ഗുണനിലവാരം വിപണി നിശ്ചയിക്കുമ്പോള്‍

അസമത്വത്തിന്റെ പുനരുല്പാദനത്തിനു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപകരണങ്ങളാക്കുന്ന നവലിബറല്‍ താല്പര്യങ്ങളാണ് ഗുണനിലവാരം എന്ന ആശയത്തിന്റെ തന്നെ ഉല്പത്തിസ്ഥാനം
ഗുണനിലവാരം വിപണി നിശ്ചയിക്കുമ്പോള്‍

നുകാലിക ഇന്ത്യന്‍ ചര്‍ച്ചകളില്‍ ഏറ്റവുമധികം ഇടംപിടിക്കപ്പെടുന്ന വിഷയങ്ങളില്‍ ഒന്നാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം. ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച് ഗുണനിലവാരം സ്ഥാപനങ്ങളുടെ അസ്തിത്വ നിര്‍ണ്ണായക ഘടകങ്ങളില്‍ ഒന്നായിപ്പോലും മാറിയിട്ടുണ്ട്. ഏതാണ്ട് രണ്ടു പതിറ്റാണ്ടായി കേട്ടുകൊണ്ടിരിക്കുന്ന വിമര്‍ശനമാണ് ലോകോത്തര നിലവാരമുള്ള 200 സര്‍വ്വകലാശാലകളില്‍ ഒരു ഇന്ത്യന്‍ സര്‍വ്വകലാശാലയും ഉള്‍പ്പെട്ടിട്ടില്ല എന്നുള്ളത്. ഇതേ കാലഘട്ടത്തില്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ വേണ്ടി ഉന്നത വിദ്യാഭ്യാസരംഗത്ത് നിയന്ത്രക സ്ഥാപനങ്ങളുടെ ഒരു നീണ്ട നിരതന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യു.ജി.സി (UGC), മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (MCI), ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ (AICTE), നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ (NCTE) തുടങ്ങിയവ ഉദാഹരണങ്ങളാണ്. വിദ്യാഭ്യാസ ഗുണനിലവാര ചര്‍ച്ചകളുടേയും നിയന്ത്രക സ്ഥാപനങ്ങളുടേയും ബാഹുല്യത്തില്‍ സജീവ ശ്രദ്ധയും അംഗീകാരവും നേടിയെടുക്കുമ്പോഴും നിഗൂഢതയുടെ ഒരു മൂടുപടം ഗുണനിലവാരം എന്ന സംജ്ഞ പേറുന്നുണ്ടെന്നു കാണാന്‍ കഴിയും. ഒരു നേര്‍ വിശകലനത്തിനു വിദ്യാഭ്യാസ ഗുണനിലവാരം എന്ന ആശയം വിധേയമായിട്ടുണ്ടോ എന്ന് ആഴത്തില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.  

ഒരു സ്ഥാപനത്തിന്റെ ദൈനന്തികമായ വിദ്യാഭ്യാസ പ്രക്രിയയില്‍ എന്തൊക്കെയാണ് ഗുണനിലവാരമായി എണ്ണപ്പെടുന്നത്, എന്തൊക്കെയാണ് അങ്ങനെ എണ്ണപ്പെടാത്തത്? ആപേക്ഷികതയുടെ ദൃഷ്ടികോണിലൂടെ നോക്കുമ്പോള്‍ ഈ ചോദ്യത്തെ ഇങ്ങനെ മാറ്റാം എന്നു തോന്നുന്നു: ആര് ചെയ്യുമ്പോഴാണ് ഒരു പ്രവൃത്തി ഗുണനിലവാരമുള്ളതാകുന്നത്, ആര് ചെയ്യുമ്പോഴാണ് അങ്ങനെയല്ലാതാവുന്നത്? ടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതന്‍ ഇപ്പോള്‍ ഒരു കേന്ദ്ര സര്‍വ്വകലാശാലയാണ്. മരങ്ങളുടെ തണലില്‍ ഇരുന്ന് അദ്ധ്യാപനം നടത്തുന്നത് അവിടെ പതിവാണ്. ഓരോ അദ്ധ്യാപകനും ഒരു മരം സ്വന്തമായുണ്ടവിടെ. ഒരു ക്ലാസ്സ് കഴിയുമ്പോള്‍ വിദ്യാര്‍ഥികള്‍ ആ അദ്ധ്യാപകന്റെ മരത്തണലില്‍നിന്നു അടുത്ത അദ്ധ്യാപകന്റെ മരത്തണലിലേയ്ക്ക് മാറിയിരിക്കും. വളരെ അഭിനന്ദിക്കപ്പെട്ട ടാഗോര്‍ മാതൃകയാണത്. എന്നാല്‍, നല്ല അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഒരു വിദ്യാഭ്യാസ സ്ഥാപനം കേടുപാടുകളോ വൃത്തിഹീനമോ ആയ കെട്ടിടങ്ങളിലെ ക്ലാസ്സ് മുറികള്‍ ഒഴിവാക്കാന്‍ മരത്തിന്റെ ചുവട്ടിലിരുന്ന് ക്ലാസ്സുകള്‍ നടത്തുന്നു എന്നു വിചാരിക്കുക. ഇത് ശാന്തിനികേതനിലെപ്പോലെ അഭിനന്ദനങ്ങള്‍ക്കു പകരം വിമര്‍ശനങ്ങള്‍ നേരിടാനാണ് സാധ്യത. ഒരേ പ്രവൃത്തിതന്നെ രണ്ടുപേര്‍ ചെയ്യുമ്പോഴോ രണ്ടു സ്ഥാപനങ്ങള്‍ ചെയ്യുമ്പോഴോ വ്യത്യസ്തമായി പരിഗണിക്കപ്പെടുന്നു! ഈ ആപേക്ഷികതയാണ് വിദ്യാഭ്യാസത്തിലെ ഗുണനിലവാരം എന്ന ആശയത്തേയും അതിന്റെ സ്പഷ്ടീകരണങ്ങളേയും നിയതമായ നിര്‍വ്വചന സാധ്യതകള്‍ക്കു പുറത്തുനിര്‍ത്തുന്നത്.  

പണനിലവാരമായി മാറുന്ന ഗുണനിലവാരം

ഗുണനിലവാരം എന്ന ആശയത്തെ ഒരു പുന:പരിശോധനയ്ക്ക് വിധേയമാക്കുന്നതിനു റിച്ചാര്‍ഡ് ലിക്മാന്‍ (Richard Litchman, 1982) ഉപയോഗിച്ച ഘടനാപരമായ അബോധം (സ്ട്രക്ച്ചറല്‍ അണ്‍കോണ്‍ഷ്യസ്`നെസ്സ്) എന്ന സംജ്ഞ വളരെ പ്രസക്തമാണ്. ഫ്രോയിഡ് മുന്നോട്ടുവയ്ക്കുന്ന മനസ്സിന്റെ അബോധതലം എന്ന ആശയത്തെ വിമര്‍ശനാത്മകമായി അവലോകനം ചെയ്തുകൊണ്ടാണ് The Production of Desire: The Integration of Psychoanalysis into Marxist Theory എന്ന പുസ്തകത്തില്‍ ലിക്മാന്‍ അബോധത്തിന്റെ ഘടനയെ അവതരിപ്പിക്കുന്നത്. മനോവിശ്ലേഷണ പദ്ധതിയില്‍ അബോധതലത്തെ വ്യക്തിത്വത്തിന്റെ ജൈവികവും മൂര്‍ത്തവുമായ ഊര്‍ജ്ജസ്ഥലി എന്ന നിലയിലാണ് ഫ്രോയിഡ് അവതരിപ്പിക്കുന്നത്. 'വ്യക്തിയില്‍നിന്നും പുറത്തേയ്ക്ക്' എന്നുള്ള അബോധത്തിന്റെ ഗതി സാമൂഹ്യഘടകങ്ങളെ പൂര്‍ണ്ണമായും തിരസ്‌കരിക്കുന്നതും അബോധത്തിന്റെ രൂപീകരണത്തില്‍ സമൂഹത്തിനോ അതിന്റെ ദൈനന്തികമായ പ്രവര്‍ത്തനത്തിനോ ഉള്ള പങ്കിനെ പൂര്‍ണ്ണമായും നിരസിക്കുന്നതുമാണ്. ഇതില്‍നിന്നും വ്യത്യസ്തമായി, സാമൂഹ്യഘടനയുടെ ഉപോല്പന്നമാണ് വ്യക്തിയുടെ അബോധമെന്ന് ലിക്മാന്‍ വാദിക്കുന്നുണ്ട്. അബോധത്തിന്റെ അടിച്ചമര്‍ത്തപ്പെട്ട തലം ആദര്‍ശാധിഷ്ഠിതമായ ഉദാത്തസങ്കല്പങ്ങളുടേയും അവയുമായി പൊരുത്തപ്പെടാത്ത സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടേയും ബലമായി രൂപീകരിക്കപ്പെടുന്ന ബോധ്യങ്ങളാണ്. ഈ ബോധ്യങ്ങള്‍ നെല്ലും പതിരും തിരിച്ചറിയാന്‍ സഹായിക്കുമെങ്കിലും അവയെ ദമനം ചെയ്യാതെ നിരന്തരമായി ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥ ഓരോ വ്യക്തിയും സാമൂഹ്യ സാഹചര്യങ്ങളില്‍ നേരിടുന്നുണ്ട്. അങ്ങനെ, പല ഉത്തമബോധ്യങ്ങളേയും നിരസിക്കേണ്ടതായും മനസ്സാക്ഷിക്കു നിരക്കാത്ത പല കാര്യങ്ങളേയും സാമൂഹ്യാവസ്ഥയില്‍ വ്യക്തിക്കു സ്വീകരിക്കേണ്ടതായും വരുന്നു. എന്നാല്‍, ആദര്‍ശാധിഷ്ഠിതമായി മാത്രം പ്രവര്‍ത്തിക്കുകയും മനസ്സാക്ഷിക്കനുസരിച്ചു മാത്രം ജീവിക്കുകയും ചെയ്യുന്ന ഒരാള്‍ അയാള്‍ നേരിട്ടറിയുന്ന വൈരുധ്യങ്ങളെ അബോധതലത്തിലേയ്ക്ക് ധമനം ചെയ്യാതിരിക്കുന്നപക്ഷം സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളില്‍ ഒത്തുപോകാന്‍ പറ്റാത്ത വ്യക്തിയായി മാറുകയും ഒറ്റപ്പെടലിനു പാത്രമാകുകയും ചെയ്യുന്നു.

സ്വാതന്ത്ര്യം എന്ന ആശയത്തിന്റെ കാതലായ അര്‍ത്ഥവും യഥാര്‍ത്ഥത്തില്‍ ലഭ്യമാകുന്ന സ്വാതന്ത്ര്യവും തമ്മിലുള്ള അന്തരം പലപ്പോഴും വളരെ വലുതായിരിക്കും. ഉദാഹരണമായി മൂലധനാധിഷ്ഠിത സമ്പദ്ഘടന വ്യക്തിക്ക് സോഷ്യലിസ്റ്റ് ഘടനയെക്കാളും സ്വാതന്ത്ര്യം വിഭാവനം ചെയ്യുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം ഇതിനു വിപരീതമായിട്ടാണ് നിലനില്‍ക്കുന്നത്. സ്വയം നിര്‍ണ്ണയാവകാശമുള്ളപ്പോഴും ഒരു ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥയിലെ വ്യക്തിക്ക് അതിനുള്ള അവകാശത്തെ പരിമിതപ്പെടുത്തുന്ന ധാരാളം ഘടകങ്ങളെ അതിജീവിക്കുക സാധ്യമല്ലാതാവുന്നു. ഇതുവഴി സ്വാതന്ത്ര്യമില്ലാത്ത സംവിധാനത്തെ സ്വാതന്ത്ര്യമായും ജനാധിപത്യമില്ലാത്ത സംവിധാനത്തെ ജനാധിപത്യമായും അംഗീകരിക്കാന്‍ വ്യക്തി സ്വയമറിയാതെ നിര്‍ബ്ബന്ധിക്കപ്പെടുന്നു. ഇതു സാധ്യമാകുന്നത് ഇത്തരത്തില്‍ പ്രായോഗിക ജീവിതത്തില്‍ അഭികാമ്യമല്ലാത്ത കാര്യങ്ങളെ അബോധത്തിലേയ്ക്ക് ധമനം ചെയ്യുന്നതു വഴിയാണ്. ഇങ്ങനെ സമൂഹത്തിലെ സ്വസ്ഥമായ ജീവിതത്തിനുവേണ്ടി ആദര്‍ശങ്ങളുമായി ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാകുകയും അതുവഴി സ്വയം വഞ്ചിക്കപ്പെടുന്ന വ്യക്തികളുടെ സമാഹരണമായി സമൂഹങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്നു എന്നുള്ളത് ഒരു പച്ചയായ യാഥാര്‍ത്ഥ്യമായി നമുക്ക് മുന്നിലുണ്ട്. ഈ വൈപരീത്യങ്ങള്‍ വ്യക്തിയെ മാനസിക സംഘര്‍ഷങ്ങളിലേയ്ക്ക് കൊണ്ടുചെന്നെത്തിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ മുന്നോട്ടെത്തുന്ന ഫ്രോയിഡിന്റെ മനോവിശ്ലേഷണ ചികിത്സാപദ്ധതിപോലും സമൂഹത്തെ, അധികാരവര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരുപകരണമായി മാറുന്നു എന്ന് ലിക്മാന്‍ വാദിക്കുന്നുണ്ട്. സമൂഹം വ്യക്തിയുടെമേല്‍ അമൂര്‍ത്തമായ കലാപങ്ങള്‍ അഴിച്ചുവിടുമ്പോഴും അതുവഴി മാനസികമായ അസ്വസ്ഥതയുടെ ചുഴിയിലേയ്ക്ക് വലിച്ചെറിയുമ്പോഴും അതിന്റെ ഇരയെ മാത്രമാണ് മനശ്ശാസ്ത്ര ചികിത്സയ്ക്കു വിധേയമാക്കുന്നത്! ഇത്തരത്തില്‍ ഗുണനിലവാരം എന്ന ആശയത്തിന്റെ രാഷ്ട്രീയം വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും പ്രക്ഷുബ്ധമായ മാനസിക പശ്ചാത്തലങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നുണ്ടെന്ന് നമ്മുടെ ആനുകാലിക ചുറ്റുപാടുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാന്‍ സാധിക്കും. ഇത് വിദ്യാഭ്യാസരംഗത്ത് അപമാനവീകരണത്തിന്റെ പുത്തന്‍ മാതൃകകള്‍ക്കാണ്  തുടക്കം കുറിക്കുന്നത്.

എല്ലാവര്‍ക്കും അവകാശപ്പെട്ടത്, മനസ്സിനെ സംതൃപ്തിപ്പെടുത്തുന്നത്, ഉദ്ദേശ്യങ്ങളെ സാധൂകരിക്കാന്‍ സഹായിക്കുന്നത് എന്നിങ്ങനെയുള്ള അര്‍ത്ഥത്തിലാണ് ഗുണനിലവാരം എന്ന ആശയം ഒരു ആധുനിക സാമൂഹ്യവ്യവസ്ഥയില്‍ നാം മനസ്സിലാക്കേണ്ടത്. ഇത്തരത്തില്‍ നോക്കിയാല്‍ അനിഷേധ്യവും അനിവാര്യവുമായ ഒരു ജനാധിപത്യ അവകാശമാണ് വിദ്യാഭ്യാസ ഗുണനിലവാരം എന്ന മൂല്യം. എന്നാല്‍, എല്ലാവര്‍ക്കും ലഭിക്കേണ്ടുന്ന ഒന്നായി ഗുണനിലവാരം ആദര്‍ശതലത്തില്‍ നിലനില്‍ക്കുമ്പോഴും അത് ഉറപ്പുവരുത്തേണ്ട സ്റ്റേറ്റും അതിന്റെ ഏജന്‍സികളുമാണ് ഗുണനിലവാരം അളന്ന് സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യുന്നത്. വിദ്യാഭ്യാസരംഗത്ത് തീര്‍ത്തും വിരോധാഭാസമായാണ് ഗുണനിലവാരം നിലനില്‍ക്കുന്നത്. യു.ജി. സിയുടെ മാനദണ്ഡമനുസരിച്ച്  'നാകി'ന്റെ (നാഷണല്‍ അസ്സസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കമ്മിഷന്‍) അളവുകോലില്‍ താഴെ വരുന്ന സ്ഥാപനങ്ങള്‍ക്ക് (അവ മിക്കവാറും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളായിരിക്കുകയും ചെയ്യും) ഫണ്ട് വെട്ടിക്കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ അവകാശമായിരിക്കുമ്പോഴും അതിന്റെ നിഷേധം അബോധത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തപ്പെടുകയും ഗുണനിലവാര അവകാശനിഷേധം ഒരു സാമാന്യയുക്തിക്കു നിരക്കുന്ന ഒന്നായി മാറുകയും ചെയ്യുന്നു. 

ഇത്തരത്തിലുള്ള ആശയഭ്രംശനം സാധ്യമാകുന്നത് ഗുണനിലവാരം എന്ന അവകാശത്തിന്റെ ആനുകാലിക പ്രയോഗങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന നവലിബറല്‍ താല്പര്യങ്ങളാണ്. ഈ നവലിബറല്‍ താല്പര്യങ്ങളെ ഗുണനിലവാരത്തിന്റെ അന്തസ്സത്തയുടെ യുക്തിക്കു നിരക്കാത്തതെങ്കിലും അതിന്റെ പ്രതിഫലനം ഒറ്റപ്പെടുത്തലിലേയ്ക്ക് വ്യക്തിയെ കൊണ്ടുചെന്നെത്തിക്കുമെന്നതിനാല്‍ അവയെ അബോധഘടനയിലേയ്ക്ക് ചവിട്ടി താഴ്ത്തപ്പെട്ടിട്ടുള്ളതുമാണ്. ഇതിനുള്ള ഉദാഹരണമാണ് ഗുണനിലവാരമുള്ള ക്ലാസ്സ്മുറിയെക്കുറിച്ച് നാക് അടക്കമുള്ള ഗുണനിലവാര ഏജന്‍സികള്‍ പൊതുസമൂഹത്തിനു നല്‍കുന്ന കാഴ്ചപ്പാട്. കംപ്യൂട്ടര്‍, പ്രൊജക്ടര്‍, ഇന്ററാക്ടീവ് വൈറ്റ് ബോര്‍ഡ്, ആധുനിക രീതിയിലുള്ള ഫര്‍ണീച്ചറുകള്‍ എന്നിങ്ങനെ ഭൗതിക സാഹചര്യങ്ങളാല്‍ ചിട്ടപ്പെടുത്തിയ ഒന്നിനെയാണ് ഗുണനിലവാരമുള്ള ക്ലാസ്സായി ഗുണനിലവാര ഏജന്‍സികള്‍ കണക്കാക്കുന്നത്. അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബൗദ്ധിക വിനിമയവും അതിന്റെ നിലവാരവും ജനാധിപത്യപരമായ രീതിയില്‍ പരിശോധിക്കുന്നത് ഗുണനിലവാര ഏജന്‍സികളുടെ സാമാന്യയുക്തിക്കു നിരക്കുന്നതുപോലുമല്ല. ഈ രീതിയില്‍, നല്ല ക്ലാസ്സ്റൂം എന്ന ആശയത്തിന്റെ മറവില്‍ ക്ലാസ്സ്മുറികളിലേക്ക് കടന്നുവന്നത് അക്കാദമിക ഗുണനിലവാരമല്ല; മറിച്ച്, നവലിബറല്‍ വിപണിയാണ്. സ്‌കൂള്‍തലത്തില്‍പ്പോലും ക്ലാസ്സ്മുറികള്‍ സ്മാര്‍ട്ടാക്കുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനും കാണിക്കുന്ന വ്യഗ്രത ഇത്തരത്തില്‍ ഭൗതിക സാഹചര്യങ്ങള്‍ വിന്യസിക്കുകയും അതിലൂടെ സാങ്കേതികോപകരണങ്ങളുടെ വിപണിയെ ക്ലാസ്സ് മുറിയില്‍ കുടിയിരുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ഒരു പൊതുബോധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവാണ് നടക്കാവ് സ്‌കൂള്‍ എന്നു കാണാന്‍ കഴിയും. നല്ല കെട്ടിടങ്ങളും ടൈലിട്ട തറയും ഡിജിറ്റല്‍ സൗകര്യങ്ങളും ഉണ്ടാകുമ്പോഴും സിലബസ് പഠിപ്പിക്കുന്ന അദ്ധ്യാപകര്‍, അവര്‍ക്ക് ലഭിക്കുന്ന പരിശീലനം, ക്ലാസ്സ് മുറിയിലെ ബോധനരീതി എന്നിങ്ങനെ എല്ലാം തന്നെ മറ്റ് ഏത് സാധാരണ സ്‌കൂളുകളേയുംപോലെ തന്നെയാണെന്നതാണ് വാസ്തവം. ഭൗതിക സാഹചര്യങ്ങളുടെ വിന്യാസമാണ് ഗുണനിലവാരം എന്ന പൊതുബോധമാണ് നടക്കാവ് പോലെയുള്ള സ്‌കൂളുകള്‍ക്ക് സഹായകമാകുന്നത്. ഇത്തരത്തിലുള്ള പൊതുബോധ നിര്‍മ്മിതി വിദ്യാഭ്യാസ ഗുണനിലവാരമുറപ്പാക്കുന്നതില്‍ മൂലധനത്തിന്റെ മഹത്വവല്‍ക്കരണത്തിലേയ്ക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. ഭൗതികസാഹചര്യങ്ങള്‍ വേണ്ടെന്നല്ല, മറിച്ച്, അതു മാത്രമാണ് ഗുണനിലവാരം എന്ന രീതിയിലുള്ള പൊതുബോധ നിര്‍മ്മിതി സാമാന്യയുക്തിക്ക് നിരക്കുന്നതായി മാറുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. മൂലധനത്തിന്റേയും വിപണിയുടേയും സഹായത്താല്‍ ക്രമീകരിക്കപ്പെടാന്‍ സാധിക്കുന്ന ഒന്നാണെന്നു വരുമ്പോള്‍ വിദ്യാഭ്യാസ ഗുണനിലവാരം തന്നെ പണനിലവാരമായി മാറുന്നു. ഇത്തരത്തില്‍ ഗുണനിലവാരം എന്ന ആശയത്തിന്റെ കാമ്പ് തന്നെ നഷ്ടപ്പെടുന്ന രീതിയിലുള്ള ചുറ്റുപാടുകളിലും അവയെ അബോധ ഘടനയിലേയ്ക്ക് ധമനം ചെയ്ത് ഭ്രംശനം വന്ന ഗുണനിലവാരം എന്ന ആശയത്തെ ബോധതലത്തില്‍ താലോലിക്കുന്നവരായി പൊതുസമൂഹവും അക്കാദമിക പണ്ഡിതരും പരുവപ്പെട്ടിരിക്കുന്നു. 

ഗുണനിലവാരത്തില്‍ ഉള്ളടങ്ങുന്നത് 

ഇത്തരത്തില്‍ ഗുണനിലവാരവുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ ഒന്നാകെ അബോധ ഘടനയിലേക്ക് ചവിട്ടിത്താഴ്ത്തിയിട്ടുള്ളത് അനാരോഗ്യകരമായ മത്സരാത്മകത, ആക്രമണം, അസമത്വം എന്നിവയാണെന്നു കാണാം. യഥാര്‍ത്ഥത്തില്‍ ഈ മൂന്നു ഘടകങ്ങളിലാണ് നവലിബറല്‍ കാലത്തെ ഗുണനിലവാരം എന്ന ആശയവും അതിന്റെ പ്രയോഗവും പടുത്തുയര്‍ത്തിയിട്ടുള്ളത്. ഗുണനിലവാരം എന്ന ആശയം ഭരണകൂടത്തിനോടും അക്കാദമിക പണ്ഡിതരോടും പൊതുസമൂഹത്തോടു തന്നെയും കണ്ണടയ്ക്കാന്‍ ആവശ്യപ്പെടുന്നത് അതില്‍ അന്തര്‍ലീനമായിരിക്കുന്ന ഈ മൂന്നു ഘടകങ്ങളോടാണ്. ഗുണനിലവാരം എന്ന ആശയത്തിന്റെ ആവിര്‍ഭാവം സംബന്ധിച്ച ഒരന്വേഷണം ഇതു കൂടുതല്‍ വ്യക്തമാക്കും. 

വ്യവസായിക മേഖലയിലൂടെയാണ് 'ഗുണനിലവാരം' എന്ന ആശയം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഇതിനൊരു പശ്ചാത്തലമുണ്ട്. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമുണ്ടായി. യൂറോപ്പിനെ സഹായിക്കാന്‍ അമേരിക്കയുടെ മാര്‍ഷല്‍ പ്ലാന്‍ ഉണ്ടാവുന്നത് ഈ കാലഘട്ടത്തിലാണ്. ഇതോടൊപ്പം തന്നെ അമേരിക്കയുടെ കയ്യയഞ്ഞ സഹായം ജപ്പാനും ലഭിക്കുകയുണ്ടായി. രണ്ടാം ലോകയുദ്ധാനന്തരം ചാരത്തില്‍നിന്നുയിര്‍ത്തെഴുന്നേറ്റ ഫീനിക്‌സ് പക്ഷിയെപ്പോലെ ജപ്പാന്‍ ലോകത്തെ ഏറ്റവും പ്രബലമായ സാമ്പത്തിക ശക്തികളില്‍ ഒന്നായി തിരിച്ചുവരവ് നടത്തുന്നത് ഈ കാലഘട്ടത്തിലാണ്. വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും 1950-1960-കളില്‍ ജപ്പാനില്‍നിന്നും കടുത്ത വ്യവസായിക മത്സരം നേരിടുന്നുണ്ട്.  വ്യവസായിക വിപ്ലവാനന്തരം ഇംഗ്ലണ്ട് ഏറ്റവുമധികം ഇറക്കുമതി ചെയ്യപ്പെടുന്നതിനു നിര്‍ബ്ബന്ധിതമാക്കപ്പെട്ടതും ഈ കാലഘട്ടത്തിലായിരുന്നു. സാമ്പത്തിക സഹായത്തെക്കാളുപരി അമേരിക്ക നല്‍കിയ മാനവികശേഷി (ഹ്യൂമന്‍ റിസോഴ്സ്) സഹായമായിരുന്നു ജപ്പാനെ കൂടുതല്‍ ത്വരിത മുന്നേറ്റത്തിനു സഹായിച്ചത്. ഇതില്‍ എടുത്തുപറയേണ്ടത് അമേരിക്കക്കാരനായ എഡ്വേര്‍ഡ് ഡെമിങിന്റെ പങ്കാണ്. 1950-കള്‍ മുതല്‍ ജപ്പാനിലെ വ്യവസായിക ലോകത്തിനു ഗുണനിലവാര നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കിയ ഡെമിങിന്റെ തന്ത്രങ്ങള്‍ ലോകവിപണിയില്‍ ജപ്പാന്റെ മത്സരാത്മകതയ്ക്ക് കുതിച്ചുചാട്ടത്തിനുള്ള അവസരമൊരുക്കി. എഡ്വേര്‍ഡ് ഡെമിങ് ജപ്പാനിലെ വ്യവസായ മുന്നേറ്റത്തിനും മത്സരാത്മകതയ്ക്കും സഹായിച്ച പദ്ധതികളെ അധികരിച്ച് അമേരിക്കന്‍ ടെലിവിഷന്‍ കമ്പനിയായ എന്‍.ബി.സി ന്യൂസ് (NBC news) പ്രക്ഷേപണം ചെയ്ത ഒരു പരമ്പരയുടെ പേരു തന്നെ 'ഇഫ് ജപ്പാന്‍ ക്യാന്‍... വൈ കാണ്‍ട് വീ' എന്നതായിരുന്നു. 

വ്യവസായലോകത്തെ മത്സരത്തിനു വീറുപകരുന്ന പദ്ധതിയായാണ് ഗുണനിലവാരം എന്ന ആശയം ജപ്പാനില്‍ കടന്നുവരുന്നതെങ്കിലും അതിനൊക്കെ മുന്‍പേ അമേരിക്കന്‍ നാവികസേന തങ്ങളുടെ യുദ്ധതന്ത്രങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ട് ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ് എന്ന പദം ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ കാര്യക്ഷമമായ യുദ്ധോപകരണങ്ങളും സൈനിക കാര്യക്ഷമതയുമായിരുന്നു സൈനികതലത്തില്‍ ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റിലൂടെ ഉദ്ദേശിക്കപ്പെട്ടിരുന്നത്. രണ്ടാം ലോകയുദ്ധം ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റിന്റെ പരീക്ഷണക്കളരിയായി മാറുന്നുണ്ട്. 1947-ല്‍ നാഷണല്‍ സെക്യൂരിറ്റി ആക്റ്റിലൂടെ എയര്‍ഫോഴ്സ്, നേവി, ആര്‍മി എന്നിങ്ങനെ വേര്‍തിരിക്കുന്നതുവരെ അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ പേരുതന്നെ യുദ്ധവകുപ്പ് അല്ലെങ്കില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാര്‍ എന്നായിരുന്നു എന്ന് ഓര്‍ക്കണം. അങ്ങനെ നോക്കുമ്പോള്‍ അമേരിക്കന്‍ യുദ്ധവകുപ്പിന്റെ മൂശയില്‍ വിരിഞ്ഞതാണ് ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ് എന്ന ആശയം എന്നു കാണാന്‍ കഴിയും. 

മത്സരാത്മകതയുടേയും യുദ്ധതന്ത്രങ്ങളുടേയും അടിസ്ഥാന ലക്ഷ്യം കീഴ്പെടുത്തലും അധീശത്വവുമാണ്. സമത്വത്തിന്റേയും സമഭാവനയുടേയും അര്‍ത്ഥഭേദങ്ങളിലെവിടേയും മത്സരാത്മകതയ്ക്കും യുദ്ധതന്ത്രങ്ങള്‍ക്കും യാതൊരു സ്ഥാനവും കണ്ടെത്താന്‍ സാധിക്കുകയില്ല. ഇത്തരത്തില്‍ മത്സരം ഉന്നംവെച്ച വ്യവസായിക മേഖലയും അന്നിഹലേഷനും അധീശത്വവും ലക്ഷ്യംവച്ച സൈനിക താല്പര്യങ്ങളും ഇതിന്റെ രണ്ടിന്റേയും സ്വാഭാവിക ലക്ഷ്യവും പരിണതിയുമായ അസമത്വവുമാണ് ഗുണനിലവരം എന്ന ആശയത്തില്‍ അന്തര്‍ലീനമായിരിക്കുന്നത്. അബോധഘടനയിലേയ്ക്ക് താഴ്ത്തപ്പെട്ടിരിക്കുന്ന ഈ ഘടകങ്ങളെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുമായി രമ്യതയിലാക്കുന്ന ആശയങ്ങളായിട്ടാണ് ഗുണനിലവാരത്തിന്റെ ഉദാത്തീകരണമായി ഉയര്‍ന്ന ജീവിതനിലവാരം, കാര്യക്ഷമത, ഉല്പാദനമികവ് എന്നിങ്ങനെ ആധുനികതയിലൂന്നിയതും  പുരോഗമനപരവുമായ ആശയങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്. 

ഇന്ത്യന്‍ വിദ്യാഭ്യാസ ഗുണനിലവാര വസന്തം 

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്ത് ഭരണകൂടങ്ങളുടെ (ദേശീയ, സംസ്ഥാനതലങ്ങളില്‍) നേതൃത്വത്തില്‍ പ്രയോഗവല്‍ക്കരിക്കപ്പെടുന്ന ഗുണനിലവരം എന്ന ആശയവും അതിന്റെ മാതൃകകളും സമതയുടെ ദൃഷ്ടികോണിലൂടെ പുനര്‍നിര്‍വ്വചനം ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം എന്ന ആശയം ചര്‍ച്ചചെയ്യപ്പെട്ടതുപോലും 1985-നു ശേഷമാണ്. മന്‍മോഹന്‍ സിങിന്റെ ലിബറല്‍ പരീക്ഷണങ്ങളുടെ പടിവാതിലിലുള്ള ഈ കാലഘട്ടം വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. സ്വതന്ത്ര വിപണിയില്‍ ഊന്നുന്ന നവലിബറല്‍ സമ്പദ്വ്യവസ്ഥ അതിന്റെ കടന്നുവരവിനുള്ള തറയൊരുക്കല്‍ നടത്തുന്നത് നിലനില്‍ക്കുന്ന ചില സുപ്രധാന സ്ഥാപനങ്ങളെ പുന:ക്രമീകരിക്കുകയോ പുതിയ ചില സ്ഥാപനങ്ങളെ അവതരിപ്പിക്കുകയോ ചെയ്തുകൊണ്ടായിരിക്കുമെന്ന് ഡേവിഡ് ഹാര്‍വേ (2005) നവലിബറലിസത്തിന്റെ ആഗോളചരിത്രത്തെ അവലോകനം ചെയ്തുകൊണ്ടും റേയവെയ്ന്‍ കോണ്ണല്‍ (2010) തന്റെ ആസ്‌ട്രേലിയന്‍ അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തിയും നമുക്ക് മുന്നില്‍ വയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു തറയൊരുക്കല്‍ പ്രക്രിയ ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്തും ഉണ്ടാകുന്നുണ്ട്. ഇന്ത്യയില്‍ നിലനിന്നിരുന്ന സ്ഥാപനങ്ങളുടെ പുന:ക്രമീകരണവും പുതുസ്ഥാപനങ്ങളുടെ ആവിര്‍ഭാവവും വിദ്യാഭ്യാസ നിയന്ത്രക ലക്ഷ്യത്തോടുകൂടി 1985-നു ശേഷം ഉണ്ടാകുന്നത് ഇത്തരത്തില്‍ നാം ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് ഗവണ്‍മെന്റിന്റെ ഉപദേശക സമിതിയായി 1945 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന എ.ഐ.സി.ടി.ഇ 1987-ല്‍ ഒരു നിയന്ത്രക (റെഗുലേറ്ററി) സ്ഥാപനമായി മാറുന്നതാണ് ഇതിന്റെ തുടക്കമെന്നു പറയാം. എന്‍ജിനീയറിങ് സ്ഥാപനങ്ങളുടെമേല്‍ സ്റ്റാറ്റിയൂട്ടറി അധികാരങ്ങളുള്ള ഔദ്യോഗിക സമിതിയായി എ.ഐ.സി.ടി.ഇ 1987-ലെ ഇതോടുകൂടി മാറുന്നു. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് 1934 മുതല്‍ പ്രവര്‍ത്തിച്ചു വന്നിരുന്നുവെങ്കിലും ഒരു ഗുണനിലവാര നിയന്ത്രക ഏജന്‍സിയായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) മാറുന്നത് 1993-ല്‍ അതിന്റെ ആക്ടിന്റെ പരിഷ്‌കരണത്തിലൂടെയാണ്. അദ്ധ്യാപക - വിദ്യാഭ്യാസ മേഖലയില്‍ ഉപദേശകസമിതിയായി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ (എന്‍.സി.റ്റി.ഇ) 1973-ല്‍ നിലവില്‍ വന്നിരുന്നുവെങ്കിലും 1993-ല്‍ ഇതിനേയും നിയന്ത്രക അധികാരമുള്ള സ്റ്റാറ്റിയൂട്ടറി സ്ഥാപനമായി പരിഷ്‌കരിക്കുന്നു. നിലനിന്നിരുന്ന സ്ഥാപനങ്ങളുടെ പുന:ക്രമീകരണം മാത്രമല്ല, പുതിയ ചില സ്ഥാപനങ്ങളും കൂടി ഉണ്ടാവുന്നുണ്ട്. അങ്ങനെയാണ് ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്തു ഘടനാപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച നാഷണല്‍ അസ്സസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കമ്മിഷന്‍ (നാക്) 1994-ല്‍ ഉണ്ടാവുന്നത്. പ്രധാന ഉദ്ദേശ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാഭ്യാസ ഉപഭോക്താക്കള്‍ക്കും അവിടെ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ വിപണിയുടെ തെരഞ്ഞെടുക്കലിനും സഹായിക്കത്തക്ക വിധത്തില്‍ വേര്‍തിരിക്കുക എന്നുള്ളതായിരുന്നു. ഈ വേര്‍തിരിവിന് ഉപയോഗിക്കപ്പെട്ട തന്ത്രമായിരുന്നു ഗുണനിലവാരം എന്ന ആശയം. ഇതേ ചുവടുപിടിച്ചാണ് സംസ്ഥാനതലത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുകള്‍ ഗുണനിലവാര പ്രക്രിയയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഗുണനിലവാരത്തിന്റെ അപ്പോസ്തലന്മാരാകാന്‍ കച്ചമുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് കേരളത്തിന്റേത് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുകള്‍. ഇതിന്റെ ഭാഗമായാണ് സ്റ്റേറ്റ് അസ്സസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷനുമായി (സാക്) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രംഗത്തിറങ്ങയിരിക്കുന്നത്. കേരളത്തിലെ ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ഇത്തരത്തില്‍ ദേശീയ തലത്തിലും സംസ്ഥാനതലത്തിലുമുള്ള ഗുണനിലവാര നിര്‍ണ്ണയ ഏജന്‍സികളുടെ പരിശോധനയ്ക്ക് വിധേയമാക്കപ്പെടും. 

പുതു സാമ്പത്തികനയങ്ങള്‍ നടപ്പിലാക്കിയ തൊണ്ണൂറുകളുടെ ആദ്യപാദത്തിലും അതിനു തൊട്ടു മുന്‍പും വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ ഈ ഗുണനിലവാര സംബന്ധിയായ മാറ്റങ്ങള്‍ മത്സരിച്ചു മുന്നേറാനും (ഒപ്പം തന്നെ പിന്തള്ളപ്പെടാനും) മത്സരത്തിന്റെ ഭാഗമായ മൃദു അക്രമങ്ങളെ ലെജിറ്റിമൈസ് ചെയ്യുന്നതിനും അസമത്വത്തെ പുനരുല്പാദിപ്പിക്കുന്നതിനുമുള്ള ലൈസന്‍സായിരുന്നു. നവലിബറല്‍ പ്രമാണിയായിരുന്ന മാര്‍ഗരറ്റ് താച്ചറുടെ ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ ചെമ്മരിയാടില്‍നിന്നും പുരുഷനെ കുട്ടിയില്‍നിന്നും കഴിവുള്ളവനെ കഴിവില്ലാത്തവനില്‍നിന്നും തിരിച്ചറിയുന്നതിനും ആഗോള വിപണിയെ സഹായിക്കുന്നതിനുള്ള അളവുകോലാണ് മത്സരവും അതിന്റെ ഫലമായി ലഭ്യമാകുന്ന ഗുണനിലവാര ഉയര്‍ച്ചയും. ഇത്തരത്തില്‍ നവലിബറല്‍ വിപണിക്ക് മോരും മുതിരയും തിരിച്ചറിയുന്നതിനുള്ള അളവുകോലായിട്ടാണ്  വിദ്യാഭ്യാസ ഗുണനിലവാരം ഇന്ത്യയില്‍ നടപ്പിലാക്കപ്പെടുന്നത്. 
ഈ സാഹചര്യത്തില്‍ വേണം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സ്റ്റേറ്റ് അസ്സസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ (സാക്) തുടക്കം കുറിക്കുന്നതിനെ കാണേണ്ടത്. നാക്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്) മറ്റ് റെഗുലേറ്ററി ഏജന്‍സികള്‍ എന്നിങ്ങനെ സംഘടിതമായി അക്രമിച്ചവശരാക്കിയ അദ്ധ്യാപകരേയും സ്ഥാപനങ്ങളേയുമാണ് സാക്കിനെ ഉപയോഗിച്ച് വീണ്ടും അളക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തയ്യാറാവുന്നത്. ഇത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും അതിന്റെ ഭാഗമായ അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും നേര്‍ക്കഴിച്ചുവിടുന്ന കലാപമാണ്. വിദ്യാഭ്യാസ ഗുണനിലവാരം എന്ന ആശയത്തിന്റെ രാഷ്ട്രീയവും അതിന്റെ സ്ഥാപനവല്‍ക്കരണം എങ്ങനെ ഒരു പുത്തന്‍ വിദ്യാഭ്യാസ അധീശത്ത മാതൃകയ്ക്ക് തുടക്കമിടുമെന്നും മറ്റും അറിഞ്ഞു കൂടാത്ത ആളല്ല കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സാക്ക് ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ അദ്ധ്യക്ഷനായ രാജന്‍ ഗുരുക്കള്‍ എന്നാണ് കരുതുന്നത്! ഗുണനിലവാരത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വയലന്‍സിന്റെ ഉദാത്തീകരണങ്ങളില്‍ ഒന്നായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. ബുദ്ധിജീവികളേയും എതിര്‍ക്കാന്‍ സാധ്യതയുള്ളവരേയും ഉപയോഗിച്ച് നിഗൂഢതാല്പര്യങ്ങള്‍ സാധിച്ചെടുക്കുക എന്ന സ്പിനോഷിയന്‍ തന്ത്രത്തിന്റെ ഭാഗമാണിത്. ചിലിയിലെ ഭരണാധികാരിയായിരുന്ന സ്പിനോഷ് തന്റെ രാജ്യത്തെ ഏറ്റവും കഴിവുറ്റ സാമ്പത്തിക വിദഗ്ദ്ധരേയും സാമൂഹ്യശാസ്ത്ര രംഗത്തുള്ള ബുദ്ധിജീവികളേയും ഫെലോഷിപ്പ് നല്‍കി ചിക്കാഗോയില്‍ മില്‍ട്ടന്‍ ഫ്രീഡമാന്റെ കീഴില്‍ പരിശീലിപ്പിച്ചാണ് നവലിബറല്‍ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത്. ഇങ്ങനെ പരിശീലനം ലഭിച്ചവരാണ് 'ചിക്കാഗോ ബോയ്സ്' എന്ന പേരില്‍ അറിയപ്പെടുന്ന നവലിബറല്‍ സാമ്പത്തിക വക്താക്കളായി മാറിയത്. ഇത്തരത്തില്‍ അസമത്വത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുതകുന്ന രീതിയില്‍ ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസ പ്രക്രിയയെ നിലനിര്‍ത്തേണ്ടത് നവലിബറല്‍ ആവശ്യമാണ്. ഇതിനായി പരിശീലനവും അധികാരവും എന്നിങ്ങനെ വേണ്ടതൊക്കെ നല്‍കി എതിര്‍ക്കാന്‍ സാധ്യതയുള്ളവരെ തങ്ങളുടെ വക്താക്കളാക്കാന്‍ സാധിക്കുന്ന തന്ത്രങ്ങള്‍ നവലിബറല്‍ ആവനാഴിയില്‍ വേണ്ടുവോളമുണ്ട്. 

മാനദണ്ഡങ്ങള്‍

മാനദണ്ഡങ്ങള്‍ ഒരുക്കുന്ന ചട്ടക്കൂടിലാണ് ഗുണനിലവാരം മൂര്‍ത്തമാകുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം യു.ജി.സിയും നാക്കും മുന്നോട്ടുവയ്ക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങള്‍ ദേശീയതലത്തില്‍ ഏകീകരിക്കപ്പെട്ടവയാണ്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരേ മാനദണ്ഡങ്ങളാണ് പിന്തുടരുന്നത്. സ്ഥാപനങ്ങളുടെ പശ്ചാത്തല സംബന്ധിയായ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന തരത്തില്‍ ഈ മാനദണ്ഡങ്ങളെ പുന:ക്രമീകരിക്കാന്‍ ഉള്ള സ്ഥാപന സൗഹൃദ മാര്‍ഗ്ഗങ്ങള്‍ ഗുണനിലവാര പ്രക്രിയ മുന്നോട്ടുവയ്ക്കുന്നില്ല. ദേശീയതലത്തില്‍ ഏകീകരിക്കപ്പെട്ട ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പശ്ചാത്തല ഭേദമില്ലാതെ സ്ഥാപനങ്ങള്‍ സ്വയം ക്രമപ്പെടുത്തേണ്ടതായി വരുന്നു. തനത് ശേഷികളേയും താല്പര്യങ്ങളേയും പുറത്തിരുത്തിക്കൊണ്ട് സ്ഥാപനങ്ങള്‍ക്കും അദ്ധ്യാപകര്‍ക്കും ഏകീകൃത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കേണ്ടിവരുന്നുവെന്നുള്ളത് വിദ്യാഭ്യാസരംഗത്തെ സഞ്ചിത ഭാവനയ്ക്കു നേരെയുയരുന്ന വെല്ലുവിളിയാണ്. സര്‍ഗ്ഗാത്മകത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതിന്റെ ആത്യന്തിക ബലം പ്രവചനാതീതമാണെന്നതാണ്. എല്ലാ ഭാവനാത്മക പ്രവര്‍ത്തനങ്ങളും വിജയമായിക്കൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ റിസ്‌ക് ഒഴിവാക്കുന്നതിനായി സ്ഥാപനങ്ങള്‍ തങ്ങളുടെ മുന്നിലുള്ള മാനദണ്ഡങ്ങളുടെ ചട്ടക്കൂടിലേയ്‌ക്കൊതുങ്ങിക്കൂടുന്നു. ഈ ഒതുങ്ങിക്കൂടലിലൂടെ ലഭിക്കുന്ന സന്ദേശം ഭാവനാത്മകമായ വിദ്യാഭ്യാസ സമ്പ്രദായം അപകടകരമായ ഒന്നായി വ്യഖ്യാനിക്കപ്പെടുന്നു എന്നുള്ളതാണ്. 


ഫൂക്കോ (1991) മുന്നോട്ടുവയ്ക്കുന്ന ഗവണ്‍മെന്റാലിറ്റിക്കുള്ള പ്രധാന ഉപകരണമായി ഗുണനിലവാര മാനദണ്ഡങ്ങള്‍ മാറുന്ന കാഴ്ചയാണ് ഇതിനു പിന്നോടിയായിട്ട് കാണുന്നത്. ഭരണകൂടങ്ങള്‍ പൗരന്മാരെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കുന്നതിന്  ഉപയോഗിക്കുന്ന സ്വാധീന മാര്‍ഗ്ഗങ്ങള്‍ എന്ന നിലയിലാണ് ഫൂക്കോ ഗവണ്‍മെന്റാലിറ്റിയെ അവതരിപ്പിക്കുന്നത്. ഗുണനിലവാര മാനദണ്ഡങ്ങള്‍ ഒരു പാനോപ്റ്റിക് സര്‍വ്വലയന്‍സ് ആയി മാറുകയും അതുവഴി അദ്ധ്യാപകരുടേയും സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനരീതികളെ ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്യുന്നു. പ്രസിദ്ധീകരണം ഒരു ഗുണനിലവാര മാനദണ്ഡമാകുമ്പോള്‍ അത് അദ്ധ്യാപകനെ എപ്രകാരം സ്വാധീനിക്കുന്നുവെന്ന് നോക്കാം. ഒരു അദ്ധ്യാപകന്‍/അദ്ധ്യാപിക സ്വാഭാവികമായി ഒരു വര്‍ഷം രണ്ടോ മൂന്നോ പഠനങ്ങളാണ് പ്രസിദ്ധീകരിക്കാന്‍ സാദ്ധ്യതയുള്ളതെന്നു വിചാരിക്കുക. പ്രസിദ്ധീകരണത്തിനു പോയിന്റുകള്‍ നല്‍കുന്ന ഗുണനിലവാര മാനദണ്ഡങ്ങളുണ്ടാകുമ്പോള്‍ അദ്ധ്യാപകര്‍ രണ്ടോ മൂന്നോ പ്രസിദ്ധീകരണത്തില്‍നിന്നും ആറോ ഏഴോ ആക്കി പെരുപ്പിക്കാന്‍ ശ്രമം നടത്തുന്നു. ഇങ്ങനെ ശ്രമിക്കുമ്പോള്‍ അദ്ധ്യാപകര്‍ സ്വാഭാവികതയില്‍നിന്ന് അകലുകയും ഗുണനിലവാര മാനദണ്ഡ ചട്ടക്കൂടിനനുസരിച്ച് തന്റെ ജോലിയെ സ്വയം പുന:ക്രമീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഗുണനിലവാര മാനദണ്ഡങ്ങളാല്‍ ഒരു അദൃശ്യ സര്‍വ്വലയന്‍സ് സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ മാനദണ്ഡങ്ങളാല്‍ വലയം ചെയ്യപ്പെട്ട് സ്വയം പുന:ക്രമീകരിക്കുന്ന അദ്ധ്യാപകര്‍ ആയാസങ്ങള്‍ ഇല്ലാതെ തന്നെ എളുപ്പം നിയന്ത്രണങ്ങള്‍ക്ക് അടിമപ്പെടുന്ന അക്കാദമിക സമൂഹമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. 

അന്യവല്‍ക്കരിക്കപ്പെടുന്ന അദ്ധ്യാപകന്‍

ആഗോളതലത്തിലെവിടേയും വിദ്യാഭ്യാസം മനുഷ്യനെ അപമാനവീകരിക്കുന്നുവെന്ന പൊള്ളുന്ന വിമര്‍ശനം ബ്രസീലിയന്‍ ചിന്തകനായ പൗലോ ഫ്രെയര്‍ ഉന്നയിച്ചത് 1968-ലാണ്. ഫ്രെയര്‍ ഇപ്പോളും ശരിതന്നെയായി തുടരുകയും അപമാനവീകരണത്തിന്റെ കൈവഴികള്‍ വിദ്യാഭ്യാസത്തിലേയ്ക്ക് ഒഴുകിപ്പരക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഗുണനിലവാര യുഗത്തിനു ശേഷം അദ്ധ്യാപകന്റെ ജോലിയുടെ സ്വഭാവത്തില്‍ കാതലായ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. വിദ്യാര്‍ത്ഥിയുമായുള്ള വിജ്ഞാന വിനിമയം അദ്ധ്യാപകന്റെ ജോലിയുടെ ഒരു ഭാഗം മാത്രമായി പരിമിതപ്പെട്ടു. ഇതോടൊപ്പം തന്നെ ഗവേഷണം, സാമൂഹിക നിര്‍വ്വാഹകത്വം (എക്സ്റ്റെന്‍ഷന്‍) എന്നിവ അദ്ധ്യാപനത്തിന്റെ സുപ്രധാന ഘടകങ്ങളായി ചേര്‍ക്കപ്പെട്ടു. വളരെ ഉദാത്തമായ ആശയങ്ങളാണെങ്കില്‍ക്കൂടി ഇത്രയും സുപ്രധാനമായ കര്‍മ്മങ്ങള്‍ അദ്ധ്യാപകരിലേക്ക് ഏകോപിപ്പിക്കപ്പെടുമ്പോള്‍ അതിനുള്ള സന്നദ്ധതയോ പ്രാപ്തിയോ ആ വിഭാഗത്തിനുണ്ടോ എന്ന പരിശോധന പ്രാധാന്യമര്‍ഹിക്കുന്നു. സന്നദ്ധതയ്ക്കും പ്രാപ്തിക്കുമുപരി താല്പര്യവുമായും അഭേദ്യമായി ബന്ധപ്പെട്ടാണ് ഏതൊരു കര്‍മ്മത്തിന്റേയും വിജയം നിര്‍ണ്ണയിക്കപ്പെടുന്നത്. 1985 മുതലിങ്ങോട്ടു നോക്കിയാല്‍ ഗവേഷണത്തിലും സാമൂഹിക നിര്‍വ്വഹകത്വത്തിലും യതൊരുവിധ പരിശീലനവും അദ്ധ്യാപക ജോലിക്ക് അടിസ്ഥാന യോഗ്യതയായിരുന്നില്ല. യു.ജി.സിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ പാസ്സാകുന്നവര്‍ക്കെല്ലാം കോളേജുകളില്‍ അദ്ധ്യാപകരാകാം എന്നതായിരുന്നു അവസ്ഥ. 

വിദ്യാര്‍ത്ഥികളുമായുള്ള 'വിജ്ഞാന വിനിമയമാണ് അദ്ധ്യാപനം' എന്ന സങ്കല്പവുമായി വന്ന അധ്യാപകര്‍ അങ്ങനെ ഗവേഷണ പ്രവര്‍ത്തനത്തിലൂടെയും സാമൂഹിക നിര്‍വ്വഹത്വത്തിലൂടെയും പോയിന്റുകള്‍ നേടാന്‍ തങ്ങളുടെ ഊര്‍ജ്ജത്തിന്റെ നല്ലൊരംശം ചെലവഴിക്കേണ്ടിവന്നു. പോയിന്റുകള്‍ തികയ്ക്കുന്നതിനുവേണ്ടിയുള്ള ഗവേഷണവും സാമൂഹ്യ നിര്‍വ്വഹകത്വവും വലിയൊരളവുവരെ പരിഹാസ്യമായ ചേഷ്ടകളുടെ സമാഹരണമായി മാറുന്നതാണ് പിന്നീട് കണ്ടത്. 1990-കളുടെ ആദ്യപാദങ്ങളിലും മറ്റും ഗവേഷണമെന്നാല്‍ പി.എച്ച്ഡി നേടലാണ് എന്ന രീതിയില്‍ പരിമിതപ്പെട്ടിരുന്നെങ്കിലും പിന്നീടിങ്ങോട്ട് പ്രസിദ്ധീകരണം, ഗവേഷണ പ്രോജക്ടുകളുടെ നടത്തിപ്പ്, സെമിനാറുകളിലും മറ്റും പ്രബന്ധാവതരണം എന്നിവ പ്രമോഷനുള്ള മാനദണ്ഡങ്ങള്‍ എന്ന നിലയില്‍ പതിയെ പിടിമുറുക്കി. ഇതിന്റെ ഭാഗമായി ഗവേഷണ ധനസഹായ ഏജന്‍സികളില്‍നിന്നും എത്ര ഫണ്ട് ലഭിക്കുന്നു എന്നത് അദ്ധ്യാപകന്റെ ഗുണനിലവാരത്തെ നിര്‍ണ്ണയിക്കുന്ന സുപ്രധാന മാനദണ്ഡമായി മാറി. ഫണ്ടിങ്ങ് ഏജന്‍സികളുടെ താല്പര്യങ്ങളും രാഷ്ട്രീയവും അറിയാവുന്ന അദ്ധ്യാപകര്‍ കൂടുതല്‍ ഫണ്ട് വാരിക്കൂട്ടി! ഉദാഹരണമായി, അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് ഫണ്ട് കിട്ടുമെന്നു മനസ്സിലാക്കിയ അദ്ധ്യാപകര്‍ ഇത്തരം മേഖലകളില്‍ യാതൊരു പ്രവൃത്തിപരിചയവും ഇല്ലാതെതന്നെ അതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഫണ്ടുകള്‍ നേടിയെടുത്തു. ഇത്തരത്തില്‍ ഫണ്ട് മാനേജേഴ്സായി മാറുന്ന അദ്ധ്യാപകര്‍ ഗുണനിലവാര വിദ്യാഭ്യാസ കാലഘട്ടത്തിന്റെ നിര്‍മ്മിതിയാണ്. തങ്ങള്‍ക്കു സ്വാഭാവിക താല്പര്യമില്ലാത്ത മേഖലകളില്‍ പ്രമോഷന്‍ പോലെയുള്ള നിക്ഷിപ്ത താല്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടിവരുന്ന അദ്ധ്യാപകര്‍ ഇങ്ങനെ അന്യവല്‍ക്കരണത്തിനു വിധേയമായി.

കോളേജ് അദ്ധ്യാപകരെ അന്യവല്‍ക്കരിക്കുന്നതില്‍  വളരെ സുപ്രധാനമായ പങ്കുവഹിച്ച മറ്റൊരു ഗുണനിലവാര മാനദണ്ഡമാണ് പ്രസിദ്ധീകരണവും പ്രബന്ധാവതരണവും. ഇവ രണ്ടും പോയിന്റുകള്‍ ലഭ്യമാകുന്ന അക്കാദമിക പ്രവര്‍ത്തനങ്ങളാണ്. പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു വലിയൊരു വ്യവസായം തന്നെ അദ്ധ്യാപകരെ ലക്ഷ്യംവെച്ച് രൂപപ്പെട്ടു വന്നിട്ടുണ്ട്. പരമാവധി പ്രബന്ധങ്ങള്‍ തയ്യാറാക്കാനും അവ പ്രസിദ്ധീകരിക്കാനുമുള്ള നെട്ടോട്ടം പഠനബോധന സംബന്ധിയായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുള്ള അദ്ധ്യാപകന്റെ സമയവും ഊര്‍ജ്ജവുമാണ് കവര്‍ന്നെടുത്തത്. ഇതോടൊപ്പം ഏതൊരു സെമിനാറിനേയും തന്റെ വിഷയവുമായി ബന്ധപ്പെടുത്തി പ്രബന്ധം തട്ടിക്കൂട്ടി അവതരിപ്പിക്കാനുള്ള മെയ്വഴക്കത്തിന്റെ ആവശ്യകതയിലേയ്ക്കു കൂടി ഗുണനിലവാരാനന്തര ഉന്നത വിദ്യാഭ്യാസം അദ്ധ്യാപകനെ തള്ളിവിട്ടു.  ഇവയെല്ലം തന്നെ ബോധനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ്, ബോധനം, ബോധനാനന്തര പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പ്രമോഷന്‍ സംബന്ധിയായ ഗവേഷണം, സാമൂഹ്യ നിര്‍വ്വഹകത്വം എന്നിവയ്ക്കു ശേഷം മാത്രം പരിഗണിക്കപ്പെടേണ്ടുന്ന ത്രിതീയ പ്രാധാന്യം മാത്രമുള്ള പരിപാടിയായി മാറ്റി. ഓരോ പ്രവൃത്തിക്കും പോയിന്റുകളും കൂടി നിശ്ചയിക്കപ്പെട്ടതോടെ അദ്ധ്യാപകന്റെ ഊര്‍ജ്ജം വിദ്യാര്‍ത്ഥികളുമായുള്ള വിജ്ഞാന വിനിമയം എന്നതില്‍നിന്നും ഗണ്യമായി മറ്റു പല (മുകള്‍ പറഞ്ഞ) പ്രവൃത്തികളിലേയ്ക്കുമായി വിനിയോഗിക്കപ്പെടുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇപ്പറഞ്ഞ പ്രവൃത്തികളാവട്ടെ, മൗലിക അക്കാദമികതയുമായി വിദൂര ബന്ധംപോലും പുലര്‍ത്താത്തതും പ്രമോഷനുവേണ്ടി പോയിന്റുകള്‍ തികയ്ക്കുന്നതിനുള്ള അനുഷ്ഠാനമായി പരിണമിക്കുകയും ചെയ്തു. 

മൗലികതയില്‍ ഊന്നേണ്ടുന്ന അക്കാദമിക ഗവേഷണം യാന്ത്രികതയുടെ പര്യായങ്ങളായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതുവഴി ഗവേഷണത്തിലും സാമൂഹിക നിര്‍വ്വഹകത്വത്തിലും ഇത് അദ്ധ്യാപകന്റെ വിദ്യാര്‍ത്ഥികളുമായുള്ള വിജ്ഞാന വിനിമയ പ്രക്രിയയ്ക്കുള്ള ഊര്‍ജ്ജശോഷണത്തിനു കാരണമാകുകയും പോയിന്റുകള്‍ക്ക് പിറകേ ഓടുന്ന മത്സരാത്മക അക്കാദമിക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഈ മത്സര ഓട്ടത്തില്‍ ക്ലാസ്സ് മുറിയില്‍ നടക്കേണ്ടുന്ന വിജ്ഞാന വിനിമയ പ്രക്രിയയ്ക്കുള്ള തയ്യാറെടുപ്പ്, ക്രിയാത്മകമായ പഠന ബോധന ഇടപെടലുകള്‍, വിദ്യാര്‍ത്ഥികളുമായി ക്ലാസ്സ് മുറിക്കു വെളിയില്‍ നടക്കേണ്ടുന്ന വൈജ്ഞാനിക ഇടപെടലുകള്‍, വിദ്യാര്‍ത്ഥികളുടെ അക്കാദമികവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളെ സഹായിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള അവസരം എന്നിങ്ങനെ അദ്ധ്യാപനത്തിന്റെ തനത് ധര്‍മ്മങ്ങളില്‍നിന്നും അദ്ധ്യാപകന്‍ അകറ്റപ്പെടുന്നു. ഗുണനിലവാരയുഗം പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റേഴ്സ് പോയിന്റുകളിലൂടെ നിര്‍വ്വചിക്കാന്‍ സാധിക്കുന്ന പുതിയ തലമുറ അദ്ധ്യാപകനെ വാര്‍ത്തെടുക്കുന്നു. ഇതുവഴി അദ്ധ്യാപകന്‍ തനത് അദ്ധ്യാപനത്തില്‍ നിന്നകലുകയും പോയിന്റുകള്‍ വാരിക്കൂട്ടുന്നതിനുള്ള മത്സരാധിഷ്ഠിത അക്കാദമികതയുടെ ചക്രവ്യൂഹത്തില്‍പ്പെടുകയും ചെയ്യുന്നു. ആത്യന്തികമായി സംഭവിക്കുന്നത് അദ്ധ്യാപകന്റെ അപബോധകീകരണമാണ്. ഇങ്ങനെ ക്ലാസ്സ് മുറിയില്‍ അപബോധകീകരിക്കപ്പെടുന്ന അദ്ധ്യാപകന്‍ വിദ്യാഭ്യാസരംഗത്തു ഗുണനിലവാര പ്രക്രിയകള്‍ അഴിച്ചുവിട്ട കലാപത്തിന്റെ രക്തസാക്ഷികളാണ്. 

ഗുണനിലവാരം കടലാസ്സിലൂടെ

ഗുണനിലവാര നിര്‍ണ്ണയ പ്രക്രിയയുടെ ഏറ്റവും പരിഹാസ്യമായ വശം അതിന്റെ രേഖാ ആശ്രയത്വമാണ് (Document dependency). ഗുണനിലവാരത്തിന്റെ തെളിവായിട്ടാണ് പ്രമാണങ്ങള്‍ കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ താന്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളുടേയും രേഖകള്‍ തെളിവുകളായി ശേഖരിച്ചു സൂക്ഷിക്കുക എന്നത് ഗുണനിലവാരാനന്തര കാലഘട്ടത്തില്‍ അദ്ധ്യാപകന്റെ അസ്തിത്വ നിര്‍ണ്ണായക ഘടകമായി മാറി. ഏതൊക്കെ സെമിനാറുകള്‍ക്കു പോയി, എവിടെയൊക്കെ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു, എത്ര പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നിങ്ങനെ രേഖകളിലൂടെ സ്വയം നിര്‍മ്മിക്കാനുള്ള അദ്ധ്യാപകന്റെ പ്രവര്‍ത്തനം ഗുണനിലവാരാനന്തര കാലഘട്ടത്തില്‍ സ്വാഭാവിക ജോലിയായി മാറി. അദ്ധ്യാപകന്റെ മാത്രമല്ല, സ്ഥാപനങ്ങളുടെ ഗുണനിലവാരവും രേഖാടിസ്ഥാനത്തിലുള്ള തെളിവുകളിലൂടെയാണ് നിര്‍ണ്ണയിക്കപ്പെടുന്നത്. 

ഒരു അദ്ധ്യാപകന്‍ അന്താരാഷ്ട്ര സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചു എന്നുള്ളതിനുള്ള ഏക തെളിവാണ് അതു സംബന്ധിക്കുന്ന സര്‍ട്ടിഫിക്കറ്റ്. വളരെയേറെ ഗൗരവത്തോടുകൂടി നടത്തപ്പെടുന്ന സെമിനാറുകളും അതിനുവേണ്ടി വളരെയേറെ പരിശ്രമിച്ചു തയ്യാറാക്കിയ പ്രബന്ധവും അവിടെ നടക്കുന്ന അക്കാദമിക ചര്‍ച്ചകളും പ്രതിനിധീകരിക്കപ്പെടുന്നത് ഒരു സര്‍ട്ടിഫിക്കറ്റിലൂടെയാണ്. അതേ സമയം തന്നെ സെമിനാര്‍ വ്യവസായത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന നാമമാത്രമായ സെമിനാറുകളും ഗുണനിലവാരാനന്തര കാലഘട്ടത്തില്‍ സര്‍വ്വ സാധാരണമാണ്. ഇത്തരത്തിലുള്ള സെമിനാറുകളും പ്രതിനിധീകരിക്കപ്പെടുന്നത് സര്‍ട്ടിഫിക്കറ്റിലൂടെ തന്നെയാണ്. ഇവ രണ്ടും സര്‍ട്ടിഫിക്കറ്റിലൂടെ പ്രതിനിധീകരിക്കപ്പെടുമ്പോള്‍ ഗുണനിലവാര നിര്‍ണ്ണയത്തില്‍ ലഭിക്കപ്പെടുന്നത് ഒരേ മൂല്യമാണ്. ഇത് യഥാര്‍ത്ഥ അക്കാദമിക പ്രവര്‍ത്തനത്തേയും ബൗദ്ധിക സത്യസന്ധതയേയും കാറ്റില്‍ പറത്തുകയും വ്യാജ നിര്‍മ്മിതികളിലൂടെ പ്രതിനിധീകരിക്കാവുന്ന ഒന്നായി അക്കാദമിക പ്രവര്‍ത്തങ്ങളെ തരം താഴ്ത്തുകയും ചെയ്തു.

രേഖകള്‍ ഉണ്ടാക്കുന്നതില്‍ കഴിവും പ്രാഗത്ഭ്യവുമുള്ളവര്‍ക്ക് നേട്ടമുണ്ടാകുന്നതാണ് ഈ സമ്പ്രദായം. രേഖകള്‍ ഭൂതകാലത്തിന്റെ അവശേഷിപ്പുകളായിരിക്കെ അതില്‍ പ്രതിപാദിക്കുന്ന സംഭവങ്ങളെ ക്രോസ്സ് പരിശോധന നടത്തുക പ്രായോഗികമായി സാധ്യമല്ല. ക്രോസ്സ് പരിശോധന നടത്താന്‍ സാധിക്കുന്ന ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ പോലെയുള്ള രേഖകളാകട്ടെ, പെരുപ്പം കൊണ്ട് മടുപ്പ് സൃഷ്ടിക്കുന്നവയുമാണുതാനും. ഇങ്ങനെ രേഖകളുടെ ഹിമവാതത്തില്‍ യഥാര്‍ത്ഥ അക്കാദമിക മൂല്യങ്ങള്‍ തണുത്തുറഞ്ഞു പോകുന്നു. 

ഗുണനിലവാര നിര്‍ണ്ണയം ഒരു അവകാശനിഷേധമായി മാറുമ്പോഴും ഭരണകൂടങ്ങള്‍ അവയെ പ്രമോട്ടു ചെയ്യുന്നത് തങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്വം എന്ന നിലയിലാണ്. ഒരു ആഗോളപ്രതിഭാസത്തിന്റെ അപ്രതിരോധ്യമായ കടന്നുകയറ്റമെന്ന നിലയിലാണ് ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളില്‍ ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പൊതുബോധത്തെ രൂപപ്പെടുത്തുന്നതില്‍ ആഗോള വിപണിയുടെ കയ്യടക്കം ഗുണനിലവാരം എന്ന ആശയത്തേയും അതിന്റെ പ്രയോഗത്തേയും കുറിച്ചുള്ള വികലമായ ബോധ്യമാണ് ഭരണകൂടങ്ങള്‍ക്കും പൊതുസമൂഹത്തിനും നല്‍കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇതിന്റെ ഇരകളാകുകയാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും. ഇവാന്‍ ഇല്ലിച്ചും (1983), പൗലോ ഫ്രെയറും (1968) വാദിക്കുന്നതുപോലെ നിലനില്‍ക്കുന്ന അസമത്വത്തിന്റെ പുനരുല്പാദനത്തിനു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപകരണങ്ങളാക്കുന്ന നവലിബറല്‍ താല്പര്യങ്ങളാണ് ഗുണനിലവാരം എന്ന ആശയത്തിന്റെ തന്നെ ഉല്പത്തിസ്ഥാനം. ഗുണനിലവാരത്തിന്റെ നിഗൂഢമായ ആന്തരികഘടന ആത്യന്തികമായി അവകാശ നിഷേധത്തെ പ്രതിധ്വനിപ്പിക്കുമ്പോഴും അവകാശത്തിന്റെ അപരരൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു എന്നത് വൈരുദ്ധ്യാത്മകം മാത്രമല്ല, ഭീതിതമായ വെല്ലുവിളി കൂടിയാണ്. 

*കടപ്പാട്: ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചില മലയാള പദങള്‍ തര്‍ജ്ജമ ചെയ്യുന്നതില്‍ ഡോ. രവിശങ്കറിനോട് കടപ്പെട്ടിരിക്കുന്നു. 


ഗ്രന്ഥസൂചിക
Connell, R. (2010). Understanding neo-liberalism. In S. Braedley & M. Luxton (Eds.), Neo-liberalism and everyday life (pp. 22-36). Montreal & Kingston: McGill-Queen's University Press.
Foucault, M. (1991) Governmentality. In The Foucault effect: Studies in governmentality, eds. G. Burchell
Freire, P. (1968). Pedagogy of the oppressed. New York: Continuum.
Gabor, A. (1992). The Man Who Discovered Quality: How W. Edwards Deming Brought the Quality Revolution to America. Penguin. 
Gitlow H.S., Shelly J. G. (1987). The Deming Guide to Quality and Competitive Position. Prentice Hall Trade.
Harvey D. (2005). A Brief History of Neo-liberalism. University of Chicago Center for International Studies Beyond the Headlines Series. 
Illich I. (1983). Deschooling Society. New York: Harper Colophon.
Lichtman R. (1982). The Production of Desire: The Integration of Psycho analysis in Marxist Theory. New York: The Free Press.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com