അസ്തിത്വത്തിലെ പ്രഹേളികാത്വം

അനുക്ഷണവികസ്വരമായ പ്രപഞ്ചം പോലെ സന്തതസ്വയംപരിഷ്‌കാര വൈഭവത്തോടുകൂടിയ മനനേന്ദ്രിയം നല്‍കി നിയതി അനുഗ്രഹിച്ചത് മനുഷ്യജനുസ്സിനെ മാത്രമാണ്.
പ്രഭാവര്‍മ
പ്രഭാവര്‍മ

നുക്ഷണവികസ്വരമായ പ്രപഞ്ചം പോലെ സന്തതസ്വയംപരിഷ്‌കാര വൈഭവത്തോടുകൂടിയ മനനേന്ദ്രിയം നല്‍കി നിയതി അനുഗ്രഹിച്ചത് മനുഷ്യജനുസ്സിനെ മാത്രമാണ്. ആ അനുഗ്രഹം തന്നെ ഉത്തരം കിട്ടാത്ത പ്രഹേളികകളുടെ അനന്തമായ നീഹാരികാപടലമായി മാനവാസ്തിത്വത്തെ അറിയാന്‍ നിര്‍ബന്ധിക്കുന്ന അഭിശപ്തതയായി ഭവിക്കയും ചെയ്തു. കാരണമില്ലാതെ കാര്യമുണ്ടാവില്ലെന്നും ഒരു കാരണത്തില്‍നിന്ന് അനേകം കാര്യങ്ങളും അനേകം കാരണങ്ങളില്‍നിന്ന് ഒരൊറ്റ കാര്യവും ഉണ്ടാവാമെന്നും മനനപ്രക്രിയയിലൂടെ കണ്ടെത്തുന്നതിന്നോടൊപ്പം കാരണങ്ങളെന്തെന്ന് അറിയാനേ ആവാത്തവിധം കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നും കൂടി കണ്ടെത്തേണ്ടിവരുന്ന അഭിശപ്തതയ്ക്കു മുന്നില്‍ മനനേന്ദ്രിയശക്തിയായ പ്രജ്ഞ അസ്തപ്രഭമാവുന്നു. കാരണകാര്യ ബന്ധത്തിലടിയുറച്ച യുക്തിവിചാരത്തില്‍നിന്ന് 'കര്‍മ്മഫല' തത്ത്വം പിറന്നു. ഒരുതരം ദുഷ്‌കര്‍മ്മവും ചെയ്തിട്ടില്ലാത്തവര്‍ക്കും അതിനുള്ള കാലം പോലും കിട്ടിയിട്ടില്ലാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ക്കും പലപ്പോഴും അനുഭവിക്കേണ്ടിവരുന്ന യാതനകളുടേയും ദുരന്തങ്ങളുടേയും കാരണം തേടുന്ന യുക്തിവിചാരത്തിന് പഞ്ചേന്ദ്രിയഗോചരമോ യുക്തിനിഷ്ഠമോ ആയ തെളിവുകളില്ലാത്ത പൂര്‍വ്വജന്മസങ്കല്‍പ്പത്തില്‍ എത്തിനില്‍ക്കേണ്ടിവന്നു. അങ്ങനെ മര്‍ത്ത്യാസ്തിത്വത്തില്‍ ഉത്തരം കിട്ടാത്ത പ്രഹേളികകള്‍ അനന്തമാണെന്ന വസ്തുതയുടെ മുന്നില്‍ പകച്ചു തളര്‍ന്നുനില്‍ക്കുന്ന അവസ്ഥയും മനുഷ്യജനുസ്സിന്റെ 'തലവര'-യായി; പ്രഹേളികകള്‍ക്ക് ഒരു കര്‍ത്താവിനെ സങ്കല്‍പ്പിക്കാതെ തരമില്ലെന്നു വന്നപ്പോള്‍ ചിലര്‍ ഈശ്വരനെന്നോ മറ്റു ചിലര്‍ 'കര്‍ത്താവെ'ന്നു തന്നെയോ ആ ശക്തിക്കു പേരും നല്‍കി. പ്രഹേളികകളുടെ ഹേതുക്കളും ഉത്തരങ്ങളും ആ ശക്തിക്കു മാത്രം വഴങ്ങുന്നവയെന്ന് അടിയറവു പറഞ്ഞു. വിത്തനാഥന്റെ പൊന്നുകിടാവിനു പാലും ദരിദ്രന്റെ കരുമാടിക്കിടാത്തന് ഉമിനീരും വിധിച്ച ശക്തി ഈശ്വരനല്ല; ആണെങ്കില്‍ അതിനെ ചവിട്ടണം എന്ന് ചിലര്‍ നിരീശ്വരത്ത്വത്തിലേക്ക് നീങ്ങുന്നു. ഈശ്വരഭജനത്തില്‍ നിരുപാധികം വിശ്വസിച്ചുപോന്ന ഒരു വെറും വീട്ടമ്മയെക്കൊണ്ട്, നിഷ്‌കളങ്കനായ ഒരു പിഞ്ചുകുഞ്ഞ് നേരിടേണ്ടിവന്ന പീഡനം കണ്ടു ഹൃദയം നുറുങ്ങിയ വേളയില്‍ ഒരു കഥാകൃത്ത് പറയിച്ചു: ''ദൈവാത്രെ. ഇങ്ങനെണ്ടോ ഒരു ദൈവം!''- (ബൃഹദാരണ്യകം- സി. രാധാകൃഷ്ണന്‍).

ഇപ്രകാരം ''അന്തംവിട്ടു നിന്നുപോവുന്ന'' സന്ദര്‍ഭങ്ങളെ മുക്തകങ്ങള്‍ എന്ന അടക്കുപെട്ടികളിലൊതുക്കി അന്വേഷണത്വരയില്‍നിന്നു മുക്തിനേടുക ഭാരതത്തില്‍ പഴയ കാലത്ത് കവികള്‍ പയറ്റിയ ഒരു 'വിദ്യ'യായിരുന്നു. താമരപ്പൂമൊട്ടിനകത്തു പെട്ടുപോയ ഒരു വണ്ട് ''രാവൊടുങ്ങും; സൂര്യനുദിക്കും; പൂവിടരും; ഞാന്‍ പറന്നു രക്ഷപ്പെടും''- എന്നു സ്വപ്നം കണ്ടുകൊണ്ടിരിക്കെ ആനത്തുമ്പി നീണ്ടുവന്നു താമരച്ചെടിയെത്തന്നെ പിഴുതു ഞെരിച്ചതെന്തുകൊണ്ട്? വണ്ടിന്റെ കര്‍മ്മഫലമോ ദൈവഹിതമോ? ആരു കണ്ടു! 'അംധേര്‍നഗരീ ചൗപട്ട്രാജാ' എന്ന ഒരു പ്രഹസനം ഭാരതേന്ദു ഹരിശ്ചന്ദ്ര രചിച്ചിട്ടുണ്ട്. അതിനു പിന്നില്‍ ഒരു പ്രഹേളികാമുക്തകമുണ്ടായിരിക്കാനിടയുണ്ട്. എന്തെന്നാല്‍ സംസ്‌കൃതത്തില്‍നിന്നു വിവര്‍ത്തനം ചെയ്തുവെന്ന് ഊഹിക്കേണ്ടിയിരിക്കുന്നതും കേരളത്തില്‍ പ്രചരിച്ചിരുന്നതുമായ ഒരു മുക്തകത്തില്‍ സമാനമായ കഥയുണ്ട്. ആനന്ദ് രചിച്ച 'ഗോവര്‍ധന്റെ യാത്ര'യെന്ന കഥയിലെ മുഖ്യകഥാപാത്രം എഴുന്നേറ്റു വന്നത് ഹരിശ്ചന്ദ്രയുടെ ആ പ്രഹസനത്തില്‍ നിന്നാണെന്നു വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത നോവലിലെ സംഭവങ്ങളില്‍ പ്രഹേളികാ പരമ്പര കാണാം; അകാരണമായി, അയുക്തികമായി, അസഹ്യ ദുരിതമനുഭവിക്കുന്ന നീണ്ട നിരയായി കഥാപാത്രങ്ങളേയും.

മനനസിദ്ധി അഥവാ മേധാവിത്വം എന്ന അനുഗ്രഹത്തെ ശാപമാക്കി മാറ്റുന്ന മാനുഷമാനസ ഭാവമാണ് ആധിപത്യവാഞ്ച്ഛ. അകാരണമല്ല മേധാവിത്വമെന്ന പദത്തിന് ആധിപത്യമെന്ന അര്‍ത്ഥവിപരിണാമം സംഭവിച്ചത്. അധിപതികളായി വാണ ചിലര്‍ ബഹുഭൂരിപക്ഷമായ അടിയാളരെ നരകയാതനകളിലേക്കു നയിച്ചതിന്റെ നിദര്‍ശനങ്ങള്‍ മാനവചരിത്രത്തില്‍ നിറഞ്ഞുവഴിഞ്ഞ് അളിഞ്ഞ് ദുര്‍ഗന്ധം പരത്തുന്നു. കല്‍പ്പിതമല്ലാത്ത സംഭവങ്ങള്‍ തന്നെ തീര്‍ത്തും അവിശ്വസനീയമായിത്തീരുമ്പോള്‍ അവ മിഥ്യയായി, 'മിത്താ'യി, ഐതിഹ്യമായി, കെട്ടുകഥയായി പലപ്പോഴും അറിയപ്പെടുന്നു. യാതനകളാല്‍ പടിഞ്ഞുപോയവര്‍ മിത്തുകളില്‍ തെയ്യങ്ങള്‍ (ദൈവങ്ങള്‍) ആയി, അമരരായി, ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. മിത്തുകളെ ആസ്പദമാക്കി രചിക്കുന്ന കവിതകളില്‍ അധിപതിമാരുടെ കൊടും ക്രൂരകര്‍മ്മങ്ങള്‍, അടിയാളരുടെ സഹനങ്ങള്‍, അനിവാര്യ സന്ദര്‍ഭങ്ങളില്‍ അവരില്‍നിന്നുണ്ടാകുന്ന പ്രത്യാക്രമണങ്ങള്‍, നരകത്തീയില്‍ വെന്തുനീറായവര്‍ക്കുണ്ടാകുന്ന ദൈവത്വപ്രാപ്തി (apotheosis) എന്നിങ്ങനെയുള്ള പ്രതിഭാസങ്ങള്‍ പ്രത്യക്ഷമായോ പ്രച്ഛന്നമായോ ഉരുവപ്പെടുന്നു. 'കെട്ടുകഥകള്‍' എന്നറിയപ്പെടുന്നവയില്‍ പലതും മിഥ്യകളോ കെട്ടിയുണ്ടാക്കിയ കഥകളോ അല്ല; കെടുകഥകളുമല്ല; അവയുടെ അന്തസ്തലങ്ങള്‍ മര്‍ത്ത്യാസ്തിത്വത്തെ നരകമാക്കിത്തീര്‍ക്കുന്ന കെടുശക്തികള്‍ക്കെതിരെയുള്ള വാങ്മയ സമരമോ, ബഹുഭൂരിപക്ഷത്തിന്റെ ഹിതവും ശിവവും സാക്ഷാല്‍ക്കരിക്കാന്‍ 'സഹയജ്ഞരായി' പിറക്കുന്നവരില്‍ ചിലര്‍ നടത്തുന്ന ആത്മബലികര്‍മ്മമോ ആണെന്ന് സൂക്ഷ്മതല ദര്‍ശനസിദ്ധിയുള്ളവര്‍ ഗ്രഹിക്കുന്നു. അതില്ലാത്തവരില്‍നിന്ന് ഈ ചോദ്യമുയര്‍ന്നേയ്ക്കും: ''എന്തിനീ പഴംകഥകള്‍ പാടുന്നു?'' 'ചന്ദനക്കട്ടില്‍' (ജി), 'ഒരു പഴയ പാട്ട്', 'തീവണ്ടിയിലെ പാട്ട്' (എന്‍. വി), 'പഴയൊരു പാട്ട്' (ഒ.എന്‍.വി), 'കാവിലെ പാട്ട്', 'പൂതപ്പാട്ട്' (ഇടശ്ശേരി), 'അഗ്‌നിപരീക്ഷ'- (കടവനാടു കുട്ടിക്കൃഷ്ണന്‍) മുതലായി മലയാളത്തില്‍ പൂത്ത പുണ്യങ്ങളെപ്പറ്റി, ശത്രുവേഷം കെട്ടുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും വിമര്‍ശകര്‍ അങ്ങനെ ചോദിക്കയുണ്ടായില്ല എന്നാണ് തോന്നുന്നത്. എന്നാല്‍, 'ഒരു മഴുവിന്റെ കഥ'യെപ്പറ്റിയും മറ്റും ആ ചോദ്യം ഉയരാതിരുന്നിട്ടില്ല. പഴം കഥകള്‍ക്ക് ഭവത്കാലത്തിലേക്ക് 'ഊര്‍ധ്വമൂലം അധഃശാഖം' എന്ന ശൈലിയിലുള്ള പടര്‍ച്ചയെപ്പറ്റി ചിന്തിക്കാന്‍ വേണ്ടുന്ന ക്ഷമയോ, അതിനെപ്പറ്റി സദ്യഃജ്ഞാനം നല്‍കുന്ന ഉള്‍ക്കണ്ണോ ഇല്ലാത്തവരില്‍നിന്നാണ് ഈദൃശ വിപ്രതിപത്തികള്‍ പത്തിപൊക്കുക. 


ധ്വനിസൗന്ദര്യത്തിന്റെ അനന്ത്യത്വം
പ്രഭാവര്‍മ്മയുടെ 'കനല്‍ച്ചിലമ്പ്' എന്ന കൃതി മേല്‍പ്പറഞ്ഞ പുണ്യപ്പെട്ടവരുടെ നിരയില്‍ പ്രതിഷ്ഠയര്‍ഹിക്കുന്നു. ഈ കൃതിയിലെ കഥയ്ക്ക് ആലംബമായും പൂരിപ്പിച്ച മുക്തകമുണ്ടാവാമെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും മുക്തകത്തിലെ പ്രതിപാദ്യം വിശദീകരിച്ചിട്ടില്ല. കഥ എന്തായാലും അതിന്, ഘടത്തിന്റെ കാരണമായ വസ്തു മണ്ണാണെന്നു പറയും പോലെയുള്ള പ്രാധാന്യമേയുള്ളു. മെനയുന്ന കുലാലനും അതിലെ കലാകുശലതയുമില്ലെങ്കില്‍ മണ്ണ് കുടമായി മാറുകയില്ലല്ലോ. അതുപോലെ കുടമുടഞ്ഞു പാല്‍ മുഴുവന്‍ മണ്ണില്‍ ലയിക്കുകയെന്ന ദുരന്തമായാലും, നിറഞ്ഞ പാല്‍ക്കുടം ഉറിയിലിരുന്നു ചിരിക്കുകയെന്ന ശുഭാന്തമായാലും, കൃതി ഹൃദയംഗമത്വത്തിന്റെ ധന്യതയില്‍ തുല്യമാക്കാന്‍ വാണിയെന്ന മണ്ണിനെ വേണ്ടും പോലെ പാകപ്പെടുത്താന്‍ പാടവമുള്ള സ്രഷ്ടാവിനു കഴിയും. 'യദിസ്യാത് പ്രതിഭാഗുണഃ' എന്ന 'എങ്കില്‍' പ്രയോഗത്തിന്റെ വ്യാപ്തമതാണ്. [ന  കാവ്യാര്‍ത്ഥവിരാമോസ്തി യദിസ്യാത് പ്രതിഭാഗുണഃ (ധ്വന്യാലോകം)]. 

പ്രതിഭാശക്തിപ്രവര്‍ത്തനത്താലുളവാകുന്ന ധ്വനിസൗന്ദര്യത്തോടുകൂടിയ കാവ്യാര്‍ത്ഥത്തിന് വിരാമമെന്നൊന്നില്ല. അവസ്ഥാ ദേശ കാലാദി വിശേഷണങ്ങള്‍ പോലും ഈ അനന്ത്യത്തെ ബാധിക്കുകയില്ല. കേട്ടുകേള്‍വി മാത്രമുള്ള പഴംകഥകളെ ആസ്പദമാക്കി രചിക്കപ്പെട്ടവയാണ് പുണ്യപ്പെട്ടവയെന്ന് മുമ്പേ വ്യപദിഷ്ടമായ എല്ലാ കൃതികളും. അവ ഭാവാര്‍ത്ഥധ്വനികളിലൂടെ നമുക്ക് ആനന്ദപുളകമുളവാക്കിക്കൊണ്ടിരിക്കുന്നു- മനുഷ്യര്‍ യന്തിരന്മാരായി (റൊബോട്ടുകള്‍) മാറാതിരിക്കുന്നിടത്തോളം കാലം നിലനില്‍ക്കുമെന്ന് (ശാശ്വതീഭ്യഃ സമാഭ്യഃ എന്ന് ഉപനിഷത്ത്) വാഗ്ദാനം ചെയ്യപ്പെട്ട അനുഭൂതി. ഈ 'സദ്യ: പരനിര്‍വൃതി', 'ശിവേതരക്ഷതി' കൂടിച്ചേര്‍ന്ന ഒരു സംയുക്തമാണ്. വ്യഷ്ടിനിഷ്ഠം മാത്രമല്ലാത്ത, സമഷ്ടിനിഷ്ഠം കൂടിയായ ശിവേതരക്ഷതി.

പ്രഭാവര്‍മ്മ പ്രതിഭാവര്‍മന്‍ കൂടിയായതുകൊണ്ട് മുന്‍പറഞ്ഞ കൃതികളില്‍ നാലെണ്ണത്തിന്റെ (കാവിലെപ്പാട്ട്, ഒരു പഴയ പാട്ട്, പഴയൊരു പാട്ട്, തീവണ്ടിയിലെ പാട്ട് എന്നീ കരുണ ദാരുണ കൃതികള്‍) നിരയിലേക്ക് ഒരു കൃതി കൂടി രചിച്ചരുളിയിരിക്കുന്നു. മൃതിദുരന്തങ്ങള്‍ കൊണ്ടോ മൃതിതുല്യ ശൂന്യതകള്‍ കൊണ്ടോ അമൃതം ചമയ്ക്കുന്ന കൃതികളെ പഞ്ചകമാക്കിയിരിക്കുന്നു. അതിന് മലയാളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

ഇതിവൃത്തഘടനയില്‍ ഒ.എന്‍.വിയുടെ 'പഴയൊരു പാട്ടി'നോടും ഉജ്ജയിനീ കാവ്യത്തോടും ചില സാദൃശ്യങ്ങള്‍ ഈ കവിതയ്ക്കുണ്ട്. മൂന്നിലും 'രത്‌നഹാരീതുപാര്‍ത്ഥിവഃ' എന്ന ചരിത്രാവര്‍ത്തനത്തിന്റെ സാന്നിധ്യമുണ്ട്.
''പരസ്പര പ്രാപ്തിനിരാശയോര്‍വരം
ശരീരനാശോപിസമാനുരാഗയോഃ'' എന്ന കാളിദാസ ദര്‍ശനത്തിലെ സ്‌നേഹാമൃതതത്ത്വം പ്രതിഭാസിക്കുന്നുമുണ്ട്. ആ തത്ത്വം രത്‌നഹാരിയായ ഒരു പാര്‍ത്ഥിവന്റെ നാവിനല്ല ഇണങ്ങുന്നത്, പരസ്പരപ്രാപ്തിയില്‍ ആശയില്ലാതെ മരണമാണ് വരണീയമെന്നു നിനയ്ക്കുന്ന ഒരു അനശ്വര കവികാമുകന്റെ നാവിനാണ് എന്ന ഉപദര്‍ശനം ഉജ്ജയിനീ കാവ്യത്തിന്റെ കഥാഘടനയിലുണ്ട്. ഇത് കവി തന്നെ നിഷേധിച്ചാല്‍ പോലും (നിഷേധിച്ചിട്ടില്ല) അതാണ് അബോധ ചേതോവ്യാപാരത്തിലൂടെ പ്രത്യക്ഷമാകുന്ന സത്യം.


ഊഴിയിലെ അഖിലസാരമായ ഈ സ്‌നേഹതത്ത്വത്തിന്റെ പ്രപഞ്ചനം കൊണ്ടുമാത്രം (പ്രതിഭാഗുണത്താലുളവാകുന്ന നവസര്‍ജനത്തിന്റെ ധ്വനിസാന്നിധ്യമുള്ളപ്പോള്‍ എന്നിനി വേറെ പറയേണ്ടതില്ല) ഒരു കൃതി മഹത്വപൂര്‍ണ്ണമാകാം. എന്നാല്‍, 'പഴയൊരു പാട്ടി'ലേയും ഉജ്ജയിനീ കാവ്യത്തിലേയും 'കനല്‍ച്ചിലമ്പി'ലേയും അധിപതിസത്തകളുടെ ഏകപക്ഷീയമായ കാമോന്മാദത്തിനെതിരെ സ്വന്തം മൃതിയുടെയോ ശത്രുഹത്യയുടെയോ കനല്‍ച്ചിലമ്പെറിയുന്ന സ്ത്രീപ്രതിഷേധത്തിന്റെ ഉഗ്രതയും ഉദ്ഗ്രതയും കൂടിയാണ് ഈ കൃതികള്‍ക്ക് കാലോചിതവും കാലാതീതവുമായ മറ്റൊരു മഹത്വ ജ്വാലാപരിവേഷമരുളുന്നത്. ചിലമ്പെറിഞ്ഞ് രാജപുരിയെ കനലിലെരിയിച്ച കണ്ണകിയുടെ ഉഗ്രപ്രതിഷേധമെന്ന ആദിപ്രരൂപത്തിന്റെ സാന്നിധ്യം ഇവയിലെല്ലാമുണ്ട്. ''നിന്റെ മരുമോള്‍ക്കു സംബന്ധം നോമുറച്ചു'' എന്ന് പെണ്ണിന്റെ കാരണവരോട് പ്രഖ്യാപിക്കുന്ന പ്രഭുവും മാളവത്തിലെ മങ്കാപ്രായം കടന്നുകഴിഞ്ഞിട്ടില്ലാത്ത സുന്ദരി യൗവ്വനം പിന്നിട്ട തനിക്ക് അവകാശപ്പെട്ട രത്‌നമാണെന്നു നിശ്ചയിക്കുന്ന രാജാവും ഒരു കുഞ്ഞിന്റെ അമ്മയായ തരുണീരത്‌നത്തെ കുഞ്ഞില്‍നിന്നു വേര്‍പെടുത്തുകയും അതിന്റെ ജനയിതാവിനെ തുറുങ്കിലടയ്ക്കുകയും ചെയ്തതിനുശേഷം ബലവാന് എന്തും ചെയ്യാമെന്ന് ജനസഞ്ചയത്തെ വിശ്വസിപ്പിച്ചുംകൊണ്ട് അപഹരിക്കുന്ന രാജാവും (യഥാക്രമം 'പഴയൊരു പാട്ടി'ലേയും 'ഉജ്ജയിനി'യിലേയും 'കനല്‍ച്ചിലമ്പി'ലേയും അധിപതിമാര്‍) ഏകപക്ഷീയമായ കാമോന്മാദത്തിന്റെ പുരുഷാകാരങ്ങളാണ്. അനുമരണം, പട്ടിണിമരണം, അധിപതിഹനനം എന്നീ കനല്‍ച്ചിലമ്പുകളെറിഞ്ഞ് ഇരകളായിത്തീര്‍ന്ന സ്ത്രീകള്‍ ഉഗ്രപ്രതികാരം നിര്‍വ്വഹിക്കുന്നു. ഉത്തര-ദക്ഷിണ ഭേദമില്ലാതെ ഭാരതത്തില്‍ ഈ ചിലപ്പതികാരകഥ ആയിരത്താണ്ടുകളായി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. പുരുഷാധിപത്യത്തിനെതിരെ ചിലമ്പെറിഞ്ഞ് അഗ്‌നിജ്വാലാ കലാപമുയര്‍ത്തുന്ന നവയുഗസ്ത്രീയുടെ പ്രതിഷേധം കൂടിയാണ് 'കനല്‍ച്ചിലമ്പ്' എന്ന പഴംപാട്ടിന്റെ സാംസ്‌കാരികമൂല്യം എന്നു തിരിച്ചറിഞ്ഞേ തീരൂ.
മനുഷ്യാസ്തിത്വ പ്രഹേളികയെന്ന സനാതന സത്യത്തിന്റെ ഗാഥയെന്ന നിലയ്ക്കുള്ള സാംസ്‌കാരിക മൂല്യവും നവയുഗപ്രസക്തിയുടെ സാംസ്‌കാരിക മൂല്യവും സമഷ്ടിനിഷ്ഠമായ ശിവേതരക്ഷതിയുടെ പ്രകൃതത്തില്‍ തുല്യ പ്രധാനങ്ങളാണ്.

മറ്റു കൃതികളെ അപേക്ഷിച്ച് അസ്തിത്വത്തിലെ അപ്രതിരോധ്യമായ പ്രഹേളികാത്വം 'കനല്‍ച്ചിലമ്പി'ലെ പരമദുരന്തത്തിന് തീവ്രതരമായ ഒരു അധികമാനം നല്‍കുന്നു. മനുഷ്യാസ്തിത്വം സുന്ദരവും സന്തുലിതവുമാവാന്‍ ബന്ധങ്ങളുടെ സ്വഭാവത്തില്‍ അര്‍ധനാരീശ്വരയോഗമുണ്ടാവണമെന്ന തത്ത്വം ഭാരതീയമായ ആര്‍ഷാന്വേഷണം പണ്ടേ കണ്ടെത്തി. ഇതേ ദര്‍ശനത്തിന്റെ ഉടമയായ മറ്റൊരു ജനത ചീനരാണ്. സാക്ഷാല്‍കൃതമാവേണ്ട സന്തുലിതാവസ്ഥയെ താവോ (Tao) എന്ന പദം കൊണ്ടാണ് അവര്‍ വ്യപദേശിച്ചത്. രണ്ട് അടിസ്ഥാന പ്രവണതകളുടെ ചാക്രികഗതിയില്‍ സന്തുലിതാവസ്ഥ സാക്ഷാല്‍ക്കരിക്കുമ്പോള്‍ അസ്തിത്വം സുന്ദരമാകുന്നു. ആ പ്രവണതകള്‍ക്ക് യിന്‍-യാന്‍  (Yin-Yan) എന്നാണ് പേരുകള്‍. സ്ത്രൈണം പുരുഷോചിതം എന്ന് അവയ്ക്ക് ഒരു സാമാന്യ ഗുണധര്‍മ്മസ്വഭാവവും കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. വ്യക്തിയിലും സമൂഹത്തിലും ഇവയുടെ സമന്വിതവും സന്തുലിതവുമായ അവസ്ഥയാണ് ശിവകരം. ''ശിവഃശക്ത്യായുക്തോയദി ഭവതി ശക്തഃ പ്രഭവിതും'' എന്ന ഭാരതീയ ദര്‍ശനത്തിനു സമാനമാണ് ഇത്. സ്ത്രൈണം (feminine), സങ്കോചാത്മകം (conservative), പ്രതികരണാത്മകം (responsive), സഹകരണാത്മകം (co-operative), അന്തര്‍ജ്ഞാനാത്മകം  (intuitive), ഉദ്ഗ്രഥനാത്മകം (synthesizing)  എന്നും മറ്റും Yin തത്ത്വത്തിന്റേയും പുരുഷോചിതം (masculine), വികാസോന്മുഖം (expansive), ആദാനാത്മകം (demanding), ആക്രാമകം (aggressive), മത്സരാത്മകം (competitive), യുക്തിവിചാരാത്മകം (rational), അപഗ്രഥനാത്മകം (analytical) എന്നും മറ്റും യാന്‍ തത്ത്വത്തിന്റേയും ഗുണധര്‍മ്മങ്ങള്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. (The turning point - Frit Joy Capra).


മിത്തിന്റെ മിസ്റ്ററികളില്‍നിന്ന് കല
yin-yan യോഗം സമതുലിതമാവുമ്പോള്‍ വ്യക്തി-സമൂഹജീവിതങ്ങള്‍ സുന്ദരവും പ്രശാന്തവുമാകുന്നു. മേല്‍നില-കീഴ്നിലകളില്ലാതാക്കി സമനില സാക്ഷാത്കരിക്കുകയെന്ന വര്‍ഗവൈരുദ്ധ്യോന്മൂലന തത്ത്വം സമൂഹത്തിലെ സമ്പത്ത്, അധികാരം എന്നിവയെ മുഖ്യമായി കേന്ദ്രീകരിച്ചുള്ള വിചിന്തനമാണ്. മറ്റു ചില മാനങ്ങളുടെ പരിഗണന കൂടി യിന്‍-യാന്‍ സന്തുലന തത്ത്വത്തില്‍ അടങ്ങിയിട്ടുണ്ട്. ബലം, അധികാരം, ആക്രമണപ്രവണത എന്നീ പുരുഷോചിത ഗുണധര്‍മ്മങ്ങള്‍ മുന്‍കൈ നേടുമ്പോള്‍ സംഭവിക്കുന്ന ദുരന്തങ്ങളില്‍ ആ 'കാരണ'-ങ്ങള്‍ സുവ്യക്തങ്ങളാണ്. അവയ്ക്കുനേരെ ചിലമ്പെറിഞ്ഞ് പ്രതിഷേധിക്കുന്ന സ്ത്രീദുരന്ത കഥകളില്‍ പ്രഹേളികാത്വമില്ല. മൃതിപൂകുന്നവളേയും മൃതിപൂകാതെ കത്തിക്കാളി തുടരുന്നവരേയും കോവിലില്‍ പ്രതിഷ്ഠിച്ച് ദേവിയായി ആരാധിക്കുകയും ജീവത്തായ ഭൗതിക സ്ത്രീസത്തയെ പീഡിപ്പിക്കുന്ന കര്‍മ്മശൈലി തുടരുകയും ചെയ്യുന്നത് പുരുഷനീതിയായി വിജയിച്ചരുളുന്നു. 'യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ' എന്നു പാടും. നാരി പൂജിക്കപ്പെടുന്നിടത്ത് രമിക്കുന്നവര്‍ ദേവന്മാര്‍; അവള്‍ പൂജ്യയല്ല പീഡ്യയാണ് എന്ന് നിശ്ചയിക്കപ്പെടുന്നിടത്ത് രമിക്കുന്നവര്‍ നരന്മാര്‍ എന്ന വിവേചനം നിലനിര്‍ത്തിപ്പോരുകയും ചെയ്യും. കനല്‍ച്ചിലമ്പിലെ സ്ത്രീക്ക് ഇപ്രകാരം കോവിലില്‍ പൂജിക്കപ്പെടാന്‍ ഇരുന്നുകൊടുക്കുന്നതിനു പകരം സ്വീകരിക്കേണ്ടിവന്ന വഴി പുരുഷഹനനമാണ്. പുരുഷോചിതമായ ഈ ആക്രാമകമാര്‍ഗ്ഗം സ്വീകരിക്കുന്നതോടെ അവളുടെ വിജിഗീഷുത പൂവണിയുന്നില്ല എന്നിടത്താണ് കനല്‍ച്ചിലമ്പിലെ പ്രഹേളികാത്വം തുടങ്ങുന്നത്. സങ്കേതം കുറിച്ചിരുന്നിടത്ത് അവര്‍ കണ്ടെത്തുന്നത് കാത്തിരിക്കുന്ന പ്രിയതമനെയല്ല. അയാളുടെ നിശ്ചേഷ്ട ശരീരത്തെയാണ്. കാലസര്‍പ്പദംശനമേറ്റ് അയാള്‍ പടിഞ്ഞുകഴിഞ്ഞിരുന്നു.

ലീലാകഥയിലെന്നപോലെ ഈ വിധി ലീലയോട് പ്രതിഷേധിച്ച് ജീവത്യാഗം ചെയ്യുകയെന്ന ദുരന്തവുമല്ല സംഭവിക്കുന്നത്. ഇരുളില്‍ ഏകാകിനിയായി അബോധാവസ്ഥയിലെന്നപോലെ നീങ്ങുന്ന അവളെ ഒരു കശ്മലനല്ല, ഒരു സംഘം കശ്മലര്‍ കാമോന്മാദത്തിന്റെ ഇരയാക്കുന്നു. ഒരു ഇരുള്‍ക്കാട്ടില്‍ പടര്‍മുള്ളിന്‍ പടര്‍പ്പില്‍ ഇരുദിനരാത്രങ്ങള്‍ കിടന്ന അവളില്‍ മഴയാണ് കരുണ പെയ്തത്. ജീവിതം തുടരാന്‍ തന്നെ അവള്‍ വിധിക്കപ്പെടുന്നു. രുദിതാനുസാരിയായെത്തിയ സഞ്ചാരിയായ ഒരു വ്യാപാരി ആ ജീവച്ഛവത്തെ കണ്ടെത്തി. അയാള്‍ അവളെ എത്തിച്ചത് ഒരു ഗണികാലയത്തില്‍. അവളുടെ സൗന്ദര്യം ധനമാക്കി മാറ്റാമെന്ന് കണക്കുകൂട്ടിയ ആലയാധിപ വിദഗ്ധ ചികിത്സ നല്‍കി അവളെ ജീവിതത്തിലേക്കു വീണ്ടെടുത്തു. ഉരുക്കുപെട്ടിയില്‍ പൊന്നും പവിഴവും നിറച്ചുകൊടുക്കാനുള്ള ഉപകരണമായി അവളുടെ ഉടല്‍ പ്രവര്‍ത്തിച്ചു. ധനികരുടെ പല്ലക്കുകള്‍ പതിവായി അങ്ങോട്ടു നീങ്ങി. ഒരുനാള്‍ രഥമിറങ്ങിച്ചെന്നത് ഒരു യുവകോമളന്‍. മകനാവാന്‍ മാത്രം പ്രായമുള്ളവന്‍. അവനെ സല്‍ക്കരിക്കുമ്പോള്‍ മാതൃത്വനിര്‍വൃതി കൂടി അവള്‍ക്കനുഭവപ്പെട്ടു. ഇത്ര ചെറുപ്പത്തില്‍ ഇങ്ങനെ വഴിതെറ്റരുതെന്ന് അമ്മയുടെ അപാരവാത്സല്യത്തോടെ ഉപദേശിക്കുന്ന സ്ത്രീയില്‍ ഒരു പ്രമദയ്ക്കു പകരം അലിവേറിയ അമ്മയുടെ സ്വത്വം ദര്‍ശിച്ച അയാള്‍ സ്വന്തം കഥ വെളിപ്പെടുത്തി. താന്‍ ഹനനം ചെയ്ത അധിപതിയില്‍നിന്ന് തനിക്കുണ്ടായ പുത്രന്‍ തന്നെയാണതിഥിയെന്ന സത്യം ഗ്രഹിച്ചതിനുശേഷം ജീവിച്ചിരിക്കുക അവള്‍ക്കു സാധ്യമല്ലാതായി. ചിത കൂട്ടി അതില്‍ ചാടിയിട്ടും ജീവിതമൊടുങ്ങിയില്ല. ഉടല്‍ പാതി കരിഞ്ഞതേയുള്ളു. ആലയത്തിലെ അന്തേവാസിനികള്‍ ആളിക്കത്തുന്ന അഗ്‌നിയില്‍നിന്ന് അവളെ വീണ്ടെടുത്തു. എങ്കിലും അവളുടെ ഉടല്‍ കൊണ്ട് ഇനി ഉപയോഗമില്ലെന്നറിഞ്ഞ യജമാനത്തി അവളെ ഒരു പാല്‍ക്കാരനു കൊടുത്തു. അവളൊരു പാലുവില്‍പ്പനക്കാരിയായി. ഒരുനാള്‍ പാല്‍ക്കുടം തലയില്‍നിന്നു വീണുടഞ്ഞു. അപ്പോളവള്‍ കരയുകയല്ല ചിരിക്കുകയാണുണ്ടായത്. കുടമുടയല്‍ അവള്‍ക്ക് ജീവിതത്തിലെ ആവര്‍ത്തനകഥയായിരുന്നല്ലോ. ഈ ചിരി കണ്ട ഒരു യുവകവിയാണ് ആ പ്രഹേളികയുടെ അര്‍ത്ഥമാരാഞ്ഞു കണ്ടെത്തി കഥാഖ്യാനത്തിലേര്‍പ്പെടുന്നത്.

പലതവണ മരിച്ച് ഉയിര്‍ത്തെഴുന്നേറ്റവളുടെ കഥ ഒരു പ്രഹേളികാപരമ്പരയാണ്. കുടമുടഞ്ഞതിനുശേഷം അതൊരു വഴികാട്ടിയായിത്തോന്നിയതു കൊണ്ടാവാം അവള്‍ സ്വന്തം ജീവിതപ്പാല്‍ക്കുടം ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടാകാത്ത വിധത്തില്‍ തകര്‍ത്തു. അവള്‍ ആരോടും പറയാത്ത അവളുടെ കഥ കവി കണ്ടെത്തിയ വഴിയില്‍ മിത്തിന്റെ മിസ്റ്ററികള്‍ ഇണക്കിച്ചേര്‍ത്ത് നല്ലൊരു കലാസൃഷ്ടി മെനഞ്ഞെടുക്കുന്നതില്‍ ഉടയാത്തൊരു കുടം നിര്‍മ്മിക്കുകയെന്ന കുലാലസൃഷ്ടിവൈഭവം പ്രകടമായിട്ടുണ്ട്.

മലയാളത്തിലുണ്ടായ കുറത്തിപ്പാട്ടു വൃത്തകൃതികളില്‍ ഏറ്റവും പ്രഖ്യാതം 'കാവിലെപ്പാട്ടാ'ണ്. ആ പാട്ടിന് ഏറ്റവും ഇണങ്ങുക ആ വൃത്തം തന്നെ എന്ന നിഗമനത്തിലേക്ക് നമ്മെ പിടിച്ചുവലിക്കുന്ന രചനാചാതുരി അതിലുണ്ട്. പൂതപ്പാട്ടുപോലെ വേറൊരു രീതിയിലാണ് ഇടശ്ശേരി അത് രചിച്ചിരുന്നതെങ്കില്‍ നിഗമനം എന്താവുമായിരുന്നിരിക്കും എന്ന് ആലോചിക്കാനേ പഴുതു തരാത്ത വിധത്തില്‍ ആ ഇണക്കം അത്ര ഹൃദ്യമായിട്ടുണ്ട്. 'കനല്‍ച്ചിലമ്പി'നെപ്പറ്റിയും ഇതുതന്നെ പറയാം. തുടക്കത്തില്‍ കഥ പറയിക്കുന്നത് ഒരു കുറത്തിയെക്കൊണ്ടാണ് എന്നത് ഈ വൃത്തസ്വീകരണത്തിന് ഒരു വിശേഷോപപത്തിയും നല്‍കുന്നുണ്ട്. പ്രവചനങ്ങളുടേയും പുരാവൃത്തങ്ങളുടേയും ഒരു ഉറവ എന്ന സങ്കല്‍പ്പം മറുനാട്ടില്‍ നിന്നെത്തുന്നവളായ കുറത്തിയോടു ബദ്ധമാണ്. (ഗതകാലത്തോടുള്ള തീവ്ര പ്രതിഷേധം പുരാവൃത്ത ബദ്ധമല്ലാത്തതുകൊണ്ടായിരിക്കാം 'കുറത്തി' എന്നുതന്നെ പേരുള്ള കവിതയില്‍ വിപ്ലവത്തീയാളുന്നതിനു ചേര്‍ന്ന മറ്റൊരു താളഘടന കടമ്മനിട്ട സ്വീകരിച്ചത്).


മാജിക്കല്‍ റിയലിസത്തിന്റെ കലാഖ്യാനതന്ത്രം
പാല്‍ക്കുടം തകര്‍ന്ന് പാല്‍ മുഴുവന്‍ മണ്ണിലൊഴുകിയപ്പോള്‍ ചിരിച്ച പാല്‍ക്കാരിയുടെ പ്രഹേളികാനിര്‍ഭരമായ കഥ പറയാന്‍ കവി കണ്ടെത്തിയ മാധ്യമങ്ങള്‍ മൂന്നെണ്ണമാണ്. ചിത്രം കൊത്തിയെടുക്കാന്‍ കുറത്തി ശീലിപ്പിച്ച തത്ത, കുറത്തി, കോമരം. പാശ്ചാത്യ രാജ്യങ്ങളില്‍ പണ്ട് ഓറക്കിളുക'ളിലൂടെയാണ് അവ്യാഖ്യേയങ്ങളായ പ്രവചനങ്ങള്‍ ഉറന്നുവന്നിരുന്നത്. ഗ്രീക്കു കഥകളില്‍ അവ ധാരാളമുണ്ട്. പ്രവചനങ്ങള്‍ ഭാവിസൂചകങ്ങള്‍ മാത്രമായിരുന്നില്ല, ഭവിഷ്യത്ത് കഥകളെ രൂപപ്പെടുത്തുന്നവ കൂടിയായിരുന്നു. ദൈവങ്ങളുടെ ഉള്ളിരിപ്പ് വെളിപ്പെടുത്തുന്നവരുമായിരുന്നു 'ഓറക്കി'ളുകള്‍. കേരളത്തില്‍ കുറത്തികള്‍ പ്രവചനങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് ദൈവഹിതകഥനമായിട്ടല്ല. ദൈവഹിതവും മറഞ്ഞുകിടക്കുന്ന വസ്തുതകളും വെളിപ്പെടുത്തുന്നവര്‍ വെളിച്ചപ്പാടന്മാര്‍ ആയിരുന്നു. ഇരുളില്‍ കിടക്കുന്നവയെ വെളിച്ചത്തില്‍പ്പെടുത്തുന്നവര്‍ വെളിച്ചപ്പാടന്മാര്‍. പള്ളിവാളേന്തി, പള്ളിച്ചിലമ്പിട്ട്, പട്ടുടുത്ത്, മഞ്ഞള്‍ പൂശി, ഉറഞ്ഞുതുള്ളുമ്പോള്‍ വാള്‍കൊണ്ട് സ്വന്തം ശിരസ്സില്‍ വെട്ടി രക്തമൊഴുക്കി സത്യവചസ്സുകള്‍ക്ക് ദിവ്യവചനങ്ങളെന്ന പരിവേഷം നല്‍കാന്‍ വെളിച്ചപ്പാടന്മാര്‍ 'സിദ്ധി'യുള്ളവരായിരുന്നു. ദേവി/ദേവന്‍ ചേതസ്സിനെ ആവേശിക്കുന്ന അവസ്ഥയെ 'ഉറഞ്ഞുതുള്ളല്‍', 'കലികയറല്‍' മുതലായ പദങ്ങള്‍കൊണ്ടാണ് വ്യപദേശിച്ചിരുന്നത്. മറ്റാര്‍ക്കും തെളിഞ്ഞുകിട്ടാത്ത വസ്തുതകളുടെ 'വെളിപാട്' അവര്‍ക്കുണ്ടാക്കിക്കൊടുക്കുന്നത് അവരെ ആവേശിക്കുന്ന ദിവ്യശക്തിയാണെന്നായിരുന്നു സങ്കല്‍പ്പം. ഇതിന്റെ തഥ്യത്തില്‍ വിശ്വസിച്ചവരും ജാട മാത്രമെന്ന് നിഷേധിച്ചവരും ഉണ്ടായിരുന്നു. വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുമ്പോള്‍ ഉച്ചരിക്കുന്ന പദാവലിയും സാധാരണരുടെ ഭാഷണശൈലിയില്‍നിന്നു വ്യത്യസ്തമായിരുന്നു. ഇത്തരം അനുഷ്ഠാനങ്ങളും പ്രവചനങ്ങളില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ഇപ്പോഴും ഉണ്ട്. വെളിച്ചപ്പാട്, കുറത്തി എന്നിവരുടെ പ്രവചനസിദ്ധികളിലും സത്യദര്‍ശനങ്ങളിലും വിശ്വസിക്കാത്തവരുടെ ശാസ്ത്രീയ യുഗത്തില്‍ കഥാഖ്യാനത്തിന് പഴയ അന്ധവിശ്വാസങ്ങളെ കൂട്ടുപിടിക്കേണ്ടതുണ്ടോ എന്ന സന്ദേഹം ഉന്നയിക്കപ്പെടാം. മാജിക്കല്‍ റിയലിസത്തോട് ബദ്ധമായ ഒരു കഥാഖ്യാനതന്ത്രമായിട്ടേ സാഹിത്യത്തിന്റെ പ്രകൃതത്തില്‍ അതിനെ ഗണിക്കേണ്ടതുള്ളു. കവികല്‍പ്പനയില്‍ പിറന്ന കഥ തന്നെയാണ് ആഖ്യാനം ചെയ്യപ്പെടുന്നത്. പ്രവചനസിദ്ധിയുള്ളവരുടെ ആഖ്യാനം എന്ന കല്‍പ്പന നാടകീയ ചാരുതയുളവാക്കുന്ന കലാതന്ത്രമാണ്. സമസ്യ ഹൃദ്യമായി പൂരിപ്പിക്കപ്പെട്ടുവെങ്കില്‍ അത് കല്‍പ്പനാവൈഭവത്തിലൂടെയാണ്; സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായതുകൊണ്ടല്ലല്ലൊ. കലാപരമായ കല്‍പ്പനാവൈഭവവും അതില്‍ അസ്തിത്വസത്യങ്ങളും മനഃസംസ്‌കരണോന്മുഖ ലക്ഷ്യങ്ങളും മേളിപ്പിക്കുന്നതിലുള്ള വൈദഗ്ധ്യവും തന്നെയാണ് കൃതിക്ക് കലാസൃഷ്ടിയെന്ന നിലയ്ക്ക് മഹത്വമേകുന്നത്.

പാല്‍ക്കുടം തലയില്‍നിന്നു വീണു തകര്‍ന്നിട്ടും കരയാതെ ചുണ്ടുകോട്ടി ചൂളംകുത്തും പോലാക്കി നനഞ്ഞ ചേല കുടഞ്ഞൊതുക്കി വല്ലാത്തൊരു ചിരിയോടെ പോകുന്ന ചേരിപ്പാര്‍പ്പുകാരിയായ പാല്‍ വില്‍പ്പനക്കാരിക്ക് 'നാഴിയുരിയരി' വാങ്ങാനുള്ള കൂലിയാണ് തകര്‍ന്നുടഞ്ഞത്. ഉടമയ്ക്ക് ചിന്തിപ്പോയ പാലിന്റേയും തകര്‍ന്നുപോയ കുടത്തിന്റേയും വില കണക്കുപറഞ്ഞ് കൊടുക്കാന്‍ വഴിയുമില്ല. ഈ അവസ്ഥയില്‍ അവള്‍ക്കു ചിരിക്കാന്‍ തോന്നിയതിന്റെ രഹസ്യം കണ്ടെത്തണം. അങ്ങനെ ദൃക്സാക്ഷി കുറത്തിയെ സമീപിക്കുന്നു. കിളി കൊത്തിയെടുക്കുന്ന ചിത്രമാണ് ഉത്തരത്തിലേയ്ക്കുള്ള വഴികാട്ടി. പക്ഷേ, കിളി ചിത്രം കൊത്തിയെടുക്കാതെ പരുങ്ങുകയാണ്. കുറത്തിയുടെ ഉള്ളു നീറി. അഗ്‌നിശൈലത്തിനുള്ളില്‍നിന്നു ലാവയെന്നപോലെയുള്ള തള്ളല്‍. അതില്‍ അവളുടെ അകക്കണ്ണു തുറക്കുന്നു. അപ്പോള്‍ തത്ത പതുക്കെ മുന്നിലേക്ക് ഒരു ചിത്രം നീക്കി. അതില്‍ 'രാവണന്‍ ചിറകരിഞ്ഞ പക്ഷി'യെ അവള്‍ കണ്ടു. പാല്‍ക്കാരിയുടെ ഗതകാല കഥയുടേയും ആസന്നമൃത്യുവിന്റേയും കൊടുമയാവാം ആ ചിത്രത്തിന്റെ സൂച്യം. 'ചുട്ടുപഴുത്ത കനല്‍ച്ചെമ്പാ'യി അവളുടെ ഉള്ളം. അത് കടഞ്ഞെടുത്ത വിരളഘോരമായ സത്യകഥ അന്തര്‍ ദൃക്സാക്ഷിയായി അവര്‍ വിവരിക്കുകയാണ്, പാല്‍ക്കുടമുടയുമ്പോള്‍ ചിരിതൂവുന്നതു കണ്ട ബഹിര്‍ ദൃക്സാക്ഷിക്കുവേണ്ടി. അവളുടെ ഭര്‍ത്താവിനെ രാജാവ് നാടുകടത്തിയതും അരുമക്കുഞ്ഞില്‍നിന്ന് അമ്മയെ പറിച്ചെടുത്തതും രോഗം ബാധിച്ച കുഞ്ഞിനെ കാലം ഭൂമിയില്‍നിന്നേ നാടുകടത്തിയതുമായ കരുണദാരുണ കഥ. ഏതു കദനവും നിറയ്ക്കാനുള്ള പാത്രമാണ് അബല; അവള്‍ക്കുള്ളിലുള്ള പാത്രം അഹിതവും അവിഹിതവുമായതിനെപ്പോലും വളര്‍ത്തും; ഉടമയുടെ, ഉടലിന്റെ ഇച്ഛയോരാതെ. അരചനും അവളിലൊരു മകനുണ്ടായി. അതിനുശേഷമാണ് അവളൊരുനാള്‍ ഒരു സ്വപ്നം കണ്ടത്. അകലെയൊരാശ്രമത്തില്‍ നിന്നൊരു ഭിക്ഷു വരും ആ പുത്രനെ ആശീര്‍വദിക്കാന്‍ എന്ന്. അന്നുമുതല്‍ ഭിക്ഷാടകര്‍ക്കായി കൊട്ടാരം വാതില്‍ തുറന്നുവെച്ചു. ഒരുനാള്‍ ഭിക്ഷു എത്തിച്ചേര്‍ന്നു. ഒരു സോപാനത്തിന് മുകളിലും താഴെയുമായി രാജ്ഞിയും ഭിക്ഷുവും നിന്നു. ഭിക്ഷാടനപാത്രത്തില്‍ കണ്ണീരു വീഴുന്നതു കണ്ട അവള്‍ ആ മുഖം ഉഴിഞ്ഞുനോക്കി. അരനിമിഷം! അവള്‍ അയാളെ തിരിച്ചറിഞ്ഞു. ''കാറ്റിളകീല; ഇലയനങ്ങീല പദഷട്പദങ്ങള്‍ അവര്‍ക്കിടയിലായ് പറന്നു.'' എല്ലാം ഇട്ടെറിഞ്ഞു കൂടെപ്പോകാനുള്ള ദൃഢനിശ്ചയം അവളെടുത്തു. അയാള്‍ വിലക്കി; ഒഴിഞ്ഞുമാറി.

''മൃതിയെങ്കില്‍ മൃതി മനമകമേയില്ലാതി-
ങ്ങലയുവാന്‍ വിധിയെങ്കില്‍ മൃതിയല്ലീ ഭേദം'' എന്ന കാളിദാസ മനഃസത്യം തന്നെ അവളുടേതും. ''ഇനി വാഴ്വുണ്ടെങ്കില്‍ ഒരുമിച്ചു പകുക്കും; മൃതിയെങ്കില്‍ മൃതിയും''. ആ ഇളകാത്ത ഉറപ്പിനു മുന്നില്‍ അയാള്‍ ദുര്‍ബ്ബലനായി. അങ്ങനെയാണ് അരയാല്‍ത്തറയില്‍ സങ്കേതം കുറിച്ചത്. വസന്തപഞ്ചമിനാളില്‍ വടക്കുപടിഞ്ഞാറ് താരം തെളിയുന്ന നേരത്ത് അവിടെ എത്തുക.
നിശീഥിനിയുടെ നിശ്ശബ്ദതയില്‍ സത്യം തേടി കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ത്ഥനെപ്പോലെ അവള്‍ ഇറങ്ങാനൊരുങ്ങി. മകനെ അരചനടുത്തു കിടത്തി. പുതപ്പിക്കാനൊരു പട്ടെടുത്തപ്പോള്‍ വിളക്കുതെളിയും പോലെ ഒരു രത്‌നം തിളങ്ങി; അരചന്റെ വാളു തറയില്‍ വീണു. അരചനുണര്‍ന്നു. ''ഈ ഇരുട്ടില്‍ എവിടേക്കാണ്?'' അരചന്‍ അലറി. പെട്ടെന്നവള്‍ വാളെടുത്തു വീശി. ''വെട്ടൊന്ന്; കണ്ടം രണ്ട്''. വാള്‍ത്തലപ്പ് മകന്റെ നെറ്റിത്തടത്തില്‍ തട്ടി മുറിവുണ്ടായി. (ഇതിന്റെ കലയും വേശ്യാലയത്തില്‍ വെച്ച് രണ്ടു ദശകങ്ങള്‍ക്കുശേഷം യുവാതിഥിയാരെന്നതിനു തെളിവായി) അവള്‍ പതറിയില്ല.
ഉരുള്‍പൊട്ടി വരുമൊരു മലവെള്ളം കണക്കെ
മുറുകിയ വില്ലില്‍നിന്നും ശരമെന്ന കണക്കെ
അവള്‍ കൊട്ടാരം വിട്ട് ഇരുളിലേക്ക് കൂപ്പുകുത്തി.
സ്വപ്നത്തില്‍ അബോധ ചേതസ്സ് ഋഷിയെ കാട്ടിക്കൊടുത്തതും ഭിക്ഷുവിന്റെ ആഗമനവും ഇറങ്ങിപ്പോകാനുള്ള ദൃഢനിശ്ചയവും അതിനുവേണ്ടി വന്ന അനാസൂത്രിതമായ ഹനനമെന്ന കൊടും കര്‍മ്മവും എല്ലാം പൂമൊട്ടിനകത്തു പെട്ടുപോയ വണ്ടിന്റെ മനോരാജ്യം പോലെയായി. ആല്‍ത്തറയില്‍ വെച്ച് മനോരാജ്യം തകര്‍ന്നു. എന്തുകൊണ്ട് നിയതി കാലസര്‍പ്പത്തിന്റെ ഉഗ്രദംശനത്തിനയാളെ ഇരയാക്കി? എന്തുകൊണ്ടവളെ കശ്മലസംഘത്തിന്റെ ഇടിച്ചുപിഴിയലിനിരയാക്കി? എന്തിനവളെ വീണ്ടെടുത്ത് വേശ്യാലയത്തിലെത്തിച്ചു? എല്ലാം ഉത്തരം കിട്ടാത്ത പ്രഹേളികകള്‍. ഈഡിപ്പസ് പിറന്നപ്പോള്‍ അച്ഛനെ കൊല്ലുമെന്നും അമ്മയെ വേള്‍ക്കുമെന്നും പ്രവചനമുണ്ടായി. അതൊഴിവാക്കാന്‍ പിഞ്ചുപൈതല്‍ മരിക്കണമെന്ന ക്രൂരനിശ്ചയം ജനയിതാക്കള്‍ തന്നെ കൈക്കൊണ്ടു. കൊല്ലാന്‍ നിയുക്തരായവര്‍ അതു ചെയ്യാതെ വിദൂരദേശത്ത് പരിത്യജിച്ചതേയുള്ളു. അന്യദേശത്ത് രാജകുമാരനായിത്തന്നെ അവന്‍ വളര്‍ന്നു. അവിടെയുമുണ്ടായി പ്രവചനം. അതൊഴിവാക്കാന്‍ യാത്രതിരിച്ച ഈഡിപ്പസിന്റെ വിധി അച്ഛനെ വധിക്കാനും അമ്മയെ വേള്‍ക്കാനും തന്നെയായിരുന്നു. ഈ കഥയില്‍ രാജകുമാരനല്ല സത്യത്തില്‍ വെളിപാടോടെ സ്വയം ഹനനമല്ലാതൊരു പോംവഴിയില്ലെന്നറിയുന്നത്; അമ്മയാണ്. ആല്‍ത്തറയിലെ ദുരന്തകഥനം വരെ മാത്രമേ കുറത്തി രംഗത്തുള്ളു. പിന്നത്തെ വെളിപാടുകളുടെ മാധ്യമം വെളിച്ചപ്പാടാണ്. അവള്‍ പാല്‍ക്കാരന്റെ വില്‍പ്പനക്കാരിയാവും വരെയുള്ള കഥ വെളിപാടായി കിട്ടിയ അയാള്‍ പാല്‍ക്കുടം ഉടയും വരെയുള്ള സംഭവങ്ങള്‍ അനാവരണം ചെയ്യുന്നു.


ജീവിതം-ദേഹം-മണ്‍കുടം
മണ്‍കുടം മര്‍ത്ത്യാസ്തിത്വത്തിന്റെ വിഖ്യാതമായ പ്രതീകമാണല്ലോ. മൃതദേഹ സംസ്‌കാരത്തിനുശേഷം ജലകുംഭം ഉടയ്ക്കാന്‍ വീഴ്ത്തുന്ന ആചാരം പല ദേശങ്ങളിലും പ്രചാരത്തിലുണ്ട്. (ജീവിതം-ദേഹം-മണ്‍കുടം എന്ന രൂപകത്തെക്കൊണ്ട് മലയാളം മരിക്കാത്ത കാലത്തോളം മരിക്കാത്ത കവിത നിര്‍മ്മിച്ചത് കുഞ്ഞിരാമന്‍നായരാണ്- 'മണ്‍കുടത്തിന്റെ വില'.- ഉടലെന്ന വെള്ളക്കുടം പേറി സേചനവൃത്തി തുടര്‍ന്നുകൊണ്ടുള്ള കൃഷി ചെയ്യലിനെ, മണ്‍കുടം നല്‍കിയ കുശവനാരോടുള്ള കടം വീട്ടുന്നതിനു വേണ്ടുന്ന കര്‍മ്മപദ്ധതിയായിട്ടാണ് ആ കൃതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്). മണ്‍കുടം-ശരീരം എന്ന സനാതനരൂപകത്തിന് പാല്‍ വില്‍പ്പനക്കാരിയുടെ അന്തിമ നിശ്ചയവുമായി ആഴങ്ങളിലേക്ക് വേരോടിയ ബന്ധമുണ്ട്. പാല്‍ക്കുടമുടഞ്ഞത് ഒരു നിമിത്തമായും തന്റെ നേരം വന്നുചേര്‍ന്നിരിക്കുന്നുവെന്നതിന്റെ സൂചകമായും അവള്‍ കാണുന്നുവെന്നു സുവ്യക്തം. അവളുടെ 'ചുണ്ടുകോട്ടിയ ചിരി'യുടെ ആന്തരാര്‍ത്ഥം അതാണ്. അതൊരു മോണാലിസച്ചിരിപോലെ അവ്യക്തതയുടെയോ നിഗൂഢതയുടെയോ ചിഹ്നമാണെന്നു തോന്നാം. ഡാവിഞ്ചി ആ ചിരിക്ക് അര്‍ത്ഥമെന്തെന്നു ചിന്തിക്കാനുള്ള സ്വാതന്ത്ര്യം കലാസ്വാദകര്‍ക്ക് വിട്ടുകൊടുത്തതുപോലെ കാവ്യത്തിന്റെ ആസ്വാദകര്‍ക്ക് ആ സ്വാതന്ത്ര്യം കവിയും വിട്ടുകൊടുത്തിരിക്കുന്നു. ആ ചിരിയുടെ ധ്വനിഗൗരവം ഈ കൃതിയുടെ ധ്വനിഗൗരവം കൂടിയായിത്തീര്‍ന്നിരിക്കുന്നു.

'പാല്‍ക്കുടം-ശരീരം' എന്നത് ഒരു രൂപകമാണ്. പാല്‍ക്കുടം അപ്രതീക്ഷിതമായും അനായാസമായും തകര്‍ന്നതോടെ ഇനി സ്വന്തം അന്ത്യം ആസൂത്രണം ചെയ്യുന്നതില്‍ താന്‍ വിജയിക്കുന്ന കാലമെത്തിയിരിക്കുന്നു എന്ന ബോധോദയം ഉണ്ടാവുന്നു. സിദ്ധാര്‍ത്ഥന് ആല്‍ത്തറയില്‍ ബോധോദയമുണ്ടായി. ഇവള്‍ക്കാകട്ടെ; ശപ്തയായും സന്തപ്തയായും ഇഴഞ്ഞിഴഞ്ഞ് ജീവിതം ജീവിച്ചുതന്നെ തീര്‍ക്കേണ്ടിവരുന്നു. കത്തുന്ന തീയില്‍ ചാടിയിട്ടും ഒടുങ്ങാത്ത തന്റെ ജീവിതം ഉത്തരം കിട്ടാത്ത പ്രഹേളികയായി അവളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. പാല്‍ക്കുടം വീണുതകര്‍ന്ന നിമിഷത്തില്‍ 'സമയമായി സമയമായി' എന്ന അന്തര്‍നാദം അവള്‍ കേള്‍ക്കുന്നു. സമയമായി എന്ന ഈ ദര്‍ശനം തന്നെയാവാം കാവിലെപ്പാട്ടിലെ ഈണത്തിലേക്ക് 'കനല്‍ച്ചിലമ്പി'ന്റെ കര്‍ത്താവിനെ ആകര്‍ഷിച്ചത്. ഈ ആകര്‍ഷണം അബോധാത്മകം കൂടിയാവാം എന്നതിനാല്‍ ആ 'അവബോധം' (ബോധചേതസ്സറിഞ്ഞുകൊണ്ടുള്ള തീരുമാനം) കവിക്കുണ്ടായിരുന്നില്ലെന്നും വരാം.

ചുണ്ടുകോട്ടിയുള്ള ആ ചിരി ജന്തുഭീകരകരനും ഖരനുമായുള്ള മൃത്യുവിന്റെ നേരെയുള്ള അവജ്ഞയും മൂന്നുലോകത്തോടുമുള്ള പുച്ഛവും ചേര്‍ന്നതാണ്. കുടം തകര്‍ന്ന ഉടനെത്തന്നെയുള്ള അവളുടെ പിന്തിരിഞ്ഞുപോക്കിന്റെ ചിത്രത്തിലുള്ള ബിംബകല്‍പ്പനകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാലേ അവളുടെ ഉള്‍പ്പുഴയിലെ തരംഗഗതി സുവ്യക്തമാവൂ.
വെക്കമൊന്നു വിരല്‍ ഞൊടി-
ച്ചൊരു മിന്നല്‍പ്പിണറായ്
ഞെട്ടടര്‍ന്നു കാറ്റിലാടി-
ക്കറങ്ങും പാഴിലയായ്
ഒട്ടുകൊണ്ടു മൊട്ടൊഴിഞ്ഞു-
മുറുമിവായ്ത്തലപ്പി-
ന്നൊത്തു പുളഞ്ഞങ്ങു പിന്തി-
രിഞ്ഞു പോവതെങ്ങോ!
മിന്നല്‍പ്പിണര്, ഞെട്ടടര്‍ന്നു കാറ്റില്‍ കറങ്ങിവീഴുന്ന ഇല ഒട്ടുകൊണ്ടും ഒട്ടൊഴിഞ്ഞുമുള്ള ഉറുമിവായ്ത്തലപ്പിന്റെ പുളച്ചില്‍- എല്ലാം സ്വന്തം അന്ത്യത്തെക്കുറിച്ചുള്ള കല്‍പ്പനകളാണ്. മൃത്യുഞ്ജയത്തിന്റെ ധീരഹാസം ചിതറുന്ന മിന്നല്‍പ്പിണരുകള്‍. പിറ്റേന്ന് പുലര്‍ച്ചയില്‍ പുഴയിലാണവളുടെ ജഡം കണ്ടത്. അവളുടെ ഉള്ളില്‍ തിളച്ചുമറിഞ്ഞിരുന്ന അഗ്‌നിദ്രാവകത്തിന്റെ ചൂട് പുഴ ആറ്റിക്കൊടുത്തിരിക്കാം. മൂന്നു ലോകത്തോടും ജീവിതത്തോടുമുള്ള അവജ്ഞയുടേയും പുച്ഛത്തിന്റേയും ചിരി ജഡത്തിന്റെ മുഖത്തുനിന്നുപോലും മാഞ്ഞിരുന്നില്ല!


ഈ പാല്‍ക്കാരി പുരുഷാധികാരമദത്തിനെതിരെ കനല്‍ച്ചിലമ്പെറിഞ്ഞിട്ടും ജീവിക്കാനും മരിക്കാനും അനുവദിക്കാത്ത ക്രൂരനിയതിയുടെ നേര്‍ക്ക് മായാത്ത പുച്ഛച്ചിരിയെറിഞ്ഞിട്ടും ഇവളെ ഒരു കോവിലിലും ആരും പ്രതിഷ്ഠിച്ചില്ല. എന്നാല്‍, അവളെ ഏറ്റുവാങ്ങിയ ജലദേവത അവള്‍ക്ക് യഥാകാലം പുഷ്പാഞ്ജലിയര്‍പ്പിച്ചുകൊണ്ടേയിരിക്കുന്നു. വസന്തപഞ്ചമി എത്തുന്ന നാളില്‍ പാതിരാവില്‍ നെയ്തലാമ്പല്‍ക്കുളത്തില്‍ ഒരു വാള്‍വീശും വണ്ണം ഇടിമിന്നല്‍ പുളയുന്നു; ഇരുച്ചുവരുപോല്‍ ജലം മേലോട്ടുയരുന്നു; അത് വീണമരുമ്പോള്‍ തെളിയുന്ന ജലശാന്തിയുടെ നടുവില്‍ ഒരു അഞ്ജലി പൊങ്ങുന്നു; അതിനുള്ളില്‍ ഒരു തുളുമ്പുന്ന പാല്‍ക്കുടം. പുലരുമ്പോഴേക്ക് അത് മറഞ്ഞ് ആസ്ഥാനത്ത് ഒരു വെള്ളാമ്പല്‍പ്പൂ വിരിഞ്ഞിരിക്കും; അതിന്റെ ഇതളുകള്‍ തൂവിയ പാല്‍പ്പതപോലെ ചിരിക്കും. ദുരന്തത്തെ ചിരിയാക്കിയ സ്ത്രൈണധീരതയ്ക്ക് ജലദേവതയര്‍പ്പിക്കുന്ന ഈ പുഷ്പാഞ്ജലി, സ്ത്രൈണമായ ഉഗ്രപ്രതിഷേധത്തിനും സഹനധീരതയ്ക്കും ഏകപക്ഷീയമായ പുരുഷാധിപത്യ വികാസത്തിനുമെതിരായി ഒരു കവിയര്‍പ്പിക്കുന്ന പുഷ്പാഞ്ജലി കൂടിയാണ്.

സന്ദര്‍ഭോചിതമായ ബിംബകല്‍പ്പനകളിലെ വിഭാവനവൈചിത്ര്യം ഈ കൃതിയെ ഭാവാര്‍ത്ഥധ്വനിസമ്പന്നമാക്കിയിരിക്കുന്നു. ഒരു കൃതി അതു പിറന്ന ഭാഷയെ ധന്യമാക്കാന്‍ അത്ര മാത്രമായാലും മതിയാവും. ഈ സുകൃതിയാവട്ടെ, പരിഹാരം കണ്ടെത്താനാവാത്ത സമസ്യകളുടെ സമൃദ്ധിയാലും പരിഹാരം മര്‍ത്ത്യസാധ്യമാണെന്നിരുന്നിട്ടും അതിനു വഴികള്‍ കണ്ടെത്താന്‍ വേണ്ടുന്ന സന്നദ്ധതയുടെ അഭാവത്താലും സംഭവിക്കുന്ന ദുരന്തങ്ങളുടെ വിമലീകരണ ശക്തിയിലൂടെ കാലാതീതവും കാലോചിതവുമായ സാംസ്‌കാരികമൂല്യത്തെ അന്തര്‍നിഹിതമായിണക്കിച്ചേര്‍ക്കയാല്‍ ധന്യതരമായിരിക്കുന്നു. ആസുരകശ്മലതയെ കരവാളുവീശി സംഹരിച്ച കരാളകാളി, തട്ടകത്തിന്റെ സമഗ്ര ക്ഷേമത്തിനുവേണ്ടി അവളുടെ രക്തതൃഷ്ണയാറ്റാന്‍ അരുമ മകന്‍ സ്വന്തം കണ്ഠത്തിലേക്ക് വാളുവീശുമ്പോള്‍ അവന്റെ കൈത്തണ്ട വിറച്ചില്ലല്ലോ എന്ന അമ്മച്ചോദ്യത്തിനു മുന്നില്‍ വിളറിപ്പോവുകയും സുരഭിലപ്പൂവല്ലി പോലെ മാറിപ്പോയ അവള്‍ സമൂഹരക്ഷികയായി, കാവുകളില്‍ ഭഗവതിയായി, കുടികൊള്ളുകയും ചെയ്ത കഥ പറയുന്ന 'കാവിലെ പാട്ട്'. അവള്‍ സംരക്ഷണവ്യഗ്രതയില്‍ സ്വന്തം ശിരസ്സിലേക്ക് കരവാളുവീശിക്കൊണ്ടിരിക്കുമെന്നാണ് വെളിച്ചപ്പാടന്മാരുടെ വെളിപാടുകളിലൂടെ അവള്‍ നല്‍കുന്ന സന്ദേശം. പതിസ്‌നേഹത്തിന്റേയും അപത്യവാത്സല്യത്തിന്റേയും പാല്‍ക്കുടം ശിരസ്സിലും മാറിലും പേറുന്നവള്‍; ആസുരകശ്മലതയെ സംഹരിക്കുന്നവള്‍- ഈ രണ്ടു സത്തകളുടെ സംയുക്തമാണ് സ്ത്രീ. അവളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ യുഗമാണ് പുലരാന്‍ പോകുന്നത്. ആ നവയുഗത്തിന് പുഷ്പാഞ്ജലിയോടുകൂടിയ വരവേല്‍പ്പായി ഈ സുകൃതി സുരഭിലമാകുന്നു; പ്രഭാപൂരിതമാകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com