ഒരു പ്രളയ ചരിത്രത്തിലൂടെ: മീനു ജെയ്ക്കബ് എഴുതുന്നു

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ അതിതീവ്രമാണ്.
ഒരു പ്രളയ ചരിത്രത്തിലൂടെ: മീനു ജെയ്ക്കബ് എഴുതുന്നു

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ രാജഭരണങ്ങള്‍ മലയാളക്കരയെ ഭക്ഷ്യധാന്യ, നാണ്യവിളകളുടെ സമ്പദ്‌സമൃദ്ധിയിലേക്കും നവോത്ഥാന പ്രസ്ഥാനങ്ങള്‍ തദ്ദേശീയരെ സമ്പൂര്‍ണ്ണ, ഉന്നമനത്തിലേക്കും ത്വരിതഗതിയില്‍ നയിച്ചുകൊണ്ടിരിക്കെ, ദേശീയതക്കായുള്ള പ്രക്ഷോഭങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമായി നിലകൊണ്ടിരുന്ന മലയാളനാടിന്റെ നിര്‍ണ്ണായ ഭാഗധേയത്തിലേക്ക് മഹാദുരിതമായി പെയ്തിറങ്ങിയ ദുരന്തമാണ് മഹാപ്രളയം. ആ മഹാപ്രളയത്തിന് ഒരൊറ്റ പേരുമാത്രം - തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപ്പൊക്കം. ആ ഭയാനക ദുരന്തത്തെ അതിജീവിച്ചവര്‍ അതിന്റെ ആവര്‍ത്തനത്തെ ഭയപ്പെട്ടു. ഒരു ഭീകരസ്വപ്നമായി അവരുടെ ഓര്‍മ്മകളെ വേട്ടയാടിയെങ്കിലും മഹാപ്രളയത്തിന്റെ സ്മരണകളെ അതിന്റെ എല്ലാ തീവ്രതയോടും കൂടി ഓര്‍മ്മകളില്‍നിന്നും പെയ്‌തൊഴിയാതെ വരും തലമുറയ്ക്കായി അവര്‍ കരുതിവെച്ചു. മറ്റേതൊരു സിദ്ധാന്തത്തെക്കാളും ഭരണക്രമത്തെക്കാളും ഒരു ജനതതിയുടെ കാലഗണനയെ രണ്ടായി തിരിച്ച മഹാദുരന്തമായി മഹാപ്രളയം. അങ്ങനെ മലയാളവര്‍ഷം 1099 (ഗ്രിഗോറിയന്‍ വര്‍ഷം 1924) നാടിന്റെ ചരിത്രത്തെ രണ്ടായി പകുത്തു. 
നാട് മുഴുവന്‍ വെള്ളപ്പൊക്ക ദുരിതത്തിലാണ്ടുപോയെങ്കിലും തിരുവിതാംകൂറാണ് അതിന്റെ ആഘാതം സമാനതകളില്ലാതെ ഏറ്റുവാങ്ങിയത്. 

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ അതിതീവ്രമാണ്. അതിവൃഷ്ടിക്കെടുതികള്‍ ഈ ഭൂഭാഗത്തിന് സുപരിചിതവുമാണ്. മലയാള വര്‍ഷം 1000, 1028, 1057, 1082, 1094 എന്നീ വര്‍ഷങ്ങളിലും അതിവൃഷ്ടിയെ തുടര്‍ന്ന് അതിശക്തമായ വെള്ളപ്പൊക്കം ഇവിടം മാറ്റിമറിച്ചിട്ടുണ്ട്. പെരിയാറില്‍ രണ്ട് തവണ വെള്ളപ്പൊക്കം ഉണ്ടായ വര്‍ഷങ്ങളാണ് മലയാള വര്‍ഷം 1057 ഉം, 1082 ഉം (ഗ്രിഗോറിയന്‍ കലണ്ടര്‍ 1881-82, 1906-1907). എന്നാല്‍, 99-ലെ വെള്ളപ്പൊക്കം മഹാപ്രളയമെന്ന് ചരിത്രത്തില്‍ സ്ഥാനം പിടിക്കാന്‍ മൂന്ന് കാരണങ്ങളാണ് ഉള്ളത്. നീണ്ടുനിന്ന കനത്ത കാലവര്‍ഷം, നാശനഷ്ടങ്ങളുടെ തീവ്രത, വെള്ളമിറങ്ങുന്നതിനുണ്ടായ കാലതാമസം. 

'99-ലെ മണ്‍സൂണ്‍ മെയ് 15 മുതല്‍ക്കെ ആരംഭിച്ചുവെങ്കിലും സന്തുലിതവും സമാധാനപരവുമായ അന്തരീക്ഷമായാണ് പെയ്തു തുടങ്ങിയത്. മനോരമ പത്രം 1924 ജൂണ്‍ 28-ാം തീയതി വെച്ച് ആലപ്പുഴയിലെ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഇങ്ങനെ പറയുന്നു: ''വര്‍ഷകാലം ആരംഭിച്ചാല്‍ മെയ് 15-ാം തീയതിക്കുശേഷം കടല്‍ക്ഷോഭം നിമിത്തം ഈ തുറമുഖത്ത് കപ്പലുകള്‍ വന്നടുത്ത് ചരക്കുകള്‍ കയറ്റുകയോ ഇറക്കുകയോ ചെയ്യുക പതിവില്ല. ഇതിലേക്ക് തെക്കുമാറി സൗകര്യമുള്ള സ്ഥലം നോക്കി നിശ്ചയിച്ച് അവിടെ വര്‍ഷകാല തുറമുഖം ഏര്‍പ്പെടുത്തുകയാണ് പതിവ്. എന്നാല്‍ ഇക്കൊല്ലം ആവട്ടെ പതിവ് സമയം കഴിഞ്ഞിട്ടും കടല്‍ വളരെ ശാന്തമായി തന്നെ ഇരിക്കുന്നതിനാല്‍ ഇപ്പോഴും ഈ തുറമുഖത്ത് തന്നെ കപ്പലുകള്‍ അടുത്തുകൊണ്ടിരിക്കുന്നു. ഉടനെ തന്നെ എസ്.എസ്. ജലതരംഗ എന്നൊരു കപ്പല്‍ രംഗൂണിലേക്ക് ചരക്കുകള്‍ കയറ്റുന്നതിനായി തുറമുഖത്ത് എത്തുന്നതാണ്.''

തിരുവിതാംകൂറിന്റെ അതിവൃഷ്ടി സ്ഥാനങ്ങള്‍ പശ്ചിമഘട്ടത്തിലെ ഹൈറേഞ്ചുകളാണ്. ജൈവ വൈവിധ്യത്തിന്റെ ആവാസവ്യവസ്ഥകളായ ഈ ഉഷ്ണമേഖല മഴക്കാടുകള്‍ തദ്ദേശീയരായ ആദിവാസി ഗോത്രങ്ങളുടേയും ആവാസകേന്ദ്രങ്ങളാണ്. ബ്രിട്ടീഷ് ഭരണനേതൃത്വത്തിന്‍ കീഴില്‍ ഏലം, കാപ്പി, തേയില തുടങ്ങിയ തോട്ടവിളകള്‍ ഈ ഹൈറേഞ്ചുകളെ വെട്ടിയൊതുക്കുകയും അവിടം ഫാക്ടറികളും ബംഗ്ലാവുകളും തമിഴ് കൂലിക്കാരുടെ ലയങ്ങളും എല്ലാം ആയി കെട്ടിടനിര്‍മ്മിതികള്‍ ഉണ്ടാവുകയും അവിടേക്ക് റോഡുകളും നിര്‍മ്മിക്കപ്പെട്ടു. അഗ്രിക്കള്‍ച്ചര്‍ കമ്മിഷണറായിരുന്ന മക്മില്ലന്‍ അദ്ദേഹത്തിന്റെ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ (തീയതി 24/7/24) ഹൈറേഞ്ചില്‍ ഉണ്ടായ കനത്ത മഴയെക്കുറിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു. ജൂലൈ 15, 16 തീയതികളില്‍ 30 ഇഞ്ച് മഴ, 17-ന് 19 ഇഞ്ച് മഴ, 18-ന് 5 ഇഞ്ച് മഴ. 19-ന് 4.65 ഇഞ്ച് മഴ, 13.5 ഇഞ്ച് മഴ അടുത്ത നാലു ദിവസങ്ങളിലും - അതായത് 20, 21, 22, 23 തീയതികളില്‍ കോരിച്ചൊരിഞ്ഞ മഴ ഹൈറേഞ്ചിനെ മുഴുവന്‍ വെള്ളത്തിലാഴ്ത്തി. മൂന്നാര്‍ പട്ടണത്തെ മുഴുവനും വെള്ളപ്പൊക്കം നശിപ്പിച്ചുകളഞ്ഞു. ബംഗ്ലാവുകളും പള്ളിയും കമ്പോളങ്ങളും താമസസ്ഥലങ്ങളും എല്ലാം നശിച്ചു. മൂന്നാറും ആലുവ റോഡ് മുഴുവനായും ഒലിച്ചുപോയി. പീരുമേട്-വണ്ടിപ്പെരിയാര്‍ റോഡുകളും തകര്‍ന്നു. ഗതാഗതം മുഴുവനായും സ്തംഭിച്ചു. ഹൈറേഞ്ചുകളില്‍നിന്ന് ഒന്നായി കുതിച്ചൊഴുകിയ ജലം വമ്പന്‍ നദികളായി താഴ്വാരങ്ങളിലും മനുഷ്യരേറെ പാര്‍ക്കുന്ന സമതലങ്ങളിലും നിര്‍ത്താതെ നിറഞ്ഞൊഴുകി. 

മിഥുനം അവസാനത്തോടെ ആരംഭിച്ച വെള്ളപ്പൊക്കം ഓരോ താലൂക്കിലും അനുഭവപ്പെട്ടത് പല തീയതികളിലാണ്. മീനച്ചില്‍ താലൂക്ക് വെള്ളപ്പൊക്കം തുടങ്ങിയത് 15 ജൂലൈ, ആലപ്പുഴ 18 ജൂലൈ, തൊടുപുഴ 17 ജൂലൈ, വൈക്കം 17 ജൂലൈ, ചങ്ങനാശ്ശേരി 17 ജൂലൈ. വലിയ നദികള്‍ ഗതിമാറിയൊഴുകി. പുതിയ നദീഗമന മാര്‍ഗ്ഗങ്ങളും കൈവഴികളും സൃഷ്ടിക്കപ്പെട്ടു. റോഡുകള്‍ പുഴകളായി ഒഴുകി. കുതിച്ചൊഴുകിയ അന്തമില്ലാത്ത ജലം മനുഷ്യരേറെ പാര്‍ക്കുന്ന സമതലങ്ങളുടെ ഭൂപ്രകൃതി അപ്പാടെ മാറ്റിമറിച്ചു. കൃഷി, കന്നുകാലികള്‍, വീടുകള്‍, ജനങ്ങള്‍ എന്നിവയെല്ലാം തീവ്രനാശത്തിനിരയായി. 
ഗവണ്‍മെന്റ് പ്രസ്സ് നോട്ടില്‍, നാരായണപിള്ള (അസിസ്റ്റന്റ് എന്‍ജിനീയര്‍, കൊല്ലം) ഇങ്ങനെ എഴുതി: ''തൃക്കുന്നപ്പുഴ മുതല്‍ തോട്ടപ്പിള്ളി വരെ എങ്ങും ജലം മാത്രം. ജലത്തില്‍നിന്നുയര്‍ന്നു നില്‍ക്കുന്ന ഒരു മണ്‍തിട്ടപോലും കാണാനില്ല.'' 
ഹൈറേഞ്ചിനെ അപേക്ഷിച്ച് ജനസാന്ദ്രത കൂടുതല്‍ വരുന്ന മദ്ധ്യസമതല ദേശങ്ങളിലും തീരദേശ മേഖലയിലും വെള്ളപ്പൊക്കത്തിന്റെ ആഘാതം കൂടുതല്‍ ഗുരുതരമായിരുന്നു. 

'99-ലെ മണ്‍സൂണ്‍ ആരംഭം പൊതുവെ ശാന്തമായിരുന്നു. മുന്‍കാലങ്ങളിലെപ്പോലെ തീരദേശം കടലെടുക്കുകയോ തീരത്ത് നാശം വിതക്കുകയോ ഉണ്ടായിരുന്നില്ല. ആയതിനാല്‍ ആലപ്പുഴയുടെ തീരം താരതമ്യേന പ്രവര്‍ത്തനക്ഷമമായിരുന്നു. എന്നാല്‍, കാലവര്‍ഷം കനത്തതോടെ ചെറിയ പുഴകളും കായലുകളും അധികജലത്താല്‍ നിറഞ്ഞുകവിഞ്ഞു. കടലിലേക്ക് പുതിയ മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിച്ചു. മലനിരകളില്‍നിന്നുള്ള മഹാജലപ്രവാഹം  കല്ലടയാര്‍, കുളക്കടയാര്‍, പമ്പ, മീനച്ചില്‍, പെരിയാര്‍ എന്നിവയിലേക്കെല്ലാം കണക്കാക്കാന്‍ കഴിയാത്തതിലധികം ജലം ഓരോ സെക്കന്റിലും നിറച്ചു. പേച്ചിപ്പാറ ഡാം തുറന്നപ്പോള്‍ ജലം ഒരു അഗ്‌നിപര്‍വ്വതം പൊട്ടിയൊഴുകിയ കണക്കെ സകലതും നാമാവശേഷമാക്കി. തിരുവിതാംകൂറിന്റെ ജനവാസ കേന്ദ്രങ്ങളില്‍ ഭവനങ്ങളെക്കാള്‍ ഉയരത്തില്‍ വെള്ളം ഉയര്‍ന്നൊഴുകി. ആലുവ പട്ടണം വെള്ളത്തിനടിയിലായി. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ് സ്ഥിതിചെയ്യുന്ന ഉയര്‍ന്ന പ്രദേശത്തെ ചുറ്റിയുണ്ടായിരുന്ന നെല്‍പ്പാടങ്ങളും അവയുടെ പ്രാന്തപ്രദേശങ്ങളിലെ കുടിലുകളുമെല്ലാം അറബിക്കടല്‍ കടംകൊണ്ടപോലെ അപ്രത്യക്ഷമായി. തീരത്ത് ശേഷിച്ചവര്‍ കൊച്ചുകുഞ്ഞുങ്ങളേയും തോളിലേറ്റി സഹായത്തിനായി നിലവിളിച്ചു. യു.സി. കോളേജിന്റെ താഴത്തെ നിലയും മുകള്‍നിലകളുമെല്ലാം ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടു വന്നവരെക്കൊണ്ട് നിറഞ്ഞു. പറവൂരില്‍ വെള്ളപ്പൊക്കം ഒരിക്കലും എത്തിപ്പെടാതിരുന്ന മടത്തുമുറി, വലിയങ്ങാടി ബ്രാഹ്മണ ഗൃഹങ്ങളില്‍ ഉള്ളവരും സ്വഭവനങ്ങളില്‍നിന്നും രക്ഷപ്പെട്ട് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ വന്നു. ഈ പ്രദേശങ്ങളും വേമ്പനാടുകായലും ഒന്നായി കിടക്കുന്നതായി എന്ന് പറയപ്പെടുന്നു. 

താരതമ്യേന ഉയര്‍ന്ന ഈ പ്രദേശങ്ങള്‍ക്കു താഴെ സ്ഥിതി ചെയ്യുന്ന കൈനകരി, കാവാലം, മിത്രക്കരി, കുമരകം, പരിപ്പ്, വെച്ചൂര്‍, ചമ്പക്കുളം പ്രദേശങ്ങളെല്ലാം പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍ത്തന്നെ. കല്ലടയാറിനു ചുറ്റുമുള്ള പ്രദേശങ്ങളെക്കുറിച്ച് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്, കല്ലടയുടെ കിഴക്കും പടിഞ്ഞാറും തീരങ്ങള്‍ മുഴുവനായും നശിപ്പിക്കപ്പെട്ടു. തിരുവിതാംകൂറിന്റെ മാപ്പില്‍നിന്നും ഒറ്റപ്പെട്ടപോലെ നശിച്ചു എന്നുമാണ്. ശേഷിച്ചവ മനുഷ്യനോ മൃഗങ്ങളോ ആകട്ടെ, വിദ്യാലയങ്ങളും പള്ളികളും അമ്പലങ്ങളും രക്ഷാകേന്ദ്രങ്ങളായി കണ്ട് താമസം തുടങ്ങി. ജാതിമതവ്യവസ്ഥകളുടെ തൊട്ടുകൂടായ്മയെ കുറച്ചുകാലത്തേക്ക് എങ്കിലും അകറ്റിനിര്‍ത്തിയ വെള്ളപ്പൊക്കം സാമൂഹ്യരംഗത്തെ മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടിയെന്ന് പറയാം. 

വെള്ളപ്പൊക്കത്തില്‍നിന്ന് മനുഷ്യനേയും മൃഗങ്ങളേയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളില്‍ സര്‍ക്കാരും സാമുദായിക സംഘടനകളും ജാതിമത നേതൃത്വങ്ങളും നാട്ടുപ്രമാണിമാരും കോളേജ് വിദ്യാര്‍ത്ഥികളും കൈകോര്‍ത്തു. ആലപ്പുഴയിലേയും കുട്ടനാട്ടിലേയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വഞ്ചിയും ബോട്ടും ഇറക്കുന്നതിനും ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളില്‍ ജലഗതാഗതം ചെയ്ത് ജനങ്ങളെ രക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളില്‍ അധികാരികള്‍ ആലപ്പുഴയില്‍ ക്രിസ്തീയ പുരോഹിതരുടെ നേതൃത്വത്തിലുള്ള സംഘങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. ഇതേ കാലഘട്ടത്തില്‍ വൈക്കം സത്യാഗ്രഹം നടത്തിയിരുന്ന നേതാക്കളും സംഘങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. 
സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകാതിരിക്കാന്‍ ഗവണ്‍മെന്റും ആലോചനപൂര്‍വ്വവും ത്വരിതവുമായ നടപടികള്‍ കൈക്കൊണ്ടു. അതിനുവേണ്ടി പല ഗ്രേഡുകളിലുള്ള ഉദ്യോഗസ്ഥരുടെ സഹായം തേടി. പേഷ്‌ക്കാര്‍, ഡിവിഷന്‍ അസിസ്റ്റന്റ്, തഹസില്‍ദാര്‍, മുനിസിപ്പല്‍ പ്രസിഡന്റ്, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു. സമയാസമയങ്ങളില്‍ പുറത്തിറക്കുന്ന സര്‍ക്കുലറുകളിലൂടെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോട് അനുദ്യോഗസ്ഥരുമായി കൂടിച്ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും റിലീഫ് ഫണ്ടുകള്‍ ശേഖരിക്കാനും കൂടിയാലോചന യോഗങ്ങള്‍ സംഘടിപ്പിക്കാനും അപേക്ഷിച്ചു. ഓരോ ദുരിതാശ്വാസ കേന്ദ്രങ്ങളിലും ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിലുമുള്ള ജനങ്ങള്‍ക്ക് ഭക്ഷണവും ആവശ്യവസ്തുക്കളും എത്തിക്കുന്നതിന് ഈ ഏകോപനങ്ങള്‍ സഹായകമായി. 
നെല്ലറയായ കുട്ടനാടും തിരുവിതാംകൂറിന്റെ പാടശേഖരങ്ങളുമെല്ലാം ദിവസങ്ങളോളം പ്രളയജലത്തിനടിയില്‍ കിടന്ന് നശിച്ചു. ഇരുപതിനായിരവും നാല്‍പ്പതിനായിരവും ഏക്കറുകളിലായി ഒന്നിച്ചു കൃഷിചെയ്തിരുന്ന നിരവധി പാടശേഖരങ്ങളിലെ നില്‍പ്പുകൃഷികളെല്ലാം പൂര്‍ണ്ണമായും നശിച്ചു. വന്‍തോതില്‍ സംഭരിച്ചുവെച്ച ഭക്ഷ്യധാന്യ ശേഖരങ്ങളും കുംഭക്കൃഷിക്കുള്ള വിത്തുശേഖരവും വെള്ളത്തിനടിയില്‍ നഷ്ടമായി. വ്യാപാരികള്‍ അരിയും അതുപോലെയുള്ള ആവശ്യവസ്തുക്കളുടേയും വില ക്രമാതീതമായി ഉയര്‍ത്തി. അരി ചാക്കൊന്നിന് 17 മുതല്‍ 18½ രൂപ വരെ ഉയര്‍ത്തി. വെള്ളപ്പൊക്കത്തിനുശേഷം ഒരു പൊതുവിതരണ ശൃംഖല ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നുവെങ്കിലും യാഥാര്‍ത്ഥ്യമായത് രണ്ട് ദശാബ്ദങ്ങള്‍ക്കു ശേഷമാണ്. 

വെള്ളപ്പൊക്കത്തിനുശേഷം ഏറ്റവും കഷ്ടസ്ഥിതിയില്‍ തുടര്‍ന്നത് സമൂഹത്തിലെ ഏറ്റവും താണവരായി മാറ്റിനിര്‍ത്തപ്പെട്ട ജാതിവിഭാഗങ്ങളും അതുപോലെതന്നെ ഈഴവരുമാണ്. എങ്കിലും പെട്ടെന്നുള്ള ആശ്വാസമെന്ന നിലയ്ക്ക് അനുവദിച്ചു കിട്ടിയ 48470 രൂപ എല്ലാ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമായി. എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിക്കുന്നതിനുവേണ്ടി ഒരു സെന്‍ട്രല്‍ റിലീഫ് കമ്മിറ്റി 'സമസ്ത തിരുവിതാംകൂര്‍ ജലപ്രളയ നിവാരണസംഘം' എന്ന പേരില്‍ രൂപീകൃതമായി. പീരുമേട്ടില്‍ ഒരു 'ഇക്കണോമിക് ഡിസ്ട്രസ് റിലീഫ് കമ്മിറ്റി' രൂപീകരിക്കുകയും ചെയ്തു. ഈ കമ്മിറ്റി 'അഴുത' എന്ന സ്ഥലത്ത് ഒരു കട (shop) എന്ന നിലയില്‍ ആരംഭിക്കുകയും ഗവണ്‍മെന്റ് ജോലിയുള്ളവര്‍ക്കും സ്ഥിരതാമസക്കാരായ അവിടത്തെ എല്ലാവര്‍ക്കും ആവശ്യവസ്തുക്കള്‍ (foodstuffs) വിതരണം ചെയ്യുകയും ചെയ്തു. 

പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടാതെ വീടുകള്‍ പണിതുകൊടുക്കുന്നതിനും നികുതികള്‍ കുറക്കുന്നതിനും കാര്‍ഷിക കടങ്ങള്‍ തള്ളുന്നതിനും റോഡുകള്‍ പണിയുന്നതിനും ഉള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് Land Revenue and Incometax Commissioner ആയി എസ്.സി.എച്ച്. റോബിന്‍സണ്‍ എന്ന ഉദ്യോഗസ്ഥനെ ഗവണ്‍മെന്റ് ചുമതലപ്പെടുത്തി. 5½ ലക്ഷം രൂപ അഗ്രിക്കള്‍ച്ചറല്‍ ലോണ്‍സ് എന്ന കാറ്റഗറിയിലേക്ക് ചെലവഴിച്ചു. 3 ലക്ഷം രൂപ പബ്ലിക്ക് വര്‍ക്കുകള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തി. നികുതി ഇളവ് കൊടുത്തതില്‍ ഏകദേശം 70000 രൂപയോളം ഗവണ്‍മെന്റിന് നഷ്ടമുണ്ടായി. ഇത് ട്രാവന്‍കൂര്‍ ഗവണ്‍മെന്റിന്റെ ഫിനാന്‍ഷ്യല്‍ സ്‌റ്റെബിലിറ്റിയെ ബാധിക്കുകയും അങ്ങനെ ട്രാവന്‍കൂര്‍ ബഡ്ജറ്റ് ഒരു കമ്മി ബഡ്ജറ്റ് ആയി മാറ്റുകയും ചെയ്തു. 

വൈക്കം സത്യാഗ്രഹാശ്രമത്തില്‍നിന്നും സി. രാജഗോപാലാചാരിക്ക് അയച്ച കത്തില്‍ ഇപ്രകാരം പറയുന്നു. 'flood-നാല്‍ നിരോധിക്കപ്പെട്ട വീടുകളിലും ക്ഷേത്രങ്ങളിലും നാനാജാതി മതസ്ഥര്‍ വന്നിട്ടുണ്ട്. അവര്‍ണ്ണരും സവര്‍ണ്ണരും തമ്മിലുള്ള മിശ്രഭോജനം വരെ നടന്നിട്ടുണ്ട്. വെള്ളപ്പൊക്കം വൈക്കത്തെ മറ്റു സ്ഥലങ്ങളില്‍നിന്ന് നിശേഷം വേര്‍തിരിച്ചിരിക്കുന്നു. പൊതുവായുള്ള കഷ്ടപ്പാടാണ് ലോകത്തില്‍ അറിയപ്പെട്ടിട്ടുള്ളതില്‍വെച്ച് യോജിപ്പിക്കാന്‍ പര്യാപ്തമായ ശക്തി. അതിന് ആരോടും യാതൊരു പക്ഷപാതവും ഇല്ല. കര്‍ഷകനേയും കിരീടധാരിയേയും അത് ഒരുപോലെ ദുരിതത്തിലാക്കുന്നു.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com