മോദിയുടെ വരവും രാഹുലിന്റെ നില്പും

ജനാധിപത്യം ഡിജിറ്റലാകുമ്പോള്‍ കോര്‍പ്പറേറ്റുകളും മാധ്യമ ഭീമന്മാരും നമ്മുടെ അഭിപ്രായത്തെ സ്വാധീനിക്കുന്നു. നമ്മള്‍ ഉത്സവച്ചന്തയിലെ കാഴ്ചക്കാരും ഉപഭോക്താക്കളും മാത്രമാകുന്നു,
മോദിയുടെ വരവും രാഹുലിന്റെ നില്പും

രേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ ഒരു പ്രളയം തന്നെ ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് അദ്ദേഹം പ്രധാനമന്ത്രി കസേരയിലിരുന്നശേഷം. ഇതില്‍ ഏറെയും പി.ആര്‍. എക്സര്‍സൈസുകളായിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയാകുന്നതിനു മുന്‍പ് 2013-ല്‍ വ്യക്തമായ ആസൂത്രണത്തോടെ നിരവധി ജീവചരിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉത്തരേന്ത്യയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരായ കിന്ദ്ഷക് നാഗും നിലജ്ഞന്‍ മുഖോപാദ്ധ്യയയും മോദി ബ്രാന്‍ഡിനെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതില്‍ വളരെ സഹായിച്ച ജീവചരിത്രങ്ങള്‍ പുറത്തിറക്കി. ഹിന്ദുസ്ഥാന്‍ ടൈംസ്, ഇക്കണോമിക് ടൈംസ്, ദ സ്റ്റേറ്റ്‌സ് മെന്‍ എന്നീ പത്രങ്ങളിലും ഔട്ട് ലുക്ക് മാസികയിലും പണിയെടുത്ത നിലജ്ഞന്‍ മുഖോപാദ്ധ്യയുടെ Narendra Modi: The Man, The Times എന്ന പുസ്തകം ഗുജറാത്തിലെ വംശീയ കലാപങ്ങളുടെ അഴുക്ക് കഴുകിക്കളയാനായി അറിയപ്പെടാത്ത മോദിയെ അവതരിപ്പിക്കുന്നതായിരുന്നു. 

സാധാരണക്കാരനായ ഒരു ആര്‍.എസ്.എസ്. പ്രചാരക് കഠിനമായ ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ തളര്‍ന്നുപോകാതെ മുഖ്യമന്ത്രിസ്ഥാനത്ത് മൂന്ന് തവണ എത്തിപ്പെട്ടതാണ് നിലജ്ഞന്‍ അവതരിപ്പിക്കുന്ന മോദി, 2012 വരെയുള്ള ജീവിതമാണ് ഇത്. മോദിക്കു മോശമായതൊന്നും താന്‍ എഴുതില്ലെന്ന ഉറപ്പിന്‍മേലാണ് തന്നോട് മോദി സഹകരിച്ചതെന്ന് മുഖവുരയില്‍ നിലജ്ഞന്‍ എഴുതുന്നുണ്ട്. ഒന്നാം അദ്ധ്യായം തുടങ്ങുന്നത് പ്രസിദ്ധ അമേരിക്കന്‍ സാമൂഹ്യശാസ്ത്രജ്ഞനായ റോബര്‍ട്ട് സി കപ്ലാന്‍ 2009 ഏപ്രിലില്‍ 'അറ്റ്‌ലാന്റിക്' മാസികയിലെഴുതിയ ലേഖനത്തിലെ രണ്ടു വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ്: 'I have met Jimmy Carter, Bill Clinton and both Bushes at close range, Modi beats them all in Charisma...' ഈ വാക്കുകള്‍ പുസ്തകത്തിന്റെ സ്വഭാവം വ്യക്തമാക്കും.

അലഹബാദ് കുംബമേളയില്‍ സ്ഥാപിച്ച മോദിയുടെ കട്ടൗട്ട്
അലഹബാദ് കുംബമേളയില്‍ സ്ഥാപിച്ച മോദിയുടെ കട്ടൗട്ട്

രണ്ടാമത്തെ അദ്ധ്യായത്തിന്റെ തുടക്കത്തില്‍ ചാണക്യന്റെ പ്രസിദ്ധമായ വാചകം, 'A man is great by deeds, not by birth.' നാലാം അദ്ധ്യായം ഒരു പ്രചാരകന്റെ കഠിനമായ ജീവിതത്തിലേക്കാണ്, അത് തുടക്കമിടുന്നത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റനാണ്: I live in that Solitude which is powerful in youth but delicious in the years of maturity...' നിലജ്ഞന്റെ ഈ പുസ്തകം നല്ല വായനാനുഭവം നല്‍കുന്നതാണ്, കടുത്ത ജീവിതങ്ങളില്‍നിന്ന് കയറിവരുന്ന ഒരു സാധാരണ മനുഷ്യന്‍ അസാധാരണമായ പോരാട്ടവീര്യവുമായി രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു, മോദിയോട് വലിയ പക്ഷപാതമൊന്നും നിലജ്ഞന്‍ കാട്ടിയിട്ടില്ല. വളരെ കൗതുകകരമായ ഒട്ടേറെ ഫോട്ടോകള്‍ ഈ പുസ്തകത്തിലുണ്ട്. അതിലൊരു ഫോട്ടോ ഗംഗാനദി തീരത്തെ ഏകാന്തതയില്‍, പ്രകൃതിയുടെ നിശ്ചലതയ്ക്കുള്ളില്‍ കാവിയണിഞ്ഞ് ഇരിക്കുന്ന മോദിയുടേതാണ്. 

ചെന്നൈയിലെ സ്‌റ്റെല്ലാ മേരീസ് വനിതാ കോളജില്‍ വിദ്യാര്‍ത്ഥിനികളോട് സംസാരിക്കുന്ന രാഹുല്‍
ചെന്നൈയിലെ സ്‌റ്റെല്ലാ മേരീസ് വനിതാ കോളജില്‍ വിദ്യാര്‍ത്ഥിനികളോട് സംസാരിക്കുന്ന രാഹുല്‍

ഈ ചിത്രം 2014-ല്‍ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍മീഡിയയില്‍ വൈറലായതാണ്. വാരാണസിയില്‍, തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു, കട്ടൗട്ടുകളുടെ രൂപത്തില്‍, അതിനടിയില്‍ ഇങ്ങനെ എഴുതിയിരുന്നു, ''എനിക്ക് ഗംഗാമാതാവുമായി വളരെ നിതാന്തമായ ബന്ധമാണുള്ളത്.'' ''ഗംഗയുടെ പുത്രന്‍'' എന്ന അടിവാചകത്തോടെയും പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു. പുസ്തകത്തിലെ മറ്റൊരു ചിത്രം നോക്കുക, കാവിയണിഞ്ഞ പ്രചാരക് ആധുനികനായി പ്രത്യക്ഷപ്പെടുന്നതാണ്, വെളുത്ത ടീ ഷര്‍ട്ടും ജീന്‍സുമണിഞ്ഞ് സ്പോര്‍ട്‌സ് ഷൂവും ധരിച്ച മോദി പൂന്തോട്ടത്തിലെ മരച്ചുവട്ടിലിരുന്ന്, The Economic Times വായിക്കുന്ന, മുഖത്ത് സ്മാര്‍ട്ട് കണ്ണട മുടി നന്നായി ചീകി ഒതുക്കിയിട്ടുണ്ട്. അരികില്‍ ഒബാമയെക്കുറിച്ചുള്ള ഒരു പുസ്തകം, നിലത്ത് ചായക്കപ്പും. ഗംഗയുടെ തീരത്ത് ഒരു സന്ന്യാസിയുടെ നിര്‍വ്വികാരതയോടെ, പൂന്തോട്ടത്തില്‍ ഊര്‍ജ്ജസ്വലനായ ആധുനിക യുവാവിന്റെ രൂപത്തില്‍. ഈ രണ്ട് ചിത്രങ്ങളും വ്യക്തമായ സന്ദേശമാണ് ആത്മീയപ്രഭനായ ഒരു മനുഷ്യന്‍ ഇതാ പുതിയ ഇന്ത്യക്കായി! 2014-ല്‍ ഈ ചിത്രങ്ങള്‍ രാജ്യവ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു, പഴയ ഇന്ത്യയേയും പുതിയ ഇന്ത്യയേയും കൂട്ടിയിണക്കുന്ന കണ്ണി, അതാണ് മോദി! 2014-ല്‍ മോദി പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന ശേഷമാണ് ബ്രിട്ടീഷ് എഴുത്തുകാരനും ടി.വി. പ്രൊഡ്യൂസറുമായ ആന്‍സി മാരിനോ ഹാര്‍പ്പര്‍ കോളിന്‍സിനുവേണ്ടി നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നത്. ഹാര്‍പ്പര്‍ കോളിന്‍സിന്റെ വലിയ കച്ചവടമായിരുന്നു അത്. മാരിനോയുടെ പുസ്തകം അവസാനിക്കുന്നത് ഇങ്ങനെയാണ്: Modi is regarded by the establishment an osmeone with rough edge, the OBC Chaiwala who has no right to cross the thershhold of 7 Race course Road...'

Modi call it the Delhi club, 'I will never part of that.' മോദി ഡല്‍ഹി ക്ലബ്ബില്‍ പങ്കുചേര്‍ന്നില്ല, ഡല്‍ഹി ക്ലബ്ബ് പക്ഷേ, മോദിക്കു കീഴില്‍ വന്നു. നിലജ്ഞന്റേയും ആന്‍സി മാരിനോയുടേയും പുസ്തകങ്ങള്‍ക്ക് നേര്‍വിപരീതമാണ് 2014-ലെ മോദിയുടെ വരവിനെക്കുറിച്ചുള്ള നിശിതമായ വിലയിരുത്തല്‍ എന്ന് പറയാവുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകനും എ.എ.പി നേതാവുമായ അഷുതോഷിന്റെ 'The Crown Prince, The Gladiater and the Hope.' രാഹുലും മോദിയും കെജ്രിവാളുമാണ് കഥാപാത്രങ്ങള്‍, പശ്ചാത്തലം 2014. അറച്ചുനില്‍ക്കുന്ന രാജകുമാരന്‍, ശത്രു നിരയ്ക്കുള്ളിലേക്ക് നിര്‍ദ്ദാഷിണ്യം കയറിയടിക്കുന്ന ഉശിരുള്ള പടയാളി, ഇവര്‍ക്ക് ബദലോ പ്രതീക്ഷയോ ആയി കെജ്രിവാള്‍. അഷുതോഷിന്റെ എ.എ.പി പശ്ചാത്തലം നിഷ്പക്ഷനായ  മാധ്യമപ്രവര്‍ത്തകന്റെ വിലയിരുത്തലുകളെ തെല്ലൊന്ന് സ്വാധീനിച്ചിരിക്കാം, എങ്കിലും 'ആജ് തക്കി'ന്റെ എഡിറ്ററെന്ന നിലയിലും IBN 7-ന്റെ എഡിറ്ററെന്ന നിലയിലും ഹിന്ദി മാധ്യമരംഗത്ത് അഷുതോഷിനുള്ള സ്ഥാനവും രാഷ്ട്രീയ ധാരണകളും വിഖ്യാതമാണ്. ഏതാണ്ട് മുപ്പതുവര്‍ഷക്കാലത്തെ മാധ്യമ പ്രവര്‍ത്തനത്തില്‍ നേരിട്ട് കണ്ട ഇന്ത്യന്‍ രാഷ്ട്രീയം മനസ്സിനെ ചകിതമാക്കിയപ്പോഴാണ് അഷുതോഷ് അന്നാ ഹസാരെയുടെ മൂവ്‌മെന്റിന്റെ ഭാഗമാകുന്നതും ക്രമേണ ആം ആദ്മി പാര്‍ട്ടിയിലെത്തുന്നതും. അന്നാ ഹസാരെ ഒരു ആശയവും പ്രതീകവുമായിരുന്നു. 

(Anna: 13 Days That Awakened India എന്ന പേരില്‍ 2012-ല്‍ അഷുതോഷ് പുസ്തകമിറക്കിയിട്ടുണ്ട്. കെജ്രിവാള്‍ ടീമില്‍ ഉള്‍പ്പെട്ട് നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ വലിയ പ്രതീക്ഷയായാണ് അഷുതോഷ് വിവരിക്കുന്നത്. കെജ്രിവാളിന്റെ പാര്‍ട്ടിയുമായി ഡല്‍ഹിയിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സഖ്യം ആലോചിക്കുമ്പോള്‍ അഷുതോഷ് എന്തു പറയും എന്നത് വ്യക്തമല്ല. കെജ്രിവാള്‍ എന്ന പ്രതീക്ഷ തല്‍ക്കാലം കെട്ടടങ്ങിയ മട്ടാണ്! കെജ്രിവാള്‍ അവിടെ നില്‍ക്കട്ടെ, നമുക്ക് മോദിയിലേക്കു തന്നെ തിരിച്ചുവരാം. 

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച നെഹ്‌റു കുടുംബത്തിലെ രാജകുമാരനെ നിഷ്പ്രഭനാക്കി വെറുമൊരു 'ചായാവാല' രാജ്യത്തിന്റെ പരമോന്നത അധികാര സ്ഥാനത്ത് എത്തുന്നതിന്റെ പശ്ചാത്തലമാണ് അഷുതോഷ് വിവരിക്കുന്നത്. വാജ്‌പേയിയുടെ സവര്‍ണ്ണ പശ്ചാത്തലങ്ങളോ ഔന്നത്യങ്ങളോ തൊട്ടുതീണ്ടിയിട്ടില്ലാത്ത പിന്നാക്ക സമുദായക്കാരനായ വെറുമൊരു ആര്‍.എസ്.എസ്. പ്രചാരകന്‍, ഇന്ത്യ നിലകൊണ്ട എല്ലാ മതേതര സ്വപ്നങ്ങളേയും നിരാകരിച്ച് ഹൈന്ദവ ഭൂമികയിലൂടെ നടത്തിയ തേരോട്ടത്തിന്റെ ചിത്രമാണ് ഹാര്‍പ്പര്‍ കോളിന്‍സ് 2015-ല്‍ പ്രസിദ്ധീകരിച്ച അഷുതോഷിന്റെ പുസ്തകം. 'ചായാവാല' എന്ന് വിളിക്കപ്പെടുന്നതില്‍ അഭിമാനിക്കുന്ന ഒരാള്‍ ആധുനിക സാങ്കേതികവിദ്യകള്‍ സൃഷ്ടിച്ച അസാധാരണമായ മീഡിയ ഹൈപ്പിലൂടെ തരംഗമായി മാറുന്നതിന്റെ ചിത്രീകരണമുണ്ടതില്‍. സവര്‍ണ്ണാധിപത്യമുള്ള ആര്‍.എസ്.എസ് ഒരു പിന്നാക്ക സമുദായക്കാരന് അധികാരത്തിന്റെ ദണ്ഡ് നല്‍കുന്നു, വ്യക്തമായ ആസൂത്രണത്തിലൂടെ ചിതറിക്കിടന്ന ഇന്ത്യയുടെ എണ്‍പതു ശതമാനം  ഹൈന്ദവരെ ഹിന്ദുത്വ അജന്‍ഡയിലൂടെ ഏകീകരിക്കുന്ന പ്രക്രിയയില്‍ ഒരു രസതന്ത്രജ്ഞന്റെ - ആല്‍ക്കെമിസ്റ്റ് - ജോലി മോദിയെ ഏല്പിക്കുകയായിരുന്നു ആര്‍.എസ്.എസ്. ജീര്‍ണ്ണിച്ച് അവശ നിലയിലായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാവൃക്ഷം. 134 വര്‍ഷം പിന്നിട്ട ആ മുത്തശ്ശി, രാഹുല്‍ എന്ന പുതിയ രാജകുമാരനിലൂടെ തളിരിടുമെന്ന മോഹത്തെയാണ് മോദിയിലൂടെ ആര്‍.എസ്.എസ് അട്ടിമറിച്ചത്. 

മോദിയുടെ വരവ്
സത്യത്തില്‍ മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതില്‍ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് വിയോജിപ്പുകള്‍ നിറഞ്ഞുനിന്നിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സുവിദിതമാണ്. മിതവാദികളൊക്കെ ഇതിനെ എതിര്‍ത്തിരുന്നു. വാജ്‌പേയിക്ക് കടുത്ത നീരസമുണ്ടായിരുന്നു, പ്രത്യേകിച്ച് ഗുജറാത്ത് കലാപങ്ങളുടെ പശ്ചാത്തലത്തില്‍. ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്തുന്നൊരാള്‍. ഒരു ധ്രുവീകരണക്കാരന്‍ പ്രധാനമന്ത്രിയാകുകയോ എന്ന കടുത്ത ആശങ്കയെ വെല്ലാനുള്ള സമ്മര്‍ദ്ദങ്ങള്‍ ചുറ്റുമുയര്‍ന്നപ്പോഴാണ് തീരുമാനമുണ്ടാകുന്നത്. മോദി വേണമെന്ന ആരവങ്ങള്‍ ഉയരുന്ന അവസരത്തില്‍ പഴയ ജനസംഘകാലം മുതല്‍ ആര്‍.എസ്.എസ്സിന്റെ തലപ്പത്തുണ്ടായിരുന്ന ബല്‍രാജ് മധോക് നടത്തിയ ഒരു പരാമര്‍ശം അഷുതോഷ് തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മധോക് ചൂണ്ടിക്കാണിക്കുന്നത് 2013 നവംബര്‍ 2-ന് Mail Today എന്ന പത്രത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സെക്രട്ടറിയായിരുന്ന ശങ്കര്‍ എഴുതിയ ഒരു ലേഖനമാണ്. ആ ലേഖനത്തില്‍ ശങ്കര്‍ എഴുതുകയാണ്: ''അവസാന കാലത്ത് പട്ടേല്‍ ദുഃഖിതനായിരുന്നു. താന്‍ രാജ്യത്തിന്റെ ഐക്യത്തിനായി പ്രവര്‍ത്തിച്ചു, ജീവിച്ചു, പക്ഷേ, അതൊക്കെ വൃഥാവിലാകുമോ?'' ശങ്കര്‍ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു: ''താങ്കള്‍ രാജ്യത്തിന്റെ കെട്ടുറപ്പിനായി ചെയ്തതൊക്കെ എക്കാലത്തും ഓര്‍മ്മിക്കപ്പെടും...'' പട്ടേലിന്റെ മറുപടി ഇതായിരുന്നു: ''ശങ്കര്‍, നിങ്ങള്‍ക്ക് ഇന്ത്യയിലെ സാധാരണ ജനങ്ങളെ അറിയില്ല, എനിക്ക് അവരെ അറിയാം, They worship the rising sun...' അതേ, പട്ടേല്‍ പറഞ്ഞതാണ് ശരി, ജനങ്ങള്‍ പെട്ടെന്ന് പഴയതൊക്കെ മറന്നുപോകും, ഉയര്‍ന്നുവരുന്ന പുതിയ സൂര്യനെ അവര്‍ ആരാധിക്കും! പട്ടേല്‍ അല്പം കൂടി വിശദീകരിച്ചു: ''തത്ത്വാധിഷ്ഠിത നിലപാടുകളൊന്നുമില്ലാത്ത ഒരാള്‍ നാളെ അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ഐക്യമാകെ തകരും, പക്ഷേ, ജനങ്ങള്‍ അയാളെ ആരാധിക്കും!'' ഈ പട്ടേല്‍ പരമാര്‍ശങ്ങള്‍ വ്യാഖ്യാനിക്കും പോലെ ഇന്ത്യയിലെ ഹൈന്ദവ സമൂഹത്തിന്റെ ദൗര്‍ബ്ബല്യങ്ങളിലേക്ക് മധോക് വിരല്‍ചൂണ്ടുകയാണ്.

രാജീവ് ഗാന്ധിയുടെ ചിതയ്ക്കരികില്‍ രാഹുലും സോണിയയും പ്രിയങ്കയും
രാജീവ് ഗാന്ധിയുടെ ചിതയ്ക്കരികില്‍ രാഹുലും സോണിയയും പ്രിയങ്കയും

തന്റെ പരിവാര്‍ അനുഭവങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ട് അദ്ദേഹം പറയുകയാണ് ഏത് പുതിയ സൂര്യനേയും ആരാധിക്കുന്ന ദുര്‍ബ്ബലമായൊരു മനോനില ഹൈന്ദവരിലുണ്ട്; ഒരുപക്ഷേ, ലോകത്തിലെ എല്ലാ മതവിശ്വാസങ്ങളിലും ഇത്തരമൊരു അവസ്ഥ ഉണ്ടാകാം. നിയന്ത്രിക്കാന്‍ പ്രയാസമുള്ള മനുഷ്യനാണ് മോദിയെന്ന ഒരു വിലയിരുത്തല്‍ ശക്തമായി നാഗ്പ്പൂരിലെ ആര്‍.എസ്.എസിന്റെ തലപ്പത്ത് ഉണ്ടായിരുന്നു. ഇന്ത്യയിലും വിദേശത്തും പടരുന്ന മുസ്ലിം തീവ്രവാദം ഉയര്‍ത്തിക്കാട്ടി ഹൈന്ദവ വികാരത്തിന്റെ മൃദുലതകളെ ഇളക്കിമറിച്ചുകൊണ്ട് ആര്‍.എസ്.എസ്സിന്റെ അടിത്തട്ടിനേയും മധ്യനിരയേയും അനുകൂലമാക്കി മാറ്റുക വഴി മോദി അതിശക്തനായപ്പോള്‍ ഇനി മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന ചിന്ത ആര്‍.എസ്.എസ്സിന്റെ കേന്ദ്ര നേതൃത്വത്തിനുണ്ടായി. ബല്‍രാജ് മധോക് പട്ടേലിന്റെ ആശങ്ക പങ്കുവെയ്ക്കുന്നത് ഇവിടെയാണ്. ആര്‍.എസ്.എസ്സിന്റെ തീരുമാനത്തെ ''മഹത്തായ ദൗര്‍ബ്ബല്യം'' എന്നാണ് മധോക് വിശേഷിപ്പിക്കുന്നത്; എന്നാല്‍ മോദിയുടെ, ജീവിതത്തെക്കാള്‍ വലിയ ഇമേജിനെ (larger than-life perosna) ആര്‍.എസ്.എസ്. പിന്നെ ഉപയോഗിച്ചു. സവര്‍ണ്ണാധിപത്യമുള്ള ആര്‍.എസ്.എസ്. മോദിയിലെ പിന്നാക്ക സമുദായക്കാരനേയും ചായാവാലയായ നാടന്‍ പ്രചാരകനേയും വിദഗ്ദ്ധമായാണ് ഉപയോഗിച്ചത്. ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വ അജന്‍ഡയ്ക്ക് എക്കാലത്തും തടസ്സമായി നിന്നത് ജനങ്ങള്‍ക്ക് നെഹ്‌റു - ഗാന്ധി കുടുംബത്തോടുണ്ടായിരുന്ന വികാരപരമായ അടുപ്പമായിരുന്നു. എല്ലാ പിളര്‍പ്പുകളിലും തകര്‍ച്ചകളിലും നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ രക്ഷിച്ച് നിലനിറുത്തിയത് നെഹ്‌റു - ഗാന്ധി കുടുംബത്തോടുള്ള ജനങ്ങളുടെ വികാരവായ്പായിരുന്നു.

കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നെഹ്‌റുവിനെ ഇകഴ്ത്താന്‍
കോണ്‍ഗ്രസ്സിന്റെ ആ ലേബല്‍ ആര്‍.എസ്.എസ്സിനെ എന്നും ഭയപ്പെടുത്തിയിരുന്നു. അതിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മോദിയെ രംഗത്തിറക്കുന്നു. നിര്‍ദ്ദാഷിണ്യം മോദി അത് നിര്‍വ്വഹിച്ചു തുടങ്ങി. ആന്ധ്രാപ്രദേശിനോട് ചേര്‍ന്നുകിടക്കുന്ന കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മോദി പ്രസംഗിക്കുകയാണ്: ''പത്താം നമ്പറുകാരായ ഗാന്ധിമാര്‍ ആന്ധ്രാപ്രദേശിനോട് ചെയ്തത് എന്തെന്ന് നോക്കുക... സീമാന്ധ്രയും തെലുങ്കാനയും ഒരുപോലെ വികസിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷേ, കോണ്‍ഗ്രസ് ചെയ്തത് എന്തെന്ന് നോക്കുക, കുഞ്ഞിനെ പുറത്തെടുക്കാന്‍  അമ്മയെ കൊല്ലുന്ന ഡോക്ടറുടെ പണിയാണ് അവര്‍ ചെയ്തത്.'' പത്താം നമ്പറിലെ ഗാന്ധിമാര്‍ എന്ന പ്രയോഗം ശ്രദ്ധിക്കുക. സാധാരണ കേള്‍വിക്കാരന്‍ പെട്ടെന്ന് ഓര്‍ക്കുക പത്താം നമ്പര്‍ ജനപഥില്‍ താമസക്കാരിയായ സോണിയയേയും കുടുംബത്തേയുമാണ്. പക്ഷേ, മോദി ഉപയോഗിച്ച പത്താം നമ്പര്‍, 1816-ലെ പൊലീസ് ആക്ട് പ്രകാരമുള്ള 'നമ്പ്ര-10' പൊലീസ് രജിസ്റ്ററാണ്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സ്ഥിരം കുറ്റവാളികള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്ത് ഒപ്പം വയ്‌ക്കേണ്ട രജിസ്റ്ററാണ് പത്താം നമ്പര്‍ രജിസ്റ്റര്‍. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ ഒരാള്‍ തന്റെ എതിരാളികളായ ഗാന്ധി കുടുംബക്കാരെ സ്ഥിരം കുറ്റവാളികളായി പ്രഖ്യാപിക്കുകയാണ്! മോദി ഗാന്ധി കുടുംബത്തിന്റെ വേരിനിട്ടു വെട്ടുകയായിരുന്നു. രാഹുലിനെ രാജകുമാരനെന്നും സോണിയയെ മാതാശ്രീ എന്നും റോബര്‍ട്ട് വദ്രയെ ജിജാജിയെന്നും സംബോധന ചെയ്ത് മോദി പറഞ്ഞു: ''രാജകുമാരന്‍ പറയുകയാണ് നമുക്ക് ഈ സംവിധാനത്തെ അഴിച്ചു പണിയണമെന്ന്. കഴിഞ്ഞ അറുപത് വര്‍ഷം ഈ സംവിധാനം ഈ രീതിയില്‍ ഇന്ത്യയില്‍ രൂപപ്പെടുത്തിയത് ആരാണ് രാജകുമാരാ, നിങ്ങളുടെ പിതാവ്, നിങ്ങളുടെ മുത്തശ്ശി, നിങ്ങളുടെ മുതുമുത്തശ്ശന്‍, എന്തിനാണ് ഇങ്ങനെയൊരു സംവിധാനം രൂപപ്പെടുത്തിയത്, നിങ്ങളുടെ കുടുംബത്തിന് കക്കാന്‍, അഴിമതി നടത്താന്‍...'' സര്‍ദാര്‍ പട്ടേലിനെ ഉയര്‍ത്തിപ്പിടിച്ച്, നെഹ്‌റുവിനെ ഇകഴ്ത്തുകയെന്നത് സ്ഥിരം കലാപരിപാടിയുടെ ഭാഗമായിരുന്നു. അടിയന്തരാവസ്ഥയുടെ  ക്രൂരതകളൊക്കെ വലിച്ചെടുത്ത് ഇന്ദിരാ ഗാന്ധിയുടെ മുഖത്തേക്കെറിഞ്ഞ മോദിയുടെ വാഗ്‌ധോരണിക്കു മുന്നില്‍ കോണ്‍ഗ്രസ് പതറിപ്പോയി. ന്യൂസ് പേപ്പറുകളിലും ചാനലുകളിലും മോദിയുടെ ക്യാമ്പയിന്‍ സമര്‍ത്ഥമായി നിറയ്ക്കപ്പെട്ടു. ബി.ജെ.പിയില്‍ വെറും രണ്ടാംനിരക്കാരന്‍ മാത്രമായിരുന്ന മോദി ഒന്നാം നിരയിലുണ്ടായിരുന്ന സുഷമാ സ്വരാജിനേയും അരുണ്‍ ജെയ്റ്റിലിയേയും യശ്വന്ത് സിന്‍ഹയേയുമൊക്കെ പിന്‍തള്ളി ഒന്നാംനിരയില്‍ ഒന്നാമനായി. എല്‍.കെ. അദ്വാനിയും മുരളീമനോഹര്‍ ജോഷിയും നിശ്ശബ്ദരായി. ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞത് ഓര്‍മ്മയില്ലേ: ''എല്ലാ വിഷയങ്ങളും രാഷ്ട്രീയ വിഷയങ്ങളാണ്, രാഷ്ട്രീയം എന്നതുതന്നെ കള്ളത്തരങ്ങളുടെ ഒരു കൂട്ടമാണ്, ഒഴിഞ്ഞുമാറലുകള്‍, വിഡ്ഢിത്തങ്ങള്‍ വിദ്വേഷവും മനോരോഗവും...'' വിദ്വേഷത്തിന്റേയും ചതിയുടേയും വിവരക്കേടുകളുടേയും ആര്‍ത്തിയുടേയും പര്യായമായ രാഷ്ട്രീയത്തില്‍ കളിക്കാരനാകണമെങ്കില്‍ അനിതരസാധാരണമായ  മെയ്വഴക്കം വേണം. ആ മെയ്വഴക്കത്തിനു പര്യായമാണ് മോദി. നിര്‍ദ്ദാഷിണ്യം അദ്ദേഹം എതിരാളികളെ വകവരുത്തും, വിയോജിപ്പുകളെ, പാര്‍ട്ടിക്കകത്തും പുറത്തും നിര്‍ദ്ദയം അടിച്ചമര്‍ത്തും. സ്വതന്ത്ര ഇന്ത്യയിലെ പ്രധാനമന്ത്രിമാരില്‍  സ്വേച്ഛാധിപത്യത്തിന്റെ പേരിലും അടിയന്തരാവസ്ഥയുടെ പേരിലും ഏറെ പഴിക്കപ്പെടുകയും ഭാരത യക്ഷിയെന്നും ഹിറ്റ്‌ലറെന്നും വിളിക്കപ്പെടുകയും ചെയ്ത  ഇന്ദിരാ ഗാന്ധി പക്ഷേ, അവസാനം ഇന്ത്യാചരിത്രത്തോട് നീതി പുലര്‍ത്തിക്കൊണ്ട് ജനാധിപത്യത്തിലേക്കു തന്നെ മടങ്ങിവന്നു. ആ അടിയന്തരാവസ്ഥയുടെ കാലമായിരുന്നു സ്വതന്ത്ര ഇന്ത്യയില്‍ ആര്‍.എസ്.എസ്സിന്റെ വളര്‍ച്ചയിലെ നിര്‍ണ്ണായക കാലം എന്ന് ഓര്‍ക്കുക. ഇന്ദിരാ വിരുദ്ധ സമരത്തിന്റെ മുന്നണിയില്‍, ജയപ്രകാശ് നാരായണനെ മുന്‍നിറുത്തി ഇടതിനും സോഷ്യലിസ്റ്റുകള്‍ക്കും ഒപ്പം നിന്നു പട നയിച്ചത് ആര്‍.എസ്.എസ് ആയിരുന്നു. ആ ആര്‍.എസ്.എസ് ആണ് 2013 സെപ്തംബര്‍ 13-ന് മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്.

നെഹ്‌റു - ഗാന്ധി കുടുംബം എന്ന വികാരംകൊണ്ട് ഒട്ടിച്ചുചേര്‍ന്നിരിക്കുന്ന കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ ആ കുടുംബത്തെ വേരോടെ പിഴുതെറിയുക, അവരോട് ജനങ്ങള്‍ക്ക് വെറുപ്പും വിദ്വേഷവുമുണ്ടാക്കുക. മോദി ഭംഗിയായി നിര്‍വ്വഹിക്കുന്നത് അതാണ്. മോദി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ മോദി ടീമിനു മുന്നില്‍ മൂന്നു പ്രധാന പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഒന്നാമത്, മോദി മൂന്ന് പ്രാവശ്യം ഗുജറാത്ത് ഭരിച്ച വെറുമൊരു പ്രാദേശിക നേതാവ് മാത്രം. രണ്ട്, 150 ദശലക്ഷം വരുന്ന ചെറുപ്പക്കാരായ പുതിയ വോട്ടര്‍മാര്‍ക്ക് അറുപത്തിമൂന്ന് വയസ്സുകാരനായ (2014-ല്‍) മോദിയെ പരിചയപ്പെടുത്തുക. മൂന്നാമതും ഏറ്റവും പ്രധാനപ്പെട്ടതും ഗുജറാത്ത് കലാപത്തിലൂടെ സൃഷ്ടിക്കപ്പെട്ട മുസ്ലിം വിരുദ്ധ പ്രതിച്ഛായയെ എങ്ങനെ അനുകൂലമാക്കാം? ഫെയ്‌സ് ബുക്കും ട്വിറ്ററും ചാനലുകളും മാധ്യമങ്ങളും വഴി ഒരു പ്രാദേശിക ബ്രാന്‍ഡിനെ ദേശീയ ബ്രാന്‍ഡായി അവതരിപ്പിക്കുകയെന്ന പ്രധാനപ്പെട്ട ദൗത്യം അതിശയകരമായി മോദി ടീം വര്‍ക്കൗട്ട് ചെയ്ത് അവതരിപ്പിച്ചു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി, പ്രശാന്ത് കിശോര്‍ എന്ന ഒരു മുന്‍ യു.എന്‍. ഹെല്‍ത്ത് മിഷന്‍ പ്രൊഫഷണലിന്റെ നേതൃത്വത്തില്‍, വിദേശ യൂണിവേഴ്സിറ്റികളില്‍നിന്നും ബാങ്കുകളില്‍നിന്നും സ്റ്റോക്ക് എക്സ്‌ചേഞ്ചുകളില്‍നിന്നുമുള്ള പ്രൊഫഷണലുകള്‍ ഒന്നുചേര്‍ന്ന് മോദി എന്ന ഗുജറാത്തി ബ്രാന്‍ഡിനെ ദേശീയ ബ്രാന്‍ഡാക്കി ഉയര്‍ത്തിയെടുത്തു. മോദി ഡിജറ്റലായി, തെരഞ്ഞെടുപ്പ് ക്യാമ്പയിനും ഡിജിറ്റലായി.

'ചായാവാല' സ്മാര്‍ട്ട് ഫോണുകളിലും ചാനലുകളിലും റേഡിയോ വേവുകളിലും കൂടി പരന്നൊഴുകി. ഹിന്ദുത്വ ആശയങ്ങള്‍കൊണ്ട് പ്രചരണം പ്രചണ്ഡമാക്കി. മതനിരപേക്ഷത, ലിബറലിസം എന്നിവയൊക്കെ വ്യാജന്‍മാരുടെ സിംബലുകളാക്കി, അവരെ ദേശീയ വിരുദ്ധരെന്ന് മുദ്രയടിക്കപ്പെട്ടു. വളരെ അപൂര്‍വ്വമായി മാത്രം ഇംഗ്ലീഷില്‍ സംസാരിച്ചിരുന്ന മോദി നഗരപ്രദേശങ്ങളിലെ രാഷ്ട്രീയ പ്രബുദ്ധരായ മധ്യവര്‍ഗ്ഗത്തെ ഇംഗ്ലീഷില്‍ അഭിസംബോധന ചെയ്തു തുടങ്ങി. തീവ്രവാദവും മുസ്ലിം വിരുദ്ധതയും ഹൈന്ദവ ഏകീകരണത്തെ ഉത്തേജിപ്പിക്കുന്ന മന്ത്രങ്ങളാക്കി അവതരിപ്പിക്കപ്പെട്ടു. മോദിക്കെതിരെയുള്ള എല്ലാ ശബ്ദങ്ങളും അടക്കി ഒതുക്കുക എന്നതായിരുന്നു തന്ത്രം. ഐ.ടി. പ്രൊഫഷണലുകളെ ഉപയോഗിച്ച് സൈബറിടം അടക്കിവാഴുകയായി. അഷുതോഷ് തന്റെ പുസ്തകത്തില്‍ ഇതിനെ വിശേഷിപ്പിക്കുന്നത് 'Paid Cyber Mafia' എന്നാണ്. മോദിയുടെ പ്രധാന എതിരാളിയായ രാഹുല്‍ ഗാന്ധിയെ സൈബറിടങ്ങളില്‍ പരിഹസിച്ച് 'പാപ്പു' ഒന്നിനും കൊള്ളാത്തവന്‍ എന്നാക്കി. രാഹുല്‍ ഗാന്ധിയുടെ ഓരോ സ്റ്റേറ്റ്‌മെന്റും പരിഹസിക്കപ്പെട്ടു. സൈബറിടത്തെ ഇത്ര ആസൂത്രിതമായി രാഷ്ട്രീയ വിജയത്തിനും എതിരാളികളെ 'കൊന്നൊടുക്കാനും' ഉപയോഗിച്ചത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമാണ്. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ പ്രചരണരീതികളും ടെക്നിക്കുകളും അതേപടി പകര്‍ത്തുകയായിരുന്നു. യു.എസ്. പ്രസിഡന്റായിരുന്ന ഒബാമയുടെ ക്യാമ്പയിന്‍ മാനേജര്‍ ജിം മെസ്സിന പറയുന്നത് അപ്പടി മോദി ടീം സ്വീകരിച്ചു, ''വോട്ടറെ അവസാനം വരെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കുക, നിരന്തരം അയാളോട് സംസാരിച്ചുകൊണ്ടേയിരിക്കുക. എന്തിനുവേണ്ടി ഈ കക്ഷിക്ക് വോട്ട് ചെയ്യണമെന്ന് അയാളെ നിരന്തരം ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കുക, സംഘടിത സമുദായങ്ങളെ വിടാതെ പിന്തുടരുക, വോട്ടര്‍ എവിടെയാണോ അവിടെ നിങ്ങള്‍ ഉണ്ടാവുക...'' കോണ്‍ഗ്രസ്സിന്റെ പ്രചരണങ്ങള്‍ എങ്ങുമെത്തിയില്ല, അതിന് ആസൂത്രണമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ്സിന് അധികാരമുണ്ടായിരുന്നു, പണം ഉണ്ടായിരുന്നു, ഭരണസംവിധാനങ്ങളൊക്കെ  കൈയിലുണ്ടായിരുന്നു. എന്നിട്ടും അവര്‍ പ്രതിരോധത്തിലായിരുന്നു. ചെറുപ്പക്കാരനായ ഒരു നേതാവ് ഉണ്ടായിട്ടും അവര്‍ക്കത് ബാദ്ധ്യത പോലെയായി. 2013 ഫെബ്രുവരി 6-ന് ഡല്‍ഹിയിലെ ശ്രീറാം കോളേജ് ഓഫ് കോമേഴ്സിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി ദേശീയ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. പിന്നെ കല്‍ക്കട്ടയില്‍ ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്റസ്ട്രി സംഘടിപ്പിച്ച ഇന്ത്യന്‍ വനിതാ സംരംഭകരുടെ കണ്‍വെന്‍ഷനിലും പൂനയിലെ ഫര്‍ഗൂസണ്‍ കോളേജിലെ വിദ്യാര്‍ത്ഥികളോട് സംവദിച്ചുകൊണ്ടും. കൃത്യമായി ഗൃഹപാഠം ചെയ്ത് അവതരിപ്പിച്ച മോദിയുടെ പ്രസംഗങ്ങള്‍ ലൈവായി എല്ലാ ചാനലുകളും സംപ്രേഷണം ചെയ്യപ്പെട്ടതോടെ ഒരു ദേശീയ താരത്തിന്റെ ഉദയമായി. പിന്നെ സംഭവിച്ചതൊക്കെ നമ്മുടെ മുന്നിലൂടെ ആടിത്തകര്‍ത്ത ചരിത്രം. മോദിയുടെ എല്ലാ പ്രസംഗങ്ങളും ലൈവായി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. പ്രിന്റ് മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ മോദി നിറഞ്ഞു. മോദിയുടെ നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും ചാനലുകളിലെ അന്തിചര്‍ച്ചകളായി. എന്നാല്‍, 2013 ഡിസംബറില്‍ ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാള്‍ 28 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയപ്പോള്‍  മോദിയുടെ ചാനല്‍ കുതിപ്പുകള്‍ താല്‍ക്കാലികമായി നിന്നു. ഫെയ്‌സ് ബുക്കും ട്വിറ്ററും വാട്സ് ആപ്പും ഹരമാകുന്നതിനു മുന്‍പാണ് തോമസ് എല്‍. ഫ്രൈസ് മാന്‍ 'The World is Flat' എന്ന പുസ്തകമെഴുതിയത്, ഇന്റര്‍നെറ്റിന്റെ അപാരലോകത്തെക്കുറിച്ചുള്ള ആ പുസ്തകം വിവരസാങ്കേതികതകള്‍ ഉപയോഗിച്ച് എങ്ങനെ ജനമഹാസമുദ്രത്തില്‍ തുഴഞ്ഞ് നീങ്ങാമെന്നാണ് പറയുന്നത്. മോദി ചെയ്തത് അതാണ്. ഇപ്പോഴിതാ ബിഗ് ഡാറ്റയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വളര്‍ന്ന് ടെക്നോളജിയുടെ ഇടപെടലിനെ കൂടുതല്‍ വ്യാപകവും ആഴത്തിലുള്ളതുമാക്കിയിരിക്കുന്നു. 2019-ലെ ഈ തെരഞ്ഞെടുപ്പില്‍ നാം കാണുന്നത്, ടെക്നോളജിയുടെ സാന്നിദ്ധ്യവും അതിയായ സമ്മര്‍ദ്ദവും കൊണ്ട് വോട്ടു ചെയ്തു പോകുന്ന ജനത്തെയായിരിക്കും, ആര്‍ക്കും വോട്ടെടുപ്പില്‍നിന്നു മാറിനില്‍ക്കാനാവാത്ത  സമ്മര്‍ദ്ദമുണ്ടാകും, ഒരു സ്ഥാനാര്‍ത്ഥിയും ചിഹ്നവും മനസ്സില്‍ ഉറപ്പിക്കാനാകാതെ ഡിജിറ്റല്‍ ടെക്നോളജി നമ്മെ പിന്തുടരും. മന്‍മോഹന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ ഇരുപത്തിനാല് മണിക്കൂര്‍ ന്യൂസ് ചാനലുകളില്‍ നിമിഷംപ്രതി ബ്രേക്കിങ്ങ് ന്യൂസായി പ്രത്യക്ഷപ്പെട്ടു, ഇതിന്റെ പ്രത്യാഘാതം വിലയിരുത്താന്‍ രാഹുല്‍ഗാന്ധിക്കോ മന്‍മോഹന്‍ സര്‍ക്കാരിനോ കഴിഞ്ഞില്ല. പക്ഷേ, മോദിക്ക് കൃത്യതയോടെ പ്രവര്‍ത്തിക്കാനായി. ഓരോ തട്ടിപ്പുകഥകളും ചാനല്‍ ബ്രേക്കിങ്ങ് ന്യൂസുകളിലൂടെ ഒരായിരം ബോംബുകള്‍ വര്‍ഷിക്കുന്ന പ്രതീതി ഉണ്ടാക്കി. കോണ്‍ഗ്രസ് ചെയ്തത് എന്തെന്നോ, മാധ്യമങ്ങളെ, ചാനലുകളെ പഴിചാരല്‍ മാത്രം. പരമ്പരാഗത പ്രചരണ രീതികളെ മാത്രം ആശ്രയിച്ചുനിന്നിരുന്ന രാഹുലിനെ മൂലയ്ക്കിരുത്തി പുതിയ ടെക്നോളജിയുടെ സഹായത്തോടെ മോദി തെരഞ്ഞെടുപ്പിലെ നായകനായി. അദ്ദേഹം ഒരു പ്രസംഗത്തിലും ഹിന്ദുത്വ എന്ന വാക്ക് ഉപയോഗിച്ചില്ല. വ്യാവസായിക വികസനത്തില്‍, ഗുജറാത്ത്, താന്‍ മുഖ്യമന്ത്രിയായിരിക്കവെ നേടിയ കുതിപ്പ് നിരന്തരം ചര്‍ച്ചയാക്കി, ഗുജറാത്ത് മോഡല്‍ വികസനം ഇന്ത്യയൊട്ടാകെ നടപ്പാക്കും, ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തെ സ്വാധീനിച്ചടുപ്പിക്കാന്‍ ആ വാഗ്ദാനത്തിനായി. കോണ്‍ഗ്രസ് ഭരണത്തില്‍ ഏറ്റവും നിരാശര്‍ മധ്യവര്‍ഗ്ഗമായിരുന്നു. അവരുടെ സ്വപ്നങ്ങളില്‍ കയറിയാണ് മോദി കളിച്ചത്. ഹിന്ദുത്വ എന്ന വാക്കിനു പകരം മോദി 'ദേശീയത' എന്ന വാക്ക് പ്രതിഷ്ഠിച്ചു, വികസനവും ദേശീയതയും. പാരമ്പര്യാധിഷ്ഠിതമായ മതവാദങ്ങളും ആശയങ്ങളും 150 ദശലക്ഷം വരുന്ന ചെറുപ്പക്കാരെ തൃപ്തിപ്പെടുത്തില്ലെന്നു മോദി മനസ്സിലാക്കി, അതുകൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ടെക്നോളജി ഉപയോഗിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ട് എന്ന് അദ്ദേഹം ചെറുപ്പക്കാരോട് പറഞ്ഞു. മേക് ഇന്‍ ഇന്ത്യ വലിയ പദ്ധതിക്കായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിനു വളരെ മുന്‍പു തന്നെ ഒരുക്കങ്ങള്‍ ചിട്ടയോടെ പൂര്‍ത്തിയാക്കി മോദി കാത്തിരുന്നു. 

രാഹുല്‍ പ്രതിരോധത്തിലായിരുന്നു
രാഹുല്‍ പക്ഷേ, ഗൃഹപാഠങ്ങള്‍ ഒന്നും ചെയ്തിരുന്നില്ല. രാഹുല്‍ പ്രതിരോധത്തിലായിരുന്നു. തന്റെ ഉത്തരവാദിത്വം എവിടെയോ മറന്നപോലെ രാഹുല്‍ പകച്ചുനിന്നു. മന്‍മോഹന്‍ സര്‍ക്കാരിന് എതിരെയുള്ള അഴിമതി ആരോപണങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ രാഹുല്‍ നിസ്സഹായനായി നിന്നു, മുഖത്ത് കുറ്റബോധം തെളിഞ്ഞുനിന്നു. ഡല്‍ഹി പ്രസ്സ് ക്ലബ്ബില്‍ അജയ് മാക്കന്‍ പത്രസമ്മേളനം  നടത്തുന്നതിനിടയിലേക്ക് കയറിവന്ന് ക്യാബിനറ്റ് തീരുമാനത്തിന്റെ നോട്ട് വലിച്ചുകീറിക്കളയുന്ന രാഹുലിനെ തത്സമയം ജനങ്ങള്‍ ടി.വിയിലൂടെ കണ്ടു. കുറ്റശിക്ഷയ്ക്കു വിധിക്കപ്പെടുന്ന നിയമസഭാംഗങ്ങളും എം.പിമാരും സ്ഥാനം ഒഴിയണമെന്ന സുപ്രീംകോടതിയുടെ അതിപ്രധാനമായൊരു ഉത്തരവിനെ മറികടക്കാനും സ്വന്തം സഖ്യകക്ഷി നേതാവായ ലാലുപ്രസാദ് യാദവിനെ രക്ഷിക്കാനും വേണ്ടിയായിരുന്നു തിരക്കിട്ട് ക്യാബിനറ്റ് ഓര്‍ഡിനന്‍സ് ഇറക്കിയത്, 'നോണ്‍സെന്‍സ്' എന്ന് വിളിച്ചുപറഞ്ഞ് രാഹുല്‍ അത് വലിച്ചുകീറിയത്. സര്‍ക്കാരിനെതിരെയുള്ള അഴിമതി ആക്ഷേപങ്ങള്‍ പലതും തന്റെ കുടുംബത്തിലേക്കാണ് നീണ്ടുവരുന്നതെന്ന തിരിച്ചറിവ് രാഹുലിനുണ്ടായി, ഇതുകൊണ്ടുതന്നെ കുടുംബത്തിന്റെ കാവല്‍ക്കാരനായി നില്‍ക്കേണ്ട ഗതികേടിലായി രാഹുല്‍ മാത്രമല്ല, രാഷ്ട്രീയം ഒരു യുദ്ധമാണെന്ന തിരിച്ചറിവും രാഹുലിനുണ്ടായില്ല. ആക്രമിക്കാന്‍ അറിയാതിരുന്ന രാഹുല്‍ പ്രതിരോധത്തിലായത് സ്വാഭാവികം. ചെറുപ്പകാലം മുതല്‍ അധികാരത്തിന്റെ ശീതളച്ഛായയില്‍ ജീവിച്ച ഒരാള്‍, ശീതീകരിച്ച മുറികള്‍ക്കു പുറത്തുള്ള പാവങ്ങളുടെ ജീവിതം പുസ്തകങ്ങളിലും സിനിമകളിലും മാത്രം വായിക്കുകയും കാണുകയും ചെയ്ത ഒരാള്‍. 'ഗാന്ധിജി'യുടെ ഖദര്‍ ധരിച്ച് വല്ലപ്പോഴും ഹരിജന കോളനികളില്‍ പാവങ്ങളോടൊത്ത് ഫോട്ടോ ഷൂട്ടിനു നിന്നൊരാള്‍, ഉപദേശ വൃന്ദങ്ങള്‍ തയ്യാറാക്കുന്ന പ്രസംഗം സ്‌കൂള്‍ കുട്ടികളെപ്പോലെ പറയുന്ന ഒരാള്‍, വിദേശ സുഖവാസങ്ങള്‍ക്കായി രാഷ്ട്രീയത്തില്‍നിന്നും അവധിയെടുത്ത് മുങ്ങുന്ന ഒരാള്‍... ഇങ്ങനെ ഒരാള്‍ വെറുമൊരു നാടന്‍ ചായാവാലയോട് എതിരിടുക. മൂന്ന് പ്രാവശ്യം ഒരു സംസ്ഥാനം ഭരിച്ചയാളാണ് ചായാവാല എന്നതുകൂടി ഓര്‍ക്കുമ്പോള്‍ രാഹുലിന്റെ ഉത്തരാവാദിത്വം കൂടുകയാണ്.

രാഹുലും സോണിയയും മന്‍മോഹന്‍സിങ്ങും
രാഹുലും സോണിയയും മന്‍മോഹന്‍സിങ്ങും

എന്നാല്‍, തങ്ങളുടെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പോലും ജനങ്ങളിലെത്തിക്കാന്‍ കോണ്‍ഗ്രസ്സിനായില്ല. പളനിയപ്പന്‍ ചിദംബരം എന്ന ഒന്നാംതരം അഴിമതിക്കാരന്‍ പറഞ്ഞ സാമ്പത്തികം ജനങ്ങള്‍ക്കു മനസ്സിലായില്ല. മന്‍മോഹന്‍ സിങ്ങിന്റെ മൗനവും നിസ്സംഗതയും ഒരു ദശകക്കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സിനെ പക്ഷാഘാതം പിടിച്ച അവശന്റെ രൂപത്തില്‍ തളര്‍ത്തി. അവരുടെ ദുര്‍ബ്ബലമായ ഈരടി ''എല്ലാവര്‍ക്കും അധികാരം, എല്ലാവര്‍ക്കും വളര്‍ച്ച'' എന്നതായിരുന്നു. പഴകി ദ്രവിച്ച ഈ മുദ്രാവാക്യത്തിനു ജനമനസ്സിലേക്ക് കയറാനായില്ല. രാഹുല്‍ ഗാന്ധിക്കു ചുറ്റും കൈയുയര്‍ത്തി നില്‍ക്കുന്ന ചെറുപ്പക്കാരുടെ പോസ്റ്ററുകള്‍ രാജ്യമാകെ നിറഞ്ഞിരുന്നു, ''ചെറുപ്പക്കാര്‍ക്ക് ഒരുപാട് അവസരങ്ങള്‍'', അതായിരുന്നു ടാഗ്ലൈന്‍. സൈബറിടത്തില്‍ ചെറുപ്പക്കാര്‍ ജീവിതം നിയന്ത്രിക്കുന്ന ഒരുകാലത്ത് ഇത്രയും അരസികമായൊരു ടാഗ് ലൈനുമായി തെരഞ്ഞെടുപ്പിനെ അഭിസംബോധന ചെയ്യുക! കോണ്‍ഗ്രസ്സിന് പണത്തിനു ദാരിദ്ര്യമുണ്ടായിരുന്നില്ല. പ്രതിഭകളെ വാടകയ്ക്ക് ലഭിക്കുകയും ചെയ്യുമായിരുന്നു; പക്ഷേ, സംഘടന നടുവൊടിഞ്ഞ് കിടക്കുകയായിരുന്നു. ഭാവനാ ദാരിദ്ര്യം എല്ലാ മേഖലകളിലും പടര്‍ന്നിരുന്നു. എഴുന്നേല്‍ക്കണോ ഇരിക്കണോ നടക്കണമോ എന്നറിയാതെ മടിച്ച് മടിച്ചു നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെ അപ്രസക്തനാക്കി മോദി ഊര്‍ജ്ജസ്വലതയോടെ കയറിയടിച്ചു, Time for change, Time for Modi...' കോണ്‍ഗ്രസ് വീണുപോയി. ഐസക് ഡ്യൂഷര്‍, സ്റ്റാലിനെക്കുറിച്ചുള്ള പ്രസിദ്ധമായ ജീവചരിത്രത്തില്‍ (Stalin: A Political Biography), സ്റ്റാലിനെ വിശേഷിപ്പിക്കുന്നത് 'The technician of Power' എന്നാണ്. ഈ പ്രസ്താവം അഷുതോഷ് തന്റെ പുസ്തകത്തില്‍ ഉദ്ധരിച്ച് വിശദീകരിക്കുകയാണ്, പ്രമോദ് മഹാജനും അരുണ്‍ ജെയ്റ്റ്‌ലിയും സുഷമാ സ്വരാജും യശ്വന്ത് സിന്‍ഹയുമായിരുന്നു ചാനല്‍ റൂമുകളിലെ ബി.ജെ.പിയുടെ ഗ്ലാമര്‍ താരങ്ങള്‍. അവരെ രണ്ടാംനിരയിലേക്ക് തള്ളി എത്ര പെട്ടെന്നാണ് മോദി ഒന്നാമനായത്. 

മന്‍മോഹന്‍ സിങ്ങിന്റെ നേട്ടങ്ങള്‍
ഒരു ചെറിയ വീഴ്ചപോലും രാഷ്ട്രീയത്തില്‍ ആഘോഷിക്കപ്പെടും, വലിയ വീഴ്ചകള്‍ വലിയ തോതില്‍ ആഘോഷിക്കപ്പെടും, 2014-ല്‍ കണ്ടത് അതാണ്. അഴിമതി കഥകള്‍ മാത്രം കൊണ്ട് മന്‍മോഹന്റെ സര്‍ക്കാരിനെ മൂടുകയായിരുന്നു. അതിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കപ്പെടാതെ പോയി. അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനം മന്‍മോഹന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെയുള്ള ജനരോഷമായിരുന്നു. ഡല്‍ഹിയില്‍ നിര്‍ഭയ സംഭവം കൂടിവന്നതോടെ മന്‍മോഹന്‍ പതറിപ്പോയി. മോദിയും ബി.ജെ.പിയും അവസരം മുതലെടുത്തു. വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശം, ഭക്ഷ്യസുരക്ഷാനിയമം, മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭൂമി തട്ടിപ്പ് തടയാനുള്ള ലാന്‍ഡ് അക്വിസിഷന്‍ ബില്ല് തുടങ്ങി വിപ്ലവകരമായ ഒട്ടേറെ നിയമങ്ങള്‍ കൊണ്ടുവന്ന് നടപ്പാക്കിയ സര്‍ക്കാരാണത്. കോണ്‍ഗ്രസ്സുകാര്‍ പോലും ഇതൊക്കെ ജനങ്ങളോട് വിശദീകരിക്കാന്‍ മറന്നുപോവുക! വിവരാവകാശനിയമം പോലെ ജനാധിപത്യ സംവിധാനത്തില്‍ പൗരന്റെ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന നിയമം നടപ്പാക്കിയ സര്‍ക്കാരിന് യഥാര്‍ത്ഥത്തില്‍ കിട്ടേണ്ടിയിരുന്ന അംഗീകാരം ലഭിക്കാതെ പോയെങ്കില്‍ അതിനു പ്രധാന കാരണം അഴിമതിയുടെ പേരില്‍ നടന്ന പ്രതിപക്ഷങ്ങളുടെ പ്രക്ഷോഭങ്ങള്‍ മാത്രമായിരുന്നില്ല.

രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. ദുര്‍ബ്ബലമായ ഹൈക്കമാന്‍ഡ്. സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സംഘടനാസംവിധാനങ്ങള്‍ തകര്‍ന്നുകിടക്കുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യം തന്നെ നോക്കുക. ഗ്രാമങ്ങളിലെ ദരിദ്രര്‍ക്ക് വര്‍ഷത്തില്‍ മിനിമം വേതനത്തില്‍ കുറഞ്ഞത് നൂറ് ദിവസത്തെ തൊഴില്‍ ഉറപ്പുവരുത്തല്‍; യു.പി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ദാരിദ്ര്യം കാരണം മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി ഒഴുകിക്കൊണ്ടിരിക്കുന്ന പാവങ്ങള്‍ക്ക് മാത്രമല്ല, ഇന്ത്യയൊട്ടാകെയുള്ള ഗ്രാമീണ മേഖലകളില്‍ പൊതുവില്‍ വലിയ ഊര്‍ജ്ജം പകര്‍ന്നു നല്‍കിയതാണ് പദ്ധതി. 2009-ലെ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനും കാരണം തൊഴിലുറപ്പ് പദ്ധതിയായിരുന്നു. ഭക്ഷ്യസുരക്ഷാ പദ്ധതിക്കുവേണ്ടി നീക്കിവെച്ച ഒന്നേകാല്‍ ലക്ഷം കോടിരൂപ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉലച്ചുകളയുമെന്ന് കോര്‍പ്പറേറ്റുകളും സാമ്പത്തിക വിദഗ്ദ്ധരും പറഞ്ഞിട്ടും മന്‍മോഹന്‍ സര്‍ക്കാര്‍ അതു നടപ്പാക്കി. ഇന്ദിരാ ഗാന്ധിയുടെ 'ഗരീബീ ഹഠാവോ' പോലെ അത് അന്തരീക്ഷത്തില്‍ മാത്രം ഒതുങ്ങിനിന്നില്ല. ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ പാവങ്ങള്‍ക്കു നല്‍കിയ ഏറ്റവും വലിയ സഹായ പദ്ധതികളായിരുന്നു തൊഴിലുറപ്പും ഭക്ഷ്യസുരക്ഷാപദ്ധതിയും. ജനങ്ങളോട് ഉത്തരവാദിത്വമുള്ള സുതാര്യമായൊരു സര്‍ക്കാര്‍ എന്ന ആശയമായിരുന്നു വിവരാവകാശ നിയമത്തിലൂടെ നടപ്പായത്.  ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരം, തൊഴില്‍, വിദ്യാഭ്യാസം, ഭൂമി എന്നിവയിലൊക്കെ വലിയ മാറ്റങ്ങള്‍ക്കു തുടക്കമിട്ടെങ്കിലും ഭരണസംവിധാനത്തിന്റെ പിടിപ്പുകേടും പാര്‍ട്ടിയുടെ തകര്‍ച്ചയും അനിയന്ത്രിതമായ അഴിമതികളും കാരണം ഒന്നും ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല. മാര്‍ക്കറ്റ് ഇക്കോണമിയുടെ ഉസ്താദുമാരില്‍ ഒരാളായിട്ടും മന്‍മോഹന് തന്റെ സര്‍ക്കാരിനെ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇത്തരം വലിയ സാമൂഹ്യ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പ്രാധാന്യം രാഹുല്‍ ഗാന്ധിക്കു മനസ്സിലായിട്ടുതന്നെയുണ്ടാവില്ല.

അരവിന്ദ് കെജ്രിവാള്‍
അരവിന്ദ് കെജ്രിവാള്‍

രാഹുലിനെ അമ്മ സോണിയായും കോണ്‍ഗ്രസ് നേതാക്കളും തള്ളിത്തള്ളി മുകളിലേക്കു കയറ്റി ഇരുത്തുകയായിരുന്നു. നെഹ്‌റു കുടുംബം കൈവിട്ടാല്‍ തങ്ങള്‍ അനാഥരാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതി, പ്രവര്‍ത്തകരെ അങ്ങനെ പറഞ്ഞ് വിശ്വസിപ്പിച്ചു. പ്രിയങ്ക വരുന്നതിലായിരുന്നു അവര്‍ക്ക് താല്പര്യം, ഇന്ദിരയുടെ രൂപഭാവങ്ങളൊക്കെയുള്ള ഒരു സുന്ദരിയെ കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് അവര്‍ സ്വപ്നം കണ്ടിരുന്നു. സോണിയയ്ക്ക് പക്ഷേ, മകനെ കരപറ്റിക്കാനായിരുന്നു താല്പര്യം. രാഹുലെങ്കില്‍ രാഹുല്‍ എന്നതായി പിന്നെ കോണ്‍ഗ്രസ്സുകാരുടെ മനോഭാവം. വെറുമൊരു അമുല്‍ ബേബിയായ നെഹ്‌റു കുടുംബമെന്ന രാജകൊട്ടാരത്തില്‍ വളര്‍ന്ന ഒരാള്‍, ഇന്ദിരാവധത്തെ തുടര്‍ന്ന് അരക്ഷിതമായ അവസ്ഥയില്‍ ചുറ്റുമുയര്‍ന്ന സുരക്ഷാഭടന്മാരുടെ വേലിക്കെട്ടിനുള്ളില്‍ വിദ്യാഭ്യാസവും ജീവിതവും തളച്ചിടേണ്ടി വന്ന ഒരാള്‍ തികച്ചും അന്തര്‍മുഖനും ഏകാകിയും ഒരുവേള വളരെ ദുര്‍ബ്ബലനുമാകുന്നത് സ്വാഭാവികം. രാഹുല്‍ വെറുമൊരു ശരാശരി വിദ്യാര്‍ത്ഥി മാത്രമായിരുന്നു, എങ്കിലും സെന്റ് സ്റ്റീഫന്‍സിലും പിന്നെ വിദേശത്തുമൊക്കെ കിട്ടിയ വിദ്യാഭ്യാസം രാഹുലിന്റെ പ്രസംഗങ്ങളിലൊന്നും പ്രതിഫലിച്ചു കണ്ടില്ല. കാണാതെ പഠിച്ച് ഉരുവിടുന്നതുപോലെയായിരുന്നു പ്രസംഗങ്ങള്‍. രാജകുമാരന്‍ തന്റെ രാജ്യത്തൊരു തടവുകാരനായിപ്പോയി എന്നാണ് അഷുതോഷ് പറയുന്നത്. രാഹുല്‍ ജനങ്ങളോട് പറഞ്ഞുതുടങ്ങിയത് തന്റെ കുടുംബമഹിമയെക്കുറിച്ചാണ്, മുത്തശ്ശിയുടേയും പിതാവിന്റേയും രക്തസാക്ഷിത്വങ്ങളെക്കുറിച്ചാണ്, നെഹ്‌റു കുടുംബത്തിന്റെ മഹാത്യാഗത്തിന്റെ കഥകള്‍ ഓരോന്നായി രാഹുല്‍ പഠിച്ച് പറഞ്ഞുതുടങ്ങി. ഒരു ജന്റില്‍മാനായി ടി.വി. ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. മോശമായ ഒരു വാക്കും പറഞ്ഞില്ല, പറയാനറിയുമായിരുന്നില്ല. വളരെ മൃദുവായി ആദര്‍ശപരവും ദാര്‍ശനികവുമായാണ് സംസാരിച്ചത്. മഹാത്യാഗത്തിന്റെ കഥകളേയും മൃദുവായ സംസാരത്തേയുമാണ് മോദി കുടഞ്ഞത്. മോദി പറയുന്നത് ഇങ്ങനെയായിരുന്നു: ''കോണ്‍ഗ്രസ്സിനു ഒരു നേതാവുണ്ട്, അദ്ദേഹം പറയുകയാണ് ദാരിദ്ര്യമെന്നത് ഒരു മാനസികാവസ്ഥയാണെന്ന്,  പാവങ്ങളെന്നും പണക്കാരെന്നുമുള്ള തരംതിരിക്കലുകള്‍ ശരിയല്ലെന്നും അദ്ദേഹം പറയുന്നു. കുഞ്ഞുങ്ങള്‍ പട്ടിണികൊണ്ട് കരയുമ്പോള്‍ അമ്മമാര്‍ക്ക് ഉറങ്ങാന്‍ കഴിയുകയില്ല. ദാരിദ്ര്യം മാനസികാവസ്ഥയല്ല, അത് സത്യമാണ്. അദ്ദേഹം അത് കണ്ടിട്ടില്ല, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ നൂറ് രൂപ വിലയുള്ള കുപ്പിവെള്ളം കുടിച്ച് ശീലിച്ചയാളാണ് രാജകുമാരന്‍. ഞാന്‍ ദാരിദ്ര്യത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളാണ്...'' മോദിയുടെ രാജകുമാരന്‍ എന്ന വിശേഷണത്തെ കോണ്‍ഗ്രസ് എതിര്‍ത്തു, മോദിയുടെ മറുപടി: ''നിങ്ങള്‍ കുടുംബാധിപത്യം അവസാനിപ്പിക്കൂ, അപ്പോള്‍, രാജകുമാരനെന്ന വിളി ഞാന്‍ മതിയാക്കാം...'' വാക്കുകള്‍കൊണ്ട് മോദി രാഹുലിനെ ആക്രമിച്ചുകൊണ്ടിരുന്നു, രാഹുല്‍ മറുപടി പറയാതെ ഒഴിഞ്ഞുമാറി. മാന്യനായ ഒരു രാഷ്ട്രീയക്കാരനാണ് താനെന്ന് ജനത്തെ ബോധ്യപ്പെടുത്താനുള്ള വ്യഗ്രതയും ആ ഒഴിഞ്ഞുമാറലില്‍ ഉണ്ടായിരുന്നു. ബി.ജെ.പിയുടെ വര്‍ഗ്ഗീയ ധ്രുവീകരണത്തെക്കുറിച്ച് രാഹുല്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. രാഹുലിന്റെ ആറ് റാലികളും പ്രസംഗങ്ങളും അപഗ്രഥിച്ച് ടൈംസ് ഓഫ് ഇന്ത്യ എഴുതി, രാഹുലിന്റെ പ്രസംഗങ്ങള്‍ വ്യക്തിവിദ്വേഷമുണ്ടാക്കുന്നവയല്ല, അദ്ദേഹം പ്രധാനമായും ബി.ജെ.പിയുടെ വര്‍ഗ്ഗീയതയെ ആണ് വിമര്‍ശിക്കുന്നത്, വര്‍ഗ്ഗീയത ഊതിക്കെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ബി.ജെ.പി അത് ആളിക്കത്തിക്കുകയാണ്. പ്രസിദ്ധ സോഷ്യോളജിസ്റ്റും കോളമിസ്റ്റുമായ ഷിവ് വിശ്വനാഥന്‍ രാഹുലിന്റെ പ്രസംഗങ്ങളെ അപഗ്രഥനം ചെയ്തത് ഇങ്ങനെയാണ്: ''രാഹുലിന്റെ പ്രസംഗങ്ങളെ അപഗ്രഥനം ചെയ്തത് ഇങ്ങനെയാണ്: ''രാഹുലിന്റെ പ്രസംഗങ്ങള്‍ തെന്നിത്തെന്നി വീഴുന്നതുപോലെയാണ്, ഏതാണ്ട് മനസ്സാന്നിദ്ധ്യം നഷ്ടമായപോലെ, absent minded. നേരിട്ട് സംസാരിക്കുമ്പോള്‍ അദ്ദേഹം ശാന്തനാണ്, പൊതുവേദികളില്‍ പക്ഷേ, വലിയ ചുമതലകളുടെ ഭാരം തലയിലുള്ളതുപോലെ അസ്വസ്ഥനാകുന്നു. അദ്ദേഹം പ്രസംഗിക്കുമ്പോള്‍ ശരീരം അതിനോട് പ്രതികരിക്കുന്നില്ല...'' (ഹിന്ദുസ്ഥാന്‍ ടൈംസ്, 17 നവം, 2013). ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ്സ് കമ്യൂണിക്കേഷന്‍ പ്രൊഫസര്‍ ഗിതാ ബമിസായ് എഴുതുകയാണ്: ''രാഹുല്‍ മൈക്കിനു മുന്നില്‍ വല്ലാതെ നെര്‍വ്വസ് ആകുന്നു, പ്രസംഗിക്കുന്നതിനിടയില്‍ ഇടയ്ക്കിടെ ഒരു കാലില്‍നിന്ന് മറ്റേ കാലിലേക്ക് ഭാരം മാറ്റി കൊടുക്കുന്നത് ശ്രദ്ധിക്കുക, he is unsure, low on confidence and indicates Vulnerability (ഹിന്ദുസ്ഥാന്‍ ടൈംസ്, 17 നവം, 2013). നിരന്തരമായ കോച്ചിങ്ങുകള്‍ക്ക് രാഹുലിനെ വിധേയമാക്കാന്‍ പ്രത്യേകമൊരു  സംവിധാനം തന്നെ പാര്‍ട്ടി ഉണ്ടാക്കി. മോദിക്ക് ഉരുളയ്ക്ക് ഉപ്പേരിപോലെ എങ്ങനെ മറുപടി കൊടുക്കണമെന്ന് പഠിപ്പിച്ചു. പക്ഷേ, അപ്പോഴേയ്ക്ക് കാര്യങ്ങള്‍ കൈവിട്ടുപോയി. കുടുംബം രാഹുലിനു ബാദ്ധ്യതയും രാഹുല്‍ കോണ്‍ഗ്രസ്സിനു ബാധ്യതയുമായി മാറത്തക്കവണ്ണം മോദി ക്യാമ്പയിന്‍ തിരിച്ചുവിട്ടു. 2014-ലെ മോദിയുടെ പ്രസിദ്ധമായ വാചകങ്ങള്‍ ഓര്‍ക്കുക: ''ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു പാവപ്പെട്ടവന്‍ പ്രധാനമന്ത്രിയാകും... പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചുവെന്നത് കുറ്റമാണോ? ദാരിദ്ര്യത്തിനുള്ളില്‍ വളര്‍ന്നത് ഒരാളുടെ കുറവാണോ? അത് മോദിയുടെ കുറവാണെങ്കില്‍ ഇന്ത്യയിലെ എല്ലാ പൗരന്മാരുടേയും കുറവാണ്...'' മണിശങ്കര്‍ അയ്യരെപ്പോലെ ഉന്നത ശീര്‍ഷനും ഉപരിവര്‍ഗ്ഗക്കാരനുമായ ഒരു നേതാവ് ഉറപ്പിച്ചു പറഞ്ഞു: ''മോദി 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ പ്രധാനമന്ത്രിയാകില്ല, അദ്ദേഹത്തിനു വേണമെങ്കില്‍ എ.ഐ.സി.സി സമ്മേളന ഹാളിലെ പ്രതിനിധികള്‍ക്കു ചായ വില്പന നടത്താം...'' ആ ഒറ്റ സ്റ്റേറ്റ്‌മെന്റ് കോണ്‍ഗ്രസ്സിനുണ്ടാക്കിയ അവമതിപ്പ് ചെറുതായിരുന്നില്ല, ആ ഒറ്റ സ്റ്റേറ്റ്‌മെന്റാണ് മോദിയുടെ ''ചായ് പീ ചര്‍ച്ച'' എന്ന പ്രസിദ്ധ ക്യാമ്പയിനു തുടക്കമിട്ടത്. ജനങ്ങളോട് കാര്യങ്ങള്‍ പറയുന്നതിന് മോദിക്ക് പ്രത്യേകമായൊരു ചാരുത ഉണ്ടായിരുന്നു, അത് ലളിതവും നേരിട്ടുള്ളതുമായിരുന്നു. എന്നാല്‍, വിഷം പുരട്ടിയ വാക്കുകള്‍ കൂസലില്ലാതെ വിതറാനും യാതൊരു മടിയുമുണ്ടായിരുന്നില്ല. സോണിയാ ഗാന്ധിയുടെ അസുഖത്തെ സംബന്ധിച്ച് ക്രൂരമായൊരു ഫലിതം പൊട്ടിച്ചപ്പോള്‍ കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് ട്വീറ്റ് ചെയ്തത് ഇങ്ങനെ: ''മനുഷ്യവേഷം ധരിച്ച ഒരു പിശാചിനു മാത്രമേ ഇത്തരമൊരു പരിഹാസം അസുഖബാധിതയായൊരു സ്ത്രീയെക്കുറിച്ച് പറയാനാവൂ, അയാള്‍ മാനസികരോഗിയാണെന്നു വ്യക്തം...'' പിന്നീട് ഷക്കീല്‍ തന്റെ ഭാഷാപ്രയോഗത്തില്‍ ക്ഷമ ചോദിച്ചുവെങ്കിലും മോദിയുടെ വിഷം പുരണ്ടതും അരംവച്ചതുമായ വാക്കുകളില്‍ കോണ്‍ഗ്രസ് വിയര്‍ത്തുപോയി. മോദിക്ക് ചുട്ട മറുപടി കൊടുത്തത് ലാലുപ്രസാദ് യാദവ് ആയിരുന്നു. മോദിയെ കശാപ്പുകാരന്‍ എന്നു വിളിച്ച് ലാലു തിരിച്ച് ആക്രമിച്ചു, പക്ഷേ, ലാലുവിനുമേല്‍ കെട്ടുകണക്കിന് കാലിത്തീറ്റ ചാക്കുകള്‍ വീണുകിടക്കുകയായിരുന്നു.

നരേന്ദ്രമോദിയും അമിത് ഷായും
നരേന്ദ്രമോദിയും അമിത് ഷായും

നിതീഷ്  'വിഷം ചീറ്റുന്ന മനുഷ്യനെന്നും' മമത 'കഴുത'യെന്നും കടലാസ് പുലിയെന്നും വിളിച്ചു. കള്ളനെന്നും ചതിയനെന്നും വിളിച്ച് മുലയം സിങ്ങ് മോദിയെ ആക്രമിച്ചു. ഇതിനിടയിലാണ് അരവിന്ദ് കെജ്രിവാളിന്റെ ആപ്പ് രംഗം കൈയടക്കുന്നതും ഡല്‍ഹി പിടിച്ചെടുക്കുന്നതും. ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് ഇതാ ഒരു വിപ്ലവം എന്നായിരുന്നു മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. മോദിയില്‍നിന്ന് മാധ്യമശ്രദ്ധ കെജ്രിവാളിലേക്ക് മാറിപ്പോയ കാലം. പക്ഷേ, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ വീണ്ടും ഇന്ത്യന്‍ രാഷ്ട്രീയം മോദിക്കു ചുറ്റും വലംവെയ്ക്കാന്‍ തുടങ്ങി. മോദിക്ക് എത്ര സീറ്റുകള്‍ കിട്ടുമെന്ന ചര്‍ച്ചകളായി. കെജ്രിവാളിന്റെ എ.എ.പി അന്‍പതു സീറ്റുകള്‍ നേടിയാല്‍ മോദിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്ന വിലയിരുത്തലുകള്‍ ഉണ്ടായി. പക്ഷേ, ഭാഗ്യവും പശ്ചാത്തലങ്ങളും മോദിക്ക് അനുകൂലമായി. അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. മോദി അവസരം മുതലാക്കി ആഞ്ഞടിച്ചു: ''ഇയാളൊരു 'bhagoda' ഉത്തരവാദിത്വങ്ങളില്‍നിന്ന് ഓടിയൊളിക്കുന്ന ഭീരു, ജനവിശ്വാസത്തെ തിരിസ്‌കരിച്ചവന്‍, വിശ്വസിക്കാന്‍ കൊള്ളാത്തവന്‍, ഭരിക്കാന്‍ അറിയാത്തവന്‍... ഇന്ത്യന്‍ ജനാധിപത്യത്തിലെ പുതിയ പരീക്ഷണമായ കെജ്രിവാളിനെ നിര്‍ദ്ദയം ആക്രമിച്ചുകൊണ്ട് മോദി മധ്യവര്‍ഗ്ഗത്തെ കൈയിലെടുത്തു. 

ജാതിമത സമവാക്യങ്ങള്‍ മാറുന്നു
336 സീറ്റുകളും 38.3 ശതമാനം വോട്ടും നേടി ദേശീയ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നു. ബി.ജെ.പി തനിച്ച് 282 സീറ്റും 31.3 ശതമാനം വോട്ടും നേടി. പാര്‍ട്ടി ജയിച്ച 137 സീറ്റുകളില്‍ 50 ശതമാനത്തിലധികം വോട്ടുകള്‍ നേടുകയെന്ന അസാധാരണ നേട്ടവും സംഭവിച്ചു. തങ്ങളുടെ പരമ്പരാഗത മേഖലകളില്‍ മാത്രമല്ല, അതുവരെ കടന്നുചെല്ലാത്ത പുതിയ മേഖലകളിലും ബി.ജെ.പിയും എന്‍.ഡി.എയും ആധിപത്യം നേടി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ നോക്കുക.

കോണ്‍ഗ്രസ്സും ബി.ജെ.പിയും മാത്രം തെരഞ്ഞെടുപ്പ് ഗോദയിലുള്ള, നേരിട്ട് മത്സരം നടന്ന ഹിമാചല്‍, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അന്‍പതു ശതമാനത്തിലധികം വോട്ടുകള്‍ നേടി കോണ്‍ഗ്രസ്സിനെ വിറപ്പിച്ചു. ബഹുപാര്‍ട്ടീ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ എണ്‍പതു സീറ്റുകളില്‍ എഴുപത്തിമൂന്നും പിടിച്ചെടുത്തു. മഹാരാഷ്ട്രയിലും അന്‍പതു ശതമാനത്തിലധികം വോട്ടുകള്‍ നേടിയ ബി.ജെ.പി ഹിന്ദി മേഖലയിലെ ആധിപത്യം അടിവരയിട്ട് പ്രഖ്യാപിക്കുകയായിരുന്നു. ബി.ജെ.പിയുടെ സവര്‍ണ്ണ ഹൈന്ദവ പാര്‍ട്ടിയെന്ന പേരുദോഷത്തിന് 2014 തെരഞ്ഞെടുപ്പ് വിരാമമിട്ടു. 2014-ല്‍ വലിയ തോതില്‍ ഗ്രാമീണ മേഖലകളിലേക്കു കടന്നുകയറിയ ബി.ജെ.പി നഗരവാസികളായ മധ്യവര്‍ഗ്ഗത്തെ കൂടെ നിറുത്തി. ആദ്യ വോട്ടര്‍മാരായ ചെറുപ്പക്കാര്‍ ബി.ജെ.പിയിലേക്ക് ഒഴുകുകയായിരുന്നു. ഗ്രാമീണ മേഖലയിലെ ബി.ജെ.പിയുടെ കടന്നുകയറ്റം നോക്കുക. 

കോണ്‍ഗ്രസ്സിനെക്കാള്‍ കൂടുതല്‍ സ്വാധീനം പാവപ്പെട്ടവര്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞുവെന്നാണ് കണക്കുകള്‍ പറയുന്നത്. പിന്നാക്ക ജാതിക്കാരിലും/വര്‍ഗ്ഗക്കാരിലുമുള്ള കോണ്‍ഗ്രസ്സിന്റെ സ്വാധീനവും ഇടിഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ കാലത്തും രാജീവിന്റെ കാലത്തും യു.പി.എയുടെ 2004-ലും 2009-ലും ഒക്കെ അവരുടെ അടിത്തറയായിരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളെ തങ്ങളോടൊപ്പം കൂട്ടാന്‍ ബി.ജെ.പിക്കായി. 2014-ന് മുന്‍പ് ഇന്ത്യയില്‍ നിലനിന്നിരുന്ന രാഷ്ട്രീയ മിത്തുകളെ ഒക്കെ കടപുഴക്കിയെറിയുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. അത് ഓരോന്നായി പരിശോധിക്കുക. പത്തു വര്‍ഷക്കാലം യു.പി.എ തുടര്‍ച്ചയായി ഭരിച്ചപ്പോള്‍ ഇനി ഇന്ത്യയുടെ മാര്‍ഗ്ഗം കൂട്ടുകക്ഷി സംവിധാനം മാത്രമാണെന്ന വിശ്വാസം ബലപ്പെട്ടു. ഇന്ത്യയെപ്പോലൊരു ബഹുസ്വര സമൂഹത്തിനു പറ്റിയതും കൂട്ടുകക്ഷി സംവിധാനമാണെന്ന വിലയിരുത്തല്‍ ഉറച്ചു. മോദി ആ വിശ്വാസത്തെ തകര്‍ത്തു. പേരിന് എന്‍.ഡി.എ എന്നായിരുന്നെങ്കിലും ഫലത്തില്‍ ബി.ജെ.പിയുടെ ഒറ്റക്കക്ഷി ഭരണമായിരുന്നു. ഇന്ത്യയുടെ പകുതി പ്രദേശത്തും വേരോട്ടമില്ലാത്ത പാര്‍ട്ടി എങ്ങനെ രാജ്യം ഭരിക്കുമെന്ന ചോദ്യത്തിനും ബി.ജെ.പി ഉത്തരം നല്‍കിയത് മോദിയിലൂടെയായിരുന്നു. 'ബീമാരു'വും മഹാരാഷ്ട്രയും തെക്ക് കര്‍ണാടകവും മാത്രം മതിയായിരുന്നു മോദിക്ക് അധികാരം പിടിക്കാന്‍. അതുവരെ ബി.ജെ.പിക്കുണ്ടായിരുന്ന കൂട്ടുനേതൃത്വത്തെ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി അപ്രസക്തമാക്കിക്കൊണ്ട് ഒറ്റ നേതാവ് ഉയര്‍ന്നുവന്നു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ സഹായമില്ലാതെ ഒരു പാര്‍ട്ടിക്കും കേന്ദ്രം ഭരിക്കാനാവില്ലെന്ന വിശ്വാസവും അട്ടിമറിക്കപ്പെട്ടു. ഒരു ധ്രുവീകരണ രാഷ്ട്രീയ നേതാവിന് ഇന്ത്യ ഭരിക്കാനാവില്ലെന്ന വിശ്വാസത്തേയും മോദി തിരുത്തിക്കുറിച്ചു. നെഹ്‌റുവിയന്‍ വികാരം രാജ്യത്തിന്റെ ജീനില്‍ അലിഞ്ഞുചേര്‍ന്നതാണെന്ന ധാരണയെ തകര്‍ത്തുകൊണ്ട് ബി.ജെ.പി കോണ്‍ഗ്രസ്സിനെ അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോല്‍വിക്കു വിധേയമാക്കി. വെറും നാല്പത്തിനാല് സീറ്റുകളില്‍ ഒതുങ്ങിപ്പോയ രാഷ്ട്രീയ മുത്തശ്ശിയുടെ പതനം ഒരു പണ്ഡിതനും പ്രവചിച്ചിരുന്നില്ല. 2014-ലെ തെരഞ്ഞെടുപ്പില്‍ നിരീക്ഷിച്ച് ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിങ്ങ് സൊസൈറ്റീസി(CSDS)നുവേണ്ടി നാഷണല്‍ തെരഞ്ഞെടുപ്പ് സര്‍വ്വേയ്ക്കു നേതൃത്വം കൊടുത്ത അഷുതോഷ് കുമാറും യദീന്ദ്ര സിങ്ങ് സിനോദിയയും എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച 'How India Votes' വ്യക്തമാക്കുന്ന പ്രധാനമായൊരു വസ്തുത, ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വ അജന്‍ഡയുടെ അടിത്തറയിലായിരുന്നു ബി.ജെ.പിയുടെ പ്രചരണമെങ്കിലും 2014-ല്‍ ബി.ജെ.പി ഒരു പുതിയ കോണ്‍ഗ്രസ്സായി മാറുകയായിരുന്നുവെന്നതാണ്.

എല്‍കെ അദ്വാനി
എല്‍കെ അദ്വാനി

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുനിന്ന ഏക പാര്‍ട്ടി ആധിപത്യം (one party dominance) വീണ്ടും തിരിച്ചുവന്നു. രാജീവ് ഗാന്ധിക്കുശേഷം ഒറ്റക്കക്ഷി ഭൂരിപക്ഷത്തില്‍ മോദി അധികാരത്തിലെത്തി. അടിത്തട്ടിലും മധ്യനിരയിലും നടന്ന അട്ടിമറി പ്രത്യേകം ശ്രദ്ധിക്കണം. 2009-ലെ തെരഞ്ഞെടുപ്പില്‍പോലും കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ഏതാണ്ട് തുല്യമായ സാന്നിദ്ധ്യമായിരുന്നു പിന്നോക്ക വോട്ടുകളില്‍ (ഒ.ബി.സി). കോണ്‍ഗ്രസ്സിന് 24 ശതമാനവും ബി.ജെ.പിക്ക് 22 ശതമാനവും. 2014-ല്‍ ഒ.ബി.സിയുടെ 34 ശതമാനവും ബി.ജെ.പിയില്‍ എത്തി, ഏതാണ്ട് 12 ശതമാനത്തിന്റെ വര്‍ദ്ധന. നാഷണല്‍ ഇലക്ഷന്‍ സര്‍വ്വേ പറയുന്നത് ഈ 34 ശതമാനത്തില്‍ ഏറിയതും സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ വലുതായൊന്നും നേടിയെടുക്കാന്‍ കഴിയുന്നവരായിരുന്നില്ലത്രേ. പിന്നാക്ക അടിത്തട്ടിലെ 42 ശതമാനവും ബി.ജെ.പിയോടൊപ്പം പോയി എന്നത് യു.പി., ബീഹാര്‍, മദ്ധ്യപ്രദേശ് ഉള്‍പ്പെടുന്ന ബീമാരി മേഖല തൂത്തുവാരാനുള്ള കെല്പ് ബി.ജെ.പിക്കു നല്‍കി. കോണ്‍ഗ്രസ്സിന്റെ മാത്രമല്ല, പ്രാദേശിക പാര്‍ട്ടികളുടേയും ജനകീയ അടിത്തറയും പൊളിഞ്ഞുവീഴുകയായിരുന്നു. പിന്നാക്ക സമുദായക്കാരനായ മോദി എന്ന തുറുപ്പ് ചീട്ടും മോദിയുടെ വാഗ്‌ധോരണിയും ഗ്രാമീണ ദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പിയെ സഹായിച്ചു. കോണ്‍ഗ്രസ്സിനു ന്യായമായി പ്രതീക്ഷിക്കാവുന്ന മുസ്ലിം വോട്ടുകളില്‍, പ്രാദേശിക പാര്‍ട്ടികളുടെ സാന്നിധ്യംകൊണ്ട് വലിയ തോതില്‍ ചിതറുകയും ചെയ്തു. 

മോദി പ്രതിരോധത്തിലോ?
തെരഞ്ഞെടുപ്പിനു കൃത്യം ഒരു മാസം മുന്‍പാണ് ഈ കുറിപ്പ് എഴുതുന്നത്. രാഷ്ട്രീയത്തില്‍ ഏതു നിമിഷവും എന്തും സംഭവിക്കാം. ഒരു ചെറുകണം തീപ്പൊരിയില്‍നിന്ന് അഗ്‌നി ആളിക്കത്തുന്നതുപോലെയാണത്. രാഷ്ട്രീയം, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് കാലത്ത് ചൂടേറി പഴുത്തുനില്‍ക്കുകയാണ്, ഏത് ദിശയിലും അത് ആളിപ്പടരാം. 2014-ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ഫേസ് ബുക്കില്‍ കുറിച്ച ഒരു വാചകം പ്രസിദ്ധമാണ്- ഇനി പ്രതിപക്ഷം 2024-ലെ തെരഞ്ഞെടുപ്പിനു ശ്രമിച്ചാല്‍ മതിയെന്നായിരുന്നു ഒമറിന്റെ കുറിപ്പ്. അത്ര ശക്തമായിരുന്നു മോദി പ്രഭാവം. എന്നാല്‍, മോദി പ്രഭാവത്തിനു പിടിച്ചുനില്‍ക്കാനായില്ല, കെട്ടടങ്ങി. നോട്ട് നിരോധനം മോദിയെ വില്ലനാക്കി, ഇതാണ് രാഷ്ട്രീയത്തിന്റെ ഗതി. 2018-ല്‍ ഹിന്ദി മേഖലയിലേയിലും കര്‍ണാടകയിലുമുണ്ടായ അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മോദി പ്രതിരോധത്തിലായി. മോദിയുടെ അഞ്ചുവര്‍ഷത്തെ ഭരണത്തിന്റെ ബാക്കിപത്രം ജനങ്ങളെ നിരാശപ്പെടുത്തി. നോട്ട് നിരോധനം പോലൊരു അതിക്രമത്തിനു മുന്നില്‍ ജനങ്ങള്‍ പകച്ചുപോയി. ഇന്ത്യയിലെ പ്രതിപക്ഷങ്ങള്‍ ദുര്‍ബ്ബലമായതുകൊണ്ട് മാത്രം ഒരു കലാപത്തില്‍നിന്ന് രാജ്യം രക്ഷപ്പെടുകയായിരുന്നു. ജി.എസ്.ടി കൂടി വന്നതോടെ ദുസ്സഹമായി തീര്‍ന്ന ജനജീവിതത്തിനിടയില്‍ ചെറുകിട വ്യവസായങ്ങളും കാര്‍ഷിക മേഖലയുമാകെ തകര്‍ന്നു. അസാധാരണമായി തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നു. 2014-ല്‍ മോദിയോടൊപ്പം നിന്ന ചെറുപ്പക്കാര്‍ തീര്‍ത്തും നിരാശയിലാണ്. 2019-ല്‍ പുതുതായി വരുന്നത് എട്ടു കോടി വോട്ടര്‍മാരാണ്. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതി പാളുകയും റാഫേല്‍ പോലെ ഭീകരമായ അഴിമതിയുടെ നിഴലില്‍ മോദി നില്‍ക്കുകയും ചെയ്യുന്നു. പുതിയ വോട്ടര്‍മാര്‍ വീണ്ടും താമരയില്‍ കുത്തുമോ? കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗ്രാമീണ ഇന്ത്യയുടെ വികസനത്തിനു പാവങ്ങളുടെ ഉന്നമനത്തിനും എണ്ണമറ്റ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്, പക്ഷേ, ദുരിതജീവിതംകൊണ്ട് പൊറുതിമുട്ടി കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത് തുടരുകയാണ്. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന മുദ്രാവാക്യമുയര്‍ത്തി ആരംഭിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന മുതല്‍ ശുചിത്വ സുന്ദര ഇന്ത്യക്കായി സ്വച്ച് ഭാരത യജ്ഞം വരെ നീളുന്ന പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുകയും നടപ്പാക്കുകയും ചെയ്തു. അന്‍പതുകോടി ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും അദല്‍ പെന്‍ഷന്‍ പദ്ധതിയും ചെറുകിട കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം ആറായിരം രൂപ, പെണ്‍കുട്ടികളുടെ പേരില്‍ സുകന്യസമൃദ്ധി, എല്ലാവര്‍ക്കും വീട് വയ്ക്കാനുള്ള പ്രധാനമന്ത്രി ആവാസ് യോജന, ചെറുകിട സംരംഭകര്‍ക്കുള്ള പ്രധാനമന്ത്രി മുദ്രാപദ്ധതി. അങ്ങനെ നീണ്ടുപോകുന്ന പദ്ധതികളുടെ പ്രഖ്യാപനങ്ങളില്‍ ഏറിയതും അസംബ്ലി തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ക്കു ശേഷമാണ് ഉണ്ടായത്. മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണ പ്രഖ്യാപനവും നടപ്പാക്കലുമാണ് അവസാനമായി സംഭവിച്ചത്. 

മഹാഗഡ് ബന്ധന്‍ 
''മോദി പ്രതിരോധത്തിലാവുകയും മോദീ ഹഠാവോ'' എന്ന മുദ്രാവാക്യം ഉയരുകയും ചെയ്തു.  ഇതാണ് അവസരമെന്ന് കണ്ട് പ്രതിപക്ഷങ്ങള്‍ ഒന്നിച്ചൊരു മഹാഗഡ് ബന്ധ'ന്റെ ആലോചനകളായി. അസംബ്ലി തെരഞ്ഞെടുപ്പിലൂടെ രാഹുല്‍ ഗാന്ധി ശക്തനായി, രാഹുലിനു രാഷ്ട്രീയ പ്രായപൂര്‍ത്തി വന്നുവെന്ന് നിരീക്ഷകര്‍ പറയാന്‍ തുടങ്ങി. ഉത്തരേന്ത്യയിലെ ഹൈന്ദവ ഭൂമികയിലാണ് ബി.ജെ.പിക്കു തിരിച്ചടി സംഭവിച്ചത്. ചത്തീസ്ഗഡില്‍ വലിയ അട്ടിമറി സൃഷ്ടിക്കപ്പെട്ടു, മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പിയെ ചെറുക്കാനായന്നേ ഉള്ളൂ. കഷ്ടിച്ച് കോണ്‍ഗ്രസ് ഭരണത്തിലേറി. ഉത്തരേന്ത്യയില്‍ ബി.ജെ.പിയുടെ അടിത്തറ ഉലഞ്ഞുവെന്ന് കണക്കുകള്‍ പറയുന്നില്ല. ഗ്രാമീണ-അര്‍ദ്ധനഗരങ്ങളിലുണ്ടായ ജനരോഷം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസ്സിനായില്ല. എങ്കിലും അസംബ്ലി തെരഞ്ഞെടുപ്പ് നല്‍കിയ ആവേശത്തില്‍ രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിക്കാന്‍ തുടങ്ങി. സൗമ്യനും മാന്യനുമായി തോന്നിയിരുന്ന രാഹുലിന്റെ മുഖചേഷ്ടകളും ആകാര ആംഗ്യങ്ങളും മാറി. റഫേല്‍ കൂടി വീണുകിട്ടിയതോടെ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്നു വിളിച്ചുപറയാന്‍ രാഹുല്‍ തയ്യാറായി. 'ചോര്‍, ചോര്‍' എന്ന വിളികളുമായി മഹാഗഡ് ബന്ധന്' പ്രതിപക്ഷമാകെ തയ്യാറെടുത്തു. മായാവതിയും മമതയും ദേവഗൗഡയും അഖിലേഷും ചന്ദ്രബാബുവും എം.കെ. സ്റ്റാലിനും ഒന്നിച്ച് അണിനിരന്നു. പക്ഷേ, ആരാവും പ്രധാനമന്ത്രി? സ്റ്റാലിനൊഴികെ ബാക്കിയുള്ളവരൊക്കെ പ്രധാനമന്ത്രി സ്ഥാനമോഹികളായാല്‍ ഗഡ് ബന്ധന് ഒറ്റ നേതാവ് എങ്ങനെയുണ്ടാകും? മോദിയേയും രാഹുലിനേയും ചുറ്റി മാത്രമല്ല ഈ തെരഞ്ഞെടുപ്പെന്ന് മനസ്സിലാക്കാന്‍ ഇതുവരെ പ്രതിപക്ഷത്തിനായിട്ടില്ല. ''മോദി ജയിച്ചാല്‍ ഇന്ത്യ തോല്‍ക്കും'' ഇങ്ങനെയൊരു മുദ്രാവാക്യവുമായി അവര്‍ക്ക് പിടിച്ചുനില്‍ക്കാനാകുമോ? തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് സഖ്യത്തെക്കുറിച്ച് ആലോചിക്കാമെന്നാണ് ഇപ്പോള്‍ പറയുന്നത്. മായാവതിയാകട്ടെ, കോണ്‍ഗ്രസ്സിനോട് കടുത്ത കലിപ്പിലും. വലിയ സംശയങ്ങള്‍ ഉയര്‍ത്തുന്ന വാര്‍ത്തകളാണ് ഉത്തര്‍പ്രദേശില്‍നിന്നു വരുന്നത്. മായാവതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാതെ തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോള്‍ മത്സരിച്ചില്ലെങ്കിലും പ്രധാനമന്ത്രിയാകാമെന്നാണ് ന്യായം. അഴിമതിക്കേസ്സുകള്‍ ഡെമോക്ലസിന്റെ വാള് പോലെ തലയ്ക്കു മുകളില്‍ തൂങ്ങിയാടുകയാണ്, പ്രൈവറ്റ് സെക്രട്ടറി അകത്തായി. ഫലം വന്നശേഷം കൂടുതല്‍ സീറ്റു കിട്ടുന്ന വലിയ പാര്‍ട്ടിയോടൊപ്പം പോകാനുള്ള വിലപേശല്‍ തന്ത്രമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്, തന്നെ ആര് രക്ഷിക്കുമോ അവരോടൊപ്പം നില്‍ക്കും. മമതയും ചന്ദ്രബാബുവും അഖിലേഷും ഒക്കെ ഏതാണ്ട് ഇതേ ഗണത്തിലാണ്, അവര്‍ക്ക് പ്രാദേശികവും വ്യക്തിപരവുമായ താല്പര്യങ്ങളുണ്ട്. അതുകൊണ്ട് തെരഞ്ഞെടുപ്പ് ഫലം വരട്ടെ, എന്നിട്ടാകാം സഖ്യം എന്നതാണ് നിലപാട്. തെരഞ്ഞെടുപ്പിനുശേഷം ഒഡീഷയിലെ നവീന്‍ പട്‌നായിക്കും ആന്ധ്രയിലെ ജഗ്മോഹനും തെലുങ്കാനയിലെ ചന്ദ്രശേഖര റാവും തങ്ങളെ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി. എങ്കിലും അവര്‍ സഖ്യം ഉറപ്പിച്ചു. സഖ്യശ്രമങ്ങളില്‍ കോണ്‍ഗ്രസ്സും പ്രതിപക്ഷ പാര്‍ട്ടികളും പരാജയപ്പെട്ടപ്പോള്‍ പഴയ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞത് ഇങ്ങനെയാണ്: ''ബി.ജെ.പി അതിന്റെ സിറ്റിങ്ങ് സീറ്റുകള്‍ വരെ സഖ്യകക്ഷികള്‍ക്കു വിട്ടുനല്‍കിയാണ് സഖ്യം ഉറപ്പിച്ചത്. എന്നാല്‍, പ്രതിപക്ഷ കക്ഷികള്‍ക്കു നിലവിലുള്ള സീറ്റുകളില്‍പ്പോലും അഭിപ്രായ ഐക്യം ഉണ്ടാക്കാനായിട്ടില്ല. ദൈവം അവരെ രക്ഷിക്കട്ടെ! ''തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യമെന്നത് വലിയ അടവും ചതുരംഗക്കളികള്‍ക്കുള്ള സാധ്യതയുമാണ് തുറന്നിടുന്നത്. ഇടതുപക്ഷത്തെ ഒരു മുന്നണിയും (തമിഴ് നാട്ടിലൊഴികെ) കൂടെ ചേര്‍ക്കുന്നില്ല. വേണമെങ്കില്‍ കൂടിനിന്നോ എന്ന് ബംഗാളിലെ കോണ്‍ഗ്രസ് സി.പി.എമ്മിനോട് പറയുന്നു! മോദി അധികാരത്തിലേറും വരെ സി.പി.എമ്മിന്റെ ഒന്നാം നമ്പര്‍ 'വര്‍ഗ്ഗശത്രു' കോണ്‍ഗ്രസ്സായിരുന്നു. ഇപ്പോള്‍ ബംഗാളിലെ മൂന്നാം സ്ഥാനക്കാരായ കോണ്‍ഗ്രസ്സിനു മുന്നിലാണ് നാലാം സ്ഥാനക്കാരായ സി.പി.എം കാത്തുനില്‍ക്കുന്നത്. രാഷ്ട്രീയത്തിലെ ഈ പതനം അമ്പരപ്പിക്കുന്നതാണ്. 2014-ല്‍ മൂന്നാം മുന്നണി സ്വപ്നവുമായി മായാവതിക്കും ജയലളിതയ്ക്കും ഇടയില്‍ ഒറ്റ ഹാരത്തിനുള്ളില്‍ പുഞ്ചിരിച്ചുകൊണ്ട് നിന്ന പ്രകാശ് കാരാട്ട് എന്ന സി.പി.എമ്മിന്റെ പഴയ സെക്രട്ടറിയുടെ ചിത്രം ഓര്‍മ്മയില്ലേ... സീതാറാം യെച്ചൂരി ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന രാഷ്ട്രീയ ഉപദേശകനാണത്രേ! എത്ര അപഹാസ്യമായ രാഷ്ട്രീയം? എത്ര വേഗത്തിലാണ് ഇടതുപക്ഷം അപ്രത്യക്ഷമാകുന്നത്!

കുടുംബരാഷ്ട്രീയം 
മിക്കവാറും എല്ലാ പ്രാദേശിക പാര്‍ട്ടികളും കുടുംബപാര്‍ട്ടികളാണ്, കോണ്‍ഗ്രസ്സായിരുന്നു അവരുടെ മാതൃക. ഇപ്പോഴും അത് അഭംഗുരം തുടരുന്നു. പ്രിയങ്ക വന്നാല്‍ രാഹുലിന്റെ ശക്തി കൂടുമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍. നാട്ടുംപുറങ്ങളില്‍ പറയാറില്ലേ, ആറിയ കഞ്ഞി. പഴം കഞ്ഞി പ്രിയങ്ക രംഗത്തിറങ്ങിയതോടെ റോബര്‍ട്ട് വദ്രയുടെ കേസ്സുകളുടെ വേഗത കൂടി. ഇതിനിടയില്‍ വദ്രയ്ക്കും ജനസേവനത്തിനു കൊതിയായി! മോദിയുടെ ഗുജറാത്തില്‍ നിന്നാണ് ഇപ്രാവശ്യം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. സബര്‍മതി ആശ്രമത്തിലെ സര്‍വ്വമത പ്രാര്‍ത്ഥനയില്‍ സോണിയയും രാഹുലും പ്രിയങ്കയും പങ്കെടുത്തു. മന്‍മോഹന്‍ സിങ്ങും എ.കെ. ആന്റണിയും അഹമ്മദ് പട്ടേലും ഗുലാംനബിയും പളനിയപ്പന്‍ ചിദംബരവും ഉണ്ടായിരുന്നു.  സോണിയയും മക്കളും അഡാലാജിലെ കോണ്‍ഗ്രസ് വേദിയിലെത്തി പ്രഖ്യാപിച്ചു, ഈ തെരഞ്ഞെടുപ്പില്‍ മോദിയെ പുറത്താക്കും, ആരുമായും സഖ്യത്തിനു തയ്യാര്‍! വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുള്ള കോണ്‍ഗ്രസ്സിന്റെ പടപ്പുറപ്പാട് എന്നാണ് അവര്‍ തന്നെ സമ്മേളനത്തെ വിശേഷിപ്പിച്ചത്. കോടതിവിചാരണയ്ക്ക് കാത്തുനില്‍ക്കുന്ന അമ്മയും മകനും മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന പളനിയപ്പന്‍ ചിദംബരം, 2 ജി മുതല്‍ കല്‍ക്കരിവരെയുള്ള കുംഭകോണങ്ങളില്‍ മൗനിയായിരുന്ന മന്‍മോഹന്‍. ബൊഫേഴ്സ് കഥയിലെ നായകന്റെ മകന്‍ റഫേലുമായി രംഗത്ത്. രാഷ്ട്രീയം എത്ര തമാശയെന്ന് നോക്കൂ. ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ സംഘപരിവാറുമായി ഭരണം പങ്കിട്ട് മമതയും മായാവതിയും മുലായവും ചന്ദ്രബാബുവും ബി.ജെ.പിക്കെതിരെയുള്ള മഹാഗഡ് ബന്ധനില്‍ തൊട്ടുതൊടാതേയും നില്‍ക്കുന്നു! അന്‍പതോടടുക്കുന്ന രാഹുല്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കോളേജ് കാമ്പസുകളിലൊക്കെ സുസ്‌മേരവദനനായി കടന്നുചെല്ലുന്നു! തമിഴ്നാട്ടിലെ സ്റ്റെല്ലാ മേരീസു മുതല്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീവന്‍സുവരെ ഉപരി-മധ്യവര്‍ഗ്ഗക്കാരായ ചെറുപ്പക്കാര്‍ ഹര്‍ഷാരവത്തോടെ രാഹുലിനു വരവേല്പ് നല്‍കുന്നു! രാഹുലിന്റെ നുണക്കുഴികളില്‍ ഹരംകൊണ്ട പെണ്‍കുട്ടികള്‍ സെല്‍ഫിക്കായി ഇരച്ചുകയറുന്നു! ചെന്നൈയിലെ സ്റ്റെല്ലാ മേരീസില്‍വച്ച്, സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭയിലും 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും നടത്തി! യു.പി.എ എന്ന ലേബലില്‍ പത്തു വര്‍ഷക്കാലം അമ്മയും മകനും രാജ്യം ഭരിച്ചു, സ്ത്രീ സംവരണ ബില്ലിനു എന്തു സംഭവിച്ചു എന്ന് ഒരു പെണ്‍കുട്ടിയും ചോദിച്ചില്ല. ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച്, ഗംഗാവന്ദനം നടത്തിയാണ്, ത്രിവര്‍ണ്ണ പതാക പൊതിഞ്ഞ ബോട്ടില്‍, 20 പെണ്‍കുട്ടികള്‍ക്കൊപ്പം പ്രിയങ്ക പ്രയാഗയില്‍നിന്നും മോദിയുടെ വാരാണസിലേക്ക് യാത്ര നടത്തിയത്. പ്രയാഗ് രാജിലെ തറവാട് വീടായ സ്വരാജ് ഭവനില്‍ എത്തിയവര്‍ക്ക് മുത്തശ്ശി ഇന്ദിരാ ഗാന്ധി ജനിച്ച മുറി കാണിച്ചുകൊടുത്തും ഈ വീട്ടില്‍ വച്ചാണ് മുത്തശ്ശി കഥകള്‍ പറഞ്ഞു തന്നിരുന്നതെന്നും മുത്തശ്ശിയുടെ വാക്കുകള്‍ ഇപ്പോഴും ഹൃദയത്തില്‍ മുഴങ്ങുന്നുവെന്നും, ''ധീരമായി മുന്നോട്ടു പോകൂ, എല്ലാം ശരിയാകും ഗംഗാ മാതാവ് വിശാലഹൃദയയാണ്, വെറുപ്പും ഇടുങ്ങിയ ചിന്താഗതിയുമുള്ളതാണ് ബി.ജെ.പി... എന്റെ സഹോദരന്‍ പറയുന്നതേ ചെയ്യൂ, മധ്യപ്രദേശില്‍ ചെയ്തതുപോലെ അധികാരത്തിലേറിയാല്‍ പത്തു ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എല്ലാം എഴുതിത്തള്ളും...'' ''മോദീ, മോദി'' എന്ന ആരവങ്ങള്‍ക്കിടയിലൂടെയാണ് വാരാണസിയിലെ പ്രിയങ്കയുടെ ക്ഷേത്രദര്‍ശനം. പ്രിയങ്കയുടെ ഗംഗായാത്രയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത് കോണ്‍ഗ്രസ് എത്രമാത്രം ശുഷ്‌ക്കമായി യു.പി.യിലെന്നാണ്. ഗംഗാ തടങ്ങളില്‍ പ്രിയങ്കയ്ക്കുവേണ്ടി ആരവങ്ങള്‍ ഉയര്‍ന്നില്ല. തയ്യാറെടുപ്പുകള്‍ നടത്താനുള്ള സംഘടനാ സംവിധാനങ്ങളൊന്നും കോണ്‍ഗ്രസ്സിനുണ്ടായിരുന്നില്ല. ഗ്രാമ കവലകളിലും നഗരങ്ങളിലും പ്രിയങ്കയെ കാണാന്‍ ജനങ്ങള്‍ കൂടുന്നുണ്ട്. പക്ഷേ, അഹമ്മദാബാദിലെ കോണ്‍ഗ്രസ് സമ്മേളന നഗരിയില്‍ പ്രിയങ്കയെ കണ്ട് 'ഇന്ദിര ഇന്ദിരാ' എന്ന് വിളിച്ചലറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ക്കു ചിറകുവയ്ക്കുമോ പ്രിയങ്കയുടെ യു.പിയിലെ സാന്നിദ്ധ്യം? ഇപ്പോഴും കുടുംബമാണ് കോണ്‍ഗ്രസ്സിന്റെ ആസ്തി. 

യോഗി ആദിത്യനാഥിന്റെ തട്ടകത്തില്‍നിന്നാണ് മോദി പ്രചരണം ആരംഭിച്ചത്. അപ്പോള്‍  പുല്‍വാമയും ബാല്‍ക്കോട്ടും സംഭവിച്ചിരുന്നില്ല. പക്ഷേ, മോദി പ്രതിരോധത്തിലായിരുന്നില്ല. പ്രതിപക്ഷത്തെ മഹാഗഡ് ബന്ധനെ പരിഹസിച്ചു. കോണ്‍ഗ്രസ്സിലെ കുടുംബവാഴ്ചയെ കളിയാക്കിയും മുന്നേറിയ മോദി പറയുകയാണ്, നോട്ട് നിരോധനം രാജ്യത്തെ ജനജീവിതത്തെ ബാധിച്ചു, അതിര്‍ത്തികാക്കുന്ന പട്ടാളക്കാരെപ്പോലെ മഹാത്യാഗത്തോടെ ഇന്ത്യന്‍ ജനത അതിനെ സ്വാഗതം ചെയ്തു. അതുകൊണ്ടാണ് യു.പിയില്‍ ഞങ്ങള്‍ അധികാരത്തില്‍ വന്നത്. ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ വലിയ സാമ്പത്തിക സാമൂഹ്യ ആഘാതത്തെ തന്റെ നേട്ടമാക്കി ഉയര്‍ത്തിക്കൊണ്ടാണ് ഉത്തരേന്ത്യയിലാകെ മോദി തെരഞ്ഞെടുപ്പ് റാലികള്‍ക്കു തുടക്കമിട്ടത്. തനിക്കു നേരിട്ട തിരിച്ചടികളെ നേട്ടങ്ങളായി അവതരിപ്പിക്കുന്ന ആ ശൈലിയും വാഗ്‌ധോരണിയുമാണ് ജനങ്ങളെ സ്തബ്ധരായി ഇരുത്തിപ്പിക്കുന്നത്, എല്ലാം രാജ്യത്തിനുവേണ്ടി, വിശന്നുവലഞ്ഞ പാവം മനുഷ്യരുടെ മുന്നിലെ പ്രകടനം ഇങ്ങനെയാണ്. ഗുജറാത്തിലെ മുസ്ലിം വംശഹത്യയുടെ പാപഭാരങ്ങളില്‍ ഏതു രാഷ്ട്രീയ നേതാവും വീണുപോകും, പക്ഷേ, മോദി അത് തനിക്ക് ഹൈന്ദവ സാമ്രാട്ടായി വളരാനുള്ള വഴിയൊരുക്കലാക്കി. മുഗളസാമ്രാജ്യത്തിന്റെ സ്ഥാനത്ത് ഡല്‍ഹിയില്‍ ഒരു ഹൈന്ദവ സാമ്രാജ്യം!

മൃദുഹിന്ദുത്വം
കോണ്‍ഗ്രസ് മോദിയെ പിന്തുടരുന്ന അവസ്ഥയിലാണ് പ്രചരണരീതി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ഹൈന്ദവതയെ ഉത്തേജിപ്പിച്ചുകൊണ്ടാണ് ഹിന്ദി മേഖലയില്‍ കോണ്‍ഗ്രസ്സ് പ്രചരണങ്ങളൊക്കെ. രാഹുലിന്റെ ക്ഷേത്രസന്ദര്‍ശനങ്ങള്‍, ആശ്രമ സന്ദര്‍ശനങ്ങള്‍, എന്തിന് ഗോവധ കാര്യത്തില്‍പ്പോലും സമാനമായ നിലപാടുകള്‍. മധ്യപ്രദേശിലും രാജസ്ഥാനിലും പുതുതായി അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ആദ്യം ചെയ്തത് പശുക്കളെ കൊല്ലുന്നവരെ 'പോസ്‌ക്കോ' കേസ് ചുമത്തി വിചാരണ ചെയ്യാതെ തടവിലാക്കുന്ന നിയമം കൊണ്ടുവന്നതായിരുന്നു. ഉത്തരേന്ത്യയുടെ സാമൂഹ്യാവസ്ഥയില്‍ ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാന്‍ ഇതല്ലാതെ കോണ്‍ഗ്രസ്സിനു മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ വന്നിരിക്കുന്നു, ബി.ജെ.പിയെ വിടാതെ പിന്തുടരുകയാണ് കോണ്‍ഗ്രസ്സും രാഹുലും. ജനജീവിതത്തെ ദുസ്സഹമാക്കുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും ഗ്രാമീണ തകര്‍ച്ചകളും അപ്രസക്തമാക്കിക്കൊണ്ട് പുതിയ ഒരു യുദ്ധമുഖമാണ് ഇപ്പോള്‍ ബി.ജെ.പി തുറന്നിരിക്കുന്നത്. പുല്‍വാമയ്ക്കും ബാല്‍കോട്ടും പ്രതിപക്ഷങ്ങളെ ആകെ ഞെട്ടിച്ചുകളഞ്ഞു! പുല്‍വാമ രാജ്യത്തെ ഞെട്ടിച്ചപ്പോള്‍ സര്‍ക്കാരിനു കൂടെ നിന്ന പ്രതിപക്ഷം ബാല്‍കോട്ട് ആക്രമണത്തില്‍ ആകെ പതറുന്ന കാഴ്ചയാണ് രാഷ്ട്രം കണ്ടത്. ബാല്‍കോട്ടിന് തെളിവ് ചോദിച്ച പ്രതിപക്ഷം മോദിയുടെ അജന്‍ഡ കൃത്യമായി രൂപപ്പെടുത്തിക്കൊടുത്തു. ബാല്‍കോട്ടിനു ശേഷം മോദി പ്രസംഗം ആരംഭിക്കുന്നത് ഇങ്ങനെയാണ്: ''രാവിലെ 5 മണിക്ക് പാകിസ്താന്‍ കരയാന്‍ തുടങ്ങി, മോദി ഞങ്ങളെ ആക്രമിച്ചു, മോദി ഞങ്ങളെ ആക്രമിച്ചു...'' ''പാകിസ്താനെ വെറുതെ വിടില്ല. രാഹുല്‍ജിക്ക് മസുദ് അസര്‍ 'മസ്ദുര്‍ജി'യാണ് നമുക്ക് അയാളൊരു കൊടും ഭീകരനാണ്.'' പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും എത്തി. ഉത്തരേന്ത്യയില്‍ മൃതദേഹങ്ങള്‍ക്ക് മുന്നില്‍ തടിച്ചുകൂടി വിതുമ്പിയ പാവങ്ങളുടെ വികാരം ഏറ്റെടുത്ത് ബാല്‍കോട്ടില്‍ തിരിച്ചടിച്ച മോദി ജനങ്ങള്‍ക്കു മുന്നില്‍ ധീരനായകനാകുന്നത് സ്വാഭാവികം. പക്ഷേ, പ്രതിപക്ഷത്തിനു പാളി, അവസാനം രാഹുലിന്റെ ഉപദേശകന്‍ സാം പത്രോയയുടെ പ്രസ്താവം കൂടി പുറത്തുവന്നപ്പോള്‍ മോദിക്കും ബി.ജെ.പിക്കും മറ്റു ആയുധങ്ങളൊന്നും ആവശ്യമായി വന്നില്ല. 'സായുധസേനയെ സംശയിച്ചവര്‍ക്ക് രാജ്യം മറുപടി നല്‍കും' എന്നതാണ് പുതിയ ടാഗ് ലൈന്‍. സായുധസേനയുമായി ബന്ധപ്പെട്ട ഉത്തരേന്ത്യന്‍ വികാരം തെക്കുള്ള നമുക്ക് അത്ര പെട്ടെന്ന് പിടികിട്ടിയെന്നുവരില്ല. കരുത്തനായ പ്രധാനമന്ത്രിക്ക് അംഗീകാരം നല്‍കുക, 'a battle for India's Soul, a referendum on Modi' എന്നായി ദേശീയ മാധ്യമങ്ങള്‍. കാവല്‍ക്കാരന്‍ കള്ളനാണെന്ന രാഹുലിന്റെ പ്രസ്താവത്തിന് 25 ലക്ഷം വരുന്ന സെക്യൂരിറ്റി ഭടന്മാരുടെ വാട്‌സ് ആപ്പിലൂടെ മോദി മറുപടി കൊടുത്തു, 'മേം ഭീ ചൗക്കീദാര്‍ ഹൈ.' 'മോദി കുടുംബത്തില്‍ പിറക്കാത്തവന്‍' എന്ന പ്രിയങ്കയുടെ പ്രസ്താവവും മോദിക്ക് ആയുധമായി. 

നല്ല ഊര്‍ജ്ജസ്വലനായാണ് രാഹുല്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്, തികഞ്ഞ രാഷ്ട്രീയക്കാരന്റെ രീതികള്‍ പക്ഷേ, ഇനിയും വേണ്ടത്ര ഒത്തുവന്നിട്ടില്ല. തകര്‍ന്നുപോയ കോണ്‍ഗ്രസ്സിനെ ഒറ്റയ്ക്ക് തുഴഞ്ഞുകയറ്റാനുള്ള പെടാപ്പാട് വ്യക്തമാണ്. റ്റി.ജെ.എസ്. ജോര്‍ജിനെപ്പോലെ വന്ദ്യവയോധികനായ ഒരു മാധ്യമപ്രവര്‍ത്തകന്‍ മാര്‍ച്ച് 24-ന് സണ്‍ഡേ എക്സ്പ്രസ്സിലെ തന്റെ പതിവ് കോളത്തില്‍ എഴുതിയത് 'Congress's main Enemy? Congress' എന്നാണ്. കോണ്‍ഗ്രസ്സിന്റെ ശത്രു കോണ്‍ഗ്രസ് തന്നെയാണ്. രാഹുല്‍ ഒറ്റയ്ക്ക് ഓടിനടക്കുകയാണ്, ഭാവനാസമ്പന്നരായവര്‍, രാഷ്ട്രീയതന്ത്രജ്ഞന്മാര്‍ കൂടെയില്ല. കൂടെ പറ്റിനില്‍ക്കുന്നവരാകട്ടെ, വെറും 'ചമ്യകള്‍.' സചിന്‍ പൈലറ്റിനെപ്പോലെ, ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെ മിലിന്‍സ് ദിയോറയെപ്പോലുള്ളവര്‍ രാഹുലിനൊപ്പമില്ല. ദിഗ്വിജയിനെപ്പോലുള്ള പഴയ പോരാളികളും കൂടെയില്ല. വിദഗ്ദ്ധരായ കമാന്‍ഡര്‍മാര്‍ ഇല്ലാതെ സേനാനായകന്‍ യുദ്ധം ജയിക്കുന്നതെങ്ങനെ? മോദിയെ നോക്കുക, കമാന്‍ഡര്‍മാരുടെ വലിയൊരു നിര സര്‍വ്വസജ്ജരായി കൂടെയുണ്ട്. അമിത് ഷാ, രാജ്‌നാഥ് സിങ്ങ്, നിതിന്‍ ഗഡ്കരി, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, സ്മൃതി ഇറാനി, നിര്‍മ്മലാ സീതാരാമന്‍... എണ്ണമില്ലാത്ത പട്ടികയാണ്. കോണ്‍ഗ്രസ്സിന്റെ മീഡിയാ റൂമുകളില്‍ തമാശയാണ്, ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന ചിലര്‍ ടോം വടക്കനെപ്പോലെ സംസാരിക്കുന്നു, അവര്‍ക്ക് കോണ്‍ഗ്രസ് എന്നത് വയറ്റുപിഴപ്പിനുള്ള മാര്‍ഗ്ഗം മാത്രം! രാഹുല്‍ ഒറ്റയ്ക്ക് ഓടിനടന്നാല്‍ തരംഗമാകുമെന്ന് കോണ്‍ഗ്രസ്സുകാര്‍ കരുതുന്നു! വടക്കുനിന്ന് തെക്കുവരേയും കിഴക്കുനിന്നു പടിഞ്ഞാറുവരെയുമുള്ള ആര്‍.എസ്.എസ്സിന്റെ അതിബൃഹത്തായ സംഘടനാ സംവിധാനത്തിനു പുറത്തുനിന്നാണ് മോദി കളിക്കുന്നത്. അതിന് മുന്നില്‍ നടുവൊടിഞ്ഞ് കിടക്കുന്ന കോണ്‍ഗ്രസ്സിന് രാഹുല്‍ തരംഗം സൃഷ്ടിച്ച് ഉത്തേജനം കൊടുക്കുമെന്ന് കോണ്‍ഗ്രസ്സുകാര്‍ കരുതുന്നു. ഈ കുറിപ്പ് എഴുതുന്ന മാര്‍ച്ച് അവസാന ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥി പട്ടികകള്‍ പുറത്തുവരുന്നതേയുള്ളു. മാനിഫെസ്റ്റോകള്‍ പുറത്തുവന്നിട്ടില്ല, വന്നിട്ട് കാര്യമില്ലെന്ന് ജനത്തിനറിയാം, എത്രയോ കാലങ്ങളായി നമ്മള്‍ കേള്‍ക്കുന്നത് പുതിയ ബ്രാന്‍ഡുകളില്‍ നമ്മുടെ മുന്നിലെത്തും. തെരഞ്ഞെടുപ്പ് ഉത്സവത്തിലെ ഒന്നാം അങ്കത്തിന്റെ തിരശ്ശീല ഉയര്‍ന്നിട്ടേയുള്ളൂ. 

കോര്‍പ്പറേറ്റുകളുടെ ആഘോഷം 
കോര്‍പ്പറേറ്റുകളും സജീവമായി രംഗത്തു വന്നിട്ടേയുള്ളു. ഇന്ത്യന്‍ ജനതയുടെ തെരഞ്ഞെടുപ്പ് സ്വഭാവം പഠിക്കാനായി ന്യൂയോര്‍ക്കിലെ മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്‍വെസ്റ്റുമെന്റിലെ സ്ട്രാറ്റജി  ചീഫായ രുചിര്‍ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രൊഫഷണലുകള്‍ തെരഞ്ഞെടുപ്പ് യാത്രകള്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളേയും പ്രവര്‍ത്തകരേയും വോട്ടര്‍മാരേയും നിരീക്ഷിച്ചുകൊണ്ട്, രുചിര്‍ ശര്‍മ്മ എഴുതിയ 'Democracy on Road' എന്ന പുസ്തകവും മാര്‍ക്കറ്റിലുണ്ട്. ഇതൊരു സ്വഭാവ പഠനമാണ് (Behavioural study). ഇന്ത്യന്‍ ജീവിതം പഠിച്ചാണ് തങ്ങളുടെ ഉല്പന്നങ്ങള്‍ക്കുള്ള ഉപഭോക്താക്കളെ എങ്ങനെ കണ്ടെത്താം എന്ന് ബഹുരാഷ്ട്ര കമ്പനികള്‍ മനസ്സിലാക്കുന്നത്. സ്ഥാനാര്‍ത്ഥികളെക്കുറിച്ചും നേതാക്കളെക്കുറിച്ചും കമ്പനി ഉല്പന്നങ്ങളുടെ സ്വഭാവമഹിമകള്‍ വര്‍ണ്ണിക്കുംപോലെ എണ്ണമറ്റ കുറിപ്പുകള്‍ ദിനംപ്രതി പുറത്തുവരുന്നു. കള്ളപ്രചരണങ്ങളുടെ കുത്തൊഴുക്കാണ് സോഷ്യല്‍ മീഡിയയില്‍, ചാനലുകളിലും മാധ്യമങ്ങളിലും. ഈ പ്രചരണങ്ങളില്‍ നാം പെട്ടുപോകും. പീയുഷ് പാണ്ഡെയുടെ ഒജില്‍വി, മക്കാന്‍ വേള്‍ഡ് ഗ്രൂപ്പിന്റെ പ്രബൂണ്‍ ജോഷി, മാഡിസണ്‍ കമ്യൂണിക്കേഷന്റെ സാം ബല്‍സാര എന്നിവരുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിനു കോടികള്‍ വാരിയെറിഞ്ഞാണ് ബി.ജെ.പി ഡിജിറ്റല്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. ''നാമുംകിന്‍ അബ്ബ് മുംമിക്കിന്‍'' (the impossible is possible now), അസാധ്യമായത് ഇപ്പോള്‍ സാധ്യമാണ് എന്നാണ് ടാഗ്ലൈന്‍. യൂണിലിവര്‍, നെസ്ലേ, സ്‌മോട്ടിഫൈ തുടങ്ങിയ ബഹുരാഷ്ട്ര ഭീമന്മാരുടെ ഡിജിറ്റല്‍ പരസ്യങ്ങള്‍ തയ്യാറാക്കുന്ന സില്‍വര്‍ പുഷ് കോണ്‍ഗ്രസ്സിന്റെ ക്യാമ്പയിനും ചുക്കാന്‍ പിടിക്കുന്നു. 2015-ല്‍ അമേരിക്കയില്‍ സ്വകാര്യതാ ലംഘനത്തിനു നടപടി നേരിട്ടവരാണ് സില്‍വര്‍ പുഷ് എന്നും ഓര്‍മ്മിക്കുക. ബിഗ് ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവരുടെ സഹായത്തില്‍ ബഹുരാഷ്ട്ര ഡിജിറ്റല്‍ കമ്പനികള്‍ ഇനി സോഷ്യല്‍ മീഡിയകളിലും ചാനലുകളിലും നമ്മുടെ സ്മാര്‍ട്ട് ഫോണുകളിലും അലര്‍ട്ട് ചെയ്തുകൊണ്ടിരിക്കും, സ്മാര്‍ട്ട് ഫോണിലെ നമ്മുടെ സ്വകാര്യവിവരങ്ങളില്‍ കയറി ഇവര്‍ കളിക്കും, നമ്മുടെ മനസ്സ് സ്മാര്‍ട്ട് ഫോണില്‍നിന്ന് അവര്‍ പിടിച്ചെടുക്കും, ഇതാണ് നിങ്ങളുടെ ക്ലയന്റ്‌സ് (സ്ഥാനാര്‍ത്ഥി) എന്ന് നിരന്തരം ബോധിപ്പിച്ചുകൊണ്ടിരിക്കും. ഊണിലും ഉറക്കത്തിലും നാം മോദിയെ കാണും, രാഹുലിനേയും. മാര്‍ക്കറ്റില്‍ ഒരു സാധനം വാങ്ങുന്ന ലാഘവത്തോടെ നമുക്ക് ഒരാളെ തെരഞ്ഞെടുക്കാം. ബഹുരാഷ്ട്ര ഭീമന്മാരുടെ കളികളില്‍ പാവപ്പെട്ട നമ്മള്‍ ജനങ്ങള്‍ എത്ര നിസ്സഹായരായിരിക്കുന്നു! ജനാധിപത്യം ഡിജിറ്റലാകുമ്പോള്‍ കോര്‍പ്പറേറ്റുകളും മാധ്യമ ഭീമന്മാരും നമ്മുടെ അഭിപ്രായത്തെ സ്വാധീനിക്കുന്നു. നമ്മള്‍ ഉത്സവച്ചന്തയിലെ കാഴ്ചക്കാരും ഉപഭോക്താക്കളും മാത്രമാകുന്നു, ജനാധിപത്യം വോട്ടിങ്ങ് മെഷീനിലെ വെറുമൊരു ബീപ് ശബ്ദവും!

(ലേഖകന്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് മേധാവിയായിരുന്നു)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com