ചെറുക്കപ്പെടണംഔട്ട്‌സൈഡര്‍ ഫോബിയ

തീവ്രത, ഭീതി, വെറുപ്പ് എന്നൊക്കെയാണ്  'ഫോബിയ' എന്ന ആംഗ്ലേയ പദത്തിന്റെ അര്‍ത്ഥം. പലതരം ഫോബിയകള്‍ നിലവിലുണ്ട്.
ചെറുക്കപ്പെടണംഔട്ട്‌സൈഡര്‍ ഫോബിയ

തീവ്രത, ഭീതി, വെറുപ്പ് എന്നൊക്കെയാണ്  'ഫോബിയ' എന്ന ആംഗ്ലേയ പദത്തിന്റെ അര്‍ത്ഥം. പലതരം ഫോബിയകള്‍ നിലവിലുണ്ട്. വിദേശികള്‍ക്കു നേരെയുള്ള കൊടും വെറുപ്പിനും ഭീതിക്കും ഇംഗ്ലീഷുകാര്‍ സെനഫോബിയ എന്നു പറയും. ഒരേ ദേശത്തിനകത്തുള്ളവര്‍ക്കെതിരേത്തന്നെ മതത്തിന്റേയോ ജാതിയുടേയോ വംശത്തിന്റേയോ ഭാഷയുടേയോ പേരില്‍ വെറുപ്പും ഭയവും വെച്ചുപുലര്‍ത്തുന്ന കൂട്ടരുമുണ്ട്. ചില ജനവിഭാഗങ്ങളെ അവജ്ഞാപൂര്‍വ്വം അകറ്റിനിര്‍ത്തേണ്ട അന്യര്‍ (outsiders) ആയി കാണുന്നവരാണവര്‍. ഇത്തരം വിദ്വേഷാധിഷ്ഠിത ഭീതിയെ 'ഔട്ട്‌സൈഡര്‍ ഫോബിയ' എന്നു വിളിക്കാവുന്നതാണ്.

2019 മാര്‍ച്ച് 15-ന് ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് എന്ന നഗരത്തിലെ രണ്ട് മുസ്ലിംപള്ളികളില്‍ ബ്രെന്റണ്‍ ഹാരിസണ്‍ ടറാന്റ് എന്ന അതിവലതുപക്ഷ വംശീയ ഭീകരവാദി നടത്തിയതും 50 പേരുടെ ഹത്യയില്‍ കലാശിച്ചതുമായ കൂട്ടക്കുരുതി ഔട്ട്‌സൈഡര്‍ ഫോബിയയുടെ അതിബീഭത്സ പ്രകടനമാണ്. 2011-ല്‍ നോര്‍വെയുടെ തലസ്ഥാനമായ ഓസ്ലോയില്‍ 77 പേരെ കൊലചെയ്ത ആന്‍ഡേഴ്‌സ് ബെഫ്‌റിംഗ് ബ്രെയ്വിക്കിന്റെ പിന്‍ഗാമിയാണ് ടറാന്റ് എന്ന ഓസ്‌ട്രേലിയന്‍ യുവാവ്. അയാള്‍ തയ്യാറാക്കിയ മാനിഫെസ്റ്റോയില്‍, നേരത്തെ 1518 പുറങ്ങള്‍ വരുന്ന വംശീയ മാനിഫെസ്റ്റോ രചിച്ച ബ്രെയ്വിക്കിനെ വീരനായകനായി അടയാളപ്പെടുത്തുന്നുണ്ട്. ബോസ്നിയന്‍ യുദ്ധക്കുറ്റവാളി റഡോവന്‍ കറാജിക്കും ടറാന്റിന്റെ മാതൃകാപുരുഷനത്രേ.

ബ്രെയ്വിക് എന്നപോലെ ഹാരിസണ്‍ ടറാന്റും യൂറോപ്പിലും അമേരിക്കയിലും സമീപകാലത്തായി വികസിച്ചുവരുന്ന പ്രത്യേക തരം വംശീയ പ്രത്യയശാസ്ത്രത്തിന്റെ ഉല്പന്നങ്ങളാണ്. 'വെള്ളക്കാരുടെ നാടും സംസ്‌കാരവും' വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാരും ക്രൈസ്തവേതര വിശ്വാസികളും നശിപ്പിക്കുന്നു എന്നതാണ് ആ രുഗ്ണ പ്രത്യയശാസ്ത്രത്തിന്റെ  കാതല്‍. കുടിയേറ്റ വിരുദ്ധതയിലും സെമിറ്റിക് സംസ്‌കാരദ്വേഷത്തിലുമധിഷ്ഠിതമായ ആ ലോകവീക്ഷണപ്രകാരം പാശ്ചാത്യ സംസ്‌കൃതിയെ മലിനീകരിക്കുന്ന മുഖ്യശക്തി ഇസ്ലാം മതവും അതിന്റെ അനുയായികളുമാണ്. അവരുടെ ശത്രുപട്ടികയില്‍ വേറെ ആരും ഇല്ല എന്നല്ല. ജൂതരേയും കറുത്തവരേയും കമ്യൂണിസ്റ്റുകാരേയും അകറ്റിനിര്‍ത്തേണ്ട അന്യര്‍ എന്ന നിലയില്‍ത്തന്നെയാണ് അവര്‍ വീക്ഷിക്കുന്നത്.

തീവ്ര വലതുപക്ഷ വംശവെറിയുടെ വെടിയുണ്ടകള്‍ ന്യൂസിലന്‍ഡിനെ വിറപ്പിച്ചപ്പോള്‍ ആ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണില്‍നിന്നുണ്ടായ പ്രതികരണം അഭിനന്ദനാര്‍ഹമായിരുന്നു. സ്വയം വെള്ളക്കാരിയും ക്രൈസ്തവ വിശ്വാസിയും യൂറോപ്യന്‍ സംസ്‌കാരത്തിന്റെ അവകാശിയുമായിരുന്നിട്ടും, ആക്രമിക്കപ്പെട്ട മുസ്ലിങ്ങളും ന്യൂസിലന്‍ഡിലെ ഇതര ജനവിഭാഗങ്ങളും രണ്ടല്ല എന്ന സുദൃഢ നിലപാടവര്‍ സ്വീകരിച്ചു. രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് മുസ്ലിങ്ങളെങ്കിലും ആ ചെറിയ ന്യൂനപക്ഷം 'അവര്‍' അല്ല, 'നാം' തന്നെയാണെന്നു ആര്‍ഡേണ്‍ അര്‍ത്ഥശങ്കയ്ക്ക് പഴുതു നല്‍കാത്തവിധം പ്രഖ്യാപിക്കുകയുണ്ടായി. തന്റെ നാട്ടില്‍ നാം/അവര്‍ എന്ന സങ്കുചിത സാമൂഹിക ദ്വന്ദ്വത്തിന് തരിമ്പും സ്ഥാനമില്ലെന്നു വെളിപ്പെടുത്തിയ ആ ഭരണാധികാരി 'ഔട്ട്‌സൈഡര്‍' എന്ന ഗണം ന്യൂസിലന്‍ഡിലില്ലെന്നും 'ഇന്‍സൈഡര്‍' എന്ന ഗണത്തിനു മാത്രമേ അവിടെ സ്ഥാനമുള്ളൂവെന്നും വ്യക്തമാക്കുകയായിരുന്നു.

ജസിന്തയെപ്പോലെ എല്ലാവരേയും ഇന്‍സൈഡര്‍ എന്ന രീതിയില്‍ അഭിവീക്ഷിക്കുന്ന ഭരണകര്‍ത്താക്കള്‍ താരതമ്യേന കുറവാണ്. പല രാഷ്ട്രങ്ങളിലും മതത്തിന്റെയോ വംശത്തിന്റെയോ പേരില്‍ ഭീകരാക്രമണങ്ങള്‍ നടക്കുമ്പോള്‍ ഇരകള്‍ തങ്ങള്‍ തന്നെയാണെന്ന സമീപനം മനസ്സറിഞ്ഞു കൈക്കൊള്ളുന്നവരെ ഏറെയൊന്നും കാണാറില്ല. ഉദാഹരണത്തിന്, പാകിസ്താനിലെ ശിയാ മുസ്ലിങ്ങളോ അഹമ്മദിയ്യ മുസ്ലിങ്ങളോ അന്നാട്ടിലെ ഭൂരിപക്ഷ സമുദായമായ സുന്നിമുസ്ലിങ്ങള്‍ക്കിടയിലെ തീവ്രവാദികളാല്‍ ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്ത സന്ദര്‍ഭങ്ങളില്‍ ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചവര്‍ ഔട്ട്‌സൈഡര്‍ ഫോബിയയോട് മൃദുസമീപനം അനുവര്‍ത്തിച്ചതിന് ചരിത്രം സാക്ഷിയാണ്. മ്യാന്‍മറില്‍ ബൗദ്ധ തീവ്രവാദികളുടെ ആക്രമണത്തിന് റോഹിംഗ്യ മുസ്ലിങ്ങള്‍ വിധേയരായപ്പോള്‍ അവിടെയും ഭരണകര്‍ത്താക്കള്‍ തീവ്രവാദികളുടെ അപരവെറുപ്പിനു നേരെ കണ്ണടയ്ക്കുകയത്രേ ചെയ്തത്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയെപ്പോലെ അവര്‍ (റോഹിംഗ്യകള്‍) നാം (മ്യാന്‍മര്‍ ജനത) തന്നെയാണെന്നു വെട്ടിത്തുറന്നു പറയാന്‍ നൊബേല്‍ സമാധാന പുരസ്‌കാര ജേതാവും മ്യാന്‍മറിലെ സ്റ്റെയ്റ്റ് കൗണ്‍സലറുമായ ഓംഗ്‌സാന്‍ സൂകിപോലും മുന്നോട്ട് വന്നില്ല!

ലോകത്താകമാനമുള്ള മനുഷ്യര്‍ക്ക് തങ്ങളുടെ സാധ്യതകള്‍ സമ്പൂര്‍ണ്ണമായി സാക്ഷാല്‍ക്കരിക്കാന്‍ സാധിക്കണമെങ്കില്‍ സ്വാതന്ത്ര്യവും സുരക്ഷയും കൂടിയേ തീരൂ എന്നു നിരീക്ഷിക്കുന്ന സൂകി വരെ ഔട്ട്‌സൈഡര്‍ ഫോബിയയില്‍നിന്നു പൂര്‍ണ്ണമായി മുക്തയാകുന്നില്ലെങ്കില്‍പ്പിന്നെ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? യൂറോ-ക്രിസ്ത്യന്‍ വംശീയ ശുദ്ധിയില്‍ അടിവരയിടുന്ന രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ഇന്നു പടിഞ്ഞാറുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും ഇറ്റലിയുടെ ആഭ്യന്തരമന്ത്രി സാല്‍വിനിയുമൊക്കെ ആ വകുപ്പില്‍ പെടുന്നവരാണ്. ജര്‍മനിയും ഓസ്ട്രിയയും ഫ്രാന്‍സുമുള്‍പ്പെടെ പല യൂറോപ്യന്‍ രാഷ്ട്രങ്ങളിലും നവ നാട്‌സിസത്തില്‍ അഭിരമിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സക്രിയമാണു താനും.

ഔട്ട്‌സൈഡര്‍ ഫോബിയ പക്ഷേ, വംശവെറിയുടെ തലത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അടുത്ത കാലത്ത് മറ്റൊരു ഫോബിയ സാമൂഹികശാസ്ത്ര വ്യവഹാരങ്ങളില്‍ സ്ഥാനം പിടിക്കുകയുണ്ടായി. ഹോമോഫോബിയ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഏതെങ്കിലും മതത്തിനോ വംശത്തിനോ വര്‍ണ്ണത്തിനോ നേരെയല്ല, വിദ്വേഷനിര്‍ഭര ഭീതി പുലര്‍ത്തുന്നതും വളര്‍ത്തുന്നതും. സ്വവര്‍ഗ്ഗ ലൈംഗികതയ്ക്ക് നേരെയുള്ള ഭയവും വെറുപ്പുമാണ് ഹോമോഫോബിയയുടെ സ്വഭാവം. ഈ ഫോബിയയ്ക്ക് വശംവദരാകുന്നവരില്‍ എല്ലാ മതക്കാരും വംശക്കാരും ദേശക്കാരുമുണ്ട്. മാറ്റി നിര്‍ത്തപ്പെടേണ്ട അന്യര്‍ എന്ന നിലയിലാണ് സ്വവര്‍ഗ്ഗ ലൈംഗികതയുടെ വക്താക്കളെ അവരെല്ലാം കാണുന്നത്.
ഹോമോഫോബിയയുടെ വിഷപ്പാമ്പ് നാലുവര്‍ഷം മുന്‍പ് ഇംഗ്ലണ്ടിലെ ബെര്‍മിംഗ്ഹാമില്‍ പത്തിവിടര്‍ത്തിയത് ഒരു സ്‌കൂളിലെ ഉപ പ്രധാന അധ്യാപകനു നേരെയായിരുന്നു. ആന്‍ഡ്രൂ മൊഫാറ്റ് എന്ന പ്രസ്തുത അധ്യാപകന്‍, ബ്രിട്ടനില്‍ 1967 തൊട്ട് സ്വവര്‍ഗ്ഗ ലൈംഗികത നിയമവിധേയമാണെന്ന യാഥാര്‍ത്ഥ്യത്തിന്റെ പശ്ചാത്തലത്തില്‍, ഹോമോഫോബിയയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്കു ബോധനം നല്‍കി. ലൈംഗിക ന്യൂനപക്ഷമായ സ്വവര്‍ഗ്ഗ ലൈംഗികവാദികളെ വെറുക്കപ്പെടേണ്ടവരായി വീക്ഷിക്കുന്ന സമ്പ്രദായം ശരിയല്ലെന്ന് അദ്ദേഹം അധ്യേതാക്കളെ ഉണര്‍ത്തി. ലൈംഗിക വിഷയങ്ങളില്‍ ഉള്‍പ്പെടെ പല കാര്യങ്ങളിലും വ്യത്യസ്തമായി ചിന്തിക്കുന്ന അപരരെ പുറന്തള്ളാനല്ല, ഉള്‍ക്കൊള്ളാനാണ്  ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ ശീലിക്കേണ്ടതെന്നു വിദ്യാര്‍ത്ഥികളെ ധരിപ്പിക്കാന്‍ മൊഫാറ്റ് ശ്രമിച്ചു. അന്യരില്ലാത്ത ലോകം (No Outsiders) എന്ന ഒരു പരിപാടി അദ്ദേഹം ആവിഷ്‌കരിക്കുകയും ചെയ്തു.

സ്വവര്‍ഗ്ഗരതിയെക്കുറിച്ചും എല്‍.ജി.ബി.ടി വിഭാഗങ്ങളെക്കുറിച്ചും സാമ്പ്രദായിക മതവിശ്വാസികള്‍ പുലര്‍ത്തിപ്പോരുന്ന ധാരണകളെ കീഴ്മേല്‍ മറിക്കുന്ന ആന്‍ഡ്രൂ മൊഫാറ്റിന്റെ അധ്യാപനം ചില ക്രൈസ്തവ, മുസ്ലിം രക്ഷിതാക്കള്‍ക്ക് ഒട്ടും ദഹിച്ചില്ല. അവര്‍ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തി. മൊഫാറ്റിന് തന്റെ സ്ഥാനം ഒഴിയേണ്ടിവന്നു. പിന്നീട് അദ്ദേഹം പാര്‍ക്ഫീല്‍ഡിലെ മറ്റൊരു സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നപ്പോള്‍ അവിടെയും പ്രശ്‌നങ്ങളും പരാതിപ്രളയവുമുണ്ടായി. വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും മുസ്ലിങ്ങളായ പ്രസ്തുത വിദ്യാലയത്തില്‍ പ്രതിഷേധക്കാരായ രക്ഷിതാക്കള്‍ പറഞ്ഞത്, ''ഞങ്ങളുടെ കുട്ടികള്‍ എന്തു പഠിക്കണം, എന്തു പഠിക്കേണ്ട എന്നു ഞങ്ങള്‍ തീരുമാനിച്ചുകൊള്ളാം'' എന്നായിരുന്നു. മൊഫാറ്റിന്റെ അന്യരില്ലാത്ത ലോകം എന്ന ആശയം അവര്‍ പുച്ഛിച്ചു തള്ളി.
ലെയ്ബര്‍ പാര്‍ട്ടിയുടെ സ്ഥലം എം.പി. ഷബാന മഹ്മൂദും പ്രതിഷേധക്കാരോടൊപ്പം നിന്നു. മതപരിസരങ്ങള്‍ പരിഗണിച്ചുവേണം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ എന്നതായിരുന്നു എം.പിയുടെ ന്യായം. മതം പാപമായി വിലയിരുത്തുന്ന സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ട കാര്യമുണ്ടോ എന്ന മാമൂല്‍ ചോദ്യം അവര്‍ ഉയര്‍ത്തുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകൂടം പോലും ഇക്കാര്യത്തില്‍ മതയാഥാസ്ഥിതികരുടേതില്‍നിന്നു ഭിന്നമായ സമീപനം സ്വീകരിക്കാന്‍ മടികാണിച്ചു. ലണ്ടനിലെ 'നാഷണല്‍ സെക്യുലര്‍ സൊസൈറ്റി'യാണ് ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിക്കുന്ന പഠനത്തിന്റെ കാര്യത്തില്‍ ഭരണകൂടം മതശക്തികള്‍ക്ക് കീഴ്പെട്ടു കൂടെന്ന ധീരമായ സമീപനം കൈക്കൊണ്ടത്.
എല്‍.ജി.ബി.ടി വിഭാഗങ്ങളെ മൂന്നാംകിടക്കാരായി പരിഗണിക്കുകയും സ്വവര്‍ഗ്ഗ ലൈംഗികതയെ അറപ്പോടെ വീക്ഷിക്കുകയും ചെയ്യുന്ന രീതി ഔട്ട്‌സൈഡര്‍ ഫോബിയയുടെ ഭിന്നമുഖങ്ങളില്‍ ഒന്നാണ്. 2018 സെപ്റ്റംബര്‍ ആറിന് നമ്മുടെ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് ഏകകണ്ഠമായി വിധിച്ചിട്ടുണ്ടെങ്കിലും സ്വവര്‍ഗ്ഗ ലൈംഗികവാദികള്‍ക്കും എല്‍.ജി.ബി.ടി വിഭാഗങ്ങള്‍ക്കുമെതിരെ ഇവിടെ ദീര്‍ഘകാലമായി തുടരുന്ന ഔട്ട്‌സൈഡര്‍ ഫോബിയയ്ക്ക് ഒട്ടും ശമനമായിട്ടില്ല. ബ്രിട്ടനില്‍ ആന്‍ഡ്രൂ മൊഫാറ്റ് ഉയര്‍ത്തിയതുപോലെ 'നോ ഔട്ട്‌സൈഡേഴ്സ്' എന്ന മുദ്രാവാക്യം എല്ലായിനം ഫോബിയകള്‍ക്കുമെതിരെ എല്ലാ രാഷ്ട്രങ്ങളിലും എല്ലാ സമുദായങ്ങളിലും ഉയരേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com