എന്തൊരു പേരാണ് അഷിത!: ബിപിന്‍ ചന്ദ്രന്‍ എഴുതുന്നു

ഹെഡ്‌കോണ്‍സ്റ്റബിള്‍ മൂത്ത് എസ്.ഐ. ആകുന്ന ചില പൊലീസുകാരെപ്പോലെ പത്ത് കടന്ന് പ്രീഡിഗ്രിക്കാരായി വിരിയുന്നവര്‍ക്കും ചില വല്യപുള്ളി ഭാവമൊക്കെ വരുമല്ലോ.
എന്തൊരു പേരാണ് അഷിത!: ബിപിന്‍ ചന്ദ്രന്‍ എഴുതുന്നു

''What's in a name? That which we call a rose
By any other name would smell as sweet.'

-William Shakespeare
Romeo & Juliet

നാനപടേക്കര്‍ അവതരിപ്പിച്ച ഹരിദാദ എന്ന കഥാപാത്രത്തിന്റെ ഒരു ചോദ്യത്തോടെയാണ് 'കാലാ' എന്ന രജനികാന്ത് സിനിമയുടെ ട്രെയിലര്‍ തുടങ്ങുന്നത്. ''കാലാ, കൈസാ നാം ഹേ രേ?'' കാലാ, എന്ത് മാതിരി പേരാണത്? പത്ത് ടണ്‍ പരപുച്ഛം പൊതിഞ്ഞുവച്ചൊരു ചോദ്യമായിരുന്നത്. അഷിത എന്ന എഴുത്തുകാരിയുടെ പേര് ജീവിതത്തിലാദ്യമായി കേട്ടപ്പോള്‍ അമ്മാതിരിയൊരു ചോദ്യമായിരുന്നു മനസ്സിലുയര്‍ന്നത്. ഹെഡ്‌കോണ്‍സ്റ്റബിള്‍ മൂത്ത് എസ്.ഐ. ആകുന്ന ചില പൊലീസുകാരെപ്പോലെ പത്ത് കടന്ന് പ്രീഡിഗ്രിക്കാരായി വിരിയുന്നവര്‍ക്കും ചില വല്യപുള്ളി ഭാവമൊക്കെ വരുമല്ലോ. വിവരക്കേടിന്റെ ഭാഗമായി സ്വാഭാവികമായുണ്ടാകുന്ന ഉപോല്പന്നങ്ങളാണത്തരം പുള്ളികളിയും പരമപുച്ഛവുമൊക്കെ. അന്നുവരെ കേട്ടിട്ടില്ലാത്ത അഷിത എന്ന അസാധാരണ പേര് മാത്രമായിരുന്നില്ല പുച്ഛം പുകയുന്നതിനു പിന്നണിക്കാറ്റായത്.

ഷെല്‍വി നടത്തിയിരുന്ന മള്‍ബെറി ബുക്‌സ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ കിങ്/ക്വീന്‍ മെംബര്‍ഷിപ്പ് എന്ന പേരില്‍ പുസ്തകപ്രേമികള്‍ക്ക് ആദായകരമായ ഒരു അംഗത്വപദ്ധതി തുടങ്ങിയിരുന്നു. അതില്‍ ചേര്‍ന്ന ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളായിരുന്നു ഞാന്‍. ഒന്നാംവര്‍ഷ പ്രീഡിഗ്രിക്കാലത്ത് കോളേജ് ഹോസ്റ്റലില്‍നിന്ന് ഇടയ്ക്ക് വീട്ടില്‍ വരുമ്പോള്‍ എല്ലാ മാസവും കൃത്യമായി പോസ്റ്റില്‍ എത്തിയിരുന്ന മള്‍ബെറി പുസ്തകപ്പാക്കറ്റുകള്‍ മേശപ്പുറത്ത് റാപ്പര്‍ പൊട്ടാതെ കാത്തുകിടക്കുമായിരുന്നു. ആവേശത്തോടെ തുറക്കുമ്പോള്‍ അവയില്‍നിന്ന് തല നീട്ടിയിരുന്നത് എം.ടിയുടെ സ്വര്‍ഗ്ഗം തുറക്കുന്ന സമയം; ഒരു വടക്കന്‍ വീരഗാഥയുടെ തിരക്കഥ, കെ.ജി.എസ്സിന്റെ 'കൊച്ചിയിലെ വൃക്ഷങ്ങള്‍', ഇര്‍വിങ് സ്റ്റോണിന്റെ 'ജീവിതാസക്തി', ഡി. വിനയചന്ദ്രന്റെ 'ഭൂമിയുടെ നട്ടെല്ല്', മേതിലിന്റെ 'ഭൂമിയേയും മരണത്തേയും കുറിച്ച്' തുടങ്ങിയവയൊക്കെയായിരുന്നു. കഥോത്സവം എന്നൊരു പരമ്പരയും തുടങ്ങിയിരുന്നു മള്‍ബെറി. സി.വി. ബാലകൃഷ്ണന്റെ 'ഭൂമിയെക്കുറിച്ച് അധികമൊന്നും പറയേണ്ട', അശോകന്‍ ചരുവിലിന്റെ 'പരിചിതഗന്ധങ്ങള്‍', വി.ആര്‍. സുധീഷിന്റെ 'ദൈവത്തിന് ഒരു പൂവ്' തുടങ്ങിയ കഥാസമാഹാരങ്ങളൊക്കെ ആ പരമ്പരയിലാണ് പുറത്തു വന്നത്. അതിനിടയിലൊരു മാസം പായ്ക്കറ്റില്‍നിന്നിറങ്ങി വന്നത് അപൂര്‍ണ്ണ വിരാമങ്ങള്‍ ആയിരുന്നു.

എഴുത്തുകാരിയുടെ പേര് കണ്ടപ്പോള്‍ 'അതെന്തു സാധനം?' എന്നൊരു ചോദ്യമാണ് ആദ്യം മനസ്സിലുണ്ടായത്. മത്തങ്ങാ മുഴുപ്പില്‍ കുത്തനെയുള്ള കൊളാഷ് പോലെ കൊടുത്തിരുന്ന പേര് കവറിന്റെ മുക്കാല്‍ ഭാഗത്തോളമുണ്ടായിരുന്നു. മുന്‍കവറില്‍ത്തന്നെ കൊടുത്തിരുന്ന എഴുത്തുകാരിയുടെ ചിത്രത്തിനു താഴെ ഫ്‌ലൂറസന്റ് നീലയില്‍ വീണ്ടും ആ പേര് സാധാരണ അക്ഷരങ്ങളില്‍ പതിച്ചിരുന്നു -അഷിത. മുഖത്തിനു ചേരാത്ത കറുത്ത കട്ടിച്ചതുരക്കണ്ണടയുമായി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയില്‍ ഞെളിഞ്ഞിരുന്ന വിചിത്ര നാമധാരിനാരിയോട് എതിര്‍പ്പ് വന്നത് ഉള്ളിലെ ആണ്‍ഷോവനിസംകൊണ്ടു മാത്രമായിരുന്നില്ല. ഇന്നേവരെ കേട്ടിട്ടില്ലാത്തൊരു കട്ടിക്കണ്ണടക്കാരിയുടെ കൂറപ്പുസ്തകം കെട്ടിയേല്പിക്കാനുള്ള കച്ചവടതന്ത്രത്തോടുള്ള  കലികൂടി മനസ്സില്‍ കലര്‍ന്നിരുന്നതുകൊണ്ടാണ്, പിന്‍കവറില്‍ എഴുത്തുകാരിയുടെ വരികള്‍ പ്രാധാന്യത്തോടെ കൊടുത്തിരുന്നു: ''പുസ്തകങ്ങളെക്കാള്‍ എന്നെ സ്വാധീനിച്ചത് വ്യക്തികളാണ്. ഞാന്‍ കൂടുതല്‍ പഠിച്ചതും പുസ്തകങ്ങളില്‍ നിന്നല്ല, വ്യക്തികളില്‍നിന്നാണ്. അവരില്‍ ഒരാളാണ് മാധവിക്കുട്ടി... എഴുത്തിന്റെ എല്ലാ തലങ്ങളിലും എന്നെയും കവിഞ്ഞൊഴുകാന്‍ കെല്പുള്ള എന്റെ ഈ മുന്‍ഗാമി എനിക്കൊരു ലക്ഷ്യവും വെല്ലുവിളിയുമായി വര്‍ത്തിക്കുന്നു. എന്റെ സൗന്ദര്യബോധത്തെ മാറ്റിമറിച്ച, സ്വാധീനിച്ച മറ്റൊരാള്‍ ഗുരു നിത്യചൈതന്യയതിയാണ്.''

വായിച്ചയുടന്‍ മനസ്സ് പറഞ്ഞു: ''വലിയ ആളുകളുടെ വാലില്‍ പിടിച്ച് വലിഞ്ഞുകയറാനുള്ള വിദ്യയാണിത്.'' ആ നമ്പര്‍ എത്രത്തോളം ഇറക്കുന്നുണ്ട് കഥാകാരിയെന്നളക്കാനുള്ള മുഴക്കോലുമായാണ് പുസ്തകത്തിന് ആമുഖമായി കൊടുത്തിരുന്ന 'ഞാനും എന്റെ കഥയും' വായിച്ചത്. അവര്‍ അതില്‍ എഴുതി: ''കവിത അച്ചടിച്ചു വരുന്ന ദിവസമായിരുന്നു ഞാനേറ്റവും മാനസിക പീഡനം അനുഭവിച്ചിരുന്ന ദിവസം. പലതവണ മരിച്ചു ജീവിക്കുന്ന ദിവസം. കലാപരമായ യാതൊന്നും പ്രോത്സാഹിപ്പിക്കപ്പെടാത്ത വീട്ടില്‍ അന്നു മുഴുവന്‍ അസ്വസ്ഥകരമായ മൗനം. എത്ര ശാസിച്ചിട്ടും നിര്‍ത്താത്ത എന്റെ എഴുത്തിനോടുള്ള കമ്പത്തെ മുതിര്‍ന്നവര്‍ വീക്ഷിച്ചിരുന്നത് വളര്‍ന്നിട്ടും 'കിടക്ക നനയ്ക്കുക' എന്ന ദുശ്ശീലം ഉപേക്ഷിക്കാന്‍  തയ്യാറാകാത്ത കുട്ടികളുടെ ദുശ്ശാഠ്യം പോലെയായിരുന്നു.'' ഇവര്‍ കവിതയുടെ രൂപത്തിലും വരുമോ എന്ന് അമ്പരന്നെങ്കിലും ആ കുറിപ്പ്  മൊത്തം വായിച്ചു കഴിഞ്ഞപ്പോള്‍ അഭിപ്രായം അല്പമൊന്നു മാറി. കൊടുത്ത കാശ് കടലില്‍ കളഞ്ഞതു പോലാകില്ലായിരിക്കുമെന്നൊരു  കുഞ്ഞാശ്വാസം തോന്നി.

അഷിത പഠിച്ചത് മഹാരാജാസ് കോളേജിലാണെന്ന അറിവും അവരോടുള്ള മനോഭാവം മാറിയതിലൊരു മുഖ്യഘടകമായിരുന്നു. അഷിതയോടു മാത്രമല്ല, ചങ്ങമ്പുഴയോടും വൈലോപ്പിള്ളിയോടും എം.എന്‍. വിജയനോടും എന്‍.എസ്. മാധവനോടും സച്ചിദാനന്ദനോടും ബാലചന്ദ്രന്‍ ചുള്ളിക്കാടിനോടും പ്രിയ എ.എസിനോടും സുനില്‍ പി. ഇളയിടത്തോടും സുഭാഷ് ചന്ദ്രനോടും ബനേഷ് കൊടുങ്ങല്ലൂരിനോടും ഡി. സന്തോഷിനോടുമൊക്കെ തോന്നിയിട്ടുള്ള എഴുത്തടുപ്പങ്ങള്‍ക്കു പിന്നില്‍ ഒരു മഹാരാജാസ് ഫാക്ടര്‍ കൂടി പ്രവര്‍ത്തിട്ടുണ്ടെന്നതാണ് സത്യം. എം.എയ്ക്ക് ആ കോളേജില്‍ പഠിക്കാന്‍ തീരുമാനിച്ചതു തന്നെ ഇവരോടൊക്കെയുള്ള ഒടുക്കത്തെ സ്‌നേഹം കൊണ്ടുകൂടിയായിരുന്നു. അന്നൊന്നും ഇവരില്‍ ഒരാളേയും അകലെനിന്നുപോലും കണ്ടിട്ടില്ലായിരുന്നു. പകുതിയോളം പേരെ ഇന്നുവരെ പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ല. മരിച്ചു പോയവരുടെ കാര്യം പിന്നെ പറയാനുമില്ലല്ലോ.

മഹാരാജാസില്‍ ചേരുമുന്‍പു തന്നെ അഷിതയെന്ന പഴയ മഹാരാജാസുകാരിയുടെ മറ്റൊരു പുസ്തകം കൂടി വാങ്ങിയിരുന്നു-അഷിതയുടെ കഥകള്‍. അത്യുഗ്രന്‍ കവര്‍ച്ചിത്രമായിരുന്നതിന്റെ. മള്‍ബെറിപ്പുസ്തകത്തിനു മുന്നില്‍ പേരായിരുന്നു പരന്നുകിടന്നിരുന്നതെങ്കില്‍ ഇതില്‍ എഴുത്തുകാരിയുടെ മുഖം മുന്‍കവറും കടന്ന് പിന്‍കവറും നിറഞ്ഞ് ചാരക്കളറില്‍ പരിലസിച്ചു. കെ.സി. ജോര്‍ജ്ജിന്റേതായിരുന്നു  ഫോട്ടോയും ഡിസൈനും. പ്രായപൂര്‍ത്തിയാകാത്തൊരു വായനക്കാരന് പൂര്‍ണ്ണമായും പിടികിട്ടുന്നൊരു പെണ്‍പ്രപഞ്ചമായിരുന്നില്ല അഷിതക്കഥകളിലേത്. മുതിര്‍ന്നൊരു സ്ത്രീക്കു മാത്രം തുറക്കാന്‍ കഴിയുന്ന ചില കിളിവാതിലുകളും ജാലകങ്ങളും അവയിലുണ്ടായിരുന്നു. പത്മരാജന്റേയും സക്കറിയയുടേയും എം.പി. നാരായണ പിള്ളയുടേയും എന്‍.എസ്. മാധവന്റേയുമൊക്കെ അമിട്ടുചിതറന്‍ കഥകളില്‍ വ്യാമുഗ്ദ്ധനായിപ്പോയ ഒരുവന് ടി. പദ്മനാഭന്റെ താളത്തിലുള്ള കഥനരീതികളോടൊരു മമതയില്ലായ്മ വന്നതില്‍ അതിശയമൊന്നുമില്ല. പടക്കം പൊട്ടിക്കലില്‍ മാത്രമല്ല, പതിഞ്ഞു പറയുന്നതിലും കലയുടെ കയ്യടക്കവും കൈയൊതുക്കവും ആവശ്യമാണെന്നറിയാന്‍ ഒരുപാട് വൈകി. അപ്പോഴേക്കും അധ്യാപനത്തിന്റെ കളത്തിലേക്കിറങ്ങിക്കഴിഞ്ഞിരുന്നു.

കല്പറ്റ നാരായണന്‍ മാഷ് പറയുന്നതുപോലെ ഏതിലയും മധുരിക്കുന്ന കാടൊന്നുമായിരുന്നില്ല അധ്യാപനം. എല്ലാ ബോളിലും സിക്‌സറടിക്കാന്‍ പറ്റുന്ന ഒന്നല്ല പഠിപ്പിക്കലിന്റെ പിച്ച്. പക്ഷേ, ചില പന്തുകളുണ്ട്. എങ്ങനെ കുത്തിത്തിരിഞ്ഞു വന്നാലും നമ്മള്‍ ആത്മവിശ്വാസത്തോടെ അതിര്‍ത്തിവരയ്ക്കപ്പുറത്തേയ്ക്ക് എത്തിക്കുന്നവ. അത്തരമൊരു പന്തായിരുന്നു അഷിതയുടെ കല്ലു വച്ച നുണകള്‍ എന്ന പാഠം. ഉമാ പ്രസീദയുടെ നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ക്കൊക്കെ പരക്കെ ചിരി കിട്ടിയിരുന്നു ക്ലാസ്സുകളില്‍. കഥ വായിച്ചു കഴിഞ്ഞിട്ട് മുതിര്‍ന്നവരുടേയും മാഷുമ്മാരുടേയും മൂരാച്ചിത്തരങ്ങളെക്കുറിച്ച്  മിനിമം മൂന്ന് മണിക്കൂറെങ്കിലും നിര്‍ത്താതെ കത്തിവയ്ക്കുന്ന ഹയര്‍സെക്കന്‍ഡറി സാറിനെ, പണ്ടത്തെ പ്രീഡിഗ്രി പരുവത്തിലുള്ള പ്ലസ്ടൂ പിള്ളേര് തട്ടുതകര്‍ത്ത് കയ്യടിച്ചു പ്രോത്സാഹിപ്പിച്ച് കയറൂരിവിട്ടുകൊണ്ടിരുന്നു. ആ കഥാപ്രസംഗമങ്ങനെ കത്തിക്കയറുമ്പോള്‍ പക്കത്തെ ക്ലാസ്സിലെ ടീച്ചര്‍മാര്‍ വന്ന് എത്തിനോക്കും. കണക്കും കെമിസ്ട്രിയുമൊക്കെ കാര്യമായിട്ട് പഠിപ്പിക്കുമ്പോഴാണ്  കോണ്‍സെന്‍ട്രേഷന്‍  കളയാനൊരുത്തന്റെ കൂത്തുകളി എന്ന മട്ടിലുള്ള ആ കുറ്റപ്പെടുത്തലിന്റെ കണ്‍നോട്ടങ്ങളെ കണ്ടില്ലെന്നു നടിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ചില ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍നിന്ന് കല്ലുവച്ച നുണകള്‍ കൊണ്ടൊരുത്തന്‍ കൊല്ലങ്ങളായി കയ്യടികളും കിലോക്കണക്കിനു സ്‌നേഹവും വാരിക്കൂട്ടുന്ന വിവരം അന്നൊന്നും ഉമാ പ്രസീദയുടെ അമ്മ അറിഞ്ഞിരുന്നതേയില്ല. സത്യത്തില്‍ ക്ലാസ്സ് മുറിയില്‍ കളിവിളയാട്ടത്തിനു കിട്ടിയ ആ കഥയില്‍നിന്നാണ് അഷിത എന്ന എഴുത്തുകാരിയെ കാര്യമായി അറിഞ്ഞു തുടങ്ങുന്നത്.


ഒരുപാടൊന്നും എഴുതാതിരുന്ന അഷിതയുടെ കഥകളുടെയൊന്നും പുതിയ പതിപ്പുകള്‍ ഇറങ്ങുന്നേയുണ്ടായിരുന്നില്ല. 2014-ല്‍ ആണ് അതിനൊരു മാറ്റം വന്നത്. അഷിതയുടെ കഥകളുടെ ഒരു സമ്പൂര്‍ണ്ണ സമാഹാരം പുറത്തുവരുന്നതപ്പോഴാണ്. മറ്റു പലരുടേയും സമ്പൂര്‍ണ്ണ കഥകളുടെ കണക്ക് നിഘണ്ടുപ്പരുവത്തിലല്ലാത്ത  ഒരു പുസ്തകം. അതില്‍ ആഴ്ന്നുമുങ്ങിത്തുടങ്ങിയപ്പോഴാണ് എഴുത്തുകാരിക്കൊരു കത്തെഴുതണമെന്ന തിക്കുമുട്ടല്‍ തുടങ്ങിയത്. എപ്പോഴോ തോന്നിയ മൂച്ചിന്; 'അഷിതാമ്മോ പൂയ്' എന്ന് വിളിച്ചുകൊണ്ടൊരു കത്തെഴുതി പോസ്റ്റ് ചെയ്തു. 'ചെറുക്കാ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള മറുപടിയില്‍ ആയമ്മ എഴുതി: ''ഗോവിന്ദനെ മാത്രമേ എനിക്കിത്ര സ്വാതന്ത്ര്യത്തോടെ വിളിക്കാന്‍ സാധിക്കാറുള്ളൂ. മറ്റുള്ളവരുടെ കുറ്റമല്ല, എന്റെ കുഴപ്പമാണ്. ഒരുപക്ഷേ, അവരാരും അഷിതാമ്മേ പൂയ് എന്ന് കൂവിവിളിച്ചു പടികയറി വരാത്തതുകൊണ്ടാവും.'' കത്ത് വായിച്ചു കഴിഞ്ഞപ്പോള്‍ അതിലെ അവസാനത്തെ വരി വീണ്ടും വീണ്ടും മനസ്സിലുരുവിട്ടു: 'How beautiful this illusion of life is...!.' അഷിതയുടെ കത്തുകള്‍ എന്ന പുസ്തകത്തിലെ അവസാനത്തെ താള്‍ ആ കത്തായിരുന്നു.

അഷിതയുടെ കത്തുകള്‍ ഏറ്റുവാങ്ങാന്‍ ചെല്ലണമെന്നു പറഞ്ഞ് വിളിച്ചത് അഷിതാമ്മ തന്നെയായിരുന്നു. അതിനു മുന്‍പേ സംഘാടകര്‍ ആ ചുമതല സംവിധായികയും എഴുത്തുകാരിയുമായ പ്രിയപ്പെട്ട ശ്രീബാലയെ പറഞ്ഞേല്പിച്ചു കഴിഞ്ഞിരുന്നു. സി.വി. ബാലകൃഷ്ണന്റെ മാന്ത്രിക കരങ്ങളാല്‍ പ്രകാശിപ്പിക്കപ്പെട്ട പുസ്തകം ഏറ്റുവാങ്ങിയില്ലെങ്കിലും ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങളായിരുന്നു ആ പ്രകാശനച്ചടങ്ങ് സമ്മാനിച്ചത്. പ്രീഡിഗ്രിക്കാലം തൊട്ട് പലതരത്തില്‍ വായിച്ചറിഞ്ഞ എഴുത്തുകാരിയെ ആദ്യമായി കണ്ടതിന്റെ സന്തോഷം അത്രയ്ക്കുണ്ടായിരുന്നു. ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും സുന്ദരികളായ സ്ത്രീകളില്‍ ഒരാളാണ് അഷിതയെന്ന് ഞാന്‍ മൈക്കിലൂടെ പറയുന്നത് കേട്ട് വെണ്‍ചാമരം പോലുള്ള മുടിയിഴകള്‍ മാടിക്കൊണ്ട് ചിരിക്കുന്ന ആ മുഖം മനസ്സിന്റെ ഫ്രെയിമില്‍ നിന്നെങ്ങനെ മാഞ്ഞു പോകാന്‍. പുസ്തകം ഏറ്റുവാങ്ങാഞ്ഞതിന്റെ പരിഭവം കേട്ടുകൊണ്ടാണ് പിരിഞ്ഞത്. ''ഇനിയും പുസ്തകങ്ങളെഴുതുമല്ലോ, അപ്പോള്‍ ഏറ്റുവാങ്ങിക്കോളാം'' എന്ന് മറുപടി പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ട് തോളില്‍ തട്ടിയിട്ട് ബാലയ്‌ക്കൊപ്പം കാറില്‍ കയറിപ്പോയ ആള്‍ കൃത്യമായി അത് ഓര്‍ത്തുവെച്ചിരുന്നു.

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഷിതയുമായി നടത്തിയ അഭിമുഖം 'അത് ഞാനായിരുന്നു' എന്ന പേരില്‍ പുസ്തകരൂപം പ്രാപിക്കുന്നു എന്നറിഞ്ഞപ്പോള്‍ സ്വാഭാവികമായും സന്തോഷം തോന്നിയിരുന്നു. ''നീയത് ഏറ്റുവാങ്ങണമെന്നാണെന്റെ ആഗ്രഹം'' എന്ന് അഷിതാമ്മ വിളിച്ചു പറഞ്ഞപ്പോള്‍ ആ സന്തോഷം ഇരട്ടിയായി. സാംസ്‌കാരിക കേരളം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന ആ പുസ്തകം ഏറ്റുവാങ്ങാനുള്ള യോഗ്യതയൊന്നുമില്ലെന്ന്  നന്നായറിയാമെങ്കിലും കലകലക്കന്‍ കവിയായ പി.എന്‍. ഗോപീകൃഷ്ണന്റെ കയ്യില്‍നിന്നത് സ്വീകരിക്കുമ്പോള്‍ അപകര്‍ഷമൊന്നും തോന്നിയില്ല. ഒന്നില്ലെങ്കിലും ഒറ്റവരികൊണ്ടൊരു നിരീശ്വരവാദിയെ ഗുരുവായൂര്‍ ഗോവിന്ദന്റെ സ്റ്റാറ്റസ്സിലെത്തിച്ചയാള്‍ നിര്‍ബന്ധിച്ചു പറഞ്ഞിട്ടാണല്ലോ എന്ന അഭിമാനബോധമായിരുന്നു മനസ്സുനിറയെ. ചെറുക്കന്റെ ഗമ കാണാന്‍ എഴുത്തുകാരി ആ വേദിയിലെത്തിയിരുന്നില്ല. അഷിതക്കഥ പഠിപ്പിച്ച് ഒരുപാട് പേരുടെ കണക്കില്ലാക്കനിവ് നേടിയ കാര്യം പറയുമ്പോള്‍ ഉമക്കുട്ടി സദസ്സിലിരുന്ന് നിറകണ്‍ചിരിയോടെയത്  കേള്‍ക്കുന്നുണ്ടായിരുന്നു.

ബിപിന്‍ ചന്ദ്രന്‍
 


ചടങ്ങ് കഴിഞ്ഞ് പ്രിയാ എ.എസിനും സുഹൃത്തുക്കളായ ദാമോദറിനും ഉണ്ണി കാര്‍ത്തികേയനുമൊപ്പം ചെന്നു കാണുമ്പോള്‍ കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാതെ കിടക്കുകയായിരുന്നു അഷിതാമ്മ. ചായകുടി സമയത്തിത്തിരി കൊച്ചുവര്‍ത്തമാനം പറഞ്ഞു, പ്രിയച്ചേച്ചിയെ കണക്കില്ലാതെ കളിയാക്കുന്നതു കേട്ട് ഊറിച്ചിരിച്ചു, പോരാന്‍ നേരം മുറുകെയൊന്നു പിടിച്ചു, നിറുകയില്‍ കൈവെച്ചു, അങ്ങോട്ടുരുമ്മ കൊടുത്തു, അത്രയൊക്കെയേ ഉണ്ടായുള്ളൂ ആ കൂടിക്കാഴ്ചയില്‍. മതിയല്ലോ. മുന്തിയ മാത്രകള്‍ എന്തിനൊത്തിരി.

പരിഭവക്കുട്ടിയായ അഷിതയെക്കുറിച്ച് പരിചയമുള്ളവരൊക്കെ പറയാറുണ്ട്. അതുകൊണ്ട് പിണങ്ങാനുള്ളൊരിട കൊടുക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു. അര്‍ബ്ബുദഞണ്ടുകള്‍ ഇറുക്കിക്കൊണ്ടിരിക്കുമ്പോഴും അഷിതാമ്മയുടെ വാട്ട്‌സ് ആപ്പ് സന്ദേശങ്ങളില്‍ ചെറിയൊരു കുസൃതിത്തിളക്കം കെടാതെ കത്തിനിന്നിരുന്നു. കയ്യിലുണ്ടായിരുന്ന മുപ്പതു പുസ്തകങ്ങള്‍ ഊണുമേശയില്‍ നിരത്തിവെച്ചു ഫോട്ടോ എടുത്തയച്ചപ്പോള്‍ കുറച്ചുകാലം അഷിത പി.കെയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക് അതായിരുന്നു. ബിപിന്‍ ചന്ദ്രന് കോര്‍ട്ടസിയും വച്ചിരുന്നു. അവസാനമെന്നെ വിളിക്കുമ്പോള്‍ കാന്‍സര്‍ ചികിത്സയുടെ കൊല്ലുന്ന ചെലവിനെക്കുറിച്ചും മലയാളം വാരികയില്‍ എഴുതാന്‍ പ്ലാനിടുന്നതിനെക്കുറിച്ചും സംസാരിച്ചു. ബാത്ത്‌റൂമില്‍ വീണിട്ട് ടൈലിനു വല്ലതും പറ്റിയോ എന്നു ചോദിച്ചപ്പോള്‍ പൊട്ടിച്ചിരിച്ചു. ഉള്ള സങ്കടം മൊത്തം ഉള്ളില്‍ കരഞ്ഞു തീര്‍ത്തിട്ട് പുറത്തേയ്ക്ക് ചിരിക്കുന്ന പോസിറ്റീവ് ചെറുക്കനാണ് നീ എന്നൊരു പ്രസ്താവനയും പാസ്സാക്കി. അതിനും മാത്രം സങ്കടമൊന്നും എനിക്കില്ല അഷിതാമ്മേ എന്നു തിരുത്തിയപ്പോള്‍ അങ്ങനെ തന്നെയാകട്ടെ എന്നും എന്ന് അനുഗ്രഹമട്ടില്‍ പറഞ്ഞാണ് നിര്‍ത്തിയത്.
ഒരുപാട് കരയാനൊന്നും കരുത്തില്ലാത്തവനാണ് ഞാന്‍. അതുകൊണ്ട് ആ വാക്കുകള്‍ പൊന്നായിരിക്കട്ടെ. അഷിത പോയ വിവരം പാതിരാത്രിയില്‍ വിളിച്ചറിയിച്ചത് സുള്‍ഫിക്കര്‍ എന്നൊരു സുഹൃത്താണ്. വലിയ വികാരപരവശതയൊന്നുമില്ലാതെയാണ് ആ വാര്‍ത്ത  ഞാന്‍ കേട്ടത്. പക്ഷേ, വാക്കുകള്‍ അറംപറ്റുന്നതെങ്ങനെയെന്ന് കുറച്ചു കഴിഞ്ഞപ്പോളെനിക്കു  മനസ്സിലായി. അഷിതാമ്മ പറഞ്ഞതുപോലൊരു സങ്കടമഴ ഉള്ളിലേക്ക് ഇരമ്പിക്കുത്തി വന്നതപ്പോഴാണ്. പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമ സംവിധാനം ചെയ്യുന്ന കാര്യം എന്തായെന്നെന്നോട് നിരന്തരം ചോദിച്ചുകൊണ്ടിരുന്നയാള്‍ തിരയൊഴിഞ്ഞു പോകുമ്പോള്‍ അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു  ഞാന്‍. അതും അഷിതാമ്മ കണ്ടിരുന്നെങ്കില്‍ ഒരിക്കലും സഹിക്കുമായിരുന്നില്ലാത്തൊരു  വേഷത്തില്‍.
ഒരാളെപ്പോലെ ഏഴ് പേരൊന്നുമില്ല, ഒരാള്‍ മാത്രമേയുള്ളൂ എന്ന് രഞ്ജിത് എഴുതിയ സിനിമാ ഡയലോഗ് സത്യമാണ്. സിസ്റ്റര്‍ ബനീഞ്ജയുടെ കവിതയിലെ തത്ത്വമൊക്കെ പറഞ്ഞിട്ട് സ്വയം സമാധാനിക്കുമ്പോഴും ഒക്ടേവിയോ പാസ് വന്ന് നമ്മുടെ സ്വസ്ഥത കെടുത്തിക്കളയും. ''മരിച്ചവര്‍ തങ്ങളുടെ മരണത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു.'' നചികേതസ്സ് യമനില്‍നിന്നു നേടിയ അമരത്വം ചിലര്‍ നേടുന്നത് കഥകള്‍ പറഞ്ഞിട്ടാണ്. എന്തു മാതിരി പേരാണ് അഷിതയെന്ന് പുച്ഛിച്ച ആ പ്രീഡിഗ്രിക്കാരന്‍ ഇന്ന് അന്തിച്ചുനില്‍ക്കുന്നത് അത്തരം ചില അമരകഥകള്‍ക്കു മുന്നിലാണ്. ആ കഥാലോകത്തിലേക്ക് അദ്ഭുതാദരങ്ങളോടെ നോക്കിക്കൊണ്ടവന്‍ പറയുന്നു: എന്തൊരു പേരാണ് അഷിത!
'A rose is a rose is a rose.'
-Gertrude stein
Sacred Emily

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com