ഇത്രയും ക്രൂരത വേണോ  പാവം മാനവഹൃദയത്തോട്?: സേതു എഴുതുന്നു

പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ക്ക് ഇന്നു പരാതിപ്പെടാനുള്ളത് അഴകുള്ള ഒരു മലയാളി തന്റെ ഹൃദയത്തെക്കുറിച്ച്  തീരെ ശ്രദ്ധിക്കാത്തതിനെ പറ്റിയാണ്. 
ഇത്രയും ക്രൂരത വേണോ  പാവം മാനവഹൃദയത്തോട്?: സേതു എഴുതുന്നു

''പാവം മാനവഹൃദയം ഇരുളിന്‍ കാരാഗാരം, മെല്ലെ വലിച്ചു തുറന്നു പുറത്തുള്ളൊരഴകിന്‍...'' എന്ന് തുടങ്ങുന്ന സുഗതകുമാരിയുടെ പ്രസിദ്ധമായ വരികള്‍ ഈയിടെ വീണ്ടും ഓര്‍മ്മവന്നത് ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ വച്ചാണ്. അതും ഹൃദ്രോഗ വിദഗ്ദ്ധനായ ഒരു ഡോക്ടറുടെ പുസ്തകം! വര്‍ഷങ്ങള്‍ക്കു മുന്‍പ് കവി വിലപിച്ചത് പുറത്തെ അഴക് കണ്ടു ഭ്രമിച്ചു, തുറന്നു നോക്കിയപ്പോള്‍ കണ്ട മനുഷ്യന്റെ ഉള്ളിലെ കൂരിരുളിനെ പറ്റിയായിരുന്നെങ്കില്‍ പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ക്ക് ഇന്നു പരാതിപ്പെടാനുള്ളത് അഴകുള്ള ഒരു മലയാളി തന്റെ ഹൃദയത്തെക്കുറിച്ച്  തീരെ ശ്രദ്ധിക്കാത്തതിനെ പറ്റിയാണ്. 

ഡോക്ടര്‍ ജോര്‍ജ്ജ് തയ്യില്‍ എന്ന കൊച്ചി ലൂര്‍ദ്ദ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിലെ തലവന്റെ 'ഹാര്‍ട്ടറ്റാക്ക് : എങ്ങനെ ഭയപ്പെടാതെ ജീവിക്കാം' എന്നാണ് ആ പുസ്തകത്തിന്റെ പേര്. എനിക്ക് തീരെ പരിചിതമല്ലാത്തൊരു മേഖലയാണെങ്കിലും, ഈ പുസ്തകം പ്രകാശനം ചെയ്യാനുള്ള ചുമതല ഞാന്‍ ഏറ്റെടുത്തത് തികച്ചും ലളിതമായ ഭാഷയില്‍ രചിച്ചിട്ടുള്ള  ഇതിനെ പ്രയോജനകരമായൊരു  'കൈപ്പുസ്തക'മെന്ന നിലയില്‍ നമ്മുടെ സമൂഹത്തിനു കാണാനാവുമെന്നതുകൊണ്ടു മാത്രമാണ്.  ഈ സന്ദര്‍ഭത്തില്‍ ഇതിന് പ്രൗഢമായ അവതാരിക എഴുതിയ ആദരണീയനായ ഡോ. സി.കെ. രാമചന്ദ്രന്‍  ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യം വളരെ ശ്രദ്ധേയമാണ്. മോഡേണ്‍ മെഡിസിന്റെ കുലഗുരുവായി അദ്ദേഹം കണക്കാക്കുന്ന സര്‍ വില്യം ഓസ്ലറുടെ അഭിപ്രായത്തില്‍ ഒരു ഡോക്ടറുടെ ഏക ജോലി രോഗികളെ പരിശോധിക്കലും ചികിത്സിക്കലുമല്ല, മറിച്ച് രോഗങ്ങളേയും, പ്രതിരോധ പ്രവര്‍ത്തനങ്ങളേയും കുറിച്ചുള്ള അറിവു പകരലാണ്. ചിന്തകനും ഗ്രന്ഥകാരനുമായ മാര്‍ട്ടിന്‍ ഫിഷറും പറയുന്നത്, ഡോക്ടര്‍ ദിവസവും 18 മണിക്കൂര്‍ വച്ച് ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യണമെന്നാണ്. അതിനു കഴിയാത്തവര്‍ ഡോക്ടറുടെ ജോലിക്കു പറ്റിയവരല്ല എന്നും അദ്ദേഹം പറയുന്നു. എല്ലാ സമയത്തും രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുകയല്ല, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പറ്റിയും മറ്റും ജനങ്ങള്‍ക്ക് അവബോധം പകരുകയാണ് വേണ്ടത് എന്ന് അദ്ദേഹവും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ആ നിലയ്ക്ക് നോക്കിയാല്‍ ഡോക്ടര്‍ ജോര്‍ജ്ജ് തയ്യിലിന്റെ ഈ കൈപ്പുസ്തകത്തിന്റെ പ്രസക്തി വളരെ വലുതാണ്. ഹാര്‍ട്ടറ്റാക്കിനെ ഭയപ്പെടാതെ എങ്ങനെ ജീവിക്കാം എന്നാണ് ഈ പുസ്തകത്തിന്റെ തലക്കെട്ടു തന്നെ. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇരുന്നൂറോളം പഠനങ്ങളെ ആസ്പദമാക്കിയാണ് ഡോക്ടര്‍ തയ്യില്‍ ഈ പുസ്തകം രചിച്ചിട്ടുള്ളത്. മാത്രമല്ല, 2007-ല്‍ ഇറങ്ങിയ ആദ്യ പതിപ്പിനു ശേഷം ഈ രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വന്ന ഒട്ടേറെ മാറ്റങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് ഈ പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. ഇത് വളരെ പ്രധാനം തന്നെയാണ്. ജനജീവിതത്തെ ആഴത്തില്‍ സ്പര്‍ശിക്കാന്‍ കെല്പുള്ള ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഗ്രന്ഥകാരന്‍ സ്വയം 'അപ്‌ഡേറ്റ്' ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന സംശയം സാധാരണയായി നമുക്ക് ഉണ്ടാകാറുണ്ട്. അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രമാണ് മെഡിക്കല്‍ സയന്‍സ് എന്നതു കൊണ്ട് പ്രത്യേകിച്ചും. രോഗികളില്‍നിന്നു കിട്ടുന്ന വ്യത്യസ്തമായ അനുഭവങ്ങളാണ്   തങ്ങളെ കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നു ചില ഡോക്ടര്‍ സുഹൃത്തുക്കള്‍ പറയാറുണ്ട്. അത്തരം അനുഭവങ്ങളില്‍നിന്നു കിട്ടുന്ന പരിജ്ഞാനവും വിശാലമായ വായനയും  കൂടിച്ചേരുമ്പോഴേ ഒരു ഡോക്ടറുടെ ജീവിതം മൂല്യവത്താകുകയുള്ളൂ. 

ഗ്രന്ഥകാരന്‍ ഈ വിഷയത്തെ സമീപിച്ചിരിക്കുന്ന രീതി ശ്രദ്ധേയമാണ്. സ്വാഭാവികമായും ശരീരത്തിനകത്തെ വിവിധ അവയവങ്ങളേയും അവയുടെ പ്രവര്‍ത്തനങ്ങളേയും കുറിച്ച് വിശദമായി പറയുമ്പോള്‍ത്തന്നെ അവയുമായി ബന്ധപ്പെട്ടു നമുക്ക് കിട്ടുന്ന ചില അപായ സൂചനകളെപ്പറ്റിയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അതായത് ഇന്ന് നമ്മള്‍ ഏറെ ഭയത്തോടെ കാണുന്ന പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ ലെവലുകള്‍ തുടങ്ങിയവയെക്കുറിച്ചു തന്നെ.  ഇവിടെ മറ്റൊരു കാര്യം കൂടി അദ്ദേഹം എടുത്തു പറയുന്നു. നമ്മുടെ ചില ലാബറട്ടറികളുടെ റിപ്പോര്‍ട്ടുകളില്‍ കാണുന്ന ശരാശരി സൂചനകളില്‍ പലതും പഴയ പഠനങ്ങളുടെ അടിസ്ഥാനത്തിലാകാമെന്നും അന്താരാഷ്ട്രതലത്തിലുള്ള നിരന്തരമായ 'അപ്‌ഡേറ്റിങ്ങ്' അവര്‍ നടത്താറില്ലെന്നും അദ്ദേഹം പറയുന്നു. ഇതിന് വേറൊരു വശം കൂടിയുണ്ടെന്ന് പറയാതെ വയ്യ. ഈ ശരാശരികള്‍ ഇത്തരത്തില്‍ കുറച്ചുകൊണ്ടു വന്ന് തങ്ങളുടെ മരുന്ന് വില്പന കൂട്ടാന്‍ വിദേശത്തെ ശക്തമായ ഫാര്‍മസ്യൂട്ടിക്കല്‍ ലോബി ശ്രമിക്കുന്നുണ്ടെന്ന ആരോപണം മറുവശത്തു നിന്നും ശക്തമായി കേള്‍ക്കാറുമുണ്ട്. എന്തായാലും, ഡോക്ടര്‍ ചൂണ്ടിക്കാണിച്ച ചില  ഘടകങ്ങള്‍ അവഗണിക്കരുതെന്നേ ഞാന്‍ പറയൂ.

ഹാര്‍ട്ടറ്റാക്കുമായി ബന്ധപ്പെട്ടു രോഗികളില്‍നിന്നും മറ്റുള്ളവരില്‍നിന്നും  ഉയര്‍ന്നുവരാറുള്ള വിവിധ സംശയങ്ങള്‍ ചോദ്യങ്ങളുടെ രൂപത്തിലും അവയ്ക്കുള്ള ലളിതമായ മറുപടികളും എന്ന നിലയിലാണ് ഇതിന്റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെ 56 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമുണ്ട് ഈ പുസ്തകത്തില്‍. അവ  അടുക്കിയിരിക്കുന്നതും വിഷയങ്ങളുടെ പ്രാഥമികതയില്‍നിന്നു മേലോട്ട് എന്ന രീതിയിലാണ്. മാത്രമല്ല, ഓരോ ഉത്തരത്തിന്റേയും അവസാനത്തില്‍ 'ശ്രദ്ധിക്കുക' എന്ന തലക്കെട്ടോടെ ആ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ വേണ്ട കുറേ കാര്യങ്ങള്‍  പ്രത്യേകമായി എടുത്തു പറയുന്നുമുണ്ട്. അതും വളരെ ലളിതമായ ഭാഷയില്‍, ഏതു സാധാരണക്കാരനും വായിച്ചു മനസ്സിലാക്കാവുന്ന രീതിയില്‍ തന്നെ. 

ഹൃദ്രോഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ആപല്‍ക്കരമായത് ഹാര്‍ട്ടറ്റാക്ക് തന്നെ. ഒരു സാധാരണ ദിവസത്തിനു നടുവില്‍ തന്റെ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്ന ഒരാള്‍  പെട്ടെന്ന് കുഴഞ്ഞു വീണു മരിച്ചതിനെപ്പറ്റിയുള്ള എത്രയോ റിപ്പോര്‍ട്ടുകള്‍ നിത്യവും പത്രങ്ങളില്‍ വന്നു കൊണ്ടിരിക്കുന്നു. വിമാനം പറത്തുന്നവര്‍ തൊട്ട്, ബസ് ഓടിക്കുന്നവര്‍ വരെ ഇതില്‍ പെടുന്നുണ്ട്. സമാദരണീയനായ എം.എന്‍. വിജയന്‍ മാഷ് തൃശൂര്‍ പ്രസ്സ് ക്ലബ്ബിലെ പ്രസംഗവേദിയില്‍ കുഴഞ്ഞു വീഴുന്നത് ഒരു ചാനലില്‍ ലൈവായി കണ്ടത് വല്ലാതെ അലട്ടുന്ന ഒരോര്‍മ്മയായി ഇന്നും അവശേഷിക്കുന്നു. ആ രംഗം കാണാനിടയായ എന്റെ പേരക്കുട്ടി പിന്നീട് കുറേ നാളത്തേക്ക് ടിവി സ്‌ക്രീനിന്റെ നേര്‍ക്കു തന്നെ ഭയത്തോടെയാണ് നോക്കിയിരുന്നത്.   

ജോര്‍ജ്ജ് തയ്യില്‍
ജോര്‍ജ്ജ് തയ്യില്‍


ഉപഭോഗ സംസ്‌കാരത്തിന്റേതായ ഇന്നത്തെ കാലത്ത് 'ജീവിതശൈലി' രോഗങ്ങളുടെ ഏറ്റവും വലിയ ഇരകളാണ് കേരളീയര്‍ എന്നത് പ്രസിദ്ധമാണ്. 50 ശതമാനം കൊളസ്ട്രോള്‍ രോഗികളുമായി കേരളം ഇന്ന് ഇന്ത്യയിലെ 'കൊളസ്ട്രോള്‍ തലസ്ഥാനമായി' മാറിക്കഴിഞ്ഞുവെന്നാണ് ഡോക്ടര്‍ പറയുന്നത്. ഹൃദ്രോഗം കാരണമായി മരിക്കുന്നവര്‍ ഇന്ത്യയില്‍ 20 ശതമാനം  ആണെങ്കില്‍ കേരളത്തില്‍ അത് 40 ശതമാനത്തോളം  വരുമത്രെ. കൃത്യമായി പറഞ്ഞാല്‍, 2018  ഡിസംബറിലെ കണക്കനുസരിച്ച് 40-നും 69-നും ഇടയില്‍ വയസ്സുള്ളവരുടെ മരണനിരക്ക്  37.8 ശതമാനം ആണെങ്കില്‍ എഴുപതിന് മേലെ അത് 45.75 ശതമാനം  വരെ എത്തുന്നു.  അതായത് മുതിര്‍ന്ന പൗരന്മാരില്‍  പാതിയും മരിക്കുന്നത് ഹാര്‍ട്ടറ്റാക്കിലൂടെ തന്നെ. ബാക്കിയുള്ളവരില്‍ നല്ലൊരു ശതമാനം സ്ട്രോക്ക് മൂലവുമാകാനാണ് സാദ്ധ്യത. രണ്ടിന്റേയും കാരണങ്ങളില്‍ ചില സമാനതകളുണ്ട് താനും. 

ഈ പുസ്തകത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ ചുവടെ:
''ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പല ആപത്ഘടകങ്ങളുടേയും അതിപ്രസരം ഇന്ന് കേരളത്തില്‍ ഭീതിജനകമാം വിധം പ്രകടമാകുന്നു. പെട്ടെന്ന് മരിച്ചുവീഴുമെന്ന് പറഞ്ഞാലും അങ്ങനെയൊന്നും കുലുങ്ങാത്ത മലയാളി. എന്താണ് കേരള പാരഡോക്സ്? സാക്ഷരതയില്‍ ഒന്നാമന്‍. ആയുര്‍ദൈര്‍ഘ്യത്തിന്റെ കണക്കെടുത്താല്‍ ഇന്ത്യന്‍ ശരാശരിയുടെ മുന്‍പന്തിയില്‍. ചികിത്സാ സംവിധാനങ്ങളുടെ കാര്യത്തില്‍ ഇതര സംസ്ഥാനങ്ങളേക്കാള്‍ മെച്ചം. എന്നാല്‍, ഹൃദയധമനി  രോഗങ്ങളിലേക്ക് നയിക്കുന്ന ആപത്ഘടകങ്ങളുടെ കണക്കെടുത്താല്‍ കേരളം ഇന്ത്യന്‍ ശരാശരിയേക്കാള്‍ ഏറെ മുന്നില്‍.''
ജര്‍മന്‍കാരുടേയും മലയാളികളുടേയും ഭക്ഷണരീതികളെ താരതമ്യം ചെയ്തുകൊണ്ടു ഡോക്ടര്‍ക്ക് പറയാനുള്ളത് ഇങ്ങനെയാണ്. 

''തോന്നുമ്പോഴെല്ലാം തിന്നുന്നവരല്ല ജര്‍മന്‍കാര്‍. പ്രാതല്‍ വിഭവസമൃദ്ധമായി കഴിക്കുന്നു. ഉച്ചഭക്ഷണം അളവില്‍ കുറച്ച്. പിന്നെ മിതമായ അത്താഴം വളരെ നേരത്തെ. മലയാളിയുടെ ഭക്ഷണക്രമം ഏറെ പരിതാപകരം... പ്രത്യേകിച്ച് അത്താഴത്തിന്റെ സമയമാണ് ഏറെ കഷ്ടകരം. ബിസിനസ്സോ, ജോലിയോ, രാഷ്ട്രീയമോ ഒക്കെ കഴിഞ്ഞ് ഏറെ വൈകിയാണ് വീട്ടില്‍ വരിക. പിന്നെ കുളിയും ടി.വിയുമൊക്കെ കഴിഞ്ഞ് പാതിരാ അടുക്കുമ്പോഴാണ് ഭക്ഷണം. അതും മൂക്കറ്റം വരെ. അതുകഴിഞ്ഞ് കിടക്കയിലേക്ക് ഒരു കുതിപ്പാണ്. തികച്ചും അശാസ്ത്രീയവും അപഥ്യവുമായ ഭക്ഷണരീതിയാണിത്. രാത്രിയില്‍ അല്പം വിശ്രമിക്കാനൊരുങ്ങുന്ന നമ്മുടെ ഹൃദയത്തിന്  അമിതഭാരമുണ്ടാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്. കാരണം, ഈ ഭക്ഷണമെല്ലാം ദഹിപ്പിക്കാന്‍ ആവശ്യമായ ഊര്‍ജ്ജം രക്തത്തിലൂടെ എത്തിച്ചേരുന്നത് ഹൃദയത്തിന്റെ അശാന്തമായ സങ്കോച വികാസ പ്രക്രിയയിലൂടെയാണ്. പകലത്തെ പരാക്രമങ്ങള്‍ക്കു ശേഷം ഒന്ന് വിശ്രമിച്ചുകളയാമെന്ന് മോഹിക്കുന്ന ഹൃദയത്തെ തളര്‍ത്തുകയാണ് ഇതുകൊണ്ട് സംഭവിക്കുക. രാത്രിയില്‍ ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെ.''


''രാത്രിഭക്ഷണത്തെപ്പറ്റി ആയുര്‍വേദാചാര്യന്മാര്‍ പറയുന്നതു തന്നെ സൂര്യാസ്തമനത്തിനു മുന്‍പ് ഖരഭക്ഷണങ്ങള്‍ കഴിച്ചു തീര്‍ക്കണം. പിന്നെ പാനീയങ്ങളാവാം എന്നാണ്. അതായത് കുറഞ്ഞത് ഏഴ് മണിക്ക് മുന്‍പെങ്കിലും മിതമായ ആഹാരം കഴിച്ചിരിക്കണം. അപ്പോള്‍ കിടക്കാറാകുമ്പോഴേക്കും ഭക്ഷണം ഏതാണ്ട് ദഹിച്ചിരിക്കും. പിന്നെ ഹൃദയത്തിനും മറ്റവയവങ്ങള്‍ക്കും വിശ്രമിക്കാന്‍ സമയമുണ്ട്.''

''ഏറ്റവും കൂടുതല്‍ മാംസഭുക്കുകളുള്ള കേരളത്തില്‍ ഹൃദ്രോഗബാധ സ്ഫോടനാത്മകമായി വര്‍ദ്ധിക്കുകയാണ്. എറണാകുളത്ത് നടത്തിയ ഒരു പഠനത്തില്‍ അവിടെയുള്ള 40-50 ശതമാനം പേര്‍ക്ക് വര്‍ദ്ധിച്ച കൊളസ്ട്രോളുണ്ട്. ഏതാണ്ട് 35 ശതമാനത്തോളം പേര്‍ക്ക് അമിത രക്തസമ്മര്‍ദ്ദമുണ്ട്. പ്രമേഹബാധിതരുടെ കണക്ക് പറയുകയേ വേണ്ട. എന്തും ആര്‍ത്തിയോടെ ഭക്ഷിക്കുന്ന മലയാളിയുടെ ശരീരഭാരം കൂടിക്കൊണ്ടേയിരിക്കുന്നു. സ്‌കൂള്‍കുട്ടികള്‍ക്കു പോലും നിയന്ത്രിക്കാനാവാത്ത സ്ട്രെസ്സ്.  മലയാളിയുടെ മദ്യ ഉപയോഗമാണെങ്കില്‍ ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടിയാണ്. ഇപ്പോള്‍ 20 പേരില്‍ ഒരാള്‍ മദ്യപാനിയാണ്... 52 രാജ്യങ്ങളില്‍ നിന്നായി 27000 ആള്‍ക്കാരെ ഉള്‍പ്പെടുത്തി പ്രൊഫ. സലിം യൂസഫ് മുഖ്യ ഗവേഷകനായി നടത്തിയ അതിബൃഹത്തായ 'ഇന്റര്‍ഹാര്‍ട്ട്' പഠനത്തില്‍ ഒന്‍പത് ആപത്ഘടകങ്ങളുടെ അതിപ്രസരം (പുകവലി, രക്താദിമര്‍ദ്ദം, പ്രമേഹം, അമിതവണ്ണം, വര്‍ദ്ധിച്ച കൊളസ്ട്രോള്‍, ഭക്ഷണരീതി, വ്യായാമരാഹിത്യം, മദ്യസേവ, സ്ട്രെസ്സ്) 85 ശതമാനത്തോളം ഹൃദ്രോഗമുണ്ടാകാന്‍ ഹേതുവാകുന്നുവെന്ന് തെളിഞ്ഞു. ഈ ആപത്ഘടകങ്ങളെ ക്രിയാത്മകമായി നിയന്ത്രിക്കുക വഴി ഹൃദ്രോഗബാധ 85 ശതമാനം വരെ പ്രതിരോധിക്കാമെന്ന് വ്യക്തമായി.'' ഇത് തന്നെയാണ് ഗ്രന്ഥകാരനും ആവര്‍ത്തിച്ചു പറയുന്നത്. വേണ്ടത്ര വ്യായാമമില്ലായ്മയും ഒരു പ്രധാന കാരണമാണ്.  പുസ്തകത്തിന്റെ പുറംചട്ടയില്‍ കൊടുത്തിരിക്കുന്നതു തന്നെ വ്യായാമത്തിനായി ഓടുന്ന ഒരു ചെറുപ്പക്കാരന്റെ ചിത്രമാണ്. 

വിദേശ മലയാളികളുടെ ശതമാനം വളരെ  കൂടുതലായ  കേരളത്തില്‍ അവര്‍ കൊണ്ടുവരുന്ന മുന്തിയ മദ്യം വലിയൊരു ആകര്‍ഷണമാണ്. അവധിക്കു വരുന്ന ബന്ധുക്കളോട് മിക്കവരും കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നത് പ്രധാനമായും മദ്യക്കുപ്പികള്‍ തന്നെ. കുപ്പികള്‍ പൊട്ടാത്ത ഏതെങ്കിലും പാര്‍ട്ടികള്‍ ഇവിടെ നടക്കുന്നുണ്ടോയെന്നത് സംശയമാണ്. മദ്യപാന രംഗമില്ലാത്ത ഏതെങ്കിലും സിനിമയുണ്ടോയെന്നതും പ്രസക്തമാണ്. ആ രംഗത്തിനു മീതെ ഒരു അപായ സൂചന കാണിക്കുന്നത് മിക്കവരും ഒരു തമാശപോലെയാണ് കാണുന്നത്. വിദേശത്തെ സാമൂഹിക ജീവിതത്തിലെ ഒരു ഭാഗമാണ് മദ്യപാനമെങ്കിലും, ഇക്കാര്യത്തില്‍ മിക്കവരും കാണിക്കുന്ന സ്വയം നിയന്ത്രണം ശ്രദ്ധിക്കാതെ വയ്യ.  ഇവിടത്തെ മദ്യപാനരീതി തന്നെ തീരെ നിയന്ത്രണമില്ലാത്ത രീതിയിലാണ്. ഈയിടെ അമേരിക്കയിലുള്ള എന്റെ മകന്‍ അയച്ചുതന്ന, അവിടത്തെ ഒരു മലയാളി സ്റ്റോറിലെ ഷെല്‍ഫില്‍ കണ്ട ലേബലിന്റെ ചിത്രം വളരെ രസകരമായി തോന്നി. All Tuchings Snacks എന്നാണതില്‍ കുറിച്ചിരിക്കുന്നത്. മദ്യത്തോടൊപ്പം കഴിക്കാനുള്ള മിക്സ്ചര്‍ തുടങ്ങിയ പലതരം മസാല വിഭവങ്ങള്‍ നിറച്ച നിരവധി കുപ്പികള്‍ അവിടെ നിരത്തി വച്ചിട്ടുണ്ട്. രണ്ടര ഡോളറോളം വില വരും ഒരു കുപ്പിക്ക്. ഇത് കാണിക്കുന്നത് ഒരു അമേരിക്കന്‍ മലയാളി തന്റെ തനത് ശീലങ്ങള്‍ വിദേശത്തേക്കും കൊണ്ടുപോയിരിക്കുന്നു എന്നല്ലേ? 'ടച്ചിങ്ങ്‌സ്' എന്നതിന്റെ ശരിയായ സ്പെല്ലിങ്ങ് അറിയാത്തതാവില്ല, അതിലും ഒരു നാടന്‍ ചുവ കൊടുത്തതാവാം. 

ഈ പുസ്തകത്തിന്റെ പ്രധാന സവിശേഷതയായി ഞാന്‍ കാണുന്നത് അതിലെ ഉള്ളടക്കം രോഗ ചികിത്സയെക്കാള്‍ കൂടുതല്‍ രോഗപ്രതിരോധത്തിന് ഊന്നല്‍ കൊടുക്കുന്നുവെന്നതാണ്. ഒന്നിലും  കുലുങ്ങാത്ത മലയാളിയുടെ കൂസലില്ലായ്മയെപ്പറ്റി ഡോക്ടര്‍ എടുത്തു പറയുന്നുണ്ട്. എന്തു വന്നാലും കുഴപ്പമില്ല, അതിനല്ലേ, ഇവിടെ സുസജ്ജമായ ആശുപത്രികളും മിടുക്കന്മാരായ ഡോക്ടര്‍മാരുമൊക്കെ എന്നു പലരും വാദിക്കുന്നു. പക്ഷേ, ഇവിടെ ഒരു കാര്യം ഓര്‍മ്മിക്കാതെ വയ്യ. വികസിത രാജ്യങ്ങളിലെന്നതുപോലെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടില്ലാത്ത നമ്മുടെ രാജ്യത്തെ പെരുകിവരുന്ന ആശുപത്രിച്ചെലവിനെപ്പറ്റി ആശങ്കപ്പെടാതെ വയ്യ. ഹൃദ്രോഗ ശസ്ത്രക്രിയയ്ക്കും മറ്റും വേണ്ടിവരുന്ന ഭീമമായ ചെലവ് സാധാരണ ഇടത്തരക്കാരന്റെ പിടിയില്‍ ഒതുങ്ങുന്നതുമല്ല. ഈ ചികിത്സയ്ക്കായി  ഉള്ളതു മുഴുവനും വിറ്റു പെറുക്കിയവരുടെ നിരവധി കഥകള്‍ നാം കേട്ടിട്ടുണ്ട്. 


എന്തായാലും ഭാവിയില്‍ നേരിട്ടേക്കാവുന്ന ആപത്തിനെ  ഇത്രയേറെ ലാഘവബോധത്തോടെ കാണുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല തന്നെ. ജീവിതം പൂര്‍ണ്ണമായി ആസ്വദിക്കാനുള്ള വ്യഗ്രതയില്‍ എന്തു വലിയ പ്രശ്‌നങ്ങളേയും അലസതയോടെ കാണാനുള്ള ഈ പ്രവണതയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിനുള്ള ശക്തമായ ശ്രമം എന്ന നിലയിലും ഈ പുസ്തകത്തെ കാണാവുന്നതാണ്. ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന പലതും എതിര്‍ക്കപ്പെടാം, നിഷേധിക്കപ്പെടാം. പക്ഷേ, ഇതില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള ചില അപായസൂചനകളെപ്പറ്റി ശ്രദ്ധിക്കാതിരിക്കാനാവില്ല. 
    
(എന്തിലും കുലുങ്ങാത്ത മലയാളിയുടെ ആത്മധൈര്യം മനസ്സിലാക്കാം, അതിനെ ആദരിക്കാം. പക്ഷേ, സ്വന്തം ആരോഗ്യ സംരക്ഷണം പ്രധാനമായും അവനവന്റെ    ഉത്തരവാദിത്വമാണെന്ന് തിരിച്ചറിയാതെ വയ്യ. അതുകൊണ്ട് അല്പം കൂടി കാരുണ്യമാവാം പാവം     മാനവഹൃദയത്തോട്).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com