കഥ എന്ന സഹയാത്രികന്‍: സിവി ബാലകൃഷ്ണന്‍ സംസാരിക്കുന്നു

പ്രശസ്ത സാഹിത്യകാരന്‍ സി.വി. ബാലകൃഷ്ണന്‍ അരനൂറ്റാണ്ട് പിന്നിട്ട കഥായാത്ര മുന്‍നിര്‍ത്തി   കഥകളാല്‍ ചുറ്റപ്പെട്ട ജീവിതം വിശദമാക്കുന്നു
സി.വി. ബാലകൃഷ്ണന്‍
സി.വി. ബാലകൃഷ്ണന്‍

പ്രശസ്ത സാഹിത്യകാരന്‍ സി.വി. ബാലകൃഷ്ണന്‍ അരനൂറ്റാണ്ട് പിന്നിട്ട കഥായാത്ര മുന്‍നിര്‍ത്തി   കഥകളാല്‍ ചുറ്റപ്പെട്ട ജീവിതം വിശദമാക്കുന്നു
 

ഴുത്തിന്റെ ദിശകളില്‍ അന്‍പതു വര്‍ഷം! കഥയില്‍ സ്വജീവിതം എങ്ങനെ വിലയിരുത്തുന്നു?
ഇപ്പോള്‍ നോക്കുമ്പോള്‍, കഥയെ കൂടെക്കൂട്ടിയുള്ള ഒരു യാത്രയായിരുന്നു ജീവിതം. കഥ കൂടെ ഇല്ലായിരുന്നെങ്കില്‍ യാത്ര എത്രമേല്‍ ഏകാന്തവും വിരസവുമായേനെയെന്ന്  ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. മനുഷ്യായുസ്സില്‍ അന്‍പതാണ്ടെന്നത് വലിയൊരു കാലയളവാണ്. ഇത്രയും കാലം കഥയോടൊപ്പം സഞ്ചരിച്ചുവെന്നതാണ്, കഥ ഒപ്പമുണ്ടായിരുന്നുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. മറ്റൊന്നും ഗൗരവമുള്ളതല്ല. 

''Every Story Tellor is a child of Scheherazade, in a hurry to tell the tale so that death may be postponed one more time.'
'After all, if a Story is a declaration against death, its author is nothing but a perpetual Convalescent.'
ലോകപ്രശസ്ത ലാറ്റിനമേരിക്കന്‍ സാഹിത്യകാരനായ കാര്‍ലോസ് ഫ്യൂയന്റസ്സ് താങ്കളുടെ പ്രിയ എഴുത്തുകാരിലൊരാളാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ തെരഞ്ഞെടുത്ത കഥകളുടെ രണ്ട് സവിശേഷ സമാഹാരങ്ങളുടെ നാന്ദിയായി എടുത്തുചേര്‍ത്തതാണിത്. കഥയെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ താങ്കള്‍, അദ്ദേഹത്തെ ഓര്‍ക്കാതിരുന്നിട്ടില്ല. കഥയാല്‍ തടുക്കാമോ കാലത്തെ, ജീവിതത്തെ?
കാര്‍ലോസ് ഫ്യുയന്റസ്സും വാര്‍ഗസ് യോസയും അമാദോയും മാര്‍ക്വേസുമൊക്കെ കഥയെന്ന മാധ്യമത്തെ ഗാഢമായ സ്‌നേഹത്തോടെ പരിചരിച്ചവരാണ്. കഥപറച്ചിലെന്ന പ്രാചീന കലയെ അവര്‍ പുതിയ കാലത്തിനു നിരക്കുന്ന നിലയില്‍ നവീകരിക്കുകയും നിലനിര്‍ത്തുകയും ചെയ്തു. മനുഷ്യരെയാകെ അവര്‍ ചേര്‍ത്തുപിടിച്ചു. അവരുടെ ആഖ്യാനങ്ങളൊക്കെയും സാരവത്തായിരുന്നു. ഓരോ ആഖ്യാനത്തിലൂടെയും ജീവിതമെന്ന സങ്കീര്‍ണ്ണവും ഗഹനവുമായ സമസ്യ നിര്‍ദ്ധാരണം ചെയ്യപ്പെട്ടു. മനുഷ്യര്‍ക്കിടയിലേക്ക് ആഴ്ന്നിറങ്ങുന്ന അധികാരഘടന, ഉന്നതങ്ങളിലെ ദുരധികാര പ്രമത്തത, സാധാരണ ജനതയുടെ നിസ്സഹായത എന്നിങ്ങനെയുള്ള പ്രമേയങ്ങളാണ് അവര്‍ ആഖ്യാനം ചെയ്തത്. സാര്‍വ്വലൗകിക മാനമുണ്ട് ഓരോന്നിനും. ലാറ്റിന്‍ അമേരിക്കന്‍ കഥകളുടെ ഒരു സവിശേഷ സമാഹാരത്തിന് (The Picador Book of Latin Americans Stories) കാര്‍ലോസ് ഫ്യുയന്റസ് എഴുതിയ മുഖവും (The Story teller) അതീവ ഹൃദ്യമാണ്. എല്ലാ വാക്യങ്ങളും മനോഹരം.

ഒരു എഴുത്തുകാരനാവാന്‍ വിധിക്കപ്പെട്ടവനാണ് എന്ന് ചെറുപ്പം തൊട്ടേ താങ്കള്‍ തിരിച്ചറിഞ്ഞിരുന്നുവോ?
വളരെ ചെറുപ്പത്തില്‍ത്തന്നെ എന്റെ ആഗ്രഹം എഴുത്തുകാരനാകണമെന്നായിരുന്നു. എന്റെ വീടിന്നടുത്ത്  ഗ്രന്ഥാലയമുണ്ടായിരുന്നു. വീടിനു നേരെ മുന്നില്‍ കാണുന്ന അയല്‍പക്കമാണ്. അവിടെ ഒരംഗമായി ചേര്‍ന്ന് വായന തുടങ്ങിയ നാള്‍ തൊട്ട്, അതായത് പ്രൈമറി ക്ലാസ്സില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എന്റെ ഉള്ളില്‍ തീവ്രമായുണ്ടായ ആഗ്രഹം ഗ്രന്ഥാലയത്തില്‍ കണ്ടതുപോലുള്ള പുസ്തകങ്ങള്‍ എഴുതണമെന്നായിരുന്നു. എഴുത്തുകാരാല്‍ ആകര്‍ഷിക്കപ്പെട്ട വായനക്കാരാണ് എഴുത്തുകാര്‍ എന്നു പറഞ്ഞിട്ടുണ്ട്, സോള്‍ബെല്ലോ. അതുപോലെ പുസ്തകങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ട ഒരാളായിരുന്നു ബാല്യം തൊട്ടേ ഞാന്‍. നിരന്തരമായുള്ള പുസ്തകസാമീപ്യം. വായനയല്ലാതെ മറ്റൊരാഗ്രഹവും ഉണ്ടായില്ല എന്നതാണ് സത്യം. വലിയ ജോലി, പദവി, ഉയര്‍ന്ന വരുമാനം, ആളുകള്‍ നോക്കിനില്‍ക്കുന്നവിധം പകിട്ട് - ഇതൊന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല; ഇപ്പോഴും. 

ബാല്യം എഴുത്തിന് അനുകൂലമായിരുന്നു...?
ബാല്യം ഏകാന്തത നിറഞ്ഞതായിരുന്നു. എഴുത്തുകാരുടെ ഏറ്റവും വലിയ പരിശീലനം അസന്തുഷ്ടമായ ബാല്യമാണെന്ന് ഹെമിങ്വേ പറഞ്ഞിട്ടുണ്ട്. മറ്റു പലരും ബാല്യം എഴുത്തുകാരുടെ പശ്ചാത്തലമാക്കി പറഞ്ഞിട്ടുണ്ട്. കൂട്ടുകാര്‍ കുറവായിരുന്നു. പുസ്തകം മാത്രം തുണ. മറ്റു കുട്ടികളെപ്പോലെയായിരുന്നില്ല. എപ്പോഴും പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന, പുസ്തകമെടുത്തു നടക്കുന്ന ഒരു കുട്ടിയായാണ് അന്ന് പറയപ്പെട്ടിരുന്നത്. 
ബാല്യം സന്തുഷ്ടമാകാതെ പോയതിന് അക്കാലത്തെ കുടുംബവ്യവസ്ഥയുമായി ബന്ധമുണ്ട്. ദായക്രമം. മരുമക്കത്തായമായിരുന്നു. അച്ഛന്‍ വന്നുപോകുന്ന ഒരു അതിഥി മാത്രമായിരുന്നു. കുടുംബത്തില്‍ നേരിട്ട് ഇടപെടാനാകാത്ത വ്യക്തി. അമ്മാവന്മാരുടെ ഭരണം. അവര്‍ മരുമക്കളോട് ദയാലുക്കളായിരിക്കില്ല. അങ്ങനെയൊരു അമ്മാവന്റെ അധികാരത്തിന്റെ കീഴിലാണ് ഞാനും വളര്‍ന്നത്. ഇടത്തരം കുടുംബമാണെങ്കിലും കൃഷിയായിരുന്നു ആശ്രയം. വലിയ കൃഷിയാണെങ്കിലും സമ്പന്നമല്ല. പത്തായം നിറച്ചും നെല്ലുണ്ടാക്കിയാലും എളുപ്പം തീരും; പിന്നെ അരിഷ്ടിച്ചുള്ള ജീവിതം. ദാരിദ്ര്യം എപ്പോഴുമുണ്ടായിരുന്നു. സമ്പത്തിന്റെ; സമൃദ്ധിയുടെ അന്തരീക്ഷമൊന്നും ഉണ്ടായിട്ടേയില്ല. നല്ല വസ്ത്രങ്ങള്‍, ആഡംബരങ്ങളൊന്നും ആഗ്രഹിക്കാനേയായില്ല. ഒരു നിക്കറും ഷര്‍ട്ടുമായി ഒരു വര്‍ഷം മുഴുവന്‍ കഴിയണം. കാലണപോലും ആരും തരില്ല. അങ്ങനെയാണ് അപ്പം വില്‍ക്കുന്ന ആളുടെ പിന്നാലെ നടന്ന കാര്യങ്ങളൊക്കെയുണ്ടാവുന്നത്. ഒരണ കൊടുത്ത് റൊട്ടി വാങ്ങാനാവില്ല. മണത്തിന് പണം കൊടുക്കേണ്ടല്ലോ, അതാണ് പിന്നാലെ നടന്നത്. വിഷുവിന് പടക്കം പൊട്ടിക്കാനുമില്ല. സിനിമ കാണാനും പ്രയാസം. ചുറ്റിലുമുള്ള പറമ്പുകളില്‍ പോയി കശുവണ്ടി പെറുക്കി വിറ്റുവേണം വല്ലപ്പോഴും 'പണം സമ്പാദിക്കാന്‍.' അതിന്റേതായ മടുപ്പും വിഷാദവും നമ്മിലുണ്ടാവും. ഇന്നിപ്പോള്‍, ചെറിയ കുട്ടികള്‍ക്കുപോലും എം.ടി.എം. കാര്‍ഡുണ്ട്! പൊതുവേ അന്നത്തെ സമൂഹം ദാരിദ്ര്യക്ലേശങ്ങള്‍ അനുഭവിച്ചിരുന്നു. അതിന്റെ ഭാഗം മാത്രമായിരുന്നു ഞാനും. 

അമ്മാവനെക്കുറിച്ച് 'പരല്‍മീന്‍ നീന്തുന്ന പാട'ത്തില്‍ പറയുന്നുണ്ടല്ലോ; വികാരതീവ്രമായൊരു ജീവിതമുഹൂര്‍ത്തം?
അമ്മാവന്‍ സാഹിത്യവുമായി ബന്ധമുള്ളയാളായിരുന്നു. പുസ്തകം ധാരാളം വായിക്കാറുമുണ്ട്. പക്ഷേ, അങ്ങേയറ്റം പരുക്കന്‍. സ്‌നേഹം പ്രകടിപ്പിക്കാത്ത ഒരാള്‍. നമ്മെ സന്തോഷിപ്പിക്കുന്ന ഒന്നുമുണ്ടായിരുന്നില്ല. അമ്മാവന്റെ മുറിയില്‍ അതിക്രമിച്ചു കടന്ന് മോഷ്ടിച്ചാണ് ഞാന്‍ ഡോസ്റ്റോവ്‌സ്‌കിയുടെ 'നിന്ദിതരും പീഡിതരും' വായിച്ചത്. അമ്മാവന്‍ ഒരു ലൈബ്രറിയുടെ പ്രവര്‍ത്തകനായതുകൊണ്ട് പുതിയ പുസ്തകങ്ങള്‍ വന്നാലെടുത്ത് വീട്ടില്‍ കൊണ്ടുവരും. മേശപ്പുറത്ത് അട്ടിവെച്ച പുസ്തകങ്ങളില്‍ ഏറ്റവും അടിയിലുള്ളത് ഞാനെടുക്കും, മനസ്സിലാകില്ലല്ലോ. ഇങ്ങനെ ടോള്‍സ്റ്റോയിയേയും ഡിക്കന്‍സിനേയും ഒക്കെ വായിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള വായനകള്‍ മാനസികമായ വലിയ വളര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ചെയ്തികള്‍ വലിയ കുറ്റമാണ്. അമ്മാവന്റെ മുറിയില്‍ പോകുക. അനുവാദം വാങ്ങാതെ പുസ്തകമെടുക്കുക, മര്‍ദ്ദനമൊക്കെ കിട്ടാം. അമ്മാവന്റെ അധികാരത്തിനു കീഴിലാണ് വളരേണ്ടിവന്നതെങ്കിലും ഇങ്ങനെയുള്ള ചില കാര്യങ്ങളില്‍ അദ്ദേഹത്തിനോട് കടപ്പാടുണ്ട്. വായനയുടെ സംസ്‌കാരത്തെ വളര്‍ത്തിയെടുത്തതില്‍. ഡോസ്റ്റോവ്‌സ്‌കിയുടെ കൃതികളുടെ വായന തുടങ്ങുന്നത് അമ്മാവന്റെ ശേഖരത്തില്‍നിന്നാണ്. എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരനാണ് ഡോസ്റ്റോവ്‌സ്‌കി; പിന്നീട് അദ്ദേഹത്തിന്റെ എല്ലാ കൃതികളും ഞാന്‍ വായിച്ചിട്ടുണ്ട്. ആദ്യമായി വായിച്ച് അമ്പരന്നുപോയത് 'നിന്ദിതരും പീഡിതരും' വായിച്ചാണ്. ഡോസ്റ്റോവ്‌സ്‌കിയുടെ കൃതികളുടെ വായന ആദ്യമായി കടല്‍ കാണുന്നതുപോലുള്ള അനുഭവമാണെന്ന് പറഞ്ഞത് ബോര്‍ഹെസ്സാണ്. അമ്മാവനുമായി വലിയ സമ്പര്‍ക്കമൊന്നുമുണ്ടായിരുന്നില്ലെങ്കിലും അകലം വെച്ചുതന്നെയാണ് പെരുമാറിയിരുന്നെങ്കിലും അവസാനം അര്‍ബുദം ബാധിച്ച് മരണശയ്യയിലായിരുന്നപ്പോള്‍ കാണാന്‍ ചെന്നിരുന്നു. അവിടെ എപ്പോഴും ഓര്‍ക്കുന്ന, വ്യസനിക്കുന്ന ഒരനുഭവം നേരിട്ടു. ഓറഞ്ച് പൊളിച്ച് അല്ലികളോരോന്നായി കൊടുത്തുകൊണ്ടിരിക്കെ എന്നോടു പറഞ്ഞു: ''നീ എഴുതിയതൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്. നിന്റെ അമ്മാവനാണ് ഞാന്‍ എന്നൊക്കെ മറ്റുള്ളവരോട് പറയാറുണ്ട്.'' ഇതെന്നെ സങ്കടപ്പെടുത്തി. കരച്ചില്‍ വന്നു. മറ്റാരും കാണരുതെന്ന് നിനച്ച് പുറത്തിറങ്ങി പറമ്പിന്റെ മൂലയില്‍ ചെന്നു വിതുമ്പി. അപ്പോഴേയ്ക്കും പിറകില്‍ മരണത്തിന്റെ നിലവിളി ഉയര്‍ന്നു. ബാല്യകൗമാരങ്ങളിലെ പീഡകളെല്ലാം വിട്ടുപോയിരിക്കുന്നു. ഇത് എന്റെ മനസ്സിനെ അഗാധമായി ചലിപ്പിച്ച ഒരു നിമിഷമായിരുന്നു. പേടിയും ശത്രുതയും വൈരാഗ്യവും മഞ്ഞുപോലെ  അലിഞ്ഞുപോയ നിമിഷം. നിസ്സാരത നിറഞ്ഞ ലോകം. ഡോസ്റ്റോവ്‌സ്‌കിയുടെ വായനാനിരീക്ഷണങ്ങള്‍ സാധൂകരിക്കുന്ന മുഹൂര്‍ത്തമായിരുന്നു, അത്. ജീവിതം എന്തെന്ത് അത്ഭുതങ്ങള്‍ നിറഞ്ഞതാണെന്ന അദ്ദേഹത്തിന്റെ സാക്ഷ്യപ്പെടുത്തലിന്റെ ന്യായീകരണങ്ങളായിരുന്നു അതെന്നു തോന്നി. 

പ്രൈമറി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ത്തന്നെ ഗ്രന്ഥാലയത്തില്‍ അംഗമായിരുന്നല്ലോ...?
ശരിയാണ്. വളരെ പേടിച്ചാണ് ഗ്രന്ഥാലയത്തില്‍ കയറിച്ചെല്ലുന്നത്. അയല്‍പക്കമാണെന്നു പറഞ്ഞല്ലോ. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സന്ദര്‍ഭമായിരുന്നു അത്. അവിടെനിന്ന് ഞാനൊരു പുസ്തകമെടുത്തു. മാമാങ്കത്തെക്കുറിച്ചുള്ള ബാലസാഹിത്യം. അത് ഏറ്റുവാങ്ങിയ പാടെ വായനശാലയുടെ ഒരു കോണില്‍ പോയിരുന്നു ഞാനതു വായിച്ചുതീര്‍ത്തു. ഒറ്റയിരുപ്പില്‍ത്തന്നെ വായിച്ചുതീര്‍ത്തു. ലൈബ്രേറിയന്റെ അടുത്തുചെന്ന് മറ്റൊരു പുസ്തകം ആവശ്യപ്പെട്ടപ്പോള്‍, അയാള്‍ പറഞ്ഞു: ''ഇനി നാളെ മാത്രമേ പുസ്തകം തരാനാവുള്ളൂ.'' പ്രയാസമായി, നാളെ മാത്രമേ മറ്റൊരു പുസ്തകം വായിക്കാനാവുകയുള്ളൂ. അപ്പോള്‍ പിന്നെ നാളേയ്ക്കുവേണ്ടി കാത്തിരിപ്പായി. 

ചെറിയൊരു കാലയളവില്‍ത്തന്നെ സഞ്ജയന്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തുവെന്ന് കേട്ടിട്ടുണ്ട്?
ഏതാണ്ട് എല്ലാ പുസ്തകങ്ങളും. പിന്നെ ലൈബ്രറിയില്‍ തന്നെ ഇരുന്നു വായിക്കാന്‍ തുടങ്ങി. ചെറിയ ചെറിയ പുസ്തകങ്ങള്‍ അവിടെവെച്ചു വായിച്ചുതീരും. രജിസ്റ്ററില്‍ ചേര്‍ക്കാതെയെടുത്താല്‍ രണ്ടും മൂന്നുമൊക്കെ അവിടെയിരുന്നു വായിക്കാം. കുറച്ചു വലിയ പുസ്തകങ്ങള്‍ വീട്ടിലേക്കെടുക്കും. വൈകുന്നേരമാണ് ലൈബ്രറി തുറക്കുക. രാത്രിയിലിരുന്നു വായിച്ച് പിറ്റേന്ന് വൈകുന്നേരമാകുമ്പോള്‍ അടുത്ത പുസ്തകത്തിനായുള്ള യാത്ര. 

നാലു പതിറ്റാണ്ടുകാലത്തെ എന്റെ സൂക്ഷ്മാന്വേഷണത്തില്‍ മനസ്സിലാക്കിയ ഒരു കാര്യം പറയട്ടെ, എഴുത്തുകാര്‍ക്കിടയിലെ മികച്ച വായനക്കാരനാണ് സി.വി. ബാലകൃഷ്ണന്‍. എഴുത്തും വായനയും മുന്‍നിര്‍ത്തി പ്രതികരണങ്ങള്‍, പ്രതിരോധങ്ങള്‍ ഇത്യാദി കാര്യങ്ങളെക്കുറിച്ച്...?
എഴുത്തും വായനയും രണ്ടായിട്ടാണ് ഞാന്‍ കാണുന്നത്. രണ്ടു പാഷന്‍ (Passion). എഴുത്തുകാരനെന്ന നിലയില്‍ മറ്റുള്ളവര്‍ എങ്ങനെയാണ് എഴുതുന്നത് എന്നറിയുവാനുള്ള താല്പര്യം സ്വാഭാവികമാണല്ലോ. അത് ഒരന്വേഷണമാണ്. മാര്‍ക്വേസ് 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' കഴിഞ്ഞ് അടുത്ത കൃതിയിലേക്ക് വരുമ്പോള്‍ എന്തു മാറ്റമാണ് വന്നതെന്ന് അറിയുവാനുള്ള ത്വര. ഭാഷയില്‍, പ്രമേയത്തില്‍, അവതരണത്തില്‍ എന്തു മാറ്റമാണ് വരുന്നത് എന്നറിയണമല്ലോ. പക്ഷേ, ഒരു വായനക്കാരന്‍ എന്ന നിലയില്‍; വെറും വായനക്കാരന്‍ എന്ന നിലയില്‍ രചനാതന്ത്രങ്ങളൊന്നും അറിയേണ്ട. അയാള്‍ എഴുതുന്നില്ലല്ലോ. ഹുവാന്‍ റൂഫോ 'പെഡ്രോപരാമോ' എങ്ങനെ എഴുതി? സങ്കീര്‍ണ്ണമായ രചനാതന്ത്രമുണ്ട്. ഇത് വായനക്കാരനെ സ്വാധീനിക്കുന്നില്ല. ആസ്വാദനമാണവിടെ കാര്യം. എഴുത്തുകാരനെന്ന നിലയിലും വായനക്കാരനെന്ന നിലയിലുമുള്ള രണ്ടു വായനകള്‍ എന്നെ സംബന്ധിച്ച് പ്രസക്തമാണ്. ഡിറ്റക്ടീവ് നോവലുകള്‍ എനിക്കിഷ്ടമാണ്. കോനന്‍ ഡോയല്‍, ക്രിസ്റ്റി, എറിക് ആംബ്ളര്‍, ഡാഷീല്‍ കാമെറ്റ്, കിഗോ വറിഗാഷിനോ, പി.ഡി. ജെയിംസ്... എന്നിവരുടെ

വായന എഴുത്തിനെ സ്വാധീനിക്കുന്നതായി തോന്നിയിരുന്നോ...?
എഴുത്തുകാരില്‍ ചിലരെങ്കിലും പുസ്തകം വായിക്കുകയും ആ മാതിരി ഘടനയിലോ ഭാവത്തിലോ സാഹിത്യസപര്യ നടത്തുകയും ചെയ്യുന്നതു കണ്ടിട്ടുണ്ട്. സ്വാധീനം നേരിട്ടുതന്നെ കാണാനായിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചുവല്ലോ, എഴുത്തും വായനയും ഞാന്‍ രണ്ടായിട്ടു തന്നെയാണ് കാണുന്നത്. വായനയിലൂടെയുള്ള ഒന്നും എഴുത്തില്‍ സംക്രമിക്കരുതെന്ന് ശാഠ്യമുണ്ട്. വായിച്ച കൃതികള്‍, ആകര്‍ഷിച്ച പുസ്തകങ്ങള്‍, ആരാധന തോന്നിയ രചനകള്‍ - അവയിലൊന്നിന്റേയും പ്രമേയമോ ആഖ്യാനവഴികളോ എന്നിലേക്ക് വരരുത് എന്ന്. ബോധപൂര്‍വ്വം കരുതിക്കൊണ്ടാണ് എന്റെ വായന. 
എന്റെ കഥകളുടേയും നോവലുകളുടേയും ഗതി, പരിണാമം എന്റേതു മാത്രമാണ്. മറ്റൊരു കൃതിയില്‍ നിന്നത് സ്വീകരിക്കാനാവില്ല. അതേസമയം, നമ്മുടെ ആഹ്ലാദത്തിനു മാത്രമുള്ള വായനകളും പ്രധാനമാണ്. 'ആയിരത്തൊന്നു രാവുകള്‍' പലവട്ടം വായിച്ചിട്ടുണ്ട്. 

കഥകള്‍ അവസാനിക്കുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നതിനൊപ്പം കഥാകൃത്ത്/ കഥ പറച്ചിലുകാരന്‍ നേരിടുന്ന വെല്ലുവിളിയും 'ആയിരത്തൊന്ന് രാവുകള്‍' രേഖപ്പെടുത്തുന്നില്ലേ?
കഥയെക്കുറിച്ച് പറയാറുണ്ടല്ലോ, മരണത്തെ മുഖാമുഖം കണ്ടുള്ള എഴുത്ത്. അവസാനിക്കാതെ പോകുന്ന കഥപറച്ചില്‍. ഒന്നു തീരുമ്പോഴേക്കും അടുത്ത കഥയുടെ വാതില്‍ തുറക്കുന്നു. കഥയെഴുത്തുകാരെല്ലാം ഷെഹറസാദയുടെ മക്കളാണെന്നു പറയാറുണ്ട്. കഥകൊണ്ടുമാത്രമേ മരണത്തെ പ്രതിരോധിക്കാനാവൂ എന്നൊരു സത്യമുണ്ടവിടെ. രസിപ്പിക്കുന്നതാവണം. ചീത്തക്കഥ പറഞ്ഞാല്‍, വിരസമായവയാണെങ്കില്‍ ഇടയ്ക്കുവെച്ചു നിര്‍ത്തേണ്ടിവരും. മരണം നിശ്ചയം. ഇതൊരു വെല്ലുവിളിയാണ്. സുല്‍ത്താനാണ് വായനക്കാരന്‍. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം, കഥപറച്ചിലുകാരനെ സംബന്ധിച്ചിടത്തോളം വാളൂരിപ്പിടിച്ച സുല്‍ത്താനാണ് വായനക്കാരന്‍. നിഷ്‌കരുണം എഴുത്തുകാരനെ തള്ളിക്കളയുവാന്‍ അയാള്‍ക്കു കഴിയും. ഇതു വലിയ വെല്ലുവിളി തന്നെയാണ്. 

ആദ്യ കഥാസമാഹാരം 'ഭൂമിയെപ്പറ്റി അധികം പറയേണ്ട' ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിമൂന്നിലാണ് പ്രസിദ്ധീകരിച്ചത്. 'ആയുസ്സിന്റെ പുസ്തകം' ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കെയാണത്. ആദ്യ കഥാപുസ്തകത്തിന്റെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കാമോ?
അന്‍പതോളം കഥകള്‍ അച്ചടിച്ചുവന്നെങ്കിലും പതിമൂന്നെണ്ണം മാത്രമേ പുസ്തകത്തില്‍ ചേര്‍ത്തിരുന്നുള്ളൂ. ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിമൂന്നിലാണ് സമാഹാരം വന്നത്. എന്റെമേല്‍ ഏറെ സ്‌നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞ ചലച്ചിത്രകാരന്‍ അരവിന്ദന്റേതാണ് കവര്‍. കഥയറിഞ്ഞ് പശ്ചാത്തലമുള്‍ക്കൊണ്ടു വരച്ച ചിത്രം. അതിലെ കഥകള്‍ക്കെല്ലാം വ്യത്യസ്തതയുണ്ടെന്നു തന്നെയാണ് ഇപ്പോഴും എന്റെ വിശ്വാസം. ഇന്നും എനിക്കു പ്രിയപ്പെട്ടവയാണ് ആ കഥകളെല്ലാം. എഴുതിത്തുടങ്ങി ദശാബ്ദത്തിലേറെ കഴിഞ്ഞാണ് ആദ്യ പുസ്തകം എന്നത് കാത്തിരിപ്പിന്റേയും ആത്മവിമര്‍ശത്തിന്റേയും ഫലമാണ്. എം. മുകുന്ദന്‍ അക്കാലത്ത് ആ പുസ്തകത്തെക്കുറിച്ച് 'ജ്വലിക്കുന്ന കഥകള്‍' എന്നെഴുതിയതും ഓര്‍മ്മയിലുണ്ട്. 

ജീവിതത്തോട് വളരെയടുത്തു നില്‍ക്കുന്ന കഥപറച്ചിലിന്റെ യഥാതഥമായ ഒന്നാം ഘട്ടം (സഞ്ചാരികള്‍, കുളിര്, കളിപ്പാട്ടങ്ങള്‍ എവിടെ സൂക്ഷിക്കും? സുഭദ്ര...) ഭാവനാത്മക സഞ്ചാരങ്ങളുടെ പരിക്രമണഘട്ടം (ഉറങ്ങാന്‍ വയ്യ, പുതിയ അനുഷ്ഠാനങ്ങള്‍, ചങ്ങാതികള്‍ എന്ന നിലയില്‍, പുകയിലക്കള്ളന്‍, രഹസ്യവാതില്‍...) രാഷ്ട്രീയാവബോധത്തിന്റെ പ്രത്യക്ഷങ്ങളുടെ ഒരു ഘട്ടം (ശൈത്യം, ഒരു ഇടതുപക്ഷ നാടോടിക്കഥ, മറുവേഷക്കൂത്ത്...) ഇപ്പോള്‍ കഥയുടെ വര്‍ത്തമാനത്തിന്റെ വെയില്‍ അനുഭവങ്ങളുടെ പുതിയ തലം (ഏകാന്തതയില്‍ ഒരു പുരോഹിതന്‍, തീവണ്ടിയെ തൊടുന്ന കാറ്റ്, ഒരു ഉര്‍ദു അധ്യാപകനും മൂന്നു പൂര്‍വ്വ വിദ്യാര്‍ത്ഥികളും...) ഇങ്ങനെ കഥയുടെ വികാസപരിണാമങ്ങള്‍. കഥപറച്ചിലിന്റെ രൂപഭാവപരിണാമങ്ങളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
ഓരോ കഥയും ഉണ്ടാകുന്നത് എന്നെ സംബന്ധിച്ച് അതിന്റേതായ രീതിയിലാണ്. ചിലത് തികച്ചും യഥാര്‍ത്ഥമാകുമ്പോള്‍ മറ്റു ചിലത് തീര്‍ത്തും ഭ്രമാത്മകമാകുന്നു. രണ്ടു രീതികളും കലര്‍ന്ന് ഒന്നായിത്തീരാം ചിലപ്പോള്‍. ഈ കലര്‍പ്പ് 'ആയുസ്സിന്റെ പുസ്തക'ത്തില്‍ പലേടത്തുമുണ്ട്; യാഥാര്‍ത്ഥ്യമേതെന്നും ഭ്രമദര്‍ശനമേതെന്നും തിരിച്ചറിയാനാവാത്ത വിധത്തില്‍. ഫാന്റസിയില്‍ ഞാന്‍ ഏറെ തല്പരനാണ്; കഥയിലായാലും ജീവിതത്തിലായാലും. 'അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികളി'ലും 'കാമമോഹി'തത്തിലുമൊക്കെ സെക്ഷ്വല്‍ ഫാന്റസികള്‍ നിരവധിയാണ്. മാന്ത്രികമായ തന്‍മയത്വം ഭാരതീയ ആഖ്യാന പാരമ്പര്യത്തില്‍ ഗാഢമായി ഉള്‍ച്ചേര്‍ന്നതത്രെ. പഴയകാല കഥകളിലൊക്കെയും അതുണ്ട്. എഴുത്തുകാര്‍ക്ക്, കഥ പറച്ചിലുകാര്‍ക്കും ഏറ്റവും വേണ്ടത് വിഭാവനാശക്തിയാണ്. കഥകളുടെ രൂപഭാവങ്ങളിലെ പരിണാമങ്ങള്‍ അതിനനുസൃതമായാണ്. പഴയകാലത്തെന്നപോലെ അധുനാതനത്തിലും അങ്ങനെ തന്നെ. 

പ്രമേയം അത്യന്തം സങ്കീര്‍ണ്ണമാവുമ്പോഴും ഭാഷയുടെ സാരള്യം താങ്കള്‍ കാത്തുസൂക്ഷിക്കുന്നു. നൃത്തം ചെയ്യുന്ന വാക്കുകള്‍കൊണ്ട് കഥയെപ്പോഴും ചലനാത്മകവുമാണ്. ഭാഷയിലെ സ്വാധീനം, ഭാഷാശുദ്ധി എപ്പോഴെങ്കിലും ശ്രദ്ധിച്ചിരുന്നോ? സമകാലികരായ ചില എഴുത്തുകാരുടെയെങ്കിലും വാക്യഘടനയെ സംബന്ധിച്ച്, ഭാഷാവിന്യാസത്തെക്കുറിച്ച് വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്?
കഥയെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളിലൊന്ന് ഭാഷാബോധമാണ്. രണ്ടാമത്തേത് ശില്പബോധം. സൂക്ഷ്മതയോടെ ഭാഷ വിനിയോഗിക്കണമെങ്കില്‍ എഴുത്തുകാരന്റെ മനസ്സ് ധ്യാനാത്മകമാകണം. ഓരോ വാക്കിനും ജീവനുണ്ട്, ആത്മാവുണ്ട്. അത് തൊട്ടറിയണം. വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യുക (Handle with great care) എന്ന് പുറമേ രേഖപ്പെടുത്തിയ ഒരു പെട്ടിയിലാണ് എഴുത്തുകാരന് വാക്കുകള്‍ കിട്ടുന്നത്. വാക്കുകള്‍ ധൂര്‍ത്തിനുള്ളതല്ല. രണ്ടു വാക്ക് കൂട്ടിച്ചേര്‍ക്കുമ്പോള്‍ കൈ വിറയ്ക്കുമായിരുന്നുവെന്നു പറഞ്ഞ ഉറൂബ് മുന്നിലൊരു മാതൃകയായുണ്ട്. 
ഒപ്പം തന്നെ ഒ.വി. വിജയനും. വഴിയരികില്‍ കരയുന്ന ശിശുക്കളാണ് വാക്കുകളെന്നും അവയെ വിരലില്‍ ചേര്‍ത്ത് കൂടെ നടത്തുകയാണ് വേണ്ടതെന്നും വിജയന്‍ പറയുകയുണ്ടായി. രണ്ടുപേരും കഥകള്‍ പറഞ്ഞത് അതിലളിതമായാണ്. കഥകളുടെ അന്തസ്സാരം വാക്കുകളുടെ ചമല്‍ക്കാരത്തിലല്ല തന്നെ. 

പൊതുസ്വീകാര്യതയ്ക്കു സ്ഥാനം നല്‍കാതെ, പുതുതെന്ന് കരുതുന്ന ഇടങ്ങളും ജീവിതങ്ങളുമാണ് താങ്കള്‍ക്ക് പഥ്യം. രതി താങ്കളുടെ ഇഷ്ടവിഷയമാണ്. 'രതി ഇല്ലെങ്കില്‍ മറ്റൊന്നുമില്ല' എന്ന് വാള്‍ട്ട് വിറ്റ്മാന്‍. ഉറങ്ങാന്‍ വയ്യ, കാമമോഹിതം, ആയുസ്സിന്റെ പുസ്തകം ഉള്‍പ്പെടെയുള്ള കൃതികള്‍ രതിയുടെ മന്ദാരങ്ങള്‍ പൊഴിക്കുന്ന കഥാമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ്. ഈ പരിചരണം സ്വാഭാവികമോ ബോധപൂര്‍വ്വമോ...?
എഴുത്തുകാരന്‍ എന്ന നിലയില്‍ ഏറെ ഇഷ്ടമുള്ള വിഷയമാണ് രതി. മിക്ക എഴുത്തുകാര്‍ക്കും അങ്ങനെയാവണമെന്നില്ല, ജീവിതത്തിലവര്‍ക്ക് ഇഷ്ടമാണെങ്കിലും. പക്ഷേ, അത് എഴുതണമെങ്കില്‍ ധൈര്യം വേണം. രതി അശ്ലീലമാകാതെ എഴുതുക വെല്ലുവിളി തന്നെയാണ്. വലിയ എഴുത്തുകാരില്‍ പലരും ആ വിഷയം കൈകാര്യം ചെയ്തിട്ടേയില്ല. ചുരുക്കം ചിലര്‍ മാത്രമേ പരിഗണിക്കുകപോലും ചെയ്തിട്ടുള്ളൂ. ഭംഗിയായി, കലാത്മകമായി കൈകാര്യം ചെയ്തിട്ടുള്ളൂ. ഒ.വി. വിജയന്‍, വി.കെ.എന്‍, മാധവിക്കുട്ടി തുടങ്ങിയ വളരെ ചുരുക്കം പേരെ ഈ ധൈര്യം കാണിച്ചിട്ടുള്ളൂ. ഇവര്‍ എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരാണ്. മറ്റു പലരും കപടമായ മുഖം കാണിച്ചാണ് എഴുതിയിരുന്നത്. 'പരിശുദ്ധ പ്രണയം' (?) മാത്രമാണ് അവരുടെ വിഷയം. രതിമുഹൂര്‍ത്തങ്ങള്‍ അശ്ലീലമായി, സദാചാര വിരുദ്ധമായി കണ്ടവരുമുണ്ട്. കടപട സദാചാരം ഉണര്‍ന്ന് രതിക്രിയയുടെ വര്‍ണ്ണനയില്‍ ഉചിത പദാവലികള്‍ കിട്ടാതെ ഭാഷയില്‍ തളര്‍ന്നിരിപ്പായിരുന്നു നമ്മുടെ വലിയ എഴുത്തുകാരില്‍ പലരും. എന്നെ സംബന്ധിച്ച് വെല്ലുവിളി സ്വീകരിക്കുക തന്നെയായിരുന്നു കാര്യം. ലോകപ്രശസ്തരായ നിരവധി എഴുത്തുകാരുടെ തുറന്നെഴുത്തുകള്‍ എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. നബാക്കോവിനെ നോക്കുക, 'ലോലിത' എനിക്കിഷ്ടപ്പെട്ട കൃതിയാണ്. യോസ അപൂര്‍വ്വമായി രതി ചിത്രീകരിച്ചിട്ടുണ്ട്. മാര്‍ക്വേസിനെക്കാള്‍ യോസയാണ് മുന്‍പില്‍. നൊബേല്‍ സമ്മാന ജേതാവായ യോസയുടെ 'ബാഡ് ഗേള്‍' പോലുള്ള കൃതികളില്‍ രതി ഒന്നാം തരമായാണ് അവതരിപ്പിക്കുന്നത്. കവാബത്ത, മിഷിമ എന്നിവരെപ്പോലുള്ള ജാപ്പാനീസ് എഴുത്തുകാരും. എന്നാല്‍ ടോള്‍സ്റ്റോയി, ഡോസ്റ്റോവ്‌സ്‌കി തുടങ്ങിയ മഹാന്മാരായ എഴുത്തുകാര്‍ ആ ഭാഗത്തേക്ക് ശ്രദ്ധിച്ചില്ല. ആത്മീയബന്ധമാണ് ഡോസ്റ്റോവ്‌സ്‌കിക്ക് സ്ത്രീപുരുഷ ബന്ധം. അശ്ലീലമാകാതെ രതി കലാപരമായി നിലനില്‍ക്കണം. അതുകൊണ്ടാണ് ഈ വിഷയം ഞാന്‍ പിന്നെയും പിന്നെയും സ്വീകരിച്ചിട്ടുള്ളത്. എഴുത്തുകാരന്‍ എന്ന നിലയില്‍, എഴുത്തുകാര്‍ കൈകാര്യം ചെയ്യേണ്ട ഗംഭീരമായ വിഷയമായാണ് ഞാന്‍ രതിയെ കണ്ടത്. അതുകൊണ്ടാണ് 'കാമമോഹിതം' പോലുള്ള കൃതികളെഴുതിയത് 'അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍' പുരുഷ ലൈംഗികതയിലൂന്നിയുള്ള മനുഷ്യാവസ്ഥയുടെ ആവിഷ്‌കാരമാണ്. ഞാന്‍ വായിച്ചു തുടങ്ങിയ കാലത്ത്, എഴുതിത്തുടങ്ങിയ കാലത്ത് എന്നെ അമ്പരപ്പിച്ച കഥ ഒ.വി. വിജയന്റെ 'എട്ടുകാലി'യാണ്. കാഫ്ക്കയുടെ കഥ വായിച്ച്, മെറ്റമോര്‍ഫസീസ് വായിച്ച് മാര്‍ക്വേസ് പറഞ്ഞിട്ടുണ്ടല്ലോ, ''ഇങ്ങനെയും എഴുതുവാന്‍ എഴുത്തുകാര്‍ക്ക് സ്വാതന്ത്ര്യമുണ്ടോ'' എന്ന്. എഴുത്തുകാരന്‍ എങ്ങനെ വിലയിരുത്തപ്പെടും, കഥ എങ്ങനെ സ്വീകരിക്കപ്പെടുമെന്നൊന്നും ആലോചിക്കാത്ത ഒരു ധീരകൃത്യമാണത്. 

'കഥകളാല്‍ ചുറ്റപ്പെട്ട താങ്കളുടെ ജീവിതം', പുതിയ മേച്ചില്‍സ്ഥലങ്ങളിലേക്ക് വായനക്കാരെ നിരന്തരം കൊണ്ടുപോയിരുന്നു. അപരിചിത തീര്‍ത്ഥാടനങ്ങള്‍ തന്നെ! സ്വവര്‍ഗ്ഗരതിയെ സൗന്ദര്യാത്മകമായി കൊണ്ടുവന്ന രതിസാന്ദ്രത, എഡ്വിന്‍ പോള്‍... ആയുസ്സിന്റെ പുസ്തകത്തിലെ യോഹന്നാന്റെ ചുംബനവും ഓര്‍മ്മവരുന്നു. ലൈംഗികതയുടെ തുറസ്സുകളേയും വൈവിധ്യങ്ങളേയും തൃഷ്ണകളേയും അന്യവും പ്രാകൃതവുമായി കണ്ടുകൊണ്ടിരിക്കുന്ന നമ്മുടെ സാമ്പ്രദായിക സദാചാരത്തിനേറ്റ തിരിച്ചടിയാണ് 2018 സെപ്തംബര്‍ 6-നു വന്ന സുപ്രീംകോടതി വിധി. എഴുത്തുകാരനെന്ന നിലയിലുള്ള വിലയിരുത്തലുകള്‍?
സ്വവര്‍ഗ്ഗരതി ശിക്ഷയര്‍ഹിക്കുന്ന കുറ്റമായത് കൊളോണിയല്‍ വാഴ്ചയുടെ കാലത്താണ്. നൂറ്റിയമ്പത്തെട്ടു വര്‍ഷം മുന്‍പ്. ആ പഴഞ്ചന്‍ നിയമത്തിന്റെ (IPC 377) ബലത്തില്‍ എത്രയോ പേര്‍ വേട്ടയാടപ്പെട്ടിട്ടുണ്ട്, ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അത് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യാഥാര്‍ത്ഥ്യബോധം പ്രകടമാക്കുന്നതും നമ്മുടെ സമൂഹത്തെ സംബന്ധിച്ച് അതിപ്രധാനവുമാണ്. അഞ്ചംഗ ബെഞ്ചിലെ ഒരു ന്യായാധിപന്‍ അഭിപ്രായപ്പെട്ടതുപോലെ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്. അവര്‍ കുറ്റവാളികളല്ല. ജോഷിയെ സ്‌നേഹാര്‍ദ്രതയോടെ ചുംബിക്കുന്ന യോഹന്നാനോ ('രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍' എന്ന കൃതിയില്‍ കിഷോര്‍കുമാര്‍ രേഖപ്പെടുത്തിയതു പ്രകാരം ഈ ചുംബനം മലയാള സാഹിത്യത്തില്‍ ആദ്യത്തേതാണ്) എഡ്വിനെ സ്‌നേഹിക്കുന്ന പോളോ രതിസാന്ദ്രതയില്‍ ആറാടുന്ന മെഹറുന്നിസയും ഷേഫാലിയുമോ ഒരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയല്ല, ഞാന്‍ മനസ്സുകൊണ്ട് അവരോടൊപ്പമാണ്. 

കഥ പറച്ചിലിന്റെ സൂക്ഷ്മതയും പ്രമേയത്തിന്റെ കാലവാചിയായ ഭാവവും കൊണ്ട് ശ്രദ്ധേയമാണ് 'ഏകാന്തതയില്‍ ഒരു പുരോഹിതന്‍.' കാച്ചിക്കുറുക്കിയ ഈ കഥ ജീവിതത്തില്‍നിന്നു ചീന്തിയ ഒരേടാണ്. വക്കിലും വാക്കിലും ചോര പുരണ്ടിരിക്കുന്നു. സമകാലിക പ്രശ്‌നങ്ങളെ അവലംബിച്ച്  രചന നടത്തുന്നത് സര്‍ഗ്ഗാത്മകമായി വിലകുറഞ്ഞ ഏര്‍പ്പാടാണ് എന്നു വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഈ കഥയിലേക്ക് എത്തിച്ചേര്‍ന്ന സാഹചര്യമെന്താണ്?
ക്രൈസ്തവ പുരോഹിതന്മാര്‍ പലരും മുഖംമൂടികള്‍ ധരിച്ചവരാണെന്ന് കാലം വെളിപ്പെടുത്തുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിവിധ രാജ്യങ്ങളില്‍ച്ചെന്ന് സഭയിലെ പുരോഹിതന്മാരുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ക്ഷമ ചോദിക്കയാണ്. ഇവിടെയും സ്ഥിതി ഭിന്നമല്ല. ഇടവക വികാരികളും അവരെക്കാള്‍ ഉന്നത പദവി വഹിക്കുന്നവരുമൊക്കെ ആരോപണവിധേയരാണ്. ചിലര്‍ ശിക്ഷയനുഭവിക്കുന്നു, മറ്റു ചിലര്‍ വിധി കാത്ത് കഴിയുന്നു. പലവിധത്തിലുള്ള സ്വാധീനമുപയോഗിച്ച് നിയമസംവിധാനത്തെ മറികടക്കുന്നവരുമുണ്ട്. ചിലര്‍ക്കാകട്ടെ, ഇപ്പോഴും രഹസ്യങ്ങള്‍ അതേപടി ഭദ്രമായി സൂക്ഷിക്കാന്‍ കഴിയുന്നു. ഇരകള്‍ അതേ സ്ഥാനത്ത് തുടരുന്നു. ഈ മൂര്‍ത്തമായ സാഹചര്യത്തില്‍ നിന്നാണ് 'ഏകാന്തതയില്‍ ഒരു പുരോഹിതന്‍' ഉണ്ടായത്. ഇത്തരം പുരോഹിതന്മാര്‍ ഉണ്ടാകാതിരിക്കട്ടെ. ഇവരോട് ആര് പൊറുക്കും?

ക്രൈസ്തവ ജീവിതം, താങ്കള്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രമേയ പരിസരമാണ്. നാല്പതു വര്‍ഷത്തിലേറെയുള്ള നേരിട്ടനുഭവങ്ങള്‍ എനിക്കറിയാം. 'സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയരത്തില്‍' പ്രദര്‍ശനപരമായ ഒരു ജീവിതവും വ്യക്ത്യാനുഭവങ്ങളുടെ ആന്തരതലങ്ങളും ചേര്‍ന്നുള്ള ഭൂമികയില്‍ സൃഷ്ടിക്കപ്പെട്ട രചനയാണ്. ഇത്തരം ജീവിതത്തെ എങ്ങനെ കാണുന്നു?
ക്രൈസ്തവ ജീവിതം പ്രമേയമാക്കി നാല്പതിലേറെ കഥകള്‍ പലപ്പോഴായി എഴുതിയിട്ടുണ്ട്. അതേ പ്രമേയപരിസരത്തില്‍നിന്നുള്ള ഏറ്റവും ഒടുവിലത്തെ കഥയാണ് 'സമുദ്രനിരപ്പില്‍നിന്നു വള രെ ഉയരത്തില്‍' (സെപ്തംബര്‍ 2018). ഫയദോര്‍ ദസ്തയേവ്‌സ്‌കിയുടെ 'ഭൂതാവിഷ്ടരി'ലെ ഒരു കഥാപാത്രമായ സ്റ്റീപ്പാന്‍ ട്രൊഫിമോവിച്ച് ഒരു സന്ദര്‍ഭത്തില്‍ ഇങ്ങനെ പറയുന്നുണ്ട്: ''ക്രിസ്തുമതത്തെപ്പറ്റി പറഞ്ഞാല്‍, എനിക്കതിനോട് അകൈതവമായ ബഹുമാനമുണ്ടെങ്കിലും ഞാനൊരു ക്രിസ്ത്യാനിയല്ല. ജോര്‍ജ് സാന്‍ഡ് തന്റെ മഹത്തായ നോവലുകളിലൊന്നില്‍ ഭംഗിയായി ചിത്രീകരിച്ചതുപോലെ സ്ത്രീകളെ മനസ്സിലാക്കുന്നതില്‍ ക്രിസ്തുമതം പരാജയപ്പെട്ടിരിക്കുന്നു എന്ന വസ്തുതതന്നെ മതിയായ കാരണമാണ്. ''ഇതൊരു ശരിയായ വിലയിരുത്തലായി എനിക്കു തോന്നുന്നു. ക്രിസ്തു സ്ത്രീകളെ മനസ്സിലാക്കുകയും അവരോട് സ്‌നേഹത്തോടും അനുതാപത്തോടും പെരുമാറുകയും ചെയ്തിരുന്നതായി സുവിശേഷങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്തു പ്രതിനിധീകരിക്കുന്ന സ്‌നേഹത്തിന്റേതായ സമുദ്രത്തില്‍നിന്ന് അവന്റെ പിന്‍മുറക്കാരെന്ന് അവകാശപ്പെടുന്നവര്‍ വളരെ ഉയരത്തിലാണ്. പുരുഷാധിപത്യം തീവ്രമായ ആ സമൂഹത്തിലെ ഒരു സ്ത്രീ, അത്രയും ഉയരത്തില്‍നിന്ന് കേള്‍ക്കുന്നത് വളരെ വളരെ താഴത്തുള്ള സമുദ്രത്തിന്റെ ഇരമ്പമാണ്. അത് ക്രിസ്തുവിന്റെ സ്‌നേഹമാണെന്നു കരുതാം. 

ഭാഷണവും ഭക്ഷണവും നമ്മുടെ സംസ്‌കൃതിയുടെ അടരുകളാണ്. ഭാഷയിലെ സൂക്ഷ്മ ശ്രദ്ധപോലെതന്നെ, ഭക്ഷ്യവിഭവങ്ങളുടെ വൈവിധ്യവും സമൃദ്ധിയും മീനുകളുടെ വൈപുല്യം, ഇങ്ങനെയിങ്ങനെ കൗതുകവും അത്ഭുതവും ആഖ്യാനവഴികളില്‍ ധാരാളം. 'ചിരിക്കുന്ന ചെറിയ മനുഷ്യന്‍, സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയരത്തില്‍, എത്രയെത്ര കഥകള്‍; 'കണ്ണാടിക്കടല്‍' പോലുള്ള നോവലുകളും. പുതുമയും അപൂര്‍വ്വതയുമുള്ളതാണ് ഈ സൂക്ഷ്മ വിവരണങ്ങളൊക്കെയും. എന്തുകൊണ്ട് ഇങ്ങനെ?
മീനുകളെക്കുറിച്ച് ഞാന്‍ പലപ്പോഴും എഴുതിയിട്ടുണ്ട്: കടലിലെ, പുഴകളിലെ, കൈത്തോടുകളിലെ കായലുകളിലെ, പാടങ്ങളിലെ, കൈപ്പാടുകളിലെ. ഓരോ സന്ദര്‍ഭത്തില്‍ സ്വാഭാവികമായി കടന്നുവരുന്നതാണ് അവ. ആത്മകഥയ്ക്ക് ഒരു ശീര്‍ഷകമാലോചിച്ചപ്പോള്‍ ആദ്യമേ മനസ്സിലേക്കു വന്നത് 'പരല്‍മീന്‍ നീന്തുന്ന പാട'മാണ്. എവിടെച്ചെന്നാലും മീന്‍ചന്തകള്‍ കാണുകയെന്നത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്. മത്സ്യവിഭവങ്ങളൊരുക്കുന്നതില്‍ കുറച്ചൊക്കെ വൈഭവമുണ്ട് എന്ന് സ്വയം വിശ്വസിക്കയും ചെയ്യുന്നു. ബാല്യംതൊട്ടേ ആ അഭിരുചി ജീവിതത്തില്‍ കലര്‍ന്നതാണ്. മീന്‍ ചുട്ട് തിന്നുമായിരുന്നു ചെറുപ്പത്തില്‍. വീട്ടിലേക്കു നിത്യേന വരുന്ന മീന്‍കാരി മാണിക്കം പ്രത്യേകമായി തരുന്ന മീനാണ് ചുടാറ്. മീന്‍ പാചകം തുടങ്ങുന്നതങ്ങനെയാണ്. അതുപിന്നെ പല നിലയ്ക്ക് തുടര്‍ന്നു. ഈ കൗതുകം എന്റെ പല രചനകളിലും കടന്നുവരുന്നുണ്ട്. അതെക്കുറിച്ചെഴുതാന്‍ എനിക്ക് ഏറെ ഇഷ്ടമാണ്. 

നാട്ടുവഴക്കങ്ങളും ജനകീയ പഴമകളും (പോപ്പുലര്‍ ആന്റിക്വിറ്റീസ്) താങ്കള്‍ക്ക് ഏറെ പഥ്യമാണല്ലോ പ്രാദേശിക ഭാഷാഭേദങ്ങള്‍ കഥാലോകത്ത് എമ്പാടുമുണ്ട്. ഗ്രാമഭാഷയുടേയും സംസ്‌കാരത്തിലെ അടിത്തട്ടിലൂടെയുമുള്ള യാത്രയാണ് 'ചിരിക്കുന്ന ചെറിയ മനുഷ്യന്‍' (2018). കുളിര്, പെറ്റവയറ് തുടങ്ങിയ എഴുപതുകളിലെഴുതിയ കഥകള്‍ തൊട്ടുതന്നെ നേര്‍സാക്ഷ്യങ്ങള്‍ അനവധി. നാഗരിക ജീവിതവും പുതിയ ലോകക്രമവും ആവിഷ്‌കരിക്കുമ്പോള്‍ത്തന്നെ, പ്രായേണ ചെറിയ മനുഷ്യര്‍ക്ക് ഇടം നല്‍കുന്ന കഥനതന്ത്രത്തിനെന്തെങ്കിലും വിശദീകരണം?
'കുളിരു'തൊട്ട് (1975) 'ചിരിക്കുന്ന ചെറിയ മനുഷ്യന്‍' വരെയുള്ള (2018) കഥകളില്‍ നാട്ടുവഴക്കങ്ങളും വാമൊഴിയും വലിയൊരളവില്‍ ചേര്‍ന്ന ആവിഷ്‌കാരങ്ങള്‍ നിരവധി. ഏറ്റവും സമീപത്തുള്ള യാഥാര്‍ത്ഥ്യങ്ങളാണ് ഈ ശ്രേണിയിലെ കഥകളില്‍. ഞാന്‍ ആദ്യം കണ്ടറിഞ്ഞ, അനുഭവിച്ചറിഞ്ഞ ജീവിത മേഖല. ഇതാണ് വെറും സാധാരണ മനുഷ്യര്‍. അവര്‍ക്കു വലിയ ആഗ്രഹങ്ങളൊന്നുമില്ല. ദേശാതിര്‍ത്തികള്‍ കടന്നുപോയവര്‍ നന്നെ വിരളം. കൃഷിയെക്കുറിച്ചും മണ്ണിനെക്കുറിച്ചും സസ്യങ്ങളെക്കുറിച്ചും അറിയാം. തെയ്യങ്ങളെ ആരാധിക്കുന്നു. പരസ്പരം സ്‌നേഹിക്കുന്നു, വിശ്വസിക്കുന്നു. നിഷ്‌കളങ്കമാണ് മനസ്സ്. അവര്‍ക്കിടയിലാണ് പിറന്നുവീണതും വളര്‍ന്നതും. കഥപറച്ചിലിന്റെ തന്ത്രങ്ങള്‍ അവരും പഠിപ്പിച്ചിട്ടുണ്ട് എന്നെ. 

താങ്കളുടെ എഴുത്തുജീവിതത്തില്‍ തുടക്കം തൊട്ടുതന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട/മൂലക്കിരുത്തപ്പെട്ട സാധാരണ മനുഷ്യരുടെ ജീവിതകഥ പറയുന്നുണ്ട്. നിമഗ്‌ന ജനതയോടുള്ള (സബ്‌മേര്‍ജ്‌സ് മാസ്സ്) ആഭിമുഖ്യത്തിന്റെ നിദാനമെന്താണ്?
കറയറ്റ മാനവികതയില്‍ അധിഷ്ഠിതമായ ഒരു സമീപനം ആദ്യകാലം മുതല്‍ക്കേയുള്ള എന്റെ രചനകള്‍ വെളിവാക്കുന്നുണ്ട്. വിശ്വാസങ്ങള്‍ ചിലതൊക്കെ മാറിയിട്ടുണ്ടാകാമെങ്കിലും ആ കാഴ്ചപ്പാട് എന്നുമുള്ളതാണ്. കിഴക്കന്‍ മലയോര ഗ്രാമങ്ങളിലെ അതിദരിദ്രരും നിരക്ഷരരും നിഷ്‌കളങ്കരുമായ ആദിവാസികളുമായി അടുത്തിടപഴകാന്‍ എനിക്കവസരം ലഭിച്ചിട്ടുണ്ട്. അവരെക്കുറിച്ച് എഴുതാനിടയായത് അങ്ങനെയാണ്. 'ഒരു ഗോത്രകഥ'യും മറ്റും. ഏതോ രാജാവിന്റെ പ്രജകളില്‍ ഒരു പാര്‍ശ്വവല്‍ക്കൃത സമൂഹത്തിന്റെ കൃത്യമായ പ്രതിനിധാനമുണ്ട്. ലൈംഗിക തൊഴിലാളികളാണ് അതിലെ കഥാപാത്രങ്ങള്‍. അവരെ അടുത്തുനിന്ന് കാണുന്നത് കണ്ണൂര്‍ നഗരത്തില്‍ ഒരു അധ്യാപക വിദ്യാര്‍ത്ഥിയായി കഴിയുന്ന കാലത്താണ്. പിന്നീട് കൊല്‍ക്കത്തയിലെ സോനാഗച്ചിയിലും കാളിഘട്ടിലും മുംബൈയിലെ ചുവന്ന തെരുവുകളിലും ദില്ലിയിലും ബാംഗ്ലൂരുവിലും മംഗലാപുരത്തും ഗോവയിലുമൊക്കെ (ദുബായ്, ബഹറൈന്‍ പോലുള്ള അന്യനാടുകളിലും) ഈ വിഭാഗത്തില്‍പ്പെടുന്നവരെ അനുഭാവത്തോടെ കണ്ടിട്ടുണ്ട്. ഒരുകാലത്ത് എന്റെ സ്വന്തം സ്ഥലമായ കൊക്കാനിശ്ശേരിയില്‍ തോട്ടികളുണ്ടായിരുന്നു. തീട്ട ബക്കറ്റുകള്‍ തലയില്‍ ചുമന്നും തീട്ടം നിറച്ച ഇരുമ്പുവണ്ടികള്‍ തള്ളിയും അവര്‍- സ്ത്രീകളും പുരുഷന്മാരും വഴിയോരങ്ങളിലൂടെ നടന്നുപോകുന്നത് എന്നും കാണുമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ അറിവുകേടുകൊണ്ട്  മൂക്കുകള്‍ പൊത്തിപ്പിടിച്ചെന്നിരിക്കട്ടെ, അവര്‍ പ്രകോപിതരാകും. കൊക്കാനിശ്ശേരിയിലെത്തുന്ന മറ്റൊരു കൂട്ടര്‍ ചെരുപ്പുകുത്തികളായിരുന്നു- ചക്കിലിയര്‍. അവരൊക്കെക്കൂടി രൂപപ്പെടുത്തിയ ഒരു ജീവിതാവബോധം എന്റെ പല കഥകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

കണ്ണീരും ചോരയും വീണുകിടക്കുന്ന കശ്മീരി പണ്ഡിറ്റുമാരുടെ ജീവിതത്തെക്കുറിച്ച് വായിച്ചത് ഓര്‍ക്കുന്നു. താങ്കളുടെ പുതിയ കഥകളിലൊന്നായ 'ഒരു ഉര്‍ദു അധ്യാപകനും മൂന്നു പൂര്‍വ്വ വിദ്യാര്‍ത്ഥികളും' വായനയില്‍ ആധിപടര്‍ത്തിയ രചനയാണ്. സ്വതന്ത്ര ചിന്ത ഭീകരമായി ആക്രമിക്കപ്പെടുന്ന അസഹിഷ്ണുതയുടെ ഈ കാലത്ത് ഈ കഥയ്ക്കു വലിയ പ്രാധാന്യമുണ്ട്. മനുഷ്യപക്ഷത്തു നില്‍ക്കുന്ന എഴുത്തുകാരന്‍ എന്ന നിലയിലുള്ള സാക്ഷ്യങ്ങള്‍?
സമീപകാലത്തു നടത്തിയ ഒരു കശ്മീര്‍ യാത്രയുടെ അനന്തരഫലങ്ങളിലൊന്നാണ് 'ഒരു ഉര്‍ദു പണ്ഡിതനും മൂന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളും' എന്ന കഥ. കശ്മീര്‍ പോലെ മനോഹരമായ ഒരു ഭൂവിഭാഗം ഇന്ത്യയില്‍ വേറെ കണ്ടേക്കില്ല. പക്ഷേ, കശ്മീര്‍ താഴ്വര അത്യന്തം കലുഷമാണ്. നിരന്തരമായി അവിടെ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നു, ചോരയൊഴുകുന്നു, വെടിയൊച്ചകള്‍ മുഴങ്ങുന്നു. വളരെ ദുഃഖകരവും ആശങ്കാജനകവുമാണ് കശ്മീരിന്റെ ഇന്നത്തെ അവസ്ഥ. കൊല്ലാനും ചാകാനും തയ്യാറായി കൗമാരം പിന്നിടുക മാത്രം ചെയ്തവര്‍ ഭീകരവാദികളുടെ പക്ഷത്തേക്കു നീങ്ങുന്നു. അവര്‍ AK 47 പോലുള്ള ആയുധങ്ങളേന്തി നില്‍ക്കുന്ന പടങ്ങള്‍ വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്നു. ചിലര്‍ പരിശീലനകാലത്തുതന്നെ ഏറ്റുമുട്ടലില്‍ മരിക്കുന്നു. ഹിംസാത്മകതയോടുള്ള ഈ ആഭിമുഖ്യം എല്ലായിടത്തുമുള്ളതുതന്നെ. നടുക്കുന്ന യാഥാര്‍ത്ഥ്യമാണത്. ആര്‍ക്കുമത് കാണാതിരിക്കാനാവില്ല; വിശേഷിച്ചും എഴുത്തുകാര്‍ക്ക്. 

ശരിയാണ്. തീ പിടിച്ച ഒരുകാലത്തിന്റെ നടുമുറ്റത്താണ് നാം നില്‍ക്കുന്നത്. 'തീവണ്ടികളെ തൊടുന്ന കാറ്റ്' ഈ പറഞ്ഞതിന്റെ മറ്റൊരു ക്രമീകരണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വര്‍ഗ്ഗീയത തുലയട്ടെ എന്ന് ഉറക്കെ പറയുമ്പോഴും വര്‍ഗ്ഗീയ, ഫാസിസ്റ്റ് (അത് ന്യൂനപക്ഷത്തായാലും ഭൂരിപക്ഷത്തായാലും) മുന്നേറ്റങ്ങള്‍, ലൗ ജിഹാദുകള്‍... എന്തൊക്കെയാണ് നാം അഭിമുഖീകരിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
ഇസ്ലാമിക ഭീകരവാദം ലോകം നേരിടുന്ന വലിയ ഭീഷണികളിലൊന്നാണ്. അതിന്റെ ചില താവളങ്ങളിലേക്ക് നമ്മുടെ ദേശങ്ങളില്‍നിന്നും ചെറുപ്പക്കാര്‍ പോയിട്ടുണ്ട്. എല്ലാവരും പോകുന്നത് അന്ധമായ വിശ്വാസംകൊണ്ടാണെന്ന് പറയാനാവില്ല. ചിലര്‍ കെണിയില്‍പ്പെടുന്നവരാണ്. അല്ലെങ്കില്‍ പ്രലോഭനങ്ങളില്‍ കാത്തിരിക്കുന്നത് ദുരന്തമല്ലാതെ മറ്റൊന്നല്ലെന്ന് അവര്‍ അറിയുന്നില്ല. അത്തരത്തിലുള്ള ഒരു മുന്നറിയിപ്പാണ് 'തീവണ്ടികളെ തൊടുന്ന കാറ്റ്.' വെറുപ്പും പകയും ഉല്പാദിപ്പിക്കുന്ന, കൊടുംക്രൂരത പ്രോത്സാഹിപ്പിക്കുന്ന മതഭ്രാന്തിന്റേതായ തത്ത്വശാസ്ത്രം മനുഷ്യവിരുദ്ധമാണ്; ദൈവവിരുദ്ധവുമാണ്. 
സമീപകാലത്ത് വര്‍ഗ്ഗീയത ഇന്ത്യയിലാകെയും മനുഷ്യര്‍ക്കിടയില്‍ ചേരിതിരിവുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നത് നമ്മെ അസ്യസ്ഥരാക്കാന്‍ പോന്ന ഒരു യാഥാര്‍ത്ഥ്യമാണ്. വര്‍ഗ്ഗീയത തുലയട്ടെയെന്ന് ഉറക്കെ പറഞ്ഞതുകൊണ്ടോ, ചുവരുകളിലൊക്കെ എഴുതിയതുകൊണ്ടോ അത് ഇല്ലാതാകില്ല. ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഭൂരിപക്ഷ വര്‍ഗ്ഗീയതയും ഒരേപോലെ അപകടകരമാണ്. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നവര്‍ പലപ്പോഴും ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്കുനേരെ കണ്ണടയ്ക്കുന്നത് ഇവിടത്തെ പതിവാണ്. തൊടുപുഴയിലെ കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിയതുപോലുള്ള കുറ്റകൃത്യങ്ങള്‍ അവരെ നടുക്കുന്നില്ല. അത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അവര്‍ സ്വയംവരിച്ച അന്ധതയിലാണ്. നമുക്കിടയില്‍ നാള്‍തോറും അശാന്തി വര്‍ദ്ധിക്കുന്നു. രക്തദാഹികളുടെ എണ്ണം പെരുകിവരുന്നു. ഓര്‍ക്കുമ്പോള്‍ ഭയം തോന്നും.

കഥയെന്ന സഹയാത്രികനൊപ്പം ഇത്രയും ദൂരം നടന്നല്ലോ ഇനി?
മരിക്കാതെ മറയണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com