ജീവിത വിജയത്തിന്റെ കൃത്രിമ താക്കോല്‍

നൂറുകണക്കിന് ആളുകള്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്ന ഒരു ഓഡിറ്റോറിയം. യൂറോപ്പ്യന്‍ മാതൃകയില്‍ വസ്ത്രം ധരിച്ച ഒരു വ്യക്തി സ്റ്റേജിലേക്ക് കടന്നുവരുന്നു.
ജീവിത വിജയത്തിന്റെ കൃത്രിമ താക്കോല്‍

നൂറുകണക്കിന് ആളുകള്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്ന ഒരു ഓഡിറ്റോറിയം. യൂറോപ്പ്യന്‍ മാതൃകയില്‍ വസ്ത്രം ധരിച്ച ഒരു വ്യക്തി സ്റ്റേജിലേക്ക് കടന്നുവരുന്നു. അദ്ദേഹം എന്തോ രഹസ്യം വെളിപ്പെടുത്താന്‍ പോവുകയാണ്. കാണികള്‍ ഉത്സുകൂരായി.
അതെ. അദ്ദേഹത്തിനു മാത്രം വെളിപ്പെട്ടുകിട്ടിയ ചില കാര്യങ്ങള്‍ ഇദ്ദേഹം ഇവിടെ പങ്കുവയ്ക്കുകയാണ്.
''ജീവിതവിജയത്തിന്റെ കുറുക്കുവഴികള്‍''
കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച ബില്‍ ഗേറ്റ്സ് എങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ധനികനായി?
കറുത്തവര്‍ഗ്ഗക്കാരനായ ഒബാമ എങ്ങനെയാണ് അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ എത്തിയത്? എന്തായിരുന്നു ഇവരുടെ ജീവിതവിജയ രഹസ്യം?
തീര്‍ന്നിട്ടില്ല: 
ജീവിതവിജയത്തിന് 30 കുറുക്കുവഴികള്‍. എങ്ങനെ ഒരു നല്ല ബിസിനസ്സുകാരന്‍ ആകാം? എങ്ങനെ പണം കൊയ്യാം? മഹാന്മാരുടെ ജീവിതത്തിലെ ഏഴ് പ്രധാന ശീലങ്ങള്‍ തുടങ്ങി എങ്ങനെ നല്ലൊരു ഭര്‍ത്താവോ കാമുകനോ ആവാം എന്നു വരെയുള്ള അതീവ സാങ്കേതികമായ രഹസ്യങ്ങള്‍ പരസ്യമാക്കുന്നു ഇവിടെ...
ബിസിനസ്സ് കുറുക്കുവഴികള്‍, ദാമ്പത്യ വിജയത്തിനുള്ള രഹസ്യങ്ങള്‍, മനഃശക്തി കൈവരിക്കുവാനുള്ള കോഴ്സുകള്‍, വ്യക്തിത്വ വികസന പ്രോഗ്രാമുകള്‍  അങ്ങനെ ഒരു പാട് രഹസ്യ സങ്കീര്‍ണ്ണ സമവാക്യങ്ങളുമായി സെല്‍ഫ് ഇംപ്രൂവ്മെന്റ് ബിസിനസ്സ് അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം 10 ബില്ല്യന്‍ ഡോളറിന്റെ (ഏകദേശം 6800 കോടി രൂപ) ബിസിനസ്സ് ആണ്.
ടെക്സാസിലെ അമ്പെയ്ത്തു വീരന്റെ അപസിദ്ധാന്തം (Texas  Sharp Shooters  fallacy) 
ടെക്സാസിലെ വിരുതനായ വെടിവയ്പുകാരന്‍ 
അമേരിക്കയിലെ ടെക്സാസ്സിലുള്ള ഒരു വെടിവയ്പുകാരന്‍  വിരുതന്‍ ഒരു വേല ഒപ്പിച്ചു. ഒരു പലകയില്‍ അവിടെയും ഇവിടെയുമായി വെടിവെച്ചു കൊള്ളിച്ചതിനുശേഷം, വെടികൊണ്ട ഭാഗങ്ങള്‍ കണക്കാക്കി അയാള്‍ ലക്ഷ്യ ചക്രങ്ങള്‍ വരച്ചുവച്ചു. പുറമെനിന്നു കാണുന്ന ഒരാള്‍ക്ക് അയാള്‍ എല്ലാ വെടിയും ലക്ഷ്യത്തില്‍ത്തന്നെ കൊള്ളിച്ചതായിട്ടു തോന്നും.
പരസ്പരബന്ധമില്ലാത്ത കാര്യങ്ങളെ, യാദൃച്ഛികതയുടെ ചരടുകളിലൂടെ തുന്നിക്കെട്ടി, എല്ലാത്തിനും ഒരു പ്രത്യേക ക്രമമുണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനാണ് ടെക്സാസ് ഷാര്‍പ്പ് ഷൂട്ടര്‍ ഫാലസി എന്നു പറയുന്നത്. പ്രവചനം നടത്തുന്നവര്‍ ഉപയോഗിക്കുന്ന ഒരു സങ്കേതമാണിത്. വിഖ്യാത ഫ്രെഞ്ച് മഹാ പ്രവാചകന്‍ നൊസ്റ്റര്‍ഡാമസിന്റെ പ്രവചനങ്ങളുടെ സാധുത തന്നെ ഇത്തരത്തിലുള്ള വ്യാഖ്യാന ശൈലിയിലാണ്.
ഒരു സംഭവം ലോകത്തുണ്ടായതിനുശേഷം അവിടെയും ഇവിടെയും ചിതറിക്കിടക്കുന്ന വാക്യങ്ങളെ തിരഞ്ഞുപിടിച്ച്, ഒരു ക്രമം ഉണ്ടാക്കിയെടുത്തതിനുശേഷം, ആ സംഭവത്തെക്കുറിച്ചാണ് താന്‍ പ്രവചിച്ചത് എന്നു സ്ഥാപിച്ചെടുക്കുക. അതില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളെ പാടെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യും.

ഉദാഹരണങ്ങള്‍ നോക്കാം. നൊസ്റ്റര്‍ഡമസിന്റെ പ്രവചനങ്ങളില്‍  ഹിസ്റ്റര്‍ എന്നു പേരായ ഒരു ജര്‍മ്മന്‍ പോരാളിയെക്കുറിച്ചു  പ്രതിപാദിക്കുന്നുണ്ട്. 500 വര്‍ഷങ്ങള്‍ക്കു മുന്‍പ് നൊസ്റ്റര്‍ഡമാസ് ഇങ്ങനെ എഴുതി. ''വിശപ്പുകൊണ്ട് വന്യമൃഗങ്ങള്‍ നദി കടക്കും. യുദ്ധത്തില്‍ കൂടുതല്‍ ആളുകളും ഹിസ്റ്ററിന് എതിരായിരിക്കും. പല മഹത്വ്യക്തികളേയും ഇത് ഇരുമ്പഴിക്കുള്ളില്‍ ആക്കും. ജര്‍മ്മനിയുടെ പുത്രന്‍ ഒരു നിയമവും അനുസരിക്കില്ല.'' ഈ വാക്യങ്ങള്‍ ഹിറ്റ്ലര്‍ എന്ന ജര്‍മ്മന്‍ സ്വേച്ഛാധിപതിയെക്കുറിച്ചുള്ള വ്യക്തമായ പ്രവചനമായാണ് പലരും കാണുന്നത്. 
എന്നാല്‍, നൊസ്റ്റര്‍ഡമാസ് തന്റെ പുസ്തകങ്ങളിലുടനീളം ഇതുപോലെ ജര്‍മ്മന്‍ കരയില്‍നിന്നുള്ള പോരാളികളെക്കുറിച്ചുള്ള ആയിരക്കണക്കിനു വിവരണങ്ങള്‍ കൊടുത്തിട്ടുണ്ട്. അത് മിക്കതും തികച്ചും അവ്യക്തവും അപ്രസക്തവുമാണ്. മാത്രമല്ല, ഹിസ്റ്റര്‍ എന്നത് ഡാന്യൂബ് എന്ന യൂറോപ്പിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയുടെ ലാറ്റിന്‍ നാമവുമാണ്.
അമേരിക്കന്‍ പ്രസിഡന്റുമാരായ എബ്രഹാം ലിങ്കന്റേയും ജോണ്‍ എഫ്. കെന്നഡിയുടേയും ജീവിതവും മരണവുമായി ഏതാണ്ട് ഇരുപതോളം സാമ്യങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്.  ഒരുപാട് യാദൃച്ഛിക സാമ്യങ്ങള്‍, ഭാവനകള്‍, തികച്ചും സംഭവ്യമായ കാര്യങ്ങള്‍, കഷ്ടപ്പെട്ടു വ്യാഖ്യാനിച്ചുണ്ടാക്കിയ വിഭിന്നമായ രണ്ടു മേഖലകള്‍ ഇവയെല്ലാം കൃത്യതയോടെ നെയ്തുണ്ടാക്കിയ ക്രമബന്ധങ്ങള്‍  മാത്രമാണത്.
ഇപ്രകാരം തന്നെ പല ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും തങ്ങളുടെ പുസ്തകത്തില്‍ ഉണ്ടായിരുന്നെന്ന് അവകാശപ്പെടുന്ന എട്ടുകാലി മമ്മൂഞ്ഞുകള്‍ ഇതേ അപസിദ്ധാന്തം തന്നെയാണ് ഉപയോഗിക്കുന്നത്.
പൂര്‍ണ്ണചന്ദ്രന്റെ ഉള്ളിലെ കറുത്ത പാടുകള്‍ നമ്മുടെ ഇഷ്ടദൈവങ്ങളുടെ രൂപം കൈക്കൊള്ളുന്നതുപോലെ മാത്രമേയുള്ളൂ പല അപസിദ്ധാന്തങ്ങളുടേയും സാംഗത്യം.

സ്വയം സഹായ ജീവിതവിജയ പരിശീലനക്കാര്‍ ഉപയോഗിക്കുന്ന ഒരു തന്ത്രവും ഇതാണ്. ''ബില്‍ഗേറ്റ്സും ഗാന്ധിജിയും രാവിലെ 4.50-ന് എഴുന്നേറ്റ് കുളിക്കുമായിരുന്നു. അതുകൊണ്ടാണ് അവരുടെ ബുദ്ധി പ്രകാശിച്ചത്. അതുപോലെ നിങ്ങളും ആ സമയത്ത് എഴുന്നേറ്റ് കുളിച്ചാല്‍ ബുദ്ധി പ്രകാശിക്കും'' ഈ തരത്തിലുള്ള ചില ചെറി പിക്കിങ് (ഒരു തോട്ടത്തില്‍ പോയി നല്ല ചെറിപ്പഴങ്ങള്‍ മാത്രം പെറുക്കിയെടുത്ത്, ആ തോട്ടത്തിലെ പഴങ്ങള്‍ മുഴുവന്‍ നല്ലതാണ് എന്നു പറയുന്നതുപോലെ). നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം എടുത്ത് ഇതാണ് അവരുടെ ജീവിതരഹസ്യം എന്നു പറയുന്നത് എത്ര യുക്തിരാഹിത്യമാണ്.
 
ജീവിത പരിശിലന വ്യവസായത്തിലെ അശാസ്ത്രീയത 
സെല്‍ഫ് ഇംപ്രൂവ്മെന്റ് പുസ്തകങ്ങളിലെ കുറുക്കുവഴികള്‍ സ്വായത്തമാക്കി, അവയുടെ കൃത്യമായ അവലംബനങ്ങളിലൂടെ മാത്രം മഹാനായ ഒരു വ്യക്തിയെയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ?
സ്വയം സഹായ പുസ്തകങ്ങളില്‍ക്കൂടി ധനികനാകുവാനുള്ള ഏക വഴി, അതുപോലെ ഒരു പുസ്തകമെഴുതുക എന്നതു മാത്രമാണ്. പലപ്പോഴും ഒരേ ആളുകള്‍ തന്നെയാണ് ഇതുപോലുള്ള പുസ്തകങ്ങള്‍ വീണ്ടും വാങ്ങുകയും പ്രോഗ്രാമുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നത്. എന്താണ് ഇതിന്റെ കാരണം?
ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ വായിക്കുകയോ, പ്രോഗ്രാമുകള്‍ കൂടുകയോ ചെയ്യുമ്പോള്‍ നമുക്ക് ഒരുതരത്തിലുള്ള ആനന്ദം ലഭിക്കുന്നു. ഇവിടെ മനുഷ്യ മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ എന്ന ന്യൂറോട്രാമിസ്റ്ററാണ് പ്രവര്‍ത്തിക്കുന്നത്. ഈ ന്യൂറോട്രാന്‍സ്മിറ്ററിന് ഒരു അഡിക്റ്റീവ് സ്വഭാവമുണ്ട്. അതുമൂലം നമുക്ക് ആനന്ദം ലഭിച്ച കാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ നമ്മള്‍ ശ്രമിക്കും. ഉദാ: മദ്യം, മയക്കുമരുന്ന്, കളികള്‍, പ്രാര്‍ത്ഥന, പുകവലി തുടങ്ങിയവ... സെല്‍ഫ് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമുകളോ പുസ്തകങ്ങളോ നല്‍കുന്ന ആനന്ദം ആളുകള്‍ക്ക് ഇതിനോട് ഒരു അഡിക്ഷന്‍ ഉണ്ടാക്കുന്നു.
സെല്‍ഫ് ഇംപ്രൂവ്മെന്റ് വ്യവസായത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ഇവയുടെ കച്ചവടക്കാര്‍ തന്നെയാണ്. ഇവരാണ് ലക്ഷാധിപതികളും കോടീശ്വരന്മാരായിത്തീരുന്നത്.
കൃത്യതയോടെ നിജപ്പെടുത്തിയ ബിസിനസ്സ് തന്ത്രങ്ങള്‍, പെരുമാറ്റരീതികള്‍, അഭിമുഖപാടവങള്‍ (Interview Skill) ന്യൂറോലിംഗ്വിസ്റ്ററിക് പ്രോഗ്രാമും ട്രാന്‍സാക്ഷണല്‍ അനാലിസിസ് തുടങ്ങിയ അശാസ്ത്രീയ പുറമ്പോക്ക് മനഃശാസ്ത്ര രീതികളുടെ അമിത പ്രാധാന്യം, എന്തിനും ഏതിനും പ്രയോഗിക്കാവുന്ന ബൈനറി സമവാക്യങ്ങള്‍ ഇവയെല്ലാം ചേര്‍ന്നു പലപ്പോഴും ജീവിതവിജയ പരിശീലനങ്ങള്‍ക്ക് ഒരു യാന്ത്രികഭാവം നല്‍കുകയും ഒരു പരിധിവരെ കോമാളിത്തരത്തിലേയ്ക്ക് നീളുകയും ചെയ്യുന്നതു കാണാം.

ജീവിതവിജയത്തിന് ഒരു കൃത്രിമ താക്കോല്‍
എന്താണ് ജീവിതവിജയത്തിന്റെ രഹസ്യങ്ങള്‍ എന്നു ചോദിച്ചാല്‍ ഏവര്‍ക്കും പറയാന്‍ ചില റെഡിമെയ്ഡ് ഉത്തരങ്ങള്‍ കാണും.
കഠിനാധ്വാനം, ആത്മവിശ്വാസം, വിദ്യാഭ്യാസം, ബുദ്ധിവൈഭവം-അങ്ങനെ നീളും വിജയത്തിന്റെ സൂത്രവാക്യങ്ങള്‍. സ്റ്റീവ് ജോബ്സിന്റെയോ ബില്‍ ഗേറ്റ്‌സിന്റെയോ മറ്റേതു മഹാന്റേയും ജീവിതം വേണമെങ്കിലും ചൂണ്ടിക്കാണിച്ച് ഇതു സമര്‍ത്ഥിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയും ചെയ്യും. എന്നാല്‍, ജീവിതവിജയം എന്ന വസ്തുത, പ്രപഞ്ചത്തിലെ മറ്റേതു വസ്തുതപോലെയും പരിണാമവുമായും അഡാപ്ഷനുമായി (സാഹചര്യങ്ങളോടുള്ള വിജയകരമായ പൊരുത്തപ്പെടലുകള്‍) ബന്ധപ്പെട്ടിരിക്കുന്നു.
അനുരൂപീകരണം (adaptation) ജീവികളുടെ അടിസ്ഥാനപരമായ അതിജീവനത്തെ നിര്‍ണ്ണയിക്കുന്നതുപോലെ, ഓരോ വ്യക്തിയുടേയും പ്രതികൂലമോ അനുകൂലമോ ആയ ജീവിതസാഹചര്യങ്ങള്‍, അവര്‍ ആ സാഹചര്യങ്ങളോട് കാണിച്ച മനോഭാവങ്ങള്‍, എടുത്ത നിലപാടുകള്‍, ആ നിലപാടുകളിലേയ്ക്ക് നയിച്ച മനോവ്യാപാരങ്ങള്‍, അവയ്ക്ക് നിദാനമായ പാരമ്പര്യഘടകങ്ങള്‍ അങ്ങനെ പലതും ജീവിതവിജയത്തെ ബാധിക്കും.
കനേഡിയന്‍ എഴുത്തുകാരന്‍ മാല്‍ക്കം ഗ്ലാഡ്വെല്‍ തന്റെ 'ഔട്ട് ലയെര്‍സ്' വിജയത്തിന്റ കഥ (Outliers: The Story of Success) എന്ന പുസ്തകത്തില്‍ ജീവിത വിജയത്തെപ്പറ്റിയുള്ള സങ്കല്‍പ്പങ്ങളെ അപ്പാടെ പുനര്‍നിര്‍വ്വചിക്കുന്നുണ്ട്.
വിജയം എന്നു പറയുന്നത് ഒരാളുടെ ജീവിതത്തില്‍ ക്രമബന്ധിതമായി സംഭവിക്കുന്ന 'അനുകൂല സാഹചര്യങ്ങളുടെ' ആകത്തുകയാണ് എന്ന് ഗ്ലാഡ് വെല്‍ പറയുന്നു. ഈ ആനുകൂല്യങ്ങളാവട്ടെ, എപ്പോഴും സന്തോഷകരമായിരിക്കണമെന്നില്ല എന്നും ഗ്ലാഡ് വെല്‍ വിശദമാക്കുന്നു. 
പല മഹാന്മാരുടേയും വിജയത്തിന്റേയും പ്രശസ്തിയുടേയും അനുകൂല ഘടകങ്ങളായി പരിണമിച്ചത് ചിലപ്പോള്‍ യുദ്ധം, പട്ടിണി, അടിമത്വം, വൈകല്യങ്ങള്‍, മനോരോഗങ്ങള്‍ ഇവയൊക്കെയായിരുന്നു.

ഗാന്ധിജിയുടെ മഹത്വം ഒരു വിഭിന്ന വിശകലനം
ഗാന്ധിജിയുടെ ജീവിതം തന്നെ ഇപ്രകാരം ഒന്നു വിചിന്തനം ചെയ്തു നോക്കാം.
സമ്പത്തിന്റേയും അധികാരത്തിന്റേയും തിളക്കത്തില്‍ നിന്നിരുന്ന കുടുംബ സാഹചര്യങ്ങളില്‍ ജനിച്ച മോഹന്‍ദാസിന് തന്റെ ജനതയെ അടിച്ചമര്‍ത്തി ഭരിക്കുന്ന വെള്ളക്കാരുടെ രാജ്യത്തേയ്ക്ക് ഉന്നതപഠനത്തിനായി പോകുമ്പോള്‍, ബ്രിട്ടീഷുകാരുടെ ചെയ്തികളോട് മനസ്സില്‍ ചെറുതായിപ്പോലും ഒരു എതിര്‍പ്പില്ലായിരുന്നു എന്നുവേണം കരുതാന്‍.
ഇംഗ്ലണ്ടില്‍ എത്തിയ അദ്ദേഹം ബ്രിട്ടീഷ് സംസ്‌കാരവും ജീവിതശൈലികളും സ്വായത്വ മാക്കാന്‍ ശ്രമിച്ചു പരാജയപ്പെടുകയാണ് ചെയ്തത്.
മോഹന്‍ദാസ് എന്ന ബ്രിട്ടീഷ് ആരാധകനായ ഒരു സാദാ യുവ അഭിഭാഷകന്‍, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശക്തനായ എതിരാളിയായിത്തീര്‍ന്നത് എങ്ങനെ? 
ഇതിലേയ്ക്ക് നയിച്ച എല്ലാ അനുകൂല സാഹചര്യങ്ങളും ഇംഗ്ലണ്ടില്‍നിന്ന് നിയമപഠനം കഴിഞ്ഞ മോഹന്‍ദാസ് സൗത്ത് ആഫ്രിക്കയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ കാത്ത് അവിടെ ഉണ്ടായിരുന്നു.
ഒന്നാം ക്ലാസ്സ് ടിക്കറ്റ് ഉണ്ടായിട്ടും മോഹന്‍ദാസിനെ ഒരു വെള്ളക്കാരന്‍ ഓഫീസര്‍ ട്രെയിനില്‍നിന്നു രാത്രിയില്‍ ഇറക്കിവിട്ടു. വെള്ളക്കാരുടെ കൂടെ യാത്ര ചെയ്യാന്‍ ഒരു ഇന്ത്യക്കാരന് അവകാശം ഇല്ലെന്നതായിരുന്നു കാരണം.
ദുര്‍ബ്ബലനും ഭീരു സ്വഭാവിയുമായ ആ ചെറുപ്പക്കാരന്‍ അപ്പോള്‍ അനുഭവിച്ച മനോവേദന, താനുള്‍പ്പെടുന്ന ജനതയുടെ അടിമത്തത്തിനോട് തോന്നിയ രോഷവും സഹതാപവും ഐക്യദാര്‍ഢ്യവും സാമ്രാജ്യത്വ ശക്തിയോട് തോന്നിയ എതിര്‍പ്പും ജോണ്‍ റസ്‌കിന്റെ പുസ്തകത്തില്‍നിന്നു കിട്ടിയ ചില തോന്നലുകള്‍, അടിമത്വത്തില്‍ കഴിഞ്ഞിരുന്ന സൗത്ത് ആഫ്രിക്കന്‍ ജനതയും അസന്തുഷ്ടരായിരുന്ന ഇന്ത്യന്‍ ജനതയും നല്‍കിയ പിന്തുണയും എല്ലാംകൂടി അദ്ദേഹത്തെ  ഗാന്ധിജി ആക്കി പരിണമിപ്പിക്കുക ആയിരുന്നു.

മറുവശം ചിന്തിക്കുക
ട്രെയിനില്‍നിന്നു താഴെ ഇറങ്ങേണ്ടിവന്ന ഗാന്ധിജിയുടെ അടുത്ത് മറ്റൊരു സ്റ്റേഷന്‍ മാസ്റ്റര്‍ വന്ന് മാപ്പപേക്ഷിച്ചു, അദ്ദേഹത്തെ മറ്റൊരു ട്രെയിനില്‍ കയറ്റിവിട്ടിരുന്നെങ്കില്‍ ഒരുപക്ഷേ, ഒരു സാദാവ്യക്തിയുടെ നിലയിലേക്ക് അദ്ദേഹവും പിന്മാറിയേനെ.
മഹാന്മാരേയും അവരുടെ ജീവിതവിജയ കാരണങ്ങളേയും അപഗ്രഥിക്കുമ്പോള്‍ അവരുടെ ജീവിതസാഹചര്യങ്ങളും അവര്‍ക്കുണ്ടായ ആനുകൂല്യങ്ങളും അപഗ്രഥിക്കുക.
ബുദ്ധിപരമായ മുന്‍ഗണനയുടെ ആനുകൂല്യം ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ 
കുടുംബ പശ്ചാത്തലത്തിന്റെ ആനുകൂല്യം ജോര്‍ജ് ബുഷ് ജൂനിയര്‍ 
പ്രോത്സാഹനങ്ങളുടെ ആനുകൂല്യം ശ്രീനിവാസ രാമാനുജന്‍ 
വിദ്യാഭ്യാസത്തിന്റേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആനുകൂല്യം അനേകം മഹാന്മാര്‍ സമ്പത്തിന്റേയോ ദാരിദ്ര്യത്തിന്റേയോ യുദ്ധങ്ങളുടേയോ സമരങ്ങളുടേയോ ആനുകൂല്യം ഗാന്ധിജി, നെല്‍സണ്‍ മണ്ടേല, പഴശ്ശിരാജാ.
കാലഘട്ടങ്ങളുടെ ആനുകൂല്യം കാറല്‍ മാര്‍ക്‌സ് 
ആരോഗ്യത്തിന്റെയോ, രോഗങ്ങളുടെയോ ആനുകൂല്യം ഹെലന്‍ കെല്ലര്‍ 
സാങ്കേതികവിദ്യകളുടെ ആനുകൂല്യം സ്റ്റീഫന്‍  ഹോക്കിന്‍സ് 
മേല്‍പ്പറഞ്ഞ ഒരു ആനുകൂല്യംകൊണ്ട് മാത്രം അവര്‍ മഹാന്മാരായി എന്നു കരുതരുത്. അനേകം കാര്യങ്ങളില്‍ ഈ പറഞ്ഞ ഘടകങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ അവര്‍ ഒന്നുമാകുമായിരുന്നില്ലെന്നാണ് പറഞ്ഞത്.
ഓര്‍ക്കുക, ഒരാളുടെ ജീവിതത്തില്‍ ക്രമബന്ധിതമായി സംഭവിക്കുന്ന പലതരം ആനുകൂല്യങ്ങളുടെ  ആകത്തുകയാണ് വിജയം. അനേകം അനുകൂല ഘടകങ്ങള്‍ ശരിയായ സമയത്ത് ഒരുമിച്ചു വരുമ്പോള്‍ മാത്രമാണ് ഒരു മഹാനാവുന്നത്. അതല്ലാതെ ഏതെങ്കിലും ചില പ്രത്യേക കാര്യമോ കാരണമോ ആനുകൂല്യമോ കൊണ്ടുമാത്രം ഒരാള്‍ മഹാനാകുന്നില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെങ്കില്‍ ഗാന്ധിജി ഉണ്ടാകുമായിരുന്നോ? ലോകം കണ്ട ഏറ്റവും കിരാതരായ ഭരണകര്‍ത്താക്കളായ ഹിറ്റ്ലറേയോ ഇദി അമീന്‍ പോള്‍ പോട്ടിനെയോ ഇനി ക്ലോണ്‍ ചെയ്തു സൃഷ്ടിച്ചാല്‍ പ്പോലും ഒന്നുംതന്നെ ഭയപ്പെടാനില്ല. കാരണം അവരെ അവരാക്കിയ സാഹചര്യങ്ങള്‍ ഒന്നും ഇപ്പോള്‍ നിലവിലില്ല.

വമ്പന്‍ തേക്ക് മരത്തിന്റെ നാള്‍വഴികള്‍ 
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തേക്ക് മരം നോക്കി നമുക്ക് രണ്ടു തരത്തില്‍ നിര്‍വ്വചിക്കാം.
ഒന്ന്: ഈ മരത്തിന്റെ വളര്‍ച്ചയില്‍ ഇതു പല ദുഷ്‌കരമായ പ്രതിസന്ധികളേയും നേരിട്ടിട്ടുണ്ടാകം. എന്നാല്‍, ഒരു കൊടുങ്കാറ്റിന്റേയും പേമാരിയുടേയും ചൂടിന്റേയും മുന്‍പില്‍ അത് അടിയറവു പറഞ്ഞില്ല. ഈ വമ്പന്‍ തേക്ക് മരം എല്ലാവിധ പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ചു വളര്‍ന്നു ആകാശം മുട്ടെ നില്‍ക്കുന്നു. ഇതാണ് വിജയം.
രണ്ട്: ഈ തേക്ക്, തൈ ആയിരുന്നപ്പോള്‍ ഒരു മൃഗവും ഇതു കടിച്ചുതിന്നില്ല. ഇതിന്റെ വളര്‍ച്ചയുടെ ഒരു ഘട്ടത്തിലും മഹാരോഗങ്ങളോ പേമാരിയോ കൊടുങ്കാറ്റോ അഗ്‌നിപര്‍വ്വത സ്ഫോടനമോ മണ്ണിടിച്ചിലോ  ഉണ്ടായില്ല. ഒരു മരം വെട്ടുകാരനും ഇതുവരെ ഇതു വെട്ടിയതുമില്ല. ഇതിന്റെ വളര്‍ച്ച  മുരടിപ്പിക്കാന്‍ ഇതിന്റെ അടുത്ത് മറ്റു വലിയ മരങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നു. അങ്ങനെ അനുകൂല സാഹചര്യങ്ങള്‍ ഈ മരത്തെ നിര്‍ബാധം വളരാന്‍ സഹായിച്ചു. ഇതാ അനുകൂല സാഹചര്യങ്ങള്‍ ഈ തേക്കിനെ വാനോളം ഉയര്‍ത്തിയിരിക്കുന്നു.

ആത്മവിശ്വാസ ദൃഢീകരണ ധാരണ (Self and serving bia)
മനഃശാസ്ത്ര മേഖലയുടെ ആദ്യഘട്ടം മുതല്‍ ഇപ്പോള്‍ വരെ സമൂഹത്തില്‍ പ്രചുരപ്രചാരമുള്ള ചിന്തയാണ് നമ്മള്‍ക്ക് നമ്മുടെ കഴിവിനെക്കുറിച്ച് യഥാര്‍ത്ഥമായ ആത്മവിശ്വാസം കുറവാണ് എന്നത്. അപകര്‍ഷതാബോധവും ആത്മനിന്ദയും സ്വന്തം കഴിവുകളെക്കുറിച്ചുള്ള മതിപ്പില്ലായ്മയും ഓരോ മനുഷ്യനേയും വല്ലാതെ ബാധിക്കുന്നു എന്ന ചിന്തയാണ് പൊതുവെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. എന്നാല്‍, കഴിഞ്ഞ 50 വര്‍ഷമായി സമൂഹ മനഃശാസ്ത്രജ്ഞന്മാര്‍ വിവിധ സമൂഹങ്ങളില്‍ നടത്തിയ പഠനത്തില്‍ ഈ ധാരണ തെറ്റാണെന്നു തെളിയിക്കുന്നു.
വാസ്തവത്തില്‍ താന്‍ മറ്റുള്ള വ്യക്തികളെക്കാളും വിശേഷപ്പെട്ടവനാണ് എന്നു തന്നെയാണ് ഓരോ വ്യക്തിയും കരുതുന്നത്.  ഇപ്രകാരമുള്ള ഈ ചിന്ത വളരെ നല്ലതുമാണ്. ആത്മാഭിമാനം വാസ്തവത്തില്‍  ഒരു പരിധിവരെ ഒരു മിഥ്യാബോധമാണ്. ജീവശാസ്ത്രപരമായി നമ്മള്‍ നമ്മളെ മുന്‍പോട്ട് കൊണ്ടുപോകുന്നതും ഈ മിഥ്യാബോധമാണ്.
ഓരോ വ്യക്തിയും ഒരു ആത്മപരിശോധന നടത്തുകയും അവനവന്റെ പരാജയങ്ങളെക്കുറിച്ചും പിഴവുകളെക്കുറിച്ചും പോരായ്മകളെക്കുറിച്ചുമെല്ലാം ദിവസേന യഥാര്‍ത്ഥ കണക്കെടുപ്പ് നടത്തുകയും ചെയ്തിരുന്നുവെങ്കില്‍ സ്ഥിതി വളരെ ഭയാനകമായിരുന്നേനെ. നമ്മള്‍ എത്രത്തോളമുണ്ട് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുമ്പോള്‍ നമ്മുടെ ആത്മവിശ്വാസം എല്ലാം നഷ്ടപ്പെട്ടു, ഭയചകിതരായി, മാനസികമായി തളര്‍ന്നുപോകുമായിരുന്നു. 
എന്നാല്‍, പരിണാമത്തിന്റെ വ്യവസ്ഥിതിയില്‍ ഈ ഭയത്തേയും യാഥാര്‍ത്ഥ്യത്തേയും നമ്മള്‍ അതിജീവിക്കുകയാണ് ചെയ്തത്. നമ്മുടെ മിഥ്യാ ആത്മബോധം നമ്മള്‍ക്ക് കൂടുതല്‍ ആത്മധൈര്യം നല്‍കുകയും നമ്മളെ നമ്മള്‍ കൂടുതല്‍ മിടുക്കന്മാരായി  സ്വയം ചിത്രീകരിക്കുകയും ചെയ്യുന്നു.
പക്ഷേ, ഇടയ്ക്കിടയ്ക്ക് കുറച്ചു സമയത്തേയ്ക്ക് നമ്മള്‍ യാഥാര്‍ത്ഥ്യബോധമുള്ളവരാവുകയും നമ്മുടെ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കുകയും സ്വയം വിലമതിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ആത്മവിശ്വാസം പ്രവര്‍ത്തിക്കാതെ വരികയും ചെയ്യുന്നു. ഇങ്ങനെയുള്ള സമയത്താണ് നമ്മള്‍ ഭയചകിതരും വിഷാദരുമാവുന്നത്. ഈ അവസ്ഥയില്‍ നമ്മള്‍ നമ്മുടെ കഴിവുകളേയും ചെയ്തികളേയും ഒക്കെ ചോദ്യംചെയ്തു തുടങ്ങും. നമ്മുടെ മുന്‍കാല പരാജയങ്ങള്‍, വീഴ്ചകള്‍ ഒക്കെ ചിത്രത്തില്‍ തെളിയും. നമ്മള്‍ നിരാശരും ഹതാശരും ധൈര്യം നഷ്ടപ്പട്ടവരുമാകും. പക്ഷേ, ഇത് വളരെ താല്‍ക്കാലികമായ ഒരു പ്രതിഭാസമാണ്. വളരെ പെട്ടെന്നുതന്നെ നമ്മുടെ മനഃശാസ്ത്രപരമായ പ്രതിരോധ വ്യവസ്ഥ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും അതോടുകൂടി നമ്മള്‍ വീണ്ടും ശക്തിപ്രാപിക്കുകയും ചെയ്യും.
പക്ഷേ, ഇതിനൊരു മറുവശമുണ്ട്. ഒരു ശരാശരി പരിധിക്കപ്പുറം സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യബോധം ഇല്ലാത്തത് തികച്ചും അപകടകരമാണ്. നമ്മുടെ സ്വഭാവരീതികള്‍ മറ്റുള്ള മനുഷ്യരെ എങ്ങനെ ബുദ്ധിമുട്ടിക്കുന്നു എന്നു നമ്മളറിയാതെ പോകുകയും ഈ മനോഭാവങ്ങള്‍ അവനവന്റെ ജീവിതത്തേയും മറ്റുള്ളവരുടെ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യും.
സ്വയംബോധത്തെക്കുറിച്ച് പാശ്ചാത്യ സമൂഹങ്ങളില്‍ 1990-കളില്‍ വളരെയേറെ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടന്നിരുന്നു. വിജയപരാജയങ്ങളെക്കുറിച്ച് ഓരോ വ്യക്തിയും മിഥ്യാബോധം ഉള്ളവരായിരുന്നുവെന്നതാണ് പ്രധാന നിരീക്ഷണം. ഓരോ വിജയവും തങ്ങളുടെ കഴിവുകൊണ്ടാണെന്ന് ഒരു സങ്കോചവും കൂടാതെ വ്യക്തികള്‍ സമ്മതിക്കുമ്പോള്‍ ഓരോ പരാജയവും ബാഹ്യകാരണങ്ങളായ  ദൗര്‍ഭാഗ്യം, മറ്റുള്ള വ്യക്തികളുടെ ഗൂഢാലോചന, നിയമത്തിന്റെ അപാകത, മേലധികാരിയുടെ കുറ്റം, ആഭിചാരക്രിയകള്‍ തുടങ്ങിയവയില്‍ ഒക്കെ ആരോപിക്കുന്നു.
പ്രായമാകുന്തോറും ഈ മുന്‍കാല പരാജയങ്ങളെ നമ്മള്‍ അന്യരിലേയ്ക്ക് ആരോപിക്കും. മറ്റുള്ള വ്യക്തികളുമായുള്ള താദാത്മ്യപഠനത്തിലും സ്വയ അവലോകനത്തിലും നമ്മള്‍ ഈ ദിശയില്‍ത്തന്നെയാണ് ചിന്തിക്കുന്നത്. നമ്മള്‍ നമ്മുടെ സുഹൃത്തുക്കളെക്കാള്‍ കഴിവുള്ളവരായും സുഹൃത്തുക്കളെക്കാള്‍ നീതിബോധമുള്ളവരായും ശരാശരിയില്‍ കൂടുതല്‍ ആകാരഭംഗിയുള്ളവരായും മുന്‍വിധി വളരെ കുറവുള്ളവരായും മറ്റുള്ളവരെ അപേക്ഷിച്ച് നല്ലതുപോലെ വാഹനം ഓടിക്കുന്നവരായും നല്ല മകനായും ചിന്താശേഷിയുള്ളവരായും മറ്റുള്ളവരെക്കാള്‍ പ്രായക്കുറവ് തോന്നുന്നവരായും നല്ല കാമുകനോ ഭാര്യയോ ആയും മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ജീവിക്കുന്നവരാണ് എന്നൊക്കെ മനസ്സില്‍ ബോധ്യം ഉള്ളവരായിരിക്കും.
എന്നാല്‍, ഇതു വായിക്കുമ്പോള്‍ ഞാന്‍ ഇക്കൂട്ടത്തില്‍പ്പെടില്ലെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ നിങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ  സ്വയാവലോകനം അത്ര ശരിയല്ല എന്നതാണ് അതിന്റെ അര്‍ത്ഥം. ഒരു പൊതു സ്ഥിതിവിവരക്കണക്കുകള്‍ പറയുന്ന സ്വഭാവവിശേഷങ്ങള്‍ എനിക്ക് ബാധകമല്ല എന്നാണ് ഓരോ വ്യക്തിയും കരുതുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ നമ്മള്‍ ഒരു ശരാശരി വ്യക്തി മാത്രമാണെന്ന് ആരും കരുതുന്നില്ല എന്നു സാരം.
NB: സെല്‍ഫ് ഇംപ്രൂവ്മെന്റ് വ്യവസായത്തെയോ പ്രചോദന പരിശീലകരെയോ (motivational trainers) അവരുടെ പ്രബോധനങ്ങളിലൂടെ ജീവിതത്തില്‍ നേട്ടം കൈ വരിച്ചവരെയോ അപഹസിക്കാനുള്ള ഒരു ശ്രമവും ഈ ലേഖനത്തില്‍ ഇല്ലെന്നു പറഞ്ഞു കൊള്ളട്ടെ. വേറിട്ട ഒരു ചിന്താധാര തുറന്നുകാണിക്കാന്‍ മാത്രം ആഗ്രഹിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com