മനുഷ്യകഥാനുഗായിയായ ചിത്രകാരന്‍: വി. നാഗദാസ്

കല കലയ്ക്കു വേണ്ടിയല്ല കല ജീവിതം തന്നെയെന്ന് വാദിക്കുന്നവരും, തന്റെ കലയിലൊരു സന്ദേശമുണ്ട് എന്ന് തുറന്നു പറയുന്ന കലാകാരനെ സംശയദൃഷ്ടിയോടെ വീക്ഷിക്കും.
മനുഷ്യകഥാനുഗായിയായ ചിത്രകാരന്‍: വി. നാഗദാസ്

ല കലയ്ക്കു വേണ്ടിയല്ല കല ജീവിതം തന്നെയെന്ന് വാദിക്കുന്നവരും, തന്റെ കലയിലൊരു സന്ദേശമുണ്ട് എന്ന് തുറന്നു പറയുന്ന കലാകാരനെ സംശയദൃഷ്ടിയോടെ വീക്ഷിക്കും. കമ്പോളം തിരിഞ്ഞുനോക്കുന്നില്ല എന്ന് പരിദേവനം നടത്തുന്ന കലാകാരരും കമ്പോളത്തില്‍ വിജയിച്ച കലാകാരനെ കാണുമ്പോള്‍ ''ഓ അയാള്‍ കൊമേഷ്യല്‍ ആര്‍ട്ടിസ്റ്റ്'' എന്ന് പറഞ്ഞുകളയും. കലയിലൊരു സന്ദേശമുണ്ടെന്ന് പറയുന്നത് താനൊരു സമ്പന്നനാണെന്നു പറയുന്നതുപോലെ അശ്ലീലമാണെന്നോ പൊങ്ങച്ചമാണെന്നോ ഒക്കെ കരുതുന്ന ഒരു പൊതുസമൂഹമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. കല അങ്ങനെ സ്വയംഭൂവായി മനുഷ്യരുടെ അധമവികാരങ്ങളെ വിമലീകരിച്ച് ഭടജനങ്ങള്‍ക്ക് അപ്രാപ്യമാം വിധം ദന്തഗോപുരത്തില്‍ വസിക്കണം എന്നൊരു വാശി ഈ പൊതുമണ്ഡലത്തിനുണ്ട്. ഇത് സൃഷ്ടിക്കുന്നതാകട്ടെ, കല എന്നത് സാമാന്യ ജനങ്ങളില്‍നിന്ന് അകന്നു നില്‍ക്കേണ്ടുന്ന ഒന്നാണെന്ന് രഹസ്യമായെങ്കിലും അഭിലഷിക്കുന്ന ചില കലാകാരരും ചില എഴുത്തുകാരുമാണ്. ഭൂമിയില്‍നിന്ന് ഒരിഞ്ചു പൊങ്ങിനില്‍ക്കുന്ന വ്യക്തിത്വങ്ങളാണ് കലാകാരരെന്നും അവര്‍ ഉണ്ടാക്കുന്നതെല്ലാം ഉദാത്തമാണെന്നും ഉള്ള വ്യാജസന്ദേശം പേര്‍ത്തും പേര്‍ത്തും നമ്മുടെ സമൂഹത്തില്‍ പ്രചരിച്ചുകൊണ്ടേയിരിക്കുന്നു. ഭടജനങ്ങള്‍ക്കായി ചാരുകേരള ഭാഷയില്‍ തുള്ളല്‍പ്പാട്ടുകള്‍ എഴുതിയ കുഞ്ചനേയും ശാരികപ്പൈതലിനെക്കൊണ്ട് ഗഹനവിഷയങ്ങള്‍ പഠിച്ച തുഞ്ചനേയും ജനങ്ങള്‍ മറന്നുപോയി. ഏതൊരു കലയ്ക്കും പ്രത്യക്ഷവും പരോക്ഷവുമായ ഒരു സന്ദേശകാരിത്വം ഉണ്ടെന്ന വസ്തുത അംഗീകരിക്കുന്നവര്‍ക്കു മാത്രം അഭിമതമായിരിക്കും തുടര്‍പാരായണത്തിലൂടെ വെളിപ്പെടുന്ന ഒരു കലാകാരന്റെ ജീവിതം.

വി. നാഗദാസ് എന്ന ചിത്രകാരന് തന്റെ കലയിലൊരു സന്ദേശം ഉണ്ടെന്നു തുറന്നു പറയാന്‍ മടിയില്ല എന്ന് മാത്രമല്ല, സന്ദേശമില്ലാതെ താനൊരു കല രചിക്കാന്‍ ഒരുമ്പെടുകയുമില്ല എന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. നാഗദാസിനെ മലയാളികള്‍ക്ക് പരിചയം കുറയും. എന്നാല്‍ ഇന്ത്യയിലെ എണ്ണപ്പെട്ട ഗ്രാഫിക് ആര്‍ട്ട് കലാകാരന്മാരുടെ പേരുകള്‍ എടുത്താല്‍ അതിലൊന്ന് നാഗദാസിന്റേതായിരിക്കും. സോമനാഥ് ഹോര്‍, കൃഷ്ണ റെഡ്ഡി, കെ.ജി. സുബ്രഹ്മണ്യന്‍, ലക്ഷ്മാ ഗൗഡ്, ജ്യോതി ഭട്ട്, അനുപം സൂദ്, പി.ഡി. ധുമാല്‍ തുടങ്ങി പ്രതിഭാശാലികളായ ഗ്രാഫിക് ആര്‍ട്ട് കലാകാരന്മാരുടെ നിരയില്‍ ചേര്‍ന്നുനില്‍ക്കുന്ന ഒരു കലാകാരനാണ് നാഗദാസ്. ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ ഖൈറാഗഡ് എന്ന മനോഹരമായ ഒരു പഴയ

ചെറുരാജ്യത്തിന്റെ ഒത്ത നടുവില്‍ സ്ഥിതിചെയ്യുന്ന ചെറിയൊരു കൊട്ടാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാ കലാ സംഗീത വിശ്വവിദ്യാലയ എന്ന ഖൈറാഗഡ് യൂണിവേഴ്സിറ്റിയില്‍ ഗ്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് തലവനും ഫൈന്‍ ആര്‍ട്സ് വിഭാഗത്തിന്റെ ഡീനുമാണ് നാഗദാസ്. റായ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് നൂറ്റിയിരുപത് കിലോമീറ്ററുകള്‍ അകലെയാണ് ഖൈറാഗഡ്. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷനുകള്‍ രാജ്നന്ദ്ഗാവ്, ദുര്‍ഗ്, ഭിലായ് എന്നിവ. ദൂരം ഇത്രയായതുകൊണ്ട് തന്നെ കലയിലെ പ്രമുഖര്‍ അധികം ഈ സവിശേഷ കലാലയത്തെ പേരെടുത്തു പറയാറില്ല. പക്ഷേ, അവരെല്ലാം നാഗദാസിനെ പേരെടുത്തു പറയും. ഇന്ത്യയിലെ എല്ലാ എണ്ണപ്പെട്ട ഗ്രാഫിക് കലാകാരന്മാരേയും നാഗദാസ് ഈ വിശ്വവിദ്യാലയത്തില്‍ എത്തിച്ചിട്ടുണ്ട്. ഖൈറാഗഡ് യൂണിവേഴ്സിറ്റിയെന്നാല്‍ ഇന്ത്യന്‍ കലാരംഗത്തിന് അത് നാഗദാസ് ആണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.

കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷങ്ങളായി നാഗദാസ് ഈ സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നു. പാലക്കാട് ജില്ലയില്‍ കണ്ണാടി എന്ന സ്ഥലത്തു ജനിച്ച നാഗദാസ് ഇവിടെയെങ്ങിനെ എത്തി എന്ന കഥകൂടിയാണ് ഈ ലേഖനം. വേലായുധന്‍ എന്ന കര്‍ഷകന്‍ ജന്മനാ ബധിരനും മൂകനുമായിരുന്നു. പക്ഷേ, അദ്ദേഹത്തിന് മൂന്നു ഭാഷകള്‍ മലയാളം, ഹിന്ദി, തമിഴ് നന്നായും- ഒരു വിധം ഇംഗ്ലീഷും അറിയാമായിരുന്നു. മനസ്സിലുള്ളത് ഈ ഭാഷകളില്‍ എഴുതിക്കാണിച്ചുകൊണ്ട് കണ്ണാടി ഗ്രാമത്തില്‍ അദ്ദേഹം ജീവിച്ചു. അദ്ദേഹത്തിന്റെ മകനായാണ് നാഗദാസ് ജനിച്ചത്. അന്‍പതുകളുടെ ഒടുവില്‍ കേരളത്തിലെ ഒരു കര്‍ഷകന്റെ സ്ഥിതി മനസ്സിലാക്കാം. വയല്‍പ്പണിയും കൊയ്ത്തും ഇല്ലാത്ത കാലത്ത് മാത്രം കലാമണ്ഡലത്തില്‍ കഥകളി പഠിക്കാന്‍ കുട്ടികള്‍ വരുമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ദാരിദ്ര്യദേവതയുടെ കടാക്ഷം സുലഭമായ ഗ്രാമങ്ങളില്‍ ജനിച്ച കുട്ടികള്‍ക്ക് സ്‌കൂള്‍ തലമെങ്കിലും  കടന്നുകിട്ടിയാല്‍ അതൊരു മഹാഭാഗ്യമായി കരുതിയിരുന്ന നാളുകളിലൊന്നിലാണ് നാഗദാസ് പത്താം തരം പാസ്സാകുന്നത്. കോളേജില്‍ പ്രവേശനം കിട്ടാനുള്ള മാര്‍ക്കില്ല. അതിനാല്‍ അക്കാലത്തു ദാരിദ്ര്യ സരസ്വതിയുടെ ഫ്രാഞ്ചൈസികളായി പ്രവര്‍ത്തിച്ചിരുന്ന ട്യൂട്ടോറിയല്‍ കോളേജുകളിലൊന്നില്‍ നാഗദാസ് അഭയം കണ്ടെത്തി. പഠിപ്പിച്ച അധ്യാപികയുടെ ചിത്രം വരച്ചപ്പോള്‍ അവര്‍ പറഞ്ഞു തിരുവനന്തപുരത്തൊരു ചിത്രവിദ്യാലയമുണ്ട്. അവിടെയാണ് നാഗദാസിന്റെ ഭാവി. അധ്യാപികയുടെ പ്രവചനം ഫലിക്കുകയും നാഗദാസിനു തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ പെയിന്റിങ് ബിരുദത്തിനു പ്രവേശനം ലഭിക്കുകയും ചെയ്തു.  
അടിയന്തരാവസ്ഥ, കോളേജ് സമരം, കലാകാരന്മാരുടെ ബറോഡാ പലായനം എന്നിവയ്ക്കു ശേഷം 1978 ആകുമ്പോഴേയ്ക്കും അമൂര്‍ത്തകലയുടെ ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു എന്നാല്‍ ഫിഗറേറ്റിവ് ആര്‍ട്ടിന്റെ അമ്മാത്ത് ഒട്ടെത്തിയതും ഇല്ല എന്ന അവസ്ഥയിലായിരുന്നു തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്സ് കോളേജ്. കലാപകാരികള്‍ അവശേഷിപ്പിച്ചു പോയ മണങ്ങള്‍ അപ്പോഴും ബാക്കി നിന്നിരുന്നു. അധ്യാപകരായി ഉണ്ടായിരുന്നത് സനാതനന്‍, കേശവന്‍ കുട്ടി, കാട്ടൂര്‍ നാരായണപിള്ള, കെ.വി. ഹരിദാസന്‍ എന്നിവര്‍ ആയിരുന്നു, പ്രിന്‍സിപ്പാളാകട്ടെ സി.എല്‍. പൊറിഞ്ചുകുട്ടിയും.

നിഷേധത്തിന്റേയും അരാജകത്വത്തിന്റേയും മൊത്തക്കച്ചവടക്കാരായ ചിലര്‍ പോകാന്‍ മറ്റൊരിടവും ഇല്ലാത്തതിനാല്‍ തിരുവനന്തപുരം കോളേജില്‍ത്തന്നെ കറങ്ങുന്നുണ്ടായിരുന്നു. കാടുകള്‍ ഇല്ലാത്ത ഒരിടത്ത് ഇരുന്നുകൊണ്ട് കലയുടെ കാട്ടില്‍ എങ്ങനെ ഗറില്ലാ സമരം നടത്താം എന്ന് പഠിപ്പിക്കലായിരുന്നു ഇവരുടെ ജോലി. ചുരുക്കിപ്പറഞ്ഞാല്‍ ബൗദ്ധികതയുടെ പേരിലുള്ള ചെറിയ ചട്ടമ്പിത്തരം. അത് അതേപടി ഇപ്പോഴും കൊണ്ടുനടക്കുന്നവര്‍ കേരളകലാരംഗത്ത് ഇപ്പോഴും ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമായ ഒരു സത്യമാണ്.
കണ്ണാടി എന്ന് പേരുള്ള ഒരു പാലക്കാടന്‍ ഗ്രാമത്തില്‍നിന്ന് വന്ന നാഗദാസിന് ഈ അരാജകവാദത്തിന്റെ കഴമ്പില്ലായ്മ താമസിയാതെ പിടികിട്ടി. പക്ഷേ, മറ്റൊരു വലിയ പ്രശ്‌നം ക്ലാസ്സ്മുറികളില്‍ തന്നെയുണ്ടായിരുന്നു. അധ്യാപകരെല്ലാം മദ്രാസ് സ്‌കൂള്‍ ചിട്ടകള്‍ ഉള്ളവര്‍; അമൂര്‍ത്തയുടെ ആശാന്മാര്‍. ഗുരോസ്തു മൗനം വ്യാഖ്യാനം എന്നതാണ് അധ്യാപനത്തിന്റെ ഒരു രീതി. അധ്യാപകരെല്ലാം നിശ്ശബ്ദരും ചിന്താമഗ്നരും ആദിഭൗതിക പ്രപഞ്ചത്തിന്റെ പ്രശ്‌നങ്ങളെ അതിതീക്ഷ്ണമാം വിധം സ്വജീവിതത്തില്‍ ഏറ്റി ഇതിലും വലിയ അടിയന്തരാവസ്ഥ വന്നാലും ഞങ്ങള്‍ അമൂര്‍ത്തരായി തുടരും എന്ന നിലയില്‍ നില്‍ക്കുന്നവരും. കണ്ടു പഠിക്കുക എന്നതല്ലാതെ വേറെ നിവൃത്തിയില്ലാത്ത വിദ്യാര്‍ത്ഥികള്‍. നാഗദാസും അങ്ങനെ ഒരു അമൂര്‍ത്ത ചിത്രകാരനായി തുടങ്ങി.

എന്തിനാണിങ്ങനെ എന്നുള്ള ചോദ്യം ഗുരുക്കന്മാര്‍ മൗനത്തിന്റെ മൂര്‍ച്ചകൊണ്ട് മുളയിലേ നുള്ളി. അപ്പോഴാണ് കലാചരിത്ര പഠനത്തിന്റെ പ്രശ്‌നം ഉദിക്കുന്നത്. അപ്പോള്‍ മഹാരാഷ്ട്രക്കാരനായ ഒരു അധ്യാപകനാണ് കലാചരിത്രം പഠിപ്പിക്കുന്നത്. മലയാളം അറിയാത്തതിനാല്‍ അദ്ദേഹം ഇംഗ്ലീഷില്‍ പഠിപ്പിക്കുന്നു. ആദ്യമായിട്ടാണ് ഇംഗ്ലീഷില്‍ ഒരു വാചകം കുട്ടികള്‍ പൂര്‍ണ്ണമായും കേള്‍ക്കുന്നത് തന്നെ. ഒന്നും മനസ്സിലാകുന്നില്ല എന്ന വിഷയം പൊറിഞ്ചുകുട്ടി സാര്‍ മുന്‍പാകെ കുട്ടികള്‍ അവതരിപ്പിച്ചു. അങ്ങനെ പ്രശ്‌നപരിഹാരം കൂടിയായാണ് ആര്‍. നന്ദകുമാറിനെ അധ്യാപകനായി കൊണ്ടുവന്നത്. പിടിച്ചതിനെക്കാള്‍ വലുതായിരുന്നു അളയിലുള്ളത് എന്ന് അപ്പോള്‍ ആരും അറിഞ്ഞില്ല. മലയാളിയായ നന്ദകുമാര്‍ ഇംഗ്ലീഷിലേ ക്ലാസ്സെടുക്കൂ. അദ്ദേഹം അതിനു കാരണമായി പറഞ്ഞത് കലാചരിത്രം പഠിപ്പിക്കാന്‍ വേണ്ട ശക്തി മലയാള ഭാഷ ആര്‍ജ്ജിച്ചിട്ടില്ല എന്നായിരുന്നു. കുറേക്കാലം കഴിഞ്ഞപ്പോള്‍ ആര്‍. നന്ദകുമാര്‍ മലയാളഭാഷയ്ക്ക് ആ ശക്തി ഉണ്ടെന്നു തിരിച്ചറിയുകയും ആധുനിക ഇന്ത്യന്‍ ചിത്രകല എന്ന പേരില്‍ ഒരു ദീര്‍ഘ ലേഖനം എഴുതുകയും ചെയ്തു.

ഉപരിപഠനത്തിനായി ശാന്തിനികേതനത്തില്‍ എത്തിയ നാഗദാസിന് ആത്മവിശ്വാസം തിരികെ നല്‍കിയത് പ്രമുഖ കലാകാരനും ശാന്തിനികേതനത്തില്‍ ഗ്രാഫിക് ആര്‍ട്ട് അധ്യാപകനും ആയിരുന്ന സോമനാഥ് ഹോര്‍ ആയിരുന്നു. അമൂര്‍ത്ത കലയ്ക്കും മൂര്‍ത്ത കലയ്ക്കും ഇടയില്‍ സന്ദിഗ്ധ ഭാവത്തില്‍ നിന്ന നാഗദാസിന് മനുഷ്യരൂപങ്ങളില്‍ അധിഷ്ഠിതമായ കല ചെയ്യുവാന്‍ ആവേശം പകര്‍ന്നു നല്‍കിയത് സോമനാഥ് ഹോര്‍ ആയിരുന്നു. മൂര്‍ത്ത കല ചെയ്യുന്നത് പാപമല്ല എന്ന് താന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു എന്നാണ് നാഗദാസ് അതേക്കുറിച്ചു പറയുന്നത്. ശാന്തിനികേതനത്തിലെ സജീവ സാന്നിധ്യങ്ങള്‍ ആയിരുന്ന കെ.ജി. സുബ്രഹ്മണ്യന്‍, ശര്‍ബാരി റോയ് ചൗധുരി തുടങ്ങിയ മഹാകലാകാരന്മാരുമായുള്ള സമ്പര്‍ക്കം നാഗദാസിലെ കലാകാരനെ പരുവപ്പെടുത്തിയെടുത്തു. തിരുവനന്തപുരം കോളേജിലെ പഠനം പക്ഷേ, തന്റെ കലയുടെ അടിത്തറയാണെന്നുതന്നെ നാഗദാസ് വിശ്വസിക്കുന്നു. നിറങ്ങള്‍ യാതൊരു സങ്കോചവും കൂടാതെ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം തിരുവനന്തപുരത്തെ പഠനം നല്‍കി. അതേസമയം, ശാന്തിനികേതനത്തിലെ ഗ്രാഫിക് ആര്‍ട്ട് പഠനം വരകളേയും തലങ്ങളേയും സൂക്ഷ്മതലത്തില്‍ അറിയാന്‍ സഹായിച്ചു. ശാന്തിനികേതനില്‍ ആ സമയം വിദ്യാര്‍ത്ഥിയായിരുന്ന കൃഷ്ണകുമാര്‍ തന്റെ ജീവിതത്തിലെ വലിയൊരു സംഘര്‍ഷഘട്ടത്തിലൂടെ കടന്നു പോവുകയായിരുന്നെന്നും നാഗദാസ് ഓര്‍ക്കുന്നു. അജിത് ചക്രവര്‍ത്തി എന്നൊരു അധ്യാപകനായിരുന്നു അന്ന് ശില്പകലാവിഭാഗത്തില്‍ മേധാവി. അയാള്‍ക്ക് കൃഷ്ണകുമാറിന്റെ പ്രതിഭയെ മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിഞ്ഞില്ല. കൃഷ്ണകുമാറിന്റെ പ്രതിഭയ്ക്ക് മുന്നില്‍ അയാളുടെ അഹന്ത വ്രണപ്പെട്ടു. അയാള്‍ കൃഷ്ണകുമാറിന് വെറും നാല്‍പ്പത്തിയഞ്ച് ശതമാനം മാര്‍ക്ക് നല്‍കി പാസ്സാക്കി. കൃഷ്ണകുമാര്‍ ഒരിക്കലും ശാന്തിനികേതനില്‍നിന്ന് തന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ല എന്നും നാഗദാസ് ഓര്‍ക്കുന്നു.

ഖൈറാഗഡില്‍ ഇന്ദിരാ കലാ സംഗീത വിശ്വവിദ്യാലയത്തില്‍ ഒരു പെയിന്റിങ് ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങുന്നു, അവിടേയ്ക്കു കലയുടെ വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ഒരു അധ്യാപകനെ അന്വേഷിക്കുന്നു എന്ന വിവരമാണ് നാഗദാസിനെ ഖൈറാഗഡില്‍ എത്തിച്ചത്. 1986-ല്‍ ശാന്തിനികേതനില്‍നിന്ന് ഖൈറാഗഡില്‍ വന്നു ചേരുമ്പോള്‍ അവിടെ ഒരു പഴയ കൊട്ടാരമല്ലാതെ മറ്റൊന്നുമില്ലായിരുന്നു എന്ന് നാഗദാസ് ഓര്‍ക്കുന്നു. വളരെ ശ്രമപ്പെട്ടാണ് അദ്ദേഹം അവിടെ ഗ്രാഫിക്സ് ആര്‍ട്ടിനു വേണ്ടി ഒരു പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയത്. ഇന്ന് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെമ്പാടും ഉള്ള ഗ്രാഫിക് കലാകാരര്‍ എല്ലാ വര്‍ഷവും നാഗദാസ് നടത്തുന്ന അന്താരാഷ്ട്ര ഗ്രാഫിക് ആര്‍ട്ട് ശില്പശാലയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്നു. അന്താരാഷ്ട്ര ശില്പശാല നടക്കുമ്പോള്‍ ബിരുദ ബിരുദാനന്തര ബിരുദ വിഭാഗങ്ങളിലെ കുട്ടികള്‍ക്കെല്ലാം വലിയ ആവേശമാണ്. ലക്ഷ്മാ ഗൗഡിനേയും ആനന്ദ് നികമിനേയും വിജയ് ബാഗൊഡിയേയും രമണ്‍ കസ്തയേയും പോലുള്ള അനേകം ഗ്രാഫിക് കലാകാരരുമായി അടുത്തിടപഴകാനും അവരില്‍നിന്ന് ഗ്രാഫിക് ആര്‍ട്ടിന്റെ പുതിയ സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കാനും കഴിയുന്നു. ഈ ശില്പശാലയ്‌ക്കൊപ്പം സെമിനാറുകളും പ്രദര്‍ശനവും നാഗദാസ് സംഘടിപ്പിക്കുന്നു.

തുടക്കത്തിലേ സൂചിപ്പിച്ചതുപോലെ നാഗദാസിന്റെ ചിത്രങ്ങളില്‍ ഒരു സന്ദേശമുണ്ട്; മനുഷ്യരുടെ സഹജീവനത്തേയും സ്‌നേഹത്തേയും കുറിച്ചുള്ള സന്ദേശം. ആ സന്ദേശം ഒരു മുദ്രാവാക്യം പോലെ നല്‍കുകയല്ല പക്ഷേ, അദ്ദേഹം ചെയ്യുന്നത്. മെക്സിക്കന്‍ മ്യൂറലിസ്റ്റുകളായ റിവേറയേയും ഒറോസ്‌കോയേയും അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മനുഷ്യനിബിഡത നാഗദാസിന്റെ പെയിന്റിങ്ങുകളിലും ഗ്രാഫിക് പ്രിന്റുകളിലും കാണാം. ആ മനുഷ്യര്‍ വിവിധങ്ങളായ അടരുകളായി ചിത്രതലത്തില്‍ സ്ഥിതിചെയ്യുന്നു. ഒന്നിനുമേല്‍ മറ്റൊന്നായി അട്ടിയാകുന്ന മനുഷ്യര്‍ ചരിത്രത്തില്‍ സാധാരണ മനുഷ്യര്‍ അമര്‍ന്നുപോകുന്നതിന്റെ സൂചനയെന്നോണം പ്രത്യക്ഷപ്പെടുന്നു. അന്ധവിശ്വാസത്തിന്റെ ഭാഗമായി കണ്ണുതട്ടാതിരിക്കാന്‍ പച്ചമുളകും നാരങ്ങയും കൊരുത്തിടുന്നത് ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും കാണാം. മനുഷ്യനും അത്തരത്തില്‍ അടരുകളായി ചരിത്രത്തിന്റെ നൂലില്‍ കോര്‍ത്തിടപ്പെട്ടു കിടക്കുകയാണ്. അവരില്‍ ചിലര്‍ കൊടിയ പീഡനങ്ങള്‍ക്കു വിധേയരാകുന്നു. ചിലര്‍ പറക്കാന്‍ സന്നദ്ധരായിരിക്കുന്നു. ചിലര്‍ പരസ്പരം പുണരുന്നുണ്ട്. ഇങ്ങനെ രാഗദ്വേഷ സമ്മിശ്രമായ ഒരു ജീവിതമാണ് നാഗദാസ് വരച്ചിടുന്നത്. ആ നരകപടത്തില്‍നിന്നും ഒരു വെള്ളരിപ്രാവ് പറന്നുയരുന്നത് നാം കാണുന്നു. പ്രതീക്ഷയുടെ ഒരു കണം ഊറിയുണ്ടാകുന്നത് നമുക്കീ ചിത്രങ്ങളില്‍ തിരിച്ചറിയാന്‍ കഴിയുന്നു.

രാഷ്ട്രങ്ങള്‍, ഭൂപടങ്ങള്‍, പതാകകള്‍ തുടങ്ങി ലോകത്തെ പല അറകളായി വിഭജിക്കുന്ന രീതികളെ പശ്ചാത്തലമാക്കിയാണ് നാഗദാസ് ചിത്രങ്ങള്‍ രചിക്കുന്നത്. ദേശത്തിനും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കും ഇടയില്‍പ്പെട്ടുപോയവരാണ് അവിടെ കാണുന്ന മനുഷ്യര്‍. അവിടെയും ജീവിതത്തിന്റെ താഴാന്‍ വിസമ്മതിക്കുന്ന കൊടിപ്പടമെന്നോണം മനുഷ്യരുടെ പരസ്പരബന്ധങ്ങള്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ചിലപ്പോള്‍ വ്യക്തമായും തിരിച്ചറിയാവുന്ന ചില മഹാത്മാക്കള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍, അവരുടെ ജീവിത വീക്ഷണമായോ തത്ത്വശാസ്ത്രമായോ അല്ല ചിത്രം രചിക്കപ്പെട്ടിരിക്കുന്നത്. മറ്റെല്ലാം സംഗതമായിരിക്കെ, ഈ മഹാത്മാക്കള്‍ക്കും സാംഗത്യം നഷ്ടപ്പെട്ടിട്ടില്ല എന്ന കേവല സൂചനകള്‍ മാത്രമാണ് നാഗദാസ് നല്‍കുന്നത്. വീണ്ടും വീണ്ടും ഈ ചിത്രങ്ങളിലേക്ക് നോക്കുമ്പോള്‍ കാല്പനികമായ ഒരു ജീവിതബോധം നാഗദാസിനെ നയിക്കുന്നത് കാണാം. എല്ലാ പീഡനങ്ങള്‍ക്കും ഒടുവില്‍ ഒരു വിമോചനവും വിശ്രാന്തിയും അദ്ദേഹം സ്വപ്നം കാണുന്നുണ്ട്. ആ തിളക്കം ചിത്രതലത്തിലെ മനുഷ്യരൂപങ്ങളുടെ കണ്ണുകള്‍ക്കുണ്ട്. കാല്പനികമെങ്കിലും അവയില്‍ പ്രേക്ഷകന് പരിചിതമായ ചില സംഭവങ്ങള്‍ പേര്‍ത്തെടുക്കാന്‍ കഴിയുന്ന രീതിയില്‍ രൂപസന്നിവേശം നടത്തിയിരിക്കുന്നത് കാണാം. ഈയൊരര്‍ത്ഥത്തില്‍ എം.എഫ്. ഹുസൈന്റെ സമീപനരീതിയാണ് നാഗദാസിന്റേത്; ചരിത്രത്തിന് ചിഹ്നസ്വഭാവം നല്‍കുകയും വ്യക്തിത്വങ്ങളെ മാത്രം അടര്‍ത്തിയെടുത്തുകൊണ്ട് പല ചരിത്രസന്ദര്‍ഭങ്ങളെ ഒന്നിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുന്ന രീതി. അതുകൊണ്ട് തന്നെ വലിയ കാന്‍വാസുകള്‍ നാഗദാസിനെ പ്രചോദിപ്പിക്കുന്നു. നാല്പതടിയില്‍ അധികം വലിപ്പമുള്ള മ്യൂറല്‍ സ്‌കെയിലിലുള്ള ചിത്രങ്ങള്‍ നാഗദാസ് രചിച്ചിട്ടുണ്ട്. ഖൈറാഗഡില്‍ ആയതു കൊണ്ടാകണം നാഗദാസിനെ മലയാളികള്‍ക്ക് അധികം പരിചയമില്ലാത്തത്. മഴ, ചെളി, കുളം എന്നൊക്കെ പറഞ്ഞു ക്യാംപുകള്‍ നടത്തി മുന്നോട്ടു പോകുന്ന ലളിതകലാ അക്കാദമി പോലുള്ള സ്ഥാപനങ്ങളാകട്ടെ, നാഗദാസിനെപ്പോലുള്ള കലാകാരന്മാരെ കേരളത്തിലേക്ക് വിളിച്ചാദരിക്കാന്‍ ശ്രമിക്കുന്നതുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com