ചുംബനം മുതല്‍ തിരുവസ്ത്രം വരെ സ്ത്രീകള്‍ നയിച്ച  നവസമരങ്ങള്‍ 

By ഡോ. ടി.കെ. ജാബിര്‍  |   Published: 13th October 2018 05:17 AM  |  

Last Updated: 13th October 2018 05:17 AM  |   A+A-   |  

 

കേരളത്തിലെ അടുത്തകാലത്തു കണ്ട ഏറ്റവും മികച്ച സാമൂഹ്യവിപ്ലവ മുന്നേറ്റമാണ് 2015-ലെ മൂന്നാറിലെ തോട്ടംത്തൊഴിലാളി സ്ത്രീകളുടെ പെമ്പിള ഒരുമൈ സമരവും മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയും കേരളത്തില്‍ അതുല്യമായ സാമൂഹ്യസേവനം ചെയ്തിട്ടുള്ള കന്യാസ്ത്രീകളുടെ സമരവും. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട വിപ്ലവങ്ങളാണിവ. അവരുടെ പോരാട്ടം പൂര്‍ണ്ണവിജയം നേടിയില്ലെങ്കിലും, ഇത് കേരളത്തിലെ സ്ത്രീകളുടെ ജനാധിപത്യ പ്രാതിനിധ്യത്തിന്റെ മറ്റൊരു നാഴികക്കല്ലാണ്. കാരണം, ഈ വിഭാഗങ്ങള്‍ ആധുനിക കേരളത്തില്‍ സാമ്പത്തികപരമായും സാംസ്‌കാരികമായും സാമൂഹ്യപരമായും ഏറെ സംഭാവനകള്‍ അര്‍പ്പിച്ചവരാണ്. 

ശക്തമായ പുരുഷാധിപത്യം നിലനില്‍ക്കുന്ന അവരുടെ പ്രവര്‍ത്തനമേഖലകളില്‍ അര്‍ഹിക്കുന്നത്ര പ്രാധാന്യം ഇന്നുവരെ ലഭിക്കാത്തവരാണവര്‍. അതുകൊണ്ട് ജനാധിപത്യ വിശ്വാസികള്‍ അവര്‍ക്ക് വര്‍ധിച്ച തോതില്‍ പിന്തുണ നല്‍കുകയും ജനാധിപത്യവല്‍ക്കരണത്തില്‍ പങ്കാളികളാകുകയും ചെയ്യേണ്ടതുണ്ട്. കന്യാസ്ത്രീകള്‍ സമരത്തിന് കേരളത്തില്‍ തുടക്കം കുറിച്ചപ്പോള്‍ അത് ചരിത്രത്തിലേക്കുള്ള പ്രാമാണികമായ ഒരു ആലേഖനമായിരുന്നു ഇന്ത്യയില്‍ എന്നത് അവിതര്‍ക്കിതമാണ്. 2011-ലെ അണ്ണാ ഹസാരെയുടെ സമരം, 2012-ലെ നിര്‍ഭയയുടെ നീതിക്കുവേണ്ടിയുള്ള ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരം, 2016-ലെ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിനെതിരെയുള്ള സമരം എന്നിവ ഈ നൂറ്റാണ്ടിലെ സമരചരിത്രം പുതുതായി നിര്‍വ്വചിക്കുന്നതായിരുന്നു.. അറബ് വസന്തം പോലെ തന്നെ സോഷ്യല്‍ മീഡിയ, പ്രിന്റ് മീഡിയ, ടിവി എന്നിവയുടെ തുല്യമായ പങ്കാളിത്തം വിപ്ലവത്തിലും സമരങ്ങളിലും വഹിക്കുകയുണ്ടായി.

ഫെമിനിസം തത്ത്വത്തില്‍
സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമിടുന്ന രാഷ്ട്രീയവ്യവഹാരമാണ് സ്ത്രീവാദം. ഇതില്‍ ലിംഗഭേദത്തിന്റെ പ്രശ്‌നങ്ങളില്‍ ഊന്നുന്ന നിരവധി പ്രസ്ഥാനങ്ങള്‍, രാഷ്ട്രീയവും സമൂഹവിജ്ഞാനസംബന്ധവും ആയ സിദ്ധാന്തങ്ങള്‍, തത്ത്വചിന്തകള്‍ തുടങ്ങിയവ അടങ്ങുന്നു. മാഗി ഹം, റബേക്ക വാക്കര്‍ എന്നിവരുടെ അഭിപ്രായത്തില്‍ സ്ത്രീവാദത്തിന്റെ ചരിത്രത്തെ മൂന്നു തരംഗങ്ങളായി തിരിക്കാം. ഒന്നാമത്തേത് പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും രണ്ടാമത്തേത് 1960-കളിലും എഴുപതുകളിലും മൂന്നാമത്തേത് 1990 മുതല്‍ ഇക്കാലം വരെയും ആണ്. സ്ത്രീവാദസിദ്ധാന്തം ഈ സ്ത്രീവാദപ്രസ്ഥാനങ്ങളിലൂടെയാണ് ഉരുത്തിരിഞ്ഞത്.

സ്ത്രീവാദചരിത്രം, സ്ത്രീവാദ സാഹിത്യവിമര്‍ശനം തുടങ്ങിയ വിഭിന്ന മേഖലകളിലൂടെയാണ് സ്ത്രീവാദം സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ ജനാധിപത്യബോധം കൊണ്ടു വരുന്നതിനെക്കുറിച്ചും അത് പ്രതിപാദിക്കുന്നുണ്ട്. അതുവഴി സ്ത്രീക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും ലൈംഗികതയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അതിക്രമങ്ങളും ഇല്ലാതാക്കാന്‍ സാധിക്കും എന്ന് കരുതപ്പെടുന്നു. പടിഞ്ഞാറന്‍ സമൂഹത്തിലെ സംസ്‌കാരം മുതല്‍ നിയമം വരെ വ്യാപിച്ചുകിടക്കുന്ന പ്രബല വീക്ഷണങ്ങളെ സ്ത്രീവാദം മാറ്റിമറിക്കുകയുണ്ടായി. സ്ത്രീവാദ പ്രവര്‍ത്തകര്‍ സ്ത്രീകളുടെ തുല്യപങ്കാളിത്തം, സ്വത്തവകാശം, സമ്മതിദാനാവകാശം തുടങ്ങിയ നിയമപരമായ അവകാശങ്ങള്‍ക്കുവേണ്ടിയും ശാരീരികമായ പൂര്‍ണ്ണതയ്ക്കും സ്വാശ്രയത്വത്തിനും വേണ്ടിയും ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശത്തിനും പ്രത്യുല്പാദനപരമായ അവകാശത്തിനും (ഗര്‍ഭനിരോധനത്തിനുള്ള സ്വാതന്ത്ര്യവും ശിശുപരിചരണവും ഉള്‍പ്പടെ) വേണ്ടിയും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഗാര്‍ഹികപീഡനത്തില്‍നിന്നും ലൈംഗിക പീഡനത്തില്‍നിന്നും ബലാത്സംഗത്തില്‍നിന്നും ഉള്ള പരിരക്ഷയ്ക്കുവേണ്ടിയും പ്രസവാവധി, തുല്യവേതനം തുടങ്ങിയ ജോലിസ്ഥലത്തെ അവകാശങ്ങള്‍ക്കുവേണ്ടിയും ബഹുഭാര്യത്വത്തിനും മറ്റെല്ലാ വിവേചനങ്ങള്‍ക്കുമെതിരെയും ഒക്കെ പ്രചാരണം നടത്തി.

കന്യാസ്ത്രീകള്‍ 
തുടക്കം കുറിച്ചപ്പോള്‍

കന്യാസ്ത്രീകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം ചര്‍ച്ചചെയ്യേണ്ടത് ഇന്ത്യയില്‍വച്ച് ലോകപ്ര സിദ്ധയായ മദര്‍തെരേസയെക്കുറിച്ചാണ്. മാരകരോഗം ബാധിച്ച നിരവധിയാളുകളെ അതിജീ വനത്തിന്റെ പാതയിലെത്തിച്ച അപൂര്‍വ്വം ചിലരിലൊരാളായിരുന്നു അവര്‍. ഇന്ത്യയിലെ ഒട്ടേറെ ഇടങ്ങളില്‍ ഇന്നും സമാന സാമൂഹ്യ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് കന്യാസ്ത്രീകള്‍. സഭയുടെ അകത്തുനിന്നും അവര്‍ ചൂഷണത്തിന് വിധേയരാകുന്നു എന്നത് അതിദയനീയമായ സാഹചര്യമാണ്. മതം തീര്‍ത്ത തടവറകള്‍ നിരവധിയാണ്. അവകാശപ്പോരാട്ടത്തിന് സമരം ഒരു കരുത്ത് പകരുകയും നിമിത്തമാകുകയും ചെയ്തപ്പോള്‍ അത് നവോത്ഥാന കേരളത്തിലെ പുതിയ ഒരു അധ്യായം ആയിത്തീര്‍ന്നു. കേരളത്തില്‍ സാധാരണക്കാരായ ഒട്ടേറെ ആളുകള്‍ ഹൃദയപൂര്‍വ്വം സ്മരിക്കുന്നവരാണ് കന്യാസ്ത്രീകള്‍. കാരണം, അവര്‍ നടത്തുന്ന ഒട്ടേറെ ഹോസ്പിറ്റലുകളിലൂടെ ജീവന്റെ നിലനില്‍പ്പിനെ അറിഞ്ഞവര്‍ ഏറെയാണ്. അവരുടെ പരിചരണവും പ്രാര്‍ത്ഥനയും ഒട്ടേറെപ്പേര്‍ക്ക് ആശ്വാസവും ഉന്മേഷവും പ്രതീക്ഷയും നല്‍കിയിട്ടുണ്ട് എന്നത് അവിതര്‍ക്കിതമാണ്. 

ഇവിടെ ഒരു മതത്തിലെ മാത്രം ബിഷപ്പോ പുരോഹിതന്മാരോ അല്ല പ്രതികള്‍. എല്ലാ മതത്തിലും ചൂഷണത്തിന്റെ ആജ്ഞകള്‍, പുരുഷന്മാര്‍ക്ക് അനുവദിച്ചു നല്‍കുന്നത് അതാത് പുരോഹിതരാണ്. 2014-ലെ അന്തര്‍ദ്ദേശീയ തൊഴിലാളി ദിനത്തിലായിരുന്നു കോഴിക്കോട് തുണിക്കടകളിലെ സ്ത്രീകളുടെ ഇരിപ്പവകാശത്തിനുവേണ്ടി ചരിത്രപരമായ സമരം ആരംഭിച്ചത്. ഈ 2018-ലാണ് തുണിക്കടകളില്‍ ജോലിയെടുക്കുന്ന ജോലിക്കാര്‍ക്ക് (ഭൂരിഭാഗവും സ്ത്രീകള്‍) ഇരിക്കാന്‍ ഉള്ള അവസരം ലഭിച്ചത്. 1960-ലെ കേരള ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ആണ് ഇവിടെ സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.

പെണ്‍കൂട്ട്, സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ എന്നീ സ്ത്രീ സമിതികളാണ് ദീര്‍ഘകാല ആവശ്യമായ ഈ അവകാശങ്ങള്‍ക്കുവേണ്ടി ഇതിനുവേണ്ടി പ്രയത്‌നിച്ചത്. ഈ അവകാശം വലിയൊരു വിഭാഗത്തിനും ഇപ്പോഴും ലഭിക്കുന്നില്ല എന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. ഈ തൊഴിലാളി ചൂഷണത്തെ ഇനിയും പോരാട്ടങ്ങളിലൂടെ പരാജയപ്പെടുത്തേണ്ടതുണ്ട്. കസ്റ്റമേഴ്സ് ഇല്ലാത്ത സമയത്തുപോലും ഇത്രയെങ്കിലും സ്ത്രീ പ്രാതിനിധ്യം സ്ഥാപിതമായ കേരളത്തില്‍ ഇരിക്കാന്‍ ഇരിപ്പിടം നല്‍കിയിട്ടില്ലായിരുന്നു എന്ന മലയാളികളുടെ 'സൊകോള്‍ഡ്' പ്രബുദ്ധതയിലെ മറ്റൊരു വൈരുധ്യമാണ്. വ്യക്തമായും മനുഷ്യാവകാശ ലംഘനമായിരുന്നിട്ടും ഈ വിഷയത്തില്‍ അവകാശം നേടിയെടുക്കാനും അതൊരു ചര്‍ച്ചാവിഷയമാക്കി മാറ്റിയെടുക്കുന്നതിലും ഏറെ കാലം വെറുതെ പാഴായി എന്നു വേണം കരുതാന്‍. ഈ കന്യാസ്ത്രീ സമരത്തെ ഇത്രയധികം സജീവമായി മാറാനുള്ള കാരണം അതില്‍ സാധാരണക്കാരായ ആളുകള്‍ നിസ്വാര്‍ത്ഥമായി കൊടുത്ത പിന്തുണയാണ്. അതില്‍ ജാതിമത വിത്യാസം സേവനപാരമ്പര്യമാണെന്നതില്‍ സംശയമില്ല. 

മലയാളത്തിലെ സ്ത്രീയവകാശ ചോദ്യങ്ങള്‍ 
ഏകദേശം മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളത്തിലെ അവര്‍ണ്ണ - കീഴാള സ്ത്രീകള്‍ക്ക് മാറ് മറക്കണമെങ്കില്‍ നികുതി നല്‍കേണ്ടിയിരുന്നു. അഥവാ നഗ്‌നമുലകള്‍ അന്നത്തെ സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് കാഴ്ച അവകാശമായിരുന്നു. രാജഭരണകൂട സേവകര്‍ മുലക്കരം, മുലയുടെ വലിപ്പം അനുസരിച്ചു പിരിക്കുന്നതിനുവേണ്ടി നാട് നീളെ സഞ്ചരിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലെ നങ്ങേലി എന്ന കീഴാള സ്ത്രീ ഈ ദുരാചാരത്തിന് എതിരെ പ്രതിഷേധിക്കേണ്ടിവന്നു, ആചാരമനുസരിച്ചു മുലക്കരം വാങ്ങാന്‍ വന്ന അധികാരിക്കു വാഴയിലയില്‍ സ്വന്തം മുല ഛേദിച്ചുനല്‍കിയായിരുന്നു നങ്ങേലിയുടെ ചരിത്രപരമായ പ്രതിഷേധം. ആ പ്രതിഷേധത്തിലൂടെ മരണം വരിച്ച നങ്ങേലി മലയാളി സ്ത്രീകളിലെ ആദ്യ മനുഷ്യാവകാശ പോരാട്ടത്തിലെ രക്ഷസാക്ഷിയായി അറിയപ്പെടുന്നു. ഈ ചരിത്രസംഭവം നടന്ന സ്ഥലത്തെ മുലച്ചിപ്പറമ്പ് എന്ന് അറിയപ്പെട്ടു. കീഴാളര്‍ക്ക്, ആഭരണങ്ങള്‍ക്കു വരെ നികുതി ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ജീവിതം ദുസ്സഹമായിരുന്നു. കൂടാതെ സ്ത്രീകളുടെ മാറുമറക്കാന്‍ അവകാശം ലഭിക്കുന്നതിന് ചാന്നാര്‍ലഹള നടന്നതും തലസ്ഥാന ജില്ലയില്‍ ആയിരുന്നു. 1813-നും 1859-നും ഇടയില്‍ ആയിരുന്നു ഇത്.

സവര്‍ണ്ണ സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം ധരിക്കാനുള്ള അവകാശം ഉണ്ടായിരുന്നപ്പോള്‍ നാടാര്‍ വിഭാഗത്തിലെ സ്ത്രീകളായിരുന്നു ആ സമരം നയിച്ചത്. ഈ മാറുമറക്കല്‍ സമരത്തിന്റെ ഭാഗമായി നിരവധി ആളുകള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയുമുണ്ടായി. 1858-ല്‍ തിരുവിതാംകൂറിലെ പലയിടങ്ങളിലും ഈ വിഷയത്തില്‍ സമരം നടന്നു. സമരത്തിന്റെ സമ്മര്‍ദ്ദംകൊണ്ട് തൊട്ടടുത്ത വര്‍ഷം അന്നത്തെ മദ്രാസ് ഗവര്‍ണര്‍ ചാള്‍സ് ട്രെവെല്യന്‍ നാടാര്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവസരം കൊടുത്തു. പക്ഷേ, സവര്‍ണ്ണ ജാതിക്കാരായ സ്ത്രീകള്‍ക്ക് ഉള്ളതുപോലെ ഇവര്‍ക്ക് ധരിക്കാന്‍ സാധിച്ചിരുന്നില്ല. അയ്യന്‍കാളിയുടെ ഇടപെടല്‍വരെ പതിറ്റാണ്ടുകളോളം വിവേചനം നിലനിന്നിരുന്നു. ഇതിലെ സമകാലിക ലോകത്തെ ഒരു വിവാദമാണ് 2016 ഡിസംബറില്‍ ജാതിസംഘര്‍ഷവും വസ്ത്രവ്യതിയാനങ്ങളും എന്ന അധ്യായം ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇ ആവശ്യപ്പെട്ടു എന്നത്.

ഇന്ത്യയില്‍ സ്വാതന്ത്ര്യസമരത്തില്‍, സാമൂഹ്യപരിഷ്‌കരണത്തില്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാലത്ത് കൂടുതല്‍ സ്ത്രീകള്‍ പങ്കെടുത്തത് കേരളത്തിലാണ്. ആ അര്‍ത്ഥത്തില്‍ കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ ഉള്ളതും കേരളത്തില്‍ തന്നെയാണ്. എന്നാലും സ്ത്രീകളുടെ സംഭാവനകളെ അര്‍ഹിക്കുന്ന രീതിയില്‍ അംഗീകരിക്കാത്ത സാമൂഹ്യ പരിതസ്ഥിതിയാണ് ഇപ്പോഴും കേരളത്തിലുള്ളത്. ഇന്ത്യയില്‍ കേരളത്തിലേതുപോലെ വൈരുദ്ധ്യങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ വേറൊരിടത്തും ഉണ്ടാകില്ല എന്ന് കരുതപ്പെടുന്നു. കാരണം ഇത്രയും ഉയര്‍ന്ന വിദ്യാഭ്യാസ-സാക്ഷരതാനിരക്ക്, സര്‍ക്കാര്‍ ജോലിയുള്‍പ്പെടെ ഉന്നത തസ്തികകളില്‍ ജോലിയും കൂടാതെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ അധ്യാപികമാരുള്ളതും കേരളത്തില്‍ത്തന്നെയാണ്. എന്നിരിക്കെ സ്ത്രീകളുടെ പ്രവര്‍ത്തന ഇടങ്ങള്‍ കുടുംബത്തിലും പുറത്തും അരക്ഷിതമാണ്.

ഇത് അതിശയിപ്പിക്കുന്ന ഒന്നാണ്. താരതമ്യേന കുറഞ്ഞ വ്യവസായവല്‍കൃത സമൂഹമായ തിനാലാകാം സ്ത്രീകള്‍ ഇരുട്ടിത്തുടങ്ങിയാല്‍ പൊതുസ്ഥലങ്ങളില്‍നിന്ന് പിന്‍വാങ്ങിത്തുടങ്ങും. കേരളത്തെക്കുറിച്ചുള്ള ഒട്ടേറെ ഗവേഷണപഠനങ്ങളില്‍ സ്ത്രീകളുടെ ഈ വൈരുദ്ധ്യാധിഷ്ഠിത സാഹചര്യത്തെ വിലയിരുത്തുന്നു. Dowry and women's lives in Kerala: what has changed in a decade? (2012 ) എന്ന Tamsin Bradley-യുടെ അടുത്തകാലത്തെ പഠനവും ഇതു തെളിയിക്കുന്നു.

അതേസമയം രാത്രി അനുഭവിക്കാന്‍ പുറത്തിറങ്ങല്‍ സമരവും ഇന്ത്യയിലെത്തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നായ ചുംബനസമരവും നടന്നത് കേരളത്തിലാണ്. കയ്യൂര്‍ സമരത്തിലും, പുന്നപ്ര-വയലാര്‍ സമരത്തിലും ഗാന്ധിയന്‍ പ്രസ്ഥാനത്തിലും സ്ത്രീകള്‍ നിരവധി പേര്‍ പങ്കെടുത്തിട്ടുണ്ട്. ജാതിക്കെതിരെയും ജന്മിത്തത്തിനെതിരെയും കൊളോണിയല്‍, പുരുഷാധിപത്യത്തിനെതിരെയും ഇവിടെ സ്ത്രീകളെ സ്ത്രീനേതാക്കള്‍ തന്നെ ബോധവല്‍ക്കരിച്ച ചരിത്രമുണ്ട്. എന്നിരിക്കെ സ്ത്രീകളുടെ അവകാശങ്ങള്‍ വേണ്ടത്ര വ്യവഹരിക്കപ്പെട്ടില്ല. മറിച്ച് ആ വിഷയത്തില്‍ ധാരാളം അമൂര്‍ത്തങ്ങളായ ഒട്ടേറെ എഴുത്തുകളും നടന്നിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട എത്രയോ കഥകള്‍, നോവലുകള്‍, സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. 1984-ല്‍ മലയാളത്തിലെ ഏറ്റവും പ്രഗല്‍ഭ സംവിധായകരില്‍ ഒരാളായ കെ.ജി. ജോര്‍ജിന്റെ 'ആദാമിന്റെ വാരിയെല്ല്' എന്ന വിപ്ലവചിത്രം ഇക്കൂട്ടത്തിലുണ്ട്.

കേരളത്തിലെ ഇപ്പോഴത്തെ ഈ സമരവിജയം കേരളത്തെ സംബന്ധിച്ച് നോക്കിയാല്‍ ആഗോളതലത്തിലെ സ്ത്രീ അവകാശ പ്രസ്ഥാനത്തിന്റെ ഒന്നാം തരംഗത്തില്‍ പെടുത്തുന്നതായിരിക്കും ഉചിതം എന്ന് തോന്നുന്നു. ബ്രിട്ടനിലേയും അമേരിക്കന്‍ ഐക്യനാടുകളിലേയും സ്ത്രീവാദപ്രവര്‍ത്തനങ്ങളുടെ നീണ്ട കാലയളവിനെയാണ് ഒന്നാം തരംഗ സ്ത്രീവാദമായി കണക്കാക്കുന്നത്. തുല്യപങ്കാളിത്തം, സ്വത്തവകാശം എന്നിവയെ പ്രചരിപ്പിക്കുക, വിധേയത്വവിവാഹത്തേയും (chattel marriage) ഭാര്യയ്ക്കും മക്കള്‍ക്കും മേലുള്ള ഭര്‍ത്താവിന്റെ ഉടമസ്ഥതയേയും എതിര്‍ക്കുക തുടങ്ങിയ കാര്യങ്ങളിലാണ് തുടക്കത്തില്‍ സ്ത്രീവാദം കേന്ദ്രീകരിച്ചത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആക്ടിവിസം, രാഷ്ട്രീയബലം, മുഖ്യമായും സ്ത്രീകളുടെ വോട്ടവകാശം നേടുന്നതില്‍ ശ്രദ്ധിച്ചു. എന്നിരുന്നാലും വോള്‍ട്ടറിന്‍ ഡെ ക്ലേര്‍, മര്‍ഗരറ്റ് സങ്ഗര്‍ തുടങ്ങിയ സ്ത്രീവാദികള്‍ സ്ത്രീകളുടെ ലൈംഗികവും പ്രത്യുല്പാദനപരവും സാമ്പത്തികവുമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ബോധവല്‍ക്കരണങ്ങള്‍ സജീവമായി തുടര്‍ന്നു. 1854-ല്‍ ഫ്‌ലോറന്‍സ് നൈറ്റിംഗേലാണ് പട്ടാളത്തില്‍ സ്ത്രീപരിചാരകര്‍ സഹായം നല്‍കുന്ന രീതി തുടങ്ങിവെച്ചത്. വോട്ടവകാശത്തിനുവേണ്ടി വാദിക്കുന്ന സ്ത്രീകളും (suffragettes) പുരുഷന്മാരും (suffragist) ബ്രിട്ടനില്‍ ആശയപ്രചാരണം നടത്തി. 1918-ലെ പൗരപ്രാതിനിധ്യനിയമം പ്രകാരം 30 വയസ്സു പ്രായമുള്ള കുടുംബിനികളായ സ്ത്രീകള്‍ക്ക് സമ്മതിയവകാശം ഉറപ്പാക്കി. 1928-ല്‍ 21 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കുമായി വിപുലപ്പെടുത്തി. അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവര്‍ ലുക്രീഷ്യ മോട്ട്, ലൂസി സ്റ്റോണ്‍, എലിസബത്ത് കാഡി സ്റ്റാന്റണ്‍, സൂസന്‍ ബി. ആന്റണി തുടങ്ങിയവരാണ്. ക്വക്കറിന്റെ ചിന്തകള്‍ ഇവരെ ശക്തമായി സ്വാധീനിച്ചിരുന്നു. ഫ്രാന്‍സിസ് വിലാഡിനെപ്പോലെ യാഥാസ്ഥിതിക ക്രൈസ്തവ വിഭാഗങ്ങളില്‍നിന്നുള്ളവരും മറ്റില്‍ഡ ജോസ്ലിന്‍ ഗേജിനെപ്പോലെ തീവ്ര സ്ത്രീവാദികളും അമേരിക്കന്‍ സ്ത്രീവാദത്തിന്റെ ഒന്നാം തരംഗത്തില്‍ ഉള്‍പ്പെടും. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലേയും സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിക്കൊണ്ടുള്ള അമേരിക്കന്‍ ഭരണഘടനയുടെ പത്തൊന്‍പതാം ഭേദഗതി (1919) നിലവില്‍ വന്നതോടെ അമേരിക്കന്‍ ഒന്നാം തരംഗ സ്ത്രീവാദം അവസാനിച്ചതായി കണക്കാക്കുന്നു.

മലയാളത്തിലെ സ്ത്രീയവകാശം അഭ്രപാളികളില്‍ 
കാസ്റ്റിംഗ് കൗച്ച് മലയാളത്തിലുണ്ട് എന്ന നടി പാര്‍വ്വതിയുടെ വെളിപ്പെടുത്തലിനൊപ്പം മാത്രമാണ് ആ വിഷയം മലയാളത്തില്‍ ചര്‍ച്ചയാകുന്നതു തന്നെ. കെ.ജി. ജോര്‍ജ് ഇതു വ്യ ക്തമായും പറയുന്നുണ്ട്. അക്കാലത്തെ വ്യവസ്ഥിതിയുടെ തെറ്റായ പ്രവണതയായിരുന്നു ഈ ചിത്രത്തിലൂടെ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ശ്രമിച്ചത്. അനുഭവം (1976) എന്ന ചിത്രത്തിലെ 'വാകപ്പൂമരം...' എന്ന് തുടങ്ങുന്ന ഗാനം പ്രസ്തുത വിഷയത്തെ കുറിക്കാന്‍ ആണെന്ന് ആ ഗാനത്തിന്റെ രചയിതാവ് ബിച്ചുതിരുമല പറയുന്നുണ്ട്. പതിറ്റാണ്ടുകളോളം കാസ്റ്റിംഗ് കൗച്ച് മലയാളത്തില്‍ ഒരു ആചാരമായിരുന്നു എന്ന് കെ.ജി. ജോര്‍ജ് പറയുന്നുണ്ട്. അത് മുന്‍പ് ഒരു വ്യവസ്ഥയായിരുന്നു എങ്കില്‍ ഇപ്പോള്‍ അതു കുറഞ്ഞുവരുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. കാരണം, മലയാള സിനിമ തിയേറ്ററുകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന പതിറ്റാണ്ടുകളോളം സിനിമാരംഗത്തെക്കുറിച്ചുള്ള അജ്ഞതമൂലം ഒട്ടേറെ പെണ്‍കുട്ടികള്‍ ഇതിന് വിധേയരായിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, ഇക്കാലത്ത് സിനിമയുടെ പിന്നണിയിലും സ്ത്രീകള്‍ വന്നതും വിദ്യാഭ്യാസപരമായി മുന്നേറിയതും പ്രസ്തുത ആചാരം നിലക്കാന്‍ ഇടയായി എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അപ്പോള്‍ അറിവിലൂടെയും അനുഭവത്തിലൂടെയും ആധുനികവല്‍ക്കരണത്തിന്റെ ഭാഗമാകുമ്പോള്‍ മാത്രമാണ് സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാകുന്നുള്ളു എന്ന് വ്യക്തമാണ്. സ്ത്രീകളുടെ കര്‍ത്തൃത്വം അംഗീകരിക്കുന്ന സാമൂഹ്യ സാഹചര്യമാണ് സൃഷ്ടിച്ചെടു ക്കേണ്ടത്. മലയാള സിനിമയില്‍ അതിന്റെ ആരംഭകാലത്തുതന്നെ സ്ത്രീ കഥാപാത്രമായി വന്നിട്ടുണ്ട്.

1928 മലയാള സിനിമയായ 'വിഗതകുമാരനി'ലെ നായികയായ പി.കെ. റോസിയാണവര്‍. ആ സിനിമയില്‍ ഒരു നായര്‍സ്ത്രീയുടെ വേഷം അഭിനയിക്കേണ്ടിവന്ന അവരെ താഴ്ന്ന ജാതിക്കാരിയെന്ന പേരില്‍ സവര്‍ണ്ണ ജാതിക്കാരെന്നറിയപ്പെടുന്നവര്‍ നാട്ടില്‍നിന്നും അടിച്ചോടിക്കുകയായിരുന്നു. ദശകങ്ങള്‍ക്ക് മുന്‍പത്തെ യാഥാര്‍ത്ഥ്യമാണത്. എന്നാല്‍, ഈ നൂറ്റാണ്ടില്‍, 2018-ല്‍ സ്ത്രീകളുടെ പങ്കാളിത്തം വലിയ സംവാദവിഷയമാണത്. ആ വിഷയം ചര്‍ച്ചചെയ്യാന്‍ പോലും മലയാളത്തില്‍ ഒരു മുഖ്യധാരാ മാധ്യമം പോലും ഇല്ല എന്നുള്ള നഗ്‌നയാഥാര്‍ത്ഥ്യമാണത്. 1990-കളോടെ മലയാള സിനിമയില്‍ സൃഷ്ടിക്കപ്പെട്ട സൂപ്പര്‍താര വ്യവസ്ഥകളാണ് ആ സാഹചര്യം സൃഷ്ടിച്ചത്. തികഞ്ഞ പുരുഷമേധാവിത്തപരമായ ഒന്നാണത്. അസാമാന്യ അഭിനയപ്രതിഭകളാണ് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ എന്നതില്‍ സംശയം വേണ്ട. പക്ഷേ, ഒരു കലാകാരന്‍ എന്ന മനുഷ്യത്വം ഉള്ളവന്‍ എന്നും കൂടി ലോകചരിത്രത്തില്‍ ഇടമുണ്ട്. അഥവാ മനുഷ്യന്റെ വേദനകള്‍ മനസ്സിലാക്കുന്ന, അത് പങ്കുവയ്ക്കുന്ന ഒരാള്‍. പക്ഷേ, മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് അത് നഷ്ടപ്പെട്ടത് ആ പദവി ലഭിച്ചപ്പോള്‍ മനുഷ്യത്വം കൂടിയായിരുന്നു. അതില്‍ സിനിമാ പിന്നണി പ്രവര്‍ത്തകര്‍ക്കും വലിയ റോളുണ്ട്. സ്ത്രീകളെ കേവലം ലൈംഗിക വസ്തുക്കളായി കാണാന്‍ തുടങ്ങുന്നത് വളരെ മുന്‍പാണ്. പക്ഷേ, മനുഷ്യന്‍ ആധുനിക യുഗത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ കൂടുതല്‍ ജനാധിപത്യ വിശ്വാസികള്‍ ആകുകയാണ് ചെയ്യേണ്ടത്. പക്ഷേ, മലയാളം സിനിമ നേരെ തിരിച്ചാണ് സഞ്ചരിച്ചത്. ഇന്നും ഇറങ്ങുന്ന ഭൂരിപക്ഷം സിനിമകളും കടുത്ത സ്ത്രീവിരുദ്ധ ഡയലോഗുകളാല്‍ സമ്പന്നമാണ്. അത് ആസ്വദിക്കാന്‍ മാത്രം സാധിക്കുന്ന ഒരു തലമുറയെ നിര്‍മ്മിക്കാന്‍ കഴിഞ്ഞ ചില പതിറ്റാണ്ടുകള്‍കൊണ്ട് നമ്മുടെ സൂപ്പര്‍സ്റ്റാര്‍ പടങ്ങള്‍കൊണ്ട് സാധിച്ചു. മലയാള സിനിമയെന്നല്ല, ലോകസിനിമയും എക്കാലവും സ്ത്രീകളെ പലവിധത്തില്‍ ചൂഷണം ചെയ്യുന്നതില്‍ മുന്‍പില്‍ തന്നെയാണ്. അതിന്റെ പുതിയ തെളിവുകളാണ് കഴിഞ്ഞ വര്‍ഷം ഹോളിവുഡില്‍നിന്നും വന്ന ലൈംഗിക ചൂഷണകഥകളുടെ വെളിപ്പെടുത്തലുകള്‍. സ്ത്രീകളെ സെക്ഷ്വല്‍ ഒബ്ജെക്ട് ആയിമാത്രം കാണുന്ന പ്രവണതയും അതിനാല്‍ ജീവന്‍ പൊലിയുന്ന ഉന്നത കലാപ്രതിഭകളായ ഒട്ടേറെ നടിമാരും. സമ്പത്തിന്റെ ധാരാളിത്തത്തില്‍ ഏതു സഹപ്രവര്‍ത്തകരായ നടിമാരേയും ഏതു രീതിയിലും ചൂഷണം ചെയ്യുകയോ പുറന്തള്ളപ്പെടുകയോ ചെയ്യുന്ന രീതി എല്ലാം സ്വാഭാവികമായി നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍താരത്തിന്റെ അറസ്റ്റ് ആഗോളതലത്തില്‍ത്തന്നെ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു. മലയാള സിനിമയില്‍ നിലനില്‍ക്കുന്നത് കടുത്ത സ്ത്രീവിരുദ്ധതയും കുടിപ്പകയും കമ്പോളവല്‍ക്കരണവും ക്രിമിനല്‍വല്‍ക്കരണവും ആണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. മലയാളത്തിലെ സൂപ്പര്‍താരങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ സ്റ്റോറികള്‍ വരുന്നത് മലയാളത്തിലെ ജനകീയ വനിതാ പ്രസിദ്ധീകരണങ്ങളിലാണെന്നുള്ളതും അവരുടെ സിനിമകള്‍ ഒട്ടുമുക്കാലും കടുത്ത സ്ത്രീവിരുദ്ധമാണെന്നുള്ളതും മലയാളി സ്ത്രീത്വത്തിനുതന്നെ നാണക്കേടാണ്. അവര്‍ തിരിച്ചറിയാത്തതുമായ ഒരു വസ്തുതയാണ്.
കമ്പോളത്തിനുവേണ്ടി ഈ പ്രസിദ്ധീകരങ്ങള്‍ ഒന്നുംതന്നെ അവരെ വിമര്‍ശിച്ചു എഴുതുകയില്ല. അടുത്തകാലത്തു നടി പാര്‍വ്വതിയുടെ നേരെ നടന്ന അധിക്ഷേപങ്ങള്‍ കടുത്ത പുരുഷമേധാവിത്വം ഒരു മൂല്യമാണ് എന്ന് മലയാളികളില്‍ ഒരുവിഭാഗം തെളിയിച്ചു. മലയാള സിനിമയില്‍ ആദ്യമായി ചോദിച്ച പ്രതിഫലം കിട്ടിയ നടി മഞ്ജുവാര്യര്‍ ആണെന്ന വാര്‍ത്ത മലയാളി ജനാധിപത്യ വിശ്വാസികള്‍ അമ്പരപ്പോടെയാണ് കേട്ടത്. അത്രയ്ക്കും അധമമായാണ് മലയാള സിനിമാലോകം സ്ത്രീയെ കാണുന്നത്. സോഷ്യല്‍മീഡിയ വന്നതോടെ ഇത് നേര്‍ക്കുനേര്‍ തിരിച്ചറിയാനാകുന്നുണ്ട്. ഇത്രയധികം സ്ത്രീവിരുദ്ധതയുള്ള സംഭാഷണങ്ങളും സീനുകളും മറ്റ് ഇന്ത്യന്‍ഭാഷാ സിനിമകളില്‍പ്പോലും ഉണ്ടാകില്ല.

കേരളത്തിലെ ടിവി റിയാലിറ്റിഷോകളിലും കടുത്ത സ്ത്രീവിരുദ്ധതയാലാണ് ജീവിച്ചുപോകുന്നത്. ചില ഉപാധികള്‍ പൊതുസമൂഹത്തിന് പാലിക്കാനായാല്‍ സ്ത്രീകള്‍ക്ക് മലയാള സിനിമയിലും പൊതുവിലും അഭിമാനാര്‍ഹമായ പദവി നേടാവുന്നതാണ്. നടി ആക്രമിക്കപ്പെട്ടശേഷം 2017-ല്‍ രൂപീകരിച്ച 'വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ്' എന്ന സംഘടനയൊക്കെ വെറും ട്രെന്‍ഡ് അല്ലെങ്കില്‍ ഒരു തൊലിപ്പുറമെയുള്ള ചികിത്സ മാത്രമായി ചുരുങ്ങിപ്പോയാല്‍ മുന്നേറ്റം ദുര്‍ബ്ബലമാകും. അതിന്റെ പ്രവര്‍ത്തകര്‍ നിരന്തരമായ ബോധവല്‍ക്കരണത്തിലൂടെ ശാശ്വതമായി സമത്വത്തിനുവേണ്ടി നിലകൊള്ളുന്നവരാകേണ്ടതുണ്ട്. സ്ത്രീകളെ കര്‍ത്തൃത്വം ഇല്ലാത്തവരാക്കി മാറ്റുന്നതില്‍ പൊതുവില്‍ മുന്‍പില്‍ മതമേധാവികളാണ്. മതം അനുവദിക്കുന്ന അവകാശങ്ങള്‍ എന്തെന്ന് ഉള്ളതില്‍പ്പോലും അവര്‍ അജ്ഞരാണ് പലപ്പോഴും. മതപരമായ ചടങ്ങുകളുടെ നേതൃത്വം വഹിക്കാന്‍ പുരുഷപുരോഹിതര്‍ക്ക് മാത്രമേ കഴിയൂ എന്ന പുരുഷാധിപത്യ വ്യവസ്ഥ ഇതിന് അടിസ്ഥാനമാകുന്നുണ്ട്. അവിടെയാണ് വിശ്വാസികളുടേയും പ്രത്യേകിച്ച് സ്ത്രീകളുടേയും ചൂഷണത്തിനെതിരെയുള്ള പ്രതിരോധം ദുര്‍ബ്ബലമായിപ്പോകുന്നത്. 
സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതങ്ങള്‍ എല്ലാം ഇവിടെ ഉത്തരവാദികളാണ്. സ്ത്രീകള്‍ ചരിത്ര പരമായ അവകാശ അര്‍ഹരായി തീര്‍ന്നതിന്റെ ചരിത്രവസ്തുതകള്‍ ഉള്‍ക്കൊള്ളാന്‍ മതമേധാവികള്‍ തയ്യാറാകേണ്ടതുണ്ട്. ആധുനികതയെക്കുറിച്ച് യുക്തിസഹമായ അവബോധം അവരിലുണ്ടാകണം.


മലയാളി സ്ത്രീത്വത്തെ സിനിമയിലും പുറത്തും സംരക്ഷിക്കണമെങ്കില്‍ ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.  

1. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ബഹുമാനിക്കപ്പെടേണ്ടവരാണെന്നും അതിനുവേണ്ട മാര്‍ഗ്ഗങ്ങളും പൊതുവിദ്യാഭ്യാസത്തില്‍ പ്രൈമറി സ്‌കൂളുകളില്‍നിന്നും വീടുകളില്‍നിന്നും തന്നെ തുടങ്ങുക.

2. ലൈംഗികതയെ സംബന്ധിച്ച പാഠഭാഗം പഠിപ്പിക്കാതെ ഒഴിവാക്കിവിടുന്ന ഒരു പാരമ്പര്യം മലയാളി അധ്യാപക സമൂഹത്തില്‍ മുന്‍പും ഇപ്പോഴും ഉണ്ട്. അതുകൊണ്ട് നിര്‍ബന്ധമായും ഹൈസ്‌കൂള്‍ മുതല്‍ ലൈംഗിക വിദ്യാഭ്യാസം, സിലബസ്സില്‍ ഉള്‍പ്പെടുത്തി ആണ്‍-പെണ്‍ സംയുക്ത ക്ലാസ്സില്‍ ആണ്‍-പെണ്‍ ടീച്ചേര്‍സ് നല്‍കുക.

3. സ്ത്രീ-പുരുഷ-സമത്വവും അവരുടെ തുല്യപ്രാധാന്യവും പഠിപ്പിക്കുക.

4. സ്ത്രീകളെ കേവല കമ്പോള വസ്തുവാക്കുന്ന മുതലാളിത്ത കമ്പോള, ഉപഭോക്തൃ സംസ്‌കാരം ഇല്ലാതാക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുക.

5. ലൈംഗികതയെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍, അതിന്റെ ആവശ്യകത, സമീപനങ്ങള്‍ എന്നിവ ഗ്രാമങ്ങളില്‍ വിദഗ്ദ്ധരാല്‍ ഇടയ്ക്കിടെ നടത്തപ്പെടണം. തുടങ്ങിയ ഈ മാര്‍ഗ്ഗങ്ങള്‍ നടപ്പിലായാല്‍ മലയാള സിനിമയും മറ്റു സ്ത്രീ തൊഴിലിടങ്ങളും സ്ത്രീ സൗഹൃദ സുരക്ഷിത രംഗമായി ഭാവിയില്‍ മാറിയേക്കും. രോഗം വന്നിട്ട് ചികില്‍സിക്കുന്നതിനെക്കാള്‍ നല്ലത് രോഗം വരാതെ നോക്കലാണ്.