ഇരുതിരുമനങ്ങളുടെ ഒരേ തീരങ്ങള്‍

ആയിരം നാവുള്ള അനന്തനെപ്പോലെയാണ് ഭൈരവി രാഗം. അതിന്റെ അഴലും അലിവും, അതേ സമയം ആനന്ദവും ചേര്‍ന്ന ഈണവൈചിത്ര്യത്തിലും പലതലപ്പൊലിമയിലും മയങ്ങാത്ത അനുവാചകരില്ല, അഭിവ്യഞ്ജകരുമില്ല.
ഇരുതിരുമനങ്ങളുടെ ഒരേ തീരങ്ങള്‍

യിരം നാവുള്ള അനന്തനെപ്പോലെയാണ് ഭൈരവി രാഗം. അതിന്റെ അഴലും അലിവും, അതേ സമയം ആനന്ദവും ചേര്‍ന്ന ഈണവൈചിത്ര്യത്തിലും പലതലപ്പൊലിമയിലും മയങ്ങാത്ത അനുവാചകരില്ല, അഭിവ്യഞ്ജകരുമില്ല. രാഗവും താളവും ഏതെന്നോ എന്തെന്നോ നുറുങ്ങറിവുപോലുമില്ലാത്ത ഇളംപ്രായത്തില്‍, പനംപട്ടമേഞ്ഞ സിനിമാകൊട്ടയിലെ മൂന്നണ ബെഞ്ചിലിരുന്ന് ഞാന്‍ ആദ്യമായി ആ രാഗത്തില്‍ ഒരു പാട്ട് കേട്ടു. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. 'ഏഴൈ പെടും പാട്ട്' എന്ന തമിഴ് ചിത്രം (വിക്ടര്‍ ഹ്യൂഗോവിന്റെ 'പാവങ്ങള്‍' എന്ന നോവലിനെ അവലംബിച്ചെടുത്ത സിനിമ) കാണാന്‍, വീട്ടുകാരറിയാതെ ഒരു കൂട്ടുകാരനോടൊപ്പം ചാടിപ്പോയതായിരുന്നു. രാത്രിയിലെ അവസാന കളി തുടങ്ങുന്നതിന് മുന്‍പ് ചില ഹിന്ദി സിനിമാഗാനങ്ങള്‍ ഗ്രാമഫോണില്‍ വെച്ച് കേള്‍പ്പിക്കും. അന്ന് കേട്ട ഗാനങ്ങളില്‍ ഒന്ന് 'ബാബുല്‍ മൊരാ നയ്ഹര്‍ ച്ചൂട്ടോ ജായ്' എന്ന് തുടങ്ങുന്നതായിരുന്നു. ഒരു കനത്ത ശബ്ദം. ആകാശത്തിന്റെ ഏതോ അകലമൂലയില്‍നിന്ന് വരുന്ന ഇടിനാദത്തിന്റെ മര്‍മ്മരം പോലെ. എന്നിട്ടും ആ സ്വരത്തില്‍ അവാച്യമായ നൊമ്പരത്തിന്റെ മാധുര്യമുണ്ടായിരുന്നു, മയില്‍പ്പീലിയുടെ മസൃണതയുണ്ടായിരുന്നു. ഐതിഹ്യമാലയും അറബിക്കഥകളും വിക്രമാദിത്യന്‍ കഥകളും മദനകാമരാജന്‍ കഥകളുമൊക്കെ വായിക്കുന്ന ആ കാലത്ത് യക്ഷികളും ഗന്ധര്‍വ്വന്മാരും ജിന്നുകളും മനസ്സില്‍ മുറ്റിനില്‍ക്കും. പുരുഷശബ്ദമായിട്ടും ആ ആലാപനം മഞ്ഞണിഞ്ഞ് നില്‍ക്കുന്ന മഹാമലഞ്ചെരുവിന്റെ നിലാവണിഞ്ഞ ഏകാന്തയാമത്തിലൂടെ, വെണ്ണാടയണിഞ്ഞ് മുടിയഴിച്ചിട്ട്, അറിയാച്ചന്തവും കുറുകിടിലവും ചിന്നി നടന്നുപോകുന്ന ഒരു യക്ഷിയുടെ ചിത്രമാണ് അവബോധത്തില്‍ അങ്കുരിപ്പിച്ചത്. 

രാഗത്തിലൂടെ വന്ന രാജനാമധേയങ്ങള്‍
ഹിന്ദി ചലച്ചിത്രഗാനങ്ങള്‍ അത്യാവശ്യം  മൂളാറുള്ള ഒരു ബന്ധു ജോലിസ്ഥലമായ ലഖ്‌നൗവില്‍നിന്ന് നാട്ടില്‍ വന്ന സമയമായിരുന്നു. പിറ്റേ ദിവസം കാലത്ത് ഒരു സന്ദര്‍ശനത്തിന് അദ്ദേഹം വീട്ടില്‍ വന്നു. 'ബാബുല്‍ മൊരാ' എന്ന് തുടങ്ങുന്ന ഗാനം കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നും അത് പാടിയത് കുന്ദന്‍ലാല്‍ സൈഗള്‍ എന്ന ഗായകനാണെന്നും അത് രചിച്ചത് ലഖ്‌നൗവിലെ സുല്‍ത്താനായിരുന്ന വാജിദ് അലി ഷാ ആണെന്നും അദ്ദേഹം പറഞ്ഞുതന്നു.
ഒരു നിമിത്തമെന്നോണം അന്ന് സന്ധ്യയ്ക്ക് ആ ഈണം വീണ്ടും കേട്ടു. അയല്‍വീടിന്റെ ഉടമസ്ഥനും ചെന്നൈയില്‍ കമ്പനി മാനേജരുമായിരുന്ന ഒരാളുടെ രണ്ട് മക്കള്‍ നാട്ടില്‍ വന്നിരുന്നു. അവര്‍ കുറേ കാലമായി കര്‍ണ്ണാടക സംഗീതം പഠിക്കുന്നു എന്ന് കേട്ടപ്പോള്‍, എന്റെ അമ്മ അവരെക്കൊണ്ട് കുറേ നേരം പാടിച്ചു. അതിലൊരാള്‍ പിന്നീട് വിദേശത്ത് ബാങ്കിംഗ് മേഖലയിലെ ഉയര്‍ന്ന ഉപദേഷ്ടകനായി. മറ്റൊരാള്‍ കോഴിക്കോട് പേരെടുത്ത ഡോക്ടറായി. അവര്‍ അവസാനം പാടിയത്, 'വിശ്വേശ്വര! ദര്‍സന് കര്‍ ചല് മന് തുമ് കാശി' എന്ന ഭജന്‍ ആയിരുന്നു. തലേന്ന് കേട്ട സിനിമാഗാനത്തിന്റെ അതേ ഈണം. രാഗം സിന്ധുഭൈരവിയാണെന്ന് പെങ്ങന്മാരെ പഠിപ്പിക്കുന്ന ഭാഗവതര്‍ പറഞ്ഞുതന്നു. ഭസ്മ് അംഗ് എന്നും ഭുജ് ത്രിശൂല്‍ എന്നും ലസേ നാഗമാല്‍ എന്നുമൊക്കെയുള്ള വാക്കുകള്‍ കേട്ടപ്പോള്‍, അതിഗൂഢവും ലോലവുമായ ഒരു പനിനീര്‍ നോവ് ഹൃദയത്തില്‍ തലോടുന്നതുപോലെ തോന്നി. തലേന്ന് തോന്നിയ അതേ അനുഭാവം. സ്വാതിതിരുന്നാള്‍ മഹാരാജാവിന്റെ കൃതിയാണതെന്നും ഭാഗവതര്‍ പറഞ്ഞറിഞ്ഞു. 

പിന്നീട് അല്പം മുതിര്‍ന്നപ്പോളാണ് ഉത്തരേന്ത്യന്‍ സംഗീതത്തിലെ ഭൈരവിയാണ് നടേ പറഞ്ഞ സൈഗള്‍ ഗാനത്തിന്റെ രാഗമെന്നത്  മനസ്സിലായത്. അതുതന്നെയാണ് കര്‍ണാടക സംഗീതത്തില്‍ സിന്ധുഭൈരവി എന്ന് പറയുന്ന രാഗമെന്നതും. ആ കുട്ടിക്കാലം മുതല്‍ ഇന്നേ വരെ ആ രാഗം എന്റെ കൂടെയുണ്ട്. എത്രയെത്ര ഭൈരവികള്‍? മുംബൈയില്‍ പണ്ഡിറ്റ് ഓംകാര്‍ നാഥ് ഠാക്കുര്‍, ഡല്‍ഹിയില്‍ ഉസ്താദ് ബഡേ ഗുലാം ആലിഖാന്‍, ഹൈദ്രബാദില്‍ പണ്ഡിറ്റ് ഭീംസെന്‍ ജോഷി, ബാംഗ്ലൂരില്‍ കിശോരി അമോന്‍കര്‍, തിരുവനന്തപുരത്ത് ഉസ്താദ് ബിസ്മില്ലാഖാന്‍, പാലക്കാട് അശ്വതീ ഭീഢേ - ഓരോന്നും വ്യത്യസ്ത മാനങ്ങളുള്ളവ. കൊച്ചിയില്‍വെച്ചാണ് പര്‍വീണ്‍ സുല്‍ത്താനയുടെ 'ഭവാനി! ദയാനി! മഹാ വാഗ്വാണി!' എന്ന ഭൈരവി കേട്ടത്. കര്‍ണാടക സംഗീതത്തില്‍ സിന്ധുഭൈരവി, തുക്ട എന്ന് വിളിച്ച് കച്ചേരിയുടെ ഒടുവില്‍ പാടുന്നതാണ് പതിവ്. എന്നിട്ടും ചെന്നൈയില്‍ വെച്ച് ഡോ. ബാലമുരളികൃഷ്ണ ഒരു കച്ചേരിക്ക് അത് പ്രധാന ഇനമായി പാടുന്നത് കേട്ടു. എം.എസ്. സുബ്ബുലക്ഷ്മിയുടെ 'തുംഗതരംഗേ ഗംഗേ!', ചെമ്പൈയുടെ 'ജയ ജയ ശ്രീ ഗിരിരാജകുമാരി!', ദണ്ഡപാണി ദേശികരുടെ 'താമരൈ പൂത്ത് തടാകമെടി', എം.എല്‍. വസന്തകുമാരിയുടെ 'സുമിരണ്‍കര്‍', നെയ്യാറ്റിന്‍കര വാസുദേവന്റെ 'വെങ്കിടാചല നിലയം' എന്നീ തുക്ടകള്‍ എത്ര കേട്ടാലാണ് മതിവരിക?

1943-ല്‍ ഇറങ്ങിയ 'കിസ്മത്ത്' എന്ന ചിത്രത്തില്‍ അനില്‍ ബിശ്വാസ് സംഗീത സംവിധാനം ചെയ്ത് അമിര്‍ബായ് കര്‍ണാടകി എന്ന ഗായിക പാടിയ അബ് തേര സിവാകോന് മെരാ കൃഷ്ണ് കന്‍ഹയ്യാ എന്ന ഹിറ്റ് ഗാനത്തില്‍ തുടങ്ങിയതാണ് ഹിന്ദി സിനിമാ സംഗീതത്തില്‍ ഭൈരവിയുടെ ജൈത്രയാത്ര. ശങ്കര്‍-ജയ്കിഷണ്‍ മാത്രം അന്‍പതോളം ഗാനങ്ങള്‍ക്ക് ആ രാഗം ഉപയോഗിച്ചു. ഓരോന്നിനും തുലോം വിഭിന്നമായ ശ്രവ്യാനുഭവങ്ങള്‍. 'ബര്‍സാത്ത് മേം', ഛോഡ് ഗയാ ബാലം', 'ഘര്‍ ആയാ മേരേ പര്‌ദേശി', 'മേരാ ജൂത്താ ഹേയ് ജാപ്പാതി', 'പ്യാര്‍ ഹു വാ ഇക്രാര്‍ ഹുവ', 'രാജാ കി ആയി ഹേ,  ബാരാത്ത്', 'സബ് കുഛ് സീഖാ ഹംനേ', 'മേം സിന്ദഗി മേം ഹര്‍ ദം രോതാ ഹി രഹാ ഹും' എന്ന് തുടങ്ങിയ അനേകം ഭൈരവ്യാധിഷ്ഠിതമായ ഗാനങ്ങള്‍ നാട്ടിലാകമാനം അലയടിച്ചു. നൗഷാദാകട്ടെ, നാല്പതോളം ഗാനങ്ങള്‍ക്ക് ഭൈരവി പ്രയോഗിച്ചു. 'തൂ ഗംഗാ കി മൗജ് മേം', 'ഛോഡ് ബാബുല്‍ കാഘര്‍', 'പീകേ ഘര്‍ ആജ് പ്യാരി ദുല്‍ഹനിയാം ചലീ' തുടങ്ങിയവ ഓര്‍ക്കുക. ബസന്ത് ദേശായിയുടെ 'ജോ തുമ് തോഡോ പിയാ' എന്ന മീരാഭജനില്‍ ഭൈരവിയുടെ സത്തുണ്ട്. സൈഗളിന്റെ തന്നെ 'ജബ് ദില്‍ ഹി ടൂട്ട് ഗയാ', 'മധുകറ് ശ്യാം ഹമാരി ചോര്‍' എന്നിവയും ആ രാഗത്തിലാണ്. സര്‍ദാരീ ബേഗത്തിലെ 'ഛലീ പീകേ നഗര്‍', മന്നാ ഡേ പാടിയ 'ലാഗാ ചുനരീ മേം ദാഗ്', 'നാചേ മന് മോരാ', ലതയുടെ 'മാതാ സരസ്വതി!', 'കിസീ നേ അപ്നാ', 'തും ഹീ ഹൊ മാതാ', 'സുനോ ഛോട്ടീ സി ഗുഡിയാം' തുടങ്ങി എത്രയെത്ര ഭൈരവികള്‍? ടി.വിയില്‍ വരുന്ന 'മിലേ സുര്‍മേം തുമാരാ' എന്ന ദേശീയോദ്ഗ്രഥനഗാനം പല ഗായികാഗായകന്മാരുടേയും ഭൈരവീ മിശ്രിതമാണ്. എം.എസ്. വിശ്വനാഥന്റെ 'സ്വര്‍ണ്ണഗോപുര നര്‍ത്തകി' എന്ന ഗാനം സിന്ധു ഭൈരവിയിലാണ്. രവീന്ദ്രന്റെ 'ഹരിമുരളീരവം' ഭൈരവിയാണ്. ബാബുരാജിന്റെ 'പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍' എന്ന ഭൈരവി  സര്‍വ്വകാല ഹിറ്റായി നിലനില്‍ക്കുന്നു. ഈയ്യിടെ അന്തരിച്ച ഉമ്പായി ആ ഗാനം തന്റേതായ സംഗതികളും വിന്യാസങ്ങളും ചേര്‍ത്തു ഗസലാക്കി മനോഹരമായി പാടിയിരുന്നു. 

പറഞ്ഞ് പറഞ്ഞ് കാട് കയറിപ്പോയി. ഒരു രാഗം ആദ്യമായി രണ്ട് തവണ അടുപ്പിച്ച് കേട്ടതിന്റെ ഓര്‍മ്മ എങ്ങനെയാണ് രണ്ട് വാഗ്ഗേയകാരന്മാരെ, അതും രണ്ട് മഹാരാജാക്കന്മാരെ എപ്പോഴും മനസ്സിലുണര്‍ത്തിയത് എന്ന് സൂചിപ്പിക്കുവാനേ ഉദ്ദേശിച്ചുള്ളു. ലേഖനത്തിന്റെ പ്രമേയം സ്വാതിതിരുനാള്‍, വാജിദ് അലി ഷാ എന്ന രണ്ട് രാജാക്കന്മാര്‍ തമ്മിലുള്ള അതിശയകരമായ സമാനതകളാണ് . ഈ രണ്ടു പേരും ലഹരിപോലെ, അഹൈതുകമായി ആവേശിച്ച ഭ്രമം പോലെ, സ്വരക്ഷപോലും മറന്ന്, ആയുഷ്‌കാലമത്രയും കലാസാഹിത്യാദികളില്‍ അഭിരമിച്ച പുകിലാണ് പറഞ്ഞുവരുന്നത്. 

സമാന ഹൃദയങ്ങളുടെ സംവേദതലങ്ങള്‍
ഹിമാലയസാനുക്കളില്‍നിന്ന് തെക്കോട്ട് 230 നാഴികയും കനൗജില്‍നിന്ന് കിഴക്കോട്ട് 270 നാഴികയും (ബീഹാര്‍ വരെ) വ്യാപിച്ചുകിടന്നിരുന്ന ഫലഭൂയിഷ്ഠമായ പ്രദേശമായിരുന്നു ബ്രിട്ടീഷുകാര്‍ ഔഡ് എന്ന് വിളിച്ച അവധ് രാജ്യം. ഭാരതത്തിന്റെ ഏതാണ്ട് വടക്കെ അറ്റത്ത് സ്ഥിതിചെയ്യുന്ന നാട്. നമ്മുടെ വഞ്ചിനാടാകട്ടെ, ഭാരതത്തിന്റെ തെക്കുപടിഞ്ഞാറെ അറ്റത്ത് ''നെടിയ മല കിഴക്കും നേരിടാത്താഴിമേക്കും'' ആയി കിടക്കുന്നിടം. ഔഡ് രാജാവായിരുന്ന വാജിദ് അലി ഷായും വേണാട്ടരചനായിരുന്ന സ്വാതിതിരുന്നാളും സമകാലീനന്മാരായിരുന്നു. എ.ഡി. 1813 മുതല്‍ 1846 വരെയായിരുന്നു സ്വാതിയുടെ ജീവിതകാലമെങ്കില്‍ 1821 മുതല്‍ 1887 വരെയായിരുന്നു ഷായുടേത്. സ്വാതി പതിമൂന്നില്‍ ചില്വാനവും ഷാ ഒന്‍പതും കൊല്ലങ്ങള്‍ രാജ്യം ഭരിച്ചു. സ്വാതി അകാലത്തില്‍ അന്തരിച്ചുവെങ്കില്‍ ഷാ അന്യായമായി നാട് കടത്തപ്പെട്ടു. ഇരുവരും ചെറുപ്പത്തില്‍ കിരീടധാരികളായി. സ്വാതി പതിനാറാം വയസ്സിലും ഷാ ഇരുപത്തഞ്ചാം വയസ്സിലും. ഇരുവരും ബഹുഭാഷാ ജ്ഞാനസ്ഥര്‍, കവികള്‍, സംഗീതജ്ഞര്‍, നൃത്തസംവിധായകര്‍, നാടകാഭിജ്ഞര്‍, പ്രജാക്ഷേമതല്പരര്‍. ഇരുവരേയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിരന്തരം പീഡിപ്പിക്കുകയും അപമാനിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്തു. സ്വാതി 33-ാം വയസ്സില്‍ തീപ്പെടുകയാല്‍ നാട് കടത്തപ്പെട്ടില്ല. എന്നാല്‍ ഷായെ കമ്പനി നാട് കടത്തുകയും പിന്നീട് ശിപായിലഹളയുടെ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്ന് വ്യാജമായി ആരോപിച്ച് രണ്ട് വര്‍ഷം തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു.  ഒടുവില്‍ കൊല്‍ക്കത്തയില്‍വെച്ച് അന്തരിച്ചു. കമ്പനിയുടെ കണ്ണില്‍ യഥാര്‍ത്ഥ കുറ്റം കലാസാഹിത്യങ്ങളോടുള്ള വിധേയത്വമായിരുന്നുവെങ്കിലും, പറഞ്ഞത് ഭരണകാര്യങ്ങളിലെ കെടുകാര്യസ്ഥതയായിരുന്നു. 

രാജസര്‍ഗ്ഗത്തിന്റെ രാഷ്ട്രപാരമ്പര്യം
സര്‍ഗ്ഗക്രിയയോട് സ്വാതിക്കും ഷായ്ക്കുമുണ്ടായിരുന്ന ഉല്‍ക്കടാഭിനിവേശം വാസ്തവത്തില്‍ ഭാരതീയ പാരമ്പര്യം തന്നെയായിരുന്നു. പാശ്ചാത്യനാടുകളില്‍ അധികം കാണാത്തവിധം, ഇവിടത്തെ പല രാജാക്കന്മാരും സാഹിത്യകാരന്മാരോ കലാകാരന്മാരോ ആയിരുന്നു. ഭോജരാജാവിന് കാളിദാസന്‍ സന്തതസഹചാരിയും പ്രിയംകരനുമായതുപോലെ ബ്രിട്ടീഷ് രാജവംശത്തിന് എന്തുകൊണ്ട് വിശ്വമഹാകവിയായിട്ടും ഷേക്സ്പിയര്‍ ആയില്ല. പാശ്ചാത്യനാടുകളിലെ രാജപരമ്പരകളില്‍ കവികളോ കലാകാരന്മാരോ വിരളമാണ്. റോമന്‍ ചക്രവര്‍ത്തി മാര്‍ക്കസ് ഔറേലിയസ് ദാര്‍ശികനും ഗ്രന്ഥകര്‍ത്താവുമായിരുന്നു. അത്തരം അധികം പേരുകള്‍ പറയാനില്ല. ഭോജരാജാവ് കാളിദാസനെക്കൂടാതെ ധന്വന്തരി, ക്ഷപണകന്‍, അമരസിംഹന്‍, ശങ്കു, വേതാളഭട്ടന്‍, ഘടകര്‍പ്പരന്‍, വരാഹമിഹിരന്‍, വരരുചി എന്നീ എട്ട് മഹാമനീഷികളെ കൊട്ടാരത്തിലെ സ്ഥിരം സദസ്യരാക്കി. ഭോജന്‍ സ്വയം 'സരസ്വതീകണ്ഠാഭരണം', 'ശൃംഗാരപ്രകാശം' എന്നീ രണ്ട് ഗ്രന്ഥങ്ങളും ചമ്പുക്കളും രചിച്ചു. കാളിദാസ കവി ചൊല്ലിയതാണ് എന്ന് വിശ്വസിക്കപ്പെടുന്ന ശ്ലോകമുണ്ട്, 
''അദ്യധാരാ ഡദാധാരാ സദാലംബാ സരസ്വതി
പണ്ഡിതാ മണ്ഡിതാസര്‍വ്വേ ഭോജരാജേ ദുഖംഗതേ.''
ഭോജരാജാവ് പിറന്നപ്പോള്‍ അദ്യാധാരാ അഥവാ ഉജ്ജയിനി എന്നും ആധാരമുള്ളവളായി, വാഗ്ദേവി ആലംബമുള്ളവളായി, പണ്ഡിതന്മാര്‍ സ്തുത്യര്‍ഹരായി. ഈ വരികള്‍ നമ്മുടെ ഐതിഹ്യങ്ങളുടെ ഭാഗമാണല്ലോ. 
എ.ഡി. ഏഴാം നൂറ്റാണ്ടിലെ ഹര്‍ഷവര്‍ദ്ധന ചക്രവര്‍ത്തി 'നാഗാനന്ദം' തുടങ്ങിയ മൂന്ന് നാടകങ്ങള്‍ രചിച്ചു. ബാണകവിയെപ്പോലുള്ളവര്‍ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ നിത്യരായിരുന്നു. കൃഷ്ണദേവരായന്‍ എന്ന ചക്രവര്‍ത്തി ആണ്ടാളെക്കുറിച്ച് 'അമുക്തിമാല്യദ' എന്ന കാവ്യം രചിച്ചു. അദ്ദേഹം അലസാനി പെഭൂണ്ണ എന്ന കവിയെ സ്വന്തം സിംഹാസനത്തിലിരുത്തി കാലില്‍ കനകത്തള അണിയിച്ചുവത്രെ. അക്ബര്‍ ചക്രവര്‍ത്തിയുടെ ആസ്ഥാനഗായകനായ താന്‍സന് ഭരണകാര്യങ്ങളില്‍പ്പോലും അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നു. ജഗന്നാഥകവി ('ഗംഗാലഹരി' എന്ന കാവ്യകര്‍ത്താവ്)യെപ്പോലെ നിരവധി സാഹിത്യകാരന്മാര്‍ ആ സദസ്സിനെ അലങ്കരിച്ചു. അവര്‍ക്കെല്ലാം വലിയ പ്രതിഫലം ലഭിച്ചുകൊണ്ടിരുന്നു. താന്‍സന്റെ ഗുരുനാഥന്‍ സ്വാമി ഹരിദാസ് രാജസദസ്സിലേക്കുള്ള ക്ഷണം നിരസിച്ചു. സ്വാമിയുടെ ഗാനാലാപനം കേള്‍ക്കുവാന്‍ ചക്രവര്‍ത്തി വേഷപ്രച്ഛന്നനായി വനമദ്ധ്യത്തിലെ പര്‍ണ്ണശാലയില്‍ പോയി എന്നൊരു കഥയുണ്ട്. ജഹാംഗീര്‍ ചക്രവര്‍ത്തിപോലും 'തുസുക്-ഈ-ജഹാംഗീരി' എന്ന ഗ്രന്ഥമെഴുതാന്‍ സമയം കണ്ടെത്തി. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പിന്തുടര്‍ച്ചക്കാരനായി എല്ലാവരും കരുതിയ ദാരാഷുക്കോ പല ഭാഷകളിലും വിജ്ഞനായിരുന്നു. പല കൃതികളും രചിച്ചു. ഔറംഗസീബ് വധിക്കുകയാല്‍ രാജ്യം ലഭിച്ചില്ല. അക്ബര്‍ ചക്രവര്‍ത്തിയുടെ കല്പനപ്രകാരം, തന്റെ പ്രിയപ്പെട്ട മേവാരാജ്യം വിട്ട് ആഗ്രാകൊട്ടാരത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതനായ താന്‍സന്റെ പല്ലക്ക് നഗരാതിര്‍ത്തിവരെ മേവാരാജാവ് ചുമന്നു എന്നാണ് കഥ. തഞ്ചാവൂരിലെ സഹാജി മഹാരാജാവ് രചിച്ച ഗേയ നാടകമാണ് 'പല്ലകി സേവാപ്രബന്ധം.' സമൂതിരിക്ക് പോലും പതിനെട്ടരക്കവികളുണ്ടായിരുന്നു. അതിലെ അരക്കവിയായ പുനം നമ്പൂതിരിയെക്കുറിച്ചാണ് 'പുളകോദ്ഗമകാരി വചപ്രസരം' എന്ന് ആരോ സ്തുതിച്ചത്. എ.ഡി. പതിനാറാം നൂറ്റാണ്ടിലാണ് ബീജാപൂര്‍ സുല്‍ത്താനായിരുന്ന ഇബ്രാഹിം അദില്‍ ഷാ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് 'കിത്താബ്-ഈ-നവരസ്' എന്ന പേരില്‍ ഗ്രന്ഥമെഴുതിയത്. സരസ്വതീ ദേവിയെ സ്തുതിച്ചുകൊണ്ടാണ് ആ കൃതി ആരംഭിക്കുന്നത്. കേരളത്തിലെ കുലശേഖരപ്പെരുമാള്‍ 'മുകുന്ദമാല', 'പെരുമാള്‍ത്തിരുമൊഴി' എന്നിവ രചിച്ചു. ആള്‍വാര്‍ എന്ന നിലയ്ക്ക് ആരാധിക്കപ്പെട്ടു. സ്വാതിയുടെ പരമ്പരയില്‍ത്തന്നെ 'ബാലരാമഭാരതം' രചിച്ച രാജാവും ആട്ടക്കഥകള്‍ രചിച്ച രാജാവുമുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ സ്വാതിയും ഷായും ഈ ഭാരതീയ പാരമ്പര്യത്തെ പിന്‍തുടരുകയാണ് ചെയ്തത്. 

മനമുഴറി മറഞ്ഞ മന്നന്മാര്‍ 
രണ്ട് രാജാക്കന്മാരേയും ഈസ്റ്റ് ഇന്ത്യ കമ്പനി ആദ്യന്തം ദ്രോഹിച്ചു. എങ്ങനെയെന്ന് പറയുന്നതിന് മുന്‍പ് ഇരുവരുടേയും ഭരണത്തെ ഒന്ന് പരിശോധിക്കാം. ഇരുപതാം ഭരണത്തില്‍ പല പരിഷ്‌കാരങ്ങളും വരുത്തി. സ്വാതി സാങ്കേതികമായ മുന്നേറ്റത്തിനുവേണ്ടി ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കി, ത്രിതല കോടതികള്‍ നാട്ടിലാകമാനം സ്ഥാപിച്ചു. അതുവഴി അപ്പീലുകള്‍ക്ക് കളമൊരുക്കി, സമ്പൂര്‍ണ്ണമായ ലാന്‍ഡ് സര്‍വ്വേ നടത്തി, ആധുനിക അലോപ്പതി ആശുപത്രികള്‍ സ്ഥാപിച്ചു, ജലസേചനത്തിന് പുതുവഴികള്‍ കണ്ടെത്തി, വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചു, സെന്‍സെസ്സ് എടുത്തു, മുന്തിയ ഇനം കാലികളെ ഉത്തരേന്ത്യയില്‍നിന്ന് കൊണ്ടുവന്ന് പലയിടത്തും നല്ലതരം തൊഴുത്തുകള്‍ സ്ഥാപിച്ചു, പട്ടാളത്തെ നവീകരിച്ചു, ഉപഭോഗവസ്തുക്കള്‍ക്ക് ചുമത്തിയിരുന്ന ചുങ്കം എടുത്തുകളഞ്ഞു, നിരവധി ലൈബ്രറികള്‍ സ്ഥാപിച്ചു. ഇതെല്ലാം കൊണ്ടുതന്നെയാകാം പ്രജകള്‍ അദ്ദേഹത്തെ സ്‌നേഹിക്കുകയും ചെയ്തത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടുവന്ന ഒരു കൊമ്പനാന ഇടഞ്ഞപ്പോള്‍, മഹാരാജാവ് നേരില്‍നിന്ന് ഒരു നോട്ടംകൊണ്ട് അതിനെ ശാന്തമാക്കിയെന്നും നരസിംഹത്തിന്റെ അവതാരമായതുകൊണ്ടാണ് അദ്ദേഹത്തിന് അതിന് കഴിഞ്ഞത് എന്നും മറ്റുമുള്ള അതിശയോക്തികള്‍ പരക്കുകയും ചെയ്തു. എന്നിട്ടും അദ്ദേഹം അവസാനകാലത്ത് ദുഃഖിതനും അനാരോഗ്യവാനുമായി. ഒരു വശത്ത് റസിഡന്റായിരുന്ന ജനറല്‍ കല്ലന്റെ ദുസ്സഹമായ ഇടപെടല്‍, മറുവശത്ത് രാജ്യത്താകമാനം വീശിയടിച്ച കൊടുംകാറ്റിലുണ്ടായ നഷ്ടം, വെള്ളപ്പൊക്കം, വ്യാപകമായ കൃഷിനാശം. രാജപദവിയില്‍നിന്ന് ഒഴിയാന്‍ പോലും സ്വാതി തയ്യാറായി. ഗവര്‍ണ്ണര്‍ ജനറലിന് കത്തെഴുതിവെച്ചുവെങ്കിലും ഇളയമ്മയുടേയും അനുജന്റേയും സമ്മര്‍ദ്ദം മൂലം അത് അയച്ചില്ല എന്നേ ഉള്ളൂ.

വാജിദ് അലി ഷായും ജനക്ഷേമത്തിന് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. പുതിയ നികുതിസമ്പ്രദായം നടപ്പിലാക്കി. പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ രാജയാത്രകള്‍ക്കിടയില്‍പ്പോലും സംവിധാനമുണ്ടാക്കി. പട്ടാളത്തിന്റെ ഡ്രില്‍ പരിശോധിക്കാന്‍ രാജാവ് തന്നെ കാലത്ത് 4 മണിക്ക് അശ്വാരൂഢനായി പരേഡ് ഗ്രൗണ്ടിലെത്തുക പതിവാക്കി. ഭരണം കാര്യക്ഷമമാക്കാന്‍ 25 പുതിയ വകുപ്പുകള്‍ ആരംഭിച്ചു. കൃഷിക്കും ജലസേചനത്തിനും മുന്‍ഗണന നല്‍കി. മൂന്ന് വര്‍ഷം അങ്ങനെ നല്ല രീതിയില്‍ ഭരണം നടത്തി. അപ്പോളാണ് ഷായ്ക്ക് ഗുരുതരമായ ഹൃദയാഘാതമുണ്ടായത്. നിരവധി നാളുകള്‍ മരണാഭിമുഖമായി കിടന്നു. സുഖം പ്രാപിച്ചപ്പോള്‍, ഭരണത്തിന്റെ എല്ലാ ഭാഗത്തും ബ്രിട്ടീഷ് റസിഡന്റായിരുന്ന വില്യം സ്ലീമാന്‍ ഇടപെട്ടതായി കണ്ടു. പിന്നീടങ്ങോട്ട് രാജാവിനെക്കുറിച്ച് നിരന്തരമായ അപവാദ പ്രചരണമാണ് റസിഡന്റ് അഴിച്ചുവിട്ടത്. ഷാ ഇതില്‍ അതീവ ദുഃഖിതനാവുകയും തന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലേക്ക് ഒരളവ് വരെ ഉള്‍വലിയുകയും ചെയ്തു. ഷാ കിരീടധാരിയായി ഒരു വര്‍ഷം കഴിഞ്ഞപ്പോളാണ് ഡല്‍ഹൗസി പ്രഭു ഗവര്‍ണ്ണര്‍ ജനറലായി സ്ഥാനമേറ്റത്. ഭാരതീയ സാഹിത്യാദികളോടെ ഒരു തരം ഭ്രാന്തമായ വിദ്വേഷമാണ് ആ സായ്പിനുണ്ടായിരുന്നത്. ആ രംഗത്ത് ഷാ സജീവമാണെന്നറിഞ്ഞത് മുതല്‍ ഡല്‍ഹൗസി അദ്ദേഹത്തെ വെറുത്തുകഴിഞ്ഞു. കല്ലന്‍ എന്ന റസിഡന്റിന് സ്വാതിയോടുള്ള വിദ്വേഷത്തിനും കാരണം അതുതന്നെയായിരുന്നു. പല ഗവര്‍ണ്ണര്‍ ജനറല്‍മാര്‍ക്കും അരോചകമായ വസ്തുത നാട്ടുരാജ്യങ്ങളില്‍നിന്ന് നികുതി പിരിക്കാന്‍ സാധ്യമല്ല എന്നതായിരുന്നു. പണ്ടുണ്ടായ ഉടമ്പടി പ്രകാരമുള്ള സംഖ്യകള്‍ മാത്രമേ കമ്പനിക്ക് ലഭിച്ചിരുന്നുള്ളു. ഭരണം കമ്പനി നേരിട്ട് നടത്തിയാല്‍ മുഴുവന്‍ വരുമാനവും കിട്ടും. അതിനാല്‍ ഔഡ് പോലുള്ള സമ്പന്നമായ നാട്ടുരാജ്യങ്ങളില്‍ അദ്ദേഹം കണ്ണ് വെച്ചു. ഡല്‍ഹൗസി സ്ഥാനമേറ്റത് സ്വാതി തീപ്പെട്ടതിന് ശേഷമായിരുന്നു. നേരത്തെ ആയിരുന്നുവെങ്കില്‍ ഒരുപക്ഷേ, സ്വാതിയും നാടുകടത്തപ്പെട്ടേനെ. സംസ്‌കാരത്തിന്റെ ചരിത്രം പത്ത് വോള്യങ്ങളിലായി എഴുതിയ വില്‍ ഡ്യൂറന്റ് (അതില്‍ ഭാര്യയായ ഏരിയര്‍ ഡ്യൂറന്റും പങ്കുചേര്‍ന്നിട്ടുണ്ട്) തന്റെ 'The cade for India' എന്ന ഗ്രന്ഥത്തില്‍ ഇന്ത്യ അനുഭവിച്ച ഈ വിഭവചൂഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അടുത്തകാലത്ത് ശശി തരൂര്‍ എഴുതിയ 'An Era of Darkness'എന്ന പുസ്തകത്തിലും ബ്രിട്ടീഷുകാര്‍ ഇവിടെനിന്നും കടത്തിക്കൊണ്ടുപോയ അളവറ്റ സമ്പത്തിനെക്കുറിച്ച് സവിസ്തരം പറയുന്നു. ഈ പ്രക്രിയ ഏതാണ്ട് ഒന്നിലധികം നൂറ്റാണ്ടോളം അഭംഗമായി തുടര്‍ന്നു. 

സ്ലീമാനും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന സര്‍ ജെയ്ംസ ഔട്ട് റാമും ഔഡിനെക്കുറിച്ച് വിഷലിപ്തമായ റിപ്പോര്‍ട്ടുകള്‍ അയച്ചുകൊണ്ടിരുന്നു. കല്പിച്ചുകൂട്ടിയുള്ള ദൂഷ്യാരോപണങ്ങളായിരുന്നു അവയില്‍. അലസരും സുഖലോലുപരുമായ ചില പ്രഭുക്കളുടെ ജീവിതരീതി അതിന് വളമായി. എന്തിനേറെ പറയുന്നു, വിശ്രുത സാഹിത്യകാരനായ പ്രേംചന്ദ് പോലും അതെല്ലാം വിശ്വസിച്ചു. പ്രശസ്തമായ 'ശത്രുഞ്ച് കേ ഖിലാഡി' എന്ന കഥയില്‍, ഔഡിലെ രണ്ട് പ്രഭുക്കള്‍, ബ്രിട്ടീഷുകാര്‍ രാജ്യം ഏറ്റെടുക്കുകയാണെന്ന വിവരം അറിഞ്ഞിട്ടും ഏതോ സ്വപ്നലോകത്തിലെന്നപോലെ ചതുരംഗം കളിച്ചിരിക്കുന്നതായി കാണിച്ചിരിക്കുന്നു. ആ കഥയെ ആധാരമാക്കിയാണല്ലോ സത്യജിത് റേ അതേ പേരിലുള്ള ചലച്ചിത്രം നിര്‍മ്മിച്ചത്. ആ കഥയില്‍ ഔഡിനെ എല്ലാ ജീര്‍ണ്ണതകളുടേയും ആസ്ഥാനമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍, ഷായെ നാട് കടത്തിയ കാലത്ത് ഔഡ് രാജ്യത്തിലെ ധാന്യസംഭരണികള്‍ നിറഞ്ഞ് കിടന്നിരുന്നു എന്ന് ബ്രിട്ടീഷുകാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഷായുടെ ശത്രുവായിരുന്ന വില്ല്യം സ്ലീമാന്‍ തന്നെ എഴുതി,  ''ഔഡിലെ ഭൂമിയെല്ലാം ഉദ്യാനങ്ങളാലും വൃക്ഷങ്ങളാലും സമൃദ്ധമാണ്. കൃഷീവലന്മാര്‍ സംതൃപ്തരും സമ്പന്നരുമാണ്.'' ബിഷപ്പ് ഹീബര്‍ എന്ന സന്ദര്‍ശകന്‍ ഇങ്ങനെ കുറിച്ചു. ''ഔഡിനെക്കുറിച്ച് കേട്ടതിനെല്ലാം വിപരീതമായി നാട് മുഴുവന്‍ കൃഷിയിറക്കിയതായും നാട്ടുകാര്‍ക്കു മതിയായ ജോലികളുള്ളതായും കാണപ്പെട്ടു. തന്റെ പ്രദേശങ്ങള്‍ മറ്റ് പ്രദേശങ്ങളെക്കാള്‍ കൃഷി പ്രവൃദ്ധമാണെന്ന രാജാവിന്റെ അവകാശവാദം ശരിയാണെന്നു തോന്നുന്നു. ജനങ്ങള്‍ വാജിദ് അലി ഷായെ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അദ്ദേഹം തന്റെ ഉന്നതസ്ഥാനത്തിന്റെ ചുമതലകള്‍ നീതിയുക്തമായും ദയാമയമായും നിറവേറ്റുന്നു.'' 

പാട്ടില്‍ പിറന്ന പോക്കുമൊഴികള്‍
തന്റെ പ്രിയപ്പെട്ട ലഖ്‌നൗ നഗരം വിട്ട് പോകുമ്പോള്‍ ഷാ കുറിച്ചതായിരുന്നു. ''ബാബുല്‍ മൊരാ'' എന്ന ഗാനം. അതില്‍ പറയുന്നു, 
പിതാവേ! ഞാന്‍ വീട് വിട്ട് പോവുകയാണ്. 
നാല് അമാലന്മാര്‍ എന്റെ പല്ലക്ക് സജ്ജമാക്കിയിരിക്കുന്നു. 
ഞാന്‍ എന്റെ എല്ലാ സ്വന്തങ്ങളേയും വിട്ടുപോകുന്നു. 
അങ്ങയുടെ അങ്കണം പര്‍വ്വതം പോലെയും മറ്റൊരു നാട്ടിലേക്കുള്ള വാതില്‍പ്പടിപോലെയും തോന്നുന്നു. 
പിതാവേ! ഞാന്‍ വീട് വിട്ട് പോകുന്നു, ഞാന്‍ എന്റെ പ്രിയതമന്റെ അടുത്തേക്ക് പോകുന്നു. 


അമാലന്മാര്‍ക്ക് കഹാര്‍ എന്ന ഉറുദു പദമാണ് ഉപയോഗിച്ചിട്ടുള്ളത്. ഉറുദുവില്‍ ആ വാക്കിന് ഒരര്‍ത്ഥം കൂടിയുണ്ടത്രെ. ശവവാഹകന്‍ എന്ന അര്‍ത്ഥം. ഭര്‍ത്തൃഗൃഹത്തിലേക്ക് പോകുന്ന വധുവായും മരണത്തിലേക്ക് പോകുന്ന മനുഷ്യനായും ഈ ഗാനത്തില്‍ ഷാ സ്വയം സങ്കല്പിക്കുന്നു. 
സ്വാതിയുടെ അന്ത്യകാലത്തെ രചനയാണെന്നു തോന്നിപ്പിക്കുന്ന ഒരു ചെറിയ ഹിന്ദുസ്ഥാനി കൃതിയുണ്ട്. ടപ്പാ എന്ന ഗാനവിഭാഗത്തില്‍ പെടുന്ന കൃതി. സ്വാതിയുടെ മിക്ക കൃതികളിലും (പദങ്ങളിലും തദ്വിഷയകമായ മറ്റു കൃതികളിലും ഒഴികെ) ഇഷ്ടദേവതകളുടെ വിശേഷണാവലിയാണ് കാണുന്നത്. എന്നാല്‍, ഈ ടപ്പാ കൃതിയില്‍ സ്വന്തം നൈരാശ്യം സഖിയോട് പറയുന്ന നായികയായി സ്വയം സങ്കല്പിക്കുന്നു, 
''അബ് തൊ ബൈരാഗിന്‍ ഭയീ ആളീ മൈം'' എന്ന് തുടങ്ങുന്ന കൃതിയില്‍ പറയുന്നു,
സഖീ! ഞാന്‍ ഇപ്പോള്‍ ബൈരാഗി (വിരക്തി)യായിരിക്കുന്നു. 
എനിക്ക് ഈ അലങ്കാരങ്ങളൊന്നും ഇഷ്ടപ്പെടുന്നില്ല.
സഖി! ഞാന്‍ എല്ലാ സുഖത്തേയും വിസ്മരിച്ചിരിക്കുന്നു.''
വില്ല്യം സ്ലീമാനും കേണല്‍ ഔട്ട്‌റാമും ഷായോടും ജെയിംസ് കല്ലന്‍ സ്വാതിയോടും പയറ്റിയ അടവുകള്‍ ഏതാണ്ട് ഒരേ തരമായിരുന്നു. മുഖ്യ സചിവന്റെ അല്ലെങ്കില്‍ ദിവാന്റെ നിയമനത്തില്‍ ഇടപെടുക എന്നതായിരുന്നു ഒരു പ്രധാന അടവ്. രാജാക്കന്മാര്‍ക്ക് ഇഷ്ടമല്ലാത്തവരെ നിയമിക്കുവാന്‍ നിര്‍ബന്ധിക്കുക, ഇഷ്ടപ്പെട്ടവരെ മാറ്റുക, ഭരണത്തിന്റെ എല്ലാ മേഖലകളിലും കൈ കടത്തുക, ഗവര്‍ണ്ണര്‍ ജനറലിന് നിരന്തരം പ്രതികൂല റിപ്പോര്‍ട്ടുകള്‍ അയയ്ക്കുക, ഷായുടേയും സ്വാതിയുടേയും കലാസാഹിത്യ പ്രവര്‍ത്തനങ്ങളെ കുത്തഴിഞ്ഞ സുഖലോല പ്രവണതയായി മുദ്രകുത്തുക, ജനക്ഷേമ നടപടികളെടുത്താല്‍ അതിന് വിപരീതം പറയുക- അങ്ങനെ പല രീതിയില്‍ ഇരുവരും കുത്തിനോവിക്കപ്പെട്ടു. പ്രകൃത്യം അഭിമാനികളും മഹാപണ്ഡിതരും ആയ അവര്‍ക്ക് കമ്പനിയുടെ അല്പ വിഭവന്മാരായ മൂന്നാ തരം കരടകന്മാര്‍ക്ക് അടിയറവ് പറയേണ്ടി വന്നു. ഡല്‍ഹൗസി ഷായെ 'The wretch at Lucknow' എന്നാണ് ബ്രിട്ടീഷ് രാജ്ഞിക്ക് എഴുതിയ ഒരു കത്തില്‍ വിശേഷിപ്പിച്ചത്. 
ഷായും സ്വാതിയും സമാന രീതികളില്‍ പീഡിപ്പിക്കപ്പെട്ടതുപോലെ, ഭരണത്തിന്റെ അന്ത്യകാലത്ത് അവര്‍ സമാന രീതിയില്‍ ദുഃഖിതരായതുപോലെ, കലാസാഹിത്യ പ്രവര്‍ത്തനങ്ങളില്‍ അവരില്‍ അതിശയകരമായ സമാനതയാണ് കാണുന്നത്. നാടകം, നൃത്തം, സംഗീതം, സാഹിത്യം എന്നീ നാല് മേഖലകളില്‍ ഇരുവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. 
ഹേമന്തത്തിന്റെ കടുംതണുപ്പ് നേര്‍ത്തുവന്ന് ഇളംകുളിരായി മാറുന്ന, ഹിമനിലങ്ങളില്‍നിന്നുവന്ന ദേശാടനക്കിളികള്‍ തിരിച്ചുപോക്കിന് തുനിയുന്ന തെന്നലിന് ഊഷ്മളത കൂടി വരുന്ന, മരങ്ങളില്‍ തളിര്‍പ്പുകള്‍ ഏറിവരുന്ന മാര്‍ച്ച് മാസത്തില്‍, ഉറക്കെ കരയുന്ന പരസഹസ്രം ലഖ്‌നൗ വാസികളുടെ മുന്നില്‍നിന്നും ഷായും അകമ്പടിയും നഗരം വിട്ട് കൊല്‍ക്കത്തയിലുള്ള പ്രവാസത്തിന് പുറപ്പെട്ടു. പ്രിയപ്പെട്ട പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഗോപുരങ്ങളും കുതിരമാളികയുടെ മേല്പുറങ്ങളും മഞ്ഞിന്റെ മുഖപടമണിഞ്ഞ് അറിയായ്മയിലേക്കുള്ള യാത്രയ്ക്ക് അതിരഹസ്യം മെനഞ്ഞ ഒരു വൃശ്ചികമാസ രാവിന്റെ പള്ളിയുറക്കത്തില്‍നിന്നും സ്വാതി ഉണര്‍ന്നില്ല. 
ഷായും സ്വാതിയും സ്വന്തം നാടുകളില്‍ കഥാനാടകത്തിന്റെ ആദ്യരൂപങ്ങള്‍ നിര്‍മ്മിച്ചു. ഷാ കഥക് നൃത്തത്തിന് പുതിയ ഭാവവും രൂപവും നല്‍കിയപ്പോള്‍ സ്വാതി മോഹിനിയാട്ടത്തിന് പുതിയ ജീവനേകി. ഷാ സ്വയം ഗായകനും ഗാനരചയിതാവുമായിരുന്നപ്പോള്‍ സ്വാതി വാഗ്ഗേയകാരനും സംഗീതജ്ഞനുമായി. ഷാ ഉറുദുവിലും പേര്‍ഷ്യനിലുമായി അറുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചപ്പോള്‍, സ്വാതി ദീര്‍ഘകാവ്യങ്ങളും ഗേയനാടകങ്ങളും പ്രബന്ധങ്ങളും ഗാനരചനയ്ക്ക് പ്രാസവ്യവസ്ഥയും കാവ്യ വ്യാഖ്യാനവും രചിച്ചു. ഇരുവരും കലാകാരന്മാരുടേയും സാഹിത്യകാരന്മാരുടേയും മഹാസദസ്സിന്റെ നിര്‍ഭാസ്യതയില്‍ ജീവിച്ചു. ഇരുവരും വരും തലമുറയ്ക്ക് സാംസ്‌കാരികമായ പൈതൃകം നല്‍കി. എന്തൊരു അതിശയകരമായ സാദൃശ്യം!

ആധുനിക നാടകത്തിന്റെ ആദ്യാങ്കുരങ്ങള്‍
ഭാരതത്തില്‍ ഒരുകാലത്തുണ്ടായിരുന്ന സംസ്‌കൃത നാടകപാരമ്പര്യം, കേരളത്തിലെ കുറേയൊക്കെ ദുഗ്രഹമായ കൂടിയാട്ടം എന്നത് മാത്രമായി ചുരുങ്ങിയിരുന്നു. ആ പാരമ്പര്യം വീണ്ടും നേരിയ തോതില്‍ പ്രത്യക്ഷപ്പെടുന്നത് ഗേയ നാടകങ്ങളുടെ രൂപത്തിലാണ്. നാരായണതീര്‍ത്ഥരുടെ 'കൃഷ്ണലീലാതരംഗിണി', ത്യാഗരാജസ്വാമികളുടെ 'നൗകാചരിത്രം' ഗോപാലകൃഷ്ണ ഭാരതിയുടെ 'നന്ദനാര്‍ ചരിതം', സഹാജി മഹാരാജാവിന്റെ 'പല്ലകി സേവാ പ്രബന്ധം' എന്നിവ ഗേയ നാടകങ്ങളാണ്. ഉത്തരേന്ത്യയില്‍ ആദ്യമായി ഒരു ഗേയ നാടകം രചിച്ചത് വാജിദ് അലി ഷായാണെന്ന് പറയപ്പെടുന്നു. 'രാധാകന്‍ ഹയ്യാ കാ കിസ്സ' എന്ന രചനയിലൂടെ അദ്ദേഹം പുരാണപ്രഥിതമായ രാസലീലയെ ഒരു കഥയുടെ ചട്ടക്കൂടില്‍ അവതരിപ്പിച്ചു. അഭിനയിക്കാനും ആടാനും പാടാനും പറ്റിയ ഒരു ഓപ്പെറ. ശ്രീകൃഷ്ണന് അന്യയുവതികളുമായി ബന്ധമുണ്ടെന്ന് പരിഭവിച്ച് രാധ അദ്ദേഹത്തിനോടൊപ്പം നൃത്തം ചെയ്യാന്‍ വിസമ്മതിക്കുന്നു. രാധയെ മയപ്പെടുത്താന്‍ എത്ര ശ്രമിച്ചിട്ടും കണ്ണന് കഴിയുന്നില്ല. ഒടുവില്‍ മായികശക്തി ഉപയോഗിച്ച് അദ്ദേഹം രാധയെ അല്പം തണുപ്പിക്കുന്നു. കണ്ണന്റെ ഓടക്കുഴല്‍ കാണാതെ പോയിരിക്കുകയായിരുന്നു. ആ ഓടക്കുഴലില്‍ വായിച്ചാല്‍ മാത്രമേ ഒപ്പം നൃത്തം ചെയ്കയുള്ളൂ എന്ന് രാധ ശഠിക്കുന്നു. ഓടക്കുഴല്‍ തിരഞ്ഞുപോയ കണ്ണന്‍ കിണറ്റില്‍നിന്ന് വെള്ളം കോരുന്ന ഒരു ഗോപികയുടെ കൈവശം ഓടക്കുഴല്‍ കാണുന്നു. കുറേ വെണ്ണ കവര്‍ന്ന് കൊണ്ടുചെന്നു കൊടുത്താല്‍ മാത്രമേ ഓടക്കുഴല്‍ നല്‍കുകയുള്ളു എന്ന് ഗോപിക നിര്‍ബന്ധം പിടിക്കുന്നു. കണ്ണന്‍ തൈര് കലക്കുന്ന മറ്റ് ഗോപികമാരില്‍നിന്ന് വെണ്ണ മോഷ്ടിച്ചുകൊണ്ടുവന്നു കൊടുക്കുന്നു. അങ്ങനെ ഓടക്കുഴല്‍ വാങ്ങി രാധയുടെ മുന്നില്‍ വായിക്കുന്നു. രാധ ആ നാദലഹരിയില്‍ നൃത്തം ചെയ്യുന്നു. 

രാസലീല പ്രമേയമാക്കിയ ഈ ഗേയ നാടകത്തിന് ഷാ 'രഹസ്' എന്നാണ് പേര് കൊടുത്തത്. ഷായടക്കം നിരവധി സ്ത്രീ പുരുഷന്മാര്‍ ഈ രഹസില്‍ പങ്കെടുക്കുമായിരുന്നു. കണ്ണും കരളും കവരുന്ന സംവിധാനങ്ങള്‍ പശ്ചാത്തലമൊരുക്കി അന്തഃപുരത്തിലെ ഏറ്റവും ലാവണ്യവതികളായ യുവതികള്‍ ഗോപികമാരായി. പേര്‍ഷ്യന്‍, ഉറുദു എന്നീ ഭാഷകളില്‍ ഷാ വേറെയും ഗേയ നാടകങ്ങളെഴുതിയിരുന്നു. ഷായുടെ ജനനസമയത്ത് കൊട്ടാരം ജ്യോതിഷികള്‍, ആ ഉണ്ണി ഭാവിയില്‍ ജോഗി അഥവാ സന്യാസിയാകും എന്ന് പ്രവചിച്ചുവത്രെ. ഷായുടെ അമ്മ മാലിക കിഷ്വര്‍ അതിന് പരിഹാരമായി എല്ലാ പിറന്നാളിനും ഷായെ സന്ന്യാസിവേഷം അണിയിച്ച്, കൊട്ടാരത്തിലെ പല കുടുംബശാഖകളില്‍നിന്നും ഭിക്ഷ യാചിപ്പിച്ചിരുന്നുവത്രെ. രാജാവായപ്പോള്‍, ആ ബാല്യത്തിന്റെ ഓര്‍മ്മയില്‍ ഷാ 'ജോഗി മേള' എന്ന പേരില്‍ എല്ലാ വര്‍ഷവും മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഒരു ആഘോഷം സംഘടിപ്പിച്ചു വന്നു. കാണികളേവരും കാഷായവസ്ത്രധാരികളാകണം എന്നതായിരുന്നു ശാസന. സംഗീതം, നൃത്തം, അഭിനയം, കവിസദസ്സ് എന്നിവയെല്ലാം ആ മേളയില്‍ അരങ്ങേറി. 'ദാരിയ-ഈ-താഷൂക്' എന്ന ഷായുടെ ഗേയ നാടകത്തിന്റെ പ്രമേയം ഗസാല എന്ന യുവതിയുടേയും മഹ്രൂഹ് എന്ന യുവാവിന്റേയും പ്രണയമാണ്. ആ കഥയെടുത്താണ് ബോംബെയിലെ പാര്‍സി തിയറ്ററിന്റെ ആദ്യ നാടകമായ 'ഗസാല മഹ്രൂഹ്' മെനഞ്ഞെടുത്തത്. ഹിന്ദി ഭാഷയിലെ ആദ്യ നാടകകൃത്തായ അമാനത്ത് തന്റെ അക്കാലത്തെ പ്രശസ്തമായ 'ഇന്ദ്രസഭ' രചിച്ചത്, ഷായുടെ ജോഗിയ മേളയില്‍ പങ്കെടുത്തതിന് ശേഷമാണ്. ചില നാടകചരിത്രകാരന്മാര്‍ ഷായെ 'ഉത്തരേന്ത്യന്‍ നാടകവേദിയുടെ പിതാവ് എന്ന് വിളിക്കുന്നു. 
'യയാതി ചരിതം' എന്ന നാടകം സ്വാതിയുടെ രചനയാണെന്ന് സര്‍ സി.പി. രാമസ്വാമി അയ്യര്‍ എഴുതിയിട്ടുണ്ടെങ്കിലും അല്ലെന്ന് ഉള്ളൂരും മറ്റും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, സ്വാതിയുടെ ഗേയനാടകങ്ങളായ 'കുചേലോപാഖ്യാന'വും 'അജാമിളോപാഖ്യാന'വും അദ്ദേഹത്തിന് ഡ്രാമാറ്റിക്സിലും അറിവുണ്ടായിരുന്നുവെന്ന് കാണിക്കുന്നു. സ്വാതി സദസ്സിലെ ഉത്തരേന്ത്യന്‍ ഗായകനായിരുന്ന മേരുസ്വാമി, 'കുചേലോപാഖ്യാനം' ഹരികഥയായി കൊട്ടാരത്തില്‍ അവതരിപ്പിച്ചൂവെന്നും അതിന് പാരിതോഷികമായി മഹാരാജാവ് അദ്ദേഹത്തിന് പൊന്നും പണവും വീരശൃംഖലയും നല്‍കി എന്ന് കൊട്ടാരം രേഖകളില്‍ കാണുന്നു. ഭാഗവത മേളയിലെന്നതുപോലെ, അക്കാലത്ത് ഹരികഥയില്‍ വിവിധ കഥാപാത്രങ്ങളെ ഏകാംഗാഭിനയത്തിലൂടെ കാണിച്ചിരുന്നു. പലപ്പോഴും മറ്റ് കലാകാരന്മാരും ഓരോ വേഷത്തില്‍ വന്ന് ഹരികഥാകാരനെ സഹായിക്കും. കുചേലനും പത്‌നിയും മക്കളും ശ്രീകൃഷ്ണനും രുഗ്മിണിയും സാന്ദീപനി ഗുരുവും ഗുരുപത്‌നിയുമൊക്കെ ഒരുപക്ഷേ, രംഗത്ത് പ്രതിഫലിച്ചിരിക്കാം. ''ഭജഭജമാനസ ഹരിമനവരതം'' തുടങ്ങിയ മനോഹര ഗാനങ്ങള്‍ ആ ഉപാഖ്യാനത്തിലുണ്ട്. ''അജാമിളോപാഖ്യാന'ത്തിലും നിരവധി കഥാപാത്രങ്ങളുണ്ട്. നാടകരീതിയിലുള്ള ചട്ടക്കൂടിലാണ് കഥ പുരോഗമിക്കുന്നത്. കഥാപാത്രങ്ങള്‍ നാടകത്തിലുള്ളതുപോലെ തമ്മില്‍ സംഭാഷണം ചെയ്യുന്നുമുണ്ട്. സ്വാതിയുടെ ഗേയ നാടകങ്ങള്‍ രചിക്കപ്പെട്ടതുകൊണ്ടായിരിക്കാം പില്‍ക്കാലത്ത് മഹാരാഷ്ട്ര-തമിഴ്നാട് വഴി എത്തിയ സംഗീതനാടകങ്ങള്‍ കേരളത്തിലും ഹരമായത്. 

പഞ്ചമവേദത്തിന്റെ പാദശിഞ്ജിതം
ചിലങ്കയുടെ ചിഞ്ചിലവും പായലിന്റെ ഝനകഝനകവും സ്വാതി-ഷാമാരുടെ സര്‍ഗ്ഗമണ്ഡലത്തില്‍ ആദ്യന്തം അനുരണനം ചെയ്തു. കേരളത്തിന്റെ പല കോണുകളിലും ഊര്‍ദ്ധ്വന്‍ വലിച്ച് കിടന്നിരുന്ന പുരാതന ദാസിയാട്ടത്തെ കണ്ടെടുത്ത് മോഹിനിയാട്ടമെന്ന ലാസ്യനൃത്തരൂപമായി സ്വാതി വികസിപ്പിച്ചെടുത്തു എന്നത് അവിതര്‍ക്കിതമാകുന്നു. തിരുവനന്തപുരത്ത് തഞ്ചാവൂരില്‍നിന്നും വന്ന്, രാജാവിന്റെ പ്രീതിക്ക് പാത്രമായ വടിവേലു നട്ടുവനാരും ഈ പരിഷ്‌കരണത്തില്‍ സഹായിച്ചിരിക്കണം. അതിസുന്ദരിയായ സുഗന്ധവല്ലി എന്ന തമിഴ്നാടന്‍ നര്‍ത്തകി സ്വാതിയുടെ പ്രേമഭാജനം കൂടിയായെന്ന് ഇപ്പോള്‍ ഏവരും സമ്മതിക്കുന്നുണ്ട്. അനന്തലക്ഷ്മി, ആകാശമാണിക്യം, നീരജാക്ഷി, കനകമാല, നീരാള്‍, നാഗരത്‌നം തുടങ്ങിയ നിരവധി ഭരതനാട്യം നര്‍ത്തകിമാര്‍ സ്വാതിയുടെ സദസ്സില്‍ നൃത്തം വെച്ചിരുന്നു. വടിവേലുവും പലതരം വാദ്യങ്ങളില്‍ പ്രവീണരായ സഹോദരര്‍ പൊന്നയ്യ, ചിന്നയ്യ, ശിവാനന്ദം എന്നിവരും സാക്ഷാല്‍ മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യരായിരുന്നുവല്ലൊ. അവരുടെയെല്ലാം ആശയങ്ങളും സ്വാതിക്ക് ഉപകാരപ്പെട്ടിട്ടുണ്ടാകാം. പണ്ട് ചില കൃതികളില്‍ (മഴമംഗലത്തിന്റെ 'വ്യവഹാരമാല', കുഞ്ചന്‍നമ്പ്യാരുടെ 'ഘോഷയാത്ര' തുള്ളല്‍, കാര്‍ത്തികതിരുനാള്‍ മഹാരാജാവിന്റെ 'ബാലരാമഭരതം') കാണുന്ന മോഹിനിയാട്ടം എന്ന പദമെടുത്ത് ആ പേരില്‍ തികച്ചും കേരളീയമായ ഒരു നൃത്തവിശേഷം സ്വാതി രൂപപ്പെടുത്തി. ഭരതനാട്യത്തിനുവേണ്ടി മാത്രമല്ല, മോഹിനിയാട്ടത്തിനും പറ്റിയ നിരവധി പദങ്ങള്‍ ആ തൂലികയില്‍നിന്ന് വാര്‍ന്നുവീണു. കൂടാതെ വര്‍ണ്ണങ്ങളും പദവര്‍ണ്ണങ്ങളും കൂടിയുണ്ട്. ആട്ടത്തിന് പറ്റിയ സ്വരജതികളും തില്ലാനകളും. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭമായപ്പോഴേയ്ക്കും മോഹിനിയാട്ടം വേശ്യാവൃത്തിക്കുള്ള ഉപാധി എന്ന നിലയ്ക്ക് മുദ്രകുത്തപ്പെട്ടുവെങ്കിലും (ഇന്ന് അന്യനാടുകളില്‍പ്പോലും പ്രശസ്തി നേടിയ കഥകളിയെ ഊമക്കളി എന്ന് വിളിച്ച് അഗണ്യകോടിയില്‍ തള്ളിയവരാണ് നാം) മഹാകവി വള്ളത്തോള്‍ കേരള കലാമണ്ഡലത്തിലൂടെ അത് പുനരുജ്ജീവിപ്പിച്ചതിനാല്‍ സ്വാതി തന്നുപോയ പൈതൃകം നശിച്ചുപോയില്ല. 
ആ രംഗം ഒന്ന് സങ്കല്പിച്ചുനോക്കാം. കുതിരമാളികയിലെ നടശാലയില്‍ സുഗന്ധവല്ലി ആടുന്നു. ചെമ്പഞ്ഞിച്ചാര്‍ മിന്നുന്ന പൂവിതള്‍ പാദങ്ങള്‍, പത്തീക്കീറ്റെഴുതിയ കരപല്ലവങ്ങള്‍. നടുവന്‍ വടിവേലുവും സഹോദരന്മാരും അകമ്പടിയായുണ്ട്. തൊപ്പിമദ്ദളത്തിന്റേയും ഇടയ്ക്കയുടേയും ധിമിധിമിധ്വാനം. ചിത്രാലേഖനം ചെയ്ത പീഠത്തിലിരുന്ന് സ്വാതിതിരുനാള്‍ നര്‍ത്തകിയുടെ അടവുകള്‍ക്ക് കേരളീയച്ഛായ നല്‍കുന്നു. ഭരതനാട്യത്തിന്റെ ദ്രുതചടുക്കന്‍ ചലനങ്ങള്‍ക്ക് പകരം ലാസ്യത്തിന്റെ അലസമസൃണചാരുത മുറ്റിനില്‍ക്കുന്നവ കണ്ടെത്തുന്നു. വഞ്ചിനാട്ടിലെ വിശാലമായ ഉള്‍ജലമയങ്ങളില്‍ കെട്ടിയിടുന്ന വള്ളങ്ങളുടെ, തെക്കുപടിഞ്ഞാറന്‍ കാറ്റിലാടുന്ന തെങ്ങിന്റെ പച്ചത്തലപ്പുകളുടെ, ഓണക്കാലത്തെ ഊഞ്ഞാലാട്ടത്തിന്റെ, പത്മതീര്‍ത്ഥത്തില്‍ ഇറങ്ങിമുങ്ങുമ്പോളുണ്ടാകുന്ന ഓളവട്ടങ്ങളുടെ ചലനാംശങ്ങള്‍ നര്‍ത്തകിയുടെ തളിര്‍മെയ്യിലേക്ക് പകര്‍ത്തുന്നു. ആട്ടപ്രകരണത്തില്‍ തുമ്പപ്പൂവിന്റെ വെണ്‍മയും കെട്ടിലമ്മമാരുടെ പെട്ടകങ്ങളിലെ മൂട്ടില്‍ക്കര മുണ്ടുകളുടെ മടക്കുകള്‍ക്കിടയില്‍ മണമണയ്ക്കുവാന്‍ വെയ്ക്കുന്ന കൈതപ്പൂവിന്റെ പൊന്നും നെയ്യാറിന്റെ തീരത്തെ നീര്‍നോക്കിപ്പുല്ലുകള്‍ക്കിടയില്‍ പറ്റിപ്പിടിക്കുന്ന മിന്നാമിനുങ്ങുകളുടെ വെള്ളിവെട്ടവും ചേര്‍ത്തു. സുഗന്ധവല്ലിയുടെ പിടഞ്ഞ് മണ്ടിനില്‍ക്കുന്ന മിഴികളിലൂടെ സ്ഥായിയായ ശൃംഗാരത്തിന്റെ അന്തധാരയ്ക്കുമേല്‍ ശേഷം അഷ്ടരസങ്ങളും വന്നുപോകുന്നു. വെണ്ണാടയണിഞ്ഞ നര്‍ത്തകിയും നാടിന്റെ നാഥന്‍ മാത്രമല്ല, അവളുടെ ഹൃദയത്തിന്റെ നാഥനും കൂടിയായ സകലകലാവല്ലഭനും കൂടി വൃശ്ചികനിലാവ് പോലെ സ്വപ്നസദൃശമായ ഒരു നൃത്തരൂപം മെനഞ്ഞുവെയ്ക്കുന്നു. 
കഥക് എന്ന ഉത്തരേന്ത്യന്‍ നൃത്തരൂപം ഇന്ന് സര്‍വ്വാദൃതമായിട്ടുണ്ടെങ്കില്‍ അതിന് ഏക കാരണക്കാരന്‍ വാജിദ് അലി ഷായാണ്. ''ജോ കഥാ കഹേ സോ കഥക്'' കഥ പറയുന്നവനാണ് കഥക് എന്ന രീതിയില്‍ തുലോം ലളിതമായി ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന നൃത്തരൂപമായിരുന്നു കഥക്. അല്പമാത്രമായ ശാരീരികഭാഷയേ അതിനുണ്ടായിരുന്നുള്ളു. ഷാ പണ്ഡിറ്റ് ദുര്‍ഗ്ഗാപ്രസാദിന് കീഴില്‍ നിലവിലുണ്ടായിരുന്ന കഥക് അഭ്യസിച്ചു. അപ്പോഴാണ് അത് ഒരു സമ്പൂര്‍ണ്ണ നൃത്തരൂപമായി വികസിപ്പിക്കണമെന്നും ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് അവതരിപ്പിക്കണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടായത്. ആദ്യം തന്നെ ഭരതമുനിയുടെ 'നാട്യശാസ്ത്രം' വിശദമായി പഠിച്ചു. രസഭാവങ്ങള്‍ക്ക് നൃത്തത്തിലുള്ള പ്രാധാന്യം മനസ്സിലാക്കി. ''യതോ ഹസ്ത സ്തതോ ദൃഷ്ടി; യതോ ദൃഷ്ടിര്‍ സ്തതോ മനഃ, യതോ മനസ്തതോ ഭാവ, യതോ ഭാവസ്തതോ രസഃ - എവിടെ കയ്യുണ്ടോ അവിടെ കണ്ണെത്തണം, എവിടെ കണ്ണുണ്ടോ അവിടെ മനമെത്തണം, എവിടെ ഭാവമുണ്ടോ അവിടെ രസമെത്തണം എന്ന നാട്യപ്രമാണം പിന്തുടര്‍ന്നു. ഉണ്ണിക്കണ്ണന്‍ വെണ്ണ മോഷ്ടിക്കുന്നത്, ഗോപസ്ത്രീകളുടെ വസ്ത്രാപഹരണം നടത്തുന്നത്, രാസക്രീഡ തുടങ്ങിയ സംഭവങ്ങളുടെ വര്‍ണ്ണശബളമായ ആവിഷ്‌കാരമായിരുന്നു  ഷായുടെ നൃത്തപ്രമേയങ്ങള്‍. കഥക്കില്‍ തോഡ, ടുക്ഡാപരണ്‍ മുതലായ അടവുകള്‍ അദ്ദേഹമാണ് ആദ്യമായി പ്രയോഗിച്ചത്. നര്‍ത്തകനും നര്‍ത്തകിക്കും നിശിതമായ താളബോധം വേണമെന്ന് നിഷ്‌കര്‍ഷിച്ചു. ക്ലിഷ്ടമായ താളവട്ടങ്ങള്‍ നല്‍കി. ഇന്ന് കാണുന്ന കഥക്കിന്റെ ആഹാര്യം മുഴുവനും രൂപകല്പന ചെയ്തത് ഷായാണ്. സ്വയം ഗായകനും നര്‍ത്തകനുമായതുകൊണ്ടാണ് ഇത്തരം ഒരു സമഗ്ര പരിഷ്‌കരണം സാധ്യമായത്. കഥക്കിനുവേണ്ടി അദ്ദേഹം അനേകം ഗാനങ്ങള്‍ രചിച്ചു. ഥുംരി, ദാദ്രാ എന്നീ ഇനങ്ങള്‍ കഥക്കില്‍ വരുത്തിയത് ഷായാണ്. ഏറ്റവും ശ്രേഷ്ഠമായത് കഥക്കിന്റെ ലഖ്‌നൗ ഘരാനയാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ബിന്ദാ ദീനും ലച്ചു മഹാരാജും, ശംഭു മഹാരാജും ബിര്‍ജു മഹാരാജുമൊക്കെ ഷാ ചെയ്ത പരിഷ്‌കാരങ്ങളുടെ അടിത്തറയിലാണ് കഥക് നൃത്തത്തെ ലോകപ്രശസ്തമാക്കിയത്. ശിക്ഷണത്തിന്റെ മേല്‍നോട്ടം നേരിട്ട് വഹിക്കുക മാത്രമല്ല, അവരോടൊപ്പം നൃത്തം വെച്ച് അഭ്യസിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തി.

ശിശിര ഹേമന്തരാവുകളില്‍ കൈസര്‍ബാഗ് കൊട്ടാരത്തിലെ പ്രവിശാലമായ രംഗശാലയില്‍ വാജിദ് അലി ഷാ രാജചിഹ്നങ്ങളും അലങ്കാരാടകളും വെടിഞ്ഞ് വെറും പൈജാമയും കുര്‍ത്തയുമണിഞ്ഞ് പ്രത്യക്ഷപ്പെടും. സാരസന്‍-ഇന്ത്യന്‍ മിശ്രരീതിയിലുള്ള ആ ഹാളില്‍ അപ്പോള്‍ മേലാപ്പില്‍നിന്നും തൂങ്ങി നില്‍ക്കുന്ന ബഹുശാഖാ വിളക്കുകള്‍ കണ്‍തുറന്നിട്ടുണ്ടാകും. ശില്പഭംഗിയേറിയ ദീപക്കുറ്റികളില്‍ നിറയെ മണം പേറുന്ന അനേകം മെഴുകുതിരികള്‍ കത്തുന്നുണ്ടാവും. ശാലയുടെ കശ്മീര്‍ കട്ടിപ്പരവതാനികള്‍ വിരിച്ച നിലത്ത് തബല, പഖ്വാജ്, സിത്താര്‍, സാരംഗി വാദകര്‍ ഇരുന്നിട്ടുമുണ്ടാകും. ദുര്‍ഗ്ഗാപ്രസാദ്, ഠാക്കൂര്‍ പ്രസാദ്, ബിന്ദാ ദിന്‍ തുടങ്ങിയ കഥക് കലാകാരന്മാര്‍ ഷായുടെ പിന്നിലെ ആസനങ്ങളില്‍ ഉണ്ടാകും. ലഖ്‌നൗവിലെ ഏറ്റവും സുന്ദരികളായ യുവതികള്‍ക്കുള്ള ശിക്ഷണമാണ്. യുവാക്കളുമുണ്ടാകും. രാജാവ് നേരിട്ട് താളത്തിന്റെ ബോല്‍ പറയുകയും അതിനൊത്ത് കഥക്കിന്റെ പ്രത്യേകതയായ ചക്കര്‍ (ദ്രുതമായ വട്ടം തിരിയല്‍) തുടങ്ങി ചടുലമായ ചുവടുകള്‍ എടുത്തുകാണിക്കുകയും ചെയ്യും. ഒരുപക്ഷേ, ഡാന്‍സ് മാസ്റ്ററായ ഏക മഹാരാജാവ് ചരിത്രത്തില്‍ ഷാ ആയിരിക്കും. കഥക്കില്‍ രസാഭിനയത്തിലൂടെ നവരസങ്ങള്‍ ആദ്യമായി കണ്ടത് ആ രാജമുഖത്തുനിന്നാണെന്ന് പറയപ്പെടുന്നു. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ആ അദ്ധ്യയനം ചിലപ്പോള്‍ സമ്പൂര്‍ണ്ണമായ വേഷസഹിത സാധകത്തിലാണ് അവസാനിക്കുക. കൃഷ്ണനും രാധയും ഗോപികമാരും രംഗത്തുണരും. ശബനം അഥവാ രാത്രിമഞ്ഞ് എന്ന് പേരുള്ള ചിലന്തിവലപോലെ നേര്‍ത്ത ദുപ്പട്ടയും ശിരോലങ്കാരവും ബനാറസ് പട്ടുകൊണ്ടുള്ള കണങ്കാല്‍ വരെ നീണ്ടുകിടക്കുന്ന പാവാടയും സ്വര്‍ണ്ണാഭരണങ്ങളോടൊപ്പം തുളസിമാലകളും കടകങ്ങളും ഘുംഘ്രുവും ധരിച്ച് അപ്‌സരതുല്യകളായി ഹൂറികള്‍ മദനപരവശരായി കടക്കണ്ണെറിയുന്ന ആ രംഗങ്ങള്‍ സങ്കല്പിച്ച് നോക്കുക. ആ അലൗകികമായ അന്തരീക്ഷത്തിലാണ് ആധുനിക കഥക് പിറന്നുവീണത്. കലാസാന്ദ്രമായ, അനവദ്യമായ ആ സായാഹ്നങ്ങളേയാണ് അരസികനും ഭാരതീയ സംസ്‌കാരത്തെപ്പറ്റി എന്തെങ്കിലും മനസ്സിലാക്കാന്‍ അശക്തനുമായ റസിഡന്‍സ് സായ്പ് കുത്തഴിഞ്ഞ സംഘ ലൈംഗിക കേളികളായും സാത്താന്റെ സ്വാധീന വിക്രിയകളായും ചിത്രീകരിച്ചത്. 

നാദാര്‍പ്പണം ചെയ്ത നാട്ടുകോന്മാര്‍ 
കര്‍ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികളുടെ പേരുകള്‍ കഴിഞ്ഞാല്‍, പിന്നെ ശ്രദ്ധേയനായ ഒരു വാഗ്ഗേയകാരന്‍ സ്വാതിതിരുനാളായിരുന്നു എന്നത് ഇന്ന് പരക്കെ സമ്മതിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഗീത സംഭാവനകളെ തള്ളിപ്പറഞ്ഞുകൊണ്ട് ചെന്നൈയിലെ ചിലര്‍, പ്രത്യേകിച്ചും വൈണികന്‍ എസ്സ്. ബാലചന്ദര്‍ ഉയര്‍ത്തിയ വിവാദം എന്നോ ചീറ്റിപ്പോയ പടക്കമായിക്കഴിഞ്ഞിരിക്കുന്നു. പതിമൂന്ന് വയസ്സിനകം നിരവധി ഭാഷകളില്‍ രാജകുമാരന്‍ പ്രാവീണ്യം നേടിക്കഴിഞ്ഞിരുന്നു എന്ന് വിദേശീയരടക്കം പലരും രേഖപ്പെടുത്തിയിട്ടുണ്ടല്ലൊ. സാഹിത്യവും സംഗീതവും ഒരുപോലെ കരതലാമലകമായ ഒരാള്‍ക്കേ ''ദാനി സാമജേന്ദ്ര ഗാമിനി'' എന്ന തോടി സ്വരാക്ഷര പദവര്‍ണ്ണം രചിക്കാന്‍ കഴിയൂ. ആ രീതിയില്‍ വടിവേലു രചിച്ച 'ദാനി സാട്ടി' എന്ന പദവര്‍ണ്ണത്തില്‍ സ്വരാക്ഷരമില്ല. സ്വാതിയുടെ കൃതികള്‍ പിന്നീട് മുത്തയ്യ ഭാഗവതരും ശെമ്മാങ്കുഡിയുമൊക്കെ രാഗം മാറ്റി ചിട്ടപ്പെടുത്തിയിട്ടുണ്ടാകാം. എന്നാല്‍, ചൈല്‍ഡ് പ്രോഡിജിയായിരുന്ന സ്വാതിക്ക് അതിന് കഴിവുണ്ടായിരുന്നില്ല എന്ന് പറയുന്നത് വിഡ്ഢിത്തം മാത്രമത്രെ. വിദഗ്ദ്ധമായി സ്വരബത്തും വീണയും അദ്ദേഹം വായിച്ചിരുന്നതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാതി 91 കീര്‍ത്തനങ്ങളും 66 പദങ്ങളും 16 ഖയാലുകളും 9 ധ്രുപദുകളും 9 ഭജനുകളുമടക്കം 394 കൃതികള്‍ രചിച്ചു. സമൃദ്ധമായ രചനാകര്‍മ്മം. കൂട്ടത്തില്‍ ഗാനരചനയ്ക്കുതകുന്ന പ്രാസരീതിയെക്കുറിച്ച് ഒരു ചെറിയ സംസ്‌കൃത കൃതിയുമെഴുതി. 

ഏതാണ്ട് ഇതേ രീതിയിലായിരുന്നു വാജിദ് അലി ഷായുടെ സംഗീത സംഭാവനകളും. 'സോവ്ത്ത്-ഉല്‍-മുബാരക്' എന്ന തന്റെ ഗ്രന്ഥത്തില്‍ സംഗീതത്തേയും വിശദമായി ഷാ പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ പറയുന്നു: ''സംഗീതദര്‍പ്പണം', 'നഗമത്-ഈ- അസാഫി' തുടങ്ങിയ സംഗീത ഗ്രന്ഥങ്ങള്‍ എന്നെ തികച്ചും തൃപ്തിപ്പെടുത്തിയില്ല. പക്ഷേ, നിരന്തരമായ റിയാസ് (സാധന)കൊണ്ടും കഠിനമായ പ്രയത്‌നംകൊണ്ട് ഇപ്പോള്‍ ഞാന്‍ കുറേയൊക്കെ സംഗീതജ്ഞാനം നേടിയിട്ടുണ്ട്. അത് അന്യര്‍ക്ക് പകര്‍ന്നുകൊടുക്കുവാനാണ് ഈ കിത്താബ് എഴുതുന്നത്. 'നജോ', 'ദുല്‍ഹന്‍' എന്നീ രണ്ട് കൃതികള്‍ അദ്ദേഹം രചിച്ച ഥുംരികളുടെ സമാഹാരങ്ങളാണ്. ഇതിലെ ഗാനങ്ങളത്രയും ശ്രീകൃഷ്ണകഥയിലെ വ്യത്യസ്ത ഭാഗങ്ങളെ സ്പര്‍ശിച്ചുള്ളവയത്രെ. ആയുഷ്‌ക്കാലമത്രയും വൃന്ദാവനം ഷായുടെ സര്‍ഗ്ഗപഥത്തില്‍ പൂത്തുനിന്നു. ധ്രുപദ്, ദാദ്രാ, ഗസല്‍ എന്നീ ജനുസ്സുകളിലും ഷാ ഏറെ കൃതികള്‍ രചിച്ചു. അവയില്‍ പലതും ഇന്നും ഹിന്ദുസ്ഥാനി ഗായകര്‍ പാടി വരുന്നു. താന്‍ രചിക്കുന്ന സംഗീതകൃതികള്‍ ചിട്ടപ്പെടുത്താന്‍ ഷാ ആരുടേയും സഹായം സ്വീകരിച്ചില്ല. സ്വയം രാഗതാളങ്ങള്‍ നല്‍കി. സ്വയം പാടിക്കേള്‍പ്പിക്കുകയും ചെയ്തിരുന്നുവത്രെ. അദ്ദേഹത്തിന്റെ താളപ്രകരണങ്ങളും കേളി കേട്ടു. 

അരചദ്വയങ്ങളുടെ അക്ഷരപൂജനം
ഇരുവരും തമ്മിലുള്ള സമാനതകള്‍ സാഹിത്യരംഗത്തും കാണുന്നു. സ്വാതികാവ്യങ്ങളും പ്രബന്ധങ്ങളും ഗേയനാടകങ്ങളും സ്‌ത്രോത്രങ്ങളും രചിച്ചു. 'ഭക്തിമഞ്ജരി' എന്ന കാവ്യത്തില്‍ മാത്രം ആയിരം ശ്ലോകങ്ങളുണ്ട്. പേര്‍ സൂചിപ്പിക്കുന്നതുപോലെ 'ശ്രീപത്മനാഭശതക'ത്തില്‍ നൂറ് ശ്ലോകങ്ങളുണ്ട്. 'സ്യാനന്ദൂര പുരവര്‍ണ്ണനം', 'ഉത്സവപ്രബന്ധം' എന്നിവയും സാമാന്യം ദീര്‍ഘങ്ങളായ കൃതികളാണ്. പ്രബന്ധത്തിലെ 'കനകമയമായിടും കമലവാഹനമതില്‍' എന്ന് തുടങ്ങുന്ന ഹുസൈനി രാഗത്തിലുള്ള മനോഹരഗാനം ഓര്‍ക്കുക. 'കുചേലോപാഖ്യാന'വും''അജാമിളോപാഖ്യാന'വും ഗേയനാടകങ്ങളാണ്. ഗാനങ്ങള്‍ക്ക് വേണ്ട പ്രാസവ്യവസ്ഥയെക്കുറിച്ച് ഒരു മോണോഗ്രാഫും സ്വാതി എഴുതി. ഇതിനെല്ലാം പുറമെ നീലകണ്ഠദീക്ഷിതരുടെ ധര്‍മ്മോപദേശപരമായ 'അന്യാപദേശശതക'ത്തിന് വ്യാഖ്യാനവും രചിച്ചു. 
വാജിദ് അലി ഷാ ഉറുദുവിലും പേര്‍ഷ്യനിലുമായി 60 പുസ്തകങ്ങള്‍ രചിച്ചു. ബ്രജഭാഷയിലുമെഴുതി. അദ്ദേഹത്തിന്റെ ഒരു പുസ്തകം ആത്മകഥാപരമായിരുന്നു. 'ബാണി' എന്ന കൃതിയില്‍ താനെഴുതിയ 46 പുസ്തകങ്ങളുടെ പട്ടിക അദ്ദേഹം തന്നെ കൊടുത്തിട്ടുണ്ട്. ചില പുസ്തകങ്ങള്‍ 'അഖ്തര്‍' എന്ന പേര് വെച്ചാണ് എഴുതിയത്. സ്വാതിയില്‍നിന്നും വ്യത്യസ്തമായി ചുറ്റുപാടുള്ള മനുഷ്യജീവിതത്തെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. രാജ്യം നഷ്ടപ്പെട്ട് അദ്ദേഹത്തിന് കൊല്‍കൊത്തയില്‍ സാധാരണക്കാരുമായി ഇടപെടേണ്ടിവന്നുവല്ലൊ. 33 വയസ്സില്‍ രാജ്യം പോയെങ്കിലും കൊല്‍കൊത്തയിലെ മതിയാബുര്‍ജ് എന്ന സ്ഥലത്ത് പിന്നെയും അത്രകാലം ജീവിച്ചിരുന്നതുകൊണ്ട് ഏറെ എഴുതാന്‍ ഷായ്ക്ക് സമയമുണ്ടായി. 2000 ഈരടികള്‍ വരെയുള്ള പുസ്തകങ്ങള്‍ അവയിലുണ്ട്. കൊല്‍കൊത്തയിലായതുകൊണ്ട് പുസ്തകങ്ങള്‍ അച്ചടിപ്പിക്കുവാനും സാധിച്ചു. 

അറിവാളര്‍ നിറഞ്ഞ അരമനകള്‍
സ്വന്തം ദര്‍ബാറുകളില്‍ സര്‍ഗ്ഗ പ്രതിഭകളുടെ സമൃദ്ധസാന്നിധ്യം വേണമെന്ന കാര്യത്തിലും സ്വാതി-ഷാമാര്‍ സാദൃശ്യം കാണിച്ചു. അനന്തപത്മനാഭ ഗോസ്വാമി, പാലക്കാട് പരമേശ്വര ഭാഗവതര്‍, ഷട്കാല ഗോവിന്ദമാരാര്‍, ത്യാഗരാജ ശിഷ്യന്‍ കണ്ണയ്യ ഭാഗവതര്‍, ദീക്ഷിതര്‍ ശിഷ്യന്‍ വടിവേലു നട്ടുവന്‍, സുബ്ബുക്കുട്ടി ഭാഗവതര്‍, ഹിന്ദുസ്ഥാനി ഗായകന്‍ അലാവുദ്ദീന്‍ സാഹിബ്, സ്വരബത് വാദകന്‍ സുലൈമാന്‍ സേഠ്, നര്‍ത്തകി സുഗന്ധവല്ലി തുടങ്ങിയ എത്രയോ കലാവതാരങ്ങള്‍ സ്വാതിയുടെ സദസ്സില്‍ സ്ഥിരമായി ഉണ്ടായിരുന്നു. വേറെ നൂറോളം കലാകാരന്മാര്‍ ഇടവേളകളിലായും ഉണ്ടായി. ഇരയിമ്മന്‍ തമ്പി, കരീന്ദ്രന്‍ തമ്പുരാന്‍ തുടങ്ങിയ സാഹിത്യപ്രതിഭകളും അതിന് തിളക്കമൂട്ടി.
ഷായുടെ ദര്‍ബാറും സമപ്രഭമായിരുന്നു. മുഹമ്മദ് അലി, ഛൈജു ദാസ്, വാഹിദുദ് അലി,  വാഹിദുദ് ദൗള തുടങ്ങിയ ഗായകര്‍, ദുര്‍ഗ്ഗാ പ്രസാദ്, ഠാക്കൂര്‍ പ്രസാദ്, ബിന്ദാ ദിന്‍ തുടങ്ങിയ നര്‍ത്തകര്‍, സബിത് ആലി തുടങ്ങിയ സിത്താര്‍ വാദകര്‍, ഛോട്ടേ ഖാന്‍  തുടങ്ങിയ വാദ്യവാദകര്‍ എന്നിങ്ങനെ നൂറോളം കലാകാരന്മാരെ കൊട്ടാരത്തില്‍ നിയമിച്ചിരുന്നു. ഭാരതത്തിന്റെ പല ഭാഗത്തുനിന്നും സാഹിത്യകാരന്മാര്‍ ഷായുടെ സദസ്സിലെത്തി. ഡല്‍ഹിയിലെ പ്രശസ്തകവിയായ മിര്‍സ ഗാലിബിന് പ്രതിവര്‍ഷം നല്ലൊരു തുക ഷാ എത്തിച്ചുകൊടുത്തിരുന്നു. കൊല്‍കൊത്തയില്‍ പ്രതിമാസം ഒരു ലക്ഷം രൂപ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് മാലിഖാന്‍ നല്‍കിയിരുന്നതുകൊണ്ട്, ആ പണം വ്യയം ചെയ്ത് അദ്ദേഹം (മതിയാബുര്‍ജില്‍) ഒരു മിനി ലഖ്‌നൗ സാംസ്‌കാരിക സദസ്സ് മരണം വരെ വെച്ചുപുലര്‍ത്തി. 'സബാ ഷെയ്രാ' എന്ന പേരില്‍ ഏഴ് പേരെടുത്ത കവികള്‍ ആ സദസ്സില്‍ വേതനക്കാരായുണ്ടായിരുന്നു. അവിടത്തെ മുശായിരകള്‍ ഉത്തരേന്ത്യയിലാകമാനം ഖ്യാതിപ്പെടുകയും ചെയ്തു. 

ശോകത്തിലുണര്‍ന്ന ശ്ലോകത്ത്വം
പരസഹസ്രം ആളുകള്‍ മരിച്ച, മഹാമനുഷ്യദുരന്തം സൃഷ്ടിച്ച കലിംഗയുദ്ധത്തിന് കാരണക്കാരനായ അശോക ചക്രവര്‍ത്തി, ആ കൂട്ടക്കൊലയ്ക്കുശേഷം പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ അഹിംസാവാദിയാവുകയും നാട്ടിലങ്ങോളമിങ്ങോളം സ്തൂപങ്ങള്‍ നാട്ടി ശ്രമണവചനങ്ങള്‍ കൊത്തിവെയ്ക്കുകയും മതം മാറ്റത്തിന് സര്‍ക്കാര്‍ ചെലവില്‍ സന്നദ്ധസംഘങ്ങളെ എമ്പാടും അയയ്ക്കുകയും ചെയ്തപ്പോള്‍ പല പ്രമുഖ ചരിത്രകാരന്മാരുടേയും കണ്ണില്‍ മഹാനായി. എന്നാല്‍, യുദ്ധങ്ങള്‍ കഴിവതും ഒഴിവാക്കി, സേനയുടെ ശക്തികാട്ടി ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും അലക്സാണ്ടര്‍ ചക്രവര്‍ത്തി അവരോധിച്ചുപോയ ഗ്രീക്ക് സത്ത്രപന്മാരെ മാത്രമല്ല, ഭാരതത്തിലെ അനേകം രാജാക്കന്മാരേയും ജയിച്ച്, മലകടല്‍ക്കിടയിലെ മൗര്യസാമ്രാജ്യം കെട്ടിപ്പടുത്ത മുത്തച്ഛന്‍ ചന്ദ്രഗുപ്തനെക്കുറിച്ച് അവരാരും സ്തുതിവചനങ്ങള്‍ ഒഴുക്കാറില്ല. ആ മുത്തച്ഛന്റെ ത്യാഗത്തിന് മുന്നില്‍ പൗത്രന്‍ ഒന്നുമല്ല. രാജ്യമടക്കം എല്ലാം ഉപേക്ഷിച്ച്, തെക്ക് ഏകനായി വന്ന് ശ്രാവണ ബെല്‍ഗോളയിലെ ഗുഹയില്‍ ഉപവാസത്തിലൂടെ ജൈനപ്രോക്തമായ പ്രായോപവേശം ചെയ്ത സാമ്രാട്ടാണ് അദ്ദേഹം. ഒരൊറ്റ യുദ്ധം പോലും ചെയ്യാതെ, ആയുഷ്‌കാലം മുഴുവനും കലയേയും സാഹിത്യത്തേയും ഉപാസിച്ച് മറഞ്ഞുപോയ സാധുക്കളായ സ്വാതി-ഷാ രാജാക്കന്മാരെക്കുറിച്ച് ചരിത്രകാരന്മാര്‍ എന്ത് പറയും?
ഇരുവരും വീഞ്ഞുപോലും സേവിക്കുമായിരുന്നില്ല. തികഞ്ഞ ഈശ്വരവിശ്വാസികള്‍. കൊല്‍കൊത്തയിലേക്കുള്ള സാഹസികമായ യാത്രയില്‍പ്പോലും ഷാ മതനിയോഗമായ ഐന്നിസ്‌കാരം മടക്കിയില്ല. സ്വാതി എല്ലാ തിരക്കിനിടയിലും ഓരോ നാളിലും ക്ഷേത്രദര്‍ശനം നടത്തുന്നതില്‍ ശ്രദ്ധിച്ചു. എന്നാല്‍, മതപരമായ അസഹിഷ്ണുത അവരെ തൊട്ടുതീണ്ടിയിരുന്നില്ല. സ്വാതിയെ വേണാട്ടിലെ അഹിന്ദുക്കളും ഷായെ ഔഡിലെ അമുസ്ലിങ്ങളും സ്‌നേഹിച്ചു. ഷായ്ക്ക് അക്കാലത്തെ വഴക്കപ്രകാരം കുറേ ബീബികളുണ്ടായിരുന്നു. എല്ലാ സുല്‍ത്താന്മാര്‍ക്കും ഒരു ഹാരെം അഥവാ പത്‌നികള്‍ നിറഞ്ഞ അന്തഃപുരമുണ്ടാകും. ഷായ്ക്കും നിരവധി ബീബിമാരുണ്ടായിരുന്നു. പക്ഷേ, അവരാരും വെറും ഭോഗത്തിനുള്ള വെപ്പാട്ടികളായിരുന്നില്ല. മഹള്‍ എന്ന സ്ഥാനപ്പേരുള്ള രാജപത്‌നികളായിരുന്നു. അതിലൊരു ബീബി സിപ്പോയ് ലഹള എന്ന് ബ്രിട്ടീഷുകാര്‍ പേരിട്ട ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ഏതോ കണ്ണിയില്‍ ഷാ അറിയാതെ ഗൂഢാലോചനയ്ക്ക് കൂടുകയാല്‍, നേരിട്ടല്ലാത്ത ഉത്തരവാദിത്വത്തിന്റെ പേരില്‍ അദ്ദേഹത്തിന് രണ്ട് വര്‍ഷത്തെ കാരാഗൃഹവാസം അനുഭവിക്കേണ്ടിവന്നു. സ്വാതിക്ക് സുഗന്ധവല്ലിയോട് പ്രണയുമുണ്ടായിരുന്നുവല്ലൊ. പത്‌നിയെ കാണാന്‍ പോകാതെയായി എന്നും ഇരയിമ്മന്‍ തമ്പി എഴുതിക്കൊടുത്ത 'പ്രാണനാഥനെനിക്ക് നല്‍കിയ' എന്ന കാംബോജി രാഗത്തിലുള്ള കൃതി വീണാവാദനസഹിതം സ്വാതി പോകുന്ന വഴിയിലുള്ള മുറിയിലിരുന്ന് പാടി. ആ പത്‌നി അദ്ദേഹത്തിന്റെ പരിഭവം തീര്‍ത്തു എന്നും കഥയുണ്ട്. 
ഇരുവരും അത്രയ്ക്ക് വലിയ ധീരന്മാരൊന്നുമായിരുന്നില്ല. ആയിരുന്നെങ്കില്‍ ബഹുദൂര്‍ഷാ, റാണി ലക്ഷ്മിബായി, നാനാ ഫഡ്‌നാവിസ്, താന്തിയതോപ്പി, പഴശ്ശിരാജ എന്നിവരെപ്പോലെ അധിനിവേശ ശക്തികളോട് ഏറ്റുമുട്ടുമായിരുന്നു. സ്വാതിക്കും ഷായ്ക്കും അവരുടേതായ ദൗര്‍ബ്ബല്യങ്ങളുണ്ടായിരുന്നു. എങ്കിലും, അവര്‍ മനുഷ്യസ്‌നേഹികളായിരുന്നു. എല്ലാവരും നന്നാകണമെന്ന് ആഗ്രഹിച്ചവരായിരുന്നു. കുറേ രമണീയ വസ്ത്രങ്ങളുടേയും പ്രകൃതിച്ചന്തങ്ങളുടേയും പേരുകള്‍ മാലമാലയായി പറഞ്ഞ്, അവയോടെല്ലാം ഉണ്ണിസ്വാതിയെ ഉപമിച്ചുകൊണ്ട് തമ്പി രചിച്ച ഒരു താരാട്ട് ('ഓമനത്തിങ്കള്‍...'), അതില്‍ വലിയ തോതില്‍ കവിതാംശം ഇല്ലാതിരുന്നിട്ടും മലയാള ഭാഷയുടെ എക്കാലത്തേയും രോമാഞ്ചമായിട്ടുണ്ടെങ്കില്‍, അതിന് കാരണം അതിലെ ഉണ്ണിയോട് ജനങ്ങള്‍ക്കുണ്ടായിരുന്ന സ്‌നേഹമായിരിക്കണം. അതുപോലെ, നിഷ്‌കാസിതനായി, ഹതാശനായി ഷാ ലഖ്‌നൗ വിട്ടുപോകുമ്പോള്‍, ആയിരക്കണക്കിന് ചതുരശ്രമൈന്‍ വരുന്ന ഒരു നാട്ടിലെ ജനങ്ങളാകമാനം ദുഃഖത്തിലാണ്ടതിനും കാരണം ആ നാട്ടരചനോടുള്ള സ്‌നേഹവായ്പായിരിക്കണം. ഒരാള്‍ ഭാരതത്തിന്റെ വടക്കെ അറ്റത്തും മറ്റേയാല്‍ തെക്കേ അറ്റത്തും എല്ലാത്തരം നോവുകള്‍ക്കിടയിലും സര്‍ഗ്ഗദേവതയെ പൂജിച്ചു. അസാധാരണമായ സമാനതകളോടെ. അതുകൊണ്ടുതന്നെ, ആ രാജപരമ്പരകളിലെ മറ്റാരെയും പില്‍ക്കാലത്ത് സംവേദശീലമുള്ളവര്‍ ഓര്‍മ്മിക്കാറില്ലെങ്കിലും, 'ബൃന്ദാവന്‍ മേം ഹോ സാവറിയാ' എന്ന ബിഹാഗ് ഥുംരിയോ, 'കൃപയ പാലയ ശൗരേ!' എന്ന ചാരുകേശി കീര്‍ത്തനമോ കേള്‍ക്കുമ്പോള്‍ രണ്ട് ദുരന്തച്ഛായ പുരണ്ട ചരിതങ്ങള്‍ അവരുടെ സ്മൃതിയിലുണരും.

References
1.Wajid Ali Shah - The Tragic King - Ranbir Sinh
2.Awadh under Wajid Ali shah - G.D. Bhatnagar
3.Wajid Ali Shah's Theatrical Genius - M. Aslam Quereshi
4.സ്വാതിതിരുനാള്‍ - ജീവിതവും കൃതികളും - ഡോ. വി.എസ്. ശര്‍മ്മ
5.സ്വാതിതിരുനാള്‍ - ശൂരനാട് പി.എന്‍. കുഞ്ഞന്‍പിള്ള
6.സ്വാതിതിരുനാള്‍ - ഒരു ജീവചരിത്രം - എന്‍. ബാലകൃഷ്ണന്‍ നായര്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com