കൂക്കുവണ്ടിയിലെ സ്വപ്നാടനങ്ങള്‍

ബിരുദപഠനം കഴിയുന്നതുവരെ ട്രെയിനും അതിനെ ചുറ്റിപ്പറ്റിയുള്ള ലോകവും എനിക്ക് തീര്‍ത്തും അപരിചിതമായിരുന്നു.
കൂക്കുവണ്ടിയിലെ സ്വപ്നാടനങ്ങള്‍

ബിരുദപഠനം കഴിയുന്നതുവരെ ട്രെയിനും അതിനെ ചുറ്റിപ്പറ്റിയുള്ള ലോകവും എനിക്ക് തീര്‍ത്തും അപരിചിതമായിരുന്നു. അക്കാലം എന്റെ സഞ്ചാരമേഖലകളെ ബന്ധിപ്പിച്ചിരുന്നത് ട്രെയിനുകളായിരുന്നില്ല, ബസുകളായിരുന്നു. എല്ലാ ഋതുക്കളിലും ഞാന്‍ ബസില്‍ യാത്ര ചെയ്തു. പുകതുപ്പി പായുന്ന അതിന്റെ ഘര്‍ഷണതാളവും ടിക്കറ്റിന്റേയും കാക്കിയുടേയും കണ്ടക്ടറുടെ കയ്യിലെ കൊച്ചുബാഗിന്റേയും നനഞ്ഞ ജനലത്തുണിയുടേയും ചുട്ടുപഴുത്ത ടയറിന്റേയും ഗന്ധവും ഏത് ബസിലായാലും ഒരേപോലെ കേള്‍ക്കാവുന്ന ചില്ലറക്കിലുക്കവും അത്രമേല്‍ എനിക്ക് പരിചിതങ്ങളായി. കുഴഞ്ഞുമറിയുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ, ഉത്സവത്തിരക്കിലൂടെ ആനയെ അനായാസം നടത്തുന്ന ആനക്കാരനെപ്പോലെ വലിയ ബസിനെ വളച്ചൊടിച്ചു കൊണ്ടുപോകുന്ന ഡ്രൈവര്‍മാരോട് എനിക്ക് വലിയ ആരാധന തോന്നി. യഥാര്‍ത്ഥ ഗാന്ധിയന് മദ്യശാലയുടെ അകം പോലെ അറിയാലോകമായിരുന്നു അക്കാലം എനിക്ക് റെയില്‍വേ സ്റ്റേഷന്‍. പല ബസ് സ്റ്റാന്റുകളും വീട്ടുമുറികള്‍പോലെ പരിചിതവും.

ബിരുദപഠനം കഴിഞ്ഞ് എറണാകുളത്ത് പത്രപ്രവര്‍ത്തനം പഠിക്കാന്‍ ചേര്‍ന്നപ്പോഴാണ് ട്രെയിനിന്റെ പുതുലോകത്തേയ്ക്ക് ഞാന്‍ എത്തിപ്പെട്ടത്. തീര്‍ത്തും അപരിചിതമായ ഒരു സദസ്സില്‍ ചെന്നുപെട്ട ലജ്ജാലുവിന്റെ ചകിതാവസ്ഥ എന്റെ ആദ്യ ട്രെയിന്‍ യാത്രകളെ അസ്വസ്ഥമാക്കിയത് ഓര്‍ക്കുന്നു. അതിരാവിലെ സമയത്തിന്റെ വേഗത്തിനനുസരിച്ചുള്ള ഓട്ടവും കണ്ണില്‍ ബാക്കിയായ ഉറക്കത്തിന്റെ പാടയും ചേര്‍ന്ന് ആ ആദ്യയാത്രകളുടെ ഉന്മേഷത്തെ തണുപ്പിച്ചുകളഞ്ഞു. പക്ഷേ, യാത്രയ്ക്ക് പുതിയ താളം, ചുറ്റിലും പുതിയ ഗന്ധങ്ങള്‍, പുതിയ നിയമങ്ങള്‍. കണ്ണടച്ചിരുന്നു കാതോര്‍ത്ത് ശ്രദ്ധിച്ചാല്‍ കൃത്യമായ വൃത്തത്തില്‍ എഴുതിയ കവിതപോലെ തോന്നും ട്രെയിനിന്റെ ചക്രങ്ങളുടെ താളം. പലപല പത്രങ്ങളുടേയും പൗഡറുകളുടേയും സുഗന്ധലേപനങ്ങളുടേയും കൂടിക്കുഴഞ്ഞ ഗന്ധമുള്ള പ്രഭാതങ്ങള്‍; പകല്‍ എന്തൊക്കെയോ ചെയ്ത്, എവിടെയൊക്കെയോ അലഞ്ഞു മുഷിഞ്ഞ ശരീരഗന്ധം കൊഴുത്തുനിറഞ്ഞ സായാഹ്നങ്ങള്‍. ചൂടുള്ള ഉഴുന്നുവടയുടേയും കാപ്പിയുടേയും പലപല ദേശങ്ങളുടെ രുചികള്‍ നിറഞ്ഞ പാന്‍ട്രി കാറുകളുടേയും ഗന്ധം നിറഞ്ഞ ഷൊര്‍ണ്ണൂരിന്റേയും എറണാകുളത്തിന്റേയും ജംഗ്ഷനുകള്‍; ഒരേ ശബ്ദത്തിലും താളത്തിലുമുള്ള അനൗണ്‍സ്മെന്റുകള്‍; ആരോടും പ്രത്യേക മമതയില്ലാത്ത റെയില്‍വേ ജീവനക്കാര്‍... ഏറെ വ്യത്യസ്തമായി തോന്നി ആ ലോകം. മൂന്നാം തൃക്കണ്ണില്‍ നിറയെ വെളിച്ചവുമായി, രാത്രി ഇരുട്ടിന്റെ മറപറ്റി ട്രെയിന്‍ ഇഴഞ്ഞിഴഞ്ഞു കടന്നുവരുന്നത് ആദ്യമായി കണ്ടപ്പോള്‍, മുന്‍പൊരു രാത്രി വയനാടന്‍ കാടിന്റെ വന്മരച്ചാര്‍ത്തുകള്‍ വകഞ്ഞ്, വെള്ളക്കൊമ്പിന്റെ മൂര്‍ച്ചയുമായി റോഡിലേയ്ക്ക് പതുക്കെപ്പതുക്കെ വന്നുനിന്ന ഒറ്റയാനെ ഓര്‍ത്തുപോയി. അത്രയ്ക്ക് രാജകീയമായിരുന്നു ആ രണ്ട് പ്രവേശങ്ങളും.

എന്റെ ട്രെയിന്‍ യാത്രകള്‍ വിശദവും വിശാലവുമായത് കൊല്‍ക്കത്തപ്പോക്കുകള്‍ ഒരു വ്രതാനുഷ്ഠാനം പോലെയായപ്പോള്‍ മുതലാണ്. കൊല്‍ക്കത്തയിലേക്കുള്ള ഏറ്റവും നല്ല ദക്ഷിണേന്ത്യന്‍ ട്രെയിനായ കോറമാന്റല്‍ എക്‌സ്പ്രസ്സില്‍ കയറിക്കൂടാനായി, ആദ്യമായി ഒരു പുലര്‍ച്ചെയാണ് ഞാന്‍ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങിയത്. ഒരിക്കലും ഉറങ്ങാത്ത ഒരു മെഡിക്കല്‍ കോളേജിനെപ്പോലെ തോന്നിച്ചു ആ തീവണ്ടിനിലയം. അങ്ങനെയൊന്ന് ആദ്യമായി കാണുകയായിരുന്നു. ഇന്ത്യയുടെ നാനാഭാഗങ്ങളിലേയ്ക്കും പോകുന്ന ട്രെയിനുകള്‍ ഏതൊക്കെയോ പ്ലാറ്റ്‌ഫോമുകളില്‍ കുളിച്ചൊരുങ്ങി തയ്യാറായി നില്‍ക്കുന്നു, എഴുന്നുള്ളിക്കാന്‍ അണിയിച്ചൊരുക്കി നിര്‍ത്തിയ ആനകളെപ്പോലെ. ഏതൊക്കെയോ ദൂരങ്ങള്‍ ദിനരാത്രങ്ങളിലൂടെ താണ്ടിത്തളര്‍ന്നു വന്ന വണ്ടികള്‍ പ്ലാറ്റ്‌ഫോമുകളില്‍ കിതച്ചുകിതച്ച് തള്ളിനില്‍ക്കുന്നു. താളമുള്ള, വിനയമേറിയ തമിഴ് മൊഴിയില്‍ നിലയ്ക്കാതെ പൊഴിയുന്ന അറിയിപ്പുകള്‍. ആശുപത്രിയിലെ ഐ.സി.യുവിന്റെ മുന്‍വശം പോലെ തോന്നിച്ചു സ്റ്റേഷന്റെ അകത്തളം. ഏതൊക്കെയോ ലക്ഷ്യങ്ങളെ മനസ്സില്‍ കണ്ട് കസേരയില്‍ നിറഞ്ഞിരിക്കുന്ന അജ്ഞാതരായ മനുഷ്യര്‍. ട്രെയിന്‍ വിവരങ്ങള്‍ ചുവന്ന അക്ഷരങ്ങളില്‍ തെളിയുന്ന ടി.വി സ്‌ക്രീനിലാണ് എല്ലാവരുടേയും കണ്ണുകള്‍. ഒരു നിമിഷം ഒന്നുറങ്ങിപ്പോയാല്‍ ഒരു ഞെട്ടലോടെ അവരുണരും: ''എന്റെ വണ്ടി വന്നോ? എനിക്കുള്ള വണ്ടി പോയോ?'' അവരുടെ കണ്ണുകളില്‍ പ്രതീക്ഷയും പേടിയും മാറിമാറി നിഴലിക്കും. ഇരിപ്പിടം കിട്ടാത്തവര്‍ നിലത്തു വിരിച്ച് നീണ്ടുകിടക്കുന്നു. അവരെ കവച്ചുവച്ചും അവര്‍ക്കിടയിലൂടെ ആയത്തില്‍ നടന്നും സ്വന്തം ട്രെയിനിലേയ്ക്ക് കിതച്ചോടുന്നവര്‍. കാപ്പിയുടേയും ചൂടുള്ള ഇഡ്ഡലിയുടേയും സാമ്പാറിന്റേയും ഗന്ധം. പുറപ്പെട്ടുനില്‍ക്കുന്ന ട്രെയിനുകളുടെ മുരള്‍ച്ച ഉയര്‍ന്നും പതിഞ്ഞും കേള്‍ക്കാം. അവയ്ക്കിടയിലൂടെ ഞാന്‍ കോറമെന്റല്‍ എക്‌സ്പ്രസ്സിന്റെ പ്ലാറ്റ്ഫോം തിരഞ്ഞോടി.

കൊല്‍ക്കത്ത നിരന്തരം വിളിച്ചപ്പോള്‍ എന്റെ യാത്രകള്‍ക്കും ഒരു താളം വന്നു. കോഴിക്കോട് നിന്നും രാത്രി കയറി രാവിലെ ചെന്നൈ സ്റ്റേഷനിലിറങ്ങുമ്പോള്‍ അപരിചിതത്വം തോന്നാതായിത്തുടങ്ങി. ചെറിയ വാടകയ്ക്ക് തരമാവുന്ന ഏതെങ്കിലും റിട്ടയറിങ്ങ് റൂമില്‍ക്കയറി ശൗചവും കുളിയും കഴിക്കും. രണ്ട് ദിവസത്തെ യാത്ര മുന്നില്‍ക്കണ്ട് അയഞ്ഞ ട്രാക്ക് സ്യൂട്ടും കാഷ്വല്‍ ബനിയനും ധരിക്കും. സ്റ്റേഷന്റെ അകത്ത്, പ്ലാറ്റ്ഫോമിനോട് ചേര്‍ന്നുള്ള ശരവണഭവന്‍ ഹോട്ടലില്‍ ചെല്ലും. ഒരു മിനി ഇന്ത്യ അപ്പോള്‍ ആ ഭോജനശാലയുടെ തീന്‍മേശയില്‍ ഉണ്ടാവും. ചൂടുള്ള ഇഡ്ഡലിയും സാമ്പാറും പൊതിനയില ചേര്‍ത്തരച്ച ചമ്മന്തിയും യുദ്ധഭൂമിയില്‍ ലാന്‍ഡ് മൈനുകള്‍ പാകിയതുപോലെ കുരുമുളക് വിതറി പാകം ചെയ്ത ഉഴുന്നുവടയും ആവിപാറുന്ന കുംഭകോണം കാപ്പിയും കഴിക്കും. നാല് തൈര്‍സാദം പാര്‍സലായി എടുക്കാന്‍ ഓര്‍ഡര്‍ കൊടുക്കും. ശരവണഭവനിലെ തൈര്‍സാദം ചെറുതാണ്. പക്ഷേ, മറ്റൊരു ഹോട്ടലിലേയും തൈര്‍സാദത്തിനില്ലാത്ത രുചി അതിനുണ്ടായിരുന്നു. തൈര് ചേര്‍ത്തു കുഴച്ച് അരച്ചെടുത്ത ചോറില്‍ കടുകും ഇഞ്ചിയും കരയാമ്പൂവും മുന്തിരിങ്ങയുമെല്ലാം വിതറിയ സാദം രണ്ട് ദിവസത്തേയ്ക്ക് വയറിനെ സുരക്ഷിതമായി കാത്തോളും. എട്ടാമത്തെയോ ഒന്‍പതാമത്തെയോ പ്ലാറ്റ്ഫോമില്‍നിന്ന് അക്കാലം രാവിലെ ഒന്‍പത് മണിക്കായിരുന്നു കോറമാന്റല്‍ എക്‌സ്പ്രസ്സ് പുറപ്പെടുക. അപ്പോഴേയ്ക്കും ജനലിനപ്പുറം പകല്‍ ഇളം തണുപ്പില്‍നിന്ന് ഇളം ചൂടിലേക്ക് പ്രവേശിച്ചിട്ടുണ്ടാവും.
തനിച്ചുള്ള ട്രെയിന്‍ യാത്ര ഒരു തൂവല്‍പോലെ ശരീരത്തേയും മനസ്സിനേയും ഭാരരഹിതമാക്കുന്നത് അനുഭവിച്ചതും കോറമാന്റല്‍ എക്‌സ്പ്രസ്സില്‍നിന്നുതന്നെയാണ്. ആദ്യ ദിവസത്തെ പകലിന്റെ പകുതിയും തമിഴ്നാട് അപഹരിക്കും. മുള്‍പ്പടര്‍പ്പു നിറഞ്ഞ തുറസ്സുകളും പുളിമരക്കൂട്ടങ്ങളും പച്ചക്കറി കൃഷിയിടങ്ങളും മഞ്ഞളാടിയ വിഗ്രഹങ്ങള്‍ നിരന്ന കോവിലുകളും ചെറുചെറു ജലാശയങ്ങളും കറുത്തുകൊലുന്നനെയുള്ള മനുഷ്യരും കടും വര്‍ണ്ണത്തിലുള്ള ചായമടിച്ച ലോറികളും ചെറുമുറികള്‍ നിറഞ്ഞ വീടുകള്‍ അടുത്തടുത്ത് അടുക്കിവച്ച ഗ്രാമങ്ങളും അലഞ്ഞുനടക്കുന്ന കാലികളും മല്ലിയും മഞ്ഞളും വാടിയ ജമന്തിപ്പൂവും മണക്കുന്ന അങ്ങാടികളും തണലുവിരിച്ച തെങ്ങിന്‍തോപ്പുകളും ഒന്നോ രണ്ടോ വണ്ടികള്‍ മാത്രം നിര്‍ത്തുന്ന ഒറ്റപ്പെട്ട സ്റ്റേഷനുകളും കടും മഞ്ഞച്ചേലയണിഞ്ഞ് ഏതോ തീര്‍ത്ഥാടന സ്ഥലത്തേക്ക് നടന്നുപോകുന്ന സ്ത്രീകളുടെ കൂട്ടങ്ങളും കാഴ്ചയില്‍ മാറിമാറി വരുന്ന തമിഴ്നാടന്‍ ഭൂപരപ്പുകള്‍. ഉച്ചകഴിയുമ്പോഴേയ്ക്കും അതെത്ര സൂക്ഷ്മമായും ഭംഗിയോടെയുമാണ് ആന്ധ്രയില്‍ ലയിക്കുന്നത്! തമിഴ്നാടിന്റെ തെങ്ങിന്‍തോപ്പുകളും പച്ചക്കറി കൃഷിയിടങ്ങളും ആന്ധ്രയുടെ നെല്‍വയലുകളുടെ പച്ചപ്പിലേക്ക് അലിഞ്ഞുചേരും. ചക്രവാളം വരെ നെല്‍വയലുകളാണ്. പച്ചനെല്‍ക്കതിരുകളില്‍ കാറ്റോട്ടമുണ്ടാവുമ്പോഴുള്ള സുഗന്ധം, ഭാഗ്യമുണ്ടെങ്കില്‍ ജനാല കടന്നുവരും. ഇന്ത്യയുടെ വലിയൊരു ജനതയെ തീറ്റിപ്പോറ്റുന്ന നിലങ്ങള്‍, ഒരു മനുഷ്യനെപ്പോലും കാണാതെ മണിക്കൂറുകളോളം. നെല്ലൂരിലേയും ഓംഗോളിലേയും സ്റ്റേഷനുകളില്‍ എത്തുമ്പോഴേയ്ക്കും കാറ്റില്‍ തെലുങ്കന്‍ കുശിനിയുടെ ചൂര് നിറഞ്ഞിട്ടുണ്ടാവും. ചുകന്ന മുളകിന്റെ എരിവ്, പലതരം അരികൊണ്ടുണ്ടാക്കിയ ചോറുകളുടെ മണം, എരുകൂടിയ അച്ചാറുകള്‍, മുളകുവെള്ളംപോലുള്ള സാമ്പാര്‍... യാത്രയില്‍ ദേശങ്ങളുടെ കൊടിയടയാളമാവുന്നത് പലപ്പോഴും അടുക്കളകളില്‍നിന്നു ഉയരുന്ന തനതു ഗന്ധങ്ങളാണ്. ഓരോ നാടിനും അതിന്റെതായ ഭക്ഷണങ്ങളുണ്ട്; അതിന്റെതായ ഗന്ധങ്ങളും. അതുകൂടി അനുഭവിച്ചും അതിനെക്കൂടി പരിഗണിച്ചും വേണം ഇന്ത്യയുടെ അനന്തമായ വ്യത്യസ്തതയില്‍ വിസ്മയിക്കാന്‍.

ഓംഗോള്‍ കഴിഞ്ഞാല്‍ രണ്ട് തൈര്‍ശാദം കഴിക്കാം എന്നാണ് കണക്ക്. ഒരു മണിയോടെ ഉറങ്ങാന്‍ കിടക്കാം. ട്രെയിനിലാണ് ഞാന്‍ ഏറ്റവും സുഖകരമായും അഗാധമായും ഉറങ്ങിയിട്ടുള്ളത്. മൊബൈലിന്റെ തരംഗങ്ങള്‍ക്ക് പ്രവേശനം ലഭിച്ചൊടിച്ചിട്ടില്ലാത്ത ഉള്‍നാടുകളിലൂടെ ട്രെയിന്‍ പോകുമ്പോള്‍ ഭൂമിയില്‍ നാം തനിച്ചായതായി തോന്നും. ആരുടെയും വിളി കേള്‍ക്കേണ്ട, ആരും കാണാന്‍ വരില്ല. ഞാനും എന്റെ ആലോചനകളും മാത്രം. അവകൂടി മാഞ്ഞുകഴിഞ്ഞാല്‍ അതിഗാഢമായ നിദ്ര.

ഉണരുമ്പോഴേയ്ക്കും പകല്‍ ചാഞ്ഞിട്ടുണ്ടാവും. ഇളം മഞ്ഞനിറം പരന്ന വയലുകളും അങ്ങാടികളും. ആ ഭംഗിയില്‍ വിജയവാഡ. മങ്ങിയ മഞ്ഞനിറത്തില്‍ പെട്ടിക്കൂട്ടങ്ങള്‍ വച്ചതുപോലുള്ള ഒരു പട്ടണം. അതിന്റെ ബഹളങ്ങള്‍. ആദിമധ്യാന്തങ്ങള്‍ പിടികിട്ടാത്ത തരത്തിലുള്ള തെലുങ്ക് മൊഴി. വിജയവാഡ വിട്ടുകഴിഞ്ഞാല്‍ സന്ധ്യയില്‍ വിളക്കുകള്‍ തെളിഞ്ഞ കുന്നുകള്‍ കാണാം. വിശാഖപട്ടണവും രാജമുന്ദ്രിയും. തിളങ്ങുന്ന കല്‍ക്കൂനകള്‍. അത് പതുക്കെപ്പതുക്കെ തെലുങ്ക്ദേശത്തിന്റെ വിശാലതകളിലെ ഇരുട്ടിലേയ്ക്ക് മറയും.

കോറമാന്റല്‍ എക്‌സ്പ്രസ്സിലെ യാത്രക്കാലത്താണ് മനുഷ്യന്റെ ഭക്ഷണാസക്തി ഒരു മനോരോഗമാണ് എന്നു തിരിച്ചറിഞ്ഞത്. റസ്‌ക് ചതുരത്തില്‍ മുറിച്ചിട്ട ചൂട് തക്കാളിസൂപ്പ് മാത്രം വാങ്ങി, ഊതിയൂതി ഇരിക്കുന്ന എന്റെ മുന്നില്‍ പല പല ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ ഒരു നാട്ടുചന്ത നിരക്കും. കൂടുതലും ബംഗാളികളായിരിക്കും. അല്ലെങ്കില്‍ അയല്‍വാസികളായ ഒറീസ്സക്കാര്‍. ചെന്നൈയില്‍ അപ്പോളോ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു മടങ്ങുന്നവരായിരിക്കും ഇവരില്‍ ഭൂരിഭാഗവും. ഒന്നര ദിവസത്തെ യാത്രയ്ക്ക് ഒരു ചാക്ക് ഭക്ഷണപദാര്‍ത്ഥങ്ങളുമായിട്ടായിരിക്കും കയറുക. ഉറങ്ങാത്ത സമയം മുഴുവന്‍ അവര്‍ ഭക്ഷിച്ചുകൊണ്ടേയിരിക്കും. മധുരമെന്നോ എരിവെന്നോ യാതൊരു വ്യത്യാസവുമില്ല. നിരന്തര ഭോജനം. ചെന്നൈയില്‍നിന്നു വാങ്ങിയതെല്ലാം കല്‍ക്കത്തയില്‍ എത്തുംമുന്‍പേ തീര്‍ക്കും എന്ന് ആരോടോ വാതുവച്ചതുമാതിരി. കംപാര്‍ട്ടുമെന്റില്‍ നിറയെ പലപല ഭക്ഷണങ്ങളുടെ ഗന്ധം. കയ്യില്‍ കരുതിയതിനു പുറമേ പാന്‍ട്രി കാറില്‍നിന്ന് ഉണ്ടാക്കിക്കൊണ്ടുവരുന്നതും ഇടയ്ക്കുള്ള സ്റ്റേഷനുകളില്‍നിന്നു വാങ്ങുന്നതും ഇവര്‍ വാശിയോടെ കഴിക്കും. ഒരിക്കലും വിശന്നിട്ടല്ല ഈ തീറ്റി എന്നു കണ്ടാല്‍ മനസ്സിലാവും. ആഹരിക്കല്‍ ഇവിടെ ഒരു അബോധ പ്രക്രിയയാണ്.
രാത്രി എട്ട് മണിയോടെ ബാക്കിയുള്ള തൈര്‍സാദവും കഴിച്ചാല്‍ കിടക്കാം. ജനലിന് ഇരുപുറത്തും ഒരു നുള്ളു വെട്ടംപോലുമില്ലാത്ത ഇരുട്ടായിരിക്കും. അന്ധകാരത്തിന്റെ ആന്ധ്ര. അതുവരെ കഴിച്ചതൊന്നും മതിയാവാതെ ഉറങ്ങാന്‍ കള്ള് വേറെ വേണം എന്ന മട്ടില്‍ രാത്രി ഭക്ഷണത്തിനു സഹയാത്രികര്‍ ഒരുങ്ങുകയാവും അപ്പോഴേയ്ക്കും. അവരുടെ കലപില കേട്ട് ഇന്ത്യ എന്ന മഹാരാജ്യത്തെക്കുറിച്ചോര്‍ത്ത് വിസ്മയിച്ചു കണ്ണടച്ചു കിടക്കും. ഉറക്കം റാഞ്ചിക്കൊണ്ടു പോകുകയാണ് പതിവ്.

പിറ്റേന്ന് ഉണരുമ്പോഴേയ്ക്കും ഒറീസ്സയുടെ പകുതിയും കടന്നുപോയിരിക്കും. കട്ടക്കും ഭുവനേശ്വറുമെല്ലാം രാത്രിയില്‍ പിന്നിട്ട് ഭദ്രക്കിലൂടെ, പിന്നെ ബാലസോറിന്റെ തീരങ്ങള്‍ തൊട്ട് ട്രെയിന്‍ കുതിച്ചുപായും. മനോഹരമയ നീലഗിരിക്കുന്നുകള്‍ ദൂരെ. ഉറക്കത്തിനും ഉണര്‍ച്ചയ്ക്കുമിടയില്‍ എത്ര പുഴകളെയാണ് കടന്നുപോകുന്നത്! വിജയവാഡ എത്തുന്നതിന് മുന്‍പേ കൃഷ്ണ, രാജമുണ്ട്രിയില്‍ എത്തുംമുന്‍പേ ഗോദാവരി, ഒറീസ്സയിലെ സുവര്‍ണ്ണരേഖാ നദി, മഹാനദി... കംപാര്‍ട്ടുമെന്റില്‍ തലേന്നു മുഴുവന്‍ ഉണ്ടായിരുന്ന ചില മുഖങ്ങള്‍ അപ്രത്യക്ഷമായിരിക്കും. പകരം പുതിയ മനുഷ്യര്‍. ആ നാട്ടിലെ പത്രങ്ങളുടേയും പ്രഭാതഭക്ഷണങ്ങളുടേയും ഗന്ധം. ഒറിയയും ബംഗാളിയും കലര്‍ന്ന സംസാരം. ഒന്നും മനസ്സിലാവില്ലെങ്കിലും എത്രയോ ഭേദം ബംഗാളിയാണ്. എല്ലാം കേട്ടും കണ്ടും മുകള്‍ബര്‍ത്തില്‍ അലസമായി കിടക്കുന്നതിനെക്കാള്‍ സുഖകരമായി മറ്റൊന്നുമില്ല.
ഒറീസ്സ മറയുന്നതും ബംഗാള്‍ ആരംഭിക്കുന്നതും ഭൂമിശാസ്ത്രപരമായി തിരിച്ചറിയുക ഏറെ പ്രയാസകരമാണ്. ഗ്രാമങ്ങള്‍ തമ്മില്‍ അത്രയ്ക്ക് സാമ്യം. ഇല്ലിക്കാടുകള്‍ അതിരിടുന്ന പറമ്പുകളും തുറന്ന നാട്ടുകുളങ്ങളും പുല്ലുമേഞ്ഞ വീടുകളും ക്ഷീണിച്ച അങ്ങാടികളും മുഖസാദൃശ്യം ഏറെയുള്ള മനുഷ്യരും. ഫലഭൂയിഷ്ഠമായ പറമ്പുകള്‍. ദരിദ്രഗ്രാമങ്ങള്‍. അങ്ങനെയങ്ങനെ ഏതോ മണ്‍വരമ്പില്‍നിന്ന് ബംഗാള്‍ ആരംഭിക്കുന്നു. അപ്പോഴെല്ലാം ടാഗോറിന്റെ വരികള്‍ ഓര്‍മ്മവരും:
''I bow, I bow to my beautiful motherland Bengal!
To your river-banks, to your winds that cool and console;
 To your plains, whose dust the sky bends down to kiss;
Your shrouded villages, that are nests of shade and peace;
Your leafy mango-woods, where the herd-boys play;
Your deep ponds, loving and cool as the midnight sky;
Your sweet hearted women returning home with water;
I tremble in my soul and weep when I call you mother...'
  ഇതെല്ലാം കേരളത്തിനും കൃത്യമായി യോജിക്കുമായിരുന്നു. ഇപ്പോഴല്ല, പണ്ട്.
ഉച്ചയ്ക്ക് ഒന്നരയോടെ ഹൗറ സ്റ്റേഷനില്‍ വണ്ടി ചെന്നുനില്‍ക്കുമ്പോള്‍, ചെറുകുളത്തില്‍നിന്നു വന്‍കടലിലേയ്ക്ക് എടുത്തെറിയപ്പെട്ട കുഞ്ഞുമീനിന്റെ അവസ്ഥയിലാവും ഞാന്‍. എണ്ണമറ്റ പ്ലാറ്റ്ഫോമുകള്‍ക്കിടയില്‍ എത്രമാത്രം മനുഷ്യര്‍! എത്രയെത്ര ലക്ഷ്യങ്ങള്‍! ആ മഹാപ്രവാഹത്തില്‍ ഒരു നിമിഷം കണ്ണടച്ചുനിന്നാല്‍ മതി എല്ലാവിധ ഈഗോകളും ഉരുകിയൊലിച്ച് ഇല്ലാതാവാന്‍. ട്രെയിനും റെയില്‍വേ സ്റ്റേഷനും എനിക്കപ്പോള്‍ അദ്ധ്യാത്മ വിദ്യാലയം തന്നെയാവുന്നു.
******
തീവണ്ടിയാത്രയ്ക്ക് അധികമാരുമറിയാത്ത ഒരു താളവും ഈണവുമുണ്ടെന്നു മനസ്സിലായത് മംഗലാപുരം-ചെന്നൈ മെയിലിലെ ടി.ടി ആയിരുന്ന പി.സി. വേലായുധനെ പരിചയപ്പെട്ടത് മുതലാണ്. കുറ്റിപ്പുറം സ്വദേശിയും പാലക്കാട്ട് വാസിയുമായ ഈ മനുഷ്യനെ എവിടെവച്ച്, എപ്പോഴാണ് പരിചയിച്ചത് എന്നോര്‍മ്മയില്ല. ശരാശരി ഉയരവും ടിക്കറ്റ് എക്‌സാമിനറുടെ കറുത്ത കോട്ടിന്റെ പുറത്തേയ്ക്ക് തുളുമ്പിനില്‍ക്കുന്ന വയറും ഓടപ്പൂപോലെ നരച്ച മുടിയും. വേലായുധേട്ടന്‍ ചിരിക്കുമ്പോള്‍ ഫിലിപ്പ് എം. പ്രസാദിന്റെ വിദൂരച്ഛായ തോന്നുമായിരുന്നു. നല്ല വായനക്കാരനായിരുന്നു. എഴുത്തുകാരോട് വലിയ ആദരവാണ്. വിദൂരഭൂതകാലത്തെപ്പോഴോ ഒരു സിനിമ നിര്‍മ്മിച്ചിട്ടുണ്ട് ഈ മനുഷ്യന്‍. പക്ഷേ, അതേക്കുറിച്ച് ഒരിക്കലും അദ്ദേഹം ഓര്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ചോദിക്കുമ്പോഴെല്ലാം, ''വേണ്ട ആ അദ്ധ്യായം തുറക്കേണ്ട'' എന്നു മാത്രം പറയും. മെയിലില്‍ ചെന്നൈ വഴി പോകുന്നു എന്നറിഞ്ഞാല്‍ വേലായുധേട്ടന്‍ വിളിക്കും:

''ഏതാ കോച്ച്? ഞാന്‍ പാലക്കാട്ട് നിന്നു കയറും. നമുക്ക് ഗംഭീരമാക്കാം.'' 
എട്ട് മണി കഴിയുമ്പോഴേയ്ക്കും മെയില്‍ പാലക്കാട്ട് എത്തും. പ്ലാറ്റ്ഫോമില്‍, കയ്യില്‍ റിസര്‍വ്വേഷന്‍ ചാര്‍ട്ടും കണ്ണില്‍ എന്തോ പരതുന്ന ഭാവവുമായി നില്‍ക്കുന്ന വേലായുധേട്ടനെ എ.സി കംപാര്‍ട്ട്മെന്റിന്റെ ചില്ലിന്റെ മങ്ങലിലൂടെ കാണാം. വണ്ടി പുറപ്പെട്ടാലുടന്‍ വേലായുധേട്ടന്‍ വരും, അടുത്തിരിക്കും.
എന്നിട്ട് പറയും:
''ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ അല്ലേ? കുറച്ച് പണിയുണ്ട്. അതു തീര്‍ത്ത്ട്ട് ഞാന്‍ വരാം.''
പറഞ്ഞതുപോലെ ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുവരും. അപ്പോഴേയ്ക്കും വണ്ടി പോത്തന്നൂര്‍ വിട്ടിരിക്കും. രാത്രി വളര്‍ന്നിട്ടുണ്ടാവും. അര്‍ത്ഥം വച്ച ഒരു അര്‍ദ്ധസ്മിതത്തോടെയാണ് വേലായുധേട്ടന്‍ രണ്ടാം വരവ് വരിക. എന്നിട്ട് പറയും:
''ഇങ്ങനെ വായിച്ചിരുന്നാല്‍ മതിയോ? വരൂ.''
ആളുകളെല്ലാം ഉറങ്ങിത്തുടങ്ങിയ, വിളക്കുകളെല്ലാമണഞ്ഞ കംപാര്‍ട്ട്മെന്റുകളിലൂടെ വേലായുധേട്ടന്റെ പിറകേ തപ്പിത്തപ്പി നടക്കുമ്പോള്‍ ഒരു ഗുഹയിലൂടെയോ കാട്ടിലൂടെയോ സഞ്ചരിക്കുന്നതുപോലെ തോന്നും. ട്രെയിന്‍ സര്‍വ്വശക്തിയുമെടുത്ത് കുതിക്കുകയായിരിക്കും. ബര്‍ത്തുകളില്‍നിന്നു പല താളങ്ങളിലുള്ള കൂര്‍ക്കം വലികള്‍; അടക്കിപ്പിടിച്ച സംസാരങ്ങള്‍. ട്രെയിനിനുള്ളിലൂടെ തലങ്ങും വിലങ്ങും നടക്കുമ്പോള്‍ മാത്രമേ അതിന്റെ വലിപ്പം ശരിക്കൂം മനസ്സിലാവൂ. നടന്നുനടന്ന് അവസാനം എത്തുക ഒരു കൂപ്പെയിലാണ്. നടുവില്‍ ഒരു മേശയും ചുറ്റും ഇരിപ്പിടവുമൊക്കെയായി ഒരു ചെറു ക്ലബ്ബ്പോലെ തോന്നും ആ മുറി. മങ്ങിയ വെളിച്ചമേ ഉണ്ടാവൂ. മേശപ്പുറത്ത് രാത്രിയുടെ പാനീയവും പലപല ഭക്ഷണങ്ങളും അനുസാരികളും നിരന്നിരിക്കും. മറ്റു കംപാര്‍ട്ട്മെന്റിലെ ടി.ടിമാരും അപ്പോള്‍ അവിടെ എത്തും. ഭക്ഷണങ്ങള്‍ എല്ലാം ഓരോരുത്തരും അവരവരുടെ വീടുകളില്‍നിന്ന് ഉണ്ടാക്കിക്കൊണ്ടുവന്നതായിരിക്കും. ഒന്നോ രണ്ടോ തവണ ആ മുറിയില്‍ ഏതോ ഒരു സംഗീതോപകരണവും കണ്ടതായി ഓര്‍ക്കുന്നു. ട്രെയിന്‍ യാത്രയ്ക്ക് മറ്റൊരു താളം വരികയാണ്. സാഹിത്യവും സംഗീതവും സിനിമയും ഫലിതവും അവിടെ കുഴഞ്ഞുമറിയും. യാത്രക്കാര്‍ മുഴുവന്‍ ഉറക്കത്തിലേക്ക് വീണിരിക്കും. ഇരുട്ടിന്റേയും ഉറക്കത്തിന്റേയും ആ ദ്വീപില്‍ ഞങ്ങളുടെ മുറിമാത്രം വെളിച്ചവും താളവും നിറഞ്ഞ്...
ഇടയ്ക്ക് ചില പ്രധാന സ്റ്റേഷനുകളിലെത്തുമ്പോള്‍ വേലായുധേട്ടനും മറ്റ് ട.ടിമാരും പറയും:
''തിരുപ്പൂരായി, കുറച്ചുപേര്‍ കയറാനുണ്ട്. അരമണിക്കൂറിനകം വരാം. വാതില്‍ അടച്ചോളൂ. മൂന്നു തവണ മുട്ടിയാല്‍ മാത്രമേ തുറക്കാവൂ.''
പിന്നെ ആ കൂപ്പയില്‍ ഞാന്‍ തനിച്ചാണ്. കൂപ്പെയുടെ ചുറ്റുമതിലുകള്‍ക്കപ്പുറം നേര്‍ത്ത ശബ്ദങ്ങള്‍ കേള്‍ക്കാം. ആരൊക്കെയോ കയറുന്നു, ആരൊക്കെയോ ഇറങ്ങുന്നു. പറഞ്ഞതുപോലെ, അരമണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും വേലായുധേട്ടനും സംഘവും തിരിച്ചുവരും; സദിര് തുടരും. രാത്രിയുടെ ഏതോ യാമത്തില്‍, വന്നതുപോലെത്തന്നെ വേലായുധേട്ടന്റെ പിറകെ ഞാന്‍ എന്റെ സീറ്റിലേയ്ക്ക് തിരിച്ചുനടക്കും. ഇരുട്ട് നിറഞ്ഞ ദീര്‍ഘമായ ഒരു ഇടനാഴിയിലൂടെ പതുങ്ങിപ്പതുങ്ങി, തപ്പിത്തപ്പി, അല്‍പ്പം ഇടറുന്ന കാലടികളോടെ. അപ്പോള്‍ തോന്നും ഓടുന്ന ട്രെയിന്‍ ഇന്ത്യയെപ്പോലെയും ഈ ജീവിതം പോലെയുമാണ് എന്ന്. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ഏറ്റവും താഴെയുള്ള സാധാരണ മനുഷ്യര്‍; സ്ലീപ്പറില്‍ മധ്യവര്‍ഗ്ഗക്കാരന്റെ ലളിതമായ സുരക്ഷിതത്വം; എ.സിയില്‍ ഉപരിവര്‍ഗ്ഗത്തിന്റെ, ചുറ്റിലും നടക്കുന്ന ഒന്നിനേയും ഗൗനിക്കാത്ത, സ്വന്തം പുതപ്പിനടിയിലെ സുഖനിദ്ര. എന്നെ ബര്‍ത്തില്‍ കിടത്തി പുതപ്പിച്ചതിനു ശേഷമേ വേലായുധേട്ടന്‍ മടങ്ങൂ. പോവുമ്പോള്‍ ചെവിയില്‍ പറയും:
''രാവിലെ കാണാം. ഗുഡ്നൈറ്റ്.''


അതിരാവിലെ ഉറക്കച്ചടവോടെ ചെന്നൈയിലെ പ്ലാറ്റ്ഫോറത്തിലിറങ്ങുമ്പോള്‍ ചിരിച്ചുകൊണ്ട് വേലായുധേട്ടന്‍ മുന്നിലുണ്ടാവും. തോളില്‍ത്തട്ടി ചോദിക്കും:
''കടുപ്പത്തില്‍ ഒരു ചായ ആയാലോ?''
ചായകുടി കഴിഞ്ഞാല്‍, റെയില്‍വേ സ്റ്റേഷന്റെ മുകള്‍നിലയില്‍ ടി.ടിമാര്‍ക്കായുള്ള മുറിയിലേക്ക് അദ്ദേഹം എന്നെ കൊണ്ടുപോകും. അവിടെ നിന്നാല്‍ ഒരു ഭാഗത്ത് സ്റ്റേഷന്റെ അകത്തളവും മറുഭാഗത്ത് ചെന്നൈ നഗരവും കാണാം. ആ മുറിയില്‍ പല കട്ടിലുകളിലായി ടി.ടിമാര്‍ ഉറങ്ങുന്നു; ഏതൊക്കെയോ വണ്ടികളില്‍ എവിടെനിന്നൊക്കെയോ വന്നവര്‍. മറ്റു ചിലര്‍ കുളിച്ചൊരുങ്ങി പുറപ്പെടുന്നു; ഏതൊക്കെയോ വണ്ടികളില്‍ എങ്ങോട്ടൊക്കെയോ പോകാനായി. ഈ നിത്യസഞ്ചാരികളോട് അസൂയ തോന്നിയിട്ടുണ്ട്.
പ്രഭാതകൃത്യങ്ങള്‍ കഴിച്ചു തുടര്‍യാത്രയ്ക്കിറങ്ങുമ്പോള്‍ വേലായുധേട്ടന്‍ പറയും:
''തിരിച്ചുവരുമ്പോള്‍ വിളിക്കണം. കൂടെക്കൂടിപ്പോകാം.''
ചെന്നൈയില്‍നിന്നു മടങ്ങുമ്പോള്‍ വൈകുന്നേരം തന്നെ ടി.ടിമാരുടെ മുറിയില്‍ എത്തും. വേലായുധേട്ടനൊപ്പം സ്റ്റേഷനു പുറത്തെ മൂര്‍മാര്‍ക്കറ്റിലേയ്ക്ക് നടക്കും. ആവേശത്തോടെ പുസ്തകങ്ങള്‍ തിരയുന്ന ആ ടിക്കറ്റ് എക്‌സാമിനറെ അദ്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. അജ്ഞാതരായ വായനക്കാരില്‍ എഴുത്തുകാര്‍ക്ക് വിശ്വാസം വരുന്നത് ഇത്തരം കാഴ്ചകളിലൂടെയാണ്. രാത്രി വീണാല്‍ മുറിയിലേക്ക് തിരിച്ചുവരും. ടിക്കറ്റ് അവിടെ വച്ചുതന്നെ പരിശോധിക്കും. പുറത്ത് വെളിച്ചത്തില്‍ മുങ്ങി മഹാനഗരം; അപ്പുറം തിളച്ചുമറിഞ്ഞ് റെയില്‍വേ സ്റ്റേഷന്റെ അകത്തളം. അപ്പോള്‍ ചെന്നൈ സ്റ്റേഷന്‍ ആദ്യവരവിലെന്നപോലെ എനിക്ക് അപരിചിത ദേശമായി തോന്നിയില്ല. സ്വന്തം വീടുപോലെ പരിചിതം, സുരക്ഷിതം. സുരക്ഷിതത്വം എല്ലാ അപരിചിത ഭീതികളേയും ഇല്ലാതാക്കും. അപരിചിതത്വത്തിന്റെ ഭീതിയെ ഒരു തവണയെങ്കിലും അനുഭവിച്ചാലേ സുരക്ഷിതത്വത്തിന്റെ സുഖം നുകരാന്‍ സാധിക്കൂ.

ഒരു ദിവസം ഉച്ചയ്ക്ക് ഒരു ഫോണ്‍ വന്നു: വേലായുധേട്ടന്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് നിന്നും മാറി, കുറ്റിപ്പുറത്ത് നിളയുടെ തീരത്തെ വീട്ടില്‍ വിശ്രമജീവിതം നയിക്കണം എന്നതായിരുന്നു ആ മനുഷ്യന്റെ സ്വപ്നം. അതിന് അനുവദിക്കാതെ ആ യാത്രയ്ക്ക് കാലം പെട്ടെന്നു ചങ്ങല വലിച്ചു. അതറിയാതെ അന്നും മംഗലാപുരത്ത്‌നിന്നും ചെന്നൈയിലേക്കും തിരിച്ചും മെയില്‍ ഓടി. ഇപ്പോഴും ഓടുന്നു. ഓരോ തവണയും ഈ ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ പാലക്കാട്ടെത്തിയാല്‍ ആരോ തോളില്‍ തട്ടുന്നതുപോലെ. രാത്രി ബര്‍ത്തില്‍ പുതപ്പിലേയ്ക്ക് തലമൂടുമ്പോള്‍ ആരോ ചെവിയില്‍ പറയുന്നതുപോലെ: ''രാവിലെ കാണാം, ഗുഡ്നൈറ്റ്.''
പക്ഷേ, ചെന്നൈ സ്റ്റേഷനിലിറങ്ങുമ്പോള്‍ ഞാന്‍ തനിച്ചാവുന്നു; ആദ്യം ചെന്നിറങ്ങിയതുപോലെ അരക്ഷിതനാവുന്നു.


ട്രെയിന്‍ യാത്രയില്‍ സാഹിത്യമുണ്ട് എന്നു ബോധ്യമായത് പോള്‍ തെറു എന്ന അമേരിക്കന്‍ എഴുത്തുകാരന്റെ 'The Great Railway Bazar' എന്ന യാത്രാവിവരണം വായിച്ചപ്പോഴാണ്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ജൂണ്‍മാസം ഒന്നാം തീയതി, ഗോവയിലെ വാഗത്തോറ ബീച്ചിലെ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നാണ് ആ പുസ്തകം ചെറിയ വിലയ്ക്ക് കിട്ടിയത്. മണ്‍സൂണിലെ ഇരുണ്ട ദിനമായിരുന്നു അത്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നനഞ്ഞൊതുങ്ങി, മങ്ങിയ വെളിച്ചത്തില്‍ ചൂളിപ്പിടിച്ചിരിക്കുന്ന കടലോരം. ആരോ വായിച്ചുപേക്ഷിച്ച ആ പുസ്തകത്തിന്റെ താളുകള്‍ മഞ്ഞിച്ചിരുന്നു. പഴയ പുസ്തകങ്ങള്‍ നിറഞ്ഞ ലൈബ്രറിയുടെ മണമായിരുന്നു അതിന്.
അദ്ഭുതകരമായ യാത്രയായിരുന്നു പോള്‍ തെറു നടത്തിയത്. ലണ്ടനില്‍നിന്നു ഡയറക്ട് ഓറിയന്റ് ഏക്‌സ്പ്രസ്സില്‍ തുടങ്ങിയ ആ യാത്ര രാപ്പകലുകളിലൂടെ പാരീസ്-ലുസേ-മിലാന്‍-ട്രയിസ്റ്റേ-സാഗ്രബ്-ബൊഗ്രാദ്-സോഫിയ വഴി ഇസ്താംബുളിലെത്തുന്നു. അവിടെനിന്ന് വടക്കുകിഴക്കന്‍ ഇറാനിലെ മെസ്ഹദിലേക്കുള്ള രാത്രിവണ്ടിയില്‍; മെസ്ഹദില്‍നിന്ന് ഖൈബര്‍പാസ്സ് ലോക്കലില്‍ 39 തുരങ്കങ്ങളും 92 പാലങ്ങളും കടന്ന് കാബൂളിലേയ്ക്ക്; ഖൈബര്‍ മെയിലില്‍ പാകിസ്താനിലെ ലാഹോറിലേയ്ക്ക്; ഫ്രണ്ടയര്‍ മെയിലില്‍ ഇന്ത്യയിലേക്ക്; ലോക്കല്‍ ട്രെയിനില്‍ രാമേശ്വരത്തേയ്ക്ക്; തലൈ മന്നാര്‍ മെയിലില്‍ ശ്രീലങ്കയുടെ തുഞ്ചത്തുള്ള ഗള്ളെയിലേക്ക്; മന്‍ഡാലെ എക്‌സ്പ്രസ്സില്‍ ബര്‍മ്മയിലേക്ക്; നോംഖായി എക്‌സ്പ്രസ്സില്‍ ബാങ്കോക്കിലൂടെ; ഇന്റര്‍നാഷണല്‍ എക്‌സ്പ്രസ്സില്‍ വിയറ്റ്നാമിലൂടെ; ഗോള്‍ഡന്‍ ആരോവില്‍ കൊലാലംപൂരിലേയ്ക്ക്; നോര്‍ത്ത് സ്റ്റാര്‍ നൈറ്റ് എക്‌സ്പ്രസ്സില്‍ സിംഗപ്പൂരിലേയ്ക്ക്; ഹാത്സുകാരി (പ്രഭാതപക്ഷി) ലിമിറ്റഡ് എക്‌സ്പ്രസ്സില്‍ ക്യോട്ടോവിലേയ്ക്ക്; ഒടുവില്‍ റഷ്യന്‍ സ്റ്റെപ്പികളും സൈബീരിയന്‍ മഞ്ഞുഭൂമികളും കടന്ന് ഏഴുനാളുകളെടുത്ത്, വിശ്വപ്രസിദ്ധമായ ട്രാന്‍സ് സൈബീരിയന്‍ എക്‌സ്പ്രസ്സില്‍ മോസ്‌കോയില്‍... തെറുവിന്റെ യാത്ര വായിച്ചുതീര്‍ന്നപ്പോള്‍ മനസ്സില്‍ അദ്ഭുതവും അസൂയയും സമം സമമായിരുന്നു. ഏതെല്ലാം തരത്തിലുള്ള മനുഷ്യര്‍, ജീവിതങ്ങള്‍, ഭൂപ്രകൃതികള്‍, രുചികള്‍, ഗന്ധങ്ങള്‍, സംസ്‌കാരങ്ങള്‍, ഋതുക്കള്‍, ജീവജാലങ്ങള്‍, മരങ്ങള്‍, പൂക്കള്‍, പുഴകള്‍, പുലരികളും രാത്രികളും... എല്ലാം ഈ സഞ്ചാരി കണ്ടതും അനുഭവിച്ചതും ട്രെയിനിന്റെ ജനാല വഴിയാണ്. ആ കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കും അകമ്പടിയായത് ഉരുക്കുചക്രങ്ങള്‍ പാളങ്ങളില്‍ ഉരസുമ്പോഴുണ്ടാകുന്ന ശബ്ദതാളങ്ങളാണ്. താരാട്ടുപാടിയതും വിളിച്ചുണര്‍ത്തിയതും സൈറണുകളാണ്. ഇവയില്‍നിന്നു ലോകപ്രസിദ്ധമായ ഒരു യാത്രാകൃതി പിറന്നു.

വര്‍ഷങ്ങള്‍ക്കുശേഷം ജയ്പൂരിലെ സാഹിത്യോത്സവത്തില്‍വച്ച് പോള്‍ തെറുവിനെ കണ്ടു. ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന ആ മനുഷ്യനെ അദ്ഭുതത്തോടെയാണ് നോക്കിനിന്നത്; ഒരു ദീര്‍ഘദൂര ട്രെയിനിനെ നോക്കിനില്‍ക്കുന്ന അതേ അദ്ഭുതത്തോടെ. അക്കാലമാവുമ്പോഴേയ്ക്കും ട്രെയിന്‍ യാത്രയുടെ ആനന്ദം ഞാന്‍ അനുഭവിച്ചു തുടങ്ങിയിരുന്നു. സാഹിത്യോത്സവത്തിന്റെ നാലാം ദിവസം പോള്‍ തെറു ജയ്പൂരിലെ നാടന്‍ അങ്ങാടിയില്‍ നടന്നുകൊണ്ട് എനിക്ക് അഭിമുഖം അനുവദിച്ചു. ലോകത്തിന്റെ പരപ്പും ജീവിതത്തിന്റെ ആഴവും വൈവിധ്യങ്ങളും കണ്ടു പാകപ്പെട്ട് സ്‌നേഹസമ്പന്നനായ മനുഷ്യന്‍. താന്‍ തീവണ്ടിയാത്രകളുടെ കാമുകനായതിനെക്കുറിച്ച് അന്ന് പോള്‍ തെറു പറഞ്ഞു:

''ലോകത്ത് എവിടെയാണെങ്കിലും മറ്റൊരു വഴിയുമില്ലെങ്കില്‍ മാത്രമേ ഞാന്‍ വിമാനത്തിലോ മറ്റു വാഹനങ്ങളിലോ കയറുകയുള്ളൂ. ട്രെയിനിന്റെ കാഴ്ചയും അതിന്റെ എല്ലാ ചലനങ്ങളും എനിക്കിഷ്ടമാണ്. കയറുകയും ഇറങ്ങുകയും ചെയ്യുന്ന എത്രയോ അജ്ഞാതരായ മനുഷ്യര്‍, അവരുടെ സംസാരങ്ങള്‍, ജീവിത കഥകള്‍, ചേഷ്ടകള്‍, രാത്രിമയക്കത്തിലൂടെ കേള്‍ക്കുന്ന ട്രെയിനിന്റെ കൂവലുകള്‍...''

ഇതുതന്നെയല്ലേ എന്നെയും വീണ്ടുംവീണ്ടും പലപല ട്രെയിനുകളില്‍ കയറ്റിവിടുന്നത്?ബസിലോ വിമാനത്തിലോ സഞ്ചരിക്കുമ്പോള്‍ ലഭിക്കാത്ത വിശേഷപ്പെട്ട അനുഭൂതിക്ക് വേണ്ടി വീണ്ടും വീണ്ടും ട്രെയിന്‍ യാത്രയില്‍ തേടാന്‍ പ്രേരിപ്പിക്കുന്നത്?

ജീവിതത്തില്‍ സ്വന്തം ഗ്രാമം വിട്ട് മറ്റൊരിടത്തും പോയിട്ടില്ലാത്ത ഗ്രാമീണനെപ്പോലെയാണ് പാസ്സഞ്ചര്‍ ട്രെയിനുകള്‍ എന്നു തോന്നാറുണ്ട്. അങ്ങനെയുള്ള ഒരു മനുഷ്യനൊപ്പമുള്ള യാത്രയെ ഓര്‍മ്മിപ്പിക്കും പാസ്സഞ്ചര്‍ ട്രെയിന്‍ യാത്ര. എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തി, എല്ലാവരോടും സംസാരിച്ച്, സ്ഥിരക്കാര്‍ക്ക് സലാം പറഞ്ഞ്, ദൂരയാത്രികര്‍ക്കും തിരക്കുള്ളവര്‍ക്കും വഴിമാറി, സ്വാസ്ഥ്യത്തോടെയുള്ള യാത്ര. ജീവിതം കാണാനും നാടു കാണാനും ഇന്ത്യയിലെ ലോക്കല്‍ ട്രെയിനുകളില്‍ സഞ്ചരിക്കണം. അതിവേഗ സഞ്ചാരങ്ങള്‍ക്ക് കാണിച്ചുതരാന്‍ പറ്റാത്ത പലതും പാസ്സഞ്ചര്‍ യാത്രകള്‍ കാണിച്ചുതരും; നിത്യജീവിതത്തിന്റെ യഥാര്‍ത്ഥ താളം അനുഭവിപ്പിച്ചു തരും.
ജീവിതം കോഴിക്കോട്ടാണെങ്കിലും വിവാഹജീവിതം ഒറ്റപ്പാലത്തായതിനാല്‍ ലോക്കല്‍ ട്രെയിനുകളില്‍ കയറിയുള്ള എന്റെ യാത്രകള്‍ കൂടി. കോഴിക്കോട് മുതല്‍ കോയമ്പത്തൂര്‍ വരെയുള്ള വഴിയാത്ര എത്ര ആവര്‍ത്തിച്ചാലും മടുക്കാത്ത അനുഭൂതിയാണ്. കോഴിക്കോട്ട്‌നിന്നു വരുമ്പോള്‍ കുറ്റിപ്പുറം സ്റ്റേഷന്‍ കഴിഞ്ഞാല്‍ പേരശ്ശന്നൂരിലെ കവുങ്ങിന്‍തോപ്പുകളെ ഉരുമ്മിക്കൊണ്ട് ട്രെയിന്‍ മെല്ലെ കടന്നുപോകും. വലതുവശത്ത്, കവുങ്ങിന്റെ ആയിരംകാല്‍ മണ്ഡപത്തിനിടയിലൂടെ നിളാനദിയുടെ പ്രഥമ ദര്‍ശനം; കഥകളിഭാഷയില്‍ പറഞ്ഞാല്‍ തിരനോട്ടം. മിക്കപ്പോഴും മണല്‍മാത്രം പരന്ന്, കാടുപിടിച്ച്, കടവുകളിടിഞ്ഞ്, പ്രതാപകാലത്തിന്റെ വിളറിയ ശേഷിപ്പായി. വി.കെ.എന്‍. 'ചാത്തന്‍സി'ല്‍ എഴുതിയത് ഓര്‍മ്മവരും: ''വേലിക്കപ്പുറം പാതിവെള്ളത്തിന്റെ പത്രാസുമായി ഭാരതപ്പുഴ പരന്നൊഴുകുകയാണ്. കണ്ടാല്‍ പേടിയാവും. സമുദ്രം മാതിരി തോന്നും. എന്നാല്‍, കാര്യത്തില്‍ കഴമ്പില്ല. കടലാസുനദിയാണ്. എവിടെയും നിലകിട്ടും. ലോക്കല്‍വിറ്റുകള്‍ പറയുന്നതു തലകുത്തിനിന്നാല്‍ കഴുത്തറ്റം വെള്ളം എന്നാണ്.'' പേരശ്ശന്നൂരില്‍നിന്നങ്ങോട്ട് എപ്പോഴും നിള കൂടെയുണ്ടാവും; ഒളിഞ്ഞും തെളിഞ്ഞും.


പേരശ്ശന്നൂരും പള്ളിപ്പുറവും പട്ടാമ്പിയും എത്തുമ്പോഴേയ്ക്കും മലപ്പുറം ജില്ല പാലക്കാടിലേയ്ക്ക് ഒഴുകിനിറയുന്നത് മൊഴിച്ചന്തങ്ങളുടെ നീട്ടല്‍ കുറുക്കലുകളിലൂടെയും വേലിപ്പടര്‍പ്പുകളുടെ വിതാനങ്ങളിലൂടെയും മനസ്സിലാവും. പട്ടാമ്പി സ്റ്റേഷനു പിറകില്‍ നിളയുണ്ട്. കേരളത്തില്‍ ശേഷിക്കുന്ന മനോഹരമായ വയല്‍ഭൂമികളും ചളിക്കളങ്ങളില്‍നിന്നു കുതിച്ചുപറക്കുന്ന കൊക്കുകളും കൃഷിയുടെ ഗന്ധങ്ങളും അര്‍ദ്ധനഗ്‌നരായ കര്‍ഷകരും കുറ്റിപ്പുറത്തിനും പട്ടാമ്പിക്കുമിടയിലെ ട്രെയിന്‍ യാത്രയില്‍ ഇപ്പോഴും കാണാം. മൊബൈല്‍ റേഞ്ച് പോലും അന്യമാകുന്ന ധന്യത ഈ സ്ഥലങ്ങളില്‍ ഇപ്പോഴും അനുഭവിക്കാം. ആല്‍ച്ചുവടുകളേയും വേടുകളേയും ചേര്‍ത്തുപിടിച്ച, പാസ്സഞ്ചറുകള്‍ മാത്രം ഗൗനിക്കുന്ന സ്റ്റേഷനുകള്‍ പലതുണ്ട്. അവിടെ വയല്‍ക്കാറ്റ് എപ്പോഴും ചുറ്റിക്കറങ്ങുന്നുണ്ടാവും.

ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്റെ ബഹളങ്ങള്‍ വിടുമ്പോള്‍ പാലക്കാട് കൈനീട്ടി തൊടുന്നതുപോലെ തോന്നും. നിള വാര്‍ന്നുപോയ തിട്ടകളില്‍ പച്ചക്കറിപ്പാടങ്ങള്‍. മായന്നൂരിലെ പുല്‍പ്പാടങ്ങളിലും കുഞ്ഞുസ്റ്റേഷന്റെ കോണ്‍ക്രീറ്റ് തൂണുകളിലും പീലിവിരിഞ്ഞിരിക്കുന്ന മയിലുകള്‍. ഇക്കഴിഞ്ഞ പ്രളയാനന്തരമുള്ള ഒരു പ്രഭാതയാത്രയില്‍ മായന്നൂരില്‍ പുഴയോടു ചേര്‍ന്നുള്ള പറമ്പില്‍നിന്ന് ഒരു മയില്‍ മുഴുവന്‍ പീലിയും വിരിച്ച് ആടുന്നത് കണ്ടു; കാണാനാരുമില്ലെങ്കിലും അരങ്ങില്‍ സ്വയം മറന്നാടുന്ന നര്‍ത്തകനെപ്പോലെ. മയിലുകള്‍ വരള്‍ച്ചയുടെ വരവറിയിക്കുന്നവരാണ് എന്നു ശാസ്ത്രം പറയുന്നു. അങ്ങനെയെങ്കില്‍, അല്ലെങ്കില്‍ത്തന്നെ വരണ്ട നിളയുടെ തീരത്ത്, മായന്നൂരിന്റെ മണല്‍ത്തിട്ടകളില്‍ അലസം നടക്കുന്ന ഈ മയിലുകള്‍ നമ്മോട് പറയുന്നത് എന്താണ്? ഒറ്റപ്പാലത്തെത്തുമ്പോള്‍ രണ്ടാം പ്ലാറ്റ്ഫോമിന്റെ അതിരുവേലിക്കുള്ളിലൂടെ നോക്കിയാല്‍ താഴെ വെള്ളിരേഖപോലെ നിളയൊഴുകുന്നത് കാണാം. ഒന്നാം പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന ബാര്‍ അറ്റാച്ച്ഡ് ഹോട്ടലിലേക്ക് സംഘം ചേര്‍ന്ന് ഒറ്റയോട്ടത്തിനു ചെന്ന് ഒരു 'നില്‍പ്പന്‍' അടിച്ച് ഓടിവന്ന കാലം ഉണ്ടായിരുന്നു. അതുകണ്ടിട്ടാവാം ഒരു രസികന്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനെപ്പറ്റി പറഞ്ഞത്: 'one and only bar attached railway station in India.'
ഒറ്റപ്പാലം കഴിഞ്ഞാല്‍ പാലപ്പുറം, ലക്കിടി, മങ്കര, പറളി എന്നിവയെല്ലാം ലോക്കല്‍ ട്രെയിനുകളുമായി സുദൃഢ ചങ്ങാത്തമായ സ്റ്റേഷനുകളാണ്. ഒറ്റപ്പാലത്തുനിന്നും കോയമ്പത്തൂര്‍ക്ക് പോകുമ്പോള്‍ ലക്കിടിയില്‍ ഗേറ്റിന്റെ വലതുവശത്താണ് പുഴ. ഒരിക്കല്‍ ഒരന്തിനേരത്ത് ഇളംമഞ്ഞ വെയില്‍ ചാഞ്ഞുകിടക്കുന്ന പുഴയില്‍ കൈകാല്‍ മുഖം കഴുകുകയായിരുന്നു നാണുനായര്‍. അപ്പോള്‍ പുഴയ്ക്കപ്പുറം കുതിരപ്പുറത്ത് ഒരാള്‍ വന്നുനിന്നു. രണ്ടുകാലില്‍ കുത്തിയുയര്‍ന്ന് കുതിര ചിനച്ചു. അലാവുദ്ദീന്‍ ഖില്‍ജിയായിരുന്നു കുതിരപ്പുറത്ത്. കുതിരപ്പുറത്തിരുന്നുകൊണ്ടുതന്നെ അലാവുദ്ദീന്‍ ഖില്‍ജി നാണുനായരോട് ചോദിച്ചു:
''പുഴയ്ക്കപ്പുറം എന്താണ് വിശേഷം?''
 ഒറ്റവാക്കില്‍ നാണുനായര്‍ മറുപടി പറഞ്ഞു: 'വി.കെ.എന്‍.'
'ഇന്റള്ളോ' എന്നു പറഞ്ഞ് റെയില്‍പ്പാളത്തിനു സമാന്തരമായി തിരിഞ്ഞോടിയ ഖില്‍ജി പിന്നെ ആര്‍ക്കോണത്ത് ചെന്നിട്ടാണത്രേ തിരിഞ്ഞുനോക്കിയത്. അലാവുദ്ദീന്‍ ഖില്‍ജി കേരളത്തിലേയ്ക്ക് കടക്കാത്തതിന്റെ കാരണവും ഇതുന്നെയെന്ന് വി.കെ.എന്‍. പുഴയ്ക്കിപ്പുറം ലക്കിടിയില്‍ കുഞ്ചന്‍ നമ്പ്യാര്‍ അപ്പുറം തിരുവില്വാമലയില്‍ വി.കെ.എന്‍. ഈ പുഴയും ലക്കിടി സ്റ്റേഷനും എത്രയോ വി.കെ.എന്‍. കഥകളില്‍ പല പേരുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
ലക്കിടിക്കും പറളിക്കുമിടയില്‍ വയലുകളില്‍ പഴയ കര്‍ഷക കേരളം ഒരു മ്യൂസിയത്തില്‍ കാത്തുസൂക്ഷിച്ചതുപോലെ കാണാം. എത്രയോ കാലത്തിനുശേഷം കാള പൂട്ടി നിലമുഴുന്നതും ഞാറുകറ്റകള്‍ ആയത്തില്‍ എറിഞ്ഞ് കൃത്യസ്ഥലത്ത് വീഴുന്നതും വരമ്പ് മുറിച്ച് ഒരു കൃഷിക്കളത്തില്‍നിന്നു മറ്റൊന്നിലേയ്ക്ക് വെള്ളം തിരിച്ചുവിടുന്നതും കൃഷിപ്പണിക്കാര്‍ വയലോരത്തെ വൃക്ഷച്ഛായകളിലിരുന്നു ഭക്ഷണം കഴിക്കുന്നതും കന്നുകള്‍ക്ക് മേല്‍ പക്ഷികള്‍ മേയുന്നതും ഇവിടെയാണ് കണ്ടത്. തിരക്കുള്ളവര്‍ക്ക് വഴിമാറാന്‍ ലോക്കല്‍ ട്രെയിനുകള്‍ ചിലപ്പോള്‍ ഈ വയലോരത്ത് പിടിച്ചിടും. അപ്പോള്‍ ട്രെയിനില്‍ നിറയെ വയല്‍ച്ചെളിയുടേയും ഞാറിന്‍ തലപ്പുകളുടേയും ഗന്ധമായിരിക്കും. നടുന്നവര്‍ തമ്മിലുള്ള നാട്ടുവര്‍ത്തമാനങ്ങളുടെ ഈണവും താളവും നമുക്കും കേള്‍ക്കാം.


പാലക്കാടും കഴിഞ്ഞ് വാളയാര്‍ക്കാടുകള്‍ നൂണ്ട് കഴിയുമ്പോള്‍ കോട്ടപോലെ കല്‍മലകള്‍. ഇക്കഴിഞ്ഞ മണ്‍സൂണ്‍ ആരംഭിക്കുന്ന ദിവസം ലോക്കല്‍ ട്രെയിനില്‍ ഈ വഴി യാത്ര ചെയ്തു. അദ്ഭുതകരമായ ഒരു ദൃശ്യം അപ്പോഴാണ് കണ്ടത്. മണ്‍സൂണ്‍ മേഘങ്ങള്‍ കൃത്യം കേരളത്തിന്റെ ആകാശത്ത് കുമിഞ്ഞുകൂടിയിരിക്കുന്നു. ഒരു വര വരഞ്ഞതുപോലെ അപ്പുറത്ത് തമിഴ്നാടിന്റെ ആകാശത്ത് വെയിലിന്റേയും വെള്ളിമേഘങ്ങളുടേയും പ്രഭ. കേരളത്തിനു മുകളിലുള്ള ഇരുണ്ട ആകാശത്തിനു കുറുകെ നീന്തിപ്പോകുന്ന വെള്ളക്കൊറ്റികള്‍. ശ്രീരാമകൃഷ്ണപരമഹംസരെ ബോധമൂര്‍ച്ഛയിലേക്ക് തള്ളിയിട്ട പുരാതന ദൃശ്യം. മഴമേഘങ്ങള്‍ നീന്തി അവ തമിഴ്നാടിന്റെ വെണ്‍മേഘങ്ങളിലേയ്ക്ക് മറയുന്നു. പോത്തനൂര്‍ ജംഗ്ഷന്‍ വിട്ടാല്‍ മല്ലിയുടേയും മഞ്ഞളിന്റേയും അരവുമണം വരും. തമിഴ്നാട് വാതില്‍ വലിച്ചുതുറന്നിരിക്കുന്നു.

കൊല്‍ക്കത്തയിലെ ഹൗറ സ്റ്റേഷനില്‍നിന്ന് രബീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനം സ്ഥിതിചെയ്യുന്ന ബോല്‍പൂരിലേയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കവിതയും കൃഷിയും സംഗീതവും എപ്പോഴും കൈകോര്‍ത്ത് കൂട്ടുപോരും. പകലിന്റെ മൂന്നു യാമങ്ങളില്‍ ഈ വഴി യാത്ര ചെയ്യുമ്പോള്‍ ഒരേ കാഴ്ചകളുടെ മൂന്നു ഭാവങ്ങള്‍ അനുഭവപ്പെടും. മൂന്നു നിറഭേദങ്ങള്‍, മൂന്നു സമയരാഗങ്ങള്‍.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആദ്യം ബോല്‍പൂരിലേയ്ക്ക് യാത്ര ചെയ്തത്. സാധാരണ കംപാര്‍ട്ട്മെന്റില്‍. മൂന്നു മണി കഴിയുമ്പോഴേയ്ക്ക് കൊല്‍ക്കത്തയില്‍ അന്നും ഇന്നും ഓഫീസുകള്‍ പിരിയും. അപ്പോള്‍ തീവണ്ടിയില്‍ മറ്റു യാത്രികര്‍ക്കൊപ്പം നിത്യയാത്രികരുടെ പടയും കലരും. ഒന്നിച്ച്, ഒരു നിരയായി, വായുവില്‍ പ്രത്യേക രൂപം തീര്‍ത്തു പറക്കുന്ന വെട്ടുകിളിക്കൂട്ടങ്ങളെപ്പോലെ അവര്‍ ഹൗറ സ്റ്റേഷന്റെ ആള്‍ക്കൂട്ടത്തിലൂടെ നീങ്ങും. അതിനിടയില്‍പ്പെട്ടാല്‍ ഒരു വന്‍ചുഴിയില്‍പ്പെട്ടതുപോലെ നാം നൊടിനേരംകൊണ്ട് അപ്രത്യക്ഷമാവും. ആ മനുഷ്യക്കൂട്ടത്തിന്റെ പ്രവാഹത്തില്‍പ്പെടാതെ രക്ഷപ്പെട്ട് തീവണ്ടിയില്‍ കയറിയപ്പോള്‍ നിറയെ നാട്ടുമനുഷ്യരുടെ ഗന്ധം. വെളുത്ത സാരിയണിഞ്ഞ ഒരമ്മൂമ്മയായിരുന്നു തൊട്ടടുത്ത്. അവരുടെ വസ്ത്രത്തിനു പാറ്റഗുളികയുടെ മണമുണ്ടായിരുന്നു.
ട്രെയിന്‍ നീങ്ങുന്നതിനനുസരിച്ച് ഒരു വന്‍ ബഹളം അകന്നകന്നു പോയി. മഹാനഗരം അതിന്റെ നഖമുള്ള വിരലുകള്‍കൊണ്ടുള്ള പിടി മെല്ലെമെല്ലെ അയച്ചുതുടങ്ങി. പോകെപ്പോകെ വലിയ വലിയ കെട്ടിടങ്ങള്‍ വിടപറഞ്ഞു. പകരം വയലുകള്‍ വന്നു. കണ്ണെത്തുന്നതിനുമപ്പുറത്തേക്ക് ചെന്നു മറയുന്ന നെല്‍പ്പാടങ്ങള്‍. അവയുടെ കതിരിലെ മണം, ലക്കിടിയില്‍നിന്നും പട്ടാമ്പിയില്‍നിന്നും അനുഭവിക്കുംപോലെ. കര്‍ഷകര്‍ ചെളിയില്‍ നടക്കുന്ന ശബ്ദം. വെയിലില്‍ മഞ്ഞ കലരുമ്പോള്‍ വയല്‍ പൊന്നണിയും. മധ്യവര്‍ഗ്ഗത്തിന്റെ വീടുകളും അവയുടെ പ്രൗഢിയുടെ അടയാളമായ കുളങ്ങളും. വൈക്കോല്‍ക്കൂനകള്‍. പശുത്തൊഴുത്തുകള്‍. ബംഗാളി ശൈലിയിലുള്ള കോവിലുകള്‍. നാട്ടുപാതകള്‍, സാലമരക്കൂട്ടങ്ങള്‍. കൊല്‍ക്കത്ത നഗരത്തിന്റെ മടുപ്പിക്കുന്ന ബഹളങ്ങളില്‍നിന്നു രക്ഷപ്പെട്ട് ശാന്തിനികേതനം സൃഷ്ടിക്കാന്‍ രബീന്ദ്രനാഥ ടാഗോര്‍ പോയത് ഈ വഴിയാണ്. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, മരിക്കാനായി മഹാനഗരത്തിലേയ്ക്ക് മടങ്ങിവന്നതും ഈ വഴി തന്നെ.
ബര്‍ദമാന്‍ എന്ന ജംഗ്ഷനാണ് ഈ വഴിയാത്രയുടെ മധ്യബിന്ദു. അത് കഴിഞ്ഞാല്‍, കാറ്റിലുലയുന്ന പട്ടുപോലെ ഒരു ബാവുല്‍ ഗായകന്‍ കംപാര്‍ട്ട്മെന്റിലേയ്ക്ക് കടന്നുവന്നു. എക്താര മീട്ടി അയാള്‍ പാടാന്‍ തുടങ്ങും. മറ്റൊരു ട്രെയിന്‍ യാത്രയിലും കേള്‍ക്കാന്‍ സാധിക്കാത്ത പഥികന്റെ പാട്ട്. ലാലന്‍ ഫക്കീറിന്റെയോ ഫക്കീര്‍ ചന്ദിന്റെയോ സിറാജ് സെയിനിന്റെയോ നബാനി ദാസിന്റെയോ ഗോസായിന്‍ രസ് രാജിന്റെയോ* പാട്ടുകള്‍. ട്രെയിനിലെ മധുകരി ഭിക്ഷ. ആ പാട്ടില്‍ സായാഹ്നം കുറേക്കൂടി ലോലമായി. ബോല്‍പൂര്‍ എത്താറായപ്പോഴേയ്ക്കും വീടുകള്‍ വൈക്കോല്‍ക്കുടിലുകളായി. കുട്ടികള്‍ അര്‍ദ്ധനഗ്‌നരായി. ചാണകം മെഴുകിയ മുറ്റങ്ങളിലും വീട്ടുചുമരുകളിലുമെല്ലാം സന്ധ്യ മങ്ങി മങ്ങി അലിഞ്ഞു. ബാവുല്‍ ഗായകന്റെ പാട്ട് തോര്‍ന്നു.
അതിരാവിലെയുള്ള ഈ യാത്രയില്‍ കംപാര്‍ട്ട്മെന്റിലാകെ പത്രങ്ങളുടെ മണമായിരിക്കും. എ.സിയിലാണ് ഇതു വേറിട്ടറിയുക. രോമക്കുപ്പായം ധരിച്ച്, കട്ടിക്കണ്ണട വച്ച മധ്യവര്‍ഗ്ഗ/ഉപരിവര്‍ഗ്ഗ ബംഗാളി ബാബുമാര്‍ സൂക്ഷ്മതയോടെ ഓരോ വാര്‍ത്തയും അരിച്ചുപെറുക്കും. വായന തീര്‍ന്നാല്‍ ചര്‍ച്ച തുടങ്ങും. ചായകുടിക്കും. മസാലമൂടി എന്ന ഭക്ഷണം വാങ്ങി കൊറിക്കും. കംപാര്‍ട്ട്മെന്റിന്റെ ചുവരില്‍ പതിച്ച രബീന്ദ്രനാഥ ടാഗോറിന്റെ ഫോട്ടോയിലേക്ക് നിര്‍ന്നിമേഷരായി നോക്കിയിരിക്കും; ആദ്യമായി കാണുന്നതുപോലെ. പുറത്ത് ബംഗാളി ഗ്രാമങ്ങള്‍ മഞ്ഞിന്‍ മറയിലൂടെ മടിച്ച് മടിച്ച് ഉണരും. ഒന്‍പത് മണിയോടെ ട്രെയിന്‍ ബോല്‍പൂരിലെത്തുമ്പോള്‍ പ്ലാറ്റ്ഫോം നിറയെ ആള്‍ക്കൂട്ടമായിരിക്കും. തിരിച്ചുള്ള അതിന്റെ യാത്രയില്‍ കയറിപ്പറ്റി ഹൗറയില്‍ച്ചെന്ന് ആ ബഹളത്തില്‍ ഒരു നുള്ളുപോലും ബാക്കിയില്ലാതെ ലയിക്കാന്‍.

ഉച്ചയ്ക്കാണ് യാത്രയെങ്കില്‍ അര്‍ദ്ധമയക്കത്തിലായിരിക്കും ട്രെയിന്‍. പുറത്ത് വെയിലിന്റെ പരപ്പ്. തിളങ്ങുന്ന വയലുകള്‍. ഇക്കഴിഞ്ഞയാഴ്ച ഈ വഴിക്കുള്ള മധ്യാഹ്നയാത്രയില്‍ ഒരു സംഘം പുരുഷന്മാരും സ്ത്രീകളും എസ്രാജ് മീട്ടി രബീന്ദ്ര സംഗീതം പാടാന്‍ തുടങ്ങി. പ്രണയവും പ്രകൃതിയും വിരഹവും വിഷാദവും നിറഞ്ഞ പാട്ടുകള്‍ കംപാര്‍ട്ട്മെന്റില്‍ പരന്നു. അതില്‍ ലയിച്ച് യാത്രികര്‍ ഇരുന്നു. ശാന്തിനികേതന്‍ എക്‌സ്പ്രസ്സ് അപ്പോള്‍ ഒരു ഗാനശാലയായി.

ട്രെയിനുകള്‍ക്കും മദ്യത്തിനുമാണ് ഏറ്റവും രസകരമായ പേരുകള്‍ കാണാറുള്ളത്. പീറ്റര്‍ സ്‌കോട്ട്, ആഫ്റ്റര്‍ ഡാര്‍ക്ക്, റോയല്‍ ചാലഞ്ച്, മക്കിന്റോഷ്, ഓള്‍ഡ് മങ്ക്, ഷിവാസ്  റീഗല്‍, ബ്ലെന്റേഴ്സ് പ്രൈഡ്, ആന്റിക്വിറ്റി ബ്ലൂ, വാറ്റ്-69, സീസര്‍... ഇതുപോലെ പ്രൗഢമാണ് ട്രെയിനുകളുടെ പേരുകളും. പല ദീര്‍ഘദൂര ട്രെയിനുകളുടേയും പേരുകളില്‍ ദേശത്തിന്റെ ചൂരും ചരിത്രത്തിന്റേയും സംസ്‌കാരത്തിന്റേയും മുഴക്കവുമുണ്ട്. അസന്‍സോളിലെ കല്‍ക്കരി ഖനന മേഖലകളിലേയ്ക്ക് പോകുന്ന ബ്ലാക്ക് ഡയമണ്ട് എക്‌സ്പ്രസ്സ്, തൃശ്ശനാപ്പള്ളിയിലേക്കുള്ള റോക്ക് ഫോര്‍ട്ട് എക്‌സ്പ്രസ്സ്, ചെന്നൈയിലേയ്ക്ക് പോകുന്ന ചേരന്‍ എക്‌സ്പ്രസ്സ്, ഹൗറയില്‍നിന്നും ന്യൂ ജയ്പാല്‍ഗുരിയിലേക്കുള്ള കാഞ്ചന്‍ജംഗ എക്‌സ്പ്രസ്സ്, ഹൗറയില്‍നിന്നും മാള്‍ഡയിലേക്കുള്ള ഗീതാഞ്ജലി എക്‌സ്പ്രസ്സ്, കൊച്ചിയില്‍നിന്നും അജ്മീറിലേയ്ക്കുള്ള മരുസാഗര്‍ എക്‌സ്പ്രസ്സ്, മംഗലാപുരത്തുനിന്നും കശ്മീരിലേക്കുള്ള ജമ്മു-താവി എക്‌സ്പ്രസ്സ്, അഹമ്മദാബാദിലെ കര്‍ണാവതി എക്‌സ്പ്രസ്സ്, ആശ്രാം എക്‌സ്പ്രസ്സ്... ട്രെയിനിന്റെ പേരുകളില്‍ ഈ നാടിന്റെ നാഡിമിടിപ്പുകള്‍ പിടഞ്ഞുപായുന്നു.


കുടുംബത്തിനൊപ്പം പോയമാസം ഡാര്‍ജിലിങ്ങിലേയ്ക്കും കൊല്‍ക്കത്തയിലേക്കും പോയത് വിമാനത്തിലായിരുന്നു. മൂന്നര വയസ്സുള്ള മകളുടെ ആദ്യ ഇന്ത്യന്‍ യാത്ര ആകാശമാര്‍ഗ്ഗത്തിലായി. അവള്‍ ഈ നാടിന്റെ മണ്ണിനേയോ മരങ്ങളേയോ മനുഷ്യരെയോ മണങ്ങളെയോ പുഴകളെയോ പ്രഭാതപ്രദോഷങ്ങളെയോ കണ്‍നിറയെ കണ്ടില്ല. പകരം അവളെ പൊതിഞ്ഞുചുറ്റി മേഘക്കൂട്ടങ്ങള്‍ മാത്രം. ''നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് നിങ്ങള്‍ തിരിച്ചറിയുന്നില്ലല്ലോ'' എന്ന് എനിക്ക് മകളോടും ഭാര്യയോടും പറയണമെന്നു തോന്നി. ഇന്ത്യയുടെ ആകാശം കാണാനാണല്ലോ അവരുടെ വിധി.
തിരിച്ചുവന്ന്, ഒറ്റപ്പാലത്തെ കംഭാരന്‍കുന്നിനു മുകളിലെ വീട്ടില്‍ രാത്രി മകളെ ചേര്‍ത്തു പിടിച്ചുറങ്ങുമ്പോള്‍ കുന്നിന്‍ചെരിവിനെ ചുറ്റി ഏതൊക്കെയോ രാത്രിവണ്ടികള്‍ എങ്ങോട്ടൊക്കെയോ കുതിച്ചുപോവുന്നതിന്റെ ശബ്ദം കേള്‍ക്കാം. ഉണര്‍ന്നു കിടക്കുകയാണെങ്കില്‍ അവള്‍ പറയും: ''അച്ഛാ, കൂക്കുവണ്ടിയുടെ ശബ്ദം. അതെങ്ങോട്ടാ പോകുന്നത്?''
അവളുടെ ആ ചോദ്യത്തിനു കൃത്യമായ ഒരു മറുപടി കൊടുക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. കാരണം, കൂക്കുവണ്ടികള്‍ എങ്ങോട്ടൊക്കെയോ ഓടിക്കൊണ്ടിരിക്കുന്നു. എന്നെ കയറ്റാതെ, അസൂയപ്പെടുത്തിക്കൊണ്ട്.  എന്നാണ് എനിക്ക് എല്ലാ ട്രെയിനുകളിലും കയറാന്‍ പറ്റുക?
------
*പ്രശസ്തരായ ബാവുല്‍ ഗാനരചയിതാക്കള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com