കലഹത്തിന്റെയും വിശ്വാസത്തിന്റെയും ഭാഷ: സിവി ബാലകൃഷ്ണന്‍ എഴുതുന്നു

ഏതോ ഘട്ടം മുതല്‍ ഞാന്‍ ഓശാന മാസികയുടെ അത്യുത്സുക വായനക്കാരനായിത്തീര്‍ന്നു.
കലഹത്തിന്റെയും വിശ്വാസത്തിന്റെയും ഭാഷ: സിവി ബാലകൃഷ്ണന്‍ എഴുതുന്നു

പാലായ്ക്കടുത്തുള്ള ഇടമറ്റത്തെ ഓശാനമൗണ്ട് അവിടെ ചെന്നെത്തുന്നതിന് എത്രയോ മുന്‍പേ എനിക്കു പരിചിതമായിരുന്നു. ഏതോ ഘട്ടം മുതല്‍ ഞാന്‍ ഓശാന മാസികയുടെ അത്യുത്സുക വായനക്കാരനായിത്തീര്‍ന്നു. ക്രൈസ്തവികതയുടെ നാനാര്‍ത്ഥങ്ങള്‍ എന്നെ ഗാഢമായി ബോദ്ധ്യപ്പെടുത്തുന്നത് ജോസഫ് പുലിക്കുന്നേലിന്റെ പത്രാധിപത്യത്തില്‍ നാല്പതു വര്‍ഷത്തോളം മുടങ്ങാതെ പ്രസിദ്ധീകരിച്ച ഓശാനയാണ്. യേശുവിനെ പിന്തുടര്‍ന്ന് സത്യത്തിന്റെ സാക്ഷ്യം നിര്‍വ്വഹിക്കുകയാണെന്ന് ഓശാനയുടെ ഓരോ ലക്കവും വെളിപ്പെടുത്തിത്തന്നു.

ഓശാന എത്രയും നേരത്തെ വേണ്ടതായിരുന്നുവെന്നാണ് അതിന്റെ പ്രകാശനച്ചടങ്ങില്‍ (ഒക്ടോബര്‍, 1975) അധ്യക്ഷത വഹിച്ച പൊന്‍കുന്നം വര്‍ക്കി കരുതിയത്. വളരുന്ന തലമുറയുടെ ജീവിതത്തിനുമേല്‍ വിളക്കുകത്തിക്കലാണ് അതെന്നു പറഞ്ഞുകൊണ്ട് പാലായില്‍നിന്നുതന്നെ ഓശാന ഉത്ഭവിച്ചതിലുള്ള സന്തോഷവും ആശാന്‍ രേഖപ്പെടുത്തി. ഉദ്ഘാടകന്‍ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയായിരുന്നു. ''രണ്ടോ നാലോ മാസം പുലിക്കുന്നേല്‍ ഇതുംകൊണ്ട് നടക്കുമായിരിക്കും. അത്രയും നല്ലത്.'' മുണ്ടശ്ശേരിയുടെ വാക്കുകള്‍ അങ്ങനെയായിരുന്നു. കത്തോലിക്കാ സമുദായത്തിനുള്ളില്‍ നവീകരണത്തിന്റെ ശംഖൊലിയായി ആരംഭിച്ച മാസിക പക്ഷേ, 2014 വരെ നിര്‍വിഘ്‌നം തുടര്‍ന്നു. ചരിത്രത്തിലെ യേശുക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം പ്രേഷണം ചെയ്തും ക്രിസ്തു വിരുദ്ധതയോടും കാപട്യങ്ങളോടും സഭാമേധാവികളുടെ അനീതികളോടും നിരന്തരം കലഹിച്ചും.

ഓശാനയുമായി ബന്ധപ്പെട്ട രണ്ടു കൃതികള്‍ ഇപ്പോഴെന്റെ മുന്നിലുണ്ട്. ജോസഫ് പുലിക്കുന്നേലിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരവും (കലഹവും വിശ്വാസവും- എഡി. ബോബി തോമസ്) ജോസഫ് പുലിക്കുന്നേല്‍: പോരാളിയും സത്യാന്വേഷകനും എന്ന സ്മരണികയും (എഡി. സക്കറിയ). ഏകാന്തദൗത്യം നിര്‍വ്വഹിച്ച ധീരനായ ഒരു സഭാവിമര്‍ശകന്റെ ഇടര്‍ച്ചയില്ലാത്ത ദൃഢസ്വരം രണ്ടു കൃതികളിലും മുഴങ്ങുന്നു. മുന്‍പ് പ്രവാചകര്‍ കേള്‍പ്പിച്ചതാണ് ആ സ്വരമഹിമ. നിശ്ചയമായും ജീവിതാന്ത്യത്തോടെ അത് ഒടുങ്ങുന്നില്ല. അതിന്റെ മഹിമ അതിലടങ്ങിയ എക്കാലത്തും പ്രസക്തമായ സത്യങ്ങളാണ്. അവയില്‍ ഏറ്റവും പ്രധാനം വിശ്വാസിസമൂഹത്തില്‍നിന്നും സഭ മറച്ചുവെയ്ക്കുന്ന യേശുവിനെ സംബന്ധിക്കുന്ന സത്യമാണ്. നസ്രായനായ യേശു യഥാര്‍ത്ഥത്തില്‍ ആരായിരുന്നു? ബത്ലഹേമിലെ അതിമലിനമായ ഒരു കാലിത്തൊഴുത്തില്‍ പിറവിയെടുത്ത് പരമനിസ്വനായി മരുഭൂമിയിലും കടല്‍ത്തീരങ്ങളിലും അലഞ്ഞുനടന്ന് ഒന്നും ആഗ്രഹിക്കാതെയും കൈവരിക്കാതെയും താന്‍ അത്രമേല്‍ പ്രതീക്ഷയര്‍പ്പിച്ച ദൈവംപോലും തന്നെ കൈവിട്ടുവെന്ന തീവ്ര വ്യസനത്തോടെ കാല്‍വരിക്കുന്നിലെ ഒരു മരക്കുരിശില്‍ പിടഞ്ഞുമരിച്ച യേശു മുപ്പത്തിമൂന്നു വര്‍ഷം മാത്രം നീണ്ട ജീവകാലത്ത് അധികാരത്തേയും ധനപ്രമത്തതയേയും വ്യാപാരതാല്പര്യങ്ങളേയും നീതിരാഹിത്യത്തേയും അസമത്വത്തേയും അസ്വാതന്ത്ര്യത്തേയും പൈശാചികതയേയും തന്റെ സ്ഫുടവചനങ്ങള്‍കൊണ്ടും കനിവാര്‍ന്ന ചെയ്തികള്‍കൊണ്ടും നേരിട്ട ഒരു വെറും സാധാരണ മനുഷ്യനായിരുന്നു. അവന്റെ ശിരസ്സില്‍ കിരീടമോ കയ്യില്‍ ചെങ്കോലോ ഉണ്ടായിരുന്നില്ല. കിന്നരി പിടിപ്പിച്ചതായിരുന്നില്ല അവന്റെ വസ്ത്രം. അവന്‍ മടിശ്ശീല കൊണ്ടുനടന്നിരുന്നില്ല. അവന്റെ ഹൃദയം പരിശുദ്ധമായിരുന്നു. അവനു സ്‌നേഹിക്കാന്‍ കഴിയുമായിരുന്നു. ശിഷ്യന്മാരെ അവന്‍ കേള്‍പ്പിച്ച കല്പന ഇതാണ്: ''ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു  പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം. സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ ബലികഴിക്കുക എന്നതിനെക്കാള്‍ വലിയ സ്‌നേഹം ഒരുവനും ഉണ്ടാകാനില്ല. ഞാന്‍ നിങ്ങളോടു കല്പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്‌നേഹിതരാണ്. ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു.'' (യോഹ. 15: 12-15)

മീന്‍പിടിത്തക്കാരെ ഒപ്പം കൂട്ടുകയും വിശക്കുന്നവര്‍ക്ക് അപ്പമാവുകയും ദാഹിക്കുന്നവര്‍ക്ക് ജീവജലമാവുകയും അധ്വാനത്താല്‍ തളര്‍ന്നവര്‍ക്ക് അത്താണിയാവുകയും പാപികള്‍ക്ക് പരിത്രാണമാവുകയും തീവ്രയാതനയില്‍ രക്തം വിയര്‍ക്കുകയും ചെയ്ത യേശു വിസ്മൃതനായിത്തീര്‍ന്ന്, കുരിശുമരണത്തിനു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ് സകലവിധ പ്രതാപത്തോടെയും ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായ യേശു ആരാധ്യനായിത്തീരുകയും ചെയ്ത പരിണതിയില്‍ ഏറെ ദുഃഖിക്കുന്നുണ്ട് ജോസഫ് പുലിക്കുന്നേല്‍. ലോകമെങ്ങും വിമോചന ദൈവശാസ്ത്രജ്ഞന്മാര്‍ പങ്കിട്ടത് ഈ ദുഃഖമായിരുന്നു. ലോകത്ത് ഏറ്റവും വിസ്മൃതനായ വ്യക്തി യേശുവാണെന്ന് അവര്‍ കണ്ടെത്തി. തുടര്‍ന്ന് അവര്‍ നടത്തിയത് സുവിശേഷങ്ങള്‍ വെളിവാക്കുന്ന യഥാര്‍ത്ഥ യേശുവിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളായിരുന്നു. പുലിക്കുന്നേല്‍ നീങ്ങിയതും അതേ പാതയിലാണ്. അതാകട്ടെ, കൃച്ഛ്‌റമായ യത്‌നമായിരുന്നു. അമര്‍ഷത്തിന്റെ പല്ലുകടിയും അസഭ്യവര്‍ഷവും പല ഭാഗത്തുനിന്നുമുണ്ടായി. പക്ഷേ, അതൊന്നും പുലിക്കുന്നേലിനെ സ്പര്‍ശിച്ചില്ല. മനസ്സ് ഹതാശമായതുമില്ല. എതിര്‍ശക്തികളുടെ അധൃഷ്യമായ കരുത്തറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹം നല്ല പോര്‍ പൊരുതുകയും ഓട്ടം തികയ്ക്കുകയും ചെയ്തു. 


സമീപകാലത്ത് നിയമപരിഷ്‌കാര കമ്മിഷന്‍ അതിന്റെ വെബ്‌സൈറ്റില്‍ കരട് രൂപമായി പ്രസിദ്ധീകരിച്ച ചര്‍ച്ച് ആക്ട് ഒരു ചര്‍ച്ചാവിഷയമാണിന്ന്. വിവിധ ക്രൈസ്തവ സഭകള്‍ അതിനെതിരെ പ്രതിഷേധമുയര്‍ത്തുമ്പോള്‍ ആസന്നമായ ലോകസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് അങ്ങനെയൊന്ന് നടപ്പിലാക്കില്ലെന്നും ആലോചനയില്‍പ്പോലും അതില്ലെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഉന്നത നേതാക്കള്‍ ആവര്‍ത്തിക്കുന്നു. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമ്മിഷന്റെ വെബ്‌സൈറ്റില്‍നിന്ന് ചര്‍ച്ച് ആക്ടിന്റെ കരട്രൂപം പിന്‍വലിക്കണമെന്നാണ് സഭകള്‍ ആവശ്യമുന്നയിക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണ് ചര്‍ച്ച് ആക്ടെന്ന് ഇക്കഴിഞ്ഞ ഒരു ഞായറാഴ്ച നാളില്‍ പള്ളികളില്‍ അവതരിപ്പിക്കപ്പെട്ട പ്രതിഷേധ പ്രമേയം ആരോപിക്കുന്നു. തെല്ലും വിവേചനബുദ്ധി കാട്ടാതെ ഈ നിലപാടുകളെ പിന്തുണയ്ക്കുന്ന അല്‍മായര്‍ ചര്‍ച്ച് ആക്ടിനായി ഏറ്റവുമാദ്യം വാദിച്ച ജോസഫ് പുലിക്കുന്നേലിന്റെ വാക്കുകള്‍ ഒരിത്തിരി സമചിത്തതയോടെ ശ്രദ്ധിച്ചെങ്കില്‍!

ഫ്യൂഡലിസത്തിന്റേയും മുതലാളിത്തത്തിന്റേയും സ്വഭാവ സവിശേഷതകളുള്ള ഒരു അധീശശക്തിയായി വൈദിക സമൂഹം ക്രൈസ്തവജനതയ്ക്കുമേല്‍ എങ്ങനെ ആധിപത്യം സ്ഥാപിച്ചുവെന്ന ചരിത്രം പല രചനകളിലും ലഘുലേഖകളിലുമായി പുലിക്കുന്നേല്‍ സവിശദം പ്രതിപാദിച്ചിട്ടുണ്ട്. തുടക്കം റോമില്‍നിന്നായിരുന്നു. കോണ്‍സ്റ്റെന്റൈന്‍ ക്രൈസ്തവികതയെ ദേശീയ മതമായി പ്രഖ്യാപിച്ചതോടെ മതനേതാക്കളായി ചമഞ്ഞവര്‍ക്കു പ്രാപ്യമായ പ്രത്യേകാവകാശങ്ങളാണ് അവരെ അളവറ്റ സമ്പത്തിന് ഉടമകളാക്കിയത്. മരുഭൂമിയില്‍ യേശു ഏതൊരു പരീക്ഷയെ അതിജീവിച്ചുവോ അതിന് അവന്റെ പിന്‍ഗാമികള്‍ എളുപ്പത്തില്‍ വിധേയരായി. സഭയെന്നത് സ്ഥാപനവല്‍കൃതമായ ഒരു സാമ്രാജ്യമായി (Institutional Empire) മാറി. ദൈവത്തേയും ധനത്തേയും ഒരേ സമയം ആരാധിക്കാനാവില്ലെന്ന ക്രിസ്തുവചനം ധനാസക്തരായ വൈദികരുടെ നാവുകള്‍കൊണ്ടുതന്നെ വീണ്ടും വീണ്ടും അപമാനിതമായി. 
ഇന്ത്യയില്‍ കൃഷിനിലങ്ങളൊഴിച്ചുനിര്‍ത്തിയാല്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ഭൂമി കൈവശം വച്ചിരിക്കുന്നത് സഭയാണ്. പള്ളികളെ ഒരു പൊതുനിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്നും അവയുടെ ഇടപാടുകള്‍ സുതാര്യമാക്കണമെന്നും അഭിപ്രായപ്പെട്ടുകൊണ്ടുള്ള ചര്‍ച്ച് ആക്ടിന്റെ പ്രഥമരൂപം തയ്യാറാക്കിയത് 2009-ല്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്‌കാര കമ്മിഷനായിരുന്നു. അതിനെത്രയോ മുന്നേ ക്രൈസ്തവരുടെ പൊതുസമ്പത്ത് ഭരിക്കാന്‍ നിയമം വേണമെന്ന് ജോസഫ് പുലിക്കുന്നേല്‍ എഴുതിയിട്ടുണ്ട്. സഭാസമ്പത്തും പള്ളിനിയമവുമെന്ന പര്യാലോചന തുടങ്ങുന്നത് 1991-ല്‍ റോമില്‍ പാസ്സാക്കിയ പൗരസ്ത്യ കാനോന്‍ നിയമം ഭാരതസഭയ്ക്കുകൂടി ബാധകമാക്കിയതോടെയാണ്. അത്രയും കാലം പള്ളിവക സ്വത്തും സ്ഥാപനങ്ങളും അതതു പള്ളിക്കാരുടേതായിരുന്നു. അതിന്റെ നിയന്ത്രണം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പള്ളിയോഗത്തിനായിരുന്നു. കുടുംബത്തലവന്മാരും തദ്ദേശ വൈദികരും ഉള്‍പ്പെട്ട പള്ളിയോഗത്തിന്റെ അധ്യക്ഷന്‍ ഇടവക വൈദികരില്‍ പ്രായംചെന്ന ആളായിരുന്നു. പള്ളിയുടെ ഭൗതിക സ്വത്തുക്കളുടെ മാത്രമല്ല, ഇടവകയിലെ ക്രിസ്തീയ ജീവിതം മുഴുവന്റേയും മേലന്വേഷണം വഹിച്ചിരുന്നത് പള്ളിയോഗമാണ്. ഭാരതസഭാ ചരിത്രമെഴുതിയ ഡോ. സേവ്യര്‍ കൂടപ്പുഴ ചൂണ്ടിക്കാണിക്കുന്നതുപോലെ, സഭ ദൈവജനമാണെന്ന അടിസ്ഥാന തത്ത്വവും സഭാഭരണത്തിന്റെ കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കിയിരുന്നു. പൗരസ്ത്യ കാനോന്‍ നിയമം അടിച്ചേല്പിക്കപ്പെട്ടതോടെ സഭയുടെ എല്ലാ ദേവാലയങ്ങളുടേയും സ്ഥാപനങ്ങളുടേയും ഇതര സ്വത്തിന്റേയും അവകാശം മെത്രാന്മാര്‍ക്കായി. അക്കാലം തൊട്ടേ പുലിക്കുന്നേല്‍ തന്റെ എതിര്‍പ്പ് പ്രകടമാക്കിയിരുന്നു. ക്രൈസ്തവരൊഴിച്ച്  മറ്റെല്ലാ മതവിഭാഗങ്ങളുടേയും സ്വത്ത് ഭരിക്കുന്നതിനു നിയമസംഹിതയുണ്ട്. മുസ്ലിങ്ങളുടെ സമൂഹസമ്പത്ത് വഖഫ് ആക്ടിനു വിധേയമാണ്. ഹിന്ദുക്ഷേത്രഭരണം ഹിന്ദു എന്‍ഡോവ്‌മെന്റ് ആക്ടുകളുടെ അടിസ്ഥാനത്തിലാണ്. സിഖ് മതവിഭാഗത്തിന്റെ പൊതുസമ്പത്ത് ഭരിക്കുന്നതിന് ഗുരുദ്വാരാ ആക്ട് നിലനില്‍ക്കുന്നു. എന്നാല്‍, ക്രൈസ്തവരുടെ പൊതുസമ്പത്ത് ഭരിക്കാന്‍ ഗവണ്‍മെന്റ് ഒരു നിയമവും ക്രോഡീകരിച്ചിട്ടില്ല. ഇത് ഭാരതത്തിലെ ക്രൈസ്തവരോട് കാട്ടുന്ന വലിയ വിവേചനമാണെന്ന് പുലിക്കുന്നേല്‍  വിലയിരുത്തി. കാനോന്‍ നിയമത്തിലൂടെ മാര്‍പ്പാപ്പ ഇവിടെയുള്ള അതിപുരാതന ക്രൈസ്തവ സമൂഹത്തിന്റെ പൂര്‍വ്വ പാരമ്പര്യങ്ങളെയെല്ലാം അവസാനിപ്പിച്ചുകൊണ്ട് ക്രൈസ്തവരുടെ സമ്പത്ത് ഏറ്റെടുത്ത നടപടി എത്ര വിപല്‍ക്കരമാവുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. മാര്‍പ്പാപ്പ തന്റെ അധികാരം നടപ്പിലാക്കുന്നത് മെത്രാന്മാരിലൂടെയാണ്. തനിക്ക് ഭരണമേല്പിക്കപ്പെട്ടിരിക്കുന്ന രൂപതയെ നിയമനിര്‍മ്മാണ, ഭരണനിര്‍വ്വഹണ, നീതിന്യായ അധികാരത്തോടുകൂടി രൂപതാമെത്രാന്‍ ഭരിക്കുന്നു. മെത്രാന് സഭയുടെ വരവുചെലവുകളെക്കുറിച്ച് ആരോടും കണക്ക് ബോദ്ധ്യപ്പെടുത്തേണ്ടതില്ല. പള്ളിവക സമ്പത്തിന്റെയോ സ്ഥാപനങ്ങളുടെയോ ഭരണത്തില്‍ ഇടവകയിലെ വിശ്വാസിസമൂഹത്തിന്  അധികാരപരമായ യാതൊരു പങ്കാളിത്തവുമില്ല. മുന്‍പ് ക്രൈസ്തവ ദേവാലയങ്ങളും സ്വത്തുക്കളും പിടിച്ചടക്കാന്‍ ശ്രമിച്ച പോര്‍ച്ചുഗീസുകാരെ ഈ സമൂഹം ചെറുത്തുതോല്പിച്ചിരുന്നു. ഇപ്പോഴാകട്ടെ, വത്തിക്കാന്‍ രാഷ്ട്രത്തിന്റെ തലവനായ മാര്‍പ്പാപ്പ ക്രൈസ്തവരുടെ പൊതുസമ്പത്ത് ആകമാനം കയ്യടക്കിയിരിക്കുന്നു. പുലിക്കുന്നേല്‍ എഴുതുന്നു: ഇതെല്ലാം നടക്കുന്നത് ഒരു ഭൗതിക സമ്പത്തുമില്ലാതിരുന്ന യേശുവിന്റെ പേരിലാണ് എന്നതാണ് അത്ഭുതം!

ജോസഫ് പുലിക്കുന്നേല്‍
ജോസഫ് പുലിക്കുന്നേല്‍

യേശുക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസം അവസാന ശ്വാസംവരെ നിലനിര്‍ത്തിയ പുലിക്കുന്നേല്‍ അക്ഷീണം പോരാടിയത് സഭയെ തകര്‍ക്കുന്നതിനായിരുന്നില്ല, ക്രൈസ്തവ വിശ്വാസത്തിന്റെ ആധാരമായ യേശുവിലേക്ക് അടുപ്പിക്കുന്നതിനായിരുന്നു. സ്ഥാപനവല്‍കൃതമായ സഭ ഒരു 'കള്‍ട്ട് ഫിഗറാ'ക്കി മാറ്റിയ യേശു അദ്ദേഹത്തിന് അസ്വീകാര്യനായിരുന്നു. സോളമന്‍ പോലും തന്റെ സര്‍വ്വമഹത്വത്തിലും വയലിലെ ലില്ലികളില്‍ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ലെന്നു സത്യമായി പറഞ്ഞ നിര്‍മ്മലമനസ്‌കനും ആശ്വാസദായകനുമായ യേശുവിനെയാണ് അദ്ദേഹം തന്റെ വിശ്വാസകേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചത്. സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ലെന്നു പഠിപ്പിച്ച യേശുവിന്റെ ഏറ്റവും ഉദാത്തമായ ജീവിതമുഹൂര്‍ത്തം അവിടന്ന് കുരിശില്‍ ചെലവഴിച്ച മണിക്കൂറുകളാണെന്ന് പുലിക്കുന്നേല്‍ കരുതിപ്പോന്നു. കുരിശില്‍ യേശു സഹിച്ച നോവിന്റെ ആഴം അദ്ദേഹത്തിന് അറിയാമായിരുന്നു. വര്‍ണ്ണശബളമായ വേഷം ധരിച്ച്, കിരീടം ചൂടി, കയ്യില്‍ അധികാരദണ്ഡുമായി സിംഹാസനത്തിലിരിക്കുന്ന ഒരു മതാധ്യക്ഷന്‍ അതെങ്ങനെ ഗ്രഹിക്കാനാണ്? 

വൈദികര്‍ കന്യാസ്ത്രീകളെ ലൈംഗിക അടിമകളാക്കാറുണ്ടെന്ന് അടുത്തയിടെ ലോകത്തോട് തുറന്നു പറയുകയുണ്ടായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ചരിത്രപ്രസിദ്ധമായ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനുശേഷം യു.എ.ഇയില്‍നിന്ന് വത്തിക്കാനിലേക്കു മടങ്ങവെ തന്റെ പ്രത്യേക വിമാനത്തില്‍വെച്ച് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയിലായിരുന്നു ഈ വെളിപ്പെടുത്തല്‍. ജലന്ധര്‍ ബിഷപ്പിന്റെ ലൈംഗികാതിക്രമത്തിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയും അവര്‍ക്കു നീതി ലഭിക്കുന്നതിനായി തെരുവിലിറങ്ങിയ കന്യാസ്ത്രീകളും കയ്പേറിയ നാളുകളിലൂടെ കടന്നുപോവുകയാണ് ഇന്നും. പാലായിലെ സബ് ജയിലില്‍ റിമാന്‍ഡിലായ ജലന്ധര്‍ ബിഷപ്പിനെ സന്ദര്‍ശിച്ച് പുറത്തിറങ്ങിയ കാഞ്ഞിരപ്പള്ളി ബിഷപ്പ് കുറ്റാരോപിതനെ സാദൃശ്യപ്പെടുത്തിയത് യേശുവിനോടാണെന്നോര്‍ക്കുക. ഈ വിപര്യയം ദീര്‍ഘദര്‍ശനം ചെയ്താവണം യേശു പറഞ്ഞത്: ''ഇതാ, ക്രിസ്തു 'ഇവിടെയുണ്ട്' അല്ലെങ്കില്‍ 'അവിടെയുണ്ട്' എന്നാരെങ്കിലും നിങ്ങളോടു പറയുന്നെങ്കില്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജ പ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെക്കൂടി വഴിതെറ്റിക്കാന്‍ തക്കവിധം വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോട് പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, 'അവന്‍ മരുഭൂമിയിലുണ്ടെ'ന്ന് അവര്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. 'അവന്‍ മുറിക്കുള്ളിലുണ്ട്' എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്.''
യേശുവിന്റെ മുന്നറിയിപ്പ് ഭീകര ദുരിതങ്ങളുടെ കാലം പ്രവചിച്ചുകൊണ്ടായിരുന്നു. നാം കടന്നുപോകുന്നത് അത്തരമൊരു കാലത്തിലൂടെയാണ്. 
യേശുവിന്റെ ഒരു വചനം കൂടി ഓര്‍മ്മിക്കട്ടെ: ''ശവമെവിടെയുണ്ടോ അവിടെ കഴുകന്മാരും വന്നുകൂടും.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com