വയനാടന്‍ ചുരം കയറുന്ന രാഷ്ട്രീയപ്പോര്

അമേഠിക്കു പുറമേ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി വയനാട് കൂടി തെരഞ്ഞെടുക്കുമ്പോള്‍ അത് നല്‍കുന്ന രാഷ്ട്രീയ സൂചനകള്‍ എന്തെല്ലാമാണ് എന്നതു സംബന്ധിച്ച് ഒരന്വേഷണം
വയനാടന്‍ ചുരം കയറുന്ന രാഷ്ട്രീയപ്പോര്

1929-ല്‍ ലാഹോര്‍ സമ്മേളനത്തിന് നെഹ്രു ഒരു വെള്ളക്കുതിരപ്പുറമേറിയാണ് എത്തിയതെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ.എ. അബ്ബാസും അന്‍സാര്‍ ഹര്‍വാനിയും മറ്റും എഴുതിയിട്ടുണ്ട്. ഒരു യുവ രാജകുമാരന്റെ ഭാവഹാവാദികളോടെയായിരുന്നു ആ വരവെന്നും. ഈ സമ്മേളനത്തിലാണ് നെഹ്രു കോണ്‍ഗ്രസ്സ് പ്രസിഡന്റാകുന്നത്. ഈ സമ്മേളനം തന്നെയാണ് പൂര്‍ണ്ണസ്വരാജ് എന്ന മുദ്രാവാക്യം അംഗീകരിക്കുന്നത് എന്നതാണ് ആ സമ്മേളനത്തിന്റെ മറ്റൊരു പ്രാധാന്യം. 

കമ്യൂണിസ്റ്റ് ഗൂഢാലോചന എന്ന കുറ്റം ചുമത്തി ബ്രിട്ടീഷുകാര്‍ ഉല്പതിഷ്ണുത്വവും പുരോഗമന രാഷ്ട്രീയവും വച്ചുപുലര്‍ത്തുന്ന സ്വാതന്ത്ര്യ സമരഭടന്മാരെ അറസ്റ്റുചെയ്യുന്ന കാലമായിരുന്നു അത്. തന്റെ മകനേയും ബ്രിട്ടീഷ് പൊലീസ് അറസ്റ്റുചെയ്ത് തടങ്കലിലാക്കുമെന്ന് ഭയന്ന മോട്ടിലാല്‍ നെഹ്രു തന്റെ മകനെ ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരനാക്കാന്‍ മഹാത്മാ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നുവത്രേ. അതുവഴി അറസ്റ്റ് എന്ന ഭീഷണിയെ മറികടക്കാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചു. 
1920-കളുടെ മധ്യത്തില്‍ കോണ്‍ഗ്രസ്സിനുള്ളിലെ ഇടതുപക്ഷ ചേരിയിലുള്ളവരില്‍ പ്രമുഖനായിരുന്നു നെഹ്രു. സോവിയറ്റ് വിപ്ലവത്തിന്റെ അലയൊലികള്‍ ഇന്ത്യയിലും പുതിയൊരാവേശം നിറച്ച അക്കാലത്ത് സോഷ്യലിസ്റ്റായി മാറിയ നെഹ്രു മഹാത്മാ ഗാന്ധിയുമായി സൗഹൃദത്തിലായത് അദ്ദേഹത്തിലെ സോഷ്യലിസ്റ്റിനെ ബാധിച്ചെന്ന് ഹര്‍വാനി. വേഷവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍പോലും തന്റെ രാഷ്ട്രീയത്തെ കൗശലപൂര്‍വ്വം ഉപയോഗിച്ചയാളായിരുന്നു നെഹ്രു. ആദ്യകാലത്തെ ദോത്തി-കുര്‍ത്തയില്‍നിന്നും നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കുവേണ്ടി വസ്ത്രങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കുന്നയാളില്‍നിന്നുള്ള ഷെര്‍വാണിയിലേക്കും പൈജാമയിലേക്കും അദ്ദേഹം പില്‍ക്കാലത്ത് മാറിയതും ശ്രദ്ധേയമായിരുന്നു. കൂടെ നിര്‍ത്തുന്നവരിലും അനുചരന്മാരിലുമൊക്കെ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുണ്ടാകണമെന്ന കാര്യത്തിലും അദ്ദേഹം ശ്രദ്ധവെച്ചു. ഈ തെരഞ്ഞെടുപ്പുകളെല്ലാം തന്നെ തന്ത്രപരമായിരുന്നു. 
വ്യക്തിപരമായ തെരഞ്ഞെടുപ്പുകളിലൂടെ സമൂഹത്തിന്റെ നടത്തിപ്പില്‍ നിര്‍ണ്ണായക സ്ഥാനമുള്ള വിഭാഗങ്ങള്‍ക്കും വര്‍ഗ്ഗങ്ങള്‍ക്കും ചില സന്ദേശങ്ങള്‍ നല്‍കുകയെന്നത് നെഹ്രുവിന്റെ ഒരു രീതിയായിരുന്നു. ഒരുപക്ഷേ, നെഹ്രു കുടുംബത്തിന്റെ കിരീടാവകാശിയായ രാഹുലും പിന്തുടരുന്നത് ആ രീതിയായിരിക്കാം. അമേഠിക്കു പുറമേ ലോക്സഭയിലേക്ക് മത്സരിക്കാന്‍ വയനാട് തെരഞ്ഞെടുത്തത് നല്‍കുന്ന പ്രതീതി അതാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തീരുമാനമാണ് അതെങ്കിലും.

ഗ്രൂപ്പുവഴക്കും വയനാട്ടിലെ സ്ഥാനാര്‍ത്ഥിയും
അമേഠിക്കു പുറമേ വയനാട് രാഹുല്‍ മത്സരിക്കാന്‍ തെരഞ്ഞെടുക്കുന്നത് കേരളത്തിലും ദക്ഷിണേന്ത്യയില്‍ പൊതുവേയും കോണ്‍ഗ്രസ്സിന് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ അവകാശപ്പെടുന്നത്. മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലം മത്സരിക്കാന്‍ തെരഞ്ഞെടുക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കാനുതകുമെന്നും അങ്ങനെ വര്‍ധിതമായ വിശ്വാസം രാജ്യത്തുടനീളം കോണ്‍ഗ്രസ്സിനു തെരഞ്ഞെടുപ്പില്‍ സഹായകമാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ആ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് അവകാശമുണ്ട്. 

എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കകത്തെ നിസ്സാരങ്ങളായ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നുണ്ടായ ആവശ്യത്തിന് രാഹുല്‍ വഴങ്ങിക്കൊടുക്കുകയായിരുന്നു എന്നതാണ് പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു സംഗതി. അല്ലാതെ ഏതെങ്കിലും യുക്തിഭദ്രമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായുണ്ടായ നീക്കമല്ല അതെന്നും ആക്ഷേപിക്കപ്പെടുന്നു. വയനാട് മണ്ഡലത്തില്‍ ആരു മത്സരിക്കണമെന്ന കാര്യത്തില്‍ ആഴ്ചകള്‍ നീണ്ടുനിന്ന തര്‍ക്കമാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുള്ളിലുണ്ടായത്. ആലപ്പുഴയില്‍ മത്സരിക്കാന്‍ തയ്യാറില്ലാതിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റേയും ഉമ്മന്‍ ചാണ്ടിയുടെ പക്ഷക്കാരന്‍ അഡ്വ. സിദ്ദിഖിന്റേയും പേരുകള്‍ വയനാടിന്റെ കാര്യത്തില്‍ പറഞ്ഞു കേള്‍ക്കുകയുണ്ടായി. ഒടുവില്‍ സിദ്ദിഖായിരിക്കും അവിടെ മത്സരിക്കുകയെന്ന കാര്യം അനൗദ്യോഗികമായി അംഗീകരിക്കപ്പെടുകയുമുണ്ടായി. എന്നാല്‍, പിന്നീട് മത്സരത്തിനായി രണ്ടാമതൊരു മണ്ഡലം രാഹുല്‍ തെരഞ്ഞെടുക്കുന്ന പക്ഷം അത് ദക്ഷിണേന്ത്യയില്‍ നിന്നാകണം എന്ന ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ അത് വയനാടായിരിക്കുമെന്ന ഊഹം പരക്കുകയായിരുന്നു. അങ്ങനെയൊരു ഊഹം പരത്തുന്നതില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞെങ്കിലും. 

എന്നാല്‍, രാഹുലിന്റെ വയനാടന്‍ പ്രവേശനത്തെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളും പ്രസക്തമാണ്. ഒന്നാമത്തെ കാര്യം ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഏറ്റുമുട്ടുന്നത് അഖിലേന്ത്യാതലത്തില്‍ പ്രത്യാഘാതമുണ്ടാക്കുമെന്നതാണ്. വിശേഷിച്ചും തെരഞ്ഞെടുപ്പിനുശേഷം ഒരു മുന്നണി ഗവണ്‍മെന്റ് ഉണ്ടാക്കേണ്ടിവരുമെന്ന സന്ദര്‍ഭത്തില്‍. കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഏറ്റുമുട്ടുന്നുവെന്നതല്ല പ്രശ്‌നമാകുക. പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുലിനെ ഉയര്‍ത്തിക്കാണിക്കപ്പെടുമ്പോഴായിരിക്കും. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനിടവന്നാല്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും അതിന്റെ അലയൊലികള്‍ സൃഷ്ടിക്കപ്പെടുമെന്നും അത് മുതലെടുത്ത് സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് കൂടുതല്‍ സീറ്റുകള്‍ നേടാനാകുമെന്നുമാണ് കെ.പി.സി.സിയുടെ വാദം. ദക്ഷിണേന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ സാധ്യത കേരളത്തിലാണെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. എന്നാല്‍, കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാരിനു സാധ്യത ഉരുത്തിരിയുന്നപക്ഷം ഒട്ടും ചാഞ്ചാട്ടമില്ലാത്ത ഇടതുപക്ഷ സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ്സ് കടന്നുകയറാന്‍ ശ്രമിക്കുന്നതെന്നത് ഗൗരവത്തോടെ വേണം കാണാനെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ മതനിരപേക്ഷ രാഷ്ട്രീയത്തോടുള്ള കോണ്‍ഗ്രസ്സിന്റെ പ്രതിബദ്ധത സംശയിക്കപ്പെടേണ്ടതുണ്ടെന്നും ഇടതുപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. 
ജമാ അത്തെ ഇസ്ലാമി, മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ എന്നീ മതകക്ഷികളുടെ പിന്തുണയോടെയാണ് ബി.ജെ.പിയുടെ ഹിന്ദുത്വരാഷ്ട്രീയത്തെ എതിര്‍ക്കുന്നതെന്ന പേരില്‍ വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി ഒരുമ്പെടുന്നതെന്നും ഇത് അഖിലേന്ത്യാതലത്തില്‍ ബി.ജെ.പിക്ക് പ്രയോജനപ്പെടുമെന്നുമാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചത്. വയനാട് മണ്ഡലത്തിലെ യു.ഡി.എഫിലെ പ്രധാന കക്ഷി മുസ്ലിം ലീഗാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത് ''രാഹുല്‍ ഹിന്ദുക്കളെ പേടിച്ച് ഒളിച്ചോടുന്നുവെന്നാണ്.'' ഇന്നും സംഘ്പരിവാര്‍ രാഷ്ട്രീയത്തിനു പരിപൂര്‍ണ്ണമായി വഴങ്ങാത്ത സംസ്ഥാനമായ കേരളം മറ്റൊരു കശ്മീരാകുന്നതിന്റെ പാതയിലാണെന്ന ആക്ഷേപം ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ ഈ പ്രസ്താവനയ്ക്ക് ഏറെ ഗൗരവമുണ്ട്. കേരളമോ വയനാടോ ന്യൂനപക്ഷ മതങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനമോ പ്രദേശമോ അല്ലെന്ന വാദം ഉന്നയിച്ചുകൊണ്ട് മോദിയുടെ ഈ പരിഹാസത്തെ ഖണ്ഡിക്കാന്‍ ശ്രമിച്ചാല്‍ പരോക്ഷമായി മതാടിസ്ഥാനത്തിലായിരിക്കണം രാഷ്ട്രീയവും തെരഞ്ഞെടുപ്പും എന്ന സംഗതിയെ അംഗീകരിച്ചു കൊടുക്കലായിരിക്കും ഫലം. 


ബി.ജെ.പിക്ക് ശക്തനായ ഒരു പ്രതിയോഗിയെപ്പോലും നിര്‍ത്താനില്ലാത്ത മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുന്നത് ഭയം കൊണ്ടുമാത്രമാണ് എന്ന പ്രചാരണം ശക്തമാകുമെന്ന് നേരത്തെ ഷാജഹാന്‍ മാടമ്പാട്ടിനെപ്പോലുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നതാണ്. ഇടതുപക്ഷവുമായി കൊമ്പുകോര്‍ക്കലല്ല, മറിച്ച് അവരുമായി കൂടുതല്‍ ഐക്യപ്പെടലാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. എന്നാല്‍, ഏകപക്ഷീയമായ ഒരു സന്ധിക്ക് കോണ്‍ഗ്രസ്സ് തയ്യാറാകില്ലെന്ന വസ്തുതയും പരിഗണിക്കപ്പെടേണ്ടതാണ്. കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് പ്രധാന മത്സരമെന്നിരിക്കലും അഖിലേന്ത്യാതലത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മിലാണ് പ്രധാന മത്സരം. ഈ പശ്ചാത്തലത്തില്‍ രാഹുല്‍ കേരളത്തില്‍ മത്സരിക്കുമ്പോള്‍ ദേശീയതലത്തില്‍ മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്ന വയനാട്ടില്‍ കോണ്‍ഗ്രസ്സ് മത്സരിക്കുന്നത് ബി.ജെ.പിയുമായല്ല, ഇടതുപക്ഷവുമായാണ് എന്ന പ്രതീതി സംജാതമാകാനേ ഉപകരിക്കൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിനു മുന്‍പേ കേരളത്തില്‍ ഇടതുപക്ഷ മുന്നണി പ്രചരണരംഗത്ത് ഏറെ മുന്നേറിയിരുന്നു. പതിവുപോലെ ഇടതുമുന്നണി വലിയ അസ്വാരസ്യങ്ങള്‍ കൂടാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തി പട്ടിക പ്രഖ്യാപിക്കുകയും പ്രചരണവുമായി മുന്നോട്ടു പോകുകയും ചെയ്തിരുന്നു. ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിനു സ്വാധീനം നഷ്ടമായിട്ടുണ്ടെന്നും ആ മണ്ഡലങ്ങളില്‍ ബി.ജെ.പി ശക്തിയാര്‍ജ്ജിച്ചിട്ടുണ്ടെന്നുമുള്ള ധാരണയും വ്യാപകമായിരുന്നു. ആ നിലയ്ക്ക് ചില മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പി കോണ്‍ഗ്രസ്സിനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളുമെന്ന ഭയവും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുണ്ടായിരുന്നു. പരസ്യമായി അവരത് സമ്മതിച്ചില്ലെങ്കിലും. എന്നാല്‍, രാഹുലിന്റെ വരവോടെ സ്ഥിതിഗതികളില്‍ കാര്യമായ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രധാന മത്സരം പഴയപോലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള മുന്നണിയും സി.പി.ഐ.എം നേതൃത്വത്തിലുള്ള മുന്നണിയും തമ്മില്‍ എന്ന നിലയിലേക്കായി. എന്നാല്‍, അഖിലേന്ത്യാതലത്തില്‍ ഇതിന് കോണ്‍ഗ്രസ്സ് നല്‍കേണ്ടിവരുന്ന വില സ്വാഭാവിക സഖ്യകക്ഷികളായ ഇടതുപക്ഷത്തിന്റെ സൗഹൃദമായിരിക്കും. അത് എന്‍.ഡി.എ മുന്നണിക്കു പ്രയോജനം ചെയ്യുന്നതില്‍ കലാശിക്കുകയും ചെയ്യും.

കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന സന്ദേശം
വയനാട് എന്ന ലോക്സഭാ മണ്ഡലം തെരഞ്ഞെടുക്കുന്നതിലൂടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും മറ്റൊരു കൂട്ടരുടെ ഉല്‍ക്കണ്ഠയെ അഭിസംബോധന ചെയ്യാന്‍ ഒരുമ്പെടുന്നുണ്ട്. ഇടതുപക്ഷ നേതൃത്വത്തില്‍ മോദി സര്‍ക്കാരിനെതിരെ കര്‍ഷകരും തൊഴിലാളികളും നടത്തിയ നിരവധി സമരങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടി, വിശേഷിച്ചും രാഹുല്‍ ഗാന്ധി ധാര്‍മ്മിക പിന്തുണ നല്‍കിയിട്ടുണ്ട്. 48 മണിക്കൂര്‍ നീണ്ടുനിന്ന തൊഴിലാളി പണിമുടക്കില്‍ രാജ്യമൊട്ടാകെ 20 കോടി പേരാണ് പങ്കെടുത്തത്. രാജ്യത്തെ പിടിച്ചുലച്ച മുംബൈയിലും മറ്റും നടന്ന കര്‍ഷക സമരങ്ങളേന്തിയ പതാകയാകട്ടെ, ചെങ്കൊടിയുമായിരുന്നു. രാജ്യത്തെ ക്യാംപസുകളില്‍ പ്രധാനമായും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഈ അഞ്ചുവര്‍ഷം നിറഞ്ഞുനിന്നിട്ടുണ്ട്. ഇവയ്‌ക്കൊക്കെ കോണ്‍ഗ്രസ്സ് പരോക്ഷ പിന്തുണയും നല്‍കിപ്പോന്നിട്ടുണ്ട്. അതേസമയം കഴിഞ്ഞ യു.പി.എ ഗവണ്‍മെന്റുകളേക്കാള്‍ കൂടുതല്‍ വേഗതയിലും തീവ്രതയിലും ഉദാരീകരണം നടപ്പാക്കാന്‍ തുനിഞ്ഞ ബി.ജെ.പിയുമായും എന്‍.ഡി.എ ഗവണ്‍മെന്റുമായും ഇന്ത്യയിലെ വമ്പന്‍ വ്യവസായികള്‍ കൂടുതല്‍ അടുത്തു. ഈ സന്ദര്‍ഭത്തില്‍ 'ഒറിജിനല്‍ റൂളിംഗ് ക്ലാസ്സ്' പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനു തങ്ങളുടെ വര്‍ഗ്ഗപക്ഷപാതിത്വം എല്ലാക്കാലത്തും ഇന്ത്യയിലെ രാഷ്ട്രീയ യജമാനന്മാരായ കോര്‍പ്പറേറ്റുകളെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അതിന് ഒരു ഉപാധിയെന്ന നിലയിലാണ് ഇടതുപക്ഷത്തിനു മേല്‍ക്കൈയുള്ള ഒരു സംസ്ഥാനത്ത് രാഹുല്‍ ഗാന്ധി അവര്‍ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും വ്യാഖ്യാനമുണ്ട്. കോര്‍പ്പറേറ്റുകളുടെ പിന്തുണ തെരഞ്ഞെടുപ്പിലും ലക്ഷ്യമിട്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും ആരോപിച്ചിട്ടുണ്ട്. 

എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പിള്ളി ദേശീയമാധ്യമത്തിന്റെ ലേഖികയോട് സംസാരിക്കുന്നു
എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പിള്ളി ദേശീയമാധ്യമത്തിന്റെ ലേഖികയോട് സംസാരിക്കുന്നു


യു.പി.എ ഭരണകാലങ്ങളില്‍ ഗവണ്‍മെന്റ് സ്വീകരിച്ച കാര്‍ഷിക നയങ്ങളുടെ ഇരകള്‍ ഏറെയുള്ള പ്രദേശമാണ് വയനാട്. മോദി ഗവണ്മെന്റിന്റെ കാലത്ത് കര്‍ഷകപ്രക്ഷോഭങ്ങളുടെ കൂടെ നിന്നെങ്കിലും കോണ്‍ഗ്രസ്സിനോട് ആ മണ്ഡലത്തിലെ കര്‍ഷകര്‍ എന്തു നയമാണ് സ്വീകരിച്ചതെന്നതും പിന്നീട് വിലയിരുത്തപ്പെടുമെന്ന് ഉറപ്പാണ്. 

അതേസമയം ചൊവ്വാഴ്ച പുറത്തിറക്കിയ കോണ്‍ഗ്രസ്സ് പ്രകടനപത്രികയില്‍ കാര്‍ഷികപ്രശ്‌നത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമമുണ്ടെന്നുള്ളതും കണ്ടില്ലെന്നു നടിക്കാനാകില്ല. വയനാട് പോലെ, കാര്‍ഷികമേഖല ശക്തമായ ഒരു മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ആ ശ്രമം പ്രസക്തവുമാണ്. കാര്‍ഷിക കടം തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ഒരു കര്‍ഷകനും ജയിലില്‍ പോകേണ്ടിവരില്ലെന്ന വാഗ്ദാനമാണ് അതില്‍ മുഖ്യം. എന്നാല്‍, കര്‍ഷകരെ കടക്കാരാക്കുന്ന സാമ്പത്തിക നയങ്ങളെക്കുറിച്ച് അത് നിശ്ശബ്ദത പാലിക്കുന്നുവെന്നതാണ് വയനാട്ടില്‍ രാഹുലിന്റെ മുഖ്യ എതിരാളിയായ ഇടതുപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. തൊണ്ണൂറുകള്‍ മുതല്‍ കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്ന നയങ്ങളാണ് കേന്ദ്രം ഭരിച്ച മുഖ്യ കക്ഷികള്‍ പിന്തുടര്‍ന്നുപോന്നത്. സബ്സിഡികള്‍ ക്രമേണ വെട്ടിക്കുറക്കുകയും കൃഷി ഒരു സാമ്പത്തിക പ്രവര്‍ത്തനം മാത്രമാണെന്നുള്ള കാഴ്ചപ്പാട് പിന്തുടരുകയും ചെയ്തു. യു.പി.എ ഭരണകാലത്ത് രാഹുല്‍ ഗാന്ധി നടത്തിയ 'ദാരിദ്ര്യവിനോദസഞ്ചാരം' പോലുള്ള ഗ്രാമസന്ദര്‍ശനങ്ങളും ആത്മഹത്യചെയ്ത വിദര്‍ഭയിലെ കര്‍ഷകന്റെ വിധവ കലാവതിയെക്കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗവും കുട്ടിക്കഥപോലെയായത് മറക്കാനായിട്ടില്ല. കലാവതിയും രാഹുലും ഒന്നിച്ചുനിന്നുള്ള വര്‍ണ്ണച്ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു ആഴ്ചകള്‍ക്കുള്ളില്‍ കലാവതി ജീവിതം അവസാനിപ്പിച്ചത് ആരും ശ്രദ്ധിച്ചതേയില്ല. യു.പി.എ ഭരണകാലത്താണ് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ ഉണ്ടായതെന്ന് പറഞ്ഞത് കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി സംവിധാനത്തിലെ പ്രമുഖ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ്സിന്റെ നേതാവ് കെ.എം. മാണിയാണ്. 

ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പിപി സുനീര്‍ പ്രചരണരംഗത്ത്
ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പിപി സുനീര്‍ പ്രചരണരംഗത്ത്

സൗഹൃദമത്സരമോ
പാളയത്തില്‍ പടയോ?

കേരളത്തിലെ പ്രമുഖ മുന്നണികള്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വവിരുദ്ധ മുന്നണിയുടെ ഇടതു-വലതുപക്ഷങ്ങളാണ്. അതില്‍ വലതുപക്ഷം ബി.ജെ.പിയുടെ രാഷ്ട്രീയവുമായി കൂടുതല്‍ അടുത്തു നില്‍ക്കുന്നുവെന്നത് ശബരിമല പോലുള്ള വിഷയങ്ങളില്‍ നാം കണ്ടതാണ്. അഖിലേന്ത്യാതലത്തില്‍ ബി.ജെ.പിയുടെ എതിരാളി കോണ്‍ഗ്രസ്സായതിനാല്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കണമോ, കേരളത്തിലെ പ്രമുഖ ബി.ജെ.പി വിരുദ്ധമുന്നണിയായ, അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി വിരുദ്ധ നീക്കങ്ങള്‍ക്ക് ചടുലതയും കൂടുതല്‍ ജനപക്ഷ ഉള്ളടക്കവും നല്‍കുന്ന സി.പി.ഐ.എം മുന്നണിയോടൊപ്പം നില്‍ക്കണമോ എന്ന വിഷമകരമായ ചോദ്യത്തെ ബി.ജെ.പി വിരുദ്ധപക്ഷക്കാര്‍ ഈ തെരഞ്ഞെടുപ്പില്‍ അഭിമുഖീകരിക്കുന്നുണ്ട്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം രാഹുലിന്റെ തോല്‍വിയേക്കാള്‍ അഭികാമ്യം സി.പി.ഐ.എം മുന്നണി നാമാവശേഷമാകുന്നതാണ് നല്ലത് എന്നത് തീര്‍ച്ചയാണ്. കാരണം മതേതരമെങ്കിലും കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുപാര്‍ട്ടി സി.പി.ഐ.എം ആണ് എന്നതിനാല്‍ അവരുടെ കോട്ടകളിലേക്കാണ് വളരണമെങ്കില്‍ ബി.ജെ.പിക്ക് കടന്നുചെല്ലേണ്ടത്. ഹിന്ദുത്വത്തെ ആശയപരവും കായികവുമായി നേരിടുന്നതില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നത് സി.പി.ഐ.എം ആണ്. അഖിലേന്ത്യാതലത്തിലും ഇടതുപക്ഷം ദുര്‍ബ്ബലമായി കാണാന്‍ അവര്‍ ആഗ്രഹിക്കുന്നു. 

അതേസമയം അഖിലേന്ത്യാ തലത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഒന്നിച്ചാണ് എന്നാണ് പ്രകടനപത്രിക പുറത്തിറക്കുന്ന വേളയിലും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചത്. കേരളത്തിലൊഴികെ, തമിഴ്നാടടക്കമുള്ള സംസ്ഥാനങ്ങളില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസ്സും ഒരേ മുന്നണിയുടെ ഭാഗമാണെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. 

കേരളത്തില്‍ കോണ്‍ഗ്രസ്സും സി.പി.ഐ.എമ്മും തമ്മിലാണ് ഏറ്റമുട്ടലെന്നത് ബി.ജെ.പി വിരുദ്ധപക്ഷത്തെ സാധാരണഗതിയില്‍ അങ്കലാപ്പിലാക്കേണ്ടതില്ല. ബി.ജെ.പി വിരുദ്ധപക്ഷത്തെ പുരോഗമനവാദികള്‍ ഇടതുമുന്നണിക്കും ലിബറല്‍ ചിന്താഗതിക്കാര്‍ കോണ്‍ഗ്രസ്സിനും വോട്ടുചെയ്യുകയാണ് പതിവ്. എന്നാല്‍, ഈയടുത്തകാലത്ത് ഹിന്ദുത്വരാഷ്ട്രീയം കേരളത്തിലും ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ഹിന്ദു യാഥാസ്ഥിതികതയെ പ്രീണിപ്പിക്കുന്നതില്‍ ബി.ജെ.പിക്കൊപ്പം മത്സരിച്ച കോണ്‍ഗ്രസ്സിനു യഥാര്‍ത്ഥത്തില്‍ ആ ശ്രമം നഷ്ടത്തിലാണ് കലാശിച്ചതെന്ന തോന്നലുണ്ട്. സി.പി.ഐഎമ്മിനൊപ്പം നില്‍ക്കുന്ന ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ ഹിന്ദുക്കള്‍ കോണ്‍ഗ്രസ്സില്‍നിന്ന് ബി.ജെ.പിക്കൊപ്പം തെരഞ്ഞെടുപ്പില്‍ അണിനിരക്കുമോ എന്നവര്‍ ഭയക്കുന്നു. അങ്ങനെ വരുന്നപക്ഷം പലയിടത്തും കോണ്‍ഗ്രസ്സ് മൂന്നാം സ്ഥാനക്കാരാകാനും ഇടയുണ്ട്. എന്തായാലും അത്തരമൊരവസ്ഥയെ മറികടക്കാനും പഴയ മുന്നണി യുദ്ധം തുടരാനും മുഴുവന്‍ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സിനു മുന്‍തൂക്കമുണ്ടാക്കാനും രാഹുലിന്റെ വരവ് സഹായകമാകുമെന്ന കണക്കുകൂട്ടലിലാണ് ഐക്യജനാധിപത്യ മുന്നണി നേതാക്കള്‍. ഉമ്മന്‍ ചാണ്ടിയെപ്പോലെ ചില ഐക്യമുന്നണി നേതാക്കള്‍ കോണ്‍ഗ്രസ്സ്-ബി.ജെ.പി മുന്നണികള്‍ തമ്മിലാണ് പ്രധാന മത്സരം എന്നുവരുത്താന്‍ അരുവിക്കരപോലുള്ള ചില ഉപതെരഞ്ഞെടുപ്പുകളില്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ്സിലേയും ഇടതുമുന്നണിയിലേയും നേതൃത്വം പൊതുവേ ഈ ബൈനറിക്ക് മാറ്റം വന്നുകാണാന്‍ ആഗ്രഹിക്കാത്തവരാണ് എന്ന വസ്തുതയും കൂടി ഈ സന്ദര്‍ഭത്തില്‍ കണക്കിലെടുക്കണം. 

ഇടതുപക്ഷം നാമാവശേഷമാകും

മാത്യു കുഴല്‍നാടന്‍ 

രാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് മത്സരിക്കുന്നത് കോണ്‍ഗ്രസ്സിനും ജനാധിപത്യ പാര്‍ട്ടികള്‍ക്കും ഗുണകരമാണ്. രാഹുല്‍ മത്സരിക്കാന്‍ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ മണ്ഡലം ദക്ഷിണേന്ത്യയിലായിരിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്. ദക്ഷിണേന്ത്യയില്‍ എന്തുകൊണ്ടും കേരളമാണ് ഉചിതമെന്ന് കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടില്‍ ഒമ്പതു സീറ്റിലാണ് കോണ്‍ഗ്രസ്സ് മത്സരിക്കുന്നത്. കര്‍ണാടകയില്‍ 23 സീറ്റിലും. കേരളത്തില്‍ അദ്ദേഹം മത്സരിക്കുന്നതോടെ ഈ 20 സീറ്റിലും കോണ്‍ഗ്രസ്സ് ജയിക്കും. 

മാത്യു കുഴല്‍നാടന്‍ 
മാത്യു കുഴല്‍നാടന്‍ 

ഹിന്ദുക്കളെ ഭയന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയതെന്ന മോദിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. വയനാട് അങ്ങനെയൊരു ഹിന്ദു ന്യൂനപക്ഷ മണ്ഡലമല്ലെന്നതാണ് ഒന്നാമത്തെ കാര്യം. പിന്നെ ഹിന്ദുക്കളൊക്കെ കോണ്‍ഗ്രസ്സിനെതിരാണ് എന്നാണ് മോദി പറയുന്നത് കേട്ടാല്‍ തോന്നുക. ഛത്തീസ്ഗഡില്‍ 93 ശതമാനം ഹിന്ദുജനസംഖ്യയുണ്ട്. അവിടെ നാലില്‍ മൂന്നു ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്സ് നിയമസഭയിലേക്ക് ജയിക്കുകയാണ് ഉണ്ടായത്. 

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് ഇടതുപക്ഷവും കോണ്‍ഗ്രസ്സും തമ്മിലുള്ള ധാരണയുണ്ടാകുന്ന സാഹചര്യം ഇല്ലാതാക്കുമെന്നൊക്കെ പറയുന്നത് വെറുതേയാണ്. യു.പി.എ സര്‍ക്കാര്‍ ആദ്യമായി അധികാരത്തില്‍ വന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും തമ്മില്‍ ധാരണയൊന്നുമുണ്ടായില്ല. പരസ്പരം എതിര്‍ത്തുതന്നെയാണ് തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ഇരുകൂട്ടരും സഖ്യമുണ്ടാക്കിയത്. ഈ തെരഞ്ഞെടുപ്പില്‍ എന്തായാലും ഇടതുപക്ഷത്തിനു സാരമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന രീതിയില്‍ ഒരു പ്രാതിനിധ്യം ഉണ്ടാകുമെന്നും പറയാന്‍ വയ്യ. അതിലും കൂടുതല്‍ സീറ്റുകള്‍ പ്രാദേശിക കക്ഷികള്‍ക്കുണ്ടാകുകയും ചെയ്യും. 


രാഹുലിന്റെ തീരുമാനം
ഇടതുപക്ഷ സാന്നിധ്യം ഇല്ലാതാക്കാന്‍

ഡോ. ജെ. പ്രഭാഷ് 
(രാഷ്ട്രീയ നിരീക്ഷകന്‍)

രാഹുല്‍ ഗാന്ധിയുടെ വയനാട് മത്സരിക്കാനുള്ള തീരുമാനത്തില്‍ കോര്‍പ്പറേറ്റുകളുടെ പങ്ക് അന്വേഷിക്കേണ്ടതാണ്. ഇത് വെറും പ്രാദേശിക നേതാക്കന്മാരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയുള്ള തീരുമാനമാണ് എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. 2004-ല്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലൊരു ഗവണ്‍മെന്റ് ഇടതുപക്ഷ പിന്തുണയോടെ അധികാരത്തില്‍ വരുമെന്ന അവസ്ഥ വന്നപ്പോള്‍ വാണിജ്യ-വ്യവസായ വൃത്തങ്ങളിലുണ്ടായ പരിഭ്രാന്തി നാം കണ്ടതാണ്. വിപണിയില്‍ വലിയ ഇടിവുണ്ടായി. പിന്നീട് ഇടതുപക്ഷത്തിനു പങ്കാളിത്തമില്ലാത്ത, മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കുന്ന ഒന്നായിരിക്കും പുതിയ സര്‍ക്കാര്‍ എന്നു വന്നപ്പോഴാണ് വിപണി കരകയറിയത്. 

വര്‍ഷങ്ങളേറെയായി ഇടതുപക്ഷമില്ലാത്ത ഒരു പാര്‍ലമെന്റ് നമ്മുടെ കോര്‍പ്പറേറ്റുകളടെ ഒരു മിനിമം അജന്‍ഡയാണ്. അതേസമയം ബി.ജെ.പി-കോണ്‍ഗ്രസ്സ് ബൈപോളാര്‍ പൊളിറ്റിക്‌സും പ്രസിഡന്‍ഷ്യല്‍ സമ്പ്രദായവുമാണ് വിപുലമായ അവരുടെ അജന്‍ഡ. 

ഡോ. ജെ. പ്രഭാഷ് 
ഡോ. ജെ. പ്രഭാഷ് 


2004-ല്‍ യു.പി.എ അധികാരത്തില്‍ വരുമ്പോള്‍ ഇടതുപക്ഷം 64 സീറ്റുകളോടെ ഒരു ശക്തിയായിരുന്നു. അന്ന് ഇടതുപക്ഷത്തിന്റെ നില ഭദ്രമായതും, അങ്ങനെ നില ഭദ്രമാക്കപ്പെട്ട ഇടതുപക്ഷം ഒരു മതനിരപേക്ഷ സര്‍ക്കാരിനുവേണ്ടി അടിയുറച്ചുനിന്നതുമാണ് മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ രൂപീകരണത്തിനു വഴിയൊരുക്കിയത് എന്ന പാഠം കോണ്‍ഗ്രസ്സുകാര്‍ മറന്നുപോകുകയാണ്. ഇടതുപക്ഷ അംഗങ്ങളുടെ ഉറച്ച പിന്തുണയാണ് അന്ന് കോണ്‍ഗ്രസ്സിന് കിട്ടിയത് എന്നതുകൊണ്ടാണ് ബി.ജെ.പിയല്ല, ഇടതുപക്ഷമാണ് അവരുടെ മുഖ്യശത്രുവെന്ന മട്ടിലാണ് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ തീരുമാനങ്ങള്‍. എന്നാല്‍, ഇടതുപക്ഷവും ആംആദ്മി പാര്‍ട്ടിപോലുള്ള കക്ഷികളുമാണ് മതനിരപേക്ഷ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് ഉറപ്പിക്കാവുന്ന പിന്തുണയെന്നുള്ള വസ്തുത പോലും കോണ്‍ഗ്രസ്സ് നേതൃത്വം കണ്ടില്ലെന്നു നടിക്കുകയാണ്. 

കേരളത്തില്‍ ന്യൂനപക്ഷ മതസ്ഥര്‍ പൊതുവേ കോണ്‍ഗ്രസ്സിനെ കൈവിടുന്ന സന്ദര്‍ഭത്തിലാണ് രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത്. രാഹുല്‍ വരുന്നതോടെ അകലുന്ന ന്യൂനപക്ഷം പാര്‍ട്ടിയോട് അടുക്കുമെന്നാണ് കണക്കുകൂട്ടല്‍. കേരളത്തില്‍ ന്യൂനപക്ഷം, വിശിഷ്യാ മുസ്ലിംകള്‍ ഇപ്പോള്‍ കൂടുതലായും സി.പി.ഐ.എം ഉള്‍പ്പെടുന്ന ഇടതുമുന്നണിയോട് ചായ്വ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതായിരിക്കണം കോണ്‍ഗ്രസ്സിനെ പരിഭ്രാന്തരാക്കുന്നത്. 

കോര്‍പ്പറേറ്റുകള്‍ക്കൊരു സന്ദേശം

ജിഗീഷ് മോഹനന്‍ 
(ഡപ്യൂട്ടി എഡിറ്റര്‍, ദ ഹിന്ദു ബിസിനസ് ലൈന്‍)

കോര്‍പ്പറേറ്റ് ലോകത്തിനുള്ള കോണ്‍ഗ്രസ്സിന്റെ സന്ദേശം കൂടിയാണ് യഥാര്‍ത്ഥത്തില്‍ വയനാട്ടെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം. 2017-2018 വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകളില്‍നിന്ന് ബി.ജെ.പിക്ക് കിട്ടിയത് കോണ്‍ഗ്രസ്സിനേക്കാള്‍ 12 ഇരട്ടി ഫണ്ടാണ്. യഥാര്‍ത്ഥ ഭരണവര്‍ഗ്ഗ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനെ ശരിക്കും പറഞ്ഞാല്‍ കോര്‍പ്പറേറ്റ് ലോകം അവഗണിക്കാന്‍ തുടങ്ങിയ സന്ദര്‍ഭമാണ് ഇത്. ചങ്ങാത്ത മുതലാളിത്തത്തിനെതിരെയുള്ള കോണ്‍ഗ്രസ്സ് നിലപാടുകളും പ്രചാരണവുമാണ് ആ പാര്‍ട്ടിക്കു വിനയായത്. 

ജിഗീഷ് മോഹനന്‍ 
ജിഗീഷ് മോഹനന്‍ 


ഇടതുപക്ഷ-പുരോഗമന രാഷ്ട്രീയത്തിന്റെ ഇനിയും വീഴാത്ത ഈ കോട്ടയിലേക്കുള്ള രാഹുലിന്റെ പടപ്പുറപ്പാട് യഥാര്‍ത്ഥത്തില്‍ തങ്ങളെ തെറ്റിദ്ധരിച്ചവര്‍ക്കു വേണ്ടിയുള്ളതാണ്. അതുവഴി നെഹ്രു കുടുംബത്തിലെ ഈ രാജകുമാരന്‍ വ്യവസായ പ്രഭുക്കള്‍ക്ക് കൈമാറുന്ന സന്ദേശം ഇടതുപക്ഷ രാഷ്ട്രീയത്തെ തങ്ങള്‍ ഒരു കൈയകലത്ത് എന്നും നിര്‍ത്തും എന്നതുതന്നെയാണ്. ഇടതുചായ്വുള്ള മധ്യപക്ഷ പാര്‍ട്ടി എന്ന പ്രതിച്ഛായ 1980-കള്‍ മുതല്‍ കോണ്‍ഗ്രസ്സ് ഉപേക്ഷിച്ചു തുടങ്ങിയതാണ്. എന്തായാലും ഓരോ രാഷ്ട്രീയ ചുവടുവെയ്പുകളേയും നിര്‍ണ്ണയിക്കുന്നത് വര്‍ഗ്ഗതാല്പര്യങ്ങളെന്ന സംഗതി രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവും വെളിവാക്കിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com