ഹംപി: ചരിത്രസ്മൃതികളുടെ നൊമ്പരക്കാഴ്ചകള്‍

ഏതു യാത്രയും സാധ്യമാക്കുന്നൊരു കയ്യൊപ്പ് ഹൃദയത്തില്‍ പതിഞ്ഞത് ഹംപിയോടുള്ള കൊതിയേറ്റി. അങ്ങനെയാണൊരു പുലര്‍ക്കാലത്ത് നാടുകാണിച്ചുരം വഴി ഹംപി തേടിയിറങ്ങിയത്.
ഹംപി: ചരിത്രസ്മൃതികളുടെ നൊമ്പരക്കാഴ്ചകള്‍

ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ അലക്സാണ്ടര്‍ ഗ്രീന്‍ലോയുടെ ക്യാമറക്കണ്ണിലൂടെയാണ് ഹംപി തന്റെ മറുവാക്കില്ലാത്ത രാജകീയ നഷ്ടപ്രതാപത്തിന്റെ കനല്‍മുഖം ലോകത്തിനു കാണിച്ചുതന്നതെങ്കില്‍ ഏറെ പങ്ക് മലയാളികള്‍ക്കും ഹംപിയെന്ന അവിശ്വസനീയ മനോഹാരിതയിലേക്ക് ജാലകം തുറന്നത് 'ആനന്ദം' എന്ന സിനിമയാണ്. 

ഏതു യാത്രയും സാധ്യമാക്കുന്നൊരു കയ്യൊപ്പ് ഹൃദയത്തില്‍ പതിഞ്ഞത് ഹംപിയോടുള്ള കൊതിയേറ്റി. അങ്ങനെയാണൊരു പുലര്‍ക്കാലത്ത് നാടുകാണിച്ചുരം വഴി ഹംപി തേടിയിറങ്ങിയത്. അതീവ പുലര്‍ക്കാലമായതിനാല്‍ നിലമ്പൂര്‍ക്കാട് കണ്‍തുറക്കുന്നതേയുള്ളു. അറ്റകുറ്റപണി താറുമാറാക്കിയ റോഡിലൂടെ കാടോരം ചേര്‍ന്നു പതിയെ കുലുങ്ങിക്കുലുങ്ങി പോവുമ്പോള്‍ പിറകില്‍ വരുന്ന ഒരുത്തനും ഞങ്ങളെ മറികടക്കണ്ട. മുന്നിലുള്ളവനാകട്ടെ, കഴിയുന്നത്ര വഴിയൊഴിഞ്ഞ് ഞങ്ങളെ മുന്നോട്ട് പറഞ്ഞയക്കുന്നു. ഗൂഢല്ലൂരും ഗുണ്ടല്‍പേട്ടുമൊക്കെ ഉണര്‍വ്വിലേക്ക് കണ്ണുതിരുമ്മുന്നതേയുള്ളൂ. സര്‍വ്വരോഗ സംഹാരിയായ നഞ്ചന്‍ഗുഢ് ശിവന്റെ മണ്ണിലൂടെ ശ്രീരംഗപട്ടണത്തിലേക്ക് തിരിഞ്ഞു. 340 കിലോമീറ്റര്‍ ദൂരമുള്ള 'തുമാകുരു' എന്നു വേണമെങ്കിലും വായിച്ചെടുക്കാവുന്ന 'തും കൂര്‍' ആണ് ഹംപിയാത്രയുടെ ആദ്യ ഇടത്താവളം. 

വിശാലവും തിരിക്കില്ലാത്തതുമായ പാതയോരം ചേര്‍ന്നു പരന്നുകിടക്കുന്നു, കുന്നുകള്‍ അതിരായുള്ള കൃഷിയിടങ്ങള്‍. ചിലത് തരിശാണെങ്കില്‍ ചിലത് പച്ചപ്പാര്‍ന്നത്. മേത്തിച്ചീരയും മുളകും ചോളവുമൊക്കെയാണ് കൃഷി. ഇടവിളക്കാലമാണെന്ന് തോന്നുന്നു. ഇടയ്ക്കിടെ സൂര്യകാന്തിപ്പാടങ്ങളും പൂപ്പാടങ്ങളും. തമിഴകത്തിന്റെ ഏതു മുക്കും മൂലയും ശുചിത്വമാര്‍ന്ന ജീവിതക്കാഴ്ച തരുമ്പോള്‍ കന്നഡിഗന്‍ ഗ്രാമജീവിതങ്ങള്‍ക്ക് വൃത്തിഹീനതയുടെ മുഷിഞ്ഞ നാറ്റമാണ് പലപ്പോഴും. മണ്ണില്‍ അദ്ധ്വാനിക്കുന്നവന്റെ ജീവിതത്തിനൊരു കരകയറ്റം എന്നെന്ന ചോദ്യമുയര്‍ത്തി ഇരുണ്ടടര്‍ന്നും ഏച്ചുകൂട്ടിയും നില്‍ക്കുന്നു കര്‍ഷകഭവനങ്ങള്‍. കൃഷിയിടങ്ങളില്‍ സഹായികളായും കാലിമേച്ചും തീരുന്നു ബാല്യങ്ങള്‍. 
രാവിലെ ഹംപിയിലേക്ക് യാത്ര തുടരുമ്പോള്‍ ഹംപിയെക്കുറിച്ച് കേട്ടൊരു കാര്യം ഓര്‍മ്മയില്‍ മിന്നി. 'ഹംപി കാണാന്‍ ചുരുങ്ങിയത് ഒരു മാസം വേണം.' ഇത്തരം അതിശയോക്തി പെരുമഴയിലേക്ക് മുന്‍പിന്‍ നോക്കാതെ എടുത്തുചാടി, ചമ്മി നനഞ്ഞ് തിരിച്ചു കയറിയ മുന്‍ അനുഭവങ്ങള്‍ ചുണ്ടിലൊരു ചിരിയൂറ്റി. തുംകൂറില്‍നിന്നും സിറ, ചിത്രദുര്‍ഗ്ഗ വഴി ഹോസ്പെട്ടിലേക്ക്. ഹോസ്പെട്ടാണ് ഹംപിക്കടുത്ത പട്ടണം. ചെറുതായി പരീക്ഷിക്കുന്നുണ്ടെങ്കിലും വലിയ തെറ്റുപറയാനില്ലാത്ത റോഡ്. അടുത്തകാലത്ത് പുതുക്കിപ്പണിത ലക്ഷണമുണ്ട്. ആടുമാടുകളെ മേച്ചുപോവുന്ന ഗ്രാമീണര്‍ പലപ്പോഴും റോഡ് കയ്യടക്കുന്നു. അങ്ങിങ്ങ് ഒറ്റ മരങ്ങളുമായി തുറന്നു കിടക്കുന്ന വിശാല ഭൂവിതാനങ്ങള്‍. പൊതുവേ വരണ്ട മുഖമാണ് ഉത്തര കര്‍ണാടകയ്ക്ക്. എന്നാല്‍, ഹോസ്പ്പെട്ട് അടുക്കുംതോറും കൃഷിഭൂമികള്‍ പച്ചച്ചുനില്‍ക്കുന്നു. തണുത്ത മാസങ്ങളില്‍ ഒന്നാണ് ഹംപിയാത്രയ്ക്ക് തെരഞ്ഞെടുത്തതെന്നതിനാല്‍ വെയില്‍ച്ചൂടിനൊരു മയമുണ്ട്. ഇല്ലെങ്കില്‍ പൊരിഞ്ഞുപോയേനെ. ഹോസ്പെട്ടില്‍നിന്നും ഹംപിയിലേക്കുള്ള പന്ത്രണ്ട് കിലോമീറ്റര്‍ വഴിത്താര വളരെ പെട്ടെന്നു തന്നെ നമ്മളെ വിജയനഗരത്തിന്റെ പ്രാക്തന സ്മൃതികളിലേക്ക് കൂട്ടിയിണക്കും. വഴിവക്കിലങ്ങിങ്ങായി കാട്ടുപടര്‍പ്പുമൂടി ചിതറിക്കിടക്കുന്നു നൂറ്റാണ്ടുകള്‍ പിന്നിട്ട കല്‍നിര്‍മ്മിതികളുടെ അവശിഷ്ടങ്ങള്‍. 

ഹംപിയോടടുക്കുംതോറും മനസ്സ് വിഭ്രമിച്ചു പോകുന്നത് പാറക്കൂട്ടങ്ങളുടെ വന്‍മലകള്‍ കണ്ടാണ്. എവിടെയെങ്കിലും ഒന്ന് കൂട്ടിതൊട്ടുകൊണ്ട്, ഒരു വിരല്‍സ്പര്‍ശം മതി താഴേക്കുരുളാന്‍ എന്ന മട്ടിലുള്ള വന്‍പാറകളുടെയാ നില്‍പ്പ് നൂറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നുവെന്നത് വേവലാതിയില്‍ മറക്കുന്ന മനസ്സ് ഭയകാളിമയാല്‍ വിറയ്ക്കും. 

പാറക്കൂട്ടങ്ങളുടെയാ വന്‍മലയടിവാരം ജലസമൃദ്ധമാണ്. വെള്ളവും വളവും വെയിലും കൃത്യ അനുപാതത്തിലെന്നതിന്റെ തെളിവായി തഴച്ചുമുറ്റിനില്‍ക്കുന്നു വാഴയും നെല്ലും. കരുത്തും ലാവണ്യവും സംഗമിക്കുംപോലെ പാറക്കൂട്ടങ്ങളും കൃഷിയിടങ്ങളും ചേര്‍ന്നൊട്ടിയ പ്രകൃതിമനോഹാരിത, പ്രപഞ്ചസ്രഷ്ടാവിനപ്പുറമൊരു കലാകാരനില്ലെന്ന് ഉറപ്പിക്കുന്നു. 

കമലാപുര റെയില്‍വേസ്റ്റേഷന്‍
കമലാപുര റെയില്‍വേസ്റ്റേഷന്‍

ഹരിതമയമാര്‍ന്ന പാതകളിലൂടെ ഹംപിയുടെ പ്രധാന കവാടത്തിലെത്തി. ഏഴ് പ്രവേശനകവാടങ്ങളായിരുന്നുവത്രെ പഴയകാല ഹംപിക്ക്. ഓരോന്നിലൂടെയും ആരൊക്കെയാണ് പ്രവേശിക്കേണ്ടതെന്ന് കൃത്യമായി നിശ്ചയിക്കപ്പെട്ടിരുന്നു. അതായത് സൂക്ഷ്മമായി പ്ലാന്‍ ചെയ്ത് നിര്‍മ്മിച്ച ആസൂത്രിത നഗരമായിരുന്നു ഹംപി. 1520-ല്‍ ഹംപി സന്ദര്‍ശിച്ച പോര്‍ച്ചുഗീസ് സഞ്ചാരി ഡോമിനിംഗോ പേഗസ് എഴുതിയിട്ടത് റോം പോലെയോ, അതിനെക്കാള്‍ ഏറെയോ വിശാലവും അതിസുന്ദരവും ആണ് ഹംപിയെന്നാണ്. പഴത്തോട്ടങ്ങളും പൂന്തോട്ടങ്ങളും ജലാശയങ്ങളും അവയ്ക്കിടയിലൂടെ വീതിയേറിയ

കല്‍നടപ്പാതകളുമൊക്കെയായി കൃത്യമായ മുന്‍ധാരണകളോടെ ഭൂമിയില്‍ നിര്‍മ്മിച്ചെടുത്ത സ്വര്‍ഗ്ഗമായിരുന്നു ഹംപി. തുംകൂറില്‍നിന്നും രാവിലെ ഏഴുമണിക്ക് ആരംഭിച്ച ഹംപിയാത്ര പ്രധാന കവാടത്തിലെത്തുമ്പോള്‍ മണി അഞ്ച് കഴിഞ്ഞിരിക്കുന്നു. മഞ്ചേരിയില്‍നിന്ന് 650-ലേറെ കിലോമീറ്റര്‍ പിന്നിട്ടിരിക്കുന്നു. ഹംപിയെന്താണ് എന്ന് ഒന്ന് ധാരണപ്പെട്ടിട്ട് താമസസ്ഥലം അന്വേഷിക്കാം എന്നു കരുതി പ്രധാന കവാടത്തിലേക്ക് തിരിഞ്ഞു. വിശാലവും ചതുരാകൃതി കവരങ്ങള്‍ ഉള്ളതുമായ കമാനം നിറയെ ഉള്ള കൊത്തുപണികള്‍ ക്യാമറയില്‍ പകര്‍ത്തുകയും നോട്ടുബുക്കില്‍ കുറിപ്പെഴുതുകയും ചെയ്യുന്നു ഒരു വിദേശവനിത. 

നൂറടി മുന്നിലേക്ക് നീങ്ങിയതും ഒരു നിമിഷം ഹൃദയം നിശ്ചലം! അവിശ്വസനീയത ഉന്മാദസ്വരമായി പുറത്തുചാടുന്നത് അറിയുകപോലുമില്ല. മുന്നില്‍ കാണുന്ന വിസ്മയത്തിന്റെ ആശ്ചര്യത്തില്‍ ഇമചിമ്മാന്‍ മറന്നുപോകും കണ്ണുകള്‍. കണ്‍നിറയെ അല്ല, നിറഞ്ഞുകവിഞ്ഞ് ചിതറിത്തെറിച്ച് കിടക്കുന്നു നിറയെ, നിറയെ കല്ലില്‍ പൂത്ത സ്വപ്നങ്ങള്‍. തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നവും ശക്തവുമായിരുന്ന ഒരു സാമ്രാജ്യത്തിന്റെ അതിഗംഭീര അവശേഷിപ്പുകള്‍. 

വാഹനം പാര്‍ക്ക് ചെയ്തതും ഗൈഡുകള്‍ ഓടിവന്നു. എത്ര ദിവസം ഇവിടെ ഉണ്ടാവും എന്നാണ് അവരുടെ ആദ്യ ചോദ്യം. അതനുസരിച്ചാണ് അവര്‍ ഹംപി നമ്മളെ എങ്ങനെ കാണിക്കണമെന്ന് പ്ലാന്‍ ചെയ്യുന്നത്. ഏതെങ്കിലും ഒരു ചരിത്രസ്മാരകമല്ല, മറിച്ച് ഒരു സാമ്രാജ്യ തലസ്ഥാനമാണ് കാണേണ്ടതെന്ന തിരിച്ചറിവില്‍ ഹംപിയുടെ ചരിത്രമറിയുകയോ ഗൈഡിന്റെ സഹായം തേടുകയോ ചെയ്യണം. ആ ആദരവ് ഹംപി അര്‍ഹിക്കുന്നുണ്ട്. അത്യാവശ്യം ചരിത്രമറിഞ്ഞുവെച്ചതിനാലും കാണേണ്ടതിനെക്കുറിച്ചൊരു മുന്‍ധാരണ ഉള്ളതിനാലും ഗൈഡിനെ നിരുത്സാഹപ്പെടുത്തി. ഒട്ടും മുഖം കറുപ്പിക്കാതെ തെളിഞ്ഞ ചിരിയോടെ അയാള്‍ ഹംപിയെക്കുറിച്ച് ചെറുതായി ഒന്ന് സൂചിപ്പിച്ചു. 

ആതിഥ്യമര്യാദയുടെ ഒരു ജീന്‍ ഹംപി നിവാസികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ട്. മറ്റൊരു കാര്യം ശ്രദ്ധിച്ചത് അല്പവസ്ത്രധാരിണികളായ വിദേശ യുവതികള്‍ തദ്ദേശീയരില്‍നിന്നും ഒരു തുറിച്ചുനോട്ടം പോലും നേരിടുന്നില്ല എന്നാണ്. സോളോ സഞ്ചാരികളായ സ്വദേശികളും വിദേശികളുമായ സ്ത്രീകള്‍ ധാരാളം. അന്വേഷണത്തില്‍ ഹംപി പൊതുവെ സുരക്ഷിതമായൊരു ഇടമാണെന്നാണറിഞ്ഞതും. 
സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുകയും സുരക്ഷ നല്‍കുകയും ആയോധനമുറകള്‍ പരിശീലിപ്പിക്കുകയും ചെയ്ത കൃഷ്ണദേവരായരുടെ പ്രജകളുടെ പിന്‍മുറക്കാരില്‍നിന്ന് ആ ജീന്‍ മാഞ്ഞുപോയിട്ടില്ലെന്നുറപ്പ്. 
ഹംപിയില്‍നിന്നും മൂന്ന് കിലോമീറ്റര്‍ അപ്പുറം കിടക്കുന്ന കമലാപൂരില്‍ അത്യാവശ്യം താമസസൗകര്യവും ഭക്ഷണവും ഉണ്ട്. കമലാപൂരില്‍നിന്നാണ് ഹംപി തുടങ്ങുന്നതും. താമസം ഒപ്പിച്ചതിനുശേഷം പതിവുരീതിയനുസരിച്ച് കമലാപൂരിനെ ഒന്നറിയാന്‍ ഇറങ്ങി. നല്ല വിശപ്പുണ്ട്. ഹംപി കാഴ്ചകള്‍ക്കൊപ്പം ഹംപിയിലെ ഭക്ഷണത്തെക്കുറിച്ചും റസ്റ്റോറന്റുകളെക്കുറിച്ചും പറഞ്ഞുകേട്ടിട്ടുണ്ട്. വിദേശികള്‍ ധാരാളം വരുന്നതിനാല്‍ പല രാജ്യങ്ങളിലെ ഭക്ഷണങ്ങള്‍ ഇന്ത്യന്‍ കൈപ്പുണ്യത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ലഭ്യമാണ്. ഹംപി പോവുമ്പോള്‍ മാംഗോട്രീ റസ്റ്റോറന്റില്‍ പോവാന്‍ മറക്കണ്ട എന്ന് ഹംപി കണ്ടവര്‍ പറഞ്ഞും തന്നിരുന്നു. എന്നാല്‍, കമലാപൂരിലെ ഒരു ചെറിയ നാടന്‍മട്ടിലുള്ള ഹോട്ടലിലാണ് കയറിയത്. ചെറിയ ഹോട്ടലാണ് എന്നതിനാല്‍ ചെറിയ പ്രതീക്ഷയോടെ ഒരു ചിക്കന്‍ റോസ്റ്റിനും ചപ്പാത്തിക്കും പറഞ്ഞു. നിസ്സംശയം പറയാം ഞാന്‍ ജീവിതത്തില്‍ കഴിച്ച മികച്ച ചിക്കന്‍ റോസ്റ്റുകളില്‍ ഒന്നായിരുന്നു അതെന്ന്! 
സൂര്യന്‍ ഉദിച്ചുകിട്ടാന്‍ കാത്തുനില്‍ക്കുകയായിരുന്നു ഹംപിയിലേക്ക് വെപ്രാളപ്പെടുന്ന കാലുകള്‍. തുംഗഭദ്രയുടെ കരയില്‍ ഇരുപത്തിയാറിലധികം കിലോമീറ്ററുകളിലായി പരന്നുകിടക്കുന്ന വിജയനഗര സാമ്രാജ്യതലസ്ഥാനമാണ്, ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ച ഹംപി.  ശിവനെ തുംഗഭദ്രയുടെ ദ്രവീഡിയന്‍ നാമമായ പമ്പ ചേര്‍ത്ത് പമ്പാപതിയെന്ന് വിളിച്ചു. പമ്പാപതി എന്ന പേരിലറിയപ്പെട്ട ഇവിടം നൂറ്റാണ്ടുകളുടെ തേയ്മാനത്തിനൊടുവില്‍ ഹംപിയായി. 
അവശിഷ്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഹംപിയുടെ ചരിത്രം ചെറുതായെങ്കിലും അറിഞ്ഞുവെച്ചാലേ ഓരോ സ്മാരകത്തേയും അതിന്റേതായ ഗാംഭീര്യത്തില്‍ ഉള്‍ക്കൊണ്ടറിയാനാവൂ. കാലവുമായി പൊരുതിക്കൊണ്ടേ ഇരിക്കുന്നവയെ ഉള്ളുകൊണ്ട് തൊടാതെ, കണ്ണുകൊണ്ട് തൊട്ടുമടങ്ങുന്നതിലും വലിയ മര്യാദകേടെന്താണ്?

ലക്ഷ്മി നരസിംഹ ക്ഷേത്രം
ലക്ഷ്മി നരസിംഹ ക്ഷേത്രം

ഡല്‍ഹി സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ഭരണത്തില്‍നിന്നും രക്ഷപ്പെടാന്‍ കൃഷ്ണാനദിക്ക് തെക്കുള്ള ഹിന്ദുരാജാക്കന്മാര്‍ ഒരുമിച്ചു. തുഗ്ലക്കിനോട് നേരിട്ട് യുദ്ധം ചെയ്യാന്‍ കെല്‍പ്പില്ലാതിരുന്ന അവര്‍ ഡക്കാന്‍ പ്രവിശ്യയില്‍ തുഗ്ലക്ക് നിയമിച്ച മാലിക്ക് നൈബിനെതിരെ തിരിഞ്ഞു. മാലിക്ക് തികച്ചും ബലഹീനനാണെന്ന് അറിഞ്ഞ തുഗ്ലക്ക് താന്‍ മുന്‍പൊരിക്കല്‍ യുദ്ധത്തടവുകാരനായി പിടിച്ചുകൊണ്ടുവന്ന ഡല്‍ഹിയില്‍ തടവിലിട്ട് ഇസ്ലാം മതത്തില്‍ ചേര്‍ത്ത ഹംപിയ്ക്കടുത്ത അനഗുന്തിയിലെ സാമന്തനായ ഹരിഹരനെ തടവില്‍നിന്ന് മോചിപ്പിച്ചു. ഡക്കാന്‍ പ്രവിശ്യയില്‍ ഹരിഹരനുള്ള സ്വാധീനമറിയുന്നതിലുപരി അദ്ദേഹത്തിന്റെ ഭരണ നൈപുണ്യമറിയാവുന്നതിനാല്‍ സ്വതന്ത്രനാക്കി തന്റെ ആശ്രിതനെന്ന നിലയില്‍ ഭരണാധികാരം തിരിച്ചു നല്‍കി. അവിടെ തുഗ്ലക്കിനു പിഴച്ചു. ഭരണം തിരിച്ചു കിട്ടിയ ഹരിഹരന്‍ തന്റെ സഹോദരന്‍ ബുക്കന്റെ സഹായത്തോടെ കലാപകാരികളെ അടിച്ചമര്‍ത്തിയും ഹൊയ്‌സാലരെ തോല്‍പ്പിച്ചും സാമ്രാജ്യ വിസ്തൃതികൂട്ടി തന്റേതായൊരു സാമ്രാജ്യം സൃഷ്ടിച്ചു. ഹരിഹരബുക്കന്മാരുടെ ആത്മീയ ഗുരുവായിരുന്ന ശൃംഗേരിയിലെ വിദ്യാരണ്യ സ്വാമിയാണ് കംപിളിക്ക് തൊട്ടടുത്ത ഹംപിയില്‍ വിജയനഗരതലസ്ഥാനം പണിയാന്‍ നിര്‍ദ്ദേശിച്ചത്. മുഗളന്മാരുടെ അതിക്രൂര ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ കംപിളിയിലെ പുല്‍ക്കൊടിക്കുപോലും മുഗളരോട് കൊടും പകയുണ്ടെന്ന് വ്യക്തമായറിയുന്ന വിദ്യാരണ്യ, ഭാവിയില്‍ മുഗളരോട് ബലാബലം നില്‍ക്കേണ്ട ഒരു സാമ്രാജ്യ തലസ്ഥാനത്തിന് അടിത്തറ പാകേണ്ടത്, തുംഗഭദ്രയും കരിമ്പാറമലകളും സുരക്ഷിതമാക്കിയ ഭൂമിയും, അസാധാരണ കരുത്തരും മുഗളരോടുള്ള പക ഉള്ളിലുറഞ്ഞു കിടക്കുന്നവരുമായ കംപിളിയുടെ പിന്‍മുറക്കാരുമാവണം എന്ന് ഉറപ്പിച്ചിരുന്നു. ഒരര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞ കംപിളിക്കു മുകളിലാണ് ഹംപി പണിതുയര്‍ത്തിയത്. 

അങ്ങനെ ഹരിഹരബുക്കന്മാരുടെ പിതാവ് സംഗമന്റെ നാമത്തില്‍ സംഗമരാജവംശം വിജയനഗരം സൃഷ്ടിച്ചു. പിന്നീട് സാല്‍വ രാജവംശവും തുളുവ രാജവംശവും അരവിടു രാജവംശവും വിജയനഗരം ഭരിച്ചു. ഇതില്‍ തുളുവ കാലഘട്ടത്തിലെ കൃഷ്ണദേവരായരെന്ന ശൗര്യവീര ചക്രവര്‍ത്തിയുടെ കാലത്താണ് ഹംപി പ്രൗഢിയുടെ പാരമ്യത്തിലെത്തിയത്. കലയും കരുത്തും സംഗമിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നു ദേവരായര്‍. സാധാരണ കലാഹൃദയമുള്ള രാജാക്കന്മാര്‍ ചരിത്രത്തില്‍ ഒരു പരാജയമായി രേഖപ്പെടുമ്പോള്‍ അതിനപവാദമായി കൃഷ്ണദേവരായര്‍. ശത്രുക്കളുടെ ഉള്‍വിറച്ചിലായിരുന്ന കൃഷ്ണദേവരായരുടെ സന്തതസഹചാരിയായിരുന്നു ഭാരതമെങ്ങും പുകള്‍പെറ്റ കൗശലക്കാരനും കൂര്‍മ്മബുദ്ധിയുമായ തെന്നാലി രാമനെന്ന വിദൂഷകന്‍. ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കിയുള്ള യുദ്ധതന്ത്രങ്ങള്‍ മെനയാന്‍ രാമന്റെ കൂട്ട് ഏറെ സഹായകമായി. 
കായികശേഷിയിലും സര്‍വ്വമാന കലകളിലും അതിപ്രഗല്‍ഭനായിരുന്ന ദേവരായരെ അദ്ദേഹത്തിന്റെ അശ്വശാസ്ത്രത്തിലുള്ള അറിവും അശ്വാഭ്യാസത്തിലുള്ള കഴിവുംവെച്ച് പഞ്ചുപാണ്ഡവരിലെ നകുലനു തുല്യം കരുതിപ്പോന്നു. 

ബിജാപ്പൂര്‍ സുല്‍ത്താനായ ആദില്‍ ഖാനെ യുദ്ധത്തില്‍ കൊലപ്പെടുത്തി ശിരസ്സ് ഛേദിച്ചെടുത്ത് കുന്തത്തില്‍ നാട്ടിയ കൃഷ്ണദേവരായര്‍ ഇതുവഴി വിജയനഗര സാമ്രാജ്യത്തെ തൊട്ട് കൈപൊള്ളേണ്ട എന്ന അതിശക്ത താക്കീതാണ് മുഗള്‍രാജവംശത്തിനു നല്‍കിയത്. വിജയനഗരത്തെക്കാള്‍ സൈനികശേഷി ഉണ്ടായിട്ടും വിജയനഗരത്തിന്റെ അതിസമ്പന്നത കൊതിപ്പിച്ചിട്ടും കൃഷ്ണദേവരായരുടെ ഭരണകാലത്ത് മുഗളര്‍ സിംഹമടയില്‍ തലവെയ്ക്കുന്നത് പോയിട്ട് കണ്‍മുനയിടാന്‍ പോലും മടിച്ചു. 1529-ല്‍ കൃഷ്ണദേവരായര്‍ക്കു ശേഷം വന്ന രാജവംശങ്ങളുടെ ബലഹീനത മുതലെടുത്ത് 1564-ല്‍ തളിക്കോട്ട യുദ്ധത്തില്‍ ഡക്കാന്‍ സുല്‍ത്താന്മാര്‍ മുഗള്‍ പിന്‍ബലത്തോടെ വിജയനഗരത്തെ വീഴ്ത്തി മുച്ചൂടും നശിപ്പിച്ചു. വിശ്രമമേതുമില്ലാതെ ആറുമാസക്കാലം അവര്‍ തച്ചുതകര്‍ത്ത ഹംപിയുടെ അഞ്ചു ശതമാനം മാത്രമാണ് ഇന്ന് നമ്മള്‍ ഹംപിയില്‍ കാണുന്നത് എന്നും അതുതന്നെ ശരിയായി കാണാന്‍ ഒരു മാസത്തിലധികം വേണമെന്നും അറിയുമ്പോള്‍ എന്തായിരുന്നു യഥാര്‍ത്ഥ ഹംപി എന്നത് വന്യഭാവനയ്ക്കും അപ്പുറമാണ്. രത്‌നങ്ങളും സ്വര്‍ണ്ണശേഖരവും കുമിഞ്ഞുകൂടിയ ഹംപി വീണതറിഞ്ഞ് ദൂരെ ദിക്കില്‍നിന്നും മോഷ്ടാക്കളും കൊള്ളക്കാരും ഹംപി തേടിയെത്തി. 

ഒരു അതിശക്തനു കീഴില്‍ അതീവ സുരക്ഷയോടെ കഴിഞ്ഞിരുന്ന രാജകീയ ജനതയുടെ പിന്മുറക്കാര്‍ നാഥന്‍ നഷ്ടപ്പെട്ട് ചോദിക്കാനും പറയാനും ആരുമില്ലാതെ വര്‍ഷങ്ങളോളം നീണ്ട മോഷണത്തിനും ക്രൂരപീഡനങ്ങള്‍ക്കും ഇരയായി. ഒരു മഹാസാമ്രാജ്യത്തിന്റെ രാജ്ഞി അയല്‍രാജ്യ രാജ്ഞിയുടെ സൈരന്ധ്രിയായൊടുങ്ങി മരിച്ചുവീണു. ചരിത്രവും കാലവും അങ്ങനെയാണ്. പ്രകാശമാര്‍ന്നും ഇരുളടഞ്ഞും. 

ഹംപി നഗരിയുടെ വിദൂര ദൃശ്യം
ഹംപി നഗരിയുടെ വിദൂര ദൃശ്യം


പ്രധാന കവാടം കടന്നാല്‍ ആദ്യം കൃഷ്ണാ ടെമ്പിള്‍ ആണ്. രണ്ടായിരത്തിയഞ്ഞൂറിലധികം ക്ഷേത്രങ്ങളുള്ള ഹംപിയില്‍ ഇപ്പോള്‍ നിലവിലുള്ള ക്ഷേത്രങ്ങള്‍ മിക്കതിനും നമ്മള്‍ നല്‍കിയ വിളിപ്പേരാണുള്ളത്. ഗാംഭീര്യമാര്‍ന്ന പഴയ ദ്രവീഡിയന്‍ നാമങ്ങള്‍ ഹംപി നിവാസികളുടെ സ്മൃതിപഥങ്ങളില്‍നിന്നേ മാഞ്ഞുപോയി. ക്ഷേത്രത്തിനു മുന്നില്‍ അതിമനോഹരമായ പുഷ്‌കരണി. അതിമനോഹരം, പ്രൗഢഗംഭീരം എന്നീ വാക്കുകള്‍ ഹംപിയുടെ ദൃശ്യവിസ്മയങ്ങളിലേക്ക് എത്രതന്നെ വാരിവിതറിയാലും അധികമല്ല. 

ഒരു യുദ്ധവിജയത്തിനു നന്ദിയായി കൃഷ്ണദേവരായര്‍ നിര്‍മ്മിച്ച കൃഷ്ണ ടെമ്പിളിനുള്ളില്‍ ഉപക്ഷേത്രങ്ങളും ചെറുപുഷ്‌കരണികളും ധാരാളം. ക്ഷേത്രത്തിനു മുന്നിലെ അതിവിശാലമായ പുഷ്‌കരണി ജലം വറ്റിവരണ്ട് സ്മൃതിമുറിവുകള്‍ പോലെ വിണ്ടടര്‍ന്നു കിടക്കുന്നു. ക്ഷേത്രത്തിലെ ഉപാസനാമൂര്‍ത്തിയായിരുന്ന 'ബാലകൃഷ്ണ'നാവട്ടെ, മുഗള്‍പടയോട്ടത്തില്‍ ഇളക്കിപ്പറിച്ച് വലിച്ചെറിയപ്പെട്ടു. തന്റെ അതിവിശാല വസതി വിട്ടൊഴിയേണ്ടിവന്ന കക്ഷി ചെന്നൈ മ്യൂസിയത്തിലെ ഇത്തിരിപ്പോന്ന ചില്ലുകൂട്ടില്‍ ഗതകാലത്തിന്റെ കണ്ണീര്‍ത്തുള്ളിക്കാഴ്ചയായി ഇരിപ്പാണിപ്പോള്‍. 
ഹംപിയില്‍ വിരൂപാക്ഷ ക്ഷേത്രത്തില്‍ മാത്രമാണ് പ്രതിഷ്ഠയുള്ളത്, അതുകൊണ്ടുതന്നെ പൂജയും. ബാക്കിയുള്ള ക്ഷേത്രഗര്‍ഭഗൃഹങ്ങള്‍ ഒഴിഞ്ഞുകിടക്കുകയോ പ്രതിഷ്ഠ തച്ചുതകര്‍ക്കപ്പെടുകയോ ചെയ്ത നിലയിലാണ്. സന്ദര്‍ശകര്‍ക്ക് ചെരുപ്പ് ധരിച്ചോ വസ്ത്രം ധരിച്ചോ ഒക്കെ കയറാം, അനാഥമായ ആ ഗര്‍ഭഗൃഹങ്ങളില്‍. ഒരിക്കല്‍ അവയെന്തായിരുന്നു എന്നോര്‍ക്കുന്നവര്‍ സ്വയമറിയാതെ പാദരക്ഷകള്‍ ഊരിമാറ്റുന്നു. കണ്‍മുന്നിലെ ശൂന്യതയെ വണങ്ങുന്നു. 

കൃഷ്ണ ടെമ്പിളിനു തൊട്ടടുത്ത് ഹേമകൂട. വിശാലമായ പാറക്കെട്ടാണിത്. ഇവിടെയാണ് കടലേകലുഗണപതി. പതിനെട്ടടി ഉയരമുള്ള ഈ ശില്പം ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഗണപതി ശില്പമാണ്. ഒരിക്കല്‍ ദീപാലംകൃതമായിരുന്ന ഗര്‍ഭഗൃഹം ഇരുള്‍മൂടിക്കിടപ്പാണ്. മൊബൈല്‍ വെളിച്ചത്തില്‍ ഒന്നു വലംവെച്ചു. അന്ധകാരത്തില്‍ കല്‍ക്കറുപ്പില്‍ മുങ്ങി നിന്നിട്ടും സൂര്യപ്രകാശത്തിനെ കൃത്യമായ ശില്പി ഉപയോഗിച്ചിരിക്കുന്നതിനാല്‍ ശില്പശരീരം പുറത്തെ മണ്ഡപത്തില്‍നിന്നും നോക്കിയാല്‍ പ്രഭാപൂരിതമായി തെളിഞ്ഞുകാണുന്നു. ഗണപതിയുടെ വയര്‍ മുഗളന്മാര്‍ തച്ചുടച്ചത് കടലയുടെ ആകൃതിയിലായതിലാണത്രെ ഇതിന് കടലേകലു ഗണപതിയെന്ന പേര്. 

കടലേകലു ഗണപതിയുടെ പടുകൂറ്റന്‍ വസതിക്കു പിന്നില്‍ തുറന്ന മണ്ഡപത്തില്‍ ഉയര്‍ന്ന പീഠത്തില്‍ പന്ത്രണ്ടടി ഉയരത്തില്‍ ഇരിക്കുന്നത് ശാശിവേകലു ഗണപതി. 'ശാശിവേകലു' എന്നാല്‍ കന്നടയില്‍ കടുക്മണി എന്നര്‍ത്ഥം. അതിസുന്ദരമായി കൊത്തിയെടുത്ത ഈ ഗണപതിയുടെ വയറിന് കടുകാകൃതിയത്രെ. അതല്ല ഒരു കടുക് വ്യാപാരി നിര്‍മ്മിച്ചതിനാലാണ് ഈ പേരെന്നും പറയുന്നു. വയറിനു ചുറ്റും പാമ്പിനെ കെട്ടിയിരിക്കുന്ന മട്ടിലാണ് ശില്പം. വിശപ്പു താങ്ങാതെ ഉണ്ണിക്കുടവയര്‍ അതിലേപോയ പാമ്പിനെ കെട്ടി വയറു മുറുക്കിയുടുത്തതാണെന്നും മോദകം തിന്നുതിന്ന് വയറുപൊട്ടിയപ്പോള്‍ പാമ്പിനെ പിടിച്ചുകെട്ടി അഡ്ജസ്റ്റാക്കിയെന്നുമൊക്കെ കഥകള്‍. 
ഗണപതിമാര്‍ക്കപ്പുറം ജൈനക്ഷേത്രവും മണ്ഡപത്തറകളും ശില്പവേലകളും ഒക്കെ ഉണ്ട് ഹേമകൂടത്തില്‍. വേണമെങ്കില്‍ ഒരു ദിവസം സമയമെടുത്ത് കാണാന്‍ പാകത്തില്‍. കയ്യിലുള്ളത് രണ്ടേ രണ്ടു ദിവസമെന്ന ഓര്‍മ്മയില്‍ അതിലേക്കൊന്നും കണ്ണിടാതെ വേഗമിറങ്ങി. ഹേമകൂട മലയുടെ താഴ്ഭാഗത്തായി വിരൂപാക്ഷ ക്ഷേത്രം. ഏഴാം നൂറ്റാണ്ടില്‍ രാഷ്ട്രകൂട രാജാവായ വിക്രമാദിത്യന്റെ പത്‌നി ലോകമഹാദേവി പണിത ഈ ക്ഷേത്രത്തിനു വിജയനഗരത്തെക്കാള്‍ പഴക്കമുണ്ട്. ഹരിഹരബുക്ക കാലഘട്ടത്തില്‍ ക്ഷേത്രം ഒന്ന് മോടിപിടിപ്പിച്ചെങ്കിലും സൗന്ദര്യവല്‍ക്കരിച്ചത് കൃഷ്ണദേവരായരാണ്. ദ്രവീഡിയന്‍ ശില്പകലാരീതിയാണ് അവലംബിച്ചിരിക്കുന്നത്. ഒന്‍പത് നിലകളുള്ള മണ്ഡപം കടന്നുവേണം ക്ഷേത്രാങ്കണത്തിലെത്താന്‍. ക്ഷേത്രത്തിന്റെ മുകള്‍ത്തട്ടില്‍ നൂറ്റാണ്ടുകള്‍ക്കു മുന്നേ പഴച്ചാറിലും ഇലച്ചാറിലും വരച്ചിട്ട രാമായണ ദൃശ്യങ്ങള്‍. പലതും മങ്ങിയടര്‍ന്നിരിക്കുന്നു. ക്ഷേത്രത്തിനകത്ത് വന്‍ വാനരപ്പടയുണ്ട്. 

രാമായണവുമായി അഭേദ്യബന്ധമാണ് ഹംപിക്ക്. വാനരസാമ്രാജ്യമായിരുന്ന കിഷ്‌ക്കിന്‍ഡയാണത്രെ ഹംപി. രാമദാസന്‍ ഹനുമാന്റേയും ബാലിസുഗ്രീവന്മാരുടേയും നാട്. അധികം മരങ്ങള്‍ ഇല്ലാഞ്ഞിട്ടും കനത്ത ചൂടും പാറക്കൂട്ടങ്ങളുമായിട്ടും വാനരന്മാരെമ്പാടും. പൂര്‍വ്വിക നഗരം വിട്ടോടി പുതിയ വേരു പിടിപ്പിക്കാന്‍ അവര്‍ മനുഷ്യന്മാരല്ലല്ലോ. വാഴത്തോപ്പിനരികെ കാര്‍ നിര്‍ത്തി ഏറെ നേരം അവരുടെ കളി കണ്ടു നിന്നിരുന്നു. പഴത്തോപ്പുകളില്‍ അവര്‍ക്കെതിരെ വലിയ മുന്‍കരുതലുകളൊന്നുമില്ല. അവര്‍ തിന്ന് ബാക്കിയുള്ളത് വില്‍ക്കാം എന്നപോലൊരു നിലപാട്. അവരുടെ ദൈവീക പാരമ്പര്യം ഹംപി നിവാസികള്‍ അംഗീകരിക്കുന്നുണ്ട്. 

വിരൂപാക്ഷ ക്ഷേത്രത്തിലെ ഏറ്റവും കൗതുകകരമായ കാഴ്ച 'പിന്‍ഹോള്‍' എന്ന ക്യാമറാസൂത്രം ഏഴാം നൂറ്റാണ്ടില്‍ നടപ്പിലാക്കി ക്ഷേത്രഗോപുരത്തിന്റെ തലകീഴായ പ്രതിബിംബം ക്ഷേത്രത്തിന്റെ ഉള്‍ച്ചുമരില്‍ പതിപ്പിച്ചിരിക്കുന്നതാണ്. ഒരു സാങ്കേതികവിദ്യയുടേയും പിന്‍ബലമില്ലാത്ത അക്കാലത്തെ ഇത്ര മികവില്‍ ഉപയോഗിച്ചിരുന്ന ബുദ്ധിരാക്ഷസന്മാര്‍ ഇക്കാലത്ത് ജീവിച്ചിരുന്നു എങ്കില്‍, എന്തായിരിക്കും അവസ്ഥ! വെറുതെയല്ല, സമതുലനം കാക്കാന്‍ കാലം ചിലതിനെ ചില സമയത്തേക്ക് നിജപ്പെടുത്തുന്നത്. 
വിരൂപാക്ഷ ക്ഷേത്രത്തിനു പിന്നിലൂടെ തുംഗഭദ്രയൊഴുകുന്നു. വേനല്‍ തുടക്കത്തെ സൂചിപ്പിച്ച് പാറക്കെട്ടുകള്‍ പൊന്തിവന്നിരിക്കുന്നു. വിശാലവും നീളമേറിയതും എടുപ്പാര്‍ന്നതുമായ കരിങ്കല്‍പ്പടവുകള്‍ താണ്ടി പലരും കുളിക്കാനിറങ്ങുന്നു. വിദേശികള്‍ സൈക്കിള്‍ ഏറ്റിപ്പിടിച്ചും അല്ലാതെയും പടികള്‍ ഇറങ്ങിവരുന്നു. മിക്കവരുടേയും കയ്യില്‍ ഢമരുവും ഗഞ്ചിറയും ഗിറ്റാറുമൊക്കെ ഉണ്ട്. പുഴക്കരയില്‍ പുരന്ധരദാസിനു വിത്താലവിഷ്ണു കീര്‍ത്തനങ്ങള്‍ രചിക്കാന്‍ കൃഷ്ണദേവരായര്‍ നിര്‍മ്മിച്ച വിശാലമായ പുരന്ധരദാസ് മണ്ഡപത്തിലേക്കാണവരുടെയാ പോക്ക്. അവിടെ അവര്‍ കൂട്ടം ചേര്‍ന്നിരിക്കുന്നത് നദിക്കക്കരെ കടക്കാനുള്ള ബോട്ട്‌സര്‍വ്വീസ് കാത്താണ്. നദിക്കപ്പുറം തദ്ദേശീയര്‍ അവര്‍ക്ക് തീര്‍ത്തുകൊടുത്ത അവരുടെ ലോകം ഉണ്ട്. ഹിപ്പി ഐലന്‍ഡ്. 'ആനന്ദം' സിനിമയിലെ അതേ ഹിപ്പി ഐലന്റ് തന്നെ! വിശ്രമത്തിനും ഭക്ഷണത്തിനും അവര്‍ ഹിപ്പി ഐലന്റിനെ ആശ്രയിക്കുന്നു. സന്ധ്യമയങ്ങിയാല്‍ പാട്ടും നൃത്തവുമായി അവര്‍ ഹിപ്പി ഐലന്റിനെ ഈ ലോകത്തുനിന്നും പിടിവിടുവിപ്പിക്കുന്നു. 

വിദേശികളുടെ എണ്ണം വളരെ കൂടുതലാണ് ഹംപിയില്‍. വാടകയ്ക്ക് എടുത്ത സൈക്കിളിലും ബൈക്കിലുമായി അവര്‍ ഹംപിയുടെ മുക്കും മൂലയും കാണുന്നു. പലരും വന്നിട്ട് മാസങ്ങളായെന്നത് കച്ചവടക്കാരോടും ഗൈഡുകളോടുമുള്ള അവരുടെ പെരുമാറ്റത്തില്‍ നിന്നറിയാം. തുംഗഭദ്രയുടെ തണുത്ത കാറ്റും ഹംപിയുടെ പതിഞ്ഞ ചൂടും കല്‍പ്പടവുകളിലെ ഇരുത്തത്തെ സുഖദമാക്കുന്നു. ബോട്ട് സര്‍വ്വീസ് വരാനും പോവാനും നേരം ഒരുപാട് എടുക്കുന്നുണ്ടെന്ന് കണ്ടപ്പോള്‍ പുഴയ്ക്ക് അക്കരെ കണ്‍മുന്നില്‍ കാണുന്ന ഹിപ്പി ഐലന്റിലേക്ക് റോഡുമാര്‍ഗ്ഗം ഇരുപത് കിലോമീറ്റര്‍ കാറില്‍ ചുറ്റിയെത്തി കാണാം തീരുമാനിച്ചു. 

എത്രയോ നേരമായി കാലുകള്‍ തുംഗഭദ്രയുടെ തണുപ്പില്‍ പൂഴ്ത്തി, തലയ്ക്ക് മുകളില്‍ കത്തുന്ന സൂര്യനെ കൂസാതെ എങ്ങോ മിഴിയുറപ്പിച്ച് ധ്യാനിച്ചിരിക്കുന്ന വിദേശവനിതയെ കൊതിയോടെ നോക്കി പടവുകള്‍ തിരിച്ചു കയറി. 

നദിക്കരയിലെ വില്‍പ്പനശാലകളില്‍ പഴയ നാണയങ്ങളും ആഭരണങ്ങളും സുലഭം. വേറിട്ടു നടക്കുന്നവര്‍ക്കുള്ള ആടയാഭരണങ്ങളാണധികവും. അവരാണല്ലോ ഹംപി തേടിവരുന്നതും! കച്ചവടസാധനങ്ങള്‍ക്കെല്ലാം നൂറ്റാണ്ടുകളുടെ പഴക്കുനിറം. ഹംപിയെ കൊള്ളയടിച്ചു മതിയായി മടങ്ങിയവര്‍ ബാക്കിയിട്ട അവശേഷിപ്പുപോലുള്ളവ. പഴയ നാണയങ്ങള്‍ പലരുടേയും കയ്യിലുണ്ട്. മുന്‍ തലമുറയുടെ സമ്പന്നതയുടെ മിന്നിത്തിളക്കം പോലെ. കച്ചവടക്കാരി വലിയ വിലയൊക്കെ പറഞ്ഞെങ്കിലും 'ഞങ്ങള്‍ വിദേശികളല്ല ഇന്ത്യക്കാരാണ്, ആ ഒരു മയം വേണ്ടെ' എന്ന ചോദ്യത്തിനു ചിരിയോടെ അവള്‍ വിലയല്പം കുറച്ചു. ആകൃതിയൊത്ത അവളുടെ മൂക്കില്‍ തലമുറകള്‍ കൈമാറി വന്ന പൈതൃകാഭരണം പോലൊരു മൂക്കുത്തി. 
വിരൂപാക്ഷ ക്ഷേത്രത്തിന് എതിര്‍വശത്ത് മാതംഗിമലയും ഹംപി ബസാറും. രാമായണത്തിലെ ബാലികേറാമലയാണ് മാതംഗിമല. ഈ മലയില്‍ കയറിയാല്‍ ബാലിയുടെ തല ഛിന്നഭിന്നമാകുമെന്ന വരം നല്‍കി രാമന്‍ സുഗ്രീവനെ സുരക്ഷിതനാക്കിയ ഇടം. അതികരുത്തരായിരുന്ന ഈ ദൈവീക വാനരന്മാര്‍ യുദ്ധത്തിനിടെ വലിച്ചെറിഞ്ഞ കൂറ്റന്‍ പാറകളാണ് ഹംപി മുഴുവന്‍ ചിതറിക്കിടക്കുന്നതെന്നും മലമുകളില്‍നിന്ന് ഉരുണ്ടുവീഴാന്‍ നില്‍ക്കുന്നതെന്നും ഒറ്റയടിക്ക് വിശ്വസിക്കുകയാണ് എളുപ്പം. എങ്ങനെയാണ് ഈ പാറകള്‍ 'ഇങ്ങനെ' എന്നതിനൊരു വിശ്വസനീയ ഉത്തരം കിട്ടിയ ആശ്വാസ സുഖം. വെല്ലുവിളികള്‍ക്കിടെ പരസ്പരം കരുത്ത് തെളിയിക്കാനുള്ള അവരുടെ ഹസ്തതാഡനത്തില്‍ നുറുങ്ങിയ കരിങ്കല്‍ പര്‍വ്വതങ്ങളത്രെ പാറക്കൂട്ടങ്ങളുടെയീ വന്‍മലകള്‍. 

മാതംഗിമലമുകളില്‍ കയറിയാല്‍ ഹംപി ഏറെക്കുറെ വിശദമായി കാണാം. മാതംഗി ഹില്‍സിലെ സൂര്യോദയവും അസ്തമയവും ഹംപി ഓടിക്കണ്ട് മടങ്ങുന്നവരൊഴിച്ച് മറ്റാരും ഒഴിവാക്കാറില്ല. കഷ്ടി അരമണിക്കൂര്‍ കയറ്റമേ ബാലികേറാ മലയ്ക്കുള്ളൂ എങ്കിലും കയറിയില്ല. 
ഹേമകൂട മലനിരയ്ക്ക് പടിഞ്ഞാറേ ചരുവിലാണ് ഉഗ്രനരസിംഹ എന്നും ലക്ഷ്മി നരസിംഹ എന്നും അറിയപ്പെടുന്ന അപൂര്‍വ്വ ശില്പം. ഭീമാകാരമായ നരസിംഹ പ്രതിമയുടെ മടിയില്‍ ലക്ഷ്മീദേവി ഇരിക്കുന്ന മട്ടിലായിരുന്നു ഈ ശില്പമെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോള്‍ ലക്ഷ്മീദേവിയുടെ ഒരു കൈപ്പത്തി മാത്രം കാണാനുണ്ട്. ഇത് എങ്ങനെയിരുന്നു എന്നറിയാന്‍ കാലം ഒരു പെയിന്റിങ്ങ് പോലും തന്നില്ല. പല്ലിളിച്ചു നില്‍ക്കുന്ന നരസിംഹത്തിന്റെ ഭീമാകാരരൂപവും രൗദ്രതയും കണ്ട് ഭയന്നിട്ടാവണം മുഗളര്‍ ഈ ശില്പത്തെ ഇത്രയെങ്കിലും ബാക്കിവെച്ചത്. 


അതിന് തൊട്ടടുത്ത് ബടവ ലിംഗം. 'ബടവ' എന്നാല്‍ ദരിദ്ര എന്നര്‍ത്ഥം. ഭൂനിരപ്പില്‍നിന്ന് ശകലം താഴ്ത്തി കനാലുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തില്‍ ചുറ്റിനില്‍ക്കുന്ന വിധത്തിലുള്ള ഈ ശിവലിംഗം നിര്‍മ്മിച്ചത് ദരിദ്രയായൊരു സ്ത്രീയാണത്രെ. തനിക്ക് ഭാഗ്യം വരാനായിട്ടാണ് അവര്‍ ഇത് നിര്‍മ്മിച്ചതെന്ന് പറയപ്പെടുമ്പോള്‍ ഹംപിയില്‍ ദരിദ്രരോ ഇവിടെ ജീവിക്കുന്നതിലും വലിയ ഭാഗ്യമോ എന്നൊക്കെയുള്ള സംശയങ്ങള്‍ വിഴുങ്ങി. 
ചരിത്രത്തേക്ക് ചൂണ്ടുന്ന വിരല്‍പോലുള്ള എണ്ണമറ്റ ചൂണ്ടുപലകകള്‍ നിറഞ്ഞ ചെമ്മണ്‍ പാതകളാണെങ്ങും. 

റോയല്‍ എന്‍ക്ലോഷര്‍ ആണിനി. ഇതായിരുന്നു ഹംപിയുടെ ഭരണസിരാകേന്ദ്രം. റോയല്‍ എന്‍ക്ലോഷറിന്റെ ഏറ്റവും പ്രധാന ഭാഗം മഹാനവമിഢബ്ബയാണ്. ഹംപിയുടെ നിര്‍മ്മാണരീതി വെച്ചുനോക്കിയാല്‍ ഒരിക്കല്‍ ഏറ്റവും ഗംഭീരമാര്‍ന്ന ഇടമായിരിക്കണം ഈ മഹാനവമിഢിബ്ബ. ഇവിടെ ഇരുന്നാണ് രാജാവ് മഹാനവമി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നത്, പ്രജകളെ കണ്ടിരുന്നത്, സുപ്രധാന തീരുമാനങ്ങള്‍ അറിയിച്ചിരുന്നത്, വിശേഷദിനങ്ങളില്‍ പ്രജകള്‍ക്ക് രത്‌നവും പവിഴവും വാരിക്കോരി ദാനം ചെയ്തിരുന്നത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ തോന്നുന്നത് ഹംപിയിലെ ഏത് ദരിദ്രന്റെ വീട്ടിലും കാണും ഒരു പിടി രത്‌നമെന്നാണ്. നിരവധി കരിങ്കല്‍പ്പടികള്‍ കേറിയെത്തിയാല്‍ കാണുന്ന ഒരു ഉയര്‍ന്ന കരിങ്കല്‍ തറ മാത്രമാണ് ഇപ്പോള്‍ മഹാനവമിഢിബ്ബ. 
മഹാനവമിഢിബ്ബയ്ക്ക് അപ്പുറം മഹാരാജ്ഞി നവമിക്ക് ദീപം തെളിയിച്ചിരുന്ന പടവുകള്‍ മായാജാലം തീര്‍ത്ത പുഷ്‌കരണി. ഒരു നിമിഷം കണ്ണടച്ചപ്പോള്‍ പുഷ്‌കരണി നവമിദീപങ്ങള്‍ തെളിഞ്ഞ് കത്തി ഉള്‍ക്കണ്ണില്‍ പ്രഭാലംകൃതമായി. അതിനുമപ്പുറം സീക്രട്ട് ചേംബര്‍. വായു ശൂന്യമാക്കിയ തറകളും ചുവരുകളോടും കൂടെ നിര്‍മ്മിച്ച ഈ രഹസ്യാന്തര്‍ഭാഗ അറയില്‍ വെച്ചായിരുന്നിരിക്കണം രാജരഹസ്യങ്ങളും യുദ്ധതന്ത്രങ്ങളും ചര്‍ച്ച ചെയ്തത് എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. 

അപ്പുറം കാണുന്നത് ജല്‍മഹല്‍. കൃഷ്ണദേവരായരുടെ രണ്ടാം രാജ്ഞിയുടെ ഇഷ്ട ഇടം. വെള്ളം ഒഴുകുന്ന കുഴലുകളാല്‍ തണുപ്പിച്ചിരുന്നു ഇതിന്റെ ചുവരുകള്‍. ചുറ്റുമുള്ള വാച്ച് ടവറുകളില്‍ ജലകേളിയാടുന്ന രാജ്ഞിക്കു കാവലായി വനിതകള്‍. സെനാന എന്‍ക്ലോഷര്‍ എന്നറിയപ്പെടുന്ന മറ്റൊരിടത്താവട്ടെ, രാജസ്ത്രീകളുടെ കലാഭിരുചികള്‍ മാറ്റുരയ്ക്കപ്പെട്ടിരുന്നു. ആട്ടവും പാട്ടുമായി നിറഞ്ഞുനിന്ന ഇടം ഇപ്പോള്‍ നിശ്ശബ്ദം. 
ഇനിയുള്ളത് ലോട്ടസ് മഹല്‍. രാജാവ് യുദ്ധത്തിനു പോവുമ്പോള്‍ കനത്തസുരക്ഷയില്‍ സ്ത്രീകളെ പാര്‍പ്പിച്ചയിടം. ഇപ്പോഴും കാണാം ഒന്നുരണ്ട് ചുറ്റുമതില്‍. പണ്ട് മതിലുകളുടെ എണ്ണം ഏറെയായിരുന്നു. ഇന്‍ഡോ ഇസ്ലാമിക് ശൈലിയില്‍ റോസ് നിറമാര്‍ന്ന കുമ്മായച്ചാന്തു പൂശിയ ഇതിന്റെ ഭിത്തികളില്‍ രത്‌നക്കല്ലുകള്‍ പിടിപ്പിച്ചിരുന്നുവത്രെ. ഇവിടെ സമയം ചെലവഴിക്കാനായിരുന്നു ഒന്നാം റാണിക്ക് ഏറെ ഇഷ്ടം. റോസ് ടവറിനു ചുറ്റിലും വാച്ച്ടവറുകള്‍ ഉണ്ട്. പണ്ട് ഒന്നാന്തരം പെണ്‍പോരാളികള്‍ കാവല്‍നിന്ന വാച്ച് ടവറുകള്‍. 

അതിസമ്പന്നതയ്ക്കും സമൃദ്ധിക്കും അധികാരത്തിനും ഒപ്പം അരക്ഷിതാവസ്ഥയും രാജകുടുംബാംഗങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. 'ഏത് നിമിഷവും' എന്ന വാള്‍മുന തലപ്പിലെ ജീവിതങ്ങള്‍. പോര്‍ച്ചുഗീസ് സഞ്ചാരി പേഗസ് ഹംപിയുടെ മതിലുകളെ തകര്‍ക്കാന്‍ സാധിക്കാത്തവിധം ലോകോത്തരമെന്നാണ് വിശേഷിപ്പിച്ചത്. മറ്റൊരു കൂട്ടം ഉപയോഗിക്കാതെ കല്‍പ്പൂളുകള്‍ തിരുകി യോജിപ്പിച്ച് നിര്‍മ്മിച്ച അതിശക്തമായ മതില്‍ നിരന്തരം വെടിമരുന്ന് ഉപയോഗിച്ച് തകര്‍ത്താണ് മുഗളര്‍ ഹംപിയിലേക്ക് കടന്നത്. 
ലോട്ടസ് മഹലിനോട് ചേര്‍ന്ന് എലിഫന്റ് സ്റ്റേബിള്‍. രാജാവിന്റെ മത്തഗജങ്ങളെ പാര്‍പ്പിച്ചിരുന്ന ആനക്കൊട്ടില്‍ സത്യത്തില്‍ ഒരു ആനക്കൊട്ടാരമാണ്. എലിഫന്റ് സ്റ്റേബിളിലെ നടുവിലെ വലിയ ഹാളിലിരുന്ന് സംഗീതകച്ചേരി നടത്തുമായിരുന്നു വിദഗ്ദ്ധര്‍. അതും ആനകള്‍ക്കുവേണ്ടി. 
മറ്റൊരിടത്ത് കുതിരകള്‍ വെള്ളം കുടിച്ചിരുന്ന മീറ്ററുകള്‍ നീളമുള്ള കരിങ്കല്‍ പാത്തി. കല്ലുകൊണ്ടുണ്ടാക്കിയ പടുകൂറ്റന്‍ വാതില്‍. എല്ലാം നിലത്ത് അലക്ഷ്യമായി പൊടിയിലും ചവറിലും കിടക്കുന്നു. കരിങ്കല്‍ പാത്രങ്ങള്‍ നിറയെ ചിതറിക്കിടപ്പുണ്ട് ഹംപിയില്‍. മൃഗങ്ങള്‍ക്ക് വെള്ളം നിറച്ചുവെച്ചിരുന്നവയാവും. 

]ഹംപിയിലെ നിര്‍മ്മിതികളെ കേട് മാറ്റി നന്നാക്കി എടുക്കാനുള്ള ശ്രമം തടഞ്ഞത് കന്നട സാഹിത്യകാരന്‍ ശിവരാമ കാരന്ത് ആണ്. ഇന്നലെകളെ നന്നാക്കിയാല്‍ അതില്‍ ഇന്ന് കലരും. ഇന്നലെകള്‍ കലര്‍പ്പില്ലാതെ നില്‍ക്കുന്നതു തന്നെ ഭംഗി. അതില്‍ സംശയമില്ല. 
തൊട്ടപ്പുറത്തുണ്ട് ക്യൂന്‍സ് ബാത്ത്. ആഢംബര പൂര്‍ണ്ണമാണ് ഈ പുഷ്‌കരണി. രാജ്ഞിമാര്‍ നീരാടിയിരുന്നയിടം. വസ്ത്രം മാറാനും ചമഞ്ഞൊരുങ്ങാനുമുള്ള മുറികള്‍ കാണാം. പുഷ്‌കരണിയിലേക്ക് വെള്ളമെത്തിക്കുന്ന കരിങ്കല്‍പ്പാത്തികള്‍, വീതിയേറിയ പടവുകള്‍, പുഷ്‌കരണിയുടെ ഗതകാല പ്രൗഢി വിളിച്ചുപറയുന്നു. സര്‍വ്വവും തച്ചുതകര്‍ത്ത് സായൂജ്യമടഞ്ഞിരിക്കുന്നു ഹംപിയുടെ ശത്രുക്കള്‍. 

ഒക്ടഗണല്‍ ബാത്ത് എന്നെഴുതിയിടത്തേക്കു ചെന്നു. വിചിത്രമായ ആ നിര്‍മ്മിതിക്കു ചുറ്റും നടന്നു ഫോട്ടോ എടുക്കുന്നു നാലഞ്ചു ഫോട്ടോഗ്രാഫര്‍മാര്‍. എത്രയെടുത്തിട്ടും അവര്‍ക്ക് മതിയാവുന്നില്ല. ഹംപിയിലെവിടെയും കാണാം മനോഹര ഫ്രെയിമുകളുടെ പെരുമഴക്കാലത്തില്‍നിന്നും കരകയറാനാവാതെ വലയുന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ. വെയിലും നിഴലും കരിങ്കല്‍ ഷെയ്ഡുകളും എടുപ്പാര്‍ന്ന പശ്ചാത്തലവും ഫ്രെയിമുകളെ അപൂര്‍വ്വ മനോഹരമാക്കുന്ന നീരാളിപ്പിടുത്തത്തില്‍നിന്ന് അവര്‍ക്ക് എങ്ങനെ രക്ഷകിട്ടാനാണ്! കടന്നുപോകുന്ന വഴികളിലുള്ള ചൂണ്ടുപലകകളുടെ ക്ഷണം പലതും കണ്ടില്ലെന്ന് നടിച്ച് ഒഴിവാക്കുകയാണ്. സമയം, സമയമാണ് പ്രശ്‌നം! ജലനിബിഡമായ ഈ കരിങ്കല്‍ക്കിനാവിലെ എണ്ണമറ്റ പുഷ്‌കരണികള്‍ കണ്‍മുന്നിലൂടെ ഓടിമറയുന്നു. 

കൃഷ്ണദേവരായരുടെ കൊട്ടാരത്തിന്റെ അടിത്തറ മാത്രം കണ്ടു ഒരിടത്ത്. ശത്രുക്കള്‍ ഏറ്റവും ആദ്യം ആക്രമിച്ചതും മണ്ണോടു മണ്ണാക്കിയതും അതായിരിക്കുമല്ലോ. എന്തെല്ലാം അഭൗമ വിസ്മയങ്ങളാവാം പടയോട്ടങ്ങള്‍ കരുണയില്ലാതെ മായ്ച്ചത്. 

വിരൂപാക്ഷി ക്ഷേത്രം
വിരൂപാക്ഷി ക്ഷേത്രം


ഹംപി തുടങ്ങുന്നതും അവസാനിക്കുന്നതും വിരൂപാക്ഷചക്ഷേത്ര പരിസരത്തെന്ന ഹംപി പഴമൊഴിപോലെ കറങ്ങിക്കറങ്ങി വീണ്ടും ക്ഷേത്രപരിസരത്തെത്തി. അവിടെയാണ് ചരിത്രപ്രസിദ്ധമായ ഹംപി ബസാര്‍. നെടുനീളത്തില്‍ കെട്ടിയിട്ട കരിങ്കല്‍ മണ്ഡപങ്ങള്‍. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന അവയുടെ മേല്‍ക്കൂര കാട്ടുപടര്‍പ്പുകളാല്‍ മൂടിയിരിക്കുന്നു. രത്‌നവും പവിഴവും അപൂര്‍വ്വയിനം മുത്തുകളും സ്വര്‍ണ്ണനാണയങ്ങളും പറകൊണ്ട് അളന്ന് ഭീമന്‍ തുലാസുകളില്‍ വിറ്റിരുന്ന ഇടം. ഭാരതത്തിലെ മികച്ചയിനം കുതിരകളെ വാങ്ങാന്‍ അറബികളും പോര്‍ച്ചുഗീസുകാരും വന്നയിടം. സകലമാന പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഏറ്റവും ഗുണമേന്മയില്‍ ലഭിച്ചിരുന്ന ഇടം. അതിപ്പോള്‍ കാലിച്ചാണകത്താല്‍ മൂടിക്കിടക്കുന്ന  കാലി വിശ്രമ കേന്ദ്രമാണ്.

കോതണ്ഡരാമ ടെമ്പിള്‍, യന്ത്രോദ്ധാരകഹനുമന്ത ടെമ്പിള്‍, ബാലിമണ്ഡപം അങ്ങനെയങ്ങനെ ചൂണ്ടുപലകകളിലെ പേരുകള്‍ വെറുതെ വായിച്ചുപോവുകയേ ഇനി രക്ഷയുള്ളൂ. സമയം ആറുമണി കഴിഞ്ഞു. പടികയറി വരുന്നുണ്ട് ഇരുട്ട്. കമലാപൂരിലേക്ക് തിരിച്ചു. മറ്റൊരു രുചി പരീക്ഷിക്കാന്‍ തോന്നാത്തവിധം പിടിവീണ ഉറപ്പുള്ള രുചികളിലേക്ക് തിരിച്ചുചെന്നു വയര്‍ നിറച്ചു. തിങ്ങിമുട്ടുവോളം! മനസ്സും ഏതാണ്ടതുപോലെ തിങ്ങിവിങ്ങി നില്‍ക്കുന്നു. ആദ്യമായി തോന്നി ഇത്രയധികമൊന്നും ഒരുമിച്ച് കണ്ടുകൂടാ. താങ്ങുന്നില്ല. അത്രയ്ക്കധികം കാഴ്ചകളാല്‍ ചരിത്രസ്മൃതികളാല്‍ കുത്തിനിറയ്ക്കപ്പെട്ടിരിക്കുന്നു മനസ്സ്. 

രണ്ടാം ദിവസം, വിത്താല അഥവാ വിട്ടാല ക്ഷേത്രമാണ് ആദ്യ ലക്ഷ്യം. പോകുംവഴി രാജകുടുംബാംഗങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് നിര്‍മ്മിച്ച ഹസാരേ രാമക്ഷേത്രം കണ്ടു. ചിത്രാങ്കിതമായ കരിങ്കല്‍ത്തൂണുകള്‍. ഈ ക്ഷേത്രനിര്‍മ്മിതിയില്‍ മാര്‍ബിളും ഉപയോഗിച്ചിരിക്കുന്നു. ക്ഷേത്രത്തിനു മുന്നിലായി പണ്ട് 'പട്ടണ്ട എല്ലമ' എന്ന ദേവീക്ഷേത്രം ഉണ്ടായിരുന്നുവത്രെ. ഡോമിംഗോ പേഗസ് എഴുതിയിരിക്കുന്നത് മഹാനവമി ദിവസം ഇവിടെ രണ്ടായിരത്തിയഞ്ഞൂറിലധികം പോത്തുകളും നാലായിരത്തിലധികം ആടുകളും ബലി നല്‍കപ്പെട്ടിരുന്നുവത്രെ. വലിയൊരു കരിങ്കല്‍ക്കിണര്‍ ഇപ്പോഴും അവിടുണ്ട്. ബലിമൃഗങ്ങളുടെ രക്തം ഒഴുകിയെത്താനുള്ള ചാലുകളോടെ നിര്‍മ്മിക്കപ്പെട്ട ആ കൂറ്റന്‍ കിണര്‍ മഹാനവമിക്കാലത്ത് രക്തത്താല്‍ നിറഞ്ഞുകവിഞ്ഞു കാണും. ആ രക്തക്കിണറിനടുത്തേക്ക് പോയി നോക്കാനേ തോന്നിയില്ല. മിണ്ടാപ്രാണികളുടെ പ്രാണന്‍ ദൈവത്തിനു നല്‍കി സ്വന്തം പ്രാണനും ജീവിതവും സുരക്ഷിതമാക്കുന്ന ബലി എന്ന ക്രൂരതയോട് പൊറുക്കാനാവില്ല എനിക്കൊരിക്കലും. അതിനുമപ്പുറത്ത് അച്ച്യുതരായ ക്ഷേത്രം. തിരുവനന്തപുരത്തെ  പത്മനാഭസ്വാമി ക്ഷേത്രം ഇതിന്റെ മാതൃകയില്‍നിന്നും പ്രചോദിപ്പിക്കപ്പെട്ടതത്രെ. 

ഇനി വിത്താല ക്ഷേത്രമാണ് ലക്ഷ്യം. പോകുംവഴി രാജാതുലാസിന്റെ വിദൂര ദൃശ്യം കണ്ടു. ജന്മദിനത്തില്‍ തന്റെ തൂക്കത്തിനുള്ള രത്‌നവും സ്വര്‍ണ്ണവും രാജാവ് ദാനം ചെയ്തിരുന്നത്രെ. പതിനഞ്ചാം നൂറ്റാണ്ടില്‍ കൃഷ്ണദേവരായര്‍ നിര്‍മ്മിച്ചതാണ് വിത്താല (വിട്ടാല) വിഷ്ണുക്ഷേത്രം. ഹംപി വിജയനഗര സാമ്രാജ്യ കിരീടമായിരുന്നു എങ്കില്‍ അതിലെ വിലമതിക്കാനാവാത്ത രത്‌നമായിരുന്നു വിത്താല ക്ഷേത്രം. അതുകൊണ്ടുതന്നെ നശിപ്പിക്കാവുന്നത്രയും നശിപ്പിച്ചും കാണും എന്നോര്‍ത്തു. മഹാരാഷ്ട്ര, ഗോവ, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുമുള്ള ഗ്രാമീണര്‍ വിഷ്ണുവിനെ അവരുടെ സങ്കല്പപരിധിയുള്ളിലുള്ളൊരു രൂപം നല്‍കി വിളിക്കുന്ന പേരാണ് വിത്താല. അരയില്‍ കൈകുത്തി ഇഷ്ടികപ്പുറത്ത് കയറിനില്‍ക്കുന്ന ഒരു ബാലകരൂപമാണവര്‍ക്ക് വിഷ്ണു. ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ ഇപ്പുറം വാഹനങ്ങള്‍ നിര്‍ത്തണം. ശേഷം വനിതകള്‍ ഓടുന്ന ബാറ്ററിക്കാറില്‍ വേണം ക്ഷേത്രാങ്കണത്തിലേക്ക് പോകാന്‍. ക്ഷേത്രത്തിലേക്കുള്ള വീതിയേറിയ ചെമ്മണ്‍പാതയ്ക്ക് ഇരുവശത്തുമുള്ള പാറമലകള്‍ക്ക് മുകളില്‍ ചെറുമണ്ഡപങ്ങള്‍ ധാരാളം കാണാം. ചിലതില്‍ ക്യാമറകളും നോട്ട് പാഡുകളുമായി സന്ദര്‍ശകരുണ്ട്. അവര്‍ ഹംപിയെ കാണാനല്ല അറിയാനാണ് വന്നിരിക്കുന്നത്. 360ഡിഗ്രി തുറസ്സില്‍ അതിവിശാലമായി പരന്നുകിടക്കുന്ന ക്ഷേത്രാങ്കണവും പരിസരവും ഒരു ദേവലോകം പോലെ! ക്ഷേത്രമെത്തുന്നതിനും എത്രയോ മുന്‍പു തന്നെ ഇരുവശങ്ങളിലും കല്‍ത്തൂണുകളാല്‍ നിര്‍മ്മിച്ച നടപ്പാത പോലൊന്ന് കാണാം. ഭക്തര്‍ക്ക് വരിനില്‍ക്കാനുള്ളവയാണവയെന്ന് തെറ്റിദ്ധരിച്ചുപോകും. സത്യത്തില്‍ കുതിരകളെ കെട്ടിയിരുന്ന ഇടമത്രെ അവ. അശ്വപ്രേമത്തിനുപരി ഒരു സാമ്രാജ്യ സുരക്ഷിതത്വത്തിന്റെ നട്ടെല്ല് അശ്വസേനയുടെ കരുത്താണ് എന്നറിഞ്ഞിരുന്ന കൃഷ്ണദേവരായര്‍ കുതിരകളെ അതിന്റേതായ സുരക്ഷയോടെതന്നെ പരിപാലിച്ചു. 

ഹിപ്പി ഐലന്‍ഡ്
ഹിപ്പി ഐലന്‍ഡ്

തെക്കേ ഇന്ത്യന്‍ വാസ്തുശൈലി പ്രകാരം നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രഗോപുരത്തിന്റെ തലഭാഗം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ദേവരായ രണ്ടാമന്‍ നിര്‍മ്മിച്ച് കൃഷ്ണദേവരായര്‍ നവീകരിച്ച ഈ ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം ആയിരം കാല്‍മണ്ഡപവും മ്യൂസിക് പില്ലറുകളുമാണ്. സപ്തസ്വരങ്ങളും വിവിധ വാദ്യോപകരണ സംഗീതവും പൊഴിക്കുന്ന തൂണുകളുടെ രഹസ്യമറിയാന്‍ ഒന്നുരണ്ടെണ്ണം പൊളിച്ചുനോക്കിയ ബ്രിട്ടീഷുകാര്‍ വിഡ്ഢികളായതു മിച്ചം. ഇതുണ്ടാക്കിയവന് അതിന്റെ സൂത്രം ഒളിപ്പിക്കാനാണോ പാട്. ഇത്തരം കൗതുകങ്ങള്‍ക്ക് സ്ഥിരം സംഭവിക്കുന്ന ദുര്‍വിധിപോലെ ഇവിടെയും സന്ദര്‍ശക കൊട്ടേറ്റ് മ്യൂസിക് പില്ലറുകള്‍ അടര്‍ന്നുപൊടിഞ്ഞു. വൈകി ഉദിച്ച ബുദ്ധി ഇപ്പോള്‍ കൊട്ടലിനു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. സംരക്ഷിത സ്മാരകമെങ്കിലും ഹംപിയില്‍ മറ്റെവിടെയും സന്ദര്‍ശകര്‍ക്ക് വിലക്കുകളില്ല. അല്പം കൂടെ എന്നല്ല വളരെ കൂടുതല്‍ സംരക്ഷണം വേണ്ടതുണ്ട് ഹംപി സൗധങ്ങള്‍ക്ക്.
വിത്താല ക്ഷേത്രത്തിനുള്ളിലെ തറനിരപ്പിനു താഴെയുള്ള ശ്രീകോവിലും ഗര്‍ഭഗൃഹം ഉള്‍ക്കൊള്ളുന്ന പ്രധാന മണ്ഡപവും ഒക്കെ തികച്ചും അപകടാവസ്ഥയില്‍ ആയതിനാല്‍ സന്ദര്‍ശനം വിലക്കിയിരിക്കുന്നു. ഒരു ടൈംമിഷ്യന്‍ പോലെ നമ്മളെ ഗതകാലത്തിലേക്ക് തെറ്റിത്തെറിപ്പിച്ചിടും ഈ ക്ഷേത്രം. നിലനില്‍ക്കുന്ന 'ഇന്നി'നെ നമ്മള്‍ പാടേ മറക്കും. 

ക്ഷേത്രമുറ്റത്ത് കര്‍ണാടക സര്‍ക്കാരിന്റെ ടൂറിസം മുദ്രയായ ഹംപിയിലെ കല്‍രഥം. ഒറീസ്സയിലേക്കുള്ള പടയോട്ടത്തില്‍ കൊണാര്‍ക്കിലെ രഥത്തില്‍ ആകൃഷ്ടനായ കൃഷ്ണദേവരായര്‍ നിര്‍മ്മച്ചതാണീ രഥം. കൃഷ്ണദേവരായര്‍ നിര്‍മ്മിച്ചതെന്ന് പറയുമ്പോള്‍ അധികാരവും ആജ്ഞയും മേല്‍നോട്ടവും മാത്രമാണ് രാജാവിന്റെ പങ്കെന്നും സര്‍ഗ്ഗാത്മകതയും അപൂര്‍വ്വ ശില്പവൈദഗ്ദ്ധ്യമുള്ളവനുമായ ശില്പിയും പണിയാളരും ചരിത്രത്തില്‍ അപ്രസക്തരാണെന്നും മറക്കരുത്. ഏത് മഹാനിര്‍മ്മിതികളും അക്കാലങ്ങളിലെ അധികാരം കയ്യേറിയവന്റെ പേരിലറിയപ്പെടുന്ന അന്യായത്തിന്റെ പേര്‍ കൂടിയാണ് ചരിത്രം. വിത്താല ദേവന്റെ വാഹനമായ ഗരുഡന്റെ ആരാധനയ്ക്കായി നിര്‍മ്മിച്ച ഈ രഥത്തിനു മുകളിലെ ഗോപുരവും കൂറ്റന്‍ ഗരുഡപ്രതിമയും അപകടാവസ്ഥ കാരണം നീക്കം ചെയ്തിരിക്കുന്നു. അലക്‌സാണ്ടര്‍ ഗ്രീന്‍ലോയുടെ ഫോട്ടോഗ്രാഫുകളില്‍ രഥം ഇന്നലെകളുടെ ഗാംഭീര്യം കുറച്ചൊക്കെ വെളിവാക്കുന്നുണ്ട്. കൂറ്റന്‍ കല്‍ച്ചക്രങ്ങളോടു കൂടിയ രഥം ദിനംപ്രതി അപകടാവസ്ഥയിലേക്കാണ് പോക്കെന്ന് കണ്ടാലറിയാം. ഒരുപറ്റം പ്രൈമറി സ്‌കൂള്‍ കുട്ടികളും അധ്യാപകരും വന്നു. വന്നപാടെ കുട്ടികള്‍ രഥത്തിന്റെ  ആടിയടര്‍ന്ന പടികളില്‍ പൊത്തിപ്പിടിച്ച് കയറി. ഇരിക്കാവുന്ന രഥഭാഗങ്ങളില്‍ ഇരുന്നും കയറിമറിഞ്ഞും കുരുന്നുകള്‍ തിമിര്‍ക്കുന്നു. ഈ പ്രായത്തിലുള്ള കുട്ടികളുടെ മനഃശാസ്ത്രമറിയാതെ അവരെ ഇത്തരം സ്ഥലങ്ങളിലേക്ക് കൊണ്ടുവരുന്നവരെ അധ്യാപകര്‍ എന്നു വിളിക്കാന്‍ അധ്യാപികയായ എനിക്ക് കഴിയില്ല. കുട്ടികള്‍ക്കെന്ത് കൃഷ്ണദേവരായര്‍, എന്ത് ചരിത്രസ്മാരകം? കപ്പലില്‍ കയറിയ കൂറയെപ്പോലെ വെപ്രാളപ്പെട്ട് അതിലേയുമിതിലേയും പാഞ്ഞുനടന്നും ചാടിക്കയറാവുന്നതിലൊക്കെ ചാടിക്കയറിയും പിടിച്ചുനോക്കാവുന്നതിലൊക്കെ തൂങ്ങിയാടി ബഹളംവെച്ചും കാറ്റുപോലെ വന്നവര്‍ കാറ്റായിത്തന്നെ മടങ്ങി. അധ്യാപകര്‍ ഒന്നും വിശദീകരിച്ചു കൊടുക്കുന്നില്ല. കുട്ടികള്‍ ഒരു പറ്റമായി നടക്കുന്നു. അധ്യാപകര്‍ കൂട്ടംചേര്‍ന്നൊരു മറുപറ്റവും. 

ക്ഷേത്രമുറ്റത്തുനിന്നും നോക്കിയാല്‍ അജ്ഞനാദ്രിബേട്ട കാണാം. രാമായണകഥയിലെ ഹനുമാന്റെ ജന്മസ്ഥലം. എത്രനേരം വേണമെങ്കിലും സമയമെടുത്ത് കാണാന്‍ വകുപ്പുള്ള ക്ഷേത്രാങ്കണത്തില്‍നിന്നും പിടിച്ചുവലിച്ച് തിരിച്ചിറക്കിയത് സമയമാണ്. കൈ നിറയെ സമയവുമായി വേണം ഹംപിയിലേക്ക് വരാന്‍. ഭൂമിക്കടിയില്‍ പണിത അണ്ടര്‍ഗ്രൗണ്ട് ടെമ്പിള്‍ എന്നറിയപ്പെടുന്ന പാതാളേശ്വരക്ഷേത്രമാണിനി ലക്ഷ്യം. ഹരിഹരബുക്ക കാലഘട്ടത്തില്‍ പണിത ഈ ക്ഷേത്രം പൂര്‍ണ്ണമായും ഭൂനിരപ്പിനടിയില്‍ മണ്ണുമൂടിക്കിടന്നത് പുരാവസ്തുവകുപ്പ് ഖനനം ചെയ്‌തെടുത്തതാണ്. പ്രസന്ന വിരൂപാക്ഷ ക്ഷേത്രം എന്നും അറിയപ്പെട്ടിരുന്ന ഈ ശിവവസതി തകര്‍ത്തുതരിപ്പണമാക്കിയിരിക്കുന്നു. മണ്‍കുഴിക്കുള്ളിലാണ് ബാക്കിവന്ന ക്ഷേത്രഭാഗങ്ങള്‍ പടികള്‍ ഇറങ്ങിചെന്നാല്‍ വിശാലവും തണുപ്പും ഇരുളും ഇഴപിരിഞ്ഞ അകത്തളങ്ങള്‍ നമ്മളെ ദൈവികത്വത്തിന്റെ നിഗൂഢരഹസ്യങ്ങളിലേക്ക് സ്വാഗതം ചെയ്യും പോലെ. ഷൂ ഊരി മാറ്റാതെ ശ്രീകോവിലിലേക്ക് കയറിയ വിദേശവനിതയ്ക്ക് ഒപ്പം കയറി. അവരുടെ കയ്യിലെ പെന്‍ടോര്‍ച്ചിന്റെ വെളിച്ചം ശ്രീകോവിലകത്തെ ഇരുള്‍ക്കണ്ണ് തുറപ്പിച്ചു. ശിവലിംഗം തച്ചുടച്ചതിന്റെ ആഘാതത്തില്‍ മറിഞ്ഞ പീഠം മൂലയ്ക്ക് കിടക്കുന്നു. സിരകളിലെ സംസ്‌കാരം ചെരുപ്പ് പുറത്ത് ഊരിയിടുവിപ്പിച്ചതിനാല്‍  കാലടികളില്‍ പക്ഷിക്കാഷ്ഠം ഒട്ടുന്നു. ഒരിക്കല്‍ ദൈവിക ചൈതന്യം എന്നുവിളിച്ച പോസിറ്റീവ് എനര്‍ജി നിറഞ്ഞുനിന്നയിടമാണിത്. ബിംബമേ തകര്‍ക്കപ്പെട്ടിട്ടുള്ളൂ. ചൈതന്യം അവിടെത്തന്നെയുണ്ട്. അതറിയാനുമാവുന്നുണ്ട്. അതുകൊണ്ടുതന്നെ മുന്നിലെ ഇരുള്‍മൂടിയ ശൂന്യതയെ തലകുനിച്ച് വന്ദിക്കാനുമാവുന്നു. 

കരിങ്കല്‍പാത്തി വഴി ക്ഷേത്രാന്തര്‍ഭാഗത്ത് ജലം നിറച്ചിരുന്നുവത്രെ പണ്ട്. പാതാളേശ്വരനെ പാതാളത്തില്‍ പോയി വന്ദിക്കും പോലൊരു അനുഭവമായിരിക്കും ചുറ്റും കട്ടപിടിച്ച ഇരുളും കാലടികളിലെ ജലത്തണുപ്പും ഭക്തര്‍ക്ക് നല്‍കിയത്. വൈഷ്ണവനായിരുന്നു എങ്കിലും ശൈവക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനും മോടിപിടിപ്പിക്കാനും ഒട്ടും മടിക്കാത്ത യഥാര്‍ത്ഥ ഭക്തനായിരുന്നു കൃഷ്ണദേവരായര്‍. അപൂര്‍വ്വങ്ങളിലപൂര്‍വ്വ വ്യക്തിത്വം. ദേവരായരുടെ സൗന്ദര്യവല്‍ക്കരണ കയ്യൊപ്പും ക്ഷേത്രത്തിലുണ്ട്. 

പാതാളേശ്വര സന്നിധിയില്‍നിന്ന് മടങ്ങും വഴികളിലെല്ലാം കാണാം സ്മൃതി സൗധങ്ങള്‍. ഒഴിഞ്ഞുകിടപ്പില്ലൊരു പാറക്കൂട്ടവും. ഓടിവന്ന് ഹംപിയെ കണ്ടു മടങ്ങുന്നവര്‍ക്ക് അപ്രധാനവും ഹംപിയെ അറിയാന്‍ വന്നവര്‍ക്ക് ഒട്ടും പ്രാധാന്യം കുറവില്ലാത്തതുമായ കല്‍നിര്‍മ്മിതികളുടെ എണ്ണമറ്റ കാഴ്ചകള്‍. ഒരാപത്ത് വരുമ്പോള്‍ തന്റെ പടയാളികളെപ്പോലെ തന്റെ ജനതയും അതിനെ നേരിടാന്‍ കരുത്തരായിരിക്കണമെന്ന് വിജയനഗര സാമ്രാട്ടുകള്‍ ചിന്തിച്ചതിന്റെ ഫലമാണോ ഈ ഇടതടവില്ലാതെ കിടക്കുന്ന നിര്‍മ്മിതികള്‍? കരിങ്കല്ലുമായി നിരന്തരം അടരാടുന്നവരുടെ മെയ്ക്കരുത്തും കരിങ്കല്ലുറപ്പുള്ളതാകുമല്ലോ. കരുത്തുറ്റ സൈനികരും കരുത്തില്‍ ഒട്ടും മോശമല്ലാത്ത ജനതയും സാമ്രാട്ടുകളുടെ ആന്തരികബലം അസാധ്യ ഉയരത്തിലെത്തിച്ചിരിക്കും. 

ദൂരെ രണ്ട് വന്‍പാറകള്‍. ഒന്ന് ഒന്നിന്റെ തോളിലേക്ക് തല ചായ്ച്ചിരിക്കും പോലെ. 'അക്കതങ്കിയാരു' പാറകളാണവ. ആ നിമിഷം അവര്‍ കല്ലായി മാറിയതാണ് 'അക്കതങ്കിയാരു' മലകള്‍. ഈ വാമൊഴി കെട്ടുകഥയുടെ ഗൂഢോദ്ദേശ്യം ഒന്നു മാത്രം. ഹംപിയെ ഒരു അവശിഷ്ട നഗരമായി മാത്രം കാണരുത്. അത് ഹംപി ക്ഷമിക്കില്ല! അത്രമാത്രം യാതനകളിലൂടെ കടന്നുവന്നാണത് സ്വര്‍ലോക തുല്യമായൊരു ഭൂതകാലത്തെക്കുറിച്ച് നമുക്ക് പറഞ്ഞുതരുന്നത്. 

വാട്‌സാപ്പില്‍ ഒരു വീഡിയോ വന്നു. ഹംപിയിലെ കരിങ്കല്‍ത്തൂണുകള്‍ തള്ളിമറിച്ചിട്ട് ആര്‍ത്തുല്ലസിക്കുകയാണ് വിനോദസഞ്ചാരികളായ ഒരു പറ്റം യുവാക്കള്‍. നിരനിരയായി തകര്‍ന്നു കിടക്കുന്നു പതിനഞ്ചോളം കല്‍ത്തൂണുകള്‍. രണ്ടുപേര്‍ ആഞ്ഞുതുള്ളിയാല്‍ മറിഞ്ഞുവീഴുന്ന ഈ തൂണുകള്‍ നൂറ്റാണ്ടുകളുടെ തള്ളലുകളെ അതിജീവിച്ചവയാണെന്ന് അവരെന്തിനോര്‍ക്കണം? അവര്‍ക്ക് വിനോദമാണ് സഞ്ചാരം. ചരിത്രത്തെയറിയലല്ല. പിന്‍തലമുറയുടെ അദ്ധ്വാനത്തേയും മഹനീയതയേയും വന്ദിക്കലല്ല. മാനസിക വൈകൃതങ്ങളുടെ കരുത്ത് തെളിയിക്കലാണ് ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് യാതൊരു വൈഷമ്യവുമില്ലാതെ ചരിത്രസ്മാരകങ്ങളില്‍ തങ്ങളുടെ പേര് കോറിയിട്ടതിനെ അപമാനിക്കാനാവുന്നതും. ഇത്തരം മക്കളെ പെറ്റ മാതൃത്വം ലജ്ജിക്കട്ടെ!
-ഇനി മടക്കം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com