ജനാധിപത്യത്തിന്റെ മരണങ്ങള്‍: ടിപി രാജീവന്‍ എഴുതുന്നു

തന്റെ ജോലി പൂര്‍ത്തിയാക്കാതെ താന്‍ അധികാരം ഉപേക്ഷിക്കില്ല എന്നായിരുന്നു അലന്‍ഡെ പറഞ്ഞുകൊണ്ടിരുന്നത്; പക്ഷേ, സത്യത്തിന്റെ സമയം സമാഗതമായി. 
ജനാധിപത്യത്തിന്റെ മരണങ്ങള്‍: ടിപി രാജീവന്‍ എഴുതുന്നു

വിപ്ലവം വരുന്നതും ജനാധിപത്യം പോകുന്നതും തോക്കിന്‍ക്കുഴലിലൂടെയാണെന്നായിരുന്നു പണ്ടുണ്ടായിരുന്ന വിശ്വാസം. ഇതില്‍ തോക്കിന്‍ക്കുഴലിലൂടെ വന്ന വിപ്ലവത്തിനു ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. സോവിയറ്റ് യൂണിയന്‍ മുതല്‍ ക്യൂബ വരെ. തോക്കിന്‍ക്കുഴലിലൂടെ ജനാധിപത്യം പോകുന്ന വഴി തേടിയാല്‍ നാം ആദ്യം എത്തിച്ചേരുക 1973-ലെ ചിലിയിലായിരിക്കും, ചിലിയിലെ സാന്തിയാഗോ നഗരത്തില്‍. 'ജനാധിപത്യങ്ങള്‍ മരിക്കുന്നതെങ്ങനെ' (How Democracies Die) എന്ന പുസ്തകത്തില്‍ സ്റ്റീവന്‍ ലെവിട്‌സ്‌ക്കിയും ഡാനിയല്‍ സിബ്ലാറ്റും ജനാധിപത്യത്തിന്റെ ആ പോക്ക് ഇങ്ങനെ വിവരിക്കുന്നു:
1973, സെപ്റ്റംബര്‍ 11, നട്ടുച്ച. ചിലിയിലെ സാന്തിയാഗോ തെരുവുകളില്‍ മാസങ്ങള്‍ നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്കുശേഷം, നഗരകേന്ദ്രത്തില്‍, നിയോ ക്ലാസ്സിക്കല്‍ വാസ്തുശില്പ മാതൃകയിലുള്ള, 'ലാമൊനേഡ' എന്നറിയപ്പെട്ടിരുന്ന പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുകളില്‍ ബ്രിട്ടീഷ് നിര്‍മ്മിത 'ഹ്വോക്കര്‍ ഹണ്ടര്‍' ജറ്റ് വിമാനങ്ങള്‍ വട്ടമിട്ടു പറന്നു ബോംബു വര്‍ഷിക്കാന്‍ തുടങ്ങി. മൂന്ന് വര്‍ഷം മുന്‍പ്, ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡെ കൊട്ടാരത്തിനകത്ത്, സുരക്ഷാകവചങ്ങള്‍ക്കുള്ളിലുണ്ടായിരുന്നു  അപ്പോള്‍. 
അദ്ദേഹത്തിന്റെ ഭരണകാലത്ത് സാമൂഹികമായ അസ്വാസ്ഥ്യങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയമായ മരവിപ്പ് മുതലായവയാല്‍ ചിലി തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. തന്റെ ജോലി പൂര്‍ത്തിയാക്കാതെ താന്‍ അധികാരം ഉപേക്ഷിക്കില്ല എന്നായിരുന്നു അലന്‍ഡെ പറഞ്ഞുകൊണ്ടിരുന്നത്; പക്ഷേ, സത്യത്തിന്റെ സമയം സമാഗതമായി. 

ജനറല്‍ ഒഗസ്‌തോ പിനോഷെയുടെ നേതൃത്വത്തില്‍ പട്ടാളം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. സെപ്റ്റംബര്‍ 11-ന് കാലത്ത്, തന്റെ ദൃഢനിശ്ചയം അലന്‍ഡെ ദേശീയ റേഡിയോവിലൂടെ ജനങ്ങളെ അറിയിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തന്റെ അനുയായികള്‍ തെരുവിലിറങ്ങുമെന്നായിരുന്നു അലന്‍ഡെയുടെ വിശ്വാസം. പക്ഷേ, ചെറുത്തുനില്‍പ്പ് ഉണ്ടായില്ല എന്നു മാത്രമല്ല, ഒരു ചലനവും സൃഷ്ടിക്കാന്‍ ആ പ്രക്ഷേപണത്തിനു കഴിഞ്ഞില്ല. മൗനമായിരുന്നു ജനങ്ങളുടെ പ്രതികരണം. കാവല്‍ഭടന്മാര്‍ പോലും  അപ്പോഴേക്കും പ്രസിഡന്റിനെ കൈവിട്ടിരുന്നു. കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍  ചിലിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്, സാല്‍വഡോര്‍ അലന്‍ഡെ കൊല്ലപ്പെട്ടു. അതോടൊപ്പം, ചിലിയിലെ ജനാധിപത്യവും മരിച്ചു. 

തോക്കിന്‍ക്കുഴലിലൂടെ പട്ടാള അട്ടിമറിയിലൂടെയുള്ള ജനാധിപത്യത്തിന്റെ മരണം സംഭവിച്ചത് ചിലിയില്‍ മാത്രമല്ല. ശീതയുദ്ധകാലത്ത് നാലില്‍ മൂന്നു രാജ്യങ്ങളിലും ജനാധിപത്യം മരിച്ചത് വെടിയേറ്റിട്ടാണ്. അതു ചിലപ്പോള്‍ ആ നാട്ടിലെ പട്ടാളത്തിന്റെ കൈയിലെ തോക്കില്‍നിന്നായിരിക്കും, ചിലപ്പോള്‍, പട്ടാളത്തിനു സമാനമായി പുറത്തു രൂപപ്പെട്ട സേനയുടെ തോക്കില്‍നിന്നായിരിക്കും എന്നുമാത്രം. അര്‍ജന്റീന, പാകിസ്താന്‍, ബ്രസീല്‍, പെറു, തായ്ലന്റ്, തുര്‍ക്കി, നൈജീരിയ... ഉദാഹരണങ്ങള്‍ ഇനിയുമുണ്ട്.
ഈ രാജ്യങ്ങളിലെല്ലാം ജനാധിപത്യത്തിന്റേത് രക്തസാക്ഷിമരണങ്ങളായിരുന്നു. അങ്ങനെയല്ലാതെ, മറ്റു ജൈവലോകത്തിലെന്നപോലെ  മെല്ലെ മെല്ലെ തളര്‍ത്തിയും തടവിലിട്ടും ജനാധിപത്യത്തെ കൊല്ലാം. അവസാനത്തെ ആഗ്രഹം പോലും പറയാന്‍ പറ്റാതെ, സഫലമാകാത്ത ജീവിതാഭിലാഷത്തിന്റെ മൗനമുദ്രയെന്നോണം പാതിതുറന്ന കണ്ണുകളോടെ അത് ഒരു ദിവസം നിശ്ചലമാകും. ഇത്തരം മരണങ്ങളുടെ ഉത്ഭവം തേടിയാല്‍ ചെന്നെത്തുക 1933-ലെ ജര്‍മനിയിലായിരിക്കും.

തെരഞ്ഞെടുപ്പില്‍ വിജയിയായിത്തന്നെയാണല്ലോ അഡോള്‍ഫ് ഹിറ്റ്‌ലര്‍ 1932-ല്‍ ജര്‍മനിയുടെ ചാന്‍സലറായത്. പക്ഷേ, അദ്ദേഹത്തിന്റെ നാസി പാര്‍ട്ടിക്ക് പൂര്‍ണ്ണമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. അത് ഉറപ്പുവരുത്താന്‍ മന്ത്രിസഭയുടെ സമ്മതത്തോടെ 1933-ല്‍ ഹിറ്റ്‌ലര്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തി. വീണ്ടും ചാന്‍സലറായി അധികാരമേറ്റു. അപ്പോഴാണ്, ഫെബ്രുവരി 27-ന് ബര്‍ലിനിലെ ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരമായ റിഷ്സ്റ്റാഗിന് (Reichstag) തീപിടിച്ചതും നഗരത്തില്‍ കൊലയും കൊള്ളയും പൊട്ടിപ്പുറപ്പെട്ടതും. മാറിനസ് മാന്‍ ഡര്‍ ലബ്ബെ എന്നൊരു ഡച്ചുകാരനായിരുന്നു അതിന്റെ സൂത്രധാരന്‍. അയാളൊരു കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നെന്നും അതല്ല, ഹിറ്റ്‌ലറും ഗീബല്‍സും ആസൂത്രണം ചെയ്തതനുസരിച്ച് അയാളെക്കൊണ്ട് അതു ചെയ്യിക്കുകയായിരുന്നു എന്നും വ്യാഖ്യാനമുണ്ട്. എന്തായാലും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ഇല്ലാതാക്കാനും നാസി സ്വേച്ഛാധിപത്യം നടപ്പിലാക്കാനും ഹിറ്റ്‌ലര്‍ ആ തീ പിടിത്തവും കലാപവും ഉപയോഗിച്ചു. 1933 ഫെബ്രുവരി 28-ന് ജര്‍മനിയില്‍ നാസി സ്വേച്ഛാധിപത്യം നിലവില്‍ വന്നു. രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷയ്ക്കുവേണ്ടി ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും റദ്ദുചെയ്യേണ്ടിയിരിക്കുന്നു എന്നാണ് ഹിറ്റ്‌ലര്‍ പറഞ്ഞത്. ആ അവകാശങ്ങളില്‍ പൗരന്റെ അഭിപ്രായാവകാശവും രാഷ്ട്രീയാവകാശവും സ്വത്തവകാശവും എല്ലാം ഉള്‍പ്പെടും. ജനാധിപത്യം മരിച്ച ഈ വഴി ഓര്‍മ്മയില്‍ നില്‍ക്കുന്നതുകൊണ്ടാണ് പാര്‍ലമെന്റിനും പട്ടാളക്ക്യാമ്പിനും നേരെ ആക്രമണം ഉണ്ടായി, പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമം എന്നെല്ലാമുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഉള്ളില്‍ ഭയം തോന്നുന്നത്. 
ജനാധിപത്യത്തെ എങ്ങനെ പരിഷ്‌കൃതമായി കൊല്ലാം എന്ന് തെളിയിച്ചത് വെനിസ്വേലയിലെ ഹ്യുഗോ ഷാവെസും (Hugo Chaves) പെറുവിലെ അല്‍ബര്‍ട്ടോ ഫ്യൂജിമോറിയുമായിരിക്കും (Alberto Fujimoris). രാഷ്ട്രീയ ലോകത്തിനു അന്യരായിരുന്നു ഇരുവരും. അഴിമതിയില്‍ മുങ്ങിക്കുളിച്ചുനിന്ന അന്നത്തെ ഭരണകൂടത്തിനെതിരെ, വിപുലമായ എണ്ണനിക്ഷേപത്തെ അടിസ്ഥാനമാക്കി പാവങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന ഉത്തരവാദിത്വ ജനാധിപത്യമായിരുന്നു ഷാവെസ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത്. ഇന്ത്യയിലെ ഇടതു-വലതു വര്‍ണ്ണവിന്യാസത്തില്‍ വരുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രകടനപത്രികകളും ഈ അവസരത്തില്‍ ഓര്‍മ്മിക്കാവുന്നതാണ്. ഈ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് പ്രബല രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവഗണിച്ച ജനവിഭാഗങ്ങള്‍ 1998-ലെ തെരഞ്ഞെടുപ്പില്‍ ഷാവെസിനു വോട്ടു ചെയ്തു. അദ്ദേഹം ജയിച്ചു. വെനിസ്വേലയുടെ പ്രസിഡന്റായി. ''ജനാധിപത്യത്തിന് അണുബാധ വന്നിരിക്കുന്നു, ഷാവെസു മാത്രമാണ് അതിനുള്ള മറുമരുന്ന്'', ആ നാളുകളില്‍ ഒരു വെനിസ്വേലന്‍ സ്ത്രീ പറഞ്ഞതായി ലെവിറ്റ്‌സ്‌കിയും സിബ്ലാറ്റും ഉദ്ധരിക്കുന്നു.
ഷാവെസ് തന്റെ 'വിപ്ലവ'കരമായ  പരിഷ്‌കാരങ്ങള്‍ ഓരോന്നോരോന്നായി നടപ്പിലാക്കിത്തുടങ്ങി. ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പു നടത്തി. വമ്പിച്ച വിജയം നേടി. ജനാധിപത്യത്തില്‍ അടിസ്ഥാനപ്പെടുത്തി പുതിയ ഭരണഘടന രൂപപ്പെടുത്തി. അതിന്റെ നിയമപരമായ സാധുത ഉറപ്പുവരുത്താന്‍ പ്രസിഡന്റ് സ്ഥാനത്തേക്കും നിയമനിര്‍മ്മാണ സഭയിലേക്കും പുതിയ തെരഞ്ഞെടുപ്പ് നടത്തി. രണ്ടിലും ഷാവെസ് പക്ഷം പൂര്‍ണ്ണ വിജയം കൈവരിച്ചു. പുതിയ പ്രസിഡന്റിന്റെ ഈ ജനപ്രിയതയ്ക്ക് ശത്രുതയും വര്‍ദ്ധിച്ചുവന്നു. 2002-ല്‍ പട്ടാളം ഷാവെസിനെ അട്ടിമറിച്ചു. അധികകാലം ആ പട്ടാളവിജയം നീണ്ടുനിന്നില്ല. കൂടുതല്‍ ശക്തനായി ഹ്യുഗോ ഷാവെസ് തിരിച്ചുവന്നു. കൂടുതല്‍ ജനാധിപത്യപരമായ നിയമപരതയോടെ. 

ജനാഭിപ്രായം തനിക്കെതിരെ ശക്തിപ്പെടാന്‍ തുടങ്ങിയതോടെ ഷാവെസ്സിലെ ജനാധിപത്യവാദി അപ്രത്യക്ഷനാകുകയും സ്വേച്ഛാധിപതി തലപൊക്കുകയും ചെയ്തു. തന്നെ അധികാരത്തില്‍നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടവരെയെല്ലാം ഷാവെസ് കരിമ്പട്ടികയില്‍ പെടുത്തി. കോടതിയെ നിര്‍വ്വീര്യമാക്കി. 2006 കാലമാകുമ്പോഴേക്കും ആ സ്വേച്ഛാധിപതിക്കു ജനാധിപത്യത്തിന്റെ മറവുകള്‍ ഇല്ലാതായി. പിന്നീട് ആ പഴയ ജനാധിപത്യവാദി ചെയ്തത് ഓരോന്നോരോന്നായി ജനാധിപത്യ സംവിധാനങ്ങള്‍ ഇല്ലാതാക്കുക എന്നതായിരുന്നു. രാഷ്ട്രീയ നേതാക്കള്‍, നീതിപാലകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ തന്നെ എതിര്‍ക്കുന്നവരെ നിസ്സാര കുറ്റം ചുമത്തി അറസ്റ്റു ചെയ്യുകയോ നാടുകടത്തുകയോ ചെയ്തു. പ്രധാനപ്പെട്ട ടെലിവിഷന്‍ നിലയങ്ങള്‍ അടച്ചുപൂട്ടി, തനിക്കു യഥേഷ്ടം ഭരണത്തില്‍ തുടരാന്‍ പറ്റുംവിധം പ്രസിഡന്റിന്റെ കാലാവധി സംബന്ധിച്ചുള്ള ഭാഗം ഒഴിവാക്കി ഭരണഘടന മാറ്റിയെഴുതി. 2012-ലെ തെരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും എല്ലാ ഭരണസംവിധാനവും മാധ്യമങ്ങളും ഷാവെസ് സ്വന്തം പക്ഷത്താക്കിയിരുന്നു. ഇതാണ് ജനാധിപത്യത്തെ കൊല്ലുന്ന ക്രമാനുസൃതമായ രീതി. ''ശീതയുദ്ധത്തിനുശേഷം ജനാധിപത്യം ഇല്ലാതാക്കിയത് ജനറല്‍മാരോ പട്ടാളക്കാരോ അല്ല. ജനാധിപത്യത്തിന്റെ മറവില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ തന്നെയാണ്'', സ്റ്റീവെന്‍ ലെവിറ്റ്‌സ്‌ക്കിയും ഡാനിയല്‍ സിബ്ലാറ്റും പറയുന്നു. 

സാല്‍വഡോര്‍ അലന്‍ഡെ
സാല്‍വഡോര്‍ അലന്‍ഡെ

പെറുവില്‍, ആല്‍ബര്‍ട്ടോ ഫ്യൂജിമോറിക്കും ആദ്യം ഉണ്ടായിരുന്നില്ല ഒരു സ്വേച്ഛാധിപതിയാകണമെന്ന ആഗ്രഹം. ജപ്പാനീസ് വംശജനായ ഫ്യൂജിമോറി ആഗ്രഹിച്ചത് ഒരു സര്‍വ്വകലാശാല സെനറ്റ് അംഗം ആകണമെന്നു മാത്രമായിരുന്നു. ഒരു പാര്‍ട്ടിയും അയാളെ നാമനിര്‍ദ്ദേശം ചെയ്യാതായപ്പോള്‍ അയാള്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി സ്വയം സ്ഥാനാര്‍ത്ഥിയായി. സര്‍വ്വകലാശാല സെനറ്റ് സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള പ്രസിദ്ധി വര്‍ദ്ധിപ്പിക്കാനാണ് ഫ്യൂജിമോറി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായത്. അല്ലാതെ പെറുവിന്റെ പ്രസിഡന്റാവുക അയാളുടെ ഉദ്ദേശ്യമേ ആയിരുന്നില്ല. 

പക്ഷേ, 1990 പെറുവിന്റെ ചരിത്രത്തില്‍ പ്രതിസന്ധി നിറഞ്ഞ വര്‍ഷമായിരുന്നു. നാണ്യപ്പെരുപ്പംകൊണ്ട് സാമ്പത്തികമേഖല മുഴുവന്‍ തകര്‍ന്നിരുന്നു. തിളങ്ങുന്ന പാത (Shining Path) എന്ന പേരിലറിയപ്പെട്ട മാവോയിസ്റ്റ് ഗറില്ലാ സംധടന ആയിരക്കണക്കിനു ആളുകളെ കൊന്നൊടുക്കി, തലസ്ഥാനമായ ലിമയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. നിലവിലുണ്ടായിരുന്ന എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ഈ അസന്ദിഗ്ദ്ധതയിലാണ്, 'നിങ്ങളെപ്പോലൊരു പ്രസിഡന്റ്' (A President Like You) എന്ന മുദ്രാവാക്യവുമായി വന്ന ഫ്യൂജിമോറിയില്‍ ജനം വിശ്വാസം അര്‍പ്പിച്ചത്. രാഷ്ട്രീയപരമായി അയാള്‍ ആരുമായിരുന്നില്ല. സാധാരണ പൗരന്‍ മാത്രം. 
തെരഞ്ഞെടുപ്പില്‍ ആല്‍ബര്‍ട്ടോ ഫ്യൂജിമോറിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി മാറിയോ വര്‍ഗാസ് യോസ എന്ന വിശ്വപ്രസിദ്ധ നോവലിസ്റ്റായിരുന്നു. രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, മാധ്യമങ്ങള്‍ എല്ലാം യോസയെ പിന്തുണച്ചു. പക്ഷേ, സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത, ചെലവേറിയ വ്യക്തിയായിരുന്നു നോവലിസ്റ്റ്. അവര്‍, അവരുടെ അവസ്ഥ മനസ്സിലാകുന്ന, അവരുടെ ഭാഷ സംസാരിക്കുന്ന അപ്രശസ്തനായ ഫ്യൂജിമോറിക്കു വോട്ട് ചെയ്തു. അയാള്‍ ജയിച്ചു. അധികാരം ഏറ്റെടുത്തശേഷം ആദ്യമായി നടത്തിയ പ്രസംഗത്തില്‍ പുതിയ പ്രസിഡന്റ് പറഞ്ഞു:

രാജ്യത്തിന്റെ റിപ്പബ്ലിക്കന്‍ ചരിത്രത്തില്‍ ഏറ്റവും ആഴമേറിയ പ്രതിസന്ധിയാണ് ഇപ്പോള്‍. സാമ്പത്തികരംഗം തകര്‍ച്ചയുടെ വക്കിലാണ്. അഴിമതി, കലാപം, ഭീകരവാദം, മയക്കുമരുന്നു വ്യാപാരം എന്നിവ സമൂഹത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ നരകത്തില്‍നിന്ന് ഞാന്‍ ഈ രാജ്യത്തെ കരകയറ്റും, നല്ലൊരു ഭാവിയിലേക്കു നയിക്കും. 
താന്‍ വിഭാവനം ചെയ്ത ഭാവിയിലേക്കു പെറുവിനെ നയിക്കാന്‍ എളുപ്പമായിരുന്നില്ല ഫ്യൂജിമോറിക്ക്. രാജ്യത്ത് ഭരണഘടനയും നിയമനിര്‍മ്മാണസഭയും (കോണ്‍ഗ്രസ്) മാധ്യമസംവിധാനവും മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുമുണ്ടായിരുന്നു. അതെല്ലാം അയാള്‍ക്കു അപരിചിതമായിരുന്നു. തന്റെ വഴിയില്‍ അവ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ പുതിയ പ്രസിഡന്റ് അവ ഓരോന്നോരോന്നായി ഇല്ലാതാക്കാന്‍ തുടങ്ങി. തന്റെ ലാപ്ടോപ്പുമാത്രം ഉപയോഗിച്ച് തനിച്ചു ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടിയിരുന്നു അയാള്‍ക്ക് രാജ്യത്തെ. ന്യായാധിപന്മാരെ അയാള്‍ 'കുറുക്കന്മാര്‍' എന്നു വിളിച്ചു. നിയമനിര്‍മ്മാണസഭയിലെ അംഗങ്ങളെ 'ഒന്നിനും കൊള്ളാത്ത വിഡ്ഢികളെന്നും', ഭരണഘടനയെ 'ഇടുങ്ങിയതും ഒന്നിനും സമ്മതിക്കാത്തതെന്നും (rigid and confining).

ഹ്യൂഗോ ഷാവേസ്
ഹ്യൂഗോ ഷാവേസ്

ഒടുവില്‍, ആരുമല്ലാതെ തുടങ്ങിയ ആല്‍ബര്‍ട്ടോ ഫ്യൂജിമോറി, മുതലാളിത്ത ചിന്താഗതിക്കാരനും ലോകം കണ്ട ഏറ്റവും മഹാനായ നോവലിസ്റ്റുകളില്‍ ഒരാളുമായ മറിയോ വര്‍ഗാസ് യോസയെ രാജ്യത്തിന്റേയും സാധാരണക്കാരന്റേയും ക്ഷേമം എന്ന രാഷ്ട്രീയം പറഞ്ഞ് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച സാധാരണക്കാരന്‍, നിയമനിര്‍മ്മാണസഭയായ  കോണ്‍ഗ്രസ്സിനെ കൊന്നു. 1992 ഏപ്രില്‍ അഞ്ചിന് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് അയാള്‍ പറഞ്ഞു: ഞാന്‍ ഭരണഘടനയും നിയമനിര്‍മ്മാണസഭയും പിരിച്ചുവിടുന്നു. ഇനിമുതല്‍ പെറുവില്‍ ഇവ രണ്ടുമില്ല. അങ്ങനെ ലോകം മറ്റൊരു സ്വേച്ഛാധിപതിയുടെ ഉദയവും അസ്തമയവും കണ്ടു. 

ആല്‍ബെര്‍ട്ടോ ഫ്യൂജിമോറി
ആല്‍ബെര്‍ട്ടോ ഫ്യൂജിമോറി

മറ്റു ഭൂഖണ്ഡങ്ങളില്‍, മറ്റു രാജ്യങ്ങളില്‍ മാത്രം സംഭവിക്കാവുന്നതല്ല ജനാധിപത്യത്തിന്റെ ഇതുപോലുള്ള മരണങ്ങള്‍. ഇങ്ങനെ സംഭവിച്ചേക്കാമെന്നതിന്റെ സൂചനകള്‍ ഇന്ത്യയിലും കണ്ടുതുടങ്ങിയിരിക്കുന്നു എന്നുവേണം കരുതാന്‍. പക്ഷേ, എല്ലാറ്റിനും അടിയില്‍ക്കിടക്കുന്ന ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. വിശ്രുത കനേഡിയന്‍ ഗായകനും ഗാനരചയിതാവുമായ ലിയോനാര്‍ഡ് കോഹന്‍ 'ജനാധിപത്യം' എന്ന പാട്ടില്‍ പറയുന്നതുപോലെ:
''അതു വന്നുകൊണ്ടിരിക്കുന്നു
തെരുവിലെ സങ്കടങ്ങളില്‍നിന്ന് 
വംശങ്ങള്‍ കണ്ടുമുട്ടുന്ന പുണ്യസ്ഥലങ്ങളില്‍നിന്ന് 
ആരു വിളമ്പും ആരു തിന്നും എന്ന് തീരുമാനിക്കാന്‍ 
എല്ലാ അടുക്കളകളിലും കടന്നുചെല്ലുന്ന
ചുട്ട നരഹത്യാ വിമര്‍ശനങ്ങളില്‍നിന്ന്
ഇവിടെയും അകലെയുമുള്ള മരുഭൂമികളില്‍
ദൈവത്തിന്റെ കാരുണ്യത്തിനുവേണ്ടി
സ്ത്രീകള്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന
നൈരാശ്യത്തിന്റെ കിണറുകളില്‍നിന്ന്
അതു വന്നുകൊണ്ടിരിക്കുന്നു...''
ജനാധിപത്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com