കാലത്തിന്റെ വിധിതീര്‍പ്പുകള്‍

വി.ജെ. ജയിംസിന്റെ 'ആന്റിക്ലോക്ക്' എന്ന നോവല്‍ നമ്മുടെ പല നോവല്‍ സങ്കല്‍പ്പങ്ങളേയും അട്ടിമറിക്കുന്നു.
കാലത്തിന്റെ വിധിതീര്‍പ്പുകള്‍

വി.ജെ. ജയിംസിന്റെ 'ആന്റിക്ലോക്ക്' എന്ന നോവല്‍ നമ്മുടെ പല നോവല്‍ സങ്കല്‍പ്പങ്ങളേയും അട്ടിമറിക്കുന്നു. പാരമ്പര്യത്തിന്റെ തടവുമുറിക്ക് വെളിയില്‍നിന്നുകൊണ്ട് വലിയ സ്വാതന്ത്ര്യത്തോടെ നോവല്‍ എന്ന കലാരൂപത്തെ അസാധാരണമായ ഒരു സൗന്ദര്യ വിതാനത്തിനുള്ളില്‍ അലസമാകാത്ത രചനാശേഷി ഉപയോഗിച്ച് പ്രതിഷ്ഠിക്കാന്‍ ഈ എഴുത്തുകാരന് കഴിയുന്നതിന്റെ തെളിവ് 'നിരീശ്വരന്‍' എന്ന നോവലില്‍ നാം കണ്ടതാണ്. എന്നാല്‍ ആന്റിക്ലോക്ക് എഴുതിക്കൊണ്ട് പ്രതിഭയുടെ വികസിതമായ മറ്റൊരു ഘട്ടത്തെയാണ് ജയിംസ് അടയാളപ്പെടുത്തുന്നത്. സ്വയം നവീകരണത്തില്‍ നിന്നുളവാകുന്ന ഒരു ശക്തിവിശേഷം 'ആന്റിക്ലോക്കി'ന്റെ നിര്‍മ്മാണത്തില്‍ നമുക്ക് കാണാം.
    ബലിഷ്ഠവും ഗൗരവഘടനയും നിറഞ്ഞ ഒരു കഥ ഈ നോവലില്‍ നമ്മള്‍ വായിക്കുന്നു. അലസമായൊരു സാധാരണ വായനയിലൂടെ ആന്റിക്ലോക്കിലെ കഥാവസ്തുവിന്റെ ആന്തരഗാത്രം നമുക്ക് ദൃശ്യമാവില്ല. കഥ പറഞ്ഞുപോവുന്നതിനപ്പുറം കഥാപാത്രങ്ങളിലേക്ക് ആഴത്തില്‍ ചെന്നിറങ്ങി അവരുടെ ചിന്തകളുടേയും പ്രവൃത്തികളുടേയും അര്‍ത്ഥാന്വേഷണമായി നോവലിലെ പ്രമേയം വികസിക്കുന്നു. കഥാപാത്രങ്ങളുടെ ജൈവപ്രകൃതിയിലേക്ക് കടന്നുകയറി അസാധാരണമായി നടത്തിയ ഒരു ആഖ്യാന രീതിയാണിത്. അഗാധമായ താല്‍പ്പര്യത്തോടെയാണ് ജയിംസ് കഥാപാത്രങ്ങളിലേക്ക് കടന്നുചെല്ലുന്നത്. കഥാപാത്രങ്ങള്‍ ചെന്നെത്തുന്ന പരിതസ്ഥിതികള്‍ ജയിംസ് പരിശോധിക്കുന്നു. കഥാപാത്രങ്ങളുടെ മനനമണ്ഡലങ്ങള്‍ സര്‍ഗ്ഗപ്രഭകൊണ്ട് ജയിംസ് കണ്ടെത്തുന്നു. കഥാപാത്രങ്ങളോട് ബന്ധപ്പെടുത്തി സ്ഥലകാലങ്ങളുടെ പ്രസക്തി രേഖപ്പെടുത്തുന്നു.

കഥാപാത്രങ്ങളുടെ മനോഭാവങ്ങള്‍ക്ക് പിറകിലെ അടിസ്ഥാന രഹസ്യങ്ങള്‍ ഒരു അന്വേഷണവിഷയമായും ജ്ഞാനവിഷയമായും ജയിംസ് സ്വീകരിക്കുന്നു.
    ആന്റിക്ലോക്കില്‍ ഒരു കേന്ദ്രപ്രമേയമുണ്ട്. എന്നാല്‍ ആ കേന്ദ്രപ്രമേയത്തിന് വെളിയില്‍ നില്‍ക്കുന്നവരെന്ന് സംശയിക്കാവുന്ന നിരവധി കഥാപാത്രങ്ങള്‍ നോവലില്‍ കടന്നുവരുന്നു. ഡേവിഡ്, പണ്ഡിറ്റ്, കരുണന്‍, ആന്റപ്പന്‍, ശാരി, ജോപ്പന്‍, ഗ്രേസി തുടങ്ങിയവരുടെ ജീവിതങ്ങള്‍ ഉപകഥകള്‍ പോലെ പ്രത്യക്ഷപ്പെടുന്നു. സ്വയം പൂര്‍ണ്ണമായ ഒരു കഥാവസ്തു ഇവരില്‍ പലരുടെയും ജീവിതത്തില്‍നിന്ന്, കേന്ദ്രപ്രമേയത്തിനുള്ളില്‍ തന്നെ വളരുന്ന മറ്റു പ്രമേയം പോലെ നോവലിസ്റ്റ് നിര്‍മ്മിക്കുന്നു. ഒന്നിലധികം പ്രമേയങ്ങള്‍ കടന്നുവരുന്നത് കേന്ദ്രപ്രമേയത്തിന്റെ ദാര്‍ഢ്യത്തിന് പക്ഷേ, കോട്ടമൊന്നും വരുത്തുന്നില്ല. മാത്രവുമല്ല, കേന്ദ്രപ്രമേയത്തോട് ബന്ധപ്പെടുത്തിയാണ് മറ്റു പ്രമേയങ്ങളും നോവലില്‍ വികസിക്കുന്നത്. അവയൊക്കെയും കേന്ദ്രപ്രമേയത്തിലേക്കെത്തി ഒരു സംഗമസ്ഥാനം സൃഷ്ടിക്കുന്ന നിര്‍മ്മാണഘടനയാണ് എഴുത്തുകാരന്‍ ഈ നോവലില്‍ സ്വീകരിച്ചിട്ടുള്ളത്. 
    

കാലത്തെ ആഴത്തില്‍ അറിഞ്ഞതില്‍നിന്ന് ലഭിച്ച പ്രേരണയിലാണ് 'ആന്റിക്ലോക്കി'ന്റെ സൃഷ്ടി നടന്നതെന്ന് എനിക്ക് തോന്നുന്നു. ഭീതിപ്പെടുത്തുന്ന ഒരു കാലബോധം നോവലില്‍ തളംകെട്ടി കിടക്കുന്നത് കാണാം. തീര്‍ച്ചയായും ആന്റിക്ലോക്ക് കാലത്തിന്റെ ആസുരഭാവങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ഏകാധിപത്യം സൃഷ്ടിക്കുന്ന ഭയാനകമായ അവസ്ഥകളുടെ അര്‍ത്ഥലക്ഷണങ്ങളെയാണ് ഈ നോവല്‍ വെളിപ്പെടുത്തുന്നത്. നമ്മുടെ കാലത്തില്‍ നിറഞ്ഞാടുന്ന അതിരൂക്ഷമായ ഒരു വ്യവസ്ഥാഘട്ടത്തിലേക്കാണ് ജയിംസിന്റെ സൗന്ദര്യഭാവന കടന്നുചെല്ലുന്നത്. അത് തീര്‍ച്ചയായും കാലജ്ഞാനത്തില്‍നിന്ന് സൃഷ്ടമാകുന്ന ഒരു സൗന്ദര്യ പ്രവര്‍ത്തനമാണ്. ലോകസാഹിത്യത്തില്‍ ഏകാധിപത്യം വിഷയമായി വരുന്ന ധാരാളം നോവലുകള്‍ ഉണ്ടായിട്ടുണ്ട്. ആ നോവലുകളിലൊക്കെ ഏകാധിപതികളായി വരുന്ന കഥാപാത്രങ്ങള്‍ അതിരൂക്ഷമായ രാഷ്ട്രീയ സ്വഭാവമുള്ള അധികാരം കൈയാളുന്നവരായാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ആന്റിക്ലോക്കിലെ ഏകാധിപതിയുടെ ലക്ഷണങ്ങള്‍ക്കുള്ളില്‍ നിറഞ്ഞാട്ടം നടത്തുന്ന സാത്താന്‍ ലോപ്പോ എന്ന കഥാപാത്രം മീഗല്‍ ഏന്‍ഹല്‍ ആസ്റ്റൂറിയാസ് എഴുതിയ 'ദി പ്രസിഡന്റ്' എന്ന നോവലിലെ ഏകാധിപതിയെപ്പോലെ അധികാരം കൈയാളുന്ന ആളല്ല. നോവലിലെ പ്രത്യക്ഷ സ്ഥലരാശിയില്‍ അയാളൊരു സാധാരണ മനുഷ്യനെപ്പോലെ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍, അയാളുടെ മനസ്സില്‍ തളംകെട്ടി കിടക്കുന്ന വലിയ ക്രൂരമനോഭാവത്തെ ഒരു ഏകാധിപതിയുടെ അര്‍ത്ഥഘടനയ്ക്കുള്ളില്‍ നിബന്ധിച്ച്, ഏകാധിപത്യത്തിന്റെ ലക്ഷണശാസ്ത്രങ്ങളെ വെളിപ്പെടുത്തുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. അത് ഈ നോവലിന് ചരിത്രപരമായ ഒരു മാനം നല്‍കുന്നു.
ഏകാധിപത്യം മനുഷ്യജീവിതാവസ്ഥകളെ എങ്ങനെ ദുരന്തമയമാക്കുന്നു എന്ന അന്വേഷണാത്മക തലത്തിലാണ് നോവലിന്റെ പ്രമേയം വളരുന്നത്. സാത്താന്‍ ലോപ്പോയാല്‍ ജീവിതം തകര്‍ന്ന ഹെന്‍ട്രിയാണ് നോവലിലെ നായക കഥാപാത്രം. നോവലിലെ ആഖ്യാതാവും ഹെന്‍ട്രി തന്നെ. 
    

സാത്താന്‍ ലോപ്പോയോടുള്ള ഉഗ്രമായ ഒരു പ്രതികാര ചിന്ത ഹെന്‍ട്രിയുടെ മനസ്സില്‍ ഉദിച്ചുകിടക്കുന്നതിനെ സൂചിപ്പിച്ചുകൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത്. സാത്താന്‍ ലോപ്പോയെ ഏത് നീചമാര്‍ഗ്ഗത്തില്‍ കൂടിയെങ്കിലും കൊലപ്പെടുത്തുകയെന്നത് ശവപ്പെട്ടി പണിക്കാരനായ ഹെന്‍ട്രിയുടെ ജീവിതലക്ഷ്യമായി നോവലില്‍ വിവരിക്കുന്നു. ലോപ്പോയുടെ കഴുത്തില്‍ മരണത്തിന്റെ കുരുക്ക് വീഴുന്നതും കാത്ത് അയാള്‍ക്ക് വേണ്ടിയും ഒരു ശവപ്പെട്ടി ഹെന്‍ട്രി പണിഞ്ഞ് സൂക്ഷിക്കുന്നതായി പറയുന്നതിലൂടെ ഉഗ്രമായി ഫണം വിടര്‍ത്തി നില്‍ക്കുന്ന ഒരു പ്രതികാരമോഹത്തിന്റെ സൂചന ആദ്യം തന്നെ വെളിപ്പെടുന്നു. തന്റെമേല്‍ ലോപ്പോയാല്‍ സൃഷ്ടിതമായ ഒരു ദുര്‍വിധിയുടെ കടുത്ത അനുഭവം ലോപ്പോയെ ഇല്ലാതാക്കണമെന്ന അനിവാര്യ മോഹത്തിലേക്ക് ഹെന്‍ട്രിയെ എത്തിക്കുകയാണ് ചെയ്യുന്നത്. ഹെന്‍ട്രിയുടെ ഈ മോഹം ഒരു ഏകാധിപതിക്ക് ലഭിക്കേണ്ട അനിവാര്യ ശിക്ഷാവിധിയുടെ അര്‍ത്ഥലക്ഷണങ്ങള്‍ക്കുള്ളില്‍ ഉള്‍ക്കൊള്ളിച്ച ആശയഘടനയായി നോവലില്‍ ഇടംപിടിക്കുന്നു.


    ഒരാളെ കൊല്ലേണ്ടത് യുക്തിസഹമാണെങ്കില്‍, അയാളത് അര്‍ഹിക്കുന്നതാണെങ്കില്‍, അത് തന്റെ നന്മയ്ക്കാണെങ്കില്‍ അനിവാര്യമായും ആ കൃത്യം നടത്തുകതന്നെ വേണമെന്ന് ഡോസ്റ്റോവ്സ്‌കിയുടെ കുറ്റവും ശിക്ഷയും എന്ന നോവലിലെ നായക കഥാപാത്രമായ റക്സോള്‍ നിക്കോവ് കിഴവിയായ അല്യോന ഇവനോവ്നയെ കൊല്ലാന്‍ തീരുമാനിക്കുന്നതിനു മുന്‍പ് ആലോചിക്കുന്നുണ്ട്. അല്യോന ഇവനോവ്ന പലിശയ്ക്ക് കടം കൊടുക്കുന്നു. അങ്ങനെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നു. ജീവിതത്തില്‍ കഷ്ടത അനുഭവിക്കുന്നവരെ ദയാരഹിതമായി അവര്‍ ചൂഷണം ചെയ്യുന്നു. തന്റെ സഹോദരിയെ നിര്‍ദ്ദയമായി അവര്‍ പീഡിപ്പിക്കുന്നു. ഇതൊക്കെ കിഴവിയെ കൊല്ലേണ്ടതിന്റെ ന്യായീകരണമായി റസ്‌കോള്‍ നൊക്കൊവിന്റെ ആലോചനകളില്‍ കടന്നുവരുന്നു. ഇതിനു സമാനമായൊരു ചിന്തയാണ് സാത്താന്‍ ലോപ്പോയെ വധിച്ച് ഇല്ലാതാക്കുന്നതിന് ഹെന്‍ട്രിയുടെ മനസ്സിലും ഉണ്ടാവുന്നത്. 
    കൊലയാളി ആവുകയെന്നത് വ്യക്തിജീവിതത്തിലെ അപകടകരമായൊരു ചിന്തയാണെങ്കിലും അത്തരം ചിന്തകളിലേക്ക് ഹെന്‍ട്രി എത്തുന്നതിന്റെ കാരണങ്ങള്‍ നോവലിലെ വിവരണത്തിലൂടെ വെളിപ്പെടുന്നു. മകന്റെ നെറ്റി പൊട്ടിച്ച ലോപ്പോയുടെ ക്രൂരതയും കാമവെറിയോടെ തന്റെ ഭാര്യ ബിയാട്രീസിന്റെ കീഴ്ച്ചുണ്ട് കടിച്ചുപൊട്ടിച്ച ലോപ്പോയുടെ പൈശാചിക പ്രവൃത്തിയും പ്രതികാരം ചോദിക്കാന്‍ ചെന്നപ്പോള്‍ ഹിറ്റ്ലര്‍ എന്ന നായയെ വിട്ട് ലോപ്പോ കാലില്‍ ക്ഷതമുണ്ടാക്കിയതും ഹെന്‍ട്രിയുടെ സ്മൃതിബോധത്തില്‍ കടലിളക്കം പോലെ നടുക്കം സൃഷ്ടിച്ചു കിടന്നു. ഇങ്ങനെ ആദ്യഘട്ടങ്ങളില്‍ തന്നെ ലോപ്പോയോടുള്ള വെറുപ്പും എതിര്‍പ്പും പ്രതികാര ചിന്തകളും ഹെന്‍ട്രിയുടെ ജൈവബോധങ്ങളില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. പക്ഷേ, അത് ഉഗ്രമായി ഫണം വിടര്‍ത്തുന്നത്, ലോപ്പോയെ ഇല്ലാതാക്കണമെന്ന ഉല്‍ക്കടമായ ആഗ്രഹമായി അത് മാറുന്നത്, ലോപ്പോയ്ക്കായി മുന്‍കൂറായി ഒരു ശവപ്പെട്ടി പണിഞ്ഞുവയ്ക്കുന്നത് ലോപ്പോയാല്‍ നിര്‍മ്മിതമായ ഒരു ദുരന്തത്താല്‍ ഭാര്യ ബിയാട്രീസും മൂന്ന് മക്കളും ക്രൂരവും ദാരുണവുമായ മൃതിയെന്ന അന്ത്യവിധിയില്‍ എത്തുന്ന സമയപശ്ചാത്തലത്തിലാണ്. എല്ലാ ബോധങ്ങളേയും അപ്രസക്തമാക്കി, എല്ലാ ബോധങ്ങള്‍ക്കും മേലെയായി ഹെന്‍ട്രിയില്‍ ആ ചിന്ത ഭ്രാന്തുപോലെ വളരുന്നത് നോവലില്‍ നമുക്ക് വായിക്കാം. ഏകാധിപത്യത്തില്‍ സൃഷ്ടിതമായി കിടക്കുന്ന ക്രൂരഘടനകള്‍ മനുഷ്യവിധിയെ മൃത്യുവക്രത്തിലേക്ക് എറിഞ്ഞുകൊടുത്ത് ജീവിതത്തെ നടുക്കമുളവാക്കും വിധം ശൂന്യമാക്കുന്നതിന്റെ അര്‍ത്ഥാന്തരീക്ഷം ഹെന്‍ട്രിയുടെ ഭാര്യയുടേയും മക്കളുടേയും അന്ത്യം കുറിച്ച കാരണങ്ങള്‍ വിവരിക്കുമ്പോള്‍ തെളിഞ്ഞുവരുന്നു.
    അടുത്തടുത്തുള്ള അനേകം പാറമടകള്‍ സ്വകാര്യസ്വത്താക്കി മാറ്റി ഒരു നാട്ടുരാജ്യം പോലെ ലോപ്പോ വളര്‍ത്തിയിരിക്കുന്നതായി നോവലില്‍ വിവരിക്കുന്നുണ്ട്. ഒരു അധികാരവ്യവസ്ഥയുടെ അര്‍ത്ഥധ്വനികള്‍ നിറഞ്ഞ വിവരണമാണത്. പ്രകൃതി ഉള്‍പ്പെടെ സര്‍വ്വതിനേയും ചൂഷണം ചെയ്യുന്ന ഏകാധിപത്യ പ്രക്രിയ അങ്ങനെ നോവലില്‍ തെളിഞ്ഞുവരുന്നു. പാറകള്‍ പൊട്ടിമാറുന്നതിന്റെ പ്രകമ്പനം നിറഞ്ഞ ശബ്ദവും അത് പ്രകൃതിക്കേല്‍പ്പിക്കുന്ന ആഘാതവും നോവലില്‍ കടന്നുവരുന്നു. പ്രകൃതിക്കേല്‍ക്കുന്ന ആഘാതം മൃതിയിലെത്തിച്ചേരുന്ന മനുഷ്യനാശത്തിന്റെ ഭയാനകമായ അവസ്ഥ സൃഷ്ടിക്കുന്നു. അത്തരമൊരു ദുരന്തമാണ് ഹെന്‍ട്രിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും സംഭവിച്ചത്. കാലവര്‍ഷം ഭ്രാന്തെടുത്ത ഒരു രാത്രിയില്‍ വേരുറപ്പോടെ നിന്ന പുളിമരം പുരയ്ക്കുമീതെ പിഴുതുവീണാണ് ബിയാട്രീസും മക്കളും മരണപ്പെടുന്നത്. ലോപ്പോയുടെ പുതിയ പാറമടയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനായി മേല്‍മണ്ണ് മാന്താനെത്തിയ യന്ത്രം പുളിമരത്തിന്റെ വേരുകള്‍ക്ക് ബലക്ഷയം വരുത്തിയതുകൊണ്ടാണ് അതു സംഭവിച്ചതെന്ന് ഹെന്‍ട്രി മനസ്സിലാക്കുന്നു. ഏകാധിപത്യം മനുഷ്യര്‍ക്കും പ്രകൃതിക്കും ഭീഷണിയായി മാറുന്നതിന്റെ ദൃഷ്ടാന്തമാണത്. അതിന്റെ അറിവില്‍ ഹെന്‍ട്രിയുടെ മനോഘടനയില്‍ ലോപ്പോയ്ക്കെതിരെയുള്ള സ്ഫോടനശക്തി നിറഞ്ഞ പ്രതികാര ചിന്തകള്‍ ഉയര്‍ന്നുവരികയാണ്. അത് ഏകാധിപത്യം എന്ന ക്രൂരമായ രാഷ്ട്രീയ വ്യവസ്ഥിതിക്കെതിരായ ചിന്തയായി നോവലിസ്റ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നു. 


ഏകാധിപത്യവും അത് സൃഷ്ടിക്കുന്ന ദുരന്തങ്ങളും പ്രമേയപരമായിത്തന്നെ നോവലില്‍ വെളിപ്പെട്ട് കിടക്കുന്നുണ്ട്. മാത്രവുമല്ല, ഹെന്‍ട്രിയുടെ ചിന്തകളിലൂടെ ഏകാധിപത്യത്തിന്റെ നിയമഘടനകളിലേക്ക് കൂടി നോവലിസ്റ്റ് കടന്നുചെല്ലുന്നു. എഴുത്തുകാരന്റെ നേരിട്ടുള്ള പ്രവേശനം നാം നോവലില്‍ കാണുന്നില്ല. മറിച്ച്, ഹെന്‍ട്രിയുടെ ഉള്ളില്‍ ഒളിച്ചിരുന്ന് ഒരു കാവ്യാത്മക പ്രവര്‍ത്തനം നടത്തുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. ഹെന്‍ട്രിക്ക് കിട്ടുന്ന അന്തര്‍വിദ്യാപരമായ തിരിച്ചറിവുകള്‍ എഴുത്തുകാരന്‍ തന്നെ കഥാപാത്രത്തിന്റെ ഉള്ളില്‍ വസിച്ചുകൊണ്ട് സൃഷ്ടിക്കുന്നതാണ്.
ഏകാധിപത്യം തകര്‍ത്തുകളഞ്ഞ ഒരു മനുഷ്യന്റെ ഹൃദയം പിളര്‍ത്തിമാറ്റുന്ന ചിന്തകളാണ് ഹെന്‍ട്രിയില്‍ ഉണ്ടാവുന്നത്. ജീവിതത്തേയും മരണത്തേയും കുറിച്ച് ദാര്‍ശനിക മാനത്തിലുള്ള ഇരുണ്ട മാനസിക പ്രവര്‍ത്തനങ്ങള്‍ ഹെന്‍ട്രിയില്‍ നടക്കുന്നു. ഏകാധിപത്യം ഒരു ദുസ്വപ്നപ്രതീതി സൃഷ്ടിച്ച് ഹെന്‍ട്രിയുടെ ജ്ഞാനേന്ദ്രിയങ്ങളെ വേട്ടയാടുന്നതും ഏകാധിപത്യത്തിന്റെ കൊടുംക്രൂരമായ ക്രിയാപദ്ധതികള്‍ ഒരു താത്ത്വിക നിലവാരത്തില്‍ ഹെന്‍ട്രിയുടെ ബോധതലങ്ങള്‍ ഗ്രഹിക്കുന്നതും അമ്പരപ്പിക്കുന്ന ഒരു ധൈഷണിക ഗൗരവത്തോടെ ജ്ഞാനവിഷയത്തിന്റെ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിച്ച് ഹെന്‍ട്രിയുടെ ചിന്തകള്‍ പ്രവഹിക്കുന്നതും നോവല്‍ ആഖ്യാനപ്പെടുത്തുന്നു. 
സാത്താന്‍ ലോപ്പോയുടെ പ്രത്യക്ഷ ലക്ഷണങ്ങളില്‍ ഒരു ഏകാധിപതിയുടെ ഛായ നാം കാണുന്നില്ല. എല്ലാ ഏകാധിപതികളും തങ്ങള്‍ ചെയ്തുകൂട്ടുന്ന പാപങ്ങള്‍ക്ക് ഒരു മറ തീര്‍ക്കുന്നു. അങ്ങനെ ഏകാധിപത്യത്തിന്റെ ചെയ്തികളെ ഒരു അപ്രത്യക്ഷ സ്ഥാനത്ത് നിര്‍ത്തുന്നു. എന്നിട്ട് ഒരു പരമകാരുണ്യവാനെപ്പോലെ ജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നു. പരിശുദ്ധമായ ഉടല്‍രൂപങ്ങള്‍ അയാള്‍ സൃഷ്ടിച്ചെടുക്കുന്നു. ഏകാധിപതികള്‍ കാപട്യം കൊണ്ട് തീര്‍ക്കുന്ന വലിയൊരു മറയാണത്. ഇതിനു സദൃശമായ എല്ലാ സ്വഭാവങ്ങളും സാത്താന്‍ ലോപ്പോയിലും കാണുന്നു. സത്താന്‍ ലോപ്പോ കൊന്നുതള്ളുന്ന മനുഷ്യരെക്കുറിച്ച് നോവലില്‍ പറയുന്നുണ്ട്. ഒരു രഹസ്യമറയില്‍ വച്ച് സംഭവിക്കുന്ന ജീവഹത്യകളാണവ. പൊതുബോധങ്ങളിലേക്ക് ഈ രഹസ്യത്തിന്റെ വാതില്‍ തുറക്കുന്നില്ല. ലോപ്പോ കൊന്നുതള്ളുന്നവരുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ലോപ്പോ തന്നെ മുന്‍കൈ എടുക്കുന്നു. അവര്‍ക്കുവേണ്ടി ശവപ്പെട്ടി വാങ്ങുന്നു. അവരുടെ നിത്യശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. കരുണ തെളിയുന്ന വദനത്തോടെയും  ഒരു ദയാലുവിന്റെ ഭാവഹാവാദികളോടെയും ഒരു സ്‌നേഹസ്വരൂപന്റെ നാട്യത്തോടെയും ഒക്കെ ലോപ്പോ ഈ കര്‍മ്മങ്ങളനുഷ്ഠിക്കുന്നു. ഒരു ഏകാധിപതി തന്റെ ദയയില്ലാത്ത പ്രവൃത്തികള്‍ക്ക് മറയിടുന്നതിന്റെ ദൃഷ്ടാന്തപരമായ ഉദാഹരണമാണിത്. 
    ഒരു ഏകാധിപതി എന്ന നിലയില്‍ ലോപ്പോ എങ്ങനെ സ്ഥാനപ്പെട്ടിരിക്കുന്നു എന്നതിന്റെ നിരവധി അര്‍ത്ഥസൂചനകള്‍ നമുക്ക് നോവലില്‍ കാണാം. ലോപ്പോയുടെ ജര്‍മ്മന്‍ അഭിനിവേശത്തെക്കുറിച്ച് നോവലില്‍ പലതവണ വിവരിക്കുന്നുണ്ട്. ജര്‍മ്മനി ലോകം കണ്ട ഒരു വലിയ ഏകാധിപതിയായ ഹിറ്റ്ലറുടെ നാടാണെന്ന് നമുക്കറിയാം. ഒരു പകര്‍ന്നാട്ടം പോലെ ഹിറ്റ്ലറും ജര്‍മ്മനിയും ലോപ്പോയെ ആകര്‍ഷിക്കുകയാണ്. ഏകാധിപത്യത്തിന്റെ ബോധങ്ങളെ കാലത്തിനു പുറകില്‍നിന്ന് ക്ഷണിച്ചുവരുത്തുന്ന ഒരു പ്രക്രിയയാണിത്. ലോപ്പോയില്‍ ഒരു ഹിറ്റ്ലറുണ്ടെന്ന് നോവലില്‍ പറയുന്നുണ്ട്. വര്‍ത്തമാനകാലത്തിലെ ഒരു ഏകാധിപതി കാലത്തിനു പിറകിലുള്ള മറ്റൊരു ഏകാധിപതിയെ ഗുരുസ്ഥാനത്ത് നിര്‍ത്തി തിരിച്ചറിയുന്നതിന്റേയും ലക്ഷ്യത്തിന്റേയും മാര്‍ഗ്ഗത്തിന്റേയും പാഠാവലികള്‍ അങ്ങനെ ഹൃദിസ്ഥമാക്കുന്നതിന്റെയും സൂചനകള്‍ നോവലില്‍ നമുക്ക് സുലഭമായി കാണാം. ജര്‍മ്മനിയോടുള്ള ലോപ്പോയുടെ അഭിനിവേശം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആഖ്യാനത്തില്‍ ഇടംപിടിക്കുന്നു. ലോപ്പോ വളര്‍ത്തുന്ന നായയുടെ പേര് ഹിറ്റ്ലര്‍ എന്നാണ്. അതിനെ കൊണ്ടുവന്നത് ജര്‍മ്മനിയില്‍നിന്നാണ്. ലോപ്പോയുടെ പുത്രവധു ജര്‍മ്മന്‍കാരിയാണ്. ലോപ്പോയുടെ പുത്രന്‍ ജോലിചെയ്യുന്നത് ജര്‍മ്മനിയില്‍ ആണ്. ജര്‍മ്മനിയില്‍ നിര്‍മ്മിച്ച സ്യൂട്ട്, ജര്‍മ്മനിയില്‍നിന്ന് കൊണ്ടുവന്ന പശുക്കള്‍- അങ്ങനെ ഒരു ജര്‍മ്മന്‍ മയത്തിന്റെ പ്രത്യേക അന്തരീക്ഷം തന്നെയാണ് ലോപ്പോ സൃഷ്ടിക്കുന്നത്. 
    വര്‍ത്തമാനകാലത്ത് സ്ഥലകാലങ്ങളില്‍ നിറഞ്ഞാട്ടം നടത്തുന്ന ഒരു ഏകാധിപതി, ചോദ്യം ചെയ്യപ്പെടാത്ത അധികാരഗര്‍വ്വിന്റെ ചരിത്രഘട്ടം സൃഷ്ടിച്ചൊരു കാലത്തിന്റെ അപ്രമാദിത്വത്തെ ഹിറ്റ്ലറിലും ഹിറ്റ്ലറുടെ ജര്‍മ്മനിയിലും കണ്ടെത്തുന്നത് ആദരവും ആവേശവും കലര്‍ന്ന ഒരു ആദിരൂപ സ്മരണയാണ്. ആദിരൂപങ്ങള്‍ പുതിയൊരു കാലസന്ധിയില്‍ ഏകാധിപതികള്‍ക്ക് പ്രലോഭനമായും വഴികാട്ടിയായും മാറുന്ന ഒരവസ്ഥകൂടിയാണിത്.
ഏകാധിപത്യം ആകര്‍ഷണത്തിന്റെ ഒരു പ്രഭാവലയം സൃഷ്ടിക്കുന്നതിന്റെ ആശയഘടന നമുക്ക് നോവലില്‍ കാണാം. ഒരു ജനസേവകനായും നാടിന്റെ വികസനത്തിന് യത്‌നിക്കുന്ന ആളായും ചില ഘട്ടങ്ങളില്‍ ലോപ്പോ പ്രത്യക്ഷപ്പെടുന്നുണ്ട്. അത് തന്റെ കൊടുംക്രൂരതകള്‍ക്ക് മറതീര്‍ക്കുന്ന ഒരു പ്രച്ഛന്നവേഷമാണ്. ദിമിത്രോവിന്റെ 'ഫാസിസത്തിനെതിരായ ഐക്യമുന്നണി' എന്ന ഗ്രന്ഥത്തില്‍ ഫാസിസത്തിന്റെ ഇത്തരം കാപട്യങ്ങളെ അനാവരണം ചെയ്യുന്നുണ്ട്.
ആകര്‍ഷണത്തിന്റെ വലിയൊരു വേദിയൊരുക്കുക എന്നത് ഏകാധിപത്യത്തിന്റെ ഒരു തന്ത്രമാണ്. ഏകാധിപത്യത്തിന് സഹജമായ രക്തദാഹമുള്ള ക്രൗര്യങ്ങളെക്കുറിച്ച് അജ്ഞരായവര്‍ അത്തരം തന്ത്രങ്ങളില്‍ വീണുപോകുകയും പുതിയൊരു പുലരിത്തുടിപ്പ് ഏകാധിപത്യത്തിന്റെ കര്‍മ്മസ്ഥാനങ്ങളില്‍ ദര്‍ശിക്കുകയും ചെയ്യുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദിമ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന വലിയ വിപ്ലവകാരിയായ കരുണന്റെ മകള്‍ ശാരിയും ശാരിയുടെ കാമുകനായ ഡേവിഡും ലോപ്പോയെന്ന ഏകാധിപതിയെ അമിതമായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് നോവലില്‍ പറയുന്നുണ്ട്. അത് ഏകാധിപത്യത്തോടുള്ള ഈ കഥാപാത്രങ്ങളുടെ വിശ്വാസമല്ല. ലോപ്പോ സൃഷ്ടിക്കുന്ന വലിയൊരു ആകര്‍ഷണവലയത്തില്‍, ഏകാധിപത്യത്തിന്റെ രൂക്ഷപ്പൊരുളുകളെ അറിയാതെ അവര്‍ അകപ്പെടുകയാണ് ചെയ്യുന്നത്. ഏകാധിപതികള്‍ തങ്ങളുടെ ഭൂമിക സുരക്ഷിതമാക്കാന്‍ അനുയായികളെ സൃഷ്ടിക്കുന്നതിന്റെ ആശയപരമായ വെളിപ്പെടുത്തലാണ് നോവലിസ്റ്റ് ഇവിടെ നടത്തുന്നത്.


കാലത്തിന്റെ പ്രവര്‍ത്തനങ്ങളേയും നിയമങ്ങളേയും അതിശക്തമായി വെളിപ്പെടുത്തുന്ന നോവലാണ് 'ആന്റിക്ലോക്ക്.' പുതിയൊരു ആഖ്യാനരീതികൊണ്ട് കാലദര്‍ശനത്തിന്റെ ഒരു വ്യാപ്തതലം എഴുത്തുകാരന്‍ സൃഷ്ടിക്കുന്നു. ഏകാധിപത്യം സൃഷ്ടിതമായ കാലവും ഏകാധിപത്യം വളരുന്ന കാലവും ഏകാധിപത്യം ഒരു ചരിത്രനിയമത്തില്‍ എന്നവണ്ണം തകര്‍ന്നുവീഴുന്ന കാലവും നോവലിസ്റ്റ് അന്യാദൃശമായ വൈഭവത്തോടെ നമുക്ക് കാട്ടിത്തരുന്നു. ചരിത്രത്തിന്റെ അനിവാര്യ വിധികളെ ഓര്‍മ്മപ്പെടുത്തുന്ന കാലദര്‍ശനമാണത്. അത് ചരിത്രത്തിലേക്ക് പ്രവേശിക്കുന്ന ഒരു കാലദര്‍ശനമായി അങ്ങനെ രൂപപ്പെടുന്നു. ഐ.എന്‍.എ പോരാളിയായിരുന്ന പണ്ഡിറ്റ് സാധാരണ സമയക്രമങ്ങള്‍ക്ക് ബദല്‍ തീര്‍ത്തുകൊണ്ട് നിര്‍മ്മിക്കുന്ന ആന്റിക്ലോക്കിന്റെ സമയസൂചികള്‍ ഭൂതകാലത്തില്‍ മറഞ്ഞുകിടക്കുന്ന അസാന്നിദ്ധ്യങ്ങളെ വീണ്ടെടുക്കുന്നതും ഭൂതകാലത്തില്‍നിന്ന് ഭാവിയിലേക്ക് അതിന്റെ സമയസൂചികള്‍ സഞ്ചരിക്കുന്നതും അത് ചരിത്രത്തെ ചലിപ്പിക്കുന്നതും ഗുണപരമായ പരിവര്‍ത്തനങ്ങള്‍ക്ക് അത് കളമൊരുക്കുന്നതും നാം നോവലില്‍ വായിക്കുന്നു. കാലത്തെ സംബന്ധിക്കുന്ന പുതിയൊരു അവതരണരീതിയാണിത്. യാഥാര്‍ത്ഥ്യത്തിനപ്പുറം അതീതഭാവനയുടെ വലിയൊരു കുത്തൊഴുക്കാണ് നാം ഇവിടെ കാണുന്നത്. പ്രവര്‍ത്തിക്കുന്ന ഒരു കാലത്തിന്റെ അര്‍ത്ഥസാദ്ധ്യതകള്‍ ആന്റിക്ലോക്കിന്റെ നിര്‍മ്മാണത്തിലൂടെ പണ്ഡിറ്റ് വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. പണ്ഡിറ്റ് നിര്‍മ്മിക്കുന്ന ആന്റിക്ലോക്ക് കാലത്തിന്റെ തന്നെ ഒരു രൂപകമാണ്. മനുഷ്യനിര്‍മ്മിതമായ ആന്റിക്ലോക്ക് കാലസൃഷ്ടിയില്‍ മനുഷ്യനുള്ള പങ്കിന്റെ അര്‍ത്ഥസൂചനകളാണ് നല്‍കുന്നത്. 
ആന്റിക്ലോക്ക് നിര്‍മ്മിച്ച പണ്ഡിറ്റ് അത് ഹെന്‍ട്രിക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഹെന്‍ട്രി അത് തന്റെ ശവപ്പെട്ടിക്കടയുടെ ചുമരില്‍ തൂക്കിയിടുന്നു. ആന്റിക്ലോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ആയിരിക്കുമെന്ന് പണ്ഡിറ്റ് ഹെന്‍ട്രിയോട് വിശദീകരിക്കുന്നുണ്ട്. ആന്റിക്ലോക്ക് സമയത്തെ പുറകിലേക്ക് കൊണ്ടുപോകുമ്പോള്‍ പ്രപഞ്ചത്തെ ആകെയൊന്ന് പിടിച്ചുകുലുക്കുമെന്ന് പണ്ഡിറ്റ് പറഞ്ഞു. അത് ഭൂമികുലുക്കം സൃഷ്ടിക്കും. പ്രളയം സൃഷ്ടിക്കും. കൊടുങ്കാറ്റുണ്ടാക്കും. ആന്റിക്ലോക്കിന്റെ പ്രവര്‍ത്തനത്തെ പണ്ഡിറ്റ് ഇങ്ങനെ ഹെന്‍ട്രിക്കു മുന്നില്‍ വിശദീകരിച്ചു.

ആന്റിക്ലോക്ക് ചില അത്ഭുതങ്ങള്‍ ഹെന്‍ട്രിയുടെ ജീവിതത്തില്‍ സൃഷ്ടിക്കാന്‍ തുടങ്ങി. മരിച്ചുപോയ തന്റെ ഭാര്യയുടെയും മക്കളുടെയും സാന്നിദ്ധ്യം യാഥാര്‍ത്ഥ്യത്തിന്റെ പ്രതീതി ജനിപ്പിച്ച് ഹെന്‍ട്രിക്ക് അനുഭവപ്പെടുന്നു. ആന്റിക്ലോക്കിന്റെ സമയസൂചികള്‍ പുറകിലേക്ക് സഞ്ചരിച്ച് ബിയാട്രീസും കുട്ടികളും ജീവിച്ചിരുന്ന ഒരുകാലം ഹെന്‍ട്രിക്ക് മുന്നില്‍ സൃഷ്ടി നേടുകയാണ്. ലോപ്പോ ആന്റിക്ലോക്ക് കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് നോവലില്‍ പറയുന്നുണ്ട്. കാലത്തെ തന്റേത് മാത്രമാക്കിയെടുക്കാന്‍, കാലത്തെ തന്റെ വരുതിയില്‍ നിര്‍ത്താന്‍, ഏകാധിപതികള്‍ ശ്രമിക്കുന്നതിന്റെ നിയമഘടനയുള്ള ഒരു ആശയത്തെയാണ് ഇതിലൂടെ നോവലിസ്റ്റ് വെളിപ്പെടുത്തുന്നത്. ആന്റിക്ലോക്കില്‍ ഏകാധിപതിയുടെ കാലത്തിനു വിരുദ്ധമായ കലാപസ്വഭാവമുള്ള ഒരുകാലത്തെ ലോപ്പോ കാണുന്നു.

ഏകാധിപത്യത്തിനെതിരായ പ്രതിരോധത്തിന്റെ ആയുധപ്പുരയായി മാറുന്ന അത്തരം കാലത്തെ തോല്‍പ്പിക്കുന്നതിന്റേയും നശിപ്പിക്കുന്നതിന്റേയും ഒടുങ്ങാത്ത ആഗ്രഹത്തില്‍നിന്നാണ് ആന്റിക്ലോക്ക് കൈക്കലാക്കാന്‍ ലോപ്പോ ശ്രമിക്കുന്നതിന്റെ പൊരുളുകള്‍ അടങ്ങിയിട്ടുള്ളതെന്ന് വേണം കരുതാന്‍. ആന്റിക്ലോക്ക് പക്ഷേ, ഹെന്‍ട്രിയില്‍നിന്ന് കൈക്കലാക്കാന്‍ ലോപ്പോയ്ക്ക് കഴിയുന്നില്ല. ആന്റിക്ലോക്കിലെ സമയസൂചികള്‍ ലോപ്പോയ്ക്കെതിരെ തിരിയുന്ന ഒരുകാലത്തെ സൃഷ്ടിക്കുന്നതിന്റെ സൂചനകള്‍ നോവലിലെ കേന്ദ്രവിഷയമായി ആഖ്യാനത്തില്‍ കടന്നുവരുന്നു. 

ഒരു ഏകാധിപതിയുടെ അജയ്യമെന്നു കരുതുന്ന പടയോട്ടങ്ങളൊക്കെ അയാളുടെ തകര്‍ച്ചയ്ക്കും അയാളുടെ അന്ത്യത്തിനും കാരണമാകുമെന്നും ആന്റിക്ലോക്കിന്റെ ഭൂതകാലത്തില്‍നിന്ന് ഭാവിയിലേക്ക് സഞ്ചരിക്കുന്ന സമയസൂചികള്‍ അത്തരം അവസ്ഥകള്‍ക്കുള്ളില്‍ ലോപ്പോയെന്ന ഏകാധിപതിയെ കൊണ്ടെത്തിക്കുമെന്നും മുന്‍കൂറായി ലഭിക്കുന്ന ഒരു ജ്ഞാനമായി ഹെന്‍ട്രിയില്‍ പടരുന്നുണ്ട്. ഹെന്‍ട്രിയുടെ ഇത്തരം തോന്നലുകളും അറിവുകളും നോവലിന്റെ അവസാന ഭാഗത്ത് സംഭവിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി മാറുന്നത് കാണാം. ലോപ്പോയുടെ ഏകാധിപത്യ നടപടികളില്‍ ആകൃഷ്ടരാവുന്ന ശാരിയേയും ഡേവിഡിനേയും കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. കരുത്തുള്ള ഒരു വിശ്വാസം അവര്‍ക്ക് ലോപ്പോയെക്കുറിച്ച് ഉണ്ടായിരുന്നു. ലോപ്പോയുടെ ഭൂമിക്കടിയിലെ നീന്തല്‍ക്കുളവും ജലാശയത്തിനടിയിലെ വാസയോഗ്യമായ അന്തരീക്ഷവും അതിരുകളില്ലാത്ത ആനന്ദം പകരുന്ന ജലക്രീഡാനുഭവങ്ങളും ജര്‍മ്മന്‍കാരിയായ ലോപ്പോയുടെ പുത്രവധുവും ഡേവിഡിന്റേയും ശാരിയുടേയും മനസ്സുകളെ ആഴത്തില്‍ സ്വാധീനിക്കുകയായിരുന്നു. ലോപ്പോയുടെ തിന്‍മകള്‍ അവരറിഞ്ഞില്ല. ലോപ്പോയിലെ ഏകാധിപതിയെ അവര്‍ കണ്ടില്ല. മനുഷ്യഹൃത്തം കുത്തിവീഴ്ത്തി മൃതിയുടെ ഭയാനക അന്തരീക്ഷം സൃഷ്ടിക്കുന്ന ലോപ്പോയെ അവരറിഞ്ഞില്ല. ഇത്തരം അജ്ഞതയാണ് ലോപ്പോയെ അമിതമായി വിശ്വസിക്കാനും ലോപ്പോയില്‍ ആകൃഷ്ടരാവാനും അവര്‍ക്ക് കാരണമായത്. എന്നാല്‍ ഇത് സ്വയം ഹത്യപോലെ അപകടമായിരുന്നു എന്ന തിരിച്ചറിവ് ഉഗ്രശേഷിയുള്ള സ്ഫോടനം പോലെ അവരുടെയുള്ളില്‍ പതിക്കുന്ന ഒരു സന്ദര്‍ഭം സംജാതമാവുന്നു. പിതൃസ്ഥാനത്ത് കണ്ട് വിശ്വസിച്ചവളുടെ ചാരിത്ര്യത്തെ ചതിയുടെ തന്ത്രം പ്രയോഗിച്ച് അപഹരിക്കാന്‍ ലോപ്പോ മുതിരുന്നു. വിശ്വസ്തത കാട്ടിയ മനസ്സുകളെപ്പോലും ഒടുവില്‍ ഏകാധിപത്യം എങ്ങനെ തകര്‍ക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിത്. ശാരിക്ക് സംഭവിച്ച ഗുരുതരമായ ഈ അനുഭവം ഡേവിഡിന്റെ മനസ്സിന്റെ തുലനങ്ങളെ തകര്‍ക്കുകയും അത്

ലോപ്പോയ്‌ക്കെതിരായ ഉഗ്രരോഷമായി വളരുകയും ചെയ്യുന്നു. ഡേവിഡ് തന്ത്രപരമായി ഒരു മരണക്കെണിയില്‍ ലോപ്പോയെ അകപ്പെടുത്തുന്നു. ആ കെണിയില്‍ പെട്ട് ലോപ്പോ അവസാനിക്കുമെന്ന് ഡേവിഡ് ഉറച്ച് വിശ്വസിക്കുന്നു. ലോപ്പോയെ മരണക്കെണിയില്‍ അകപ്പെടുത്തിയിരിക്കുകയാണെന്നും ഇനി ജീവിതത്തിലേക്കൊരു പ്രവേശനം ലോപ്പോയ്ക്ക് കിട്ടില്ലെന്നും ഡേവിഡില്‍നിന്ന് കേള്‍ക്കുമ്പോള്‍ ഹെന്‍ട്രി ആഹ്ലാദിക്കുന്നു. ആന്റിക്ലോക്കിന്റെ ലീലയായിട്ടാണ് ഹെന്‍ട്രിക്ക് തോന്നിയത്. എന്നാല്‍ ഡേവിഡൊരുക്കിയ മരണക്കെണിയില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവരുന്ന ലോപ്പോയെ ആണ് പിന്നീട് നാം കാണുന്നത്. ഹെന്‍ട്രിയുടെ കടയിലേക്കാണ് ലോപ്പോ വന്നത്. ലോപ്പോ സത്യമോ മിഥ്യയോ എന്ന് ഹെന്‍ട്രി സംശയിക്കുന്നുണ്ട്. ഉടനടി ഒരു ശവപ്പെട്ടി വേണമെന്ന് അയാള്‍ ഹെന്‍ട്രിയോട് ആവശ്യപ്പെടുന്നു. അത് ഡേവിഡിനു വേണ്ടിയാണെന്ന് ലോപ്പോ വെളിപ്പെടുത്തുമ്പോള്‍ ഹെന്‍ട്രി നടുങ്ങി വിറയ്ക്കുന്നു.
     ഡേവിഡ് വച്ച മരണക്കെണിയില്‍നിന്ന് രക്ഷപ്പെട്ട ലോപ്പോ ഡേവിഡിനോട് ക്രൂരമായ പ്രതികാരമാണ് നിര്‍വ്വഹിക്കുന്നതെന്ന് ഹെന്‍ട്രി മനസ്സിലാക്കുന്നു. അടക്കിപ്പിടിച്ച പകയെല്ലാം ഹെന്‍ട്രിയില്‍ സടകുടഞ്ഞുണരുന്നു. ''ഇവന്‍, ഈ നീചന്‍ എന്റെ രാഷ്ട്രത്തെ കൊള്ളയടിക്കുകയും മാനം കെടുത്തുകയും ചെയ്തവന്‍. എന്റെ പെണ്ണിന്റെ മാനത്തിനും എന്റെ മണ്ണിന്റെ ഉടമസ്ഥാവകാശത്തിനും വിലപറഞ്ഞവനോട് ഇനി അഹിംസയിലൂടെയല്ല ഹിംസയിലൂടെത്തന്നെ വേണം സംസാരിക്കാന്‍'' എന്ന ഉഗ്രമായ ഒരു തീരുമാനത്തില്‍ ഹെന്‍ട്രി എത്തപ്പെടുന്നു. പിന്നെയൊന്നും ഹെന്‍ട്രിയുടെ വരുതിയിലായിരുന്നില്ല. തികച്ചും നാടകീയവും പ്രവചനാതീതവുമായ സംഭവങ്ങള്‍ക്കാണ് ശവപ്പെട്ടിക്കട പിന്നെ സാക്ഷിയാവുന്നത്. ഒരിക്കലും തകര്‍ക്കാനാവില്ലെന്ന് കരുതിയ കരുത്തനായ ശത്രു അവനായി പണിതുവച്ചിരുന്ന പെട്ടിയില്‍ കിടന്ന് എന്നെ കൊല്ലല്ലേ എന്ന് ദീനനായി കരയേണ്ടിവരുന്നു. ക്രൂരമായൊരു പ്രതികാര നിര്‍വ്വഹണത്തിന്റെ ലഹരിയില്‍ ഹെന്‍ട്രി ശവപ്പെട്ടിയുടെ മൂടിയടച്ച് ആണികള്‍ അടിച്ചുകയറ്റി. എല്ലാ ഏകാധിപതികള്‍ക്കുമുള്ള ശിക്ഷയാണിതെന്ന് ചരിത്രസ്പര്‍ശമുള്ള വിചാരങ്ങള്‍ ഈ ഘട്ടത്തില്‍ ഹെന്‍ട്രിക്കുണ്ടാവുന്നുണ്ട്. ചരിത്രത്തെക്കുറിച്ചുള്ള ഹെന്‍ട്രിയുടെ ജ്ഞാനപരമായ തിരിച്ചറിവല്ല അത്. ഏകാധിപത്യത്തിന്റെ കടുത്ത അനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന വ്യക്തിമനസ്സിന്റെ ജ്വലിക്കുന്ന ഉള്‍ബോധങ്ങളാണിത്. അതുപക്ഷേ, ഹെന്‍ട്രി അറിയാത്ത ചരിത്രത്തിന്റെ വെളിപ്പെടുത്തലുകളായി മാറുകയാണ്. അങ്ങനെ അനുഭവങ്ങളില്‍നിന്ന് ഊറിക്കൂടുന്ന വിചാരങ്ങളില്‍ ഹെന്‍ട്രിയറിയാത്ത ചരിത്രസാന്നിദ്ധ്യങ്ങള്‍ തെളിമയോടെ ദൃശ്യപ്പെടുന്നു. ചരിത്രം ഇവിടെ ഹെന്‍ട്രിയുടെ ബോധങ്ങള്‍ക്ക് പുറത്താണ്. എന്നാല്‍ അത് ദേശകാലങ്ങളില്‍ ആവര്‍ത്തിച്ച് കടന്നുവരുന്ന ചരിത്രവുമാണ്.
     

ഒരു നാടു മുഴുവന്‍ അടക്കിഭരിച്ചവന്‍, സ്ത്രീകളുടെ ചാരിത്ര്യശുദ്ധി കളങ്കപ്പെടുത്തിയവന്‍, നിരപരാധികളുടെ ജീവനെ അരിഞ്ഞുവീഴ്ത്തിയവന്‍, ഹെന്‍ട്രി തീര്‍ത്ത ശവപ്പെട്ടിക്കുള്ളില്‍ കിടന്ന് ജീവനുവേണ്ടി കരഞ്ഞു. ഒരിറ്റ് ദാഹജലത്തിനുവേണ്ടി കേണു. പെട്ടെന്നൊരു നിമിഷം ഒരു ദേവവൃക്ഷത്തിന്റെ തളിരിലകള്‍ വീണതുപോലെ ഹെന്‍ട്രിയുടെ മനസ്സ് പരിവര്‍ത്തനപ്പെടാന്‍ തുടങ്ങി. എന്നെ കൊല്ലരുതേ എന്ന ലോപ്പോയുടെ ഞരക്കം, എനിക്ക് വെള്ളം തരൂ എന്ന ലോപ്പോയുടെ യാചന, മരണത്തെ ഭീതിപ്പെടുന്ന ലോപ്പോയുടെ ദീനതകള്‍, രക്ഷയ്ക്കുവേണ്ടിയുള്ള ലോപ്പോയുടെ നിലവിളി, ഹെന്‍ട്രിയുടെ മനസ്സില്‍ ലോപ്പോ അര്‍ഹിക്കാത്ത ദയവിന്റെ ദേവരൂപങ്ങളെ സൃഷ്ടിച്ചു. ദൈവികമായ, വിശുദ്ധമായ ഒരു കരുണയില്‍ ഹെന്‍ട്രിയിലെ പ്രതികാര മോഹങ്ങള്‍ ചിറകരിഞ്ഞു വീണു. ''എണീറ്റുപോടാ പന്നീ'' എന്നലറിക്കൊണ്ട് ഹെന്‍ട്രി ശവപ്പെട്ടിയില്‍നിന്ന് ലോപ്പോയെ മോചിപ്പിക്കുകയാണ്. അപ്പോള്‍ ലോപ്പോയില്‍ ജീവന്‍ സ്പന്ദിച്ചു. നേരിയ ചലങ്ങളിലൂടെ ഉണര്‍ന്ന്, പിശാചിനെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ്, കടയ്ക്ക് വെളിയിലേക്ക് ലോപ്പോ വേച്ച് വേച്ച് നീങ്ങി. പക്ഷേ, ദാനം കിട്ടിയ ജീവനുമായി നടന്നുനീങ്ങിയവന്‍ അടുത്ത നിമിഷത്തില്‍ തന്നെ അവന്റെ ആന്തരസ്വഭാവം പ്രകടമാക്കുന്നതാണ് പിന്നെ കാണുന്നത്. താഡനമേറ്റ് വീണ ഹെന്‍ട്രി ലോപ്പോയുടെ കണ്ണുകളില്‍ തീ വമിക്കുന്നത് കണ്ടു. കലിപൂണ്ട ചലനവേഗങ്ങള്‍കൊണ്ടുതന്നെ അവസാനിപ്പിക്കുന്നതിനുള്ള ആക്രമണമാണ് ലോപ്പോയില്‍നിന്ന് ഉണ്ടാവുന്നതെന്ന് ഹെന്‍ട്രി മനസ്സിലാക്കി. പക്ഷേ, അതില്‍ ഹെന്‍ട്രി ഭീതിപ്പെട്ടില്ല. താന്‍ സൗജന്യമായി മരണത്തില്‍നിന്നിറക്കിവിട്ടവന്‍ തന്റെ ജീവനെടുക്കുമെങ്കില്‍ തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം തനിക്ക് ചേരാന്‍ സമയമായി എന്ന ചിന്തയില്‍ ഹെന്‍ട്രി മരണത്തെ തീവ്രമായി ആഗ്രഹിക്കുകയും തന്റെ അന്തകനാവാന്‍ നില്‍ക്കുന്നവനെ നിസ്സാരമായി നോക്കുകയും ചെയ്യുന്നു. അപ്പോള്‍ ആന്റിക്ലോക്ക് സമയത്തിന്റെ അടുത്ത നാഴികയെ വിളംബരം ചെയ്തുകൊണ്ട് ലോപ്പോയുടെ ശ്രദ്ധ അപഹരിക്കുന്നു. ഹെന്‍ട്രിയെ അവസാനിപ്പിക്കും മുന്‍പ് ആന്റിക്ലോക്ക് താന്‍ കൈക്കലാക്കുന്ന കാഴ്ചകൂടി അയാളെ കാട്ടണമെന്ന് ലോപ്പോ വാശിപ്പെടുന്നു. കാലവിചാരങ്ങളുടെ വലിയ അര്‍ത്ഥസൂചനകളാണ് ഈ ഭാഗത്ത് തെളിഞ്ഞുവരുന്നത്. ആന്റിക്ലോക്ക് അപഹരിക്കുന്നതിലൂടെ തനിക്കെതിരെ ഉയരുന്ന അന്ത്യനാശം വിതറുന്ന ഒരു കാലത്തെ ഇല്ലാതാക്കി, ഏകാധിപത്യത്തിന്റേതായ ഒരുകാലത്തെ സ്ഥിരപ്രതിഷ്ഠിതമാക്കാന്‍ ആശകള്‍കൊണ്ട് തീര്‍ത്ത ഒരു പ്രയത്‌നത്തിന്റെ പ്രതീകാത്മകമായ ആവിഷ്‌കാരം കൂടിയായി ഇത് മാറുന്നുണ്ട്. കാലത്തിന്റെ പ്രതീകം എന്ന നിലയില്‍ ആന്റിക്ലോക്ക് കൂടുതല്‍ അര്‍ത്ഥവ്യാപ്തി വഹിക്കുന്നതിന്റെ സാക്ഷ്യവിചാരവും നമുക്കിവിടെ കാണാം. എന്നാല്‍ ഏകാധിപത്യത്തിന്റെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും സ്ഥിരതയുടെ നിയമങ്ങളൊന്നും ഇല്ലെന്നും കാലത്തിന്റെ ഗര്‍ഭഗൃഹങ്ങളില്‍നിന്ന് ഏകാധിപത്യത്തിന് അന്ത്യവിധി കുറിക്കുന്ന ശിക്ഷകളുണ്ടാവുമെന്നും. ചരിത്രത്തിന്റെ പിന്‍ബലമുള്ള ഒരു ആശയഘടന തുടര്‍ന്ന് നമുക്ക് നോവലില്‍ വെളിവാകും. ആന്റിക്ലോക്ക് എക്കാലത്തേക്കുമായി തന്റേതാക്കാനുള്ള ഏകാധിപതിയുടെ ശ്രമത്തിനിടയില്‍ കാലം സുനിശ്ചിതമാക്കി വച്ച ഒരു വിധിയുടെ തീര്‍പ്പുണ്ടെന്ന് തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവം വെളിപ്പെടുത്തുന്നു. അത് ഒരു ഏകാധിപതി അനുഭവിക്കേണ്ട നിയമഘടനയ്ക്കുള്ളില്‍ വച്ചാണ് നോവലിസ്റ്റ് വിവരിക്കുന്നത്. ഇവിടെ ചരിത്രത്തിന്റെ വലിയ പാഠങ്ങള്‍ വായനക്കാരനെ മുട്ടിവിളിക്കുന്നു. അധാര്‍മ്മികതകൊണ്ട് തീര്‍ക്കുന്ന ഏകാധിപത്യത്തിന്റെ വിജയങ്ങളൊക്കെ നൈമിഷികമാണെന്നും വിജയങ്ങളുടെ ഉന്മത്തമായ ആഘോഷങ്ങള്‍ക്കിടയില്‍ ദുരന്തസന്ദേശങ്ങള്‍ നിശ്ശബ്ദമായി ഏകാധിപതികളിലേക്ക് എത്തപ്പെടുന്നുണ്ടെന്നും എല്ലാ ഏകാധിപതികള്‍ക്കുമുള്ള താക്കീതുപോലെ നോവലിന്റെ പ്രമേയഘടനയിലും ഭാവനിര്‍മ്മാണത്തിലും തെളിഞ്ഞുകിടക്കുന്നു എന്നതാണ് ഈ നോവലിന്റെ പ്രാധാന്യം എന്ന് എനിക്ക് തോന്നുന്നു. സമകാലികമായ ഇന്ത്യനവസ്ഥയെ ഈ നോവല്‍ അഭിവ്യഞ്ജിപ്പിക്കുന്നുണ്ട്. അതേസമയം ഏകാധിപത്യത്തിന്റെ പൊതുനിയമങ്ങള്‍ കാലദേശങ്ങളെ അപ്രസക്തമാക്കി കടല്‍ത്തിളപ്പ് പോലെ രൂക്ഷമായ ഒരു ഏകസ്വഭാവത്തിന്റെ അര്‍ത്ഥങ്ങളെ സൃഷ്ടിക്കുന്നതായി ഈ നോവല്‍ വെളിപ്പെടുത്തുന്നു. മാത്രവുമല്ല, ഏകാധിപത്യം തകര്‍ത്തുകളഞ്ഞ ഒരു വ്യക്തിയുടെ ഭയാനകമായ ഏകാന്തതയും വിഭ്രാന്തമായ ചിത്തവൃത്തികളും അതിദയനീയമായ ഹൃദയവേദനകളും ഇതിനെല്ലാം കാരണമായ ഏകാധിപത്യത്തോടുള്ള അടങ്ങാത്ത പ്രതികാരചിന്തയും ഹെന്‍ട്രിയുടെ ആന്തരിക ലോകത്തിലെ കോളിളക്കങ്ങളായിട്ടാണ് പ്രത്യക്ഷമാവുന്നത്. ബിയാട്രീസും മക്കളും മരിക്കുമ്പോള്‍ അസ്തിത്വം നഷ്ടപ്പെടുന്ന ഒരാളായാണ് ഹെന്‍ട്രി നോവലില്‍ വെളിപ്പെടുന്നത്. ബിയാട്രീസിനോടും മക്കളോടും ഒപ്പം കൂടാന്‍ തന്റെ മരണംകൊണ്ട് സാദ്ധ്യമാവുമെങ്കില്‍ അതിനെ സ്വാഗതം ചെയ്യാനാവുന്ന മരണാഭിമുഖ്യം ഹെന്‍ട്രിയില്‍ വളര്‍ന്നുവരുന്നുണ്ട്. ആധുനികത സൃഷ്ടിച്ചെടുത്ത ജീവിതത്തിന്റെ വ്യര്‍ത്ഥതയുടേയും മരണാഭിമുഖ്യത്തിന്റേയും ദാര്‍ശനിക കാഴ്ചപ്പാടിനുള്ളില്‍ വച്ച് ഹെന്‍ട്രിയുടെ ചിന്തകളേയും പ്രവര്‍ത്തനങ്ങളേയും നമുക്ക് വിലയിരുത്താനാവില്ല. പീഡനസ്വഭാവമുള്ള ഒരു ചരിത്രത്തിന്റെ ആവിര്‍ഭാവം ജീവിതാവസ്ഥകളെ ദുരന്തപ്പെടുത്തുമ്പോള്‍ ശിഥിലമായി തീരുന്ന വ്യക്തിബോധങ്ങളില്‍നിന്ന് മരണാഭിമുഖ്യത്തിന്റേയും വ്യര്‍ത്ഥതാബോധത്തിന്റേയും നടുക്കുന്ന ചിന്താപ്രവാഹങ്ങള്‍ രൂപംകൊള്ളുന്നു. ഹെന്‍ട്രിയില്‍ സംഭവിക്കുന്നത് അതാണ്. ചരിത്രത്തിന്റെ ആഴങ്ങളില്‍നിന്ന് വേണം അതിനുത്തരം കണ്ടെത്താന്‍. ഹെന്‍ട്രി അനുഭവിക്കുന്ന എല്ലാ ദുഃഖങ്ങളും ദുരന്തബോധങ്ങളും ചരിത്രവുമായി ബന്ധപ്പെട്ട് സംഭവിക്കുന്നതാണ്. അത് ചരിത്രപരമായ ദുരവസ്ഥയാണ്. 
തന്റെ ജീവിതത്തിലേക്ക് ദുരന്തം വര്‍ഷിച്ച് തന്നെ തകര്‍ത്തുകളഞ്ഞ ലോപ്പോയെ ഇല്ലാതാക്കണമെന്ന പ്രതികാരമോഹമാണ് തന്റെ മരണാഭിലാഷം സാദ്ധ്യമാക്കുന്നതില്‍നിന്ന് ഹെന്‍ട്രിയെ ഇത്രയും കാലം തടഞ്ഞുനിര്‍ത്തിയത്. ലോപ്പോ ഇല്ലാതായ ഈ നിമിഷത്തില്‍, തന്റെ പ്രതികാരമോഹം സഫലമായതിന്റെ ആന്തരമായ സന്തോഷത്തോടെ തനിക്കുവേണ്ടിയും ഒരു ശവപ്പെട്ടി കരുതേണ്ടതിന്റെ ആവശ്യകത ഹെന്‍ട്രി തിരിച്ചറിയുന്നതായി സൂചിപ്പിച്ചുകൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്. ഏകാധിപത്യം തകര്‍ത്തുകളയുന്ന എല്ലാ മനുഷ്യരുടേയും പ്രാതിനിധ്യം വഹിക്കുന്ന ആളായാണ് ഹെന്‍ട്രിയെ എഴുത്തുകാരന്‍ നോവലില്‍ പ്രത്യക്ഷപ്പെടുത്തുന്നത്. വ്യക്തിയില്‍ അധിഷ്ഠിതമായ, ആസ്വാദകനെ നടുക്കുന്ന അനുഭവ വിവരണം, ഏകാധിപത്യത്തിന്റെ ദുരന്തഭൂമിയില്‍ പിടഞ്ഞുജീവിക്കുന്ന ഒരു രാഷ്ട്രത്തിലെ ജനതയുടെ ആകെ അനുഭവസാക്ഷ്യങ്ങളെയാണ് വെളിപ്പെടുത്തുന്നത്. ഏകാധിപത്യത്തിന്റെ പീഡനത്തിനിരയാകുന്ന ജനസമൂഹത്തിന്റെ ഭീതിയും വേദനകളുമാണ് ഹെന്‍ട്രിയിലൂടെ എഴുത്തുകാരന്‍ സൃഷ്ടിക്കുന്നത്.
മലയാള നോവലിന്റെ വികാസചരിത്രത്തില്‍ പുതിയ ഉണര്‍വുകള്‍ സൃഷ്ടിക്കുന്ന നോവലായി ഞാന്‍ 'ആന്റിക്ലോക്കി'നെ കാണുന്നു. ഈ നോവല്‍ നമ്മുടെ സാഹിത്യരംഗത്ത് സൃഷ്ടിക്കാവുന്ന ചലനങ്ങളെക്കുറിച്ച് പ്രവചനം നടത്താന്‍ ഞാനാളല്ല. സൗന്ദര്യശാസ്ത്രത്തിന്റെ ബലിഷ്ഠമായ ഉക്തികള്‍ ഉപയോഗിച്ച് നോവല്‍ ഉള്‍പ്പെടെയുള്ള സാഹിത്യരൂപങ്ങളെ വിലയിരുത്തുന്നതില്‍ സംഭവിക്കുന്ന വീഴ്ചകളെക്കുറിച്ചുള്ള എന്റെ ബോദ്ധ്യങ്ങളാണ് അതിനു കാരണം. നോവല്‍ വളരുന്നു. പക്ഷേ, വിമര്‍ശനം പതറുന്നു. അതുകൊണ്ടുതന്നെ ഒരു നോവലിന്റെ മഹത്വം വെളിപ്പെടുത്താന്‍ വിമര്‍ശനത്തിനു കഴിയാതെ പോകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com