പ്രളയവും ബലിയും പിന്നെ ദൈവവും

ദൈവകോപം, ദൈവശാപം, ദൈവശിക്ഷ എന്നിവയെല്ലാം ഭാഷയിലുള്ള പ്രയോഗങ്ങളാണ്.
പ്രളയവും ബലിയും പിന്നെ ദൈവവും

ദൈവകോപം, ദൈവശാപം, ദൈവശിക്ഷ എന്നിവയെല്ലാം ഭാഷയിലുള്ള പ്രയോഗങ്ങളാണ്. വന്‍ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഈശ്വരവിശ്വാസികളില്‍ പലരും ആ ദുരന്തങ്ങളെ വിശദീകരിക്കുന്നത് ഇത്തരം പ്രയോഗങ്ങളിലൂടെയാണ്. 1924-നുശേഷം മലയാളക്കര കണ്ട ഏറ്റവും സംഭീതമായ പെരുവെള്ളം സംസ്ഥാനത്തെ വിഴുങ്ങിയപ്പോള്‍ ചില വ്യക്തികളും കേന്ദ്രങ്ങളും ആ മഹാദുരിതത്തെ വിലയിരുത്തിയത് ദൈവകോപത്തിന്റെ പ്രത്യക്ഷീകരണമായിട്ടാണ്. ഈശ്വരഹിതത്തിനും വില്‍പ്പനകള്‍ക്കും നിരക്കാത്തത് ചില മനുഷ്യര്‍ ചെയ്തതിന് ഈശ്വരന്‍ നല്‍കിയ ശിക്ഷയായി അവര്‍ പ്രളയത്തെ കണ്ടു.
കൂറ്റന്‍ വെള്ളപ്പൊക്കത്തിനു അമ്മട്ടിലുള്ള വിശദീകരണങ്ങള്‍ നല്‍കിയവരുടെ കൂട്ടത്തില്‍, ശബരിമലക്ഷേത്രത്തില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യവുമായി വിഷയത്തെ കൂട്ടിക്കെട്ടിയവരുമുണ്ട് എന്നതാണ് കൗതുകകരം. വ്യക്തികളോ സംഘടനകളോ സംസ്ഥാന സര്‍ക്കാരോ പ്രസ്തുത ആവശ്യം ഉന്നയിച്ചിരുന്നില്ലെങ്കില്‍ ആഗസ്റ്റ് മാസത്തില്‍ സംഭവിച്ചതുപോലുള്ള പേമാരിക്കോ ഉരുള്‍പൊട്ടലുകള്‍ക്കോ പ്രളയക്കെടുതികള്‍ക്കോ കേരളം സാക്ഷിയാകേണ്ടി വരുമായിരുന്നില്ല എന്നവര്‍ രോഷം കൊള്ളുന്നു. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റെ ക്ഷേത്രത്തില്‍ പ്രായപരിധികൂടാതെ സ്ത്രീകള്‍ക്ക് പ്രവേശനം ഉറപ്പാക്കാനുള്ള നീക്കം (ഭക്തിവിഷയത്തില്‍ ആണ്‍-പെണ്‍ തുല്യത നടപ്പാക്കാനുള്ള നീക്കം) ദൈവത്തെ കുപിതനാക്കിയെന്നും ഇനിയെങ്കിലും ഇത്തരം 'നികൃഷ്ട നീക്ക'ങ്ങളില്‍നിന്നു ബന്ധപ്പെട്ടവര്‍ പിന്മാറേണ്ടതുണ്ടെന്നും ആക്രോശിക്കുന്നു അവര്‍.

പ്ലേഗും ഭൂകമ്പവും ദൈവശിക്ഷകള്‍
പ്രകൃതിദുരന്തങ്ങളോട് ഇവ്വിധമുള്ള പ്രതികരണങ്ങള്‍ പുതിയ കാര്യമോ ഏതെങ്കിലും പ്രത്യേക മതവിഭാഗങ്ങളില്‍ ഒതുങ്ങുന്നതോ അല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് സൂറത്തില്‍ പ്ലേഗും ലത്തൂരില്‍ ഭൂകമ്പവുമുണ്ടായപ്പോള്‍ ഒരു കൂട്ടര്‍ പറഞ്ഞത് ഭൂരിപക്ഷ തീവ്രവാദികള്‍ ബാബറി മസ്ജിദ് തകര്‍ക്കുകയും ന്യൂനപക്ഷ സമുദായക്കാരെ വേട്ടയാടുകയും ചെയ്തതില്‍ കുപിതനായ ദൈവം ശത്രുക്കള്‍ക്ക് നല്‍കിയ ശിക്ഷയാണ് പ്ലേഗുബാധയും ഭൂമികുലുക്കവുമെന്നായിരുന്നു. വ്യത്യാസം ഒന്നേയുള്ളൂ; കേരളത്തില്‍ കോപിച്ചത് ഹിന്ദു ദൈവമാണെങ്കില്‍, സൂറത്തിലും ലത്തൂറിലും കോപിച്ചത് മുസ്ലിം ദൈവമാണ്.

ഹിന്ദു ദൈവത്തേയും മുസ്ലിം ദൈവത്തേയും വിട്ട് ക്രൈസ്തവ ദൈവത്തിലേക്ക് ചെന്നു നോക്കൂ. യഹോവ എന്നു പേരുള്ള ആ ദൈവം കോപിക്കുകയും ഭൂമിയിലാകമാനം പ്രളയം സൃഷ്ടിക്കുകയും ചെയ്ത കഥ ബൈബിളില്‍ കാണാം. മനുഷ്യന്റെ ദുഷ്ടതയും അതിക്രമങ്ങളും ഏറിവന്ന സാഹചര്യത്തില്‍ യഹോവ 'നാല്‍പ്പത് രാവും നാല്‍പ്പത് പകലും' ഭൂമിയില്‍ പേമാരി വര്‍ഷിച്ചു. തന്റെ കൃപയ്ക്ക് പാത്രമായ നോഹയേയും കുടുംബത്തേയും വ്യത്യസ്ത ജന്തുജാലങ്ങളിലെ ഒന്നു വീതം ഇണകളേയും മാത്രമാണ് ആ കൊടും പ്രളയത്തില്‍നിന്നു ദൈവം രക്ഷിച്ചത്. മറ്റെല്ലാ മനുഷ്യരേയും പക്ഷിമൃഗാദികളും ഉരഗങ്ങളുമുള്‍പ്പെടെയുള്ള സര്‍വ്വ ജീവികളേയും 'ഭൂമിയില്‍ നൂറ്റന്‍പത് ദിവസം പൊങ്ങിക്കൊണ്ടിരുന്ന' ആ ജലപ്രളയം വഴി ദൈവം കൊന്നൊടുക്കി.

ഇതെല്ലാം കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുമ്പോള്‍ ചിലരുടെയെങ്കിലും മനസ്സില്‍ ദൈവം കോപിക്കുമോ എന്ന ചോദ്യം തികട്ടിവരും. ക്ഷോഭവും കോപവും പ്രതികാരവാഞ്ഛയുമൊക്കെ മനുഷ്യന്റെ വികാരങ്ങളും സ്വഭാവ വിശേഷങ്ങളുമാണ്. അത്തരം വികാരങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന പ്രതിഭാസമായിരിക്കേണ്ടതല്ലേ ദൈവം? മനുഷ്യസഹജ വികാരങ്ങളില്ലാത്ത ശക്തിസ്വരൂപമാകുമ്പോഴേ ദൈവം ദൈവമാകൂ. ക്രോധവും പ്രതികാരബുദ്ധിയുമൊന്നും ആ സ്വരൂപത്തെ തൊട്ടുതീണ്ടിക്കൂടാ. പക്ഷേ, മതങ്ങള്‍ അവതരിപ്പിക്കുന്ന ദൈവം, അത് ഭഗവാനായാലും യഹോവയായാലും അല്ലാഹുവായാലും മനുഷ്യനെപ്പോലെ കോപവും പ്രതികാരദാഹവും അളവറ്റ രീതിയില്‍ പ്രകടിപ്പിക്കുന്ന കക്ഷിയാണ്.

ഇതെങ്ങനെ സംഭവിച്ചു? ഇതിനുള്ള ഉത്തരം നരവംശ ശാസ്ത്രകാരനായ ഫാദര്‍ വില്യം ഷ്മിറ്റ് (1868-1954) നല്‍കുന്നുണ്ട്. 1912-ല്‍ പ്രസിദ്ധപ്പെടുത്തിയ തന്റെ 'ദൈവം എന്ന ആശയത്തിന്റെ ഉദ്ഭവം' (The origin of the Idea of God) എന്ന കൃതിയില്‍, ''ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു'' എന്നല്ല ഷ്മിറ്റ് പറയുന്നത്. അദ്ദേഹം എഴുതുന്നത് ''ആദിയില്‍ മനുഷ്യന്‍ ഒരു ദൈവത്തെ സൃഷ്ടിച്ചു; എല്ലാറ്റിന്റേയും ആദിഹേതുവും ആകാശഭൂമികളുടെ അധിപനുമായ ദൈവത്തെ'' എന്നാണ്. മനുഷ്യന്‍ സൃഷ്ടിച്ച ദൈവത്തിനു മനുഷ്യന്റെ ഗുണവിശേഷങ്ങളുണ്ടാവുക തികച്ചും സ്വാഭാവികം. സ്‌നേഹവും കരുണയുമെന്നപോലെ ക്രോധവും ശാപവാസനയും പ്രതികാരത്വരയുമെല്ലാം മനുഷ്യസഹജമാണ്. അവയൊക്കെ എല്ലാ മതങ്ങളിലേയും ദൈവം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അതില്‍ അദ്ഭുതപ്പെടാനെന്തിരിക്കുന്നു?
ഫാദര്‍ ഷ്മിറ്റിന്റെ അഭിപ്രായത്തോട് മതവിശ്വാസികള്‍ യോജിക്കുന്നില്ലെങ്കില്‍ അവര്‍ തങ്ങളുടെ ദൈവത്തെ മനുഷ്യസഹജ വികാരങ്ങളില്‍നിന്നും ദൗര്‍ബ്ബല്യങ്ങളില്‍നിന്നും വിമോചിപ്പിക്കേണ്ടതുണ്ട്. കോപിക്കാത്ത, ശപിക്കാത്ത, ശിക്ഷിക്കാത്ത, പ്രതികാരം ചെയ്യാത്ത പ്രതിഭാസമാണ് തങ്ങളുടെ ദൈവമെന്ന് അവര്‍ പ്രഖ്യാപിക്കണം. ശബരിമലക്ഷേത്രത്തില്‍ പ്രായപരിഗണനയില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചാലും ബാബറി മസ്ജിദ് തല്ലിത്തകര്‍ത്താലും മനുഷ്യര്‍ ഭൂമിയില്‍ തന്റെ കല്‍പ്പനകള്‍ ധിക്കരിച്ചാലും ക്ഷുഭിതനാവുകയോ മനുഷ്യരടക്കമുള്ള ജീവജാലങ്ങളെ ദ്രോഹിക്കുകയോ ചെയ്യാത്ത ദൈവത്തെ അവര്‍ മനസ്സില്‍ കുടിയിരുത്തണം.

അതു മാത്രം പോരാ. സര്‍വ്വവ്യാപിയും സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമാണ് ദൈവം എന്ന് എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നുണ്ട്. വിശ്വാസികള്‍ ഊണിലും ഉറക്കത്തിലും അതേറ്റു പറയുന്നുമുണ്ട്. എന്നിട്ടും ദൈവത്തിന്റെ സര്‍വ്വജ്ഞതയെ വിശ്വാസികള്‍ തന്നെ നിരന്തരം ചോദ്യം ചെയ്യുന്ന പതിവ് തുടരുകയും ചെയ്യുന്നു. ജനങ്ങള്‍ക്ക് തന്നിലുള്ള വിശ്വാസദാര്‍ഢ്യത്തെ ദൈവം പരീക്ഷണത്തിനു വിധേയമാക്കുന്നുണ്ടെന്നാണ് മതഗ്രന്ഥങ്ങള്‍ പറയുന്നതും മതാനുയായികള്‍ കണ്ണടച്ചു വിശ്വസിച്ചു പോരുന്നതും. ദൈവം നടത്തിയ അത്തരം ഒരു പരീക്ഷണത്തിന്റെ ഓര്‍മ്മപ്പെരുന്നാളാണ് ലോകത്താകമാനമുള്ള ഇസ്ലാം മതവിശ്വാസികള്‍ വര്‍ഷാവര്‍ഷം ആഘോഷിക്കുന്ന ഈദുല്‍ അസ്ഹ എന്ന ബലിപ്പെരുന്നാള്‍.

ബലിപ്പെരുന്നാളിനു നിദാനമായി വര്‍ത്തിക്കുന്ന സംഭവം ഇസ്ലാമിക പുരാവൃത്തത്തില്‍ പ്രത്യക്ഷപ്പെടുന്നതിങ്ങനെ: ഇബ്രാഹിം നബിക്ക് തന്നോടുള്ള ഭയഭക്തിയുടേയും വിശ്വാസത്തിന്റേയും ആഴം പരിശോധിക്കാന്‍ ദൈവം നിശ്ചയിക്കുന്നു. അതിനു ദൈവം കണ്ടെത്തിയ വഴി ഇബ്രാഹിമിന് ഹാജറയില്‍ ജനിച്ച ഇസ്മായില്‍ എന്ന പുത്രനെ തനിക്കുവേണ്ടി ബലിയറുക്കാന്‍ ആവശ്യപ്പെടുക എന്നതാണ്. ഉറച്ച ദൈവഭക്തനായ ഇബ്രാഹിം ദൈവ കല്‍പ്പന അനുസരിക്കാന്‍ മുതിരുന്നു. അന്നേരം ദൈവം ഇടപെടുകയും പുത്രനു പകരം ആടിനെ അറുത്താല്‍ മതിയെന്നു കല്‍പ്പിക്കുകയും ചെയ്യുന്നു. ദൈവത്തിനുവേണ്ടിയുള്ള ഇബ്രാഹിമിന്റെ സ്വപുത്ര ത്യാഗ മനോഭാവം അനുസ്മരിക്കുകയാണ് ബലിപ്പെരുന്നാള്‍ ദിനത്തില്‍ ഇസ്ലാം മതവിശ്വാസികള്‍ ചെയ്യുന്നത്.

ഇതേ കഥ അല്‍പ്പം വ്യത്യാസത്തോടെ ബൈബിളിലും വരുന്നുണ്ട്. അവിടെ ദൈവം ഇബ്രാഹിമിനോട് (അബ്രഹാമിനോട്) ആവശ്യപ്പെടുന്നത് ഹാജറയില്‍ ജനിച്ച ഇസ്മായിലിനെയല്ല, സാറയില്‍ തനിക്ക് ജനിച്ച ഐസക് (ഇസ്ഹാക്ക്) എന്ന പുത്രനെ ബലി നല്‍കാനാണ്. അബ്രഹാമിന്റെ ഭക്തിയും വിശ്വാസദാര്‍ഢ്യവും അളക്കുക എന്നത് തന്നെയാണ് ഇവിടെയും ഉദ്ദേശ്യം.

ഈ രണ്ട് സംഭവങ്ങളും ദൈവത്തിന്റെ സര്‍വ്വജ്ഞതയെ നഗ്‌നമായി ചോദ്യം ചെയ്യുന്നതാണ്. എല്ലാം അറിയുന്ന, ത്രികാലജ്ഞാനിയായ ദൈവം ഇബ്രാഹിമിന്റെ (അബ്രഹാമിന്റെ) വിശ്വാസബലം പരീക്ഷിച്ചു നോക്കേണ്ട കാര്യമില്ല. പരീക്ഷണം ആവശ്യമായി വരുന്നത് അറിവ് അപൂര്‍ണ്ണമാകുമ്പോഴാണ്. സര്‍വ്വജ്ഞനല്ലാത്ത മനുഷ്യന് കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ പരീക്ഷണം ആവശ്യമായി വരും. സമ്പൂര്‍ണ്ണ ജ്ഞാനമുള്ള ദൈവം പരീക്ഷണം നടത്തിയെന്നു പറയുന്നത് ദൈവത്തെ മനുഷ്യന്റെ തലത്തിലേക്ക് താഴ്ത്തിക്കെട്ടലല്ലാതെ മറ്റെന്താണ്?

അതിരിക്കട്ടെ.  ഇബ്രാഹിമിന്റെ വിശ്വാസബലം പരീക്ഷിച്ചറിയുന്ന ദൈവം ഇന്ന് ലാറ്റിന്റേയും ക്രിസ്തുമതത്തിന്റേയും വേദങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ഇബ്രാഹിമിന്റെ സ്വപുത്രത്യാഗ മന:സ്ഥിതി അനുസ്മരിക്കുന്ന ആഘോഷവും അനുബന്ധ ചടങ്ങുകളും ഇസ്ലാമിക പാരമ്പര്യത്തില്‍ മാത്രമേ കാണുന്നുള്ളൂ. പ്രസ്തുത ആഘോഷത്തിലെ മുഖ്യകര്‍മ്മം മൃഗബലിയാണ്. ബലിപ്പെരുന്നാള്‍ ദിനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കില്‍ ആടുമാടുകള്‍ അറുക്കപ്പെടുന്നു. ദൈവപ്രീതി ഉന്നമിട്ട് നടത്തപ്പെടുന്നതാണ് ഈ മൃഗക്കശാപ്പ്. പ്രാചീനകാലത്ത് ഗോത്രാചാരങ്ങളുടെ ഭാഗമായി ഈശ്വരകടാക്ഷത്തിനും പ്രീതിക്കും വേണ്ടി മൃഗബലി മാത്രമല്ല, നരബലി നടത്തുന്ന സമ്പ്രദായവും നിലനിന്നിരുന്നു. കാലം മുന്നോട്ട് പോയപ്പോള്‍ പല സമൂഹങ്ങളും ആ ദുഷ്ടാചാരങ്ങളോട് വിടപറഞ്ഞു. ദൈവം ചോരക്കൊതിയനാകാന്‍ വഴിയില്ലെന്ന് ആ സമൂഹങ്ങള്‍ തീരുമാനിച്ചു.

അത്തരമൊരു തീരുമാനം മുസ്ലിം സമൂഹവും കൈക്കൊള്ളേണ്ടതുണ്ടെന്ന് അര നൂറ്റാണ്ടോളം മുന്‍പ് അലി ശരിഅത്തി (1933-1997) എന്ന ഇറാനിയന്‍ ഇസ്ലാമിക ചിന്തകന്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ഇബ്രാഹിം ത്യജിക്കാന്‍ തയ്യാറായത് തനിക്ക് പ്രിയപ്പെട്ട പുത്രനെയാണെങ്കില്‍, ആധുനിക ഇസ്ലാം മതവിശ്വാസി ആടുമാടുകളെയല്ല, തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ചോരവീഴ്ത്ത് ആവശ്യമില്ലാത്തതുമായ വസ്തുക്കള്‍ വേണം ത്യജിക്കാന്‍ എന്നത്രേ ശരീഅത്തി വ്യക്തമാക്കുന്നത്. സമ്പത്തിന്റെ കേന്ദ്രീകരണം കുറയ്ക്കാനുതകുന്ന തരത്തിലുള്ള ത്യാഗമാണ് യഥാര്‍ത്ഥ ത്യാഗം എന്ന് അദ്ദേഹം പറയുന്നു.
മൃഗബലി എന്ന പ്രാകൃത ഗോത്രാചാരം മതത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കുന്നതല്ലെന്ന സൂചനയാണ് ഇറാനിയന്‍ ഇസ്ലാമിക ചിന്തകന്‍ നല്‍കുന്നത്. മനുഷ്യാവകാശങ്ങള്‍ എന്ന സങ്കല്‍പ്പം പോലെ പ്രധാനമാണ് മൃഗാവകാശങ്ങള്‍ എന്ന സങ്കല്‍പ്പവും. മനുഷ്യര്‍ക്കെന്നപോലെ മൃഗങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നു മൃഗബലി നടത്തുന്നവര്‍ മനസ്സിലാക്കണം. ദൈവകൃപാര്‍ജനത്തിന് മിണ്ടാപ്രാണികളുടെ കണ്ഠങ്ങളില്‍ കഠാരയിറക്കുന്നത് പുണ്യമല്ല, മഹാപാപമാണെന്ന തിരിച്ചറിവിലേക്ക് ഉണരാന്‍ ബന്ധപ്പെട്ടവര്‍ ഇനിയും അമാന്തിച്ചുകൂടാ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com