ഒടുവിലത്തെ പെണ്‍കുട്ടി ഓര്‍മ്മിപ്പിക്കുന്നത് 

സമാധാനത്തിന്റെ നൊബേല്‍ പുരസ്‌കാരം പങ്കിട്ട നാദിയ മുറാദിന്റെ യാതനാനിര്‍ഭരമായ ജീവിതം
ഒടുവിലത്തെ പെണ്‍കുട്ടി ഓര്‍മ്മിപ്പിക്കുന്നത് 

മാധാനത്തിന്റെ ലോക പുരസ്‌കാരത്തിനുള്ള പുരസ്‌കൃതരെ കണ്ടെത്തുന്നത് മനുഷ്യത്വം വിറങ്ങലിച്ചുനില്‍ക്കുന്ന അശാന്തിയുടെ നിലവിളികള്‍ക്കിടയില്‍ നിന്നായിരിക്കുമെന്നതാണ് സമാധാന നൊബേല്‍ സമ്മാനത്തിന്റെ കൗതുകകരമായ ചരിത്രം. സര്‍വ്വര്‍ക്കും നീതിയെന്ന തത്വത്തെ മുദ്രാവാക്യമാക്കിക്കൊണ്ട് കോംഗോയിലെ രക്തരുചിതമായ മണ്ണില്‍ സമാധാനത്തിനായുള്ള മറ്റൊരു 'യുദ്ധ'ത്തിനു നേതൃത്വം നല്‍കിയ സെനിസ് മുഖ്വേജിനും വടക്കന്‍ ഇറാക്കിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരന്മാര്‍ക്ക് മുന്നില്‍ ഒരു കഷണം നനുത്ത തുണിക്കീറുപോലെ സ്വന്തം അസ്ഥിത്വത്തെ ഹോമിക്കേണ്ടിവന്ന നാദിയ മുറാദിനും 2018-ലെ നൊബേല്‍ സമ്മാനം ലഭിക്കുമ്പോഴും ചരിത്രം മറ്റൊന്നല്ല പറയുന്നത്. യുദ്ധത്തിലും സായുധ കലാപങ്ങളിലും പെണ്ണിനുമേലുള്ള ലൈംഗികാതിക്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ക്കാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം സമര്‍പ്പിച്ചത്.

1999-ല്‍ കോംഗോ റിപ്പബ്ലിക്കിലെ ബുക്കാവുവിലെ പാന്‍സി (panzi) ഹോസ്പിറ്റല്‍ സ്ഥാപിച്ചുകൊണ്ട് ഡോക്ടര്‍ സെനിസ് മുഖ്വേജ് കോംഗോയിലെ ആഭ്യന്തര കലാപങ്ങളിലും യുദ്ധങ്ങളിലും ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരായ നിരവധി പേരെ ശുശ്രൂഷിച്ചും അവരുടെ ജീവിതത്തെ തിരിച്ചുനല്‍കിയും വിഷാദത്തിനടിപ്പെട്ട ഒരു വലിയ സമൂഹത്തിന് അതിജീവനം നല്‍കിയും തന്റെ ആതുരശുശ്രൂഷാവൃത്തി ഭംഗിയായി നിര്‍വ്വഹിച്ചുവെങ്കില്‍ ഇത്തരം വിഷയങ്ങള്‍ അവധാനതയോടെ കോംഗോ ഭരണകൂടത്തിനും അന്താരാഷ്ട്ര സമൂഹത്തിനും മുന്നില്‍ അതിശക്തമായി അവതരിപ്പിച്ചുകൊണ്ട് തന്റെ മാനുഷിക ദൗത്യവും ഭംഗിയായി നിര്‍വ്വഹിച്ചുവരികയാണ് ഡെനിസ്. എന്നാല്‍, നാദിയ മുറാദ എന്ന 27-കാരി സ്വന്തം ജീവിതംകൊണ്ടാണ് യുദ്ധങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ രാഷ്ട്രീയത്തിനു മജ്ജയും മാംസവും നല്‍കിയത്. ഒടുവിലത്തെ പെണ്‍കുട്ടി (the its a girl) എന്ന ആത്മകഥയിലൂടെ ലോകമറിഞ്ഞ നാദിയയുടെ തളരാത്ത ജീവിതത്തിനും അതിജീവിച്ച അശാന്തിയെയുമാണ് ഇത്തവണ നൊബേല്‍ സമ്മാനം തിരക്കിച്ചെന്നതെന്നര്‍ത്ഥം.

ഒടുവിലത്തെ പെണ്‍കുട്ടി
the its a girl എന്നാണ് നാദിയയുടെ ആത്മകഥയുടെ പേര്. എഴുത്തുകാരിയായതുകൊണ്ടോ പരസ്യപ്പെടുത്താനുള്ള സെലിബ്രിറ്റിക്കല്‍ ലൈഫ് ഉള്ളതുകൊണ്ടോ അല്ല നാദിയ ആത്മകഥ എഴുതിയത്. അവള്‍തന്നെ പറയുന്നതുപോലെ, അഥവാ ആ തലക്കെട്ടുതന്നെ പറയുന്നതുപോലെ അത്രയും ലൈംഗികപീഡനമനുഭവിച്ച ഈ ഭൂമിയിലെ അവസാനത്തെ പെണ്‍കുട്ടി താനായിരിക്കണം, ഇനി മറ്റൊരാള്‍ക്കും ഈ ഗതി വരരുത് എന്നതുകൊണ്ടാണ് നാദിയ മുറാദ ആത്മകഥ എഴുതിയത്. സംഭ്രമകലുഷമായ വടക്കന്‍ ഇറാക്കിലെ ഒരു കൊച്ചു ഗ്രാമമാണ് 'കൊച്ചോ.' കര്‍ഷകഭൂരിപക്ഷമുള്ള സിന്‍ജാര്‍ ജില്ലയിലെ മലമടക്കുകള്‍ക്ക് താഴെയുള്ള നിരന്ന പ്രദേശം. പഠിച്ച് ഒരു ടീച്ചറാകണം എന്ന ഒറ്റ ആഗ്രഹവും പേറി കളിച്ചും പഠിച്ചും നടന്ന നാദിയ മുറാദയ്ക്ക് 22 വയസ്സുള്ളപ്പോള്‍ 2014 ആഗസ്റ്റ് 15-ന് ഉച്ചസമയത്ത് തോക്കുധാരികളായ മുഖംമൂടികള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സൈനികര്‍ ആ കൊച്ചു ഗ്രാമം വളഞ്ഞു. വീട്ടിനുള്ളില്‍, തെരുവില്‍, വയലില്‍ ഒക്കെയും അവര്‍ മാത്രം. അനവധി പേര്‍, ചിലര്‍ മുഖം മറച്ചവര്‍, മുഖംമൂടികളില്ലാത്തവര്‍, വിവിധ ഭാഷ സംസാരിക്കുന്നവര്‍, വിവിധ വലിപ്പമുള്ളവര്‍. ഐ.എസ് കമാന്റര്‍ ആജ്ഞാപിച്ചതനുസരിച്ച് മുഴുവന്‍ പേരെയും തൊട്ടടുത്ത സ്‌കൂള്‍ കെട്ടിടത്തിലേക്ക് മാറ്റി. പ്രായംചെന്ന വനിതകളെ മുകളിലത്തെ നിലയിലും പെണ്‍കുട്ടികളെ താഴെയും കയറ്റി കതകടച്ചു. പുരുഷന്മാരായി ആ ഗ്രാമത്തിലെ ഒരാള്‍പോലുമുണ്ടായിരുന്നില്ല.

കാരണം 312 പുരുഷന്മാരേയും ഈ സമയത്തിനുള്ളില്‍ ഐ.എസ് ഭീകരര്‍ വെടിയുതിര്‍ത്ത് കൊന്നിരുന്നു! അതില്‍ നാദിയയുടെ ആറ് സഹോദരന്മാരുമുണ്ടായിരുന്നു.
ചോരകണ്ട് സ്വന്തം ചോരതന്നെ ഘനീഭവിച്ച് പോകുന്ന ഭീകരാന്തരീക്ഷം. തൊട്ടടുത്ത നിമിഷം മറ്റൊരു 'സേനാധിപതി'യുടെ ഉഗ്രശാസനത്തില്‍ വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു. മുകളിലത്തെ നിലയിലെ 80-ഓളം വരുന്ന പ്രായമായ സ്ത്രീകളും വെടിയുണ്ടയ്ക്കിരയായി. ഇനി അവശേഷിക്കുന്നത് നാദിയയുള്‍പ്പെടെയുള്ള നൂറോളം പെണ്‍കുട്ടികള്‍. പുരുഷന്മാരേയും പ്രായമായ സ്ത്രീകളേയും കൊന്നുതള്ളിയ ഭീകരര്‍ തങ്ങളെമാത്രം വെറുതെ വിട്ടതെന്തിനെന്ന് അടുത്ത ദിവസങ്ങളില്‍ അവള്‍ തിരിച്ചറിഞ്ഞു. അവരെ പലപല വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇനി ആത്മകഥയില്‍ നാദിയ തന്നെ പറയുന്നത് കേള്‍ക്കാം.
''ഒരു ദിവസം ഭാര്യയും മകളുമുള്ള ഒരാള്‍ എന്നെ അയാളുടെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി. അയാള്‍ തന്ന വസ്ത്രം ധരിച്ച് മേക്കപ്പിട്ട് ചെല്ലാന്‍ ആവശ്യപ്പെട്ടു. ആ ഇരുണ്ട രാത്രിയില്‍. അയാളത് ചെയ്തു. മനുഷ്യനറക്കുന്ന ക്രൂരതകളില്‍നിന്നും രക്ഷപ്പെടാന്‍ കുതറിയോടിയപ്പോഴൊക്കെ അവര്‍ തിരിച്ച് പിടിച്ച് മുറിയിലാക്കി. മൃഗീയമായി മര്‍ദ്ദിച്ചു. തീകൊള്ളി കൊണ്ട് പോള്ളിച്ചു. ആയുധമേന്തിയ ആറ് ഐ.എസ് പോരാളികളുടെ കാവലില്‍ അവരെന്റെ ശരീരം പിച്ചിച്ചീന്തി, ഞാന്‍ ബോധം കെടും വരെ.''
അടുത്ത ദിവസം ഇവള്‍ നിന്റെ ഭാര്യയാണോ എന്നു ചോദിച്ചവനോട് അത്യാഹ്ലാദത്തോടെ ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തുകൊണ്ട് അയാള്‍ പറഞ്ഞു. 

''ഇവള്‍ എന്റെ 'സാബിയ' ആണ് എന്ന്''. 'സാബിയ' അഥവാ യുദ്ധത്തിലെ, കലാപത്തിലെ, ലഹളകളിലെ, പെണ്ണിനെതിരായ ഒരു പ്രായമേറിയ ആയുധമാണെന്ന് അന്നാണവള്‍ തിരിച്ചറിഞ്ഞത്. ഐ.എസില്‍നിന്ന് നാദിയ അനുഭവിച്ച ഈ കൊടുംക്രൂരതകളുടെ കഥ കേട്ട് ഐക്യരാഷ്ട്ര സഭയുടെ ഗുഡ്വില്‍ അംബാസിഡറായി 2016 സെപ്തംബര്‍ 16-ന് നാദിയ സ്ഥാനമേല്‍ക്കുന്ന വേളയില്‍ അന്നത്തെ സെക്രട്ടറി ബാന്‍ കീ മുണ്‍ പോലും കരഞ്ഞു പോയി.
മൂന്നു മാസത്തോളം നീണ്ട പീഡനപരമ്പരകള്‍ക്കൊടുവില്‍ ക്രൂരത കഴിഞ്ഞ് ഒരാള്‍ വാതില്‍ അടക്കാതെ പുറത്തുപോയ തക്കം നോക്കി അയല്‍പ്പക്കത്തുള്ള ഒരു കുടുംബത്തിന്റെ സഹായത്തോടെ അയാളുടെ ഭാര്യയെന്ന വേഷത്തില്‍ മഹാപാപങ്ങളുടെ മതില്‍ക്കെട്ട് ചാടി അവള്‍ പുറത്തിറങ്ങി. ഒരിക്കലും മരിക്കാന്‍ കൂട്ടാക്കാത്ത മുറാദിന്റെ ലക്ഷ്യം എങ്ങനേയും തന്റെ അന്തസ്സ് തിരിച്ചു പിടിക്കുക എന്നതായിരുന്നു. പിന്നീട് താന്‍ ഉള്‍പ്പെടുന്ന യസീദി വംശത്തെ ഉന്മൂലനത്തില്‍നിന്നു രക്ഷപ്പെടുത്തുക എന്നതും. പുറത്തു വന്ന നാദിറയുടെ തുറന്നു പറച്ചിലുകള്‍ കേട്ടറിഞ്ഞ അമല്‍ക്ലൂണിയെന്ന ചെറുപ്പക്കാരിയായ അഭിഭാഷക മുറാദിന്റെ ഉറ്റമിത്രമായി മാറിയതോടെയാണ് 2018-ലെ നൊബേല്‍ സമ്മാനത്തിലേയ്ക്കുള്ള ചരിത്രവഴി തുറക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രശ്‌നങ്ങളിലും ഇറാക്കിലെ യസീദി പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ഐ.എസ് ക്രൂരതയ്ക്കുമെതിരായ അമലിന്റെ പ്രവൃത്തനപഥത്തില്‍ നാദിയ ആത്മിത്രമായി മാറി. പെണ്ണായി പിറന്നതിലഭിമാനിക്കാന്‍ തനിക്ക് കരുത്ത് തന്നത് അമല്‍ ക്ലൂണിയാണ് എന്ന് നാദിറ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര മനുഷ്യകടത്തിനും യുദ്ധഭീകരതയിലും പെണ്‍ശരീരം ആണവായുങ്ങളെക്കാള്‍ മാരകമാകുന്ന യുദ്ധവെറിക്കുമെതിരായ ശക്തമായ പോരാട്ടത്തിലാണ് ഇരുവരും. ഏതാണ്ട് രണ്ടരലക്ഷം പേര്‍ മാത്രം വരുന്ന പ്രാചീനമായ ആചാരവിശ്വാസസംഹിതകളുള്ള അറബ് വംശമാണ് യസീദികള്‍.
ആചാരങ്ങള്‍ വാമൊഴിയായി തലമുറകളിലൂടെ

കൈമാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്നും തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് വഴിപ്പെടുന്നില്ല എന്ന ഒറ്റക്കാരണത്താലാണ് ലോകം മുഴുവന്‍ ഇസ്ലാമിക് സ്റ്റേറ്റാക്കി മാറ്റാനായി ആയുധമെടുക്കുന്ന ഐ.എസ് തീവ്രവാദികളുടെ കൊടുംക്രൂരതകള്‍ക്ക് ഇരകളാകേണ്ടി വരുന്നത്. ഇപ്പോള്‍പോലും മൂവായിരത്തോളം പെണ്‍കുട്ടികള്‍ ഐ.എസ് ഭീകരരുടെ ലൈംഗിക വിശപ്പിന്റെ ഭക്ഷണമായി മാറികൊണ്ടിരിക്കുന്നു എന്ന ഞെട്ടലും നാദിറ ലോകത്തിനു നല്‍കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com