അരികുകളില്‍നിന്ന് ചിറകുവിരിച്ച്: ഡോ. പാര്‍ത്ഥസാരഥി പിടി സംസാരിക്കുന്നു

'ഡിസ്‌കവറി ഒഫ് ദ കേപ് ഒഫ് ഗുഡ് ഹോപ് എ ട്രാജിക് ഇവന്റ് ടു ദ മാപ്പിളാസ്' എന്ന ചരിത്ര പുസ്തകത്തിന്റെ രചയിതാവും അധ്യാപകനുമായ ഡോ. പാര്‍ത്ഥസാരഥി പി.ടി. സംസാരിക്കുന്നു
അരികുകളില്‍നിന്ന് ചിറകുവിരിച്ച്: ഡോ. പാര്‍ത്ഥസാരഥി പിടി സംസാരിക്കുന്നു

കുമ്പളത്തുകാരനായ ഡോ. പാര്‍ത്ഥസാരഥി പി.ടി. അഭ്യസ്തവിദ്യനായ, ഇനിയും തൊഴില്‍സ്ഥിരത ആയിട്ടില്ലാത്ത ഒരു യുവാവ് ആണെന്നതൊഴിച്ചാല്‍ മറ്റു പ്രത്യേകതകളൊന്നും ഇല്ലാത്തയാളാണ്. സ്വന്തം അദ്ധ്വാനം കൊണ്ടും പ്രതിഭാബലം കൊണ്ടും ജീവിതത്തെ ജയിക്കാന്‍ പോരാടിക്കൊണ്ടിരിക്കുന്ന നമുക്കു ചുറ്റുമുള്ള നിരവധി പേരില്‍ ഒരാള്‍. രണ്ടു കുട്ടികളും ഭാര്യയുമുള്‍പ്പെടുന്ന കുടുംബമുണ്ട് പാര്‍ത്ഥന്. അതുകൊണ്ട് അവരുടെ പരിരക്ഷ എന്ന ബാധ്യതയുമുണ്ട്. എന്നാല്‍, പാര്‍ത്ഥസാരഥി പഠിപ്പിക്കുന്നത് ഉപജീവനത്തിനുവേണ്ടി മാത്രമായിട്ടല്ല. ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ നമ്മുടെ ഭാവിയെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്ന് പാര്‍ത്ഥനറിയാം. ചരിത്രപഠിതാക്കളില്‍ അന്വേഷണത്തിനും പഴയ ധാരണകളെ പൊളിച്ചെഴുതാനും ചരിത്രപഠനം സര്‍ഗ്ഗാത്മകമാക്കാനും ഉള്ള കനല്‍ ഊതിപ്പിടിപ്പിക്കുക എന്നതാണ് ചരിത്രാധ്യാപകനെന്ന നിലയില്‍ തന്റെ ജോലിയെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

പാര്‍ത്ഥന് യു.ജി.സി കിട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ജേണലുകളില്‍ പാര്‍ത്ഥന്‍ നടത്തിയ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാര്‍ത്ഥന്‍ എഴുതിയ 'ഡിസ്‌കവറി ഒഫ് ദ കേപ് ഒഫ് ഗുഡ് ഹോപ് എ ട്രാജിക് ഇവന്റ് ടു ദ മാപ്പിളാസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത് തിരുവനന്തപുരത്തെ സതേണ്‍ ബുക്ക് സ്റ്റാര്‍ എന്ന പ്രസാധകശാലയാണ്. കേരളത്തിലെ ഇസ്ലാമിക ചരിത്രപഠനത്തിനു കനപ്പെട്ട സംഭാവനയാണ് ഈ പുസ്തകം എന്നുതന്നെ പറയാം. ഡോ. എസ്. ജസീം ആണ് പുസ്തകത്തിനു  മുന്നുര എഴുതിയിട്ടുള്ളത്.
ഫാക്കല്‍റ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഒരു അധ്യാപകന്‍ പോയ ഒഴിവിലാണ് ഇപ്പോള്‍ പാര്‍ത്ഥസാരഥി ജോലിയെടുക്കുന്നത്. മഹാരാജാസ് കോളേജിലാണ്. പാര്‍ത്ഥസാരഥി ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം നേടുന്നത് ഇതേ കോളേജില്‍ വിദ്യാര്‍ത്ഥിയായിട്ടാണ്. അദ്ധ്യാപനമാണ് ഇഷ്ടപ്പെട്ട തൊഴില്‍. സ്ഥിരം തൊഴിലായിട്ടല്ലെങ്കിലും ആ തൊഴിലാണ് പാര്‍ത്ഥസാരഥി ഇതുവരെ ചെയ്തുപോന്നിട്ടുള്ളത്. ഇസ്ലാമിക ചരിത്രത്തില്‍ എംഫില്ലും ഡോക്ടറേറ്റുമുണ്ട് പാര്‍ത്ഥസാരഥിക്ക്, കേരള സര്‍വ്വകലാശാലയില്‍നിന്ന്. ചരിത്രമാണ് ഇഷ്ടവിഷയം. സ്‌കൂള്‍ പഠനത്തിനുശേഷം പല കാരണങ്ങളാല്‍ ചരിത്രമാണ് പഠനവിഷയമായിരുന്നത്. അതിനും ഒരു കാരണമുണ്ടായിരുന്നു. പ്രീഡിഗ്രിക്കു ചേരുമ്പോള്‍ സയന്‍സ് വിഷയങ്ങളെല്ലാം സാധാരണഗതിയില്‍ എസ്.എസ്.എല്‍.സിയില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്കാണ്. ഏറെ ദരിദ്രമായ പശ്ചാത്തലത്തില്‍നിന്നു വരുന്ന പാര്‍ത്ഥനെ സംബന്ധിച്ചിടത്തോളം ശരാശരി വിജയം തന്നെ വലിയൊരു സംഗതിയായിരുന്നു. 

നഗരജീവിതത്തിന്റെ 
അരികുകളില്‍നിന്ന് 

കൊച്ചി-എറണാകുളം നഗരത്തിന്റെ പ്രാന്തങ്ങളിലാണ് പാര്‍ത്ഥസാരഥി ജനിച്ചുവളര്‍ന്ന കുമ്പളം എന്ന പ്രദേശം. നഗരത്തിന്റെ പളപളപ്പിനോടും ആഢംബരങ്ങളോടും ഒരിത്തിരി അസൂയയിലും അതിലേറെ മോഹങ്ങളിലും ജീവിച്ചുപോരുന്ന ഏതൊരു നഗരപ്രാന്തത്തേയും പോലെ തന്നെയായിരുന്നു കുമ്പളവും. ഏറെയും ദരിദ്രരായ മനുഷ്യര്‍ ജീവിച്ചിരുന്ന ഒരിടം.

പുലയ സമുദായക്കാരനായ തേവനും ഈഴവ സമുദായത്തില്‍ ജനിച്ച ഭാര്‍ഗവിയുമായിരുന്നു പാര്‍ത്ഥസാരഥിയുടെ അച്ഛനമ്മമാര്‍. ഇരുവരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എട്ടു മക്കളായിരുന്നു തേവനും ഭാര്‍ഗവിക്കും. അതില്‍ ഏഴാമനായിട്ടാണ് പാര്‍ത്ഥന്‍ ജനിച്ചത്. കൂലിപ്പണിക്കാരനായിരുന്ന തേവന്‍ നാട്ടുകാര്‍ക്ക് ആശാനായിരുന്നു. ആ പ്രദേശത്ത് അറിയപ്പെടുന്ന വിഷഹാരിയായിരുന്നു തേവന്‍. ചെറുപ്പത്തില്‍, ജീവിതത്തിന്റെ ഏതൊക്കെയോ ഉന്മാദങ്ങളില്‍പ്പെട്ട് അലഞ്ഞുതിരിഞ്ഞ സമയത്ത് തേവന്‍ വയനാട്ടിലുമെത്തിയെന്നും അവിടത്തെ ആദിവാസി വൈദ്യന്മാരില്‍നിന്നോ മറ്റോ തേവന്‍ വിഷവൈദ്യം പഠിച്ചെന്നുമാണ് പാര്‍ത്ഥന്‍ ഊഹിക്കുന്നത്. സസ്യങ്ങള്‍ കണ്ടാല്‍ തിരിച്ചറിയാനും അവയുടെ ഔഷധഗുണങ്ങളെന്താണെന്ന് പറയാനും തേവന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആവശ്യക്കാര്‍ തേവനെ തേടി എത്തുമായിരുന്നു.

അന്ന് കുമ്പളത്ത് ഒരേ ഒരു ഹൈസ്‌കൂളാണ് ഉണ്ടായിരുന്നത്. പേര് ഗേള്‍സ് ഹൈസ്‌കൂള്‍ എന്നാണെങ്കിലും ആണ്‍കുട്ടികളും അവിടെ പഠിച്ചിരുന്നു. പിന്നീട് കോളേജിലെത്തിയ കാലത്ത് ഏതു സ്‌കൂളിലാണ് പഠിച്ചിരുന്നത് എന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ മറുപടി പറയുമ്പോള്‍ വലിയ ചമ്മലായിരുന്നു. ഗേള്‍സ് ഹൈസ്‌കൂള്‍ എന്നല്ലേ മറുപടി. ചിലര്‍ നെറ്റിചുളിച്ചു ഗേള്‍സ് ഹൈസ്‌കൂളോ എന്നു ചോദിക്കുമ്പോള്‍ മറ്റു ചിലര്‍ കളിയാക്കിച്ചിരിക്കും. 

എല്ലാ കുട്ടികളും സ്‌കൂളില്‍ പോകുന്നതുകൊണ്ട് താനും സ്‌കൂളില്‍ പോയിയെന്നാണ് പാര്‍ത്ഥന്‍ പറയുന്നത്. ചേച്ചിമാരുടെ കൂടെയായിരുന്നു സ്‌കൂളിലേക്ക് പോക്ക്. പത്താം ക്ലാസ്സ് ജയിച്ചപ്പോഴാണ് താന്‍ ഏതു ക്ലാസ്സിലാണ് പഠിക്കുന്നത് എന്നു വീട്ടുകാര്‍പോലും അറിയുന്നത്. പുസ്തകമുണ്ടോ, പഠിച്ചോ, മാര്‍ക്കുകിട്ടിയോ എന്നൊക്കെ ചോദിക്കാനൊന്നും ആരുമുണ്ടായിരുന്നില്ല. വൈകിട്ട് വീട്ടില്‍ കണ്ടില്ലെങ്കില്‍ മാത്രമാണ് എവിടെയെന്ന് അന്വേഷിക്കുന്നത്. അസാന്നിധ്യം കൊണ്ടുമാത്രമാണ് സാന്നിധ്യം വീട്ടുകാര്‍ക്കൊക്കെ അനുഭവപ്പെട്ടിരുന്നത്. തന്റെ മാത്രമല്ല, തന്റെ ചുറ്റുവട്ടത്തുള്ള മറ്റു കുട്ടികളുടേയും കാര്യം ഇങ്ങനെയൊക്കെയായിരുന്നുവെന്നു പാര്‍ത്ഥന്‍ ഓര്‍മ്മിക്കുന്നു. 

പത്താം ക്ലാസ്സ് പാസ്സായി എറണാകുളത്ത് മഹാരാജാസ് കോളേജിലാണ് പ്രീഡിഗ്രിക്കു ചേരുന്നത്. ബോട്ടു കയറിവേണം കോളേജിലെത്താന്‍. ദാരിദ്ര്യം പഠനത്തിനു തടസ്സമായില്ലെങ്കിലും കാശുള്ള കുടുംബങ്ങളില്‍നിന്നു വരുന്ന കുട്ടികളെപ്പോലെയൊക്കെ ജീവിക്കാന്‍ അന്ന് ആഗ്രഹമുണ്ടായിരുന്നു. 
പ്രീഡിഗ്രി ആദ്യവട്ടം കടന്നില്ല. തോറ്റ എല്ലാ കുട്ടികളേയും പോലെ ഇംഗ്ലീഷ് കിട്ടിയില്ല എന്നുതന്നെയായിരുന്നു തന്റേയും മറുപടിയെന്ന് പാര്‍ത്ഥന്‍ പറയുന്നു. എന്നാല്‍, പിന്നീട് വാശിയോടെ അതെഴുതിയെടുത്തു. അല്ലെങ്കിലും നീയൊന്നും ജയിക്കാന്‍ പോകുന്നില്ലെടാ എന്ന് സഹപാഠികളില്‍ ചിലര്‍ പരിഹസിച്ചു. അച്ഛനുമമ്മയും സര്‍ക്കാര്‍ ജീവനക്കാരായിരുന്ന അനില്‍കുമാര്‍ എന്ന സഹപാഠിയുടെ പരിഹാസം പാര്‍ത്ഥന്‍ പ്രത്യേകിച്ച് ഓര്‍ക്കുന്നു. അതിന് ഒരു സവിശേഷ കാരണമുണ്ട്. 

തൊണ്ണൂറുകളുടെ ആദ്യ പകുതിയിലാണ് പാര്‍ത്ഥന്റെ പ്രീഡിഗ്രിക്കാലം. വസ്ത്രവിപണിയിലും മറ്റും അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ സ്ഥാനം പിടിക്കുന്ന കാലം. തനിക്ക് കില്ലര്‍ ജീന്‍സ് വേണമെന്ന് വലിയ ആഗ്രഹമായിരുന്നു. ദരിദ്രനായ തനിക്ക് അതിനെവിടെ വഴി? എന്നാല്‍, ഒരു സുഹൃദ് സദസ്സിലെ സംഭാഷണത്തിനിടയില്‍ അനില്‍കുമാര്‍ തനിക്ക് ഒരു ജോഡി കില്ലര്‍ ജീന്‍സും ഷര്‍ട്ടും വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍, ഒരു പ്രത്യുപകാരം വേണമെന്ന് അനില്‍കുമാര്‍ പറഞ്ഞു. തനിക്ക് പകരം ഇംഗ്ലീഷ് പരീക്ഷ പാര്‍ത്ഥന്‍ എഴുതിത്തരണം- ഇതായിരുന്നു അനില്‍കുമാറിന്റെ ആവശ്യം. തന്നെ പരിഹസിച്ച അനില്‍കുമാറും പ്രീഡിഗ്രി കടന്നിട്ടില്ലെന്ന് അപ്പോഴാണ് മനസ്സിലായത്. 

ജീവിതം തീര്‍ച്ചയായും പ്രയാസമേറിയതായിരുന്നു. പക്ഷേ, അതിന്റെ ഒരു ഗൗരവമൊന്നും അന്ന് അനുഭവപ്പെട്ടിരുന്നില്ല, ഇല്ലായ്മകളും ദൈന്യാവസ്ഥയും താല്‍ക്കാലികമായി ചില വ്യക്തിപരമായ വേദനകള്‍ തന്നിരുന്നെങ്കിലും. ചുറ്റുമുള്ള ലോകത്തില്‍ ഏറെ വെളിച്ചമുള്ളതായിട്ടാണ് തോന്നിയിരുന്നത്. ഇന്നും അങ്ങനെത്തന്നെ. 

ഡാന്‍സ് ക്ലബ്ബും റാംപും
കോളേജില്‍ പഠിക്കുന്ന കാലത്ത് സിനിമാറ്റിക് ഡാന്‍സില്‍ കമ്പം കയറി. ഷോക്ക് ബോയ്‌സ് എന്നൊരു ഡാന്‍സ് ക്ലബ്ബുണ്ടായിരുന്നു. നഗരത്തിലും ചുറ്റുവട്ടത്തുമുള്ള പിള്ളേരായിരുന്നു ട്രൂപ്പിലെ അംഗങ്ങള്‍. നിരവധി പേര്‍ അതില്‍ അംഗങ്ങളായി ഉണ്ടായിരുന്നു. പിന്നീട് സിനിമയിലും മറ്റും പേരെടുത്തവരടക്കം. ആദ്യമായി പെണ്‍കുട്ടികളെ സിനിമാറ്റിക് ഡാന്‍സില്‍ പങ്കെടുപ്പിക്കുന്നത് ഈ ട്രൂപ്പാണ്. അന്ന് ഈ  ക്ലബ്ബിന്റെ ഭാഗമായ പെണ്‍കുട്ടികളില്‍ ചിലര്‍ ഇന്നും കലാരംഗത്തുണ്ട്. 
''ഫയര്‍ ഡാന്‍സായിരുന്നു എന്റെ സവിശേഷ ഐറ്റം. ഈ ഡാന്‍സ് ട്രൂപ്പിന്റെ രക്ഷാകര്‍ത്തൃത്വം പലപ്പോഴും നഗരത്തിലെ അറിയപ്പെടുന്ന തല്ലുകാര്‍ക്കായിരുന്നു എന്നതാണ് രസകരമായ ഒരു കാര്യം. ഏറെ വേദികള്‍ ഞങ്ങള്‍ക്കു കിട്ടി. നവീന്‍ ജെ. ആന്ത്രപ്പേരിനെപ്പോലുള്ളവരെയൊക്കെ ഞങ്ങള്‍ കൂടെ കൊണ്ടുനടന്നു'' -പാര്‍ത്ഥസാരഥി ഓര്‍മ്മിക്കുന്നു. 
ഇടയ്ക്കുവെച്ച് റാംപില്‍ കയറാനും ആഗ്രഹമുണ്ടായി. പലപ്പോഴും റാംപില്‍ മറ്റുള്ളവരെക്കാള്‍ ശ്രദ്ധ നേടാന്‍ തനിക്കായിരുന്നു. എങ്കിലും തന്റെ കറുപ്പുനിറവും പശ്ചാത്തലവും മറ്റുള്ളവര്‍ക്ക് തന്നെ ചവിട്ടിത്താഴ്ത്താന്‍ ഇട നല്‍കി. പതുക്കെപ്പതുക്കെ തന്റെ ഇടമല്ല ഇതെന്ന് പാര്‍ത്ഥസാരഥി തിരിച്ചറിഞ്ഞു.
''നിറത്തിനും ശരീരത്തിനും രാഷ്ട്രീയമുണ്ടെന്ന് മനസ്സിലായത് അപ്പോഴാണ്. പലര്‍ക്കും ഈ രംഗത്ത് ചുവടുറപ്പിക്കാന്‍ വഴിയുണ്ടാക്കിക്കൊടുത്തത് ഞാനാണ്. എന്നാല്‍, മിക്കപ്പോഴും കറിവേപ്പില പോലെ പുറന്തള്ളപ്പെട്ടു'' -പാര്‍ത്ഥന്‍ പറയുന്നു.. 

എന്നാല്‍ ജാതീയമായ പിന്നാക്കാവസ്ഥയുടെ പശ്ചാത്തലത്തില്‍ നിന്നാണ് താന്‍ വരുന്നതെങ്കിലും ഏതെങ്കിലും ജാതീയരാഷ്ട്രീയത്തിന്റെ മേല്‍വിലാസത്തില്‍, ദളിത് രാഷ്ട്രീയത്തിന്റെ ലേബലില്‍ പോലും അറിയപ്പെടാന്‍ താല്‍പര്യപ്പെടുന്നയാളല്ല താനെന്ന് പാര്‍ത്ഥന്‍ പറയുന്നു. കീഴാളനായതുകൊണ്ടല്ല താന്‍ കീഴാളന്റെ ചരിത്രം പറയുന്നത്. മറിച്ച് ചരിത്രകാരനായതുകൊണ്ടാണ്.  ഐഡന്റിറ്റിയെക്കുറിച്ച് താന്‍ തീര്‍ച്ചയായും ബോധവനാണ്. എന്നാല്‍ ആ ഐഡന്റിറ്റി രാഷ്ട്രീയത്തിലേക്ക് ഒതുങ്ങിപ്പോകാന്‍ തനിക്ക് താല്‍പര്യമില്ല.  ജാതിയെല്ലാം പൊളിച്ച് മനുഷ്യരെല്ലാം ഒന്നാകുന്ന പുതിയൊരു സമൂഹത്തിന്റെ നിര്‍മിതിക്ക് എന്തുചെയ്യണമെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍.  സ്വത്വരാഷ്ട്രീയവാദിയാകുന്നതോടെ താന്‍ അതില്‍ ചുരുങ്ങിപ്പോകുമെന്ന തോന്നലാണ് തനിക്കുള്ളതെന്നും പാര്‍ത്ഥന്‍ പറയുന്നു. ഈയടുത്ത് തനിക്ക്  ജന്‍മനാട്ടില്‍ ഒരു പിന്നാക്കസമുദായ സംഘടന സ്വീകരണം  തന്നു. അതില്‍ അവര്‍ അവരുടെ ഒരാളായിട്ടാണ് തന്നെ വിശേഷിപ്പിച്ചത്. തീര്‍ച്ചയായും അതൊരു ചുരുങ്ങിപ്പോകലായിട്ടാണ് തനിക്ക് തോന്നിയത്.  

'ഞാന്‍ പറയുന്നത് എന്റെ നിറത്തിന്റെ രാഷ്ട്രീയം തന്നെയാണ്.  അതുകൊണ്ടുതന്നെ മിക്കപ്പോഴും  സെമിനാറുകളില്‍ എനിക്ക് ഉത്തരം കിട്ടാറില്ല.  അങ്ങനെയാണ് ഒരു യുട്യൂബ് ചാനലിനെക്കുറിച്ച് ആലോചിച്ചുതുടങ്ങുന്നത്. പത്മനാഭസ്വാമിക്ഷേത്രം, ശബരിമല പ്രശ്‌നങ്ങളില്‍ എന്റെ നിലപാടുകള്‍ വ്യക്തമാക്കിയുള്ള എന്റെ യുട്യൂബ് വിശദീകരണങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ചരിത്രത്തെക്കുറിച്ച് ബോധവാന്‍മാരാക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയപ്രവര്‍ത്തനം  തന്നെയാണ്. ഞാന്‍ പുസ്തകമെഴുതുന്നതും യൂട്യൂബ് ചാനലില്‍ ചരിത്രം പറയുന്നതും എന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്.'' പാര്‍ത്ഥന്‍ വിശദീകരിക്കുന്നു. 
മഹാരാജാസിലെ കലാലയ ജീവിതകാലമാണ് പാര്‍ത്ഥന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയത്. റോയല്‍ കോര്‍ണര്‍ എന്നൊരിടമുണ്ട് അവിടെ. കോളേജിലെ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അവിടെയുണ്ടാകുക. കോളേജില്‍ പഠിക്കാത്ത നാട്ടുകാരില്‍ ചിലരും കൂട്ടംകൂടി അവിടെയുണ്ടാകും. പില്‍ക്കാലത്ത് സിനിമയില്‍ സജീവമായ നടന്‍ വിനായകനെപ്പോലുള്ളവരും അവിടെ കാണും. എസ്.എഫ്.ഐ നേതൃത്വത്തില്‍ കോളേജ് യൂണിയനോ മറ്റോ എന്തു പരിപാടി സംഘടിപ്പിച്ചാലും അതിന് ബദല്‍ സംഘടിപ്പിക്കലായിരുന്നു അവരുടെ മുഖ്യപരിപാടി. ഒരിക്കല്‍ ഈ ഇടപാട് അവസാനിപ്പിക്കണമെന്ന് തനിക്കു തോന്നി. അന്നു കുറച്ചു കായികമായിത്തന്നെ അവരെ നേരിടേണ്ടിവന്നു. ആദ്യമൊക്കെ അവര്‍ ഭീഷണിയൊക്കെ മുഴക്കിയെങ്കിലും കോളേജിനു പുറത്ത് എനിക്കുള്ള ബന്ധങ്ങളെക്കുറിച്ച് അവര്‍ക്ക് അതിനു പിറകേ മനസ്സിലാകാന്‍ ഇടവന്നതുകൊണ്ട് പിന്നീട് അവര്‍ പ്രതികരിച്ചില്ല. അതോടുകൂടി കോളേജിനകത്ത്  അവരുണ്ടാക്കിയിരുന്ന പ്രശ്‌നങ്ങളും അവസാനിച്ചു. 
''പുറത്തുള്ളവരുമായി ബന്ധങ്ങളൊന്നും കുട്ടികള്‍ക്ക് പാടില്ലെന്ന് എനിക്ക് വിശ്വാസമില്ല. മുന്‍പൊക്കെ കലാലയം നിലനില്‍ക്കുന്ന പ്രദേശവും ചുറ്റുവട്ടവും വിദ്യാര്‍ത്ഥികളുടെ ഇടം തന്നെയായിരുന്നു. അന്യദേശങ്ങളില്‍നിന്നു വന്നു പഠിക്കുന്നവരാണെങ്കില്‍പ്പോലും നാട്ടുകാരുമായി ഇടപഴകാന്‍ മടിച്ചിരുന്നില്ല. കലാലയ മാനേജ്‌മെന്റുകളും തലവന്മാരും അത്തരം ഇടപെടലുകളെ പ്രോത്സാഹിപ്പിക്കാതിരിക്കുകയോ, ആശങ്കയോടെ കാണുകയോ ചെയ്തിരുന്നു. എങ്കില്‍പ്പോലും കോളേജുകള്‍ ഇന്നത്തെപ്പോലെ ഒറ്റപ്പെട്ട ദ്വീപുകളായിരുന്നില്ല. തീര്‍ച്ചയായും അത്തരം ഇഴുകിച്ചേരലുകള്‍ ചില പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നുവെന്നത് നേരാണ്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ വലിയൊരു സമൂഹത്തിന്റെ ഭാഗമായിരുന്നുവെന്ന തോന്നലുണ്ടാക്കിയിരുന്നു. ആളുകള്‍ കൂടുതല്‍ കൂടുതല്‍ ഉള്‍വലിഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്തും അത്തരം ബന്ധങ്ങള്‍ക്കൊക്കെ പ്രസക്തിയുണ്ട്. ക്യാംപസുകള്‍ ചുറ്റുപാടുകളുമായി ആരോഗ്യകരമായ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യം തന്നെയാണ്'' -പാര്‍ത്ഥസാരഥി അഭിപ്രായപ്പെടുന്നതിങ്ങനെ.

മഹാരാജാസില്‍നിന്നും ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം പൂത്തോട്ടയിലെ ബി.എഡ് കോളേജിലായിരുന്നു പാര്‍ത്ഥസാരഥിയുടെ പിന്നീടുള്ള വിദ്യാഭ്യാസം. അതുകഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാംപസില്‍. അവിടെ എംഫില്ലിന് പഠിക്കുന്ന കാലത്താണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്. ''അങ്ങനെയൊരു രാഷ്ട്രീയ പ്രവര്‍ത്തനമൊന്നുമില്ല. മഹാരാജാസില്‍ ഞാന്‍ പഠിച്ചിരുന്ന കാലത്തെന്നപോലെ ആ ചുറ്റുവട്ടത്തുള്ള ക്രിമിനല്‍ സ്വഭാവമുള്ള ചിലരുടെ ഇടപെടല്‍ അവസാനിപ്പിക്കാന്‍ എസ്.എഫ്.ഐക്ക് ഞാന്‍ ചില സഹായങ്ങള്‍ ചെയ്തു. ഒരു മുന്‍ ഡെപ്യൂട്ടി സ്പീക്കറുടെ ബന്ധു ഗസ്റ്റ് അധ്യാപകനായി അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ഒരു പ്രശ്‌നക്കാരനായിരുന്നു. അദ്ദേഹവും എസ്.എഫ്.ഐയുമായുള്ള പ്രശ്‌നങ്ങളില്‍ ഞാന്‍ ഇടപെട്ടിട്ടുണ്ട്'' -പാര്‍ത്ഥന്‍ പറയുന്നു.

പില്‍ക്കാലത്ത് തന്റെ ജീവിതസഖിയായി തീര്‍ന്ന ഡോ. ശാലിനിയെ ക്യാംപസില്‍നിന്നാണ് പാര്‍ത്ഥസാരഥി കണ്ടെത്തുന്നത്. അവരും അവിടെ എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്നു. എന്നാല്‍, തന്റെ പ്രവര്‍ത്തനശൈലിയോട്  അവര്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. 
''പലപ്പോഴും ക്യാംപസുകളില്‍ ആധിപത്യത്തിനുവേണ്ടിയുള്ള ശ്രമമാണ് അക്രമത്തിലെത്തുന്നത്. ആധിപത്യത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ തന്നെയാണ് പൊതുരാഷ്ട്രീയത്തിലും കൊലപാതകങ്ങളില്‍ വരെ എത്തിച്ചേരുന്നത്. എന്നിരുന്നാലും ആശയത്തെ ആശയംകൊണ്ട് എതിരിടുകയെന്നത് പലപ്പോഴും ഒരു ആദര്‍ശാത്മക സങ്കല്പം മാത്രമാണ്. ലോകം മുഴുവന്‍ മുതല്‍ കൈയാളുന്നവന്റേയും വെളുത്തവന്റേയും സവര്‍ണ്ണന്റേയും ആധിപത്യം നിലനില്‍ക്കുമ്പോള്‍ തൊഴിലാളിയുടെ/കറുത്തവന്റെ/ദളിതന്റെ ആധിപത്യം ചെറിയ ഒരിടത്തുപോലും നിലനില്‍ക്കുന്നത് സഹിഷ്ണുതയോടെ കാണാന്‍ പൊതുബോധത്തിനു കഴിയുന്നില്ല'' -പാര്‍ത്ഥന്‍ ചൂണ്ടിക്കാണിക്കുന്നു. 
ഭൂതകാലത്തിന്റെ രാഷ്ട്രീയമായ വ്യാഖ്യാനമാണ് പാര്‍ത്ഥന് എല്ലായ്പോഴും ചരിത്രമെന്നത്. വീഴുന്നവന്റേയും വാഴുന്നവന്റേയും മേലാളന്റേയും കീഴാളന്റേയും കറുപ്പിന്റേയും വെളുപ്പിന്റേയും നിലനില്പ് സംബന്ധിച്ച വസ്തുനിഷ്ഠമായ വിശദീകരണങ്ങളാണ് പാര്‍ത്ഥന്‍ നല്‍കാന്‍ ശ്രമിക്കാറുള്ളത്. ഒരു സമൂഹത്തേയും ഏകശിലാ സ്വഭാവത്തില്‍ കാണുന്നത് ചരിത്രത്തിന്റെ രീതിയല്ലെന്നും അങ്ങനെ വ്യാഖ്യാനിക്കുന്നതില്‍ വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസങ്ങളെ മറച്ചുപിടിക്കുന്ന രാഷ്ട്രീയത്തിന്റെ കൗശലമുണ്ടെന്നും പാര്‍ത്ഥന്‍ വാദിക്കുന്നു. 
''ഇസ്ലാമിക ചരിത്രത്തിലും ഈ വ്യത്യാസം കാണാം. നമ്മുടെ തദ്ദേശീയ മുസ്ലിം സമൂഹത്തിലും പരോക്ഷമായ ശ്രേണീസ്വഭാവം കാണാം. ജാതിസമൂഹത്തിന്റെ സ്വഭാവമൊക്കെ നമ്മുടെ നാട്ടിലെ ഇസ്ലാമിലുമുണ്ട്. എന്നാല്‍, രാഷ്ട്രീയ ഇസ്ലാമിന്റെ ആളുകള്‍ അത് സമ്മതിച്ചുതരില്ല.'' 
കാര്യവട്ടം ക്യാംപസില്‍ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗത്തിലും കേരള സര്‍വ്വകലാശാലയുടെ ഡിസ്റ്റന്‍സ് എജുക്കേഷന്‍ സ്‌കൂളിലും സേവനമനുഷ്ഠിച്ചിട്ടുള്ള പാര്‍ത്ഥസാരഥി പറയുന്നു. 

ചരിത്രത്തിന്റെ 
തേരുരുട്ടുന്ന വഴി

വേട്ടയാടലിന്റെ ചരിത്രം സിംഹം പറയുന്ന നാള്‍വരെ വേട്ടയുടെ കഥയില്‍ വേട്ടക്കാരന്‍ വാഴ്ത്തപ്പെട്ടുകൊണ്ടേയിരിക്കുമെന്ന് അര്‍ത്ഥം വരുന്ന ഒരു ആഫ്രിക്കന്‍ ചൊല്ലുണ്ട്. (Until the story of the hunt is told by the lion, the tale of the hunt will always glorify the hunter.) സമൂഹത്തിന്റെ കീഴ്ത്തട്ടില്‍ കഴിയുന്നവര്‍ക്ക് എളുപ്പം മനസ്സിലാകും ഈ ചൊല്ലിന്റെ പൊരുള്‍. പാര്‍ത്ഥസാരഥിക്കും നന്നായി അറിയാം ഈ യാഥാര്‍ത്ഥ്യം. നമ്മുടെ കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ ചരിത്രത്തെ, മലബാര്‍ തീരത്തെ പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ നടന്ന പോരാട്ടത്തെ, വ്യത്യസ്തമായ ഒരു വീക്ഷണകോണില്‍നിന്ന് കാണാനുള്ള ശ്രമമാണ് തന്റെ ഡിസ്‌കവറി ഒഫ് ദ കേപ് ഒഫ് ഗുഡ് ഹോപ്: എ ട്രാജിക് ഇവന്റ് ടു ദ മാപ്പിളാസ് എന്ന പുസ്തകമെന്ന് പാര്‍ത്ഥസാരഥി വിശദീകരിക്കുന്നു. 
''നാളിതുവരെ നമ്മുടെ ചരിത്രാഖ്യാനങ്ങളില്‍ സാമൂതിരിയും മറ്റും പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ നടത്തിയ ചെറുത്തുനില്പുകളാണ് മുന്നിട്ടുനില്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ സമുദ്രങ്ങളുടെമേല്‍ അധീശത്വം പുലര്‍ത്തിയിരുന്ന മാപ്പിളമാരാണ് പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരെ തുടക്കം മുതലേ ധീരോദാത്തമായ ചെറുത്തുനില്പ് സംഘടിപ്പിച്ചത്. ഇവര്‍ക്കെതിരെയുള്ള നിലപാടെടുക്കുകയും ഇവരെ നേരിടുകയുമാണ് സാമൂതിരിയൊക്കെ ആദ്യം ചെയ്തത്. ആല്‍ബുക്കര്‍ക്കിന് കോഴിക്കോട്ട് കോട്ട പണിയാനുള്ള അനുവാദം വരെ സാമൂതിരി നല്‍കുന്നുണ്ട്. നായര്‍ പടയാളികള്‍ അവരുമായി യുദ്ധം ചെയ്യുകയും ചെയ്തു. ബിജാപ്പൂരുമായി കുടിപ്പക വെച്ചുപുലര്‍ത്തിയിരുന്ന വിജയനഗര ഭരണാധികാരികളാണ് ആല്‍ബുക്കര്‍ക്കിന് ഗോവ ആക്രമിക്കാനും കീഴടക്കാനും ഒക്കെ സൈനികസഹായം നല്‍കുന്നത്. വലിയ ഒരു നാവികശക്തിയായിരുന്നു യഥാര്‍ത്ഥത്തില്‍ മാപ്പിളമാര്‍. കൊച്ചിരാജാവും ക്രിസ്ത്യാനികളുമെല്ലാം മാപ്പിളമാരോട് യുദ്ധം ചെയ്യുകയാണ് ചെയ്തത്. നിരവധി തെളിവുകളുണ്ടായിട്ടും പൊതുവേ നമ്മുടെ ചരിത്രം പഴശ്ശിരാജയേയും സാമൂതിരിയേയും പോലെയുള്ളവരുടെ ചെറുത്തുനില്പുകളെ മാത്രമാണ് മഹത്വവല്‍ക്കരിക്കാറുള്ളത്. ഇങ്ങനെയൊരു സന്ദര്‍ഭത്തിലാണ് ഞാന്‍ ഈ പുസ്തകം എഴുതുന്നത്...'' -പാര്‍ത്ഥസാരഥി പറയുന്നു.
മലബാറിലെ മാപ്പിളമാരുടെ ചെറുത്തുനില്പും ചരിത്രവും വിശദീകരിക്കുന്ന, 360 പേജുകള്‍ വരുന്ന ഈ പുസ്തകത്തില്‍ മുന്നുരയ്ക്കും ആമുഖത്തിനും പുറമേ അഞ്ച് അധ്യായങ്ങളാണ് ഉള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com