നിലപാടുകളില്‍ ദൃഢതയോടെ ഒരു പത്രം: യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

യുകെ കുമാരന്‍
യുകെ കുമാരന്‍

നിര്‍ദ്ദിഷ്ട തൊണ്ടയാട് ബൈപ്പാസിനോട് ചേര്‍ന്നുള്ള വിശാലമായ വളപ്പിലെ കേരള കൗമുദി കോഴിക്കോട് എഡിഷന്റെ പുതിയ കെട്ടിടം കണ്ടു. ഞാനമ്പരക്കുകതന്നെ ചെയ്തു.  അതിന്റെ വാസ്തുശില്പ സൗന്ദര്യമാണ് എന്നെ ആകര്‍ഷിച്ചത്.  പിറകില്‍ നാലു നില ഒറ്റക്കെട്ടിടം. അതിന്റെ മുന്‍പിലായി ഒറ്റനിലയില്‍ പണിത പ്രധാന കെട്ടിടം. ആ കെട്ടിടത്തിന്റെ മുന്‍വശം മറ്റൊരിടത്തും  കാണാത്ത രീതിയില്‍ കരിങ്കല്ലുകള്‍ ചേര്‍ത്തുവെച്ചും ഗ്ലാസ്സ് പാനലുകള്‍ ഉപയോഗിച്ചും ഭംഗിയാക്കിയിരിക്കുന്നു.  പുറത്ത് മനോഹരമായ പുല്‍ത്തകിടിയുടെ നേരിയ  പരപ്പ്. ഇരുഭാഗത്തു നിന്നും  വളപ്പിലേക്ക് പ്രവേശന മാര്‍ഗ്ഗം. ഒരു പ്രത്യേക ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ കഴിയുന്ന നിര്‍മ്മിതിയായിട്ടാണ് എനിക്കവിടം അനുഭവപ്പെട്ടത്. (എന്നാല്‍ ആ മനോഹരമായ നിര്‍മ്മിതി ഇന്നവിടെ ഇല്ല. കെട്ടിടങ്ങള്‍ നിലനിന്നിരുന്ന സ്ഥലം വെളിപ്രദേശമായി മാറിയിരിക്കുന്നു.  കെട്ടിടം അതിന്റെ ജന്മനിയോഗം പൂര്‍ത്തീകരിച്ചിട്ടുണ്ടാവാം.)  ഈയൊരു രൂപസംവിധാനം ആ കെട്ടിടത്തിനുണ്ടാവാന്‍ കാരണം  എഡിറ്റര്‍ എം.എസ്. മധുസൂദനന്റെ കൃത്യമായ ഇടപെടലാണെന്നും മനസ്സിലായി.  അദ്ദേഹം എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. പത്രത്തിന്റെ ആധുനിക സാങ്കേതിക സംവിധാനത്തെക്കുറിച്ചൊക്കെ  നല്ല ധാരണയാണെന്നും കേട്ടിട്ടുണ്ട്. അച്ചടിമാധ്യമങ്ങളില്‍ അനുദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ചറിയാന്‍ അദ്ദേഹം നിരന്തരം ലോകസഞ്ചാരം നടത്തിക്കൊണ്ടിരിക്കുകയാണെന്നും കേള്‍ക്കുന്നു.

ഏറ്റവും നവീനമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കേരള കൗമുദി  കോഴിക്കോട് എഡിഷന്‍ ആരംഭിക്കുന്നത്.  അച്ചടി തുടങ്ങിയ  കാലത്ത് ഉപയോഗിച്ചുവരുന്ന അച്ചടിച്ചു നിരത്തല്‍ ഉപേക്ഷിച്ചു. ലേസറിലുള്ള ഫോട്ടോ കമ്പോസിംഗാണ് ഇവിടെ പ്രയോഗിക്കുന്നത്.  വിദൂരസ്ഥലങ്ങളില്‍ നടക്കുന്ന പരിപാടിയുടെ ഫോട്ടോ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു മാത്രമേ നമ്മുടെ പത്രങ്ങളില്‍ വരാറുണ്ടായിരുന്നുള്ളൂ. കേരള കൗമുദി  ആ പതിവുരീതി  മാറ്റുകയായിരുന്നു.  കേബിള്‍ ഫോട്ടോ ഉപയോഗിച്ചു സംഭവങ്ങളുടെ ഫോട്ടോകള്‍ അന്നേ ദിവസം തന്നെ പത്രത്തില്‍ ഉപയോഗിക്കാനായിരുന്നു തീരുമാനം. പത്രം അച്ചടിക്കുന്ന പ്രസ്സും ഏറ്റവും നവീനമായിരുന്നു. കേരളത്തിലെ പത്രപ്രസിദ്ധീകരണരംഗത്ത് പുതിയൊരു മാറ്റത്തിന് വഴിയൊരുക്കുന്ന എല്ലാ സംവിധാനങ്ങളും  കേരള കൗമുദി  സജ്ജമാക്കിയിരുന്നു.  പത്രം പുറത്തിറക്കാന്‍ പ്രത്യേകമായ ഒരു ദിവസം കണ്ടിരുന്നില്ല.  ഏത് ദിവസം വേണമെങ്കിലും പത്രം പുറത്തിറക്കാമെന്ന തയ്യാറെടുപ്പിലായിരുന്നു മാനേജ്മെന്റ്. അതിന്റെ മുന്നോടിയായി നടന്ന പത്രാധിപസമിതി യോഗത്തില്‍ എഡിറ്റര്‍ മറ്റു ചില കാര്യങ്ങള്‍ കൂടി വെളിപ്പെടുത്തുകയുണ്ടായി. ''പേനയും കടലാസ്സും ഉപയോഗിക്കാത്ത ഒരു കാലത്തേക്കാണ് നമ്മള്‍ പോകുന്നത്.  ഇനി മുതല്‍ കംപ്യൂട്ടറിലാണ് എല്ലാം ചെയ്യുക. പേനയുടേയും  കടലാസ്സിന്റേയും ആവശ്യമില്ല. ഇവിടെയുള്ള എല്ലാ എഡിറ്റര്‍മാരും കംപ്യൂട്ടര്‍ പരിശീലിക്കണം. മാത്രവുമല്ല, നമ്മള്‍ ഇപ്പോള്‍ കമ്പോസ് ചെയ്തു കോളങ്ങള്‍ ഒട്ടിച്ചു പ്ലെയിറ്റ് എടുക്കുകയാണ് ചെയ്യുന്നത്. അതും മാറുകയാണ്. പേജ് ഡിസൈന്‍ എല്ലാം കംപ്യൂട്ടറിലാണ് ഇനി ചെയ്യുക. കടലാസ്സിന്റെ ആവശ്യമേ വരുന്നില്ല'' അദ്ദേഹം പറഞ്ഞത് പലര്‍ക്കും മനസ്സിലായില്ല. കംപ്യൂട്ടര്‍ നിര്‍ബന്ധമായും പഠിക്കണമെന്ന് പറഞ്ഞതോടെ പത്രാധിപസമിതിയില്‍ ട്രെയിനികളായി വന്ന ചിലര്‍ ജോലി ഉപേക്ഷിക്കുകയും ചെയ്തു. മലയാള പത്രപ്രസിദ്ധീകരണരംഗത്തെ പുതിയൊരു മാറ്റത്തിന് കേരള കൗമുദി നാന്ദി കുറിക്കുകയാണ്.

പത്രത്തിന്റെ റസിഡന്റ് എഡിറ്ററായി എ.പി. വിശ്വനാഥനും ഡെപ്യൂട്ടി എഡിറ്ററായി 'ടൈംസ് ഓഫ് ഇന്ത്യ'യില്‍ നിന്നും വന്ന പി.ജെ. മാത്യുവും ഉണ്ടായിരുന്നു.  സീനിയര്‍ എഡിറ്റര്‍മാരായി ഞാനും ടി.വി. വേലായുധനും എം. അബ്ദുറഹിമാനും പ്രവര്‍ത്തിച്ചു. ഡെസ്‌കിന്റെ ചുമതല ഞങ്ങള്‍ക്കായിരുന്നു.  പത്രാധിപസമിതിയില്‍ ഇരുപത്തഞ്ചോളം പേര്‍ ഉണ്ടായിരുന്നു.  പിന്നീട് പല മേഖലകളില്‍ പ്രശസ്തരായ രവി മേനോന്‍, പി.എന്‍. ശ്രീധരന്‍, പി.സി. ഹരീഷ്, ജേക്കബ് തോമസ്, ആള്‍ഡസ് ഹെന്‍ട്രി, പി. രവികുമാര്‍, മഞ്ജു വെള്ളായണി, എം. രാജേന്ദ്രപ്രസാദ്, പ്രസാദ് ലക്ഷ്മണന്‍, അശോക് കുമാര്‍, കെ.കെ. സുരേന്ദ്രന്‍, കെ. കോയ, വി.ഇ. ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് പത്രാധിപസമിതിയിലുള്ളത്. ന്യൂസ് ഫോട്ടോഗ്രാഫിയില്‍ പിന്നീട് പ്രസിദ്ധനായ പി. മുസ്തഫ ട്രെയിനി ഫോട്ടോഗ്രാഫറായിരുന്നു. 

ഇന്ദിരാഗാന്ധി
ഇന്ദിരാഗാന്ധി

കേരള കൗമുദിക്ക് ആവശ്യമുള്ള എഡിറ്റര്‍മാരെ പരിശീലിപ്പിക്കുക എന്നതാണ് പ്രാഥമികമായും ഇവിടെ ചെയ്തുകൊണ്ടിരുന്നത്. ഞങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ വേണ്ടി കേരള കൗമുദി ഡയറക്ടറും കലാകൗമുദി ചീഫ് എഡിറ്ററുമായ എം.എസ്. മണി സാര്‍ ഇടയ്ക്കിടെ അവിടെ എത്തും. പത്രപ്രവര്‍ത്തനത്തോടും സാഹിത്യത്തോടും അതീവ താല്പര്യമുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. അതിലുപരി പ്രസ്സിന്റെ സാങ്കേതിക കാര്യങ്ങളില്‍ അഗാധമായ അറിവും അദ്ദേഹത്തിനുണ്ടായിരുന്നു.  വളരെക്കാലം പ്രത്യേക ലേഖകനായി ഡല്‍ഹിയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വളരെ വൈകിയേ അദ്ദേഹം ഉറങ്ങൂ.  ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ബി.ബി.സി.  വാര്‍ത്തകള്‍ പതിവായി കേള്‍ക്കുന്ന ശീലമുണ്ട്. അങ്ങനെ കേള്‍ക്കുന്നതിനിടയില്‍ കിട്ടിയ ഒരു വാര്‍ത്ത മലയാളത്തിലെ ഒരുപക്ഷേ,  ഇന്ത്യയിലെ തന്നെ ഒരു പ്രധാന 'സ്‌കൂപ്പായി' മാറി. ഒരു പാതിരാവില്‍ കേട്ട ബി.ബി.സി. വാര്‍ത്തയില്‍ നിന്നാണ് അമേരിക്കന്‍ പ്രസിഡന്റ് കെന്നഡി വെടിയേറ്റ് കൊല്ലപ്പെട്ട വിവരം അറിയുന്നത്. ഏതാനും വാക്കുകളല്ലാതെ മറ്റു വിശദാംശങ്ങള്‍ ഒന്നുമില്ലായിരുന്നു. എങ്കിലും അന്നത്തെ കേരള കൗമുദി  പത്രത്തിന്റെ അവസാന എഡിഷനില്‍ ഏറ്റവും പ്രധാന വാര്‍ത്ത കെന്നഡി കൊല്ലപ്പെട്ടു എന്നതായിരുന്നു. മലയാളത്തില്‍ മറ്റൊരു പത്രത്തിലും ആ വാര്‍ത്ത ഇല്ലായിരുന്നു. അത്രയും സവിശേഷതയുള്ള ഒരു പത്രാധിപര്‍ ആയിരുന്നു അദ്ദേഹം.

വിപി സിംഗ്
വിപി സിംഗ്

എഡിറ്റോറിയല്‍ ഡസ്‌കില്‍ എനിക്ക് അത്രത്തോളം പ്രവര്‍ത്തനപരിചയം ഉണ്ടായിരുന്നില്ല. ഏതാനും മാസങ്ങള്‍  കേരള കൗമുദി  തിരുവനന്തപുരം ഡസ്‌കില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  അത്രമാത്രം. വാര്‍ത്തകള്‍ എഡിറ്റു ചെയ്യുകയും ഏജന്‍സി വാര്‍ത്തകള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്.  എന്നാല്‍ കോഴിക്കോട്ടെ പ്രവര്‍ത്തനരീതി മറ്റൊന്നായിരുന്നു. ഒരു ഡസ്‌കിന്റെ  മൊത്തം പ്രവര്‍ത്തനരീതിയെയാണ് നിയന്ത്രിക്കേണ്ടത്.  ഇംഗ്ലീഷ് വാര്‍ത്താ ഏജന്‍സികളായ പി.ടി.ഐ, യു.എന്‍.ഐ. വാര്‍ത്തകള്‍ വായിച്ചുനോക്കി തരംതിരിച്ചു കൊടുക്കണം.  ടെലിപ്രിന്ററില്‍ വരുന്ന ജില്ലാ വാര്‍ത്തകള്‍ സൂക്ഷ്മമായി വായിച്ചു എഡിറ്റു ചെയ്യണം.  ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഇടപെട്ടതോടെ  എന്നിലെ  പരിചയക്കുറവ് പതുക്കെപ്പതുക്കെ ഇല്ലാതാവുകയായിരുന്നു.  അത് എന്നിലെ ആത്മവിശ്വാസം  വളര്‍ത്തുകയും ചെയ്തു.
    

ഇന്ദിരാഗാന്ധി വധം

ഡസ്‌കിലെ പരിശീലനം ഊര്‍ജ്ജിതമായി നടക്കുന്നതിനിടയില്‍ ഞങ്ങള്‍ പലപ്പോഴും ആലോചിച്ചത്  പത്രം എന്നാണ് പുറത്തുവരിക എന്നതായിരുന്നു.  അതിനെക്കുറിച്ച് ഒരു സൂചനയും കിട്ടിയില്ല. എങ്കില്‍പ്പോലും ആകസ്മികമായി  ഒന്നോ രണ്ടോ ദിവസത്തെ തയ്യാറെടുപ്പോടെ പത്രം ഏതു ദിവസവും  പുറത്തിറക്കാമെന്ന നിലപാടിലായിരുന്നു മാനേജ്മെന്റ്. അതിനുള്ള സംവിധാനങ്ങളൊക്കെ  പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഔപചാരികമായ ഉദ്ഘാടനച്ചടങ്ങുകള്‍ ഒന്നും വേണ്ടെന്നും അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു. പത്രം പുറത്തിറക്കാനുള്ള ഒന്നോ രണ്ടോ തിയതികള്‍ കണ്ടെങ്കിലും അതൊക്കെ മാറ്റിവെക്കുകയായിരുന്നു. ഒടുവില്‍  ഒക്ടോബര്‍ അവസാന ആഴ്ചയിലെ ഒരു ദിവസം  പത്രം അച്ചടിക്കാന്‍ തീരുമാനിച്ചു. പിന്നീട് അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു.
    

പത്രം പുറത്തിറങ്ങിയപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.  എഴുപത്തയ്യായിരത്തിലധികം  കോപ്പികള്‍ അടിച്ചുകൊണ്ടാണ് കേരള കൗമുദി  മലബാറില്‍ സാന്നിദ്ധ്യം അറിയിച്ചത്. തൃശൂരില്‍നിന്നും വടക്കോട്ടേക്കുള്ള പത്രം അച്ചടിച്ചത് കോഴിക്കോട്ടു നിന്നായിരുന്നു.  പത്രം ഇറങ്ങി ഒരാഴ്ച പിന്നിട്ടപ്പോള്‍ ഇന്ത്യയെ മുഴുവന്‍ പിടിച്ചുകുലുക്കിയ ഒരു സംഭവം നടന്നു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വെടിയേറ്റു കൊല്ലപ്പെട്ടു.  അധികാരത്തില്‍നിന്നും ബഹിഷ്‌കൃതയായതിനു ശേഷം  പൂര്‍വ്വാധികം ശക്തിയോടെ  വീണ്ടും അവര്‍ അധികാരത്തില്‍ തിരിച്ചെത്തിയിട്ട് നാലു വര്‍ഷം പിന്നിടുന്നേയുള്ളൂ.  സിക്ക് ഭീകരത നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ വേണ്ടി അവര്‍ സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക്  സൈന്യത്തെ നിയോഗിച്ചതും സൈന്യവുമായുളള ഏറ്റുമുട്ടലില്‍ ഖലിസ്ഥാന്‍നേതാവ് ഭിന്ദ്രന്‍വാല കൊല്ലപ്പെട്ടതും ഏറെ വിവാദമായ സംഭവമായിരുന്നു. ഭിന്ദ്രന്‍വാല കൊല്ലപ്പെട്ടതിന്റെ അഞ്ചാംമാസത്തിലാണ് ഇന്ദിരാ ഗാന്ധി വധിക്കപ്പെടുന്നത്.  ടെലിപ്രിന്ററില്‍ ഫ്‌ലാഷ് ന്യൂസായി വാര്‍ത്ത വന്നപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കേരള കലാമണ്ഡലത്തില്‍ കലാപരിപാടികള്‍ ആസ്വദിച്ചു ഞങ്ങളുടെ മുന്‍പിലൂടെ വളരെ ഊര്‍ജ്ജസ്വലതയോടെ നടന്നുപോയ ഇന്ദിരാ ഗാന്ധിയെയാണ് അപ്പോള്‍ ഓര്‍മ്മവന്നത്. സംഭവം അറിഞ്ഞതോടെ ഡസ്‌ക് കൂടുതല്‍ സജീവമാവുകയും

പത്രം ഏതു രീതിയില്‍ പുറത്തിറക്കണമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ച നടത്തുകയും  ചെയ്തു.  അന്ന് പത്രത്തിന്റെ രൂപസംവിധാനം നിര്‍വ്വഹിച്ചത് ഡെപ്യൂട്ടി എഡിറ്ററായിരുന്നു. അന്നത്തെ പത്രത്തിനും നല്ല പ്രതികരണമാണ് ലഭിച്ചത്. പിറ്റേ ദിവസം  ഡെപ്യൂട്ടി എഡിറ്റര്‍ ലീവായിരുന്നതിനാല്‍ പേജ് രൂപകല്പന ചെയ്തത് ഞാനായിരുന്നു. ''ഇന്ദിരാഗാന്ധി ഓര്‍മ്മയായി'' എന്ന വലിയ തലക്കെട്ടില്‍ അന്തിമകര്‍മ്മങ്ങള്‍ വലിയ പ്രാധാന്യത്തോടെ കൊടുക്കുകതന്നെ ചെയ്തു.

പത്രം നന്നായി ശ്രദ്ധിക്കപ്പെട്ടെങ്കിലും വായനക്കാര്‍ക്കും ചില പരാതികളുണ്ടായിരുന്നു.  അവരത് എടുത്തു പറയുകയും ചെയ്തു. ഫോട്ടോ കമ്പോസിംഗ് രീതി ആവിഷ്‌ക്കരിച്ചതോടെ  അച്ചുനിരത്തല്‍ പ്രക്രിയ പൂര്‍ണ്ണമായി ഇല്ലാതായെങ്കിലും മലയാള അക്ഷരലിപികള്‍ക്ക്  ചേരാത്ത ഒരു ഘടന ലേസര്‍ അക്ഷരങ്ങള്‍ക്കുണ്ടായിരുന്നു. പലതിനും മലയാളിത്തം കുറവായിരുന്നു.  വായനക്കാര്‍ക്ക് അത്ര സൗഹൃദം തോന്നിപ്പിക്കുന്ന ഒരു രൂപമായിരുന്നില്ല അതിന്. തലവാചകങ്ങള്‍ വലിയ രൂപത്തില്‍ കൊടുക്കാന്‍ കഴിയുന്ന ഒരു സംവിധാനം  ഫോട്ടോ കമ്പോസിംഗ്  സമ്പ്രദായത്തിലില്ലായിരുന്നു.  അതുകൊണ്ടുതന്നെ വ്യത്യസ്ത വലുപ്പത്തിലുള്ള തലവാചകങ്ങള്‍ കൊടുക്കാനും സാദ്ധ്യമായിരുന്നില്ല.  ഇത് പേജിന്റെ  ഭംഗിയും വാര്‍ത്തയുടെ  പ്രാധാന്യവും കുറയ്ക്കുകയുണ്ടായി.  വാര്‍ത്ത നന്നായി കൊടുത്താല്‍പ്പോലും ശ്രദ്ധിക്കപ്പെടാത്ത ഒരവസ്ഥ വന്നു. ഇത് ക്രമേണ വായനക്കാരുടെ താല്പര്യത്തിന് മാറ്റം വരുത്തുന്നുണ്ടെന്നും മനസ്സിലായി. അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയിലാണ്  ഇന്ത്യ കടന്നുപോയിരുന്നത്.  ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ  സിക്ക് വിരുദ്ധകലാപത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടു. രാജീവ് ഗാന്ധിയാണ് പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.  ധാരാളം സംഭവ വികാസങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഒരു മാധ്യമത്തെ സംബന്ധിച്ചിടത്തോളം വളരാന്‍ പറ്റിയ സന്ദര്‍ഭം തന്നെയായിരുന്നു അത്. ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന വാര്‍ത്തകള്‍ക്ക്  നടുവില്‍നിന്നാണ് ഒരു മാധ്യമം അതിന്റെ അതിജീവനം വീണ്ടെടുക്കുന്നത്. എന്നാല്‍, കേരള കൗമുദിക്ക് അത്തരം സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുവാന്‍ കഴിഞ്ഞുവോ എന്നും സംശയമായിരുന്നു.

എംടി
എംടി


അതിനിടയില്‍ മറ്റൊന്നു കൂടി സംഭവിച്ചു. ഒരു രാത്രിയില്‍ നൂറു കണക്കിന് പത്ര ഏജന്‍സികള്‍ റദ്ദാക്കണമെന്ന നിര്‍ദ്ദേശം വന്നു. ഏജന്‍സി സംഖ്യ മുടങ്ങിയവരുടെ പത്രക്കെട്ടുകളാണ് തടഞ്ഞതെന്ന വ്യാഖ്യാനമുണ്ടായിരുന്നുവെങ്കില്‍പ്പോലും അതൊന്നും അത്ര വിശ്വാസയോഗ്യമായി തോന്നിയിരുന്നില്ല. തടയാന്‍ മാത്രമുള്ള ഒരു ഘട്ടത്തിലായിരുന്നില്ല പലരുടേയും  ബാദ്ധ്യത. പിന്നെ എന്തിനാണ്  ഒരൊറ്റ രാത്രികൊണ്ട് ആയിരക്കണക്കിന് പത്രം വായനക്കാരുടെ കൈകളിലെത്താതിരിക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചത്? പ്രത്യേകിച്ചും വാര്‍ത്തകളറിയാന്‍ വായനക്കാര്‍ അതീവ ജാഗ്രതയോടെ കാത്തിരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍. അന്വേഷിച്ചപ്പോഴാണ് മാനേജ്മെന്റിലെ ആരുടെയോ 'ബുദ്ധിയാണ്' അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് മനസ്സിലായത്.  വര്‍ക്കിംഗ് ജേര്‍ണലിസ്റ്റുകള്‍ക്കുള്ള വേജ്ബോര്‍ഡ് പ്രഖ്യാപിച്ച ഒരു സമയമായിരുന്നു അത്. അതിനനുസരിച്ച് അന്‍പതിനായിരത്തിലധികം  സര്‍ക്കുലേഷനുള്ള പത്രങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തിലും ആനുകൂല്യത്തിലും വന്‍ വര്‍ദ്ധനവ് ഉണ്ടാകും. അത്തരമൊരു സാമ്പത്തികബാധ്യത താങ്ങാന്‍ തയ്യാറില്ലാത്ത മാനേജ്മെന്റ് സ്വീകരിച്ച ഒരു പ്രതിവിധിയായിരുന്നു പത്രത്തിന്റെ സര്‍ക്കുലേഷന്‍ അന്‍പതിനായിരത്തില്‍  താഴെ നിലനിര്‍ത്തുക എന്നത്. അങ്ങനെ ഒരൊറ്റ രാത്രിയില്‍ ആയിരക്കണക്കിന് വായനക്കാര്‍ക്ക് കൗമുദിയില്ലാതായി.  പിന്നീടൊരിക്കലും അതില്‍നിന്നും മുകളിലേക്ക് പോകാന്‍ പത്രത്തിന് സാധിച്ചിട്ടില്ല.
    

ചില പ്രതികൂല സന്ദര്‍ഭത്തിലാണെങ്കില്‍പ്പോലും പത്രം സ്വീകരിക്കുന്ന നിലപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. മണ്ഡല്‍ക്കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന സന്ദര്‍ഭത്തില്‍ അതിനെതിരെ രാജ്യത്തുയര്‍ന്ന പ്രക്ഷോഭങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിലായിരുന്നു പത്രം ശ്രദ്ധിക്കപ്പെട്ടത്. വി.പി. സിംഗ് പ്രധാനമന്ത്രിയായപ്പോഴാണ് മണ്ഡല്‍ക്കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇന്ത്യയിലെ പിന്നാക്ക വിഭാഗത്തെ സംബന്ധിച്ചിടത്തോളം  അതൊരു   മഗ്‌നാക്കാര്‍ട്ട തന്നെയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനം ജോലി പിന്നാക്കക്കാര്‍ക്ക്  ലഭിക്കുന്നുവെന്നതാണ്  ഈ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ഉണ്ടാവുക. എന്നാല്‍ ഇന്ത്യയിലെ ചില പ്രബല വിഭാഗങ്ങള്‍ക്ക്  ഈ തീരുമാനം ഒട്ടും സ്വീകാര്യമായിരുന്നില്ല.  ഇതിനെതിരെ രാജ്യത്തിന്റെ ഫലപ്രക്ഷോഭങ്ങള്‍ അരങ്ങേറി.  ആത്മാഹൂതികള്‍ നടന്നു. സ്വയം തീകൊളുത്തി മരിക്കുന്നവരെ മഹത്വവല്‍ക്കരിക്കുന്ന വാര്‍ത്തകളാണ് പല പ്രധാന പത്രങ്ങളും നല്‍കിയിരുന്നത്. മണ്ഡല്‍ റിപ്പോര്‍ട്ടിനെതിരെ ജനവികാരം വളരാന്‍ ഇത് ഒരു പരിധിവരെ ഇടയാക്കി.  ഇതിന്റെ ഭവിഷ്യത്ത് മുന്‍കൂട്ടി കണ്ട് ഇത്തരം ആത്മാഹൂതികളുടെ അന്തസ്സാരശൂന്യത ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടുകളാണ് കൗമുദിയില്‍ വന്നിരുന്നത്. മണ്ഡല്‍ റിപ്പോര്‍ട്ടിന്റെ ആവശ്യകത ഒരു പരിധിവരെ ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ക്ക്  ഇതുമൂലം കഴിഞ്ഞു. പ്രക്ഷോഭങ്ങള്‍ക്കെതിരെയുള്ള നിലപാട് പൊതുസമൂഹത്തില്‍ വളരാനും വാര്‍ത്തകള്‍ വഴിയൊരുക്കി. അക്കാലത്ത്, പിന്നാക്ക വിഭാഗത്തിന്റെ ന്യായമായ  ആവശ്യത്തെ സംരക്ഷിക്കാന്‍ കേരള കൗമുദിയുടെ ഉറച്ച നിലപാടിലൂടെ കഴിഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്.

കേരള കൗമുദി എഡിറ്റോറിയല്‍ ഡസ്‌കില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വളരെ  വിശിഷ്ടനായ ഒരതിഥിയെ സ്വീകരിക്കാന്‍ എനിക്കു കഴിഞ്ഞുവെന്നത് സന്തോഷകരമായ ഒരനുഭവമായിരുന്നു. ഒരു വൈകുന്നേരം  കമ്പോസിംഗ് റൂമില്‍ ഞാനിരിക്കുമ്പോള്‍ ഒരു സഹപ്രവര്‍ത്തകന്‍ എന്നോട് പറഞ്ഞു: ''യു.കെയെ കാണാന്‍ എം.ടി. വന്നിട്ടുണ്ട്.''
അയാള്‍ കളവു പറയുകയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. എന്നെ കാണാന്‍ എം.ടി. വരേണ്ട ആവശ്യമെന്ത്? തെല്ല് അവിശ്വാസത്തോടെ കാമ്പോസിംഗ് മുറിയുടെ വാതില്‍ പാതി തുറന്നു ഞാന്‍ എഡിറ്റോറിയല്‍ മുറിയിലേക്ക് പാളി നോക്കി. അയാള്‍ പറഞ്ഞത് ശരിയാണ്. ഡെപ്യൂട്ടി എഡിറ്ററുടെ കസേരയക്ക് തൊട്ടടുത്ത് എം.ടി. എന്തോ ആലോചിച്ചു ഇരിക്കുന്നു. ഞാന്‍ ഓടി അടുത്തേക്ക് ചെന്നു.
''സര്‍ എന്തേ വന്നത്. വിളിച്ചിരുന്നുവെങ്കില്‍ ഞാന്‍ വീട്ടിലേക്ക് വരുമായിരുന്നല്ലോ.''
''കുമാരന്‍ ഇവിടെ ഉണ്ടെന്നറിഞ്ഞു. ഞാന്‍ ഇതിലേ പോകുന്ന വഴി കയറിയതാണ്. എനിക്കൊരു മേല്‍വിലാസം ആവശ്യമുണ്ട്. അത് വാങ്ങാന്‍ കൂടിയാണ് ഞാന്‍ വന്നത്.''
''ആരുടെയാണ് സാര്‍.''

രവിവര്‍മ്മ
രവിവര്‍മ്മ


''നമ്മുടെ രവിവര്‍മ്മയുടേത്, കുമാരന്റെ കൂടെ വീക്ഷണത്തിലുണ്ടായിരുന്നില്ലേ?''
അദ്ദേഹം എല്ലാം കൃത്യമായി അറിഞ്ഞുവെച്ചിരിക്കുന്നു. രവിവര്‍മ്മയുടെ മേല്‍വിലാസം എനിക്കോര്‍മ്മയുണ്ടായിരുന്നു. ഞാനത് എഴുതിക്കൊടുത്തു.  പോകാനൊരുങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു. ''എന്റെ മഞ്ഞൊന്ന് ഹിന്ദിയിലേക്ക് ഡബ് ചെയ്യണം. സ്‌ക്രീന്‍ പ്ലേ ഹിന്ദിയിലാക്കണമല്ലോ. രവിവര്‍മ്മ അത് ഭംഗിയായി ചെയ്തുകൊള്ളും.''

അദ്ദേഹം കൂടുതലൊന്നും പറയാതെ എഴുന്നേറ്റു. മുന്‍വാതില്‍ വരെ ഞാന്‍ അദ്ദേഹത്തെ അനുഗമിച്ചു. ഫോട്ടോഗ്രാഫര്‍ സ്ഥലത്തില്ലാതിരുന്നത്   വളരെ കഷ്ടമായിപ്പോയെന്ന് പല സുഹൃത്തുക്കളും പറഞ്ഞു.  ഫോട്ടോഗ്രാഫര്‍ ഉണ്ടായിരുന്നുവെങ്കില്‍ എം.ടി. കേരള കൗമുദിയില്‍ ഇരിക്കുന്ന പടം ഒരു ശാശ്വത സ്മാരകമായി നിലനില്‍ക്കുമായിരുന്നു.
ആ വര്‍ഷാവസാനം എനിക്ക് വ്യക്തിപരമായ ഒരു സന്തോഷം കൂടിയുണ്ടായി.  കൊല്ലം അവസാനിക്കുമ്പോള്‍ തിരുവനന്തപുരം കേരള കൗമുദി പേഴ്ണല്‍ വിഭാഗത്തില്‍നിന്നും മാനേജിംഗ് ഡയറക്ടര്‍ ഒപ്പുവെച്ച കത്തുവന്നു.  എന്നെ ചീഫ് സബ് എഡിറ്ററായി പ്രൊമോട്ട് ചെയ്തിരിക്കുന്നു എന്നറിയിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. നാലു വര്‍ഷത്തിനിടയില്‍ മൂന്നാമത്തെ പ്രൊമോഷന്‍. എന്നിലെ പത്രപ്രവര്‍ത്തകന് കൂടുതല്‍ ആത്മവിശ്വാസം പകരുന്ന ഒന്നായിരുന്നു അത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com