ജലസമാധിയിലേക്കും, പിന്നീട് അടയാളങ്ങളിലേക്കും: സേതു എഴുതുന്നു

ഫാക്ടറി കോംപൗണ്ടിലെ ഈ കൂട്ടമരണങ്ങള്‍ തീര്‍ച്ചയായും സമൂഹമനസ്സിനെ മുറിവേല്‍പ്പി ക്കാതെ വയ്യെന്ന് എനിക്കു തോന്നി.
ജലസമാധിയുടെ ചിത്രീകരണവേളയില്‍ സംവിധായകന്‍ വേണു നായര്‍ക്കൊപ്പം
ജലസമാധിയുടെ ചിത്രീകരണവേളയില്‍ സംവിധായകന്‍ വേണു നായര്‍ക്കൊപ്പം

തിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് തമിഴകത്തെ പ്രസിദ്ധമായൊരു പഞ്ചസാര ഫാക്ടറിയിലെ പേഴ്സണല്‍ വകുപ്പില്‍ ജോലി ചെയ്തിരുന്ന ഒരു കസിന്‍ വിചിത്രമായൊരു സംഭവം എന്നോട് പറയുന്നത്. നഷ്ടത്തില്‍ പോയിക്കൊണ്ടിരിക്കുന്ന ഒരു ചെറിയ ഫാക്ടറി ഏറ്റെടുക്കുന്നതിനെപ്പറ്റി ആലോചിക്കാനായി ആ പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അവരുടെ സംഘം. ആ ഫാക്ടറി കോംപൗണ്ടിനകത്ത് കാല് കുത്തിയപ്പോള്‍ തന്നെ പതിവില്ലാത്ത എന്തോ ഒരു പന്തികേട് അവര്‍ക്ക് തോന്നിയത്രെ. എവിടെയോ ഒരു ലക്ഷണപ്പിശക്. ഒരു ശാപം കിട്ടിയ വളപ്പിലേക്ക് കടന്നു ചെന്നതുപോലെ. അതുകൊണ്ട്  കമ്പനിയുമായി ബന്ധപ്പെട്ട കടലാസുകള്‍ പരിശോധിച്ചു, മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരുമായി ഔപചാരികമായ ചര്‍ച്ചകള്‍ തുടങ്ങുന്നതിനു മുന്‍പ് ആ വിശാലമായ കോംപൗണ്ട്  മുഴുവന്‍ ഒന്ന് ചുറ്റിനടക്കാനും ആവുന്നത്ര ജീവനക്കാരുമായി നേരിട്ട് സംസാരിക്കാനും അവര്‍ ശ്രമിച്ചു. ഉടമകള്‍ പറയാന്‍ മടിക്കുന്ന പലതും പുറത്തു പറയാന്‍ ജീവനക്കാരില്‍ ചിലരെങ്കിലും തയ്യാറായേക്കും.

അപ്പോള്‍ കേട്ടൊരു കഥ ഇങ്ങനെയാണ്: കോംപൗണ്ടിന്റെ ഒരു മൂലയിലുള്ള ഒരു കുണ്ടന്‍ കിണറ്റില്‍ വീണ് അഞ്ചാറ് മുതിര്‍ന്ന ജീവനക്കാര്‍ മരിച്ചിട്ടുണ്ടത്രെ. മിക്കവരും അടുത്തുതന്നെ ജോലിയില്‍നിന്നു പിരിഞ്ഞുപോകേണ്ടവര്‍. ഇടയ്ക്കിടയ്ക്ക് നടന്നുകൊണ്ടിരുന്ന ഈ മരണങ്ങള്‍ മുതിര്‍ന്ന ജീവനക്കാരുടെ ഇടയില്‍ അല്പം അലയിളക്കങ്ങളുണ്ടാക്കിയെങ്കിലും പൊതുവെ അവയെ വെറും അപകടമരണങ്ങളായി കാണാനായിരുന്നു മിക്കവര്‍ക്കും താല്‍പ്പര്യം. 
    

പേഴ്സണല്‍ വകുപ്പില്‍ ഏറെക്കാലം ജോലി ചെയ്ത്, തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേട്ട് മനസ്സ് മരവിച്ചുപോയതുകൊണ്ടാകാം, എന്റെ കസിനും ഏറെക്കുറെ നിര്‍വ്വികാരനായാണ് ആ സംഭവപരമ്പരയെപ്പറ്റി ഒഴുക്കനായി പറഞ്ഞുപോയത്. പക്ഷേ, ഇക്കാര്യം എന്നെ അലട്ടിയത് വേറൊരു തരത്തിലായിരുന്നു. തുടര്‍ച്ചയായി നടന്ന ഈ അപകടമരണങ്ങളെപ്പറ്റി ആര്‍ക്കുമൊരു പരാതിയില്ലായിരുന്നത്രെ- മരിച്ചയാളുടെ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അവരുടെ സമുദായത്തിന്റെ നാട്ടുകൂട്ടത്തിനോ കമ്പനിക്കോ എന്തിന് ലോക്കല്‍ പൊലീസിനു പോലും. അവര്‍ക്കൊക്കെ ഇത് വെറുമൊരു സ്വാഭാവിക മരണം മാത്രം. ആര്‍ക്കും പരാതിയില്ലാതെ എന്ത് അന്വേഷണം എന്നാണത്രെ പൊലീസ് ചോദിക്കുന്നത്. തെളിവ് വേണ്ടേ, സാക്ഷികള്‍ വേണ്ടേ? 

പക്ഷേ, മരിച്ചവരുടെ മക്കള്‍ക്ക്  ആ ഒഴിവില്‍ കമ്പനിയില്‍ ജോലി കിട്ടിയെന്ന് കേട്ടപ്പോള്‍ എനിക്ക് കാര്യങ്ങളുടെ പോക്കിനെപ്പറ്റി കുറച്ചൊക്കെ ഊഹിക്കാനായി. അങ്ങനെയാണ് ജലസമാധിയെന്ന കഥ (2002) എഴുതാനിടയായത്. അത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നപ്പോള്‍ നല്ല പ്രതികരണമായിരുന്നു. എന്തിലും കുറവ് കാണുന്ന എം. കൃഷ്ണണന്‍ നായര്‍ തന്നെ തന്റെ കോളത്തില്‍ അതിനെ പുകഴ്ത്തി എഴുതുകയും ചെയ്തു. പക്ഷേ, എല്ലാ  പ്രതികരണങ്ങള്‍ക്കുമപ്പുറം അതിലെ മുഖ്യ കഥാപാത്രമായ മുനുസ്വാമി എന്നെ കുറച്ചൊന്നുമല്ല അലട്ടിയത്. അന്‍പത്തൊന്‍പത് വയസ്സ് കഴിഞ്ഞയാള്‍ തന്റെ അവസാന ദിവസങ്ങള്‍ എണ്ണുകയാണ്. അയാളുടെ ഉറ്റ സുഹൃത്തായിരുന്ന മുത്തുവിന്റെ മരണവും അതേ പൊട്ടക്കിണറില്‍ വീണ് തന്നെയായിരുന്നു. അയാളുടെ മകന് ചട്ടപ്രകാരം കമ്പനിയില്‍ ജോലി കിട്ടുകയും ചെയ്തു. ആദ്യകാല ജീവനക്കാരായ  ഇവരുടെ കാര്യത്തില്‍ മുതലാളിയായ ചെട്ട്യാര്‍ക്ക് പ്രത്യേക താല്പര്യവുമുണ്ടായിരുന്നത്രെ. അതോടെ  മുനുസ്വാമി മകന്‍ രാജയെ ശത്രുവായി കാണാന്‍ തുടങ്ങുന്നു. എന്നെങ്കിലുമൊരിക്കല്‍ അവന്‍ തന്നെയും ആ പൊട്ടക്കിണറ്റില്‍ത്തന്നെ തള്ളിയിടുമെന്ന ഭയത്തില്‍ രാത്രിയിലെ ഷിഫ്റ്റ് കഴിഞ്ഞു വീട്ടിലേക്ക് സൈക്കിള്‍ ചവിട്ടുന്നതു തന്നെ മരണഭയത്തോടെയായിരുന്നു. പിറകില്‍ കരിയിലകളുടെ അനക്കം, കുറ്റിക്കാട്ടിലൂടെ ഓടുന്ന കുറുക്കന്‍, നായ്ക്കളുടെ ഓരിയിടല്‍ തുടങ്ങിയവയെല്ലാം തനിക്കുള്ള തെളിഞ്ഞ സൂചനകളായാണ് അയാള്‍ കണ്ടത്. വീട്ടിലാണെങ്കില്‍ ഭാര്യയ്ക്ക് അയാളിലുള്ള താല്പര്യം കുറഞ്ഞുവരുന്നത് അയാള്‍ കാണുന്നുണ്ട്. താന്‍ താലികെട്ടി കൊണ്ടുവന്ന പൊണ്ടാട്ടിക്ക് ഇപ്പോള്‍ മകനെ മതി. ഭാവിയില്‍ ആ കുടുംബത്തെ  തീറ്റിപ്പോറ്റേണ്ടത് അവനാണ്. മുനുസ്വാമിയുടെ ഒരേയൊരു ആശ്രയം ഇളയ മകള്‍ കാവേരിയാണ്. അച്ഛന്റെ അവസ്ഥ കൃത്യമായി തിരിച്ചറിഞ്ഞ അവള്‍ തനിക്ക് കഴിയുന്ന വിധത്തില്‍ ധൈര്യം കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, എന്തുതന്നെയായാലും, തന്റെ അന്ത്യവിധി എന്തായിരിക്കുമെന്നതിന് മുനുസ്വാമിക്ക് യാതൊരു സംശയവുമില്ലായിരുന്നു.  ഒരു ഇരുണ്ട നിഴല്‍പോലെ മരണം പുറകെയുള്ളപ്പോള്‍ എപ്പോള്‍, എവിടെ, എങ്ങനെ എന്നീ ചോദ്യങ്ങളേ ശേഷിക്കുന്നുള്ളൂ.  

കഥ എഴുതിക്കഴിഞ്ഞിട്ടും അതിന്റെ ആശയം വല്ലാത്തൊരു അലട്ടലായി എന്നെ വിടാതെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. യന്ത്രങ്ങളുടെ കാര്യത്തിലെന്നപോലെ, ഉപയോഗം കഴിഞ്ഞവയെയെല്ലാം എറിഞ്ഞുകളയുന്ന 'ത്രോ എവെ' സംസ്‌കാരം നമ്മുടെ നാട്ടിനും അന്യമല്ലാതായി കഴിഞ്ഞിരിക്കുന്നു. ബന്ധങ്ങള്‍ക്ക് വിലയില്ലാത്ത ഇക്കാലത്ത് കറവറ്റ കന്നുകാലികളെപ്പോലെ വൃദ്ധജനങ്ങളെ എവിടെയെങ്കിലും, പ്രത്യേകിച്ചും ക്ഷേത്രനടകളില്‍, കൊണ്ടുപോയി നട തള്ളിയ എത്രയോ സംഭവങ്ങള്‍ നമ്മുടെ മുന്‍പില്‍ തന്നെയുണ്ട്. ശരാശരി ആയുസ്സിന്റെ നീളം കൂടി വരുമ്പോള്‍ രോഗികളും അവശരും കുടുംബത്തിന് വലിയൊരു ഭാരമായി തീരുന്നു, ചികിത്സാച്ചെലവുകള്‍ താങ്ങാനാവാത്ത നിലയില്‍ കൂടിവരുമ്പോള്‍ വിശേഷിച്ചും. അതു കൊണ്ടാവാം, ചെറിയ പട്ടണങ്ങളില്‍പ്പോലും വൃദ്ധസദനങ്ങളും അഗതിമന്ദിരങ്ങളും  ഇത്രയേറെ പൊങ്ങിവരുന്നത്. ഇക്കാര്യത്തില്‍ ജാതിമത സംഘടനകളും മുന്‍കൈയെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.  

എംഎസ് ഭാസ്‌കറിനൊപ്പം സേതു
എംഎസ് ഭാസ്‌കറിനൊപ്പം സേതു


ഇവിടെയാണെങ്കില്‍ ഒരു ജനത അതിനൊരു എളുപ്പവഴി കണ്ടെത്തിയിരിക്കുകയാണ്. ഏകപക്ഷീയമായ ദയാവധം.
ഈ പശ്ചാത്തലത്തില്‍ ഈ ആശയത്തെ കുറേക്കൂടി വിശാലമായ പരിസരങ്ങളില്‍ പരിശോധിക്കണമെന്ന് എനിക്കു തോന്നി. അങ്ങനെയാണ് 'അടയാളങ്ങള്‍' എന്ന നോവല്‍(2005) പിറവിയെടുക്കുന്നത്. എന്റെ രചനകളുടെ കൂട്ടത്തില്‍ കുറേയേറെ വായനക്കാര്‍ ഏറെ താല്പര്യത്തോടെ വായിച്ച നോവല്‍. പിന്നീട് ഈ കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും കിട്ടിയെന്നത് വേറൊരു കാര്യം.  

ഫാക്ടറി കോംപൗണ്ടിലെ ഈ കൂട്ടമരണങ്ങള്‍ തീര്‍ച്ചയായും സമൂഹമനസ്സിനെ മുറിവേല്‍പ്പി ക്കാതെ വയ്യെന്ന് എനിക്കു തോന്നി. മാത്രമല്ല, എന്തു അന്യായം നടന്നാലും, ആരും പ്രതികരിക്കാ ത്തൊരു അവസ്ഥയിലേക്ക് നമ്മുടെ നാട് അധ:പതിച്ചുപോയെന്ന് എനിക്ക്  വിശ്വസിക്കാനായില്ല. തീര്‍ച്ചയായും ആരെങ്കിലും അതേപ്പറ്റി അന്വേഷിക്കാതെയിരിക്കില്ല. എവിടെയെങ്കിലും ചെറിയൊരു അലയിളക്കം ഉണ്ടാകാതെ വയ്യ. അങ്ങനെ ആലോചിച്ചു പോയപ്പോഴാണ് പ്രിയംവദ എന്ന സ്ത്രീ ഒരു കഥാപാത്രമായി എന്റെ ഉള്ളിലേക്ക് കടന്നുവരുന്നത്. ചില കമ്പനികളുടെ ഗ്രൂപ്പ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ ഹ്യൂമന്‍ റിസോഴ്സസ് വകുപ്പിന്റെ മേധാവിയാണവര്‍. തങ്ങളുടെ വിഷയത്തിലെ ഉന്നതര്‍ പങ്കെടുക്കുന്ന ഒരു സെമിനാറില്‍ ഈ സംഭവങ്ങളുമായി ബന്ധപ്പെടുത്തി ഒരു പ്രബന്ധം അവര്‍ അവതരിപ്പിക്കുന്നു. ആ സംഭവപരമ്പരയെ ഒരു കല്പിതകഥയുടെ ചമല്‍ക്കാരത്തോടെ അവര്‍ പറഞ്ഞു പോകുന്നു. നടന്നതെല്ലാം സത്യമാണെങ്കിലും അതിനു ശേഷമുള്ള വികാസം തന്റെ ഭാവനയിലൂടെ സൃഷ്ടിച്ച് ആ സദസ്സിനു മുന്‍പില്‍ അവതരിപ്പിക്കുകയായിരുന്നു പ്രിയംവദ. വളരെ മികച്ച രീതിയില്‍ത്തന്നെ ഈ പ്രബന്ധം അവിടെ സ്വീകരിക്കപ്പെട്ടെങ്കിലും അത് കുറച്ചൊക്കെ അവിശ്വസനീയമായി തോന്നി ചിലര്‍ക്കെങ്കിലും.

ആ കമ്പനിയിലെ പുതിയ പേഴ്സണല്‍ ഓഫീസറായി ചെറുപ്പക്കാരിയായ നിവേദിത ചാര്‍ജ്ജെടുക്കാനെത്തുന്നതോടെയാണ് ഈ നോവലിലെ കഥ വിടരുന്നത്.  ഒരു ട്രേഡ് യൂണിയന്‍ നേതാവിന്റെ മകളായ അവള്‍ പഠിക്കുമ്പോഴേ ചെറിയൊരു ആക്റ്റിവിസ്റ്റായിരുന്നു. തന്റെ നീണ്ട കാലത്തെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ ത്യാഗങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് അവളുടെ അച്ഛന്. മുതലാളിമാരുടെ ഗുണ്ടകള്‍ തല്ലിച്ചതച്ചിട്ടും പിന്‍മാറാതെ നീതിക്കു വേണ്ടി പോരാടാന്‍ മുന്നോട്ടു വന്ന അദ്ദേഹം എന്നും അവളുടെ റോള്‍ മോഡലായിരുന്നു. അത്തരം കയ്പു നിറഞ്ഞ ജീവിതാനുഭവങ്ങളുള്ള നിവേദിതയ്ക്ക് കമ്പനിയ്ക്കുവേണ്ടി തങ്ങളുടെ മുഴുവന്‍ ജീവിതവും ആരോഗ്യവും സമര്‍പ്പിച്ച ആ പാവപ്പെട്ട തൊഴിലാളികളോട് കാട്ടുന്ന നീതികേടിനെതിരെ ശബ്ദമുയര്‍ത്താതെ അടങ്ങിയിരിക്കാനാവില്ല. അങ്ങനെ മരിച്ചുപോയ മുത്തുവിന്റെ മകന്‍ പളണിക്ക് ജോലി കൊടുക്കാനുള്ള  കടലാസുകള്‍ അവള്‍ തടഞ്ഞുവയ്ക്കാന്‍ ശ്രമിക്കുന്നു. കാരണം, അവളുടെ കണ്ണില്‍ അവന്‍ ഒരു ക്രിമിനലാണ്. ജോലി കിട്ടാന്‍ വേണ്ടി സ്വന്തം അച്ഛനെ കൊല്ലാന്‍ പോലും മടിക്കാത്ത അവന് കമ്പനിയില്‍ ജോലി കൊടുക്കാന്‍ പാടില്ലെന്ന നിലപാടില്‍ തന്നെ അവള്‍ ഉറച്ചു നിന്നു. പക്ഷേ, ഇക്കാര്യത്തില്‍ അവള്‍ക്ക് മാനേജ്‌മെന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുമായി ഉരസേണ്ടിവരുന്നു... അങ്ങനെയാണ് ഈ നോവലിലെ ഉപകഥ വികസിച്ചു പോകുന്നത്. 

ഈ നോവല്‍ പ്രസിദ്ധീകരിച്ചു കുറേ കഴിഞ്ഞപ്പോള്‍ തെന്നിന്ത്യയിലെ ചില ഭാഗങ്ങളില്‍ നടന്ന ഇത്തരം സംഭവങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കിട്ടി. തമിഴകത്തെ വിരുദുനഗര്‍ തുടങ്ങിയ ചില പ്രദേശങ്ങളില്‍ വളരെ കാലമായി നടപ്പിലുണ്ടായിരുന്ന ഒരാചാരമായിരുന്നത്രെ 'തലൈക്കുത്തല്‍'. ജീവിക്കാന്‍ നിവൃത്തിയില്ലാത്ത തീരെ ദരിദ്രരായ, അല്ലെങ്കില്‍ രോഗാതുരരായ വൃദ്ധജനങ്ങളെ ദയാവധത്തിന്  ഇരയാക്കുകയെന്നതായിരുന്നു ആ സമ്പ്രദായം. കാരണങ്ങളായി പറയാന്‍ ഓരോരുത്തര്‍ക്കും ഓരോ ന്യായങ്ങള്‍ കാണും. മിക്കവരും പറയുന്നത് വല്ലാതെ അവശതയിലായ ഈ ജീവിയോട് തങ്ങള്‍ കാട്ടുന്ന കരുണയല്ലേ ഇതെന്നാണ്. എന്തായാലും, അടുത്ത ബന്ധുക്കളുടെ പങ്കാളിത്തത്തോടെയോ മൗനാനുവാദത്തോടെയോ ആണ് ഇതെല്ലാം നടക്കുന്നത്. സമുദായത്തിന്റേയും നാട്ടുകൂട്ടത്തിന്റേയും പിന്തുണയുമുണ്ട്. 
നോവലില്‍ പറയുന്നതുപോലെ എന്തെങ്കിലും വ്യക്തിയുടെ കാര്യലാഭത്തിനു  വേണ്ടിയായിരുന്നില്ല മിക്കതും. അതേ സമയം, ഈ വയസ്സനെക്കൊണ്ട് ആ കുടുംബത്തിന് ഇനിയെന്തു പ്രയോജനമെന്ന് പറയാന്‍ കൂടി മടിയില്ല ചില സമുദായ നേതാക്കള്‍ക്ക്. അപ്പോള്‍ ഒരു നാള്‍ തങ്ങള്‍ക്കും ഇങ്ങനെയൊരു അവസ്ഥ നേരിടേണ്ടിവന്നേക്കുമെന്ന് അവര്‍ മറന്നു പോകുന്നു. നിയമം എതിരായിരുന്നെങ്കിലും  പലയിടങ്ങളിലും സമൂഹത്തില്‍ സ്വീകാര്യതയുണ്ടായിരുന്നത്രെ ഈ കൊടുംക്രൂരതയ്ക്ക്. ഇരയുടെ പൂര്‍ണ്ണസമ്മതത്തോടെയുള്ള ദയാവധം പോലും കുറ്റകരമായ ഒരു രാജ്യത്ത് ഇതെങ്ങനെ ഏറെക്കാലം നടന്നു കൊണ്ടിരുന്നുവെന്ന്  മനസ്സിലാക്കാനാവുന്നില്ല. എന്തായാലും മരണത്തെ ഭയക്കാത്ത ജീവി കളില്ല. അങ്ങനെ തന്റെ വീട്ടുകാരും അടുത്ത ബന്ധുക്കളും ഇങ്ങനെയൊന്ന് ആലോചിക്കുന്നുണ്ടെന്ന് മണത്തറിയാനുള്ള ആറാമിന്ദ്രിയം ചില വൃദ്ധന്മാര്‍ക്കെങ്കിലും ഉണ്ടാകാതെയിരിക്കില്ല.  അങ്ങനെ ചടങ്ങിനു മുന്‍പ് ഓടി രക്ഷപ്പെട്ട് ഏതെങ്കിലും അഗതി മന്ദിരത്തില്‍ എത്തിപ്പെട്ടവരുടെ കഥകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 
ഇതേപ്പറ്റി വന്ന ചില പത്രവാര്‍ത്തകള്‍ വല്ലാതെ നടുക്കുന്നവയായിരുന്നു. ഈ തലൈക്കുത്തല്‍ ചടങ്ങുകള്‍ ഓരോ സ്ഥലത്തും നടന്നിരുന്നത് ഓരോ രീതിയിലായിരുന്നത്രെ. ഇതിന് 26 വഴികളുണ്ടെന്ന് വരെ ചില പഠനങ്ങളില്‍ കാണുന്നു. ചിലയിടങ്ങളില്‍ അതിന് ഏതാണ്ടൊരു ആഘോഷത്തിന്റെ സ്വഭാവം കൂടി കൈവരുന്നു. ചടങ്ങിനു മുന്‍പ് വൃദ്ധനെ ഒരുക്കുന്നത് തന്നെ വളരെ വിശദമായാണ്. അന്ത്യയാത്രക്കായി കുളിപ്പിച്ച് ശുദ്ധമാക്കി, നെറ്റിയില്‍ ഭസ്മം പൂശി, കോടിയുടുപ്പിച്ച് ഒരു മുളങ്കട്ടിലില്‍ കിടത്തുന്നു. എന്നിട്ട് ശരീരത്തില്‍ എണ്ണ കുളുര്‍ക്കെ തേച്ചു പിടിപ്പിക്കുന്നു. എണ്ണ തുടര്‍ച്ചയായി ഒഴിച്ചുകൊണ്ടിരിക്കുന്ന രീതിയുമുണ്ട്. അത് കഴിഞ്ഞാണ് കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്നത്.  ചിലപ്പോഴൊക്കെ  കൈയും കാലും ബലമായി പിടിച്ചുവച്ചുള്ള നിര്‍ബന്ധമായ കുടിപ്പിക്കല്‍ തന്നെ... അങ്ങനെ പതിയെ അയാളുടെ ശരീരത്തിന്റെ താപനില കുറഞ്ഞുവരുന്നു. വൃക്കകളടക്കമുള്ള ആന്തരികാവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തിക്കാതാകുന്നു. അയാള്‍ ഉണരാത്ത മയക്കത്തിലേക്ക് വീണുപോകുന്നു... ഒന്നോ രണ്ടോ  ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം തീരുമെന്നാണ് പറയപ്പെടുന്നത്. വലിയ തണുപ്പുള്ള ഉയര്‍ന്ന പ്രദേശങ്ങളിലെ സമ്പ്രദായവും ഏതാണ്ട് ഇതേ വിധത്തിലായിരുന്നു. അവിടെ എണ്ണ കട്ടപിടിച്ചാല്‍ അവയവങ്ങള്‍ വേഗം പ്രവര്‍ത്തിക്കാതാകുമത്രെ.

ഇതേപ്പറ്റി പഠിക്കാനും എഴുതാനും പലരും ശ്രമിച്ചുവെങ്കിലും തുറന്നു പറയാന്‍ മടിയായിരുന്നു ആ സമൂഹത്തിലെ മിക്കവര്‍ക്കും. ഇന്നിത് അസാദ്ധ്യമാണെന്ന് പറഞ്ഞൊഴിയാന്‍  ചിലര്‍  നോക്കിയെങ്കിലും, ആഘോഷസ്വഭാവം ഒഴിവാക്കി ചിലയിടങ്ങളില്‍ വളരെ രഹസ്യമായി ഇപ്പോഴും നടക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. 
ഏതാണ്ടു രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ്  കൗതുകകരമായ  ഒരു വാര്‍ത്ത ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്നിരുന്നു. അതില്‍ മദിരാശി യൂണിവേഴ്സിറ്റിയിലെ ക്രിമിനോളജിയിലെ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ ഈ തലൈക്കുത്തലിനെപ്പറ്റി വിശദമായൊരു പഠനം നടത്തി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചതിനെപ്പറ്റി വിശദമായൊരു റിപ്പോര്‍ട്ട് കണ്ടു. അവരുടെ ഉത്സാഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു എന്‍.ജി.ഒ. ഈ ആചാരത്തിനെതിരായി പ്രവര്‍ത്തിക്കുന്നുമുണ്ടത്രെ. വായിച്ചു നോക്കിയപ്പോള്‍ അവരുടെ പേരും പ്രിയംവദ എന്നാണെന്ന് കണ്ടു ഞാന്‍ അതിശയിച്ചുപോയി.

പിന്നീട് ഏറെ പണിപ്പെട്ട് അവരുടെ ഇ-മെയില്‍ ഐഡി കണ്ടുപിടിച്ചു അവരുമായി ബന്ധപ്പെട്ടു. എന്റെ രചനയെപ്പറ്റി പറഞ്ഞപ്പോള്‍ അവര്‍ക്കും വലിയ അതിശയമായി. അപ്പോഴേക്കും അടയാളങ്ങളുടെ ഇംഗ്ലീഷിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലുള്ള പരിഭാഷകള്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു. പിന്നീട് അത് ഹിന്ദിയിലും വന്നു. അവയിലൊന്ന് ശ്രദ്ധയോടെ വായിച്ചിട്ട് അവര്‍ പറഞ്ഞത് ഈ കഥ എന്റേത് തന്നെയാണല്ലോ എന്നായിരുന്നു.  എന്റെ പ്രിയംവദ എന്ന പ്രിയ കഥാപാത്രത്തിന് അങ്ങനെ മറുനാട്ടില്‍ ഒരു മറുപിറവി.
എന്റെ നീണ്ടകാലത്തെ  എഴുത്തനുഭവങ്ങളില്‍ ചേര്‍ത്തുവയ്ക്കാന്‍ ഇങ്ങനെയും ചിലത്!
ഇപ്പോള്‍ ജലസമാധി  സിനിമയാകുന്നു. അതിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. അടയാളങ്ങളിലെ ചില ഭാഗങ്ങളും കൂടി ചേര്‍ത്ത് ഞാന്‍ തന്നെയാണ് തിരക്കഥയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. ഡോക്യുമെന്ററി രംഗത്ത് പരിചയസമ്പന്നനായ വേണുനായരുടെ ആദ്യത്തെ ഫീച്ചര്‍ സിനിമയാണിത്. അടുത്തകാലത്ത് തമിഴ് സിനിമയില്‍ ശ്രദ്ധേയമായ ചില വേഷങ്ങള്‍ ചെയ്ത എം.എസ്. ഭാസ്‌കറാണ് മുനുസ്വാമിയുടെ പ്രധാന റോള്‍ ചെയ്തിരിക്കുന്നത്. അതിനു പുറമെ ജലസമാധി ഉള്‍പ്പെടുന്ന ഒരു കഥാസമാഹാരം ഇംഗ്ലീഷിലും അടുത്തുതന്നെ പുറത്തു വരുന്നു.

(അനുബന്ധം: എഴുത്തിന് പ്രവചന സ്വഭാവം കിട്ടുമ്പോള്‍ നേരും ഭാവനയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോകുന്നു.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com