ജാതിമാളങ്ങളിലേക്ക് നൂഴിയിടുന്ന ആള്‍ജീവിതങ്ങള്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് സൈന്യം തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് അടിമകളായി കൊണ്ടുവന്ന കേരളത്തിലെ തോട്ടിപ്പണിക്കാരുടെ പുതിയ തലമുറ അവരുടെ ജീവിതം പറയുന്നു
ജാതിമാളങ്ങളിലേക്ക് നൂഴിയിടുന്ന ആള്‍ജീവിതങ്ങള്‍

''വിടെ ഞങ്ങള്‍ നാലാം തലമുറയാണ്. ഏറ്റവും പുരോഗമനമുള്ള സംസ്ഥാനത്ത് ഞങ്ങള്‍ ഇപ്പോഴും ജാതിവിവേചനത്താല്‍ ഒറ്റപ്പെട്ടവരാണ്. തൊട്ടുകൂടായ്മയുടെ ഇരകള്‍.  അവരുടെ മാലിന്യം വൃത്തിയാക്കാന്‍ വേണ്ടി മാത്രമാണ് സമൂഹത്തിന് ഞങ്ങളെ ആവശ്യം.''  കൊല്ലം സ്വദേശിയായ സി.പി. നടരാജന്‍ പറയുന്നു. ചക്ലിയാന്‍ സമുദായാംഗമാണ് ഈ എഴുപതുകാരന്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് സൈന്യം തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് അടിമകളായി കൊണ്ടുവന്നതാണ് ഈ സമുദായത്തെ.

''ഞങ്ങളുടെ മുന്‍തലമുറകളെ 1900-നും 1925-നും വിടുപണി ചെയ്യാന്‍  തമിഴ്നാട്ടില്‍നിന്നും കൊണ്ടുവന്നതാണ്. തോട്ടിപ്പണി പോലെ മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്ന ജോലികള്‍ അവര്‍ ചെയ്തു. ദശകങ്ങളോളം ഞങ്ങളുടെ പൂര്‍വ്വികര്‍ ഇതു തുടര്‍ന്നു. അവര്‍ ഏറെ സഹിച്ചു. ബ്രിട്ടീഷുകാരായ സൈനികരുടേയും അവരുടെ ഒപ്പം ഉണ്ടായിരുന്ന ഇന്ത്യന്‍ ശിപായിമാരുടേയും അടിമകള്‍ ആയിരുന്നു അവര്‍. ജീവന്‍ നിലനിര്‍ത്താന്‍  ചത്തു ചീഞ്ഞ മൃഗങ്ങളുടെ മാംസം പോലും കഴിക്കേണ്ടിവന്നു. ആജ്ഞ അനുസരിക്കാതിരുന്നതിന് എന്റെ മുത്തച്ഛന്‍ പോലും പീഡിപ്പിക്കപ്പെട്ടിരുന്നതായി ഇപ്പോഴും ഓര്‍ക്കുന്നു. ആ കാലമൊക്കെ പോയെങ്കിലും ഇപ്പോഴും ഞങ്ങള്‍ക്ക് ദുരിതം തന്നെയാണ്.'' ഇന്ത്യന്‍ റെയില്‍വേയില്‍ ഉയര്‍ന്ന പദവിയില്‍ വിരമിച്ച നടരാജന്‍ പറയുന്നു.

തന്റെ സമുദായത്തിന്റെ ഒരു വലിയ പുരാവൃത്തം തന്നെ നടരാജന് പറയാനുണ്ട്. ചക്കലിയാന്മാര്‍ 'അരുന്ധതിയാര്‍' എന്നറിയപ്പെട്ടിരുന്ന കാലത്ത് 1903-ല്‍, കൊല്ലത്ത് പുതിയ റെയില്‍വേ ലൈന്‍ അവതരിപ്പിച്ചപ്പോഴാണ് കേരള  തമിഴ്നാട് അതിര്‍ത്തിയില്‍നിന്നും അവരെ അടിമകളായി കൊണ്ടുവന്നത്. പിന്നീട് അവര്‍ സൈന്യത്തിലെ ശിപായിമാരുടെ സഹായികളായി ക്യാമ്പുകളില്‍ തോട്ടിപ്പണി ചെയ്തുപോന്നു. കേരളത്തില്‍ പിന്നീട് മുനിസിപ്പാലിറ്റികള്‍ അവതരിപ്പിക്കപ്പെട്ട 1920-ല്‍ അവരെ ഈ ജോലിയിലേക്ക് നിര്‍ബന്ധിതമായി മാറ്റുകയായിരുന്നു.

''പൊതുജനങ്ങളില്‍നിന്നും നഗരസഭകള്‍ നികുതി പിരിച്ചിരുന്നു. മാലിന്യക്കുഴികളുടെ പ്രശ്‌നം നേരിട്ടിരുന്ന അക്കാലത്ത് മലമൂത്രാദികള്‍ നീക്കം ചെയ്യുന്നത് പോലെയുള്ള ജോലികള്‍ ചെയ്യാന്‍ കേരളത്തിലെ മറ്റു കീഴാള ജാതിക്കാര്‍ തയ്യാറായിരുന്നില്ല. അടിമകളെപ്പോലെ പരിഗണിച്ചിരുന്ന ഞങ്ങളുടെ പിതാമഹന്മാരെ ഈ ജോലി നിര്‍ബ്ബന്ധിതമായി ചെയ്യിച്ചു. അന്നു മുതല്‍ ഞങ്ങളെ ഔദ്യോഗികമായി തോട്ടിപ്പണിക്കാരാക്കി മാറ്റി'' നടരാജന്‍ പറഞ്ഞു. നടരാജന്‍ ഭാഗ്യവാനായിരുന്നു. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിനാല്‍ അദ്ദേഹത്തിന് കിട്ടിയത് മറ്റ് ജോലിയാണ്.

അയ്യന്‍
അയ്യന്‍


കേരളത്തില്‍ മൂന്ന് ലക്ഷത്തോളം ചക്കലിയാന്മാരുണ്ടെന്ന് കൊല്ലം  നഗരത്തിലെ കപ്പലണ്ടിമുക്കില്‍ താമസിക്കുന്ന ഈ സമുദായത്തില്‍നിന്നുള്ള മറ്റൊരാളായ ഗോപാലന്‍ പറയുന്നു. തങ്ങളുടെ കുട്ടികളെ ഇതുവരെ പട്ടികജാതി/പട്ടികവര്‍ഗ്ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് ഇപ്പോള്‍ ഈ സമൂഹം നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നാണ്. അതുകൊണ്ടുതന്നെ ജോലിക്കോ വിദ്യാഭ്യാസത്തിനോ തങ്ങള്‍ സംവരണ പട്ടികയില്‍ ഒരിടത്തും വരുന്നില്ല. ''സര്‍ക്കാര്‍ വിഭാഗങ്ങളിലെ പിഴവുകള്‍ കാരണം കേരളത്തില്‍ ഞങ്ങളെ പട്ടികജാതി എന്ന നിലയില്‍ പരിഗണിക്കുന്നില്ല. തമിഴ്നാട്ടില്‍നിന്നും കുടിയേറിയവരായതിനാല്‍ അതില്‍ പെടില്ലെന്ന് അവര്‍ പറയുന്നു. 1950-കളില്‍ കുടിയേറിയ പൂര്‍വ്വപിതാക്കളുടെ ജാതി കാണിക്കണം എന്നാവശ്യപ്പെട്ട് ഞങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് പോലും നിഷേധിക്കപ്പെടുന്നു. അതേസമയം അടിമകളാക്കി പിടിച്ചുകൊണ്ടു വന്നതിനാല്‍ അത് അസാധ്യമാണ് താനും. അടിമകള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റുമായി വരാനാകുമോ?'' ഗോപാലന്‍ ചോദിക്കുന്നു. 1950-കള്‍ മുതല്‍ ചക്കലിയാന്മാര്‍ ഈ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് സോഷ്യോളജിസ്റ്റ് മിനി മോഹന്‍ പറയുന്നു.

മായാണ്ടിയും ഭാര്യയും
മായാണ്ടിയും ഭാര്യയും

''സംസ്ഥാനത്തായാലും പുറത്തായാലും പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട  അന്തര്‍ സംസ്ഥാന കുടിയേറ്റക്കാര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം കിട്ടുമോ എന്നതാണ് പ്രധാന ചോദ്യം. അവര്‍ക്ക് സംവരണാനുകൂല്യമെന്ന് മാത്രമല്ല, ഇളവുകളോ പരിഗണനകളോ ഒന്നും ലഭിക്കില്ല എന്നു തന്നെയാണ് ഉത്തരം. സംസ്ഥാനത്ത് തന്നെ ജനിച്ച പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കാണ് അതിന്റെ ആനുകൂല്യം സാധാരണ കിട്ടുന്നത്. എന്നാല്‍, ഈ സംസ്ഥാനങ്ങളിലെ കുടിയേറ്റക്കാരാണെങ്കില്‍ അവര്‍ പട്ടികജാതിയില്‍ പെട്ടവരാണെങ്കിലും അത് നിഷേധിക്കപ്പെടും.'' മോഹന്‍ പറയുന്നു. ''ഇതാണ് കുടിയേറ്റക്കാരായ പട്ടികജാതി/പട്ടികവര്‍ഗ്ഗങ്ങള്‍ നേരിടുന്ന ഗൗരവമായ പ്രശ്‌നം. 1950 മുതല്‍ ചക്കലിയാന്മാര്‍ ഈ പ്രതിസന്ധി നേരിടുകയാണ്. ഇക്കാര്യത്തില്‍ ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ ഒരു ചുവടും ഇതുവരെ എടുത്തിട്ടില്ല. കീഴാള ജനവിഭാഗങ്ങളുടെ പ്രശ്‌നം പരിഹരിക്കുക കൂടി ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ ഭരണഘടനയുടെ പൊരുളിനു തന്നെ വിപരീതമാണ്. കേരള സര്‍ക്കാരിന്റെ പട്ടികയില്‍ ചക്കലിയാന്മാര്‍ പതിനൊന്നാം സ്ഥാനത്തും അരുന്ധതിയാര്‍ അഞ്ചാം സ്ഥാനത്തുമാണ്. സംവരണ ആനുകൂല്യങ്ങള്‍ ലഭ്യമാകാത്തത് നിമിത്തം തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം വഴി നല്ല ഭാവി ഉണ്ടാകാനും തടസ്സമാണെന്ന് ഗോപാലന്‍ പറയുന്നു.

ഇവിടെ തൊട്ടടുത്തുള്ള ഒരു യുവതിക്ക് മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ കഴിയാതിരുന്നതിനാല്‍ ചേരാനായില്ല. ഇപ്പോള്‍ അവര്‍ ബിരുദത്തിന് ചേര്‍ന്നു. ഇതാണ് ഞങ്ങളുടെ വിധി. ഇത് ഞങ്ങളുടെ കുറ്റമാണോ? പണ്ടു കാലത്ത് ഞങ്ങളെ കൊണ്ടുവന്നപ്പോള്‍ ഞങ്ങള്‍ കേരളീയരായിരുന്നു. എന്നാല്‍ പിന്നീട് സംസ്ഥാനാതിര്‍ത്തി പുനര്‍നിര്‍വചിച്ചപ്പോള്‍ ഞങ്ങളുടെ ഗ്രാമം തമിഴ്നാട്ടിലായി. അതോടെ ഞങ്ങള്‍ കുടിയേറ്റക്കാരുമായി'' ഗോപാലന്‍ കൂട്ടിച്ചേര്‍ത്തു. ഗോപാലന്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന കോളനിയില്‍ ഒരേക്കര്‍ ഭൂമിയില്‍ 66 കുടുംബങ്ങളാണ് കഴിയുന്നത്. ഒരു ചെറിയ മുറിയില്‍പ്പോലും പത്തും പന്ത്രണ്ടും പേര്‍ താമസക്കാരാണ്. വൈദ്യുതിയോ വേണ്ട വിധത്തിലുള്ള ഓട സംവിധാനമോ പോലുമില്ല. പലര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല.

ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ അന്‍പതു വര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുന്നവര്‍ക്ക് വസ്തുവിന്റെ ആധാരം പോലുമില്ലെന്ന് ചക്കിലിയാര്‍ സമുദായാംഗമായ എം. അറുമുഖനും പറയുന്നു. ''പട്ടയം നല്‍കാന്‍ അപേക്ഷ നല്‍കി നല്‍കി മടുത്തു. എന്നിട്ടും സര്‍ക്കാര്‍ കനിയുന്നില്ല. ആധാരമോ പട്ടയമോ ഒന്നും ഇല്ലാത്തതിനാല്‍ ഈ വസ്തു വിറ്റ് ഇവിടെനിന്നും രക്ഷപ്പെടാനും കഴിയില്ല. ഒരു ബാങ്ക് ലോണിനുപോലും അപേക്ഷിക്കാനും പറ്റാറില്ല. തോട്ടിപ്പണിക്കാരായതിനാല്‍ അവര്‍ ഇവിടെത്തന്നെ കിടന്നു മരിക്കട്ടെ എന്നാണ് സര്‍ക്കാരിന്റെ നിലപാട്'' അറുമുഖന്‍ പറയുന്നു. കപ്പലണ്ടിമുക്ക് കോളനിയിലെ ഓരോ വീടുകളും പരസ്പരം ബന്ധിപ്പിച്ചവയാണ്. മതിയായ മാലിന്യ നിര്‍ഗ്ഗമന ഓടകളുടെ അഭാവം മൂലം വീട്ടുകാര്‍ തങ്ങളുടെ ശൗചാലയങ്ങളില്‍ നിന്നുള്ള വെള്ളം ബക്കറ്റില്‍ ശേഖരിച്ച് പുലര്‍ച്ചെയോ അര്‍ദ്ധരാത്രി കഴിഞ്ഞോ നഗരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കൊണ്ടുപോയി കളയുകയാണ് പതിവ്.

അറുമുഖവും ഭാര്യയും
അറുമുഖവും ഭാര്യയും

''ദിവസവും ഇതാണ് പണി. ഇത്തരം ഒരു സാഹചര്യത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത്.'' സി. മായാണ്ടി എന്ന മറ്റൊരാള്‍ പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ ശുചിത്വ മിഷന്‍ അടുത്തിടെ നടത്തിയ ഒരു സര്‍വ്വേയില്‍ സംസ്ഥാനത്ത് 600 തോട്ടിപ്പണിക്കാരുണ്ടെന്ന്‌നുകണ്ടെത്തിയിരുന്നു.
ദേശീയ സഫായ് കര്‍മ്മചാരി ഫിനാന്‍സ് ആന്റ് ഡവലപ്പമെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലായിരുന്നു മിഷന്‍ കൊല്ലം, എറണാകുളം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിലാണ് സര്‍വ്വേയും തിരിച്ചറിയല്‍ ക്യാമ്പുകളും മറ്റും നടത്തിയത്. ഇതില്‍ 274 തോട്ടിപ്പണിക്കാരുള്ള കൊല്ലം ജില്ലയായിരുന്നു മുന്നില്‍. എറണാകുളത്ത് 155, ആലപ്പുഴയില്‍ 96, പാലക്കാട്ട്75 എന്നിങ്ങനെയായിരുന്നു  കണക്ക്. സഫായ്വാല കര്‍മ്മചാരി ഓര്‍ഗനൈസേഷന് കീഴില്‍ തോട്ടിപ്പണിക്ക്  റജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് സ്ഥിരതാമസം തെളിയിക്കുന്ന ഐഡന്റിറ്റി കാര്‍ഡ് ഉള്‍പ്പെടെ അപേക്ഷ ക്ഷണിച്ചുകൊണ്ട് ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളിലായിരുന്നു സര്‍വ്വേയെന്ന് സര്‍വ്വേയുടെ പ്രൊജക്ട് ഡയറക്ടര്‍ ടി. ഷിജു പറയുന്നു. റജിസ്റ്റര്‍ ചെയ്തവര്‍ക്ക് സാമ്പത്തിക, പുനരധിവാസ സഹായങ്ങള്‍ നല്‍കാന്‍ വേണ്ടിയായിരുന്നു സര്‍വ്വേയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് തോട്ടിപ്പണിക്കാര്‍ ഇല്ലെന്നായിരുന്നു നേരത്തെ കേരള സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ തോട്ടിപ്പണിയില്‍ യന്ത്രവല്‍ക്കരണം നടപ്പിലാക്കിയിരുന്നു. ഇതിനായി 10 കോടിയാണ് ചെലവിട്ടത്. മാന്‍ഹോളുകളും സൂക്ഷ്മമായ ഓടകളും ശുചിയാക്കാന്‍ എട്ടുകാലിയുടെ രൂപത്തിലുള്ള റോബോട്ടുകളെ കേരളത്തിലെ ഒരുകൂട്ടം എന്‍ജിനീയര്‍മാര്‍ ഡിസൈന്‍ ചെയ്തിരുന്നു. പ്ലാസ്റ്റിക്കും മെഡിക്കല്‍ വേസ്റ്റുകളും എക്കലും കൊണ്ട് അടഞ്ഞുപോയ അഞ്ച് മാന്‍ഹോളുകള്‍ വൃത്തിയാക്കി 'ബന്‍ഡിക്കോട്ട്' എന്ന് പേരിട്ടിരുന്ന ഇതിന്റെ ട്രയല്‍ റണ്‍ തിരുവനന്തപുരത്ത് വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു.

ജന്റോബോട്ടിക്ക് ഇന്നോവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിഷ്ണു വി. എന്നയാളാണ് ബന്‍ഡിക്കോട്ട് വികസിപ്പിച്ചത്. കേരളത്തിന്റേയും തമിഴ്നാട്ടിലെ കുംഭകോണം മുനിസിപ്പാലിറ്റിയുടേയും ആവശ്യപ്രകാരം ഇതിന്റെ നൂതനവും നവീനവുമായ വെര്‍ഷന്റെ നിര്‍മ്മാണത്തിലാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. അതേസമയം യന്ത്രവല്‍ക്കരണം വന്നാലും തോട്ടിപ്പണി അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നവരുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരുമെന്ന് കരുതാനാകില്ല. ജാതികൊണ്ട് തന്നെ അവര്‍ ഈ ജോലിയില്‍ തുടരാന്‍ നിര്‍ബ്ബന്ധിതമാകുക തന്നെ ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com