അസമിലെ ചിതലുകളും കുല്‍സം ബീവിയുടെ പെണ്‍കുട്ടികളും

നാടുകടത്തേണ്ടവരെ ഇപ്പോള്‍ വിളിക്കുന്നത് 'വീ പൊറ്വ' എന്നാണ്. അസമീസ് ഭാഷയിലെ 'വീ പൊറ്വ' എന്ന വാക്കിന്റെ മലയാള പരിഭാഷ 'ചിതലുകള്‍' എന്നാണ്.
അമ്മ കുല്‍സം ബീവി ഇന്ത്യന്‍ പൗര. മൂന്ന് പെണ്‍കുട്ടികള്‍ പൗരത്വ പട്ടികയ്ക്ക് പുറത്ത്. ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് ഭീഷണി
അമ്മ കുല്‍സം ബീവി ഇന്ത്യന്‍ പൗര. മൂന്ന് പെണ്‍കുട്ടികള്‍ പൗരത്വ പട്ടികയ്ക്ക് പുറത്ത്. ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് ഭീഷണി

സം എന്നാല്‍ ഭൂപന്‍ഹസാരികയെന്ന വിഖ്യാത സംഗീതജ്ഞന്റെ വാക്കുകളില്‍ 'എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് എല്ലാം തിരിച്ചുകൊണ്ടു വരുന്ന ഇടം'  ആണ്. സ്വച്ഛവും ശാന്തവുമായി ഒഴുകിയിരുന്ന ബ്രഹ്മപുത്രയുടെ തീരങ്ങളില്‍ എണ്‍പതുകളുടെ  തുടക്കത്തോടെ കണ്ടത് ചോരപുരണ്ട സ്വത്വ രാഷ്ട്രീയമായിരുന്നു. പലര്‍ക്കും 'ബംഗാളി' എന്നത് വെറുക്കപ്പെടേണ്ടവനെ വിളിക്കേണ്ട പേരായി. ബംഗാളി എന്നത് പിന്നീട് 'ബംഗ്ലാദേശി' എന്നായി. രണ്ടായിരത്തിപതിനെട്ടിന്റെ അവസാനത്തോടെ 'ബംഗ്ലാദേശി' എന്ന വാക്ക് പുനര്‍നാമകരണം ചെയ്യപ്പെട്ടു. നാടുകടത്തേണ്ടവരെ ഇപ്പോള്‍ വിളിക്കുന്നത് 'വീ പൊറ്വ' എന്നാണ്. അസമീസ് ഭാഷയിലെ 'വീ പൊറ്വ' എന്ന വാക്കിന്റെ മലയാള പരിഭാഷ 'ചിതലുകള്‍' എന്നാണ്.

ഇന്ത്യയില്‍നിന്ന് നാടുകടത്തേണ്ടവര്‍ക്ക് ചിതലുകള്‍ എന്ന ഓമനപ്പേര് നല്‍കിയത് ബി.ജെ. പി അധ്യക്ഷന്‍ അമിത്ഷാ ആണ്. സെപ്തംമ്പര്‍ 24-ന് ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ ബി.ജെ.പി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത അമിത് ഷാ മുഴക്കിയ ഭീഷണി ഇങ്ങനെ: ''ചിലര്‍ ചിതലുകളെപ്പോലെ നമ്മുടെ സ്വത്തെല്ലാം ഊറ്റിയെടുക്കുന്നു. നമ്മള്‍ അവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കും'' നിയമസഭ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള അമിത്ഷായുടെ ഭീഷണി തെരഞ്ഞെടുപ്പില്‍ ചലനം ഉണ്ടാക്കിയില്ല. എന്നാല്‍, അയല്‍സംസ്ഥാനമായ അസമില്‍ 'ബംഗ്ലാദേശികള്‍' എന്ന് മുദ്രകുത്തപ്പെട്ടവര്‍ക്ക് പുതിയ വിളിപ്പേര് വീണു 'ചിതലുകള്‍.' കുഞ്ഞ് ചിതലുകള്‍ കരയുന്ന അസമിലെ സംഘര്‍ഷമേഖലയാണ് കൊക്രാജാര്‍ ജില്ല. 2012 ജൂലായില്‍ ബോഡോകളും മുസ്ലിങ്ങളും തമ്മിലുണ്ടായ സംഘര്‍ഷം വന്‍ വര്‍ഗ്ഗീയ കലാപമായി ആളിക്കത്തി. കലാപത്തില്‍ 77 പേര്‍ കൊല്ലപ്പെട്ടു. നാന്നൂറോളം ഗ്രാമങ്ങള്‍ അഗ്‌നിക്കിരയായി. 4 ലക്ഷത്തോളം പേര്‍ സ്വന്തം മണ്ണില്‍നിന്ന് പലായനം ചെയ്തു.
കൊക്രാജറില്‍ ഇപ്പോള്‍ പ്രശ്‌നം കലാപമല്ല; പൗരത്വമാണ്. പ്രശ്‌നത്തിന്റെ സങ്കീര്‍ണ്ണതയെക്കുറിച്ചറിയാനാണ് പൊദയഗുരി ഗ്രാമത്തിലെത്തിയത്. ഗ്രാമീണരെല്ലാം മുസ്ലിങ്ങളാണ്. ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരെന്ന് മുദ്രകുത്തപ്പെട്ടവര്‍. നാല്‍പ്പത്തഞ്ചുകാരി കുല്‍സം ബീവിയുടെ വീട്ടിലാണ് ആദ്യം എത്തിയത്. കുല്‍സം ബീവി തന്റെ മൂന്ന് പെണ്‍കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചശേഷം പരിദേവനങ്ങള്‍ നിരത്തി; 'കേന്ദ്രസര്‍ക്കാരിന്റെ പൗരത്വപ്പട്ടികയില്‍ എന്റെയും  ഇപ്പോള്‍ ഗുജറാത്തില്‍ നിര്‍മ്മാണത്തൊഴിലാളിയായ ഭര്‍ത്താവ് മോണി ഷെയ്ഖിന്റേയും  പേരുകള്‍ ഉണ്ട്. എന്നാല്‍, എന്റെ ഈ മൂന്ന് പെണ്‍കുട്ടികളുടെ പേരില്ല. അഥവാ ഞാനും ഭര്‍ത്താവും ഇന്ത്യന്‍ പൗരന്‍മാരാണ്. എന്റെ മൂന്ന് പെണ്‍കുട്ടികളും ബംഗ്ലാദേശി പൗരന്‍മാരും. എന്റെ കുട്ടികളെ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്നാണ് പലരും ഭീഷണി മുഴക്കുന്നത്. പത്ത് വയസ്സുകാരി മോനിഷും എട്ട് വയസ്സുകാരി മോണിക്കയും ഏഴ് വയസ്സുകാരി റീനയും എപ്പോഴും ഉത്ക്കണ്ഠയിലാണ്. വിട്ടുമാറാത്ത ഭയത്തിന്റെ പിടിയിലാണ് ഈ കുട്ടികള്‍.

ബംഗ്ലാദേശിലേക്ക് നാടുകടത്തുമോ? ആശങ്കയോടെ ലതീഫ
ബംഗ്ലാദേശിലേക്ക് നാടുകടത്തുമോ? ആശങ്കയോടെ ലതീഫ


അടുത്ത വീട്ടിലെ രഹാനയുടെ പരാതി ഇതുതന്നെയാണ്. രഹാനയുടേയും ഭര്‍ത്താവിന്റേയും പേര് പൗരത്വ പട്ടികയില്‍ ഉണ്ട്. എന്നാല്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ ലതീഫയുടെ  പേര് പൗരത്വ പട്ടികയില്‍ ഇല്ല, അഥവാ  ലതീഫ ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടേണ്ടവളാണ്. ഇന്ത്യക്കാരായ അച്ഛനും അമ്മയ്ക്കും ജനിച്ച മകള്‍ എങ്ങനെ ബംഗ്ലാദേശിയാകും?
ഈ ചോദ്യവുമായി രഹാന കൊക്രാജറിലെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങി. ലഭിച്ച മറുപടി രഹാന ഇങ്ങനെ വിശദീകരിക്കുന്നു: ''ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതിയില്‍ ഓവര്‍റൈറ്റിംഗ് ഉണ്ട് എന്ന കാരണം പറഞ്ഞാണ് എന്റെ മകളുടെ  പൗരത്വം  നിഷേധിക്കുന്നത്.'' ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് രഹാനയോ ഭര്‍ത്താവോ അല്ല. കൊക്രാജാറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. അവര്‍ക്ക് തെറ്റ് പറ്റിയെങ്കില്‍ ഈ കുടുംബം എന്ത് പിഴച്ചു? അഥവാ ജനന സര്‍ട്ടിഫിക്കറ്റില്‍ ഓവര്‍റൈറ്റിംഗ് ഉണ്ടെങ്കില്‍ തന്നെ രണ്ട് ഇന്ത്യന്‍ പൗരന്‍മാരുടെ മകള്‍ക്ക് പൗരത്വം നിഷേധിക്കുന്നതിന് ഇതെല്ലാം കാരണമാണോ?

അല്ലെന്നു പറയാന്‍ പൗരത്വ നിയമം മറിച്ച് നോക്കേണ്ട ആവശ്യമില്ല. സാമാന്യ യുക്തിമാത്രം മതി. എന്നാല്‍, ഇത്തരം യുക്തികള്‍ക്കൊന്നും വര്‍ഗ്ഗീയ വികാരം തിളച്ചുമറയുന്ന കൊക്രാജറില്‍ ഇന്ന് ഇടമില്ല. എതിര്‍ ഭാഗം കേള്‍ക്കുന്നതിനായി എത്തിയത് ബോഡോ ഗോത്ര വര്‍ഗ്ഗക്കാര്‍ മാത്രം താമസിക്കുന്ന ബാവ് ക്രൂന്‍ഗി ഗ്രാമത്തിലായിരുന്നു. പൗരത്വ പ്രശ്‌നത്തിന് പിറകിലെ സാമാന്യ യുക്തിക്കോ മാനുഷിക വിഷയങ്ങള്‍ക്കോ ഇവിടെ സ്ഥാനമില്ല. ഗ്രാമപ്രമുഖന്‍ ബങ്കിം പ്രസാദിന്റെ പ്രതികരണത്തില്‍ ജ്വലിച്ചത് വര്‍ണ്ണവെറി. ''ന്യായാന്യായങ്ങള്‍ക്കൊന്നും ഇവിടെ കാര്യമില്ല. പൗരത്വ പട്ടികയില്‍ പേരില്ലാത്ത കുട്ടികളെയെല്ലാം ബംഗ്ലാദേശിലേക്ക് അയയ്ക്കണം. ബംഗ്ലാദേശില്‍നിന്നു വന്ന ഹിന്ദുക്കള്‍ക്ക് ഇവിടെ താമസിക്കാം. എന്നാല്‍, മുസ്ലിങ്ങള്‍ മടങ്ങിപ്പോയേ തീരൂ.'' 

പൗരത്വപ്രശ്‌നത്തിന്റെ ചരിത്രവും വര്‍ത്തമാനവും 
പലായനം, കുടിയേറ്റം, പൗരത്വം, നാടുകടത്തല്‍... സ്വാതന്ത്ര്യാനന്തര അസമിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏറ്റവും ഉപയോഗിക്കപ്പെടുന്ന വാക്കുകള്‍ ഇവയാണ്. ബംഗ്ലാദേശുകൂടി ഉള്‍പ്പെടുന്നതാണ് പഴയ ഇന്ത്യ. സ്വാതന്ത്ര്യത്തിനു ശേഷം അന്നത്തെ കിഴക്കന്‍ പാകിസ്താനില്‍നിന്ന് അസമിലേക്ക് വന്‍തോതില്‍ പലായനം ഉണ്ടായിട്ടുണ്ട്. പലായനം ചെയ്തവരെ തിരിച്ചയയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളാണ് ഇന്നും പുകഞ്ഞുകൊണ്ടിരിക്കുന്ന അസം സ്വത്വരാഷ്ട്രീയത്തിന് വിത്ത് പാകിയത്. 1985-ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാന്നിധ്യത്തില്‍ കേന്ദ്രസര്‍ക്കാരും അന്ന് സമരത്തിനു നേതൃത്വം നല്‍കിയിരുന്ന അസമിലെ വിദ്യാര്‍ത്ഥി സംഘടനകളും പ്രസിദ്ധമായ അസം കരാറില്‍ ഒപ്പുവെച്ചു. 
1971-ന് മുന്‍പ്  കുടിയേറിയവര്‍ക്കെല്ലാം ഇന്ത്യന്‍ പൗരത്വം നല്‍കും. 71-ന് ശേഷം കുടിയേറിയവരെയെല്ലാം ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കും. കരാര്‍ ഉണ്ടായെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.  സാമുദായിക ധ്രുവീകരണം ഉണ്ടാക്കി വോട്ട് ബാങ്കുകള്‍ സൃഷ്ടിക്കാനുള്ള എളുപ്പവഴിയായിരുന്നു എക്കാലത്തും ഈ പൗരത്വ പ്രശ്‌നം. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലായ് കരട് പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നു. കുല്‍സം ബീവിയുടേയും രഹാനയുടേയും  കുട്ടികള്‍ ഉള്‍പ്പെടെ  40 ലക്ഷം പേര്‍ പട്ടികയ്ക്ക് പുറത്താണ്. ഇവര്‍ക്ക് ഇന്ത്യന്‍ പൗരരെന്ന് തെളിയിക്കാനുള്ള ഒരു അവസരം കൂടി നല്‍കും. അതിലും ഉള്‍പ്പെട്ടില്ലെങ്കില്‍ ഇവരെല്ലാം ബംഗ്ലാദേശിലേക്ക് മടങ്ങണം. 


സ്വത്വ രാഷ്ട്രീയത്തിന്റെ പിടിയിലമര്‍ന്ന ബോഡോ ഗ്രാമങ്ങളും പിന്നാക്കമാണ്

''ഇന്ത്യന്‍ പൗരന്‍മാരെങ്കില്‍ എന്തുകൊണ്ട് പൗരത്വം തെളിയിച്ചുകൂടാ?'' ബോഡോ ഗ്രാമങ്ങളില്‍ മുഴങ്ങുന്ന ഈ ചോദ്യം യുക്തിസഹമാണ്. എന്നാല്‍, ഉത്തരം അത്ര എളുപ്പമല്ല. കുല്‍സം ബീവി നല്‍കിയ മറുപടി ഇങ്ങനെ: ''ഞങ്ങള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരാണ്. എന്റെ മക്കളുടെ പൗരത്വം തെളിയിക്കുന്നതിനായുള്ള രേഖകള്‍ ഹാജരാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആഴ്ചകളോളം ഓഫീസുകള്‍ കയറി ഇറങ്ങണം. പണിക്ക് പോകാതെ രേഖകള്‍ തേടി ഇറങ്ങിയാല്‍ എന്റെ മക്കള്‍ പട്ടിണിയിലാകും.''
കരട് പട്ടികയില്‍ ഇടം പിടിക്കാനാകാത്ത, അഥവാ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കേണ്ടവരായ 40 ലക്ഷം പേരില്‍ എത്ര കുട്ടികള്‍ ഉണ്ട്? രജിസ്ട്രര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക്  പോലും വ്യക്തമായ കണക്ക് മുന്നോട്ട് വെക്കാനാവുന്നില്ല. 3 മുതല്‍ 4 ലക്ഷം വരെ കുട്ടികള്‍ ഉണ്ടായേക്കാമെന്നാണ് അനൗദ്യോഗികമായുള്ള അനുമാനം. 

ആരാണ് മണ്ണിന്റെ മക്കള്‍? 
2012-ലെ കലാപം കൊക്രാജര്‍ നഗരത്തിനു  സൃഷ്ടിച്ച മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ല. പുറത്തേക്ക് പ്രകടമല്ലെങ്കിലും ബോഡോകള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ അവിശ്വാസമുണ്ട്. മറ്റൊരു കലാപത്തിനായി എതിര്‍പക്ഷം കോപ്പുകൂട്ടുന്നുണ്ടോ എന്ന ആശങ്ക ഒളിഞ്ഞും തെളിഞ്ഞും പലരുംപങ്കുവെച്ചു. അരനൂറ്റാണ്ട് മുന്‍പ് ബീഹാറില്‍നിന്ന് അസമിലേക്ക് കുടിയേറി സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിചെയ്ത് കൊക്രാജാറില്‍ വിശ്രമജീവിതം നയിക്കുന്ന കൃഷ്ണ കിഷോര്‍ മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമായാണ് ചിന്തിക്കുന്നത്.

''വിഭജനത്തിനു ശേഷമുള്ള ചരിത്രമാണ് എല്ലാവരും പറയുന്നത്. അതിനു മുന്‍പുള്ള ചരിത്രം ബോധപൂര്‍വ്വം വിസ്മരിക്കുന്നു. പൗരത്വ പ്രശ്‌നത്തിന് തിരികൊളുത്തിയതും ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ്'' പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അസമിലൂടെ യാത്ര ചെയ്ത ബ്രിട്ടീഷ് മേജര്‍ ജോണ്‍ബട്ട്ലര്‍ 'മനുഷ്യവാസം ഇല്ലാത്ത പ്രദേശം', 'മരണതുല്യമായ നിശ്ശബ്ദത മാത്രമുളള പ്രദേശം' തുടങ്ങിയ വിശേഷണങ്ങളാണ് അസമിന് നല്‍കിയത്. വിഭജനത്തിനു മുന്‍പുള്ള വിശാല ബംഗാളില്‍ അന്ന് ഉയര്‍ന്ന ജനസംഖ്യയായിരുന്നു. 'കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കുക' എന്ന പദ്ധതി പ്രകാരം ബംഗാളില്‍നിന്ന് ബ്രിട്ടീഷുകാര്‍ തൊഴിലാളികളെ കൂട്ടത്തോടെ അസമിലേക്ക് കൊണ്ടുവന്നു. തേയിലത്തോട്ടങ്ങളിലും ബ്രഹ്മപുത്രയുടെ തീരങ്ങളിലും അവരെ എല്ലുമുറിയെ പണിയെടുപ്പിച്ചു. ഇന്നത്തെ ചിതലുകളുടെ മുന്‍ തലമുറയെ ചൂഷണം ചെയ്യുന്നതില്‍ വെള്ളക്കാരനും അസമിലെ തദ്ദേശീയ ഭൂപ്രഭുക്കളും തമ്മില്‍ ഭിന്നത ഉണ്ടായിരുന്നില്ല.

അദ്ധ്വനിച്ചുണ്ടാക്കിയ പണം കൊണ്ട് മുസ്ലിങ്ങള്‍ ഭൂമി വാങ്ങാന്‍ തുടങ്ങിയത് ഇതര വിഭാഗങ്ങളെ പ്രകോപിപ്പിച്ചു. ആയിരത്തിത്തൊള്ളായിരത്തി ഇരുപതോടെ തീവ്രമായ മണ്ണിന്റെ മക്കള്‍ വാദം മുളച്ചുപൊന്തി. ബ്രീട്ടീഷ് സര്‍ക്കാരാകട്ടെ, മുസ്ലിങ്ങള്‍ക്ക് വാങ്ങാന്‍ അനുവാദമുള്ള ഭൂമി പരിമിതപ്പെടുത്തിക്കൊണ്ട് 'രേഖാ സമ്പ്രദായം' കൊണ്ടുവന്നു. മുസ്ലിങ്ങള്‍ക്കു വാങ്ങാനാകുന്ന ഭൂമി അതോടെ പരിമിതമായി. മൗലാന മഷാനിയുടെ നേതൃത്വത്തില്‍ മുസ്ലിങ്ങള്‍ സമരം നടത്തിയെങ്കിലും പ്രയോജനം ഒന്നുമുണ്ടായില്ല. കാലക്രമത്തില്‍ മറ്റ് പ്രദേശങ്ങളില്‍നിന്ന് കുടിയേറിയ  ഇതര വിഭാഗങ്ങളെല്ലാം അസംകാരായി മാറിയെങ്കില്‍ ഈ മേഖലയിലെ മുസ്ലിങ്ങള്‍ ബംഗ്ലാദേശികളും അവരുടെ ഏറ്റവും പുതിയ തലമുറ ചിതലുകളുമായി മാറി. കൃഷ്ണ കിഷോര്‍ വിശദീകരിക്കുന്നു: ''മുസ്ലിങ്ങള്‍ക്കും ഇതര വിഭാഗങ്ങള്‍ക്കുമിടയില്‍ ബ്രിട്ടീഷുകാര്‍ വരച്ച ആ സാങ്കല്പിക രേഖ ഇന്നും മാഞ്ഞിട്ടില്ല. വളരെ പെട്ടെന്ന് വോട്ട് തട്ടാനുള്ള എളുപ്പവഴിയാണിത്.'' 

പൊദയഗിരി സര്‍ക്കാര്‍ സ്‌കൂള്‍
പൊദയഗിരി സര്‍ക്കാര്‍ സ്‌കൂള്‍


രേഖാ സമ്പ്രദായം ഉണ്ടാക്കിയ വിവേചനം അസമിന്റെ സമഗ്ര മേഖലയിലും ഇന്നും കാണാം. പൊദയഗുരി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളാണ് മികച്ച ഉദാഹരണം. മുളകൊണ്ട് കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക മുറിയില്‍ അഞ്ച് ക്ലാസ്സുകളിലെ അറുപതോളം കുട്ടികളാണ് പഠിക്കുന്നത്. രണ്ട് അധ്യാപകര്‍ ഉണ്ട്. അവര്‍ക്ക് വല്ലപ്പോഴുമേ ശമ്പളം ലഭിക്കുന്നുള്ളൂ. സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല. കുട്ടികളെല്ലാം ദരിദ്രരായ മുസ്ലിം കുടുംബങ്ങളില്‍നിന്നുള്ളവരാണ്. കൊക്രാജര്‍ കലാപത്തെ തുടര്‍ന്ന് ഗ്രാമങ്ങളില്‍നിന്ന് പലായനം ചെയ്ത് അഭയം തേടി പൊദയഗുരിയില്‍ എത്തിയവരുടെ കുഞ്ഞുങ്ങളാണ് മിക്കവരും. ഉച്ചഭക്ഷണമാണ് അവരെ സ്‌കൂളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

വിവേചനത്തിന്റെ ബാലപാഠങ്ങള്‍
വിവേചനത്തിന്റെ ബാലപാഠങ്ങള്‍

അധ്യാപകനായ അബ്ദുള്‍ സലാം ശോചനീയാവസ്ഥ വിവരിച്ചത് ഇങ്ങനെ: 
''കുട്ടികള്‍ക്ക് രോഗപ്രതിരോധ മരുന്നുകള്‍പോലും ഇവിടെ ലഭിക്കുന്നില്ല. രാജ്യത്ത് കുട്ടികള്‍ക്ക് രോഗപ്രതിരോധ തുള്ളിമരുന്നുകള്‍ നല്‍കുന്നതായി കേള്‍ക്കുന്നുണ്ട്. മറ്റ് സ്‌കൂളുകളില്‍ ഇത് നടക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ വരുമോ എന്ന് കുട്ടികള്‍ ചോദിക്കാറുണ്ട്. പക്ഷേ, ഇവിടെ ഇതൊന്നും നടക്കുന്നില്ല'' പൊദയഗുരി ഗ്രാമത്തിലെ പകുതിയോളം കുട്ടികള്‍ മാത്രമേ സ്‌കൂളില്‍ എത്തുന്നുള്ളൂ. സമീപത്തുള്ള മുളയുടെ മുകളില്‍ തൂങ്ങിയാടി പല കുട്ടികളും പകല്‍ സമയം തള്ളിനീക്കും. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഇവര്‍ക്കാരും പറഞ്ഞുകൊടുക്കുന്നില്ല. കളിപ്രായം തീരുന്നതിനു മുന്‍പുതന്നെ ഇവര്‍ ബാലവേല വിപണിയിലെ വില്പന വസ്തുക്കളാകും.
(Photo 6 കുട്ടികളില്‍ പകുതിയിലധികം സ്‌കൂളിന് പുറത്ത്)

നാടുകടത്തലിന്റെ രാഷ്ട്രീയം

അപാകതകള്‍ പരിഹരിച്ച് അന്തിമ പട്ടിക തയ്യാറാക്കിയാല്‍ അതോടെ ചിതലുകളെ നാടുകടത്തുമെന്നാണ് അസമിലെ ബി.ജെ.പി നേതാക്കള്‍ രായ്ക്കുരാമാനം പ്രസംഗിക്കുന്നുണ്ട്. ലക്ഷ്യം വരുന്ന ലോക്സഭ തെരഞ്ഞെടുപ്പാണ്. എന്നാല്‍, ഈ ദൗത്യം ഒട്ടും എളുപ്പമല്ല.
2018 ജൂലായ് 30-ന് പ്രസിദ്ധീകരിച്ച കരട് പൗരത്വ പട്ടികയനുസരിച്ച് അഞ്ച് ലക്ഷത്തോളം ഹിന്ദുക്കളായ ചിതലുകളും അസമിലുണ്ട്. ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി മുസ്ലിങ്ങളെ നാടുകടത്തണം എന്നതാണ് ബി.ജെ.പിയുടെ ആവശ്യം. എന്നാല്‍, ഈ നിലപാടിനോട് അസം, ബോഡോ സ്വത്വ സംഘടനകള്‍ ശക്തമായി വിയോജിക്കുന്നു.

ആള്‍ ബോഡോ സ്റ്റുഡന്റ് യൂണിയന്‍ വൈസ് പ്രസിഡന്റ് ന്യൂയോണ്‍ ബി.ജെ.പിയുടെ രാഷ്ട്രീയ അജന്‍ഡ തള്ളിക്കളയുന്നു ''ഞങ്ങള്‍ ഏതെങ്കിലും ജാതിക്കോ മതത്തിനോ എതിരല്ല. 1971-ന് ശേഷം ബംഗ്ലാദേശില്‍നിന്ന് വന്നവര്‍ മടങ്ങിപ്പോകണം. ഈ വിഷയത്തില്‍ ഹിന്ദുക്കള്‍ക്ക് യാതൊരുവിധ പ്രത്യേക പരിഗണനയും നല്‍കരുത്.''

1961 മുതല്‍ 69 വരെയുളള കാലയളവില്‍ രണ്ട് ലക്ഷത്തോളം പേരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ഹിതേശ്വര്‍ സൈക്കിയയായിരുന്നു  അന്ന് അസം മുഖ്യമന്ത്രി. ഇന്ന് ഗോ ശാലകളും ക്ഷേത്രങ്ങളും സന്ന്യാസി മഠങ്ങളും കയറിയിറങ്ങി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന ഹിന്ദുത്വയുടെ ആദ്യകാല പ്രയോക്താക്കളില്‍ ഒരാളായിരുന്നു സൈക്കിയ. നാടുകടത്തപ്പെട്ടവരെല്ലാം ബംഗ്ലാദേശിലെ അഭയാര്‍ത്ഥി കോളനികളിലാണ് പിന്നീട് ദാരുണ ജീവിതം നയിച്ചത്. ബംഗ്ലാദേശികള്‍ക്ക് അവര്‍ വിദേശികള്‍ ആയിരുന്നു.

കുട്ടികളില്‍ പകുതിയിലധികം സ്‌കൂളിന് പുറത്ത്
കുട്ടികളില്‍ പകുതിയിലധികം സ്‌കൂളിന് പുറത്ത്

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒട്ടുമിക്ക അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മോശമാണ്. എന്നാല്‍,  അവാമിലീഗ് സര്‍ക്കാരുകളുടെ കാലത്ത് ഇന്ത്യ ബംഗ്ലാദേശുമായി പുലര്‍ത്താറുള്ള ഊഷ്മളമായ ബന്ധം ഇപ്പോഴും തുടരുകയാണ്. രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ബര്‍മ്മയിലേക്ക് തിരിച്ചയയ്ക്കാന്‍ തിടുക്കം കൂട്ടുന്ന ബംഗ്ലാദേശ് ഒരിക്കലും ഇന്ത്യന്‍ അഭയാര്‍ത്ഥികളെ ഇരുകൈകളും നീട്ടി സ്വീകരിക്കില്ല. അവര്‍ അതിര്‍ത്തി അടച്ചിടും. മാത്രമല്ല, സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പലതും ബംഗ്ലാദേശിന്റെ  പക്കലും ഉണ്ട്. 

ധാക്ക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോളിസി, അഡ്വക്കസി ആന്റ് ഗവേര്‍ണന്‍സ് ചെയര്‍മാന്‍ സെയ്ദ് മുനീര്‍ ഖുസ്രു 2018 ഡിസംബര്‍ 17-ന് ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലെ ഏതാനും വരികള്‍ ഇങ്ങനെയാണ്:
''അധികൃതവും അനധികൃതവുമായി കുടിയേറിയ ഇന്ത്യക്കാര്‍ ബംഗ്ലാദേശിലും ഉണ്ട്. 2009-ല്‍ ബംഗ്ലാദേശ് സര്‍ക്കാരിനു ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇവരുടെ എണ്ണം 5 ലക്ഷത്തിലും അധികം വരും. യു.എ.ഇ, അമേരിക്ക, സൗദി അറേബ്യ, ഖത്തര്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് ഏറ്റവുമധികം വിദേശനാണ്യം വരുന്നത് ബംഗ്ലാദേശില്‍ നിന്നാണ്. ബഹുരാഷ്ട്ര കമ്പനികള്‍, സര്‍ക്കാര്‍ ഇതര സന്നദ്ധസംഘടനകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേന നിരവധി ഇന്ത്യക്കാര്‍ക്ക് മാന്യമായ തൊഴില്‍ ബംഗ്ലാദേശില്‍ ലഭിക്കുന്നുണ്ട്. ഇന്ത്യയിലുള്ള ബംഗ്ലാദേശികള്‍ കുറഞ്ഞ വേതനത്തിന് മോശപ്പെട്ട തൊഴിലുകള്‍ ചെയ്യുമ്പോള്‍ ബംഗ്ലാദേശിലുള്ള ഇന്ത്യക്കാര്‍ ഉയര്‍ന്ന നിലവാരത്തിലുള്ള വെള്ളക്കോളര്‍ തൊഴിലുകളാണ് ചെയ്യുന്നത്'' അറുപതുകളിലെ അസമല്ല ഇന്നത്തെ അസം. പലായനങ്ങള്‍ രാജ്യാന്തര പ്രശ്‌നമായ കാലത്ത് ബലം പ്രയോഗിച്ച് ലക്ഷങ്ങളെ അതിര്‍ത്തി തള്ളാനാകില്ല. ഇക്കാര്യം നന്നായറിയാവുന്ന സംഘപരിവാറിന്റെ അടുക്കളയില്‍ വേവുന്നത് നാടുകടത്തലിനേക്കാള്‍ പൈശാചികമായ മറ്റുചില കുടില തന്ത്രങ്ങളാണ്. അന്തിമ പൗരത്വ പട്ടികയില്‍നിന്ന് പുറത്ത് പോകുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നിഷേധിക്കുക എന്നതാണ് പരിഗണനയിലുള്ള നടപടികളിലൊന്ന്. ഇലക്ടറല്‍ കാര്‍ഡും ആധാറും റേഷന്‍ കാര്‍ഡും പാന്‍കാര്‍ഡുമെല്ലാം നിഷേധിക്കുക. എന്തിനും ഏതിനും രേഖകള്‍ വേണ്ട കാലത്ത് ഭക്ഷണം ലഭിക്കാതെ, ശിക്ഷ ലഭിക്കാതെ, ചികിത്സ ലഭിക്കാതെ, സുരക്ഷ ലഭിക്കാതെ ലക്ഷങ്ങള്‍ വിശന്നും രോഗങ്ങള്‍ മൂര്‍ച്ഛിച്ചും അസം തെരുവുകളില്‍ മരിച്ചു വീഴും. അവരില്‍ കുല്‍സം ബീവിയുടേയും രഹാനയുടേയും മക്കള്‍ ഉണ്ടാകുമോ?

കൊക്രാജര്‍ തെരുവ്
കൊക്രാജര്‍ തെരുവ്


ഇല്ലെന്ന ഉത്തരമാണ് അസം തെരുവുകളില്‍ കണ്ടുമുട്ടിയ ബഹുഭൂരിഭാഗവും നല്‍കിയത്. അധികാരത്തോട് ആര്‍ത്തിപൂണ്ട ഭൂപന്‍ ഹസാരിക അവസാന കാലത്ത് വര്‍ഗ്ഗീയ രാഷ്ട്രീയവുമായി സമരസപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസിദ്ധമായ 'അഗ്‌നി ജഗോര്‍ ഫ്രിന്‍ഗോട്ടി' ഗാനത്തില്‍ പാടിയതുപോലെ  എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് എല്ലാം തിരിച്ചു കൊണ്ടുവരുന്ന ഇടമായി ബ്രഹ്മപുത്രയുടെ തീരങ്ങള്‍ നിലനില്‍ക്കട്ടെ.
  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com