തെരഞ്ഞെടുപ്പു കാലത്തേയ്ക്ക് ഒരു പുസ്തകം: ടിപി രാജീവന്‍ എഴുതുന്നു 

കര്‍ക്കിടകത്തില്‍ 'അദ്ധ്യാത്മരാമായണം', ചിങ്ങത്തില്‍ 'കൃഷ്ണപ്പാട്ട്' എന്നിവപോലെ തെരഞ്ഞെടുപ്പു കാലത്ത് വായിക്കേണ്ട ഒരു പുസ്തകമാണ് ജോര്‍ജ് ഓര്‍വെലിന്റെ 'ആനിമല്‍ ഫാം.'
ജോര്‍ജ് ഓര്‍വെല്‍
ജോര്‍ജ് ഓര്‍വെല്‍

ര്‍ക്കിടകത്തില്‍ 'അദ്ധ്യാത്മരാമായണം', ചിങ്ങത്തില്‍ 'കൃഷ്ണപ്പാട്ട്' എന്നിവപോലെ തെരഞ്ഞെടുപ്പു കാലത്ത് വായിക്കേണ്ട ഒരു പുസ്തകമാണ് ജോര്‍ജ് ഓര്‍വെലിന്റെ 'ആനിമല്‍ ഫാം.' അതില്‍ അടങ്ങിയ മതപരമായ ആത്മീയതയല്ല, രാഷ്ട്രീയപരമായ പ്രവചനാത്മകതയാണ്  'ഒരു കെട്ടുകഥ' (A Fairy Story) എന്ന് എഴുത്തുകാരന്‍ തന്നെ വിപരീതാര്‍ത്ഥകമായി ഉപശീര്‍ഷകം നല്‍കിയ, തെറ്റിദ്ധരിപ്പിക്കുംവിധം ലളിതമായ ഈ കൃതിയെ പുനര്‍വായനയ്ക്ക് അര്‍ഹമാക്കുന്നത്.

രണ്ടാം ലോകയുദ്ധം പാരമ്യത്തിലെത്തുകയും ഹിറ്റ്‌ലര്‍-സ്റ്റാലിന്‍ കൂട്ടുകെട്ട് തകരുകയും സ്റ്റാലിന്‍ ബ്രിട്ടീഷ് പക്ഷത്തേയ്ക്ക് മാറുകയും ചെയ്ത അവസരത്തിലാണ് യഥാര്‍ത്ഥ പേര് എറിക് ആര്‍തര്‍ ബ്ലയര്‍ എന്നായിരുന്ന ജോര്‍ജ് ഓര്‍വെല്‍ 'ആനിമല്‍ ഫാം' എഴുതിയത്. സ്പാനിഷ് ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവമായിരുന്നു രചനയ്ക്ക് നേരിട്ടുള്ള പ്രേരണ. ഫാസിസ്റ്റ് വിരുദ്ധചേരിയില്‍നിന്നു പോരാടിയ ഓര്‍വെല്ലിനു മുറിവേറ്റു. മുറിവേറ്റ ആ ഫാസിസ്റ്റ് വിരുദ്ധ പോരാളിയെ സ്റ്റാലിന്‍ അനുകൂലികള്‍ പിന്‍തുടര്‍ന്ന്, സ്‌പെയിനിനു പുറത്തേയ്ക്കു തുരത്തി. ഇടതുപക്ഷ അഭിപ്രായങ്ങള്‍ അധികവും തെറ്റാണെന്നും സോവിയറ്റ് യൂണിയന്‍ രൂപപ്പെട്ടുവരുന്ന സങ്കല്പ സ്വര്‍ഗ്ഗമല്ലെന്നും നേരെ മറിച്ച് നരകത്തിന്റെ ഒരു പുതുരൂപമാണെന്നുമുള്ള നിഗമനങ്ങളിലേക്കാണ് തന്റെ യുദ്ധാനുഭവങ്ങള്‍ എഴുത്തുകാരനെ നയിച്ചത്. 'ആനിമല്‍ ഫാമി'നെഴുതിയ രണ്ടു ആമുഖങ്ങളിലൊന്നില്‍ ഓര്‍വെല്‍ അതു ഇങ്ങനെ വ്യക്തമാക്കുന്നു:

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരുജ്ജീവനമാണ്  നമുക്കു വേണ്ടതെങ്കില്‍ സോവിയറ്റ് പുരാണം തകര്‍ന്നേ തീരൂ എന്നു പോയ പത്തു വര്‍ഷത്തെ അനുഭവങ്ങള്‍ എന്നെ ബോധ്യപ്പെടുത്തുന്നു. സ്‌പെയിനില്‍നിന്നു തിരിച്ചെത്തിയപ്പോള്‍, ആര്‍ക്കും എളുപ്പം മനസ്സിലാകുകയും മറ്റു ഭാഷകളിലേക്ക് അനായാസം വിവര്‍ത്തനം ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്ന ഒരു കഥയുടെ രൂപത്തില്‍ സോവിയറ്റ് പുരാണത്തിന്റെ സത്യാവസ്ഥ തുറന്നുകാണിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചു. ഒരു ചെറു നാട്ടിന്‍പുറത്ത് ഞാന്‍ താമസം തുടങ്ങിയ ശേഷം, ഇടുങ്ങിയ നാട്ടുപാതയിലൂടെ ഒരു ചെറിയ ആണ്‍കുട്ടി, കുതിരകളെ ചാട്ടവാറടിച്ചും ഒച്ചവെച്ചും ഒരു വലിയ വണ്ടി ഓടിച്ചുപോകുന്ന കാഴ്ച കാണുന്നതുവരെ ആ കഥയുടെ വിശദാംശങ്ങള്‍ എന്തെന്ന് എനിക്കറിയില്ലായിരുന്നു. മൃഗങ്ങള്‍ക്ക് അവയുടെ ശക്തിയെപ്പറ്റി ബോധം വന്നാല്‍ നമുക്ക് അവയുടെ മീതെ ഒരു അധികാരവും സ്ഥാപിക്കാന്‍ കഴിയില്ലെന്നും സമ്പന്നവിഭാഗം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതുപോലെയാണ് മനുഷ്യര്‍ മൃഗങ്ങളെ ചൂഷണം ചെയ്യുന്നതെന്നും ഞാന്‍ തിരിച്ചറിഞ്ഞു. മൃഗങ്ങളുടെ കാഴ്ചപ്പാടില്‍നിന്നു ഞാന്‍ കാള്‍ മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങള്‍ വിശകലനം ചെയ്യാന്‍ തുടങ്ങി.


ഈ വിശകലനത്തിന്റെ ഫലമാണ്  'ഓര്‍വെല്ലിയന്‍' എന്ന് ഇന്നു വിശേഷിപ്പിക്കപ്പെടുന്ന പല പ്രമേയധാരകളും ഒന്നിക്കുന്ന 'ആനിമല്‍ ഫാം.' ഇവയില്‍ പ്രധാനപ്പെട്ടതു മൂന്നെണ്ണമാണ്. ഇംഗ്ലീഷ് നാട്ടിന്‍പുറങ്ങളോടും മൃഗങ്ങളോടുമുള്ള സ്‌നേഹം, ജോനാഥന്‍ സ്വിഫ്റ്റിന്റെ ആക്ഷേപഹാസ്യ കെട്ടുകഥകളോടുള്ള ആരാധന, സ്വേച്ഛാധിപത്യത്തോടുള്ള, പറഞ്ഞാല്‍ തീരാത്ത ശത്രുത. ചരിത്രദുരന്തങ്ങളായാല്‍പ്പോലും, ശൈശവ നിഷ്‌കളങ്കതയോടെ കാണാനാണ് ഓര്‍വെല്ലിലെ എഴുത്തുകാരന്‍ ആഗ്രഹിച്ചത്. ഒരു കുട്ടി ആ വിവേകിയില്‍ എന്നുമുണ്ടായിരുന്നു. ജീവിതത്തില്‍, വിവാഹബന്ധത്തില്‍ കുട്ടികളില്ലാതെ പോയതാകാം, മരണം വരെ ആ കുട്ടി എഴുത്തുകാരനില്‍ ജീവിച്ചു. അതുകൊണ്ടാണ് അവരേക്കാള്‍ 'ആനിമല്‍ ഫാം' വായിച്ചു രസിച്ചത് അവരുടെ സന്തതികളാണെന്ന് ഹെര്‍ബര്‍ട്ട് റീഢം മാല്‍ക്കോം മുഗറിഡ്ജും പറഞ്ഞപ്പോള്‍ ഓര്‍വെല്‍ കുട്ടിയെപ്പോലെ ആഹ്ലാദിച്ചത്.

ആദ്യവായനയില്‍ അങ്ങനെ തോന്നാമെങ്കിലും റഷ്യയില്‍ ലെനിന്റെ നേതൃത്വത്തില്‍ നടന്ന സോഷ്യലിസ്റ്റ് വിപ്ലവത്തെപ്പറ്റിയും അതിനുശേഷം നിലവില്‍ വന്ന ഭരണ സംവിധാനത്തെപ്പറ്റിയും സ്റ്റാലിന്റെ കാലത്ത് അതുവഴി മാറിയെത്തിയ സ്വേച്ഛാധിപത്യത്തെപ്പറ്റിയുമുള്ള ആക്ഷേപഹാസ്യ വിമര്‍ശനകൃതി മാത്രമായി പരിമിതപ്പെടുത്താവുന്നതല്ല  'ആനിമല്‍ ഫാം.' ഏത് നേതാവിലും ഏത് ഭരണസംവിധാനത്തിലും പ്രത്യയശാസ്ത്രത്തിലും ഒളിഞ്ഞിരിക്കുന്ന ഏതു നിമിഷവും പുറത്തുചാടാന്‍ സാധ്യതയുള്ള അധികാരഭ്രാന്ത്, ജനവിരുദ്ധത, ക്രൂരമായ ചരിത്രാക്ഷേപം, സുമുഖമായ സ്വേച്ഛാധിപത്യം എന്നിങ്ങനെ രാഷ്ട്രീയത്തിലും ചരിത്രത്തിലും ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങളെപ്പറ്റിയുള്ള ദൃഷ്ടാന്തകഥകള്‍ കൂടിയാണ് അത്. ഓള്‍ഡ് മേജര്‍, നെപ്പോളിയന്‍, സ്‌നോബാള്‍, സ്‌ക്വീലര്‍ എന്നീ പന്നികളും മോസസ് എന്ന മലങ്കാക്കയും ജോണ്‍സ് എന്ന ഫാം ഉടമയും മറ്റും സ്റ്റാലിനേയും ട്രോട്‌സ്‌കിയേയും അതുപോലുള്ള മറ്റു പലരേയും ഓര്‍മ്മിപ്പിക്കുമെങ്കിലും അവരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ആ സാമ്യങ്ങള്‍. അത് ഈ കാലത്തിലേക്കും വ്യാപിക്കുന്നു. എതിര്‍ ശബ്ദങ്ങളെ രഹസ്യനീക്കങ്ങളിലൂടെ ഇല്ലാതാക്കുന്ന ഏത് നേതാവിനേയും ഓര്‍മ്മിപ്പിക്കുന്നു ഓര്‍വെല്ലിന്റെ പന്നികളും കാക്കകളും നായ്ക്കളും.

ഓര്‍വെല്‍ സോവിയറ്റു യൂണിയന്‍ സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നില്ല. അതേസമയം സ്റ്റാലിനിസത്തിന്റെ സ്പാനിഷ് പ്രയോഗം നന്നായി അനുഭവിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് സ്റ്റാലിന്റെ പെട്ടെന്നുള്ള പക്ഷമാറ്റം ഓര്‍വെല്ലിന് അദ്ഭുതമായിരുന്നില്ല. 'അധികാരം നിലനിര്‍ത്താന്‍ ഏതറ്റംവരെയും അവര്‍ (സോവിയറ്റു യൂണിയന്‍) പോകും. അത്രമാത്രം ക്രൂരവും ആത്മാര്‍ത്ഥവുമാണ് അവരുടെ നിലപാടുകള്‍', ഓര്‍വെല്‍ എഴുതി. ഇംഗ്ലണ്ടില്‍ തന്നെയുള്ള ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് ഓര്‍വെല്ലിന്റെ സോവിയറ്റു യൂണിയന്‍-സ്റ്റാലിന്‍ വിമര്‍ശനം ഇഷ്ടപ്പെട്ടില്ല. പുരോഗമനവാദികളായ അവര്‍ 'കമ്യൂണിസ്റ്റ് സമഷ്ടിയിലും റഷ്യന്‍ സോഷ്യലിസ്റ്റ് കൂട്ടുകൃഷിയിലും വിശ്വസിച്ച് കാത്തിരിക്കുകയായിരുന്നു. സ്റ്റാലിന്‍, അയാളുടെ പഴയ സഹപ്രവര്‍ത്തകരായിരുന്നവരുടെ വിമര്‍ശനം സഹിക്കാതായപ്പോള്‍ അവരെ കൊലപ്പെടുത്തിയതുപോലും ന്യായവും നീതിപൂര്‍വ്വകവുമായ വിചാരണയിലൂടെയാണെന്ന് ബ്രിട്ടീഷ് ഇടതുപക്ഷ ബുദ്ധിജീവികള്‍ പറഞ്ഞു, എഴുതി, വിശ്വസിച്ചു. അതിന്റെ ചില അനുരണനങ്ങള്‍ ഇന്ത്യന്‍ കോളനിയിലെ ബുദ്ധിജീവികള്‍ക്കിടയിലും എത്തിയിരുന്നു. രണ്ടാം ലോകയുദ്ധത്തിന്, ഹിറ്റ്‌ലര്‍ക്ക് അനുകൂലികളായിരുന്നവര്‍  ഒറ്റരാത്രികൊണ്ട് വിരുദ്ധരായി, ഇന്ന് ഇന്ത്യയില്‍.

'ആനിമല്‍ ഫാമിന്റെ' പ്രസക്തി മനസ്സിലാകണമെങ്കില്‍ ആ പുസ്തകത്തിനു പിന്നിലെ ചരിത്രം മാത്രം അറിഞ്ഞാല്‍ മതിയാവില്ല. കയ്യെഴുത്ത് പ്രതിയായിരുന്ന കാലം മുതല്‍ അതു കടന്നുപോയ ചരിത്രസന്ദര്‍ഭങ്ങളെക്കുറിച്ചും അറിയേണ്ടതുണ്ട്. നമ്മുടെ ഭാഗ്യം കൊണ്ടാണ് ഈ നോവല്‍ ഇന്നു വായിക്കാന്‍ കഴിയുന്നത്. നാസി സൈന്യത്തിന്റെ ബോംബിങ്ങില്‍ തകര്‍ന്ന വടക്കന്‍ ലണ്ടനിലെ ഒരു കെട്ടിടത്തില്‍ കത്തിച്ചാമ്പലാകേണ്ടതായിരുന്നു അത്. ജോര്‍ജ് ഓര്‍വെല്ലിന്റെ വീടായിരുന്നു അത്. 'രക്ഷിച്ചെടുത്തു' (rescued) എന്നാണ് കയ്യെഴുത്തു കടലാസുകള്‍ തിരിച്ചുകിട്ടിയതിനെപ്പറ്റി എഴുത്തുകാരന്‍ തന്നെ പറഞ്ഞത്.

കയ്യെഴുത്തുപ്രതി തിരിച്ചുകിട്ടിയെങ്കിലും അതു പുസ്തകമായി പ്രസിദ്ധീകരിക്കുക എഴുത്തുകാരിക്ക് കഠിനമായ പരീക്ഷണങ്ങളായി മാറി. ബ്രിട്ടീഷ് സ്വതന്ത്ര ചിന്തയെപ്പറ്റി പ്രചരിപ്പിക്കപ്പെട്ട ധാരണകളെ തകിടം മറിക്കുന്നതായിരുന്നു പ്രസാധകരുടെ സമീപനം. പ്രതിനായകനായി വന്നത് ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന പീറ്റര്‍ സ്മോളെറ്റെയായിരുന്നു. 'ആനിമല്‍ ഫാം' പ്രസിദ്ധീകരിച്ചാലുണ്ടാവുന്ന ഭവിഷ്യത്തുകളെപ്പറ്റി അയാള്‍ പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി. അതു ഫലിച്ചു എന്ന് ഈ ചെറുനോവല്‍ തുടര്‍ന്നു സഞ്ചരിച്ച വഴികള്‍ തെളിയിക്കുന്നു.

യുദ്ധാവശിഷ്ടങ്ങളില്‍നിന്നു കണ്ടെടുത്ത കയ്യെഴുത്തുപ്രതി ഓര്‍വെല്‍ ആദ്യം അയച്ചത് സുഹൃത്തും ഫാബര്‍ ആന്റ് ഫാസര്‍ പ്രസാധക സ്ഥാപനത്തിന്റെ പ്രധാന എഡിറ്ററുമായിരുന്ന ടി.എസ്. എലിയറ്റിനായിരുന്നു. 'ട്രോട്‌സ്‌കിയത' (Trotskyite) കൂടുതലാണ് എന്നു പറഞ്ഞ് എലിയറ്റ് അതു തിരിച്ചുകൊടുത്തു. പന്നികളെ ഭരണകര്‍ത്താക്കളാക്കിയതു ദൗര്‍ഭാഗ്യകരമായിപ്പോയെന്നും പുസ്തകം വായിച്ചാല്‍ കൂടുതല്‍ പൊതുബോധമുള്ള പന്നികളാണ് സമൂഹത്തിനാവശ്യം എന്നു വായനക്കാര്‍ ചിന്തിച്ചുപോകുമെന്നും എലിയറ്റ്, ഓര്‍വെല്ലിനോടു പറഞ്ഞു. ഇതിലും കടന്നതായിരുന്നു പുസ്തകം തിരസ്‌കരിക്കാന്‍ അമേരിക്കയിലെ പ്രസാധകര്‍ പറഞ്ഞ കാര്യം. മൃഗങ്ങളെ കഥാപാത്രങ്ങളാക്കിയുള്ള പുസ്തകങ്ങള്‍ക്ക് അമേരിക്കയില്‍ വായനക്കാര്‍ ഉണ്ടാവില്ലെന്നായിരുന്നു അത്. ഡിസ്‌നി(Dinsey)യുടെ നാടാണ് അതെന്ന് ഓര്‍ക്കണം. ഒരു സാഹിത്യകൃതിയുടെ പ്രസിദ്ധീകരണം തടയാന്‍ സോവിയറ്റ് സോഷ്യലിസവും അമേരിക്കന്‍ മുതലാളിത്തവും കൈകോര്‍ത്ത അവസരം അതിനുമുന്‍പോ പിന്‍പോ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല.
പ്രസിദ്ധീകരിക്കാന്‍ ആരും തയ്യാറാകാതിരുന്നപ്പോള്‍ സ്വന്തമായി അച്ചടിച്ചു വില്‍ക്കുന്ന കാര്യം ഓര്‍വെല്‍  ആലോചിച്ചു. അങ്ങനെ സംഭവിക്കുന്ന പക്ഷം, പുസ്തകത്തില്‍ ചേര്‍ക്കാന്‍ 'പത്ര സ്വാതന്ത്ര്യം' (The Freedom of the Press) എന്ന ശീര്‍ഷകത്തില്‍ ഒരു ആമുഖവും എഴുതി. അതിന്റെ ആവശ്യം വന്നില്ല. 'സെക്കര്‍ ആന്റ് വാര്‍ബര്‍ഗ്' എന്ന ചെറുകിട പ്രസിദ്ധീകരണ സ്ഥാപനം 'ആനിമല്‍ ഫാം' പുറത്തിറക്കാന്‍ തീരുമാനിച്ചു. വളരെ കുറച്ചു കോപ്പികള്‍ മാത്രമാണ് അവര്‍ അച്ചടിച്ചത്. 1945-ലായിരുന്നു അത്. 45 പൗണ്ടാണ് ഓര്‍വെല്ലിന് ആദ്യം ലഭിച്ച പ്രതിഫലം. 'ആനിമല്‍ ഫാം' അവിടെ തീര്‍ന്നു എന്നാണ് എഴുത്തുകാരനും അദ്ദേഹത്തിന്റെ ചുരുങ്ങിയ വായനക്കാരും പ്രസിദ്ധീകരണശാലകളും സാംസ്‌കാരിക-രാഷ്ട്രീയ ദല്ലാളന്മാരും വിശ്വസിച്ചത്. പക്ഷേ, രണ്ടു സംഭവങ്ങള്‍ ചരിത്രത്തിന്റെ ഗതിമാറ്റി.

യുദ്ധാനന്തര യൂറോപ്പില്‍, അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുകയായിരുന്ന രണ്ടു സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍, ഉക്രൈനില്‍നിന്നും പോളണ്ടില്‍നിന്നും ഉള്ളവര്‍, 'ആനിമല്‍ ഫാ'മിന്റെ ഒരു കോപ്പി കാണാനിടയായതാണ് ആദ്യത്തേത്. അവരില്‍ ഇംഗ്ലീഷ് അറിയുന്നയാളും വിവര്‍ത്തകനുമായിരുന്നു ഐഹോര്‍ സെവാന്‍കോ പുസ്തകത്തില്‍ ഓര്‍വെല്ലിന്റെ വിലാസം കാണുകയും ഉക്രൈനിയന്‍ ഭാഷയിലേക്ക് അതു വിവര്‍ത്തനം ചെയ്യാന്‍ അനുമതി ചോദിച്ചുകൊണ്ട് എഴുത്തുകാരന് എഴുതുകയും ചെയ്തു. അവരുടെ സമീപകാല അനുഭവങ്ങള്‍ തന്നെയാണ് 'ആനിമല്‍ ഫാമി'ലെ മൃഗങ്ങള്‍ക്കും ഉള്ളതെന്നായിരുന്നു സെവാന്‍കോയും സുഹൃത്തും പറഞ്ഞത്. ഓര്‍വെല്‍ അനുമതി നല്‍കി. കിഴക്കന്‍ യൂറോപ്പിലെ പല ഭാഷകളിലേക്കും പുസ്തകം വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കപ്പെട്ടു.

മുതലാളിത്തവും കമ്യൂണിസവും നോവലിനെതിരെ വീണ്ടും തെറ്റിച്ചു രംഗത്തുവന്നു. യൂറോപ്പിലുണ്ടായിരുന്ന അമേരിക്കന്‍ സൈനികര്‍ പുസ്തകത്തിന്റെ പ്രതികള്‍ പിടിച്ചെടുക്കുകയും റഷ്യയുടെ 'ചുകന്ന പട്ടാള'ത്തിന്  (Red Army) കൈമാറുകയും ചെയ്തു.
പക്ഷേ, അധികാരത്തിന്റെ അത്തരം കൈകടത്തലൊന്നും ആ മൗലിക രചനയെ ബാധിച്ചില്ല. ഒന്നിനു പിന്നാലെ ഒന്നായി നിരൂപകരും പ്രസാധകരും 'ആനിമല്‍ ഫാമി'ന്റെ മഹത്വം തിരിച്ചറിയാന്‍ തുടങ്ങി. വില്പനയില്‍ അത് ഒന്നാമതെത്തി. എഡ്മണ്ട് വിത്സനെപ്പോലുള്ള നിരൂപകര്‍ പഠനങ്ങള്‍ എഴുതി. വോള്‍ട്ടയര്‍ക്കും സ്വിഫ്റ്റിനും തുല്യനായ രാഷ്ട്രീയ-വിമര്‍ശക പ്രതിഭയാണ് ജോര്‍ജ് ഓര്‍വെല്‍ എന്നു സാഹിത്യലോകം തിരിച്ചറിഞ്ഞു. വാള്‍ട്ട് ഡിസ്‌നി നോവലിനെ അടിസ്ഥാനമാക്കി കാര്‍ട്ടൂണ്‍ സിനിമ നിര്‍മ്മിച്ചു. ലോകത്തെ മിക്ക ഭാഷകളിലും ഇന്ന് 'ആനിമല്‍ ഫാമി'ന്റെ വിവര്‍ത്തനം ലഭ്യമാണ്. അതു അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ കാണാന്‍ കഴിയും. എറിക് ആര്‍തര്‍ ബ്ലയര്‍ എന്ന മനുഷ്യന്റെ ജനാധിപത്യ വിശ്വാസത്തിന്റേയും സ്വേച്ഛാധിപത്യ വിരുദ്ധ നിലപാടുകളുടേയും അജയ്യതയാണ് ഇതു സൂചിപ്പിക്കുന്നത്. ഭരണാധികാരികളെ തെരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകേണ്ട ജാഗ്രതയെപ്പറ്റി ഓര്‍മ്മിപ്പിക്കുകയാണ് ഈ നോവല്‍.

കഴിഞ്ഞ ദിവസം, ഒരു പ്രബല രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രചാരവേല വാഹനം കൊടിയും പൊടിയും പറത്തി കടന്നുപോകുന്നത് പൊരിവെയിലത്തു നോക്കിനിന്ന, കുറ്റിയില്‍ കെട്ടിയിട്ട പശുക്കളേയും അവയ്ക്കരികെ ചിറകൊതുക്കിനിന്ന കൊക്കുകളേയും കാക്കകളേയും കണ്ടപ്പോഴാണ് 'ആനിമല്‍ ഫാം' ഓര്‍മ്മയിലേക്കു വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com