ചില അനുഭവങ്ങള്‍, ചില ദൃശ്യങ്ങള്‍: യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

അടിയന്തരാവസ്ഥയുടെ വലിയൊരു ഭാരം ഇന്ദിരാ ഗാന്ധിക്കുമേല്‍ ഉണ്ടായിട്ടും അവര്‍ അധികാരത്തില്‍നിന്നും പുറത്തായിട്ടും ഇന്ദിരാ ഗാന്ധിയോടുള്ള മമത ജനങ്ങളില്‍ ഏറെക്കുറെ അതുപോലെ നിലനില്‍ക്കുന്നുണ്ടായിരുന്നു.
ചില അനുഭവങ്ങള്‍, ചില ദൃശ്യങ്ങള്‍: യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

ദേശീയതലത്തിലും സംസ്ഥാനതലത്തിലും പല പല രാഷ്ട്രീയമാറ്റങ്ങളും അരങ്ങേറിയ ഒരു കാലഘട്ടമാണ് പിന്നീട് കടന്നുവന്നത്. കോണ്‍ഗ്രസ്സില്‍നിന്നും ഇന്ദിരാ ഗാന്ധി പുറത്താക്കപ്പെടുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി പിളരുന്നു. കേരളത്തിലും അതിന്റെ പ്രതിഫലനം ദൃശ്യമാവുന്നു. സംസ്ഥാനത്തെ പ്രമുഖരായ പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകരും എ.കെ. ആന്റണിയും കെ. കരുണാകരനും നേതൃത്വം നല്‍കുന്ന രണ്ട് വിഭാഗങ്ങളില്‍ അണിചേരുന്നു. രണ്ട് വ്യത്യസ്ത പാര്‍ട്ടികളെപ്പോലെ അവ പ്രവര്‍ത്തനം തുടങ്ങുന്നു.

അടിയന്തരാവസ്ഥയുടെ വലിയൊരു ഭാരം ഇന്ദിരാ ഗാന്ധിക്കുമേല്‍ ഉണ്ടായിട്ടും അവര്‍ അധികാരത്തില്‍നിന്നും പുറത്തായിട്ടും ഇന്ദിരാ ഗാന്ധിയോടുള്ള മമത ജനങ്ങളില്‍ ഏറെക്കുറെ അതുപോലെ നിലനില്‍ക്കുന്നുണ്ടായിരുന്നു. പുതുതായി രൂപംകൊണ്ട ജനതാപാര്‍ട്ടിക്ക് പുതിയൊരു ദിശാബോധം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. വ്യത്യസ്ത കാഴ്ചപ്പാടുള്ളവര്‍ ചേര്‍ന്ന് രൂപീകരിച്ച ഒരു രാഷ്ട്രീയകക്ഷിയായതുകൊണ്ട് ആശയതലത്തില്‍ അവര്‍ക്ക് ഒരിക്കലും ഒന്നിക്കാനും സാധിച്ചില്ല. വിരുദ്ധാശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ ഇന്ദിരാ ഗാന്ധിക്കുണ്ടായിരുന്ന വിശ്വാസ്യത ഒന്നുകൂടി ബലപ്പെടുത്താന്‍ ഇടയാക്കി. അവര്‍ ജനകീയപ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ടുകൊണ്ടേയിരുന്നു. പത്തൊമ്പത് ദളിതര്‍ അതിദാരുണമായി കൊല്ലപ്പെട്ട ബെല്‍ച്ചി എന്ന യാത്രാസൗകര്യങ്ങളൊന്നും ഇല്ലാത്ത കുഗ്രാമത്തില്‍ ആനപ്പുറത്ത് കയറി പുഴകടന്നാണ് ഇന്ദിരാ ഗാന്ധി എത്തിയത്. വളരെയധികം ദേശീയശ്രദ്ധ നേടിയ ഒരു സന്ദര്‍ശനമായിരുന്നു ഇത്. ഭരണകക്ഷിയില്‍പ്പെട്ട ആരും തന്നെ അങ്ങോട്ടേയ്ക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല. ഇന്ദിരാ ഗാന്ധിയുടെ അടിത്തറ വളരെ പെട്ടെന്ന് തന്നെ ദൃഢപ്പെട്ടുകൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് ചിക്കമംഗലൂരില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്. ഇന്ദിരാ ഗാന്ധി അവിടെ മത്സരിക്കാന്‍ തീരുമാനിക്കുന്നു. അടിയന്തരാവസ്ഥയിലെ അമിതാധികാര ദുരുപയോഗത്തെച്ചൊല്ലി പിളര്‍ന്നുണ്ടായ പാര്‍ട്ടി സ്വാഭാവികമായും അവിടെ ഇന്ദിരാ ഗാന്ധിക്കെതിരെ ഒരു നിലപാട് എടുക്കേണ്ടതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിലെ എതിര്‍വിഭാഗം (കോണ്‍ഗ്രസ്-യു) ഇന്ദിരാ ഗാന്ധിക്ക് പിന്തുണ കൊടുക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസ് യു-വിന്റെ പ്രമുഖ നേതാവായ എ.കെ. ആന്റണി ഈ നിലപാടില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തീരുമാനിക്കുന്നു. മറ്റൊരു സമാലോചനയും കൂടാതെ അദ്ദേഹം അപ്രതീക്ഷിതമായി രാജിപ്രഖ്യാപനം നടത്തുകയും ചെയ്തു. തുടര്‍ന്ന് കോണ്‍ഗ്രസ് യു-വിന്റെ പിന്തുണയോടെ സി.പി.ഐയിലെ പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയാവുന്നു. അതിനുശേഷം മുസ്ലിം ലീഗിലെ സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയാവുന്നു. പിന്നീട് കേരളം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് എത്തിച്ചേരുന്നു.

തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് എനിക്ക് വളരെയധികം ആശങ്കകള്‍ ഉണ്ടായിരുന്നു. ഫീച്ചര്‍ എഴുതുന്നതുപോലെയോ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുപോലെയോ അല്ല തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങ്. കേരള കൗമുദിയെപ്പോലെ ഏറെക്കുറെ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന ഒരു പത്രത്തിന് തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഒരിക്കലും അതിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടരുത്. വിശ്വാസ്യതയില്‍ സംശയം ഉണ്ടാകുകയുമരുത്. മുന്‍പൊരിക്കലും ഒരു തെരഞ്ഞെടുപ്പ് രംഗവുമായി പരിചയപ്പെടാത്ത എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ആത്മപരിശോധനയ്ക്കുള്ള വേദിയായി തെരഞ്ഞെടുപ്പ് മാറുകയായിരുന്നു. കേരള കൗമുദി എന്തുനിലപാടാണ് എടുക്കുന്നതെന്ന് കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരവസരവുമാണത്. ആ പത്രത്തിന് അത്രത്തോളം രാഷ്ട്രീയപ്രാധാന്യം അക്കാലത്ത് നല്‍കപ്പെട്ടിരുന്നു. ഇതും എന്നെ ഏറെ ഉല്‍ക്കണ്ഠപ്പെടുത്തി. തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന ഒരു നിര്‍ദ്ദേശം തിരുവനന്തപുരത്തുനിന്നും അയച്ചുതന്നിരുന്നു.  ഓരോ ഘട്ടത്തിലും എന്താണ് ചെയ്യേണ്ടതെന്ന നിര്‍ദ്ദേശങ്ങള്‍ അതിലുണ്ടായിരുന്നു. കേരള കൗമുദിക്ക് എറണാകുളം വരെയുള്ള ബ്യൂറോകളില്‍ രണ്ടോ മൂന്നോ റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടായിരുന്നു. തൃശൂരിന് വടക്കോട്ടുള്ളവയില്‍ ഒരാള്‍ മാത്രമാണ്  ഉണ്ടായിരുന്നത്. തൃശൂരില്‍ പത്രത്തിന്റെ സര്‍ക്കുലേഷന്‍ വര്‍ദ്ധിച്ചതോടെ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്കും പ്രാധാന്യം കൊടുക്കണമെന്ന് തീരുമാനമെടുത്തിരുന്നു. അതോടെ എന്റെ ഉത്തരവാദിത്വം ഒന്നുകൂടി വര്‍ദ്ധിക്കുകയും ചെയ്തു. തൃശൂരില്‍ അക്കാലത്ത് പതിന്നാല് നിയോജകമണ്ഡലങ്ങളാണുണ്ടായിരുന്നത്. (ഇപ്പോഴത് പതിമൂന്നായി കുറഞ്ഞു). ഇവയില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഏതാണ്ട് തുല്യശക്തി തന്നെയാണുണ്ടായിരുന്നത്. തൃശൂരില്‍ ഇരുന്നുകൊണ്ടുമാത്രം ഇത് വിലയിരുത്താനും കഴിയുമായിരുന്നില്ല.

അതുകൊണ്ടുതന്നെ എല്ലാ മണ്ഡലങ്ങളിലും നേരിട്ട് സന്ദര്‍ശനം നടത്താനാണ് ഞാന്‍ തീരുമാനിച്ചത്. അതിന് ഏറെ സഹായിക്കാനെത്തിയത് ഐ.ബിയിലെ ഒരുദ്യോഗസ്ഥനായ വത്സനാണ്. അക്കാലത്ത് 'ജില്ലാ കത്ത്' എന്ന പ്രതിമാസ പംക്തിയില്‍ തൃശൂരിന്റെ രാഷ്ട്രീയ - സാംസ്‌ക്കാരിക പ്രവണതകളെ അവലോകനം ചെയ്ത് ഞാന്‍ എഴുതാറുണ്ടായിരുന്നു. അവ വായിച്ചു പംക്തിയില്‍ കൈകാര്യം ചെയ്ത ചില രാഷ്ട്രീയ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി സംസാരിക്കാനാണ് അദ്ദേഹം ആദ്യമായി എന്നെ കാണുന്നത്. ഐ.ബിക്ക് ചില റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്  കൊടുക്കേണ്ടതുണ്ടായിരുന്നു. സഹൃദയനായ ഒരു ഐ.ബി. ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്കാണ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നത്. ഞങ്ങളുടെ പരിചയം നല്ല സൗഹൃദമായി വളര്‍ന്നു. വത്സന്റെ രാജദൂത് മോട്ടോര്‍ ബൈക്കിന്റെ പിറകിലിരുന്നാണ് ഞാന്‍ പതിന്നാല് മണ്ഡലങ്ങളിലും സഞ്ചരിച്ചത്. അതുകൊണ്ട് തൃശൂരിന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് ഏകദേശം അറിയാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല, ഭൂമിശാസ്ത്രത്തെ പരിചയപ്പെടാനും സാധിച്ചു. പോളിംഗ് കഴിഞ്ഞ ഉടനെ രാഷ്ട്രീയ നിലപാടുകളെ വിലയിരുത്തി ഞാന്‍ ഒരു റിപ്പോര്‍ട്ട് അയച്ചിരുന്നു. പതിന്നാല് മണ്ഡലങ്ങളുടേയും ഫലം എന്തായിരിക്കുമെന്നും അതില്‍ വ്യക്തമായി പ്രതിപാദിക്കുകയുണ്ടായി. റിപ്പോര്‍ട്ട് വായിച്ച് തിരുവനന്തപുരം തെരഞ്ഞെടുപ്പ് ഡെസ്‌കില്‍ നിന്നും വിളിച്ചുചോദിച്ചു: ''ഇങ്ങനെത്തന്നെ സംഭവിക്കുമെന്ന് ഉറപ്പാണോ?''

''ഒന്നോ രണ്ടോ ഇടത്ത് തെറ്റാന്‍ ചിലപ്പോള്‍ സാദ്ധ്യതയുണ്ട്. അല്ലാത്തതൊക്കെ അങ്ങനെത്തന്നെയേ സംഭവിക്കുകയുള്ളൂ.'' ഞാന്‍ തറപ്പിച്ചു പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഒരൊറ്റ സീറ്റില്‍ മാത്രമാണ് പ്രവചനം ഫലിക്കാതെപോയത്. അത് ഞാന്‍ ഏതാണ്ട് പ്രതീക്ഷിച്ചതുമാണ്. സംസ്ഥാനത്ത് ഇടതുപക്ഷത്തിനാണ് ആ വര്‍ഷം ഭൂരിപക്ഷം ലഭിച്ചത്. തെരഞ്ഞെടുപ്പ് ഫലം ആത്യന്തികമായി വരുന്നതുവരെ കെ.ആര്‍. ഗൗരിയമ്മ ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന പ്രചാരണമാണുണ്ടായിരുന്നത്. എന്നാല്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ നാടകീയമായി ഇ.കെ. നായനാരാണ് മുഖ്യമന്ത്രിയായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചിരുന്ന കാലത്ത് അപരനാമത്തില്‍ കേരളകൗമുദി പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് പ്രീമിയര്‍ ലോഡ്ജില്‍നിന്നും താമസം മാറ്റാന്‍ തീരുമാനിച്ചത്. ഒരു ന്യൂസ് ബ്യൂറോയായി സ്ഥിരമായി പ്രവര്‍ത്തിക്കാന്‍ പറ്റിയ ഒരിടമായിരുന്നില്ല അവിടം. ന്യൂസ് ബ്യൂറോ വിപുലീകരിക്കാനും തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ടെലിപ്രിന്റര്‍ സ്ഥാപിക്കാനും അനുവാദം ലഭിച്ചു. ടെലിപ്രിന്റര്‍ വെക്കാനുള്ള സൗകര്യം വേണ്ടിയിരുന്നു. അതിനെക്കാളേറെ എന്നെ അലോസരപ്പെടുത്തിയത് എന്റെ സ്വകാര്യതകള്‍ നഷ്ടപ്പെടുന്നതിലുള്ള ദുഃഖമായിരുന്നു. നഗരത്തിനകത്തുള്ള മുറിയായിരുന്നതിനാല്‍ വൈകിയെത്തുന്ന പല സുഹൃത്തുക്കള്‍ക്കും രാത്രിയില്‍ തങ്ങാനുള്ള ഒരിടമായി എന്റെ മുറി മാറിയിരുന്നു. മുറിയില്‍ ആകെ ഒരു കട്ടിലാണുണ്ടായിരുന്നത്. ഒരാള്‍ക്ക് കിടക്കാന്‍ മാത്രം സൗകര്യമുള്ള ഒന്ന്. പിന്നെ ഒരു മേശയും കസേരയും. കൂട്ടുകാര്‍ ആരെങ്കിലും രാത്രിയില്‍ വന്നാല്‍ ഒരാള്‍ താഴെ കിടക്കേണ്ടിവരും. ഒരു രാത്രി അപ്രതീക്ഷിതമായി നരേന്ദ്രപ്രസാദും വി.പി. ശിവകുമാറും മുറിയില്‍ വന്നു. അവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. രാത്രി വളരെ വൈകുന്നതുവരെ പാട്ടും കൂത്തുമായി കഴിഞ്ഞു. ഒടുവില്‍ ഒരു കട്ടിലില്‍ അവര്‍ രണ്ടുപേരും എങ്ങനെയോ കിടന്നുറങ്ങി. ഞാന്‍ വെറും നിലത്തും. കവി അയ്യപ്പന്‍ വന്നപ്പോള്‍ കടലാസുപോലും വിരിക്കാതെ തണുത്ത തറയില്‍ കിടന്നു. ഇങ്ങനെ എത്രയോ അനുഭവങ്ങള്‍. സ്വസ്ഥമായി വാര്‍ത്ത എഴുതാന്‍ ഞാന്‍ നന്നേ പ്രയാസപ്പെടുകയായിരുന്നു. അതിനിടയില്‍ സാഹിത്യരചന സങ്കല്പിക്കാന്‍പോലും കഴിയുമായിരുന്നില്ല. സൗകര്യപ്രദമായ ഒരിടം കണ്ടെത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.  തൃശൂരില്‍ എനിക്ക് കുറേ നല്ല സുഹൃത്തുക്കളെ കിട്ടി എന്നത് അക്കാലത്ത് എനിക്ക് വളരെ ആശ്വാസകരമായ ഒരു കാര്യമായിരുന്നു. വലപ്പാടു നിന്നും ആര്‍.ഐ. ഷംസുദ്ദീന്‍ (ഇദ്ദേഹമാണ് പിന്നീട് അങ്കണം സാംസ്‌ക്കാരികവേദി സ്ഥാപിച്ചത്), തൃശൂരിലെ ശ്രദ്ധേയമായ സായാഹ്നപത്രം 'സ്വതന്ത്രമണ്ഡപ'ത്തിന്റെ ലേഖകന്മാരായ ശേഖര്‍ പുല്‍പ്പറ്റ, എ.കെ. അബൂബക്കര്‍, വീക്ഷണം റിപ്പോര്‍ട്ടര്‍ ശ്രീകുമാര്‍, കാട്ടൂരില്‍നിന്നും ആഴ്ചയില്‍ പല ദിവസം എന്നെ കാണാന്‍ വരുന്ന കഥാകൃത്ത് ടി.വി. കൊച്ചുബാവ, തൃപ്രയാറില്‍ നിന്നുള്ള ബാലചന്ദ്രന്‍ വടക്കേടത്ത്, കേരളവര്‍മ്മ കോളേജിലെ ഹിന്ദി പ്രൊഫസര്‍ ഡോ. പി.വി. കൃഷ്ണന്‍ നായര്‍ എന്നിവരൊക്കെ ബ്യൂറോയിലെ നിത്യസന്ദര്‍ശകരായിരുന്നു.  അവരുടെയൊക്കെ ശ്രമഫലമായി നഗരത്തില്‍ തന്നെയുള്ള പൂത്തോളില്‍ ഒരു വീട് കണ്ടെത്തി. ഇടറോഡില്‍ പടിപ്പുരയോടുകൂടിയ ഓടിട്ട പഴയ ഒരു ഇരുനില കെട്ടിടം. ഏകാന്തമായ ഒരിടം. പഴമയേറിയ ഒരന്തരീക്ഷം അവിടെ ഉണ്ടായിരുന്നു. എനിക്കത് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ഇഷ്ടം തോന്നിപ്പിക്കുന്ന ഒരു പേരാണ് വീടിനുള്ളത്. കുമാരി നിലയം. ബ്യൂറോ മാറിയതിന്റെ രണ്ടാംനാള്‍ വൈകിട്ട് വാര്‍ത്തകളൊക്കെ കൊടുത്തതിനുശേഷം ഒന്നും ചെയ്യാനില്ലാതെ അങ്ങനെ ഇരിക്കുമ്പോള്‍ ഒരപരിചിതന്‍ അവിടേക്ക് കയറിവന്നു. അയാള്‍ സ്വയം പരിചയപ്പെടുത്തി. എന്നിട്ട് ചോദിച്ചു:
''ഭാര്‍ഗ്ഗവിക്കുട്ടിയുമായി ചങ്ങാത്തം കൂടാനാണോ തീരുമാനം?''
ഒന്നും മനസ്സിലാകാതെ ഞാന്‍ മിഴിച്ചിരുന്നു. എന്റെ അജ്ഞത അറിഞ്ഞിട്ടാകാം അയാള്‍ പറഞ്ഞു: ''നിങ്ങള്‍ കഥകളൊക്കെ എഴുതാറുണ്ടെന്നറിഞ്ഞു. ഞാന്‍ സാഹിത്യമൊന്നും വായിക്കാറില്ല. നിങ്ങളെപ്പറ്റി മറ്റുള്ളവര്‍ പറഞ്ഞാണറിഞ്ഞത്. അപ്പോള്‍ കാണണമെന്ന് തോന്നി. 'ഭാര്‍ഗ്ഗവീനിലയം' എന്ന സിനിമ കണ്ടിട്ടില്ലേ. അതിലെ എഴുത്തുകാരന്റെ അനുഭവം അറിയാമല്ലോ. അതേപോലുള്ള ഒരിടമാണിത്. ഈ വീടിന്റെ പേരുതന്നെ ഭാര്‍ഗ്ഗവീനിലയത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. ശ്രദ്ധിച്ചിട്ടില്ലേ അത്.''
''ഞാനതൊന്നും അത്ര ശ്രദ്ധിച്ചിട്ടില്ല.'' നിസ്സംഗനായി ഞാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞത് സത്യവുമായിരുന്നു. പേരിന്റെ സാദൃശ്യമൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. എന്റെ മൗനത്തിന്റെ മറപിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു:

പത്രാധിപരുടെ മരണം
''ഇവിടെയും ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ട്. അവള്‍ ഇവിടെ അലഞ്ഞുനടക്കുന്നുണ്ടെന്നാണ് അറിയുന്നത്. പലരും കണ്ടിട്ടുണ്ടത്രെ. അതുകൊണ്ടാണ് ഈ വീട് ആരും ഇത്രയും നാള്‍ വാടകക്കെടുക്കാതിരുന്നത്. ആരോ ഇത് നിങ്ങളുടെ തലയില്‍ കെട്ടിവെച്ചതാണ്.'' അയാള്‍ എന്നെ സഹതാപത്തോടെ നോക്കിക്കൊണ്ടിരുന്നു. ഞാന്‍ ഒന്നും പറയാതിരുന്നു. എന്റെ ഭാഗത്തുനിന്നും പ്രോത്സാഹനമൊന്നും ഇല്ലാത്തതുകൊണ്ടാകാം ''എന്റെ വിധി പോലെ വരട്ടെ'' എന്ന് മനസ്സില്‍ കരുതി അയാള്‍ ഇറങ്ങിപ്പോയി. ആ വീടിന്റെ പരിസരമൊന്നും അത്ര സൂക്ഷ്മഭാവത്തില്‍ നേരത്തെ ഞാന്‍ കണ്ടിരുന്നില്ല. പിറകുവശത്ത് കുറേ ഒഴിഞ്ഞ സ്ഥലമുണ്ട് എന്നു മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ. ഞാന്‍ എഴുന്നേറ്റ് മുകള്‍നിലയില്‍ ചെന്ന് പുറകുഭാഗത്തേക്ക് നോക്കി. അങ്ങേ അറ്റത്ത് ഒറ്റപ്പെട്ട ഒരു കാഞ്ഞിരമരം. അതിനോടു ചേര്‍ന്ന് ചെറിയ മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന ഒരിടം. അത് ചെറിയൊരു കാവുപോലെ തോന്നിപ്പിച്ചിരുന്നു. അതിനിടയില്‍ ഓടിട്ട ഒരു ചെറിയ തകര്‍ന്ന കെട്ടിടം. എന്തോ ചില അസ്വാഭാവികതകള്‍ അവിടെ ഉണ്ടെന്ന് ഒറ്റനോട്ടത്തില്‍ തോന്നി. രാത്രിയില്‍ എന്താണ് സംഭവിക്കുക എന്നറിയാന്‍ എനിക്കും താല്പര്യമുണ്ടായിരുന്നു. അന്ധവിശ്വാസം ഒട്ടും ഇല്ലാതിരുന്നതിനാല്‍ ഭീതി തീരെ തോന്നിയില്ല. അന്ന് നിലാവുള്ള രാത്രിയായിരുന്നു. പകല്‍പോലെ എല്ലായിടത്തും നിലാവെളിച്ചം. അസ്വാഭാവികമായ ഏതെങ്കിലും ദൃശ്യമോ ചലനമോ ഉണ്ടോ എന്നറിയാന്‍ ഞാന്‍ ശ്രദ്ധാപൂര്‍വ്വം ഇരുന്നു. എന്നാല്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല. പിന്നെ ഞാന്‍ ശാന്തനായി ഉറങ്ങുകയും ചെയ്തു. പിന്നീട് ഒന്നര വര്‍ഷം ഞാനവിടെ ഉണ്ടായിരുന്നു. അതിനിടയില്‍ അലോസരപ്പെടുത്തുന്ന ഒരനുഭവവും എനിക്കുണ്ടായിട്ടില്ല. 

സിഎച്ച് മുഹമ്മദ്‌കോയ
സിഎച്ച് മുഹമ്മദ്‌കോയ


ദേശീയ രാഷ്ട്രീയത്തിലും മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു. ജനതാഭരണം തകര്‍ന്നു. ഇന്ദിരാ ഗാന്ധി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തി. ആയിടയ്ക്കാണ് ഇന്ദിരാ ഗാന്ധി കേരളത്തില്‍ സന്ദര്‍ശിക്കാനെത്തിയത്. കേരള കലാമണ്ഡലത്തില്‍ അവര്‍ക്ക് സന്ദര്‍ശനമുണ്ടായിരുന്നു. അതുകഴിഞ്ഞ് തേക്കിന്‍കാട് മൈതാനിയില്‍ അവരുടെ പൊതുപരിപാടി. രണ്ടും നല്ല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് തിരുവനന്തപുരത്തുനിന്നും നിര്‍ദ്ദേശം വന്നു. വളരെ പ്രധാനപ്പെട്ട വ്യക്തികളുടെ സന്ദര്‍ശനം ഞാന്‍ ആദ്യമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കലാമണ്ഡലത്തിലെ ഓഡിറ്റോറിയത്തില്‍വെച്ച് അരമണിക്കൂറോളം നേരം അവര്‍ മോഹിനിയാട്ടം ആസ്വദിച്ചു. പ്രധാനമന്ത്രിക്കുവേണ്ടി മാത്രമാണ് മോഹിനിയാട്ടം അരങ്ങേറിയത്. അവരുടെ തൊട്ടുപിറകിലായിരുന്നു പത്രക്കാര്‍ക്ക് ഇരിപ്പിടം ഒരുക്കിയിരുന്നത്. പ്രധാനമന്ത്രി വളരെ കൗതുകത്തോടെ മോഹിനിയാട്ടത്തെക്കുറിച്ചുള്ള സൂക്ഷ്മാംശങ്ങള്‍ തിരക്കുന്നത് അന്നത്തെ ഒരു പ്രധാന വാര്‍ത്തയായിരുന്നു. 

എകെ ആന്റണി
എകെ ആന്റണി


തേക്കിന്‍കാട് മൈതാനിയിലൂടെ എന്നും നടന്നുപോവുമ്പോള്‍ ഒരു ദൃശ്യം എപ്പോഴും ഓര്‍മ്മയില്‍ വരും. ഒരു സന്ധ്യാസമയം. വിദ്യാര്‍ത്ഥി കോര്‍ണറില്‍ ആരോ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. അത്ര പ്രമുഖനായ വ്യക്തിയൊന്നുമല്ല. പ്രസംഗം കേള്‍ക്കാന്‍ വലിയ ആള്‍ക്കൂട്ടവുമില്ല. ആര് പ്രസംഗിക്കുകയാണെങ്കിലും ഏതാനും പേര്‍ എന്നും അവിടെ കൂടിയിരിപ്പുണ്ടാകും. പ്രസ്സ് ക്ലബ്ബില്‍നിന്നും ഇറങ്ങി പ്രീമിയര്‍ ലോഡ്ജിലേക്ക് തിരക്കിട്ടു നടന്നുപോവുകയായിരുന്നു ഞാന്‍. മൈതാനത്തിന്റെ മധ്യഭാഗം പിന്നിട്ടപ്പോള്‍ വളരെ പരിചിതനായ ഒരാളിരുന്ന് പ്രസംഗം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്നത് കണ്ടു. ആദ്യം ആരാണതെന്ന് മനസ്സിലായില്ല. പിന്നെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. അത്ഭുതപ്പെട്ട് തെല്ലുനേരം അങ്ങനെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. അത് മുന്‍ മുഖ്യമന്ത്രി സി. അച്ചുതമേനോനായിരുന്നു. തൃശൂരില്‍ ബ്യൂറോയുടെ ചുമതലയേറ്റപ്പോള്‍ അദ്ദേഹത്തെ കാണാന്‍ വേണ്ടി പോയിരുന്നു. പിന്നെ ഒന്നുരണ്ടു തവണ അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴും കണ്ടിരുന്നു. വൈകിട്ട് നടക്കാനിറങ്ങുമ്പോള്‍ ചിലപ്പോള്‍ അദ്ദേഹം തേക്കിന്‍കാട് മൈതാനിയിലും വരാറുണ്ട്. നടന്നു ക്ഷീണിച്ച് ഒരിടത്ത് ഇരുന്നതാകാം. അദ്ദേഹത്തെ അലോസരപ്പെടുത്തേണ്ട എന്നു കരുതി, ഇരിക്കുന്ന ഭാഗത്തേക്ക് പോകാതെ ഞാന്‍ മറ്റൊരു വഴിയിലൂടെ ലോഡ്ജിലേക്ക് നടന്നു. ഇതിന് സമാനമായ മറ്റൊരു ദൃശ്യം മറ്റൊരിടത്ത് വെച്ച് കുറച്ചുനാള്‍ മുന്‍പ് ഞാന്‍ കണ്ടിരുന്നു. അതും മറക്കാന്‍ കഴിയുന്ന ഒന്നല്ല. നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ പെരുമാറുന്ന ഒരു പൊതുരീതിയുണ്ട്.

സി അച്യുതമേനോന്‍
സി അച്യുതമേനോന്‍

അതില്‍നിന്നും വിഭിന്നമായ ഒന്നായതുകൊണ്ടാണ് ഇത് ശ്രദ്ധിക്കാന്‍ തോന്നിയതും ഓര്‍മ്മയില്‍ കുറിച്ചുവെക്കാനിടയായതും. ചിക്കമംഗലൂര്‍ നിലപാടില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു പോരുമ്പോള്‍ എ.കെ. ആന്റണിയുടെ രാഷ്ട്രീയഭാവി തികച്ചും അനിശ്ചിതത്വത്തില്‍ ആയിരുന്നു. എറണാകുളത്ത് സ്വന്തമായി ഒരു വീട് പോലുമുണ്ടായിരുന്നില്ല. രാജിവെച്ച മുന്‍ മുഖ്യമന്ത്രി പിന്നീട് താമസിച്ചത് കോണ്‍ഗ്രസ് ഹൗസ്. ജംഗ്ഷന് കിഴക്കുഭാഗത്തുള്ള ഇയ്യാട്ടുമുക്കിലെ ഒരു ഒറ്റനില വാടകക്കെട്ടിടത്തിലായിരുന്നു. അവിടെവെച്ച് ഏറെ നേരം അദ്ദേഹവുമായി ഞാന്‍ സംസാരിച്ചിരുന്നിട്ടുണ്ട്. ഞാന്‍ കാണാന്‍ ചെന്ന സമയത്ത് മഹാരാജാസ് മൈതാനിയില്‍ സന്തോഷ് ട്രോഫി നടക്കുന്ന അവസരമാണ്. അന്ന് വൈകിട്ട് ഞാന്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലേക്ക് പോകുമ്പോള്‍ അദ്ദേഹം കാല്‍നടയായി കൈവീശി ധൃതഗതിയില്‍ ഫുട്പാത്തിലൂടെ നടന്നുപോകുന്നത് കണ്ടു. അദ്ദേഹം അപ്പോള്‍ ഏകനായിരുന്നു. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, ഫുട്ബാള്‍ കളി കാണാന്‍ അദ്ദേഹം തിരക്കിട്ട് പോവുകയാണെന്ന്. രാഷ്ട്രീയത്തിലെ കോളിളക്കമൊന്നും ഏശാതെയുള്ള ശാന്തമായ ഒരു നടത്തമായിരുന്നു അത്.
അതേപോലുള്ള ഒരനുഭവമായിരുന്നു ഒരു മുന്‍മന്ത്രിയോടൊപ്പം ദീര്‍ഘമായ ഒരു യാത്ര നടത്തിയപ്പോഴുണ്ടായത്. ബ്യൂറോ മാറ്റിയതിന്റെ നാലാം മാസം പുലര്‍ച്ചെ അഞ്ചു മണി സമയത്ത് ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. ഫോണിന്റെ അങ്ങേത്തലക്കലില്‍ നിന്നും പറയുന്നു:
''ഇരിങ്ങാലക്കുടയില്‍നിന്നും കേശവന്‍ വൈദ്യര്‍ പറഞ്ഞിട്ടാണ് വിളിക്കുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ മരുമകനാണ്. പത്രാധിപര്‍ പോയി. വൈദ്യര്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. നിങ്ങളോട് അച്ചുതന്‍ വക്കീലിനേയും കൂട്ടി തിരുവനന്തപുരത്തേക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. കാര്‍ ഇപ്പോള്‍ കൊടുത്തയക്കും.''

കെ ആര്‍ ഗൗരിയമ്മ
കെ ആര്‍ ഗൗരിയമ്മ

വിളിച്ച ആളെ എനിക്കറിയാം. ചന്ദ്രിക സോപ്പിന്റെ ഉടമ സി.ആര്‍. കേശവന്‍ വൈദ്യരുടെ സഹോദരിയുടെ മകനാണ്. പലപ്പോഴും കേരള കൗമുദി ബ്യൂറോയില്‍ അദ്ദേഹം വന്നിട്ടുണ്ട്. കേശവന്‍ വൈദ്യരെ കാണാന്‍ ഞാന്‍ ഇരിങ്ങാലക്കുടയില്‍ പോവുകയും ചെയ്തിരുന്നു. കേരള കൗമുദി പത്രാധിപര്‍ ഇന്ന് പുലര്‍ച്ചെ അന്തരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ മുന്‍ മന്ത്രി കെ.ടി. അച്ചുതന്‍വക്കീലിനെ കൂട്ടി ഞാന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെടണം. അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം ഇതായിരുന്നു. ആര്‍. ശങ്കര്‍ മന്ത്രിസഭയിലെ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായിരുന്ന കെ.ടി. അച്ചുതനെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. കണ്ടിട്ടില്ല. പത്രാധിപരുടെ സുഹൃത്ത് കൂടിയാണ് ഇദ്ദേഹം.  അദ്ദേഹത്തിന്റെ കൂടെയുള്ള തിരുവനന്തപുരം യാത്ര എങ്ങനെയായിരിക്കുമെന്നതില്‍ എനിക്ക് ഉല്‍ക്കണ്ഠ ഉണ്ടായിരുന്നു. ഒട്ടും സഹൃദയനല്ലെങ്കില്‍ യാത്ര മടുപ്പിക്കുന്നതാണ്. എങ്കിലും അതൊഴിവാക്കാന്‍ കഴിയില്ലായിരുന്നു. മാത്രവുമല്ല, പത്രാധിപരുടെ അന്തിമോപചാരച്ചടങ്ങില്‍ പങ്കെടുക്കണമെന്ന് എനിക്ക് ആഗ്രഹവുമുണ്ടായിരുന്നു. വിചാരിച്ചതില്‍നിന്നും വിരുദ്ധമായി തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്ര വളരെയേറെ സുഖകരമായിരുന്നു. ഒരഴിമതിപോലും നടത്താത്ത ഭരണത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. രാഷ്ട്രീയത്തിലുണ്ടായിട്ടും ഒന്നും സമ്പാദിച്ചിട്ടില്ല. അതിന്റെ സുഖമുണ്ട്. അദ്ദേഹം പറഞ്ഞു. യാത്രയിലുടനീളം അദ്ദേഹമാണ് സംസാരിച്ചത്. ഞാന്‍ കേട്ടിരുന്നു. ജീവിതത്തിന്റെ നല്ല വശങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. അത് ഏറെ പ്രചോദനം തരുന്നതുമായിരുന്നു. മണിക്കൂറുകള്‍ ഒന്നിച്ചുണ്ടായിട്ടും ഒരിക്കല്‍പോലും അദ്ദേഹം എന്റെ പേര് പറഞ്ഞുവിളിച്ചില്ല. പകരം വാത്സല്യപൂര്‍വ്വം മോനേ എന്നു മാത്രമാണ് വിളിച്ചത്.
ആയിടയ്ക്ക് കാര്‍ഡ് ബോര്‍ഡ് കൊണ്ടുള്ള വലിയൊരു പാര്‍സല്‍ ഓഫീസിലേക്ക് വന്നു. സ്ഥാപിക്കാന്‍ പോകുന്ന പുതിയ ടെലിപ്രിന്ററായിരുന്നു. അത് മുറിയിലൊരിടത്ത് ഭദ്രമായി വെക്കാന്‍ ഞാന്‍ നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ അത് സ്ഥാപിക്കേണ്ട ഒരു നടപടിയും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും പെട്ടെന്നുണ്ടായില്ല. ടെലിപ്രിന്റര്‍ പെട്ടി അങ്ങനെത്തന്നെ കിടന്നു.
കേരള കൗമുദിക്ക് മാത്രമായി ധാരാളം പുതിയ വാര്‍ത്തകള്‍ കൊടുക്കാന്‍ കഴിയുന്നുവെന്ന സന്തോഷത്തിലായിരുന്നു ഞാന്‍. അടുത്തടുത്താണ് അത്തരം വാര്‍ത്തകള്‍ കേരള കൗമുദിയില്‍ പ്രത്യക്ഷപ്പെട്ടത്. കാഴ്ചബംഗ്ലാവിലെ ഒരു കടുവ മാരകമായ രോഗം വന്ന് പെട്ടെന്ന് ചാവുന്നു. ചത്ത കടുവയെ പെട്ടെന്ന് കൂട്ടില്‍നിന്നും മാറ്റിയതു കാരണം രോഗം മറ്റു മൃഗങ്ങളിലേക്ക് പടര്‍ന്നില്ല. പെട്ടെന്ന് പടരുകയും അതിനെക്കാള്‍ വേഗത്തില്‍ കൊല്ലുകയും ചെയ്യുന്ന ഒരു രോഗമായിരുന്നു അത്. കാഴ്ചബംഗ്ലാവ് അധികൃതരുടെ ജാഗ്രതകൊണ്ടാണ് കടുവ ചത്തെന്ന് തിരിച്ചറിഞ്ഞതും അതിനെ മാറ്റാന്‍ സാധിച്ചതും. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാല്‍ കടുവയെ ഉടന്‍ മറവുചെയ്യും. കാഴ്ചബംഗ്ലാവിലെ സൂപ്രണ്ട് എന്നെ വിളിച്ചു ഇക്കാര്യം അറിയിക്കുന്നു. പെട്ടെന്ന് വന്നാല്‍ കടുവയുടെ പടമെടുക്കാന്‍ കഴിയുമെന്നും പറഞ്ഞു. മൂന്നാമത്തെ ദിവസം മാരകരോഗം ബാധിച്ച് ചത്ത കടുവയുടെ പടം സഹിതം വാര്‍ത്ത വന്ന ഏക പത്രം കേരള കൗമുദിയായിരുന്നു. മറ്റൊരു പ്രധാന പത്രത്തില്‍ ചെറിയൊരു വാര്‍ത്ത മാത്രമാണുണ്ടായിരുന്നത്.
രോഗം കലശലായി ടി.ബി. സാനിറ്റോറിയത്തില്‍ പ്രവേശിപ്പിച്ച യുവാവിനും യുവതിക്കും പരസ്പരം കലശലായ പ്രണയം തോന്നുന്നു. അവിടെവെച്ചുതന്നെ വിവാഹം കഴിക്കണമെന്നും അവര്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. ആശുപത്രി അധികൃതര്‍ അതിന് അനുവാദം കൊടക്കുന്നു. ആശുപത്രി സ്റ്റാഫായ ബാലചന്ദ്രന്‍ വടക്കേടത്താണ് ഈ വിവരം അറിയിച്ചത്. ആശുപത്രി കിടക്കയിലെ വിവാഹവാര്‍ത്ത കേരള കൗമുദിയില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്.

അതിരപ്പള്ളി പദ്ധതിയെപ്പറ്റി ചര്‍ച്ചപോലും ഉയരാതിരുന്ന ഒരുകാലത്ത് ഒരു നാള്‍ വൈദ്യുതി വകുപ്പിലെ ഏതാനും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ തൃശൂരിലെ പത്രപ്രവര്‍ത്തകരെ അങ്ങോട്ടേയ്ക്ക് കൊണ്ടുപോകുന്നു. വെറുമൊരു യാത്ര എന്നു മാത്രമാണ് അതിന് നേതൃത്വം കൊടുത്തവര്‍ പറഞ്ഞിരുന്നത്. അതിരപ്പള്ളി വെള്ളച്ചാട്ടം ഞങ്ങളില്‍ പലരും കണ്ടിരുന്നില്ല. യാത്രയ്ക്കിടയില്‍ അതുകൂടി കാണാമല്ലോ എന്നു കരുതി ഞാനും പുറപ്പെട്ടു. അതിരപ്പള്ളിയില്‍ ഒരു ടൂറിസ്റ്റ് ബംഗ്ലാവ് ഉണ്ട്. അവിടെ എല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണവും മറ്റും ഒരുക്കിയിരുന്നു. ഭക്ഷണത്തിനു ശേഷം എല്ലാവരും ഒരുമിച്ചിരിക്കുന്ന അവസരത്തില്‍, അതിരപ്പള്ളിയില്‍ ഒരു പവര്‍ സ്റ്റേഷന്‍ വന്നാലുള്ള നേട്ടങ്ങളെക്കുറിച്ച് വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥര്‍ വാചാലരായി. അതിന്റെ സാധ്യതകളെക്കുറിച്ച് അവര്‍ വിവരിച്ചുതന്നു. കേരളത്തിന്റെ ഊര്‍ജ്ജപ്രതിസന്ധിക്ക് ഒരു പരിധിവരെ ഇത് സഹായകരമാകുമെന്നും അവര്‍ വെളിപ്പെടുത്തി. പത്രക്കാര്‍ക്കും അത് ബോദ്ധ്യമായി. ഇടക്ക് ചിലര്‍ പദ്ധതി വന്നാല്‍ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ഭാവി എന്ത് എന്ന ചോദ്യം ഉന്നയിച്ചെങ്കിലും കൃത്യമായ ഒരു മറുപടി തരാന്‍ അവര്‍ തയ്യാറായില്ല. അതിരപ്പള്ളി ജലവൈദ്യുതപദ്ധതിയെക്കുറിച്ച് ഞാന്‍ വാര്‍ത്ത കൊടുത്തെങ്കിലും അതിനടിയില്‍ ഒരു വരി കൂടി ചേര്‍ത്തിരുന്നു. ''ഇതു വന്നാല്‍ അതിരപ്പള്ളി വെള്ളച്ചാട്ടം ഓര്‍മ്മയായിത്തീരില്ലേ എന്നും ആശങ്കയുണ്ട്.'' ഈ വരി വായിച്ച് വൈദ്യുതിവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ എന്നെ വിളിച്ചു പ്രതിഷേധമറിയിച്ചു. ''ഇല്ലാത്ത ആശങ്ക പെരുപ്പിച്ചു പദ്ധതിയെ തുരങ്കം വെക്കരുത്'' എന്നവര്‍ പറഞ്ഞു.
ഓഫീസില്‍ ടെലിപ്രിന്റര്‍ സ്ഥാപിക്കാനുള്ള ഒരുക്കം തുടങ്ങി. ഞാനും അതില്‍ ഏറെ സന്തോഷവാനായിരുന്നു. വാര്‍ത്തകള്‍ വേഗത്തിലും വിശദമായും കൊടുക്കാമല്ലോ. ഓഫീസില്‍ ഒരാള്‍ കൂടി ഉണ്ടാവുകയും ചെയ്യും. ടെലിപ്രിന്റര്‍ വെക്കാന്‍ നോക്കിയപ്പോഴാണ് അപകടമറിയുന്നത്. പെട്ടിയുടെ അടി ഭാഗം വഴി അകത്തേക്ക് കടന്ന ചിതല്‍ ടെലിപ്രിന്ററിനെ അപ്പാടെ നശിപ്പിച്ചിരുന്നു. അത് ഉപയോഗശൂന്യമായി. എന്റെ സാന്നിദ്ധ്യത്തില്‍ സംഭവിച്ച ഒന്നായതുകൊണ്ട് എനിക്ക് കുറ്റബോധം തോന്നി. തൊട്ടടുത്ത ആഴ്ച മാനേജിംഗ് ഡയറക്ടര്‍ തൃശൂരില്‍ വന്നപ്പോള്‍ ഞാന്‍ ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ വളരെ നിസ്സാരമായി അദ്ദേഹം പറഞ്ഞു: ''സാരമില്ല. പുതിയതൊന്ന് ഉടന്‍ വരുത്താം.''

ഞാന്‍ തൃശൂരില്‍ വന്നിട്ട് നാലു വര്‍ഷം തികയാറാവുന്നു. അപ്പോഴാണ് തിരുവനന്തപുരത്തുനിന്ന് ഒരു നിര്‍ദ്ദേശം വന്നത്. ''കേരള കൗമുദി കോഴിക്കോട് എഡിഷന്‍ ഉടന്‍ ആരംഭിക്കും. അവിടേക്ക് പോകേണ്ടതുണ്ട്. അതിനു മുന്‍പ് തിരുവനന്തപുരം കേരള കൗമുദി ഡെസ്‌കില്‍ കുറച്ചുനാള്‍ പ്രവര്‍ത്തിക്കണം. അവിടുത്തെ രീതികള്‍ പരിചയപ്പെടാന്‍ വേണ്ടിയാണ്.'' എനിക്കും അത് സന്തോഷകരമായിരുന്നു. തൃശൂര്‍ വിട്ടുപോകുന്നതില്‍ ചെറിയൊരു ദുഃഖമുണ്ടായിരുന്നു. ഇത്രയും നാളുകള്‍ക്കിടയില്‍ ദൃഢമായ ചില സൗഹൃദബന്ധങ്ങള്‍ വളര്‍ന്നുവന്നിരുന്നു. മാത്രവുമല്ല, എന്നെ മറ്റൊരു രീതിയില്‍ രൂപപ്പെടുത്തുന്നതിന് തൃശൂരിലെ അനുഭവങ്ങള്‍ ഏറെ സഹായിക്കുകയും ചെയ്തു. തീര്‍ത്തും അപരിചിതമായ റിപ്പോര്‍ട്ടങ്ങ് മേഖലയില്‍ എന്തെങ്കിലും ചിലത് ചെയ്യാന്‍ കഴിയുമെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയതും തൃശൂരാണ്.
കേരള കൗമുദി ആദ്യമായിട്ടാണ് മറ്റൊരു സ്ഥലത്ത് എഡിഷന്‍ ആരംഭിക്കുന്നത്. കോഴിക്കോടിനെക്കുറിച്ച് വളരെയധികം പ്രതീക്ഷകളാണ് മാനേജ്മെന്റിനുണ്ടായിരുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായി പുതിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതും കോഴിക്കോട്ടാണ്. കേരള കൗമുദിയുടെ അകത്തളത്തെക്കുറിച്ച് അടുത്തറിയുന്നതും ഞാന്‍ തിരുവനന്തപുരത്ത് ചെന്നപ്പോഴാണ്. പത്രാധിപര്‍ ഓര്‍മ്മയായെങ്കിലും അദ്ദേഹത്തിന്റെ പാത പിന്തുടരാനുള്ള പ്രതിബദ്ധത അടുത്ത തലമുറ പുലര്‍ത്തിയിരുന്നു. കേരള കൗമുദിയെക്കുറിച്ച് വന്‍ പ്രതീക്ഷകള്‍ നല്‍കുന്ന ഒരന്തരീക്ഷമാണ് അവിടെ ദൃശ്യമായത്. അത് എന്നിലെ ആത്മവിശ്വാസത്തെ ഒന്നുകൂടി ബലപ്പെടുത്തി.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com