അഖിലാണ്ഡേശ്വരീ എന്നെ രക്ഷിക്കൂ 

ദ്വിജാവന്തി രാഗത്തിലുള്ള പ്രശസ്ത ദീക്ഷിതര്‍ കൃതി അഖിലാണ്ഡേശ്വരീ രക്ഷ മാം ദേവീ ഭക്തിയുടെ ഉജ്ജ്വല സംഗീത ദീപികയാണ്.
അഖിലാണ്ഡേശ്വരീ എന്നെ രക്ഷിക്കൂ 

ദ്വിജാവന്തി രാഗത്തിലുള്ള പ്രശസ്ത ദീക്ഷിതര്‍ കൃതി അഖിലാണ്ഡേശ്വരീ രക്ഷ മാം ദേവീ ഭക്തിയുടെ ഉജ്ജ്വല സംഗീത ദീപികയാണ്. മാത്രമല്ല, ഭാരതീയ സ്ത്രീ സങ്കല്‍പ്പത്തെ ചിത്രീകരിക്കുന്നതും ആഴപ്പെടുത്തുന്നതും വിപുലീകരിക്കുന്നതുമാണ് എന്നു പറയാമോ. ആ വഴിയിലുള്ള ഒരാലോചനയാണ് ഈ കുറിപ്പ്. ദേവിയെ സംബോധന ചെയ്യുന്നതാണ് വാക്കുകള്‍ എല്ലാം. എന്നെ രക്ഷിക്കൂ (രക്ഷ മാം) എന്ന രണ്ടു വാക്കുകള്‍ അല്ലാതെ എല്ലാം ദേവിയെ വിളിക്കുന്ന വാക്കുകളാണ്. സംബോധികാ വിഭക്തി.
ഇത്തരം സംബോധനാ മാത്ര കീര്‍ത്തനങ്ങള്‍ ദീക്ഷിതര്‍ തന്നെ എഴുതിയിട്ടുണ്ട്. കേരളത്തില്‍ വളരെ പ്രചാരത്തിലുള്ള വേറൊന്നു സരസിജ നാഭ സോദരി എന്ന കീര്‍ത്തനമാണ്. രാഗം നാഗ ഗാന്ധാരി. സ്തുതികളുടെ തന്നെ ഒരു രീതി സഹസ്രനാമ ആരാധനയാണല്ലോ. ലളിതാ സഹസ്രനാമത്തിലെ ഒരുപാടു പേരുകള്‍ അഖിലാണ്ഡേശ്വരീ കീര്‍ത്തനത്തില്‍ ഉണ്ട്. അഖിലാണ്ഡേശ്വരീ എന്ന വാക്ക് തന്നെ പല തരത്തില്‍ പ്രത്യക്ഷപ്പെടുന്നു. വിരാട്രൂപ, വിശ്വമാതാ, ജഗദ്ധാത്രി, വിശ്വരൂപ, നിഖിലേശ്വരീ, സൃഷ്ടി കര്‍ത്രീ, അനേക കോടി ബ്രഹ്മാണ്ഡ ജനനീ, ലീലാ ക്ലിപ്ത ബ്രഹ്മാണ്ഡ മണ്ഡലാ... ഈ വാക്കുകള്‍ എല്ലാം ലളിതാ സഹസ്രനാമത്തില്‍ ഉള്ളതാണ്. ഇവ എല്ലാം ചേര്‍ന്ന ഒരു ഗംഭീര വാക്കാണ് അഖിലാണ്ഡേശ്വരീ.
കീര്‍ത്തനത്തില്‍ വരുന്ന ജ്ഞാന പ്രദേ എന്നതിനു സമാനമായി ജ്ഞാനമുദ്രാ, ജ്ഞാനഗമ്യ, ജ്ഞാനദാ, ജ്ഞാനവിഗ്രഹാ, പ്രജ്ഞാനഘന രൂപിണീ ഇവ ലളിതാ സഹസ്രനാമത്തില്‍ ഉണ്ട്. ''നിര്‍ല്ലേപാ നിര്‍മ്മല നിത്യ'' എന്നും ''വിജയാ വിമലാ വന്ദ്യ'' എന്നും ഉണ്ട്.
ഹസിത എന്നതിന് ചാരുഹാസ എന്നുണ്ട്. ലംബാളകോദ് ഭാസിതാ എന്നതിനു തുല്യമായി (നീണ്ട അല്ലെങ്കില്‍ തൂങ്ങിക്കിടക്കുന്ന കുറുനിരകള്‍കൊണ്ട് ശോഭിക്കുന്നവള്‍) ചമ്പകാശോക പുന്നാഗ സൗഗന്ധിക ലസത്കചാ, നീല ചികുരാ തുടങ്ങിയ മുടിയെപ്പറ്റിയുള്ള വാക്കുകളെ ഉള്ളൂ. ചില പാട്ടുകാര്‍ സകല എന്നും ചിലര്‍ വരദ എന്നും പാടിക്കാണുന്നു... (പാടിക്കേള്‍ക്കുന്നു).
ശാരദ സരസ്വതി ആണെന്ന് പ്രശസ്തം.. എന്നാല്‍, ദീക്ഷിതര്‍ സ്തുതിക്കുന്ന ദേവി വാഗ് ദേവതാരാധിത ആണല്ലോ. വാഗ്ദേവതയായ സരസ്വതിയാലും ആരാധിക്കപ്പെടുന്നവള്‍.
ശാംഭവീ ശാരദാരാധ്യാ  എന്ന വാക്കുകള്‍ ലളിതാ സഹസ്രനാമത്തില്‍ ഉണ്ട്.  ശംഭു പത്‌നി, ശാംഭവി ആണ് ശാരദ എന്നര്‍ത്ഥം എടുക്കാം. കീര്‍ത്തനത്തില്‍ വരശൈലരാജസുതേ എന്നാവാനാണ് വഴി. ഹിമാലയ പുത്രി, ഗിരിജ എന്നര്‍ത്ഥം. അതല്ലാതെ ഹിമവാന്‍ മകളായ ദേവിയെ സ്തുതിക്കുക എന്ന അര്‍ത്ഥം ഉചിതമാവുന്നില്ല. നുത എന്നതിന് അതാണല്ലോ അര്‍ത്ഥം. ചിലര്‍ വരശൈലരാജനുതെ എന്നു പാടിക്കേള്‍ക്കുന്നു.
ഈ വാക്കുകള്‍ക്കൊക്കെ ഇത്രയും അര്‍ത്ഥം ഉണ്ടോ, അത് പിന്തുടരണോ, വാക്കു വ്യത്യാസം കീര്‍ത്തനാനുഭവത്തെ ബാധിക്കുമോ തുടങ്ങിയ സംശയം എനിക്ക് ബാക്കി.
വാക്കുകള്‍ക്ക് കീര്‍ത്തനാനുഭവം മാറ്റാന്‍ പറ്റുമോ. ദീക്ഷിതരുടെ സമയത്തുനിന്ന് ഇത്രയും ദൂരം വന്ന ഇന്നത്തെ ശ്രോതാക്കള്‍ക്ക് സാമ്പ്രദായിക ഭക്തികൊണ്ടാണോ, സംഗീതം കൊണ്ടാണോ അനുപമമായ ഈ പ്രപഞ്ചലയം കൈവരുന്നത്?
ദേവിയിലെ കലയെ പലപ്പോഴും ദീക്ഷിതര്‍ പാടി പുകഴ്ത്തീട്ടുണ്ട്. 'ജല്ലീ മദ്ദള ഝര്‍ഝര വാദ്യ നാദ മുദിതേ' എന്ന ദീര്‍ഘ സംബോധന നോക്കൂ. ഇപ്പറഞ്ഞ വാദ്യങ്ങള്‍ യോജിച്ച ഏതോ ഒരു പാട്ടു സമ്പ്രദായമാവും ദീക്ഷിതര്‍ സൂചിപ്പിക്കുന്നത്. ശങ്കരാചാര്യരെപ്പോലെ വടക്കേ ഇന്ത്യയില്‍ പോവുകയും സംസ്‌കൃതം കൊണ്ട് ആശയവിനിമയം നടത്തുകയും ചെയ്തു ദീക്ഷിതര്‍ എന്നാണ് വിചാരിക്കേണ്ടത്. കലാത്മികാ, കലാനാഥാ, (ചന്ദ്രചൂഡ എന്നും അര്‍ത്ഥം വരാം ഇതിന്) കാവ്യാലാപ വിനോദിനി, ഭാഷാ രൂപാ, നന്ദിവിദ്യാ, നടേശ്വരീ, ലാസ്യപ്രിയാ, ലയ കരീ, സാമഗാന പ്രിയാ തുടങ്ങിയ നാമങ്ങള്‍ ദേവിയെ ഭാരതീയ കലാപാരമ്പര്യത്തിന്റെ അധീശ്വരി ആയി വാഴിക്കുകയാണ്. നന്ദി വിദ്യാ തുടങ്ങിയവയില്‍ നമ്മുടെ കലാ സിദ്ധാന്തങ്ങളും ആചാര്യന്മാരും ഒക്കെ സൂചിതമാവുന്നു.
ദീക്ഷിതരുടെ കമലാംബാ കൃതികളില്‍ കാണുന്നതിനെക്കാള്‍ ലളിതമാണ് ഈ കീര്‍ത്തനം. ആഗമസമ്പ്രദായ പരാമര്‍ശം മാത്രമാണ് കാശിയില്‍ പോയി അദ്ദേഹം നേടിയിട്ടുണ്ടാവുമായിരുന്ന താന്ത്രിക ആരാധനാസൂചന തരുന്നത്. ദ്വിജാവന്തി എന്ന വടക്കന്‍ ഇന്ത്യയിലെ രാഗം ആണോ ഇതിനു ഇത്ര ആഴം നല്‍കുന്നത്? ദ്വിജാവന്തി ഹിന്ദുസ്ഥാനി രാഗമായല്ലേ പരിഗണിക്കപ്പെടുന്നത്? എന്തായാലും ഗുരുവല്ല ലഘു ആണ് ദീക്ഷിതര്‍ ഇതില്‍ അധികം വിന്യസിച്ചിട്ടുള്ളത്. നിഖിലലോക, വിമല, സകലകല തുടങ്ങി സമലഘു വിന്യാസവും ചില കൂട്ടക്ഷരങ്ങളില്‍ ഗുരുവും സംബോധനയിലെ ദീര്‍ഘവും (അതായത് ഗുരുവും) ആണ് പാട്ടില്‍ ഉള്ളത്. ഇതിന്റെ ഘടന പൂക്കള്‍ വിടരും പോലുള്ള വാക്കുകളില്‍ നിബന്ധിച്ചിരിക്കുന്നതാണ്. പക്ഷേ, കീര്‍ത്തനത്തിന്റെ ഗംഭീരത വാക്കുകളിലല്ല അതിന്റെ തുറന്നു വിരലില്‍ ആണ്.
വിളി മറ്റൊരാളിലേക്കുള്ള വഴിയാണ്. ആ വഴി തുറന്നു വരികയും വലുതായി വരികയും ആകാശം ഉണ്ടാവുകയും ചെയ്യുന്നു ഈ കീര്‍ത്തനത്തില്‍. ഭക്തി, ആത്മീയത എന്നിവ ഒരുപക്ഷേ, ഉള്ള ഒരാള്‍ക്ക് മാത്രമല്ല, ഇല്ലാത്ത ശ്രോതാക്കള്‍ക്കും ലോകത്തിന്റെ വലുപ്പം, വൈകാരികതയുടെ വിശ്വരൂപം ഇത് നല്‍കുന്നു.
ഇതേപോലാണോ ദീക്ഷിതര്‍ ഇത് കംപോസ് ചെയ്തത്? അതോ ശിഷ്യന്മാര്‍ മാറ്റിയോ? ക്ലാസ്സിക്കല്‍ പാശ്ചാത്യ സംഗീതം അദ്ദേഹത്തെ സ്വാധീനിച്ചില്ലേ. ചോദ്യങ്ങള്‍ മാത്രം ഇപ്പോള്‍. പാട്ടു കേള്‍ക്കുമ്പോഴോ ഞാനില്ല. ദേവി പ്രപഞ്ചം തന്നെ ആവുന്നു... ആഴമുള്ള വേദനയും വിശ്രാന്തിയും.
നമസ്‌കാരം-ഈ കീര്‍ത്തനം പാടിയും വായിച്ചും ആസ്വാദക മനസ്സ് വലുതാക്കുന്ന കലാകാരന്മാര്‍ക്ക്. പെട്ടെന്ന് എനിക്ക് വീണ്ടും വീണ്ടും അത് പലരുടേയും നാവിലൂടെ, സംഗീതോപകരണങ്ങളിലൂടെ കേള്‍ക്കാന്‍ തോന്നി. അങ്ങനെ കേള്‍ക്കവേ മനസ്സ് സഞ്ചരിച്ച വഴികള്‍ ഇതാ ഇതില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com