ആത്മവിശ്വാസത്തോടെ പുതിയ വഴിയില്‍ (യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പ് തുടര്‍ച്ച)

തൃശൂരിലേക്ക് പോകുമ്പോള്‍ എന്റെ മനസ്സില്‍ നേരിയ ഒരാശങ്ക ഉണ്ടായിരുന്നു. പുതിയ സ്ഥലം. പുതിയ പ്രവര്‍ത്തനമേഖല.
ജോയ് ശാസ്താംപടിക്കല്‍
ജോയ് ശാസ്താംപടിക്കല്‍


 
തൃശൂരിലേക്ക് പോകുമ്പോള്‍ എന്റെ മനസ്സില്‍ നേരിയ ഒരാശങ്ക ഉണ്ടായിരുന്നു. പുതിയ സ്ഥലം. പുതിയ പ്രവര്‍ത്തനമേഖല. ഒരഭിമുഖവുമായി ബന്ധപ്പെട്ട് ഒരിക്കല്‍ സാഹിത്യ അക്കാദമിയില്‍ പോയിട്ടുണ്ടെന്നതല്ലാതെ മറ്റൊരിടവും അറിയില്ല. റിപ്പോര്‍ട്ടിങ്ങിലേക്ക് കടക്കുന്നതും ആദ്യമായിട്ടാണ്. ഒരു പത്രത്തിന്റെ ജില്ലാ ലേഖകന് വലിയ ചുമതലകള്‍ നിര്‍വ്വഹിക്കാനുണ്ടാകും.  കേരള കൗമുദി പത്രത്തിന്റെ എല്ലാ കാര്യങ്ങളും ആദ്യം മുതലേ ചെയ്യേണ്ടിയിരിക്കുന്നു. തൃശൂരില്‍ എനിക്ക്  അറിയുന്നവരും വളരെ കുറവ്. ആകെ അറിയാവുന്നത് തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ ഹിന്ദി പ്രൊഫസറായ കൃഷ്ണന്‍ നായര്‍ മാഷെ മാത്രം. തൃശൂരില്‍ കേരള കൗമുദി പത്രത്തിന് നല്ല പ്രചാരമുണ്ട്. ഏജന്റ് ഒരു ആന്റണി നെല്ലിക്കുന്നാണ്. അയാളുമായി ബന്ധപ്പെട്ടാല്‍ എല്ലാ സഹായവും ചെയ്തുതരുമെന്നാണ്  തിരുവനന്തപുരത്തുനിന്നും പറഞ്ഞിരുന്നത്. എന്നാല്‍ അയാളെ  അല്ല പെട്ടെന്ന് കാണേണ്ടതെന്ന് ഞാന്‍ വിചാരിച്ചു. പത്രമേഖലയില്‍പ്പെട്ട, ആശ്രയിക്കാന്‍ കഴിയുന്ന ഒരാളുമായി ബന്ധപ്പെടണം.  അതിനെക്കുറിച്ച് ആലോചിച്ചപ്പോഴാണ്  മലയാള മനോരമയുടെ ബ്യൂറോ ചീഫായ  ജോയി ശാസ്താംപടിക്കലിന്റെ പേര് ഓര്‍മ്മയില്‍ വന്നത്. ആന്റണി സാറിന്റെ അടുത്ത സുഹൃത്താണ്.  ശാസ്താംപടിക്കലിന്റെ പേര്  പല അവസരങ്ങളിലും  ഞാന്‍ കേട്ടിട്ടുമുണ്ട്.  സാഹിത്യത്തോട് ഏറെ താല്പര്യമുള്ള ഒരു പത്രപ്രവര്‍ത്തകനാണ്. പഴയ മുനിസിപ്പല്‍ ബസ് സ്റ്റാന്റിന്റെ തെക്കുവശത്തുള്ള മനോരമ ബ്യൂറോയില്‍ കാലത്ത്  ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹം അവിടെയുണ്ട്. പരിചയപ്പെടുത്തിയപ്പോള്‍ വളരെ കാലത്തെ ബന്ധമുള്ള ഒരാളെപ്പോലെ അദ്ദേഹം പറഞ്ഞു:

''നിങ്ങളാണ് വരുന്നതെന്ന് കേട്ടിരുന്നു. വളരെ സന്തോഷം.''
എന്നെ മറ്റൊരു തരത്തിലും പരിചയപ്പെടുത്തേണ്ടിവന്നില്ല. എന്നെക്കുറിച്ചു എല്ലാം അദ്ദേഹം അറിഞ്ഞുവെച്ചിരുന്നു. എന്റെ കഥകളും ഏറെക്കുറെ വായിച്ചിട്ടുണ്ട്. എഴുത്തുകാരും രാഷ്ട്രീയക്കാരുമായും അദ്ദേഹത്തിന് നല്ല ബന്ധമാണുള്ളതെന്ന് ചുരുങ്ങിയ സംസാരത്തിനിടയില്‍ മനസ്സിലായി. 
ഓഫീസിനായും താമസിക്കാനുമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു മുറി കണ്ടെത്തണം. ഒരു നല്ല ഫോട്ടോഗ്രാഫറുമായി പരിചയപ്പെടുകയും വേണം. ടെലിപ്രിന്റര്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതുവരെ വാര്‍ത്തകള്‍ തപാലിലൂടെയും ഫോണിലൂടെയും അയച്ചാല്‍ മതി. വളരെ പെട്ടെന്നു വരേണ്ടതല്ലാത്ത വാര്‍ത്തകള്‍ തപാലിലൂടെ അയക്കുക. അല്ലാത്തത് ഫോണിലൂടെ  അറിയിക്കുക. ഇതാണ് എനിക്കു ലഭിച്ച നിര്‍ദ്ദേശം. അക്കാലത്ത്  ഫോട്ടോസഹിതം കൊടുക്കാന്‍ കഴിയുന്ന 'ഹ്യൂമണ്‍ ഇന്ററസ്റ്റിംഗ്' വിഭാഗത്തില്‍പ്പെടുന്ന വാര്‍ത്തകള്‍ വളരെ കുറച്ചേ പത്രങ്ങളില്‍ വരാറുള്ളൂ.  ഞാന്‍ അത്തരം വാര്‍ത്തകള്‍ക്ക്  പ്രാധാന്യം കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന് നല്ലൊരു ഫോട്ടോഗ്രാഫര്‍ ഉണ്ടായാലേ മതിയാവൂ. കേരള കൗമുദിക്ക് അവിടെ ഒരു ഫോണ്‍ ഉണ്ട്.  അത് പഴയ ലേഖകന്റെ വീട്ടില്‍ കിടപ്പാണ്.  അതൊന്ന് തിരിച്ചുകൊണ്ടുവരണം.  ഞാന്‍ പഴയ ലേഖകനെക്കുറിച്ചു സംസാരിക്കുന്നതിനിടയില്‍  ശാസ്താംപടിക്കല്‍ പറഞ്ഞു:
''നിങ്ങളൊക്കെ  കരുതുന്നതുപോലെ അയാളത്ര നിസ്സാരക്കാരനല്ല. കേരള കൗമുദി പത്രത്തിന്  തൃശൂരില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുത്തത്  നാട്ടിക ദാമോദരനാണ്.  പിന്നെ എങ്ങനെയോ ചില ശീലങ്ങള്‍ക്കടിമപ്പെട്ടു ഒന്നുമല്ലാതായി, അതയാളുടെ നിര്‍ഭാഗ്യം.''

നാട്ടികയുടെ പഴയൊരു പശ്ചാത്തലത്തിലേക്ക്  അദ്ദേഹം കടന്നുചെന്നു:
''യേശുദാസ് ഇന്ന് ലോകം മുഴുക്കെ ആരാധിക്കപ്പെടുന്ന ഒരു ഗായകനാണ്. എന്നാല്‍ യേശുദാസ് ആരുമല്ലാതിരുന്ന ഒരുകാലത്ത്  ഫോര്‍ട്ടുകൊച്ചിയിലെ  ചില ക്ലബ്ബുകള്‍ക്ക് പാടി നടക്കുകയായിരുന്നു അദ്ദേഹം. അന്ന് തൃശൂരിലെ  ഒരാള്‍ക്ക്  നാരായണഗുരുവിന്റെ കഥയെ ആസ്പദമാക്കി ഒരു സിനിമ എടുക്കാന്‍ തോന്നുന്നു. നാട്ടികയുടെ സുഹൃത്തായിരുന്നു അദ്ദേഹം. നാട്ടിക ഒരു നിബന്ധന വെക്കുന്നു, ആ സിനിമയില്‍ യേശുദാസ്  എന്ന പുതിയ ഗായകനെക്കൊണ്ടു പാടിക്കണം. സുഹൃത്ത് അതിനു വഴങ്ങുന്നു.  നാട്ടിക ഫോര്‍ട്ടുകൊച്ചിയില്‍ ചെന്ന് യേശുദാസിനെ തൃശൂരിലേക്ക്  വിളിച്ചുകൊണ്ടുവന്നു. 'കാല്പാടുകള്‍' എന്നായിരുന്നു ആ സിനിമയുടെ പേര്.  അതിലെ ആദ്യപാട്ട് 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും' യേശുദാസിനെക്കൊണ്ടു പാടിപ്പിക്കുന്നു.  യേശുദാസിന്റെ ആദ്യ സിനിമാ ആലാപനം. ബാക്കിയൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. യേശുദാസ്  ഇപ്പോഴും അത് മറന്നിട്ടില്ല. തൃശൂരില്‍ വരുമ്പോഴൊക്കെ നാട്ടികയെ കാണും.  അതായിരുന്നു നാട്ടിക ദാമോദരന്‍ എന്ന പത്രപ്രവര്‍ത്തകന്‍. നല്ല സഹൃദയന്‍. പിന്നെ നിര്‍ഭാഗ്യവശാല്‍ എങ്ങനെയോ ഇങ്ങനെയായി. ഇപ്പോള്‍ അയാള്‍ കൂര്‍ക്കഞ്ചേരിയിലെ വീട്ടില്‍ ഒതുങ്ങിക്കൂടുകയാണ്.''
നാളെത്തന്നെ കൂര്‍ക്കഞ്ചേരിയില്‍ ചെന്ന് നാട്ടികയെ കാണണമെന്ന്  ഞാന്‍  തീരുമാനിച്ചു. 

രാഗം തിയേറ്ററിന് സമീപമുളള പ്രീമിയര്‍ ലോഡ്ജില്‍ മാസവാടകയ്ക്ക് മുറി എടുത്തുതന്നതും ശാസ്താംപടിക്കലാണ്. പ്രീമിയറിനെക്കുറിച്ചു പത്രങ്ങളില്‍ നിരന്തരം വന്ന വാര്‍ത്തകള്‍ ഞാന്‍ വായിച്ചിരുന്നു. അക്കാലത്ത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു പ്രണയകഥയിലെ അവസാന രംഗം അരങ്ങേറിയത് പ്രീമിയര്‍ ലോഡ്ജില്‍ വെച്ചായിരുന്നു.  തലശ്ശേരിയിലെ അതിപ്രശസ്തമായ രണ്ടു കുടുംബങ്ങളില്‍പ്പെട്ട യുവതിയും യുവാവും പ്രണയിക്കുന്നു.  എന്നാല്‍ പെണ്‍കുട്ടിയുടെ  അച്ഛന്  ആ ബന്ധത്തില്‍ താല്പര്യമില്ലായിരുന്നു. കമിതാക്കള്‍ ആരും  കാണാതെ  തൃശൂരിലെത്തി പ്രീമിയറില്‍ മുറിയെടുത്തു. ഗുരുവായൂരില്‍ പോയി വിവാഹം കഴിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍ അന്നു രാത്രി തന്നെ പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസിന്റെ സഹായത്തോടെ വളരെ നാടകീയമായി  ലോഡ്ജില്‍നിന്നും മകളെ കടത്തിക്കൊണ്ടുപോയി.  പിന്നെ കേസായി. പിന്നീട് ഈ സംഭവത്തിന് മറ്റൊരു വഴിത്തിരിവാണുണ്ടായത്.  അതിനിടയില്‍ പെണ്‍കുട്ടിയെ അച്ഛന്‍ മദ്രാസിലേക്ക് നാടുകടത്തി. അവള്‍ അവിടെവെച്ചു മറ്റൊരു മതത്തില്‍പ്പെട്ട സിനിമാ നടനെ  മതംമാറി വിവാഹം കഴിക്കുകയാണുണ്ടായത്.  മാസങ്ങളോളം  പത്രത്തില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. അപ്പോഴൊക്കെ പ്രീമിയര്‍ ലോഡ്ജും പരാമര്‍ശിക്കപ്പെട്ടിരുന്നു. ഒരു ദുരന്തപര്യവസായിയായ പ്രണയകഥയുടെ രംഗവേദി എന്ന നിലയില്‍ പ്രീമിയര്‍ ലോഡ്ജ് എന്റെ ശ്രദ്ധയില്‍പ്പെട്ടത് അതുകൊണ്ടാണ്.

ഫോട്ടോഗ്രാഫറെ അന്നുതന്നെ  ഏര്‍പ്പാടാക്കി തന്നതും ശാസ്താംപടിക്കല്‍ തന്നെ. കുറുപ്പം റോഡില്‍ മൊണാലിസ സ്റ്റുഡിയോ നടത്തുന്ന ജനാര്‍ദ്ദനന്‍.  നല്ല ഫോട്ടാഗ്രാഫറാണെന്ന വിശേഷണത്തോടെയാണ് അദ്ദേഹം ജനാര്‍ദ്ദനനെ പരിചയപ്പെടുത്തി തന്നത്.  അത് ശരിയാണെന്ന് പിന്നീട് ബോധ്യമായി.  അന്നു കാലത്ത് പ്രസ്സ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തിലും ഞങ്ങളൊരുമിച്ചാണ് പോയത്.  അദ്ദേഹം തന്നെ മറ്റു പത്രക്കാര്‍ക്ക് എന്നെ പരിചയപ്പെടുത്തുകയും ചെയ്തു. അധികം പേരും എന്നെക്കുറിച്ച് കേട്ടിട്ടുണ്ട്.  എഴുത്തുകാരനായ പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചിലര്‍ എന്നെ വിശേഷിപ്പിക്കുകയും ചെയ്തു. അന്നു രാത്രി നഗരത്തിലെ ടൂറിസ്റ്റ് ഹോമില്‍ ഒരു പത്രസമ്മേളനമുണ്ടായിരുന്നു.  പത്രസമ്മേളനങ്ങള്‍ ഒന്നും ഒഴിവാക്കരുതെന്ന്  ശാസ്താംപടിക്കല്‍ എന്നെ പ്രത്യേകം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ നഗരത്തില്‍ പുതിയ ആളാണ്.  ധാരാളം പേരെ പരിചയപ്പെടേണ്ടതുണ്ട്.  പരിചയമുണ്ടായാല്‍ വാര്‍ത്തകള്‍ കിട്ടാന്‍ വളരെ എളുപ്പമാണ്. പത്രസമ്മേളനങ്ങളില്‍ വെച്ചാണ് പലതരം  വ്യക്തികളുമായി പരിചയപ്പെടാന്‍ സാധിക്കുക. അദ്ദേഹം പറഞ്ഞതില്‍ ഒരു ശരിയുണ്ടെന്ന്  എനിക്ക് തോന്നുകയും ചെയ്തു. അന്നത്തെ പത്രസമ്മേളനത്തോടൊപ്പം ഭക്ഷണവുമുണ്ടായിരുന്നു.  പ്രധാന വിഭവം മദ്യമായിരുന്നു. മറ്റുള്ളവരെല്ലാം മദ്യം കഴിക്കുമ്പോള്‍, ഞാന്‍ തെല്ലപ്പുറത്ത്  തനിച്ചിരുന്ന് തണുത്ത വെള്ളം കുടിക്കുകയായിരുന്നു.  അങ്ങനെ ഞാന്‍ ഇരിക്കുന്നത്  കണ്ടിട്ടാകാം സീനിയറായ ഒരു റിപ്പോര്‍ട്ടര്‍ എന്റെ അടുത്തേക്ക് വന്ന് അന്വേഷിച്ചു:
''ഇയാള്‍ ഇതൊന്നും കഴിക്കില്ലെ?''
''ഇല്ല. ഞാന്‍ ഉപയോഗിക്കാറില്ല. ഇതുവരെ  കഴിച്ചിട്ടില്ല, വിരോധമുണ്ടായിട്ടല്ല കുടിക്കാന്‍ തോന്നാത്തതു കൊണ്ടാണ്.''

നാട്ടിക ദാമോദരന്‍
നാട്ടിക ദാമോദരന്‍


പിന്നെ തെല്ല് പുച്ഛത്തോടെ അയാള്‍ പറയുന്നതു കേട്ടു: ''ഇയാളെങ്ങനെ ഒരു റിപ്പോര്‍ട്ടറാകും. വാര്‍ത്ത കിട്ടണമെങ്കില്‍ കമ്പനി കൂടണം. കമ്പനി കൂടാന്‍ ചിലപ്പോള്‍ ഇതൊക്കെ വേണ്ടിവരും.''
വാര്‍ത്താശേഖരണത്തിലേക്ക് ഇറങ്ങാന്‍ പോവുന്ന എനിക്ക്  ആദ്യമായി കിട്ടിയ ഉപദേശം. ഞാന്‍ എതിര്‍ക്കാനൊന്നും പോയില്ല. പതുക്കെ സ്വയമൊന്നു ചിരിച്ചു.
പിറ്റേന്നു കാലത്ത് നാട്ടിക ദാമോദരനെ കാണാന്‍ വേണ്ടി കൂര്‍ക്കഞ്ചേരിയിലുള്ള വീട്ടില്‍ പോയപ്പോള്‍ അദ്ദേഹത്തെ കാണാന്‍  കഴിഞ്ഞില്ല. കാണണമെന്ന് ഏറെ ആഗ്രഹമുണ്ടായിരുന്നു.  വന്ന കാര്യം  വീട്ടില്‍ പറഞ്ഞു. അതോടൊപ്പം കേരള കൗമുദിയുടെ ഫോണ്‍ എടുക്കേണ്ടിവരുമെന്നും അറിയിച്ചു.
സാഹിത്യ അക്കാദമിയില്‍ ചെന്നു സെക്രട്ടറി പവനനെ കണ്ടതിനുശേഷം പ്രസ്സ് ക്ലബ്ബില്‍ പോകാമെന്നു വിചാരിച്ചു. പവനന്‍ എനിക്കിഷ്ടപ്പെട്ട എഴുത്തുകാരനാണ്. കേരളത്തെ സംബന്ധിച്ച് അദ്ദേഹം ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അക്കാദമി പ്രധാന ഓഫീസിലേക്ക് കയറുന്നതിനു മുന്‍പായി മെയിന്‍ ഹാളില്‍നിന്നും ചില ശബ്ദങ്ങള്‍ കേട്ടു. എന്റെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു. അവിടെ എന്തെല്ലാമോ നിര്‍മ്മാണജോലികള്‍ നടക്കുകയാണ്. ഒന്നുകൂടി സൂക്ഷിച്ചു നോക്കി.  കിഴക്കുഭാഗത്തെ ചുമരിന്റെ  മുകള്‍ഭാഗത്ത് ചുമര്‍ച്ചിത്രം ഒരുക്കുകയാണ്. സൂക്ഷിച്ച് നോക്കിയപ്പോള്‍ മനസ്സിലായി. പ്രശസ്ത ചിത്രകാരന്‍ കാനായി കുഞ്ഞിരാമനാണ് അതിനു ജന്മം കൊടുത്തത്. ആദ്യമായാണ്  ആ കലാകാരനെ നേരില്‍ കാണുന്നത്.  മലമ്പുഴയിലെ 'യക്ഷിശില്പം' കണ്ടപ്പോഴെ ആഗ്രഹിച്ചിരുന്നതാണ് അദ്ദേഹത്തെ നേരിലൊന്നു കാണണമെന്ന്. തിരക്കിനിടയിലും അദ്ദേഹം സംസാരിക്കാന്‍ തയ്യാറായി. ഞാന്‍ സ്വയം  പരിചയപ്പെടുത്തി അപ്പോഴദ്ദേഹം പറഞ്ഞു: ''ആദ്യമായാണ്  ഒരു റിപ്പോര്‍ട്ടര്‍ ഇവിടേക്ക് വരുന്നത്'' പിന്നെ അതിന്റെ പ്രത്യേകതകളെക്കുറിച്ചു വിശദീകരിച്ചു. ''കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ ചുമര്‍ച്ചിത്രശില്പമാണ് ഇവിടെ ഒരുങ്ങുന്നത്. ഇനി രണ്ടു ദിവസത്തെ മിനുക്കലുകള്‍ മാത്രമേ ബാക്കിയുള്ളൂ. അതോടെ പണി തീരും.

പവനന്‍
പവനന്‍

അവിടെനിന്നും  ഇറങ്ങിയ ഉടനെ ഞാന്‍ മൊണാലിസയിലേക്ക് വിളിച്ചു. ഫോട്ടോഗ്രാഫര്‍ ജനാര്‍ദ്ദനനോട് കാനായി ചിത്രം മിനുക്കുന്ന രണ്ടോ മൂന്നോ പടങ്ങള്‍ ഉടന്‍ എടുക്കണമെന്ന്  ആവശ്യപ്പെട്ടു. വൈകീട്ട് അവ തരണമെന്നും പറഞ്ഞു. അന്നത്തെ ന്യൂസ് കവര്‍ തിരുവനന്തപുരത്തേക്ക് അയയ്ക്കുമ്പോള്‍  പടങ്ങളും ഫീച്ചറും അതിലുണ്ടായിരുന്നു. ''കേരളത്തിലെ ഏറ്റവും വലിയ ചുമര്‍ച്ചിത്രശില്പം അക്കാദമിയില്‍ ഒരുങ്ങുന്നു'' എന്നാണ് ഞാന്‍ തലവാചകം കൊടുത്തിരുന്നത്.  അതേ തലവാചകത്തില്‍ മൂന്നാമത്തെ ദിവസം  കേരള കൗമുദിയുടെ എട്ടാം പേജില്‍ വളരെ പ്രാധാന്യത്തോടെ  ഫീച്ചര്‍ ഫോട്ടോ സഹിതം അടിച്ചുവന്നു. എന്റെ ബൈലൈനോടെ ആദ്യത്തെ വാര്‍ത്ത.
അന്ന് പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രസ്സ് ക്ലബ്ബില്‍ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന പത്രസുഹൃത്തുക്കള്‍ തമാശയോടെ പറഞ്ഞു:
''നിങ്ങള്‍ ഇത്ര പെട്ടെന്ന് ഞങ്ങളെയൊക്കെ  നിലംപരിചരാക്കിയല്ലോ.''
പത്രത്തിന്റെ ഏജന്റ് ആന്റണി നെല്ലിക്കുന്നിനെ വഴിയില്‍ വെച്ചു കണ്ടപ്പോള്‍ പറഞ്ഞു:
''ഇതുപോലെ  നാലഞ്ചു വാര്‍ത്തകള്‍ വരട്ടെ സാറെ. എന്നാല്‍ പത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെടും.''
ഇത്തരം ഫീച്ചര്‍ വാര്‍ത്തകള്‍ അന്വേഷണത്തില്‍നിന്നും ഉണ്ടാവുന്നതല്ല. യാദൃച്ഛികമായി വന്നു വീഴുന്നതാണ്. അങ്ങനെയൊന്ന് ഇനി എപ്പോഴാണ് കണ്ടെത്തുക?
ചേര്‍പ്പിലുള്ള ഒരു സുഹൃത്തിനെ കാണാന്‍ വേണ്ടി ബസ്സില്‍ പോവുമ്പോള്‍ വല്ലച്ചിറക്കടുത്തുവെച്ചു റോഡരികില്‍ തലപോയ ഒരു ഗാന്ധി പ്രതിമ കണ്ടു.  ഒരു ഗാന്ധിയന്‍ സ്ഥാപനത്തിന്റെ വളപ്പിലായിരുന്നു പ്രതിമ.  ഞാന്‍ ഉടനെ അവിടെ ഇറങ്ങി.  ഗാന്ധിപ്രതിമയുടെ  തലക്കെന്തു പറ്റിയെന്ന് ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ഓഫീസിലെ സ്റ്റാഫിനോട് അന്വേഷിച്ചു:
''സ്‌കൂളിലെ കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുമ്പോള്‍ തലയ്ക്ക് ഉന്നം പിടിക്കുന്നതാണ്. അങ്ങനെ ഇടിച്ചിടിച്ചു പൊട്ടിപ്പോയതാ.''
''കുറെ നാളായോ തലപോയിട്ട്.''
''ഒരു കൊല്ലമാകാറായി.''
ഞാന്‍ ചേര്‍പ്പിലേക്ക് പോകാതെ നേരെ ടൗണിലേക്ക് മടങ്ങി. ഫോട്ടോഗ്രാഫര്‍ ജനാര്‍ദ്ദനനെ കണ്ടു വല്ലച്ചിറപോയി. ഗാന്ധിപ്രതിമയുടെ  പടമെടുത്തു വരണമെന്ന് പറഞ്ഞു. അന്നു വൈകിട്ട് തിരുവനന്തപുരത്തേക്കയച്ച കവറില്‍ ഒരു ഫീച്ചര്‍ ഉണ്ടായിരുന്നു: ''ഗാന്ധിസ്ഥാപനത്തിലെ ഗാന്ധിക്ക് തലയില്ല.''
    മൂന്നാമത്തെ ദിവസം പുറത്തിറങ്ങിയ കേരളകൗമുദി പത്രത്തില്‍ 'തലപോയ ഗാന്ധി'യുടെ വാര്‍ത്ത ബൈലൈനോടെ ഉണ്ടായിരുന്നു. അന്നു വൈകിട്ട് ലോഡ്ജിലേക്ക് വന്നപ്പോള്‍ മുറിക്കു പുറത്ത് കുറേപ്പേര്‍ എന്നെ കാത്തുനില്‍ക്കുന്നതു കണ്ടു. ഗാന്ധിയുടെ വാര്‍ത്ത കൊടുത്ത് അവരുടെ സ്ഥാപനത്തെ അപമാനിച്ചു എന്നാണ് പരാതി. ഞാന്‍ പറഞ്ഞു: ''ഗാന്ധിയെ പൊതുസ്ഥലത്ത്  ഒരിക്കലും നിന്ദിക്കാന്‍ പാടില്ല. അതു രാജ്യദ്രോഹക്കുറ്റമാണ്. ശരിക്കു പറഞ്ഞാല്‍ നിങ്ങള്‍ക്കെതിരെയാണ് നടപടി വേണ്ടത്. ഒരു കൊല്ലമായി തലപോയ ഗാന്ധിപ്രതിമ അങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട്. അതും ഒരു ഗാന്ധിയന്‍ സ്ഥാപനത്തില്‍.''
    

പിന്നീട് അവര്‍ ഒന്നും പറഞ്ഞില്ല. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഗാന്ധിപ്രതിമയുടെ തല പുനഃസ്ഥാപിച്ചുവെന്നും അറിയാന്‍ കഴിഞ്ഞു.
     ശാസ്താംപടിക്കലിനെ കാണാന്‍ മനോരമ ഓഫീസില്‍ ചെന്നപ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല.  മറ്റാരെല്ലാമോ ചിലര്‍ അവിടെ സംസാരിച്ചുകൊണ്ടിരുന്നു.  ശാസ്താംപടിക്കല്‍ ഉടന്‍ വരുമെന്ന് കരുതി ഞാന്‍ ഓഫീസിന്റെ ഒരു ഭാഗത്തുള്ള കസേരയില്‍ ഇരുന്നു. സംസാരിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് എന്നെ അറിയില്ല. ഞാന്‍ പരിചയപ്പെടാന്‍ പോയില്ല. അവര്‍ ആരാണെന്ന് തിരക്കിയതുമില്ല.  മനോരമ ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗീസ് മേച്ചേരി തിരക്കിട്ട് എഴുതിക്കൊണ്ടിരുന്നു. ഇടയ്‌ക്കൊന്നു തലയുയര്‍ത്തിയപ്പോള്‍ എന്നെ കണ്ടു ചിരിച്ചു. വീണ്ടും ജോലി തുടര്‍ന്നു.  അപ്പോഴും അവിടെയുള്ളവര്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.  അതിലൊരാള്‍ നാട്ടിലെ കാര്യങ്ങള്‍ എന്ന നിലയില്‍ കൊടകരക്കടുത്തുള്ള ആദിവാസക്കോളനിയിലെ  മൂപ്പനെക്കുറിച്ചുള്ള ഒരു വിശേഷമാണ്  പറയുന്നത്.  ആറടിപ്പൊക്കമുള്ള നൂറിന്റടുത്ത് പ്രായമുള്ള ഒരു മൂപ്പര്‍. ഇപ്പോഴും നല്ല ആരോഗ്യം.  ഈ പ്രായത്തില്‍ അയാളുടെ  വെളുത്ത തലമുടി വീണ്ടും കറുപ്പാവാന്‍ തുടങ്ങിയിരിക്കുന്നു.  ചുക്കിച്ചുളിഞ്ഞിരുന്ന ശരീരം ചെറുപ്പക്കാര്‍ക്ക് തുല്യമായി യൗവനാവസ്ഥയില്‍ വന്നിരിക്കുന്നു.  കാട്ടില്‍നിന്നും പറിച്ചെടുത്ത ഏതോ മരുന്നുചെടി കഴിച്ചതിന്റെ ഫലമായിട്ടാണ് ഈ മാറ്റമെന്നാണ് ആദിവാസികള്‍ കരുതുന്നത്.  മൂപ്പന്‍ ഒരു  കൗതുകവസ്തുവായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ പലരും കാണാന്‍ വരുന്നുണ്ട്. ഇതെല്ലാം കേട്ടപ്പോള്‍ എന്റെ ഉള്ളിലൂടെ എന്തോ ഒന്ന്  പായുന്നതുപോലെ തോന്നി. പിന്നെ അവിടെ ഇരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ എഴുന്നേറ്റു മൊണാലിസയിലേക്ക് നടന്നു. ഫോട്ടോഗ്രാഫര്‍ ജനാര്‍ദ്ദനന്റെ  വീട് കൊടകരക്കടുത്താണ്.  അയാളോട്  വിവരം പറഞ്ഞു. ഉടനെ കൊടകരക്ക് പോകണം. ജനാര്‍ദ്ദനനേയും  കൂട്ടി നേരെ കൊടകരയിലേക്ക്  വിട്ടു. അവിടെ ചെല്ലുമ്പോള്‍ ആദിവാസി കോളനിക്ക് മുമ്പില്‍ മൂപ്പന്‍ നില്പുണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ത്തന്നെ അയാളെ തിരിച്ചറിയാന്‍ കഴിയുമായിരുന്നു.  ആറടിയോളം പൊക്കമുള്ള അയാള്‍ വീടിന്റെ കോലായില്‍ കാലും നീട്ടി ഇരിക്കുമ്പോള്‍ കാല്‍ മുഴുവന്‍ പുറത്തേക്ക്  തള്ളിനില്‍ക്കും.  നീണ്ട കൈകള്‍ വളരെ വിശാലമായി പരന്നുകിടക്കും.  ഞാന്‍ കേട്ടത്  യാഥാര്‍ത്ഥ്യമായിരുന്നു.  നല്ല കറുത്ത മുടിയും ചുളിവ് വീഴാത്ത തൊലിയുമുള്ള നൂറു വയസ്സുകാരന്‍. ഇതിന്റെ രഹസ്യമെന്തെന്ന് അയാള്‍ക്കും അറിയില്ല. കാട്ടില്‍ കയറി ചിലപ്പോള്‍ പച്ചിലകള്‍  ചവച്ചിറക്കും. പ്രത്യേകിച്ചും വിശക്കുമ്പോള്‍. സംസാരിച്ചു കഴിഞ്ഞതിനുശേഷം ജനാര്‍ദ്ദനന്‍ ഫോട്ടോ എടുക്കാന്‍ തുനിഞ്ഞു. അന്നേരം അയാളുടെ കുടുംബക്കാര്‍ അതു തടഞ്ഞു. ഫോട്ടോ എടുക്കാന്‍ പാടില്ല.
    

അതിന്റെ കാരണം ചിലര്‍ രഹസ്യമായി എന്നോട്ടു പറഞ്ഞുതന്നു ''പടം പിടിച്ചുകഴിഞ്ഞാല്‍ പെട്ടെന്ന് മരിച്ചുപോകുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഒടുവില്‍ ആരുടേയും ശ്രദ്ധയില്‍പ്പെടാതെ  ജനാര്‍ദ്ദനന്‍ ഒരു ഫോട്ടോ എടുക്കുകയായിരുന്നു. പത്രത്തില്‍ ഈ വാര്‍ത്ത ഒന്നാം പേജില്‍, മുകള്‍ ഭാഗത്താണ് അടിച്ചു വന്നത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ദിവസം  ജനാര്‍ദ്ദനന്‍ വിളിച്ചു പറഞ്ഞു: ''നമ്മുടെ ആ മൂപ്പന്‍ ഇന്നലെ രാത്രി മരിച്ചുപോയി.''
    തൃശൂര്‍ പൂരാഘോഷം ആദ്യമായാണ്  നേരില്‍ കാണുന്നത്.  ആള്‍ക്കൂട്ടങ്ങളോട് പൊതുവെ താല്പര്യമില്ലെങ്കിലും പൂരത്തിന്റെ നിറപ്പൊലിമ അടുത്തുനിന്നു കാണണമെന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നു. ഇപ്പോഴാണ്  അതൊക്കെ അറിയാനുള്ള അവസരം ലഭിക്കുന്നത്. ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അവയെല്ലാം അടുത്തുനിന്നു കാണുമ്പോഴും ആസ്വദിക്കുമ്പോഴും കുറച്ചുകൂടി ആധികാരികതയുണ്ടെന്ന് തോന്നി. പൂരം അടുത്തുവരുമ്പോഴേക്കും തൃശൂരിന്റെ ആന്തരിക ഭാഗങ്ങളടക്കം എല്ലാം ഒന്നടങ്കം മാറുകയാണ്. പുതിയൊരു സൗന്ദര്യജീവിതത്തിലേക്ക്  പ്രദേശം എത്തിച്ചേരുന്നു. പൊലിമയാര്‍ന്ന ആഘോഷത്തെ  നെഞ്ചിലേറ്റുന്ന ഒരു നഗരമാണിത്. മേളപ്പെരുക്കവും കാഴ്ചപ്പൊലിമയും നഗരജീവിതത്തിന്റെ ഭാഗമായി മാറുന്നു.  ആനയെ കുടുംബജീവിതത്തിന്റെ  ഭാഗമാക്കിയ സമൂഹമാണ് തൃശൂരിലേതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആനകളെ അവര്‍ അത്രമാത്രം സ്‌നേഹിക്കുന്നു.  തൃശൂരിലെ ഓരോ വഴിയിലൂടെ  പോവുമ്പോഴും ഓരോ  ആനയെ കാണാം.  പൂരാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന പുകള്‍പ്പെറ്റ ഇലഞ്ഞിത്തറമേളം വളരെ അടുത്തുനിന്ന് ആസ്വദിക്കണമെന്നും തോന്നിയിട്ടുണ്ട്. അതിനും അവസരം ലഭിക്കുകയാണ്. പൂരത്തെ  സംബന്ധിച്ച വ്യത്യസ്തമായ ചില വാര്‍ത്തകള്‍ കൊടുക്കണം. പൂരം എന്നും ഒരുപോലെ തന്നെയാണ്.  ഒന്നിനും ഒരു മാറ്റവുമില്ല.  എന്നാല്‍ അതിന്റെ ആന്തരിക ഭാഗങ്ങളില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ എന്നുമുണ്ടാകും. കഴിഞ്ഞ പ്രാവശ്യം കണ്ടതല്ല ഒരുപക്ഷേ, ഈ വര്‍ഷം കാണാനാവുക. ഒറ്റനോട്ടത്തില്‍ അത് ഒന്നുതന്നെയാകും. എന്നാല്‍, സൂക്ഷ്മഭാവത്തില്‍ അതല്ല. അത് കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം കുടമാറ്റവും വെടിക്കെട്ടുമാണ് ജനാവലിയെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്.  ഇലഞ്ഞിത്തറ മേളത്തില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ പ്രാധാന്യമാണ് ആദ്യം ആസ്വാദകര്‍ അന്വേഷിക്കുക.  പ്രമുഖരായ എത്ര കലാകാരന്മാര്‍ മേളപ്പെരുമയില്‍ ഉണ്ടെന്ന് ആസ്വാദകര്‍ സൂക്ഷ്മമായി അറിഞ്ഞുവെച്ചിരിക്കും. ഉച്ചനേരത്തെ കത്തുന്ന വെയിലില്‍ മേളപ്പെരുക്കത്തിലും താളപ്പൊലിമയിലും നാദസാന്ദ്രിമയിലും അലിഞ്ഞലിഞ്ഞുപോകുന്ന  ആരാധകവൃന്ദം പൂരത്തിന്റെ  ഏറ്റവും വലിയ ദൃശ്യസവിശേഷതയാണ്.  കുടമാറ്റത്തെക്കുറിച്ച് ഒരു ഫീച്ചര്‍ കൊടുക്കണമെന്നുദ്ദേശിച്ചു സവിശേഷമായ കുടകള്‍ നിര്‍മ്മിക്കുന്ന സ്ഥലത്ത് പോയപ്പോള്‍, പതിവില്ലാത്തവിധം ഇരട്ടക്കുടകള്‍ അവിടെ കണ്ടു.  അന്വേഷിച്ചപ്പോള്‍ അവര്‍ അതിനെക്കുറിച്ചൊന്നും വിശദീകരിക്കാന്‍ തയ്യാറായില്ല. എങ്കിലും പടങ്ങള്‍ എടുത്ത് വാര്‍ത്ത ഇങ്ങനെ കൊടുത്തു: ''ഇപ്രാവശ്യം കുടമാറ്റത്തിന് കൗതുകമായി ഇരട്ടക്കുടകള്‍.'' ഈ വാര്‍ത്ത ദേവസ്വം അധികൃതരെ ചൊടിപ്പിച്ചെന്ന് പിന്നീട് അറിഞ്ഞു. ഓരോ കുട നിര്‍മ്മാതാവും ആ വര്‍ഷം അവതരിപ്പിക്കുന്ന പുതിയ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിച്ചുവെക്കും. കുടമാറ്റം നടക്കുമ്പോഴാണ് ഓരോ രഹസ്യവും പുറത്തിറക്കുക. അതുകണ്ട് ആസ്വാദകര്‍ ആര്‍ത്തിരമ്പും. അവര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കും.  തൃശൂര്‍പൂരത്തിന്റെ വാര്‍ത്ത ഫോണിലാണ് കൊടുത്തത്. വളരെ വിശദമായിത്തന്നെ കൊടുത്തുകഴിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി.  പൂരം അതിന്റെ അകത്തുനിന്നു കണ്ടു  ആസ്വദിച്ചതിന്റെ സംതൃപ്തി.
    തിരുവനന്തപുരം കേരളകൗമുദി ഓഫീസില്‍ പത്രാധിപരുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ ലേഖകന്മാരുടെ ഒരു യോഗം വിളിച്ചിരുന്നു. അതില്‍ അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനം കേട്ടപ്പോള്‍ എന്റെ  വാര്‍ത്തകള്‍ എവിടെയൊക്കെയോ ശ്രദ്ധിക്കുന്നുണ്ടെന്ന് ബോദ്ധ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: ''തൃശൂരില്‍നിന്നും നമുക്ക് വ്യത്യസ്തമായ ധാരാളം വാര്‍ത്തകള്‍ വരുന്നുണ്ട്.  അത്തരം വാര്‍ത്തകള്‍ എല്ലായിടത്തുനിന്നും വേണം.''

(തുടരും) 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com