വീണ്ടും ഭഗവാന്റെ മരണം: വിവി കുമാര്‍ എഴുതുന്നു

കഥയും നാടകവും വ്യത്യസ്ത തലങ്ങളില്‍ സഞ്ചരിക്കുന്ന കലാരൂപങ്ങളാണെങ്കിലും വായനക്കാരന്റെ/പ്രേക്ഷകന്റെ ചിന്തയുടെ ഏതോ തലങ്ങളില്‍ അത് കൂട്ടിമുട്ടുന്നുണ്ട്.
വീണ്ടും ഭഗവാന്റെ മരണം: വിവി കുമാര്‍ എഴുതുന്നു

   
ഥയും നാടകവും വ്യത്യസ്ത തലങ്ങളില്‍ സഞ്ചരിക്കുന്ന കലാരൂപങ്ങളാണെങ്കിലും വായനക്കാരന്റെ/പ്രേക്ഷകന്റെ ചിന്തയുടെ ഏതോ തലങ്ങളില്‍ അത് കൂട്ടിമുട്ടുന്നുണ്ട്. ഒരു കഥയില്‍ നിന്ന് നാടകത്തെ കണ്ടെത്തുക എന്നത് സംവിധായകന്റെ മുന്നിലെ വെല്ലുവിളിയാണ്. വായനക്കാരന്റെ മനസ്സിലെ വിശാലചിത്രത്തെ ഒരു വേദിയുടെ പരിമിതിക്കുള്ളില്‍ പൊലിപ്പിച്ചെടുത്ത് പ്രേക്ഷകരോട് സംവദിക്കുന്ന ചിത്രങ്ങളായി രൂപപ്പെടുത്തുക എന്ന വെല്ലുവിളി. കെ.ആര്‍. മീരയുടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട 'ഭഗവാന്റെ മരണം' എന്ന കഥയെ ആസ്പദമാക്കി തിരുവനന്തപുരം കനല്‍ തിയേറ്റര്‍ അവതരിപ്പിച്ച 'വീണ്ടും ഭഗവാന്റെ മരണം' എന്ന നാടകം വിഷയത്തിന്റെ കാലികപ്രസക്തികൊണ്ടു മാത്രമല്ല, രംഗഭാഷയുടെ ഊര്‍ജ്ജം കൊണ്ടും ശ്രദ്ധേയമായി.

ജാതിക്കും മതത്തിനും അതീതമായി യുവാക്കളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്ന കുറ്റം ചുമത്തി പ്രൊഫ. ഭഗവാനെ വധിക്കാന്‍ മല്ലപ്പ എന്ന മതമൗലികവാദി നേതാവ് അമരയെന്ന ചെറുപ്പക്കാരനെ നിയോഗിക്കുന്നു. കൊല്ലാനുള്ള ശ്രമത്തിനിടെ പരിക്കേല്‍ക്കുന്ന അമരയെ ഭഗവാന്‍ സ്വന്തം വീട്ടില്‍ കിടത്തി ചികിത്സിക്കുന്നു. പുസ്തകങ്ങളുടെ തലവാചകമോ പുറംചട്ടയോ അല്ല, അതിലെ വചനങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥമാണ് ശ്രദ്ധിക്കേണ്ടത് എന്ന് അമരയെ ഭഗവാന്‍ പഠിപ്പിക്കുന്നു. മെല്ലെ മെല്ലെ തന്റെ അജ്ഞതയെ അമര തിരിച്ചറിയുകയും ആരെയാണോ താന്‍ കൊല്ലാന്‍ ശ്രമിച്ചത് അതേ  പ്രൊഫസറുടെ ശിഷ്യരിലൊരാളും ആരാധകനുമായി മാറുന്നു. എന്നാല്‍ മല്ലപ്പയുടെ നിര്‍ദ്ദേശപ്രകാരം മറ്റൊരാള്‍ ഭഗവാനെ വധിക്കുമ്പോള്‍, മല്ലപ്പയോട് പ്രതികാരം ചെയ്യുന്ന അമര അയാളുടെ ഇരുകാല്‍ മുട്ടിലും വെടിവച്ച് ഭഗവാന്റെ വീട്ടിലെത്തിച്ച് ചികിത്സിക്കുന്നു. മതഗ്രന്ഥങ്ങളുടെ ശരിയായ വ്യാഖ്യാനത്തിലൂടെ അമരയുടെ ചിന്തകളെ പ്രൊഫസര്‍ എങ്ങനെയാണോ പരിവര്‍ത്തിപ്പിച്ചത് അതേ മാര്‍ഗ്ഗം അമര മല്ലപ്പയില്‍ പരീക്ഷിക്കുന്നു. സത്യത്തിനും സഹിഷ്ണുതയ്ക്കും വേണ്ടിയുള്ള പോരാട്ടങ്ങളെ ഭയപ്പെടുത്തിയും കൊലപ്പെടുത്തിയും കീഴ്പ്പെടുത്താനാവില്ലെന്നും അത് തുടരുകതന്നെ ചെയ്യുമെന്നുമുള്ള പ്രഖ്യാപനമാണിത്.
ഭഗവാനെ കൊല്ലാന്‍ നിയോഗിക്കപ്പെട്ട അമര തുറന്നുകിടന്ന വാതിലിലൂടെ തോക്കുമായി കടന്നുവരുന്നതോടെയാണ് നാടകമാരംഭിക്കുന്നത്. തന്റെ നേരെ തോക്കുചൂണ്ടി നില്‍ക്കുന്ന ചെറുപ്പക്കാരനെ നോക്കി നിര്‍ഭയനായി നിന്ന് ഭഗവാന്‍, ബസവണ്ണയുടെ വചനങ്ങള്‍ ഉരുവിടുകയാണ്.
''ആന ആങ്കുശത്തെ ഭയക്കുമോ അയ്യാ, സിംഹനഖമാണെന്നതല്ലാതെ, ഞാനീ ബിജ്ജുളനെ പേടിക്കുമോ, അയ്യാ, ദയാവാരിധിയായ നിന്നെയല്ലാതെ, കൂടലസംഗമദേവാ..!''

ഒടുവില്‍ മല്‍പ്പിടിത്തത്തിനിടെ മറിഞ്ഞുവീഴുന്ന ബുക്ഷെള്‍ഫിനടിയില്‍പ്പെട്ട് അമരയ്ക്ക് പരിക്കുപറ്റുന്നു. പെട്ടെന്ന് സംവിധായകന്‍ ഇടപെടുകയും നടന്മാരുടെ അഭിനയത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുമ്പോഴാണ് അതൊരു റിഹേഴ്സല്‍ ക്യാമ്പാണെന്ന് പ്രേക്ഷകന് മനസ്സിലാകുന്നത്.     കെ.ആര്‍. മീരയുടെ കഥയെ അതേപടി പിന്തുടരുകയും എന്നാല്‍ അതിന്റെ ആശയത്തെ സ്വാംശീകരിച്ചുകൊണ്ട് റിഹേഴ്സല്‍ ക്യാമ്പിലൂടെ രാജ്യത്ത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന  അസഹിഷ്ണുതയെ തുറന്നുകാട്ടുകയുമാണ് സംവിധായകന്‍. 

യാഥാസ്ഥിതികരും തീവ്രമതാനുയായികളും പുരോഗമനക്കാരും ഭീരുക്കളും ഒക്കെ ഉള്‍പ്പെട്ട സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് റിഹേഴ്സല്‍ ക്യാമ്പിലുള്ളത്. പ്രമേയത്തെച്ചൊല്ലിയുള്ള  തര്‍ക്കങ്ങളും നടീനടന്മാരുടെ പ്രേമവിവാഹവും അതിലൂടെ വന്നുചേരുന്ന കോലാഹലങ്ങളും ഒക്കെത്തന്നെ നമ്മുടെ കാലത്തെ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അരങ്ങാണ് ജീവിതം, അതു തന്നെയാണ് സത്യം എന്നും നാടകത്തിനുള്ളിലെ നാടകത്തിലെ സംവിധായകന്‍ പറയുന്നുണ്ട്. അനീതി കണ്ടാല്‍ ഒരു കലാകാരന്‍ അതിനെ ചോദ്യം ചെയ്യും. അതുകൊണ്ടുതന്നെ കലാകാരന്മാര്‍ക്ക് നിരവധി തവണ വ്യവസ്ഥിതിയോട്, നാട്ടുനടപ്പുകള്‍ ശീലിച്ച യാഥാസ്ഥിതിക സമൂഹത്തോട് ഏറ്റുമുട്ടേണ്ടിവരുന്നു. അതിലൂടെ അനീതിയുടേയും നീതിയുടേയും രാഷ്ട്രീയം ജനമനസ്സുകളിലേക്ക് വരുന്നു. നാടകം നടക്കുമ്പോള്‍ പ്രേക്ഷക മനസ്സില്‍ സഫ്ദര്‍ഹഷ്മി മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ള അനേകം രക്തസാക്ഷികളുടെ സ്മരണയുണരും എന്നത് സ്വാഭാവികം. അത് കനല്‍ തിയേറ്റര്‍ ഗ്രൂപ്പിന്റെ സ്വത്വപ്രകാശനവിജയമായി കണക്കാക്കാം. 

നാടകത്തിലെ ദൃശ്യാംശം
നടന്മാരുടെ മാനസിക വ്യാപാരങ്ങളിലൂടെ വികസിക്കുന്ന നാടകസന്ദര്‍ഭങ്ങളെ മനോഹര ദൃശ്യങ്ങളാക്കി അവതരിപ്പിക്കാന്‍ സംവിധായകന് കഴിയുന്നു. അത് കേവല ദൃശ്യഭംഗിക്കു വേണ്ടിയുള്ള തട്ടിപ്പല്ല, മറിച്ച് നാടകത്തിന്റെ ക്രിയാംശത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചയ്ക്ക് ഭംഗികൂട്ടുന്നതായി. ചുവന്ന വെളിച്ചത്തിന്റെ പശ്ചാത്തലത്തില്‍ മല്ലപ്പ അമരയോട് ഗീതോപദേശം വ്യാഖ്യാനിച്ച് ലക്ഷ്യസ്ഥാനത്തേക്ക് തോക്ക് ഉന്നം പിടിച്ചു നില്‍ക്കുന്ന ദൃശ്യഭംഗി, ബൂട്ടിന്റെ ഭയാനക താളത്തില്‍ കടന്നുവരുന്ന പൊലീസുകാരാല്‍ വലയം ചെയ്യപ്പെട്ടു നില്‍ക്കുന്ന നടീനടന്മാരുടെ അവസാനരംഗം എന്നിവ അതീവ ഹൃദ്യം. റിഹേഴ്സല്‍ ക്യാമ്പിനുള്ളിലെ വ്യായാമരീതികള്‍പോലും അര്‍ത്ഥവത്താക്കി ക്രിയാംശത്തോട് കൂട്ടിയിണക്കി മനോഹര കാഴ്ചയാക്കിയിരിക്കുന്നു.


    
അഭിനയത്തികവും കൂട്ടായ്മയുടെ കരുത്തും
വേഷത്തിന്റെ വലിപ്പമല്ല, നാടകഗാത്രത്തോട് ഇഴുകിച്ചേരാനുള്ള ആര്‍ജ്ജവമാണ് നടീനടന്മാര്‍ക്ക് വേണ്ടത് എന്ന് ഒരുവേള നാടകത്തിനുള്ളിലെ സംവിധായകന്‍ ക്യാമ്പംഗങ്ങളോട് പറയുന്നുണ്ട്. അഭിനയ സൂക്ഷ്മത ഏറെ ആവശ്യപ്പെടുന്ന അവതരണ രീതിയാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. ഒരേസമയം നാടകത്തിലെ കഥാതന്തുവിലെ കഥാപാത്രമായും പെട്ടെന്ന് മാറി റിഹേഴ്സല്‍ ക്യാമ്പംഗമായും എല്ലാ അഭിനേതാക്കള്‍ക്കും രൂപാന്തരം പ്രാപിക്കേണ്ടതുണ്ട്. അര്‍ത്ഥശൈലീകൃതവും യഥാതഥവുമായ അഭിനയശൈലി ഇവിടെ നാടകം ആവശ്യപ്പെടുന്നുണ്ട്. 

പ്രൊഫ. ഭഗവാനെന്ന സാത്വിക കഥാപാത്രത്തിന്റെ ഭാവപ്രപഞ്ചത്തില്‍നിന്ന് അരുണ്‍നായരെന്ന നടനായും അസഹിഷ്ണുതയുടെ വിഷം പുരണ്ട മനസ്സുമായി ഭഗവാനെ വധിക്കാനെത്തുന്ന അമര പെട്ടെന്ന് മാറി കണ്ണന്‍നായരെന്ന നടനായി മാറുന്നതും സംവിധായകനിലൂടെ തന്റെ ഉള്ളിലെ സ്വത്വം വൈകാരിക തീവ്രതയോടെ പ്രകടിപ്പിക്കുന്ന സന്തോഷ് വെഞ്ഞാറമൂടിന്റെ അഭിനയത്തിലെ അനായാസതയും ഉദാഹരണം. മല്ലപ്പയെന്ന ക്രൂരനായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രേംജിത് സുരേഷ്ബാബു സ്വജീവിതത്തില്‍ ഭീരുവും പുരോഗമനാശയക്കാര്‍ വരുത്തിവയ്ക്കുന്ന വിനകളെ ഭയാശങ്കകളോടെ കാണുന്നവനുമായ കഥാപാത്രമാണെന്ന് വളരെ സൂക്ഷ്മമായ ചെറുചലനങ്ങളിലൂടെയാണ് പ്രകടമാക്കുന്നത്. അമരയുടെ കാമുകിയായ കാവേരിയെ ചിഞ്ചു കെ. ഭവാനിയും പ്രോംപ്റ്ററെ റെജു കോലിയക്കോടും ചടുലമാക്കി. പൊലീസോഫീസറായി വരുന്ന വിജുവര്‍മ്മയുടെ ആകാരസൗഷ്ഠവവും അഭിനയസൂക്ഷ്മതയും മാത്രമല്ല, ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ നടീനടന്മാരും നാടകം കൂട്ടായ്മയുടെ ഉല്പന്നമാണ് എന്ന തത്ത്വത്തിന് അടിവരയിടുന്നു. 
  

 100 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകത്തെ ലളിതമായ രംഗസജ്ജീകരണത്തോടെയാണ് അവതരിപ്പിക്കുന്നത്. രംഗമധ്യത്തിലെ ബുക്ഷെല്‍ഫില്‍ ബസവണ്ണയുടെ കണ്ണുകളില്‍ ഫാസിസ്റ്റുകളാല്‍ കൊലചെയ്യപ്പെട്ട ബുദ്ധിജീവികളുടെ ചിത്രങ്ങള്‍. നാടകം റിഹേഴ്സല്‍ ക്യാമ്പായി പരിണമിക്കുമ്പോള്‍ അലക്ഷ്യമായി കാണുന്ന കുറേ പ്ലാസ്റ്റിക് കസേരകള്‍. ഇളക്കി മാറ്റാവുന്ന ഉയര്‍ന്നതലം. പ്രൊഫസര്‍ ഭഗവാനുമാത്രം നരച്ചതാടിയും മുടിയും. മറ്റു കഥാപാത്രങ്ങള്‍ക്കൊക്കെ റിഹേഴ്സല്‍ ക്യാമ്പിലേതുപോല സ്വാഭാവിക വേഷങ്ങള്‍. നാടകത്തെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്, കൃത്യമായ പ്രകാശവിന്യാസവും സംഗീതവും. 

സംവിധാനം
മൂലകഥയെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് അവതരിപ്പിക്കുകയും തന്റെ സംവിധായക സ്വാതന്ത്ര്യം ഉപയോഗിച്ച് നാടകത്തിനുള്ളില്‍ മറ്റൊരു നാടകം സാദ്ധ്യമാക്കിക്കൊണ്ട്  തന്റെ നാടകദര്‍ശനം സമര്‍ത്ഥമായി  പ്രകടിപ്പിക്കുകയുമാണ് ഹസിം അമരവിളയെന്ന സംവിധായകന്‍. നാടകത്തിലെ അതിവൈകാരികതയില്‍നിന്ന് യുക്തിയിലേക്ക് മോചിപ്പിക്കുന്ന ശൈലി. അതാകട്ടെ, കുറേക്കൂടി വിപുലമായ ഒരര്‍ത്ഥം ധ്വനിപ്പിക്കുന്നുണ്ട്. നാടകമെന്നത് ഒരു കൂട്ടായ്മയാണെന്നും രചയിതാവും സംവിധായകനും അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരും ഒത്തുചേര്‍ന്ന് ഒരു പ്രശ്‌നത്തെ മുന്നില്‍വച്ച് പ്രേക്ഷകരുമായി നടത്തുന്ന സംവാദമാണ് എന്നുമുള്ള തത്ത്വത്തെ കൃത്യമായി വെളിപ്പെടുത്താന്‍ കനലിന്റെ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com