മുറിച്ചുമാറ്റുന്ന താമരവേരുകള്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃതലമുറകള്‍ മാറുമ്പോള്‍ 

തിളങ്ങി നില്‍ക്കുന്ന ഏതൊരു രാഷ്ട്രീയ സൂര്യനും ഒരിക്കല്‍ അസ്തമിച്ചേ മതിയാകൂ. അദ്വാനിക്ക് പാര്‍ട്ടി നല്‍കിയ രാഷ്ട്രീയ വിരമിക്കലിന് സഖ്യകക്ഷിയായ ശിവസേനയുടെ ന്യായീകരണം ഇങ്ങനെയായിരുന്നു.
മുറിച്ചുമാറ്റുന്ന താമരവേരുകള്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃതലമുറകള്‍ മാറുമ്പോള്‍ 

തിളങ്ങി നില്‍ക്കുന്ന ഏതൊരു രാഷ്ട്രീയ സൂര്യനും ഒരിക്കല്‍ അസ്തമിച്ചേ മതിയാകൂ. അദ്വാനിക്ക് പാര്‍ട്ടി നല്‍കിയ രാഷ്ട്രീയ വിരമിക്കലിന് സഖ്യകക്ഷിയായ ശിവസേനയുടെ ന്യായീകരണം ഇങ്ങനെയായിരുന്നു. അദാനിയുഗം അസ്മതിച്ചെന്നുറപ്പാക്കിയാണ് ഗുജറാത്തിലെ ഗാന്ധിനഗറില്‍ അമിത് ഷാ ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. തലമുറമാറ്റം കാലത്തിന്റെ അനിവാര്യതയാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞതാവാം ഈ ഒഴിവാക്കലിനു കാരണം.  മരണം വരെ ഒന്നാമനായി ഇരുന്നവരുണ്ട് പാര്‍ട്ടികളില്‍. എന്നാല്‍, അത്തരമൊരു വിധിയല്ല അദ്വാനിക്കുണ്ടായത്. ചരിത്രത്തിലേക്കുള്ള പടിയിറക്കമായിരുന്നു ഇത്. രഥയാത്രയിലൂടെ ബി.ജെ.പിയുടെ അധികാര യാത്രയ്ക്ക് അടിത്തറ പാകിയ നേതാവായിരുന്നു അദ്ദേഹം. തൊണ്ണൂറ്റിയൊന്നാം വയസില്‍ ഇനിയൊരങ്കത്തിന് ബാല്യമുണ്ടെന്ന് തോന്നിപ്പിക്കാതെയുള്ള രാഷ്ട്രീയമടക്കയാത്ര അദ്ദേഹത്തിന് അത്ര സന്തോഷകരമായിരിക്കില്ല. 

ബി.ജെ.പിയില്‍ മാത്രമല്ല അത്തരമൊരു തലമുറമാറ്റം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ പലതും അത്തരമൊരു ജനറേഷന്‍ പരിവര്‍ത്തനത്തിനു വിധേയമായിക്കഴിഞ്ഞു. പലരും പാരമ്പര്യമായി അധികാരം വരുംതലമുറയ്ക്ക് കൈമാറിക്കഴിഞ്ഞു. അവകാശമുറയും കീഴ് മര്യാദയും അനുസരിച്ച് പിതാമഹന്‍മാരുടെ രാഷ്ട്രീയം പിന്‍പറ്റുന്നു. അതേസമയം, രണ്ടാമതൊരു നേതാവില്ലാതെ വിധം ഇന്നും വ്യക്തിയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന പാര്‍ട്ടികളുമുണ്ട്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും ശരദ് പവാറിന്റെ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമൊക്കെ അതിനുദാഹരണം. മക്കള്‍ക്ക് അധികാരം നല്‍കിയവരുടെ കൂട്ടത്തില്‍ ലാലുവും മുലായവുമൊക്കെ ഉള്‍പ്പെടും. പലരും നഷ്ടബോധത്തോടെയാണ് അത്തരമൊരു അധികാര കൈമാറ്റത്തിന് നിര്‍ബന്ധിതരായതും.

രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും
രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും

ജനറേഷന്‍ ഗ്യാപ്പ്

2014-ല്‍ ബി.ജെ.പി അധികാരത്തിലെത്തിയ ഉടനെയാണ് അദ്വാനിയെയും മുതിര്‍ന്ന നേതാക്കളെയും പാര്‍ട്ടി ഉപദേശക സമിതിയിലേക്ക് മാറ്റിയത്. അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, മുരളീ മനോഹര്‍ ജോഷി എന്നിവരായിരുന്നു ആ സമിതിയില്‍. ഇതില്‍ പലരും ഇന്ന് പാര്‍ട്ടിയുടെ നിതാന്ത വിമര്‍ശകരുമാണ്. ഇങ്ങനെ ഉപദേശകരാക്കി മോദിയും അമിത് ഷായും ഒതുക്കിയവരുടെ കൂട്ടത്തില്‍ ഭൂരിഭാഗവും ആദ്യ തലമുറയിലെ തീപ്പൊരി നേതാക്കളായിരുന്നു. മുരളീ മനോഹര്‍ ജോഷിയുടെ മണ്ഡലമായ കാണ്‍പൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അദ്ദേഹം മത്സരിക്കാനുള്ള സാധ്യത കുറവാണ്. രണ്ടു വര്‍ഷം മുന്‍പു ജോഷിക്ക് പത്മഭൂഷണ്‍ ബഹുമതിയൊക്കെ നല്‍കിയെങ്കിലും സീറ്റ് നല്‍കാന്‍ മോദി-ഷാ കൂട്ടുകെട്ടിന് താല്‍പ്പര്യമില്ല. 75 വയസ് പിന്നിട്ട നേതാക്കള്‍ മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി നയപരമായ തീരുമാനത്തിന്റെ കാര്യം സൂചിപ്പിച്ചാണ് ഈ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുന്നതും. 1984ല്‍ ലോക്സഭയില്‍ രണ്ടു സീറ്റ് നേടിയ ബി.ജെ.പിയെ 1991ല്‍ നൂറു കടത്തി 1996ല്‍ അധികാരത്തിലെത്തിച്ച നേതാക്കളായിരുന്നു ഇവരെല്ലാം. കല്‍രാജ് മിശ്ര, ശാന്തകുമാര്‍, ബി.സി. ഖണ്ഡൂരി, ഭഗത് സിങ് കോശ്യാരി എന്നിവര്‍ക്കൊന്നും സീറ്റുകള്‍ നല്‍കിയിട്ടില്ല. പാര്‍ട്ടിയുടെ അച്ചുതണ്ട് പ്രധാനമന്ത്രിയായ മോദിയുടെയും പാര്‍ട്ടി നേതാവായ അമിത് ഷായുടെയും ദ്വന്ദത്തിലേക്ക് മാറിക്കഴിഞ്ഞു. ജാതിരാഷ്ട്രീയം കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന ഉത്തര്‍പ്രദേശില്‍ കൈരാന അടക്കമുള്ള സീറ്റുകളില്‍ സിറ്റിങ് എം.പിമാരെ ഒഴിവാക്കിയിട്ടുണ്ട്. ബി.എസ്.പി- എസ്.പി സഖ്യത്തെ നേരിടാന്‍ അത്തരമൊരു മാറ്റമല്ലാതെ ബി.ജെ.പിക്കും രക്ഷയില്ല.

ചന്ദ്രശേഖര്‍ റാവു
ചന്ദ്രശേഖര്‍ റാവു

കൈപ്പത്തി മാറുമ്പോള്‍
രണ്ടു പതിറ്റാണ്ടിലേറെ സംഘടനാകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള ജനാര്‍ദന്‍ ദ്വിവേദിക്കു പകരം രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ നിയോഗിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധി പാര്‍ട്ടിയിലെ തന്റെ പരിവര്‍ത്തനം തുടങ്ങിയത്. സോണിയ ഗാന്ധിയുടെ വിശ്വസ്തരിലൊരാളും പാര്‍ട്ടിയിലെ കരുത്തനുമായിരുന്നു ദ്വിവേദി. സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ച് സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയുമൊക്കെ മുന്‍നിര നേതാക്കളായി കടന്നു വന്നതോടെ 133 വര്‍ഷത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാരമ്പര്യത്തില്‍ ഒരു തലമുറമാറ്റം കൂടി നടന്നു. ഗുലാം നബി ആസാദിനെ മാറ്റിയാണ് പ്രിയങ്ക ഗാന്ധിയും സിന്ധ്യയുമൊക്കെ പാര്‍ട്ടിചുമതലയിലേക്കു വന്നത്. കര്‍ണാടകയിലും രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍കൈയെടുത്ത കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള  ഒരു പുതിയ നേതൃത്വം ഉദയം ചെയ്തു. പാര്‍ട്ടിയുടെ ഒമ്പതംഗ പരമോന്നത സമിതിയില്‍ അംഗമാണ് കെ.സി. വേണുഗോപാല്‍.

മുലായം സിങ് യാദവ്
മുലായം സിങ് യാദവ്

അഖിലേഷ് മുതല്‍ രാമറാവു വരെ
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ മാത്രമല്ല തലമുറ മാറ്റം. സമാജ്വാദി പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നത് അഖിലേഷ് യാദവാണ്. അച്ഛന്‍ മുലായംസിങ് യാദവ് മത്സരിച്ച അസംഗഡ്ഡില്‍ നിന്ന് മത്സരിക്കാനാണ് അഖിലേഷിന്റെ തീരുമാനം. ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ പ്രതിയോഗികളായ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്നാണു ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് അഖിലേഷ് ഒരുങ്ങുന്നത്. എന്നാല്‍, പ്രധാനമന്ത്രിയായി മോദി തന്നെ വരണമെന്ന ആഗ്രഹം പതിനാറാം ലോക്സഭയുടെ അവസാന സമ്മേളന ദിനത്തില്‍ മുലായം വെളിപ്പെടുത്തിയിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവാണെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ അഖിലേഷുമായും അദ്ദേഹത്തിന്റെ നേതൃത്വവുമായും മുലായം അത്ര രസത്തിലായിരുന്നില്ല. മുലായത്തെ അരികിലിരിത്തി പാര്‍ട്ടിയില്‍ അധികാരം പിടിച്ചിരിക്കുന്നത് അഖിലേഷാണ്. ബീഹാറില്‍ വിശാലസഖ്യത്തില്‍ മത്സരിക്കുന്ന ആര്‍.ജെ.ഡിയെ നയിക്കുന്നത് തേജസ്വിയാദവാണ്. ജ്യേഷ്ഠന്‍ തേജ് പ്രതാപുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതൊന്നും പുറത്തുകാണിക്കാത്ത മട്ടിലാണ് ഇരുവരും ആര്‍.ജെ.ഡിയെ നയിക്കുന്നത്.
 

കെടി രാമറാവു
കെടി രാമറാവു

തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവാണ് ടി.ആര്‍.എസിന്റെ ആത്യന്തിക നായകനെങ്കിലും ഇനി ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധിക്കാനാണ് റാവുവിനു താല്‍പ്പര്യം. ഇതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാരിന്റെയും ടി.ആര്‍.എസിന്റെയും ചുമതല മകനെ ഏല്‍പിക്കാന്‍ ഒരുങ്ങുന്നത്. മകനെ പാര്‍ട്ടിയില്‍ രണ്ടാമനാക്കിയത് ഈ ലക്ഷ്യം മനസില്‍വച്ചാണ്.

അഖിലേഷ് യാദവ്
അഖിലേഷ് യാദവ്

നാല്‍പ്പത്തിരണ്ടുകാരനായ മകന്‍ കെ.ടി. രാമറാവുവാണ് ഇപ്പോഴത്തെ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ്. ദേശീയ മുന്നണി രൂപീകരണവുമായുള്ള ചര്‍ച്ചകളിലും രാമറാവുവാണ് പങ്കെടുക്കുന്നത്. രണ്ടുമാസത്തിനു ശേഷം രൂപീകരിച്ച മന്ത്രിസഭയില്‍ കെ.സി.ആറിന്റെ അനന്തരവനും ജനകീയനുമായ ടി. ഹരീഷ് റാവുവിനെപ്പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസ് ഇതര കക്ഷികളുടെ കൂട്ടായ്മയായ മൂന്നാം മുന്നണി രൂപീകരിച്ച് അധികാരം പിടിക്കാനാണ് റാവുവിന്റെ ശ്രമം. അതോടെ ദേശീയരാഷ്ട്രീയത്തില്‍ അദ്ദേഹം ശ്രദ്ധിക്കുകയും സംസ്ഥാനത്ത് പാര്‍ട്ടിയെ മകന്‍ നയിക്കാനുമാണ് തീരുമാനം. തമിഴ്നാട്ടില്‍ കരുണാനിധിയുടെ വിയോഗത്തോടെ ഡി.എം.കെയെ നയിക്കുന്നത് സ്റ്റാലിനാണ്.  തമിഴ്‌നാട്ടില്‍ കരുണാനിധിയുടെ തണലില്‍ രണ്ടാം നിരയായി ഒതുങ്ങി നിന്ന സ്റ്റാലിന്റെ അഭിമാന പോരാട്ടമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. ജയലളിതയുടെ വിയോഗത്തോടെ അനാഥമായ എ.ഐ.ഡി.എം.കെ നേതൃത്വത്തെ നയിക്കുന്നത് രണ്ടാം തലമുറയായ എടപ്പാടിയും പന്നീര്‍ശെല്‍വവും ചേര്‍ന്നാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com