വെള്ളപ്പൊക്കങ്ങള്‍, പൗരസമത്വ സമരങ്ങള്‍: ആനന്ദ് എഴുതുന്നു

അധഃസ്ഥിത സമുദായങ്ങള്‍ക്കുവേണ്ടി ഒരു സ്‌കൂളുണ്ടാക്കി. അയ്യന്‍കാളിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു. അഭൂതപൂര്‍വ്വമായ ഒരു മഹാവിപ്ലവമായിരുന്നു അത്.
വെള്ളപ്പൊക്കങ്ങള്‍, പൗരസമത്വ സമരങ്ങള്‍: ആനന്ദ് എഴുതുന്നു

മൂവാറ്റുപുഴയിലെ ഒരു ഗ്രാമത്തിലെ ഇടത്തരം ജന്മിയായിരുന്നു രാമന്‍ ഇളയത്. അങ്ങേര്‍ക്ക് ഒരു ഭ്രാന്തുകയറി; സ്വാതന്ത്ര്യഭ്രാന്ത്. വൈക്കം ക്ഷേത്രവഴിയിലൂടെ ഈഴവ പുലയരാദി അധഃസ്ഥിതിജാതിക്കാര്‍ക്കു  വഴിനടക്കാന്‍ സ്വാതന്ത്ര്യമില്ലാത്തതിനെതിരായി  1924-ല്‍ വൈക്കംസത്യാഗ്രഹമാരംഭിച്ചു. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും കണ്ണില്‍ കണ്ടുപോയാല്‍ ദോഷമുള്ളവരുമായ ഇവര്‍ക്കു സ്വാതന്ത്ര്യം നേടണം. ഇതിനാണ് ഈ സത്യാഗ്രഹം. തന്റെ മഹേശ്വരനായ ഗാന്ധിജിയുടെ ആശീര്‍വാദവും ഇതിനുണ്ടെന്ന് ഇളയത് അറിഞ്ഞു. ഒരു ദിവസം രാവിലെ പുത്രകളത്രാദികളുടെ കണ്ണീര്‍ കണ്ട് സ്വന്തം കണ്ണുതുടച്ചുകൊണ്ട് രാമന്‍ ഇളയത് വീടുവിട്ട് വൈക്കത്തിനു പുറപ്പെട്ടു. അന്നത്തെ രീതിക്ക് ഒരു രണ്ടാംമുണ്ടു പുതച്ച് കൗപീനത്തിനു മുകളിലൂടെ ഒറ്റമുണ്ടു മടക്കിക്കുത്തി, കാല്‍നടയായി വൈക്കത്തേക്ക് നടന്നു. അക്കാലത്ത് വാഹനങ്ങളൊന്നുമില്ല. 99-ലെ വെള്ളപ്പൊക്കക്കാലമാണ്. കുണ്ടും കുഴിയും ചപ്പും ചവറും ചവുട്ടി സ്ഥലത്തെത്തിയപ്പോള്‍ വൈക്കം ക്ഷേത്രറോഡ് വെള്ളത്തിനടിയില്‍. സത്യാഗ്രഹാശ്രമത്തില്‍നിന്ന് രണ്ടുമൂന്നു സമരഭടന്മാരുടെകൂടെ സാവധാനം നടന്ന് ക്ഷേത്രത്തിനടുത്ത് റോഡില്‍ കഴുത്തോളം വെള്ളത്തില്‍നിന്ന് ഇളയത് സത്യാഗ്രഹം തുടങ്ങി. മരണമെങ്കില്‍ മരണം- അതാണല്ലോ അന്നത്തെ മുദ്രാവാക്യം. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഈ മനുഷ്യന്റെകൂടെ ഉള്ളവരും മാറുന്ന മട്ടില്ല. നടന്നോ വള്ളത്തിലോ ആയി ചില സവര്‍ണ്ണമേധാവികള്‍ അയച്ച മൂന്നുനാലു ഗുണ്ടകള്‍ അവിടെയെത്തി ഇളയതിന്റെ കണ്ണുകളില്‍ ബലാല്‍ക്കാരമായി ചുണ്ണാമ്പെഴുതി... പിന്നീട് ജീവിതാന്ത്യംവരെ ഈ സവര്‍ണ്ണസമരസേനാനി അന്ധനായിട്ടാണ് നടന്നത്. 

സമരവുമായി വീടും കൂടും വിട്ടിറങ്ങിയ ഇളയതിന്റെ ഭൂസ്വത്ത് മുഴുവന്‍ ക്രമേണ നഷ്ടപ്പെട്ടു. സമരം മാത്രമല്ല കാരണം. അക്കാലത്ത് അധഃസ്ഥിത സമുദായങ്ങള്‍ക്കുവേണ്ടി ഒരു സ്‌കൂളുണ്ടാക്കി. അയ്യന്‍കാളിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു. അഭൂതപൂര്‍വ്വമായ ഒരു മഹാവിപ്ലവമായിരുന്നു അത്. ഇങ്ങനെ കുടുംബം വഴിയാധാരമായി. പിന്നീട് നാടുവിട്ട് ആചാര്യ വിനോബാഭാവെ നിലമ്പൂരില്‍ ദാനം നല്‍കിയ ഒരു ചെറിയ കീറ് ഭൂമിയിലാണ് പരമദാരിദ്ര്യത്തില്‍ ആ കുടുംബം ജീവിച്ചത്. 
സമരനേതാവായ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ഒരു ദിവസം തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തുകൂടി നടന്നുപോകുകയായിരുന്നു. ഒരു ജഡം വഴിയില്‍ കിടക്കുന്നതുകൊണ്ട് അദ്ദേഹം സൂക്ഷിച്ചുനോക്കി. രാമന്‍ ഇളയത്! സ്വന്തം കണ്ണുകളെ വിശ്വാസിക്കാന്‍ കഴിയുന്നില്ല. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ മൃതദേഹം സംസ്‌കരിച്ചു. 

ഒരു നൂറ്റാണ്ടിനു അല്പം താഴെയുള്ള സമയപരിധിയില്‍ കേരളത്തില്‍ രണ്ട് വലിയ വെള്ളപ്പൊക്കങ്ങളുണ്ടായി. 1924-ല്‍ (99 എന്ന് അറിയപ്പെടുന്ന മലയാള വര്‍ഷത്തില്‍) ഒന്ന്. പിന്നെ 2018-ല്‍. ഇതേ വര്‍ഷങ്ങളില്‍ത്തന്നെ കേരളം പൗരസമത്വത്തിനു വേണ്ടിയുള്ള രണ്ട് സുപ്രധാന സമരങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. പൗരസമത്വവാദത്തിന്റെ നീണ്ട ചരിത്രത്തില്‍ ഒരു നാഴികക്കല്ലായിരുന്ന വൈക്കം സത്യാഗ്രഹം 1924-ല്‍. പലവിധത്തില്‍ പരിഗണിക്കാവുന്ന ചില വ്യത്യസ്ത സമരമുഖങ്ങളുടെ ഒരു രാസസംയോഗം 2018-ല്‍. ആദ്യത്തേതിന്റെ ഊന്നല്‍ ഹിന്ദുക്കള്‍ക്കിടയിലെ ജാതിവിവേചനത്തിന്മേലായിരുന്നുവെങ്കില്‍, രണ്ടാമത്തേതിന്റേത് എല്ലാവര്‍ക്കും ബാധകമായ ലിംഗസമത്വത്തിന്മേലായിരുന്നു. 
വെള്ളപ്പൊക്കങ്ങള്‍ക്കും ജനകീയ സമരങ്ങള്‍ക്കും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? പ്രത്യക്ഷത്തില്‍, അഥവാ ഭൗതികമായി ഇല്ല തന്നെ. പക്ഷേ, പ്രകൃതത്തില്‍, അഥവാ സ്വഭാവത്തില്‍ ചില സാമ്യങ്ങള്‍ ഉണ്ടുതാനും. ഒഴുകിയിറങ്ങുകയും പരക്കുകയും പൊങ്ങുകയും ചെയ്യുന്ന ജലം പോലെ മനുഷ്യരും സമൂഹവും പരക്കുകയും ഉയരുകയുമൊക്കെ ചെയ്‌തേക്കാം. രണ്ടിനും പ്രേരകമാകുന്നത് ഗ്രാവിറ്റി അഥവാ ഉച്ചനീചത്വങ്ങളാണെന്നു പറയാം. ഒരുവിധത്തിലുള്ള നിരപ്പാക്കല്‍, ഭിന്നതകളെ അതിവര്‍ത്തിച്ചുകൊണ്ട് രണ്ടിലും പ്രകടമാകുന്നുവെന്ന് കാണാം. ഭൗതികമായി മാത്രമല്ല, മാനസികമായും ഇത് സംഭവിക്കാമെന്ന് അനുഭവങ്ങള്‍ കാണിക്കുന്നു. മനുഷ്യരില്‍നിന്ന് മറ്റ് ജീവികളിലേക്കും എന്ന് തകഴി 'വെള്ളപ്പൊക്കത്തില്‍' എന്ന കഥയിലൂടെ  പറയുന്നു. പ്രതിബന്ധങ്ങള്‍ എന്തായാലും, ആത്യന്തികമായും സമരങ്ങളും അത് നിവര്‍ത്തിക്കുമെന്നല്ലെ നാം പ്രതീക്ഷിക്കുന്നത്? വെള്ളപ്പൊക്കങ്ങളും സമരങ്ങളും ഒന്നിച്ചു വന്നത് യാദൃച്ഛികമാകാമെങ്കില്‍, ഒരു പ്രതീകമെന്ന നിലയില്‍ വെള്ളപ്പൊക്കങ്ങള്‍ സമരങ്ങളെ മനസ്സിലാക്കുന്നതില്‍ സഹായകവുമാണ്. മറിച്ച് സമരങ്ങള്‍ വെള്ളപ്പൊക്കങ്ങളേയും. 

പശ്ചാത്തലവും ചേരുവകളും
1924-ല്‍ സംസ്ഥാനങ്ങളില്‍ നേരിട്ടും നാട്ടുരാജ്യങ്ങളില്‍ പരോക്ഷമായും ബ്രിട്ടീഷ് ഭരണമായിരുന്നു ഇന്ത്യയില്‍. കാലത്തിനു മുന്‍പേ പോകുന്നതെന്നും പിന്‍പേ പോകുന്നതെന്നും പറയാവുന്ന പലതുമുണ്ടായിരുന്നു തിരുവിതാംകൂറില്‍. രാജ്യം ഭരിച്ചിരുന്നത് ഒരു സ്ത്രീ ആയിരുന്നു, മഹാറാണി സേതു ലക്ഷ്മി ബായി. ബ്രിട്ടീഷ് റെസിഡന്റും ദിവാനുമുണ്ടായിരുന്നുവെങ്കിലും സ്വയം അഭിപ്രായം രൂപീകരിക്കാന്‍ കഴിവുള്ളവരായിരുന്നു അവര്‍. കൂടാതെ ഏറെ മുന്നോട്ടുപോയി, തെരഞ്ഞെടുക്കപ്പെട്ടവരും നോമിനേറ്റ് ചെയ്യപ്പെട്ടവരും ഉദ്യോഗസ്ഥന്മാരുമടങ്ങിയ അന്‍പതുപേരുടെ നിയമനിര്‍മ്മാണ സഭയുമുണ്ടായിരുന്നു അവിടെ. സാംസ്‌കാരികമായി തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് മലബാറും ചേര്‍ന്ന മലയാള ഭാഷ സംസാരിക്കുന്നവരുടെ കേരളമെന്ന സ്വത്വവും സമാന്തരമായി നിലവിലുണ്ടായിരുന്നു. ഭരണപരമായ ഈ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടും അതിവര്‍ത്തിച്ചും മുന്നോട്ടുപോയ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം മുഴുവന്‍ ഇന്ത്യയും മാനിക്കുന്ന മഹാത്മാ ഗാന്ധി ഏറ്റെടുത്തുകഴിഞ്ഞിരുന്നു. എങ്കിലും അതീവ ദാരുണമായ ഒരു സത്യം ജനങ്ങള്‍ക്കിടയില്‍ നിലനിന്നു. മനുഷ്യരെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളവരുമാക്കി നിര്‍ത്തുന്ന സവര്‍ണ്ണരുടെ സൃഷ്ടിയായ ജാതിസമ്പ്രദായം. അതിന്റെ ഏറ്റവും മോശമായ ഉദാഹരണമായിരുന്നു കേരളം. മഹാറാണിക്കോ അവര്‍ക്കു മുന്‍പ് ഭരിച്ചിരുന്ന മഹാരാജാവിനോ അവര്‍ ഭരിച്ചിരുന്ന രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങളെ കാണുക കൂടി നിഷിദ്ധമായിരുന്നുവെന്ന് പറയുമ്പോള്‍ മുന്‍പേ പറഞ്ഞ പരിഷ്‌കാരങ്ങളുടെയെല്ലാം പൊള്ളത്തരം മനസ്സിലാകും. 

രാമന്‍ ഇളയത്
രാമന്‍ ഇളയത്


രാഷ്ട്രീയമായ അധികാരക്കൈമാറ്റം, റീജന്റ് മഹാറാണിയുടെ ഭരണമേറ്റെടുക്കല്‍, 1924-ലെ വെള്ളപ്പൊക്കത്തിന്റെ ഔന്നത്യത്തിലായിരുന്നുവെന്നത് യാദൃച്ഛികമായിരുന്നു. അസാധാരണമായ വൃഷ്ടിയും പ്രകൃതിക്ഷോഭവും നാട്ടില്‍ മുഴുവന്‍ ദുരിതം വിതച്ച സമയം. വൃഷ്ടിയും വെള്ളപ്പൊക്കവും വൈക്കം സത്യഗ്രഹത്തില്‍ കക്ഷിചേര്‍ന്നിരുന്നുവെന്ന് സത്യഗ്രഹരേഖകള്‍ കാണിക്കുന്നു. വെള്ളത്തില്‍നിന്നുകൊണ്ടാണ് സത്യഗ്രഹികള്‍ പലപ്പോഴും സമരം ചെയ്തത്. എന്നാല്‍, സത്യഗ്രഹം പല മാസങ്ങള്‍ക്കു മുന്‍പേ വേനലില്‍ത്തന്നെ ആരംഭിച്ചിരുന്നു. വേറൊരു കോണില്‍നിന്നു നോക്കിയാല്‍, സത്യഗ്രഹത്തിലേക്കു നയിച്ച പ്രകൃതിക്ഷോഭം എത്രയോ നേരത്തെ ആരംഭിച്ചിരുന്നു. നിരപ്പാക്കലിനെ ആവശ്യപ്പെടുന്ന ഉച്ചനീചത്വങ്ങള്‍ സൃഷ്ടിച്ച ക്ഷോഭം. 

റീജന്റ് സേതുലക്ഷ്മി ഭായി
റീജന്റ് സേതുലക്ഷ്മി ഭായി


പണ്ടുകാലത്ത് ബുദ്ധമതത്തിന്റെ നല്ല കാലത്ത് പ്രത്യക്ഷമായ സാമൂഹ്യമായ മാനവികത പിന്നെ രംഗത്തു വരുന്നത് പാശ്ചാത്യലോകവുമായുള്ള സമ്പര്‍ക്കം വഴി പത്തൊന്‍പതാം നൂറ്റാണ്ടിലാണ്. അടഞ്ഞുകിടന്ന ഹിന്ദു സമൂഹത്തില്‍ ജാതി, ലിംഗ ഭേദങ്ങള്‍ മറികടന്നുള്ള കാറ്റ് വീശുവാന്‍ അത് അല്പമായെങ്കിലും സഹായിച്ചു. കീഴാളരിലെന്നപോലെ സ്ത്രീകളിലും ഉണര്‍വ്വിന്റെ അലകളുണ്ടായി. കോളനി ഗവണ്‍മെന്റ് സാമൂഹ്യപരിഷ്‌കരണത്തിന് നിയമങ്ങള്‍ വഴി സാധുത നല്‍കി. സതി, പെണ്‍ശിശുഹത്യ, നരബലി, ബാല്യവിവാഹം, അടിമവ്യാപാരം തുടങ്ങിയവ നിരോധിക്കല്‍, വിധവാ വിവാഹം സാധ്യമാക്കല്‍ - ഇങ്ങനെ എന്തുകൊണ്ടോ ഇന്ത്യയില്‍ നല്ലൊരു ശതമാനം വരുന്ന മുസ്ലിമുകള്‍ക്കിടയില്‍ നിയമം വഴിയുള്ള പരിഷ്‌കരണങ്ങള്‍ക്ക് അവര്‍ തുനിഞ്ഞില്ല എന്നത് വേറൊരു കാര്യം. 

കേരളത്തില്‍ ഇവാന്‍ജലിക്കല്‍ പ്രൊട്ടസ്റ്റന്റ് മാനവികത കുറേക്കൂടി ബോധവും ചലനങ്ങളുമുണ്ടാക്കിയെന്നു കാണാം. ജാതി, ലിംഗഭേദങ്ങള്‍ മറികടന്ന സാക്ഷരത, അച്ചടി, പത്രങ്ങള്‍, വായന, ഇംഗ്ലീഷ് വിദ്യാഭ്യാസം, കീഴാള സ്ത്രീ സമത്വ ബോധങ്ങള്‍, മതപരിവര്‍ത്തനം വഴി ലഭ്യമാകുന്ന സ്വാതന്ത്ര്യവും മാന്യതയും എല്ലാം ഒരുപക്ഷേ, മറ്റിടങ്ങളെക്കാള്‍ കൂടുതല്‍ യാഥാസ്ഥിതികമായിരുന്ന കേരളത്തിലെ ഹിന്ദു സമൂഹത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തി. നമ്പൂതിരി, നായര്‍, ഈഴവ, പുലയ സമൂഹങ്ങളില്‍ ഒന്നൊന്നായി പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. 1918-ല്‍ പൗരസമത്വവാദമെന്ന പേരില്‍ത്തന്നെ കോട്ടയത്ത് ഒരു പ്രസ്ഥാനം തുടക്കം കുറിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍നിന്നാണ് വൈക്കം സത്യഗ്രഹം രൂപംകൊണ്ടത്. അവര്‍ണ്ണര്‍ക്കൊപ്പം, അവരില്‍ക്കൂടുതലായി സവര്‍ണ്ണരും സ്ത്രീകളും അതില്‍ പങ്കുചേര്‍ന്നിരുന്നുവെന്നത് പൊതുസമൂഹത്തിന്റെ ഉണര്‍വ്വിനെ കാണിക്കുന്നു. സത്യഗ്രഹത്തെ നയിച്ചത് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന ചില ആശയങ്ങളായിരുന്നു. നീതി, തുല്യത, സ്വാതന്ത്ര്യം, മനുഷ്യര്‍ എല്ലാവരും ഒന്നാണെന്ന ബോധം എന്നിവ. അവയ്ക്കപ്പുറം രാഷ്ട്രീയം അന്ന് അധികാര മേഖലകളിലേക്കു വളര്‍ന്നിട്ടില്ല. 

നാമജപസമരം
നാമജപസമരം

2018-ലേയ്ക്ക് വരുമ്പോള്‍ രാഷ്ട്രീയ പശ്ചാത്തലം ആകെ മാറിയിരിക്കുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷം ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. കേന്ദ്രത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വലതുപക്ഷ സര്‍ക്കാര്‍, കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സര്‍ക്കാര്‍. രണ്ടിടത്തും പുതിയ തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്നു. അതായത് അധികാരം രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്ന ഒരു ഘടകമായിരിക്കുന്നു. ഇടതിനും വലതിനുമപ്പുറം കക്ഷികള്‍ ധാരാളം. പ്രാദേശികത, മതം, ജാതി എന്നിവ കൂടാതെ വ്യക്തമായ സ്വത്വമോ ഐഡിയോളജികളോ ഇല്ലാത്തവര്‍. മുന്‍പ് ഉയര്‍ത്തിപ്പിടിക്കപ്പെട്ടിരുന്ന നീതി, തുല്യത, സ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങള്‍ക്ക് രാഷ്ട്രീയത്തിലും സമൂഹത്തിലും ഡിമാന്റ് കുറഞ്ഞിരിക്കുന്നു. പൊതുവെ അവസരവാദം സംഘടനകള്‍ തൊട്ട് വ്യക്തികള്‍ വരെ എല്ലാവരിലേക്കും പകര്‍ന്നിരിക്കുന്നു. ആദര്‍ശങ്ങള്‍ ഒറ്റപ്പെട്ട വ്യക്തികളിലേക്കോ കൂട്ടങ്ങളിലേക്കോ സ്ഥാപനങ്ങളിലേക്കോ ചുരുങ്ങിയിരിക്കുന്നു. 

ഉദയവും സ്ഥിതിയും ക്ഷയവും എല്ലാത്തിനുമുണ്ടെന്ന് പറയാം. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തില്‍ രൂപംകൊണ്ട സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്കു പ്രചോദനമായത് നവോത്ഥാനം - എന്‍ലൈറ്റൈന്‍ മെന്റ് - ഫ്യൂമനിസം - ജനാധിപത്യം - സോഷ്യലിസം  എന്ന രീതിയില്‍ മുന്നോട്ടുപോയ പാശ്ചാത്യ ചിന്തയും സേവനാധിഷ്ഠിതമായ ക്രിസ്ത്യന്‍ മാനവികതയുമായുള്ള സമ്പര്‍ക്കമായിരുന്നു. എന്നാല്‍, അവ അധികവും അപചയപ്പെട്ട യാന്ത്രികതയിലേക്കും അകത്തും പുറത്തുമുള്ള അധികാരത്തര്‍ക്കങ്ങളിലേക്കും വിരമിച്ചു. 

പക്ഷേ, സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച ആക്കം വെറുതെ പോയില്ല. അവ സൃഷ്ടിച്ച അടിത്തറ പൊതുവെ ജനനന്മയ്ക്കും നീതിക്കും വേണ്ടി വാദിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന് ഉപയുക്തമായി. 
നടപടിക്രമത്തില്‍, ജനാധിപത്യം നിയമനിര്‍മ്മാതാക്കളേയും അവര്‍ വഴി ഭരണകൂടത്തേയും തെരഞ്ഞെടുക്കുന്നു. ഭരണഘടനയും ന്യായാലയങ്ങളും cheeks and balances നിവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും മേല്‍നോട്ടം വഹിക്കുന്നു. പക്ഷേ, ഭാവനയുടെ തലത്തില്‍ ജനാധിപത്യത്തിനു വേറെയും കര്‍ത്തവ്യങ്ങള്‍ ഉണ്ട്. അതിനെ സാധ്യമാക്കിയ മൂല്യങ്ങളെ സംരക്ഷിക്കുകയും, അവയെ കൂടുതല്‍ വികസിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുകയും. 

ഈ വഴിയില്‍ 2018 വരെയുള്ള കാലഘട്ടം മുന്നോട്ട് പോയിട്ടില്ലെന്നില്ല. ജാതി വിവേചനത്തിനെതിരെ നിയമം ഉണ്ടായി. അയിത്താചാരണം കുറ്റകരമായി. കുട്ടികളുടെ വിവാഹപ്രായം കൂട്ടി. സ്ത്രീധനം നിരോധിക്കപ്പെട്ടു. ഹിന്ദുക്കള്‍ക്ക് ഒരു ആധുനിക സിവില്‍ കോഡുണ്ടായി. മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍ തുടങ്ങിയവ സിവില്‍ സമൂഹത്തിനു ശക്തി നല്‍കി. എങ്കിലും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ വിശേഷിച്ചും ന്യൂനപക്ഷങ്ങളില്‍ നിയമനിര്‍മ്മാണം മടിച്ചുനിന്നു. വെറുപ്പും സെക്ടേറിയനിസവും പെരുകി. വര്‍ഗ്ഗീയ കലാപങ്ങള്‍ വംശഹത്യവരെയെത്തി. മതേതരത്വത്തിന്റെ മൂല്യങ്ങള്‍ അതിവേഗം ചോര്‍ന്നുപോയിക്കൊണ്ടിരുന്നു. തീവ്ര നാഷണലിസ്റ്റ് ഹിന്ദുത്വ ചിന്താഗതി അതിനെതിരായ ഭരണഘടനാ നിര്‍ദ്ദേശങ്ങളെ തട്ടിമാറ്റി അധികാരത്തിലെത്തി. കോളനി ഭരണകാലത്തെ ക്രിമിനല്‍ നിയമങ്ങളെ പരിഷ്‌കരിക്കുന്നതിനു പകരം ഗവണ്‍മെന്റുകള്‍ അവയെ കൂടുതല്‍ ശക്തമാക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. നിയമനിര്‍മ്മാണം പരാജയപ്പെടുമ്പോള്‍ നിസ്സഹായമായ സിവില്‍ സമൂഹത്തിനു ജനാധിപത്യ മൂല്യങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ കോടതിയുടെ വാതിലില്‍ മുട്ടേണ്ട അവസ്ഥ സംജാതമായി. 2018-ലെ സംഭവങ്ങളുടെ ഏകദേശ പശ്ചാത്തലം ഇതായിരുന്നു. 

2018-ല്‍ കേരളം സന്ദര്‍ശിച്ച പ്രകൃതിദുരന്തം 1924-ല്‍ ഉണ്ടായതിനെക്കാള്‍ തീക്ഷ്ണമായി അനുഭവപ്പെട്ടത് ഈ കാലയളവില്‍ ജനസംഖ്യയിലും ആവാസവ്യവസ്ഥയിലും ഉണ്ടായ മാറ്റംകൊണ്ടായിരിക്കാം. എന്നാല്‍, അത് ദുരന്തത്തിനു പകരമായി നല്‍കിയത് എല്ലാത്തരം ഭിന്നതകള്‍ക്കും ഉപരി മാനവജാതി ഒന്നാണെന്ന സന്ദേശമായിരുന്നു. സാമൂഹ്യമായും രാഷ്ട്രീയമായും പെരുകിപ്പെരുകി വന്ന ഭിന്നതകളുടേയും ആക്രമങ്ങളുടേയും അന്തരീക്ഷത്തിന് അതിന്റെ ആവശ്യമുണ്ടായിരുന്നു. ആ സന്ദേശം സ്വീകരിക്കപ്പെട്ടുവോ എന്ന ചോദ്യം ബാക്കി. 

1924-ല്‍ സംഭവിച്ചത്
തിരുവിതാംകൂര്‍ പ്രജാസഭയില്‍ ക്ഷേത്രപ്രവേശന വിഷയം അവതരിപ്പിക്കുന്നതിനോ മഹാരാജാവിനെ നേരിട്ട് കാണുന്നതിനോ ദിവാന്‍ രാഘവയ്യ അനുമതി നല്‍കാഞ്ഞതു കാരണം 1921-ല്‍ ടി.കെ. മാധവന്‍ ഗാന്ധിജിയെ സന്ദര്‍ശിച്ച് ചര്‍ച്ച ചെയ്തതില്‍ സുപ്രധാനമായ ചില കാര്യങ്ങള്‍ തെളിഞ്ഞുവന്നു. ഇന്ത്യയിലെ ജനങ്ങളില്‍ ഏഴിലൊരു ഭാഗം തീണ്ടലുള്ളവരായി പരിഗണിക്കപ്പെടുകയും അവരെ മനുഷ്യരെന്ന് വിചാരിച്ച് സഹോദരന്മാരായി ഗണിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന കാലത്തോളം ഇന്ത്യയ്ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തിന് അവകാശമില്ലെന്ന് ഗാന്ധിജി ഉറപ്പിച്ചു പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ പരിപാടിയില്‍ തീണ്ടല്‍ ഇല്ലാതാക്കല്‍ അദ്ദേഹം ഒന്നാമതായി ചേര്‍ത്തിട്ടുണ്ട്. മതത്തോട് നേരിട്ട് സംബന്ധമുള്ള വിഷയമാണെന്നും അന്യസമുദായക്കാരുടെ മതബോധത്തിനു ക്ഷോഭകാരണമാകുമെന്നും കാണിച്ച് പീനല്‍ കോഡ് അനുസരിച്ച് ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചവരെ കോടതി ശിക്ഷിച്ച കാര്യം ടി.കെ. മാധവന്‍ ചൂണ്ടിക്കാണിച്ചു. ''ഒരാളുടെ സാന്നിധ്യം അശുദ്ധകാരണമാണെന്ന് പറയുന്നതിനെക്കാള്‍ അയാളുടെ ആത്മാഭിമാനത്തിനു ക്ഷോഭകാരണമായി മറ്റെന്താണ് ഉള്ളത്,'' അദ്ദേഹം ചോദിച്ചു. ഗാന്ധിജിയുടെ മറുപടി: ''നിങ്ങള്‍ സിവില്‍ അനുസരണക്കേട് കാണിക്കണം... നിങ്ങള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കണം. കോടതികള്‍ വിരോധമായി നില്‍ക്കുന്നുവെങ്കില്‍ ജയിലില്‍ പോകാന്‍ തയ്യാറായിരിക്കണം.'' ഭൂരിപക്ഷത്തിന്റെ എതിര്‍പ്പിനെപ്പറ്റിയുളള പരാമര്‍ശത്തിനു ഗാന്ധിജിയുടെ മറുപടി: ''ഭൂരിപക്ഷം എന്ത് വിചാരിക്കുന്നു എന്നല്ല നിങ്ങള്‍ക്ക് ആലോചിക്കാനുള്ളത്. ജനങ്ങളില്‍ ഭൂരിഭാഗം നിങ്ങളോട് യോജിക്കുന്നില്ലെന്നുവെച്ച് നിങ്ങള്‍ നിങ്ങളുടെ പ്രമാണങ്ങളെ ഉപേക്ഷിച്ച് ഓടിക്കളയാനാണോ പോകുന്നത്?''(2)

വൈക്കം സത്യഗ്രഹം ക്ഷേത്രപ്രവേശനത്തിനു വേണ്ടിയായിരുന്നില്ല, ക്ഷേത്രത്തിനു സമീപത്തുള്ള റോഡിലൂടെ അവര്‍ണ്ണര്‍ക്ക് നടക്കുവാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു. ആ പാതകളില്‍ക്കൂടി നടന്നിട്ട് അവര്‍ക്ക് വിശേഷിച്ചൊന്നും നേടാനില്ലായിരുന്നു. പക്ഷേ, സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിച്ച നിരത്തില്‍ സഞ്ചരിക്കാനുള്ള അവരുടെ അവകാശവും അവര്‍ അശുദ്ധരാണെന്നുള്ള വാദവുമായിരുന്നു വിഷയം. അതില്‍ സവര്‍ണ്ണര്‍ തന്നെ ധാരാളമായി പങ്കെടുത്തു, വ്യക്തിപരമായും സവര്‍ണ്ണ സംഘടനകള്‍ വഴിയും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും അന്യസംസ്ഥാനങ്ങളില്‍നിന്നും അന്യമതങ്ങളില്‍നിന്നുതന്നെയുള്ളവരും. ഗാന്ധിജി വ്യാപകമായി ഇടപെടുകയും കേരളമാകെ യാത്ര ചെയ്യുകയും പൊതുസമ്മേളനങ്ങളില്‍ സംസാരിക്കുകയും സത്യഗ്രഹത്തെ എതിര്‍ക്കുന്ന ബ്രാഹ്മണരുമായും അധികാരികളുമായും തിരുവിതാംകൂര്‍ മഹാറാണിയുമായും സംവദിക്കുകയും ചെയ്തു.

1924 ഏപ്രിലില്‍ ആരംഭിച്ച് 1925 നവംബറില്‍ അവസാനിച്ച സത്യഗ്രഹം ഈ ഒരു വര്‍ഷം എട്ടുമാസത്തിനകത്ത് പല ഉയര്‍ച്ചകളും താഴ്ചകളും വെളിച്ചവും ഇരുട്ടും കണ്ടു. സത്യഗ്രഹികളെ ഏറെ വലച്ച വെള്ളപ്പൊക്കം, മഹാരാജാവില്‍നിന്ന് മഹാറാണിയിലേക്കുള്ള അധികാരമാറ്റം. ആയിരക്കണക്കിന് സവര്‍ണ്ണര്‍ പങ്കെടുത്ത, വൈക്കത്തുനിന്ന് തിരുവനന്തപുരത്തെത്തി മഹാറാണിക്ക് ഭീമഹര്‍ജി സമര്‍പ്പിച്ചു ജാഥ. രാജ്യത്തെ ഇരുപത്തിയാറുലക്ഷം ഹിന്ദുക്കളില്‍  പതിനേഴു ലക്ഷത്തോളം വരുന്നവരെ മാറ്റിനിര്‍ത്തുന്നതിലെ അസാംഗത്യം അവര്‍ മഹാറാണിയെ ധരിപ്പിച്ചു. മന്നത്ത് പത്മനാഭന്‍ നയിച്ച സംഘമാകട്ടെ, സവര്‍ണ്ണരുടേതായിരുന്നുതാനും. മഹാറാണിയാകട്ടെ, പ്രമേയം നിയമസഭയിലേക്ക് അയയ്ക്കുക മാത്രമാണ് ചെയ്തത്. മാസങ്ങള്‍ക്കുശേഷം അത് നിയമസഭയിലെത്തിയപ്പോള്‍ പ്രമേയം ഒരു വോട്ടിനു പരാജയപ്പെട്ടു. അതിനുശേഷം ഗാന്ധിജി സ്വയം മഹാറാണിയെ കണ്ട് സംവദിച്ചു. ഫലമുണ്ടായില്ലയെങ്കിലും അതിനുശേഷം അദ്ദേഹം ചെയ്ത പ്രസംഗം പില്‍ക്കാലത്ത് അദ്ദേഹത്തിനു കിട്ടിയ Prisoner of Hope എന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു. ''ഞങ്ങള് വാദപ്രതിവാദം ചെയ്തു. അവരുടെ വിവേകബുദ്ധിയെ ഞാന്‍ തലോടി നോക്കി. പക്ഷേ, കഷ്ടം, ഞാന്‍ പ്രതീക്ഷിച്ചിരുന്ന അനുഭവം ഉണ്ടായില്ല. നിരാശ എന്നത് എനിക്ക് അറിയാന്‍ വയ്യാത്ത പദമാണ്.''

മഹാറാണി തീര്‍ച്ചയായും തങ്ങളുടെ കൂടെയാണെന്നും പക്ഷേ, ഭരണാധികാരിയെന്ന നിലയില്‍ അവര്‍ക്ക് പരിമിതികളുണ്ടെന്നുമാണ് താന്‍ മനസ്സിലാക്കിയത്. സ്വന്തം ജനത്തിനോട് നേരിട്ട് സംസാരിക്കാന്‍ കഴിയാത്ത റാണി അത് രഹസ്യമായി നിവര്‍ത്തിക്കാന്‍ മഹാത്മജിയെ തെരഞ്ഞെടുത്ത വിചിത്രമായ അനുഭവം! ഗാന്ധിജിയുടെ മറുപടിയാകട്ടെ, പരസ്യമായിരുന്നു: ''യാഥാസ്ഥിതികരെ കോപിപ്പിക്കുകയല്ല, എന്റെ വശത്തേയ്ക്ക് കൊണ്ടുവരുകയാണ് എന്റെ ലക്ഷ്യം. അതുപോലെ ഗവണ്‍മെന്റിനെ അലോസരപ്പെടുത്താതെ അതിന്റെ പിന്തുണ നേടുകയും.'' (4)

സത്യഗ്രഹം അവസാനിച്ചില്ല. തുടര്‍ന്ന്, സമാധാനപരമായി. ബാരിക്കേഡുകള്‍ ചാടിക്കടക്കാതെ. എതിരാളികള്‍ ക്രൂരമായി അക്രമം അഴിച്ചുവിട്ടു. രാമന്‍ ഇളയതിന്റെ കഥ ഒന്നുമാത്രം. സത്യഗ്രഹികളുടെ കണ്ണില്‍ ചുണ്ണാമ്പ് പുരട്ടുക ഒരു പതിവായി. ജലപ്രളയം സത്യഗ്രഹികളെ എന്നപോലെ സാധാരണ ജനതയേയും വലച്ചു. ഒപ്പം അത് ''ക്ഷേത്രപ്രവേശന കാര്യവും സാമുദായിക സമത്വ വിഷയവും പല സ്ഥലങ്ങളിലും സാധിത പ്രായമാക്കി. മറ്റു വിധത്തില്‍ നിഷേധിക്കപ്പെട്ടിരിക്കുന്ന ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും ജാതിമതഭേദമെന്യേ നിരവധി ജനങ്ങള്‍ ചെന്നു കൂടേണ്ടിവന്നു. ഈശ്വരകോപത്താല്‍ നമ്പൂതിരിയും പുലയനും തമ്മിലുള്ള മിശ്രഭോജനം പോലും നടന്നിരിക്കുന്നു.'' (5)
വൈക്കം സത്യഗ്രഹം വിജയത്തിലെത്തിയില്ല. എന്നാല്‍, അത് പരാജയവുമായിരുന്നില്ല. പല വര്‍ഷങ്ങളിലൂടെ കടന്നുപോന്ന ഒരു വെള്ളപ്പൊക്കത്തിന്റെ ഉന്നത വിതാനമായിരുന്നു അത്. ആ വിതാനം താഴ്ന്നു. പക്ഷേ, സമരം തുടര്‍ന്നു. സമുദായ പ്രാതിനിധ്യവാദം, നിവര്‍ത്തന പ്രക്ഷോഭം, ഉത്തരവാദിത്വ പ്രക്ഷോഭം, ഈഴവ മെമ്മോറിയല്‍, മറ്റേതെങ്കിലും മതം സ്വീകരിക്കണമോ എന്ന് ആലോചിക്കാന്‍ ഈഴവര്‍ വിളിച്ചുകൂട്ടിയ സമ്മേളനം തുടങ്ങിയ ചെറുതും വലുതുമായ ഏറെ സമരങ്ങളിലൂടെ അത് തുടര്‍ന്നു. അവസാനം 1936-ലെ ക്ഷേത്രപ്രവേശന വിളംബരത്തിലെത്തിയാണ് അവസാനം വെള്ളമിറങ്ങിയത്. 

മന്നത്ത് പത്മനാഭന്‍
മന്നത്ത് പത്മനാഭന്‍

വൈക്കം സത്യഗ്രഹം സ്വാതന്ത്ര്യസമരത്തിലെ പല സമരങ്ങളും പോലെ ഒരു പരീക്ഷണമായിരുന്നു. ഗാന്ധിജി പറഞ്ഞതുപോലെ ദേശീയതലത്തില്‍ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് നാം അവകാശികളാണെന്ന് സ്ഥാപിക്കാനുള്ള പല പരീക്ഷണങ്ങളില്‍ ഒന്ന്. ആശയങ്ങളും തത്ത്വശാസ്ത്രങ്ങളും ഐഡിയോളജികളും മതങ്ങളും പലതുമുണ്ടായിട്ടുണ്ട് ചരിത്രത്തില്‍. അധികവും പ്രശ്‌നങ്ങളെ externalise ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. Internalise ചെയ്യാന്‍ ശ്രമിച്ച ചിന്തകള്‍ കുറവാണ്. പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ എന്ന് പറയുന്ന യേശു ഒരു ഉദാഹരണം. ബുരാ ജൊ ദേഖ്ന്‍ മെ ചലാ, ബുരാ ന മിലി കോയി, ജൊ ദില്‍ ഖോജാ അപ്നെ, മുഝ്‌സെ ബുരാ ന കോയി എന്ന് കബീര്‍. ആ വഴിയില്‍ ഒന്നായിരുന്നു ഗാന്ധിജിയുടെ സത്യഗ്രഹം. തങ്ങളിലെതന്നെ ബുരായി ആദ്യം കണ്ടെത്തുക. തുടര്‍ച്ചയായുള്ള സമ്മേളനങ്ങളും സംഭാഷണങ്ങളും അധികാരികളും മറുപക്ഷത്തുള്ളവരുമായുള്ള നീണ്ട ചര്‍ച്ചകള്‍ ഇങ്ങനെ നീങ്ങിയ ആ പ്രസ്ഥാനം അവശേഷിപ്പിച്ച പലതുമുണ്ട് ഓര്‍മ്മിക്കേണ്ടതും 2018-ലെ കളിക്കാരെ ഉള്ളിലേക്ക് നോക്കുവാന്‍ പ്രേരിപ്പിക്കുന്നതും. മതപരവും ക്ഷേത്രാധിഷ്ഠിതവുമായ വിശ്വാസങ്ങളും ആചാരങ്ങളും പലതും കൈവെടിയേണ്ടതാണെന്ന അഭിപ്രായമാണ് അന്ന് കോണ്‍ഗ്രസ്സിനും സാമുദായിക സംഘടനകള്‍ക്കും സമരം നയിച്ച അവയിലെ നേതാക്കന്മാര്‍ക്കും ഉണ്ടായിരുന്നത്. വിശ്വാസങ്ങളിലും ആചാരങ്ങളിലും ഭരണപരമായി ഇടപെടാന്‍ പാടില്ലെന്നും, നീതിയുടേയും യുക്തിയുടേയും വഴി അവയില്‍ പ്രസക്തമല്ലെന്നും ഉള്ള നിലപാട് ദിവാന്റേയും രാജാവിന്റേയും ഗവണ്‍മെന്റിന്റേതുമായിരുന്നു, എന്നത് ഒരു ഉദാഹരണം. 1925 മാര്‍ച്ചില്‍ ഗാന്ധിജിയും സവര്‍ണ്ണ മേധാവികളും തമ്മില്‍ നടത്തിയ നീണ്ട സംഭാഷണങ്ങള്‍ വേറൊന്ന്.(6) കഴിഞ്ഞ ജന്മത്തില്‍ ചെയ്ത പാപങ്ങളുടെ ഫലമാണ് ഹീനജാതിക്കാര്‍ ഈ ജന്മത്തില്‍ അനുഭവിക്കുന്നത് എന്നും അതിന് അവര്‍ ഈ വിധം ശിക്ഷിക്കപ്പെടേണ്ടതാണെന്നുമായിരുന്നു ബ്രാഹ്മണരുടെ വാദം. ഇവിടെ ഗാന്ധിജി സ്വയം പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് സമ്മതിച്ച് സ്വന്തം മാനവികതാ വാദത്തെ ദുര്‍ബ്ബലമാക്കുന്നു. ആചാരങ്ങള്‍ ശാസ്ത്രാധിഷ്ഠിതമാണെന്ന ബ്രാഹ്മണരുടെ വാദത്തിലും ഈ വിധം ഗാന്ധിജിയുടെ കാല്‍ ഇടറുന്നുണ്ട്. നീതിയുടേയും ധാര്‍മ്മികതയുടേയും പ്രശ്‌നം അവഗണിക്കപ്പെടുകയും ഏത് ശാസ്ത്രം എന്നതിലേക്ക് ചര്‍ച്ച വഴിമാറിപ്പോകുകയും ചെയ്യുന്നു.  ക്ഷേത്രത്തിലെ എഴുന്നള്ളിപ്പു സമയത്ത് സത്യഗ്രഹികള്‍ റോഡില്‍ നിന്നതുകൊണ്ട് ക്ഷേത്രം അശുദ്ധമായെന്നും ശുദ്ധികലശം നടത്തേണ്ടിവന്നുവെന്നും  നമ്പ്യാതിരി പറഞ്ഞു. (2018-ല്‍ ശബരിമല തന്ത്രി ശുദ്ധികലശം നടത്തിയത് ഓര്‍ക്കുക. അന്ന് സത്യഗ്രഹം നടത്തിയ സംഘടനയുടെ ഇന്നത്തെ പ്രസിഡന്റ് തന്ത്രിയെ അതിന് അഭിനന്ദിച്ചു!)

2018-ല്‍ സംഭവിച്ചത്
വൈക്കം സത്യഗ്രഹത്തിലേക്ക് നയിച്ച സാമൂഹ്യ പരിഷ്‌കരണ-പൗരസമത്വവാദ പ്രസ്ഥാനങ്ങള്‍ക്കു പിന്നിലെ പ്രേരണകള്‍ അന്വേഷിച്ചുപോയാല്‍ ക്രിസ്ത്യന്‍ മാനവികതയുടേയും അത് പ്രചരിപ്പിച്ച സേവന സംഘടനകളുടേയും അംശം നാം കണ്ടെത്തിയേക്കും. കൗതുകകരമായി തോന്നാം, 2018-ലെ കേരളത്തിലെ സമരങ്ങള്‍ ഘനീഭവിച്ചതിനു പിന്നില്‍ ക്രൈസ്തവസഭയ്ക്കകത്തു തന്നെയുള്ള അനീതികള്‍ പങ്കുവഹിച്ചുവെന്നു കാണാം. വാസ്തവത്തില്‍ സഭയ്ക്കകത്ത് തന്നെ എല്ലാം ശുദ്ധമായിരുന്നില്ലെന്നും ധാര്‍മ്മികതയുടേയും ലിംഗനീതിയുടേയും പ്രശ്‌നങ്ങള്‍ ഏറെയുണ്ടെന്നും കുറേക്കാലമായി വെളിവായിക്കൊണ്ടിരുന്നു. 
കേരളമാകെ അത്യസാധാരണമായ ഒരു അതിവൃഷ്ടിയിലൂടെ കടന്നുപോകുന്ന സമയത്താണ് കന്യാസ്ത്രീ സമരം തുടങ്ങിയത്. സഭയിലെ ഒരു ബിഷപ്പ് തന്റെ അധികാരസ്ഥാനം ദുരുപയോഗിച്ച് തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി ഒരു പരാതി രജിസ്റ്റര്‍ ചെയ്തു. സഭയും പൊലീസും കേസിനെ ഗൗരവമായി എടുക്കുന്നില്ലെന്ന പരാതി പൊതുസമൂഹത്തില്‍ ഉയര്‍ന്നുവന്നു. ഇതുപോലുള്ള പല പരാതികളും ഗൗനിക്കപ്പെടാതെ പോയതിന്റേയും സ്ത്രീകളുടെ ആത്മഹത്യയുടേയും കൊലപാതകത്തിന്റേയും അനുഭവങ്ങള്‍ പിന്നിലുണ്ടായിരുന്നു. പുരോഹിതന്മാരുടെ ഔദ്ധത്യപൂര്‍വ്വമായ പെരുമാറ്റം, സഹിഷ്ണുതയില്ലായ്മ, അക്രമം, കലാപം, അഴിമതിയാരോപണം ഇങ്ങനെയിങ്ങനെ. സഭയ്ക്കകത്ത് സംഗതികള്‍ ക്ഷമിക്കാനരുതാത്ത  ഒരു ഘട്ടത്തിലെത്തി. പരാതിക്കാരിയായ കന്യാസ്ത്രീയെ സമര്‍ത്ഥിച്ചുകൊണ്ട് നാല് കന്യാസ്ത്രീകള്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു കൃത്യത്തിനൊരുങ്ങി. മഠത്തില്‍നിന്നു പുറത്തുവന്ന് പൊതുവേദിയില്‍ സത്യഗ്രഹമിരിക്കുക. സംഗതികള്‍ രാഷ്ട്രീയമായി, പൊതുസമൂഹത്തിന്റേതായി. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായി. 
അതേ മാസം തന്നെ ദേശീയതലത്തില്‍ സുപ്രീംകോടതി നിര്‍ണ്ണായകമായ മൂന്നു വിധികള്‍ പ്രസ്താവിച്ച്, ലിംഗനീതിയുടെ പഥത്തില്‍ സ്വാതന്ത്ര്യത്തിന്റെ കാറ്റ് അഴിച്ചുവിട്ടു. ഐ.പി.സി - 377 തിരുത്തി സ്വവര്‍ഗ്ഗപ്രേമം കുറ്റകരമല്ലാതാക്കി. ഐ.പി.സി- 497 ല്‍ ഇടപെട്ട് സ്ത്രീകളെ ഭര്‍ത്താക്കന്മാരുടെ സ്വകാര്യസ്വത്തായി പരിഗണിക്കുന്ന വിധത്തിലുള്ള Adultery നിയമം റദ്ദാക്കി. അവസാനം കേരളത്തിലെ ശബരിമല ക്ഷേത്രത്തില്‍ ആര്‍ത്തവ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് പ്രവേശം നിഷേധിക്കുന്ന ആചാരം വിവേചനപരവും സ്ത്രീ വര്‍ഗ്ഗത്തിന്റെ അന്തസ്സിനെ ബാധിക്കുന്നതുമായി വിധിച്ചു. ഈ വിധികളെല്ലാം ഒന്നിച്ചുവന്നതും കന്യാസ്ത്രീ സമരത്തിന് അനുബന്ധമായി വന്നതും യാദൃച്ഛികമായിരിക്കാം. പക്ഷേ, എല്ലാം പരസ്പര പൂരകങ്ങളും ലിംഗനീതിയെ മുന്നോട്ടുകൊണ്ടുപോകുന്നതുമായിരുന്നു. എല്ലാം ജനാധിപത്യ ഗവണ്‍മെന്റുകള്‍ സ്വയം നിയമം വഴി നടപ്പിലാക്കേണ്ടവയായിരുന്നു. അതിനെ സാധ്യമാക്കിയ മൂല്യങ്ങള്‍ സംരക്ഷിക്കുകയും വികസിപ്പിക്കുകയും സ്വാഭാവികമായി ജനാധിപത്യത്തിന്റെ ചുമതലയാണല്ലോ.  അത് സംഭവിക്കാതിരുന്ന സാഹചര്യത്തിലാണ് ന്യായാലയത്തിന് ഇടപെടേണ്ടിവന്നത്. അതിനാലായിരിക്കാം ഈ വിധികളെ കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റുകള്‍ ആരും എതിര്‍ത്തില്ല. അതുപോലെ, തീവ്ര വലതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസ്സടക്കം മറ്റു കക്ഷികളും സ്വാഗതം ചെയ്യുകയും ചെയ്തു. വെള്ളപ്പൊക്കമിറങ്ങി, പൊതുജനങ്ങളുടെ ജാതിമത ലിംഗഭേദമെന്യേയുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം പ്രശംസ നേടിക്കൊണ്ടിരുന്ന കേരളത്തില്‍ ശബരിമല വിധി ചലനങ്ങളൊന്നുമുണ്ടാക്കിയതായി കണ്ടില്ല. 

ശബരിമല ക്ഷേത്രം
ശബരിമല ക്ഷേത്രം

അപ്പോഴാണ് പെട്ടെന്ന് നിനച്ചിരിക്കാത്തവിധം തിരമറിഞ്ഞത്. ഗ്രാവിറ്റിക്ക് എതിരെയെന്നപോലെ, അഥവാ സുനാമി പോലെ ഒരു പുതിയ തരം വെള്ളപ്പൊക്കം ശബരിമലയില്‍നിന്ന് ഇറങ്ങിവന്നു. തലേന്നുവരെ ശബരിമല സ്ത്രീ പ്രവേശത്തെ സ്വാഗതം ചെയ്തിരുന്ന കക്ഷികളും സംഘടനകളും ഒന്നൊന്നായി കോടതി വിധിയെ എതിര്‍ത്തുകൊണ്ട് രംഗത്തു വന്നു. അവര്‍ണ്ണര്‍ അശുദ്ധരും അകറ്റിനിര്‍ത്തപ്പെടേണ്ടവരും ''മുജ്ജന്മ പാപത്തിനു ശിക്ഷ അനുഭവിക്കേണ്ടവരും'' ആണെന്ന വിശ്വാസത്തിനെതിരെയായിരുന്നു വൈക്കം സമരം. ആര്‍ത്തവപ്രായമുള്ള സ്ത്രീകള്‍ അശുദ്ധരും അകറ്റിനിര്‍ത്തപ്പെടേണ്ടവരും ആണെന്ന വിശ്വാസവും ആചാരവും സംരക്ഷിക്കണമെന്ന ആവശ്യമാണ് ആദ്യത്തെ നിഷേധത്തിനു ശേഷം ഇപ്പോള്‍ അവര്‍ ഉന്നയിച്ചത്. അതിലാകട്ടെ, നായന്മാരും ഈഴവരും ബ്രാഹ്മണരും തന്ത്രിമാരും തങ്ങള്‍മാരും പാതിരിമാരും പൂജാരിമാരും പഴയ രാജാക്കന്മാരും മാത്രമല്ല, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, ഭാരതീയ ജനതാ പാര്‍ട്ടി, സിനിമാനടന്മാര്‍, റിട്ടയര്‍ ചെയ്ത ബ്യൂറോക്രാറ്റുകള്‍, പൊലീസുകാര്‍, ശാസ്ത്രജ്ഞര്‍, സാംസ്‌കാരിക നായകന്മാര്‍, അഭിഭാഷകര്‍ ഇങ്ങനെ പല രംഗങ്ങളില്‍നിന്നും ആളുകള്‍ ഒഴുകിച്ചേര്‍ന്നു. എന്തിന്, അശുദ്ധി സ്വയം അവകാശപ്പെട്ടുകൊണ്ട്, വിവേചനം ആവശ്യപ്പെട്ടുകൊണ്ട്, സ്ത്രീകള്‍ തന്നെയും! ഇവരില്‍ പലരും പ്രതിനിധീകരിച്ച സംഘടനകള്‍ നൂറുകൊല്ലം മുന്‍പ്, മനുഷ്യര്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ അശുദ്ധിയും വിവേചനവും ആരോപിക്കുന്ന സമ്പ്രദായത്തിനെതിരെ  സമരം ചെയ്തവയായിരുന്നു. സമരങ്ങള്‍ പൊതുവെ നീതിക്കും സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയാണ് രൂപപ്പെടാറ്. എങ്ങനെയാണ് അവയുടെയെല്ലാം നിഷേധത്തിന്, നിരാകരണത്തിന് സമരങ്ങള്‍ ഉണ്ടാകുന്നത്?

വൈക്കം ക്ഷേത്രം
വൈക്കം ക്ഷേത്രം

വെള്ളപ്പൊക്കങ്ങള്‍ പലതരത്തിലാകാം. പ്രാകൃതികം, അതിവൃഷ്ടിമൂലം ഉണ്ടാകുന്ന വെള്ളം താഴേയ്ക്ക് ഒഴുകുമ്പോള്‍. അല്ലെങ്കില്‍ അനീതിക്ക് എതിരെ, ഉച്ചനീചത്വങ്ങള്‍ക്ക് എതിരെ ജനം ഉയരുമ്പോള്‍. അനീതിക്കുവേണ്ടി, അധര്‍മ്മത്തിനുവേണ്ടി ഒരു ജനകീയ സമരം ഉണ്ടാകാമോ? കുറച്ചുപേര്‍ കൂടുതല്‍ പേരുടെ മേല്‍ പ്രയോഗിക്കുന്ന തന്ത്രത്തിനെയല്ലെ അനീതി എന്ന് വിശേഷിപ്പിക്കുക? കൂടുതല്‍ പേര്‍ ആ കുറച്ചുപേര്‍ക്കുവേണ്ടി സമരം ചെയ്യുമോ?

പ്രാകൃതികമായ വെള്ളപ്പൊക്കം ജാതി, മത, ലിംഗ, പ്രായ, വര്‍ഗ്ഗ ഭേദമെന്യേ ഒന്നിപ്പിച്ച ഒരു സമൂഹത്തെ വീണ്ടും വിഭജിക്കുകയായിരുന്നു ശബരിമല സ്ത്രീ പ്രവേശത്തിനെതിരെയുണ്ടായ സമരം  ചെയ്തത്. അതും പരിഹാസ്യവും അക്രമാസക്തവുമായി. 2018 നീതിയുടെ വഴിയില്‍ നേടിയതിനെയെല്ലാം ചൂഷിതരോടൊപ്പം യാത്ര ചെയ്യാന്‍ തയ്യാറായ സവര്‍ണ്ണരും രാജാക്കന്മാരും ഇടതു-വലതു രാഷ്ട്രീയ കക്ഷികളും കൂടി പങ്കെടുത്ത് സൃഷ്ടിച്ച ഒരു പുരോഗമനാത്മക ജനാധിപത്യ സ്റ്റേറ്റിന്റെ മുഖമാര്‍ജ്ജിച്ച കേരളത്തില്‍. 
2018 കേരളത്തിലും ഇന്ത്യയിലും അവശേഷിപ്പിച്ച ചോദ്യങ്ങളിലും ഉത്തരങ്ങളിലും ആശങ്കയുണ്ടാക്കുന്ന ചിലതുണ്ട്. എന്നാല്‍, വേറൊരു വിധത്തില്‍ വീക്ഷിച്ചാല്‍ ഇതൊക്കെ അസാധാരണമല്ലതാനും. പ്രത്യക്ഷത്തില്‍ വരുന്ന ചില കാര്യങ്ങള്‍:

അധികാരം/അധികാരമോഹം
ജനകീയ മുന്നേറ്റങ്ങള്‍, കലാപങ്ങള്‍, വിപ്ലവങ്ങള്‍ തുടങ്ങിയവ ചിലപ്പോള്‍ സ്വാഭാവികമായ കാരണങ്ങളാല്‍ തൊടുത്തുവിടപ്പെടുന്നവയാകാം. സഹനത്തിന്റെ ഘട്ടം കടന്നുപോകുന്ന അക്രമമോ അനീതിയോ. ചിലപ്പോള്‍ അവ തക്കതായ കാരണങ്ങളുടെ പിന്‍ബലമില്ലാതെ തല്‍പ്പര കക്ഷികള്‍ നിര്‍മ്മിച്ചെടുക്കുന്നവയാകാം. സ്വാഭാവിക കാരണങ്ങളൊന്നുമില്ലാതെ നിര്‍മ്മിച്ചെടുക്കപ്പെട്ടതാണ് നമ്മുടെ മുന്‍പിലുള്ളതെന്ന് വ്യക്തം. അതും ആദ്യത്തെ പ്രതികരണത്തിനു ശേഷം പുനരാലോചിച്ചുണ്ടാക്കിയത്. അധികാരികളാണ് വൈക്കം സമരത്തിന് അണകെട്ടി നിന്നത്. എന്നാല്‍, ശബരിമല വിധിക്കെതിരെയുള്ള സമരത്തെ നയിച്ചത് പിന്നില്‍നിന്നും ഒപ്പവും മുന്‍പില്‍നിന്നും അധികാരമോഹമായിരുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടി അധികാരം നിലനിര്‍ത്താനും അവരില്‍നിന്ന് അത് പിടിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന വിപക്ഷവും ഒരേ കയറില്‍ പിടിച്ചുതൂങ്ങുന്ന വിചിത്രമായ അവസ്ഥ. അധികാരമോഹം എല്ലാ ആധാരങ്ങളില്‍നിന്നും പറിഞ്ഞുപോന്ന് നിര്‍മമവും നിരാമയവുമായി എല്ലാവരേയും ഒന്നിപ്പിക്കുന്ന അവസ്ഥ. രാഷ്ട്രീയക്കാര്‍ ശങ്കിക്കുന്ന ഇടത്തേക്ക് കോടതികള്‍ കാല്‍വെയ്ക്കരുത് എന്ന് ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്നവര്‍ പ്രഖ്യാപിച്ചു. ഭൂരിഭാഗം  നിങ്ങളോട് യോജിക്കുന്നില്ലെന്നുവെച്ച് നിങ്ങള്‍ നിങ്ങളുടെ പ്രമാണങ്ങളെ ഉപേക്ഷിച്ച് ഓടിക്കളയുമോ, 1925-ല്‍ ഗാന്ധിജി ചോദിച്ചു. 2018-ല്‍ കോണ്‍ഗ്രസ്സിലെ ശശി തരൂര്‍ സ്ത്രീകളോട് ചോദിച്ചു, നിങ്ങള്‍ക്ക് പോകണമെങ്കില്‍ വേറെയും ക്ഷേത്രങ്ങളുണ്ടല്ലൊ. ''ഭരണഘടനയുടെ തത്ത്വങ്ങള്‍ക്ക് ആദ്യം മതവിശ്വാസങ്ങളുടെ പരീക്ഷ പാസ്സാകണം,'' അദ്ദേഹത്തിന്റെ ഔഷധവിധി. ഭരണഘടനാ ആര്‍ട്ടിക്കിള്‍ 25-ലെ morality-യെ ആധുനിക ജനാധിപത്യ സംസ്‌കൃതിയനുസരിച്ച് നീതിയും സ്വാതന്ത്ര്യവും തുല്യതയും ആയി മനസ്സിലാക്കുന്നതിനു പകരം 'യുക്തിവാദം' എന്നുവരെ വ്യാഖ്യാനിക്കപ്പെട്ടു. പാകിസ്താനില്‍ ആസിയാ ബീബി കേസ് വിധി പറഞ്ഞ ജഡ്ജി നേരിടുന്ന പരിതാപാവസ്ഥ വരെ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് നേരിടേണ്ടിവരുമെന്ന് സൂചനയുണ്ടായി. 

Blasphemy നിയമപ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആസിയാ ബീബിയെ ജയിലില്‍ സന്ദര്‍ശിച്ചതിനാലാണ് പഞ്ചാബ് (പാകിസ്താന്‍) ഗവര്‍ണ്ണര്‍ സല്‍മാന്‍ തസീറിനെ അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ വധിച്ചത്. ഘാതകനെ ശിക്ഷിച്ച ജഡ്ജിക്ക് രാജ്യം വിട്ട് പലായനം ചെയ്യേണ്ടിവന്നു. ഘാതകന് കിട്ടിയത് അഭിഭാഷകരുടെ പുഷ്പവൃഷ്ടിയും! 1929-ല്‍ മതനിന്ദയുടെ പേരില്‍ ലാഹോറില്‍ ഉണ്ടായ ഒരു കലാപമാണ് അന്നത്തെ ഗവണ്‍മെന്റിനെ പീനല്‍കോഡില്‍ സെക്ഷന്‍ 295-A എഴുതിച്ചേര്‍ക്കാന്‍ പ്രേരിപ്പിച്ചത്. പാകിസ്താനിലെ സൈനിക ഭരണകൂടം പിന്നീട് 295-Bയും 295-Cയും ചേര്‍ത്ത് മതനിന്ദയ്ക്ക് നിര്‍ബന്ധ വധശിക്ഷയും അതുവഴി സ്വന്തം അധികാരവും ഉറപ്പിച്ചു. ഇന്ത്യയിലും ഭരണകൂടങ്ങളും 295-Aയെ കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ടിരുന്നു. യാഥാസ്ഥിതികത്വത്തില്‍ താഴോട്ട് ഇഴുകിക്കൊണ്ടാണ് അധികാരം പ്രായേണ എവിടെയും മുകളിലോട്ട് കയറുന്നത്. ശബരിമലയിലേക്കു പോയ യുവതി രഹ്ന ഫാത്തിമയെ കേരളത്തിലെ ഗവണ്‍മെന്റ് 295-A പ്രയോഗിച്ച് ജയിലില്‍ അടച്ചു. അവരെ അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനം പിരിച്ചുവിട്ടു. അതുപോലെ ശ്രമിച്ച മറ്റ് യുവതികള്‍ സമൂഹത്തില്‍നിന്നും സ്വന്തം കുടുംബങ്ങളില്‍നിന്നും ഭ്രഷ്ട് നേരിട്ടു. കൂടുതല്‍ കൂടുതല്‍ യാഥാസ്ഥിതികത്വത്തിലേക്കും നാഷണലിസത്തിലേക്കും മിലിട്ടറിലിസത്തിലേക്കും പാതകള്‍ വെട്ടിക്കൊണ്ടാണ് ഹിന്ദുത്വവാദി പാര്‍ട്ടി സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അധികാരത്തിന്റെ പടവുകള്‍ കയറിയത്. സഹോദര രാഷ്ട്രം പാകിസ്താന്റെ പാത പിന്തുടര്‍ന്നുകൊണ്ട്. പാകിസ്താന്റെ ഈ കാലത്തെ ജനാധിപത്യ അനുഭവം നാമമാത്രമായിരുന്നു. ഇന്ത്യയാകട്ടെ, ജനാധിപത്യ സമ്പ്രദായത്തില്‍നിന്നും ഭരണഘടനയില്‍നിന്നും പിടിവിട്ടിരുന്നില്ല. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ?

ജനാധിപത്യം എന്നാല്‍
സംസ്‌കാരം എന്ന പേരില്‍ നാം വിശേഷിപ്പിക്കുന്ന പ്രതിഭാസം നമ്മുടെ ജീവിതത്തെ തുടര്‍ച്ചയായി നേടിയെടുക്കുന്ന മൂല്യങ്ങള്‍കൊണ്ട് സമ്പന്നമാക്കുകയും അതുവഴി അതിനെ സാരവത്താക്കുകയും ചെയ്യുന്ന പ്രക്രിയയാണ്. നീതി, സ്വാതന്ത്ര്യം, വൃക്തിത്വ വികാസം, തുല്യത, മനുഷ്യാവകാശങ്ങള്‍ ഇങ്ങനെ പോകുന്നു അവ. അവയെ സാധൂകരിക്കുന്നതിനായി ദൈവത്തേയോ പോപ്പിനേയോ  പ്രവാചകനേയോ രാജാവിനേയോ ആശ്രയിക്കാതെ, സ്വയം തീരുമാനിക്കാനുള്ള വ്യവസ്ഥ കണ്ടെത്തുന്ന രീതിയാകുന്നു ജനാധിപത്യം. തെരഞ്ഞെടുപ്പും ഭരണഘടനയുമൊക്കെ അതിന്റെ ചെറിയൊരു അംശം മാത്രം. ജനാധിപത്യത്തിന്റെ കര്‍ത്തവ്യങ്ങള്‍ വ്യാപകമാണ്. അതിനെ സാധ്യമാക്കിയ മൂല്യങ്ങളെ, ഏതു സംസ്‌കാരത്തിന്റെ ഉല്പന്നമാണോ അത് ആ സംസ്‌കാരത്തെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ആണ് അതിന്റെ മേലുള്ള ചുമതല. പക്ഷേ, ജനാധിപത്യ ഗവണ്‍മെന്റുകള്‍ പലപ്പോഴും ആ ചുമതല മറന്നുപോകുന്നു. തെരഞ്ഞെടുപ്പുകള്‍ വഴി അധികാരം നേടുകയും അധികാരത്തിന്റെ ഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന ചില വ്യക്തികളും അവരുടെ സംഘടനകളുമായിത്തീരുന്നു അതിന്റെ മാനേജര്‍മാര്‍. തുറന്ന വ്യാപാരമാണ് ജനാധിപത്യത്തിന്റെ മുഖമുദ്ര. പക്ഷേ, അതിനെ കാപട്യം ആവേശിക്കുന്നു. സ്വന്തം ചുമതല മനസ്സിലാക്കാത്ത ഭരണാധികാരികളും സംസ്‌കാരത്തിന്റെ പൈതൃകം ഗ്രഹിക്കാത്ത സമൂഹവും എന്താണ് അവശേഷിപ്പിക്കുക?

ജനാധിപത്യത്തിന്റെ ദൗര്‍ബ്ബല്യം അതില്‍ അന്തര്‍ഭവിച്ചിട്ടുള്ള ഈ പടുകുഴികളാണ്. സ്വാര്‍ത്ഥികളായ ഭരണാധികാരികളേയും കാപട്യത്തിന്റേയും അവസരവാദത്തിന്റേയും പാരമ്പര്യത്തേയും അത് നുരയും പതയും പോലെ മുകളിലേക്ക് കൊണ്ടുവരുന്നു. സ്ഥാപിത താല്പര്യങ്ങളും കൗശലപൂര്‍വ്വമായ പ്രചാരണങ്ങളും സിവില്‍ സൊസൈറ്റിയെ നിശ്ശബ്ദമാക്കുന്നു. ചോര്‍ന്നുപോകുന്ന മൂല്യങ്ങളുടെ ഇടത്തെ പ്രതിസംസ്‌കാരം ഏറ്റെടുക്കുന്നു. 

പ്രതിസംസ്‌കാരം 
സംസ്‌കാരത്തിനൊപ്പം പ്രതിസംസ്‌കാരം എന്നും ഉണ്ടായിരുന്നുവെന്നതാണ് വാസ്തവം. സംസ്‌കാരം പോലെത്തന്നെ പ്രതിസംസ്‌കാരവും മനുഷ്യന്‍ ബോധപൂര്‍വ്വം നിവര്‍ത്തിക്കുന്നതും ആണു താനും. സംസ്‌കാരം യുക്തിയേയും പൊതുനന്മയേയും മുന്‍പില്‍ വെയ്ക്കുന്നു. മനുഷ്യനിലുള്ള രണ്ട് ഗുണങ്ങളില്‍ ക്രൂരതയെ മെരുക്കുകയും ആര്‍ദ്രതയെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. പ്രതിസംസ്‌കാരത്തെ നയിക്കുന്നത് സ്വാര്‍ത്ഥതയും അധികാരവാഞ്ഛയും ആണ്. ക്രൂരതയും ആര്‍ദ്രതയും അത് ആവശ്യാനുസരണം ഉപയോഗിക്കുന്നു. സംസ്‌കാരത്തിന്റെ ഉല്പന്നമായ ജനാധിപത്യം പ്രതിസംസ്‌കാരത്തിന് ഒരു തടസ്സമാണ്. ആവശ്യം കഴിഞ്ഞാല്‍ എടുത്തുമാറ്റാവുന്ന മുഖംമൂടി. മനുഷ്യര്‍ക്കിടയിലെ തുല്യത, നീതിബോധം, വ്യക്തികളുടെ സ്വാതന്ത്ര്യം എന്നതൊന്നും പ്രതിസംസ്‌കാരം വഹിക്കുന്ന പതാകകളല്ല.

സംസ്‌കാരത്തിന്റെ കൂടെ എന്നും ഒരു നിഴല്‍പോലെ പ്രതിസംസ്‌കാരം ഉണ്ടായിരുന്നു. മാറിമാറി വരുന്ന അവയുടെ വെളിച്ചവും ഇരുളുമാണ് ചരിത്രത്തിന്റെ കഥ. എപ്പോള്‍ ഏതാണ് മുന്‍കൈ നേടുക എന്നത് സാഹചര്യങ്ങളും വ്യത്യസ്ത ഘടകങ്ങളും നിശ്ചയിക്കുന്നു. ബാഹ്യമെന്നതുപോലെ ആന്തരികവുമാണ് അവ. പുരോഗമന ശക്തികള്‍ വേണ്ടത്ര ഊര്‍ജ്ജം പകരുന്നതില്‍ പരാജയപ്പെടുമ്പോള്‍ യാഥാസ്ഥിതികത അവിടെ നുഴഞ്ഞുകയറുക സ്വാഭാവികം. എന്നാല്‍, എപ്പോഴും അങ്ങനെയാകണമെന്നില്ല. പശ്ചിമേഷ്യയില്‍ അവിശ്വസനീയമാംവിധം നീചവും ക്രൂരവുമായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് എത്തിനില്‍ക്കുന്ന പതനത്തിന് ആക്കം കൂട്ടിയത് ഒന്നിനു പുറകെ ഒന്നായി വന്ന ഒരുപാട് സംഭവങ്ങളും ബാഹ്യശക്തികളുടെ ബുദ്ധിശൂന്യവും സ്വാര്‍ത്ഥപരവുമായ ഇടപെടലുകളുമാണ്. 

വൈക്കം സത്യാഗ്രഹ സ്മാരകം
വൈക്കം സത്യാഗ്രഹ സ്മാരകം

ഇന്ത്യയില്‍ അങ്ങനെ വിശിഷ്യാ കാരണമൊന്നും കൂടാതെ അധോഗമനാശക്തികള്‍ വഴിയുണ്ടാക്കിയെടുത്തത് കുടിലമായ തന്ത്രങ്ങളിലൂടെയാണ്. അതിനായി അവര്‍ എല്ലാ അടവുകളും ഉപയോഗിക്കുന്നു. മതവിശ്വാസങ്ങളെ ചൂഷണം ചെയ്യുന്നു. വെറുപ്പും ഹിംസയും പരത്തുന്നു. തീവ്ര നാഷണലിസവും യുദ്ധാന്തരീക്ഷവും സൃഷ്ടിക്കുന്നു. പ്രത്യക്ഷമായും പരോക്ഷമായും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നു. മാധ്യമ മുതലാളിമാര്‍ അവരുടെ കോറസ്സില്‍ ചേരുന്നു. ദിവസങ്ങള്‍ക്കകം എങ്ങനെ യാഥാസ്ഥിതിക വാദികള്‍ക്ക് രാഷ്ട്രീയകക്ഷികളേയും സാമൂഹ്യ വേദികളേയും അട്ടിമറിക്കാമെന്നും കുടുംബങ്ങള്‍ക്കകത്തുവരെ കയറിച്ചെല്ലാമെന്നും പുരോഗമന പാരമ്പര്യമുള്ള കേരളത്തിലെ 2018 സംഭവങ്ങള്‍ കാണിക്കുന്നു. കാലം ത്വജിച്ചു കഴിഞ്ഞ ആചാരങ്ങളേയും അന്ധവിശ്വാസങ്ങളേ.യും തിരിച്ചുകൊണ്ടുവരുവാനും ആ കാര്യത്തില്‍ ഭിന്നിച്ചുനിന്നിരുന്ന മതവിഭാഗങ്ങളെ ഒന്നിപ്പിക്കാനും സാധിച്ചുവെന്നത് വിസ്മയകരമായി തോന്നാം. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനെതിരെ സ്ത്രീകളെത്തന്നെ അണിനിരത്താന്‍ സാധിച്ച ശബരിമല പ്രക്ഷോഭം പാട്രിയാര്‍ക്കിയും പുരുഷാധിപത്യവും നമ്മുടെ സമൂഹത്തിന്റെ അടിത്തട്ടില്‍ ഇപ്പോഴും എത്ര ശക്തമാണെന്ന് കാണിക്കുന്നു. പിന്നോട്ടു പോകുവാന്‍, അധഃപതിക്കുവാന്‍ തന്നെ വിദ്യയും അറിവും സ്ഥാനവും തടസ്സമല്ലെന്നും. വിദ്യാര്‍ത്ഥികള്‍, പ്രൊഫസര്‍മാര്‍, ബുദ്ധിജീവികള്‍, കലാകാരന്മാര്‍, പൊതുപ്രവര്‍ത്തകര്‍ ആര്‍ക്കും.

ബാഹ്യം എന്നതുപോലെ ആന്തരികവുമാണ് പ്രതിസംസ്‌കാരത്തിന്റെ ചേരുവകള്‍ എന്നര്‍ത്ഥം. ഫാസിസം എന്നതുകൊണ്ട് നാം പൊതുവെ വിശേഷിപ്പിക്കുന്ന അവസ്ഥ സമൂഹത്തിനു സംഭവിക്കുന്ന ഒരു വ്യതിചലനം (aberration) അല്ല, പിന്നാക്കാവസ്ഥയില്‍ സംഭവിക്കുന്നതുമല്ല, മറിച്ച് മനുഷ്യന്റെ, നമ്മുടെയെല്ലാവരുടേയും മനസ്സിന്റെ അടിയിലെ ഒരു വാഞ്ഛയാണ്. ഗോത്രകാലത്തിന്റെ ആകാംക്ഷകളുടേയും അരക്ഷിതാബോധത്തിന്റേയും ഒരംശം, പരിതസ്ഥിതികള്‍ എത്ര മാറിപ്പോയാലും, നമ്മുടെ മനസ്സിന്റെ അടിയില്‍ വിടാതെ തുടരുന്നു. തീരുമാനങ്ങള്‍ എടുക്കേണ്ട ചുമതലയില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള മോഹം, അഥവാ സ്വാതന്ത്ര്യത്തിനോടുള്ള ഭയം. ആദ്യകാലത്തെ മനുഷ്യര്‍ മൂപ്പന്മാരെ കണ്ടെത്തി ആ ജോലി അവരെ ഏല്പിച്ചു. രക്ഷകനുവേണ്ടിയുള്ള അന്വേഷണം പിന്നെ അവരെ ദൈവമെന്ന ഒരു കല്പിതസൃഷ്ടിയില്‍ എത്തിച്ചു. സന്ദര്‍ഭമുപയോഗിച്ച് ചിലര്‍ ഇടനിലക്കാര്‍ ചമഞ്ഞു. പ്രവാചകന്മാര്‍, പോപ്പുമാര്‍, പുണ്യവാളന്മാര്‍, ഗുരുക്കന്മാര്‍, ആള്‍ദൈവങ്ങള്‍ ഇങ്ങനെ. ചുമതലകളെല്ലാം അയാളെ ഏല്പിച്ച്, അയാള്‍ പറഞ്ഞാല്‍ മരിക്കാന്‍ പോലും തയ്യാറായി, ജനങ്ങള്‍ സ്വസ്ഥതയും ശാന്തിയും കണ്ടെത്തി. ഭൗതികതലത്തില്‍ പലായനം രാജാക്കന്മാരിലെത്തിച്ചും രാജാക്കന്മാര്‍ക്കുവേണ്ടി പൊരുതി മരിച്ചു. മതങ്ങളുടെ രാഷ്ട്രീയ പകര്‍പ്പുകളായി ഐഡിയോളജികള്‍ പ്രത്യക്ഷപ്പെട്ടു. ഫാസിസം, കമ്യൂണിസം ഇങ്ങനെ മതവിശ്വാസങ്ങള്‍ പോലെ അവയും മനുഷ്യരെ ആവേശിച്ചു. അവ നീട്ടിക്കൊടുത്ത വികൃതമായ തത്ത്വങ്ങള്‍ അവരുടെ യുക്തിബോധത്തിനു തൃപ്തി നല്‍കി. എല്ലാം വാസ്തവത്തില്‍ പലായനമോഹം മാത്രമായിരുന്നു. ഫ്യൂഹ്‌റെക്ക് എല്ലാം സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസം. പതാകകള്‍, ചെണ്ടകള്‍, വാദ്യങ്ങള്‍, ഭജനം, നാമജപം ഒക്കെ പകര്‍ന്നുകൊടുക്കുന്ന ആവേശവും നിര്‍വൃതിയും സംശയങ്ങള്‍ക്കും കുറ്റബോധത്തിനും  ഔഷധമായി പരിണമിച്ചു. 

സംസ്‌കാരത്തിന്റെ പരിവേഷവുമായാണ് മതങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും പ്രവര്‍ത്തനത്തില്‍ അവ നിര്‍വ്വഹിക്കുന്ന പങ്ക് പ്രതിസംസ്‌കാരത്തിന്റേതാണ്. വിഭജിതവും അടഞ്ഞതുമായ സമൂഹങ്ങളെ അവ സൃഷ്ടിക്കുന്നു. ധര്‍മ്മിയും അധര്‍മ്മിയുമായും വിശ്വാസിയും അവിശ്വാസിയുമായും മനുഷ്യരെ തരംതിരിക്കുന്ന സമ്പ്രദായത്തില്‍നിന്ന് തുല്യതയോ സ്വാതന്ത്ര്യമോ നീതിയോ പ്രതീക്ഷിക്കാനാവില്ല. 

2018-ലെ ശബരിമല പ്രക്ഷോഭം പലരിലും ഉയര്‍ത്തിയ ചോദ്യം എന്തുകൊണ്ട് കേരളത്തില്‍ ഇതുണ്ടായി എന്നതായിരുന്നു. ഇടതുപക്ഷ സാന്നിധ്യം ഉള്ളതും സംവാദത്തിന് എപ്പോഴും സാധ്യതയുള്ളതും പുരോഗമനാത്മക ചരിത്രമുള്ളതുമായ സംസ്ഥാനമെന്ന വിശേഷണമാണ് കേരളത്തിനു ചേര്‍ത്തിക്കൊടുത്തു പോന്നിട്ടുള്ളത്. അതിന് ഉത്തരം ഒരുപക്ഷേ, തൊള്ളായിരത്തി മുപ്പതുകളിലെ ജര്‍മനിയായിരിക്കും. യൂറോപ്പിലെ ബുദ്ധികേന്ദ്രമായിരുന്നു ആ രാജ്യം അന്ന്. അതിവേഗത്തിലായിരുന്നു നാസിസം അതിനെ പിടിച്ചടക്കിയത്. ശാസ്ത്രജ്ഞരും ബുദ്ധിജീവികളും കലാകാരന്മാരും ഒത്തുകൂടിയിരുന്ന വിയന്ന നഗരമായിരുന്നു നാസിപ്പട അവരുടെ സംസ്‌കാരത്തിനോടുള്ള വെറുപ്പും ഔദ്ധത്യവും പ്രകടിപ്പിക്കാന്‍ തെരഞ്ഞെടുത്ത ആദ്യത്തെ നഗരം. വിചാരിക്കാത്ത വേഗത്തില്‍ നാഗരികര്‍ ജര്‍മന്‍ സൈന്യത്തിനു കീഴടങ്ങുക മാത്രമല്ല, അവര്‍ക്ക് നിറഞ്ഞ സ്വാഗതമരുളുകയും ചെയ്തു. അന്ന് അതിന് സാക്ഷ്യം വഹിച്ചവരില്‍ ഒരാളായിരുന്നു ഏലിയാസ് കാനെറ്റി. സ്വത്വത്തിന്റേയും സ്വകാര്യതയുടേയും ഭവനങ്ങള്‍ പൊളിച്ചുനീക്കി, വ്യക്തികളെ കൂട്ടിയിട്ട് നിര്‍മ്മിക്കുന്ന സ്വഭാവശൂന്യമായ ആള്‍ക്കൂട്ടത്തിന്റെ നശീകരണശക്തിയെപ്പറ്റി അദ്ദേഹം പറഞ്ഞത് dicussed and disapproved of, but never really explained എന്നാണ്. വേറിട്ടുനില്‍ക്കുന്നവരെ അതിലേക്ക് വലിച്ചുചേര്‍ക്കാനോ, കഴിഞ്ഞില്ലെങ്കില്‍ നശിപ്പിക്കാനോ ആള്‍ക്കൂട്ടത്തിനു കഴിയും. തലേന്നുവരെ ആസ്ത്രിയയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കിയിരുന്ന ജനത അടുത്ത ദിവസം നാസിപ്പതാക ഉയര്‍ത്തി പള്ളിമണികള്‍ മുഴക്കി ആഘോഷിച്ചത് കണ്ടുനിന്ന അന്ന് ബാലനായിരുന്ന ശാസ്ത്രജ്ഞന്‍ എറിക്ക് കാന്‍ഡെല്‍ അറുപതുകൊല്ലങ്ങള്‍ക്കു ശേഷം എഴുതി: The quality of a society's culture is not a reliable indicator of it respect for human life. Culture is Simply incapable of enlightening people's biases and modifying their thinking. The desire to destroy people outside the group to which one belongs may be an innate response and may thus be capable of being aroused in almost any cohesive group. ഏറെ ദുഃഖകരവും ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതുമായ ഒരു നിരീക്ഷണം. അകാരണമായി പീഡിപ്പിക്കപ്പെട്ട യഹൂദര്‍ പിന്നീട് സ്വന്തമായൊരു രാഷ്ട്രത്തിന്റെ രൂപത്തില്‍ ശക്തമായ Cohesive group, അഥവാ സ്വഭാവരഹിതമായ ആള്‍ക്കൂട്ടം ആയി മാറിയപ്പോള്‍ തങ്ങള്‍ക്കൊരു ദ്രോഹവും ചെയ്തിട്ടില്ലാത്ത പലസ്തീന്‍ ജനതയുടെ നേരെ, നാസികളുടേതിനെ ഓര്‍മ്മിപ്പിക്കുംവിധം ക്രൂരതയും നശീകരണവും അഴിച്ചുവിട്ടുവെന്നതും ചരിത്രമാണ്. 
തീരുമാനങ്ങളില്‍നിന്നും ചുമതലകളില്‍നിന്നും പലായനം ചെയ്യാനുള്ള ഒരു ത്വര നമ്മുടെയെല്ലാം ഉള്ളിലെ ഏതോ അറയിലുണ്ട്. ഒരു മൂപ്പന്, പ്രവചാകന്, ഗുരുവിന്, രാജാവിന്,  ഫ്യൂഹ്‌റെര്‍ക്ക് എല്ലാം സമര്‍പ്പിച്ച് ആശ്വാസം തേടുവാനുള്ള ആന്തരികമായ വലിവ്. കാലത്തിനൊപ്പം മാറുന്നതും വ്യത്യസ്ത രൂപങ്ങള്‍ ആര്‍ജ്ജിക്കുന്നതും, എന്നാല്‍ ഒരിക്കലും വിട്ടുപോകാത്തതുമായ ഗോത്രകാലത്തെ അരക്ഷിതാബോധത്തിന്റെ അവശിഷ്ടം. എല്ലാ മനുഷ്യരിലും നമ്മളില്‍ത്തന്നെയും ഒരു ചെറിയ ഫാസിസ്റ്റ് ഒളിഞ്ഞിരിക്കുന്നുണ്ടാകും. വ്യക്തിത്വം വലിച്ചെറിഞ്ഞ് ആള്‍ക്കൂട്ടമായി മാറാനുള്ള കഴിവ് ലീനമായി സൂക്ഷിക്കുന്നവന്‍. 
1924-ലെ വെള്ളപ്പൊക്കം ഇറങ്ങി. സമയമെടുത്തുവെങ്കിലും അവസാനം കാറ് നീങ്ങി തെളിഞ്ഞ ദിനങ്ങള്‍ എത്തി. സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും. 
2018-ലെ കാര്‍മേഘങ്ങള്‍ നീങ്ങിയിട്ടില്ല. 2019-ലേയ്ക്ക് നീങ്ങുന്നു അവ. ഇടിയുടേയും മിന്നലിന്റേയും അകമ്പടിയോടെ. മഹാപ്രളയ ഭീഷണിയുമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com