ ആന്തരിക ലോകം അവരുടെ കവിതകള്‍ക്കുള്ളില്‍ കാണാന്‍ പറ്റുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പിസാര്‍നിക്കിന്റെ കവിതകള്‍ ഏകാന്തതയുടേയും നിശ്ശബ്ദതയുടേയും ശൂന്യസ്ഥലികളെ, അതിന്റെ തീവ്രഭാവത്തില്‍ പിസാര്‍നിക് തന്റെ കവിതകളില്‍ വ്യാപരിപ്പിക്കുന്നതായി നിരൂപകര്‍ പ്രസ്താവിക്കുന്നത്.

ലാറ്റിനമേരിക്കന്‍ സ്ത്രീകള്‍ അനുഭവിച്ചിരുന്ന അടിച്ചമര്‍ത്തലുകളും വേര്‍തിരിവുകളും അതിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ അവരുടെ കവിതകളിലൂടെ അവര്‍ അവതരിപ്പിച്ചു. ഏകാന്തത നിറക്കുന്ന അതിരില്ലാത്ത അനുഭൂതികള്‍, അത് മരണത്തിന്റെ പ്രതീക ചിഹ്നങ്ങളാണെന്ന് അവര്‍ പറയാതെ പറയുന്നുണ്ട്. മുപ്പത്തിയാറ് വയസ്സ് സര്‍ഗ്ഗാത്മകമായി കഴിവുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് വളരെ ചുരുങ്ങിയ കാലയളവാണ്. പിസാര്‍നിക്കിന്റെ കവിതകള്‍ ഉത്തരങ്ങളാണ്. കുട്ടിക്കാലം മുതല്‍ ഒരു കുട്ടിയിലുണ്ടാകുന്ന അരക്ഷിതബോധവും സുരക്ഷിതമില്ലായ്മയും ആരോഗ്യകരമല്ലാത്ത മാനസികാവസ്ഥയും ചേര്‍ത്തുനിര്‍ത്താന്‍ ആരുമില്ലാതിരിക്കുന്ന അവസ്ഥയും ക്രിയേറ്റീവായ ഒരു വ്യക്തിയില്‍ കറുപ്പിന്റെ താളവിഭ്രമങ്ങള്‍ വേലിയേറ്റ വേലിയിറക്കങ്ങളായി വരുന്നതെന്തുകൊണ്ടെന്നും അതേ വേലിയേറ്റ തിരമാലയില്‍ എന്തുകൊണ്ട് അവരുടെ മനസ്സ് ഒഴുകിപ്പോകുന്നു എന്നതിനും.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ജീവിച്ചിരുന്ന അമേരിക്കന്‍ കവി സാറാ ടീസ്ഡെയ്ല്‍, കൃതികള്‍ ഏറെ ആഘോഷിക്കപ്പെട്ടവയും പ്രസക്തമാണെങ്കിലും അവരുടെ വ്യക്തിജീവിതം തീരെ സന്തോഷപ്രദമായിരുന്നില്ല.

ജയിലറകളിലെന്നപോലെയുള്ള ഓര്‍ത്തഡോക്സ് മനോഭാവമുള്ള വീട്ടിലെ അന്തരീക്ഷം സാറയെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. സൗന്ദര്യം, പ്രണയം, മരണം എന്നിവയെക്കുറിച്ച് സാറയുടെ മാറുന്ന വീക്ഷണം ധാരാളം ആരാധകരെ അവര്‍ക്ക് സൃഷ്ടിച്ചു കൊടുത്തിരുന്നു. 'റിവേഴ്സ് ടു ദി സീ' 1915-ല്‍ രചിച്ച സാറയുടെ കൃതി അവരുടെ ആത്മഹത്യാക്കുറിപ്പായി കണക്കാക്കുന്നവര്‍ പറയുന്നത് അതില്‍ ഗാഢമായ നിരാശയുടെ അടിയൊഴുക്കുകള്‍ കണ്ടെത്താന്‍ കഴിയുന്നുണ്ടെന്നാണ്.

അലേജാന്‍ഡ്ര പിസാര്‍നിക്
അലേജാന്‍ഡ്ര പിസാര്‍നിക്


1918-ല്‍ 'പുലിസ്റ്റര്‍ പ്രൈസ്' എന്ന ലോകോത്തര ബഹുമതിവരെ തേടിയെത്തിയ സാറ 1933-ല്‍ അമിതമായി ഉറക്കഗുളിക കഴിച്ച് മരണത്തെ കൂട്ടുകാരനാക്കുമ്പോള്‍, ഓളങ്ങളില്‍പ്പെട്ട് ആടിയുലയുന്ന അസ്വസ്ഥമായ മനസ്സിന്റെ ഭ്രമാത്മക ചിന്തകളിലൂടെ കടന്നുപോകുന്ന അവരുടെ കവിതകള്‍ അവര്‍ നമുക്കായി ബാക്കിവയ്ക്കുന്നു, വിശകലനം ചെയ്യപ്പെടാനായി.

സാറ ടീസ്‌ഡെയ്ല്‍
സാറ ടീസ്‌ഡെയ്ല്‍


ആഫ്രോ-ജര്‍മ്മന്‍ കവിയായ മേ ഒപ്ടിസ് 36-ാം വയസ്സില്‍ മരണത്തെ തേടിപ്പോയ വ്യക്തിയായിരുന്നു. ജര്‍മ്മന്‍ സാമൂഹികാവസ്ഥയില്‍ നിലനിന്നിരുന്ന വംശീയമായ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ആഫ്രോ-ജര്‍മ്മന്‍കാരെ ഒരുമിച്ചു ചേര്‍ത്ത് പ്രവര്‍ത്തിക്കുന്നതില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചിരുന്ന 'മേ ഒപ്ടിസ്' അധിനിവേശ പ്രശ്‌നങ്ങള്‍കൊണ്ടുതന്നെയുണ്ടായ കാരണങ്ങള്‍കൊണ്ട് ജര്‍മ്മന്‍ ദമ്പതികളുടെ ദത്തുപുത്രിയായാണ് വളര്‍ന്നത്. ഇത് അവരെ ഏറെ വ്യാകുലപ്പെടുത്തിയിരുന്നു. അവിവാഹിത രക്ഷിതാക്കളുടെ പുത്രിയായതു കാരണം വംശീയപ്രശ്‌നങ്ങളില്‍ കുടുങ്ങി ജീവിക്കേണ്ടിവന്ന, 'മേ'യുടെ ജീവിതം വംശീയ പ്രശ്‌നങ്ങളനുഭവിക്കുന്നവര്‍ക്കു വേണ്ടിയുള്ള പോരാട്ടജീവിതത്തിനുവേണ്ടി തൂലിക ചലിപ്പിക്കുന്നതിനായി അവര്‍ മാറ്റിവച്ചു. അതിനായി അവര്‍ എഴുതിയ കൃതി 'Black history month' തയ്യാറാക്കുന്നതിനിടയില്‍ അവര്‍ ശാരീരികവും മാനസികവുമായ അസ്വസ്ഥതയാല്‍ ബര്‍ലിനിലെ മാനസികരോഗികള്‍ക്കുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 'Multiple Selerosis' എന്ന രോഗകാരണത്തെ തുടര്‍ന്ന് ഒരു ഏപ്രില്‍ മാസത്തിലെ ചികിത്സയ്ക്കുശേഷം വീടണഞ്ഞ അവരെ ജൂണ്‍മാസം കടുത്ത മാനസികാഘാതത്തെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂലായില്‍ തിരിച്ചുവന്ന അവര്‍, ആഗസ്റ്റ് മാസമെത്തിയപ്പോള്‍ വീണ്ടും മരണത്തോട് കൂട്ടുകൂടാന്‍ ശ്രമിച്ച് വിജയിക്കുകയായിരുന്നു. അസ്വസ്ഥതകളൊന്നുമില്ലാതെ മറുലോകത്ത് അവര്‍ക്ക് സ്വസ്ഥത കിട്ടിയിരുന്നോ? കലയുടെ മതിവിഭ്രമങ്ങളില്‍ പൂര്‍ണ്ണമായും ഉള്‍ച്ചേര്‍ന്നിരുന്നവര്‍ക്ക് മരണം പൂത്തുലയുന്ന താഴ്വരകള്‍ കാണാനാവുമായിരിക്കും. അതിന്റെ ഗന്ധവിസ്മയങ്ങളില്‍ ലയിച്ചിരിക്കാനാവുമായിരിക്കും.

വംശീയാധിക്ഷേപങ്ങള്‍ക്കുള്ള മറുപടിയായിരുന്നു അവരുടെ കവിതകള്‍. 'Blues in Black & White'ല്‍ അവര്‍ അത് വ്യക്തമാക്കുന്നുണ്ട്.
കുട്ടികളുടെ മനസ്സില്‍ പറ്റുന്ന മുറിവുകള്‍ എപ്പോഴും ആഴം കൂടിയവയാണ്. ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ അവ പഴുത്തുകൊണ്ടിരിക്കും. അതില്‍നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന വേദനയുടെ ചൂടാണ് പലപ്പോഴും കരുത്തുള്ള വാക്കുകളായി പുറത്തേക്ക് വരുന്നത്, മരണത്തിന്റെ മഞ്ഞുതണുപ്പ് അവരെ പുതപ്പിക്കുന്നതും.

ഒരു സ്റ്റേഡിയത്തിന്റെ മുകളില്‍നിന്നും താഴേക്കു കൂപ്പുകുത്തി മരണത്തെ പുണര്‍ന്ന ഡെബോറ ഡിഗ്ഗ്സ് അമേരിക്കന്‍ കവിയും അദ്ധ്യാപികയുമായിരുന്നു. ഇംഗ്ലീഷ് പ്രൊഫസ്സറായിരുന്ന ഡബോറ, അവരുടെ പ്രസിദ്ധമായ കവിതാസമാഹാരങ്ങളിലൂടെയും ഓര്‍മ്മക്കുറിപ്പുകളിലൂടെയുമാണ് അറിയപ്പെടുന്നത്. ലിംഗവ്യത്യാസം സമൂഹത്തില്‍ പ്രകടമാകുമ്പോള്‍ സ്ത്രീ എന്ന നിലയില്‍ അവര്‍ക്കനുഭവപ്പെട്ട പ്രശ്‌നങ്ങള്‍, അവരുടെ കൃതികളുടെ കാതല്‍. കവിമനസ്സുള്ളവര്‍ വ്യത്യസ്തമായി സഞ്ചരിക്കുന്നവരാണ്. അവരുടെ മനസ്സിനെ മറ്റുള്ളവര്‍ക്ക് അളക്കാന്‍ കഴിയുകയില്ല. ഭ്രാന്തുമേയുന്ന താഴ്വരകളാണത്. അത് മറ്റുള്ളവര്‍ക്ക് അളക്കാന്‍ കഴിയില്ല.

ഭ്രാന്ത് തുടിക്കുന്ന ജീവിതങ്ങള്‍

സ്‌കീസോഫ്രീനിയ രോഗത്തിനടിമപ്പെട്ട് ചികിത്സയിലായിരുന്ന സോഫിയ ഇരുപത്തിഒന്നാമത്തെ വയസ്സില്‍ ആത്മഹത്യ ചെയ്തു. പ്രവൃത്തികള്‍ക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസികാവസ്ഥയാണ് സ്‌കീസോഫ്രീനിയ രോഗികളുടേത്. ചിലപ്പോള്‍ വര്‍ഷങ്ങള്‍കൊണ്ട് ശരിയായിവരാമെങ്കിലും ജീവിതകാലം മുഴുവന്‍ അതുകൊണ്ട് കഷ്ടപ്പെടുന്നവരുമുണ്ട്. ഈ രോഗം, പലതരത്തിലായി വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്.

കരിന്‍ ബോയെ
കരിന്‍ ബോയെ

ചിലപ്പോള്‍ ഈ അവസ്ഥയിലുണ്ടാകുന്ന മാനസിക പിരിമുറുക്കം ആത്മഹത്യയിലേക്ക് വരെ നീളാന്‍ കാരണമാകുന്നു. പാരമ്പര്യം, ചുറ്റുപാടുകള്‍, ലഹരിമരുന്നുകള്‍ മറ്റ് മരുന്നുകളുടെ കൂടിയ അളവിലുള്ള ഉപയോഗം എന്നിവ ഈ രോഗത്തിന് ചില കാരണങ്ങളായി പറയുന്നു.

മേ ഒപ്ടിസ്
മേ ഒപ്ടിസ്

സര്‍ഗ്ഗാത്മകമായി കഴിവുള്ളയാളുകളിലെ തലച്ചോറിലെ ന്യൂറോണുകളുടെ പ്രവര്‍ത്തനങ്ങളുടെ അളവാധിക്യവും ഈയവസ്ഥയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. 'എ കണ്‍ട്രി വേര്‍ എവരിതിങ്ങ് ഈസ് എലൗഡ് / A country where everything is allowed' എന്ന അവരുടെ കല ഉള്‍ച്ചേര്‍ന്ന കൃതി, മരണത്തിനുശേഷം പുതിയ പതിപ്പായി ഇറങ്ങുകയുണ്ടായി. അവരുടെ ചിത്രങ്ങള്‍ ലൈംഗികമോചനം, മാനസികാരോഗ്യം മുതലായ വിഷയങ്ങളെ പ്രതിനിധീകരിക്കുന്നതായിരുന്നു. സ്വതന്ത്ര ജീവിതം നയിക്കുമ്പോഴും അവര്‍ വ്യത്യസ്തമായ മാനസികാവസ്ഥയില്‍ ജീവിക്കുകയും മാനസിക വിക്ഷോഭങ്ങള്‍ അവരെ ഇടക്കിടെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

ഡെബോറ ഡിഗ്ഗ്‌സ്
ഡെബോറ ഡിഗ്ഗ്‌സ്

1974-ല്‍ ഭ്രാന്ത് തുടിക്കുന്ന മനസ്സ് കൊടുങ്കാറ്റിലകപ്പെട്ടപ്പോള്‍ അവര്‍ ഉയരമുള്ള കെട്ടിടത്തില്‍നിന്നും താഴേക്കു ചാടി. അവര്‍ക്കറിയാമായിരുന്നു അതു സംഭവിക്കുമെന്ന്. അവരുടെ കൃതികള്‍ അത് പറയുന്നുണ്ടായിരുന്നു. ഭാവിയിലേക്കുള്ള സംഭാവനകളായിരുന്നു അവരുടെ കൃതികള്‍. ലഹരിമരുന്നുകള്‍, തന്റെ രചനകള്‍ കൂടുതല്‍ മിഴിവുള്ളതാക്കുന്നുവെന്നും കൂടുതല്‍ വേഗത്തില്‍ അത് ചെയ്യാന്‍ തന്നെ പ്രാപ്തയാക്കുന്നുണ്ടെന്നും അവള്‍ കരുതി. സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ, പൊതുസ്ഥലങ്ങളിലെ മോശമായ പെരുമാറ്റത്തിന് അവര്‍ പലപ്പോഴും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ഷിര്‍ലെ ബാര്‍ക്കര്‍
ഷിര്‍ലെ ബാര്‍ക്കര്‍

അവര്‍ മനഃസാന്ത്വനത്തിനുവേണ്ടി ലഹരിയുടെ അങ്ങേത്തലത്തിലേക്ക് കൂപ്പുകുത്തി. പരസ്പരം യുദ്ധം ചെയ്തിരുന്ന മനസ്സിന്റെ രണ്ട് ഭാവങ്ങള്‍ അവര്‍ക്കെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അവരുടെ കൃതികള്‍ അവരുടെ മനസ്സിന്റെ ഭാവത്തിന്റെ പകര്‍പ്പുകളാണ്. ബെല്‍ജിയന്‍ കവിയും ഗ്രാഫിക് ആര്‍ട്ടിസ്റ്റുമായിരുന്ന സോഫി പെഡോള്‍സ്‌കിയുടെ ജീവിതം മിന്നലിന്റെ ഒരറ്റംപോലെ, നിമിഷനേരം തിളങ്ങിനിന്ന് അപ്രത്യക്ഷമായി. എല്ലായ്പോഴും നോട്ടുബുക്കിന് മുന്നിലിരുന്ന് എഴുതിത്തീരുന്ന സോഫിയുടെ മാനസികാവസ്ഥ മറ്റുള്ളവര്‍ക്ക് കണ്ടെത്താനാവുന്ന ഒന്നല്ല. അതല്ല, തെളിഞ്ഞും മറഞ്ഞുമുള്ള മനസ്സിനെ കാണാന്‍ ചിലപ്പോള്‍ മറ്റാര്‍ക്കും കഴിഞ്ഞെന്നു വരില്ല.

സ്വീഡിഷ് എഴുത്തുകാരിയായ കരിന്‍ ബൊയെ കൂടിയ അളവില്‍ ഉറക്കഗുളിക കഴിച്ച് ഒരു കുന്നിന്‍ മുകളില്‍ മരിച്ചുകിടക്കുന്നതായാണ് കണ്ടത്. പ്രസിദ്ധ സ്വീഡിഷ് കവിയും വിവര്‍ത്തകയും ഫിക്ഷന്‍ നോവലിസ്റ്റുമായ കരിന്‍ ലെസ്ബിയന്‍ സൗഹൃദങ്ങള്‍ക്ക് ഉടമകൂടിയായിരുന്നു. മതങ്ങളെക്കുറിച്ചുള്ള ചിന്ത 'കരിനെ' വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. അവളറിയാതെ അവളില്‍ മുന്നിട്ടുനില്‍ക്കുന്ന ആണ്‍ഭാവങ്ങള്‍ മറ്റുള്ളവര്‍ തിരിച്ചറിഞ്ഞപ്പോള്‍ അവള്‍ക്ക് അവളെത്തന്നെ തിരിച്ചറിയാന്‍ കഴിയാത്ത ഒരവസ്ഥയിലേക്ക് അവളെത്തുന്നു. ഈ ആന്തരികഭാവങ്ങളുടെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച മനോഭാവം കരിന്റെ മനസ്സ് പ്രശ്‌നസങ്കീര്‍ണ്ണമാക്കുന്നു. കുട്ടിക്കാലത്ത് പിതാവ് സ്‌നേഹത്തോടെ കുട്ടികളോട് പെരുമാറാതെ അവരില്‍നിന്ന് അകന്നു നിന്നതും അവരില്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നതിന് കാരണമായി. കൊടുങ്കാറ്റ് സൃഷ്ടിച്ച ഒരു രാത്രിയില്‍ അവര്‍ മരണത്തെ തേടിയിറങ്ങുകയായിരുന്നു.

സോഫി പെഡോള്‍സ്‌കി
സോഫി പെഡോള്‍സ്‌കി

കാറിലെ ഗ്യാസ് ടാങ്ക് തുറന്നുവെച്ച്, കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച്, മരണത്തെ സ്വാഗതം ചെയ്ത് പുണര്‍ന്ന് ഷിര്‍ലെ ബാര്‍ക്കറിന്റെ കൃതിയുടെ പേരുപോലെ അവരുടെ മനസ്സും ഭൂമിക്കടിയിലെവിടെയോ ഉള്ള കറുത്ത ഗര്‍ത്തങ്ങളില്‍ ഒളിഞ്ഞിരിക്കയാണെന്ന് തോന്നും. അമേരിക്കന്‍ എഴുത്തുകാരിയും കവിയും ഗ്രന്ഥശാലാ സൂക്ഷിപ്പുകാരിയുമായിരുന്ന ഷിര്‍ലെ ബാര്‍ക്കര്‍ അസ്വസ്ഥമായ തന്റെ മനസ്സിനെ ജീവിതത്തില്‍നിന്നും വിടുവിച്ച് സ്വസ്ഥമാക്കാന്‍ മരണത്തിന്റെ വഴി തേടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com