ഇരുളില്‍ പടര്‍ന്ന ഒറ്റമിന്നല്‍: ടിഎന്‍ ജോയിയെ കുറിച്ച് 

സൗഹൃദങ്ങളുടെ മികവുറ്റ രാഷ്ട്രീയ ഭാഷ്യമായിരുന്നു ടി.എന്‍. ജോയിയുടെ ജീവിതം. സഹാനുഭവത്തിന്റെയും സൗന്ദര്യാനുഭൂതികളുടേയും അപൂര്‍വ്വമായ പച്ചത്തുരുത്ത്
ഇരുളില്‍ പടര്‍ന്ന ഒറ്റമിന്നല്‍: ടിഎന്‍ ജോയിയെ കുറിച്ച് 

ഴുത്തുകളോ പ്രഭാഷണങ്ങളോ ഇല്ലാതെയാണ് എഴുപതുകളിലെ യുവാക്കളെ ടി.എന്‍. ജോയി രാഷ്ട്രീയ പ്രതിരോധങ്ങള്‍ക്കായി സജ്ജമാക്കിയത്. അര്‍ദ്ധവിരാമങ്ങള്‍ നിറഞ്ഞ സംസാരങ്ങള്‍ ചിന്തകളുടെ അനന്യതകള്‍ പൂരിപ്പിക്കാനായി തുറന്നിട്ടു. അതില്‍ വസന്തവും ഇടിമുഴക്കങ്ങളും ഉണ്ടായിരുന്നു. സൗഹൃദങ്ങളുടെ ഊഷ്മതകളില്‍ അദ്ദേഹം എപ്പോഴും പുതിയ സാമൂഹ്യ ചിന്തകള്‍ ഉല്പാദിപ്പിച്ചു. ചിരിയിലും ശാസനങ്ങളിലും അദ്ദേഹം എപ്പോഴും കൂട്ടുകാര്‍ക്കായി പ്രകോപനങ്ങളും അലോസരങ്ങളും ഒളിപ്പിച്ചുവച്ചു. മര്‍ദ്ദനങ്ങളേറ്റ് ശരീരവും ആത്മാവും തകര്‍ന്ന്, നേതൃത്വം നല്‍കിയ പ്രസ്ഥാനം ഇല്ലാതായിക്കഴിഞ്ഞിട്ടും ഒരൊറ്റ സുഹൃത്തിനേയും പിണക്കാതെ, എന്നാല്‍ തീര്‍ത്തും ഒറ്റയാനായി അദ്ദേഹം ജീവിച്ചു. ആര്‍ക്കും പിടികൊടുക്കാതെ അദ്ദേഹം ചിലപ്പോള്‍ ബ്യൂട്ടീഷ്യനായി, ചിലപ്പോള്‍ സംഗീതപഠിതാവായി, എപ്പോഴും ചുറ്റുമുള്ള ജീവിതങ്ങളില്‍നിന്നും പുതിയ സാമൂഹ്യാവബോധങ്ങള്‍ നിര്‍മ്മിച്ചെടുത്തു. സാഹിത്യത്തോടും ചിത്രകലയോടും സിനിമയോടുമുള്ള അഭിനിവേശങ്ങള്‍ ഹൃദയത്തോടു ചേര്‍ത്തുനിറുത്തി. 

കൊടുങ്ങല്ലൂര്‍ വിട്ട് എവിടേയ്ക്കുമില്ല എന്നാണ് അടിയന്തരാവസ്ഥയും ജയില്‍വാസവും കഴിഞ്ഞ് പുറത്തിറങ്ങിയ നാളുകളില്‍ അദ്ദേഹം പറഞ്ഞത്. അപൂര്‍വ്വമായി മാത്രമേ അദ്ദേഹം ജന്മസ്ഥലം വിട്ട് പുറത്തേക്ക് പോയുള്ളൂ. സൂര്യകാന്തി എന്നൊരു പുസ്തകശാല തുടങ്ങി ലോകചിന്തകളോടും സാഹിത്യത്തോടുമൊപ്പം അദ്ദേഹം കിടന്നുറങ്ങി. പ്രാദേശികമായി ചുരുങ്ങുമ്പോഴും ലോകത്തെ ഏതു പുതിയ മുന്നേറ്റങ്ങളേയും ആഹ്ലാദകരമായി നിരീക്ഷിക്കുകയും സ്വന്തമായി നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയാക്കുകയും ചെയ്തു. താരിഖ് അലിയും നോംചോംസ്‌കിയോടൊപ്പം കടത്തിണ്ണയില്‍ അന്തിയുറങ്ങിയ പുഷ്പന്‍ ചേട്ടനും അദ്ദേഹത്തിന്റെ സുഹൃദ്വലയങ്ങളെ വിപുലമാക്കി. 

ജോയി എന്ത് പറയുന്നു ചെയ്യുന്നുവെന്നത് രാഷ്ട്രീയക്കാരും സുഹൃത്തുക്കളും എപ്പോഴും കാതോര്‍ത്തു. ആര്‍ക്കും പിടികൊടുക്കാതെ, ഒന്നിലും ഒതുങ്ങാന്‍ നിന്നുകൊടുക്കാതെ എല്ലാ ചിന്തകളേയും പ്രണയിച്ച് സ്വയം നജ്മല്‍ ബാബുവായി ഹൈന്ദവ ഫാസിസത്തിനെതിരെ നിലയുറപ്പിച്ച് എന്നും ഇടതുപക്ഷ യാത്രികനായി ജോയി സജീവ സന്നിദ്ധ്യമായി. ചുംബനസമരത്തിലും കന്യാസ്ത്രീകളുടെ സമരത്തിലുമൊക്കെ അദ്ദേഹം പങ്കാളിയായി. സുഹൃത്തുക്കള്‍ക്കും നിരീക്ഷകര്‍ക്കും എപ്പോഴും വിസ്മയങ്ങള്‍ തീര്‍ത്ത ടി.എന്‍. ജോയി എന്താണ് അവശേഷിപ്പിച്ച് കടന്നുപോകുന്നത്? അപൂര്‍ണ്ണ ചിന്തകള്‍  കുത്തിക്കുറിച്ച രണ്ടു പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.

ജീവിതത്തിലുടനീളം പ്രദര്‍ശിപ്പിച്ച വൈരുദ്ധ്യങ്ങള്‍ അവയില്‍ കാണാം. ഇരുട്ടില്‍ ഇടയ്ക്കിടെ തെളിയുന്ന മിന്നലുകളും മുഴക്കങ്ങളും അവയിലുണ്ട്. റെക്കോഡ് ചെയ്ത് സൂക്ഷിക്കാന്‍ മാത്രം പൊലിമയുള്ള പ്രഭാഷണങ്ങളായിരുന്നില്ല അദ്ദേഹത്തിന്റേത്. പലപ്പോഴും നിശ്ശബ്ദതകളിലേക്ക് വഴുതിവീണ സംസാരങ്ങളില്‍ ജയില്‍പ്പക്ഷികള്‍ പാടിയ മാവോയുടെ ഈരടികള്‍ ചിറകടിച്ചു. 
കേരളം കടന്നുപോന്ന പ്രക്ഷുബ്ധ യൗവ്വനങ്ങളുടെ ഒരു ദശകം അദ്ദേഹത്തിന്റെ ഓര്‍മ്മകളോടൊപ്പം എപ്പോഴുമുണ്ട്. മരിച്ചുപോകാത്ത ഒരു മനസ്സും പുതുക്കപ്പെട്ടുകൊണ്ടിരുന്ന സാമൂഹ്യചോദനകളും അദ്ദേഹം ഇല്ലാതാകുന്നതുവരെ സൂക്ഷിച്ചു എന്നതും ഓര്‍മ്മകളാണ്. അധികാര രാഷ്ട്രീയത്തിന്റെ വഴികളില്‍ ഏത് ഏണിപ്പടികളേയും എത്തിപ്പിടിക്കാന്‍ അവസരങ്ങളുണ്ടായിട്ടും അവയ്ക്ക് ചിന്തകളില്‍ ഒരിടംപോലും നല്‍കാത്ത ഒരു വ്യക്തിക്കുണ്ടാകുന്ന അനന്യത അദ്ദേഹത്തോടൊപ്പമുണ്ട്.

ജീവിക്കാനറിയാത്തവനെന്നും രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഒന്നുമല്ലാതായിത്തീര്‍ന്നവനെന്നും സ്വന്തം കിടപ്പാടം പ്രസ്ഥാനത്തിനായി വിറ്റ് സുഹൃത്തുക്കളെ ആശ്രയിക്കേണ്ടിവന്ന നിര്‍ദ്ധനനെന്നും ഒക്കെ പുച്ഛങ്ങളേറ്റുവാങ്ങുമ്പോഴും അവസാനം വരെ സ്വന്തം ധിഷണയെ ആര്‍ക്കും പണയപ്പെടുത്താതെ ചിരിച്ചുകൊണ്ട് ജീവിച്ച ജീവിതം കേരളീയ പൊതുജീവിതത്തിലെ വ്യത്യസ്തതയായി നിലനില്‍ക്കും. സൗഹൃദങ്ങളുടെ മികവുറ്റ ഒരു രാഷ്ട്രീയ ഭാഷ്യമാണത്. സഹാനുഭാവത്തിന്റേയും സംഗീതത്തിന്റേയും സൗന്ദര്യാനുഭൂതികളുടേയും അപൂര്‍വ്വമായൊരു പച്ചത്തുരുത്തായിരുന്നു സഖാവ് ടി.എന്‍. ജോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com