അവരുടെ ജീവിതത്തില്‍നിന്ന് ഓര്‍മ്മകളുടെ പച്ചയെ ആരാണ് തുടച്ചുനീക്കിയത്?

ആ ചോദ്യം നാടുഗദ്ധികയെ വേറൊരു രീതിയില്‍ നോക്കിക്കാണാന്‍ സഹായിച്ചു. അങ്ങനെ നാടുഗദ്ധിക എന്ന ഈ നാടകമുണ്ടായി.
വള്ളിയൂര്‍കാവില്‍ ഉത്സവദിനത്തില്‍ ഒത്തുകൂടിയവര്‍
വള്ളിയൂര്‍കാവില്‍ ഉത്സവദിനത്തില്‍ ഒത്തുകൂടിയവര്‍

തിരുനെല്ലിയില്‍വെച്ച് അടിയോരുടെ നാടുഗദ്ധിക എന്ന അനുഷ്ഠാനം കാണാനിടയായി. തിരുനെല്ലി അമ്പലത്തിന്റെ ആലത്തറയില്‍നിന്നുമാണ് നാടുഗദ്ധിക തുടങ്ങിയത്, നാട്ടിലെ മൊത്തം രോഗം മാറ്റാനായി, ഞാനും ഗദ്ധികക്കാരോടൊപ്പം അടിയോരുടെ വീടുകള്‍ കയറിയിറങ്ങി. അവര്‍ ഓരോ വീടുകളില്‍നിന്നും രോഗങ്ങള്‍ ആവാഹിച്ച്, നേര്‍ച്ചകള്‍ വാങ്ങി, ഉറഞ്ഞു രോഗകാര്യങ്ങള്‍ പറഞ്ഞു. ഇതെല്ലാം കണ്ടും കേട്ടും നടക്കുന്നതിനിടയില്‍ തിരുനെല്ലിയിലെ കൃഷ്ണന്‍ എന്ന കുറിച്യ യുവാവ് എന്നോട് ചോദിച്ചു: ബേബിയണ്ണന് ഇതേ പോലെ ഒരു നാടകമുണ്ടാക്കിക്കൂടെയെന്ന്. ആ ചോദ്യം നാടുഗദ്ധികയെ വേറൊരു രീതിയില്‍ നോക്കിക്കാണാന്‍ സഹായിച്ചു. അങ്ങനെ നാടുഗദ്ധിക എന്ന ഈ നാടകമുണ്ടായി.
കെ.ജെ. ബേബി

സംഘജീവിതമെന്നത് ഗോത്രസമൂഹത്തിന്റെ ആദിമുദ്രയാണ്. ഭൂമിയുടെ അതിരടയാളങ്ങളില്‍ ഇതു കാണാം. ഓര്‍മ്മകള്‍ ഒറ്റയ്ക്കിരുന്നു പാടുകയല്ല, കൂട്ടരോടൊപ്പം പാടുകയാണ്. ഒറ്റയുടെ മാത്രം വിചാരണാ ലോകമോ സ്വാര്‍ത്ഥ സ്വപ്നപദ്ധതികളോ അവിടെ ആവിഷ്‌കരിക്കപ്പെടുന്നില്ല, കെ.ജെ. ബേബിയുടെ മാവേലിമന്റ് എന്ന നോവലില്‍ വയനാടന്‍ ഗോത്ര ജീവിതം അവരുടെ നഷ്ട സ്വര്‍ഗ്ഗത്തെക്കുറിച്ചോര്‍ത്തു വിലപിക്കുന്നു. അവരുടെ ജീവിതത്തില്‍നിന്ന് ഓര്‍മ്മകളുടെ പച്ചയെ ആരാണ് തുടച്ചുനീക്കിയത്?

വയനാട് യാത്രികരുടെ കാഴ്ചയില്‍ പതിപ്പിക്കുന്ന മനോഹരമായ ഭൂദൃശ്യമുണ്ട്. അത്രയും ചാരുതയാര്‍ന്ന പ്രകൃതി ഏതു പരുക്കനിലും ആര്‍ദ്രതയുടെ ഒരു ഉള്ളുണര്‍ത്തല്‍ നടത്തേണ്ടതാണ്. ഹൃദയം കവരുന്ന കാഴ്ചയാണത്. എന്നാല്‍, കുടിയേറിയവര്‍ പ്രകൃതിയെക്കൂടി കവര്‍ന്നു. പലര്‍ക്കും വയനാട് പലതായി വീതിക്കപ്പെട്ടു. അതില്‍ ആദിമ ജനതയുടെ വേര് പതിഞ്ഞിരിപ്പുണ്ട് എന്ന ബോധമില്ലാത്ത കടുത്ത മാനുഷിക ലംഘനമായിരുന്നു സംഭവിച്ചത്. മരങ്ങളുടെ വേരുകള്‍ മാത്രമല്ല, അതോടൊപ്പം ആഴത്തില്‍ പതിഞ്ഞ കാലടയാളങ്ങളും തുടച്ചുനീക്കപ്പെട്ടു. എടക്കല്‍ ഗുഹ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ വിസ്മയഭരിതരാവാറുണ്ട്. ഇത്ര ഉയരത്തില്‍, അത്രയും പഴയ കാലത്ത്?

കെ.ജെ. ബേബി
കെ.ജെ. ബേബി


ഓര്‍മ്മകള്‍ അവിടെ ഉയരത്തിലും ആഴത്തിലും ഗുഹാചിത്രങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. എടക്കല്‍ ഗുഹയിലെ ചിത്രങ്ങള്‍ കൊത്തിയ മനുഷ്യര്‍ ദ്രാവിഡരുടേയും ആര്യരുടേയും വരവിനു മുന്‍പ് ഇന്ത്യയില്‍ പാര്‍ത്തിരുന്ന ആസ്ത്രലോവേടര്‍ എന്ന നരവംശത്തില്‍ പെടുമെന്ന് കേസരി ബാലകൃഷ്ണപ്പിള്ള നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ മലവേടര്‍, മുള്ളുക്കുറുമര്‍, പണിയന്‍, ചെറുമന്‍ എന്നീ വര്‍ഗ്ഗക്കാരും ഈ വിഭാഗത്തില്‍പ്പെടുന്നവരാകുന്നു എന്നുകൂടി കേസരി നിരീക്ഷിക്കുന്നുണ്ട്. വാസ്തവത്തില്‍ ആദിമ സ്മൃതിയുടെ ദേശവിസ്തൃതിയാണ് വയനാട്. 'ആദിമ'മായത് 'അടിമ' എന്നതിലേക്കും അടിയ ജീവിതത്തിലേക്കും വഴിതിരിച്ചുവിട്ടു കുടിയേറ്റ നാഗരികത. ആദിമം സമം അടിമത്തം എന്ന മനുഷ്യവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ ഒരു ചിന്തയുടെ പ്രയോഗ ലോകമായി വയനാട് മാറി.

ആ കഥ, ചരിത്രം സമം ചേര്‍ത്ത് വായിക്കാം കെ.ജെ. ബേബിയുടെ നോവലില്‍.
'മാവേലമന്റ'ത്തിന്റെ ആദിരൂപമായ 'നാടുഗദ്ധിക' വയനാടന്‍ ആദിവാസികളുടെ വംശ സ്മൃതികള്‍ രാഷ്ട്രീയവല്‍ക്കരിച്ച മലയാളത്തിലെ ആദ്യ നാടകമാണ്. അത് ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇടതുപക്ഷത്തെപ്പോലും പിടിച്ചുകുലുക്കി. ഇടതുപക്ഷം ഭയന്ന ഒരു നാടകമായിരുന്നു അത്. സ്റ്റേറ്റും ആ നാടകത്തെ ഉള്‍ഭയത്തോടെ കണ്ടു. ആ നാടകത്തെ മുഖ്യധാരാ ഇടതുപക്ഷം ഭയന്നത് എന്തുകൊണ്ടാണ് എന്ന രാഷ്ട്രീയ ചോദ്യത്തിന്റെ ഉത്തരം ആ നാടകത്തിലുണ്ട്. സവര്‍ണ്ണത്തമ്പുരാക്കന്മാര്‍ ചെങ്കൊടിയുടെ മറവില്‍ ഒളിച്ചുകളി നടത്തിയ ഒരു ചരിത്രം നാടുഗദ്ധിക അരങ്ങിലും പുസ്തകത്തിലും പറയുന്നു. തൊഴില്‍പരമായ കൂലി വര്‍ധനയ്ക്കും അളവുപാത്ര തട്ടിപ്പിനുമെതിരെ (വല്ലി സമരവും കുണ്ടല്‍ ബാക്കിക്ക് വേണ്ടിയുള്ള സമരവും) ആദിവാസി സമൂഹം നടത്തുന്ന പ്രക്ഷോഭത്തില്‍ സവര്‍ണ്ണ പ്രാതിനിധ്യം എങ്ങനെയാണ് താല്പര്യങ്ങളുടെ 'പതാകവാഹകരാവു'ന്നതെന്ന് നാടകത്തിലുണ്ട്. പേജ് 50 മുതല്‍ അതു വായിക്കാം. വിസ്താരഭയം കൊണ്ട് ആ ഭാഗങ്ങള്‍ ഇവിടെ എടുത്തുചേര്‍ക്കുന്നില്ല എന്നുമാത്രം. എങ്കിലും ഈ ഭാഗം സൂചിപ്പിക്കാതെ വയ്യ:
തമ്പുരാന്‍ ചെങ്കൊടിയുമയെത്തുന്നു.

പഴയ കൊടി അയാളുടെ വസ്ത്രമായി കഴിഞ്ഞിരുന്നു.
തമ്പുരാന്‍: ഇന്‍ക്വിലാബ് സിന്ദാബാദ് 
കര്‍ഷകസംഘം സിന്ദാബാദ്.
(ഇത്രയും ആരും പ്രതീക്ഷിച്ചിരുന്നില്ല. ഗദ്ദികക്കാരന്‍ അടക്കം എല്ലാവരും പകച്ചുനിന്നു പോകുന്നു).
തമ്പുരാന്‍: പ്രിയ സഖാക്കളേ, സ്‌നേഹിതരെ, ജനാധിപത്യ വിശ്വാസികളെ, നിങ്ങള്‍ വലിയൊരു കാര്യമാണ് ചെയ്തത്. നിങ്ങള്‍ എന്നെ കമ്മ്യുണിസ്റ്റാക്കി! എന്റെ ഹൃദയത്തിന്റെ അടപ്പ് തൊറന്നു. എന്റെ കണ്ണുകള്‍ തെളിയിച്ചു.
സഖാക്കളേ, ഇങ്ങടുത്തു വരൂ, ഇങ്ങടുത്തു വരൂ. വര്‍ഗ്ഗസമരമല്ല സഖാക്കളേ നമുക്കിന്നാവശ്യം. വര്‍ഗ്ഗസഹകരണമാണ്. നമുക്കൊത്തു പാടാം: നമ്മള് കൊയ്യും വയലെല്ലാം ഞങ്ങളുടേതാണ് പൈങ്കിളിയെ...
തുടര്‍ന്ന് തമ്പുരാന്‍ ഇങ്ങനെകൂടി പറയുന്നു:
സഖാക്കളേ, സുഹൃത്തുക്കളെ, ഇന്നാട്ടില്‍ ഏതൊക്കെ പ്രസ്ഥാനങ്ങളുണ്ടോ ആ പ്രസ്ഥാനങ്ങളിലൊക്കെ തമ്പുരാന്‍ വേണന്ന് ഇവിടെയുള്ളോര്‍ക്കൊക്കെ നിര്‍ബന്ധ...

വളരെ സൂക്ഷ്മമായ ഒരു കമ്യൂണിസ്റ്റ് വിമര്‍ശനമാണ് ഇത്. കെ.പി.എ.സിയുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തെ മുന്‍നിര്‍ത്തിയുള്ള ഒരു വിമര്‍ശനം കൂടി ഇതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സിവിക് ചന്ദ്രന്‍ ഈ പുസ്തകത്തില്‍ എഴുതിയ ആമുഖത്തില്‍ അത് സൂചിപ്പിക്കുന്നുമുണ്ട്. ഇതിനു ഇടതുപക്ഷ മറുപാഠം കൂടിയുണ്ട് എന്നത് അപ്പോള്‍ത്തന്നെ പറയാവുന്നതാണ്. എങ്കിലും വയനാടന്‍ രാഷ്ട്രീയ സഹവാസങ്ങളൊക്കെ ആ ജനതയുടെ വിമോചന സ്വപ്നങ്ങളെ ഏറെ തുണച്ചില്ല എന്നത് സത്യമാണ്. അതായത്, ഒരിക്കല്‍ അവര്‍ അനുഭവിച്ചിരുന്ന ജൈവിക സഹവാസ കാലത്തേയ്ക്ക് പിന്നീടൊരിക്കലും പോകാനായില്ല. അവരില്‍ മിടിച്ചിരുന്ന പ്രകൃതിയുടെ ജീവശ്വാസം ഏറെക്കുറെ കൃത്രിമ ശ്വാസമാക്കി മാറ്റി. പൂര്‍ണ്ണാരോഗ്യവാനായ ആളെ വെന്റിലേറ്ററിലേക്ക് മാറ്റുന്നതുപോലെയായിരുന്നു അത്.

ഈ യാഥാര്‍ത്ഥ്യം കെ.ജെ. ബേബിയുടെ കൃതികളില്‍ കാണാം.
കുറുവ ദ്വീപിലെ, മനോഹരമായ വൃക്ഷത്തണുപ്പിലിരുന്നുകൊണ്ട് മാവേലിമന്റം എന്ന നോവല്‍ ഭാഗം വായിക്കുമ്പോള്‍, ഓര്‍മ്മയെ ഏതോ തരത്തിലുള്ള ആദിമ ചോദനകള്‍ വന്നു തൊടുന്നു.
കാറ്റും സ്വച്ഛമായ തണുപ്പും ഇലകള്‍ വീഴുന്ന നേര്‍ത്ത ശബ്ദവും ഭൂമിയില്‍ അവശേഷിക്കുന്ന പ്രകൃതി സ്പന്ദങ്ങള്‍ എത്ര അമൂല്യവും ഹൃദ്യവുമാണെന്നു ഓര്‍മ്മിപ്പിക്കുന്നു. പ്രകൃതിക്കു പ്രകൃത്യാ ഉള്ള ഒരു ജാതിയല്ലാതെ, മനുഷ്യനിര്‍മ്മിതമായ വിദ്വേഷ/അപരജാതി വിവേചനമില്ല. കാറ്റ് ചിലരിലേക്കു മാത്രം വീശുകയും ചിലരിലേക്കു തടഞ്ഞുവെയ്ക്കുന്നുമില്ല. കൂട്ടായി പണി ചെയ്തും ഉള്ളതില്‍ പങ്ക് പങ്കിട്ടും അടിയനും പണിയനുമില്ലായിരുന്ന, കുറിച്യനും കുറുമനുമില്ലായിരുന്ന നായരും നമ്പ്യാരുമില്ലായിരുന്ന കള്ളവും ചതിയുമില്ലാത്ത ഒരു കാലത്തെക്കുറിച്ചാണ്  മാവേലിമന്റം പറയുന്നത്. ഓണം പോലെ ഓര്‍മ്മയില്‍ മാത്രം ഉള്ള പൂക്കള്‍. 

ആദിവാസികള്‍ എങ്ങനെ അടിമകളായി എന്ന കഥ പറയുന്നുണ്ട് ഈ നോവലില്‍- ജെവരപ്പെരുമന്‍. കൈപ്പാടന്‍ എന്ന ആദിവാസി അടിമ സ്വയം നേടുന്ന ആത്മാവിന്‍ മോചനത്തിന്റെ പലായന കഥയാണ് മാവേലിമന്റം. ഈ നോവലിന്റെ അനുബന്ധമായി കൈപ്പാടന്‍ എന്ന ആദിവാസിയെ പണയം വെച്ചതുമായി ബന്ധപ്പെട്ട് വയനാട് തുക്കിടി മുന്‍സിഫ് കോടതിയുടെ ഒരു വിധി കല്പനയും ചേര്‍ത്തിട്ടുണ്ട്. അത് മുറിവുകളുടെ ചരിത്രമാണ്. നാം ഓര്‍മ്മയില്‍ അത്രയൊന്നും ആഴത്തില്‍ പോകാത്ത ചരിത്രം. 

വള്ളിയൂര്‍കാവ്
വള്ളിയൂര്‍കാവ്


തുടികൊണ്ടെഴുതിയ നോവലാണ് മാവേലിമന്റം. ഭാഷ അതില്‍ ഭൂതകാലത്തുനിന്നാണ് പുറപ്പെടുന്നത്. കാലം അതില്‍ ഭൂതകാലം മാത്രമാണ്. ഒരു ആദിമ സ്വപ്നകാലത്തെക്കുറിച്ചു പാസ്റ്റ് ടെന്‍സില്‍ എഴുതിയ നോവല്‍.
മേലാളര്‍ എഴുതിയ ചരിത്ര പുസ്തകങ്ങളിലാണ് വയനാട് ഒരു ഇരുണ്ട ആവാസ വ്യവസ്ഥ എന്നു രേഖപ്പെടുത്തിയത്. എന്നാല്‍, ഫ്യുഡല്‍ ജന്മിത്തം വരുന്നതോടെയാണ് അവിടെ ചരിത്രം വഴി പിരിയുന്നത്. തമ്പുരാക്കന്മാര്‍ ഭരണകൂടം ഇവയുടെ സമ്മിശ്ര അധികാര പ്രയോഗങ്ങള്‍ ആവാസ വ്യവസ്ഥയെ തകിടംമറിച്ചു. ആവാസം/ആള്‍വാസം ഈ ദ്വന്ദങ്ങള്‍ക്കിടയില്‍ ആദിമസമൂഹം വലിയ പിരിമുറുക്കങ്ങളിലൂടെ കടന്നുപോയി.

മലയാള മുഖ്യധാരാ വായനക്കാരെ മനുഷ്യരുടെ അടിത്തട്ടനുഭവങ്ങളിലേക്കു ക്ഷണിച്ച മലയാളത്തിലെ ആദ്യ കൃതികളിലൊന്നാണ് 'നാടുഗദ്ധി'കയും 'മാവേലിമന്റ'വും. അനുഭവങ്ങള്‍ അവിടെ ഉദ്യാനവിരുന്നൊരുക്കുന്നില്ല.
പ്രകൃതിയില്‍ അതിലെ എല്ലാ ഊഷ്മളതകളും അനുഭവിച്ച് ജൈവികമായ ഒരു ജീവനം സാധ്യമാവുകയും അതിലെ തുടര്‍ച്ചകള്‍ സ്വയം അറിഞ്ഞലിയുകയും ചെയ്ത ഗോത്രസമൂഹത്തിനു അധിനിവേശ ജനതയ്ക്കു മുന്നില്‍ കാട് മാത്രമല്ല, ഉള്ളു കൂടി നഷ്ടമായി. കാടായിരുന്നല്ലോ അവരുടെ ഉള്ള്. അല്ലെങ്കില്‍ വയല്‍. കാട് തെളിക്കപ്പെട്ടപ്പോള്‍ പിഴുതെറിയപ്പെട്ടത് ഉള്ളു തന്നെയാണ്. ഉള്‍/ കാട് നഷ്ടപ്പെട്ട ജനതയുടെ ഗോത്രവിലാപമാണ് കെ.ജെ. ബേബിയുടെ കൃതികള്‍. വയനാട്ടിലേക്ക് കുടിയേറിയ ആള്‍ ഗോത്രഭാഷയില്‍ അവയെഴുതി. ഭാഷയുടെ പാപനാശിനിയില്‍ ഓര്‍മ്മകള്‍ ഒഴുക്കി.

തിരുനെല്ലിയില്‍ ബസിറങ്ങിയപ്പോള്‍, എന്തുകൊണ്ടോ 'മാവേലിമന്റ'ത്തിലെ ഈ ഭാഗമാണ് ഓര്‍മ്മവന്നത്:
കാടും നാടും ചുറ്റിവന്ന നാടോടിക്കാറ്റ് ഒരു ചുറ്റലിന്റെ ക്ലേശങ്ങളൊതുക്കാന്‍ മാളിമലയിലെ മരങ്ങളില്‍ കയറിയിരുന്നു. പനിക്കോളും തുമ്മലും പിടിച്ച കാറ്റിന്റെ നേര്‍ത്ത കിടുകിടുപ്പറിഞ്ഞ മരങ്ങള്‍ ചോദിച്ചു:
എന്താ ഊരുചുറ്റി, നേരത്തെയിങ്ങു പോന്നത്? പോയിട്ടധികമായില്ലല്ലോ?
മണ്ണിലോളം കയ്യെത്തിച്ച് തൊട്ടാവാടിപൂമ്പൊടി തൊട്ട് നെറ്റിയിലിട്ട് കാറ്റ് പറഞ്ഞു:

''ഒന്നും പറയണ്ട കൂട്ടരേ, ഈ ആര്‍ത്തീം അത്യാര്‍ത്തീം പിടിച്ച മനുഷ്യജീവിയുടെ ആയുധങ്ങള് നമ്മളെയൊക്കെ നശിപ്പിച്ചേ അടങ്ങൂന്നാ തോന്നുന്നേ.''
ഒരു ജനതയുടെ ചരിത്രം ഐതിഹ്യങ്ങള്‍ മാത്രമായി വായിക്കുമ്പോഴുള്ള ചില പ്രശ്‌നങ്ങള്‍ എപ്പോഴുമുണ്ട്. നാല്‍പ്പതുകളോടെ വയനാട്ടിലേക്കുണ്ടായ സംഘടിത കുടിയേറ്റക്കാലം ഗോത്ര സമൂഹത്തിന്റെ ഓര്‍മ്മകള്‍ക്കു മീതെയാണ് സാംസ്‌കാരികവും രാഷ്ട്രീയവുമായ പുതിയ ചിഹ്നങ്ങളുണ്ടാക്കിയത്. കുടിയേറ്റകാലത്തിനു മുന്‍പുള്ള വയനാട്/പിന്നീടുള്ള വയനാട്/ഐത്യഹത്തിലുള്ള വയനാട്/ചരിത്രത്തിലുള്ള വയനാട്/സമര വയനാട്-ഇങ്ങനെ പലനാള്‍ പലരാല്‍ എഴുതപ്പെട്ട വയനാടന്‍ കഥകളില്‍ നാടുഗദ്ധിക കൃത്യമായ ഒരു രാഷ്ട്രീയ നാടകമാണ്. വയനാടന്‍ സാമൂഹിക വ്യവഹാരത്തെ, നിശ്ശബ്ദമാക്കപ്പെട്ട ഒരു ജനതയില്‍ പുതിയൊരു അധികാര നിര്‍മ്മിതി എങ്ങനെയുണ്ടായി എന്ന ചോദ്യങ്ങളിലേക്ക് ഈ നാടകം നമ്മെ കൊണ്ടുപോകുന്നു.

പാട്ടില്‍ മാത്രമുള്ള ഞണ്ട് 

വയനാടന്‍ ഗോത്രജീവിത സ്പന്ദനങ്ങള്‍ നേരിട്ടറിയുന്ന, ആദിവാസികള്‍ക്കിടയില്‍ ഏറെ സൗഹൃദമുള്ള ഇടതുപക്ഷ പ്രവര്‍ത്തകന്‍ കൂടിയായ വി. സുരേഷ് മീനങ്ങാടി 'മാവേലി മന്റം' വായിച്ച ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ്:

പൊതുവെ ആദിവാസി ഗോത്രങ്ങള്‍ക്കിടയില്‍ ദുര്‍ബ്ബല വിഭാഗം എന്ന് വിശേഷിപ്പിക്കാവുന്ന പണിയ/കാട്ടുനായിക്ക/ഊരാളി വിഭാഗത്തില്‍പ്പെടുന്ന ആദിവാസികളുടെ ഊരുകളെയാണ് 'മന്റം' എന്ന് പറയുന്നത്.  മന്റങ്ങളില്‍ ജീവിക്കുന്നവര്‍ വേലികെട്ടി അതിര്‍ത്തികള്‍ പങ്കിടുന്നവരല്ല. ഒരുതരം പ്രാകൃത കമ്യൂണിസം ആദിവാസി ഊരുകളില്‍ കാണാം. അതായത്, സ്വകാര്യ സ്വത്തും അതിലുള്ള അധികാരവും അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍, മുഖ്യധാരാ പുരോഗമന പൊതുസമൂഹത്തിന് കാട്ടുനായിക്ക/പണിയ ഗോത്ര സമൂഹത്തെ ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല. തിരിച്ച് പൊതുസമൂഹത്തില്‍നിന്ന് ഇവരും ഏറെ അകലം പാലിച്ചുനിന്നു. 'എപ്പോഴും സന്തോഷം ഉല്പാദിപ്പിച്ചുകൊണ്ടുള്ള' ജീവിതമാണ് അവര്‍ നയിക്കുന്നത്.

ടികെ ഇബ്രാഹിം
ടികെ ഇബ്രാഹിം

കൂട്ടായ്മ ഉല്പാദിപ്പിക്കുന്ന സന്തോഷത്തിന്റെ നിമിഷങ്ങളില്‍ ചിലപ്പോള്‍ കുട്ടികളടക്കം മദ്യപിക്കും. അതുകൊണ്ടുതന്നെ പണിയരുടെ ആയുര്‍ദൈര്‍ഘ്യം ഏകദേശം 45 വയസ്സ് വരെയെന്നാണ് ഒരു പഠനത്തില്‍ കണ്ടെത്തിയത്. മദ്യം, പുകയിലയുടെ ഉപയോഗം, സമീകൃത ആഹാരത്തിന്റെ അഭാവം ഇതൊക്കെ ജീവിതത്തെ ബാധിക്കുന്നു. 'ഞണ്ട് കറി കൂട്ടി നല്ല ചോറ്' എന്ന് തുടങ്ങുന്ന അവരുടെ പാട്ട് പൊതുസമൂഹത്തിന് ഏറെ പ്രിയപ്പെട്ട പാട്ടാണ്. എന്നാല്‍, പാട്ടില്‍ മാത്രമാണ് ഇപ്പോള്‍ ഞണ്ടുള്ളത്. അവരുടെ ആവാസവ്യവസ്ഥ നഷ്ടമാവുന്നതോടെ അവരാഗ്രഹിച്ച വിഭവങ്ങള്‍ ഒട്ടും കിട്ടാതായി. നാഗരികമായ ഭക്ഷ്യക്രമം അവര്‍ക്ക് ഉള്‍ക്കൊള്ളാനുമാവുന്നില്ല. വലിയ ബോധവല്‍ക്കരണം തന്നെ മദ്യത്തിനെതിരെ നടത്തുന്നുണ്ട്. കൂട്ടായ്മ ഉല്പാദിപ്പിക്കുന്ന സന്തോഷങ്ങളില്‍ ഇവര്‍ തൃപ്തരാണ്. പക്ഷേ, പലപ്പോഴും അത് ജീവിതത്തെ ഏറെ ഉദാസീനമാക്കാറുണ്ട്. അതുകൊണ്ടുതന്നെ വലിയ അരക്ഷിതാവസ്ഥകളിലൂടെയാണ്  ആ സമൂഹം കടന്നുപോകുന്നത്. മിക്കവാറും പണിയ ഗോത്ര വിഭാഗത്തില്‍പ്പെട്ടവരുടെ ഭൂമിയാണ് ഏറെ അന്യാധീനപ്പെട്ടത്. 
'മാവേലി മന്റം'  ആദിവാസി സമൂഹജീവിതത്തിലെ നഷ്ടസ്വര്‍ഗ്ഗത്തെക്കുറിച്ചാണ് പറയുന്നത്. ടി.വി. ജോണിന്റെ 'ഉറാട്ടി'യും  ഒ.കെ ജോണിയുടെ 'വയനാടന്‍ രേഖകളും' വയനാടിനെക്കുറിച്ചുള്ള സത്യസന്ധമായ കൃതികളാണ്. ഇപ്പോള്‍ ബിന്ദു ദാമോദര്‍ പണിയ വിഭാഗത്തില്‍നിന്ന് ഏറെ ശ്രദ്ധേയമായ പാട്ടുകള്‍ എഴുതുന്നുണ്ട്.

വി സുരേഷ് മീനങ്ങാടി
വി സുരേഷ് മീനങ്ങാടി

ഐതിഹ്യം ചരിത്രമല്ല 
'ഐതിഹ്യങ്ങള്‍ ഒരിക്കലും ചരിത്രമല്ല. ഐതിഹ്യങ്ങളെ  ചരിത്രമായി അവതരിപ്പിക്കുകയാണ് കെ.ജെ.ബേബി.'
ജനകീയ സാംസ്‌കാരിക പ്രവര്‍ത്തകനും വയനാട്ടുകാരനുമായ ടി.കെ. ഇബ്രാഹിം 'മാവേലി മന്റം' എന്ന നോവലിനെ വിമര്‍ശനാത്മകമായിട്ടാണ് കാണുന്നത്:  

'വള്ളിയൂര്‍ക്കാവില്‍ അടിമവ്യാപാരമുണ്ടായിരുന്നു എന്ന് പറയാന്‍ കഴിയില്ല. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കാര്‍ഷികവൃത്തിക്ക് തൊഴിലാളികള്‍ ജന്മിയുടെ അരികിലേക്ക് മാറുന്ന ഒരു കാലമായിട്ടാണ് അതിനെ വായിക്കേണ്ടത്. അടിയ/പണിയ സമൂഹം 'വധുവിനെ' കണ്ടെത്തുന്നതും പണിയായുധങ്ങള്‍ വാങ്ങുന്നതും വള്ളിയൂര്‍ക്കാവ് ഉത്സവത്തിലാണ്. ജന്മിത്ത വ്യവസ്ഥയില്‍ ആദിവാസികള്‍ക്ക് സ്വത്വനഷ്ടം സംഭവിച്ചിരുന്നില്ല. വ്യവസ്ഥാപിത നാടുവാഴിത്തം ആദിവാസികളുടെ തനിമ സംരക്ഷിച്ചിരുന്നു. എന്നാല്‍ ബ്രാഹ്മണിക്കല്‍ കുടിയേറ്റം വരുന്നതോടെ 'കന്നാലികളെ മേയ്ക്കുന്ന ആളുകളായി' ആദിവാസികള്‍ മാറി.
വയനാടന്‍ ചരിത്രം പലപ്പോഴും അതിശയോക്തിപരമായും കെട്ടുകഥകളുമായിട്ടാണ് അവതരിപ്പിക്കുന്നത്. 'കരിന്തണ്ടന്‍' അത്തരം അതിശയോക്തി നിറഞ്ഞ കഥ ആയിട്ടാണ് എനിക്ക് തോന്നുന്നത്. കരിന്തണ്ടന് പേരുണ്ട്, വഴി ചോദിച്ച സായിപ്പിന് പേരില്ല. നേരെ തിരിച്ചാണ് സംഭവിക്കേണ്ടത്. പഴയ രേഖകളില്‍ ഇങ്ങനെ ഒരു കഥയില്ല.

ബിന്ദു
ബിന്ദു


തിരുനെല്ലിയുടെ കാര്യം പറയാം. തിരുനെല്ലിയില്‍ നാണ്യവിള ഉണ്ടായിരുന്നില്ല. നാണ്യവിളയുടെ ഒരു കേന്ദ്രവുമല്ല. അവിടെ നെല്‍ക്കൃഷിയെ ഉപജീവിച്ചാണ് ആദിവാസികള്‍ നില നിന്നത്. വര്‍ഗീസ് അനുഭാവികളാല്‍ ഉന്മൂലനം  ചെയ്യപ്പെട്ട വാസുദേവ അഡിഗയുടെ മകള്‍ വയനാട് താഴത്തങ്ങാടിയില്‍ നടത്തിയ വളരെ ചെറിയൊരു ബുക്ക് സ്റ്റാളില്‍ മുന്‍പ് ഞാനും ജോയ് മാത്യുവും ഒരു ഡോക്യുമെന്ററിക്കുവേണ്ടി ഇന്റര്‍വ്യൂ ചെയ്യാന്‍ വേണ്ടി പോയിരുന്നു. 'വയനാട് ബുക്ക് സ്റ്റാള്‍' എന്ന പേരില്‍ വളരെ ചെറിയ ഒരു പുസ്തകക്കടയായിരുന്നു അത്. അവരുടെ വീടിനോട് ചേര്‍ന്ന ഒരു കട. അന്ന് വാസുദേവ അഡിഗയുടെ മകള്‍ പറഞ്ഞു: ''ഞങ്ങളുടെ അച്ഛന്‍ ഒരു ജന്മി ആയിരുന്നെങ്കില്‍ ഇത്തരം ചെറിയ ഒരു ജോലിയും വീടും ഭൂമിയും മാത്രമായിരിക്കില്ലല്ലോ.'' 

വാസ്തവത്തില്‍ തിരുനെല്ലി ഭാഗങ്ങളില്‍ ഉള്ള കാര്‍ഷിക സംസ്‌കൃതിയില്‍ ഭൂവുടമകളും തൊഴിലാളികളായ ആദിവാസികളും നല്ല റിലേഷന്‍ഷിപ്പുണ്ടായിരുന്നു. വയനാട്ടെ ആദിവാസികള്‍ ഓരോ ഗോത്രങ്ങളും സ്വതന്ത്ര സമൂഹമായിട്ടാണ് നിലനിന്നത്. ഇവരില്‍ത്തന്നെ സ്വകാര്യ സ്വത്തിനോട് ഒട്ടും താല്പര്യമില്ലാതിരുന്നത് പണിയ ഗോത്രത്തിനാണ്.
എന്നാല്‍, വ്യവസ്ഥാപിത നാടകങ്ങളോടുള്ള ഒരു വെല്ലുവിളിയായിട്ടാണ് 'നാട്ടുഗദ്ധികയെ' കാണേണ്ടത്. ആ നാടകത്തിന്റെ പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. സി.പി.ഐ (എം.എല്‍) ആണ് മിക്കവാറും ഇടങ്ങളില്‍ ആ നാടകത്തിനു വേദിയൊരുക്കിയത്. ടി.കെ. മൊയ്തീന്‍ എന്നൊരാളാണ് അതില്‍ ആദ്യം തമ്പുരാനായി അഭിനയിച്ചത്. പിന്നീട് ഔസേപ്പച്ചന്‍. തിരുനെല്ലി ഭാഗത്തുള്ള അടിയ ഗോത്രത്തില്‍പ്പെട്ടവര്‍ അതില്‍ അഭിനയിച്ചിരുന്നു. അവതരിപ്പിച്ച ഇടങ്ങളില്‍ ജനങ്ങളുടെ പ്രതികരണം വളരെ ഗംഭീരമായിരുന്നു. എന്നാല്‍, പല സ്ഥലങ്ങളിലും പൊലീസ് പ്രകോപനം സൃഷ്ടിച്ചിരുന്നു.
എസ്.കെ. പൊറ്റെക്കാടിന്റെ 'വിഷകന്യക', എ.ആര്‍. നാരായണനായരുടെ 'ഓടയും മുളയും' എന്നീ നോവലുകളും വയനാടന്‍ പശ്ചാത്തലം ആഴത്തില്‍ പ്രതിഫലിപ്പിക്കുന്ന കൃതികളാണ്.

രാമന്‍
രാമന്‍

കാന്താരി കിട്ടാനില്ല
വയനാട് മടൂര്‍ കോളനിയില്‍ തൊഴിലുറപ്പ് മേറ്റ് ആയി പ്രവര്‍ത്തിക്കുന്ന കാട്ടുനായിക്ക ഗോത്രത്തില്‍പ്പെടുന്ന ബിന്ദു പറഞ്ഞു: വിദ്യാഭ്യാസം ആദിവാസികളുടെ ആത്മവിശ്വാസം കൂട്ടുമെന്ന വിശ്വാസം എനിക്കുണ്ട്. 'സാന്ത്വന സൗഹൃദം' എന്ന പരിപാടിയിലൂടെ ആദിവാസികള്‍ക്കിടയില്‍ മദ്യത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ നല്ല സഹകരണം കിട്ടുന്നുണ്ട്.
പണിയ സമുദായത്തില്‍പ്പെട്ട രാമന്‍ പക്ഷേ, നിരാശയിലാണ്. ഞണ്ട് പഴയപോലെ കിട്ടാതായി. കാന്താരിയും കിട്ടാനില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com