1611-ലെ വെള്ളപ്പൊക്കം

നൂറു കൊല്ലത്തിനിപ്പുറം നടന്നതൊന്നിന്റെ കഥയിതാണെങ്കില്‍ പഴയ വെള്ളപ്പൊക്കങ്ങള്‍ ആരുടെയും ഓര്‍മ്മയിലുണ്ടാവില്ലല്ലോ.
1611-ലെ വെള്ളപ്പൊക്കം

വെള്ളം പൊങ്ങിയതെന്നാണെന്ന് എങ്ങനെയാണ് ഓര്‍ത്തുവെയ്ക്കുക? തൊണൂറ്റിയൊന്‍പതിലെ (കൊല്ലവര്‍ഷം 1099; ക്രിസ്ത്വബ്ദം 1924) വെള്ളപ്പൊക്കം കണ്ടതോര്‍ക്കുന്നവര്‍ എത്ര പേരുണ്ടാകുമിപ്പോള്‍? വിശ്വസിച്ചാശ്രയിക്കാവുന്ന ആധാരരേഖകളും ചുരുക്കം. നൂറു കൊല്ലത്തിനിപ്പുറം നടന്നതൊന്നിന്റെ കഥയിതാണെങ്കില്‍ പഴയ വെള്ളപ്പൊക്കങ്ങള്‍ ആരുടെയും ഓര്‍മ്മയിലുണ്ടാവില്ലല്ലോ. ഇമ്മട്ടിലുള്ള പ്രധാന സംഭവങ്ങള്‍ രേഖപ്പെടുത്തിവെയ്ക്കാന്‍ കേരളീയര്‍ അവലംബിച്ചിരുന്ന അനിതരസാധാരണമായ വഴിയാണ് പരല്‍പ്പേരെന്ന സ്മരണികാവാക്യങ്ങള്‍ (MNEMONICS ).

പരല്‍പ്പേരിന്റെ സങ്കേതങ്ങള്‍
ഓരോ വ്യഞ്ജനാക്ഷരത്തിന്നും ഒന്നിനും ഒന്‍പതിനും ഇടയ്ക്ക് ഒരു അക്കത്തിന്റെ വില; വേറിട്ടു നില്‍ക്കുന്ന (സ്വതന്ത്രമായ) സ്വരാക്ഷരങ്ങളുടെയെല്ലാം വില പൂജ്യം - ഇങ്ങനെ അക്ഷരങ്ങള്‍ക്ക് വിലയിട്ട് ഓരോ വാക്കിന്റേയും സംഖ്യാമൂല്യം നിര്‍ണ്ണയിക്കാം, ഓരോ സംഖ്യയ്ക്കും പേരുകളുണ്ടാക്കാം. അക്ഷരങ്ങളുടെ വില പൂര്‍വ്വനിര്‍ണ്ണീതമാകയാല്‍ ഏതു വാക്കിന്റേയും സംഖ്യാമൂല്യം സ്ഥിരവും നിശ്ചിതവുമായിരിക്കും. എന്നാല്‍ പല വ്യഞ്ജനങ്ങള്‍ക്ക് ഒരേ വിലയുള്ളതിനാല്‍ ഒരേ സംഖ്യയ്ക്ക് പല പരല്‍പ്പേരുകളുണ്ടാകാം. ഒന്ന് എന്ന അക്കം വിലയായുള്ള നാല് അക്ഷരങ്ങള്‍ - ക, ട, പ, യ; ആ അക്ഷരങ്ങളുടെ പേരിലാണ് ഈ സങ്കേതം അറിയപ്പെടുന്നത് - കടപയാദി എന്ന പേരില്‍.

1         2        3        4        5        6       7       8        9        0

ക        ഖ       ഗ      ഘ     ങ      ച      ഛ     ജ     ഝ    ഞ

S           O      ഡ      ഢ    ണ    ത       ഥ      ദ        ധ      ന

പ          ഫ      ബ     ഭ       മ

യ          ര        ല      വ      ശ     ഷ      സ    ഹ        ള      ഴ റ

പരല്‍പ്പേരുണ്ടാക്കല്‍
രസാവഹവും അവിസ്മരണീയവുമായ പരല്‍പ്പേരുകള്‍ സൃഷ്ടിക്കാന്‍ സവിശേഷമായ സര്‍ഗ്ഗചാതുരി തന്നെ വേണം. സൃഷ്ടിക്കുകയെന്നു പറഞ്ഞത് പിഴച്ചു; പരല്‍പ്പേരുകള്‍ ഉദിക്കുകയാണ്. കക്കാടും വിഷ്ണുനാരായണന്‍ നമ്പൂതിരിയുമാണ് ഈ വിഷയത്തില്‍ രസികാഗ്രണികളായ ആധുനിക കവികള്‍. ഫോണ്‍ നമ്പറുകളും ഓര്‍ത്തുവെയ്‌ക്കേണ്ട മറ്റു സംഖ്യകളും അവയുമായി ബന്ധപ്പെട്ട വ്യക്തികളുടെയോ സംഭവങ്ങളുടെയോ ആകാര/സ്വഭാവ സവിശേഷതകളെ ഓര്‍മ്മിപ്പിക്കുന്ന പ്രസക്തിയോടെ വിന്യസിക്കുന്നതിലാണ്  രസം.
കക്കാടിനെപ്പോഴും കുസൃതിയേ ഉദിക്കൂ. ഒരു യുവസാഹിത്യകാരന്റെ ഫോണ്‍ നമ്പര്‍ - 66616- കേട്ടപാടേ കക്കാട് പറഞ്ഞു - ''ചപ്പന്‍ ചതിച്ചു'' മാധവന്‍ അയ്യപ്പത്തിന്റെ പഴയ മദിരാശി ഫോണ്‍ നമ്പറിന് - 431659 - വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പരല്‍പ്പേര് - ''ധീമതാം പുംഗവ:''
''അങ്കാനാം വാമതോ ഗതി:'' - അക്കങ്ങളുടെ പോക്ക് ഇടത്തേയ്ക്ക് എന്നാണു നിയമം. അതുകൊണ്ടാണ് പരല്‍പ്പേരിലെ അക്ഷരങ്ങള്‍ പാര്‍ശ്വവിപര്യസ്തങ്ങളായി - വശം തിരിഞ്ഞ് - വരുന്നത്.
ഇപ്പോള്‍ പരല്‍പ്പേരുണ്ടാക്കുന്നതിനും സോഫ്ട് വെയര്‍ തയ്യാറായിരിക്കുന്നു. സംഖ്യ എഴുതിയിട്ടാല്‍ പല പരല്‍പ്പേരുകളും നിര്‍ദ്ദേശിക്കുമത്രേ. കേട്ടറിവേ ഉള്ളൂ; പരീക്ഷിച്ചു നോക്കിയിട്ടില്ല. കംപ്യൂട്ടര്‍ രചിക്കുന്ന കവിത പോലെ വരുമായിരിക്കാം! വ്യക്തിപ്രതിഭാജന്യമായ സവിശേഷതകള്‍ അതിനുണ്ടാക വയ്യ.

കലിദിനസംഖ്യ
കലിയുഗ പഞ്ചാംഗ പ്രകാരം 5120-ാം കൊല്ലമാണ് ഇപ്പോള്‍ നടക്കുന്നത്. അതായത് കലിയുഗത്തില്‍ ഏതാണ്ട് 5120x365-ലേറെ ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നുവെന്നര്‍ത്ഥം. കലിയുഗാരംഭം തൊട്ടുള്ള  ഓരോ നാളിന്റേയും എണ്ണമാണ് ആ ദിവസത്തെ കലിദിനസംഖ്യ. 
ഇന്ന് 2018 സെപ്റ്റംബര്‍ 17/1194 കന്നി ഒന്ന്. കലിയുഗാരംഭം തൊട്ടെണ്ണിയാല്‍ ഇന്നേക്ക് 1869913 ദിവസം. അതിനാല്‍ ഇന്നത്തെ കലിദിനസംഖ്യ 1869913.
പ്രധാനപ്പെട്ട തീയതികള്‍ - ഗ്രന്ഥരചന തുടങ്ങിയ ദിവസം/മുഴുമിപ്പിച്ച ദിവസം - സൂചിപ്പിക്കാന്‍ അവയുടെ കലിദിനസംഖ്യ രചനകളില്‍ നിബന്ധിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു.
 കൊല്ലവര്‍ഷത്തോട് 3926 കൂട്ടിക്കിട്ടുന്നതിനെ 11323 കൊണ്ട് ഗുണിച്ച് 31 കൊണ്ടു ഹരിച്ചാല്‍ ആ വര്‍ഷത്തെ മേടം ഒന്നിന്റെ തലേന്നത്തെ കലിദിനസംഖ്യ കിട്ടും.
മറിച്ച് കലിദിനസംഖ്യയില്‍ നിന്ന് ഒന്നുകുറച്ച് 31 കൊണ്ട് ഗുണിച്ചു കിട്ടുന്നതിനെ 11323 കൊണ്ട് ഹരിച്ചു കിട്ടുന്നതില്‍നിന്ന് 3926 കുറച്ചാല്‍ കൊല്ലവര്‍ഷം കിട്ടും.
മലയാള കവിതയില്‍ അവസാനം കലിദിനസംഖ്യ നിബന്ധിച്ച പ്രമുഖന്‍ കക്കാടായിരിക്കാം. ചെറുകാടിന്റെ മരണത്തില്‍ അനുശോചിച്ചെഴുതിയ  'സുഹൃത്സ്മരണം' എന്ന കവിതയില്‍. അതിലെ ''തുഷ്ട്യാ താന്‍ വാണ ഹൃദ്യം'' ചെറുകാടിന്റെ ചരമദിനത്തിന്റെ - 1152 തുലാം 13 - കലിദിനസംഖ്യയാണ്.
ഏറ്റവും പ്രശസ്തമായ കലിദിനസംഖ്യാനിബന്ധനം മേല്‍പ്പുത്തൂരിന്റെ 'നാരായണീയ'ത്തിലെ അന്ത്യപദത്തിലേതായിരിക്കാം - 'ആയുരാരോഗ്യസൗഖ്യം.' എഴുതിത്തീര്‍ത്ത ദിവസത്തിന്റെ കലിദിനസംഖ്യ - 1712210-യുടെ പരല്‍പ്പേരാണത്; കൊല്ലവര്‍ഷം 762 വൃശ്ചികം 28.

മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരി
ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായ അമ്പലത്തിന്നടുത്താണ് മേല്‍പ്പുത്തൂരിന്റെ ഇല്ലമെന്നാണ് പ്രസിദ്ധി. പഠിക്കാന്‍ മടിയനായിരുന്നെങ്കിലും ഭട്ടതിരിയുടെ നാവിന്‍തുമ്പത്ത് വികടസരസ്വതിയുടെ വിളയാട്ടമായിരുന്നു. ഗുരുനാഥന്‍ തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി 1729133 എന്ന കലിദിനസംഖ്യയ്ക്ക് ഉചിതമായ പരല്‍പ്പേരു ചിന്തിക്കുകയായിരുന്നുവത്രേ. 'ബാലകളത്രം സൗഖ്യം' എന്ന വികടപ്പേരാണ് ഭട്ടതിരിക്ക് ഉദിച്ചത്. ഗുരുനാഥന്‍ ശകാരിച്ചപ്പോള്‍ ഭട്ടതിരി അശ്ലീലതരമായ വേറൊന്നു പറഞ്ഞുകൊടുത്തു- 'ലിംഗവ്യാധിരസഹ്യാ!' (പില്‍ക്കാലത്ത് പശ്ചാത്താപ വിവശനായ ഭട്ടതിരിയുടെ ജീവിതത്തിനുണ്ടായ പരിണതിയാണ് അക്കിത്തത്തിന്റെ 'ഭാഗ്യവതി' എന്ന നിസ്തുല രചനയുടെ പ്രമേയം.)

ഭാരതപ്പുഴയിലെ വെള്ളപ്പൊക്കം
വെള്ളപ്പൊക്കത്തിന്റെ പ്രകരണത്തിലേക്കു വരാം. മേല്‍പ്പുത്തൂരിന്റെ മധ്യവയസ്സില്‍ ഭാരതപ്പുഴയില്‍ ഉണ്ടായ വെള്ളപ്പൊക്കമാണ് വിഷയം. ഭട്ടതിരിയുടെ പ്രിയനദിയാണ് നിള; ''ഭാസതേ സാ നിളേയം'' എന്നെല്ലാം നിളയെ സ്തുതിച്ചിട്ടുണ്ട് അദ്ദേഹം. വെള്ളപ്പൊക്കമുണ്ടായ നാളിന്റെ കലിദിനസംഖ്യയ്ക്ക് പരല്‍പ്പേരു ചിന്തിച്ചപ്പോള്‍ ഒരു ശ്ലോകം രചിച്ചു കൊടുക്കുകയാണ് മേല്‍പ്പുത്തൂര്‍ ചെയ്തത് -

        നദീപുഷ്ടിരസഹ്യാ നു
        നഹ്യസാരം പയോജനി
        നിജാത് കുടീരാത് സായാഹ്നേ
        നഷ്ടാര്‍ത്ഥാ: പ്രയയു: ജനാ:

 (ഏതാണ്ടിങ്ങനെ പരിഭാഷപ്പെടുത്താം ഈ ശ്ലോകത്തെ -

         പുഴ ചീര്‍ത്തതു താങ്ങാവൊ-
         ല്ലൊട്ടല്ലേറിയ വെള്ളവും;
          വൈകിട്ടു സ്വഗൃഹം വിട്ടാര്‍
         എല്ലാം പൊയ്പോയൊരാളുകള്‍.)

ഈ ശ്ലോകത്തിന്റെ വിശേഷമെന്താണെന്നോ? വെള്ളപ്പൊക്കമുണ്ടായ തീയതിയുടെ കലിദിനസംഖ്യ - 1721180 -
അനുലോമമായും പ്രതിലോമമായും നിബന്ധിച്ചിരിക്കുകയാണ് ഇടവിട്ട വരികളില്‍.

കലിദിനസംഖ്യയില്‍നിന്ന് കൊല്ലവര്‍ഷം കണക്കാക്കുന്ന ഫോര്‍മുല പ്രകാരം

          1721180- 
                      1
           -----------
           1721179 x
                      31
           -------------
          53356549 /
                11323
           ---------------
            4712. 227-
            3926 
           ---------------
              786.227     എന്നു കിട്ടും.

കൊല്ലവര്‍ഷം 786-ലാണ് വെള്ളപ്പൊക്കം. നിഷ്‌കൃഷ്ടമായി ഗണിച്ചാല്‍ 786 മിഥുനം 21.

''കൊല്ലത്തില്‍ ശരജം കൂട്ടി ക്രിസ്തുവര്‍ഷം ചമയ്ക്കണം'' എന്ന നിയമപ്രകാരം 786-നോട് 825 (ശരജം) കൂട്ടിയാല്‍ ക്രിസ്ത്വബ്ദം 1611 എന്നു കിട്ടും. 1611 ജൂണ്‍ 30.
കേരളീയ സംസ്‌കൃതസാഹിത്യചരിത്രവും മേല്‍പ്പുത്തൂരിന്റെ ജീവചരിത്രവുമെഴുതിയ വടക്കുംകൂര്‍ രാജരാജവര്‍മ്മയുടെ വാക്കുകളിതാ- ''സഹൃദയദൃഷ്ട്യാ യാതൊരു സാരസ്യവും പ്രസ്തുത പദ്യത്തിനില്ല. പുഴയിലെ വെള്ളം പെരുകിയൊഴുകിയ അന്നത്തെ കലി (ദിവസ സംഖ്യ) ഓരോ പാദത്തിലും ഘടിപ്പിച്ചിരിക്കുന്നു എന്നതാണ് ഇവിടെ ഉദ്ധരിച്ച ശ്ലോകത്തിന്റെ മേന്മ. അക്ലേശലേശമായിട്ടാണ് ഭട്ടതിരി പ്രസ്തുത പദ്യത്തില്‍ അങ്ങനെ ചെയ്തിരിക്കുന്നതെന്നു വ്യക്തമാകുന്നു. നിശിതമായ ധിഷണാശക്തി തികഞ്ഞ ഒരു പണ്ഡിതനല്ലാതെ ഇപ്രകാരം ചെയ്യാന്‍ സാധിക്കുന്നതല്ല. ഭട്ടതിരിക്ക് ഇക്കാര്യത്തില്‍ ഒരു നൈപുണ്യം വേറെ തന്നെയുണ്ട്''.

2018
2018-ലെ വെള്ളപ്പൊക്കത്തിന്റെ തീയതി നിരവധി രേഖകളില്‍ അങ്കിതമായിട്ടുണ്ട്. അതു രേഖപ്പെടുത്തിവെയ്ക്കാന്‍ നമ്മുടെ കവികളാരും ക്ലേശിക്കേണ്ടതില്ല. എന്നാല്‍ വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളേയും പ്രചണ്ഡതയേയും അതുണ്ടാക്കിയ ദുരിതങ്ങളേയും അതു പഠിപ്പിച്ച പാഠങ്ങളേയും ആത്മസാത്കരിക്കുവാന്‍ വേണ്ട നിശിതമായ ധിഷണാശക്തിയും അവയെ ആവിഷ്‌കരിക്കുവാന്‍ വേണ്ട നൈപുണ്യവും ഇന്നത്തെ മലയാള കവികള്‍ക്കുണ്ടോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com