റിബലായ സ്ഥാനാര്‍ത്ഥി: പ്രൊഫസര്‍ ജി ബാലചന്ദ്രന്‍ എഴുതുന്നു

അനന്തപുരിയില്‍നിന്ന് ആലപ്പുഴയിലെത്തി അങ്കം ജയിച്ച് ഇന്ദ്രപ്രസ്ഥത്തിലേക്കു പോയ കെ. ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് ചരിത്രസംഭവമായിരുന്നു.  അതുകഴിഞ്ഞദ്ദേഹം ആലസ്യത്തിലേക്ക് കൂപ്പുകുത്തിയതും ചരിത്രത്തിന്റെ ഭാഗം
റിബലായ സ്ഥാനാര്‍ത്ഥി: പ്രൊഫസര്‍ ജി ബാലചന്ദ്രന്‍ എഴുതുന്നു

1971-ല്‍ അമ്പലപ്പുഴ ലോക്സഭ മണ്ഡലത്തില്‍നിന്ന് ആര്‍.എസ്.പി. സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കെ. ബാലകൃഷ്ണന്‍ എത്തുന്നു. അന്ന് ആ പാര്‍ട്ടി കോണ്‍ഗ്രസ് മുന്നണിയിലാണ്.  യൂണിവേഴ്സിറ്റി കോളേജില്‍ എം.എ.യ്ക്കു പഠിക്കുന്ന കാലം മുതല്‍ എനിക്ക് കൗമുദി ബാലകൃഷ്ണനെ അറിയാം.  പ്രഗത്ഭ വാഗ്മിയും എഴുത്തുകാരനും ധിക്കാരിയുമായ ബാലകൃഷ്ണനോട് സ്‌നേഹവും ബഹുമാനവുമായിരുന്നു. സ്വന്തം പിതാവ് സി. കേശവനെതിരായിപ്പോലും പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ബാലകൃഷ്ണന്‍ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാണ്. സുശീലാ ഗോപാലനായിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി.  സാധാരണഗതിയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു നിഷ്പ്രയാസം ജയിച്ചുകയറാന്‍ കഴിയുന്ന കോട്ട.  ആ പുലിമടയിലേക്കാണ് ബാലകൃഷ്ണന്റെ വരവ്.  എല്ലാത്തില്‍നിന്നും ഒഴിഞ്ഞും ഒതുങ്ങിയും മദ്യാസക്തിയില്‍ മുഴുകി കഴിഞ്ഞിരുന്ന ബാലകൃഷ്ണനെ ഉത്തേജിപ്പിക്കാനാണ് ശ്രീകണ്ഠന്‍ നായരും ബേബി ജോണും ടി.കെ. ദിവാകരനും അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.  ഒരു കാലഘട്ടത്തില്‍ കൊടുങ്കാറ്റുപോലെ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ-സാംസ്‌കാരിക തലങ്ങളില്‍ ആഞ്ഞടിച്ച കെ. ബാലകൃഷ്ണന്‍ ചെറുപ്പക്കാരുടെ ഹരമായിരുന്നു.  മുഖ്യമന്ത്രിയും ധിക്കാരിയും ധീരനും വിപ്ലവകാരിയുമായ സി. കേശവന്റെ ആര്‍ജ്ജവം പുത്രന്‍ ബാലകൃഷ്ണനിലും ജ്വലിച്ചു നിന്നു.  അദ്ദേഹം എന്നും ഒരു റിബലായിരുന്നു.  അറിഞ്ഞും പറഞ്ഞും പ്രചരിപ്പിച്ചും കെ. ബാലകൃഷ്ണന്റെ ഇമേജ് നാടാകെ പരന്നു.  കോണ്‍ഗ്രസ്സുകാര്‍ക്ക് ആവേശമായി.  ചുവരെഴുതാനും പോസ്റ്റര്‍ ഒട്ടിക്കാനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി.  ഇന്നത്തെപ്പോലെ ബഹുവര്‍ണ്ണ പോസ്റ്ററുകളോ ഫ്‌ലക്സ് ബോര്‍ഡുകളോ ഒന്നും അന്നില്ല.  വെറും ബ്ലാക് ആന്റ് വൈറ്റ് പോസ്റ്റര്‍.  ഒട്ടിക്കുന്നത് എതിരാളികള്‍ കീറിക്കളയും.  പിന്നെ കൈത്താന്‍ ചാക്കില്‍ പോസ്റ്റര്‍ ഒട്ടിച്ച് തെങ്ങില്‍ വലിച്ചുകെട്ടും.  കഴിയുന്നത്ര ചുമരുകളിലൊക്കെ എഴുത്തു നടത്തി.  കമ്മിറ്റികള്‍ രൂപീകരിച്ചു.  കണ്‍വെന്‍ഷനുകളിലും സമ്മേളനങ്ങളിലും ആളുകളെ കൂട്ടി.  ദേശീയ സംസ്ഥാന നേതാക്കള്‍ എല്ലാം രംഗത്തെത്തി.  കോര്‍ണര്‍ യോഗങ്ങള്‍ സംഘടിപ്പിച്ചു.  വളരെ പെട്ടെന്ന് തെരഞ്ഞെടുപ്പുരംഗം കൊഴുത്തു.

ഞാനന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയാണ്.  തച്ചടി പ്രഭാകരനാണ് പ്രസിഡന്റ്.  മിക്കയിടത്തും പൈലറ്റ് പ്രസംഗത്തിന് എന്നെയാണ് നിയോഗിച്ചത്.  കെ. ബാലകൃഷ്ണന്‍ വേദിയില്‍ വരുന്നതിനു മുന്‍പ് ഞാന്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കും.  അദ്ദേഹത്തിന്റെ അപദാനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് പ്രസംഗം.  സി.പി. രാമസ്വാമി അയ്യര്‍ക്കെതിരെ സി. കേശവന്‍ നടത്തിയ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്തു.  അത് ആലപ്പുഴ കിടങ്ങാംപറമ്പു ക്ഷേത്രമൈതാനിയിലെ പ്രസംഗവേദിയില്‍ വച്ചായിരുന്നു.  ആ മണ്ണില്‍നിന്നാണ് അദ്ദേഹത്തിന്റെ പ്രിയപുത്രന്‍ ബാലകൃഷ്ണന്‍ മത്സരിക്കുന്നത്.  ബാലകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം ആലപ്പുഴയ്ക്ക് ലഭിച്ച സൗഭാഗ്യമാണ് എന്നൊക്കെ ഞാന്‍ കാച്ചുമ്പോഴാണ് സ്ഥാനാര്‍ത്ഥിയുടെ വരവ്.  ചടച്ചു ക്ഷീണിച്ച ബാലകൃഷ്ണന്‍ വേദിയില്‍ കയറി പ്രസംഗം തുടങ്ങും.  നാലഞ്ചു മിനിറ്റുകൊണ്ട് സദസ്യര്‍ ആവേശത്തള്ളിച്ചയിലാവും. അതുകഴിഞ്ഞ് സ്വീകരണമാണ്.  പൂമാലയും കടലാസുമാലയും നേര്യതുമൊക്കെകൊണ്ട് കഴുത്തു നിറയും.  നാട്ടുകാര്‍ ആദരവോടെ ഇമവെട്ടാതെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നോക്കിയിരിക്കും.  അപ്പോള്‍ അദ്ദേഹം വേദിയില്‍നിന്നു താഴോട്ടിറങ്ങി ആളുകള്‍ക്കിടയിലൂടെ നടന്ന് കുശലം പറഞ്ഞ് വോട്ടു  ചോദിക്കും.  പിന്നെ അടുത്ത സ്ഥലത്തേക്ക്.  ഒരുമിച്ചു കാറിലിരിക്കുമ്പോള്‍ ഞാന്‍ പറയും: ''ബാലേട്ടനറിയാമോ?  ഞാന്‍ പ്രസംഗിച്ചാണ് ആളെ കൂട്ടിയത്.'' അപ്പോള്‍ ബാലകൃഷ്ണന്‍ ചൊടിച്ചുകൊണ്ട് പ്രതികരിച്ചു: ''ഞാന്‍ പ്രസംഗിക്കുമെന്നറിഞ്ഞാല്‍ ആളുകള്‍ കൂടും, നീ തിരുവനന്തപുരത്തു പോയി അന്വേഷിച്ചു നോക്ക്.'' അതു പറഞ്ഞുതീരുമ്പോഴേക്കും അടുത്ത സ്വീകരണ സ്ഥലത്തു കാറെത്തിയിരിക്കും.

വീടുകളില്‍ കയറി സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയും സ്ലിപ്പും കൊടുക്കണം.  അതിനായി ബൂത്തുകമ്മിറ്റികള്‍ സജീവമായി.  പലപ്പോഴും പലയിടത്തും ബൂത്ത് ഓഫീസ് കെട്ടുന്നത് സംബന്ധിച്ച് തര്‍ക്കങ്ങളും വഴക്കുകളും അടിപിടിയും ഉണ്ടാവും.  പുന്നപ്ര-വയലാര്‍ വിപ്ലവത്തിന്റെ വളക്കൂറുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചുവന്ന മണ്ണില്‍ വിപ്ലവത്തിന്റെ മറ്റൊരു മുഖമുള്ള ആര്‍.എസ്.പി. വന്നപ്പോള്‍ കാര്യങ്ങള്‍ അരവും അരവും ഏറ്റുമുട്ടുന്നതുപോലെയായി.  അടിയും ബഹളവുമുണ്ടായാല്‍ ചവറയില്‍നിന്ന് ആര്‍.എസ്.പിക്കാരെത്തും.  അതുകൊണ്ട് ഇരുകൂട്ടര്‍ക്കും ഉള്ളില്‍ ഭയമാണ്. പട്ടികകൊണ്ട് പെട്ടിപോലെ കൂട്ടി നാലുവശവും തുണിയില്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും വരച്ച് ഉള്ളില്‍ പെട്രോള്‍മാക്സ് ലൈറ്റ് കത്തിച്ചുവച്ച് അത് ഒരാള്‍ തലയില്‍ ചുമന്നുകൊണ്ട് നടക്കും.  നൈറ്റ് സ്‌കോഡില്‍ പത്തന്‍പതു പേര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഊടുവഴികളിലൂടെ നീങ്ങും.  വലിയ പ്രകാശവും ഉച്ചത്തിലുള്ള മുദ്രാവാക്യം വിളിയുമായി മുന്നോട്ടു നീങ്ങുമ്പോള്‍ ആളുകള്‍ പുറത്തിറങ്ങി നോക്കിനില്‍ക്കും.

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍പ്പെട്ട ഒരു നേതാവ് കെ. ബാലകൃഷ്ണനെ മദ്യപാനിയാണെന്നു പറഞ്ഞ് പരിഹസിച്ചപ്പോള്‍ ബാലകൃഷ്ണന്‍ വിട്ടുകൊടുത്തില്ല.  ''ഞാന്‍ മദ്യപിക്കും ശരിയാണ്.  അതിനാര്‍ക്കാ ചേതം. എന്നെ ഇഷ്ടപ്പെടുന്നവര്‍ എനിക്കു വോട്ടുചെയ്താല്‍ മതി''.  അങ്ങനെയൊക്കെ പറയാമോ- ഞങ്ങള്‍ ശങ്കിച്ചു.  ബാലകൃഷ്ണന്‍ അങ്ങനെയാണ്.  ഒന്നിനും വഴങ്ങുകയോ ഒരിടത്തും ചൂളുകയോ ചെയ്യില്ല.  കുട്ടനാട്ടില്‍ വള്ളത്തിലാണ് സ്വീകരണത്തിനു പോയത്.

അരൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട് എന്നീ അസംബ്ലി മണ്ഡലങ്ങള്‍ ചേരുന്നതാണ് അമ്പലപ്പുഴ പാര്‍ലമെന്റ് മണ്ഡലം.  എല്ലാ സ്ഥലത്തും സ്വീകരണ പര്യടനം നടത്തിവന്നപ്പോള്‍ എടത്വായില്‍ എത്താന്‍ വൈകി.  രാത്രി എട്ടുമണി കഴിഞ്ഞു ആളുകള്‍ ഒത്തിരി കൂടിയിട്ടുണ്ട്.  വലിയ മുദ്രാവാക്യം വിളി.  പലരുടേയും കാലുകള്‍ നിലത്തുറയ്ക്കുന്നില്ല.  രാഷ്ട്രീയത്തിന്റേയും മദ്യത്തിന്റേയും ലഹരി ആളുകളില്‍ പതഞ്ഞുപൊങ്ങി.  കെ. ബാലകൃഷ്ണന്‍ കാറില്‍നിന്ന് ഇറങ്ങിയപാടെ ജനക്കൂട്ടം അദ്ദേഹത്തെ കെട്ടിപ്പിടിച്ചു; ഉമ്മ വച്ചു.  ആരവത്തോടെ പൊക്കിയെടുത്ത് സ്റ്റേജിലേക്ക് കൊണ്ടുപോയി.  എടത്വായിലെ പ്രവര്‍ത്തകര്‍ ആഹ്ലാദത്തിമിര്‍പ്പിലാണ്.  വേദിയിലെത്തിയപ്പോള്‍ ബാലേട്ടന്‍ എന്നോടു അടക്കം പറഞ്ഞു: ''ഇവര്‍ ആളുകള്‍ കൊള്ളാമല്ലോ, എനിക്കു ചേരും.  എനിക്കിവരെ ഇഷ്ടപ്പെട്ടു.''  അപ്പോഴേക്കും കരിക്കു കൊണ്ടുവന്നു പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിക്കു കൊടുത്തു.  അതില്‍ അല്പം ''വിദേശിയനും'' ഒഴിച്ചിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു.  അദ്ദേഹം അത് രുചിയോടെ കുടിച്ചു. അവിടെ സമാപനമായിരുന്നതുകൊണ്ട് ബാലകൃഷ്ണന്‍ കുറച്ചു നീട്ടി പ്രസംഗിച്ചു.

സ്ഥാനാര്‍ത്ഥികളുടെ ഇഞ്ചോടിഞ്ചു പോരാട്ടമാണ്. ആരു ജയിക്കുമെന്ന് പ്രവചിക്കാനാവാത്തത്ര വാശിയും ചൂടും ആ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു.  ബൂത്ത് ഓഫീസുകളും ബൂത്ത് ഏജന്റുമാരും എല്ലാം റെഡിയായി. പണംകൊടുത്തു വോട്ടു മറിക്കുന്നുണ്ടോ എന്നറിയാന്‍ രാത്രിയില്‍ പ്രവര്‍ത്തകര്‍ കാവല്‍ നില്‍ക്കും.  എവിടെയെങ്കിലും കലഹമുണ്ടെന്നറിഞ്ഞാല്‍ അതിനുപറ്റിയവര്‍ അവിടെ ഓടിയെത്തും.  

തെരഞ്ഞെടുപ്പു ദിവസം നൂറോളം കാറുകളാണ് ആലപ്പുഴ കടപ്പുറം റിക്രിയേഷന്‍ ഗ്രൗണ്ടില്‍ അണിനിരന്നത്.  ആളുകളുടെ, പ്രത്യേകിച്ച് ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരുടെ കണ്ണ് മഞ്ഞളിച്ചുപോയി.  സ്ഥാനാര്‍ത്ഥിയുടെ അഭ്യുദയകാംക്ഷികള്‍ അയച്ച കാറുകളായിരുന്നു അവ.  അതിനെല്ലാം ടോക്കണ്‍ കൊടുത്ത് അരൂര്‍, ചേര്‍ത്തല, മാരാരിക്കുളം, അമ്പലപ്പുഴ, കുട്ടനാട്, കായംകുളം എന്നിവിടങ്ങളിലെ വിവിധ കമ്മിറ്റികള്‍ക്കായി കൊടുത്തു.  വോട്ടര്‍മാരെ കയറ്റിക്കൊണ്ടു വരാനാണ് കാറുകള്‍ ഉപയോഗിച്ചത്.  കോണ്‍ഗ്രസ് മുന്നണിക്ക് അത്തരമൊരു പ്രവര്‍ത്തനശൈലി ഉണ്ടായത് ആദ്യമാണ്.  മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആകെ അന്തംവിട്ടുപോയി.  

കെ ബാലചന്ദ്രന്‍
കെ ബാലചന്ദ്രന്‍


തെരഞ്ഞെടുപ്പു ദിവസം ബൂത്ത് ഓഫീസുകളില്‍ പലവിധ നാടകങ്ങളും അരങ്ങേറി.  ബൂത്ത് ഏജന്റുമാരെ കമ്മ്യൂണിസ്റ്റുകാര്‍ വിരട്ടി.  ചിലര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കാമെന്നു പറഞ്ഞു.  തങ്ങള്‍ ചെയ്യുന്ന വോട്ടുകള്‍ ചലഞ്ചു ചെയ്യാതിരിക്കണം.  എതിര്‍ക്കുകയും ചെയ്യരുത്.  കമ്മ്യൂണിസ്റ്റുകാരെ ഭയന്ന് ചില പാവം ബൂത്ത് ഏജന്റുമാര്‍ ജീവന്‍ പേടിച്ച് മൗനം ഭജിച്ചു. ബൂത്തിനകത്ത് കമ്യൂണിസ്റ്റുകാര്‍ എല്ലാവര്‍ക്കും സര്‍ബത്ത് വാങ്ങിക്കൊടുത്തു.  പോളിംഗ് ഏജന്റുമാര്‍ അത് വാങ്ങി കുടിച്ചില്ല.  കോണ്‍ഗ്രസ്സുകാര്‍ ദാഹം മൂത്ത് സര്‍ബത്ത് വാങ്ങി കുടിച്ചു.  അതു കഴിച്ചപാടെ ചിലരുടെ തല കറങ്ങി.  ചിലര്‍ മയങ്ങി.  ഉടനെതന്നെ ആ ബൂത്ത് ഏജന്റുമാരെ മാറ്റി പകരക്കാരെ നിയോഗിച്ചു.  കോണ്‍ഗ്രസ് വോട്ടുകളാണെന്നറിയാവുന്നവരെ കൂവിയും ബഹളം വച്ചും നാണം കെടുത്താനും എതിരാളികള്‍ ശ്രമിച്ചു.  രണ്ടു കൂട്ടരുടേയും വോട്ടുകള്‍ രാവിലെ തന്നെ ചെയ്യിച്ചു. വോട്ടു മന്ദീഭവിപ്പിക്കാന്‍ ബൂത്തിനകത്തും പുറത്തും അവര്‍ ബഹളം ഉണ്ടാക്കി.  പോളിംഗ് കുറയ്ക്കാനാണ് അത്തരം ശ്രമങ്ങള്‍ നടത്തിയത്.  ഇതൊക്കെ അറിയാവുന്നതുകൊണ്ട് അത്തരം വേലത്തരങ്ങള്‍ തടയാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത ദിവസം വോട്ടെണ്ണിയപ്പോള്‍ 25000 വോട്ടിന് ബാലകൃഷ്ണന്‍ ജയിച്ചു.  ഞങ്ങളെല്ലാം ആഹ്ലാദംകൊണ്ട് തുള്ളിച്ചാടി.  പിറ്റേന്ന് രാവിലെ മുതല്‍ രാത്രിവരെ വിജയിപ്പിച്ചതിന് നന്ദി പറയാന്‍ അദ്ദേഹം എല്ലാ മണ്ഡലങ്ങളിലൂടെയും ഒരോട്ടപ്രദക്ഷിണം നടത്തി.  എല്ലായിടത്തും വലിയ ജനക്കൂട്ടമായിരുന്നു.  പുഷ്പഹാരങ്ങളും കടലാസുമാലകളും കസവു നേര്യതുകളും അണിയിച്ചുകൊണ്ട് ബാലകൃഷ്ണനെ പ്രവര്‍ത്തകര്‍ ആവേശപൂര്‍വ്വം എതിരേറ്റു.
ബാലകൃഷ്ണന് അടുത്ത ദിവസം തിരുവനന്തപുരത്തേക്ക് പോയേ മതിയാകൂ.  ഞാനും ചെല്ലണമെന്ന് നിര്‍ബന്ധം.  ''വണ്ടിയൊക്കെ ഞാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്'' ബാലകൃഷ്ണന്‍ പറഞ്ഞു.  വെളുക്കാറായപ്പോള്‍ ഒരു കാര്‍ എന്റെ വീട്ടുപടിക്കലെത്തി.  കാറിനുള്ളില്‍ എനിക്കറിയാവുന്ന ഒരു കള്ളുഷാപ്പ് കോണ്‍ട്രാക്ടറും സാഹിത്യകാരന്മാരുടെ ഉറ്റമിത്രവുമായ ശ്രദ്ധാനന്ദനും കുറുപ്പുസാറും ഉണ്ട്.  അവര്‍ എന്നോടു പറഞ്ഞു: ''പേടിക്കേണ്ട ഞങ്ങള്‍ എല്ലാ സന്നാഹങ്ങളുമായാണ് എത്തിയിട്ടുള്ളത്.  ബാലചന്ദ്രനേയുംകൂട്ടി റസ്റ്റ്ഹൗസിലേക്കു വരാനാണ് നമ്മുടെ എം.പി ആജ്ഞാപിച്ചിട്ടുള്ളത്.''  ഞാന്‍ കാറില്‍ കയറി.
ഞങ്ങള്‍ എത്തുമ്പോള്‍ ബാലകൃഷ്ണന്‍ കുളിച്ചു തയ്യാറായി നില്‍ക്കുകയാണ്.  നല്ല ഉത്സാഹം.  ''എല്ലാം ഉണ്ടോ ശ്രദ്ധാ'' എം.പി. അന്വേഷിച്ചു. ''എല്ലാം ഉണ്ട്'' എന്നുപറഞ്ഞ് ശ്രദ്ധന്‍ ഡിക്കി തുറന്നു കാണിച്ചു.  ഒരു കന്നാസ് കള്ള്, പിന്നെ ചില വിദേശ മദ്യക്കുപ്പികളും ഭക്ഷണസാധനങ്ങളും.  എനിക്ക് എന്തോ അരുതായ്ക തോന്നി.  റസ്റ്റ്ഹൗസില്‍ നിറയെ ജനം.  വിജയാശംസകള്‍ നേരാന്‍ പല സ്ഥലത്തുനിന്നെത്തിയ ആരാധകരുടെ ഒരു പട തന്നെയുണ്ട്.  എം.പിയുടെ പ്രതികരണമറിയാന്‍ പത്രക്കാര്‍. അവരെയെല്ലാം പറഞ്ഞയയ്ക്കാന്‍  മണിക്കൂറുകളെടുത്തു.  ഉച്ചഭക്ഷണവും വിശ്രമവും കഴിഞ്ഞ് ആറു മണിക്കേ പുറപ്പെടാന്‍ പറ്റിയുള്ളു.  ഞാനും കുറുപ്പും മുന്‍ സീറ്റില്‍ കയറി.  പുറകില്‍ എം.പി.യും ശ്രദ്ധനും ഇരുന്നു.  കാര്‍ പുറപ്പെടുമ്പോള്‍ത്തന്നെ രണ്ടുമൂന്നു കുപ്പികളും മൂന്നാലു ഗ്ലാസ്സും മറ്റ് അനുസാരികളും കാറിനുള്ളില്‍ എടുത്തുവച്ചിരുന്നു.  പുന്നപ്ര കഴിഞ്ഞപ്പോള്‍ കുപ്പിയില്‍നിന്ന് കള്ള് ഗ്ലാസ്സിലേക്ക് പകരാന്‍ ബാലകൃഷ്ണന്‍ കല്‍പ്പിച്ചു.  വണ്ടി ഓടുകയാണ്.  കള്ള് തുളുമ്പാതെ ഗ്ലാസ്സ് നിറച്ച് ബാലകൃഷ്ണന്‍ തന്നെ ഒരു കവിള്‍ ആസ്വദിച്ചു കുടിച്ചു.  ഹായ് ഇത്ര നല്ല കള്ള് കുടിച്ചിട്ടു മാസങ്ങളായി.  വിദേശ മദ്യത്തിനൊന്നും ഇത്ര സ്വാദില്ല.  കൂടെയുള്ളവര്‍ ഓരോ ഗ്ലാസ്സ് അകത്താക്കി.  ഒരു ഗ്ലാസ്സ് എന്റെ നേരെ വച്ചുനീട്ടി.  ഞാന്‍ വാങ്ങാന്‍ മടിച്ചപ്പോള്‍ ''മര്യാദയ്ക്ക് കുടിച്ചോ'' എന്നു ബാലകൃഷ്ണന്‍ പറഞ്ഞു.  ഞാന്‍ ഗ്ലാസ്സ് വാങ്ങി കയ്യില്‍ വച്ചു.  തോട്ടപ്പള്ളി പാലത്തിനടുത്തെത്തിയപ്പോള്‍ ഡോറിന്റെ ഗ്ലാസ്സ് താഴ്ത്തി കള്ള് റോഡിലേക്ക് കമഴ്ത്തി. ഇതുകണ്ട അദ്ദേഹം രോഷാകുലനായി.  ഡോര്‍ വലിച്ചു തുറന്ന് റോഡിലേക്കിറങ്ങി.  ''ഇനി ഞാന്‍ ഇവന്റെ കൂടെ യാത്രയില്ല.  നിങ്ങള്‍ പൊയ്ക്കോ''  എന്നായി.
ബാലകൃഷ്ണന്‍ നടുറോഡിലൂടെ നടന്ന് തോട്ടപ്പള്ളി പാലത്തിന്റെ കൈവരിയില്‍ പിടിച്ചുകൊണ്ട് ഒറ്റനില്‍പ്പ്.  സന്ധ്യമയങ്ങുന്നതേയുള്ളു.  ശ്രദ്ധനും ഞാനുമൊക്കെ അദ്ദേഹത്തിന്റെ കാലുപിടിച്ചു.  ആളുകളൊക്കെ ഇതു കണ്ടാല്‍ നാണക്കേടല്ലേ.  ബാലകൃഷ്ണന് ഒരു കുലുക്കവുമില്ല.  ''ഇവനെന്തിന് മദ്യം റോഡിലൊഴിച്ചു, ഞാനിനി ഈ വണ്ടിയില്‍ വരുന്നില്ല.'' അറിയാതെ കൈമറിഞ്ഞുപോയതാണ്, കള്ള് കളഞ്ഞതല്ല.  ഞാന്‍ വീണ്ടും പട്ടാങ്ങ് പറഞ്ഞു.  ഒരു തരത്തില്‍ അദ്ദേഹത്തെ അനുനയിപ്പിച്ചു വണ്ടിയില്‍ കയറ്റി.  ഒന്നു തണുപ്പിക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു ''ബാലേട്ടന്‍ കള്ളുകുടി തുടങ്ങിയതെങ്ങനാ?''  ''ഓ അതൊരു കഥയാ.''  അദ്ദേഹം പറഞ്ഞുതുടങ്ങി.  ''വളരെ പണ്ട് എനിക്ക് ക്ഷയരോഗ പരിശോധന നടത്താന്‍ നാഗര്‍കോവിലില്‍ ഒരു ഡോക്ടറെ കണ്ടു.  അയാള്‍ പരിശോധിച്ചിട്ട് പറഞ്ഞു, കുഴപ്പമില്ല കുറച്ചു ബിയര്‍ ദിവസവും കുടിച്ചുനോക്കൂ.  അങ്ങനെ ബിയര്‍ കുടിച്ച് കുടിച്ച് ഈ പരുവത്തിലായി.''  ഞാന്‍ പറഞ്ഞു, ''അന്ന് ബിയര്‍ മോന്തി മോന്തി ഇന്ന് മദ്യപ്പുഴയില്‍ നീന്തിത്തുടിക്കുകയാണ്'' ഇതുകേട്ട് എല്ലാവരും ചിരിച്ചു.  പലയിടത്തും ഇറങ്ങിയും കയറിയുമായിരുന്നു യാത്ര.  ഞങ്ങള്‍ കൊല്ലത്തെത്തി. രാത്രി വളരെയായി.  കൊല്ലം സേവ്യേഴ്സില്‍ വണ്ടി നിര്‍ത്താന്‍ ബാലകൃഷ്ണന്റെ കല്‍പ്പന.  അവിടുത്തെ ജീവനക്കാരെല്ലാം ഉറങ്ങിപ്പോയിരുന്നു.  എല്ലാവരേയും വിളിച്ചുണര്‍ത്തി.  പഴയ ബാലകൃഷ്ണനല്ല, എം.പിയായ ബാലകൃഷ്ണനാണ് വന്നിരിക്കുന്നത്.  ആദരവോടെ ജീവനക്കാര്‍ ഓച്ഛാനിച്ചു നിന്നു.  ''ഒരു കുപ്പി വിസ്‌കി, പിന്നെ ഓംലെറ്റും.''  അപ്പോള്‍ത്തന്നെ ബാലകൃഷ്ണന്‍ ഫുള്‍ ഫിറ്റാണ്.  കാലുകളുറയ്ക്കുന്നില്ല, ആടുന്നുണ്ട്.  വിവിധ ബ്രാന്റുകളാണ്.  കള്ളും റമ്മും ബ്രാന്റിയുമൊക്കെ ധാരാളം കഴിച്ചിട്ടും മതിവരാതെ സേവ്യേഴ്സില്‍ ഇരുന്ന് നാലഞ്ചു പെഗ്ഗ് വിസ്‌കിയും മുട്ടയും കഴിച്ചു.  പിന്നെ അറിയാതെ അദ്ദേഹം ഉറങ്ങിപ്പോയി.  ഞങ്ങളും കിട്ടിയ ഇടത്തൊക്കെ കിടന്നു.  നേരം വെളുത്തപ്പോള്‍ ബാലകൃഷ്ണന്‍ റെഡിയായി ഞങ്ങളെ വിളിച്ചുണര്‍ത്തി.  മയ്യനാടിനു പോകണം, അവിടെയാണ് ബാലകൃഷ്ണന്റെ തറവാട്.  അപ്പോഴും മദ്യത്തിന്റെ കെട്ടു വിട്ടിരുന്നില്ല.  മയ്യനാട് ഒരു അടുത്ത ബന്ധുവിനെ വിളിച്ചു പറഞ്ഞിരുന്നു: ''ഞങ്ങള്‍ മൂന്നാലുപേര്‍ വരുന്നു, ബ്രേക്ഫാസ്റ്റ് തയ്യാറാക്കിവച്ചേക്കണം.''  ഞങ്ങളാരും കുളിച്ചിട്ടില്ല, മുഷിഞ്ഞ വേഷം.
മയ്യനാട്ടെ ബന്ധുവീട്ടിലെത്തി. പോര്‍ച്ചില്‍ ഒരു ബെന്‍സ് കാര്‍.  വിദേശത്തായിരുന്ന ഗൃഹനാഥന്‍ തിരിച്ചുവന്നിട്ടുണ്ട്.  ഭാര്യയും മകളും ഉണ്ട്.  വീട്ടിലെത്തിയപാടെ ഗമയില്‍ ബാലകൃഷ്ണന്‍ ഉള്ളിലേക്കു കടന്നു.  ചില്ലറക്കാരനല്ല, എം.പി. അല്ലേ.  പത്രാസിന് ഒട്ടും കുറച്ചില്ല.  അകത്തു കടന്ന് ഞങ്ങള്‍ ഇരുന്നു.  തികച്ചും അപരിചിതര്‍. കാപ്പി കുടിക്കുന്നതിനിടയില്‍ മകളെ വിളിച്ചു ബാലകൃഷ്ണന്‍ കുശലാന്വേഷണം നടത്തി.
''നീ എന്തു ചെയ്യുന്നു''.
''എസ്.എന്‍. കോളേജില്‍ കെമിസ്ട്രി ലക്ചററാണ്.''
''ഓഹോ ഇവനെയറിയുമോ, ഇവനാണ് ബാലചന്ദ്രന്‍.  ആലപ്പുഴ കോളേജില്‍ ലക്ചററാണ്''.
ആ കുട്ടി ഞങ്ങളെയൊന്നാകമാനം നിരീക്ഷിച്ചു.  ഞാന്‍ കുടിച്ചിട്ടില്ല.  മുഷിഞ്ഞുടഞ്ഞ വേഷം, ബാക്കിയുള്ളവര്‍ എല്ലാം തലേന്നു കുടിച്ചതിന്റെ ഹാംഗ്ഓവറിലാണ്.  മദ്യഗന്ധം കുമുകുമാന്നടിക്കുന്നു.  ബാലകൃഷ്ണന്റെ അടുത്ത ചോദ്യം.
''നിനക്ക് ഇവനെ കല്യാണം കഴിക്കാമോ?''
ആ കുട്ടി ചൂളിപ്പോയി.  കള്ളുകുടിയന്മാരുടെ കൂട്ടത്തില്‍ത്തന്നെ ആ കുട്ടി എന്നെയും കണക്കു കൂട്ടിക്കാണണം.  ഒരു കറുത്ത സുന്ദരി.  ആ ചോദ്യം കുട്ടിക്കു തീരെ ഇഷ്ടപ്പെട്ടില്ല.  തലവെട്ടിച്ച്  അവര്‍ അകത്തേക്കു പോയി.  ഓര്‍ക്കാപ്പുറത്തുള്ള ബാലകൃഷ്ണന്റെ കമന്റില്‍ ഞാനും വല്ലാതായി.  ഒരുതരത്തില്‍ ഞങ്ങള്‍ ആ വീട്ടില്‍ നിന്നു തലയൂരി.  ബാലകൃഷ്ണന്‍ അങ്ങനെയാണ്.  എന്തും വെട്ടിത്തുറന്നു പറയും.  അതിന്റെ ഔചിത്യാനൗചിത്യങ്ങള്‍ നോക്കാറില്ല.  പോരാത്തതിന് മദ്യത്തിന്റെ ഉത്തേജനവും.
ഞങ്ങള്‍ നേരെ തിരുവനന്തപുരം പേട്ടയിലുള്ള ബാലകൃഷ്ണന്റെ വീട്ടിലെത്തി.  വീട്ടുകാരെ കാണാനൊന്നും ഞങ്ങള്‍ നിന്നില്ല.  ബാലകൃഷ്ണന്‍ വീട്ടിലേക്കു കടന്നു.  ''എല്ലാവരും ഊണ് കഴിച്ചിട്ടു പോയാല്‍ മതി.''  ബാലകൃഷ്ണന്‍ പറഞ്ഞു.  അവിടെയും ഒരു സീനുണ്ടാക്കാന്‍ ഞങ്ങള്‍ മെനക്കെട്ടില്ല.  നേരെ ആലപ്പുഴയ്ക്ക് തിരിച്ചുപോന്നു.
പിന്നെ ബാലകൃഷ്ണനെ കാണുന്നത് ആദ്യ പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് തിരിച്ചു വന്നപ്പോഴാണ്.  ആലപ്പുഴയില്‍ ഗംഭീര സ്വീകരണം തയ്യാറാക്കിയിരുന്നു.  വലിയ ജനാവലി.  നൂറുകണക്കിനു മാലയും ബൊക്കെയും നല്‍കി സ്വീകരിച്ചു.  ഒടുവില്‍ കെ. ബാലകൃഷ്ണന്‍ എം.പി മറുപടി പ്രസംഗത്തിനായി എണീറ്റു.  മണ്ണ് നുള്ളിയിട്ടാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദത.  ''എന്നെ വിജയിപ്പിച്ച നിങ്ങളോട് എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല.  നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ എന്നെ ജയിപ്പിച്ചു.  എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളെ എങ്ങനെ സഹായിക്കാമെന്നാണ് എന്റെ ആലോചന.''  ബാലകൃഷ്ണന്‍ പ്രസംഗിച്ചു തുടങ്ങി.
''ഞാന്‍ പാര്‍ലമെന്റില്‍ ഒരു പുരുഷനെ മാത്രമേ കണ്ടുള്ളു.  അത് ഇന്ദിരാഗാന്ധിയാണ്.  ആ ഊര്‍ജ്ജസ്വലതയും ചടുലതയും ആത്മവിശ്വാസവും എന്നെ അത്ഭുതപ്പെടുത്തി.''  അങ്ങനെപോയി ബാലകൃഷ്ണന്റെ പ്രസംഗം.  സ്വീകരണ പര്യടനം മൂന്നാലു ദിവസം നീണ്ടുനിന്നു.  പിന്നെ ആലപ്പുഴയിലേക്ക് അദ്ദേഹം അപൂര്‍വ്വമായേ വന്നിട്ടുള്ളു.  പാര്‍ലമെന്റ് ജീവിതം അദ്ദേഹത്തിനു മടുത്തു.  എല്ലാത്തിനോടും ഒരു വിരക്തി.  മദ്യപാനത്തിന് ഒട്ടും കുറവില്ല.  വല്ലാത്ത അലസതയും ക്ഷീണവും.  ജീവിതത്തിന് ഒരു മാറ്റം ഉണ്ടാകാനും തെളിഞ്ഞ ഒരു പ്രവര്‍ത്തനമണ്ഡലം ഒരുക്കാനുമാണ് അദ്ദേഹത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്.  പക്ഷേ, എല്ലാവരേയും നിരാശപ്പെടുത്തിക്കൊണ്ട് ആവക സ്ഥാനമാനങ്ങളോട് പുറംതിരിഞ്ഞുനിന്നു.  ഒടുവില്‍ ആര്‍ക്കും രക്ഷിക്കാനാവാത്തവിധം അദ്ദേഹം മദ്യക്കയത്തില്‍ മുങ്ങിത്താണു.
                                        

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com