''എനിക്ക് ഹിന്ദുത്വ രാഷ്ട്രീയത്തെഎങ്ങനെ അംഗീകരിക്കാനാവും?''

2011 ആഗസ്ത് 31-ന്. രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം 2013-ല്‍ സമകാലിക മലയാളത്തിനുവേണ്ടി അദ്ദേഹത്തോട് സംസാരിക്കുമ്പോഴും റിപ്പോര്‍ട്ടിലുള്‍പ്പെട്ട മുന്നറിയിപ്പുകള്‍ അദ്ദേഹം ആവര്‍ത്തിക്കുകയാണ് ചെയ്തത്.
മാധവ് ഗാഡ്ഗില്‍/ഫോട്ടോ എ സനേഷ്/ എക്‌സ്പ്രസ്
മാധവ് ഗാഡ്ഗില്‍/ഫോട്ടോ എ സനേഷ്/ എക്‌സ്പ്രസ്

ഴുവര്‍ഷം മുന്‍പാണ് മാധവ് ഗാഡ്ഗില്‍ കേരളമെന്ന ഭൂവിഭാഗത്തിന് അതിരിടുക കൂടിചെയ്യുന്ന ജൈവവൈവിധ്യസമ്പൂര്‍ണ്ണവും പരിസ്ഥിതിലോലവുമായ പശ്ചിമഘട്ട സംരക്ഷണത്തെ മുന്‍നിര്‍ത്തിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 2011 ആഗസ്ത് 31-ന്. രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം 2013-ല്‍ സമകാലിക മലയാളത്തിനുവേണ്ടി അദ്ദേഹത്തോട് സംസാരിക്കുമ്പോഴും റിപ്പോര്‍ട്ടിലുള്‍പ്പെട്ട മുന്നറിയിപ്പുകള്‍ അദ്ദേഹം ആവര്‍ത്തിക്കുകയാണ് ചെയ്തത്. അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തോട് വീണ്ടും സംസാരിക്കുമ്പോള്‍ തന്റെ കണ്ടെത്തലുകള്‍ക്ക് ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയം അടിവരയിട്ടെന്നും ഇനിയുമൊരു ദുരന്തത്തിനു മുന്‍പ് കേരളം ഭരിക്കുന്നവരും സമൂഹവും പശ്ചിമഘട്ട സംരക്ഷണത്തിന് അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നുമാണ് പറഞ്ഞത്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ നവനിര്‍മ്മാണത്തിനു കുറ്റങ്ങളും കുറവുകളുമേറെയുള്ള വികേന്ദ്രീകൃതാസൂത്രണത്തിന്റെ മാതൃക പിന്‍തുടരുകതന്നെ വേണമെന്നും അദ്ദേഹം ആണയിട്ടു പറഞ്ഞു. 

മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ പ്രളയദുരിതങ്ങള്‍ക്ക് ഇത്ര ഗൗരവമുണ്ടാകില്ലായിരുന്നുവെന്ന് എന്ത് അടിസ്ഥാനത്തിലാണ് താങ്കള്‍ വാദിക്കുന്നത്? 

ജലവിഭവ വിനിയോഗം, ഖനനം തുടങ്ങി പ്രകൃതിയുമായി ഇടപെടുന്ന മേഖലകളില്‍ നടക്കുന്ന നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പല പാനലുകളും പഠിച്ചിട്ടുണ്ട്. അതൊന്നും നടപ്പായിട്ടില്ല. ഈയൊരു പശ്ചാത്തലത്തിലാണ് എന്റെ നേതൃത്വത്തിലൊരു കമ്മിറ്റി പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുന്നത്. അവിടങ്ങളില്‍ ജീവിക്കുന്ന മനുഷ്യരെ പരിഗണിച്ചുകൊണ്ടുതന്നെ, വസ്തുതകളെ കണ്ടില്ലെന്നു നടിക്കാതെ പശ്ചിമഘട്ട സംരക്ഷണത്തിനുവേണ്ട ശാസ്ത്രീയവും യുക്തിസഹവുമായ നിര്‍ദ്ദേശങ്ങളാണ് ആ കമ്മിറ്റി സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു പുതിയ സംവിധാനം തന്നെ ഉണ്ടാകുമായിരുന്നു. നിര്‍ദ്ദേശങ്ങളിലെ ശാസ്ത്രീയതയേയും വസ്തുനിഷ്ഠതയേയും കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ് റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ആഘാതം ഇത്തരത്തിലുണ്ടാകില്ലായിരുന്നുവെന്നു പറയുന്നത്.

റിപ്പോര്‍ട്ട് തയ്യാറാക്കിയ രീതിയില്‍ ചില പിശകുകളുണ്ടെന്ന് ചില വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കിയ വേളയില്‍ പ്രാദേശിക ജനസമൂഹങ്ങളുമായി വേണ്ടത്ര ചര്‍ച്ച നടത്തിയിരുന്നില്ലെന്നതാണ് അതിലെ പ്രധാനപ്പെട്ട ഒന്ന്. എന്നിട്ടും ജനപങ്കാളിത്തത്തോടുകൂടിയുള്ള പശ്ചിമഘട്ട സംരക്ഷണം എന്ന മുദ്രാവാക്യത്തില്‍ പ്രത്യേക ഊന്നല്‍ താങ്കള്‍ നല്‍കുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനു നമ്മുടെ വികേന്ദ്രീകരിക്കപ്പെട്ട അധികാരസ്ഥാപനങ്ങളെ ആശ്രയിക്കണമെന്ന് വാദിക്കുന്നു. ഇതിലൊരു വൈരുദ്ധ്യമില്ലേ?
ആ നിരീക്ഷണം പൂര്‍ണ്ണമായും ശരിയല്ല. പാനലിനു നേതൃത്വം കൊടുത്ത ഞാന്‍ തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ചുരുങ്ങിയത് രണ്ടു സംസ്ഥാനങ്ങളിലെ-മഹാരാഷ്ട്രയിലേയും ഗോവയിലേയും-പ്രാദേശിക ജനസമൂഹങ്ങളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരുപക്ഷേ, ചിലപ്പോള്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് അതിനു വേണ്ടത്ര സമയവും സാവകാശവും കിട്ടിയില്ലായിരിക്കാം. എന്നിരുന്നാലും അവര്‍ക്കും ഈ വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങളുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിന്റെ കുറേക്കാലമായുള്ള പരിചയമുള്ളവരാണ്. എന്റെ കാര്യം തന്നെ പറഞ്ഞാല്‍ 1972 മുതല്‍ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രാദേശിക ജനസമൂഹങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് പ്രവര്‍ത്തിച്ച പരിചയമാണ് ചൂണ്ടിക്കാണിക്കാനുള്ളത്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര പശ്ചിമഘട്ടമേഖലകള്‍, തമിഴ്നാട്ടിലെ നീലഗിരി ജില്ല എന്നിങ്ങനെയൊക്കെയുള്ള പ്രദേശങ്ങളിലെ ജനസമൂഹങ്ങളുമായി ഞാന്‍ ഈ വിഷയത്തില്‍ ഇടപഴകിയിട്ടുണ്ട്. ആ അനുഭവങ്ങളുടെയെല്ലാം പിന്തുണ പ്രയോജനപ്പെടുത്തിക്കൊണ്ടുതന്നെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഒരുപക്ഷേ, റിപ്പോര്‍ട്ടിന് നല്‍കിയ കാലയളവിനുള്ളില്‍ അത്തരത്തിലൊരു കണ്‍സള്‍ട്ടേഷനു കഴിഞ്ഞില്ലായിരിക്കാം. എങ്കിലും ജനങ്ങള്‍ക്കിടയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഞങ്ങളുടെയെല്ലാം അനുഭവങ്ങളുടെ പിന്തുണ റിപ്പോര്‍ട്ടിനുണ്ട്. 

നമ്മുടെ രാജ്യത്ത് ഡാം മാനേജ്‌മെന്റിന് സമഗ്രമായ ഒരു സംവിധാനം ഉണ്ടോ? ഇപ്പോള്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ഡാം മാനേജ്‌മെന്റ് എന്ന വിഷയത്തിന് എങ്ങനെയാണ് പ്രാധാന്യം കൈവരുന്നത്? 
ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് സയന്‍സിലെ എന്റെ സുഹൃത്തുക്കളും മറ്റും പറയുന്നതു കേട്ട അറിവേ എനിക്കുള്ളൂ. ഐഐടി റൂര്‍ക്കിയിലെ ഒരു പ്രഫസര്‍ കൂടി ഉള്‍പ്പെടുന്ന ഒരു പാനല്‍ ചര്‍ച്ചയും ഞാന്‍ ടി.വിയില്‍ കണ്ടു. അവര്‍ പറയുന്നതനുസരിച്ച് അണക്കെട്ടുകളിലെ ജലസംഭരണികളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, അത്തരത്തിലുള്ള ഒരു മാര്‍ഗ്ഗരേഖ ഇക്കൊല്ലം കേരളത്തില്‍ പാലിക്കപ്പെട്ടിട്ടില്ല എന്നും അവരില്‍നിന്നു മനസ്സിലാക്കുന്നു. 

പശ്ചിമഘട്ട മേഖലയിലെ അണക്കെട്ടുകള്‍ മനുഷ്യജീവനും പരിസ്ഥിതിക്കും ഭീഷണിയുയര്‍ത്താന്‍ പര്യാപ്തമാണെന്നു അഭിപ്രായമുണ്ടോ? ചില അണക്കെട്ടുകള്‍ ഘട്ടം ഘട്ടമായി ഡീ കമ്മിഷന്‍ ചെയ്യുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടിലുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഉന്നതോദ്യോഗസ്ഥരും വകുപ്പുമന്ത്രിയും ഇപ്പോഴിതാ വീണ്ടും അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് സംസാരിക്കാനാരംഭിച്ചിരിക്കുന്നു. 
ശരിയായ രീതിയില്‍ ഡാമുകള്‍ മാനേജ് ചെയ്യപ്പെടുകയാണെങ്കില്‍ അത് മനുഷ്യജീവന് ഭീഷണിയുയര്‍ത്തുകയൊന്നുമില്ല. എന്നാല്‍, ആവശ്യമില്ലാത്ത അണക്കെട്ടുകളുമുണ്ട്. താങ്കള്‍ ചൂണ്ടിക്കാണിച്ചപോലെ ചിലവ ഇത്തരത്തില്‍ ഭീഷണിയുയര്‍ത്തുന്നവയുമാണ്. ഏറെക്കാലം മുന്‍പ് ഇതു സംബന്ധിച്ചു ഞാന്‍ നടത്തിയ ഒരു പഠനം ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് അക്കാഡമിക് സയന്‍സസിന്റെ ജേണലിലുണ്ട്. ഹില്‍സ്, ഡാംസ് ആന്റ് ഫോറസ്റ്റ്‌സ് എന്ന പേരിലുള്ള ആ പഠനത്തില്‍ എന്റെ ശ്രദ്ധയില്‍ വന്ന അണക്കെട്ടുകള്‍ തെറ്റായി കൈകാര്യം ചെയ്തതിന്റെ സന്ദര്‍ഭങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിരപ്പിള്ളി പദ്ധതിയെ സംബന്ധിച്ചു പറയുമ്പോള്‍ അത് പല നിലയ്ക്കുള്ള പരിശോധനകളില്‍ തീര്‍ത്തും അനഭിലഷണീയമായ ഒന്നാണെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച വസ്തുതകള്‍ കെ.എസ്.ഇ.ബിയിലെ എന്‍ജിനീയര്‍മാര്‍ക്കു മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത്തരമൊരു അണക്കെട്ട് എന്തുകൊണ്ടു വേണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനെ ഖണ്ഡിക്കാനോ തെറ്റാണെന്നു സ്ഥാപിക്കാനോ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ഞങ്ങളുടെ എല്ലാ എതിര്‍പ്പുകളേയും അവര്‍ അംഗീകരിക്കുന്നുവെന്നാണ് അതില്‍നിന്നു വ്യക്തമാകുന്നത്. ഞങ്ങളുയര്‍ത്തിയ എതിര്‍പ്പുകളെല്ലാം ഗൗരവമുള്ളവയായിരുന്നു. അവയിലൊന്നിനെപ്പോലും എതിര്‍ക്കാന്‍ അവര്‍ക്കായിട്ടില്ല എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. 

പശ്ചിമഘട്ട മേഖലയിലെ കുടിയേറ്റ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ ജീവനോപാധികളേയും സ്വത്തവകാശത്തേയും അവഗണിക്കുന്നുവെന്നാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയുള്ള വലിയ വിമര്‍ശനം. സോണുകളായി തിരിക്കുന്നതില്‍ സാമൂഹിക സാമ്പത്തിക ഘടകങ്ങള്‍ ഘടകമേ ആകുന്നില്ലെന്നും വിമര്‍ശനമുണ്ട്. ഇതില്‍ കഴമ്പുണ്ടോ? 
 ഒരു കഴമ്പുമില്ല. വസിഷ്ഠി നദിയുടെ മലിനീകരണത്തെക്കുറിച്ചും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെക്കുറിച്ചുമൊക്കെ റിപ്പോര്‍ട്ട് വിശദമാക്കിയിട്ടുണ്ട്. അതിലെല്ലാം പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചു കഴിയുന്ന വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഉപജീവനത്തെക്കുറിച്ചുള്ള കമ്മിറ്റിയുടെ ഉല്‍ക്കണ്ഠ വളരെ വ്യക്തമാണ്. സിന്ധുദുര്‍ഗ് ജില്ലയെക്കുറിച്ചും അവിടെ ചില വികസന പദ്ധതികള്‍ക്കെതിരെ കര്‍ഷകര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ന്യായമായ പ്രക്ഷോഭത്തെക്കുറിച്ചുമൊക്കെ റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നുണ്ട്. ഇതില്‍നിന്നെല്ലാം സാമൂഹിക സാമ്പത്തിക ഘടകങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കുന്ന ഊന്നല്‍ വളരെ വ്യക്തമാണ്. പശ്ചിമഘട്ടത്തില്‍ ജീവിക്കുന്ന ജനവിഭാഗങ്ങളെ ബാധിക്കുന്ന തരത്തില്‍ ഒരു വാചകം പോലും റിപ്പോര്‍ട്ടിലില്ല. എന്നാല്‍ പാരിസ്ഥിതിക പ്രാധാന്യം അര്‍ഹിക്കുന്ന ഈ പ്രദേശങ്ങളിലെ വികസനപദ്ധതികളെക്കുറിച്ച് തീര്‍ച്ചയായും ഉല്‍ക്കണ്ഠയുണ്ട്. അവിടങ്ങളില്‍ പാരിസ്ഥിതിക സന്തുലനം നഷ്ടപ്പെടുന്നത് ജൈവവൈവിധ്യത്തെ മാത്രമല്ല, പശ്ചിമഘട്ടത്തിലല്ലാത്ത പ്രദേശങ്ങളില്‍ക്കൂടി ജീവിക്കുന്ന ജനവിഭാഗങ്ങളെ ബാധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. 

രാജ്യത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലും ക്വാറികള്‍ വലിയ പാരിസ്ഥിതിക ഉത്കണ്ഠയായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനും ക്വാറികളെ ആശ്രയിക്കാതെ വയ്യ. എങ്ങനെയാണ് നമ്മുടെ വികസനാവശ്യങ്ങളും പാരിസ്ഥിതികമായ നിയന്ത്രണങ്ങള്‍ക്കുമിടയ്ക്ക് ഒരു സന്തുലനം സാധ്യമാക്കുക?
ക്വാറികളുടെ പ്രവര്‍ത്തനം ഒറ്റയടിക്ക് ഇല്ലാതാക്കുക സാധ്യമല്ലെന്നതു ശരിയാണ്. പക്ഷേ, അവ എന്തുകൊണ്ട് സഹകരണമേഖലയിലായിക്കൂടാ? ആ വഴിക്ക് ചിന്തിച്ചുകൂടേ? അല്ലെങ്കില്‍ നാല്‍പ്പതു ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീയെ ഈ രംഗത്ത് പരീക്ഷിച്ചുകൂടാ? കഴിഞ്ഞ 20 വര്‍ഷമായി അവര്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്നത് നാം കാണുന്നുണ്ട്. പ്രകൃതിക്ക് അനാവശ്യമായ പരുക്കേല്‍പ്പിക്കാതെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്കാകും. ഇത്തരം വാണിജ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പെട്ടെന്നുതന്നെ വൈദഗ്ധ്യം കൈവരിക്കാന്‍ അവര്‍ക്കാകും. അതവര്‍ക്ക് കൂടുതല്‍ സാധ്യതകളും തുറന്നുനല്‍കും. സാമൂഹ്യ മൂലധനം വര്‍ധിപ്പിക്കുന്നതിനു സഹായകമാകുകയും ചെയ്യും. പാറമട ഖനനം പോലുള്ള കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ദോഷമുണ്ടാകാത്ത രീതിയില്‍ ഉത്തരവാദിത്വത്തോടെ ചെയ്യേണ്ടതുതന്നെയാണ്. മൈനിംഗും ക്വാറിയിംഗും ഇന്നു നടക്കുന്ന രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്ക് കഴിയാത്ത അവസ്ഥയിലായിരിക്കുന്നു. 

പോസിറ്റീവ് ഇന്‍സെന്റീവ്‌സ് എന്ന ഒരു ആശയത്തെക്കുറിച്ച് താങ്കള്‍ സംസാരിക്കുന്നു. ഇതെന്താണെന്ന് വിശദമാക്കാമോ?
ഞങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പോസിറ്റീവ് ഇന്‍സെന്റീവ്‌സിനെക്കുറിച്ചുണ്ട്. പോസിറ്റീവ് ഇന്‍സെന്റീവ്‌സ് സംബന്ധിച്ച ഒരു പട്ടിക നല്‍കിയിട്ടുമുണ്ട്. ഉദാഹരണത്തിന് പശ്ചിമഘട്ടത്തില്‍ ജൈവക്കൃഷിയാകാമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു ഓസ്‌ട്രേലിയന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ഞങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. കൃഷിക്കാര്‍ ജൈവക്കൃഷിയിലേക്ക് മാറുന്നതോടെ മണ്ണിലെ ഓര്‍ഗാനിക് കാര്‍ബണ്‍ ഉള്ളടക്കം വര്‍ധിക്കുന്നത് പൊതുവായ നമ്മുടെ പാരിസ്ഥിതിക മൂലധനത്തിലുള്ള വര്‍ധന സൃഷ്ടിക്കുന്നു. ഇതിന് കൃഷിക്കാര്‍ക്ക് ഇന്‍സെന്റീവ്‌സ് നല്‍കുന്നു. പ്രാദേശിക ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് കളക്ഷന്‍ ചാര്‍ജുകള്‍ ചുമത്തുന്നതിന് ബയോളജിക്കല്‍ ഡൈവേഴ്സിറ്റി ആക്ടില്‍ വകുപ്പുണ്ട്. ഇത് നല്ല ഒരു വരുമാനമാര്‍ഗ്ഗമാകുന്നു. അത് പോസിറ്റീവ് ഇന്‍സെന്റീവ്‌സ് ആയി നല്‍കുന്നു. വേറെയും ഉദാഹരണങ്ങളുണ്ട്. റിപ്പോര്‍ട്ടില്‍ ഞങ്ങള്‍ പോസിറ്റീവ് ഇന്‍സെന്റീവ്‌സിനെ സംബന്ധിച്ച് സവിശേഷമായി പ്രതിപാദിച്ചിട്ടുണ്ട്. 

കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കുന്നത് അതില്‍പ്പെടുമോ?
ഞങ്ങളതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. പക്ഷേ, നാലോ അഞ്ചോ തരത്തില്‍ കര്‍ഷകരുള്‍പ്പെടെയുള്ള സ്റ്റേക് ഹോള്‍ഡേഴ്‌സിന് പോസിറ്റീവ് ഇന്‍സെന്റീവ് നല്‍കാവുന്ന സംവിധാനം ആകാമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

നാച്ചുറല്‍ കാപ്പിറ്റലിന്റെ നഷ്ടം തടയുന്നതിന് നമ്മള്‍ നിയമങ്ങളുണ്ടാക്കിയിട്ടുണ്ട്. ഗോവയിലെ മൈനിംഗിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഷാ കമ്മിഷനെപ്പോലെയുള്ള പാനലുകള്‍ അനുവദനീയമായ പരിധിക്കപ്പുറം നടക്കുന്ന ഇത്തരം പ്രകൃതിചൂഷണങ്ങള്‍ ജലവിഭവത്തിന്റേയും കൃഷിയുടേയും ജൈവവൈവിധ്യത്തിന്റേയും ശോഷണത്തിനു വഴിവയ്ക്കുന്നുവെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നിട്ടും നാച്ചുറല്‍ കാപ്പിറ്റലിന്റെ ഒലിച്ചുപോക്ക് തടയുന്നതില്‍ നമ്മുടെ വ്യവസ്ഥ ഒന്നാകെ പരാജയപ്പെടുന്നു. എങ്ങനെയാണ് വ്യവസ്ഥാപരമായ ഈ തകരാറിനെ നാം കൈകാര്യം ചെയ്യേണ്ടത്?
നമ്മുടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലെ അഴിമതിക്ക് കടിഞ്ഞാണിടുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. പല നിലയ്ക്കും നമ്മുടെ സമൂഹത്തിന്റേയും രാഷ്ട്രീയവ്യവസ്ഥയുടേയും ആരോഗ്യത്തിന് ഇത് അനുപേക്ഷണീയമാണ്. ഷാ കമ്മിഷന്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിക്ഷിപ്ത താല്‍പ്പര്യക്കാരുമായുള്ള കൂട്ടുകെട്ട് കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്. 

നമുക്ക് ഭൂവിനിയോഗത്തിന്റെ കാര്യത്തില്‍ ശരിയായ ആസൂത്രണമുണ്ടായിട്ടുണ്ടോ? കേരളത്തിലടക്കം പലയിടങ്ങളിലും സി.ആര്‍.ഇസെഡ് നിയമങ്ങള്‍ ലംഘിക്കപ്പെടുകയോ വെള്ളം ചേര്‍ക്കപ്പെടുകയോ ചെയ്യുന്നു. കേരളത്തില്‍ തണ്ണീര്‍ത്തട-വയല്‍ സംരക്ഷണ ആക്ടിലും വെള്ളം ചേര്‍ക്കപ്പെടുന്നു. 
ഭൂവിനിയോഗത്തെക്കുറിച്ച് സമഗ്രവും കൃത്യവുമായ ഒരു പദ്ധതി ഞങ്ങള്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലെ തണ്ണീര്‍ത്തട-വയല്‍ സംരക്ഷണ ശ്രമങ്ങളൊക്കെ ഇത്തരത്തില്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിക്കുന്നവര്‍ തന്നെയാണ് പൊടുന്നനെ ശരിയായ ഭൂവിനിയോഗത്തിന്റെ പ്രസക്തിയെക്കുറിച്ച് ശബ്ദമുയര്‍ത്തുന്നത് എന്നത് കൗതുകകരമാണ്. 

സംസ്ഥാന ഗവണ്‍മെന്റ് ഇപ്പോള്‍ സംസാരിക്കുന്നത് കേരളത്തെ പുതുക്കിപ്പണിയുന്നതിനെക്കുറിച്ച്. സൂചനകളനുസരിച്ച് ഈ ജോലി പുറംകരാറു കൊടുക്കുന്നതിനുള്ള താല്‍പ്പര്യമാണ് അധികാരകേന്ദ്രങ്ങളില്‍ പ്രകടമാകുന്നത്. ഇതിനാവശ്യമായ ഫണ്ടിനായി അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍ക്ക് പിറകേയാണ് സംസ്ഥാന ഗവണ്മ!!െന്റ്. ആ രീതിയിലുള്ള സാമ്പത്തിക സഹായവും ഏജന്‍സികളെ ആശ്രയിച്ചുള്ള പുതുക്കിപ്പണിയലും ജനാഭിമുഖ്യമുള്ള ഒന്നായിരിക്കുമെന്ന് കരുതുന്നുണ്ടോ?
കാര്യങ്ങള്‍ അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും എനിക്ക് സംശയമുണ്ട്. ഇരുപത് വര്‍ഷം മുന്‍പ് നമുക്കൊരു ജനകീയാസൂത്രണാനുഭവമുണ്ട്. താഴെത്തട്ടില്‍ ആളുകള്‍ കൂടിയിരുന്ന് ഏതുതരത്തിലുള്ള വികസനം വേണം എന്ന് നിശ്ചയിക്കുന്ന ഒരനുഭവം. ആ ജനകീയാസൂത്രണത്തിന്റെ സാരാംശം ഉള്‍ക്കൊണ്ടും അതു പകര്‍ത്തിയും വേണം നവകേരള നിര്‍മ്മാണമെന്നാണ് എനിക്കു പറയാനുള്ളത്. ഏതെങ്കിലും ഒരു പുറം ഏജന്‍സിയെ ഈ ജോലി ഏല്‍പ്പിക്കുകയാണെങ്കില്‍ അത് ഖേദകരമാണ്. സൂചനകള്‍ അങ്ങനെയാണ്. 

എന്നിട്ടും താങ്കള്‍ ഇപ്പോഴത്തെ ധനകാര്യമന്ത്രിയില്‍ ഇക്കാര്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു?
ജനകീയാസൂത്രണത്തെക്കുറിച്ച് ഞാന്‍ പറഞ്ഞല്ലോ. അദ്ദേഹം പീപ്പിള്‍സ് പ്ലാനിംഗിന്റെ ചാംപ്യനായിരുന്നു. തീര്‍ച്ചയായും ജനകീയാസൂത്രണത്തിന്റെ ആത്മാവുള്‍ക്കൊണ്ട് അദ്ദേഹം പ്രവര്‍ത്തിക്കുമെന്നാണ് ഞാനാശിക്കുന്നത്. ജനകീയാസൂത്രണത്തിന്റെ ഒരു ആരാധകനാണ് ഞാന്‍. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ വ്യക്തിപരമായ ഇടപെടലും അതിലുണ്ടായിട്ടുണ്ട്. 

പ്രകൃതിസംരക്ഷണവും വികസനവും സംബന്ധിച്ച് ഇന്‍ക്ലൂസീവായ ഒരു സമീപനം വേണമെന്നാണ് താങ്കളുടെ പക്ഷം. ഇത്തരമൊരു സമീപനം എന്നു പറയുന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്നു വിശദമാക്കാമോ?
വികസനവും പ്രകൃതിസംരക്ഷണവും സംബന്ധിച്ച് തീരുമാനമെടുക്കുന്നതില്‍ ജനങ്ങള്‍ക്ക്, ഗ്രാമസഭാ-പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത്-ജില്ലാ പഞ്ചായത്ത് തലങ്ങളിലൊക്കെ, അവരുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങള്‍ നല്‍കുക എന്നതാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതുതന്നെയായിരുന്നു കേരളത്തില്‍ നടപ്പാക്കിയ ജനകീയാസൂത്രണത്തിന്റെ അടിസ്ഥാന സമീപനം. എന്തായാലും ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ സിന്ധുദുര്‍ഗ് ഗ്രാമങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുക. പ്രകൃതിസംരക്ഷണവും വികസനവും സംബന്ധിച്ച് ജനങ്ങള്‍ അവരുടെ സ്വന്തം അഭിപ്രായം അതില്‍ വ്യക്തമാക്കുന്നുണ്ട്. താഴെത്തട്ടില്‍ നിന്നു നിര്‍ദ്ദേശങ്ങള്‍ തേടുകയും ആ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നതലത്തില്‍ ഉദ്ഗ്രഥിതമാക്കുകയും ചെയ്യുക എന്നതാണ് ഇന്‍ക്ലൂസീവായ ഒരു സമീപനം ഉറപ്പുവരുത്താന്‍ ചെയ്യേണ്ടത്. 

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കീഴാള ജനവിഭാഗങ്ങളുടെ ഭൂവകാശങ്ങളെ ബാധിക്കുന്ന രീതിയില്‍ ഭൂമിയുടെ പുനര്‍വിതരണം എന്ന തത്വത്തെ അവഗണിച്ചുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേകിച്ചും റിപ്പോര്‍ട്ട് ചില പ്രദേശങ്ങളിലെ സ്വകാര്യ സ്വത്തവകാശത്തെക്കുറിച്ച് പറയുന്ന സന്ദര്‍ഭത്തില്‍. താങ്കളുടെ ആശയപരമായ നിലപാടുകള്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ലാഞ്ഛന ഉള്ളതാണെന്ന വിമര്‍ശനവുമുണ്ട്. എങ്ങനെ പ്രതികരിക്കുന്നു? 
തീര്‍ത്തും അര്‍ത്ഥശൂന്യമായ ആരോപണം. രാമചന്ദ്രഗുഹയും ഞാനും ചേര്‍ന്നു രണ്ടു പുസ്തകങ്ങളെഴുതിയിട്ടുണ്ട്. നല്ല വില്പനയുള്ള പുസ്തകങ്ങളാണ്. ധാരാളം പേര്‍ വായിച്ചിട്ടുണ്ട്. ഇപ്പോഴും വായിക്കപ്പെടുന്നു. പ്രത്യേകിച്ചും ദ ഫിഷ്വേര്‍ഡ് ലാന്‍ഡ്: ദ ഇക്കോളജിക്കല്‍ ഹിസ്റ്ററി ഓഫ് ഇന്‍ഡ്യ എന്ന പുസ്തകം. 1991-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം പരിസ്ഥിതിയെക്കുറിച്ചുള്ള വളരെ പക്വതയാര്‍ന്ന നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്നതാണ്. അതിനു പിറകെ പ്രസിദ്ധീകരിക്കപ്പെട്ട ഇക്കോളജി ആന്‍ഡ് ഇക്വിറ്റി എന്ന പുസ്തകവും ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. ഞാനും രാമചന്ദ്ര ഗുഹയും ചേര്‍ന്നെഴുതിയ മറ്റൊരു പുസ്തകമാണത്. ഈ പുസ്തകങ്ങളും ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞുപോകുകയും പരക്കേ വായിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ്. വിമര്‍ശകര്‍ക്ക് ഇതൊക്കെ ഒന്നു വായിച്ചുനോക്കാം. ഈ പുസ്തകങ്ങള്‍ രാമചന്ദ്രഗുഹയും ഞാനും പങ്കുവയ്ക്കുന്ന ഒരേ ആശയലോകത്തെ വെളിവാക്കിത്തരുന്നവയാണ്. ഇത്തരത്തിലുള്ള ഒരു അസംബന്ധത്തെ ശരിവയ്ക്കുന്ന ഒരു പ്രസ്താവന ആ പുസ്തകങ്ങളിലെവിടെയെങ്കിലും ഇവര്‍ എനിക്കു കാണിച്ചുതരിക. സെന്‍സസ് വേളയില്‍ വ്യക്തിപരമായി എന്റെ മതജാതിസ്വത്വത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പോലും എനിക്ക് സഹിക്കാന്‍ കഴിഞ്ഞിട്ടില്ല. താന്‍ ജാതിസ്വത്വം ഉപേക്ഷിച്ചെന്നു പരസ്യമായി പ്രഖ്യാപിച്ചയാളായിരുന്നു എന്റെ അച്ഛന്‍. 1950-കളിലായിരുന്നു അത്. അത്തരമൊരു കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്ന എനിക്ക് ഹിന്ദുത്വരാഷ്ട്രീയത്തെ എങ്ങനെ അംഗീകരിക്കാനാകും? 

നമ്മുടെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഇരപിടിയന്‍ മുതലാളിത്തത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരു നില്‍ക്കാന്‍ ഇടതുപക്ഷമടക്കമുള്ള ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാകുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ? 
ഇരപിടിയന്‍ മുതലാളിത്തമെന്നോ മറ്റോ പേരിട്ടാലും ചില സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അടിപ്പെട്ടിരിക്കുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ച് കൂടുതല്‍ കൂടുതല്‍ പണം കുന്നുകൂട്ടുകയും അതിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്തപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നവര്‍ ഇന്ത്യയില്‍ പ്രബലരാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പല തോതിലാണെങ്കിലും അവര്‍ക്ക് കൂട്ടുനില്‍ക്കുന്നു. ഭാഗ്യവശാല്‍ ജനാധിപത്യ വ്യവസ്ഥ എന്ന ഒരു സൗകര്യം നമുക്കുണ്ട്. ആളുകള്‍ക്ക് സംഘടിക്കാം. അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാന്മാരാകാം. അതുവഴി കാര്യങ്ങള്‍ ജനാനുകൂലമാക്കിത്തീര്‍ക്കാം എന്നാണ് എന്റെ ബോധ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com