അത് ഞാനായിരുന്നു: അഷിതയെക്കുറിച്ച് ശ്രീബാല കെ മേനോന്‍ എഴുതുന്നു

അഷിത എഴുതിയ ഒന്നും ഞാന്‍ വായിക്കില്ല. പക്ഷേ, അഷിതയെക്കുറിച്ച് ആരെന്തെഴുതിയാലും തേടിപ്പിടിച്ചു വായിക്കും. അവരെ നേരിട്ട് പരിചയമുള്ളവരോടൊക്കെ അവരെക്കുറിച്ച് തിരക്കും.
അത് ഞാനായിരുന്നു: അഷിതയെക്കുറിച്ച് ശ്രീബാല കെ മേനോന്‍ എഴുതുന്നു

ന്റെ രണ്ടാമത്തെ കീമോതെറാപ്പി അതിജീവിക്കാന്‍ എഴുതിയ 'ഹൈക്കു' കവിതകള്‍ പുസ്തകമാവുന്ന വേളയില്‍ അത് ഏറ്റുവാങ്ങാന്‍ നിയോഗിക്കപ്പെട്ട എന്നെ അഷിത വിളിക്കുന്നു. ഒരിക്കലും ഇല്ലാത്തപോലെ ഞാന്‍ വെറുതെ ചിരിച്ചുകൊണ്ടിരുന്നു. സംസാരം കുറവും ചിരി അധികവുമായി നാല് വര്‍ഷം മുന്‍പ് ഒരു ഫോണ്‍ സംഭാഷണം . അതുവരെ ഞാന്‍ നിശ്ശബ്ദമായി പിന്തുടരുന്ന ഒരു വ്യക്തിത്വമായിരുന്നു അഷിത. അന്നപൂര്‍ണ്ണ ദേവിയെപ്പോലെ. അഷിത എഴുതിയ ഒന്നും ഞാന്‍ വായിക്കില്ല. പക്ഷേ, അഷിതയെക്കുറിച്ച് ആരെന്തെഴുതിയാലും തേടിപ്പിടിച്ചു വായിക്കും. അവരെ നേരിട്ട് പരിചയമുള്ളവരോടൊക്കെ അവരെക്കുറിച്ച് തിരക്കും. അതില്‍ പ്രധാനി പ്രിയ എ.എസ്. ആണ്. നേരിട്ട് കാണാനും എനിക്ക് തീരെ താല്പര്യമില്ലായിരുന്നു. എന്തോ എഴുതിയത് വായിക്കാന്‍ ഇഷ്ടമില്ലാത്തതുപോലെ വീട്ടില്‍ പോവാനും മടിയായിരുന്നു. ഇതൊക്കെ അറിഞ്ഞതു കൊണ്ടാണെന്നു തോന്നുന്നു, തൃശൂര്‍ വരുമ്പോള്‍ വീട്ടിലോട്ട് വരാന്‍ അഷിത ആവശ്യപ്പെട്ടു. ഞാന്‍ വളരെ മടിച്ച് ചെന്നു. രണ്ടു കയ്യും പിടിച്ച് ഉള്ളം കൈ പരിശോധിച്ചു. കണ്ണില്‍ തുറിച്ചു നോക്കി. തേടിയതെന്തോ കണ്ടെത്തി ബോധിച്ചു. എന്നെ കൈ പിടിച്ചു കട്ടിലില്‍ കൊണ്ടിരുത്തി.
''നീ എന്താ എന്നെ വിളിക്കുക. അമ്മ, അഷിതാമ്മ, അഷിത, അഷി, അമ്മു?''
''ചേച്ചി.''
''ഓ...!''
''നീയെന്താ ഞാന്‍ എഴുതിയതൊന്നും വായിക്കാത്തത്? ഇഷ്ടമല്ലേ?''
''നിങ്ങള്‍ അതിലില്ല. അതുകൊണ്ടാ. നിങ്ങള്‍ ഉള്ള ഒരു പുസ്തകം എഴുത്. അപ്പൊ വായിക്കാം.''
''ഓ...''
എന്നിട്ടും പോവുമ്പൊ എല്ലാ പുസ്തകങ്ങളും എടുത്തു തന്നു.
''ഞാന്‍ വായിക്കില്ല.''
''വേണ്ട. കൊണ്ടുപൊക്കോ.''
പിന്നീട് ഞാനെഴുതിയ പുസ്തകങ്ങള്‍ നിര്‍ബന്ധിച്ചു ചോദിച്ച് വാങ്ങിച്ചു. കൊണ്ടുപോയി കൊടുത്തപ്പൊ പറഞ്ഞു: ''ഞാന്‍ വായിക്കും.''
''വേണം എന്നില്ല.''
പിന്നെ ഒരു ദിവസം വീണ്ടും എന്നെ വിളിച്ചുവരുത്തി. ഒരു ദിവസം മുഴുവന്‍ അതേ കട്ടിലിലിരുത്തി സംസാരിച്ചു, താന്‍ ആരാണെന്ന്. എല്ലാം കേട്ട് ഒന്നും മിണ്ടാതെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ആവാതെ ഞാന്‍ പടിയിറങ്ങിപ്പോയി.

പ്രിയ എഎസ്, ശ്രീബാല എന്നിവര്‍ക്കൊപ്പം അഷിത
പ്രിയ എഎസ്, ശ്രീബാല എന്നിവര്‍ക്കൊപ്പം അഷിത


പിന്നെ എപ്പോഴും പറയും, നിനക്ക് വായിക്കാനുള്ള പുസ്തകം ഉടന്‍ ഞാന്‍ എഴുതും. എഴുതിയാല്‍ ആള്‍ക്കാര്‍ക്കത് താങ്ങാനാവുമോ ബാലേ? 
ഇതിനിടയില്‍ എന്റെ വിസ്സമ്മതം കണക്കിലെടുക്കാതെ അഷിതേച്ചി ഞാന്‍ എന്ന വ്യക്തിയെ പൊളിച്ചുപണിയാന്‍ തുടങ്ങി. 
''അസുഖം കൂടും. വേണ്ട, വേണ്ട. ഞാന്‍ നിങ്ങളുടെ അടുത്തു നിന്ന് ഒന്നും പഠിക്കാന്‍ വന്നതല്ല. എന്നെ വിട്ടേക്ക്. മറ്റു കുട്ടികളെ പഠിപ്പിക്ക്. അവരത് പ്രതീക്ഷിക്കുന്നുണ്ട്. എനിക്ക് ഒന്നും വേണ്ട. ചിന്നുവിനെ (കൊച്ചു മോള് ) വളര്‍ത്തി വലുതാക്കാന്‍ വേണ്ടി കുറേക്കാലം ജീവിച്ചിരുന്നാല്‍ മാത്രം മതി. അവളെ വളര്‍ത്താന്‍ നിങ്ങള്‍ വേണം.'' എന്റെ വിസമ്മതം കാറ്റില്‍ പറത്തി അഷിതേച്ചി. വേറെ വഴിയില്ലാതെ ഞാന്‍ സ്വയം സമര്‍പ്പിച്ചു. അതു വരെയുള്ള ജീവിതം മാറ്റി ചിന്നുവിനെ പോലെ ഒന്നില്‍നിന്നു ഞാനും തുടങ്ങി. ഇതിനിടയില്‍ പലവട്ടം ചേച്ചിയുടെ രോഗം വീണ്ടും വരുന്നു എന്ന ഭീഷണി മുഴക്കി. ഏതെങ്കിലും ഒരു കുട്ടി എന്തെങ്കിലും ആവശ്യപ്പെടുമ്പോഴാണ് അഷിതേച്ചി പുസ്തകങ്ങള്‍ എഴുതുക. അല്ലെങ്കില്‍ പണ്ട് ഗുരു നിത്യചൈതന്യയതിയുടെ ആവശ്യങ്ങള്‍ പറഞ്ഞതിന് അനുസൃതമായി. പാര്‍വ്വതി ചേച്ചി സംശയങ്ങള്‍ ചോദിച്ചപ്പോഴാണ് വിഷ്ണു സഹസ്രനാമത്തിന്റെ വ്യാഖ്യാനം ചേച്ചി എഴുതിയത്. അത് എഴുതുന്ന വേളകളില്‍ ''ഗൈഡ് രചന എന്തായി'' എന്നു ചോദിച്ചു ഞാന്‍ ദേഷ്യം പിടിപ്പിക്കും. നിനക്കുള്ളതു ഞാന്‍ എഴുതുന്നുണ്ട് വാവേ എന്നു പറഞ്ഞു ദേഷ്യം മാറുമ്പൊ ചിരിക്കും.

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

ചിന്നുവിനു വേണ്ടി എഴുതിയ 'പറയാം നമുക്ക് കഥകള്‍' എടുത്ത് എനിക്ക് തന്നിട്ട് പ്രസിദ്ധീകരിക്കാന്‍ പറഞ്ഞു. പബ്ലിഷിങ്ങിന്റെ എബിസിഡി അറിയാത്ത ഞാന്‍ പബ്ലിഷറായി മാറി. എനിക്ക് വായിക്കാന്‍ വേണ്ടി എഴുതുന്ന പുസ്തകം സംഭാഷണങ്ങളുടെ രൂപത്തില്‍ ആയിരിക്കണം എന്നു ചേച്ചിക്കു നിര്‍ബന്ധം. ആര് ഇപ്പറത്ത് ഇരിക്കും എന്നായി പിന്നെ ചിന്ത. ആരെയും ചേച്ചിക്കു ബോധിക്കുന്നില്ല. എന്നോട് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടു. എനിക്ക് വായിക്കേണ്ട പുസ്തകത്തിന്റെ കോര്‍ഡിനേഷന്‍ എത്ര കുതറിമാറിയിട്ടും എന്റെ തലയില്‍ത്തന്നെ വന്നു വീണു. കുറേ അന്വേഷണത്തിനൊടുവില്‍ ഞാന്‍ പറഞ്ഞു: ''ഒരാളുണ്ട്. കണ്ടു നോക്ക്. ബോധിച്ചാല്‍ ഞാന്‍ എങ്ങനെയെങ്കിലും സമ്മതിപ്പിക്കാം.'' കണ്ടു. ബോധിച്ചു.

എനിക്കുവേണ്ടി എഴുതിയ പുസ്തകം
''അവന്‍ അവന്റെ സഹനങ്ങളെ ധീരമായി നേരിട്ട ആളാണ്. ശിഹാബ് മതി.'' ശിഹാബുദ്ദിന്‍ പൊയ്തുംകടവ് എന്റെ ഒരുപാട് നിര്‍ബ്ബന്ധങ്ങള്‍ക്കും അപേക്ഷകള്‍ക്കും ഒടുവില്‍ സമ്മതം മൂളി. 

അപ്പോഴേയ്ക്കും തൃശൂര്‍ വിട്ട് അഷിതേച്ചി തിരുവനന്തപുരത്ത് എത്തിയിരുന്നു. എന്റെ വീട്ടില്‍ വെച്ച് സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ എല്ലാവരും ചേര്‍ന്നു തീരുമാനിച്ചു. ഇരുവരും മേശയ്ക്ക് ഇരുവശത്തും ഇരുന്നു. റെക്കോര്‍ഡുമായി നടുവില്‍ ഞാന്‍. അഷിതേച്ചിയുടെ പൊള്ളുന്ന ജീവിത അനുഭവങ്ങള്‍ പറഞ്ഞ അന്നു ചേച്ചിക്കു സുഖമില്ലാതായി. ശിഹാബിക്ക ഒന്നും മിണ്ടാതെ പരിക്ഷീണനായി ഇരുന്നു. അഷിതേച്ചിക്കു കുറേയേറെ ദിവസം വേണ്ടിവന്നു ആ തുറന്നു പറച്ചിലിന്റെ ആഘാതത്തില്‍നിന്നു കരകയറാന്‍. അത് ട്രാന്‍സ്‌ക്രൈബ് ചെയ്യാന്‍ ഏല്പിച്ചവരും തീവ്രമായ ദു:ഖത്തില്‍ മുങ്ങിത്താണു. ആരെയും സമാധാനിപ്പിക്കാന്‍ ആവാതെ ഞാന്‍ എന്തു ചെയ്യേണ്ടു എന്നറിയാതെ നിന്നു. ഒരു മൂന്നു മാസം ഓരോ തിരക്കുകളില്‍പ്പെട്ട് എല്ലാവരും പല വഴിക്കായിപ്പോയി. അപ്പോഴേക്കും അഷിതേച്ചി അതിതീവ്രമായ വേദനയുടെ പിടിയില്‍ അകപ്പെട്ടു. കാന്‍സര്‍ മൂന്നാമതും അതിന്റെ വരവറിയിച്ചു. ഈ തുറന്നു പറച്ചില്‍ കൊണ്ടാണോ ഇതു വീണ്ടും വന്നത് എന്ന സന്ദേഹത്തില്‍ ഞാന്‍ ഉരുകി. ഇനി ഒരു വട്ടം കൂടെ ഒരുമിച്ചൊരു സംഭാഷണം മതി പുസ്തകം പൂര്‍ത്തിയാക്കാന്‍ എന്ന് ആദ്യത്തെ സംഭാഷണം ട്രാന്‍സ്‌ക്രൈബ് ചെയ്തത് വായിച്ചു നോക്കിയ ശിഹാബിക്ക അറിയിച്ചു. എത്രയും പെട്ടെന്ന് എന്നു ചേച്ചി തിടുക്കം കൂട്ടി. കീമോ തുടങ്ങി അപ്പോഴേക്കും. അതിനിടയില്‍ പറ്റില്ല എന്നു ഡോക്ടര്‍ തീര്‍ത്തു പറഞ്ഞു. പുസ്തകം വീണ്ടും വൈകി. കീമോ 48 മണിക്കൂര്‍ തുടര്‍ച്ചയായി വേണം എന്ന് അറിഞ്ഞപ്പോള്‍ കൂട്ടു വരാന്‍ മൂന്നു പേരോട് ചേച്ചി ആവശ്യപ്പെട്ടു. ഡോക്ടര്‍ ശ്രീനാഥ്, ശ്രീലക്ഷ്മി പിന്നെ ഞാന്‍. അവരവരുടെ വീട്ടില്‍നിന്നു ചേച്ചിക്കുള്ള ഭക്ഷണം എത്തിക്കാന്‍ ആശാലതയും ദാമോദറും. മൂന്ന് ശ്രീകള്‍ ചേച്ചിക്കു ചുറ്റും എപ്പോഴും ഇരുന്നു. രോഗക്കിടക്കയിലും മൂന്നു പേരേയും ചേച്ചി പഠിപ്പിക്കുന്നുണ്ടായിരുന്നു. ധര്‍മ്മ മാര്‍ഗ്ഗത്തിലൂടെ നടക്കാന്‍. കീമോ കഴിഞ്ഞു വാടിത്തളര്‍ന്ന ഒരു കുഞ്ഞിനെപ്പോലെ വീട്ടിലെത്തുന്ന അഷിതേച്ചിയെ മകള്‍ ഉമ പരിചരിച്ചു. ഉമ അമ്മയും അഷിതേച്ചി മകളുമായി. കൊച്ചുമോള്‍ ചിന്നു അമ്മമ്മയെ ചുറ്റിപ്പറ്റി 24 മണിക്കൂറും നിന്നു. രാമന്‍കുട്ടി സാര്‍ ആശുപത്രിയിലും വീട്ടിലും എല്ലാം വിഷമം പുറത്തു പ്രകടിപ്പിക്കാതെ അഭിമുഖീകരിച്ചു. 2018 ഏപ്രിലോടെ കീമോ അവസാനിച്ചു. അധികം വൈകാതെ പുസ്തകത്തിനു വേണ്ടുന്ന അടുത്ത സംഭാഷണവും നടന്നു; തൃശൂരിലെ വീട്ടില്‍ വെച്ച്. അത് ഏറെയും ചേച്ചിയുടെ എഴുത്തിനേയും പുസ്തകങ്ങളേയും കുറിച്ചായിരുന്നതുകൊണ്ട് താരതമ്യേന എളുപ്പത്തില്‍ തീര്‍ന്നു. പിന്നെയും ആരുടേതുമല്ലാത്ത പ്രശ്‌നങ്ങള്‍ കാരണം പുസ്തകം വൈകി.

ഒന്നും ചെയ്യാനാവാതെ ഞാന്‍ നിന്നപ്പോള്‍ മരണത്തെ മുന്നില്‍ കണ്ട് ചേച്ചി തിടുക്കം കൂട്ടി. ആ തിടുക്കം എന്നേയും ശിഹാബിക്കയേയും മാനസികമായി ബാധിക്കാന്‍ തുടങ്ങി. എന്റെ ആരോഗ്യം താറുമാറായി. എല്ലാ ജോലിയും ഉപേക്ഷിച്ച് ഇതിനു പിന്നാലെ ഞാന്‍ നടക്കുന്നത് കണ്ട് സുഹൃത്തുക്കള്‍ ഇടപെട്ടു. എനിക്ക് ആ പുസ്തകത്തില്‍നിന്നും പുറത്തിറങ്ങാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നായി. ശിഹാബിക്കയെ എല്ലാം ഏല്പിച്ചു ഞാന്‍ പുറത്തിറങ്ങി. എനിക്കുവേണ്ടി എഴുതുന്ന പുസ്തകം ഞാന്‍ വേണ്ട എന്നു പറഞ്ഞത് ചേച്ചിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ചേച്ചി വല്ലാതെ കരഞ്ഞു. ഞാന്‍ പിന്‍തിരിഞ്ഞു നോക്കാതെ അവിടെ നിന്നിറങ്ങിപ്പോയി. ശിഹാബിക്കയും ഉമയും ചിന്നുവും ഡോക്ടര്‍ ശ്രീനാഥും എല്ലാത്തിനും മൂക സാക്ഷികളായി. ഞാന്‍ തിരിച്ചു തിരുവനന്തപുരത്തെത്തി. എന്റെ രോഗകാലം ആരംഭിച്ചു. രോഗങ്ങളോട് പടപൊരുതാതെ നിസ്സംഗമായി ഇരുന്നു, മാസങ്ങളോളം. അഷിതേച്ചിയും ശാന്തി പ്രസാദ് സാറും പറഞ്ഞുതന്ന ധര്‍മ്മ മാര്‍ഗ്ഗത്തെ മാത്രം ആശ്രയിച്ചു ജീവിച്ചു. ഇതിനിടയില്‍ പുസ്തകത്തിന്റെ എല്ലാ ജോലികളും ശിഹാബിക്ക വളരെ ശ്രദ്ധയോടെ ചെയ്തു തീര്‍ക്കുകയും അതില്‍ എന്റെ ഭാഗത്തുനിന്നുള്ള കാര്യങ്ങള്‍ എന്നെക്കൊണ്ട് ചെയ്യിക്കുന്നുമുണ്ടായിരുന്നു. അതു പുസ്തകമായി വന്നപ്പോള്‍ ചേച്ചിക്കു സമാധാനമായി. എന്നോട് വീണ്ടും കൂട്ടുകൂടാന്‍ വന്നു. ഞാന്‍ ഒഴിഞ്ഞൊഴിഞ്ഞു നടന്നു. എന്റെ മൗനം കടുത്തപ്പോള്‍ ചേച്ചി പലരോടും ഞാന്‍ വിളിക്കുന്നില്ല എന്നു പരാതി പറഞ്ഞു കൊണ്ടേയിരുന്നു. ഓരോ പ്രാവശ്യം ഞാന്‍ വിളിക്കാനോ കാണാനോ പുറപ്പെടുമ്പോള്‍ അതിനെല്ലാം ഓരോ തടസ്സങ്ങള്‍ വന്നുചേര്‍ന്നു. ഇനി നമ്മള്‍ തമ്മില്‍ കാണാനോ ഫോണില്‍ സംസാരിക്കാനോ ഗുരു നിത്യയുടെ അനുമതി ഇല്ല എന്ന തിരിച്ചറിവ് എനിക്കുണ്ടായി. അതിനു കാരണക്കാരി ഞാന്‍ തന്നെയായിരുന്നു. മൂന്നാമത്തെ കീമോ കഴിഞ്ഞ വേളയില്‍ ചേച്ചി മരണത്തിലേക്കു പോയ ഒരു സന്ദര്‍ഭത്തില്‍ ഞാന്‍ എന്റെ സര്‍വ്വശക്തിയുമെടുത്ത് ചേച്ചിയെ തിരിച്ചു വിളിച്ചു മരണത്തെ വെല്ലുവിളിച്ചിരുന്നു. ഇനിയും എന്റെ പ്രാണനെ പകുത്തു നല്‍കാന്‍ അനുവദിക്കാതെ ഗുരു എനിക്കും ചേച്ചിക്കും ഇടയില്‍ നിന്നു.

ചേച്ചി എന്നെ പലവിധത്തില്‍ വിളിച്ചുകൊണ്ടേയിരുന്നു. ഞാന്‍ കേള്‍ക്കാത്തതായി അഭിനയിച്ച് ഉരുകിത്തീര്‍ന്നു. പോകുമ്പോള്‍ പറഞ്ഞിട്ടേ പോവൂ എന്ന് എനിക്ക് ചേച്ചിയുടെ ഒരു വാക്കുണ്ടായിരുന്നു. ഏപ്രില്‍ 22-നു കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ ചേച്ചിയുടെ ആ പറച്ചില്‍ എന്നെ തേടിവന്നു. ബാംഗ്ലൂരിലേക്ക് പോവാന്‍ ഒരുങ്ങുകയായിരുന്നു ഞാന്‍. വീടു പൂട്ടി വണ്ടി കയറി. ചേച്ചി ആംബുലന്‍സില്‍ ആശുപത്രിയിലേക്കും. 26 വൈകുന്നേരം ആദ്യം ഷൗക്കത്തും പിന്നെ ശിഹാബിക്കയും വിളിച്ചറിയിച്ചു. ചേച്ചിയുടെ അവസ്ഥ ഗുരുതരമാണെന്ന്. പിന്നെ രാത്രി പത്രത്തില്‍നിന്നും ഒരു സുഹൃത്ത് ചേച്ചിയുടെ ചില പേഴ്സണല്‍ വിവരങ്ങള്‍ ക്രോസ്സ് ചെക്ക് ചെയ്യാന്‍ വിളിച്ചു. മൂന്നു വര്‍ഷത്തോളം മനസ്സില്‍ ഞാനും ശരീരത്തില്‍ അഷിതേച്ചിയും പങ്കുവെച്ച ഒരു രോഗം ഇരുവരേയും വിട്ടു പോകുന്നത് ഞാനറിഞ്ഞു. ജനനമല്ല മരണമാണ് ആഘോഷിക്കേണ്ടത് എന്ന് രമണ മഹര്‍ഷി പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് അനുഭവിച്ചറിയാനായി. അഷിതേച്ചിയുടെ സമാധിയില്‍ ആനന്ദം അനുഭവിച്ചുകൊണ്ട് ഞാന്‍ ജീവിതത്തിലേക്കു മടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com