കുമ്പളങ്ങിയിലെ രാത്രികളില്‍ മീന്‍ പിടിയ്ക്കുന്നത്

അച്ഛനും അമ്മയും ഇവിടെ വിട്ടുപോയവരാണ് സജിയും ഇളയവര്‍ ബോബിയും ബോണിയും ഫ്രാങ്കോയും. ഒരേ അമ്മയ്ക്ക് പലരില്‍ ഉണ്ടായവരാണെന്ന് നാട്ടുകാര്‍ കിംവദന്തി പ്രചരിപ്പിക്കുന്നുമുണ്ട്.
കുമ്പളങ്ങിയിലെ രാത്രികളില്‍ മീന്‍ പിടിയ്ക്കുന്നത്

ര്‍ക്കും വേണ്ടാത്ത പൂച്ചക്കുഞ്ഞുങ്ങളെ കൊണ്ടെക്കളയുന്ന സ്ഥലത്താണ് നെപ്പോളിയന്റെ നാലു മക്കളുടെ വീട്. അച്ഛനും അമ്മയും ഇവിടെ വിട്ടുപോയവരാണ് സജിയും ഇളയവര്‍ ബോബിയും ബോണിയും ഫ്രാങ്കോയും. ഒരേ അമ്മയ്ക്ക് പലരില്‍ ഉണ്ടായവരാണെന്ന് നാട്ടുകാര്‍ കിംവദന്തി പ്രചരിപ്പിക്കുന്നുമുണ്ട്. ബോബി അവന്റെ ഉള്ളം കയ്യില്‍ അവന്റെ മാത്രം 'പെഡിഗ്രി' വരച്ച് കൂട്ടുകാരി ബേബിമോളെ കാണിക്കുന്നുണ്ട്. നിങ്ങടെ കുടുംബത്തില്‍ എത്ര അച്ഛന്മാരുണ്ട് എന്ന് ഒരു കുസൃതിച്ചോദ്യം അവള്‍ ചോദിക്കുന്നുമുണ്ട്. ലോകമേ തറവാട് എന്ന മാതിരി കതകും കെട്ടുറപ്പും ഇല്ലാത്തതാണിത്. പഞ്ചായത്തിലെ ഏറ്റവും മോശം വീട് എന്ന് ഫ്രാങ്കോ നിരാശയോടെ പ്രസ്താവിക്കുന്നുമുണ്ട് തീട്ടപ്പറമ്പിലെ ഈ വീടിനെപ്പറ്റി.

ഈ വാതാവരണത്തില്‍ അവനവനെ സ്വയം കണ്ടുപിടിക്കുകയും അമ്മ, അച്ഛന്‍ സ്വരൂപങ്ങളെ ആവാഹിക്കുകയും ചെയ്യുന്ന മാന്ത്രികവിദ്യാകഥനമാണ് കുമ്പളങ്ങി നൈറ്റ്സിന്റെ ഉള്ളടക്കം. സമാന്തരമായി കുടുംബത്തിന്റെ അധികാരസ്വരൂപത്തെ കൃത്രിമമായി ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന മറ്റൊരു വീട്ടുകാരന്റെ പാളിപ്പോകുന്ന ശ്രമങ്ങളും. സ്വന്തം സ്വത്വം മാത്രമല്ല, അവനവന്റെ ഇടങ്ങളും അവയുമായുള്ള താദാത്മ്യവും ഉള്‍ക്കൊള്ളുന്നത് എങ്ങനെ എന്നതും സിനിമയുടെ വെളിവാക്കലില്‍പ്പെടുന്നു. രാത്രിയില്‍ കായലിലെ സൂക്ഷ്മജീവികള്‍ ഉജ്ജ്വലമായ ഫ്‌ലൂറസന്‍സ് ഉള്ള സ്വയം പ്രഭ (Bioluminescence എന്ന പ്രതിഭാസം)കളാകുന്നത് അപാരസുന്ദരകാഴ്ചയാണ്. ഈ കുമ്പളങ്ങി സൗന്ദര്യം ആസ്വദിക്കാനും അവരുടെ ഉള്ളിലെ പ്രകാശം തിരിച്ചറിയാനും സജി സഹോദരങ്ങള്‍ പ്രാപ്തരാകുന്നിടത്ത് സിനിമ അവസാനിക്കുന്നു. അവര്‍ വലയെറിയുന്നത് വെറും മീന്‍ പിടിക്കാന്‍ മാത്രമല്ല. 
അതിജീവനത്തിന്റെ തന്ത്രങ്ങളൊന്നും പഠിച്ചെടുക്കാനോ അവയെപ്പറ്റി ബോധമുദിക്കാനോ സാധിച്ചവരല്ല നെപ്പോളിയന്‍ മക്കള്‍. ബോധമുദിപ്പിക്കാന്‍ ആരുടേയും ഊഷ്മളസാന്നിദ്ധ്യം ഇല്ലാതെ പോയതുതന്നെ കാരണം. ചുറ്റുപാടും ധാരാളം മീന്‍ ഉണ്ട്, അതു പിടിക്കാനറിയാം, അതുകൊണ്ട് മീന്‍കറി വീട്ടില്‍ എപ്പോഴുമുണ്ട്. ഇളയവന്‍ ഫ്രാങ്കോ, മൂത്തവര്‍ ഉള്ളതുകൊണ്ടായിരിക്കണം സ്‌കോളര്‍ഷിപ്പോടെ ദൂരെ പ്ലസ് ടു പഠിക്കുന്നുണ്ട്. പുറം ലോകവുമായുള്ള താരതമ്യം സാദ്ധ്യമാവുന്ന ഒരേ ഒരു കുടുംബാംഗം. ഒരു കുടുംബനാഥന്‍ (patriarch) ഇല്ലാതെ പോയതിന്റെ ദുഃഖം കൂടുതല്‍ പേറുന്നവനാണവന്‍. പരസ്പരം വെറുതെ തല്ലുകൂടുന്ന സജിയേയും ബോബിയേയും നിരാശകലര്‍ന്ന വെറുപ്പോടെയാണവന്‍ വീക്ഷിക്കുന്നത്. ഇവരുടെ ഇത്തരം തെമ്മാടിത്തരം കൊണ്ടായിരിക്കണം അപ്പന്‍ വിട്ടുപോയതെന്നാണ് അവന്റെ നിഗമനം. വീട്ടിലേക്ക് വരാന്‍ ഔത്സുക്യം കാണിക്കുന്ന കൂട്ടുകാരോട് എല്ലാവരും ചിക്കന്‍ പോക്‌സ് പിടിച്ച് കിടക്കുകയാണെന്ന് അവനു കള്ളം പറയേണ്ടിവന്നത് ചേട്ടന്മാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കൊണ്ടും കൂടെയാണ്. രാത്രിയില്‍ വീട്ടിലേക്ക് വരുന്ന ബോണിക്ക് വഴക്കുണ്ടാക്കി ഉല്ലസിക്കുന്ന ചേട്ടന്മാര്‍ കാരണം തിരിച്ചു പോകയേ നിവൃത്തി ഉള്ളൂ. 

ഇവരുടെ alter ego എന്ന മാതിരിയാണ് സ്വല്പം ദൂരെ താമസിക്കുന്ന ഷമ്മിയുടെ പ്രകൃതം. എല്ലാത്തിലും കണിശക്കാരന്‍. സജിയും അനിയന്മാരും ഷേവ് ചെയ്യാന്‍പോലും മടിയുള്ളവരും തങ്ങളുടെ ബാഹ്യരൂപത്തെക്കുറിച്ച് തികച്ചും ഉദാസീനരും ആയിരിക്കെ ക്ലീന്‍ ഷേവ് ചെയ്ത് മിനുക്കിയ മുഖം വേണമെന്നു നിര്‍ബ്ബന്ധം പിടിക്കുന്ന ഷമ്മി മേല്‍മീശ വെട്ടിയൊതുക്കി അതു തടവി ആകൃതി കൃത്യമാക്കാന്‍ വെമ്പുന്നവനാണ്. സജിയും ബോബിയും ഷര്‍ട്ട് പോലും ധരിക്കാത്തവര്‍ ആണെങ്കില്‍ ഷമ്മി പരസ്യചിത്രങ്ങളില്‍ കാണുന്നമാതിരി മുഴുവന്‍ 'ജെന്റില്‍മാന്‍' ആയിരിക്കണമെന്നു നിര്‍ബ്ബന്ധമുള്ളവനാണ്. ഡിസൈനര്‍ ഷര്‍ട്ടുകള്‍ ധരിച്ച് റെയ്മണ്ട് സ്യൂട്ടിങ്ങിന്റെ പരസ്യമോഡലാണെന്നു വരെ ധാരണയുണ്ട് അയാള്‍ക്ക്. വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പര സ്‌നേഹത്തോടെ പെരുമാറണമെന്നു ശാഠ്യവുമുണ്ട്, ദുര്‍ച്ചിന്തകളുടെ ഭാഗമായിട്ടാണെങ്കിലും. കൂടെയുള്ള ഭാര്യയുടെ അമ്മയേയും ഭാര്യ സിമിയുടെ അനിയത്തി ബേബിമോളേയും കുടുംബനാഥന്‍ എന്ന നിലയില്‍ അയാളെ കാണാന്‍ പരിശീലിപ്പിക്കുന്നുമുണ്ട്. സജി സഹോദരങ്ങള്‍ക്ക് ജീവിതസത്യങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ സൃഷ്ടിച്ച (മോശം) മാതൃകയാണ് ഷമ്മി എന്ന നിലയിലാണ്  സിനിമ പുരോഗമിക്കുന്നത്. 

ഈ വിപരീത ധ്രുവങ്ങളിലുള്ള രണ്ടു കൂട്ടരും തമ്മിലുള്ള സംഘര്‍ഷം ഉടലെടുക്കുമ്പോള്‍ അച്ഛനമ്മമാരുടെ സ്വാധീനങ്ങള്‍, അനുശാസന (ഡിസിപ്ലിന്‍) നിര്‍മ്മിതികള്‍, കുടംബത്തിലെ ശ്രേണീബദ്ധ പദ്ധതികളുടെ ഉരുത്തിരിയല്‍, അതിജീവനത്തിനു അത്യാവശ്യമായ ജോലിയുടെ സാംഗത്യം ഒക്കെ പുനര്‍നിര്‍വ്വചനം ചെയ്യപ്പെടുകയാണ്. അമ്മയുടെ സാന്നിദ്ധ്യത്തിനുവേണ്ടി കേഴുന്ന സജി സഹോദരങ്ങളും ഭാര്യ, അവരുടെ അമ്മ, അനിയത്തി എന്നിവര്‍ അടങ്ങുന്ന കുടുംബം ഉള്ള ഷമ്മിയും കുടുംബഘടനയും പ്രവര്‍ത്തനങ്ങളും വ്യവസ്ഥപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കിലും രണ്ട് വഴികളിലാണ് അവര്‍ക്ക് സഞ്ചരിക്കേണ്ടിവരുന്നത്.

കുടുംബം എന്ന തുഴഞ്ഞാല്‍ നീങ്ങാത്ത തോണി

മൂത്തമകന്‍ സജിക്കും ഒരു അച്ഛന്‍ പ്രതിരൂപം ഉണ്ടെങ്കില്‍ എന്ന ആശ ചിലപ്പോള്‍ വന്നു കയറാറുണ്ട്.  അപ്പന്‍ മരിച്ച ദിവസം എല്ലാരും ഒന്നിച്ച് അത്താഴം കഴിക്കണം എന്ന് ഫ്രാങ്കി പറയുമ്പോഴാണ് അയാള്‍ അത് ഓര്‍ത്തെടുത്തത് എങ്കിലും അപ്പന്റെ ഫോട്ടോയുടെ മുന്‍പില്‍ മെഴുകുതിരി കൊളുത്തി പ്രാര്‍ത്ഥിക്കന്‍ ഒരുമ്പെടുന്നത് വെറും പ്രഹസനമായേ ബോബി കാണുന്നുള്ളു. കാരണം അപ്പനെ മക്കളാരും ബഹുമാനത്തോടെ ഓര്‍ക്കാറില്ല എന്നത് സത്യമാണെന്ന് അവനറിയാം. സജിയെ ഒരു ജ്യേഷ്ഠന്‍ എന്ന രീതിയില്‍ കാണാനും ബോബിക്ക് പരിശീലനം കിട്ടിയിട്ടില്ല. ഒരിക്കല്‍ സജി തന്നെ അയാളെ 'ചേട്ടാ' എന്നു വിളിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അവന്‍ പരുങ്ങിപ്പോകുന്നുണ്ട്. മനസ്സില്ലാമനസ്സോടെ ആ വാക്ക് ഉച്ചരിക്കുന്നുണ്ടെങ്കിലും അതു വികാരരഹിതമാണു താനും. പിതൃത്വത്തെക്കുറിച്ചുള്ള ആശങ്കകള്‍ സജിക്ക് മാനസികാഘാതങ്ങള്‍ വരെ സമ്മാനിച്ചിട്ടുണ്ട്, സൈക്ക്യാട്രിസ്റ്റിനോട് ഇതു തുറന്നു പറയുന്നുമുണ്ട്.

എന്നാല്‍, കുടുംബം എന്ന സ്ഥാപനത്തെക്കുറിച്ച്-പ്രിയപ്പെട്ടവള്‍ ബേബിമോളുമായുള്ള സംസര്‍ഗ്ഗത്താല്‍-ചില അറിവുകള്‍ കിട്ടിത്തുടങ്ങിയതിനു ശേഷം ''ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ'' എന്നു ചോദിക്കാന്‍ മാത്രം പ്രാപ്തനാകുന്നുണ്ട് ബോബി. ''നല്ല കുടുംബത്തിനു ഒരു സംസ്‌കാരമുണ്ട്. അതു കാത്തു സൂക്ഷിക്കേണ്ടേ...'' എന്നു പിന്നീട് അയാള്‍ ദയനീയമായി ചോദിക്കുന്നുമുണ്ട്, കാരണം അവന്റെ പെണ്ണിനെ അവിടെ കൊണ്ടുവരാനുള്ള പ്രതിബന്ധം ഈ പാളിപ്പോയ കുടുംബഘടനയാണ്. ഇതുമായി ബന്ധപ്പെട്ടതായ ചില അടിസ്ഥാന നിഷ്‌കര്‍ഷകള്‍ സജിയേയും ബോണിയേയും ബോധിപ്പിക്കാന്‍ പാഴ്ശ്രമം നടത്തുന്നതും ബോബിയാണ്. ആ വീട്ടിലെ ഏറ്റവും വലിയ തമാശയാണിത്, ഇതിനു പത്തുപൈസയുടെ മൂല്യം പോലുമില്ല എന്ന് ഉടന്‍ ഇളയവന്‍ ബോണി അവനെ ധരിപ്പിക്കുന്നുണ്ട്. പലപ്പോഴും ഒരു അച്ചടക്കവും ശിക്ഷണവും അനുസരണാശീലവും അവരില്‍ ഉളവാക്കുന്ന തരത്തില്‍ ഒരു അച്ഛന്‍ പ്രതിരൂപത്തിലേക്ക് കയറിക്കൂടുന്നുണ്ട് ബോണി. ബാറില്‍ വച്ച് വഴക്കുണ്ടാക്കിയപ്പോഴും പൊലീസ് സ്റ്റേഷനില്‍നിന്ന് സജിയെ ഇറക്കിക്കൊണ്ട് പോകാനെത്തിയപ്പോഴും ബോണി ഈ രക്ഷകര്‍ത്താവ് രൂപം നേരിട്ട് എടുത്തണിയുന്നുണ്ട്. സജിയുടെ നല്ലനടപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍ ബോണിയില്‍നിന്നാണ് ഉറവിടുന്നത്. നിശ്ശബ്ദമോ അദൃശ്യമോ ആയ ഒരു അച്ഛന്‍ സാന്നിധ്യമെന്ന പ്രതീതിക്കു വേണ്ടിയായിരിക്കണം ബോണിയെ സംവിധായകനും കഥ/തിരക്കഥാകൃത്തും ഊമയാക്കി സൃഷ്ടിച്ചത്. 

ഷമ്മിയുടെ കുടുംബത്തിലും അച്ഛന്റെ അഭാവം ഉണ്ട്. സിമിയുടെ അച്ഛന്‍ മരിച്ചുപോയിരിക്കുന്നു, ഷമ്മിയുടെ അച്ഛനമ്മമാരെപ്പറ്റി സൂചനകളൊന്നുമില്ല. ഷമ്മി മാനസിക വൈകൃതങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സിമി ഫോണ്‍ വിളിച്ചത് ഷമ്മിയുടെ ബന്ധുക്കാരനെയാണ്, അതുകൊണ്ട് ഷമ്മിക്ക് അങ്ങനെയാരും ഇല്ലാ എന്നു കരുതാം. എന്നാല്‍, ബലമായി അച്ഛന്‍ പ്രതിരൂപം നിര്‍മ്മിച്ചെടുക്കാനാണ് ഷമ്മിക്ക് ആസക്തി. അത്താഴസമയത്ത് നടുവിലത്തെ കസേരയില്‍ തന്നെ ഇരുന്നു പ്രമാണിത്തം കാണിക്കണമെന്ന് അയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ട്. സിമിയുടെ അച്ഛന്റെ ഫോട്ടോയ്ക്ക് സമാന്തരമായി ഷമ്മിയുടെ മുഖം പ്രതിഷ്ഠിക്കുന്ന ഒരു ഷോട്ട് സിനിമയില്‍ ഉള്‍പ്പെടുത്തിയത് യാദൃച്ഛികമല്ല.

വളരെ കൊച്ചിലെ മുങ്ങിച്ചാകാന്‍ തുടങ്ങുമ്പോള്‍പ്പോലും ശ്രദ്ധ തിരിക്കാത്ത അമ്മയെക്കുറിച്ച് ദുഃസ്വപ്നം കാണുന്നവനാണ് ഫ്രാങ്കി. നിലയില്ലാവെള്ളത്തില്‍ അവന്‍ മുങ്ങിപ്പോകുമ്പോഴും തുണി കഴുകുകയാണവര്‍ തൊട്ടടുത്ത്. അധികം ദൂരെയല്ല താമസം എങ്കിലും അവര്‍ ഒരു കള്‍റ്റ് മെമ്പര്‍ ആയി മാറിയതിനാല്‍ വീടുമായോ മക്കളുമായോ ബന്ധമില്ല. നാല്‍വരും അവിടെ ചെന്നു യാചിച്ചിട്ടും വരാനുള്ള മനഃസ്ഥിതി അവര്‍ക്കില്ല. പണ്ടേ അവര്‍ക്ക് അസുഖമായിരുന്നു എന്ന് സജി സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവരെ പ്രാകരുതെന്ന് സജി ബോബിയോട് നിര്‍ദ്ദേശിക്കുന്നുമുണ്ട്. അവരുടെ അമ്മ പ്രതിരൂപം അവര്‍ പണ്ടേ ഉപേക്ഷിച്ചതാണ്. അമ്മ ഒരു സങ്കല്‍പ്പം മാത്രമായി തുടരും എന്ന് നാലുപേരും മനസ്സിലാക്കുന്നത് നിരാശയോടെയാണ്. 

ജോലി, അധികാരം , കുടുംബവ്യവസ്ഥ

അധികാരത്തിന്റെ പണിയായുധമായാണ് ജോലി എന്നതിനെ ഷമ്മി വീക്ഷിക്കുന്നത്. ജോലി ഉണ്ടെന്ന കാര്യം വീമ്പുപറച്ചില്‍പോലെ പുറത്തെത്തിക്കുന്നുണ്ട് അയാള്‍. സിമിയുടെ ചിറ്റപ്പന്റെ വീട്ടില്‍ അത്താഴം കഴിക്കുന്ന സമയത്തും അയാള്‍ ഈ വീര്യം പുറത്തെടുക്കുന്നുണ്ട്. അയാള്‍ വിഭാവനം ചെയ്യുന്ന, ഒരു തീന്‍ മേശയുടെ ചുറ്റിലും ഇരുന്ന് എല്ലാ കുടുംബാംഗങ്ങളും ആഹാരം പങ്കിടുന്ന പരിപൂര്‍ണ്ണതയും ചിറ്റപ്പന്‍ പാചകത്തില്‍ മിടുക്കനാണെന്നതും അയാളെ അലോസരപ്പെടുത്തുന്നുണ്ടാകണം. അവിടെയും ചിറ്റപ്പന് ഒരു ജോലിയില്ല എന്ന് ആരോപമട്ടില്‍ വിളിച്ചുപറയുകയാണ് ഷമ്മി. ചിറ്റപ്പനെ അധികാരക്കസേരയില്‍നിന്നു വലിച്ചു താഴത്തിടുകയുമാണ് ഉദ്ദേശ്യം. ബോബിക്ക് ജോലി ഇല്ല എന്നതാണ് അയാളെ ബേബിമോളുടെ പ്രതിശ്രുതവരനായി സ്വീകരിക്കാന്‍ ഷമ്മിയെ തയാറല്ലാതാക്കുന്നത്. വലയെറിയുന്നതില്‍ മിടുക്കനാണ് ബോബി എന്ന് ബേബിമോള്‍ക്ക് നന്നായറിയുകയും ചെയ്യാം. (ബേബിമോളുടെ മുഖത്തിനു മുന്‍പിലൂടെ ബോബി എറിയുന്ന വെളുത്ത വലക്കണ്ണികള്‍ താഴോട്ട് നിപതിക്കുന്ന ഒരു ബഹുകേമന്‍ ഷോട്ടുമുണ്ട് സിനിമയില്‍). സജിയും ബോബിയും ഇക്കാര്യത്തില്‍ ഷമ്മിയുമായി വിരുദ്ധ ധ്രുവങ്ങളിലാണ്. തേപ്പുകടയില്‍ പാര്‍ട്ട്ണര്‍ഷിപ്പ് ഉണ്ടെങ്കിലും വലിയ വരുമാനമൊന്നും ഇല്ല. 'ഓസി'നാണ് ജീവിതം എന്നത് അയാള്‍ അറിഞ്ഞില്ലെന്നു നടിക്കുകയാണ്. ഇക്കാര്യം തേപ്പുകടക്കാരന്‍ മുരുകന്‍ വ്യക്തമായി ബോദ്ധ്യപ്പെടുത്തിയപ്പോള്‍ ആ സത്യം ഇടിത്തീപോലെ വന്നു വീഴുകയും സജി ആത്മഹത്യ മാത്രം പോംവഴിയായും കാണുന്നു. പ്രത്യേകിച്ചും സ്വന്തം അനുജനെക്കാളും സ്‌നേഹിച്ച മുരുകന്‍ തന്നെ ഇതു പറഞ്ഞത് സജിക്കു താങ്ങാനാവുന്നതല്ല. ആത്മഹത്യാശ്രമം വിപരീതഫലമാണ് ഉളവാക്കിയത്, ആ ആഘാതത്തില്‍നിന്ന് അയാള്‍ക്കു പുറത്തു കടക്കാനുമാവുന്നില്ല. വിളക്കുകാലില്‍ തലതല്ലി സ്വയം ആരാണെന്ന അറിവിലേക്കു സാവധാനം എത്തപ്പെടുകയാണയാള്‍.
ജീവിതത്തിനു അര്‍ത്ഥം നല്‍കുന്നതും അതിജീവനത്തിനു അത്യാവശ്യവുമായ ജോലി എന്നത് ഷമ്മി കല്‍പ്പിക്കുന്ന അര്‍ത്ഥതലങ്ങളില്‍ അല്ലെങ്കിലും ബോബിയും അതില്‍പ്പെട്ടുപോകുകയാണ്. ബേബിമോളെ ലഭിക്കണമെങ്കില്‍ ജോലി ചെയ്യണം. ക്രിസ്ത്യാനി ആണെന്നുള്ളത് അത്ര പ്രശ്‌നവല്‍ക്കരിക്കുന്നില്ല സിനിമ. ''ജീസസ് നമ്മള്‍ക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ'' എന്ന ബേബിമോളുടെ പ്രസ്താവന വഴി ലളിതവല്‍ക്കരിച്ച് ഇന്ത്യന്‍ സിനിമയിലെ സ്ഥിരം പ്രശ്‌നം ആയ മതം-ജാതി-വിവാഹസാദ്ധ്യത എന്ന കണ്ണികള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു.  മത്സ്യ സംസ്‌കരണ പ്ലാന്റില്‍ ജോലി കിട്ടിയെങ്കിലും ജീവിതരീതിയിലെ വന്‍ മാറ്റങ്ങളുമായി പൊരുത്തപ്പെടാനാവുന്നില്ല അയാള്‍ക്ക്. ഒരു വിഭ്രാന്തിയുടെ നിമിഷത്തില്‍ അയാള്‍ അവിടുന്ന് ഇറങ്ങിയോടുകയാണ്. ഇനി ഒരു വിമോചനമില്ല എന്നു തീര്‍ച്ചപ്പെടുത്തി ബേബിമോളോട് തന്നില്‍നിന്നും രക്ഷപ്പെട്ടു കൊള്ളാന്‍ അയാള്‍ ഉപദേശിക്കുന്നുമുണ്ട്.

കുടുംബത്തിനു ഘടന നിര്‍മ്മിച്ചെടുക്കുക, അതിന്റെ പരിപാലനത്തിനു പോം വഴി കണ്ടെത്തുക ഇങ്ങനെ രണ്ട് മൂല്യാധിഷ്ഠിത സമൂഹനിര്‍മ്മിതിയില്‍ വ്യാപൃതരാണ് ഷമ്മിയും സജിയുടെ കുടുംബവും. ആണിന്റെ അധികാരപ്രമത്തത സ്ഥാപിച്ച് അംഗങ്ങളെ അടിമകളെപ്പോലെ നിലനിര്‍ത്തുകയാണ് ഷമ്മിയുടെ ലക്ഷ്യമെങ്കില്‍ കുടുംബം എന്ന സാംസ്‌കാരിക മൂലകം അടിപടലേ നിര്‍മ്മിക്കുക എന്നതില്‍ തുടങ്ങേണ്ടിയിരിക്കുന്നു സജിക്കും അനിയന്മാര്‍ക്കും. ഫ്രാങ്കി ഇക്കാര്യത്തില്‍ കര്‍മ്മോത്സുകനായിക്കഴിഞ്ഞു. സ്‌കോളര്‍ഷിപ്പ് തുകകൊണ്ട് വീട്ടില്‍ കക്കൂസ് പണിഞ്ഞു തുടങ്ങിക്കഴിഞ്ഞു അവന്‍. സമാന്തരമായി വര്‍ത്തിക്കുന്ന രണ്ട് വീട്ടുകാരുടെ ആശയസാമ്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നയിക്കുന്നതെങ്ങനെ എന്നു വിദിതമാക്കുകയാണ് സിനിമയുടെ പ്രധാന ഉദ്ദേശ്യം. 

ബേബിമോളെ സ്വന്തമാക്കണമെങ്കില്‍ അവളുടെ വീട്ടുകാരുമായി, പ്രധാനമായും ഷമ്മിയുമായി സംസാരിക്കേണ്ടിവരും, അതിനു കുടുംബത്തിലെ മൂത്തവന്‍ സജിയോടൊപ്പം അയാളെ കാണേണ്ടിവരും എന്ന ഘട്ടമെത്തിയപ്പോഴാണ് കുടുംബം എന്നതിന്റെ ചില അടിസ്ഥാന ഘടകങ്ങള്‍ തങ്ങള്‍ക്കില്ല എന്ന് സജിയും ബോബിയും മനസ്സിലാക്കുന്നത്. ബോബിയെക്കൊണ്ട് നിര്‍ബ്ബന്ധമായി ചേട്ടാ എന്നു വിളിപ്പിക്കുന്നുണ്ടെങ്കിലും അതില്‍ ആര്‍ജ്ജവത്തിന്റെ തരിപോലുമില്ലെന്നു രണ്ടുപേര്‍ക്കുമറിയാം. ആന്തരസംഘര്‍ഷങ്ങള്‍  'കിളിപോയ' അവസ്ഥയില്‍ എത്തിക്കുകയാണ് സജിയെ. ഷമ്മിക്ക് എന്തുകൊണ്ടോ അതൊന്നും ഇല്ലാത്തവനാണ് സജി. മുരുകന്റെ ഭാര്യ സതിയെ കാണാന്‍ പോയ അയാള്‍ അവരുടെ സ്വപ്നസദൃശ്യമായ വീട് നിര്‍ന്നിമേഷനായി നോക്കിനിന്നു പോകുകയാണ്. പൂക്കളാല്‍ സമൃദ്ധമായ ചെടികളും ചിത്രശലഭങ്ങളും സമ്മോഹനചാരുത നിര്‍ല്ലോഭം ചാര്‍ത്തിയതാണാ വീട്. മുരുകന്‍ എത്തിയടത്ത് എത്തുകയാണെന്നു പറഞ്ഞ് സതിയുടെ മുന്നില്‍ സാഷ്ടാംഗപ്രണാമം ചെയ്യുന്ന സജിക്ക് ജീവിതത്തെക്കുറിച്ച് ചില പ്രായോഗിക അറിവുകളും ബാദ്ധ്യതകളും പിടികിട്ടുകയാണ് അവിടെ വച്ചുതന്നെ. ആസന്ന പ്രസവത്തിനു സതിയെ ആശുപത്രിയില്‍ എത്തിക്കണം. സ്വന്തം വീട്ടുകാര്‍ ഉപേക്ഷിച്ചതിനാല്‍ പ്രസവശേഷം പോകാന്‍ അവള്‍ക്കും കുഞ്ഞിനും ഒരിടമില്ല എന്നു മാത്രമല്ല, തുണയ്ക്കും ആരുമില്ല. അവളേയും കുഞ്ഞിനേയും നിസ്സങ്കോചം ഏറ്റെടുക്കുന്ന സജി ഒരിഞ്ച് സ്ഥലമില്ലാത്ത വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ടു വരികയാണ്. ഇല്ലാതിരുന്ന മാതൃസ്വരൂപം ആ വീട്ടില്‍ വന്നുചേരുകയാണ് ഇതോടെ. സതിയെ വള്ളത്തില്‍ കൊണ്ടുവരുന്ന ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത് സാര്‍വ്വലൗകിക മാതൃബിംബം ആയ ഉണ്ണിയേശുവിനെ കയ്യിലേന്തിയ മറിയം എന്ന കൃത്യമായ രൂപകല്‍പ്പനയിലാണ്. സിനിമയിലെ അര്‍ത്ഥവത്തായ ഈ രംഗം സുന്ദരവുമാണ്. സതിയുടെ താരാട്ടുമൂളല്‍ ആ വീടിനെ ആകെ മാറ്റിമറിക്കുന്നതായി അനുഭവപ്പെടുന്നത് ഫ്രാങ്കിയുടെ സന്തോഷം രേഖപ്പെടുത്തുന്നതിലൂടെയാണ്. ആ വീട് അതിനു മുന്‍പ് തന്നെ സ്ത്രീസാന്നിദ്ധ്യം അറിഞ്ഞു തുടങ്ങിയിരുന്നു: ബോണിയുടെ 'ഗേള്‍ ഫ്രണ്ട്' ആഫ്രിക്കന്‍ അമേരിക്കന്‍, ന്യൂയോര്‍ക്ക് നിവാസി നൈല അവിടെ താമസം തുടങ്ങിയിരുന്നു കുറച്ചു ദിവസം മുന്‍പ്. ഷമ്മിയെ പ്രകോപ്പിക്കാന്‍, അയാളുടെ ഒളിഞ്ഞുനോട്ടത്തിനെ ആക്ഷേപിക്കാന്‍ ബോണിയെ പരസ്യമായി ഉമ്മവച്ചവളാണവള്‍. അമ്മയും കാമുകിയുമൊക്കെ ചേരുന്ന കുടുംബഘടനാ നിര്‍മ്മിതി എളുപ്പമായി സാധിക്കപ്പെട്ടിരിക്കുന്നു. വീട് എന്ന ബാഹ്യസ്വരൂപത്തെ മറികടന്ന് ഊഷ്മളബന്ധങ്ങള്‍ കുടുംബം എന്നത് ഉരുത്തിരിയിക്കുന്നത് എങ്ങനെ എന്നു സൂചിപ്പിക്കാന്‍ സംവിധായകന്‍ കണ്ടുപിടിച്ച വഴികളിലൊന്ന്.

ഏറ്റവും വലിയ മീന്‍

സജിയുടെ ജീവിതത്തിലെ അഴിയാക്കുരുക്കുകള്‍ വിടര്‍ന്നു തുടങ്ങുമ്പോള്‍ ഷമ്മിയുടെ സംഘര്‍ഷങ്ങള്‍ മൂര്‍ദ്ധന്യത്തിലേക്കു പായുന്നു. ഇവ രണ്ടിന്റേയും സമാന്തര സഞ്ചാരങ്ങള്‍ ഉദ്വേഗപൂര്‍ണ്ണമായി ആഖ്യാനം ചെയ്യുന്നതാണ് സിനിമയുടെ ദൃശ്യസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നത്. ഷമ്മിയുടേയും സജിയുടേയും ആന്തരസംഘര്‍ഷങ്ങള്‍ രണ്ട് വ്യത്യസ്ത വീക്ഷണകോണുകളില്‍ക്കൂടിയാണ്  ദൃഷ്ടമാക്കപ്പെടുന്നത്. ഈ വേഷങ്ങള്‍ ചെയ്ത ഫഹദ് ഫാസിലും സൗബിന്‍ ഷാഹിറും മലയാളസിനിമയില്‍ അനന്യമായ അഭിനയശൈലികളാണ് കൈക്കൊള്ളുന്നത്. സിനിമയുടെ ആഖ്യാനത്തെ സുഗമമാക്കുന്നതും കഥാഗതികള്‍ക്ക് മിഴിവേറ്റുന്നതും ആത്മസംഘര്‍ഷങ്ങള്‍ക്ക് ഗാഢതയണയ്ക്കുന്നതും നൂതനവും മിതത്വമാര്‍ന്നതുമായ ഈ പ്രകടനങ്ങളാണ്. ഫഹദ് ഫാസിലിന്റെ സ്വതവേ ഭാവദീപ്തങ്ങളായ കണ്ണുകള്‍ കള്ളത്തരത്തിലൊളിപ്പിച്ച അധികാരത്തിന്റെ ഗര്‍വ്വും ആണത്തത്തിന്റെ അഹങ്കാരവും വിദ്വേഷത്തിന്റെ കനലും ഒരു സൈക്കോപാത് ആകുമ്പോഴുള്ള ഭ്രാന്തന്‍ ആവേശവും ഉജ്ജ്വലമായി പ്രകാശിപ്പിച്ചിട്ടുണ്ട്.

ഷമ്മിയുടേയും സജി സഹോദരങ്ങളുടേയും സമാന്തരങ്ങള്‍ കൂട്ടിമുട്ടേണ്ടത് അനിവാര്യമാകുകയാണ്. നെഞ്ചില്‍ ശര്‍ക്കരയുണ്ട വച്ച് മലര്‍ന്നു കിടന്ന് തേങ്ങാമുറി കടിച്ചു തിന്നുന്നവന്റേയും ഡൈനിങ് മേശയ്ക്ക് ചുറ്റും നിശ്ചിത കസേരയില്‍ ഇരുന്ന് ഔപചാരിക ചപ്പാത്തി തിന്നുന്നവന്റേയും വൈരുദ്ധ്യനിര്‍മ്മാര്‍ജ്ജനം കുമ്പളങ്ങിയുടെ നൈസര്‍ഗ്ഗികതയ്ക്ക് അത്യാവശ്യമാണുതാനും. കുമ്പളങ്ങിയിലെ അസ്വസ്ഥവും കലുഷിതവുമായ ഇരുണ്ട രാത്രികള്‍ക്ക് അറുതിവരുത്തി പ്രകാശമാനമാക്കേണ്ടത് സജിയുടേയും അനിയന്മാരുടേയും ദൗത്യവുമാണ്. ഭാര്യയുടെ അനിയത്തി, അതും ഒരു കിളുന്തുപെണ്ണ് ചില സത്യങ്ങള്‍ ഷമ്മിയുടെ മുഖത്തുതന്നെ അടിച്ചേല്‍പ്പിക്കുന്നതും ഭാര്യ സിമി കൊതുകുബാറ്റ് അടിച്ചുവീശി അയാള്‍ക്കെതിരെ പ്രതിരോധം തീര്‍ത്തതും ഷമ്മിയുടെ മാനസിക വൈകല്യങ്ങളെ പൊലിപ്പിച്ച് മായാവിഭ്രാന്തി (delusion)യും പീഡനോന്മാദവും (paranoia) ഉള്‍ക്കൊണ്ട സൈക്കോപാത് ആക്കി മാറ്റുകയാണ്. തന്റെ പണിയായുധമായ ക്ഷൗരക്കത്തി വരെ അയാള്‍ അവിടെ വന്നുകയറുന്ന സജി സഹോദരങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നുണ്ട്. സ്റ്റാന്‍ലി കുബ്രിക്കിന്റെ 'ദി ഷൈനിങ്'-ലെ ചില രംഗങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഷമ്മിയുടെ ആക്രമണരീതികള്‍.

ഷമ്മിയുടെ പൂര്‍വ്വകാല കഥകളെക്കുറിച്ച് അധികം സൂചനകളില്ല. അയാളില്‍ മനോവൈകൃതങ്ങള്‍ രൂപപ്പെട്ടതിന്റെ അടിസ്ഥാനം ദുരൂഹമാണ്. ബാല്യകാലത്ത് കഠിനശിക്ഷകള്‍ മാതാപിതാക്കളില്‍നിന്ന് ഏറ്റുവാങ്ങിയവനായിരിക്കണം അവന്‍. മുറിയുടെ കോണില്‍ ഭിത്തിയോട് ചേര്‍ന്നു കണ്ണുപൊത്തി നില്‍ക്കുന്നത് പണ്ടത്തെ ശിക്ഷാവിധികളുടെ ഭാഗമോ ഉള്ളിലെ പൈശാചിക വ്യക്തിത്വം ഒളിച്ചുവയ്ക്കാനുള്ള തത്രപ്പാടോ ആയിരിക്കണം. അല്ലെങ്കില്‍ ഉല്‍ക്കടമായ വെല്ലുവിളികള്‍ ഏല്‍ക്കുമ്പോള്‍ രക്ഷപ്പെടാന്‍ പഴുതു നോക്കുന്നത് ആയിരിക്കണം. ഈ സ്വഭാവം ഷമ്മിക്ക് നേരത്തെ ഉള്ളതായി അയാളുടെ ബന്ധുക്കാരന്‍ സിമിയോട് പറയുന്നുണ്ട്. സ്ത്രീകളെ ഉപദ്രവിക്കുന്ന അച്ഛനും ചേട്ടനും മറ്റ് ആണുങ്ങളും ഉള്ള കുടുംബത്തില്‍ (മലയാള സിനിമയുടെ ചരിത്രം തന്നെ ഇത്) വളര്‍ന്ന് അതിനെതിരെ പ്രതിരോധിക്കാനുള്ള യത്‌നത്തില്‍ തോറ്റുപോയി അതിനു തന്നെ അടിമപ്പെട്ടവനുമായിരിക്കണം ഷമ്മി. കൊതുകുബാറ്റ് എന്ന വിദ്ധ്വംസനായുധം മാതാപിതാക്കളുടെ ക്രൂരശിക്ഷണവിധികളില്‍ പെട്ടതായിരിക്കണം, അത് അയാള്‍ക്ക് ദുരന്തങ്ങളുടെ ഓര്‍മ്മകളായിരിക്കണം സമ്മാനിച്ചിട്ടുള്ളത്. സിമി അതുതന്നെ ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കുമ്പോള്‍ അയാളുടെ സര്‍വ്വനിയന്ത്രണങ്ങളും കൈവിട്ടുപോകയാണ്. അതു കത്തിച്ചുകളയേണ്ടത് പ്രതികാര നിര്‍വ്വഹണതുല്യമാണ്. 'പെര്‍ഫെക്റ്റ് ജെന്റില്‍മാന്‍' വേഷമണിഞ്ഞാണ് അയാള്‍ പാതിരാത്രിയില്‍ ഉറ്റബന്ധുക്കളായ സ്ത്രീകളെ കീഴ്പെടുത്തുന്നത്. തന്റെ വേഷവിധാനത്തെ അധികാരത്തിന്റെ ചിഹ്നം തന്നെ ആക്കിയെടുത്തിരിക്കുന്നു അയാള്‍. ബേബിമോള്‍ അയാളുടെ ബദ്ധശത്രു ആകുന്നത് അവള്‍ ചെറുപ്രായത്തില്‍ത്തന്നെ ജോലി നേടിയവളും ഇംഗ്ലീഷ് സംസാരിക്കുന്നവളും തുല്യത നേടിയ പാശ്ചാത്യ രാജ്യങ്ങളിലെ ആള്‍ക്കാരുമായി ഇടപെടുന്നവളുമായതുകൊണ്ടാണ്. മാറുന്ന സ്ത്രീസമത്വ നിര്‍വ്വചനങ്ങള്‍ ഉള്‍ക്കൊള്ളാനാവാതെ വിറളിപിടിച്ചുപോകുന്ന മലയാളി ആണിന് ആ നിലപാടില്‍നിന്ന് മാറുന്നത് അത്യാവശ്യമാകുമ്പോള്‍ ക്ഷൗരക്കത്തി വരെ ആയുധമായി ഉപയോഗിക്കേണ്ടിവരുന്നു. 

ഇന്ത്യന്‍ സിനിമ ഇന്നോളം നിഷ്‌കര്‍ഷിച്ചിട്ടുള്ള ആണ്‍സ്വരൂപത്തെ അപനിര്‍മ്മിക്കുന്നതും സിനിമയുടെ ഒരു ഉദ്ദേശ്യമാണെന്നു തോന്നിയാല്‍ തെറ്റുപറയാനാവില്ല. ധീരോദാത്ത നായകന്‍-അയാള്‍ മാത്രം-പ്രദാനം ചെയ്യുന്ന സുരക്ഷയും അതിജീവനോപായങ്ങളും സ്വാസ്ഥ്യവും മലയാള സിനിമയില്‍നിന്ന് അപ്രത്യക്ഷമായത് ഈയിടെയാണ്. ഇന്നത്തെ രാഷ്ട്രീയാവതരണത്തില്‍ വ്യക്തവും കെട്ടുറപ്പുള്ളതും നീതിയുക്തവുമായ ഒരു നേതൃത്വത്തിന്റെ അഭാവം സൂചിപ്പിക്കാനായിരിക്കണം മാതാപിതാക്കള്‍ നഷ്ടമായ മക്കളെ കുമ്പളങ്ങിയില്‍ അണിനിരത്തി അവരുടെ വ്യഥകളും ആത്മസംഘര്‍ഷങ്ങളും ആവിഷ്‌കരിക്കാന്‍ സംവിധായകന്‍ തുനിഞ്ഞത്.  

കുടുംബം നിര്‍മ്മിച്ചെടുക്കുന്നത് ആര്, നിര്‍മ്മിച്ചെടുക്കേണ്ടത് ആര് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് സജി സഹോദരങ്ങള്‍ക്ക് ഉത്തരം കിട്ടുന്നത് ഷമ്മിയുമായുള്ള സംഘര്‍ഷങ്ങളില്‍ക്കൂടിയാണ്. ആഡംബര വീടുകളില്‍ കനത്ത സെക്യൂരിറ്റിയുടെ വ്യാജ സുരക്ഷിതത്വത്തിനുള്ളില്‍ ശിഥിലമായ കുടുംബബന്ധങ്ങളെ വകവയ്ക്കാതെ ഊഷ്മളബന്ധങ്ങള്‍ നിരാകരിച്ചുകൊണ്ടുള്ള മലയാളി ജീവിതത്തെ ഖണ്ഡനപരമായി വിമര്‍ശിക്കുകയാണ് കതകുകളും കെട്ടുപാടുകളുമില്ലാത്ത വീട് ഒരു പ്രസിദ്ധ ടൂറിസ്റ്റ് സ്ഥലത്തുതന്നെ പ്രതിഷ്ഠിച്ചുകൊണ്ട് സംവിധായകന്‍ മധു സി. നാരായണനും കഥാകൃത്ത് ശ്യാം പുഷ്‌ക്കരനും. ഒരു ന്യൂയോര്‍ക്ക്കാരിക്കും അവിടെ സുഖമായി വസിക്കാം. അത്യാവശ്യമെങ്കില്‍ എടുക്കാന്‍ പുതിയ തലയണക്കവറുകള്‍ ഒക്കെ അവിടെ ഉണ്ട്.

കാട്ടാളന് കവിയായി മാറാന്‍ പറ്റുമെന്നു തെളിയിക്കാന്‍ ശ്രമപ്പെടുന്ന സിനിമാക്കഥ അല്ലെങ്കിലും അതു തെളിഞ്ഞുവരുന്നുണ്ട് അവസാന രംഗങ്ങളില്‍. ബോബിയുടെ ഉള്ളിലെ ജോലി സാദ്ധ്യത അവനു തിരിച്ചറിവായി നല്‍കുന്നത് ബേബിമോളാണെന്നുള്ളത് സിനിമയുടെ സ്ത്രീപക്ഷനിലപാടുകള്‍ വ്യക്തമാക്കുന്നുണ്ട്. ജോലി എന്നത് വ്യാവസായിക വിപ്ലവത്തിന്റെ ഉപോല്പന്നം മാത്രമല്ലെന്നും സ്വന്തം ചുറ്റുപാടില്‍ നൈസര്‍ഗ്ഗികമായി ഉളവാകാന്‍ സാദ്ധ്യതയുള്ളതാണെന്നും അവസാനം സിനിമ സമര്‍ത്ഥിക്കുന്നുണ്ട്. സജിയും ബോബിയും ഒന്നിച്ച് മീന്‍ പിടിക്കാന്‍ പുറപ്പെടുന്ന ദൃശ്യം സിനിമയുടെ വെളിപാടാണ്. ഏകദേശം ഇതേ ആശയം, സ്വന്തം നാടിനെ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെന്ന മട്ടില്‍ ഈയിടെ ഇറങ്ങിയ 'ഞാന്‍ പ്രകാശനി'ലും പ്രകടമാകുന്നുണ്ട്. 

സജി സഹോദരങ്ങള്‍ക്ക് അവരില്‍ തെല്ലുമെങ്കിലും ആണധികാര പ്രമത്തത ഉണ്ടെങ്കില്‍ അത് ഇല്ലാതാക്കേണ്ടതുണ്ട്. അവരില്‍ പുളയ്ക്കുന്ന വിദ്വേഷത്തിന്റേയും വികലവീക്ഷണങ്ങളുടെ സത്തയേയും ഉള്ളിലെ ഷമ്മിമാരേയും പിടികൂടേണ്ടതുണ്ട്. അങ്ങനെ അവര്‍ പിടിച്ച ഏറ്റവും വലിയ മീനാണ് ഷമ്മി. കുമ്പളങ്ങിയില്‍ അവരുടെ മുന്നില്‍ക്കൂടി എന്നും നീന്തിക്കൊണ്ടിരുന്ന മീന്‍. ഉള്ളിലെ ദുഷ്ടതകള്‍ വലയെറിഞ്ഞു പിടിച്ച് വരിഞ്ഞുകെട്ടി നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണവര്‍. ഇതിനു ഏറ്റവും യോഗ്യമായത് പുറം ലോകവുമായി കൂടുതല്‍ ബന്ധമുള്ള ഫ്രാങ്കി തന്നെ. അവന്‍ എറിയുന്ന വല മൃദുവും ഊഷ്മളവുമായ പിങ്ക് നിറത്തിലുള്ളതാണെന്നുള്ളത്  ശ്രദ്ധേയമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com