കര്‍മ്മയോഗി: ആഗമാനന്ദ സ്വാമിയെക്കുറിച്ച് 

പെരിയാര്‍ തീരത്ത് ചിതയില്‍ 1961 ഏപ്രില്‍ 17-ന് അദ്ദേഹത്തിന്റെ ഭൗതികശരീരം അഗ്‌നി ഏറ്റുവാങ്ങുന്നതിന് ഞാന്‍ സാക്ഷിയാണ്.
കര്‍മ്മയോഗി: ആഗമാനന്ദ സ്വാമിയെക്കുറിച്ച് 

ശ്രീരാമകൃഷ്ണ സന്ന്യാസി പരമ്പരയിലെ മഹാപണ്ഡിതനായ സന്ന്യാസി ആയിരുന്നു ആഗമാനന്ദസ്വാമികള്‍. പെരിയാര്‍ തീരത്ത് ചിതയില്‍ 1961 ഏപ്രില്‍ 17-ന് അദ്ദേഹത്തിന്റെ ഭൗതികശരീരം അഗ്‌നി ഏറ്റുവാങ്ങുന്നതിന് ഞാന്‍ സാക്ഷിയാണ്. എനിക്ക് ജോലി തന്നത് അദ്ദേഹമാണ് എന്നു പറഞ്ഞാല്‍ പോരാ, ഞാന്‍ അറിയാതെ എന്റെ ജോലി സംരക്ഷിച്ചു തന്നതും അദ്ദേഹമാണ്. ആ വിവരം, സ്വാമിജിയുടെ സമാധിക്കുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മറ്റു ചിലര്‍ പറഞ്ഞ് ഞാന്‍ അറിഞ്ഞത്. കാലടി ശ്രീശങ്കരാകോളേജ് ഭരണസമിതിയുടെ പ്രസിഡന്റായിരുന്നു ആഗമാനന്ദസ്വാമികള്‍, ഞാന്‍ അവിടെ നിയമിതന്‍ ആകുമ്പോള്‍. എന്റെ കുട്ടിക്കാലത്ത്, ഇടപ്പള്ളിയില്‍ എന്റെ വീടിനടുത്തുള്ള അമ്പലത്തില്‍ ഉത്സവകാലത്ത് മതപ്രഭാഷണത്തിന് വരാറുള്ള സ്വാമിജിയെ കണ്ടിട്ടുണ്ട് എന്നുമാത്രം. (സ്വാമിജിയുടെ പ്രസംഗം കഴിഞ്ഞ് ആരംഭിക്കുന്ന കുറത്തിയാട്ടം കാണാനുള്ള തിടുക്കത്തിലായിരുന്നു ഞാനും കൂട്ടുകാരും!)
ശങ്കരാകോളേജിലെ ഉദ്യോഗത്തിന് അപേക്ഷയും ഡയറക്ടര്‍ ബോര്‍ഡിലെ കരുത്തനായ പ്രാക്കുളം രാമന്‍പിള്ളയുടെ ശുപാര്‍ശക്കത്തും ആയിട്ടാണ് ഞാന്‍ സ്വാമിജിയെ സമീപിക്കുന്നത്. ആശ്രമത്തില്‍ എത്തിയ എന്നോട് സ്വാമിജി ആദ്യം ചോദിച്ചത് പഠിക്കുകയാണോ എന്നാണ്! കാണാന്‍ ചെന്നതിന്റെ ഉദ്ദേശ്യം വിവരിച്ച് കത്തുകൊടുത്തു. തുടര്‍ന്ന് സ്വാമിജി ചോദിച്ചത്, ഞാന്‍ വിവേകാനന്ദ സ്വാമികളുടെ ഏതെങ്കിലും കൃതി വായിച്ചിട്ടുണ്ടോ എന്നാണ്. അവിടെ ഭാഗ്യം എന്റെ കൂടെ ആയിരുന്നു. എന്റെ വല്യച്ഛന്‍ വലിയ വിവേകാനന്ദ ഭക്തനായിരുന്നു. അദ്ദേഹം, ഞാന്‍ ബി.എ പാസ്സായപ്പോള്‍ സ്വാമിജിയുടെ സമ്പൂര്‍ണ്ണ കൃതികള്‍ എനിക്ക് വായിക്കാന്‍ തന്നു. ഞാനത് വായിച്ചു. എന്നെ അത്ഭുതപ്പെടുത്തിയത് സ്വാമിജിയുടെ ഇംഗ്ലീഷാണ്- എന്തു ശക്തി, എന്തു ഭംഗി! ഭാഷ ആത്മാവിഷ്‌കാരം തന്നെ. 

ഭാഗ്യവശാല്‍ എനിക്ക് ജോലി കിട്ടി - 1958-ല്‍. ഏതാനും മാസങ്ങള്‍ക്കകം വിമോചനസമരം പൊട്ടിപ്പുറപ്പെട്ടു. അതിന്റെ പിന്നിലെ പ്രത്യയശാസ്ത്രത്തെക്കാള്‍, അതിന്റെ തെമ്മാടിത്തമാണ് കാലടി-അങ്കമാലി പ്രദേശത്തെ ബാധിച്ചത്. അത് അന്തരീക്ഷത്തെ കലുഷിതമാക്കി. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കണയന്നൂര്‍ താലൂക്കില്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി സഖാവ് ടി.കെ. രാമകൃഷ്ണന്‍. രാമകൃഷ്ണന്റെ ഇലക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് എന്റെ അച്ഛന്‍ ആയിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന പ്രാക്കുളം രാമന്‍പിള്ളയ്ക്ക് ആ സംരംഭത്തില്‍നിന്നും അച്ഛനെ പിന്‍തിരിപ്പിക്കണം എന്ന വാശി. നേരിട്ട് പറഞ്ഞിട്ടു ഫലമില്ല എന്നു ബോധ്യമായപ്പോള്‍ ലക്ഷ്യപ്രാപ്തിക്ക് എന്റെ ഉദ്യോഗം കരു ആക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. എന്നെ ജോലിയില്‍നിന്നും പിരിച്ചുവിടണം എന്നദ്ദേഹം ആഗമാനന്ദനോട് ആവശ്യപ്പെട്ടുപോലും. മാനേജിംഗ് കമ്മിറ്റി സെക്രട്ടറിക്കും അതു സ്വീകാര്യം- അദ്ദേഹം തനി രാഷ്ട്രീയക്കാരന്‍, കോണ്‍ഗ്രസ്സ് എക്‌സ് എം.എല്‍.എ ഉപജാപങ്ങളില്‍ ചാണക്യന്‍ എന്നാണ് കേട്ടറിവ്. പ്രശ്‌നം ഡയറക്ടര്‍ ബോര്‍ഡിനു മുന്നില്‍ ചര്‍ച്ചയ്ക്കു വരും; എന്നെ പിരിച്ചുവിടാന്‍ തീരുമാനം ഉണ്ടാവും. നിയമങ്ങള്‍ ഉണ്ടാക്കുന്നത് മാനേജര്‍മാരായിരുന്നു. പ്രശ്‌നം പരാമര്‍ശിക്കപ്പെട്ടു. അപ്പോള്‍ മികച്ച റിസല്‍ട്ട് ചൂണ്ടിക്കാട്ടി പിരിച്ചുവിടലും നിയമനവും ഒന്നും പരിഗണിക്കേണ്ടതില്ല അപ്പോള്‍ എന്ന് സ്വാമിജി പ്രഖ്യാപിച്ചു. ആ കാര്യം തന്നെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയില്ല. സ്വാമിജി ഉറച്ചുനിന്നിരുന്നില്ല എങ്കില്‍, ഞാന്‍ പുറത്തേക്കു വലിച്ചെറിയപ്പെടുമായിരുന്നു, തീര്‍ച്ച. സ്വാമിജി എന്നോട് ഇക്കാര്യത്തെപ്പറ്റി ഒരിക്കലും സംസാരിച്ചിട്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് മറ്റു ചിലര്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. ഋഷികാരുണ്യം എന്നല്ലാതെ മറ്റൊന്നും എനിക്കു പറയുവാന്‍ ഇല്ല. 
കാലടിയില്‍ ഒരുപാടു പേര്‍ക്ക് - പഴയ തലമുറക്കാരായ പലര്‍ക്ക് - അറിയാവുന്ന പല കഥകള്‍ ഉണ്ട് സ്വാമിജിയെപ്പറ്റി. അവയില്‍ എന്നെ വല്ലാതെ സ്പര്‍ശിച്ച ചിലത് ഓര്‍ത്തെടുക്കട്ടെ. 

പെരിയാര്‍ തീരത്ത് പറയത്തു ഗോവിന്ദമേനോന്‍ എന്ന ജന്മി ദാനമായി നല്‍കിയ ഏതാനും ഏക്കര്‍ പ്രദേശത്താണ് ശ്രീരാമകൃഷ്ണാശ്രമം തുടങ്ങിയത്. ആശ്രമം എന്നൊന്നും പറയാനില്ല. നാലു മുളങ്കാലില്‍ ഓലമേഞ്ഞ ഒരു കുടില്‍. അത്രമേല്‍ വിനീതമായിരുന്നു തുടക്കം. സ്വാമിജി കേരളത്തിലാകെ അറിയപ്പെട്ടിരുന്നു അക്കാലത്തു തന്നെ. 

വൈക്കം സത്യാഗ്രഹ കാലത്ത് യാഥാസ്ഥിതികനും മഹാദേവക്ഷേത്രത്തിന്റെ ഊരാളരില്‍ പ്രമുഖനും ആയിരുന്ന ഇണ്ടന്തുരുത്തി നമ്പ്യാതിരി, ഹരിജനങ്ങളെ അകറ്റിനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മഹാത്മജിയോട് വേദേതിഹാസങ്ങളുടെ പിന്‍ബലത്തോടെ വാദിച്ചപ്പോള്‍, അതിന് യുക്തിഭദ്രമായി മറുപടി പറഞ്ഞത്, സന്ന്യാസം സ്വീകരിച്ച് ആഗമാനന്ദന്‍ ആകുന്നതിനു മുന്‍പുള്ള കൃഷ്ണന്‍ നമ്പ്യാതിരി ആയിരുന്നു. ഗുരുവായൂര്‍ സത്യഗ്രഹ കാലത്തും ആഗമാനന്ദന്റെ വീരവാണി കേരളത്തില്‍ മുഴങ്ങി. ആശ്രമം തുടങ്ങിയപ്പോള്‍ സ്വാമിജി ആദ്യം ചെയ്തത് രണ്ട് ഹരിജന്‍ കുട്ടികളെ ദത്തെടുക്കുകയാണ്. അവരെ സംസ്‌കൃതം പഠിപ്പിച്ചു. ഭക്ഷണം നല്‍കാം എന്നതായിരുന്നു ആ കുട്ടികള്‍ക്കു നല്‍കിയ വാഗ്ദാനം. ആരോ ഒരാള്‍ കുട്ടികള്‍ക്ക് സംസ്‌കൃതത്തിലെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ തയ്യാറായി. കണ്ണീരുപ്പു പുരട്ടി, വിശപ്പുണ്ടു ശീലിച്ച ആ പാവം കുട്ടികള്‍ രാവിലെ ഏഴുമണിയാവുമ്പോഴേക്കും ആശ്രമത്തില്‍ എത്തും. 

സ്വാമിജിയോ? ആറുമണിയാവുമ്പോഴേക്കും അദ്ദേഹം പെരിയാറ്റില്‍ കുളിക്കാനിറങ്ങും. ഉടുവസ്ത്രം നനച്ചു പിഴിഞ്ഞ് മണപ്പുറത്തു വിരിക്കും. കച്ചമുണ്ട് ഉടുത്ത് വെള്ളത്തില്‍ കിടക്കും. - ഒന്ന് ഒന്നര മണിക്കൂര്‍. അപ്പോഴേക്കും കരയില്‍ വിരിച്ച മുണ്ട് ഈറന്‍ വലിഞ്ഞിട്ടുണ്ടാവും. അത് ഉടുക്കും. അതല്ലാതെ മറ്റൊന്നില്ല മാറി ഉടുക്കാന്‍. നനവു വിട്ടിട്ടില്ലാത്ത മുണ്ട് ഉടുത്ത് ഒരു പാത്രവും ആയി സ്വാമിജി ചില വീടുകളില്‍ ഭിക്ഷയാചിച്ചു ചെല്ലും. ചിലര്‍ എന്തെങ്കിലും കൊടുക്കും- തലേദിവസം ബാക്കിവന്ന ചോറ്, ഒന്നോ രണ്ടോ പഴം, ചിലപ്പോള്‍ കുറച്ച് അരി, അര അണയോ കാലണയോ തുട്ടുകള്‍. ഒന്‍പതു മണിയാവുമ്പോഴേക്കും ഭിക്ഷാപാത്രം നിറഞ്ഞിട്ടുണ്ടാവും. അതുമായി സ്വാമിജി വീണ്ടും ആശ്രമത്തിലേക്ക്. പഠിപ്പിച്ചിരുന്ന അദ്ധ്യാപകന്‍ സ്ഥലം വിട്ടിട്ടുണ്ടാവും. കുട്ടികള്‍ ആശ്രമമുറ്റത്ത് ഇളവെയില്‍ കാഞ്ഞ് സ്വാമിജിയെ കാത്തിരിക്കുകയാവും. അന്നു കിട്ടിയ ഭിക്ഷ അദ്ദേഹം അവര്‍ക്ക് വിളമ്പിക്കൊടുക്കും. കുട്ടികളുടെ വയര്‍ നിറഞ്ഞാല്‍ ബാക്കി ഉള്ളത് സ്വാമിജി കഴിക്കും. ആ ഭക്ഷണം അവര്‍ മൂവര്‍ക്കും ഏറെ സ്വാദിഷ്ടമായിരുന്നു- വിശപ്പിനോളം നല്ല ഉപദംശം വേറെ ഇല്ലല്ലോ. 

പിന്നെ ആശ്രമം വളര്‍ന്നു. ഞാന്‍ കാണുമ്പോഴേക്ക് അതൊരു വലിയ സ്ഥാപനം ആയി... സ്വാമിജി സമാധിയായി... ആ കുട്ടികളില്‍ ഒരാള്‍ പഠിച്ചു. വിദ്യാഭ്യാസവകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായി. സര്‍ക്കാര്‍ വാഹനത്തില്‍ അദ്ദേഹം പലതവണ ആശ്രമത്തില്‍ എത്തി. ഓരോ തവണ വരുമ്പോഴും അപ്പോഴത്തെ ആശ്രമാധിപതിയെ കണ്ട് വന്ദിച്ച് കുശലം പറഞ്ഞശേഷം, അദ്ദേഹം പെരിയാര്‍തീരത്ത് സ്വാമിജിയുടെ ഭൗതികശരീരം ഏറ്റുവാങ്ങിയ ചിത എരിഞ്ഞടങ്ങിയ സ്ഥലത്തേക്കു പോകും. അവിരാമം ഒഴുകുന്ന തെളിഞ്ഞ പെരിയാറിലെ ജലവിതാനത്തിലേക്കു നോക്കി നിശ്ശബ്ദനായി, നിരുദ്ധകണ്ഠനായി കൈകൂപ്പി നില്‍ക്കും. ഭൂഗര്‍ഭത്തിലെ മഹാജലധിയില്‍നിന്നും ആര്‍ദ്രതയുടെ ഒരു കണികയായി നദി ഒലിച്ചിറങ്ങുന്നപോലെ ആ മനുഷ്യന്റെ മനസ്സില്‍ ഇരമ്പുന്ന കൃതജ്ഞതാനിര്‍ഭരമായ ദുഃഖം ഒരു തുള്ളി കണ്ണുനീരായി ആ മിഴികളില്‍ നിറയും. ഒരക്ഷരം മിണ്ടാതെ, കിഴക്കന്‍ ചക്രവാളത്തിലെ നീലക്കുന്നുകളേയും തെളിഞ്ഞ ആകാശത്തേയും സാക്ഷിയാക്കി, മനസ്സില്‍ അദ്ദേഹം തിലോദകം അര്‍പ്പിച്ച് മടങ്ങും. അടുത്ത വരവുവരെ കര്‍മ്മനിരതന്‍ ആവാനുള്ള ഊര്‍ജ്ജം ഏകാന്തനീരവമായ ആ അര്‍ച്ചന അദ്ദേഹത്തിനു പകര്‍ന്നു നല്‍കിയിട്ടുണ്ടാവും എന്നെനിക്ക് ഉറപ്പ്. 

ആശ്രമം അതിന്റെ ബാലാരിഷ്ടതകള്‍ പിന്നിടുന്നതിന് മുന്‍പുണ്ടായ മറ്റൊരു സംഭവം ആഗമാനന്ദസ്വാമികളുടെ മറ്റൊരു മുഖമാണ് കാണിച്ചുതരുന്നത്. കാലടിയില്‍ ശൃംഗേരിമഠം, രാമകൃഷ്ണാശ്രമ സ്ഥാപനത്തിന് ദശാബ്ദങ്ങള്‍ മുന്‍പുതന്നെ, ശാരദാദേവി-ശങ്കരാചാര്യക്ഷേത്രങ്ങളും വേദപാഠശാലയും തുടങ്ങിയിരുന്നു. അവയുടെ ഭാഗമായി തമിഴ് ബ്രാഹ്മണര്‍ താമസിക്കുന്ന അഗ്രഹാരവും - ഗ്രാമം. മൈസൂരില്‍നിന്ന് വല്ലപ്പോഴും - ചിലപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ ഒരിക്കല്‍ - ശങ്കരാചാര്യന്‍, സംസ്ഥാന ഗവണ്‍മെന്റിന്റെ അതിഥിയായി കാലടിയില്‍ വന്ന് ഒന്നോ രണ്ടോ ആഴ്ച താമസിക്കും. മതാചാരങ്ങളുടെ നേരെ തികച്ചും യാഥാസ്ഥിതികം ആയിരുന്നു ശൃംഗേരി മഠത്തിന്റെ സമീപനം അന്ന് - ഇന്നും വലിയ മാറ്റം വന്നിട്ടുണ്ടോ? ആഗമാനന്ദസ്വാമികള്‍, ഹരിജനോദ്ധാരണം കര്‍മ്മപദ്ധതികളില്‍ ഒന്നായി അംഗീകരിച്ചതും പുലയക്കുട്ടികളെ സംസ്‌കൃതം പഠിപ്പിക്കുന്നതും അവര്‍ക്ക് തീരെ രുചിച്ചിരുന്നില്ല. അതുകൊണ്ട് അവര്‍ ആഗമാനന്ദന് ഭ്രഷ്ട് കല്പിച്ചു- ശൃംഗേരിക്ഷേത്രങ്ങള്‍ക്കു മുന്നില്‍ ഒരു ബോര്‍ഡ് എഴുതി വച്ചു: ''അവര്‍ണ്ണര്‍ക്കും ആഗമാനന്ദനും പ്രവേശനം ഇല്ല!''
സാത്വികനായ ഒരു സന്ന്യാസി ഈ മാതിരി വങ്കത്തങ്ങള്‍ക്ക് നേരെ സഹതാപജന്യമായ മൗനം പാലിക്കുകയല്ലേ ചെയ്യുക. എന്നാല്‍ ആഗമാനന്ദന്റെ ജനുസ്സ് മറ്റൊന്നായിരുന്നു. 
സ്വാമിജി ഒത്ത വലിപ്പമുള്ള വ്യക്തിയായിരുന്നു. ആറടി ഉയരം. അതിനൊത്ത ശരീരപുഷ്ടി. ഈ ബോര്‍ഡിനെപ്പറ്റി ആരോ പറഞ്ഞ് സ്വാമി അറിഞ്ഞു. പിന്നെ ഒരു നിമിഷം പോലും സംശയിക്കുക ഉണ്ടായില്ല. തന്റെ തോളറ്റം ഉയരമുള്ള ഉലക്കപോലുള്ള ഒരു കാഞ്ഞിരവടിയെടുത്ത് രണ്ട് ഹരിജന്‍ കുട്ടികളേയും കൂട്ടി അദ്ദേഹം നേരെ ശൃംഗേരി ക്ഷേത്രസമുച്ചയത്തിലേക്കു ചെന്നു. അവിടെ ചാരിവച്ചിരുന്ന ബോര്‍ഡ് എടുത്ത് ചവിട്ടിക്കൂട്ടി വലിച്ചെറിഞ്ഞ് കുട്ടികളോടൊപ്പം അമ്പലത്തിലേക്കു കയറി. ഓടിക്കൂടിയ തമിഴ് ബ്രാഹ്മണര്‍ സ്വാമിയെ തടയാന്‍ മുന്നോട്ടാഞ്ഞപ്പോള്‍ കുട്ടികളെ പിന്നില്‍ നിര്‍ത്തി സ്വാമി തിരിഞ്ഞുനിന്നു. നീണ്ട വടി ഊന്നിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ''എന്നെ തടയാന്‍ വരുന്നവനെ, അതാരായാലും വേണ്ടില്ല, അടിച്ച് നിലത്തിടും ഞാന്‍.'' ഈ നരസിംഹാവതാരം അവര്‍ പ്രതീക്ഷിച്ചതേ അല്ല. ആരും സ്വാമിജിയെ തടഞ്ഞില്ല, തടയാന്‍ ധൈര്യപ്പെട്ടില്ല. വൈക്കത്ത് എണ്ണൂറിലധികം നാള്‍ നീണ്ട് ഭാഗികമായി ജയിച്ച, ഗുരുവായൂരില്‍ ഒരാണ്ടു നീണ്ട് പരാജയപ്പെട്ട കാര്യമാണ് സ്വാമിജി ഒറ്റയ്ക്ക് അഞ്ചു മിനിട്ടു കൊണ്ട് പരിപൂര്‍ണ്ണ വിജയത്തില്‍ എത്തിച്ചത്. അഭയം വൈ ബ്രഹ്മ എന്നതിന് ഇത് ഉദാഹരണമാവുമോ? എനിക്കറിഞ്ഞുകൂട!
ഏതു കാരുണ്യപ്രവൃത്തിയും ആഘോഷം ആക്കുന്നവരായി മാറിക്കഴിഞ്ഞിരിക്കുന്നു നമ്മള്‍. ഒരു പാവപ്പെട്ട കുട്ടിക്ക് പഠിക്കാന്‍ പുസ്തകമോ ഫീസോ നല്‍കുന്നതും ഒരു സാധു സ്ത്രീക്ക് ഉപജീവനത്തിന് ഒരു തയ്യല്‍യന്ത്രം കൊടുക്കുന്നതും ഒക്കെ, ഒരുപാടു പണം ചെലവാക്കി വിളിച്ചുകൂട്ടുന്ന സമ്മേളനങ്ങളുടെ അനുബന്ധച്ചടങ്ങു മാത്രം! പൊങ്ങച്ചത്തൊപ്പി കൂടാതെ കാരുണ്യ പ്രവര്‍ത്തനം വയ്യ എന്നതാണ് അവസ്ഥ. ഇത് കച്ചവടതന്ത്രമാവാം. വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്ന ചൊല്ല് കാലഹരണപ്പെട്ട വിശുദ്ധിയുടെ വിവേകമാണ്. ചന്തയുടെ സംസ്‌കാരത്തില്‍ അതിന് പ്രസക്തി ഇല്ല. 

ഇതു പറയുവാനും കാരണം ആഗമാനന്ദനാണ്. അദ്ദേഹത്തെപ്പറ്റി ഗുപ്തന്‍നായര്‍ സാര്‍ പറഞ്ഞു തന്ന ഒരനുഭവ കഥ. ആശ്രമം അതിന്റെ ബാലാരിഷ്ഠതകള്‍ പിന്നിട്ടു എന്നേ പറയാനാവൂ- ദുരിതങ്ങളും ദാരിദ്ര്യവും സഹയാത്രികര്‍ തന്നെ. സ്‌കൂളും ഹോസ്റ്റലും ഉണ്ട്; ഒരേസമയം നേട്ടവും ബാദ്ധ്യതയും ആയിരുന്നു രണ്ടും. അക്കാലത്ത് ശങ്കരജയന്തിയും ക്രിസ്തുമസ്സും ശിവരാത്രിയും ഒക്കെ ആശ്രമത്തില്‍ ആഘോഷിച്ചിരുന്നു- ആചരിച്ചിരുന്നു എന്നതാണ് നല്ല വാക്ക്. ആര്‍ഭാടങ്ങള്‍ ഒട്ടും ഇല്ലാത്ത ചില ചടങ്ങുകള്‍ മാത്രം. അത്തരം ഒരു ചടങ്ങില്‍ പ്രസംഗിക്കാനാണ് ഗുപ്തന്‍നായര്‍ സാര്‍ എത്തിയത്. പ്രഭാഷണം കഴിഞ്ഞ് അന്ന് സാര്‍ ആശ്രമത്തില്‍ താമസിച്ചു. 

ദീര്‍ഘയാത്ര, പരിചയം ഇല്ലാത്ത സ്ഥലത്തെ കിടപ്പ്, തണുപ്പ്- സാറിന് ഉറക്കം വന്നില്ല. സമയം രാത്രി പതിനൊന്നു കഴിഞ്ഞിട്ടുണ്ടാവും. സാര്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്. അപ്പോള്‍ ആ മുറിക്കു മുന്നിലെ വരാന്തയിലൂടെ റാന്തല്‍ വിളക്കുമായി ഒരാള്‍ പോകുന്നു. ഈ അസമയത്ത് ആരാണ് നടക്കുന്നത്? ജിജ്ഞാസമൂലം ഗുപ്തന്‍നായര്‍ സാര്‍ പുറത്തിറങ്ങി. കുറച്ചു പിന്നിലായി അദ്ദേഹം ആ വിളക്കിനെ പിന്തുടര്‍ന്നു. 
തൊട്ട് അപ്പുറത്തെ കെട്ടിടത്തിലാണ് കുട്ടികള്‍ താമസിക്കുന്നത്. വിളക്കേന്തിയ ആള്‍ അങ്ങോട്ടാണ് പോകുന്നത്. കുട്ടികള്‍ കിടക്കുന്ന ഹാളിന്റെ വാതില്‍ തുറന്ന് ആ ആള്‍ അകത്തേക്കു കടക്കുമ്പോള്‍ ഗുപ്തന്‍നായര്‍ സാര്‍ ആ മുഖം കണ്ടു - ആഗമനാന്ദന്‍. തിരിതാഴ്ത്തി അദ്ദേഹം ആ മുറിയില്‍ പായയില്‍ കിടക്കുന്ന ഒരെട്ടുവയസ്സുകാരന്റെ അരികിലെത്തി. 
പുറത്ത് വരാന്തയില്‍ നില്‍ക്കുന്ന പ്രൊഫസര്‍ സ്വാമിജിയുടെ ശബ്ദം കേട്ടു. സ്വാമിജി ആ കുട്ടിയോട് ഒച്ച താഴ്ത്തി ചോദിക്കുന്നു: ''നിനക്ക് നന്നായി വേദനിക്കുന്നുണ്ടോ?''
''ഉം''- ഒരു നേര്‍ത്ത സ്വരം. 

ഹോസ്റ്റല്‍ അന്തേവാസികളുടെ കൂട്ടത്തില്‍ ഉള്ള അനാഥനായ ഒരു ഹരിജന്‍ കുട്ടി. അവന് വാതത്തിന്റെ അസുഖം ആണ്. തണുപ്പടിച്ചാല്‍ സന്ധികള്‍ വേദനിക്കും. 
സ്വാമിജി അവന്റെ പായയില്‍ ഇരിക്കുന്നത് ഗുപ്തന്‍നായര്‍ സാര്‍ മങ്ങിയ വെളിച്ചത്തില്‍ കണ്ടു. അദ്ദേഹം പറയുന്നതു കേട്ടു. ''സാരമില്ല. നീ കണ്ണടച്ച്, നാമം ചൊല്ലിക്കൊണ്ട് കിടന്നോ. ഞാന്‍ തടവിത്തരാം.''
സ്വാമിജി അവന്റെ കാലുകള്‍ പതുക്കെ തടവിക്കൊണ്ടിരുന്നു. എത്ര സമയം? അരമണിക്കൂര്‍, ഒരു മണിക്കൂര്‍- അറിയില്ല. കുട്ടി ഉറങ്ങി എന്ന് ഉറപ്പായപ്പോള്‍ സ്വാമിജി ഒച്ച ഉണ്ടാക്കാതെ എഴുന്നേറ്റു. ഒരു മുണ്ടുകൊണ്ട് അവനെ പുതപ്പിച്ചു. വിളക്കുമായി സ്വന്തം മുറിയിലേക്ക് നടന്നുപോയി. പുറത്ത് നിഴലില്‍ തൂണിനരികില്‍ നിന്നിരുന്ന പ്രൊഫസറെ അദ്ദേഹം കണ്ടതുപോലും ഇല്ല. 
ഈ കഥ എന്നോടു പറഞ്ഞപ്പോള്‍, ഗുപ്തന്‍നായര്‍ സാര്‍ കുറച്ചുസമയം വിതുമ്പിക്കരഞ്ഞുപോയി. പിന്നെ നിറമിഴികള്‍ ഒപ്പി. ഇടറിയ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു: ''എടോ, ആ നിമിഷത്തില്‍ ഞാന്‍ ഈശ്വരനെ കാണുകയായിരുന്നു. സ്വാമിജിയുടെ പാദങ്ങളില്‍ വീണ് ആ കാലുകള്‍ കെട്ടിപ്പിടിച്ച് കരയണം എന്നു തോന്നി എനിക്ക്. മനസ്സുകൊണ്ട് ഞാനതു ചെയ്തു. ഒരിക്കലല്ല, നൂറുവട്ടം.''

സ്വാമിജിക്ക് ചില നേരമ്പോക്കുകളും ഉണ്ട്. അക്കാലത്ത് ആശ്രമത്തില്‍ പ്രാതല്‍ കഞ്ഞിയാണ്. ധാരാളം പ്ലാവുകള്‍ ഉള്ളതുകൊണ്ട് ചക്ക ഉണ്ടാവും. കഞ്ഞിയുടെ കൂടെ ചക്കപ്പുഴുക്കും ഉച്ചയ്ക്കും കഞ്ഞിയും ചക്കപ്പുഴുക്കും. അത്താഴവും. സ്വാമി കഞ്ഞിയും ചക്കപ്പുഴുക്കും എന്നല്ല പറയുക. കഞ്ഞികൂട്ടി ചക്കപ്പുഴുക്കു കഴിച്ചു എന്നാണ്. ദാരിദ്ര്യത്തിന്റെ നിസ്സഹായത ചിരിയാക്കി മാറ്റുക. നിസ്സംഗത. ആശ്രമത്തിലേക്കു വഴി ചോദിക്കുന്നവരോട് സ്വാമിജി പറയും: ''കാലടി കവലയില്‍ എത്തിയാല്‍ ഒരു എക്സൈസ് ഓഫീസ് കാണും. അവിടെ ചോദിച്ചാല്‍ അവര്‍ അടുത്ത കള്ളുഷാപ്പിലേക്കുള്ള വഴി പറഞ്ഞുതരും. ഷാപ്പിനു മുന്നിലെത്തിയാല്‍ വടക്കോട്ട് നാലഞ്ച് മിനിട്ട് നടന്നാല്‍ ആശ്രമത്തിനു മുന്നിലെത്തും. ഷാപ്പിനു മുന്നിലെത്തിയാല്‍ എവിടെ കേറണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കാണ്.'' 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com