മോഹിനിയാട്ടത്തില്‍ കോര്‍ത്ത മലയാള കുസുമങ്ങള്‍: ഗുരു നിര്‍മ്മല പണിക്കരുടെ മോഹിനിയാട്ട ചിന്തകള്‍

മന്ദത്തുകാവു വഴി നടന്നും ബസിലും വീണ്ടും നടന്നുമാണ് ഒരിക്കലേടത്ത് കല്യാണിയമ്മ കലാമണ്ഡലം കളരിയിലേക്കെത്തുന്നത്.
മോഹിനിയാട്ടത്തില്‍ കോര്‍ത്ത മലയാള കുസുമങ്ങള്‍: ഗുരു നിര്‍മ്മല പണിക്കരുടെ മോഹിനിയാട്ട ചിന്തകള്‍

1932-ലെ ഒരു പകല്‍. പ്രഭാതം പ്രശാന്തമായാണ് ഒഴുകിപ്പരന്നത്. പാലക്കാട് ജില്ലയിലെ പെങ്ങോട്ടുകുറിശ്ശിയിലെ ഒരിക്കലേടത്ത് തറവാട്ടില്‍നിന്നും ഇറങ്ങുമ്പോള്‍ മനസ്സില്‍ പോയകാലത്തിന്റെ വടുക്കല്‍ നിറയെയുണ്ടായിരുന്നു. മന്ദത്തുകാവു വഴി നടന്നും ബസിലും വീണ്ടും നടന്നുമാണ് ഒരിക്കലേടത്ത് കല്യാണിയമ്മ കലാമണ്ഡലം കളരിയിലേക്കെത്തുന്നത്. മുകുന്ദരാജയും മഹാകവി വള്ളത്തോളും തലപുകഞ്ഞാലോചിച്ചുണ്ടാക്കിയ കലാമണ്ഡലത്തിലെ മോഹിനിയാട്ടക്കളരി! വെളുത്ത സാരിയും ബ്ലൗസും കഴുത്തില്‍ മെലിഞ്ഞുകിടന്ന ഒറ്റമാലയും വളകളിടാന്‍ വിമുഖത കാണിച്ച കൈകളുമായി കല്യാണിയമ്മയെന്ന മധ്യവയസ്‌ക ആ കളരിയിലേക്ക് കാലെടുത്തുവച്ചു. ഓര്‍മ്മയില്‍ തേയാതെ നിന്നതെല്ലാം അന്ന് വള്ളത്തോളിനു മുന്നിലാടി. കൃഷ്ണപ്പണിക്കരാശാന്‍ നട്ടുവനായി. ആട്ടം കഴിഞ്ഞപ്പോള്‍ അഭിനന്ദിക്കുന്നതിനു പകരം എന്തൊക്കെ എടുത്തുകളയണമെന്നാണ് മഹാകവി പറഞ്ഞത്. മൂക്കുത്തി, ചന്ദനം, ഏശല്‍, പൊലി അങ്ങനെ അന്ന് പതിവുണ്ടായിരുന്ന പലതും ആ കളരിയില്‍ കുഴിച്ചുമൂടി. ഒരിക്കലേടത്ത് കല്യാണിയമ്മ കലാമണ്ഡലത്തിലെ ആദ്യ അധ്യാപികയാവുന്നത് അങ്ങനെയാണ്. ആദ്യ ശിഷ്യ തങ്കമണിയുമായി അഭ്യസനം കഴിഞ്ഞ് മഴ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കല്യാണിയമ്മ ആലോചിച്ചത് കലാമണ്ഡലം കളരിയില്‍ കുഴിച്ചിട്ട കേരളീയതയെക്കുറിച്ചായിരുന്നു. ആ ആലോചനയ്ക്കു മുകളില്‍ ഇടവപ്പാതി ചാഞ്ഞും ചരിഞ്ഞുംകൊണ്ടിരുന്നു.

വ്യക്തതയില്ലാത്ത വഴികളിലൂടെ സഞ്ചരിച്ചുവന്ന മോഹിനിയാട്ടം ഓരോ നര്‍ത്തകിക്കുവേണ്ടിയും പിന്നീട് പരിഷ്‌കാരിയായി. മോഹിനിയാട്ടത്തിലെ ദേശിരീതിയെന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും നെറ്റിചുളിയാറുണ്ട്. മോഹിനിയാട്ടത്തിലെ കേരളീയത വീണ്ടെടുക്കാനുള്ള ശ്രമം എങ്ങനെയാണ് തുടങ്ങുന്നത്? എന്തൊക്കെയാണ് മോഹിനിയാട്ടത്തിലെ തനി കേരളീയം?

''ദേശി കേരളീയത തന്നെയാണ്. അത് വീണ്ടെടുക്കാനുള്ള ശ്രമം 2000-ല്‍ തുടങ്ങിയതാണ്. പണ്ടുണ്ടായിരുന്നതും കലാമണ്ഡലത്തില്‍ എത്തിപ്പെടുമ്പോള്‍ സാഹചര്യംകൊണ്ട് മാറ്റി നിര്‍ത്തേണ്ടിവന്നതുമായ ചില ഇനങ്ങള്‍ മാത്രമാണ് ഞാന്‍ പുനരാവിഷ്‌ക്കരിച്ചത്. പഴയകാല പ്രേക്ഷകരുടെ ഓര്‍മ്മകളും മോഹിനിയാട്ടവുമായി അരനൂറ്റാണ്ടുകാലത്തെ എന്റെ ബാന്ധവവും എനിക്കിതിന് കരുത്തു പകര്‍ന്നു. എന്താണ് തനി കേരളീയം എന്ന് ചോദിച്ചാല്‍ അങ്ങനെ ഒന്നില്ല എന്നാണ് എന്റെ അഭിപ്രായം. ഓരോ കാലത്തു വന്നുചേര്‍ന്ന സംസ്‌കാരങ്ങളുടെ ചൈതന്യാവിഷ്‌കാരങ്ങളാണ് കലയായി വളരുന്നത്. ഒരു കല ഉരുത്തിരിയുമ്പോള്‍ ആ നാടിന്റെ കാലാവസ്ഥ, ഭൂമിയുടെ കിടപ്പ്, മനുഷ്യരുടെ ഭാഷ, സംസ്‌കാരം, ചിട്ടവട്ടങ്ങള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍ ഇവയെല്ലാം സ്വാധീനിക്കും. ഇവ ഇഴചേര്‍ന്നു വരുന്ന കലയെ ദേശി പാരമ്പര്യമെന്നാണ് ഞാന്‍ വിളിക്കുക. ഞാന്‍ പുനരാവിഷ്‌കരിച്ച എല്ലാ നൃത്തയിനങ്ങളും അമ്മ ദൈവാരാധനയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. മാത്രമല്ല, പ്രാചീന കേരളത്തിലെ താന്ത്രികാരാധനയുടെ അംശങ്ങളും ഇതിലുണ്ട്.
മോഹിനിയാട്ടത്തിലെ മുദ്രകളില്‍ കേരളീയത പ്രകടമാണ്. കണ്ണാടി എന്ന് ഭരതനാട്യത്തില്‍ പതാകമുദ്ര പിടിച്ച് അതിലേക്ക് നോക്കുമ്പോള്‍ മോഹനിയാട്ടത്തില്‍ കടകമുദ്ര പിടിച്ച് മുദ്രയ്ക്ക് മുകളിലായി ദൃഷ്ടിയുറപ്പിക്കുന്നു. കാരണം നമ്മുടെ കണ്ണാടി വാല്‍ക്കണ്ണാടിയാണ്. അതിന്റെ വാലില്‍ പിടിച്ച് മുകളില്‍ നോക്കുന്ന രീതിയാണുള്ളത്.

പല കാലത്തായി മറ്റു പല കലകളുടേയും കടന്നുകയറ്റം ഇതിലേക്കുണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. എങ്കിലും 'ആനന്ദനൃത്തസമയേ'ന്ന് തുടങ്ങുന്ന ശ്ലോകവും പ്രാചീനമായ ചൊല്‍ക്കെട്ടും ചെഞ്ചുരുട്ടി ജതിസ്വരവും വിശദമായി വിശകലനം ചെയ്താല്‍ ഈ കലയുടെ അകപ്പൊരുള്‍ കണ്ടെത്താവുന്നതേയുള്ളൂ. ഇതൊക്കെ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചു.''

മോഹിനിയാട്ടം ഒരു സങ്കരനൃത്തമാണ്. തനിമയെക്കാള്‍ വൈവിധ്യമാണതിന്റെ ഭാവം. ദാസിയാട്ടം, കഥകളി, തിരുവാതിരക്കളി, കുച്ചിപ്പുടി എന്നീ നൃത്തരൂപങ്ങളില്‍നിന്നും കടമെടുത്ത അംഗവിന്യാസങ്ങള്‍ കൂടിച്ചേര്‍ന്ന മഞ്ജരിയാണ് മോഹിനിയാട്ടമെന്ന് മുന്‍പ് ഗുരുഗോപിനാഥ് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഈ സങ്കരനൃത്തക്കടലില്‍നിന്നും കേരളീയ സംഭാവനകള്‍ മുങ്ങിത്തപ്പിയെടുക്കുകയാണ് ടീച്ചര്‍ എന്ന് പറയാം, അല്ലേ?
''കേരളത്തിന്റെ അമ്മ ദേവാരാധനയുടെ വൈവിധ്യങ്ങളുടെ ചൈതന്യാവിഷ്‌കാരങ്ങളിലൂടെയും കാലാകാലങ്ങളില്‍ ഇവിടെ വന്നുചേര്‍ന്ന ദേവദാസി സംസ്‌കാരങ്ങള്‍ പോലുള്ള സാംസ്‌കാരിക പാരമ്പര്യങ്ങളുടെ സ്വാധീനം ഉള്‍ക്കൊണ്ടുകൊണ്ടും കാലക്രമേണ രൂപം പ്രാപിച്ച കേരളീയ സ്ത്രീനൃത്ത പാരമ്പര്യങ്ങള്‍ സമന്വയിച്ചാണ് ഇന്നത്തെ മോഹിനിയാട്ടമായി തീര്‍ന്നത്. പരമ്പരാഗതമായി പ്രവഹിച്ചുവരുന്ന കലാരൂപങ്ങളില്‍നിന്നും അറിഞ്ഞും അറിയാതേയും പലതും നഷ്ടപ്പെടാറുണ്ട്. ഇങ്ങനെ നഷ്ടപ്പെട്ടത് കണ്ടെത്തി വീണ്ടെടുത്താല്‍ കലാരൂപത്തിന്റെ മുന്നോട്ടുള്ള ഒഴുക്ക് സംഖമമാവും.''

വള്ളത്തോള്‍ എടുത്തുകളഞ്ഞ പൊലി, ചന്ദനം, മൂക്കുത്തി തുടങ്ങിയ മോഹിനിയാട്ടയിനങ്ങള്‍ തിരിച്ചുകൊണ്ടുവന്നത് വിപ്ലവകരമായ നീക്കമാണോ? ഇവയ്‌ക്കൊപ്പമുണ്ടായിരുന്ന ഒന്നായിരുന്നു മുഗള്‍വേഷവും. കറുത്ത തൊപ്പിയും നീളന്‍ പാവാടയും കുപ്പായവും പര്‍ദ്ദയുമൊക്കെയുള്ള ഉത്തരേന്ത്യന്‍ നൃത്തവേഷം. ചന്ദനം, ഏശല്‍ തുടങ്ങിയവ കേരളീയമാണെന്ന് വിശ്വസിക്കുന്നെങ്കില്‍ മുഗള്‍വേഷം എങ്ങനെ മോഹിനിയാട്ടത്തിലെത്തി?
''ഗവേഷണശേഷം ഞാനാവിഷ്‌കരിച്ച പൊലി, ചന്ദനം, ഏശല്‍, മൂക്കുത്തി, കുറത്തി എന്നിവയെല്ലാംതന്നെ ഭഗവതിയുമായിട്ട് ബന്ധം പുലര്‍ത്തുന്നതാണ്. കേരളത്തിന്റെ അതിപ്രാചീന അമ്മ ദൈവാരാധനയുമായിട്ടാണ് ഇവ ബന്ധപ്പെട്ടു കിടക്കുന്നത്. എന്നാല്‍, മുഗള്‍വേഷം സ്വാതിതിരുനാളിന്റെ കാലത്ത് തിരുവനന്തപുരം വഴി എത്തിയതാവാനാണ് സാധ്യത. സ്വാതിയുടെ കാലത്തെ സാംസ്‌കാരിക വിനിമയ പരിപാടികളാവാം മുഗള്‍വേഷം കേരളത്തിലെത്താനുണ്ടായ സാഹചര്യം.''

വിജയനഗര സാമ്രാജ്യവും തഞ്ചാവൂര്‍ രാജധാനിയും തകര്‍ന്നപ്പോള്‍ കലാകാരന് ഏക ആശ്രയമായിരുന്ന തിരുവിതാംകൂറിലെ സ്വാതി ദര്‍ബാര്‍ നിരവധി മോഹിനിയാട്ടക്കാരെ വളര്‍ത്തി. സ്വാതിക്കുശേഷം ഉത്രം തിരുനാളിന്റെ ദര്‍ബാറില്‍നിന്നും ആട്ടിയിറക്കപ്പെട്ട നര്‍ത്തകിമാര്‍ മലബാര്‍ തീരത്ത് അലഞ്ഞുനടക്കേണ്ട ഗതികേടുണ്ടായതിന് ധാരാളം രേഖകളുണ്ട്. പുരുഷാധിപത്യ സമൂഹത്തില്‍ പുരുഷനെ ആകര്‍ഷിക്കുന്ന രീതിയില്‍ മോഹിനിയാട്ട ഇനങ്ങള്‍ സൃഷ്ടിച്ചതിന്റെ പ്രകടോദാഹരണമാണ് മൂക്കുത്തിയും ചന്ദവുമെന്ന് ബെറ്റിട്രൂ ജോണ്‍സിനെപ്പോലുള്ളവര്‍ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മൂക്കുത്തിക്ക് നിരവധി ഉത്തരേന്ത്യന്‍ മാതൃകകളുമുണ്ട്. മുംബൈ, ലക്നൗ, ഔധ്, ഹൈദരാബാദ് തുടങ്ങിയിടങ്ങളിലെല്ലാം മൂക്കുത്തി നൃത്തത്തിനു മാതൃകകളുണ്ട്. ഒരു കാര്യം ചോദിക്കട്ടെ, മോഹിനിയാട്ടം കേരളത്തിലേക്ക് വന്ന ഒരു ദേശാടന കലാരൂപമാണെന്ന് വിശ്വസിക്കുന്നുണ്ടോ?
''മോഹിനിയാട്ടം കേരളത്തിന്റേതല്ല എന്ന് പലരും പറയാനുണ്ടായ കാരണം ഈ നൃത്തശൈലി കേരളീയ സംസ്‌കാരവുമായി വേറിട്ടു നിന്നിരുന്നു എന്നതാണ്. കേരളത്തില്‍ പല കാലഘട്ടങ്ങളില്‍ നര്‍ത്തകിമാര്‍ മാത്രം ചെയ്തിരുന്ന നിരവധി നൃത്തരൂപങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ധാരാളം ലഭിച്ചിട്ടുണ്ട്. ഇന്ന് മോഹിനിയാട്ടത്തിന്റെ പ്രത്യേകതയായി പറയുന്ന ലാസ്യചലനങ്ങള്‍, വര്‍ത്തുള ചലനങ്ങള്‍, ഒരു നര്‍ത്തകി തന്നെ ഒന്നിനു പിറകെ ഒന്നായി ചെയ്യുന്ന നൃത്തയിനങ്ങള്‍, വിശദമായ മുഖാഭിനയം, കൈമുദ്രയും തുടങ്ങി പലതും ആ സൂചനകളില്‍ കാണാം. അമ്മ ദൈവവുമായി ബന്ധപ്പെട്ട പൊലി, ചന്ദനം തുടങ്ങിയ ആദിയിനങ്ങളും ഇവിടെ ചേര്‍ത്തുവായിക്കണം. പൊലിയുടെ ആദ്യത്തില്‍ അമ്മ എല്ലായിടവും പൊലിച്ചുനിക്കണമെന്നും നര്‍ത്തകിയും പ്രേക്ഷകരും അമ്മയുടെ മക്കളായതിനാല്‍ മംഗളങ്ങള്‍ നേരണമെന്നുമാണ് പറയുന്നത്.''

മോഹിനിയാട്ടത്തില്‍ സ്വരജിത്ത് എന്നൊരു ഇനം മുന്‍പുണ്ടായിരുന്നു. മൂക്കുത്തിയാണെങ്കില്‍ നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന നൃത്തവും തെലുങ്കുനാട്ടിലെ തിത്തി എന്ന സംഗീതോപകരണവും ഭാഗവതമേളയിലെ നട്ടുവരീതികളും മോഹിനിയാട്ടത്തില്‍ ഉപയോഗിച്ചിരുന്നു. നാരായണതീര്‍ത്ഥര്‍ എന്ന തെലുങ്കു കവിയെ പ്രകീര്‍ത്തിക്കുന്ന ചൊല്‍ക്കെട്ടിലെ മംഗളശ്ലോകവും തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ ക്ഷേത്രശില്പങ്ങളില്‍ കാണുന്ന മോഹിനിയാട്ട നര്‍ത്തകിയും മോഹിനിയാട്ടത്തെ ഒരു ദേശാടന കലാരൂപമാക്കി വായിക്കുന്നില്ലേ? 
''രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ദക്ഷിണേന്ത്യയെ മൊത്തത്തില്‍ തമിഴകം എന്നാണറിയപ്പെട്ടിരുന്നത്. മാത്രമല്ല, അക്കാലത്ത് തമിഴകത്തിന്റെ സംസ്‌ക്കാരവും ഏതാണ്ട് ഒന്നുതന്നെയായിരുന്നു എന്നാണ് പണ്ഡിതമതം. പില്‍ക്കാലത്ത് ഇവിടേക്കു വന്ന വ്യത്യസ്തമായ പല സംസ്‌ക്കാരങ്ങളും അവയുടെ സ്വാധീനങ്ങളും പഴയ കലാരൂപങ്ങളുമായി കൊള്ളക്കൊടുക്കല്‍ നടക്കുകയും പല പല കലാരൂപങ്ങളും പുതിയ ഭാവങ്ങളോടെ നിലവില്‍ വരികയും പഴയ കലകള്‍ നഷ്ടപ്പെടുകയും ചെയ്തു. എ.ഡി. ആദ്യ നൂറ്റാണ്ടുകളുമായി അടുത്ത ബന്ധമുള്ള സംഘകാല പാട്ടുകള്‍ പലതും ഇപ്പോഴത്തെ കേരളം (ചേരം) തമിഴകം (ഇന്നത്തെ തമിഴനാട് ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍) തുടങ്ങിയവ ഏതാണ്ട് ഒരേ സംസ്‌ക്കാരത്തിലുള്ള നൃത്തങ്ങളെക്കുറിച്ചും നാട്യങ്ങളെക്കുറിച്ചുമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, പിന്നീട് മാറിവന്ന സമൂഹങ്ങളുടെ കടന്നുകയറ്റത്തില്‍ പലതും പുതിയ രൂപങ്ങളും ഭാവങ്ങളും ഉള്‍ക്കൊണ്ട് മാറിക്കൊണ്ടിരുന്നു. എങ്കിലും നര്‍ത്തകികള്‍ ഒന്നിനു പിറകെ ഒന്നായി അവതരിപ്പിച്ചിരുന്ന കേരളത്തിലെ ചില ശൈലികള്‍ സംഘകാലം മുതല്‍ പരമ്പരാഗതമായി ഒഴുകി ഇപ്പോഴും രൂപത്തിലും ഭാവത്തിലും വലിയ മാറ്റമില്ലാതെ തുടരുന്നതായി കാണാം. പേരിനും നൃത്തയിനങ്ങള്‍ക്കും എല്ലാം ധാരാളം മാറ്റം വന്നുവെങ്കിലും ഒരു നൃത്തശൈലിയുടെ കാതലായ അംശങ്ങളായ അഭിനയം, ശുദ്ധനൃത്തം എന്നിവ ഏതാണ്ട് ഒരേ സംസ്‌ക്കാരത്തില്‍ കാണപ്പെടുന്നു.

ഒരു വശം മുഴുവന്‍ മലകളും മറുതീരം മുഴുവന്‍ തിരമാലകളുമായി വര്‍ത്തിക്കുന്ന കേരളത്തിന് പല പ്രാചീന രാജ്യങ്ങളുമായും കടല്‍ വഴിയുള്ള വ്യാപാരബന്ധവും ബി.സി. 600 വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഉണ്ടായിരുന്നതായി ചരിത്രം സൂചിപ്പിക്കുന്നു. കടല്‍വഴി വന്ന സംസ്‌ക്കാരവും കേരള സംസ്‌ക്കാരത്തിന്റെ ഭാഗമായി മാറി. 
അങ്ങനെ ആയിരക്കണക്കിനു വര്‍ഷങ്ങളിലൂടെ ഒഴുകിയെത്തിയ ഒരു നൃത്തശൈലിയാണ് നമ്മുടേത്. അവയെല്ലാമായും 'കൊള്ളകൊടുക്കലുണ്ടായിട്ടും' മറ്റും വളര്‍ന്ന ഒന്നാണ് ഇന്നത്തെ മോഹിനിയാട്ടം.''

നിര്‍മ്മല പണിക്കരുടെ കോറിയോഗ്രാഫിയില്‍ കൂടിയാട്ടത്തിന്റെ കണ്ണും ചലനങ്ങളും കൂടുതലായി കാണാറുണ്ട്. അപ്പോള്‍ യഥാര്‍ത്ഥ മോഹിനിയാട്ടം എന്നൊന്നില്ലേ?
''സംഘകാല കൃതിയായ പതിറ്റുപത്തില്‍ വിറളികള്‍ എന്നാണ് നര്‍ത്തകിയെ പറഞ്ഞിരുന്നത്.
'ഉള്ളത്ത് നികഴും കുറുപ്പിനിര്‍ക്കേര്‍പ്പട ഉടമ്പില്‍ കണ്‍നികഴും വേറുപാട്.'
അതായത് മനസ്സിലെ വികാരവിചാരങ്ങളെ അല്ലെങ്കില്‍ ശരീരത്തെ മുഴുവന്‍ കണ്ണുകളാക്കിക്കൊണ്ടുള്ള അഭിനയരീതിയാണത്. സ്ത്രീനൃത്ത പാരമ്പര്യങ്ങള്‍ക്ക് കണ്ണുകളിലൂടെയുള്ള അഭിനയത്തിന് അത്രയധികം പ്രാധാന്യമുണ്ടായിരുന്നത് എങ്ങനെ നഷ്ടപ്പെട്ടുവെന്ന ചോദ്യം ഞാനെന്നോടുതന്നെ പലവട്ടം ചോദിച്ചിട്ടുണ്ട്. അത്തരമൊരഭിനയം ഞാന്‍ കണ്ടെത്തിയത് ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ ആശാനിലാണ്. സൂക്ഷ്മാംശങ്ങള്‍ കണ്ണില്‍ കൊണ്ടുവരാന്‍ ഞാന്‍ അദ്ദേഹത്തിന്റെ ശിഷ്യയായി. അഭിനയത്തിന്റെ സൂക്ഷ്മാംശം തനിക്ക് കിട്ടിയത് കൊടുങ്ങല്ലൂര്‍ കളരിയില്‍നിന്നാണെന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് കൂടുതല്‍ ധൈര്യം തന്നു. ശരീരം മുഴുവന്‍ കണ്ണുകളാക്കി അഭിനയം നടത്തുക എന്ന പരീക്ഷണം ഏറെ നടന്നിട്ടുള്ളത് കൊടുങ്ങല്ലൂര്‍ കളരിയിലാണ്. മരണം, നരസിംഹം തുടങ്ങിയ അഭിനയം പരീക്ഷിച്ച് യഥാര്‍ത്ഥമെന്ന് തോന്നുംവിധം കൊടുങ്ങല്ലൂര്‍ കളരിയില്‍ അവതരിപ്പിക്കപ്പെട്ടതിന്റെ കഥകള്‍ ധാരാളമാണ്. കൂടിയാട്ടത്തിനും കഥകളിക്കും ഈ കളരിയില്‍നിന്നും ധാരാളം അറിവുകള്‍ ലഭിച്ചിട്ടുണ്ട്.


ഒരേ ദേശത്ത് ഏതാണ്ട് ഒരേ സംസ്‌കാരമുള്ള മനുഷ്യരിലൂടെ ഉരുത്തിരിയുന്ന കലാരൂപങ്ങളില്‍ ധാരാളം കൊള്ളകൊടുക്കലുകള്‍ ഉണ്ടാവും. അതുകൊണ്ടുതന്നെ ഇപ്പോള്‍ കൂടിയാട്ടത്തില്‍ കാണുന്ന സൂക്ഷ്മാംശം മോഹിനിയാട്ടത്തില്‍ സ്വാധീനം ചെലുത്തിയാല്‍പ്പോലും അത് തെറ്റല്ല. ഒരിക്കലേടത്ത് കല്യാണിയമ്മയുടെ അഭിനയചാതുരി കണ്ടാണ് കലാമര്‍മ്മജ്ഞനായ മഹാകവി രബീന്ദ്രനാഥ ടാഗോര്‍ അവരെ ശാന്തിനികേതനിലേക്ക് ക്ഷണിച്ചത്. നഷ്ടപ്പെട്ട ആ അഭിനയത്തിന്റെ സൂക്ഷ്മാംശങ്ങളെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍.''

ഇക്കഴിഞ്ഞ ദിവസം ടീച്ചര്‍ ചിട്ടപ്പെടുത്തിയ ശ്രീനാരായണഗുരുവിന്റെ കുണ്ഡലിനിപ്പാട്ടും ദേശി രീതിയുടെ ഗവേഷണഭാഗമാണോ? ഇരുപത്തിയൊന്ന് ഈരടികളുള്ള ഈ കൃതിയുടെ മോഹിനിയാട്ടാവിഷ്‌കാരത്തിനുവേണ്ടി എന്തെല്ലാം ശ്രമങ്ങളുണ്ടായി?
''ദേശിയിനത്തില്‍പ്പെടുത്താവുന്ന ഒന്നാണ് കുണ്ഡലിനിപ്പാട്ട്. ഇതിന്റെ സാക്ഷാല്‍ക്കാരത്തിനുവേണ്ടി കുറേ വര്‍ഷങ്ങളെടുത്തു. ഗുരു നിത്യചൈതന്യയതിയാണ് കുണ്ഡലിനിപ്പാട്ടിന്റെ നൃത്താവിഷ്‌കാരം നിര്‍ദ്ദേശിച്ചത്. ആത്മാന്വേഷണത്തിന്റെ ഭാഗമാണ് ഈ കൃതിയെന്ന് യതിയാണാദ്യം പറഞ്ഞുതന്നത്. കുണ്ഡലിനി ശക്തിയുടെ പ്രസരണം മനുഷ്യശരീരത്തിലുണ്ടാക്കുന്ന അനുഭവ വൈവിധ്യങ്ങളാണ് നാരായണഗുരു ഈ പാട്ടിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. ചക്രം, കുണ്ഡലിനി, മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, അജ്ഞ എന്നീ ആധാരങ്ങളെ ഭേദിച്ച് സഹസ്രാരത്തിലെത്തി ആനന്ദനൃത്തമാടുക എന്നതാണിതിന്റെ കാതല്‍. ശരീരമാകെ പ്രസരിക്കാന്‍ തുടങ്ങുന്ന കുണ്ഡലിനിയെ യോഗി സംബോധന ചെയ്യുന്ന രീതിയിലാണ് പാട്ട് രചിച്ചിരിക്കുന്നത്.
ഓരോ ആധാരചക്രങ്ങള്‍ക്കും ഇത്രയിത്ര ദലങ്ങളുണ്ട് എന്ന കണക്കുണ്ട്. നാല്, അഞ്ച് എന്നിങ്ങനെയുള്ള വ്യത്യസ്ത ദലങ്ങള്‍ താമരയുടെ വ്യത്യസ്ത മുദ്രകളിലൂടെയാണ് ഞാന്‍ ചിന്തിച്ചിട്ടുള്ളത്. കൂടാതെ പാമ്പിനെക്കുറിച്ചുള്ള പ്രതീകാത്മകത വിശ്വാസവും നൃത്തത്തില്‍ കലര്‍ത്തി.''

സര്‍പ്പചലനം കാണിക്കുമ്പോള്‍ സാധാരണയായി ലോകധര്‍മ്മിയുടെ ധാരാളിത്തം ഉണ്ടാകാറുണ്ട്. ഒപ്പം ഗ്രാമ്യമുദ്രകളും. ടീച്ചറുടെ സമീപനമെന്താണ്?
''മോഹിനിയാട്ടത്തില്‍ പൊതുവേ ലോകധര്‍മ്മിക്കാണ് സ്ഥാനം എന്ന് പണ്ടേ പറയാറുണ്ട്. ഇപ്പോഴും കുറേയൊക്കെ ശരിയാണ്. കുണ്ഡലിനിപ്പാട്ടിന്റെ ആവിഷ്‌കാരത്തിലും ഇത് കാണാവുന്നതാണ്. ലോകധര്‍മ്മിയിലുള്ള ഗ്രാമ്യമുദ്രകള്‍ ഈ ആവിഷ്‌കാരത്തിലുമുണ്ട്. ആവേശം മൂത്ത് ദൈവം കയറിത്തുള്ളുന്ന നര്‍ത്തകികളെക്കുറിച്ച് സംഘകാല കൃതികളിലുണ്ട്. സര്‍പ്പംതുള്ളലില്‍ ഉള്ള ചലനങ്ങളില്‍ ചിലത് ഈ കോറിയോഗ്രാഫിയിലും ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം ചലനങ്ങള്‍ മോഹിനിയാട്ടത്തിന്റെ വര്‍ത്തുളാകൃതിയിലും ലാസ്യഭംഗിയിലും ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ട്.''

രാഗമാലികയിലും താളമാലികയിലും ചിട്ടപ്പെടുത്തിയ ഗുരുവിന്റെ പാട്ട് ആനന്ദദായകം തന്നെയായിരുന്നു. മദ്ദളം, ഇടയ്ക്ക, വീണ, ഫ്‌ലൂട്ട് എന്നിവയോടൊപ്പം കുറുങ്കുഴലും സന്നിവേശിപ്പിച്ചിരിക്കുന്നു. കുറുങ്കുഴല്‍ സമകാലീന മോഹിനിയാട്ടത്തില്‍ പതിവില്ലാത്തതാണ്. സ്വാതിയുടെ മോഹിനിയാട്ട കൃതിയായ കാമിനീമണി കുറുങ്കുഴലില്‍ വായിച്ചിരുന്നതിനൊപ്പം ക്ഷേത്രനര്‍ത്തകികള്‍ നൃത്തം ചെയ്തിരുന്നു എന്നത് പെട്ടെന്നോര്‍മ്മവരും. ഒരു കാര്യം ചോദിക്കട്ടെ, ഗുരുവിന്റെ കവിതയാണല്ലോ കുണ്ഡലിനിപ്പാട്ട്. മലയാള കവിതകളെ ഒരുപാട് മോഹിനിയാട്ടക്കാര്‍ വികലമാക്കിയിട്ടുണ്ട്. കവിതകളെ ടീച്ചര്‍ എങ്ങനെയാണ് സമീപിക്കുന്നത്?
''ഞാനും കവിതകളുമായുള്ള ബന്ധം മാത്രമേ എനിക്ക് പറയാനുള്ളൂ. കുമാരനാശാന്റെ ലീലയിലെ ഒന്നാം സര്‍ഗ്ഗം ചിട്ടചെയ്തുകൊണ്ടാണ് മോഹിനിയാട്ട സപ്തങ്ങളിലെ എന്റെ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. സപ്തം എന്നത് കഥ പറച്ചിലാണ്. ലീല സപ്തം കണ്ടുകഴിഞ്ഞ ഒ.എന്‍.വി. സാര്‍ പറഞ്ഞത് 'കുസുമേ കുസുമോത്പ്പത്തി' എന്നാണ്. നിര്‍മ്മലയിനിയും ധാരാളം സപ്തങ്ങള്‍ ആവിഷ്‌ക്കരിക്കൂ എന്നാണ് ഒ.എന്‍.വി. സാര്‍ അനുഗ്രഹിച്ചത്. പൊലി, ഏശല്‍, ചന്ദനം എന്നിവ പുനരാവിഷ്‌കരിച്ചപ്പോള്‍ കാവാലം പറഞ്ഞതിതാണ്: ''നിര്‍മ്മല പോകുന്ന വഴി ശരിയാണ്. ഇത് സോപാനചിന്തയിലേക്ക് ചാലു നീട്ടുന്ന ഒരു ആദി സങ്കല്പ പ്രബന്ധമാണെന്ന് പറയാം. ഒരു നാടിന്റെ സംസ്‌കൃതിയുടെ വളര്‍ച്ച അതിന്റെ ഈറ്റില്ലത്തിലെ മണ്ണിന്റെ പാവുഗുണത്തേയും വേരിന്റെ ഈടുമിടുക്കിനേയും ആശ്രയിച്ചാണെന്ന് തീര്‍ത്തും പറയാം.''

ഏതായാലും കഴിഞ്ഞ പത്ത് വര്‍ഷമായി പേരുകേട്ട കവികളുടെ പ്രസിദ്ധങ്ങളായ കവിതകളില്‍നിന്ന് തെരഞ്ഞെടുത്ത വരികള്‍ ഉള്‍പ്പെടുത്തി ഒന്‍പതോളം സപ്തങ്ങള്‍ മോഹിനിയാട്ടത്തില്‍ ചെയ്തു. ആശാന്റെ ലീല, കാളിദാസന്റെ കുമാരസംഭവം, ടാഗോറിന്റെ ചിത്രാംഗദ, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ തിരുവോണം, ഋഗ്വേദത്തില്‍ നിന്നുള്ള വരികള്‍, വൈലോപ്പിള്ളിയുടെ പലതരമാം നാദങ്ങള്‍, ജയദേവന്റെ ഗീതാഗോവിന്ദം, നാരായണഗുരുവിന്റെ കുണ്ഡലിനിപ്പാട്ട്, എം.എന്‍. കുറുപ്പിന്റെ മേ പരമാര്‍ത്ഥം... ചീത്തപ്പേര് കേട്ടിട്ടില്ല ഇന്നേവരെ.''

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ മോഹിനിയാട്ടത്തിന്റെ അമ്മയാണ്. അവര്‍ക്ക് വേണ്ടവണ്ണം ആദരം ലഭിച്ചില്ലെന്ന് ഒപ്പുവെയ്ക്കുകയാണ് നിര്‍മ്മല പണിക്കരെന്ന ശിഷ്യയും. ഗുരുവിന്റെ രചനയും സാക്ഷാല്‍ക്കാരവുംകൊണ്ട് പ്രസിദ്ധമായ തിരുവോണസപ്തത്തെ കൂടുതല്‍ സുമുഖിയാക്കി നിര്‍മ്മല പണിക്കരെന്ന ശിഷ്യ. നിര്‍മ്മല പണിക്കര്‍ക്ക് മൂക്കുത്തിയും ചന്ദനവും ഏശലും കുറത്തിയും പൊലിയുമൊന്നും മോഹിനിയാട്ടത്തിന്റെ അപചയകാല പ്രതീകങ്ങളല്ല. ഉപരിപ്ലവ ലൈംഗികതയും നിലനില്പിന്റെ അവസരവാദവുമല്ല ഈ ഗുരുവിന് ദേശിനൃത്തം. അത് ആഴത്തിലാലോചിക്കുന്ന ആത്മസാക്ഷാല്‍ക്കാരത്തിന്റെ കേരളീയ രൂപമാണ്. കേരളീയതയെ മതിയാവാതെ പുല്‍കുന്ന ഒരാള്‍ക്ക് അമ്മദൈവങ്ങള്‍ കടലായും കനലായും ഇരമ്പും. അങ്ങനെയാണ് മൂക്കുത്തിയുടെ തേടല്‍ അവര്‍ക്ക് മോക്ഷദായകമായി മാറുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com