തടിയുടെ ഗന്ധം: ബൈജു എന്‍. നായര്‍ എഴുതുന്നു

താഴ്ന്നു പറക്കുന്ന രണ്ടു വിമാനങ്ങള്‍. കൗതുകത്തോടെ അവയെ വീക്ഷിച്ചുകൊണ്ടിരുന്ന തൊഴിലാളികള്‍ക്കുമേല്‍ പെട്ടെന്നാണ് വിമാനത്തില്‍നിന്നും ബോംബ് വര്‍ഷമാരംഭിച്ചത്.
തടിയുടെ ഗന്ധം: ബൈജു എന്‍. നായര്‍ എഴുതുന്നു

1942 മാര്‍ച്ചിലെ ഒരു പ്രഭാതത്തില്‍ ചാത്തം തടിമില്ലിലെ തൊഴിലാളികള്‍ വിമാനത്തിന്റെ ഇരമ്പം കേട്ട് പുറത്തിറങ്ങി. താഴ്ന്നു പറക്കുന്ന രണ്ടു വിമാനങ്ങള്‍. കൗതുകത്തോടെ അവയെ വീക്ഷിച്ചുകൊണ്ടിരുന്ന തൊഴിലാളികള്‍ക്കുമേല്‍ പെട്ടെന്നാണ് വിമാനത്തില്‍നിന്നും ബോംബ് വര്‍ഷമാരംഭിച്ചത്. ഒന്നും രണ്ടുമല്ല, മാരക പ്രഹരശേഷിയുള്ള 70 ബോംബുകള്‍ ഒന്നിനു പുറകെ ഒന്നായി ചാത്തം ദ്വീപിലേക്ക് പതിച്ചുകൊണ്ടിരുന്നു. തടിമില്ലില്‍ ജോലി ചെയ്തിരുന്ന നൂറുകണക്കിന് തൊഴിലാളികള്‍ പൊട്ടിച്ചിതറി ഛിന്നഭിന്നമായി. കെട്ടിടങ്ങളെല്ലാം തകര്‍ന്ന് തരിപ്പണമായി. തടിമില്ലിനുള്ളിലെ ഭൂമിയില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു.

ജപ്പാന് അതൊരു യുദ്ധവിജയമായിരുന്നു. തുടര്‍ന്നുള്ള മൂന്നുവര്‍ഷം ആന്‍ഡമാന്‍ കൈവശം വെയ്ക്കാന്‍ ആ ബോംബുവര്‍ഷം കൊണ്ടു ജപ്പാന് കഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധകാലത്ത് ചാത്തം തടിമില്ലിലുള്‍പ്പെടെ പലയിടത്തും ബോംബുകളില്‍നിന്ന് രക്ഷപ്പെടാനുള്ള ബങ്കറുകള്‍ സ്ഥാപിച്ച്, ജപ്പാനീസ് പടയാളികള്‍ യുദ്ധത്തെ നേരിട്ടു.

ചാത്തം സോമില്ലിനുള്ളില്‍ യുദ്ധസ്മാരകത്തിനു സമീപം ഇപ്പോഴും ആ ബങ്കറുണ്ട്. അല്പം മാറി വലിയൊരു ഗര്‍ത്തം കാണാം. എഴുപത് ബോംബുകളിലൊന്ന് വീണതിവിടെയാണ്. ഗര്‍ത്തത്തിന്റെ പൂര്‍ണ്ണ ദൃശ്യം ലഭിക്കാനായി ചുറ്റുംകെട്ടിയിരിക്കുന്ന പടവുകള്‍ കയറി, ഗര്‍ത്തത്തിനു കുറുകെ കെട്ടിയിരിക്കുന്ന തൂക്കുപാലത്തില്‍ നിന്നാല്‍ മതി. യുദ്ധവും ബോംബുമൊന്നും കണ്ടിട്ടില്ലാത്ത ശരാശരി മലയാളിക്ക് ഈ ഗര്‍ത്തം ഉള്‍ക്കൊള്ളാവുന്നതിനുമപ്പുറമാണ്. 

ഏഷ്യയിലെ ഏറ്റവും വലിയ തടിമില്‍ ഇന്നൊരു ദുരന്തക്കാഴ്ചയല്ല, ഇപ്പോള്‍. 750 തൊഴിലാളികള്‍ മൂന്നു ഷിഫ്റ്റുകളിലായി പണിയെടുക്കുന്ന മില്ലില്‍ നൂറുകണക്കിന് സന്ദര്‍ശകരുണ്ടെങ്കിലും ജോലി തകൃതിയായി നടക്കുന്നുണ്ട്. എന്റെ നാടായ കോട്ടയം വെള്ളൂരിലെ, 'മാനേജര്‍' എന്നു നാട്ടുകാര്‍ വിളിച്ചിരുന്ന സുരേന്ദ്രന്റെ തടിമില്‍ മാത്രമേ ഞാനിതിനു മുന്‍പു കണ്ടിട്ടുള്ളു. ഒറ്റ ഈര്‍ച്ചവാള്‍ മാത്രമുള്ള സുരേന്ദ്രന്റെ തടിമില്ലെവിടെ, ഇരുപതിലേറെ ഈര്‍ച്ചവാളുകള്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്ന ചാത്തം മില്ലെവിടെ! നൂറുകണക്കിന് കൂറ്റന്‍ മരത്തടികള്‍ കണ്‍വെയര്‍ ബെല്‍റ്റിലൂടെ സദാസമയവും നീങ്ങിക്കൊണ്ടിരിക്കുന്ന ചാത്തം  തടിമില്‍ എന്നെ ഞെട്ടിച്ചെന്നു പറയാതിരിക്കാനാവില്ല.

ന്യൂയോര്‍ക്കില്‍നിന്നും ബ്രിട്ടനില്‍നിന്നുമൊക്കെ ഇറക്കുമതി ചെയ്ത സെക്കന്റ് ഹാന്‍ഡ് യന്ത്രങ്ങളാണ് ബ്ലെയര്‍ സായ്വ് ഇവിടെ കൊണ്ടുവന്ന് ഘടിപ്പിച്ചത്. ബോംബിങ്ങില്‍ കുറേയൊക്കെ നശിച്ചുപോയെങ്കിലും അവയുടെ അറ്റകുറ്റപ്പണി നടത്തിയാണ് ഇപ്പോഴും ഉപയോഗിച്ചുവരുന്നത്. 'ഒ ലാര്‍ക്ക് ബ്രദേഴ്സ്, ഒലിയാന്‍, ന്യൂയോര്‍ക്ക്, യു.എസ്.എ' എന്ന് ചാപ്പ കുത്തിയ വമ്പന്‍ ഈര്‍ച്ചവാളിനൊക്കെ മിനിമം 140 വര്‍ഷം പഴക്കമുണ്ട്.

സോമില്ലിലെ മറ്റൊരു കൗതുകക്കാഴ്ച സ്റ്റോക്ക്യാര്‍ഡില്‍നിന്ന് അറക്കമില്ലിലേക്ക് കൂറ്റന്‍ തടികള്‍ കൊണ്ടുവരാന്‍ ഒന്നര നൂറ്റാണ്ടിനു മുന്‍പുതൊട്ടേ ഉപയോഗിച്ചുവരുന്ന റെയില്‍പ്പാളമാണ്. അതിലൂടെ ചെറിയൊരു ട്രെയിന്‍ എഞ്ചിന്‍, തടി കയറ്റിയ ഇരുമ്പുവാഗണുകളെ വലിച്ചുകൊണ്ടു വരുന്നു. ഇപ്പോഴും ഇതേ സാങ്കേതികവിദ്യയാണ് തടി നീക്കത്തിനായി ഉപയോഗിക്കുന്നത്. ട്രെയിന്‍ എന്‍ജിനു പകരം തൊഴിലാളികള്‍ തള്ളിക്കൊണ്ടു വരികയാണെന്നു മാത്രം. ഗേറ്റ് കടന്നാല്‍ മില്ലിനുള്ളില്‍ പലയിടത്തേക്കും നീളുന്ന റെയില്‍ പാതകളാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്.

ആന്‍ഡമാനിലെ കാടുകളില്‍ വ്യാപകമായി കാണപ്പെടുന്ന ഒരിനം ഈട്ടിമരമാണ് ചാത്തം മില്ലില്‍ എത്തുന്ന തടികളിലേറെയും. രണ്ടുദിവസം കഴിഞ്ഞ് ഹാവലോക്ക് ഐലന്‍ഡില്‍, എലിഫന്റ് ബീച്ചിലെത്താനായി റിസര്‍വ്വ് വനത്തിലൂടെ നടക്കുമ്പോള്‍ കണ്ട പടുകൂറ്റന്‍ മരങ്ങളിലേറെയും 'പഡോക്ക്' എന്ന് വിളിക്കപ്പെടുന്ന ഈ ഈട്ടിമരങ്ങളായിരുന്നു.
പ്രിസര്‍വേഷന്‍ സീസണിങ് യൂണിറ്റുകള്‍, പ്രോസസിങ് ബേ, കണ്‍സ്ട്രക്ഷന്‍ മെക്കാനിക്കല്‍ യൂണിറ്റ്, സോ ഡോക്ടറിങ് യൂണിറ്റ് എന്നിവയെല്ലാം കണ്ടും കേട്ടും തടികളുടെ സംഭരണശാലയിലെത്തി. ചെറുപ്പത്തില്‍ 'മാനേജരു'ടെ തടിമില്ലില്‍ ഞാനാസ്വദിച്ചിരുന്ന അതേ തടി ഗന്ധം. ഞായറാഴ്ചകളില്‍ ഞാനും ചേച്ചിയും മാനേജരുടെ മക്കളായ ബാലാജിയും ജയയും പത്മയും ഒളിച്ചുകളിച്ചിരുന്നത് സോമില്ലില്‍ കൂട്ടിയിട്ടിരുന്ന തടികള്‍ക്കിടയിലാണ്. ചാത്തം മില്ലിലെ തടിയുടെ ഗന്ധമേറ്റപ്പോള്‍ ഞാന്‍ സ്വയംമറന്ന് കുറച്ചുനേരം ബാല്യകാല സ്മരണകളില്‍ നഷ്ടബോധത്തോടെ മുഴുകി നിന്നുപോയി.
സോമില്ലിനുള്ളില്‍ വലിയൊരു ഫോറസ്റ്റ് മ്യൂസിയമുണ്ട്. മില്ലിന്റെ ചരിത്രം മാത്രമല്ല, ആന്‍ഡമാന്റെ ചരിത്രം തന്നെ ഇവിടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ദ്വീപുകളിലെ കലാകാരന്മാര്‍ തടികൊണ്ടു നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍, നൂറുവര്‍ഷം പഴക്കമുള്ള ഡോള്‍ഫിന്റെ അസ്ഥികൂടം തുടങ്ങി പലതുമുണ്ടെങ്കിലും 1942-ലെ ബോംബിങ്ങിന്റെ അപൂര്‍വ്വ ചിത്രങ്ങളാണ് എന്നെ ആകര്‍ഷിച്ചത്. ജപ്പാന്‍കാര്‍ ബോംബിടുന്നതിനിടെ വിമാനത്തില്‍ നിന്നെടുത്ത ചിത്രങ്ങളും ഇതില്‍പ്പെടും. ആകാശത്തുനിന്നുള്ള ചിത്രത്തില്‍, ബോംബ് വീണ ചാത്തം ദ്വീപ് ഒരു തീഗോളം പോലെ തോന്നിച്ചു. ബോംബിങ്ങിനു ശേഷമെടുത്ത ഫോട്ടോകളില്‍ കുന്നുകൂടിക്കിടക്കുന്ന തടികളല്ലാതെ, സോമില്ലിന്റേതായി യാതൊന്നും അവശേഷിച്ചിട്ടില്ല.  വൈസ്രോയിയായിരുന്ന വേവല്‍പ്രഭു ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് മേധാവികള്‍ മൂന്നുവര്‍ഷം കഴിഞ്ഞ് പിന്നീട് മില്‍ സന്ദര്‍ശിക്കുന്ന ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. 

സൂര്യന്‍ തലയ്ക്കു മീതെ കത്തിജ്വലിച്ചു നിന്നു. അസഹനീയമായ ചൂട്. സിറാജിനോട് വണ്ടി നേരെ ഫെയ്മസ് ബേക്കറിയിലേക്ക് വിടാന്‍ പറഞ്ഞു. തണുത്തതെന്തെങ്കിലും കുടിച്ച് കുറച്ചുനേരം വിശ്രമിക്കാം.
ബേക്കറിയില്‍ പതിവു ചിരിയോടെ സലാം വരവേറ്റു. ഫ്രഷ്ലൈം കുടിച്ചുകൊണ്ട്  ആന്‍ഡമാന്റെ  വിശേഷങ്ങള്‍ കേട്ടുകൊണ്ടിരിക്കെ ഒരു മലയാളി കൂടി  ബേക്കറിയിലെത്തി- പ്രസാദ്. 
20 വര്‍ഷത്തിലേറെയായി ഇദ്ദേഹം പോര്‍ട്ട്ബ്ലെയറിലെത്തിയിട്ട്. ഇപ്പോള്‍ പ്രിന്റിംഗ് പ്രസ്സ് ഉള്‍പ്പെടെയുള്ള മൂന്നു സ്ഥാപനങ്ങളുടെ സാരഥിയാണ്. കൊല്ലമാണ് സ്വദേശം. 
വൈകുന്നേരങ്ങളില്‍ നിരവധി മലയാളികള്‍ ഒത്തുകൂടുന്ന സ്ഥലമാണ് ഫെയ്മസ് ബേക്കറി. ആന്‍ഡമാന്‍ മലയാളി സമാജം പ്രസിഡന്റും നോവലിസ്റ്റുമായ ജയരാജനും വൈകീട്ട് ഇവിടെ എത്താറുണ്ട്. എല്ലാവരേയും കാണാനും പരിചയപ്പെടാനുമായി ഒരു ദിവസം വൈകീട്ട് ബേക്കറിയിലെത്താമെന്ന് വാക്കുകൊടുത്തു.

പണ്ടുമുതല്‍ക്കേ മലയാളികളുടെ സാന്നിദ്ധ്യമുള്ള സ്ഥലമാണ് ആന്‍ഡമാന്‍. 1921-ലെ മലബാര്‍ കലാപകാലത്ത് ബ്രിട്ടീഷുകാര്‍ തടവുകാരായി പിടിച്ച മാപ്പിള പോരാളികളാണ് ആദ്യമായി ആന്‍ഡമാനില്‍ കപ്പലിറങ്ങിയ മലയാളികള്‍. ഏറനാട്ടില്‍ മാപ്പിള ലഹള കൊടുമ്പിരിക്കൊണ്ടിരിക്കേ, 50,000-ലേറെ മാപ്പിളമാരാണ് ബ്രിട്ടീഷുകാരുടെ പിടിയിലായത്. 10,000-ലധികം പേര്‍ കൊല്ലപ്പെട്ടെങ്കിലും കൂടുതല്‍ മാപ്പിളമാര്‍ കലാപത്തിനിറങ്ങിയത് ബ്രിട്ടീഷുകാരെ ധര്‍മ്മസങ്കടത്തിലാക്കി. കേരളത്തിലേയും ബെല്ലാരിയിലേയും തടവറകള്‍ നിറഞ്ഞുകവിഞ്ഞു. ഈ മാപ്പിളമാരെയെല്ലാം എവിടെ കൊണ്ടുപോയി കാരാഗൃഹത്തിലടയ്ക്കും?

ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍. എത്ര പേരെ വേണമെങ്കിലും ഉള്‍ക്കൊള്ളാന്‍ വലിപ്പമുള്ള കുപ്രസിദ്ധ ജയില്‍. ടി.എസ്.എസ് മഹാരാജ എന്ന കപ്പല്‍ 1100-ലധികം മാപ്പിള തടവുകാരെ കുത്തിനിറച്ച് മദ്രാസ് തുറമുഖം വിട്ടു. തങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നുപോലും തടവുകാര്‍ക്കറിയാമായിരുന്നില്ല. കോഴിക്കോട്, മഞ്ചേരി, വണ്ടൂര്‍, മണ്ണാര്‍ക്കാട്, തിരൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള തടവുകാരായിരുന്നു ഏറെയും. തങ്ങളെ കൊണ്ടുപോകുന്നത് സിംഗപ്പൂരിലേക്കാണെന്നും മൗറിഷ്യസിലേക്കാണെന്നും ഓസ്ട്രേലിയയിലേക്കാണെന്നുമൊക്കെ പലരും പല കഥകള്‍ മെനഞ്ഞു. പക്ഷേ, എല്ലാവര്‍ക്കും ഒരു കാര്യം ഉറപ്പായിരുന്നു, ഇനിയൊരിക്കലും തങ്ങള്‍ പുറംലോകം കാണില്ല. തടവറയില്‍ അന്ത്യകാലം വരെ കഴിയാനാണ് വിധി.
1921 ഏപ്രില്‍ 22-ന്റെ മദ്ധ്യാഹ്നത്തില്‍ തടവുകാരെ ഒരു കരയിലിറക്കി. ആന്‍ഡമാന്‍ ആരോ ഊഹിച്ചു പറഞ്ഞു. മലബാര്‍പോലെ തന്നെ തിളയ്ക്കുന്ന ചൂടുള്ള നാട്. തിങ്ങി നില്‍ക്കുന്ന കേര വൃക്ഷങ്ങള്‍. കേരളത്തില്‍ തിരിച്ചെത്തിയതുപോലെ തോന്നി പലര്‍ക്കും. പക്ഷേ, ആ കാഴ്ചകള്‍ അല്പനേരത്തേക്കു മാത്രമായിരുന്നു. കൈകള്‍ ചേര്‍ത്തുകെട്ടി, നിരനിരയായി തുറമുഖത്തിനടുത്തുള്ള കുന്നിന്‍മുകളിലേക്ക് അവരെ ചാട്ടയടിയുടെ അകമ്പടിയോടെ ആനയിക്കപ്പെട്ടു. രക്തം തണുപ്പിക്കുന്ന ഭീകര കഥകളില്‍ മാത്രം കേട്ടിട്ടുള്ള സെല്ലുലാര്‍ ജയില്‍ അവര്‍ക്കു മുന്നില്‍ നെഞ്ചുവിരിച്ചു നിന്നു.
1932 ആയപ്പോള്‍ പല കേസുകളിലായി പിടികൂടിയ 1885 മാപ്പിളത്തടവുകാര്‍ സെല്ലുലാര്‍ ജയിലിലുണ്ടായിരുന്നു. പലരും കുറച്ചുകാലത്തേക്കു മാത്രം ശിക്ഷിക്കപ്പെട്ടവരായിരുന്നു.

ജയില്‍മോചിതരായ ശേഷം ആന്‍ഡമാനില്‍ തുടരേണ്ടവര്‍ക്ക് അവിടെത്തന്നെ തുടരാന്‍ ഗവണ്‍മെന്റ് അനുമതി നല്‍കി. തടവുകാരില്‍ 1171 പുരുഷന്മാരും 714 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. ഇവരില്‍ 79 പേര്‍ മാത്രമാണത്രെ കേരളത്തിലേക്ക് മടങ്ങിപ്പോയത്. മറ്റുള്ളവര്‍ പരസ്പരം വിവാഹം കഴിക്കുകയോ നാട്ടില്‍ വന്ന്, കുടുംബത്തെക്കൂടി ആന്‍ഡമാനിലെത്തിക്കുകയോ ചെയ്തു. അവര്‍ ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഗ്രാമങ്ങള്‍ സൃഷ്ടിച്ച് ജീവിതം തുടങ്ങി. കാട് വെട്ടി കൃഷിസ്ഥലങ്ങള്‍ രൂപപ്പെടുത്തി, ചെറിയ തോതില്‍ കച്ചവടങ്ങള്‍ നടത്തി അങ്ങനെ ആന്‍ഡമാന്റെ ഭൂമികയില്‍ അവര്‍ അലിഞ്ഞുചേര്‍ന്നു.

ദക്ഷിണ ആന്‍ഡമാന്റെ പലയിടത്തും ഇത്തരം മാപ്പിള 'സെറ്റില്‍മെന്റു'കളുണ്ട്. പിറന്ന നാടിനെ മറക്കാത്തവിധമാണ് അവര്‍ തങ്ങളുടെ സെറ്റില്‍മെന്റുകള്‍ക്ക് പേരുകള്‍  നല്‍കിയത്. കാലിക്കട്ട്, വണ്ടൂര്‍, മഞ്ചേരി, തിരൂര്‍ എന്നിങ്ങനെ. കാലപ്രവാഹത്തില്‍ ഈ പ്രദേശങ്ങളെല്ലാം ചെറിയ പട്ടണങ്ങളായി. അതുകൊണ്ടു തന്നെ, ആന്‍ഡമാനിലെത്തുന്ന മലയാളി, ബസുകളില്‍ സ്ഥലനാമങ്ങള്‍ എഴുതിവച്ചിരിക്കുന്നതു കണ്ട് ഒന്നു ഞെട്ടും. പോര്‍ട്ട്ബ്ലെയറില്‍നിന്ന് മഞ്ചേരിക്ക് ബസോ എന്ന് ചിന്തിച്ചു നില്‍ക്കുമ്പോള്‍ പോര്‍ട്ട്‌ബ്ലെയര്‍ തിരൂര്‍ ബസെത്തും !

കാലിക്കട്ട് എന്ന പേര് ഇപ്പോള്‍ ഔദ്യോഗികമായി നിലനില്‍ക്കുന്നത് ആന്‍ഡമാനിലെ കാലിക്കട്ടില്‍ മാത്രമാണ് എന്നതും കൗതുകകരമാണ്. 'ഒറിജനല്‍' കാലിക്കട്ട് നേരത്തെ തന്നെ 'കോഴിക്കോടാ'യി മാറിക്കഴിഞ്ഞല്ലോ. കാലിക്കട്ട് കാണാന്‍ കോഴിക്കോട്ടുകാര്‍ പോലും ഇനി ആന്‍ഡമാനില്‍ പോകണം!
മാപ്പിളത്തടവുകാര്‍ക്കു ശേഷം 1954 മുതല്‍ 1961 വരെയുള്ള കാലഘട്ടത്തില്‍ ആന്‍ഡമാന്‍ ദ്വീപുകളുടെ പുനര്‍നിര്‍മ്മാണത്തിനാവശ്യമായ തൊഴിലാളികളെ കേന്ദ്രഗവണ്‍മെന്റ് പോര്‍ട്ടബ്ലെയറിലെത്തിച്ചപ്പോള്‍ അതിലും നൂറുകണക്കിന് മലയാളികളുണ്ടായിരുന്നു. 1970-കളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായും നിരവധി മലയാളികള്‍ ആന്‍ഡമാനിലെത്തി. ഉദ്യോഗത്തില്‍നിന്നു വിരമിച്ച ശേഷവും ആരും കേരളത്തിലേക്ക് മടങ്ങിപ്പോയില്ല. കേരള സമാജം പ്രസിഡന്റ് ജയരാജനും ഇക്കൂട്ടത്തില്‍പ്പെടുന്നു. പൊതുമരാമത്തു വകുപ്പില്‍ എന്‍ജിനീയറായി 1968-ല്‍ പോര്‍ട്ട്ബ്ലെയറിലെത്തിയ അദ്ദേഹം 30 വര്‍ഷത്തെ സേവനത്തിനു ശേഷം എഴുത്തും വായനയും ചില്ലറ ബിസിനസ്സുകളുമായി ഇവിടെത്തന്നെ കൂടിയിരിക്കുകയാണ്.

പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മലയാളികള്‍ ആന്‍ഡമാനിലുണ്ടെങ്കിലും ഒരു മലയാളി ഇവിടെ എല്ലാവരാലും ആദരിക്കപ്പെടുന്നുണ്ട്. സിറാജ് എന്ന ഡ്രൈവറില്‍നിന്നാണ് ആദ്യമായി ആ പേര് എന്റെ ആന്‍ഡമാന്‍ യാത്രയില്‍ ഞാന്‍ കേട്ടത്. സെല്ലുലാര്‍ ജയിലിലേക്ക് തന്റെ ഇന്നോവ ഓടിക്കവേ സിറാജ്, മലമുകളിലെ വലിയൊരു മതില്‍ ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു: ''ഇതാണ് രാജ്നിവാസ്. ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതി. നിങ്ങളുടെ നാട്ടുകാരന്‍ വക്കം സാര്‍ താമസിച്ചിരുന്നത് ഇവിടെയാണ്.''

രാഷ്ട്രീയക്കാരോട് യാതൊരു പ്രതിപത്തിയുമില്ലാത്ത ഞാന്‍, 1993 മുതല്‍ '96 വരെ ആന്‍ഡമാനിലെ ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്ന വക്കം പുരുഷോത്തമനെപ്പറ്റി സിറാജ് തുടര്‍ന്നു പറയാന്‍ പോകുന്ന കുറ്റങ്ങളും അഴിമതി ആരോപണങ്ങളും കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചിരുന്നു. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് സിറാജ് തുടര്‍ന്നു പറഞ്ഞത് ഇങ്ങനെയാണ്: ''വക്കം സാറിനെ ഇവിടെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ആന്‍ഡമാനുവേണ്ടി, പ്രത്യേകിച്ച് പോര്‍ട്ട്ബ്ലെയറിനുവേണ്ടി, ഇത്രയധികം നല്ല കാര്യങ്ങള്‍ ചെയ്ത വേറെ ആരുമുണ്ടായിട്ടില്ല. ഇവിടെ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിക്കപ്പെടുന്നവര്‍ ആദ്യമേ ചെയ്യുന്നത് മക്കളേയും മരുമക്കളേയും ഇവിടെ എത്തിക്കുക എന്നുള്ളതാണ്. എന്നിട്ട് ഗവണ്‍മെന്റ് കോണ്‍ട്രാക്ടുകളും മറ്റും അവര്‍ക്ക് കിട്ടുന്ന രീതിയില്‍  ബിനാമി ഏര്‍പ്പാടുകള്‍ തുടങ്ങും. മൂന്നോ നാലോ വര്‍ഷം കഴിഞ്ഞ് കോടീശ്വരന്മാരായി ഗവര്‍ണറും മക്കളും മരുമക്കളും മെയിന്‍ലാന്റിലേക്ക് വിമാനം കയറുകയും ചെയ്യും. ഇതിനിടയ്ക്ക് ആന്‍ഡമാന്റെ വികസനം ശ്രദ്ധിക്കാന്‍ അവര്‍ക്കെവിടെ സമയം!''
പക്ഷേ, വക്കം പുരുഷോത്തമന്‍ അങ്ങനെ ആയിരുന്നില്ലത്രേ. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതിരുന്ന പല ദ്വീപുകളിലും പൊതുജന നന്മയ്ക്കായി അദ്ദേഹം പലതും ചെയ്തു. അത്യാധുനിക ബോട്ട് ജെട്ടികള്‍ പണിത്  ദ്വീപുകളില്‍നിന്ന് ദ്വീപുകളിലേക്കുള്ള യാത്ര എളുപ്പമാക്കി. പോര്‍ട്ട്ബ്ലെയറിലെ രാജീവ് ഗാന്ധി വാട്ടര്‍ കോംപ്ലക്സ് ഉള്‍പ്പെടെയുള്ള വന്‍ പദ്ധതികള്‍ നടപ്പിലാക്കി. റോഡുകള്‍ വികസിപ്പിച്ചു. ''വക്കം സാര്‍ ഇവിടെ നിന്ന് പണമുണ്ടാക്കിയോ എന്ന് ഞങ്ങള്‍ക്കറിയില്ല''- സിറാജ് കൂട്ടിച്ചേര്‍ത്തു. ''പക്ഷേ ഇവിടെ വികസനം കൊണ്ടുവന്നത് അന്നുമിന്നും അദ്ദേഹം മാത്രമാണ്.''
1982 വരെ ചീഫ് കമ്മിഷണര്‍ ആയിരുന്നു ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ഭരണകര്‍ത്താവ്. പിന്നീട് ലഫ്റ്റനന്റ് ഗവര്‍ണറുടെ ചുമതലയിലായി. ഗവര്‍ണറെ ഭരണകാര്യത്തില്‍ സഹായിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന കൗണ്‍സിലര്‍മാര്‍ അടങ്ങുന്ന 'പ്രദേശ് കൗണ്‍സിലുമുണ്ട്.' ഇപ്പോള്‍ ലോക്സഭയില്‍ ആന്‍ഡമാന് ഒരു സീറ്റുമുണ്ട്.

ആന്‍ഡമാനിലെ കിരീടം വെയ്ക്കാത്ത രാജാവാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍. ഗവര്‍ണര്‍ പദവിക്ക് പൊതുവെ അധികാരങ്ങള്‍ കാര്യമായിട്ടൊന്നുമില്ലെങ്കിലും ലഫ്റ്റനന്റ് ഗവര്‍ണറുടെ കാര്യം അങ്ങനെയല്ല. കേന്ദ്രഗവണ്‍മെന്റിന്റെ പ്രതിനിധി എന്ന നിലയില്‍ ഭരണകാര്യങ്ങളെല്ലാം നിര്‍വഹിക്കുന്നത് ലെഫ്റ്റനന്റ് ഗവര്‍ണറാണ്. പോര്‍ട്ട്ബ്ലെയറില്‍ ഒരു കുന്നിന്‍മുകളില്‍ നഗരത്തെ വീക്ഷിച്ചുകൊണ്ട് നില്‍ക്കുന്ന പഴയ കൊട്ടാരമാണ് ഗവര്‍ണറുടെ വാസസ്ഥലമായ രാജ്നിവാസ്. 1870-ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഈ ഗംഭീര കൊട്ടാരം കെളോണില്‍ വാസ്തുശില്പ ഭംഗി പേറുന്നതാണ്. മൂന്ന് ഏക്കറിലാണ് രാജ്നിവാസും ചുറ്റുമുള്ള ഉദ്യാനവും സ്ഥിതിചെയ്യുന്നത്.
എന്തായാലും, മലയാളിയായ ഒരു രാഷ്ട്രീയനേതാവിനെക്കുറിച്ച് ആന്‍ഡമാനിലെ ജനങ്ങള്‍ നല്ലതു പറയുന്നതു കേട്ടപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി. പിന്നീടുള്ള യാത്രകളിലും പലയിടത്തും ശിലാഫലകങ്ങളില്‍ ആ മനുഷ്യന്റെ പേര് കണ്ടു - ഉദ്ഘാടനം: വക്കം പുരുഷോത്തമന്‍.

ഇനിയിന്ന് വെയിലാറിയിട്ട് ഒരു നഗരപ്രദക്ഷിണമാവാം. അതുവരെ ഹോട്ടലില്‍ പോയി വിശ്രമം. സലാമിനോട് യാത്ര പറഞ്ഞ്, സിറാജിന്റെ കാറിലേറി ഹോട്ടലിലേക്ക്. പിറ്റേന്നു രാവിലെ സെല്ലുലാര്‍ ജയിലില്‍ പോകാനായി രാവിലെ 9.30-ന് എത്തുമെന്ന് അറിയിച്ചിട്ട് സിറാജ് യാത്രയായി. ഞാന്‍ വെയില്‍കൊണ്ട് കരുവാളിച്ച മുഖം കണ്ണാടിയില്‍ കണ്ട് ദുഃഖിതനായി സമയം ചെലവഴിച്ചു.
സൂര്യന്‍ താഴ്ന്നെന്ന് ഉറപ്പുവരുത്തിയിട്ടാണ് മുറിവിട്ട്  ഇറങ്ങിയത്. എന്നെ സംബന്ധിച്ച്, എത്ര മാരകമായ തണുപ്പും സഹിക്കാം. പക്ഷേ, ചൂട് തീരെ പറ്റില്ല. ആന്‍ഡമാന്‍, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലൊന്നും ഒരു സീസണിലും തണുപ്പ് പ്രതീക്ഷിക്കാനാവാത്തതുകൊണ്ട്, അവ കാണണമെങ്കില്‍ ചൂട് സഹിച്ചേ പറ്റൂ!
ഹോട്ടലില്‍ നിന്നിറങ്ങി, ഇന്ദിരാ ഗാന്ധിയുടെ പ്രതിമ കടന്ന്, സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ വലിയ കെട്ടിടവും പിന്നിട്ട് അബര്‍ദീന്‍ ബസാര്‍ ലക്ഷ്യമാക്കി നടന്നു. പോര്‍ട്ട്ബ്ലെയറിലെ ഏറ്റവും വലിയ മാര്‍ക്കറ്റാണത്. 


മാര്‍ക്കറ്റ് എത്തുന്നതിനു മുന്‍പ് തട്ടുകടകളുടെ നിരകണ്ടു. പുറത്ത് നിരത്തിയിട്ട കസേരകളില്‍ നിറയെ ജനമാണ്. ഉഴുന്നുവട, മുളകുബജി തുടങ്ങിയ ചെറുകടികള്‍ ചില്ലലമാരകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വലിയ വൃത്തിയൊന്നുമില്ലെങ്കിലും ഒരു ചായ കുടിക്കാന്‍ തീരുമാനിച്ചു. ചായ അടിക്കുന്നത് ഒരു ടിപ്പിക്കല്‍ തമിഴനാണ്. കറുത്തു തടിച്ച മൊട്ടത്തലയന്‍. മഞ്ഞ നിറമുള്ള  ബനിയന്‍ വിയര്‍പ്പില്‍ കുളിച്ചിരിക്കുന്നു. മധുരയിലെ ഏതോ ചായക്കടയില്‍നിന്ന് തത്സമയം ഇറക്കുമതി ചെയ്തതുപോലെയുള്ള  രൂപം. തമിഴ്നാട്ടിലെ അതേ 'ആംബിയന്‍സു'മാണ് ചായക്കടയ്ക്ക്.

ചായ കുടിച്ചുകൊണ്ടു നിന്നപ്പോള്‍ ഞാന്‍ ചുറ്റും നില്‍ക്കുന്നവരെ ശ്രദ്ധിച്ചു. ശരിക്കും ഇന്ത്യയുടെ ഒരു പരിച്ഛേദം. പല സംസ്ഥാനക്കാര്‍. പല തൊഴിലെടുക്കുന്നവര്‍. പല സംസ്‌കാരങ്ങളില്‍ നിന്നു വന്നവര്‍. പല ഭാഷകള്‍ സംസാരിക്കുന്നവര്‍. അവര്‍ ഒരേ മനസ്സോടെ ജീവിക്കുകയാണ്, ഇന്ത്യയില്‍നിന്ന് 1300 കി.മീ അകലെയുള്ള ഈ ദ്വീപില്‍. ഇന്ത്യയുടെ അഖണ്ഡതയും സാംസ്‌കാരിക വൈവിധ്യവുമൊക്കെ ഒരു സ്ഥലത്ത് ഒരുമിക്കുന്നത് കാണണമെങ്കില്‍ ആന്‍ഡമാനിലേക്കു വന്നാല്‍ മതി.
അബര്‍ദീന്‍ ബസാര്‍ സ്ഥാപിച്ചത് ബ്രിട്ടീഷുകാരാണ്. ബസാറിന്റെ തുടക്കത്തില്‍, അവര്‍ സ്ഥാപിച്ച ക്ലോക്ക് ടവറുണ്ട്. ടവറിന്റെ നാലു ചുറ്റും ക്ലോക്കുകളുണ്ടെങ്കിലും ഒന്നിലും കൃത്യമായ സമയം കാണിക്കുന്നില്ല. ബ്രിട്ടീഷ് രാജിന്റെ കാലത്തെ ഈ ടവര്‍ ഒരു ചരിത്രസ്മാരകമെന്ന നിലയില്‍ സംരക്ഷിക്കേണ്ടതല്ലേ?
ചുക്കുമുതല്‍ ചുണ്ണാമ്പുവരെ എന്തും കിട്ടുന്ന ഷോപ്പുകളാണ് ബസാറില്‍ നിറയെ. തടികൊണ്ടുള്ള കരകൗശല വസ്തുക്കള്‍, ആന്‍ഡമാന്‍ എന്നെഴുതിയ ടീഷര്‍ട്ടുകള്‍, ചെറിയ സുവനീറുകള്‍ എന്നിവയ്ക്കു വേണ്ടിയാണ് സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കുന്നത്. കടുംനിറമുള്ള ഷര്‍ട്ടുകളും പച്ചഗ്ലാസുള്ള കൂളിംഗ് ഗ്ലാസുകളുമൊക്കെ ബംഗാളികളിലെ 'പരിഷ്‌കാരികള്‍' വാങ്ങിക്കൂട്ടുന്നുണ്ട്. സുവനീറുകള്‍ ഒഴികെ മറ്റൊന്നും നമ്മുടെ 'ടേസ്റ്റിന്' ചേരില്ല എന്നതാണ് സത്യം. 
അബര്‍ദീന്‍ ബസാര്‍ കുന്നുകയറിയിറങ്ങി ശാഖോപശാഖകളായി പല വഴികളിലൂടെ നീളുന്നുണ്ട്. ഏതുവഴി പോയാലും എല്ലാം ഒടുവില്‍ പോര്‍ട്ട്ബ്ലെയറിന്റെ ലാന്‍ഡ് മാര്‍ക്കെന്നു വിളിക്കാവുന്ന ഇന്ദിരാ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ എത്തിച്ചേരും. ഏതൊരാള്‍ക്കും ഒരു ദിവസം കൊണ്ട് പോര്‍ട്ട്ബ്ലെയറിന്റെ വഴികള്‍ പഠിച്ചെടുക്കാം. അത്രയ്ക്കുള്ള വലിപ്പമേയുള്ളു സിറ്റിക്ക്.         

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com